..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 30 August 2012

ഇബാദത് ഇസ്ലാമിന്റെ അടിസ്ഥാന സാങ്കേതിക ശബ്ദങ്ങളിലൊന്ന്. മനുഷ്യന്റെ മൊത്തം ജീവിതധര്‍മമാണ് ഇബാദത് എന്ന് പറയാം. അഥവാ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ ആകത്തുകയാണത്. ഖുര്‍ആന്റെ സ്പഷ്ടമായ പ്രഖ്യാപനമനുസരിച്ച് മനുഷ്യസൃഷ്ടിയുടെ ലക്ഷ്യം തന്നെ ഇബാദതാണ്. "എനിക്ക് ഇബാദത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത്.'' (51: 56) മനുഷ്യാരംഭം മുതല്‍ ആഗതരായ സകല പ്രവാചകന്‍മാരുടെയും മൌലിക സന്ദേശം അല്ലാഹുവിന് മാത്രം ഇ*ബാദത് ചെയ്യുക എന്നായിരുന്നു. "നിനക്ക് മുമ്പ് നാം നിയോഗിച്ച പ്രവാചകന്‍മാര്‍ക്കെല്ലാം നാം ബോധനം നല്കിയത്, ഞാനല്ലാതെ ഒരു ഇലാഹില്ലെന്നും അതിനാല്‍ എനിക്ക് നിങ്ങള്‍ ഇബാദത് ചെയ്യണമെന്നുമാണ്.'' (21: 25). അവരെല്ലാം സ്വന്തം ജനതയോട് ആദ്യമായി ഉപദേശിച്ചത് 'എന്റെ ജനങ്ങളേ, അല്ലാഹുവിന് ഇബാദത് ചെയ്യുവിന്‍, അവനല്ലാതെ മറ്റൊരു ഇലാഹ് നിങ്ങള്‍ക്കില്ല' (7: 59, 65, 73, 85) എന്നായിരുന്നു. അല്ലാഹുവിന് ഇബാദത് ചെയ്യാനുള്ള കല്പനയോടൊപ്പം അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത് വര്‍ജിക്കണമെന്നും പ്രവാചകന്‍മാര്‍ ശക്തമായി കല്പിച്ചു. "എല്ലാ സമുദായത്തിലേക്കും നാം പ്രവാചകനെ നിയോഗിച്ചു; നിങ്ങള്‍ അല്ലാഹുവിന് ഇബാദത് ചെയ്യുക, ത്വാഗൂതിനെ വര്‍ജിക്കുക എന്ന ശാസനയുമായി.'' (16: 36). അര്‍ഥവും വിവക്ഷയും ഇബാദതിന് പഴയ കാലത്ത് 'വഴിപ്പെടുക' എന്നാണ് അര്‍ഥം പറഞ്ഞിരുന്നത്. ജീവിതം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് അല്ലെങ്കില്‍ പ്രീതിക്ക് വിധേയമാക്കുക എന്നായിരുന്നു അതിന്റെ താല്‍പര്യം. എന്നാല്‍ പില്ക്കാലത്ത് പ്രചരിച്ചുവന്ന തര്‍ജമഃ 'ആരാധന' എന്നാണ്. ആരാധന എന്ന പദത്തിന് മലയാള മഹാനിഘണ്ടുവില്‍ നല്കിയിട്ടുള്ള അര്‍ഥം പൂജ, സേവ, ഉപചാരങ്ങളാല്‍ തൃപ്തിപ്പെടുത്തല്‍, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന എന്നെല്ലാമാണ്. ആരാധനയുടെ ഭാഷാശാസ്ത്രപരമായ ഈ അര്‍ഥസാധ്യതകള്‍ പരിഗണിച്ചുകൊണ്ട് 'ഇബാദത്' എന്ന സാങ്കേതിക ശബ്ദത്തിന്റെ തത്സമ മലയാളമായി അതിനെ ഉപയോഗിക്കാമോ എന്ന് കേരളീയ പണ്ഡിതന്‍മാര്‍ ഗൌരവപൂര്‍വം ചര്‍ച്ച ചെയ്തതായി കാണുന്നില്ല. എങ്കിലും പൂജ, സേവ എന്ന സാധാരണ അര്‍ഥത്തിലുള്ള ആരാധനയെ ഇബാദതിന്റെ തത്സമമായി ഉപയോഗിക്കുന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നല്ല, ചിലര്‍ക്ക് ആരാധന എന്നേ അര്‍ഥം പറയാവൂ എന്ന് നിര്‍ബന്ധവുമുണ്ട്. അതേ സമയം ഇബാദതിനെ കേവലം പൂജാദികര്‍മങ്ങളില്‍ ഒതുക്കുന്ന ഈ സങ്കുചിത അര്‍ഥകല്പന തെറ്റാണെന്ന വീക്ഷണവും ശക്തമായി അവതരിപ്പിക്കപ്പെടുന്നു. ഇതുമൂലം മുസ്ലിം ലോകത്ത് മറ്റെങ്ങുമില്ലാത്തവിധം കേരളത്തില്‍ 'ഇബാദത്' എന്ന പദം കുറേകാലമായി ഒരു തര്‍ക്ക വിഷയമാണ്. എന്താണ് ഇബാദത് എന്ന് ഖുര്‍ആന്‍ നിര്‍വചിക്കുന്നില്ല. 'ദുആ- പ്രാര്‍ഥന- തന്നെയാണ് ഇബാദത്' എന്നും 'പ്രാര്‍ഥന ഇബാദതിന്റെ മജ്ജയാണ്' എന്നുമുള്ള നബിവചനങ്ങള്‍ പ്രസിദ്ധമാണ്. എന്നാലിവയെ ഇബാദതിന്റെ നിര്‍വചനമായി മുസ്ലിം പണ്ഡിതന്‍മാരാരും കണക്കാക്കുന്നില്ല. പ്രാര്‍ഥനയുടെ പരിധിയില്‍പെടാത്ത പലതും സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ട ഇബാദതുകളുടെ കൂട്ടത്തിലുണ്ട്താനും. ശുദ്ധവും സ്ഫുടവുമായ അറബി ഭാഷ സംസാരിച്ചിരുന്ന ഒരു ജനസമൂഹത്തിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. അവര്‍ക്ക് ഇബാദത് എന്ന വാക്കിന്റെ അര്‍ഥം പ്രത്യേകം വ്യക്തമാക്കിക്കൊടുക്കേണ്ട ആവശ്യം ഖുര്‍ആന്നോ പ്രവാചകന്നോ ഉണ്ടായിരുന്നില്ല. അവരാരും തന്നെ പ്രസ്തുത പദത്തിന്റെ അര്‍ഥം വിശദമാക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകനെ സമീപിക്കുകയുമുണ്ടായില്ല. ക്രിസ്തുമത വിശ്വാസിയായിരുന്ന അദിയ്യുബ്നു ഹാതിം ഒരിക്കല്‍ നബിയുടെ മുന്നില്‍ ഉന്നയിച്ച ഒരു സംശയം മാത്രമാണ് ഇതിനപവാദം. അക്കാലത്തെ മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും ഇബാദതിന്റെ അര്‍ഥം നന്നായിട്ടറിയാമായിരുന്നുവെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. ഇസ്ലാമിലെ തൌഹീദു-ഏകദൈവത്വ സിദ്ധാന്തം-മായി അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ് ഇബാദത്. അജ്ഞതയും അശ്രദ്ധയും സമര്‍ഥരായ മാര്‍ഗദര്‍ശകരുടെ അഭാവവും മൂലം സാമാന്യ മുസ്ലിം സമൂഹത്തിന്റെ തൌഹീദ്സങ്കല്പത്തില്‍ കാലാന്തരേണ പല വൈകല്യങ്ങളും സംഭവിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ഇന്നും അത്തരം വൈകല്യങ്ങള്‍ പല സമൂഹങ്ങളിലും നിലനില്ക്കുന്നു. തൌഹീദ് സങ്കല്പത്തില്‍ വരുന്ന വൈകല്യങ്ങള്‍ അതിന്റെ അവിഭാജ്യഘടകമായ 'ഇബാദതുല്ലാഹ്' സങ്കല്പത്തിലേക്കും പകരുക സ്വാഭാവികമാണ്. ഈ സാഹചര്യത്തില്‍ ഇബാദത് എന്താണെന്ന് മനസ്സിലാക്കാന്‍ ഭാഷാശാസ്ത്രം ആ പദത്തിനു നല്കിയ അര്‍ഥങ്ങളെയും ഖുര്‍ആന്‍ ആ പദം പ്രയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങളെയും ആധികാരിക ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ അവയ്ക്കു നല്കിയ വ്യാഖ്യാനങ്ങളെയും അവലംബിക്കേണ്ടിയിരിക്കുന്നു. ഇബാദത്: നിഘണ്ടുക്കളിലെ അര്‍ഥം 1. അല്‍ഖാമൂസ്: അല്‍അബ്ദിയ്യതു വല്‍ഉബൂദിയ്യതു വല്‍ഇബാദതു = അത്ത്വാഅഃ (അബ്ദിയ്യത്, ഉബൂദിയ്യത്, ഇബാദത് എന്നിവയുടെ വിവക്ഷ അനുസരണം) 2. അസ്സ്വിഹാഹ്: അസ്വ്ലുല്‍ ഉബൂദിയ്യതി അല്‍ഖുദൂഉ വദ്ദുല്ലു, വത്തഅ ്ബീദു: അത്തദ്ലീലു, യുഖാലു ത്വരീഖുന്‍ മുഅബ്ബദുന്‍, വല്‍ ബഈറുല്‍ മുഅബ്ബദു: അല്‍മഹ്നൂഉ ബില്‍ഖത്വിറാനി അല്‍മുദല്ലലു, വല്‍ഇബാദതു അത്ത്വാഅതു, വത്തഅബ്ബുദു അത്തനസ്സുകു (ഉബൂദിയ്യത് എന്നതിന്റെ മൂലാര്‍ഥം കീഴ്വണക്കവും വിധേയത്വവുമാണ്. തഅ്ബീദ് എന്നാല്‍ കീഴ്പ്പെടുത്തല്‍. മുഅബ്ബദായ വഴിയെന്നും മൃഗമെന്നും പറഞ്ഞാല്‍ ടാറിട്ട് വശപ്പെടുത്തിയതെന്നും മെരുങ്ങിയതെന്നും. ഇബാദത് എന്നാല്‍ അനുസരണം, തഅബ്ബുദ് എന്നാല്‍ ആരാധന.) 3. അല്‍മുഖസ്സ്വസ്വ്: അസ്വ്ലുല്‍ ഇബാദതി അത്തദ്ലീലു, മിന്‍ ഖൌലിഹിം ത്വരീഖുന്‍ മുഅബ്ബദുന്‍, ഐ ബികഥ്റതില്‍ വത്വ്ഇ അലൈഹി വ മിന്‍ഹു ഉഖിദല്‍ അബ്ദു ലിദുല്ലിഹി ലിമൌലാഹു വല്‍ഇബാദതു വല്‍ഖുദൂഉ വത്തദല്ലുലു വല്‍ഇസ്തികാനതു ഖറാഇബു ഫില്‍മആനി. (ഇബാദത് എന്നതിന്റെ മൂലാര്‍ഥം വിധേയത്വമാണ്. നടന്ന് പതം വന്ന പാതയ്ക്ക് മുഅബ്ബദ് ആയ വഴി എന്ന പ്രയോഗത്തില്‍നിന്നാണത്. യജമാനനോട് വിധേയത്വം കാണിക്കുന്നവന്ന് അബ്ദ് (അടിമ) എന്ന് വന്നത് അങ്ങനെയാണ്. ഇബാദത്, കീഴ്വണക്കം, വിധേയത്വം, അനുസരണം എല്ലാം പരസ്പര സദൃശങ്ങളായ പദങ്ങളാണ്. 4. ലിസാനുല്‍ അറബ്: അസ്വ്ലുല്‍ ഉബൂദിയ്യതി അല്‍ഖുദൂഉ വത്തദല്ലുലു, അത്തഅബ്ബുദു: അത്തനസ്സുകു വല്‍ഇബാദതു അത്ത്വാഅതു. (ഉബൂദിയ്യതിന്റെ മൂലാര്‍ഥം വിധേയത്വവും കീഴ്വണക്കവുമാണ്. തഅബ്ബുദ് എന്നാല്‍ ആരാധന. ഇബാദത് എന്നാല്‍ അനുസരണം)- അബദത്ത്വാഗൂത ഐ അത്വാഅഹു (ത്വാഗൂതിന് ഇബാദതു ചെയ്തു എന്നാല്‍ അതിനെ അനുസരിച്ചു). വ ഖൌമുഹുമാ ലനാ ആബിദൂന്‍ ഐ ദാഇനൂന്‍, വകുല്ലുമന്‍ ദാന ലി മലികിന്‍ ഫഹുവ ആബിദുന്‍ ലഹു (അവരുടെ ജനം ഞങ്ങള്‍ക്ക് ഇബാദത് ചെയ്യുന്നു എന്നാല്‍ കീഴ്പ്പെട്ടു ജീവിക്കുന്നു എന്നര്‍ഥം. ഒരു രാജാവിന് കീഴ്പ്പെട്ടു ജീവിക്കുന്നവന്‍ അയാള്‍ക്ക് 'ഇബാദത്' ചെയ്യുന്നവനാകുന്നു.) അബദഹു ഇബാദതന്‍ വമഅ്ബദന്‍ വ മഅ്ബദതന്‍ തഅല്ലഹ ലഹു. (ഒരാളെ ഇബാദത് ചെയ്തുവെന്നാല്‍ അയാളെ ആരാധിച്ചു.) ഭാഷാപരമായി ഇബാദത് എന്നതിന് അനുസരണം, കീഴ്വണക്കം, ആരാധന എന്നീ അര്‍ഥങ്ങളുണ്ടെന്നും പരമമായ വിധേയത്വമാണ് അതിന്റെ മൂലഘടകമെന്നും ഈ വിവരണം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ലിസാനുല്‍ അറബി (6/273)ല്‍ ഇബ്നുമന്‍ളൂര്‍ പറഞ്ഞത്: വമഅ്നല്‍ ഇബാദതി ഫില്‍അസ്വ്ലി അത്ത്വാഅതു മഅല്‍ഖുദൂഇ. (ഇബാദതിന്റെ മൂലാര്‍ഥം വിധേയത്വത്തോടെയുള്ള അനുസരണമാണ്.) ഇബാദത് ഖുര്‍ആനില്‍ വിശുദ്ധ ഖുര്‍ആനില്‍ ഇബാദത് മുഖ്യമായി അനുസരണം, കീഴ്വണക്കം, ആരാധന എന്നീ മൂന്നര്‍ഥങ്ങളിലും വന്നതായി കാണാം. പൂര്‍വ സൂരികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് സമര്‍ഥിച്ചിട്ടുമുണ്ട്. ഉദാഹരണങ്ങള്‍ പരിശോധിക്കാം. എ. അനുസരണം "ആദം സന്തതികളേ, പിശാചിനെ നിങ്ങള്‍ ഇബാദത് ചെയ്യരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നില്ലേ? നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യണമെന്നും. ഇതാണ് നേര്‍മാര്‍ഗം.'' (36: 60, 61) പിശാചിന് ഇബാദത് ചെയ്യരുത് എന്നതിന്റെ അര്‍ഥം അവനെ അനുസരിക്കരുത് എന്നാണ്. കാരണം, വിരോധിക്കപ്പെട്ടത് പിശാചിന് സുജൂദ് ചെയ്യല്‍ മാത്രമല്ല. അവന്റെ ആജ്ഞയ്ക്ക് കീഴ്പ്പെടലും അവനെ അനുസരിക്കലും വിലക്കപ്പെട്ടതുതന്നെ. അപ്പോള്‍ അനുസരണം ഇബാദതാണ്. ഇമാം സമഖ്ശരി പറയുന്നു: 'വ ഇബാദതുശ്ശൈത്വാനി ത്വാഅതുഹു ഫീമാ യുവസ്വിസു ബിഹി ഇലൈഹിം വ യുസയ്യിനുഹു ലഹും (പിശാചിന് ഇബാദത് എന്ന് പറഞ്ഞാല്‍ അവന്‍ ദുര്‍ബോധനം ചെയ്യുന്നതും ഭംഗിയാക്കി അവതരിപ്പിക്കുന്നതും അനുസരിക്കുക എന്നാണ്) (അല്‍കശ്ശാഫ് 3/ 260) ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു: "അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവെക്കൂടാതെ അവര്‍ റബ്ബുകളാക്കി. മര്‍യമിന്റെ പുത്രന്‍ മസീഹിനെയും. ഏകനായ ഇലാഹിന് മാത്രം ഇബാദത് ചെയ്യാനാണ് അവര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നത്.'' (9: 31) ഇതിന്റെ വ്യാഖ്യാനമായി ഇമാം സമഖ്ശരി എഴുതുന്നു: "പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കുക എന്ന് പറഞ്ഞതിന്റെ അര്‍ഥം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കല്പിക്കുമ്പോഴും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ഹലാലാക്കിയതിനെ ഹ*റാമാക്കുകയും ചെയ്യുമ്പോഴും ഇവര്‍ അവരെ അനുസരിച്ചു എന്നാണ്. യജമാനന്‍മാരുടെ കല്പനകള്‍ അനുസരിക്കുന്നതുപോലെ പിശാചിന്റെ ദുര്‍ബോധനങ്ങള്‍ പിന്‍പറ്റുന്നവരെ പിശാചിന് ഇബാദത് ചെയ്യുന്നവര്‍ എന്ന് പറയുന്നത് ഇതുപോലെയാണ്. 'അവര്‍ ജിന്നുകള്‍ക്ക് ഇബാദത് ചെയ്യുന്നവരായിരുന്നു' എന്നും 'പിതാവേ, പിശാചിന് ഇബാദത് ചെയ്യരുത്' എന്നും പറഞ്ഞത് ഇപ്രകാരം തന്നെയാണ്. അദിയ്യുബ്നു ഹാതിം പറയുന്ന#ു: ഞാന്‍ തിരുമേനിയെ സമീപിച്ചു. എന്റെ കഴുത്തില്‍ സ്വര്‍ണക്കുരിശുണ്ടായിരുന്നു. തിരുമേനി ചോദിച്ചു: അല്ലാഹു ഹലാലാക്കിയതിനെ അവര്‍ (പുരോഹിതന്‍മാര്‍) ഹറാമാക്കുമ്പോള്‍ നിങ്ങളും ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയതിനെ അവര്‍ ഹലാലാക്കുമ്പോള്‍ നിങ്ങളും ഹലാലാക്കുകയും ചെയ്യാറില്ലേ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്. ഫുദൈലില്‍നിന്ന് റിപ്പോര്‍ട്ട്: ഞാന്‍ സ്രഷ്ടാവിനെതിരില്‍ സൃഷ്ടിയെ അനുസരിക്കട്ടെ, ഖിബ്ലഃയുടെ നേര്‍ക്കല്ലാതെ നമസ്കരിക്കട്ടെ, രണ്ടും തുല്യമാണ്.'' (അല്‍കശ്ശാഫ് 2/149) ഖുര്‍ആന്‍ വീണ്ടും പറയുന്നു: "സ്വന്തം ദേഹേഛയ്ക്ക് ഇബാദത് ചെയ്യുന്നവനെ നീ കണ്ടുവോ?'' (25: 43) ഇതിനെ ഇമാം സമഖ്ശരി വ്യാഖ്യാനിക്കുന്നു: "തെളിവ് അന്വേഷിക്കുകയോ പ്രമാണം നോക്കുകയോ ചെയ്യാതെ ദേഹേഛ തള്ളുകയും കൊള്ളുകയും ചെയ്യുന്നതൊ#ക്ക അപ്പടി പിന്‍പറ്റിക്കൊണ്ട് ഒരു മനുഷ്യന്‍ തന്റെ ദീനിന്റെ കാര്യത്തില്‍ സ്വേഛയ്ക്ക് വഴിപ്പെട്ട് കഴിയുകയാണെങ്കില്‍ അവന്‍ തന്റെ ഇഛയ്ക്ക് ഇബാദത് ചെയ്യുന്നവനാണ്. ഇഛയെ തന്റെ ഇലാഹാക്കിയവനുമാണ്. അതിനാല്‍, അല്ലാഹു തന്റെ ദൂതനോട് ചോദിക്കുന്നു: തന്റെ ഇഛയെ ഇലാഹായിക്കാണുന്ന ഈ മനുഷ്യനെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ നിനക്കെങ്ങനെ കഴിയും?'' (അല്‍കശ്ശാഫ് 3/98) മേല്‍പറഞ്ഞ ആയതുകളിലെല്ലാം ഇബാദത് അനുസരണം എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെട്ടതെന്ന് പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സമര്‍ഥിച്ചിരിക്കുന്നു. ബി. അടിമത്തം വീണ്ടും ഖുര്‍ആന്‍ പറയുന്നു: "മസീഹോ ദൈവസാമീപ്യം സിദ്ധിച്ച മലകുകളോ അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയേയില്ല. ആരെങ്കിലും അവന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയും അഹങ്കരിക്കുകയും ചെയ്താല്‍ അവരെയെല്ലാം അവന്‍ തന്റെയടുക്കല്‍ ഒരുമിച്ചു കൂട്ടുകതന്നെ ചെയ്യും'' (4: 172) ഇവിടെ അല്ലാഹുവിന്റെ അടിമയാകുക എന്നത് ദൈവഭക്തനായ ഒരു സൃഷ്ടി മഹത്ത്വമായാണ് കാണുകയെന്നും ഈസാനബി അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ഒട്ടും നാണിക്കുന്നവനല്ലായെന്നും ഖുര്‍ആന്‍ എടുത്തുപറയുന്നു. തുടര്‍ന്ന്, ആര്‍ അല്ലാഹുവിന് ഇബാദത് ചെയ്യാന്‍ വിസമ്മതിച്ചാലും അവന്റെ പരിണാമം ഭയാനകമാകുമെന്നുണര്‍ത്തുന്നു. ഇവിടെ ഇബാദതിന്റെ വിവക്ഷ അടിമത്തമാണെന്ന് പ്രസ്തുത സൂക്തം സ്വയംതന്നെ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഇമാം ഖുര്‍ത്വുബി എഴുതിയത്; ഉബൂദിയ്യത് (അടിമത്തം) മസീഹ് സമ്മതിക്കാതിരിക്കുകയോ അതിനെ ന്യൂനതയായി കണ്ട് അതില്‍നിന്ന് മുക്തനാവുകയോ ഇല്ല എന്നാണിതിന്റെ അര്‍ഥം. (ഖുര്‍ത്വുബി 2/27) അല്ലാഹു പറയുന്നു: "പിന്നീട് മൂസായേയും അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി ഫറോവയുടെയും പ്രമാണിമാരുടെയും അടുത്തേക്ക് നാം അയച്ചു. അപ്പോള്‍ അവര്‍ അഹന്ത നടിക്കുകയാണുണ്ടായത്. അവര്‍ പൊങ്ങച്ചം നടിക്കുന്ന ജനതയായിരുന്നു. അവര്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരില്‍ ഞങ്ങള്‍ വിശ്വസിക്കുകയോ? അവരുടെ ജനതയാകട്ടെ ഞങ്ങള്‍ക്ക് ഇബാദത് (അടിമവൃത്തി) ചെയ്യുന്നവരാണ്'' (23:45-47) ഇസ്റാഈല്യരെ പീഡിപ്പിക്കുകയും അടിമകളാക്കിവെക്കുകയും നിഷ്ഠുരമായി ഭര്‍ത്സിക്കുകയും ചെയ്യുന്നവരായിരുന്നു ഫിര്‍ഔനും പ്രഭൃതികളുമെന്ന് ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നുണ്ട്. ഇസ്റാഈല്യരുടെ വിശ്വാസാചാരങ്ങളും ഖിബ്ത്വികളുടെ വിശ്വാസങ്ങളും വ്യത്യസ്തമായിരുന്നു. ഇസ്റാഈല്യര്‍ ഇബ്റാഹീമിന്റെയും യൂസുഫിന്റെയും വംശപരമ്പരയാണ്. ആ നിലയ്ക്ക് അവര്‍ ഫറോവയെയും പ്രമാണിമാരെയും ആരാധിക്കുന്നവരായിരുന്നു എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. ബലം പ്രയോഗിച്ച് ഇസ്റാഈല്യരെ അടിമകളാക്കി വെക്കാനേ അവര്‍ക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇവിടെ അവരുടെ ജനം ഞങ്ങള്‍ക്ക് ഇബാദത് ചെയ്യ#ുന്നവരാണ് എന്നതിന് ഞങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവരും ഞങ്ങളുടെ അടിമകളുമാണെന്ന് മുഫസ്സിറുകളെല്ലാം അര്‍ഥം പറഞ്ഞത്. രാജാവിന് കീഴ്പ്പെട്ടവരെ കുറിക്കാന്‍ 'രാജാവിന്റെ ആബിദ്' എന്ന് അറബികള്‍ സാധാരണ പറയാറുണ്ടെന്ന് തങ്ങളു#ട വ്യാഖ്യാനത്തിന് ഉപോദ്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (അല്‍കശ്ശാഫ് 3/111, തഫ്സീര്‍ നസഫി 2/121 നോക്കുക) സി. ആരാധന ആരാധന എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ ഇബാദത് സുലഭമായി പ്രയോഗിച്ചിട്ടുണ്ട്. ഉദാ. "പിതാവേ, കേള്‍വിയും കാഴ്ചയുമില്ലാത്തതും താങ്കള്‍ക്കൊന്നും ഉപകരിക്കാത്തതുമായ ഈ ബിംബങ്ങളെ എന്തിനാണ് ഇബാദത് (ആരാധന) ചെയ്യുന്നത്.'' (19: 42) ഇബ്റാഹീംനബി തന്റെ പിതാവിന്റെ ബിംബാരാധനയുടെ അര്‍ഥ ശൂന്യത ബോധ്യപ്പെടുത്തിക്കൊണ്ട് ഉന്നയിച്ച ചോദ്യമാണിത്. "അല്ലാഹുവെ കൈവിട്ട് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ബിംബങ്ങളെയാണവര്‍ ആരാധിക്കുന്നത്. ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെന്നവര്‍ പറയുകയുംചെയ്യുന്നു.'' (10: 18) കൂടാതെ, താഴെ പറയുന്ന സൂക്തങ്ങളിലും ഇതേ അര്‍ഥമാണ് പ്രകടമാകുന്നത്. "അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്?'' (5: 76). "നിങ്ങളും അല്ലാഹുവെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും നരകത്തിലെ വിറകാണ്. നിങ്ങള്‍ അവിടെ വരികതന്നെ ചെയ്യും.'' (21: 98). "സ്വയം കൊത്തിയുണ്ടാക്കുന്ന വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? യഥാര്‍ഥത്തില്‍ അല്ലാഹുവാണ് നിങ്ങളെയും നിങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നവയെയും സൃഷ്ടിച്ചത്.'' (37: 95,96). "രക്ഷിതാവേ, ഈ നാടിനെ നീ നിര്‍ഭയമാക്കേണമേ. എന്നെയും എന്റെ സന്തതികളെയും ബിംബാരാധനയില്‍നിന്ന് അകറ്റിനിര്‍ത്തേണമേ'' (14: 35). "ഞങ്ങള്‍ ബിംബങ്ങളെയാണാരാധിക്കുന്നത്; ഞങ്ങളവര്‍ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.'' (26: 71). ബിംബാരാധനയെ സംബന്ധിച്ചാണ് ഇവയെല്ലാം പരാമര്‍ശിക്കുന്നത്. ഇപ്രകാരം ഭാഷാപരമായ മൂന്നര്‍ഥങ്ങളിലും ഇബാദത് എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് മേല്‍ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു. സന്ദര്‍ഭോചിതമായിട്ടാണ് ഈ അര്‍ഥങ്ങളില്‍ ഓരോന്നും നിര്‍ണയിക്കപ്പെടുക. ചില സന്ദര്‍ഭങ്ങളില്‍ ഒരര്‍ഥമേ യോജിക്കുകയുള്ളൂ. മറ്റു ചില സ്ഥലങ്ങളില്‍ രണ്ടര്‍ഥങ്ങള്‍ യോജിച്ചെന്ന് വരും. മൂന്നര്‍ഥങ്ങളും യോജിക്കുന്ന സ്ഥലങ്ങളുമുണ്ടാവും. പൂര്‍വ സൂരികളുടെ വിശദീകരണം ഈ അര്‍ഥങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പൂര്‍വകാല പണ്ഡിതന്‍മാര്‍ ഇബാദതിനെ വിശദീകരിച്ചത്. ഇമാം ഇബ്നുതൈമിയ്യഃ പറയുന്നതിപ്രകാരമാണ്: അല്ലാഹു ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളും പ്രവര്‍ത്തനങ്ങളുമുള്‍ക്കൊള്ളുന്ന പദമാണ് ഇബാദത്. നമസ്കാരം, സകാത്, നോമ്പ്, ഹജ്ജ്, വാക്കുകളില്‍ സത്യസന്ധത പുലര്‍ത്തല്‍, ബാധ്യതകള്‍ നിറവേറ്റല്‍, മാതാപിതാക്കളോട് പുണ്യം ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, വാഗ്ദത്തം പാലിക്കല്‍, നന്‍മ കല്പിക്കല്‍, തിന്‍മ വിരോധിക്കല്‍, അവിശ്വാസികളോടും കപടവിശ്വാസികളോടും സമരം ചെയ്യല്‍, അയല്‍വാസി, അനാഥ, ദരിദ്രര്‍, വഴിയാത്രക്കാര്‍, അടിമകള്‍, നാല്ക്കാലികള്‍ എന്നിവരോട് ദയാപൂര്‍വം പെരുമാറല്‍, പ്രാര്‍ഥന, ദിക്റ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയെല്ലാം ഇബാദതുകളില്‍പെട്ടതാണ്. അപ്രകാരംതന്നെ അല്ലാഹുവെയും റസൂലിനെയും സ്നേഹിക്കല്‍, അല്ലാഹുവെ ഭയപ്പെടല്‍, അവനിലേക്ക് മടങ്ങല്‍, വിധേയത്വം അവന്നു മാത്രമാക്കല്‍, അവന്റെ ആജ്ഞകള്‍ ക്ഷമാപൂര്‍വം പിന്‍പറ്റല്‍, അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യല്‍, അവന്റെ വിധിയില്‍ തൃപ്തിപ്പെടല്‍, അവനില്‍ ഭരമേല്പിക്കല്‍, അവന്റെ കാരുണ്യം പ്രതീക്ഷിക്കല്‍, അവന്റെ ശിക്ഷ ഭയപ്പെടല്‍ തുടങ്ങിയവ അല്ലാഹുവിനുള്ള ഇബാദതാണ്. ചുരുക്കത്തില്‍, ദീന്‍ മുഴുവന്‍ ഇബാദതില്‍ ഉള്‍പ്പെടുന്നു. (അല്‍ഉബൂദിയ്യത് 3-4) ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഗുരുവും ഹിജ്റഃ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതനുമായ ഇമാം ത്വബരി 'ഇയ്യാക നഅ്ബുദു' എന്നതിന്, നഖ്ശഉ വനദില്ലു വനസ്തകീനു (നിനക്ക് ഞങ്ങള്‍ കീഴ്വണങ്ങുകയും വിധേയത്വം കാണിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നു) എന്നും 'ഇന്‍കുന്‍തും ഇയ്യാഹു തഅ്ബുദൂന്‍' എന്നതിന് ഇന്‍കുന്‍തും മുന്‍ഖാദീന ലി അംറിഹി സാമിഈന മുത്വീഈന (നിങ്ങള്‍ അവന്റെ ആജ്ഞാനുവര്‍ത്തികളും അവനെ കേട്ട് അനുസരിക്കുന്നവരുമാണെങ്കില്‍) എന്നുമാണ് അര്‍ഥം പറഞ്ഞിട്ടുള്ളത്. ഇമാം റാസി എഴുതുന്നു: അല്ലാഹു കല്പിച്ചതാണെന്ന ഏക കാരണത്താല്‍ നിര്‍വഹിക്കപ്പെടുന്ന എല്ലാ പ്രവൃത്തികള്‍ക്കും വര്‍ജനങ്ങള്‍ക്കും പറയുന്ന പദമാണ് ഇബാദത്. ഹൃദയങ്ങളുടെയും അവയവങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു. (തഫ്സീര്‍ റാസി 3/217) ഇമാം നവവി എഴുതി: ഭാര്യയുടെ അവകാശം നിറവേറ്റുകയാണെന്നും അല്ലാഹു ആജ്ഞാപിച്ച മര്യാദ പ്രകാരമാണ് ഭാര്യയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതെന്നും ഉദ്ദേശ്യമുണ്ടെങ്കില്‍ സ്ത്രീ സംസര്‍ഗം ഇബാദതായിത്തീരും. ഇമാം ഗസ്സാലി പറഞ്ഞു: ഒരു വിശ്വാസി ഉറങ്ങുന്നത് തന്റെ ആരാധനയ്ക്ക് ശക്തി ലഭിക്കേണ്ടതിനായി സ്വദേഹത്തിന് വിശ്രമം നല്കാനാണെങ്കില്‍ ആ ഉറക്കംപോലും ഇബാദതാണ്. (ഇഹ്യാ ഉലൂമിദ്ദീന്‍ 4/272) മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബ് എഴുതി: ചുരുക്കത്തില്‍, അല്ലാഹു തന്റെ പ്രവാചകന്റെ നാവിലൂടെ തന്റെ ഗ്രന്ഥത്തില്‍ കല്പിച്ചതനുസരിച്ച് അല്ലാഹു ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന അടിമകളുടെ എല്ലാ വാക്കുകളെയും പ്രവൃത്തികളെയും ഉള്‍ക്കൊള്ളുന്ന സമഗ്ര നാമമാണ് ഇബാദത്. (മജ്മൂഅതുത്തൌഹീദ് ) അനറബികളായ പണ്ഡിതവര്യന്‍മാരും ഇബാദതിന്റെ അര്‍ഥവ്യാപ്തി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അറിയപ്പെടുന്ന പണ്ഡിതന്‍ സയ്യിദ് സുലൈമാന്‍ നദ്വി എഴുതുന്നു: ഇബാദത് എന്നാല്‍ ഒരു വസ്തുവെ ആരാധ്യ വസ്തുവായി പ്രതിഷ്ഠിച്ച് അതിനോട് പ്രാര്‍ഥിക്കല്‍ മാത്രമല്ല. വല്ലവന്റെയും ആജ്ഞാനിര്‍ദേശങ്ങള്‍ ദൈവ കല്പനയെന്നപോലെ സ്വതന്ത്രമായും നിരുപാധികമായും അനുസരിക്കലും ഇബാദതു തന്നെയാണ്. വാക്കില്‍ അവനെ മഅ്ബൂദ് (ദൈവം) എന്ന് വിളിച്ചോളണമെന്നോ അവന്നു മുന്നില്‍ ബാഹ്യമായ പൂജാകര്‍മങ്ങള്‍ അര്‍പ്പിച്ചോളണമെന്നോ ഇല്ല. ഇബ്റാഹീംനബി പ്രസ്താവിച്ചതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: "പിശാചിന് ഇ*ബാദത് ചെയ്യരുത്'' (മര്‍യം). അവനെ അനുസരിക്കരുതെന്നാണതിന്റെയര്‍ഥം. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "പിശാചിന് ഇബാദത് ചെയ്യരുത്'' (യാസീന്‍). അവനെ അനുസരിക്കരുതെന്നുതന്നെ ഇതിന്റെയും അര്‍ഥം. പിശാചിനെ ഇവിടെ ആരും പൂജിക്കുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ പിശാചിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുന്നുമുണ്ട്. അതുതന്നെയാണ് അവന്നുള്ള ഇബാദത്. അതാണ് അല്ലാഹു പറഞ്ഞത്: "തന്റെ ആധിപത്യത്തില്‍ അവന്‍ ആരെയും പങ്കാളിയാക്കുകയില്ല'' (അല്‍കഹ്ഫ്). "തന്റെ നാഥന്നുള്ള ഇബാദതില്‍ മനുഷ്യന്‍ ആരെയും പങ്കാളിയാക്കരുത്''(അല്‍കഹ്ഫ്). ഈ ഇബാദതില്‍ എല്ലാതരം ഇത്വാഅതുകളും (അനുസരണങ്ങള്‍) ഉള്‍പ്പെടും. ശിര്‍ക് എന്നാല്‍ ഏകദൈവത്തെ അനേകം ദൈവങ്ങളെന്ന് പറയല്‍ മാത്രമല്ല. അല്ലാഹുവിന് പ്രത്യേകമായി ചെയ്യേണ്ടുന്ന സ്വതന്ത്രവും നിരുപാധികവുമായ അനുസരണത്തില്‍ സൃഷ്ടികളെ പങ്കുകൂട്ടലും ശിര്‍കുതന്നെയാകുന്നു. വിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. സൂറതുല്‍ അന്‍ആമില്‍ ഹറാം-ഹലാലുകള്‍ ഭക്ഷിക്കുന്നത് സംബന്ധിച്ച വിവരണത്തെത്തുടര്‍ന്ന് അല്ലാഹു പറയുന്നു: "നിങ്ങളോട് തര്‍ക്കിക്കുവാനായി പിശാചുക്കള്‍ തങ്ങളുടെ സഹകാരികളോട് രഹസ്യബോധനം നല്കുന്നു. അവരെ അനുസരിച്ചാല്‍ നിങ്ങള്‍ മുശ്രികുകളായി.'' അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂവെന്ന് മേല്‍ ആയതുകളില്‍നിന്ന് സ്പഷ്ടമാണല്ലോ. എന്നാല്‍ പിന്നെ നബിമാരെയും ഖലീഫഃമാരെയും ഇമാമുകളെയും മറ്റും അനുസരിക്കാന്‍ ഇസ്ലാം അനുശാസിച്ചിരിക്കുന്നത് എങ്ങനെ ശരിയാകും എന്നൊരു ചോദ്യം ഇവിടെ ഉന്നയിച്ചേക്കും. മറുപടി ഇതാണ്: ഇസ്ലാമില്‍ അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂ, തീര്‍ച്ചതന്നെ. എന്നാല്‍ ദൈവാജ്ഞ നടപ്പാക്കാന്‍ വേണ്ടിയും അതിന് വിധേയമായിക്കൊണ്ടും മാത്രം മറ്റുള്ളവരെയും അനുസരിക്കാവുന്നതാണ്. വേദക്കാര്‍ക്ക് ഈമാനില്ലെന്ന് വിമര്‍ശിക്കാന്‍ കാരണം അവര്‍ അല്ലാഹുവിന്റെ നിയമത്തിന് മാത്രം വിധേയരാവാതെ സൃഷ്ടികളെ അനുസരിച്ചുവെന്നതാണ്. അതാണ് അല്ലാഹു വിശദീകരിക്കുന്നത്: "അവര്‍ അല്ലാഹുവെ മാറ്റി പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും റബ്ബുകളാക്കി. മര്‍യമിന്റെ മകന്‍ മസീഹിനെയും. ഏക ഇലാഹിന് ഇബാദത് ചെയ്യാനല്ലാതെ അവര്‍ കല്പിക്കപ്പെട്ടിരുന്നില്ല.'' (9: 31). അവര്‍ പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കി ഇബാദത് ചെയ്തിരുന്നത് ഇങ്ങനെയായിരുന്നു: അവരുടെ ആജ്ഞകള്‍ ജീവിത നിയമങ്ങളായി അംഗീകരിച്ചു. അല്ലാഹുവിന്റെ പേരില്‍ വിധിവിലക്കുകള്‍ പുറപ്പെടുവിക്കാന്‍ ഈ പണ്ഡിത പുരോഹിതന്‍മാര്‍ക്ക് അധികാരമുണ്ടെന്ന് വേദക്കാര്‍ വാദിച്ചിരുന്നു. ഈ ശിര്‍ക് കൈവെടിയണമെന്നാണ് ഖുര്‍ആന്‍ അവരോട് ആഹ്വാനം ചെയ്തത്. "വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്ക് വരുക. അല്ലാഹുവിനല്ലാതെ നാം ഇബാദത് ചെയ്യരുത്. അവനോട് യാതൊന്നും പങ്ക#ുചേര്‍ക്കരുത്. നമ്മില്‍ ചിലര്‍ ചിലരെ റബ്ബുകളാക്കരുത്'' (3: 64). അനുസരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണീ റബ്ബാക്കലെന്ന കാര്യം സ്പഷ്ടമാണ്. ജാമിഉത്തിര്‍മിദിയിലും മുസ്നദു അഹ്മദിലും ഇപ്രകാരം വന്നിരിക്കുന്നു: ഒരു അറേബ്യന്‍ ക്രൈസ്തവ നേതാവായിരുന്ന അദിയ്യുബ്നു ഹാതിമിന് റസൂല്‍ മേലുദ്ധരിച്ച ആയത് കേള്‍പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "വേദക്കാര്‍ പണ്ഡിത പുരോഹിതന്‍മാര്‍ക്ക് ഇബാദത് ചെയ്യുന്നില്ലല്ലോ.'' തിരുമേനി പറഞ്ഞു: അവര്‍ പണ്ഡിത പുരോഹിതന്‍മാരുടെ ആജ്ഞകള്‍ അംഗീകരിക്കുന്നുണ്ടല്ലോ. ഫതില്‍ക ഇബാദതുഹും ഇയ്യാഹും- അതാണ് അവര്‍ക്കുള്ള ഇബാദത്. (ഖുദാ കീ ഹാകിമിയത്; സിന്ദഗി ഉര്‍ദു മാസിക) പൂര്‍വിക മുസ്ലിം പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ച, ഇബാദതിന്റെ ബഹുമുഖമായ അര്‍ഥതലങ്ങളെ ആധുനിക പണ്ഡിതനും പ്രമുഖ പരിഷ്കര്‍ത്താവുമായ സയ്യിദ് അബുല്‍അഅലാ മൌദൂദി കൂടുതല്‍ സ്പഷ്ടമായും ശക്തമായും വിശദീകരിക്കുകയുണ്ടായി. തന്റെ പ്രസിദ്ധമായ ഖുര്‍ആന്‍ കി ചാര്‍ ബുന്‍യ#ാദി ഇസ്വ്ത്വിലാഹേന്‍ എന്ന കൃതിയില്‍ ഇബാദതിന് ആധികാരിക അറബി ഭാഷാ നിഘണ്ടുക്കള്‍ കൊടുത്ത അര്‍ഥവും ഖുര്‍ആനില്‍ പ്രസ്തുത പദം ഉപയോഗിക്കപ്പെട്ട അര്‍ഥസന്ദര്‍ഭങ്ങളുമെല്ലാം വിശകലനംചെയ്തശേഷം അദ്ദേഹം എഴുതുന്നു: ഇബാദത് എന്ന പദം ഖുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ അടിമത്തവും അനുസരണവും എന്ന അര്‍ഥത്തിലും ചില സ്ഥലങ്ങളില്‍ അനുസരണം എന്ന അര്‍ഥത്തില്‍ മാത്രവും മറ്റു ചിലേടത്ത് ആരാധന എന്ന അര്‍ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്.... അതില്‍ അടിമത്തവും അനുസരണവും എന്ന അര്‍ഥത്തില്‍ ഇബാദത് പ്രയോഗിച്ചേടത്തെല്ലാം മഅ്ബൂദ് (ഇബാദത് ചെയ്യപ്പെടുന്നവന്‍) ആയി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഒന്നുകില്‍ പിശാചാണ്, അല്ലെങ്കില്‍ ത്വാഗൂതായി ചമഞ്ഞ് അല്ലാഹുവിന്റെ ദാസന്‍മാരെ അവന്റെ ദാസ്യത്തില്‍ നിന്നകറ്റി സ്വന്തം ദാസന്‍മാരും അനുവര്‍ത്തികളുമാക്കുന്ന ധിക്കാരിയായ മനുഷ്യനാണ്. അതുമല്ലെങ്കില്‍, അല്ലാഹുവിന്റെ ഗ്രന്ഥത്തെ വിട്ട് അവനെ അവഗണിച്ച് സ്വയം നിര്‍മിച്ച മാര്‍ഗങ്ങളിലൂടെ ജനങ്ങളെ നയിക്കുന്ന പുരോഹിതരും മതാചാര്യരുമാണ്. അതുപോലെ ഇബാദതിനെ ആരാധന എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചേടത്തെല്ലാം ആരാധ്യരായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഒന്നുകില്‍ ഔലിയാക്കളും പ്രവാചകന്‍മാരും സജ്ജനങ്ങളുമാണ്. അവര്‍ അവരുടെ തന്നെ അധ്യാപനങ്ങള്‍ക്കും മാര്‍ഗദര്‍ശനങ്ങള്‍ക്കും വിരുദ്ധമായി ആരാധ്യരാക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ പ്രകൃത്യതീത 'റുബൂബിയ്യതി'ല്‍ പങ്കാളികളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മലകുകളും ജിന്നുകളുമായിരിക്കും ആരാധ്യര്‍. അതുമല്ലെങ്കില്‍ പിശാചിന്റെ പ്രേരണയാല്‍ മാത്രം ആരാധനാ കേന്ദ്രങ്ങളായിത്തീര്‍ന്ന ഭാവനാശക്തികളുടെ വിഗ്രഹങ്ങളും പ്രതിമകളുമായിരിക്കും. ഈ മഅ്ബൂദുകളെല്ലാം മിഥ്യകളാണെന്നും അവര്‍ക്ക് ഇബാദത് ചെയ്യുന്നത് തെറ്റുമാണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു- ആ ഇബാദത് അടിമത്തമാകട്ടെ, അനുസരണമാകട്ടെ, ആരാധനയാകട്ടെ. നിങ്ങള്‍ ഇബാദത് ചെയ്തുകൊണ്ടിരിക്കുന്ന ഈ എല്ലാ മഅ്ബൂദുകളും അല്ലാഹുവിന്റെ അടിമകളും ദാസന്‍മാരുമാണെന്നും ഇബാദത് ചെയ്യപ്പെടാന്‍ അവയ്ക്കര്‍ഹതയില്ലെന്നും അവയ്ക്ക് ഇബാദത് ചെയ്യുന്നതുമൂലം പരാജയവും നിന്ദ്യതയുമല്ലാതെ യാതൊന്നും നേടാന്‍ കഴിയുകയില്ലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ആരാധ്യരുടെയും അഖില പ്രപഞ്ചത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു. അവന്റെ കരങ്ങളിലാണ് എല്ലാ അധികാരങ്ങളും. അതിനാല്‍ ഇബാദത് ചെയ്യപ്പെടാനുള്ള അര്‍ഹത ഏകനായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമല്ല. ഖുര്‍ആനില്‍ എവിടെയെല്ലാം 'അല്ലാഹുവിന് ഇബാദത് ചെയ്യുക' എന്ന് പറയുകയും എന്നിട്ടവിടെ മേല്‍ സൂചിപ്പിച്ച പ്രകാരം അതിന്റെ വിവിധ അര്‍ഥങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പരിമിതമാക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും ഇല്ലാതിരിക്കുകയും ചെയ്യുന്നുവോ അത്തരം സ്ഥലങ്ങളിലെല്ലാം ഇബാദതിന് അടിമത്തം, അനുസരണം, ആരാധന എന്നീ മൂന്ന് അര്‍ഥങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഉദാഹരണത്തിന് താഴെ കൊടുത്ത സൂക്തങ്ങള്‍ കാണുക: "നിശ്ചയം, ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഇലാഹില്ല. അതിനാല്‍ എനിക്ക് ഇബാദത് ചെയ്യുവിന്‍'' (ത്വാഹാ). "അല്ലാഹുവാകുന്നു നിങ്ങളുടെ റബ്ബ്, അവനല്ലാതെ ഇലാഹില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവന്ന് ഇ*ബാദത് ചെയ്യുവിന്‍'' (അല്‍അന്‍ആം). (ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍- പേ. 86-93 നോക്കുക.). മൌദൂദി പറഞ്ഞത് ഇപ്രകാരം സംഗ്രഹിക്കാം: ഇബാദതിന് അടിമവൃത്തി, അനുസരണം, ആരാധന എന്നീ മൂന്നര്‍ഥങ്ങളുണ്ട്. ഈ മൂന്നര്‍ഥങ്ങളിലും ഖുര്‍ആനില്‍ അത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ചിലേടത്ത് ഒന്നും രണ്ടും അര്‍ഥങ്ങളില്‍, ചിലേടത്ത് രണ്ടാമത്തേതില്‍ മാത്രം, ചിലേടത്ത് മൂന്നാമത്തേതില്‍ മാത്രം, ചിലേടത്ത് മൂന്നര്‍ഥങ്ങളിലും. ഖുര്‍ആനില്‍ ഇബാദത് എന്ന് കാണുന്നേടത്തെല്ലാം അനുസരണമെന്നോ അടിമത്തമെന്നോ പറയണമെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. എല്ലായിടത്തും ആരാധന എന്നും പറയാന്‍ പറ്റാത്തപോലെത്തന്നെ. ഇബാദതിന്റെ 'താല്‍പര്യം' സമഗ്രമായി മനസ്സിലാക്കിക്കൊണ്ടുതന്നെ ഓരോ സന്ദര്‍ഭങ്ങള്‍ക്കുമൊത്ത് അതിനെ വിശദീകരിക്കുന്ന രീതിയാണ് പൂര്‍വിക പണ്ഡിതന്‍മാര്‍ സ്വീകരിച്ചത്. ഇത് പില്ക്കാലത്ത് തെറ്റുധാരണകള്‍ക്ക് ഇട നല്കി. ഇബാദതിനെപ്പറ്റിയുള്ള ചില വിവരണങ്ങള്‍ കണ്ടപ്പോള്‍ അതു മാത്രമാണ് ഇബാദതെന്ന് ധരിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ അത് മാത്രമാണ് സാക്ഷാല്‍ വിവക്ഷയെന്നും മറ്റുള്ളതെല്ലാം ആലങ്കാരികമാണെന്നും കരുതാന്‍ തുടങ്ങി. ഉദാഹരണമായി, ഇമാം സമഖ്ശരി ഇബാദതിനെപ്പറ്റി പറഞ്ഞത്, അല്‍ഇബാദതു അഖ്സ്വാ ഗായതില്‍ ഖുദൂഇ വത്തദല്ലുല്‍ (അല്‍കശ്ശാഫ് 1/10) (വിധേയത്വത്തിന്റെയും താഴ്മയുടെയും അങ്ങേയറ്റമാണ് ഇബാദത്) എന്നായിരുന്നു. ഇമാം ബൈദാവി (1/33)യും ഇമാം റാസി(1/37)യു1ം ഇമാം അബുസ്സുഊദും (1/27) ഇതേറ്റ് പറഞ്ഞിട്ടുണ്ട്. പക്ഷേ, അവരാരുംതന്നെ അത് മാത്രമാണ് ഇബാദത് എന്നുദ്ദേശിച്ചിട്ടില്ല. മറ്റു ചില സ്ഥലങ്ങളില്‍ അവിടേക്ക് പറ്റുന്ന രീതിയില്‍ ഇബാദതിനെ അവര്‍തന്നെ വ്യാഖ്യാനിച്ചിട്ടുമുണ്ട്. മുകളിലുദ്ധരിച്ച ഉദാഹരണങ്ങള്‍ അതാണല്ലോ തെളിയിക്കുന്നത്. എന്നാല്‍ ഇവ്വിഷയകമായി ശൈഖ് മുഹമ്മദ് അബ്ദു തന്റെ തഫ്സീറില്‍ ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍ എന്ന വാക്യത്തെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നതിങ്ങനെയാണ്: എന്താണ് ഇബാദത്? വിനയത്തോടുകൂടിയ അനുസരണമാണതെന്ന് അവര്‍ പറയുന്നു. എല്ലാ പദപ്രയോഗങ്ങളും ആശയത്തെ പൂര്‍ണമായി പ്രതിനിധീകരിക്കുകയോ വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം മനുഷ്യബുദ്ധിക്ക് വ്യക്തമാക്കിക്കൊടുക്കുകയോ ചെയ്യുന്നില്ല. മിക്കപ്പോഴും ഒരു വസ്തുവെ അതിന്റെ ചില അനിവാര്യഗുണങ്ങള്‍ പറഞ്ഞോ അത് ചിത്രീകരിച്ചു കാണിച്ചുകൊണ്ടോ ആകും വ്യാഖ്യാനിക്കുന്നത്. മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ പര്യായങ്ങള്‍ പറഞ്ഞുകൊണ്ടോ സാദൃശ്യമുള്ള ആശയം വിവരിച്ചുകൊണ്ടോ മതിയാക്കും. അക്കൂട്ടത്തില്‍പെട്ടതാണ് ഇബാദതിന്റെ അര്‍ഥം വിവരിച്ചുകൊണ്ടുള്ള ഈ വാചകവും. അതില്‍ അവ്യക്തതയും അനവധാനതയുമുണ്ട്. ഖുര്‍ആനിലെ ആയതുകളും ഭാഷാപ്രയോഗങ്ങളും പരിശോധിച്ചാലും അബദയും അര്‍ഥത്തില്‍ അതിനോട് സാദൃശ്യമുള്ള പദങ്ങളും- ഖദഅ, ഖനഅ, അത്വാഅ, ദല്ല- അറബികള്‍ എങ്ങനെ പ്രയോഗിച്ചു എന്ന് ചിന്തിച്ചാലും അവയൊന്നും അബദയ്ക്ക് തുല്യമോ അതിന്റെ അര്‍ഥം ഉള്‍ക്കൊണ്ട് തത്സ്ഥാനത്ത് നില്ക്കുന്നതോ അല്ലെന്ന് കാണാം. അതുകൊണ്ടാണവര്‍ പറയുന്നത്, ഇബാദ് എന്ന പദം ഇബാദതില്‍നിന്ന് വന്നതാണ്. അതുകൊണ്ട് അത് അല്ലാഹുവിലേക്ക് ചേര്‍ത്താണ് കൂടുതലും പ്രയോഗിക്കുക. അബീദ് എന്ന പദം അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്താണ് കൂടുതലും പ്രയോഗിക്കുക. കാരണം, അത് അടിമത്തം എന്നര്‍ഥമുള്ള ഉബൂദിയതില്‍നിന്ന് എടുത്തതാണ്. ആ അര്‍ഥത്തില്‍ ഇബാദതും ഉബൂദിയ്യതും തമ്മില്‍ അന്തരമുണ്ട്. അതുകൊണ്ടാണ് ചില ഉലമാക്കള്‍ പറയുന്നത്, അല്ലാഹുവിന് നിര്‍വഹിക്കപ്പെടുന്ന കാര്യങ്ങള്‍ക്കേ ഭാഷയില്‍ ഇബാദത് എന്ന് പറയുകയുള്ളൂവെന്ന്. പക്ഷേ, ഖുര്‍ആനിക പ്രയോഗങ്ങള്‍ ഇത് ശരിവെക്കുന്നില്ല. അദ്ദേഹം തുടരുന്നു: കമിതാവ് കാമുകിയോടുള്ള ബഹുമാനത്തിലും വിധേയത്വത്തിലും വല്ലാതെ അതിര്‍വിടും. ഒരാളുടെ ഇഛ അപരന്റേതില്‍ ലയിക്കും. ഒരാളുടെ ആഗ്രഹം അപരന്റേതില്‍ ഉരുകിച്ചേരും. എങ്കിലും ഈ വിധേയത്വം യഥാര്‍ഥത്തില്‍ ഇബാദത് അല്ല. നേതാക്കന്‍മാരെയും രാജാക്കന്‍മാരെയും ഭരണാധികാരികളെയു0ം ബഹുമാനിക്കുന്നതില്‍ ചില ആളുകള്‍ അതിര്‍ കവിയും. അവരോടുള്ള വിധേയത്വത്തിലും അവരുടെ പ്രീതി തേടുന്നതിലും മറ്റ് ആരാധകരോ ഭക്തന്‍മാരോ കാണിക്കുന്നതിനെക്കാള്‍ വലിയ ഭവ്യത അവര്‍ കാണിക്കും. എന്നാല്‍ ഈ വിധേയത്വത്തിനും അറബികള്‍ ഇബാദത് എന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ എന്താണ് ഇബാദത്? ശരിയായ ശൈലികളും വ്യക്തമായ അറബി പ്രയോഗവും വ്യക്തമാക്കുന്നത് ഇബാദത് ഒരുതരം അങ്ങേയറ്റത്തെ വിധേയത്വമാണെന്നത്രേ. മഅ്ബൂദിന്റെ മഹത്ത്വം ഹൃദയം അനുഭവിക്കുമ്പോഴാണത് ഉടലെടുക്കുക. എവിടെനിന്നാണത് ഉണ്ടാകുന്നതെന്ന് അവനറിയുന്നില്ല. അതുപോലെ അവന്ന് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ശക്തിയെക്കുറിച്ച വിശ്വാസത്തില്‍നിന്നുമാണത് ഉടലെടുക്കുക. അതവനെ ചൂഴ്ന്ന് നില്ക്കുന്നു എന്ന് അവന്നറിയാം. പക്ഷേ, അതവന്റെ അറിവിന്റെ മേഖലയ്ക്കപ്പുറമാണ്. ഏതെങ്കിലും ഒരു രാജാവിനോട് അങ്ങേയറ്റത്തെ വിനയം കാണിക്കുന്നവനെപ്പറ്റി അവന്‍ അയാള്‍ക്ക് ഇബാദത് ചെയ്തു എന്ന് പറയില്ല. അവന്‍ അദ്ദേഹത്തിന്റെ പാദം ചുംബിച്ചാലും. കാരണം, ആ വിനയത്തിന്റെയും വിധേയത്വത്തിന്റെയും കാരണം എല്ലാവര്‍ക്കുമറിയാം. അത് ഒന്നുകില്‍ അയാളുടെ അക്രമത്തെ ഭയന്നായിരിക്കും. അല്ലെങ്കില്‍ ഔദാര്യത്തെ പ്രതീക്ഷിച്ചായിരിക്കും. എന്നാല്‍ രാജാധികാരം അത്യുന്നതങ്ങളില്‍നിന്ന് രാജാക്കന്മാര്‍ക്ക് ലഭിക്കുന്ന ആകാശലോകത്തുനിന്നുള്ള അദൃശ്യമായ ശക്തിയാണെന്നും മറ്റുള്ളവരെക്കാളെല്ലാം ഉന്നതരായി അവരെ തെരഞ്ഞെടുത്തിരിക്കയാണെന്നും വിശ്വസിച്ചാലല്ലാതെ. ഇത്തരം രാജാക്കന്മാര്‍ ഏറ്റവും നല്ല മൂലകങ്ങളും ഏറ്റവും ശ്രേഷ്ഠമായ സത്തകളുമാണെന്നായിരിക്കും വിശ്വസിക്കുന്നത്. ഇത്തരം വിശ്വാസങ്ങള്‍ സത്യനിഷേധത്തിലേക്കും മാര്‍ഗഭ്രംശത്തിലേക്കും നയിക്കുന്നു. അവരാണ് രാജാക്കന്മാരെ ഇലാഹുകളും റബ്ബുകളുമാക്കുന്നവരും അവരെ യഥാര്‍ഥത്തില്‍ ഇബാദത് ചെയ്യുന്നവരും. (തഫ്സീറുല്‍ മനാര്‍, വാ. 1) സൂക്ഷിച്ചുനോക്കിയാല്‍ മറ്റുള്ളവരുടെ വിശദീകരണങ്ങളില്‍ ഉണ്ടെന്ന് മുഹമ്മദ് അബ്ദു പറയുന്ന അവ്യക്തതയും അനവധാനതയും അദ്ദേഹത്തിന്റെ വിശദീകരണത്തിലുമുണ്ടെന്നു കാണാം. അദ്ദേഹം അവതരിപ്പിച്ച വ്യാഖ്യാനം ഭാഷാ പണ്ഡിതന്മാരുടെ വിവരണങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്നും നിരക്കുന്നില്ല. ഡോ. യൂസുഫുല്‍ ഖറദാവി അതിപ്രകാരം ചൂണ്ടിക്കാണിക്കുന്നു: " ഈ ഉപാധി ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കെല്ലാം ഒന്നടങ്കം എതിരാണെന്ന് മാത്രമല്ല, ഖുര്‍ആനിനുതന്നെ പ്രകടമായും വിരുദ്ധമാണ്. മൂസായെയും ഹാറൂനെയും കുറിച്ച് ഫിര്‍ഔനിന്റെ ഭാഷ അല്ലാഹു ഉദ്ധരിക്കുന്നു: 'ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരിലാണോ ഞങ്ങള്‍ വിശ്വസിക്കേണ്ടത്? അവരുടെ ജനത ഞങ്ങള്‍ക്ക് ഇബാദത് ചെയ്യുന്നവരാണ്.' ഇതേപറ്റി ഇമാം ത്വബരി പറയുന്നു: അഥവാ അവര്‍ക്ക് അനുസരിച്ചും കീഴ്പെട്ടും ജീവിക്കുന്നവരാണെന്ന് താല്‍പര്യം- അവരുടെ കല്പനകള്‍ അവര്‍ ശിരസാ വഹിക്കുന്നു, അവര്‍ക്ക് കീഴ്പെടുന്നു. ഒരു രാജാവിന് കീഴ്പെടുന്നവനെപ്പറ്റി അയാള്‍ക്ക് ഇബാദത് ചെയ്യുന്നവനെന്ന് അറബികള്‍ പറയാറുണ്ട്.'' (അല്‍ഇബാദതു ഫില്‍ഇസ്ലാം പേ. 30) ഇമാം മുഹമ്മദ് അബ്ദു വിശദീകരിച്ചത് ഇബാദതിന്റെ വ്യത്യസ്ത ആശയങ്ങളില്‍ ഒന്നിനെയാണ്. പ്രസ്തുത ആശയം കുറേക്കൂടി വ്യക്തമായ ഭാഷയില്‍ മൌലാനാ മൌദൂദിയും വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: "കാര്യകാരണ വ്യവസ്ഥയ്ക്ക് വിധേയമായി സാധാരണ ഗതിയില്‍ ഏതെല്ലാം വസ്തുക്കള്‍വഴി മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കിട്ടുന്നുവോ അവയുടെ ആവശ്യനിര്‍വഹണ പ്രക്രിയകള്‍ മനുഷ്യന്റെ കണ്‍മുന്നില്‍വെച്ചോ അഥവാ ജ്ഞാന പരിധിയിലോ ഒതുങ്ങിക്കൊണ്ടോ സംഭവിക്കുകയാണെങ്കില്‍ ആ വസ്തുക്കളെ സംബന്ധിച്ച് യാതൊരു ആരാധനാ വികാരവും അവനില്‍ ഉളവാകുന്നില്ല. ഉദാഹരണമായി, എനിക്ക് ചെലവിന് രൂപ ആവശ്യമുണ്ട്. ഞാനൊരാളെ സമീപിച്ച് എനിക്കൊരുദ്യോഗമോ തൊഴിലോ തരണമെന്നപേക്ഷിക്കുന്നു. അയാള്‍ ആ അപേക്ഷ സ്വീകരിച്ച് എനിക്കൊരു ജോലിയും ആ ജോലിക്ക് വേതനവും തരുന്നു. ഈ വ്യവഹാരങ്ങളെല്ലാം നടക്കുന്നത് എന്റെ ജ്ഞാനത്തിന്റെയും ഇന്ദ്രിയങ്ങളുടെയും പരിധിക്കുള്ളിലാണ്. അയാളെന്റെ ആവശ്യം പൂര്‍ത്തീകരിച്ചു തരുന്നതെങ്ങനെയാണെന്നെനിക്കറിയാം. അതിനാല്‍ അയാള്‍ ആരാധന അര്‍ഹിക്കുന്നുവെന്ന് എനിക്ക് തോന്നുക പോലുമില്ല. ഒരാളുടെ വ്യക്തിത്വമോ ശക്തിയോ ആവശ്യ നിര്‍വഹണരൂപമോ നിഗൂഢതയുടെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അവസ്ഥയില്‍ മാത്രമേ എന്റെ മനസ്സില്‍ അയാളോട് ആരാധനാ വികാരം ഉണ്ടാകുന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ആരാധ്യന്‍ എന്ന അര്‍ഥത്തിന് ഔന്നത്യത്തോടൊപ്പം അദൃശ്യത, സംഭ്രമം, ദുര്‍ഗ്രഹത തുടങ്ങിയ ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന പദം സ്വീകരിക്കപ്പെട്ടത് (ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍, പേ. 18) എന്നാല്‍ ഈ നിഗൂഢതയും മറഞ്ഞ ശക്തിയെക്കുറിച്ച സങ്കല്പവുമില്ലാതെയും ഇലാഹും ഇബാദതും ഉണ്ടാകാമെന്ന് അദ്ദേഹം തുടര്‍ന്ന് പറയുന്നു. അത്തൌബഃ 31, അല്‍ഫുര്‍ഖാന്‍ 43, അശ്ശൂറാ 21, അല്‍അന്‍ആം 137 എന്നീ ആയതുകളുദ്ധരിച്ച് അദ്ദേഹം എഴുതുന്നു: ഇലാഹിന്റെ നേരത്തെ വിവരിച്ച ആശയങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഈ സൂക്തങ്ങളിലുള്ളത്. ഇവിടെ പ്രകൃത്യതീതമായ അധീശത്വത്തിന്റെ ഒരു സങ്കല്പവുമില്ല. ഇലാഹ് ആയി അംഗീകരിക്കപ്പെട്ടത് മനുഷ്യരാണ്. അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ ദേഹേഛയാണ്. പ്രാര്‍ഥിക്കപ്പെടുക, ഉപകാരത്തിന്റെയും ഉപദ്രവത്തിന്റെയും ഉടമയായി കാണുക, അഭയം തേടുക എന്നീ അര്‍ഥത്തിലല്ല അത് ദൈവമായി അംഗീകരിക്കപ്പെട്ടത്. പ്രത്യുത, അതിന്റെ ശാസന നിയമമായി അംഗീകരിക്കുക, അതിന്റെ ആജ്ഞയും നിരോധനവും അനുസരിക്കുക, അത് ഹലാലാക്കിയത് ഹലാലായും ഹറാമാക്കിയത് ഹറാമായും സമ്മതിച്ചുകൊടുക്കുക, അതിന് സ്വയം ആജ്ഞാപിക്കാനും നിരോധിക്കാനും അധികാരമുണ്ടെന്നും അംഗീകാരം തേടുകയോ അഭിപ്രായം ആരായുകയോ ചെയ്യേണ്ട മറ്റൊരു ശക്തിയും അതിനുപരിയായി ഇല്ലെന്നും കരുതുക എന്ന അര്‍ഥത്തിലാണ്. പ്രഥമ സൂക്തത്തില്‍ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ഇലാഹാക്കുന്നതിനെ പരാമര്‍ശിക്കുന്നു. അതിന്റെ വ്യക്തമായ വ്യാഖ്യാനം ഹദീഥില്‍നിന്ന് നമുക്ക് ലഭിക്കുന്നു. ഹ. അദിയ്യുബ്നു ഹാതിം ഈ സൂക്തത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: നിങ്ങളുടെ പണ്ഡിതരും പുരോഹിതരും ഹലാലാക്കുന്നതിനെ നിങ്ങള്‍ ഹലാലായി അംഗീകരിച്ചു. അവര്‍ ഹറാമാക്കുന്നതിനെ നിങ്ങള്‍ ഹറാമായും സമ്മതിച്ചു. അതേക്കുറിച്ച് അല്ലാഹുവിന്റെ വിധിയെന്തെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നേയില്ല. സ്വന്തം ദേഹേഛയെ അനുസരിക്കുകയും അതിന്റെ ശാസനകള്‍ അത്യുന്നതമായി ഗണിക്കുകയും ചെയ്യുന്നവന്‍ സ്വേഛയെ ഇലാഹാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇതാണ് രണ്ടാം സൂക്തത്തിന്റെ ആശയമെന്ന് വ്യക്തം. (നാലു സാങ്കേതിക ശബ്ദങ്ങള്‍, പേ. 23, 24) തന്റെ വീക്ഷണം സയ്യിദ് മൌദൂദി സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: ഖുര്‍ആനില്‍ എവിടെയെല്ലാം അല്ലാഹുവിന് ഇബാദത് ചെയ്യുക എന്ന് പറയുകയും എന്നിട്ടവിടെ മേല്‍സൂചിപ്പിച്ച പ്രകാരം ഇബാദതിന് അതിന്റെ വിവിധ അര്‍ഥങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പരിമിതമാക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും ഇല്ലാതിരിക്കുകയും ചെയ്യുന്നുവോ അത്തരം സ്ഥലങ്ങളിലെല്ലാം ഇബാദതിന് അടിമത്തം, അനുസരണം, ആരാധന എന്നീ മൂന്ന് അര്‍ഥങ്ങളും ഉണ്ടായിരിക്കുന്നതാണ്. ത്വാഹാ 14, അല്‍അന്‍ആം 102, യൂനുസ് 104, യൂസുഫ് 40, ഹൂദ് 123, മര്‍യം 65, അല്‍കഹ്ഫ് 110 എന്നീ ആയതുകള്‍ ഇതിനു തെളിവായി ഉദ്ധരിച്ചശേഷം അദ്ദേഹം തുടര്‍ന്നു പറയുന്നു: അടിമത്തം, അനുസരണം, ആരാധന എന്നിവ മൂന്നും അല്ലാഹുവിനായിരിക്കണമെന്നാണ് ഖുര്‍ആന്റെ സന്ദേശമെന്നത് സുവിദിതമാണ്. അതിനാല്‍, ഇബാദതിനെ ഏതെങ്കിലും ഒരാശയത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ഖുര്‍ആന്റെ പ്രബോധനത്തെ പരിമിതപ്പെടുത്തലായിത്തീരും. ഇതിന്റെ അനിവാര്യ ഫലം, ഖുര്‍ആനിക പ്രബോധനത്തെ സംബന്ധിച്ച് അപൂര്‍ണമായ വിഭാവനയോടെ വിശ്വാസികളായിത്തീരുന്നവര്‍ പ്രായോഗിക തലത്തില്‍ അതിനെ അപൂര്‍ണവും ഭാഗികവുമായി അവതരിപ്പിക്കുമെന്നതാണ്. (നാലു സാങ്കേതിക ശബ്ദങ്ങള്‍, പേ. 91, 92, 93 നോക്കുക) പൂര്‍വികരും ആധുനികരുമായ ഇസ്ലാമിക പണ്ഡിതന്മാര്‍ അവതരിപ്പിച്ചിട്ടുള്ള ഇബാദതിന്റെ ഈ വിശാല സങ്കല്പം ചില അടിസ്ഥാന തത്ത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. 1. മനുഷ്യജീവിത#ം ഒരു മഹത്തായ സാധനയാണ്. ജീവിതം സമ്പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിക്കണമെന്നാണ് ഇസ്ലാം സിദ്ധാന്തിക്കുന്നത്. ഇതിന് സന്നദ്ധനാകുന്നവനാണ് മുസ്ലിം. അല്ലാഹു അല്ലാത്ത മറ്റൊരു ശക്തിക്കും ആത്യന്തികമായ വിധേയത്വം പാടില്ല. 2. ജീവിതം അഖണ്ഡമാണ്. അതിനെ മതപരം, രാഷ്ട്രീയം എന്നിങ്ങനെ വിഭജിക്കുന്നതിനെയോ ദൈവത്തിനും സീസര്‍ക്കുമായി പങ്കിടുന്നതിനെയോ ഇസ്ലാം അംഗീകരിക്കുന്നില്ല. മനുഷ്യനും അവന്റെ ജീവിതവും സാകല്യേന അവന്റെ സ്രഷ്ടാവായ ദൈവത്തിനുള്ളതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളും അല്ലാഹുവിന് കീഴ്പെട്ടുകൊണ്ടും അവന്റെ നിയമ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുമായിരിക്കണം നീങ്ങുന്നത്. പള്ളിയും പാര്‍ലമെന്റും പട്ടാളവും കോടതിയുമെല്ലാം അവന്റെ വിധിവിലക്കുകള്‍ക്ക് വിധേയമായിരിക്കണം. 3. നല്ലതും ചീത്തയും എന്തെന്നു വിധിക്കാനുള്ള അധികാരം (നിയമനിര്‍മാണാധികാരം) മൌലികമായി മനുഷ്യന്റെ സ്രഷ്ടാവായ അല്ലാഹുവിനേയുള്ളൂ. അത് 'ഉലൂഹിയ്യതി'ന്റെ അവിഭാജ്യ ഘടകമാണ്. മറ്റുള്ളവര്‍ക്ക് അത് വകവച്ചുകൊടുക്കുന്നത് 'ഇബാദതി'ല്‍ അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേര്‍ക്കലാകുന്നു. ഇങ്ങനെ പങ്കുചേര്‍ക്കുന്നത് ജനപ്രതിനിധികള്‍, ഭരണാധികാരികള്‍, രാജാക്കന്മാര്‍, മതപുരോഹിതന്മാര്‍, ഗോത്രനായകന്മാര്‍, രാഷ്ട്രീയ-മതസംഘടനകള്‍, സിദ്ധാന്തങ്ങള്‍ എന്നിങ്ങനെയുള്ള ആരെയായിരുന്നാലും അത് ആരാധനയില്‍ പങ്കുചേര്‍ക്കുന്നതു പോലെ ഗുരുതരമാകുന്നു. 4. ഇബാദതിനെക്കുറിച്ച സങ്കല്പം വികലമായാല്‍ തൌഹീദും വികലമാകും. അതു മുസ്ലിമിനെ ഭൌതികവും അഭൌതികവുമായ മിഥ്യാ ശക്തികളുടെ അടിമത്തത്തിലേക്ക് നയിക്കും. വിഗ്രഹങ്ങളും, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ പുണ്യാത്മാക്കളും സിദ്ധന്മാരും ആരാധിക്കപ്പെടും. ഭൌതിക ചിന്തകന്മാരും രാഷ്ട്രീയ നേതാക്കളും രാജാക്കന്മാരും അപ്രമാദികളായ പരമാധികാരികളും രക്ഷകരുമായി അംഗീകരിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യും. അതൊന്നും മതത്തിനോ തൌഹീദിനോ എതിരല്ല എന്ന ചിന്താഗതി വളരും. ഇത്തരമൊരവസ്ഥാ വിശേഷത്തില്‍ സാമാന്യ മുസ്ലിംകള്‍ ഇപ്പോള്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് കരുതുന്നവരാണ് ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മിക്കതും. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഇവിടെ വിവരിക്കപ്പെട്ട ഇബാദതിന്റെ അര്‍ഥ കല്പനകളോട് വിയോജിക്കുന്ന മറ്റു രണ്ടു വീക്ഷണങ്ങള്‍ കേരളത്തില്‍ ശക്തിയായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ അതേക്കുറിച്ചു കൂടി ഒരു വിശദീകരണം ഇവിടെ സംഗതമാണ്. ഒന്നാമത്തെ വീക്ഷണം ഇതനുസരിച്ച് ഇബാദത് എന്നാല്‍ ആരാധനയാണ്. ആരാധനയാവട്ടെ ഒരു ശക്തിയില്‍നിന്ന് അഗോചര മാര്‍ഗത്തിലൂടെ ഫലം കാംക്ഷിച്ചുകൊണ്ട് ചെയ്യുന്ന കര്‍മങ്ങളാണ്. അതുകൊണ്ട് മരിച്ചവരില്‍നിന്നോ ജീവിച്ചിരിക്കുന്നവരില്‍നിന്നോ അഗോചര മാര്‍ഗത്തിലൂടെ ഫലം കാംക്ഷിച്ചുകൊണ്ട് അവരോട് പ്രാര്‍ഥിക്കുന്നതും അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ സമര്‍പ്പിക്കുന്നതും അവര്‍ക്കുള്ള ഇബാദതും അവരെ ദൈവത്തിന്റെ പങ്കാളികളാക്കലുമാണ്. എന്നാല്‍ അനുസരണം ഇബാദതിന്റെ അര്‍ഥത്തില്‍ പെടുന്നില്ല. ദൈവമല്ലാത്തവരെ ഏതുവിധേന അനുസരിക്കുന്നതും അവര്‍ക്കുള്ള ഇബാദതോ അവരെ ദൈവത്തിന്റെ പങ്കാളിയാക്കലോ ആകുന്നില്ല. തൌഹീദിനെയും ദീനിനെയും ആത്മീയകാര്യങ്ങളില്‍ അല്ലെങ്കില്‍ സ്വകാര്യ ജീവിതത്തില്‍ പരിമിതപ്പെടുത്തുകയും ലൌകിക ജീവിതത്തെ ദീനിന്റെ പരിധിയില്‍നിന്ന് സ്വതന്ത്രമാക്കുകയും ചെയ്യുന്നുവെന്നതാണ് ഈ അര്‍ഥകല്പനയുടെ മര്‍മം. ഇതനുസരിച്ച് ഒരാള്‍ക്ക് ശരിയായ മുവഹ്ഹിദ് ആകാന്‍ തവസ്സുല്‍, ഇസ്തിഗാഥ, ജാറം മൂടല്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ജിച്ചാല്‍ മതി. അയാള്‍ സോഷ്യലിസ്റോ ക്യാപിറ്റലിസ്റോ സെക്യുലരിസ്റോ രാജാധിപത്യ വാദിയോ ആകുന്നതുകൊണ്ട് കുഴപ്പമില്ല; മതവിരുദ്ധ ഭൌതിക പ്രസ്ഥാനങ്ങളെ അംഗീകരിക്കുന്നതും തൌഹീദിനെതിരാകുന്നില്ല. അവയുടെ ആചാര്യന്മാരെയും നേതാക്കളെയും പരമാധികാരികളും യജമാനന്മാരുമായി അംഗീകരിക്കുകയും നിരുപാധികം അനുസരിക്കുകയും ചെയ്യുന്നത് അവര്‍ക്കുള്ള ഇബാദതാകുന്നുമില്ല. പാശ്ചാത്യന്‍ ദര്‍ശനങ്ങളിലും സംസ്കാരത്തിലും ആകൃഷ്ടരായവര്‍ക്ക് പൊതുവില്‍ പഥ്യമായ വീക്ഷണമാണിത്. മുസ്ലിം രാജ്യങ്ങളില്‍ ഇന്നു നിലവിലുള്ള ഭരണകൂടങ്ങള്‍ പൊതുവില്‍ ഭരണപ്രക്രിയകളില്‍നിന്ന് മതത്തെ മാറ്റി നിര്‍ത്താനാഗ്രഹിക്കുന്നതുകൊണ്ട് അത്തരം ഭരണകൂടങ്ങളുടെ പ്രോല്‍സാഹനവും ഈ വീക്ഷണക്കാര്‍ക്കുണ്ട്. എന്നാല്‍ മുസ്ലിം രാജ്യങ്ങളില്‍, പൊതുജീവിതത്തെ ഇസ്ലാമില്‍നിന്നു മുക്തമാക്കി ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ക്കും നേതാക്കള്‍ക്കും വിധേയമാക്കുന്നത് അല്ലാഹുവിനുമാത്രം ഇബാദതു ചെയ്യുക എന്ന തത്ത്വത്തില്‍നിന്നുള്ള വ്യതിചലനമാകുന്നില്ല എന്നു വാദിക്കുന്നവര്‍ അവരുടെ വാദം സമര്‍ഥിക്കുന്നത് ഇബാദതിന്റെ അനുസരണം എന്ന അര്‍ഥത്തെ നിഷേധിച്ചുകൊണ്ടല്ല എന്നത് ശ്രദ്ധേയമാണ്. അവരുന്നയിക്കുന്നത് വേറെ ചില ന്യായങ്ങളാണ്. ആ ചര്‍ച്ച ഇവിടെ പ്രസക്തമല്ലാത്തതുകൊണ്ട് വിസ്തരിക്കുന്നില്ല. കേരളത്തിലെ സലഫി പണ്ഡിതന്മാരില്‍ ചിലരാണ് ഇബാദതിനെ 'ആരാധന' എന്ന അര്‍ഥത്തില്‍ പരിമിതമാക്കാനും അനുസരണം എന്ന അര്‍ഥത്തെ നിരാകരിക്കാനും തീവ്രമായി ശ്രമിച്ചുകണ്ടിട്ടുള്ളത്. ഇബാദതിനെ അതിന്റെ സമഗ്ര അര്‍ഥത്തില്‍ പരിചയപ്പെടുത്തുന്ന ജമാഅതെ ഇസ്ലാമിയോട് അവര്‍ ഭിന്നിച്ച പ്രധാന വിഷയങ്ങളിലൊന്നും ഇതത്രേ. എന്നാല്‍ ഇബാദതിന് ആരാധന എന്ന അര്‍ഥം മാത്രമേയുള്ളൂ എന്ന വാദക്കാര്‍ ചിലപ്പോള്‍ അതില്‍നിന്ന് വ്യതിചലിക്കാന്‍ സ്വയം നിര്‍ബന്ധിതരാകുന്നതായി കാണുന്നു. ഉദാഹരണമായി കെ.പി. മുഹമ്മദുബ്നു അഹ്മദ് എഴുതിയ ഇബാദതും ഇത്വാഅ*തും എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ (പേ. 9) 'ഇബാദത് എന്ന പദത്തിന് ആരാധന എന്നല്ലാതെ അനുസരണമെന്നോ അടിമവേലയെന്നോ അര്‍ഥം കല്പിക്കുക ഭീമമായ അബദ്ധമാണെ'ന്ന് പറയുന്നു. എന്നാല്‍ അതേ പുസ്തകത്തിന്റെ 40-ാം പേജില്‍, ദിവ്യത്വം കല്പിച്ചുകൊണ്ട് ആര്‍ ആരെ അനുസരിച്ചാലും(ആരാധിച്ചാലല്ല) ശിര്‍ക്കാകുമെന്നതില്‍ സംശയമില്ല എന്നും പറയുന്നുണ്ട്. അതേ പുസ്തകം 39-ാം പേജില്‍ വേദക്കാര്‍ പുരോഹിതന്മാര്‍ക്ക് ഇബാദതു ചെയ്തതെങ്ങനെയെന്നു വിശദീകരിച്ചുകൊണ്ട് പറയുന്നു: "മതപരമായ നിയമനിര്‍മാണത്തിന് അത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരാണെങ്കില്‍പോലും, പാതിരിമാര്‍ക്ക് അവകാശമുണ്ടെന്നും ആ നിയമങ്ങള്‍ പാവനമായ മതനിയമങ്ങളാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസപ്രകാരമുള്ള അനുസരണമാണ് ഇബാദതായിത്തീര്‍ന്നതും.'' ഇബാദതിന് 'ആരാധന' എന്നല്ലാതെ അനുസരണമെന്നോ അടിമവേലയെന്നോ അര്‍ഥം പറയുന്നത് അബദ്ധമാണെന്നു പറയുന്ന അതേ ഗ്രന്ഥം പ്രസ്തുത 'അബദ്ധം' ആവര്‍ത്തിക്കുന്നതാണ് ഇവിടെ കാണുന്നത്. ഇതുപോലെ, പ്രാര്‍ഥന എല്ലാത്തിനെയും ഇബാദതാക്കുന്നു എന്നും ആരാധനാ ഭാവമുണ്ടായാല്‍ ഇബാദതാകുമെന്നുമൊക്കെ ചിലപ്പോള്‍ അവര്‍ പറയുന്നുണ്ട്. ആരാധനാ വാദത്തിന്റെ അടിസ്ഥാനം ഈ വാദഗതി കെട്ടിപ്പൊക്കിയിട്ടുള്ളത് 'പ്രാര്‍ഥന ഇബാദതിന്റെ മജ്ജയാണ്' എന്നും 'പ്രാര്‍ഥന ഇബാദത് തന്നെയാണ്' എന്നുമുള്ള രണ്ടു നബി വചനങ്ങളിന്മേലാണ്. പ്രാര്‍ഥനയുടെ പ്രാധാന്യം വിശദീകരിക്കുകയാണ് ഈ ഹദീഥുകള്‍. അല്ലാതെ പ്രാര്‍ഥന മാത്രമാണ് ഇബാദത് എന്ന് പഠിപ്പിക്കുകയല്ല. പ്രാര്‍ഥനയല്ലാത്ത നിരവധി കര്‍മങ്ങള്‍ ആരാധനകളില്‍തന്നെയുണ്ട്. ഉദാ. ഉപവാസം, ദാനം, ജിഹാദ്. മേല്‍ വീക്ഷണപ്രകാരം ഇവയൊന്നും ഇബാദതല്ലെന്ന് വന്നുചേരും. പ്രസ്തുത ഹദീഥിനെക്കുറിച്ച് കേരളീയ പണ്ഡിതനായ കെ.എം. മൌലവി വിശദീകരിച്ചിട്ടുള്ളതിങ്ങനെയാണ്: ദുആതന്നെയാണ് ഇബാദത്; മറ്റൊന്നുമല്ല എന്ന് പറഞ്ഞിട്ടുള്ള ഹസ്വ്റ് (ക്ളിപ്തപ്പെടുത്തല്‍) ആലങ്കാരികമാണ്. അലി തന്നെയാണ് ധീരന്‍, സൈദ് തന്നെയാണ് പുരുഷന്‍, ഹാതിം തന്നെയാണ് ഉദാരന്‍, മനുഷ്യന്‍ തന്നെയാണ് ജീവി, പരലോകം തന്നെയാണ് ജീവിതം എന്നെല്ലാം പറയുംപോലെ. അതായത്, ദുആ ഇബാദതുകളുടെ കൂട്ടത്തില്‍വെച്ചേറ്റവും പ്രധാനപ്പെട്ടതും അതിവിശിഷ്ടവുമായ ഇബാദതാകുന്നു എന്ന് താല്‍പര്യം. അറഫഃയാണ് ഹജ്ജ്, ഖേദമാണ് തൌബഃ എന്നീ ഹദീഥുകള്‍ക്ക്, ഹജ്ജിന്റെ അംശങ്ങളില്‍നിന്ന് ഏറ്റവും പ്രധാനമായ അംശം അറഫഃയില്‍ നില്ക്കലാകുന്നു എന്നും തൌബഃയുടെ റുക്നുകളില്‍ ഏറ്റവും പ്രധാനമായത് ഖേദിക്കലാകുന്നു എന്നും അര്‍ഥം പറയും പോലെ. (അദ്ദുആഉ വല്‍ഇബാദഃ പേ. 25) എ. അബ്ദുസ്സലാം സുല്ലമി എഴുതുന്നു: "ശവം ഭക്ഷിക്കുവാന്‍ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകളോട് ച#ില അമുസ്ലിംകള്‍ ഇപ്രകാരം തര്‍ക്കിക്കുവാന്‍ തുടങ്ങി: 'ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ടു വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത് ഭക്ഷിക്കാന്‍ പാടില്ലെന്നും എന്നാല്‍ മനുഷ്യന്‍ വധിച്ചതിനെ ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും മുഹമ്മദ് ജല്പിക്കുന്നു.' ഈ യുക്തിവാദം ദുര്‍ബല വിശ്വാസികളായ ചില മുസ്ലിംകളെ സ്വാധീനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിപ്പിക്കുന്നത്. ഈ യുക്തിവാദികളെ അനുസരിച്ച് ശവം നിങ്ങള്‍ ഭക്ഷിച്ചാല്‍ നിങ്ങള്‍ മുശ്രിക്കുകളായി എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്.'' (ജംഇയ്യതുല്‍ മുജാഹിദീന്‍ സോവനീര്‍ 95- അരീക്കോട് പേ. 145) അദ്ദേഹം തന്നെ തുടരുന്നു: "ചില പ്രവൃത്തികള്‍ നാം ചെയ്യുമ്പോള്‍ ഇലാഹാക്കുക എന്ന ഉദ്ദേശ്യമോ ഇബാദതെടുക്കുക എന്ന ഉദ്ദേശ്യമോ നമുക്ക് ഇല്ലെങ്കിലും അതിന്റെ നിര്‍ബന്ധ താല്‍പര്യം എന്ന നിലയ്ക്ക് ഇലാഹാക്കലും ഇബാദതെടുക്കലും സംഭവിക്കുന്നതാണ്. പേര്‍ഷ്യക്കാരെയും മുശ്രികുകളെയും ഇലാഹാക്കിക്കൊണ്ടും അവര്‍ക്ക് ഇബാദതെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും അനുസരിച്ച് ശവം ഭക്ഷിച്ചാലാണ് ശിര്‍കാവുക എന്ന് തനി മരത്തലയന്മാര്‍ മാത്രമേ വാദിക്കുകയുള്ളൂ.'' (തൌഹീദ് ഒരു സമഗ്ര വിശകലനം, പേ. 58) ചുരുക്കത്തില്‍, അഭൌതികതയോ പ്രാര്‍ഥനാഭാവമോ ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്, ഹഖ്ഖുത്തശ്രീഅ്) അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള അനുസരണയും വിധേയത്വവും ഇബാദത് തന്നെയാണെന്ന കാര്യത്തില്‍ ഏറക്കുറേ ഉല്‍പതിഷ്ണു പണ്ഡിതന്മാരെല്ലാവരും യോജിക്കുന്നുണ്ട്. ചില പ്രശ്നങ്ങള്‍ ഇബാദതിനെ അതിന്റെ അനുസരണം, അടിമത്തം തുടങ്ങിയ അര്‍ഥങ്ങളിലും പരിഗണിക്കണം എന്നു വാദിക്കുന്നവരുടെ തെളിവുകളും ന്യായങ്ങളും നേരത്തെ ഉദ്ധരിച്ച ചര്‍ച്ചയില്‍ വന്നിട്ടുണ്ടല്ലോ. എന്നാല്‍ ഇബാദതിന് അനുസരണം എന്നര്‍ഥം കൊടുത്തുകൂടാ എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ചില പ്രശ്നങ്ങളുമുണ്ട്. 1. മനുഷ്യന്‍ അവന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും അനുസരിക്കേണ്ടതുണ്ട്. പ്രവാചകന്മാരെയും നേതാക്കളെയും അനുസരിക്കണമെന്ന് ഖുര്‍ആന്‍ തന്നെ കല്പിച്ചിട്ടുള്ളതാണ്. അനുസരണം ഇബാദതാണെന്ന് വന്നാല്‍ അല്ലാഹുവിനെക്കൂടാതെ ഇപ്പറഞ്ഞവര്‍ക്കൊക്കെ ഇബാദതു ചെയ്യണമെന്നല്ലേ വന്നുകൂടുക? ഇബാദത് എന്നതിന് ഇത്വാഅത് (അനുസരണം) എന്നുകൂടി അര്‍ഥമുണ്ടെന്നാണ് പറയുന്നത്. ഇബാദത് എന്ന് പ്രയോഗിക്കപ്പെടുന്നേടത്തെല്ലാം ഇത്വാഅത് എന്ന് അര്‍ഥമുണ്ടെന്നോ ഇത്വാഅത് എന്ന് പ്രയോഗിക്കുന്നേടത്തെല്ലാം ഇബാദത് എന്നാണ് വിവക്ഷയെന്നോ പറയുന്നില്ല. ആരാധനയും അനുസരണവും പര്യായ പദങ്ങളല്ല. പരമവും ആത്യന്തികവുമായ അനുസരണം ഇബാദതില്‍ പെടുന്നു. അത് അല്ലാഹുവിനേ പാടുള്ളൂ. പ്രവാചകനെയും കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുന്നത്, അവരെ അനുസരിച്ചുകൊള്ളണമെന്ന് അല്ലാഹു ആജ്ഞാപിച്ചതുകൊണ്ടാണ്. അതിനാല്‍, ആ അനുസരണം അല്ലാഹുവോടുള്ള അനുസരണത്തിന് വിധേയമാണ്. ആത്യന്തിക വിശകലനത്തില്‍ അത് അല്ലാഹുവിനുള്ള അനുസരണം തന്നെയാണ്. ശൈഖ് റശീദ് രിദാ ഈ ആശയം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: "അല്ലാഹുവിന്റെ അനുമതിപ്രകാരം അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (ഖു. 4: 64). "അല്ലാഹുവിന്റെ അനുമതി പ്രകാരം'' എന്ന് പ്രത്യേകം പറഞ്ഞത്, യഥാര്‍ഥത്തില്‍ അനുസരണം അല്ലാഹുവിനായതുകൊണ്ടാണ്. ഖുര്‍ആന്റെ സൂക്ഷ്മമായ പദപ്രയോഗങ്ങളില്‍ പെട്ടതാണ് ഈ ഉപാധി. പ്രവാചകനോടുള്ള അനുസരണം, ഒരു ഉപാധിയും നിബന്ധനയുമില്ലാതെ വ്യക്തിയെന്ന നിലയ്ക്കുള്ളതാണ് എന്ന് വിചാരിക്കുന്നവരെ തിരുത്തുകയാണിവിടെ. അല്ലാഹു പറയുന്നു: സാക്ഷാല്‍ അനുസരണം ജനങ്ങളുടെ നാഥനും സൃഷ്ടികര്‍ത്താവുമായ അല്ലാഹുവിന് മാത്രമാണ്. അവന്റെ പ്രവാചകന്മാരെയും അനുസരിക്കണമെന്നവന്‍ കല്പിച്ചു. അവരോടുള്ള അനുസരണം അവന്റെ അനുമതിയോടും അവന്‍ നിര്‍ബന്ധമാക്കിയതുകൊണ്ടുമാണ് നിര്‍ബന്ധമായിത്തീരുന്നത്.(തഫ്സീറുല്‍ മനാര്‍ 3/232) 2. ദേഹേഛ, പിശാച്, ത്വാഗൂത് തുടങ്ങിയവയ്ക്ക് 'ഇബാദത്' ചെയ്യരുത് എന്നു പറയുമ്പോള്‍ 'അനുസരണ'മാണ് വിവക്ഷയെങ്കില്‍ അവയെ അനുസരിച്ചാല്‍ അത് ശിര്‍കാകേണ്ടതല്ലേ? യഥാര്‍ഥത്തില്‍ അത്തരം എല്ലാ അനുസരണങ്ങളും ശിര്‍ക് അല്ലല്ലോ. അക്കൂട്ടത്തില്‍ സാധാരണ തെറ്റുകളും (മഅ്സ്വിയഃ) അനഭിലഷണീയമായ കാര്യങ്ങളും (കറാഹത്) ഉള്‍പ്പെടുമല്ലോ. മറുപടി: ത്വാഅത് (അനുസരണം) എന്ന അര്‍ഥത്തിലോ ഉബൂദിയ്യത് (അടിമത്തം) എന്ന അര്‍ഥത്തിലോ ഇ*ബാദത് എന്ന പദം പ്രയോഗിക്കുമ്പോള്‍, ചെയ്യപ്പെടുന്ന കാര്യത്തിന്റെ സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസവുമാണ് അത് ശിര്‍കാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്, ഹഖ്ഖുത്തശ്രീഅ്) ദേഹേഛയ്ക്കോ പിശാചിനോ ഭരണാധികാരികള്‍ക്കോ പണ്ഡിത പുരോഹിതന്മാര്‍ക്കോ വകവെച്ചുകൊണ്ടുള്ള അനുസരണം ശിര്‍കുതന്നെ. ഇത് നബിതിരുമേനി അദിയ്യുബ്നു ഹാതിമിന് വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പണ്ഡിത-പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ജൂത-ക്രൈസ്തവരെക്കുറിച്ചാക്ഷേപിച്ചപ്പോള്‍, ഞങ്ങളങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് അദിയ്യ് പറഞ്ഞു. അവര്‍ അനുവദിക്കുന്നതും നിരോധിക്കുന്നതും നിങ്ങള്‍ അപ്പടി സ്വീകരിക്കുന്നില്ലേ എന്ന് നബിതിരുമേനി തിരിച്ചുചോദിക്കുകയും അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശദീകരിക്കുകയും ചെയ്തു. ഇമാം ഇബ്നുതൈമിയ്യഃ പറയുന്നു: "അവര്‍ അല്ലാഹു നിഷിദ്ധമാക്കിയത് ഹലാലാക്കുകയും ഹലാലാക്കിയത് ഹറാമാക്കുകയും ചെയ്തപ്പോള്‍ അനുസരിക്കുകവഴി പണ്ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കി. ഇക്കൂട്ടര്‍ രണ്ടുതരക്കാരാണ്: 1. അവര്‍ അല്ലാഹുവിന്റെ ദീനിനെ മാറ്റിമറിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ അതിനെ അംഗീകരിക്കുകയു#ം, അല്ലാഹു ഹറാമാക്കിയതിനെ ഹലാലെന്നും ഹലാലാക്കിയത് ഹറാമെന്നും വിശ്വസിക്കുകയും, പ്രവാചകന്മാര്‍ക്കെതിരാണെന്നറിഞ്ഞുകൊണ്ടുതന്നെ നേതാക്കളെ പിന്‍പറ്റുകയും ചെയ്യുന്നവര്‍. ഇത് കുഫ്റാണ്. ഇതിനെയാണ് അല്ലാഹുവും റസൂലും ശിര്‍ക് എന്ന് വിശേഷിപ്പിച്ചത്; അവര്‍ അവരോട് പ്രാര്‍ഥിക്കുകയോ അവര്‍ക്ക് സാഷ്ടാംഗം നമിക്കുകയോ ചെയ്യുന്നില്ലെങ്കിലും. അതിനാല്‍ ദീനിനെതിരായി മറ്റൊരാളെ പിന്‍പറ്റുന്നവന്‍- അത് ദീനിനെതിരാണെന്ന് അറിഞ്ഞുകൊണ്ടും അല്ലാഹുവും റസൂലും പറഞ്ഞതല്ല, അവര്‍ പറഞ്ഞതാണ് വേണ്ടതെന്ന് വിശ്വസിച്ചുകൊണ്ടുമാണെങ്കില്‍ ഇവരെപ്പോലെ അവരും മുശ്രികുകളായി. 2. ഹറാം-ഹലാലുകളെക്കുറിച്ചുള്ള വിശ്വാസം നിലനില്ക്കെത്തന്നെ അല്ലാഹുവിനെതിരില്‍ അവരെ അനുസരിക്കുന്നവര്‍: സാധാരണ മുസ്ലിം ചെയ്യുന്ന തെറ്റുകള്‍പോലെ- അവ തെറ്റുകളാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെയാണ് ചെയ്യുന്നത്. ഇക്കൂട്ടരുടെ വിധി കുറ്റവാളികളായ മറ്റുള്ളവരെപ്പോലെയായിരിക്കും.'' (കിതാബുല്‍ ഈമാന്‍ പേ. 70,71) കൂടാതെ ഇമാം റാസി എഴുതി: "അല്ലാഹു ഹറാമാക്കിയതില്‍ ഏതെങ്കിലുമൊരു കാര്യം ഹലാലാക്കുകയോ ഹലാലാക്കിയതില്‍ ഏതെങ്കിലുമൊന്ന് ഹറാമാക്കുകയോ ചെയ്യുന്നവന്‍ 'ശിര്‍ക്' ചെയ്യുന്നവനാണെന്നതിന് ഇത് പ്രമാണമാണ്. അവന്ന് മുശ്രിക് എന്ന് പറയാന്‍ കാരണം അല്ലാഹു അല്ലാത്ത വിധികര്‍ത്താവിനെ അംഗീകരിച്ചു എന്നതാണ്. ഇതുതന്നെയാണ് ശിര്‍ക്.'' (തഫ്സീറുര്‍റാസി 4/134) ഇബ്നു തൈമിയ്യഃ തന്റെ ഫതാവയില്‍ പറയുന്നു: "വളരെയേറെ കര്‍മശാസ്ത്രകാരന്മാരും രാജസൈന്യങ്ങളും ന്യായാധിപന്മാരുടെ അനുയായികളും അവരെ പിന്‍പറ്റുന്ന സാധാരണക്കാരും അനുസരണ ശിര്‍ക് ചെയ്യുന്നവരാണ്. ഇത്തരം വ്യതിചലിച്ചവരില്‍ പെട്ടവര്‍ തന്റെ നേതാവ് നിര്‍ബന്ധമാക്കിയത് നിര്‍ബന്ധവും ഹറാമാക്കിയത് ഹറാമും ഹലാലാക്കിയത് ഹലാലുമായി നിശ്ചയിക്കുന്നു. ദീന്‍ എന്നാല്‍ ലൌകിക കാര്യത്തിലോ ആത്മീയ കാര്യത്തിലോ രണ്ടിലും കൂടിയോ അവര്‍ നിയമമാക്കിയതാണെന്നു വെക്കുന്നു. പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരധികാരവും കൂടാതെ അവനോടുള്ള അനുസരണത്തില്‍ ശിര്‍കു ചെയ്തു എന്ന് ഭയപ്പെടുന്നുമില്ല. അല്ലാഹു അനുസരിക്കണമെന്ന് കല്പിച്ച പ്രവാചകന്‍, ഭരണാധികാരി, പണ്ഡിതന്‍, പിതാവ്, ഗുരുനാഥന്‍ തുടങ്ങിയവര്‍ ഇതില്‍നിന്നൊഴിവാണ്.'' (ഇബ്നുതൈമിയ്യഃ- ഫതാവാ 1/97,98) രണ്ടാമത്തെ വീക്ഷണം ഇബാദതിന് നല്കപ്പെടുന്ന മറ്റൊരു നിര്‍വചനം ഇപ്രകാരമാണ്: "ഇലാഹാണെന്ന് വിശ്വസിച്ചുകൊണ്ടും ഉപകാര-ഉപദ്രവത്തിന്റെ സാക്ഷാല്‍ ഉടമയാണെന്ന് കണക്കിലെടുത്തുകൊണ്ടും ചെയ്യുന്ന താഴ്മ ഇബാദതും ആരാധനയും ആകുന്നതും ഇലാഹല്ലെന്ന് വിശ്വസിച്ചുകൊണ്ടും സാക്ഷാല്‍ ഉടമസ്ഥനല്ലെന്ന് കണക്കിലെടുത്തുകൊണ്ടുമുള്ള ഭക്തിയും ബഹുമാനവും ഇബാദതോ ആരാധനയോ പരമമായ താഴ്മയോ ആവില്ല.''(നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ല്യാര്‍- തൌഹീദ് ഒരു സമഗ്രപഠനം, പേ. 51) "മുശ്രികുകള്‍ സങ്കല്പിക്കുന്നതുപോലെ പല ഇലാഹുകള്‍ ഉണ്ടാവുകയാണെങ്കില്‍ പ്രാപഞ്ചിക വ്യവസ്ഥിതി ആകെ അവതാളത്തിലാവുകയും ഇവിടെ ഒന്നും നടക്കാത്ത ഒരു സ്തംഭനാവസ്ഥ ഉണ്ടാവുകയുമായിരിക്കും ഫലം. സ്വയം കഴിവുള്ള ഇലാഹുകളാവുമ്പോഴാണല്ലോ ഇങ്ങനെയുള്ള ഒരു സ്ഥിതി സംജാതമാവുക. ഒരു ദൈവത്തിന് കഴിവ് നല്കിയത് മറ്റൊരു ദൈവമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആ കഴിവ് ഇല്ലാതാക്കാന്‍ അവന്ന് കഴിയുമെങ്കിലും ഇവിടെ നാശവും സ്തംഭനാവസ്ഥയും ഉണ്ടാവുകയില്ലെന്ന് വളരെ വ്യക്തമാണ്.'' (തൌഹീദ് ഒരു സമഗ്രപഠനം, പേ. 52) "സുന്നികളുടെ വിശ്വാസപ്രകാരം മലകുകളും അമ്പിയാക്കളും മറ്റും അല്ലാഹുവിനെ കടന്നാക്രമിക്കുമെന്ന് സങ്കല്പിക്കാന്‍ സാധ്യമല്ല. കാരണം, അവര്‍ ചെയ്യുന്നതെല്ലാം അല്ലാഹു അവര്‍ക്ക് നല്കുന്ന കഴിവുകൊണ്ടാണെന്നും എപ്പോള്‍ വേണമെങ്കിലും അതില്ലാതാക്കാന്‍ കഴിയുമെന്നുമാണ് സുന്നികളുടെ വിശ്വാസം.'' (തൌഹീദ്.... പേ. 53) യാഥാസ്ഥിതിക സുന്നീ പക്ഷക്കാരാണ് ഈ വീക്ഷണത്തിന്റെ വക്താക്കള്‍. അമ്പിയാക്കളില്‍നിന്നും ഔലിയാക്കളില്‍നിന്നും ഗുണം ആഗ്രഹിച്ചുകൊണ്ട് അവരെ സമീപിക്കുന്നതും അവര്‍ ഇലാഹുകളല്ലെന്നും അല്ലാഹു ഇഷ്ടപ്പെടുന്ന സജ്ജനങ്ങളായ അല്ലാഹുവിന്റെ ദാസന്മാരാണെന്ന വിശ്വാസത്തോടെ അവരെ ബഹുമാനിക്കുന്നതും അവരോട് തബര്‍റുകാത്തുകള്‍ ആവശ്യപ്പെടുന്നതും അസാധാരണ മാര്‍ഗത്തില്‍കൂടി രോഗം മാറ്റുന്നത് പോലുള്ള കാര്യങ്ങള്‍ അവരില്‍നിന്ന് തേടലും അതിന്റെ പേരില്‍ അവരെ ബഹുമാനിക്കുന്നതും ജീവിതകാലത്തായാലും മരണശേഷമായാലും അതവര്‍ക്കുള്ള ആരാധന ആവുകയില്ലെന്ന് മേല്‍വിവരണത്തില്‍നിന്ന് വ്യക്തമാകുന്നതാണ്.(തൌഹീദ് ഒരു സമഗ്ര പഠനം, പേ. 58) ചുരുക്കത്തില്‍, 'ഇലാഹാണെന്ന് വിശ്വസിച്ചുകൊണ്ടുള്ള താഴ്മയും ആരാധനയുമാണ് ഇബാദതാകുക'. ഇലാഹാണെന്ന വിശ്വാസമില്ലെങ്കില്‍ അതൊന്നും ഇബാദതാകുകയില്ല എന്നാണ് ഗ്രന്ഥകാരന്റെ വാദം. അതുകൊണ്ടുതന്നെ ഇസ്തിഗാഥഃയോ നേര്‍ച്ചയോ വഴിപാടോ ശപഥമോ സഹായാഭ്യര്‍ഥനയോ എന്തും അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്യുന്നതിന് വിരോധമില്ല; അവര്‍ ദൈവങ്ങളാണെന്ന വിശ്വാസമില്ലെങ്കില്‍. അവര്‍ ദൈവങ്ങളാണെന്ന വിശ്വാസത്തോടെ ഇത്തരം കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴേ ഇബാദതിന്റെയും ശിര്‍കിന്റെയും പ്രശ്നം ഉദ്ഭവിക്കുന്നുള്ളൂ. ഈ വാദത്തെ സലഫികളും ഇസ്ലാമിക പ്രസ്ഥാനങ്ങളും ഒരുപോലെ നിരാകരിക്കുന്നു. അവര്‍ നല്കുന്ന മറുപടി ഇങ്ങനെ സംഗ്രഹിക്കാം: ഖുര്‍ആനില്‍നിന്നും സുന്നതില്‍നിന്നും പൂര്‍വികരും ആധുനികരുമായ ഇസ്ലാമിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന തൌഹീദിന് തികച്ചും വിരുദ്ധമായ വീക്ഷണമാണിത്. ഇതുപ്രകാരം കൊടിയ വിഗ്രഹാരാധകരോ മക്കഃമുശ്രികുകളോ ചെയ്യുന്ന പരദൈവപൂജകള്‍പോലും ശിര്‍കാവുകയില്ല. മക്കഃയിലെ മുശ്രികുകള്‍ ഒരു പരമേശ്വരനില്‍ വിശ്വസിച്ചിരുന്നുവെന്നും സ്വന്തമായ കഴിവില്ലാത്ത കേവലം ശുപാര്‍ശകരായിട്ടാണ് ഇതര ആരാധ്യവസ്തുക്കളെ കരുതിയിരുന്നതെന്നും ഖുര്‍ആന്‍തന്നെ വ്യക്തമാക്കിയതാണ്. "ആകാശങ്ങളെയും ഭൂമിയെയും ആര് സൃഷ്ടിച്ചുവെന്നും സൂര്യനെയും ചന്ദ്രനെയും ആര്‍ കീഴ്പ്പെടുത്തിത്തന്നുവെന്നും നീ അവരോട് ചോദിച്ചാല്‍ അത് അല്ലാഹുവാണെന്ന് അവര്‍ സമ്മതിക്കും.''(29: 61) ആകാശത്തുനിന്ന് ആര്‍ മഴ വര്‍ഷിപ്പിച്ചുവെന്നും തന്മൂലം ഭൂമിയെ ആര്‍ അതിന്റെ മൃതിക്ക് ശേഷം പുനര്‍ജീവിപ്പിച്ചുവെന്നും നീ അവരോട് ചോദിച്ചാല്‍ അത് അല്ലാഹുവാണെന്ന് അവര്‍ സമ്മതിക്കും(29: 63). പിന്നീട് എന്തിനാണ് അല്ലാഹുവെ വിട്ട് മറ്റുള്ളവരെ ഇബാദത് ചെയ്യുന്നത് എന്ന ചോദ്യത്തിന് അവരുടെ മറുപടി, ഇവര്‍ അല്ലാഹുവിന്റെ സമീപം ഞങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാനുള്ളവരാണ്(10: 18) എന്നോ അല്ലാഹുവിലേക്ക് ഞങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങളവരെ ഇബാദത് ചെയ്യുന്നത് (39: 3) എന്നോ ആയിരിക്കും. യാഥാസ്ഥിതികരുടെ പ്രതിനിധിയായ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാരുടെ വാദപ്രകാരം ഇതൊന്നും തൌഹീദിന് വിരുദ്ധമോ ശിര്‍കോ അല്ലെന്ന് വരും. അപ്പോള്‍ ഈ ജനതയെ ഇസ്ലാം മുശ്രികുകളായി പ്രഖ്യാപിച്ചതും അവര്‍ക്കെതിരെ മുഹമ്മദ് നബി പോരാടിയതും എന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ഇതേ വാദത്തെ മുന്‍നിര്‍ത്തി വിഗ്രഹാരാധന പോലും തൌഹീദിന് വിരുദ്ധമല്ലെന്നു പറയേണ്ടിവരും. ഇക്കാലത്തെ വിഗ്രഹാരാധകരിലധികവും, വിഗ്രഹങ്ങള്‍ പ്രതീകങ്ങള്‍ മാത്രമാണെന്നും സാക്ഷാല്‍ ദൈവമല്ലെന്നുമാണല്ലോ പറയാറുള്ളത്. ദൈവമാണെന്ന സങ്കല്പമില്ലെങ്കില്‍ ശിര്‍കാവുകയില്ല എന്ന വാദത്തെ ഗുരുവായൂരിലും ശബരിമലയിലും കാശിയിലുമൊക്കെ പോയി ഫലസിദ്ധി തേടുന്നതിനും പ്രസാദം വാങ്ങുന്നതിനും അനുകൂലമായി വ്യാഖ്യാനിക്കാവുന്നതാണ്. വേദക്കാര്‍ അവരുടെ പണ്ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ആരോപിച്ചത് പുരോഹിതന്മാര്‍ അനുവദനീയമാക്കുന്നതും നിഷിദ്ധമാക്കുന്നതും വേദക്കാര്‍ അപ്പടി അനുസരിക്കുന്നു എന്ന അടിസ്ഥാനത്തിലാണെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ആ നിയമനിര്‍മാണാധികാരം അവര്‍ക്ക് വകവെച്ചു കൊടുത്തതിനെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശേഷിപ്പിച്ചത്. അല്ലായെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് ദിവ്യത്വം കല്പിക്കുന്നു എന്നും ദിവ്യത്വം കല്പിച്ചുകൊണ്ടുള്ള ആരാധന ഇബാദതാണ് എന്നുമാണല്ലോ പറയേണ്ടിയിരുന്നത്. അതുപോലെ, ആരാധന മാത്രമാണ് ഇബാദതെങ്കില്‍, നബിതിരുമേനിയുടെ പ്രതികരണം, നിങ്ങളവരെ ആരാധിക്കുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല, ആരാധിക്കുന്നുണ്ട് എന്നുമായിരിക്കും. 'സ്വന്തം ദേഹേഛയെ ഇലാഹാക്കിയവന്‍' എന്ന ഖുര്‍ആനിക പ്രയോഗവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഇഛയ്ക്ക് ദിവ്യത്വം കല്പിക്കുന്നവരും താന്‍ ദൈവമാണെന്ന് വാദിക്കുന്നവരും അപൂര്‍വമാണല്ലോ. അല്ലാഹുവിന്നെതിരില്‍ സ്വന്തം ഇഛകളെ പിന്തുടരുകയും തന്നോട് കല്പിക്കാന്‍ മറ്റൊരു ശക്തിയുമില്ലെന്ന് ധരിക്കുകയും ചെയ്യുന്നവരാണ് അതിന്റെ വിവക്ഷയെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവേ അംഗീകരിച്ചിട്ടുണ്ട്. 'ദൈവ'മെന്ന സങ്കല്പത്തോടെ തന്നിഷ്ടം പ്രവര്‍ത്തിച്ചാലേ ദേഹേഛയ്ക്കുള്ള ഇബാദതാകൂ എന്ന് അവരാരും പറയുന്നില്ല. അത് ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതുമല്ല. 'പിശാചിന് ഇബാദത് ചെയ്യരുതെ'ന്ന് ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറഞ്ഞേടത്തെല്ലാം പിശാചിന് വിധേയത്വവും അനുസരണയും കാണിക്കരുതെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചത്. കാരണം, പിശാച് എന്നും ശപിക്കപ്പെട്ട ദുശ്ശക്തിയാണ്. അവനെ ദൈവമായി കാണുന്ന പ്രശ്നമില്ല. യാഥാസ്ഥിതിക സങ്കല്പപ്രകാരം പിശാചിനെ ദൈവമായി സങ്കല്പിക്കുന്നുവെങ്കിലേ കുഴപ്പമുള്ളൂ. മാത്രമല്ല, പ്രസ്തുത സങ്കല്പത്തോടെ പിശാചിനെ ആരാധിക്കുക തന്നെ വേണം. അനുസരിച്ചാല്‍ പോരാ. സമ്പൂര്‍ണമായ വിധേയത്വമാണ് അല്ലാഹു മനുഷ്യരില്‍നിന്നാവശ്യപ്പെടുന്ന ഇബാദത്. ആരാധനയും നിരുപാധികമായ അനുസരണയും അടിമത്തവുമെല്ലാം അതിന്റെ ഭാവങ്ങളും രീതികളുമാണ്. അതില്‍ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കല്‍ ഇ*ബാദതില്‍ അതിനെ അല്ലാഹുവിന്റെ പങ്കാളിയാക്കലാകും. അങ്ങനെ ശിര്‍കാകും എന്ന സിദ്ധാന്തമാണ് പൂര്‍വിക ഇസ്ലാമിക പണ്ഡിതന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളും അംഗീകരിച്ചിട്ടുള്ളത്. === ഗ്രന്ഥസൂചി: ഇബ്നുജരീര്‍- ജാമിഉല്‍ ബയാന്‍ അന്‍ തഅ്്വീലിആയില്‍ ഖുര്‍ആന്‍ 25/91; റാസി- അത്തഫ്സീറുല്‍ കബീര്‍ 1/37; 3/217; 4/134; ഖുര്‍ത്വുബി- അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 2/27; സമഖ്ശരി- അല്‍കശ്ശാഫ് 2/149; 3/98, 111, 260; ബൈദാവി- അന്‍വാറുത്തന്‍സീല്‍ വ അസ്റാറുത്തഅ്വീല്‍ 1/33; നസഫി- മദാരികുത്തന്‍സീലി വഹഖാഇഖുത്തഅ്്വീല്‍; അബുസ്സുഊദ്- ഇര്‍ശാദുല്‍ അഖ്ലിസ്സലീമി ഇലാ മസായല്‍ ഖുര്‍ആനില്‍ കരീം 1/27; മുഹമ്മദ് റശീദ് രിദാ- തഫ്സീറുല്‍ മനാര്‍ വാ. 1; ഫൈറൂസാബാദി- അല്‍ഖാമൂസുല്‍ മുഹീത്വ്; ഇബ്നുമന്‍ളൂര്‍- ലിസാനുല്‍ അറബ്; ജൌഹരി- അസ്സ്വിഹാഹ്; ഇബ്നുസീദ- അല്‍മുഖസ്സ്വസ്വ്; നവവി- ശര്‍ഹു മുസ്ലിം 7/92; ഗസ്സാലി -ഇഹ്യാഉ ഉലൂമിദ്ദീന്‍ 4/272; ഇബ്നുതൈമിയ്യഃ- അല്‍ഈമാന്‍ പേ. 70, 71; ഇബ്നുതൈമിയ്യഃ- മജ്മൂഉ ഫതാവാ ശൈഖില്‍ ഇസ്ലാം ഇബ്നിതൈമിയ്യഃ 1/97, 98; ഇബ്നുതൈമിയ്യഃ- അല്‍ഉബൂദിയ്യത്, പേ. 3-4; മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബ്- മജ്മൂഅതുത്തൌഹീദ്; ഡോ. യൂസുഫുല്‍ ഖറദാവി- അല്‍ഇബാദതു ഫില്‍ഇസ്ലാം പേ. 30; അബുല്‍അഅ്ലാ മൌദൂദി (വിവ. ടി.കെ. ഉബൈദ്)- ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍ പേ. 18, 23, 24, 91, 92, 93; കെ.എം. മൌലവി- അദ്ദുആഉ വല്‍ഇബാദതു പേ. 25; കെ.പി. മുഹമ്മദ് മൌലവി- ഇബാദതും ഇത്വാഅതും; എ. അബ്ദുസ്സലാം സുല്ലമി എടവണ്ണ- തൌഹീദ് ഒരു സമഗ്ര വിശകലനം- പേ. 58; നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ല്യാര്‍- തൌഹീദ് ഒരു സമഗ്ര പഠനം പേ. 51, 52, 53, 58; ജംഇയ്യതുല്‍ മുജാഹിദീന്‍ സോവനീര്‍ പേ. 145; സിന്ദഗി(ഉര്‍ദു മാസിക); ശൂരനാട്ടു കുഞ്ഞന്‍ പിള്ള(എഡി.)-മലയാള മഹാനിഘണ്ടു 2/167, 168.
ചോദ്യങ്ങള്‍- ലോകമെങ്ങുമുള്ള മുസ്ലിംകള്‍ ഭീകരവാദികളും തീവ്രവാദികളുമാകാന്‍ കാരണം ഇസ്ലാമല്ലേ? A- അല്പം വിശദീകരണമര്‍ഹിക്കുന്ന ചോദ്യമാണിത്. 1492 മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ വര്‍ഷമായിരുന്നു. നീണ്ട നിരവധി നൂറ്റാണ്ടുകാലം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കലാ,സാഹിത്യ, സാംസ്കാരിക, നാഗരിക, വൈജ്ഞാനിക മേഖലകളിലും ലോകത്തിന് നേതൃത്വം നല്‍കിപ്പോന്ന മുസ്ലിം സ്പെയിനിലെ അവസാനത്തെ ഭരണാധികാരി അബൂ അബ്ദുല്ലയായിരുന്നു. ഗ്രാനഡെ നഗരം മാത്രമേ അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്നുള്ളൂ. 1492 ജനുവരി അവസാനത്തോടെയാണ് അയാളെ പുറംതള്ളി സ്പാനിഷുകാര്‍ അവിടെ ആധിപത്യമുറപ്പിച്ചത്. സ്പെയിനിന്റെ പതനം പൂര്‍ത്തിയായ അതേ വര്‍ഷമാണ് സാമ്രാജ്യത്വാധിനിവേശം ആരംഭിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയമത്രെ. 1492-ലാണല്ലോ കൊളംബസ് തന്റെ 'കണ്ടെത്തല്‍' യാത്രക്ക് തുടക്കം കുറിച്ചത്. അതേവര്‍ഷം ഒക്ടോബര്‍ 12-ന് അയാള്‍ ഗ്വാനാഹാനി ദ്വീപിലെത്തി. ആയുധങ്ങളുമായി കപ്പലിറങ്ങിയ കൊളംബസും കൂട്ടുകാരും, അതുമുതല്‍ ആ നാട് സ്പാനിഷ് രാജാവിന്റെതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. തദ്ദേശീയരെ അവര്‍ക്കറിയാത്ത സ്പാനിഷ് ഭാഷയിലുള്ള ഉത്തരവ് വായിച്ചുകേള്‍പ്പിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഇങ്ങനെ വിശദീകരിച്ചു: "ഞാന്‍ ഉറപ്പിച്ചു പറയുന്നു, ദൈവസഹായത്താല്‍ ഞങ്ങള്‍ നിങ്ങളുടെ രാജ്യത്ത് ബലമായി പ്രവേശിക്കും. നിങ്ങളോട് ആവുംവിധം യുദ്ധം ചെയ്യും. നിങ്ങളെ ക്രിസ്ത്യന്‍ പള്ളിക്കും തമ്പ്രാക്കന്മാര്‍ക്കും കീഴ്പെടുത്തും. നിങ്ങളെയും ഭാര്യമാരെയും കുട്ടികളെയുമെല്ലാം പിടികൂടി അടിമകളാക്കും. നിങ്ങളുടെ സാമാനങ്ങള്‍ പിടിച്ചടക്കും. ഞങ്ങളാലാവുന്ന എല്ലാ ദ്രോഹവും നാശവും നിങ്ങള്‍ക്ക് വരുത്തും''((David E Stannard, American Holocaust, The conquest of the New World, OUP 1993, P 66) ( ഉദ്ധരണം: പരാന്നഭോജികള്‍: പാശ്ചാത്യവല്‍ക്കരണത്തിന്റെ അഞ്ഞൂറു വര്‍ഷം, ഐ.പി.എച്ച്, പുറം 17) ഇതോടെയാണ് യൂറോപ്പിന്റെ അധിനിവേശം ആരംഭിച്ചത്. മുസ്ലിം സ്പെയിന്‍ തകര്‍ന്ന് കൃത്യം ആറുവര്‍ഷം കഴിഞ്ഞ് 1498-ലാണല്ലോ വാസ്കോഡഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയത്. 1492-ല്‍ അമേരിക്കയില്‍ ഏഴരകോടിക്കും പത്തുകോടിക്കുമിടയില്‍ ആദിവാസികളുണ്ടായിരുന്നു. യൂറോപ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഒന്നര നൂറ്റാണ്ടുകൊണ്ട് അവരില്‍ 90 ശതമാനവും സ്വന്തം മണ്ണില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ക്രൂരമായ കൂട്ടക്കൊലകളിലൂടെ തദ്ദേശീയരെ നശിപ്പിച്ചശേഷം 1776-ലെ 'സ്വാതന്ത്യ്രപ്രഖ്യാപനത്തോടെ' യൂറോപ്യര്‍ അമേരിക്ക അധീനപ്പെടുത്തുകയായിരുന്നു. തീര്‍ത്തും അനീതിയിലും അതിക്രമത്തിലും അധിഷ്ഠിതമായ ഈ പ്രഖ്യാപനത്തിലൂടെയാണ് ഇന്നത്തെ അമേരിക്ക സ്ഥാപിതമായത്. 1527-ല്‍ പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ പിടിച്ചടക്കി. തൊട്ടുടനെ ഒമാനും കീഴ്പ്പെടുത്തി. എങ്കിലും ഉസ്മാനികള്‍ ആ നാടുകള്‍ തിരിച്ചുപിടിച്ചു. പിന്നീട് 1798-1801 കാലത്ത് നെപ്പോളിയന്റെ ഫ്രഞ്ച് സേന ഈജിപ്തിലെ അലക്സാണ്ട്രിയ, അക്കാ നഗരങ്ങള്‍ അധീനപ്പെടുത്തി. പിന്നിട്ട രണ്ട് നൂറ്റാണ്ടുകള്‍ അറബ് -മുസ്ലിം നാടുകള്‍ ഇതര ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെത്തന്നെ പാശ്ചാത്യാധിനിവേശത്തിന്റേതായിരുന്നു. ഫ്രാന്‍സ് 1830-ല്‍ അള്‍ജീരിയയും 1859-ല്‍ ജിബൂട്ടിയും 1881-ല്‍ തുനീഷ്യയും 1919-ല്‍ മൌറിത്താനിയയും അധീനപ്പെടുത്തി. ഇറ്റലി 1859-ല്‍ സോമാലിയയും 1911-ല്‍ ലിബിയയും 1880-ല്‍ ഐരിത്രിയയും കീഴ്പ്പെടുത്തി. ബ്രിട്ടന്‍ 1800-ല്‍ മസ്കത്തും 1820-ല്‍ ഒമാന്റെ ബാക്കി ഭാഗവും 1839-ല്‍ ഏതനും 1863-ല്‍ ബഹ്റൈനും 1878-ല്‍ സൈപ്രസും 1882-ല്‍ ഈജിപ്തും 1898-ല്‍ സുഡാനും 1899-ല്‍ കുവൈതും പിടിച്ചടക്കി. 1916-ല്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ സൈക്സ്-പിക്കോട്ട് രഹസ്യ കരാറനുസരിച്ച് ഉസ്മാനിയാ ഖലീഫയുടെ കീഴിലുണ്ടായിരുന്ന അറബ് പ്രവിശ്യകള്‍ ബ്രിട്ടനും ഫ്രാന്‍സും പങ്കിട്ടെടുത്തു. അങ്ങനെ ഇറാഖും ജോര്‍ദാനും ഫലസ്തീനും ഖത്തറും ബ്രിട്ടന്റെയും സിറിയയും ലബനാനും ഫ്രാന്‍സിന്റെയും പിടിയിലമര്‍ന്നു. മൊറോക്കോ സ്പെയിനിന്റെയും ഇന്തോനേഷ്യ ഡച്ചുകാരുടെയും കോളനികളായി. ഇന്ത്യയും അഫ്ഗാനിസ്ഥാനുമെല്ലാം സാമ്രാജ്യശക്തികളുടെ പിടിയിലമര്‍ന്നപോലെത്തന്നെ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിട്ടതോടെ പടിഞ്ഞാറിന്റെ കോളനികളിലെല്ലാം സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. തദ്ഫലമായി 1932-ല്‍ ഇറാഖും '46-ല്‍ സിറിയയും ലബനാനും '51-ല്‍ ലിബിയയും ഒമാനും '52-ല്‍ ഈജിപ്തും '56-ല്‍ മൊറോക്കോയും സുഡാനും തുനീഷ്യയും '58-ല്‍ ജോര്‍ദാനും '59-ല്‍ മൌറിത്താനിയയും '60-ല്‍ സോമാലിയയും '61-ല്‍ കുവൈത്തും '62-ല്‍ അള്‍ജീരിയയും '68-ല്‍ യമനും '71-ല്‍ ഖത്തറും ബഹ്റൈനും അറബ് എമിറേറ്റ്സും '77-ല്‍ ജിബൂട്ടിയും സ്വാതന്ത്യ്രം നേടി. എന്നാല്‍, സാമ്രാജ്യശക്തികള്‍ ഈ നാടുകളോട് വിടപറഞ്ഞത് അവിടങ്ങളിലടക്കം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏകാധിപതികളും സ്വേച്ഛാധികാരികളുമായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും സുല്‍ത്താന്മാരെയും പ്രതിഷ്ഠിച്ച ശേഷമായിരുന്നു. അതോടൊപ്പം ഈ നാടുകള്‍ക്കിടയിലെല്ലാം അപരിഹാര്യങ്ങളായ അതിര്‍ത്തിത്തര്‍ക്കങ്ങളും ഉണ്ടാക്കിവെച്ചു. യമനും സൌദി അറേബ്യയും തമ്മിലും ഇറാനും ഇറാഖും തമ്മിലും ഇറാഖും കുവൈത്തും തമ്മിലും ഇറാനും യു.എ.ഇയും തമ്മിലും ഇനിയും പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ നിലനില്‍ക്കാനുള്ള കാരണം സാമ്രാജ്യത്വശക്തികള്‍ ചെയ്തുവെച്ച കുതന്ത്രങ്ങളത്രെ. അറബ്-മുസ്ലിം നാടുകള്‍ ഒന്നിക്കുന്നതിന് ഈ അതിര്‍ത്തി തര്‍ക്കങ്ങള്‍ സ്ഥിരമായ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം പലപ്പോഴും കിടമല്‍സരത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. അമേരിക്കക്കും ഇതര മുതലാളിത്ത നാടുകള്‍ക്കും അവിടങ്ങളിലെ പെട്രോളും വാതകവും ഇതര അസംസ്കൃത പദാര്‍ഥങ്ങളും തട്ടിയെടുക്കാനും ആ നാടുകളെ തങ്ങളുടെ ആയുധക്കമ്പോളമാക്കി മാറ്റാനും ഇത് അവസരമൊരുക്കുന്നു. സാമ്രാജ്യശക്തികള്‍ തന്നെ സൃഷ്ടിച്ച തര്‍ക്കത്തിന്റെ പേരിലാണല്ലോ ഇറാഖും കുവൈത്തും തമ്മിലേറ്റുമുട്ടിയത്. ഇത് അമേരിക്കക്ക് മേഖലയില്‍ ഇടപെടാന്‍ അവസരമൊരുക്കി. അതുതന്നെയായിരുന്നുവല്ലോ അവരുടെ ലക്ഷ്യം. അറബ്-മുസ്ലിം നാടുകള്‍ സ്വാതന്ത്യ്രം നേടിയശേഷവും അവിടങ്ങളിലെല്ലാം പടിഞ്ഞാറിന്റെ അദൃശ്യസാമ്രാജ്യത്വവും ചൂഷണവും നിയന്ത്രണവും ഇന്നോളം നിലനിന്നുപോന്നിട്ടുണ്ട്. ആ രാജ്യങ്ങള്‍ക്കൊന്നും തന്നെ സ്വന്തം നാടുകളിലെ വിഭവങ്ങള്‍ ഇഷ്ടാനുസൃതം വിനിയോഗിക്കാനോ നിയന്ത്രിക്കാനോ സാധിച്ചിട്ടില്ല. അവിടങ്ങളിലെ ഭരണാധികാരികള്‍ അറിഞ്ഞോ അറിയാതെയോ നിര്‍ബന്ധിതമായോ അല്ലാതെയോ പടിഞ്ഞാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുവരികയായിരുന്നു. ഇറാഖില്‍ ഇടപെടാന്‍ അവസരം ലഭിച്ചതോടെ അമേരിക്ക അറബ് നാടുകളുടെ മേലുള്ള പിടിമുറുക്കുകയും തങ്ങളുടെ പട്ടാളത്തെ തീറ്റിപ്പോറ്റുന്ന ചുമതലയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബാധ്യതയും ആ നാടുകളുടെ മേല്‍ വെച്ചുകെട്ടുകയും ചെയ്തു. ഇന്ന് എല്ലാ പ്രധാന അറബ് നാടുകളിലും അമേരിക്കക്ക് ആയുധശാലകളും സൈനികത്താവളങ്ങളുമുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതും ഈ സാമ്രാജ്യത്വ ചൂഷണത്തിന് അറുതിവരുത്തണമെന്ന് വാദിക്കുന്നതും കൊടിയ പാതകമായാണ് പാശ്ചാത്യസാമ്രാജ്യ ശക്തികള്‍ കണക്കാക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാനദശകം വരെ ലോകത്ത് ശാക്തികമായ സന്തുലിതത്വം നിലനിന്നിരുന്നു. എന്നാല്‍ സോഷ്യലിസ്റ് ചേരി ദുര്‍ബലമായി ചരിത്രത്തിന്റെ ഭാഗമായതോടെ ശീതസമരം അവസാനിച്ചു. ലോകം അമേരിക്കയുടെ നേതൃത്വത്തില്‍ ഏകധ്രുവമായി മാറി. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ചേരി വിജയിച്ചതോടെ ആ രാജ്യം ലോകപോലീസ് ചമയാന്‍ തുടങ്ങി. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെയെല്ലാം തീവ്രവാദികളും ഭീകരവാദികളുമായി മുദ്രകുത്തുകയും അവരെയൊക്കെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു. പാശ്ചാത്യ ചേരി കമ്യൂണിസ്റ് നാടുകളുടെ തകര്‍ച്ചയോടെ തങ്ങളുടെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചത് ഇസ്ലാമിനെയാണ്. അമേരിക്കയും അതിന്റെ നേതൃത്വത്തിലുള്ള നാറ്റോയും ഇക്കാര്യം സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ലോകമെങ്ങുമുള്ള ഇസ്ലാമിക നവോത്ഥാന ചലനങ്ങളെയും മുന്നേറ്റങ്ങളെയും അടിച്ചമര്‍ത്താനും നശിപ്പിക്കാനും അമേരിക്കയും കൂട്ടാളികളും ആവുന്നതൊക്കെ ചെയ്യുന്നു. അതിനായി ആടിനെ പട്ടിയാക്കും വിധമുള്ള പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നു. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ മതമൌലികവാദം, മതഭ്രാന്ത്, ഭീകരത, തീവ്രവാദം തുടങ്ങിയ പദങ്ങള്‍ നിരന്തരം നിര്‍ലോഭം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. 1993-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചു പുറത്തിറക്കിയ കേവലം 93 പുറങ്ങളുള്ള 'പുതിയ ലോക ഇസ്ലാമിസ്റുകള്‍' എന്ന ഔദ്യോഗിക രേഖയില്‍ 288 പ്രാവശ്യം ഭീകരത, ഭീകരര്‍ എന്നീ പദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. സയണിസ്റ് പ്രസ്ഥാനത്തോട് കൂറുപുലര്‍ത്തുന്ന ഫാന്‍ഫോറെയ്സ്റ്, യോസഫ് സോദാന്‍സ്കി എന്നിവരാണ് പ്രസ്തുത രേഖ തയ്യാറാക്കിയത്. യഥാര്‍ഥത്തില്‍ ആരാണ് ലോകത്ത് കൂട്ടക്കൊലകളും യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഒന്നാം ലോകയുദ്ധത്തില്‍ 80 ലക്ഷവും രണ്ടാം ലോകയുദ്ധത്തില്‍ അഞ്ചുകോടിയും വിയറ്റ്നാമില്‍ മുപ്പതു ലക്ഷവും കൊല്ലപ്പെട്ടു. പനാമയിലും ഗോട്ടിമലയിലും നിക്കരാഗ്വയിലും കമ്പൂച്ചിയയിലും കൊറിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം അനേകലക്ഷങ്ങള്‍ അറുകൊല ചെയ്യപ്പെടുകയുണ്ടായി. ഇതിലൊന്നും ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ ഒരു പങ്കുമില്ല. ജപ്പാന്‍ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായിട്ടും ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ച കൊടും ഭീകരനായ അമേരിക്കതന്നെയാണ് ഇന്നും ആ പേരിന്നര്‍ഹന്‍. തങ്ങളുടെ കുടില താല്‍പര്യങ്ങള്‍ക്കെതിരു നില്‍ക്കുന്ന എല്ലാ നാടുകളെയും സമൂഹങ്ങളെയും ആ രാജ്യം എതിര്‍ക്കുന്നു. സ്വന്തം വരുതിയില്‍ വരാത്ത നാടുകളിലെല്ലാം ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ചാരസംഘടനയായ സി.ഐ.എയെയും ഭീകരപ്രവര്‍ത്തകരായ സയണിസ്റുകളെയും അതിനായി ഉപയോഗിക്കുന്നു. ആഭ്യന്തര പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പോലും ലോകത്ത് യുദ്ധങ്ങളുണ്ടാക്കുന്നു. അമേരിക്കന്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മിസ്റര്‍ റോസ്പെറോ പറയുന്നു: "ആഭ്യന്തരസ്ഥിതി മോശമാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാനായി ഞങ്ങള്‍ ലോകത്ത് കൊച്ചുകൊച്ചു യുദ്ധങ്ങള്‍ സംഘടിപ്പിക്കുന്നു.'' ഇവ്വിധം കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അമേരിക്ക ലോകത്തിലെ അമ്പതിലേറെ രാജ്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെട്ട് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും കൂട്ടക്കൊലകള്‍ സംഘടിപ്പിക്കുകയുമുണ്ടായി. ഇത്തരമൊരു ഭീകരരാഷ്ട്രത്തിന്റെ പ്രചാരണമാണ് ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ വളര്‍ന്നുവരാനിടവരുത്തിയത്. എല്ലാ വിധ പ്രചാരണോപാധികളും കയ്യടക്കിവെക്കുന്ന അമേരിക്കയുടെ കുടിലതന്ത്രങ്ങള്‍ ലോകജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അനല്പമായ പങ്കുവഹിക്കുകയാണുണ്ടായത്. യഥാര്‍ഥത്തില്‍, ഇന്ന് ലോകത്തിലെ ഏറ്റവും കൊടിയ ഭീകരകൃത്യം നടത്തുന്നത് സമാധാനത്തിന്റെ സംരക്ഷകരായി അറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌണ്‍സിലാണ്. ഏതെങ്കിലും ഒരു രാജ്യത്തെ ഭരണാധികാരിയോടുള്ള ശത്രുതയുടെ പേരില്‍ ആ രാജ്യത്തിന്റെ യാത്രാവിമാനം തട്ടിക്കൊണ്ടുപോയി അതിലെ നാനൂറോ അഞ്ഞൂറോ ആളുകളെ ബന്ദികളാക്കിയാല്‍ നാമവരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും വിളിക്കും. തീര്‍ച്ചയായും അത് ശരിയുമാണ്. നിരപരാധരായ യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് ക്രൂരതയാണ്; മനുഷ്യവിരുദ്ധവും. അതുകൊണ്ടുതന്നെ മതവിരുദ്ധവുമാണ്. എന്നാല്‍ സദ്ദാം ഹുസൈന്‍ എന്ന ഒരു ഭരണാധികാരിയോടുള്ള വിരോധത്തിന്റെ പേരില്‍ ഇറാഖിലെ ഒന്നേകാല്‍ കോടി മനുഷ്യരെ കഴിഞ്ഞ പതിനൊന്നുവര്‍ഷം ആഹാരവും മരുന്നും കൊടുക്കാതെ ഐക്യരാഷ്ട്രസഭ ബന്ദികളാക്കുകയും ആറുലക്ഷം കുട്ടികളുള്‍പ്പെടെ പതിനൊന്നു ലക്ഷത്തെ കൊന്നൊടുക്കുകയും ചെയ്തു. ഇവ്വിധം ലോകത്തിലെ ഏറ്റം ക്രൂരനായ കൊലയാളിയും കൊടുംഭീകരനുമായി മാറിയ സെക്യൂരിറ്റി കൌണ്‍സില്‍ ഇപ്പോഴും സമാധാനത്തിന്റെ കാവല്‍ക്കാരായാണ് അറിയപ്പെടുന്നതെന്നത് എത്രമാത്രം വിചിത്രവും വിരോധാഭാസവുമാണ്. അമേരിക്കയുടേതല്ലാത്ത ഒരു മാനദണ്ഡവും അളവുകോലും ലോകത്തിന് ഇന്നില്ല എന്നതാണ് ഇതിനു കാരണം. മുസ്ലിംകളില്‍ തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആയി ആരുമില്ലെന്ന് അവകാശപ്പെടാനാവില്ല. ഇസ്ലാമിനെ ഏറെ കളങ്കപ്പെടുത്തുകയും അതിന്റെ പ്രതിഛായ തകര്‍ക്കുകയും ചെയ്യുന്ന അപക്വവും വിവേകരഹിതവുമായ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഒറ്റപ്പെട്ട ചിലരെ അങ്ങിങ്ങായി കാണാന്‍ കഴിഞ്ഞേക്കും. മുസ്ലിം നാടുകളില്‍ അത്തരം ഭീകരപ്രവര്‍ത്തനങ്ങളും തീവ്രവാദചിന്തകളും വളര്‍ന്നുവരാന്‍ കാരണം, അവിടങ്ങളിലെ ഏകാധിപത്യ-സ്വേഛാധിപത്യ ഭരണകൂടങ്ങളും അവയുടെ കൊടിയ തിന്മകളുമാണ്. ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗങ്ങളിലൂടെ ജനാഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടങ്ങള്‍ സ്ഥാപിക്കാനും വ്യവസ്ഥാമാറ്റത്തിനുമായി കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി നടത്തിപ്പോന്ന ശ്രമങ്ങള്‍ സാമ്രാജ്യ ശക്തികളുടെ ഇടപെടല്‍കാരണം പരാജയമടഞ്ഞതിനാല്‍ ക്ഷമകെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ തീവ്രവാദസമീപനം സ്വീകരിക്കുകയാണുണ്ടായത്. മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന കൊടുംഭീകരവൃത്തികളാണ് ചില ചെറുപ്പക്കാരെ തുല്യനിലയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാണിച്ചാണ് തല്‍പര കക്ഷികള്‍ ഇസ്ലാമിനെതിരെ ഭീകരതയും തീവ്രവാദവും ആരോപിക്കുന്നത്. ഇസ്ലാം എല്ലാവിധ ഭീകരതക്കും എതിരാണ്- വ്യക്തികളുടെയും സംഘടിത പ്രസ്ഥാനങ്ങളുടെയും ഭരണകൂടങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും. ഭീകരതയെയും തീവ്രവാദത്തെയും അത് തീര്‍ത്തും നിരാകരിക്കുകയും ശക്തിയായി എതിര്‍ക്കുകയും ചെയ്യുന്നു. നിരപരാധികളുടെ മരണത്തിനും സ്വത്തുനാശത്തിനും ഇടവരുത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മതവിരുദ്ധമാണ്. അകാരണമായി ഒരാളെ വധിക്കുന്നത് മുഴുവന്‍ മനുഷ്യരെയും വധിക്കുന്നതുപോലെയും, ഒരാള്‍ക്കു ജീവനേകുന്നത് മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതമേകുന്നതുപോലെയുമാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.(5: 32) അതിനാല്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒരിക്കലും തീവ്രവാദികളോ ഭീകരപ്രവര്‍ത്തകരോ ആവുക സാധ്യമല്ല. അതോടൊപ്പം ലോകമെങ്ങും മുസ്ലിംകള്‍ ഭീകരപ്രവര്‍ത്തകരാണെന്നത് അമേരിക്കയുടെയും കൂട്ടാളികളുടെയും അവയുടെ മെഗഫോണുകളാകാന്‍ വിധിക്കപ്പെട്ട പൌരസ്ത്യനാടുകളുടെ അടിയാളസമൂഹങ്ങളുടെയും പ്രചാരണം മാത്രമാണെന്ന വസ്തുത വിസ്മരിക്കാവതല്ല.(വിശദമായ പഠനത്തിന് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'ഭീകരവാദവും ഇസ്ലാമും', 'ഖുര്‍ആന്റെ യുദ്ധസമീപനം' എന്നീ കൃതികള്‍ കാണുക.)