Tuesday, 20 October 2015
ജനപക്ഷ രാഷ്ട്രീയവും ഇസ്‌ലാമിക സമൂഹവും
പരലോക വിചാരണയെ മനസ്സില്‍ തട്ടുംവിധം ചിത്രീകരിക്കുന്ന ഖുര്‍ആനിലെ ഒരു അധ്യായമാണ് അല്‍ഹാഖ (അധ്യായം 69). കനത്ത വിചാരണക്കൊടുവില്‍ മനുഷ്യര്‍ സ്വര്‍ഗ-നരകങ്ങളുടെ അവകാശികളായി വേര്‍പിരിയുന്നതാണ് ചിത്രീകരണം. അവതരണശൈലികൊണ്ടും ഭാഷാ പ്രയോഗങ്ങള്‍ കൊണ്ടും ഈ പരലോക വിവരണം വശ്യമനോഹരവും അതോടൊപ്പം ഭീതിജനകവുമാണ്. ഒടുവില്‍ നരകത്തില്‍ ഭീകരമാംവിധം പിടിച്ചെറിയപ്പെടുന്ന മനുഷ്യനെക്കുറിച്ച് അല്ലാഹു പറയുന്നു: ''അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരണയേകിയിരുന്നുമില്ല'' (അല്‍ഹാഖ 33,34).
അവരെയെന്തിന് നരകത്തിലേക്ക് തോണ്ടിയെറിഞ്ഞു എന്ന ചോദ്യത്തിന് പ്രപഞ്ചനാഥന്‍ മനുഷ്യ സമക്ഷം സമര്‍പ്പിക്കുന്ന കുറ്റപത്രത്തിന്റെ രത്‌നചുരുക്കമാണിത്. സമാനമായൊരു ചിത്രീകരണം സൂറ അല്‍മുദ്ദസിറിലും (അധ്യായം 74) ഉണ്ട്. സ്വര്‍ഗ-നരഗ വാസികള്‍ പരസ്പരമുള്ള
സംഭാഷണ ശൈലിയിലാണ് വിവരണം നടത്തുന്നത്.
''എന്തു കാര്യമാണ് നിങ്ങളെ നരകവാസികളാക്കിക്കളഞ്ഞത്?''
സ്വര്‍ഗീയവാസികളുടെ ഈ ചോദ്യത്തിന് നരകാവകാശികളുടെ മറുപടി ഇപ്രകാരമാണ്: ''ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ ഉള്‍പ്പെട്ടിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കുന്നവരിലും ഉള്‍പ്പെട്ടിരുന്നില്ല'' (അല്‍മുദ്ദസിര്‍ 402-44).
ഒരു ജീവിതക്രമം എന്ന നിലയില്‍ ഇസ്‌ലാം ഏറെ സന്തുലിതമാണ്. ആ സന്തുലിതത്വമാണ് ഇസ്‌ലാമിന്റെ മനോഹാരിതയും. ദൈവം, മനുഷ്യന്‍ എന്നീ രണ്ട് മൗലിക ഘടകങ്ങളെ വശ്യമനോഹരമായി സമന്വയിപ്പിച്ച് രൂപപ്പെടുത്തിയെടുത്തതാണ് ഇസ്‌ലാമിന്റെ ജീവിതദര്‍ശനം.
ദൈവത്തോടും മനുഷ്യനോടുമുള്ള കടപ്പാടുകളുടെയും ബാധ്യതകളുടെയും സന്തുലിതമായ നിര്‍വഹണത്തിന്റെ പേരാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ ഈ സന്തുലിതത്വം അതിന്റെ ആരാധനാ സങ്കല്‍പത്തിലും ചാലിച്ചിട്ടുണ്ട്. ഖുര്‍ആന്‍ ചേര്‍ത്ത് പറയുന്ന രണ്ടാരാധനകള്‍ നമസ്‌കാരവും സകാത്തുമാണ്. നമസ്‌കാരത്തിന്റെ നേര്‍ബന്ധം അല്ലാഹുവിലേക്കും ഉണ്ടെങ്കില്‍ സകാത്തിന്റേത് മനുഷ്യരിലേക്കാണ്. അല്ലാഹുവുമായി സ്ഥാപിച്ചെടുക്കുന്ന ആത്മബന്ധവും മനുഷ്യരിലേക്ക് പ്രസരിപ്പിക്കുന്ന സഹാനുഭൂതിയും ഇവ രണ്ടും ഒത്തുചേരുന്നതാണ് വിശ്വാസിയുടെ ആത്മീയാനുഭവം എന്നതാണീ സമന്വയത്തിന്റെ അകംപൊരുള്‍.
ഇസ്‌ലാമിക ജീവിത വീക്ഷണത്തിന്റെ പ്രായോഗിക ക്രമമാണ് ശരീഅത്ത്. നമ്മുടെ നാട്ടില്‍ പെണ്ണുകെട്ടും പിന്നെ മൊഴിചൊല്ലലുമാണ് ശരീഅത്ത്. വാസ്തവത്തില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടതൊന്നും ശരീഅത്തിന് അന്യമല്ല. അത്രക്ക് വിശാലമാണത്. ശരീഅത്തിലെ നൂറുകണക്കിന് നിയമങ്ങളില്‍ ഓരോന്നും പരിശോധിച്ചാലറിയാം, ഒന്നുകില്‍ അവ ദൈവവുമായി ബന്ധപ്പെട്ടതാണെന്ന്;
അല്ലെങ്കില്‍ സൃഷ്ടികളുമായി ബന്ധപ്പെട്ടതാണെന്ന്.
വിശ്വാസിയുടെ ഓരോ കുതിപ്പിന്റെയും കിതപ്പിന്റെയും ലക്ഷ്യം പരലോക വിജയമാണ്. മനുഷ്യന്റെ ആത്യന്തിക വിജയ-പരാജയങ്ങള്‍ തീര്‍പ്പ് കല്‍പിക്കപ്പെടുന്നയിടം എന്നതാണല്ലോ പരലോകത്തിന്റെ സവിശേഷത. ആ വിജയ-പരാജയങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ദൈവത്തോടും മനുഷ്യനോടുമുള്ള ബാധ്യതകളും ഉത്തരവാദിത്വങ്ങളും എപ്രകാരം നിര്‍വഹിച്ചു എന്ന കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഈ രണ്ട് അധ്യായങ്ങളും നമ്മെ പഠിപ്പിക്കുന്ന ലളിതവും എന്നാല്‍ ഗൗരവമേറിയതുമായ പാഠം.
ദൈവത്തിനോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ അതീവ കണിശതയും സൂക്ഷ്മതയും കാണിക്കുന്ന മതഭക്തര്‍ തന്നെ മനുഷ്യരോടുള്ള ബാധ്യതാ നിര്‍വഹണത്തില്‍ അത്രയൊന്നും ജാഗ്രത കാണിക്കാറില്ല എന്നതാണ് നമ്മുടെ മതാനുഭവം. മനുഷ്യനുമായി ബന്ധപ്പെട്ടതെല്ലാം രാഷ്ട്രീയമല്ലങ്കിലും, രാഷ്ട്രീയമെന്ന് വ്യവഹരിക്കപ്പെടുന്നതെല്ലാം മനുഷ്യനുമായി ബന്ധപ്പെടുന്നതാണ് എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യ നാഗരിക വികാസത്തിലെവിടെയോ വെച്ച് രാഷ്ട്രവും ഭരണകൂടവും വലിയ അധികാര സ്ഥാപനങ്ങളായിത്തീരുകയും പൗരന്‍ എന്നൊരു സംജ്ഞയെ അതുല്‍പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന വലിയൊരു പ്രവര്‍ത്തന മണ്ഡലം തുറക്കപ്പെടുന്നത്. വിഭവങ്ങളുടെ വിതരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, നീതി ലഭ്യമാക്കല്‍, സാമൂഹിക സുരക്ഷ, ജീവിതത്തിന്റെ ഭൗതിക വികസനവും ക്ഷേമവും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അതുകൊണ്ടുതന്നെ രാഷ്ട്രീയം എന്നു വ്യവഹരിക്കപ്പെടുന്ന മണ്ഡലത്തിന്റെ പ്രവര്‍ത്തന പരിധിയിലാണ് വരുന്നത്. മനുഷ്യരോടുള്ള ബാധ്യതാ നിര്‍വഹണത്തിന്റെ മൗലിക പ്രധാനമായ രാഷ്ട്രീയ രംഗം മതത്തില്‍നിന്നും വേര്‍പ്പെട്ടുപോയതോടൂ കൂടിയാണ് മതം ദൈവത്തിലേക്ക് മാത്രം ചുരങ്ങിപ്പോയത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഭൂമിയുടെ സിംഹഭാഗവും മതേതര ഭൗതിക വക്താക്കള്‍ സ്വന്തമാക്കിയതിനു ശേഷം ആരാധന, വിവാഹം, മരണാനന്തര കര്‍മം തുടങ്ങിയവ ഔദാര്യപൂര്‍വം അവര്‍ വെച്ചു നീട്ടിയ ജീവിതത്തിന്റെ പത്തു സെന്റിലാണ് മതപ്രവര്‍ത്തനമിപ്പോള്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്.
ജനങ്ങള്‍ക്കുവേണ്ടി നിയുക്തരാക്കപ്പെട്ട ജനസമൂഹം (ആലു ഇംറാന്‍ 110) എന്ന കൈയൊപ്പ് ചാര്‍ത്തപ്പെട്ട വിശ്വാസികള്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്‍ക്കാന്‍ സാധ്യമല്ല (ലുഖ്മാന്‍ 18).
''അവനാകുന്നു നിങ്ങളെ ഭൂമിയില്‍നിന്ന് സൃഷ്ടിക്കുകയും ഭൂമിയുടെ പരിപാലനം നിങ്ങളെ ഏല്‍പിക്കുകയും ചെയ്തവന്‍'' (ഹൂദ് 61). 'ഭൂമിയുടെ പരിപാലനം' എന്നൊരാശയം ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്നുണ്ട്. സന്തുലിതമായ വികസന പ്രവര്‍ത്തനങ്ങള്‍, നീതിപൂര്‍വകമായ വിഭവ വിതരണം, സാമൂഹിക നീതി, ഇതുവഴി സമൂഹത്തിന്റെ വളര്‍ച്ചയും ക്ഷേമവും എന്നതാണതിന്റെ വിശദീകരണം. മനുഷ്യന്റെ മരണാനന്തര ലോകത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവനല്ല വിശ്വാസിയെന്നും ഭൗതികവും ഐഹികവുമായ അഭ്യുന്നതിയും അവന്റെ തന്നെ കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ടതാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നത് പ്രവാചകന്മാരുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് (നൂഹ് 10-20). ജനങ്ങളുടെ പക്ഷം ചേര്‍ന്ന് ജനദ്രോഹ നയങ്ങള്‍ക്കെതിരെ നിലയുറപ്പിച്ചവര്‍ എന്നൊരംഗീകാരം ചരിത്രത്തില്‍ പ്രവാചകന്മാര്‍ നേടിയെടുത്തിട്ടുണ്ട്. സാമൂഹിക സന്തുലിതത്വം തകര്‍ക്കുന്ന ഏത് നീക്കങ്ങള്‍ക്കെതിരെയും അവര്‍ ജനപക്ഷത്ത് നിലയുറപ്പിച്ചു. ജനവിരുദ്ധ അധികാര കേന്ദ്രങ്ങളുടെ ശല്യക്കാരനായ വ്യവഹാരിയായിരുന്നു ചരിത്രത്തിലെ ഓരോ പ്രവാചകനും.
ഒട്ടേറെ പ്രകൃതി വിഭവങ്ങളും അതിലേറെ മനുഷ്യ വിഭവവും വശ്യമനോഹരമായ കാലാവസ്ഥയുമുള്ള നമ്മുടെ കേരളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് പറയാറുണ്ട്. എന്നാല്‍ അറബിക്കഥയിലെ അത്ഭുതങ്ങള്‍ പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കണ്ടുകണ്ടങ്ങിരിക്കെ പാടങ്ങളും വീടുകളും പൊടുന്നനെ ഒരു ദിനം വികസനത്തിന്റെ പേരില്‍ കാണാതാകുന്നു. നമ്മുടെ കുന്നുകള്‍ വരിവരിയായി നിന്ന് ലോറിയില്‍ കയറി റോഡുപണിക്ക് പോവുകയാണെന്ന് കവി പരിതപിച്ചിട്ടുണ്ട്.
ഒരിക്കലും യോജിപ്പിലെത്താന്‍ കഴിയാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനവിരുദ്ധ നയങ്ങളില്‍ ഒരേ സ്വരമായിത്തീരുന്നു. ഇങ്ങനെ ജനങ്ങളോട് പ്രതിബദ്ധതയോ, ദൈവത്തോട് കടപ്പാടോ, വിഭവങ്ങളില്‍ ആസൂത്രണബോധമോ ഇല്ലാത്ത മതേതര ഭൗതിക രാഷ്ട്രീയക്കാര്‍ കുളം തോണ്ടിക്കൊണ്ടിരിക്കുന്ന ഈ നാടിനെ ഏറ്റെടുത്ത് രക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. അവര്‍ക്ക് അധികാരം ലഭിച്ചാല്‍, അവരുടെ പ്രയത്‌നമഖിലം അവിടെ നാശം വിതക്കുകയും കൃഷിയിടങ്ങള്‍ കൊള്ളയടിക്കുകയും മനുഷ്യവംശത്തെ ഉന്മൂലനം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയായിരിക്കും (അല്‍ബഖറ 205). അത്തരമൊരു ചരിത്ര ഘട്ടത്തിലാണ് യൂസുഫ് നബി(അ) ഈജിപ്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത് (യൂസുഫ് 55). നാടിനെ കൊടിയ ക്ഷാമത്തില്‍നിന്ന് കരകയറ്റാന്‍ തികഞ്ഞ ആസൂത്രണ ബോധത്തോടെ അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു.
മാനവിക സേവനത്തിന്റെ വലിയ വാതിലുകളാണ് രാഷ്ട്രീയ രംഗം തുറന്നിട്ടിരിക്കുന്നത്. പ്രവാചകന്‍ പറഞ്ഞു: ''സൃഷ്ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്. അവന്റെ കുടുംബത്തിന് ഏറ്റവും കൂടുതല്‍ ഉപകാരം ചെയ്യുന്നവരാരോ അവരാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍'' (അത്തയ്‌സീറു ബിശ്ശര്‍ഹില്‍ ജാമിഇസ്സ്വഗീര്‍). ജനങ്ങളില്‍ ഉത്തമനെയും നീചനെയും പ്രവാചകന്‍ പരിചയപ്പെടുത്തിയതിപ്രകാരമാണ്: ''നിങ്ങളില്‍ ആരില്‍നിന്ന് ജനം നന്മ പ്രതീക്ഷിക്കുന്നുവോ, ആരുടെ തിന്മയില്‍നിന്ന് ജനം സുരക്ഷിതരായിരിക്കുന്നുവോ അവനാണ് ഉത്തമന്‍. നേരെ മറിച്ചുള്ളവനാണ് നീചന്‍'' (മുസ്‌നദ് അഹ്മദ്).
സ്വയം വെയിലുകൊണ്ട് അന്യന് തണലേകലാണ് യഥാര്‍ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സംഭവിക്കേണ്ടത്. അന്യരുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഇറങ്ങിപ്പുറപ്പെടുന്നവന് സ്വര്‍ഗത്തിലേക്കുള്ള പാത അല്ലാഹു എളുപ്പമാക്കിക്കൊടുക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
തങ്ങളുടെ പിന്തുണയും സഹായവും ആവശ്യമുള്ള ഏതൊരാളെയും സഹായിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. അതിന് കക്ഷി-മത-ആദര്‍ശ പരിഗണനകളേതും പാടില്ലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
നീതി എന്നത് കേവലമൊരു കോടതി വ്യവഹാരമല്ല. മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ നീതിനിഷേധിക്കപ്പെടുന്നത് പ്രാഥമികമായും രാഷ്ട്രീയ-അധികാര കേന്ദ്രങ്ങളില്‍നിന്നാണ്. ഏകദൈവത്വ (തൗഹീദ്)മാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിയാധാരമെങ്കില്‍ നീതിയാണതിന്റെ ആത്മാവ്. മനുഷ്യ വിമോചനത്തിന്റെ വേദഗ്രന്ഥവും അവര്‍ക്കിടയില്‍ നീതി സ്ഥാപിക്കാനുള്ള ത്രാസുമായാണ് പ്രവാചകന്മാരെ നിയോഗിച്ചതെന്ന് അല്ലാഹു പറയുന്നുണ്ട് (അല്‍ഹദീദ് 25). നമ്മുടെ നാട്ടിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ തന്നെ ഭരണകൂടത്തിനും നീതിക്ക് നിയതമായ ഒരടിസ്ഥാനമില്ല. പാര്‍ട്ടി, കക്ഷി, വ്യക്തി എന്നിവ മാറുന്നതിനനുസരിച്ച് നീതിയുടെ മാനദണ്ഡവും മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ വിഭവ വിതരണത്തിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലുമൊക്കെ നമ്മുടെ നാട്ടില്‍ ഇരട്ട നീതി സര്‍വ സാധാരണമാണ്. കാരണം മതേതര മൂല്യ വ്യവസ്ഥക്ക് നിയതമായ മാനദണ്ഡങ്ങളില്ല. ആവശ്യം, കാലം, സമൂഹം എന്നിവക്കനുസരിച്ച് ധാര്‍മികത, നീതി, സത്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളുടെ മാനദണ്ഡങ്ങളിലും അവര്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. കക്ഷി-മത-സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറിമറിയാത്ത ബലിഷ്ഠമായ മാനവികതയാണ് ഇസ്‌ലാമില്‍ നീതിയുടെ അടിയാധാരം. അതുകൊണ്ടാണ് ജൂതന്റെ നീതിക്കുവേണ്ടി മുസ്‌ലിമിനെതിരെ അല്ലാഹു ഇടപെടല്‍ നടത്തിയത് (അന്നിസാഅ് 105-112).
ക്ഷേമ രാഷ്ട്രത്തിന്റെ പ്രായോഗിക രൂപമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സബഅ് രാഷ്ട്രം (സബഅ് 15). ക്ഷേമൈശ്വര്യങ്ങള്‍ കളിയാടുന്ന സുഭിക്ഷവും സമ്പന്നവുമായ ഒരു വെല്‍ഫെയര്‍ സ്റ്റേറ്റ് സ്ഥാപിച്ചുവെന്നതാണ് ദാവൂദ്-സുലൈമാന്‍ പ്രവാചകന്മാരുടെ മഹത്തായ മാതൃക (സബഅ് 11,12). നമ്മുടെ നാട്ടിലെ ദാരിദ്ര്യത്തിനും വികസനമുരടിപ്പിനും കാരണം വിഭവ കമ്മിയല്ല. ഉള്ള വിഭവങ്ങള്‍ എങ്ങനെ വിനിയോഗിക്കണം എന്നറിയാത്തതും അവശേഷിക്കുന്നത് കൊള്ളയടിക്കുന്നതുമാണ്. വിഭവങ്ങളെയും മാനുഷിക അധ്വാനത്തെയും ഫലപ്രദമായി കൂട്ടിയോജിപ്പിച്ച് എങ്ങനെ വികസന പ്രവര്‍ത്തനം സാധ്യമാക്കാം എന്ന് കാണിച്ചുതരുന്നുണ്ട് ദുല്‍ഖര്‍നൈനിന്റെ സംഭവത്തിലൂടെ ഖുര്‍ആന്‍ (അല്‍കഹ്ഫ് 94-96). നമ്മുടെ നാടിന് വേണ്ടത് ആസൂത്രണബോധവും ജനതയോട് ഉത്തരവാദിത്വവുമുള്ള ഒരു നേതൃത്വമത്രെ.
പണമെറിഞ്ഞ് പണം വാരുന്ന ഒരേര്‍പ്പാടാണിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം. ഒന്നെറിഞ്ഞാല്‍ രണ്ട്. രണ്ടെറിഞ്ഞ് നാല്... ഇതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പലരെയും പ്രചോദിപ്പിക്കുന്നത്. നിയമസഭാ കാന്റീനില്‍നിന്നും ഭക്ഷണം കഴിക്കുന്ന മന്ത്രി, സ്വന്തം വീട് മോടിപിടിപ്പിക്കാത്ത നേതാവ്, വീട്ടിലേക്ക് റോഡ് വെട്ടാത്ത മന്ത്രി... നമ്മുടെ കൗതുക വാര്‍ത്തകളാണിത്. അഥവാ രാഷ്ട്രീയത്തിലെ സത്യസന്ധത തന്നെ ഇന്നൊരു കൗതുകവാര്‍ത്തയായിത്തീര്‍ന്നിരിക്കുന്നു. ജനവിരുദ്ധ പദ്ധതികളും വികസനവുമായി കടന്നുവരുന്ന കമ്പനികളും ഏജന്‍സികളും കൈക്കൂലിയും കമീഷനും എറിഞ്ഞ് ആദ്യം അധികാരികളെ വലയില്‍ പിടിക്കുന്നു. കമീഷന്‍ പറ്റലിലും അഴിമതിയിലും ഇടതിനും വലതിനുമിടയില്‍ അഭിപ്രായ വ്യത്യാസമേ ഇല്ല. ഉള്ളത്, അവിഹിതമായി ലഭിച്ചത് വീതം വെക്കുമ്പോഴുള്ള കലപിലയും കലഹവും മാത്രം.
അഴിമതിയുടെ കൈക്ക് പിടിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. അഴിമതി നാടിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കും. ജനത്തോട് അനീതി കാണിക്കാന്‍ അഴിമതി വഴിയൊരുക്കും. അഴിമതിപ്പണം വിപണിയെ ഭരിക്കുമ്പോള്‍ വിലക്കയറ്റമുണ്ടാകുന്നു. ഉപഭോഗാസക്തി കൂടുന്നു. അത് ജീവിതച്ചെലവ് കൂട്ടുകയും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ വലിയൊരംശം അതിന്റെ സമരോത്സുകതയാണ്. അനീതിയോട്, അധാര്‍മികതയോട്, ജനവിരുദ്ധതയോട് അത് പച്ച മനുഷ്യന്റെ പക്ഷത്ത് നിന്ന് നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കും. ആ കലഹം നിലക്കുന്നേടത്ത് ഇസ്‌ലാം നിര്‍ജീവമാകും.
ജനപക്ഷ വികസനത്തിന്
ജമാഅത്തെ ഇസ്‌ലാമിയുടെ കൈയൊപ്പ്
വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരമായ കഥയാണ് തേന്മാവ്. യാത്രക്കാരനായ അധ്യാപകന്‍, വഴിയരികില്‍ തളര്‍ന്നു വീണ വൃദ്ധനെ കണ്ടു. അദ്ദേഹം അടുത്തുള്ള വീട്ടില്‍ ചെന്ന് വെള്ളം വാങ്ങിക്കൊണ്ടുവന്ന് വൃദ്ധന് കൊടുത്തു. വെള്ളം അല്‍പം കുടിച്ച വൃദ്ധന്‍, ശേഷിക്കുന്ന വെള്ളം റോഡരികില്‍ വാടിത്തളര്‍ന്ന് നില്‍ക്കുന്ന മാവിന്‍ തൈക്ക് ഒഴിച്ചുകൊടുത്തു. വൃദ്ധന്‍ അന്ത്യശ്വാസം വലിച്ച് തന്റെ നാഥങ്കലേക്ക് യാത്രയായി. ഉണങ്ങി പോകുമായിരുന്ന മാവിന്‍ തൈ, വൃദ്ധന്‍ വെള്ളമൊഴിച്ചു കൊടുത്തതോടെ ജീവസ്സുറ്റതായി. പിന്നീട് അധ്യാപകന്റെയും കൂട്ടുകാരുടെയും പരിചരണത്തില്‍ ആ തൈ വളര്‍ന്നു. അതൊരു വലിയ മാവായി, നിറയെ കൊമ്പും ചില്ലകളുമുണ്ടായി. ദേശാടന പക്ഷികള്‍ അതിന്റെ ചില്ലകളില്‍ കൂടുകൂട്ടി, വഴിയാത്രക്കാര്‍ അതിന്റെ തണലില്‍ വിശ്രമിക്കാനിരുന്നു. വര്‍ഷം തോറും മാവ് പൂത്തു, നിറയെ മാങ്ങകളുണ്ടായി. നാട്ടുകാര്‍ക്ക് മധുരമൂറുന്ന മാമ്പഴം ധാരാളം കിട്ടി. തെരുവു പിള്ളേര്‍ മാവിനെ ഇടക്കിടെ കല്ലെറിഞ്ഞു. അവര്‍ക്കത് കൂടുതല്‍ മാമ്പഴം നല്‍കി (മധുര മാമ്പഴമുള്ളതുകൊണ്ടാണല്ലോ തെരുവു പിള്ളേര്‍ മാവിനെ കല്ലെറിയുന്നത്!). അങ്ങനെ പക്ഷികള്‍ കൂടുകൂട്ടി താമസിക്കുന്ന, വഴിയാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്ന, നാട്ടുകാര്‍ക്ക് മധുര മാമ്പഴം നല്‍കുന്ന ആ 'തേന്മാവ്' നാടിന്റെ തണല്‍മരമായി.
ബഷീര്‍ കഥയിലെ 'തേന്മാവി'ന്റെ ഉപമ നന്നായി ചേരുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി; ഇന്ത്യന്‍ മണ്ണിലെ തണല്‍മരം, നാടിന്റെ വിളക്കുമാടം. മനുഷ്യ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും നിലക്കാത്ത നിര്‍ഝരി, ആലംബഹീനരുടെയും ആശയറ്റവരുടെയും അഭയകേന്ദ്രം, ചൂഷിതരുടെയും പീഡിതരുടെയും വിമോചനത്തിന്റെ പ്രതീക്ഷ- ഇതെല്ലാമാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമി. അനാഥന് രക്ഷിതാവായി, അഗതിക്ക് അത്താണിയായി, വിശക്കുന്നവന് ഭക്ഷണമായി, ദാഹിക്കുന്നവന് കുടിനീരായി, തല ചായ്ക്കാന്‍ ഇടമില്ലാത്തവന് കിടപ്പാടമായി, കടം കയറി മുടിഞ്ഞവന് ആശ്വാസമായി, പണമില്ലാതെ പഠനം മുടങ്ങിയവര്‍ക്ക് താങ്ങായി, ലഹരിക്കടിപ്പെട്ട് തിരിച്ചറിവ് നഷ്ടപ്പെട്ടവര്‍ക്ക് പുതു വെളിച്ചമായി, ഇരകള്‍ക്ക് രക്ഷകനായി... നമ്മുടെ ഗ്രാമാന്തരങ്ങളിലും പട്ടണ പ്രാന്തങ്ങളിലും നഗര മധ്യത്തിലും ജമാഅത്തെ ഇസ്‌ലാമിയുണ്ട്. കഴിഞ്ഞ അറുപത് വര്‍ഷമായി, ജനങ്ങളോടൊപ്പം, സമൂഹത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ് രാജ്യത്തിന്റെ നല്ല നാളേക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമി
കര്‍മനിരതമാണ്.
വികസന വഴിയില്‍ സഫലമായ അറുപതാണ്ട്
നമ്മുടെ നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ആരോഗ്യകരമായ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ പ്രസ്ഥാനം പരിശ്രമിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിരക്ഷ, തൊഴിലില്ലായ്മക്ക് പരിഹാരം, കാര്‍ഷിക വ്യവസായ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ചയും സ്വയം പര്യാപ്തതയും തുടങ്ങി ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാനപരമായി ഉണ്ടാകേണ്ടതെന്തൊക്കെയാണോ അതിലെല്ലാം ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജനതക്ക് മൂല്യവത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
നാടിന്റെ നാനാ ഭാഗങ്ങളില്‍ വീടില്ലാത്തവര്‍ക്കായി ജമാഅത്തെ ഇസ്‌ലാമിയും പോഷക സംഘടനകളും നിര്‍മിച്ചു നല്‍കിയ ആയിരക്കണക്കിന് വീടുകളുണ്ട്. കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളില്‍ അനേകം കിണറുകള്‍, കുടിവെള്ള പദ്ധതികള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് അത്താണിയായ നൂറുക്കണക്കിന് പലിശരഹിത ബാങ്കുകള്‍, വെല്‍ഫെയര്‍ സൊസൈറ്റികള്‍, ഭക്ഷണ വിതരണം, റേഷന്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ചികിത്സാ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍... ജീവിതം കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പര്യായമായവര്‍ക്ക് പ്രത്യാശയുടെ പുതിയ കിരണങ്ങളായി എത്രയെത്ര ജനസേവന പ്രവര്‍ത്തനങ്ങളാണ് ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് പാവങ്ങളുടെ ജീവിതം തുന്നിച്ചേര്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, വീട്, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകളിലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഊന്നിനില്‍ക്കുന്നത്. സേവനം ആവശ്യമായ, വികസനം അനിവാര്യമായ എല്ലാ രംഗങ്ങളിലും ജനവിഭാഗങ്ങളിലും ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നുണ്ട്. സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ, ഐഡിയല്‍ റിലീഫ് വിംഗ്, ബൈത്തുസ്സകാത്ത് കേരള, എത്തിക്കല്‍ മെഡിക്കല്‍ ഫോറം, എ.ഐ.സി.എല്‍... ജമാഅത്തില്‍നിന്ന് പൊട്ടിയൊഴുകിയ വലുതും ചെറുതുമായ കൈവഴികള്‍ ഇന്ന് രാജ്യത്തിന്റെ സിരകളില്‍ ഊര്‍ജപ്രവാഹമായി നിലനില്‍ക്കുന്നുണ്ട്.
രാജ്യം അഭിമുഖീകരിച്ച ദുരന്തങ്ങളിലെല്ലാം ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ജമാഅത്തെ ഇസ്‌ലാമി മുമ്പിലുണ്ടായിരുന്നു. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വര്‍ഗീയ ലഹള, സൂനാമി, വികസനത്തിന്റെ പേരിലെ കുടിയിറക്കല്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ, ട്രെയിന്‍ അപകടങ്ങള്‍ പോലുള്ള അത്യാഹിതങ്ങള്‍, അഗ്നിബാധ... ഇത്തരം സന്ദിഗ്ധ സന്ദര്‍ഭങ്ങളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങളും പുനരധിവാസ പദ്ധതികളുമാണ് പ്രസ്ഥാനം കാഴ്ചവെച്ചത്.
ഇന്ത്യാ വിഭജനം സൃഷ്ടിച്ച സാമുദായിക സംഘര്‍ഷങ്ങളില്‍ സകലതും നഷ്ടപ്പെട്ട രാജ്യനിവാസികള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നും സംഘര്‍ഷം ലഘൂകരിക്കാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടുമാണ് സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ലാത്തൂര്‍ ഭൂകമ്പം, രാജസ്ഥാനിലെ വരള്‍ച്ച, ആന്ധ്രയിലും പഞ്ചിമബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കങ്ങള്‍, ഭഗല്‍പൂര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള നൂറുക്കണക്കിന് വര്‍ഗീയ ലഹളകള്‍ തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലെല്ലാം കാരുണ്യത്തിന്റെ 'സംസം' പ്രവാഹമായി മാറാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടുണ്ട്.
ജമാഅത്തും അതിന്റെ കൈവഴികളും ഏറ്റെടുത്തിട്ടുള്ള ജനസേവന പദ്ധതികളുടെ വൈപുല്യവും വ്യവസ്ഥാപിതത്വവും ആരെയും അതിശയിപ്പിക്കും. ജമാഅത്തിനെപ്പോലെ ജനസേവന രംഗത്തും നാടിന്റെ വികസനത്തിലും സ്വന്തമായ വഴി വെട്ടിത്തെളിയിച്ച് മുന്നോട്ടു പോകുന്ന ഏതെങ്കിലും മത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ യുവജന പ്രസ്ഥാനമോ ഇന്ന് ഇന്ത്യയിലില്ല എന്നതാണ് വസ്തുത. നമ്മുടെ രാജ്യത്ത് ഏത് മതസംഘടനക്കാണ് ഇത്ര വ്യവസ്ഥാപിതമായി ജനസേവന സംരംഭങ്ങളുള്ളത്? ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ജനങ്ങള്‍ക്കു വേണ്ടി ഇത്ര വിപുലമായ സേവനപദ്ധതികള്‍ നടപ്പിലാക്കുന്നത്? ജമാഅത്തിന്റെ പല പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതുള്‍പ്പടെയുള്ള ഗവണ്‍മെന്റ് പദ്ധതികളേക്കാള്‍ ആസൂത്രിതവും വിജയകരവുമാണ്. കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തുല്യതയില്ലാത്ത പുനരധിവാസ പദ്ധതി പോലൊന്ന് ആര്‍ക്കാണ് നടപ്പിലാക്കാന്‍ സാധിച്ചിട്ടുള്ളത്? ഗവണ്‍മെന്റ് തന്നെയും ജമാഅത്തിന്റെയും സോളിഡാരിറ്റിയുടെയും മറ്റും വികസന പദ്ധതികളെ മാതൃകയാക്കുകയാണ് ചിലപ്പോള്‍ ചെയ്യുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് പലപ്പോഴും ജമാഅത്തെ ഇസ്‌ലാമിയുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സൂനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം.
ആറു പതിറ്റാണ്ടായി ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനസേവന പദ്ധതികള്‍, വികസനത്തിന്റെ നാള്‍വഴികളിലെ വിപ്ലവാത്മകമായ സംഭാവനകളാണ്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിലൂടെ യഥാര്‍ഥ വികസനം സാക്ഷാത്കരിക്കാനാണ് ജമാഅത്ത് ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതക്ക് ജമാഅത്തെ ഇസ്‌ലാമി എന്ത് നല്‍കി എന്ന ചോദ്യത്തിന് നല്‍കാവുന്ന പല ഉത്തരങ്ങളില്‍ പ്രധാനപ്പെട്ടതും, പാവപ്പെട്ടവര്‍ക്കുള്ള വീടു നിര്‍മാണം മുതല്‍ ഹോസ്പിറ്റലുകള്‍ വരെ നീണ്ടു കിടക്കുന്ന വികസന പദ്ധതികള്‍ തന്നെ. പത്രമാധ്യമങ്ങളും അക്കാദമീഷ്യന്മാരും ഗവേഷണവിദ്യാര്‍ഥികളും പഠനവിഷയമാക്കേണ്ടതാണവ. ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലും ജമാഅത്ത് നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഇവിടെ സന്ദര്‍ഭമില്ല. കേരളത്തിലെ പദ്ധതികള്‍ മാത്രമാണ് ഇതിലെ
പ്രതിപാദ്യം.
ആദര്‍ശ പ്രചോദനം
'മനുഷ്യ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ നിയോഗിതരായ ജനം' എന്നാണ് വിശുദ്ധ വേദഗ്രന്ഥം ഇസ്‌ലാമിക സമൂഹത്തിന് നല്‍കുന്ന വിശേഷണം. ഇന്ത്യന്‍ ജനതക്ക് വേണ്ടി ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഈ വിശേഷണത്തെ അര്‍ഥപൂര്‍ണമാക്കുകയാണ്. ഇസ്‌ലാമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം. ബഹുമുഖ സ്വഭാവത്തിലുള്ള ജനസേവന പ്രവര്‍ത്തനങ്ങളിലും നാടിന്റെ വികസന പദ്ധതികളിലും നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കാന്‍ പ്രസ്ഥാനത്തിന് പ്രചോദനമേകുന്നതും പ്രസ്തുത ആദര്‍ശംതന്നെ.
ഇസ്‌ലാം ജനസേവനത്തെ ദൈവത്തില്‍നിന്ന് പ്രതിഫലം ലഭിക്കുന്ന പുണ്യകര്‍മമായി കാണുന്നു. ജനസേവനത്തിന്റെ മഹത്വം വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആവര്‍ത്തിച്ച് വിളംബരം ചെയ്യുന്നുണ്ട്. 'ജനസേവനം ദൈവാരാധന' എന്നാണ് ഇസ്‌ലാമിന്റെ മുദ്രാവാക്യം. ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍ പ്രാധാന്യപൂര്‍വം ചേര്‍ത്തുപറഞ്ഞിട്ടുള്ളവയാണ് സ്വലാത്തും സകാത്തും- നിര്‍ബന്ധ പ്രാര്‍ഥനയും നിര്‍ബന്ധ ദാനവും. നമസ്‌കാരം അല്ലാഹുവിലേക്കുള്ള ആകാശയാത്ര; സകാത്ത് ജനങ്ങളിലേക്കുള്ള സേവന യാത്രയും. സകാത്തിന്റെ പണം പൗരാണിക അറബികളും മറ്റും ചെയ്തിരുന്നപോലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നൈവേദ്യമായി സമര്‍പ്പിക്കുകയല്ല ചെയ്യുന്നത്. കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായവും സാന്ത്വനവുമേകുംവിധം വിതരണം ചെയ്യുകയാണ്. ദരിദ്രര്‍, അഗതികള്‍, യാത്രക്കാര്‍, കടബാധിതര്‍, അടിമകള്‍ തുടങ്ങി എട്ടു വിഭാഗമാണ് സകാത്തിന്റെ അവകാശികള്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അടിസ്ഥാന വര്‍ഗ വികസനത്തിന്റെയും മഹത്തായ മുദ്രാവാക്യമാണ് സകാത്ത് വ്യവസ്ഥ. സകാത്തിന്റെ ജനസേവന യാത്രയാണ് ജമാഅത്തെ ഇസ്‌ലാമി അര്‍ഥവത്തായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.
അഗതികള്‍, അനാഥര്‍, വഴിയാത്രക്കാര്‍, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായം ചോദിച്ചുവരുന്നവര്‍, അടിമകള്‍ തുടങ്ങിയവര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് മഹത്തായ പുണ്യ കര്‍മമാണെന്ന വിശുദ്ധ ഖുര്‍ആന്റെ (അല്‍ബഖറ 177) പ്രഖ്യാപനം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ആഹ്വാനമാണ്. ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തില്‍നിന്നും ചൂഷണത്തില്‍നിന്നും രാജ്യനിവാസികളെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാനുള്ള പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നു. അഗതികളെയും അനാഥരെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്
ഖുര്‍ആന്‍.
ആരാധനാ കര്‍മങ്ങളില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമായി ഇസ്‌ലാം അനുശാസിക്കുന്നതും പലപ്പോഴും ജനസേവനമാണ്. നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ അഗതിക്ക് ആഹാരം നല്‍കണമെന്നാണ് നിര്‍ദേശം. നോമ്പുകാരായിരിക്കെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ രണ്ടാമത്തെ പ്രായശ്ചിത്തമായി അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹജ്ജിലെ ചില പിഴവുകള്‍ക്കും അബദ്ധത്തിലുള്ള വധത്തിനും ശപഥത്തിനുമുള്ള പ്രായശ്ചിത്തവും ജനസേവനപരമായ ദാനധര്‍മങ്ങള്‍ തന്നെ. ഭക്ഷണം, കുടിവെള്ളം, വസ്ത്രം, അഭയാര്‍ഥികള്‍ക്ക് അഭയം, രോഗീ പരിചരണം, കടം നല്‍കല്‍, തൊഴില്‍ പദ്ധതികള്‍, പരിസര ശുചീകരണം, വഴികളുടെ നിര്‍മാണം, ഭൂമി ജനവാസ യോഗ്യമാക്കല്‍, ഭൂമി കൃഷിയോഗ്യമാക്കി കൃഷിയിറക്കല്‍, മരം നടല്‍, ആശുപത്രികള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളെല്ലാം മഹത്തായ പുണ്യ കര്‍മമാണെന്നും ദൈവത്തിങ്കല്‍ പ്രതിഫലാര്‍ഹമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഈ പാഠങ്ങളാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചോദനം.
'ജനങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും, ദുരിതങ്ങളുടെ ചങ്ങലക്കെട്ടുകള്‍ അറുത്തുമാററുകയും ചെയ്യുന്ന' പ്രവാചകന്റെ ജീവിതം ജനസേവനത്തിന്റെ മഹത്തായ മാതൃകകള്‍ പകര്‍ന്നുതരുന്നതാണ്. 'കാരുണ്യത്തിന്റെ പ്രവാചകന്‍' ഭൂമിയിലെ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും 'കാരുണ്യത്തിന്റെ പ്രവാഹമായി മാറാന്‍' ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. 'മനുഷ്യരോട് കാരുണ്യം കാണിക്കാത്തവര്‍ക്ക് ദൈവത്തിന്റെ കാരുണ്യം കിട്ടില്ലെന്ന്' താക്കീത് നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കിണര്‍ വിലയ്ക്ക് വാങ്ങി ദാനം ചെയ്തവന് സ്വര്‍ഗമുണ്ടെന്നും നായയുടെ ദാഹം തീര്‍ത്തവളുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടെന്നും നബി പഠിപ്പിച്ചു. വൃദ്ധയുടെ ഭാണ്ഡം ചുമന്നും അനാഥ ബാലന്റെ അവകാശങ്ങള്‍ വാങ്ങിക്കൊടുത്തും ജോലിയില്ലാതെ അലഞ്ഞവര്‍ക്ക് സ്വയം തൊഴിലിന്റെ വഴി കാണിച്ചുകൊടുത്തും ക്ഷാമം നേരിട്ടവര്‍ക്ക് ഭക്ഷണം ശേഖരിച്ച് എത്തിച്ചുകൊടുത്തും കൈയില്‍ വരുന്ന സമ്പത്ത് കഷ്ടപ്പെടുന്നവര്‍ക്കായി നിര്‍ലോഭം ദാനം ചെയ്തും കടന്നുപോയ പ്രവാചകന്റെ പാതയിലാണ് ജമാഅത്തിന്റെ ജനസേവന പദ്ധതികള്‍ പുരോഗമിക്കുന്നത്.
ഗാന്ധിയന്‍ മാതൃക
ദാരിദ്ര്യത്തിന്റെ ആഴങ്ങളിലാണ് ഇന്ത്യയിലെ കോടിക്കണക്കിന് ജനം ജീവിച്ചുകൊണ്ടിരിക്കുന്നത്. രാജ്യനിവാസികളുടെ 80 ശതമാനം ജീവിക്കുന്ന ഗ്രാമങ്ങളിലും, പതിനായിരങ്ങള്‍ ചേരിവാസികളായ നഗരങ്ങളിലും ദുരിതപ്പാടുകളുടെ നിലവിളികളാണ് സ്വാതന്ത്ര്യത്തിന്റെ അറുപതാണ്ടിനു ശേഷവും ഉയര്‍ന്നു കേള്‍ക്കുന്നത്. ഈ ദുരവസ്ഥകള്‍ക്ക് പരിഹാരം കണ്ടാലേ യഥാര്‍ഥ വികസനം സാധ്യമാകൂ. വീടില്ലാത്തവര്‍ക്ക് വീട്, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളമെത്താത്ത പ്രദേശങ്ങളില്‍ ശുദ്ധജല വിതരണ സംവിധാനം, ഉടുതുണി പോലുമില്ലാത്തവര്‍ക്ക് വസ്ത്രം, രോഗ പീഡയനുഭവിക്കുന്നവര്‍ക്ക് ചികിത്സ, മാറാരോഗികള്‍ക്ക് സാന്ത്വനം, വിദ്യാഭ്യാസം സ്വപ്നം കാണാന്‍ പോലുമാകാത്തവര്‍ക്ക് പഠിക്കാനുള്ള അവസരം, തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍, മാലിന്യ നിര്‍മാര്‍ജനവും ശുചിത്വവും, മികച്ച റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം, ലഹരിയുടെ അടിമകളായവര്‍ക്ക് അതില്‍നിന്ന് മോചനം, കടബാധ്യതകളാല്‍ വലയുന്നവര്‍ക്ക് അതില്‍നിന്ന് മുക്തി, ദുരന്തങ്ങളുടെ ഇരകള്‍ക്ക് ദുരിതാശ്വാസം.... നീളുന്ന ഈ പട്ടികയില്‍ വരുന്ന അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണവും അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനമവും സാധിക്കുമ്പോഴാണ് യഥാര്‍ഥ വികസനം സാധ്യമാവുക. ജമാഅത്തെ ഇസ്‌ലാമി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നുവെന്ന് പറഞ്ഞ, ഗ്രാമങ്ങളെ ഇന്ത്യയുടെ ആത്മാവായി കരുതിയ ഗാന്ധിജി സ്വപ്നം കണ്ട വികസന സങ്കല്‍പവുമായി ഇണങ്ങുന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ വികസന കാഴ്ചപ്പാട്. ഗ്രാമങ്ങളില്‍ വസിക്കുന്ന പാവപ്പെട്ടവര്‍ക്ക് സ്വാശ്രയത്വം നല്‍കുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്നായിരുന്നു ഗാന്ധിയുടെ ആഗ്രഹം. ജമാഅത്തെ ഇസ്‌ലാമിയുടെ വികസന പദ്ധതികള്‍ ഇവ്വിധം ദരിദ്ര ജനവിഭാഗങ്ങളെ സ്വാശ്രയരാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഗ്രാമങ്ങളില്‍ ഗ്രാമങ്ങള്‍ക്കിണങ്ങുംവിധവും നഗരങ്ങളില്‍ അവിടത്തേക്ക് ചേര്‍ന്ന രൂപത്തിലുമുള്ള വികസന പദ്ധതികള്‍ ഉണ്ടാകണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. ഗാന്ധിജിയുടെ വികസന സങ്കല്‍പവും ഇതിനു സമാനമായിരുന്നു. ഗ്രാമങ്ങളെ നഗരവത്കരിക്കാനുള്ള അഥവാ നഗരത്തിലെ വ്യവസായങ്ങള്‍ ഗ്രാമത്തില്‍ പറിച്ച് നട്ട് ഗ്രാമീണ വികസനത്തിന്റെ തനത് രീതികളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഗാന്ധിജി വിമര്‍ശിച്ചു. അതിനാല്‍ ചിലര്‍ ഗാന്ധിജിയെ വികസന വിരോധി എന്ന് വിളിച്ചു. അതിന് ഗാന്ധിജി മറുപടി പറഞ്ഞതിങ്ങനെ: ''ഗ്രാമവ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാനാവശ്യപ്പെടുമ്പോള്‍ രാജ്യത്തിന്റെ പുരോഗതി തടയുകയാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. പട്ടണത്തില്‍ നിന്ന് ഗ്രാമങ്ങളില്‍ പോയി താമസിക്കാന്‍ ഞാന്‍ ആരോടും അഭ്യര്‍ഥിക്കുന്നില്ല. എന്നാല്‍ ഗ്രാമീണരുടെ സുഖ സൗകര്യത്തിന് ആവശ്യമായിട്ടുള്ളത് അവര്‍ക്ക് ചെയ്തുകൊടുക്കേണ്ടതാണെന്ന് എനിക്കഭിപ്രായമുണ്ട്. പട്ടണത്തിലെ വ്യവസായ ശാലകള്‍ ഉപയോഗിക്കുന്ന അസംസ്‌കൃത സാധനങ്ങളെല്ലാം ഗ്രാമങ്ങളില്‍നിന്നാണ് വരുന്നത് എന്ന വസ്തുത വിസ്മരിക്കുക വയ്യ. പണ്ടത്തെപ്പോലെ തന്നെ എന്തുകൊണ്ട് ഗ്രാമങ്ങളില്‍ ഉണ്ടാവുന്ന സാധനങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ ഗ്രാമീണരെ ശീലിപ്പിച്ചുകൂടാ?'' (രാഷ്ട്ര പിതാവ്- കെ.പി കേശവമേനോന്‍, മാതൃഭൂമി ബുക്‌സ്, 1969, പേജ് 128).
രണ്ട് സംഭാവനകള്‍
വികസനത്തിന് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ രണ്ട് പ്രധാന സംഭാവനകളുണ്ട്. ഒന്ന്, ആത്മാര്‍ഥതയും ത്യാഗ സന്നദ്ധതയുമുള്ള കര്‍മനിരതരായ ഒരു പ്രവര്‍ത്തക വൃന്ദം. രണ്ട്, സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനം.
കൈയ് മെയ് മറന്ന് കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെയാണ് പ്രസ്ഥാനം നാടിന് സംഭാവന ചെയ്തിട്ടുള്ളത്. സ്വാര്‍ഥ താല്‍പര്യങ്ങളും സ്വജനപക്ഷപാതിത്വവുമില്ലാതെ, അഴിമതിയുടെ കറപുരളാതെ അവര്‍ രാജ്യത്തെ സേവിക്കുന്നു. ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ വ്യതിരിക്തമായ സേവനബോധം കാത്തുസൂക്ഷിക്കുന്നവരാണ്.
ഓരോ പ്രസ്ഥാന പ്രവര്‍ത്തകനും ഓരോ സേവന മേഖല തെരഞ്ഞെടുത്ത് പ്രവര്‍ത്തിക്കണമെന്ന് പ്രസ്ഥാനം ആഗ്രഹിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ മഹത്തായ മാതൃകയാണിത്. ജനസേവനത്തെക്കുറിച്ച ബോധവത്കരണവും പരിശീലനവും പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. അതിന് പ്രത്യേക വിംഗും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ സേവന വേദികള്‍ രൂപവത്കരിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥികളെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ കാമ്പസ് സര്‍വീസ് വിംഗുകള്‍ രൂപവത്കരിക്കുന്നു. ഇങ്ങനെ നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സാധ്യമാകുംവിധമെല്ലാം പങ്കാളിത്തം വഹിക്കുന്നുണ്ട് പ്രസ്ഥാനം.
സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് എന്ന പ്രസ്ഥാനമാണ് നാടിന്റെ വികസനത്തിന് ജമാഅത്ത് നല്‍കിയ മറ്റൊരു സംഭാവന. വികസന വഴിയിലെ വിപ്ലവ മുദ്രയാണ് സോളിഡാരിറ്റി.
ദേശീയതലത്തില്‍ ആരംഭിച്ചിട്ടുള്ള 'വിഷന്‍ 2016' എന്ന ബൃഹദ് പദ്ധതി വേറിട്ടു നില്‍ക്കുന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതുമാണ്. വികസനത്തിന്റെ ഏറ്റവും വലിയ ജനകീയ സംരഭമാണിത്.
സേവന വേദികള്‍
ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും ജനസേവനത്തിന് പ്രത്യേക വകുപ്പും നേതൃത്വവുമുണ്ട് ജമാഅത്തെ ഇസ്‌ലാമിക്ക്. ജമാഅത്തും സോളിഡാരിറ്റിയും ജനസേവന വകുപ്പിന് പ്രത്യേകം സെക്രട്ടറിമാരെ നിശ്ചയിച്ചിട്ടുണ്ട്. ജമാഅത്ത്, സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ, ജമാഅത്ത് വനിതാ വിഭാഗം എന്നിവ നേരിട്ട് നടത്തുന്ന സേവന പദ്ധതികള്‍ക്കു പുറമെ, ജമാഅത്ത് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും മറ്റനേകം വേദികളും രൂപം കൊണ്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ മാത്രം താഴെ.
ഐ.ആര്‍.ഡബ്ല്യൂ (ഐഡിയല്‍ റിലീഫ് വിംഗ്)
ദുരന്തങ്ങളിലും അപകടങ്ങളിലും അടിയന്തര സഹായം എത്തിക്കല്‍, ദുരിതാശ്വാസം, പ്രഥമ ശുശ്രൂഷ, രോഗീ പരിചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരിശീലനം നല്‍കുക, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, ഡി അഡിക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഐ.ആര്‍.ഡബ്ല്യൂവിന്റെ പ്രവര്‍ത്തനങ്ങള്‍.
ബൈത്തുസ്സകാത്ത് കേരള
സംസ്ഥാനതലത്തില്‍ സംഘടിത സകാത്ത് ശേഖരണവും മാതൃകാപരമായ വിതരണവും നടത്തുന്നു. ജമാഅത്തിന്റെ പ്രാദേശിക ഘടകങ്ങള്‍ക്ക് കീഴിലും പ്രവര്‍ത്തകര്‍ പരിപാലിക്കുന്ന പള്ളികള്‍ കേന്ദ്രീകരിച്ചും നൂറുകണക്കിന് സകാത്ത് കമ്മിറ്റികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട.
പലിശരഹിത നിധികള്‍
ജമാഅത്തിന്റെ വികസന പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സംസ്ഥാനത്ത് 400-ഓളം പലിശരഹിത നിധികള്‍ പ്രവര്‍ത്തിക്കുന്നു. അവക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വേദിയാണ് 'ഇന്‍ഫെക്' (Interest free Establishment's Co-Cordination Committee-INFEC)
എ.ഐ.സി.എല്‍ (Alternative Investments and Credits Limited-AICL)
റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ഗവണ്‍മെന്റ് നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കേതര ധനകാര്യ കമ്പനി. ലാഭ-നഷ്ട പങ്കാളിത്തത്തോടെ നിക്ഷേപം സ്വീകരിക്കുകയും ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ഇ.എം.എഫ് (Ehtical Medical Forum-EMF)
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആതുര ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും കൂട്ടായ്മ. അടിയന്തര വൈദ്യസഹായം, സൗജന്യ ക്ലിനിക്കുകള്‍ തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
മര്‍ഹമ എജ്യു സപ്പോര്‍ട്ട്
ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.ഐ.ഒവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സഹായ നിധി.
ഐ.എം.ബി (Islamic Marriage Bureau-IMB)
സ്ത്രീധന രഹിതവും അനാചാരങ്ങളില്ലാത്തതുമായ വിവാഹങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നു. ഇണകളെ കണ്ടെത്താന്‍ സഹായിക്കുന്നതോടൊപ്പം സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുകയും സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വരന്മാര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്യുന്നു.
കനിവ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവന വേദി. ആതുര ശുശ്രൂഷാ രംഗത്ത് ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
അഭയകേന്ദ്രം
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സേവന വേദി. വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
കാരുണ്യ കേന്ദ്രം
മലപ്പുറം ജില്ലയിലെ അത്താണിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രം രോഗികളുടെ പരിചരണത്തില്‍ മാതൃകാ സ്ഥാപനമാണ്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, എറണാകുളം പെരുമ്പാവൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എ.ഐ.എം.എസ് (Association of Ideal Medical Service-AIMS)
ധാര്‍മികതയും നൈതികതയും മുറുകെ പിടിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ഹോസ്പിറ്റലുകളുടെ കോ-ഓര്‍ഡിനേഷന്‍ വേദി. ജനസേവന സ്വഭാവത്തിലുള്ള ചികിത്സാ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ജസ്റ്റീഷ്യ
പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ നിയമ സഹായം, നിയമ ബോധവല്‍ക്കരണം, സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിയമപരമായ ഇടപെടല്‍ തുടങ്ങിയവക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമജ്ഞരുടെ കൂട്ടായ്മ.
അയല്‍കൂട്ടങ്ങള്‍
പരസ്പര സഹായത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം തൊഴില്‍ രംഗത്തും മറ്റുമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍.
വികസന പ്രവര്‍ത്തനങ്ങള്‍
പ്രസ്ഥാനത്തിനു കീഴില്‍ കേരളത്തില്‍ നടക്കുന്ന പ്രധാന ജന സേവന പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
1. വീട് നിര്‍മാണം
2. വീട് റിപ്പയറിംഗ്
3. പലിശരഹിത ലോണ്‍
4. റോഡ് നിര്‍മാണം
5. കുടിവെള്ള പദ്ധതി
6. റേഷന്‍ വിതരണം
7. വിദ്യാഭ്യാസ സഹായം, സ്കോളര്‍ഷിപ്പ് സ്കീം
8. മെഡിക്കല്‍ ക്യാമ്പ്
9. വിവാഹ സഹായം
10. ഡ്രഗ് ബാങ്ക്
11. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍
12. കടാശ്വാസം
13. പലിശരഹിത സ്വയം സഹായ സംഘങ്ങള്‍
14. ചികിത്സാ സഹായം
15. സ്വയം തൊഴില്‍
16. കാര്‍ഷിക മേഖലയിലെ ജലസേചനം
17. വസ്ത്ര വിതരണം
18. ശുചീകരണം
19. സംഘടിത സകാത്ത്
20. ഡി അഡിക്ഷന്‍ ക്യാമ്പുകള്‍
21. ആരോഗ്യ ബോധവത്കരണം
22. രക്തദാനം
23. അപകടങ്ങളില്‍ സഹായം
24. ആംബുലന്‍സ് സര്‍വീസ്
25. ഗവണ്‍മെന്റ് ആശുപത്രികളില്‍ വാര്‍ഡ് നവീകരണം
26. വിത്ത് വിതരണം
27. മരം നടല്‍
28. ജനകീയ കൃഷിയും കൊയ്ത്തുത്സവവും
29. പൊതു സ്ഥാപനങ്ങള്‍ക്ക് ഫര്‍ണിച്ചര്‍
30. ആശുപത്രികളില്‍ ഭക്ഷണ വിതരണം
31. മെഡിക്കല്‍ കോളേജുകളില്‍ വാര്‍ഡ് നവീകരണം
32. പുനരധിവാസ പദ്ധതികള്‍
33. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
34. അനാഥാലയങ്ങള്‍
35. ആശുപത്രികള്‍
ജനപക്ഷ വികസനം
ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ജനപക്ഷ വികസനത്തിന്റെ മഹത്തായ മാതൃകകളാണ്. ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ മനസ്സിലാക്കി മണ്ണിനും മനുഷ്യനും യോജിക്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യുക. ജമാഅത്ത് നടപ്പിലാക്കുന്ന ഓരോ പദ്ധതിയും ഓരോ വികസന സന്ദേശം രാജ്യത്തിന് നല്‍കുന്നു. ജനപക്ഷ വികസനത്തിന്റെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളാനും ആ പദ്ധതികള്‍ക്ക് കഴിയുന്നു.
1. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനും ദുര്‍ബലനും പ്രയോജനകരമാകുമ്പോഴാണ് ഒരു പദ്ധതി ജനപക്ഷ വികസനത്തിന്റെ മാതൃകയാകുന്നത്. വീടു നിര്‍മാണം മുതല്‍ ആതുര ശുശ്രൂഷ വരെയുള്ള ജമാഅത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ മുഖ്യ സവിശേഷതയും ഇതുതന്നെ. നാട്ടില്‍ ഏറ്റവുമധികം പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തിയാണ് അത് വിതരണം ചെയ്യുന്നത്.
2. സ്വജനപക്ഷപാതിത്വമില്ലാതെ, ആരോടും അനീതി കാണിക്കാതെ, എല്ലാതരം സങ്കുചിത വിഭാഗീയതകള്‍ക്കും അതീതമാണ് ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍. 'ഇന്ത്യന്‍ ജനത'യെയാണ് ജമാഅത്ത് മുന്നില്‍ കാണുന്നത്. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ പരിശോധിച്ചാല്‍, എല്ലാ മതക്കാര്‍ക്കും സംഘടനക്കാര്‍ക്കും പാര്‍ട്ടികളൊന്നുമില്ലാത്തവര്‍ക്കും ജമാഅത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രയോജനം ചെയ്തതായി മനസ്സിലാകും.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം തന്നെയാണ് വിഭാഗീയതയോ പക്ഷപാതിത്വമോ ഇല്ലാതെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കരുത്ത് നല്‍കുന്നത്. 'മനുഷ്യര്‍ക്ക് വേണ്ടി' പ്രവര്‍ത്തിക്കുക എന്നാണല്ലോ ഖുര്‍ആന്‍ നല്‍കുന്ന ആഹ്വാനം. ദൈവത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ പാഠങ്ങളിലും മനുഷ്യരുടെ രക്ഷിതാവ്, മനുഷ്യരുടെ ആരാധ്യന്‍, മനുഷ്യരുടെ രാജാധിരാജന്‍, ലോക ജനതയുടെ പരിപാലകന്‍ തുടങ്ങിയ പ്രയോഗങ്ങളാണ് കാണാന്‍ കഴിയുക. മനുഷ്യനെക്കുറിച്ച് ആവര്‍ത്തിച്ചുരുവിടുന്ന ഖുര്‍ആന്‍, ജനസേവന പ്രവര്‍ത്തനങ്ങളില്‍ മാനവിക കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്.
3. മനുഷ്യരെ ദുരിതത്തിലാഴ്ത്തുകയും മണ്ണില്‍ നാശം വിതക്കുകയും ചെയ്യുന്ന വികസനം ജനവിരുദ്ധമാണെന്ന് ജമാഅത്ത് തിരിച്ചറിയുന്നു. പ്രകൃതിക്കിണങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടത്. ജനങ്ങളെ കുടിയിറക്കുന്ന വികസനമല്ല, അവര്‍ക്ക് വീടും കുടിയും നിര്‍മിച്ചുകൊടുക്കുന്ന വികസനം. ഇരകളെ കണ്ണീര്‍ കുടിപ്പിക്കുന്നതല്ല, അവരുടെ കണ്ണീരൊപ്പുന്ന വികസനം. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും കടക്കാരന്റെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് കടബാധ്യതയുടെ നിലയില്ലാ കയത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പലിശാധിഷ്ഠിത ബാങ്കുകളുടെ വികസനമല്ല, പലിശക്കെണിയില്‍ നിന്ന് അവനെ രക്ഷിക്കുന്ന പലിശരഹിത ബാങ്കിംഗ് വഴിയുള്ള വികസനം. മദ്യഷാപ്പുകള്‍ സ്ഥാപിച്ച് ജനങ്ങളെ ലഹരിയുടെ അടിമകളാക്കി റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്ന വികസനമല്ല, മദ്യത്തിന്റെ അപകടങ്ങളില്‍നിന്ന് കുടിയന്മാരെയും കുടുംബങ്ങളെയും രക്ഷിക്കുന്ന ബോധവത്കരണത്തിന്റെയും ഡി-അഡിക്ഷന്‍ ക്യാമ്പുകളുടെയും രൂപത്തിലുള്ള വികസനം. ലോട്ടറി തട്ടിപ്പുകള്‍ക്ക് ഇരകളാകാന്‍ ജനങ്ങളെ വിട്ടുകൊടുത്ത് വിഹിതം പറ്റുന്ന വികസനമല്ല, എല്ലാ സാമ്പത്തിക ചൂഷണങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്ന വികസനം. ഗവണ്‍മെന്റിന്റെ പദ്ധതി ഫണ്ടുകളില്‍ കൈയിട്ടു വാരി കീശയും മേശയും വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്റെ വികസനമല്ല, ജനങ്ങളില്‍നിന്ന് കിട്ടുന്ന പണം പ്രവര്‍ത്തകരുടെ അധ്വാനവും ചേര്‍ത്ത് ഇരട്ടിയായി ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കുന്ന വികസനം. വിദേശ കമ്പനികള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത് കമീഷന്‍ പറ്റുന്ന അഴിമതി വികസനമല്ല, സ്വന്തം പ്രവര്‍ത്തകരും ജനങ്ങളും ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കുന്ന വികസനം. കുടുംബക്കാരും പാര്‍ട്ടിക്കാരും ഓഹരി വെച്ചെടുക്കുന്ന സ്വജനപക്ഷപാതമല്ല, ജനങ്ങള്‍ക്കു വേണ്ടി മുഖം നോക്കാതെ അര്‍ഹത മാത്രം നോക്കി നടപ്പിലാക്കുന്ന
വികസനം.
4. ജനകീയാസൂത്രണത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ജമാഅത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍. ജനങ്ങളില്‍നിന്ന് പണം പിരിച്ചെടുക്കുന്നു. പ്രവര്‍ത്തകര്‍ അവരുടെ വിഹിതം നല്‍കുന്നു. ജനങ്ങളുടെ സഹകരണത്തോടെ, പ്രവര്‍ത്തകരുടെ അധ്വാനം സമം ചേര്‍ത്ത് ആ പണം ഇരട്ടിയാക്കി ജനങ്ങള്‍ക്കുതന്നെ തിരിച്ചുകൊടുക്കുന്നു. വികസനം ജനകീയമാകുന്നതെങ്ങനെയെന്ന് ജമാഅത്തിന്റെ
ഓരോ പദ്ധതിയും നമുക്ക്
കാണിച്ചുതരുന്നുണ്ട്.
ജമാഅത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍, തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്, രാജ്യ നിവാസികള്‍ അതിന് നല്‍കുന്ന നിര്‍ലോഭമായ സാമ്പത്തിക സഹായവും പ്രോത്സാഹനവും. ജമാഅത്തും അനുബന്ധ ഘടകങ്ങളും ഏറ്റെടുത്ത എല്ലാ പദ്ധതികള്‍ക്കും കൈയയച്ച് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട് ഉദാരമതികളായ ജനങ്ങള്‍. സൂനാമി ദുരിതാശ്വാസം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസം, ഭവന നിര്‍മാണം, കുടിവെള്ള പദ്ധതി തുടങ്ങിയവക്കെല്ലാം വന്‍ പിന്തുണയാണ് ജനങ്ങളില്‍നിന്നുണ്ടായത്. പ്രസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നാടും നാട്ടുകാരും എത്ര ആത്മഹര്‍ഷത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കുന്ന ജനപക്ഷ വികസനത്തിന്റെ പ്രത്യേകതകളാണിതെല്ലാം. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവരോട് ഈ വികസന പദ്ധതികള്‍ പറയുന്നത്, ഇന്ത്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് മാതൃകയാക്കൂ എന്നാണ്. അടിത്തട്ടില്‍നിന്നും തുടങ്ങുന്ന വികസനമാണിത്. സന്തുലിതവും സമഗ്രവുമായ വികസനം.
ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍
ലഹരി ഉപയോഗം തകര്‍ത്തുകൊണ്ടിരിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും രക്ഷിക്കാന്‍ തുടക്കം കുറിച്ചതാണ് ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍. ഐ.ആര്‍.ഡബ്ളിയുവിനു കീഴിലാണ് ഇത് നടക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ തലത്തിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന ലഹരി മോചന പ്രവര്‍ത്തനങ്ങള്‍ കാര്യമായ ഫലം ചെയ്യുന്നില്ല എന്ന തിരിച്ചറിവില്‍നിന്നാണ് ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ 20 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പില്‍ ശരാശരി 25 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. 20 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിലൂടെ വ്യക്തികളില്‍ സ്വയം നന്നാകാനുള്ള പ്രേരണയും കരുത്തും സൃഷ്ടിച്ചെടുക്കുന്നു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങള്‍ ഒരു വര്‍ഷം വരെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും. കുടുംബത്തിനും വ്യക്തികള്‍ക്കും പൂര്‍വ നിലയിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ വേണ്ട വിദ്യാഭ്യാസവും മാര്‍ഗനിര്‍ദേശവും നല്‍കുന്നു. ഇതുവരെ നടന്ന ക്യാമ്പുകളെ അവലോകനം ചെയ്തപ്പോള്‍ അമ്പതുശതമാനം വരെ വിജയം കണ്ടതായാണ് അനുഭവം. ലഹരി ഉപയോഗം ഒരു രോഗമായി കണ്ട് സാന്ത്വനത്തിലൂടെ ചികിത്സിച്ച് മുക്തരാക്കുക എന്നതാണ് ഡി-അഡിക്ഷന്‍ ക്യാമ്പുകളുടെ രീതി. വ്യക്തിയുടെ ആരോഗ്യത്തിനും അന്തസ്സിനും കോട്ടം തട്ടാത്ത വിധം രൂപം കൊടുത്ത പ്രവര്‍ത്തനം രോഗിയിലും സമൂഹത്തിലും സദ്ഫലങ്ങള്‍ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്.
ഭാവിയില്‍ ഡി-അഡിക്ഷന്‍ ക്യാമ്പുകള്‍ക്കും പുനരധിവാസത്തിനും സ്ഥിരം സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് ഐ.ആര്‍.ഡബ്ളിയു. അതിനായി നാല് ഏക്കര്‍ സ്ഥലത്ത് ഒരു കേന്ദ്രം പണിയാനാണ് തീരുമാനം. അത് സഫലമായാല്‍ കേരളത്തിന്റെ സാംസ്കാരിക മേഖലക്ക് അതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും.
വീട് നിര്‍മാണ പദ്ധതി
വീരാജ്പേട്ട നെഹ്റു നഗറിലെ ദിനകരനും കുടുംബത്തിനും 2008-ലെ വിഷുനാളിലാണ് പ്ളാസ്റിക് കൂടാരത്തില്‍നിന്ന് മോചനമുണ്ടായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്‍സിപ്പാലിറ്റി അനുവദിച്ച 3 സെന്റ് സ്ഥലത്ത് പ്ളാസ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞ കുടിലിലായിരുന്നു ഇവരുടെ താമസം. അതിനിടക്ക് ദിനകരന്‍ അസുഖം ബാധിച്ച് കിടപ്പിലായി. തനിക്ക് അറിയാവുന്ന കൂലിവേല പോലും ചെയ്യാന്‍ കഴിയാതെയായി. അംഗന്‍വാടിയില്‍ ജോലിയുള്ള ഭാര്യക്ക് ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ദിനകരന്റെ കുടുംബം പുലര്‍ന്നിരുന്നത്.
ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീരാജ്പേട്ടയിലെയും പരിസരത്തെയും നല്ലവരായ മനുഷ്യരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് ദിനകരനും കുടുംബത്തിനും വീട് എന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്. വീടിന് നല്‍കിയ പേരും അര്‍ഥവത്തായിരുന്നു - സൌഹാര്‍ദ നിലയ. അരമേരി കളഞ്ചേരി മഠത്തിലെ ശ്രീ ശ്രീ ശാന്ത മല്ലികാര്‍ജുന സ്വാമികളാണ് താക്കോല്‍ദാനം നിര്‍വഹിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിര്‍മിച്ചു നല്‍കിയ ആയിരക്കണക്കിന് വീടുകളിലൊന്നാണിത്. വെയിലും മഴയും മഞ്ഞുമേല്‍ക്കാതെ കിടന്നുറങ്ങാന്‍ കൂരയില്ലാത്ത ജനലക്ഷങ്ങളാണ് ഇന്ത്യയിലുള്ളത്. അവര്‍ക്ക് സാധ്യമാകുന്നത്ര വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ വീടു നിര്‍മാണ പദ്ധതി.
ജമാഅത്തിനു കീഴില്‍ 'ബൈത്തുസ്സകാത്ത് കേരള' നിലവില്‍ വന്നതോടെ വീടു നിര്‍മാണ പദ്ധതി കൂടുതല്‍ വിപുലവും കാര്യക്ഷമവുമാക്കാന്‍ വേണ്ടി 2007 മുതല്‍ പദ്ധതി ബൈത്തുസ്സകാത്തിനു കീഴിലാക്കി. സകാത്ത് ഫണ്ടില്‍നിന്ന് ഒരു സംഖ്യ നീക്കിവെച്ചാണ് വീട് നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികള്‍ക്ക് അര്‍ഹതക്കനുസരിച്ച് വീടുണ്ടാക്കി കൊടുക്കുന്നതിനു പുറമെ, പ്രത്യേക സ്ഥലങ്ങളില്‍ ഹൌസിംഗ് കോളനികള്‍ നിര്‍മിക്കുന്ന പ്രോജക്ടും ബൈത്തു സകാത്തിന് കീഴിലുണ്ട്. തിരൂരിലെ ചമ്രവട്ടം, തിരുവനന്തപുരത്തെ പൂന്തുറ, അഴിക്കോട്, കൊല്ലം ജില്ലയിലെ മൂലമ്പിള്ളി മൈത്രി നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇങ്ങനെ ഭവന സമുച്ചയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
പ്രാദേശികമായി അര്‍ഹരായ ആളുകളുടെ അപേക്ഷകള്‍ ജമാഅത്ത് ഘടകങ്ങളില്‍നിന്ന് ജില്ലാ കമ്മിറ്റികള്‍ വഴിയാണ് ബൈത്തുസകാത്തിന് സമര്‍പ്പിക്കുന്നത്. സൂക്ഷ്മ പരിശോധനകള്‍ക്കു ശേഷം വീടുകള്‍ അനുവദിക്കുന്നു. ജമാഅത്തിന്റെ പ്രാദേശിക ഘടകങ്ങള്‍ തന്നെയാണ് മിക്കവാറും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. അതുകൊണ്ട് ഫണ്ടുകള്‍ ദുര്‍വ്യയം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഫോട്ടോ സഹിതം റിപ്പോര്‍ട്ടുകള്‍ കിട്ടിയ ശേഷമാണ് അടുത്ത ഘട്ടത്തിന് പണം അനുവദിക്കുന്നത്. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. വിവേചനമില്ലാതെ അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലും ജമാഅത്തിന്റെ വീട് നിര്‍മാണ പദ്ധതിയുടെ ഗുണഭോക്താക്കളുണ്ട്.
ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളനുസരിച്ചുള്ള വീടു നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ജമാഅത്തെ ഇസ്ലാമി പങ്കാളിത്തം വഹിക്കുന്നു. അര്‍ഹരായവര്‍ക്ക് ഗവണ്‍മെന്റ് പദ്ധതിയില്‍നിന്ന് വീട് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, മതിയാകാതെ വരുന്ന പണം പ്രവര്‍ത്തകര്‍ സ്വന്തമായെടുത്തും ജനങ്ങളില്‍നിന്ന് പിരിച്ചെടുത്തും നിര്‍മാണം പൂര്‍ത്തീകരിക്കുക, ബാധ്യതയുള്ളവര്‍ക്ക് ജമാഅത്തിന്റെ കീഴിലെ പലിശരഹിത നിധികളില്‍നിന്ന് ലോണ്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും വിപുലമായി നടന്നുവരുന്നു.
2005-ല്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച ഭവനനിര്‍മാണ പദ്ധതിപ്രകാരം ആയിരത്തിലധികം വീടുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം നിര്‍മിച്ചു കഴിഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്യ്രവും ജനാധിപത്യവും സ്വയംപര്യാപ്തതയും സംപൂര്‍ത്തിയിലെത്താന്‍ നിര്‍ദേശിച്ച പരിപാടിയാണ് ഗ്രാമസ്വരാജ്. ഓരോ ഗ്രാമവും അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും യോജിക്കുന്ന സാമൂഹിക സംവിധാനവും ഉല്‍പാദന സമ്പ്രദായവും ആവിഷ്കരിച്ച് സ്വയം പര്യാപ്തമായി വളരുക. പൌരന്മാര്‍ക്ക് സമൂഹത്തിന്റെ നടത്തിപ്പില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ അധികാരവും അവസരവും ലഭിക്കുന്നുവെന്നതാണീ സംവിധാനത്തിന്റെ ഏറ്റം ശ്രദ്ധേയമായ മെച്ചം. ഈ ആശയത്തിന്റെ പ്രയോഗവത്കരണമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തില്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ത്രിതല പഞ്ചായത്തും ജനകീയാസൂത്രണവും. പ്രാദേശിക വികസനത്തില്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് വിപുലമായ അധികാരം ലഭിച്ചിരിക്കുന്നു. സംസ്ഥാന വികസന ബജറ്റിന്റെ 40 ശതമാനം വിനിയോഗിക്കപ്പെടുന്നത് തദ്ദേശ ഭരണസ്ഥാപനങ്ങളിലൂടെയാണ്. പ്രാഥമികാരോഗ്യം, വിദ്യാഭ്യാസം, ജലവിതരണം, അടിസ്ഥാന വികസനം തുടങ്ങിയവയിലെല്ലാം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഗണ്യമായ പങ്കുണ്ട്.
വിദേശനയം, ദേശീയ സാമ്പത്തിക നയം, രാജ്യരക്ഷ, ആഭ്യന്തര സമാധാനം, ജുഡീഷ്യറി തുടങ്ങിയ ദേശീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബോഡിയല്ല തദ്ദേശ ഭരണ കൂടം. ഗ്രാമത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പരിമിതമാണതിന്റെ പ്രവര്‍ത്തനം. അവിടെ കക്ഷി രാഷ്ട്രീയസിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രസക്തമല്ല. ഒരു ഗ്രാമത്തെ ആ ഗ്രാമവാസികളുടെ അഭിപ്രായവും പങ്കാളിത്തവും സ്വീകരിച്ചുകൊണ്ട് വികസനത്തിലേക്ക് നയിക്കേണ്ട തദ്ദേശ ഭരണകൂടങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായിരിക്കുന്നതാണ് ഉചിതം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കക്ഷി രാഷ്ട്രീയമില്ലാതെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പും ഭരണവും നടക്കുന്നത്. കേരളവും ബംഗാളും പോലുള്ള ചില സംസ്ഥാനങ്ങള്‍ മറിച്ചാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ഗ്രസിച്ചിട്ടുള്ള ജീര്‍ണതകളെല്ലാം പതിന്മടങ്ങ് ശക്തിയോടെ ഇത്തരം സംസ്ഥാനങ്ങളിലെ തദ്ദേശ ഭണകൂടങ്ങളെയും ബാധിച്ചിരിക്കുന്നു. അനുവദിക്കപ്പെടുന്ന വികസന ഫണ്ടുകള്‍ 40 ശതമാനത്തോളം മാത്രമേ കേരളത്തില്‍ ചെലവഴിക്കപ്പെടുന്നുള്ളൂ. ബാക്കി ലാപ്സായി പോവുകയാണ്. ചെലവഴിക്കപ്പെടുന്നതിന്റെ മുക്കാലേമുണ്ടാണിയും പാര്‍ട്ടിക്കാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും കീശയിലേക്കാണ് പോകുന്നത്. പഞ്ചായത്ത് കൊടുത്ത പണത്തിന്റെ പത്തിലൊന്നു പോലും പദ്ധതി നിര്‍വഹണത്തിനുപയോഗിക്കാത്ത ഉദാഹരണങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ആനുകൂല്യ വിതരണത്തിലും തികഞ്ഞ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടമാടുന്നത്.
തദ്ദേശ വികസനത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും തടയാനും ജനങ്ങളുടെ മേല്‍നോട്ടവും പങ്കാളിത്തവും ഉറപ്പുവരുത്താനും ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഗ്രാമസഭകള്‍. ഗ്രാമസഭകളാണ് പഞ്ചായത്തിന്റെ അടിത്തറ. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പഞ്ചായത്ത് മെമ്പറും അയാളുടെ വാര്‍ഡിലെ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മാനിച്ചാണ് അയാള്‍ പ്രവര്‍ത്തിക്കേണ്ടത്. പഞ്ചായത്തിലെ ഓരോ പൌരനും ഗ്രാമസഭയില്‍ അംഗമാണ്. ഭരണഘടനാ സാധ്യതയുള്ള, സങ്കുചിത കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വൈയക്തിക സ്വാര്‍ഥതകള്‍ക്കും അതീതമായ സുസ്ഥിര സഭയായിട്ടാണ് ഗ്രാമസഭകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ ഏറ്റവും പ്രാഥമികവും സുതാര്യവുമായ രൂപമാണിത്. പക്ഷേ, കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ഗ്രാമസഭകളെ നിര്‍ജീവമാക്കിയിരിക്കുന്നു. അത് കാലാകാലങ്ങളില്‍ വിളിച്ചു കൂട്ടണമെന്ന് പഞ്ചായത്തുകള്‍ക്കോ വിളിച്ചാല്‍തന്നെ കൂടണമെന്ന് ജനങ്ങള്‍ക്കോ നിഷ്കര്‍ഷയില്ല. എങ്കിലും ഗ്രാമസഭാ സമ്മേളനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തില്‍ കിറു കൃത്യമായിട്ടുണ്ടായിരിക്കും! ഗ്രാമസഭകളെ നിര്‍വീര്യമാക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നിര്‍വീര്യമാക്കുന്നത് അടിസ്ഥാന ജനാധിപത്യത്തെയാണ്. പാര്‍ട്ടികള്‍ നിശ്ചയിച്ച സ്ഥാനാര്‍ഥികളുടെ കൂറ് അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങളോടല്ല; അവരെ നിയോഗിച്ച പാര്‍ട്ടിയോടാണ്.
ഈ അവസ്ഥക്കറുതി വരേണ്ടതനിവാര്യമാണ്. പഞ്ചായത്തധികാരം ജനങ്ങളില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചോര്‍ന്നുപോകുന്നത് തടയപ്പെടുക തന്നെ വേണം. എങ്കിലേ തദ്ദേശ ഭരണം സുതാര്യവും നീതിനിഷ്ഠവും വികസനോന്മുഖവുമാകൂ. ജനാധികാരത്തെ പ്രതിനിധീകരിക്കുന്നതിനു പകരം ജനങ്ങളുടെ മേല്‍ അധിപതികളാകാനാണ് ഇന്ന് മിക്ക രാഷ്ട്രീയ കക്ഷികള്‍ക്കും താല്‍പര്യം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള സഭകളിലേക്ക് സ്വന്തം അഭിപ്രായങ്ങളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ ജനങ്ങള്‍ സ്വയം കണ്ടെത്തുകയാണ് ഈ ദുഷ്പ്രവണതയെ പരാജയപ്പെടുത്താനുള്ള ഒരു മാര്‍ഗം. കേരളത്തില്‍ അതിന് തുടക്കം കുറിക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ്.
തദ്ദേശ ഭരണം അഴിമതിരഹിതവും സുതാര്യവും വികസനോന്മുഖവും കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രാദേശിക ജനാധികാരത്തിലധിഷ്ഠിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ചില സംരംഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത് ആശാവഹമാണ്. ഇസ്ലാമിക പ്രവര്‍ത്തകരുടെ സക്രിയമായ പങ്കാളിത്തത്തോടെ പല പഞ്ചായത്തുകളിലും രൂപം കൊണ്ടിട്ടുള്ള ജനകീയ വികസന മുന്നണികള്‍ അക്കൂട്ടത്തില്‍ പെടുന്നു. കക്ഷിത്വത്തിന്റെ ആന്ധ്യം ബാധിച്ചിട്ടില്ലാത്തവരും രാഷ്ട്രീയ പാര്‍ട്ടികളുടെ മൂല്യശോഷണത്തില്‍ മനംമടുത്തവരും, സര്‍വോപരി നിഷ്പക്ഷവും സത്യസന്ധവും ജനക്ഷേമകരവുമായ തദ്ദേശ സംവിധാനത്തില്‍ തല്‍പരരുമായ ആളുകളില്‍നിന്ന് അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം ആവേശകരമാകുന്നു. അധാര്‍മികമായിക്കൊണ്ടിരിക്കുന്ന സമകാലീന രാഷ്ട്രീയത്തെ മൂല്യവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാണ്, ജനങ്ങളുടെ മേലുള്ള പാര്‍ട്ടികളുടെ ആധിപത്യമല്ല എന്നുറപ്പിക്കാനുള്ള പ്രയാണത്തിന്റെ ആദ്യ ചുവടുമാണിതെന്ന് രാഷ്ട്രീയ പ്രബുദ്ധതയുള്ളവര്‍ തിരിച്ചറിയുന്നുണ്ട്. ഈ തിരിച്ചറിവ് സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമെത്തിക്കാന്‍ കഴിഞ്ഞാല്‍ ജനകീയ വികസന മുന്നണി കേരള രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന്റെ തുടക്കമാവുമെന്നതില്‍ സംശയമില്ല.
വഹാബിസവും മൌദൂദിയും
ഇന്ത്യയില്‍ പ്രവാചക ദൌത്യം പ്രവര്‍ത്തനമായി ഏറ്റെടുത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്ന് അവകാശപ്പെടുന്നു. പ്രവാചകന്മാരെല്ലാം ദൈവിക ദര്‍ശനത്തിലേക്ക് തങ്ങളുടെ ജനങ്ങളെ പ്രബോധനം ചെയ്തപ്പോള്‍ ജമാഅത്ത് കൂടുതലും തങ്ങളുടെ സമുദായത്തിനിടയിലെ സംസ്കരണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനാല്‍ തന്നെ പ്രബോധനം മുരടിക്കുകയും സംസ്കരണം അരങ്ങ് തകര്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇസ്ലാമിലുള്ളവര്‍ക്ക് അഥവാ മുസ്ലിംകള്‍ക്ക് വേണ്ടി ഒരു സംസ്കരണ പ്രസ്ഥാനത്തിന്റെ ആവശ്യമുണ്ടോ? (ഉണ്ടെങ്കില്‍) അതിന് ചരിത്രത്തില്‍ വല്ല സ്ഥാനവുമുണ്ടായിരുന്നോ?
നസ്വീര്‍ പള്ളിക്കല്‍ രിയാദ്
'അല്ലാഹുവിന് അടിമപ്പെടുക, ദൈവവിരുദ്ധ ശക്തികളെ വര്‍ജിക്കുക എന്ന സന്ദേശവുമായി ഓരോ ജനതയിലേക്കും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്', 'നിങ്ങള്‍ ദീനിനെ സ്ഥാപിക്കുക, അതില്‍ ഭിന്നിക്കരുത് എന്ന സന്ദേശമാണ് നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ, മുഹമ്മദ് എന്നീ പ്രവാചന്മാര്‍ക്കെല്ലാം നല്‍കിയത്' എന്നിങ്ങനെ വിവിധ ശൈലിയിലായി ഖുര്‍ആന്‍ പ്രവാചകന്മാരുടെ ദൌത്യം പ്രതിപാദിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതിന്റെ താല്‍പര്യം രണ്ടാണ്. ഒന്ന്, സന്മാര്‍ഗം എന്തെന്ന് അറിയാത്ത ജനങ്ങള്‍ക്ക് അത് കാണിച്ചുകൊടുക്കുക. രണ്ട്, സന്മാര്‍ഗം അറിഞ്ഞ ശേഷവും അതില്‍നിന്ന് വ്യതിചലിച്ചുപോയ ജനസമുദായങ്ങളെ, മറന്നുപോയ അധ്യാപനങ്ങള്‍ ഓര്‍മിപ്പിക്കുകയും സന്മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുക. രണ്ടാമത് പറഞ്ഞ ദൌത്യത്തിന്റെ ഉദാഹരണമായിരുന്നു ഇസ്രാഈല്യരിലേക്ക് നിയുക്തരായ പ്രവാചകന്മാരത്രയും. ആയിരക്കണക്കിന് പ്രവാചകന്മാരാണ് സന്മാര്‍ഗ വ്യതിയാനത്തില്‍നിന്ന് അവരെ നേര്‍വഴിക്ക് നയിക്കാനും സംസ്കരിക്കാനുമായി നിയുക്തരായിരുന്നത്. അവര്‍ മൌലികമായി മുസ്ലിംകളും വേദഗ്രന്ഥങ്ങളുടെ അവകാശികളും ആയിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ അവരെ മുശ്രിക്കുകളില്‍ പെടുത്താതെ അഹ്ലുല്‍ കിതാബ് എന്ന് സംബോധന ചെയ്തു.
ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന് ഇരട്ട ദൌത്യമാണ് നിര്‍വഹിക്കാനുള്ളത്. 87 ശതമാനത്തോളമുള്ള അമുസ്ലിംകള്‍ക്ക് സന്മാര്‍ഗത്തിന്റെ സന്ദേശമെത്തിക്കലും 13 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ സംസ്കരിച്ച് യഥാര്‍ഥ ദൌത്യനിര്‍വഹണത്തിന് പ്രാപ്തരാക്കലും. രണ്ടും ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ അജണ്ടകളാണ്. എന്നാല്‍, ഒരു പീഡിത ന്യൂനപക്ഷമെന്ന നിലയില്‍ മുസ്ലിംകളുടെ മാനുഷിക പ്രശ്നങ്ങളുടെ പരിഹാരത്തിന് കൂടി വഴിതേടേണ്ട ബാധ്യത സംഘടന ഏറ്റെടുക്കേണ്ടിവരുന്നു. ശ്രമകരമെങ്കിലും മൂന്ന് ദൌത്യങ്ങളും കഴിവിന്‍പടി നിറവേറ്റാനാണ് ജമാഅത്ത് ശ്രമിക്കുന്നത്. ഇത് തീര്‍ച്ചയായും പ്രവാചകന്മാരുടെ മാതൃകതന്നെ.
വഹാബിസവും
മൌദൂദിയും
"സൌദി അറേബ്യയില്‍ 18-ാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത പ്യൂരിറ്റാന്‍ (വഹാബിസം) പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെയും സമശീര്‍ഷനായ മുഹമ്മദ് ഇബ്നു സയ്യിദിന്റെയും ഇരുപതാം നൂറ്റാണ്ടിലെ കള്‍ച്ചറല്‍ കസിനാണ് സാക്ഷാല്‍ അബുല്‍ അഅ്ലാ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും എന്ന് നിസ്സംശയം പറയാം. വഹാബിസത്തിന്റെ അക്രമാസക്തമായ മൌദൂദിയന്‍ വ്യാഖ്യാനമാണ് പൊളിറ്റിക്കല്‍ ഇസ്ലാമെന്ന് ചുരുക്കം. ഇസ്ലാമിക രാഷ്ട്ര നിര്‍മിതിക്ക് വേണ്ടി മുസ്ലിം ബ്രദര്‍ഹുഡ്, അഹ്ലെ അല്‍ ഹദീദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ലോകമെമ്പാടുമുള്ള ഫണ്ടമെന്റല്‍ ഗ്രൂപ്പുകള്‍ക്ക് അകമഴിഞ്ഞ സാമ്പത്തിക സഹായം സൌദി കേന്ദ്രമായുള്ള വേള്‍ഡ് മുസ്ലിം ലീഗ് (റാബിത്ത അല്‍ ആലമി- അല്‍ ഇസ്ലാമി), ദാറുല്‍ ഇഫ്ത്ത വല്‍ ദവാത്തുല്‍ അല്‍ ഇര്‍ഫാദ് തുടങ്ങിയ വഹാബി സെന്ററുകളില്‍നിന്ന് ലഭിക്കുന്നുണ്ട്.''
ഡി.വൈ.എഫ്.ഐ മുഖപത്രമായ യുവധാരയുടെ ജൂലൈ ലക്കത്തിലെ മഹമൂദ് മൂടാടിയുടെ ലേഖനത്തില്‍നിന്ന്. മുജീബിന്റെ പ്രതികരണം?
എം.പി സാലിഹ് നന്മണ്ട
നാസ്തികരോ നിര്‍മതരോ തീവ്ര മതേതരക്കാരോ ആയ വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വേണ്ടത് സ്വകാര്യ ജീവിതത്തില്‍ പരിമിതമായ, യാതൊരു സാമൂഹിക ഇടപെടലും ഇല്ലാത്ത, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക മേഖലകളില്‍ കേവല ഭൌതിക പ്രത്യയശാസ്ത്രങ്ങളെ പിന്താങ്ങുന്ന ഒരു 'നിര്‍ദോഷ' ഇസ്ലാമാണ്. അത്തരക്കാര്‍ക്ക് അവര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി, ബാലിശ മതവിവാദങ്ങളില്‍ കുരുങ്ങി സ്വയം നശിക്കാന്‍ വിടും. മറിച്ച്, ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും ശക്തമായി ഇടപെട്ട്, മനുഷ്യ നിര്‍മിത ഭൌതിക പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി, നാനാജാതി മതസ്ഥരായ മനുഷ്യരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ പണിയെടുക്കുന്ന യഥാര്‍ഥ ഇസ്ലാമിക പ്രസ്ഥാനങ്ങളെ സര്‍വ ശക്തിയുമുപയോഗിച്ച് തകര്‍ക്കാനും അവര്‍ ശ്രമിക്കും. ഇതാണിപ്പോള്‍ സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ഭാഗത്ത് നിന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെയും മര്‍മം. അവരുടെ ഈ ബേജാറും ഭീതിയും അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ. ആള്‍ബലവും വിഭവങ്ങളും എത്ര പരിമിതമാണെങ്കിലും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവും ശത്രുക്കളെ അങ്കലാപ്പിലാക്കുന്നതിന്റെ ലക്ഷണങ്ങളാണ് മീഡിയയില്‍ തകര്‍ത്താടുന്ന കപട മതേതരബുജികളുടെ വ്യാജ പ്രോപഗണ്ട.
ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനം മുഖ്യമായും ലക്ഷ്യമിട്ടത് മുസ്ലിം സമൂഹത്തില്‍ സൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും മറവില്‍ അടിഞ്ഞുകൂടിയ മൂഢ വിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ്. അതില്‍ ആലു സുഊദിന്റെ പിന്തുണയോടെ ഒരളവോളം വിജയിക്കുകയും ചെയ്തു. അല്ലാത്തപക്ഷം ഇന്ന് മക്കയിലെയും മദീനയിലെയും പുണ്യ സ്ഥലങ്ങളും ചരിത്ര സ്മരണകളുണര്‍ത്തുന്ന പ്രദേശങ്ങളുമാകെ വിഗ്രഹ പൂജയോടടുത്ത കൊടിയ അന്ധവിശ്വാസങ്ങളുടെയും തജ്ജന്യമായ വ്യാപാരങ്ങളുടെയും വിളനിലമായി മാറിയേനെ. ഇക്കാര്യം മൌലാനാ മൌദൂദിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ഇത് അംഗീകരിക്കുന്നതോടൊപ്പം അതില്‍നിന്നും മുന്നോട്ട് പോയി ഒരു സമഗ്ര ഇസ്ലാമിക ജീവിത ദര്‍ശനമാണ് അദ്ദേഹവും ജമാഅത്തെ ഇസ്ലാമിയും അവതരിപ്പിച്ചത്. അതാവട്ടെ മുഹമ്മദ് നബി(സ)യും അനുചരന്മാരും പഠിപ്പിച്ച ഇസ്ലാം തന്നെയാണ്. ഇന്ന് മതേതരക്കാര്‍ കണ്ടെത്തിയ പൊളിറ്റിക്കല്‍ ഇസ്ലാമല്ല. പൊളിറ്റിക്സിന്റെ ഇസ്ലാമിക കാഴ്ചപ്പാട് മൌലികമാണ്, അത് മൌദൂദിയുടെയോ മറ്റാരുടെയോ സൃഷ്ടിയല്ല.
അഹ്ലെ ഹദീസ്, മദ്ഹബുകള്‍ക്ക് പകരം നബിചര്യക്ക് പ്രാമുഖ്യം നല്‍കുന്ന വിചാരധാരയാണ്. യഥാര്‍ഥ അഹ്ലെ ഹദീസ് ഇസ്ലാമിക രാഷ്ട്രീയത്തെ നിരാകരിക്കുന്നില്ലെന്ന് മാത്രം. മുസ്ലിം ബ്രദര്‍ഹുഡും ജമാഅത്തെ ഇസ്ലാമിയും മദ്ഹബുകളെയും അഹ്ലെ ഹദീസിനെയും അംഗീകരിക്കുന്ന വിശാല ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. അടിസ്ഥാന തത്ത്വങ്ങളും പ്രമാണങ്ങളും അംഗീകരിച്ചുകൊണ്ടുതന്നെ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നൂതന ചിന്തകള്‍ക്കും ഗവേഷണങ്ങള്‍ക്കും സ്ഥാനവും പ്രസക്തിയുമുണ്ടെന്ന് വിശ്വസിക്കുന്നു ഈ സംഘടനകള്‍. അതിനാല്‍ ഫണ്ടമെന്റലിസം എന്ന വാക്ക് അവര്‍ക്ക് ചേരില്ല. ഇന്ന് ലോകത്തുള്ള ഇസ്ലാമിക പുരോഗമന ചിന്തക്ക് അനര്‍ഘ സംഭാവനകളര്‍പ്പിച്ചത് ഇഖ്വാനും ജമാഅത്തുമാണ്. എന്നാല്‍ വളയമില്ലാതെ ചാടുന്ന പുരോഗമനത്തിന് അവ തയാറല്ല. ഇതാണ് മതേതരവാദികളെ ചൊടിപ്പിക്കുന്നത്. മുസ്ലിം വേള്‍ഡ് ലീഗ് രാഷ്ട്രാന്തരീയ തലത്തില്‍ ഇസ്ലാമിക പ്രചാരണത്തിനും ന്യൂനപക്ഷങ്ങളുടെയടക്കം മുസ്ലിം സ്ഥാപനങ്ങളുടെ സഹായത്തിനും പൊതുവായ ജനസേവന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സംഘടനയാണ്. അതെവിടെയും രാഷ്ട്രീയ സഹായം ചെയ്യുന്നതായി അറിവോ തെളിവോ ഇല്ല. മുസ്ലിം വേള്‍ഡ് ലീഗിനെ അമേരിക്കയടക്കം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഒരു വിദേശ ഏജന്‍സിയുടെയും ധനസഹായം സ്വീകരിക്കാറില്ല. തങ്ങളല്ലാത്തവരെല്ലാം വിദേശ ധനസഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നത് മാര്‍ക്സിസ്റ് സംഘടനകളുടെ സ്ഥിരം പ്രോപഗണ്ടയാണ്. തെളിവില്ലാത്ത ആരോപണം ആര്‍ക്കുമെതിരെയും ഉന്നയിക്കാം. അതിന് ലൈസന്‍സ് വേണ്ടല്ലോ (ഇംഗ്ളീഷില്‍നിന്ന് ലേഖകന്‍ പകര്‍ത്തിയ വാചകങ്ങളില്‍ തെറ്റുകള്‍ വേണ്ടത്രയുണ്ട്. അഹ്ലെ അല്‍ ഹദീദ് അല്ല, അഹ്ലെ ഹദീസ്. ദാറുല്‍ ഇഫ്ത്ത വല്‍ ദവാത്തുല്‍ അല്‍ ഇര്‍ഫാദ് എന്നത് ദാറുല്‍ ഇഫ്താഇ വദ്ദഅ്വഃ വല്‍ ഇര്‍ഷാദ് എന്ന് തിരുത്തണം).
ഹിന്ദുത്വവാദികളുമായി സഖ്യം?
സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ 50 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാഷ്ട്ര നിര്‍മാണത്തിന് ക്രിയാത്മക സംഭാവനകള്‍ നല്‍കിയ മുസ്ലിംകളുടെ അവസ്ഥ പട്ടിക ജാതിക്കാരേക്കാള്‍ പിന്നില്‍! 30 വര്‍ഷം തുടര്‍ച്ചയായി കമ്യൂണിസ്റുകള്‍ ഭരിച്ച ബംഗാളിലാണ് ഏറ്റവും പിന്നാക്കം (സച്ചാര്‍ റിപ്പോര്‍ട്ട്). ഈ മതേതരക്കാര്‍ ബി.ജെ.പി പേടി പറഞ്ഞ് മുസ്ലിംകളെ വോട്ടു ബാങ്കായി ഉപയോഗിച്ച് ചതിക്കുകയാണ്. മാത്രമല്ല, മതേതരമെന്ന് പറയുന്ന മാധ്യമങ്ങള്‍ ഹിന്ദുക്കളില്‍ മുസ്ലിംവിരോധം വളര്‍ത്തി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ ഭാരതത്തില്‍ 15 ശതമാനം വരുന്നതും യു.പി, ബീഹാര്‍, ബംഗാള്‍, ആസ്സാം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ളതുമായ മുസ്ലിംകള്‍ ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്ന് ഭൂരിപക്ഷം വരുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുമായി പരസ്പരം ചര്‍ച്ചയിലൂടെ തെറ്റിദ്ധാരണകള്‍ അകറ്റി പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് രൂപം നല്‍കുന്നിനോട് സംവാദത്തിന്റെ സംസ്കാരമുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാടെന്താണ്?
സി.പി വേണുഗോപാല്‍
കോട്ടക്കകം, തിരുവനന്തപുരം
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് കോണ്‍ഗ്രസ്സടക്കമുള്ള മതേതര പാര്‍ട്ടികളില്‍ നിന്നുണ്ടായ കൊടിയ ദുരനുഭവങ്ങളുടെ സാക്ഷ്യപത്രം തന്നെയാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. സ്വാതന്ത്യ്രത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും അരക്ഷിതാവസ്ഥയും അവഗണനയും വേട്ടയാടുന്ന മുസ്ലിം സമുദായത്തിന്റെ ദൈന്യാവസ്ഥ സച്ചാര്‍ വസ്തുനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്നു. ഇതിനുത്തരവാദികള്‍ 45 വര്‍ഷവും തുടര്‍ച്ചയായി മുസ്ലിം പിന്തുണയോടെ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയും, സംസ്ഥാനങ്ങളില്‍ ഭരണം നേടാന്‍ മുസ്ലിം പിന്തുണ ഉറപ്പാക്കിയ ഇടതുപാര്‍ട്ടികളും മറ്റു പ്രാദേശിക കക്ഷികളുമാണ്. അതേയവസരത്തില്‍ ദീര്‍ഘദൃഷ്ടിയോ ആസൂത്രണമോ നേതൃത്വമോ ഐക്യമോ ഇല്ലാതെ വിവിധ പാര്‍ട്ടികളുടെ പിന്നാലെ പോയി സ്വയം ദൈന്യത ഏറ്റുവാങ്ങിയ മുസ്ലിം സമുദായത്തിനും അനിഷേധ്യമായ പങ്ക് വിഷയത്തിലുണ്ട്. സ്വയം നന്നാവാത്ത ഒരു ജനതയെയും ദൈവം നന്നാക്കാമെന്നേറ്റിട്ടില്ല.
ഇനിയും സമുദായത്തിന്റെ മുമ്പിലുള്ള രക്ഷാ മാര്‍ഗം ഇസ്ലാം അനുശാസിക്കുന്ന മൂല്യബദ്ധമായ ജീവിതവും ഐക്യവും തന്നെയാണ്. ഒരേകീകൃത മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി പക്ഷേ, ഇന്നത്തെ പരിതസ്ഥിതിയില്‍ യാഥാര്‍ഥ്യമാവാന്‍ സാധ്യത നന്നെ വിരളമാണ്. വിവിധ ഗ്രൂപ്പുകളും സംഘടനകളും സ്വാര്‍ഥ താല്‍പര്യങ്ങളുപേക്ഷിച്ച് പൊതു താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒന്നിക്കാന്‍ തയാറാവണമല്ലോ. അതിനവര്‍ തയാറല്ല എന്നതോടൊപ്പം മതേതര, വര്‍ഗീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും കുത്തിത്തിരിപ്പുകള്‍ വലിയ വിഘാതമായി നിലകൊള്ളുകയും ചെയ്യുന്നു.
യഥാര്‍ഥ സനാതന ധര്‍മത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഹൈന്ദവ സംഘടനകളൊന്നും നിര്‍ഭാഗ്യവശാല്‍ ഇന്നില്ല. അല്ലെങ്കില്‍ തീരെ ശക്തമല്ല. പകരം രംഗം കൈയടക്കിയത് ന്യൂനപക്ഷ വിരോധം മുഖമുദ്രയാക്കിയ തീവ്ര ഹിന്ദുത്വ സംഘടനകളും നേതാക്കളുമാണ്. അവരുമായി എന്തടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടത്തുക? തങ്ങള്‍ സ്വയം ഇല്ലാതായി രംഗം പൂര്‍ണമായി നിങ്ങള്‍ക്ക് വിട്ടുതരാം എന്ന് ഓഫര്‍ നല്‍കാന്‍ ഒരു സമുദായത്തിന് ആവില്ലല്ലോ. ന്യൂനപക്ഷ സമുദായങ്ങളുടെ അസ്തിത്വവും വ്യക്തിത്വവും അംഗീകരിക്കാന്‍ അവര്‍ തയാറാണെങ്കില്‍ മാത്രമേ ചര്‍ച്ചക്ക് കളമൊരുങ്ങുകയെങ്കിലും ചെയ്യൂ. മറ്റൊന്ന്, ഹിന്ദുത്വ പാര്‍ട്ടികളെ ആഴത്തില്‍ ഗ്രസിച്ച അധാര്‍മികതയും കാപട്യവും അഴിമതിയുമാണ്. ഇക്കാര്യത്തില്‍ മതേതര പാര്‍ട്ടികളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ഹിന്ദുത്വ പാര്‍ട്ടികളുടെയും പ്രതിഛായ. സാമ്രാജ്യത്വ ദാസ്യത്തിലും അതുതന്നെ സ്ഥിതി. ജമാഅത്തെ ഇസ്ലാമി ഹിന്ദുത്വ നേതാക്കളുമായും സ്വാമിമാരുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്നതാണ്. രാജ്യത്ത് ഇന്നേവരെ അവരുമായി ഒരു സംഘട്ടനത്തിനും ജമാഅത്ത് പോയിട്ടുമില്ല. പക്ഷേ, പ്രത്യക്ഷത്തില്‍ നല്ലത് പറയുകയും പരോക്ഷമായി കടുത്ത മുസ്ലിം വിരോധം തുടരുകയുമാണ് സംഘ്പരിവാര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ കാര്യസാധ്യത്തിനല്ല, സത്യപ്രബോധനത്തിനും ധര്‍മ പുനഃസ്ഥാപനത്തിനുമായി ഇനിയും പരസ്പര ബന്ധങ്ങളും ചര്‍ച്ചകളും തുടരണമെന്ന് തന്നെയാണ് ജമാഅത്തിന്റെ നിലപാട്. നിരാശ ഒന്നിനും പ്രതിവിധിയല്ല.
കൈവെട്ടും കാല്‍വെട്ടും
കൈവെട്ടി മാറ്റിയ 'ഭീകരവാദി'കള്‍ക്ക് വേണ്ടി കേരളമാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡുകള്‍, അറസ്റുകള്‍! കാല്‍ വെട്ടി മാറ്റിയ 'ദേശീയവാദി'കള്‍ക്ക് വേണ്ടി റെയ്ഡില്ല, അറസ്റില്ല, കേസില്ല!! ഈ ഭരണകൂട ഇരട്ടത്താപ്പല്ലേ ഭീകരവാദികളെ സൃഷ്ടിക്കുന്നത്?
എ.ആര്‍ ചെറിയമുണ്ടം
ഭരണകൂടത്തിനും നിയമപാലകര്‍ക്കും മീഡിയക്കുമൊക്കെ ഇരട്ടത്താപ്പുണ്ടെന്ന വസ്തുത വ്യക്തമാണ്. ഒരേ തെറ്റ് മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാല്‍ ഘോര പാതകവും മറിച്ചാണെങ്കില്‍ വെറും നിസ്സാര കൃത്യവുമാവുന്ന മറിമായം നാം കണ്ടും കേട്ടും മടുത്തു.
എന്നാല്‍ ഇത് ഭവിഷ്യത്തോര്‍ക്കാതെ, വിവേകശൂന്യമായ ചെയ്തികളിലേര്‍പ്പെടുന്നതിന് ന്യായീകരണമാവില്ല. തിന്മക്ക് പകരം തിന്മ, സ്വീകാര്യമായ സമരമാര്‍ഗവുമല്ല. സംയമനവും സഹിഷ്ണുതയും സമാധാന വാഞ്ഛയുമല്ലാതെ മുസ്ലിംകള്‍ക്ക് അഭിലഷണീയമായ കര്‍മമാര്‍ഗങ്ങളില്ല. ഭരണകൂട ഭീകരതക്കും മറ്റു അനീതികള്‍ക്കുമെതിരെ മുഴുവന്‍ മനുഷ്യ സ്നേഹികളെയും അണിനിരത്തി ജനാധിപത്യപരമായ പോരാട്ടം സര്‍വശക്തിയുമുപയോഗിച്ച് തുടരുക മാത്രമാണ് മുസ്ലിംകളുടെ ഏക രക്ഷാമാര്‍ഗം. ഭാഗ്യവശാല്‍ ആ പോരാട്ടത്തിന് ശക്തിപകരാന്‍ നിരവധി കുട്ടായ്മകളും വ്യക്തികളും ഭൂരിപക്ഷ സമുദായത്തിലും വിവിധ പാര്‍ട്ടികളിലും ഉണ്ട്. ആരെങ്കിലും ഭീകരവാദികളെ സൃഷ്ടിച്ചാലും കെണിയില്‍ വീഴാതിരിക്കാന്‍ മുസ്ലിംകള്‍ക്ക് സാധ്യമാണല്ലോ.
പ്രാദേശിക തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് ജനകീയ വികസന മുന്നണി പുറത്തിറക്കിയ ലഘുലേഖയില്‍ 2009-'10 വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതം/ ചെലവാക്കിയ തുക എന്നിവയെക്കുറിച്ച ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷനില്‍ അപേക്ഷ നല്‍കി കൈപ്പറ്റിയ കണക്കുകളാണ് പ്രസ്തുത പട്ടികയിലുള്ളത്. അതു പ്രകാരം, ഉല്‍പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖല, മേഖല രഹിതം എന്നീ ഇനങ്ങളിലായി 50406506 രൂപയാണ് പ്രസ്തുത വര്‍ഷം പഞ്ചായത്തിന് വകയിരുത്തിയത്. ഇതില്‍ ചെലവഴിച്ച തുകയാകട്ടെ, വെറും 13682040 രൂപ മാത്രം. അതായത്, മൊത്തം തുകയുടെ 27.14 ശതമാനം. വിവിധ പദ്ധതികള്‍ക്കായാണ് ഈ തുക ചെലഴിച്ചത്. ഇത്തരം ചില പദ്ധതികളുടെ സാമ്പിളുകളും പ്രസ്തുത ലഘുലേഖയില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ഒരു ഉദാഹരണം: പഞ്ചായത്തിലെ നായാടിക്കുന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി 2008-'09 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപയും 2009-'10ല്‍ രണ്ട് ഘട്ടമായി 26.5 ലക്ഷം രൂപയും (മൊത്തം 46.5 ലക്ഷം) വകയിരുത്തിയെങ്കിലും 1498515 രൂപ മാത്രമാണ് ചെലവഴിച്ചത്. ഏതാണ്ട് 15 ലക്ഷം രൂപ ചെലവായ ഈ മഹദ് പദ്ധതി കാണാന്‍ പോകുന്നവര്‍ അന്തം വിടും. നെല്ലിപ്പുഴയുടെ തീരത്ത് മുക്കണ്ണം പാലത്തിനു താഴെ ഒരു കൊച്ചു കിണര്‍. 46.5 ലക്ഷം രൂപ വകയിരുത്തുകയും 15 ലക്ഷം ചെലവഴിക്കുകയും ചെയ്ത ഒരു പദ്ധതിയുടെ നേര്‍ക്കോലമാണിത്. നമ്മുടെ തദ്ദേശ സ്ഥാപനങ്ങളില്‍ എന്തു നടക്കുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് മണ്ണാര്‍ക്കാട് പഞ്ചായത്ത് ജനകീയ മുന്നണിയുടെ ലഘുലേഖയില്‍ കാണുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട പഞ്ചായത്ത് സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍ ഇത്തരം ഒട്ടേറെ കണക്കുകള്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന് നമുക്ക് ലഭിക്കും.
വലിയ സ്വപ്നങ്ങളുമായാണ് നാം പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതും ജനകീയാസൂത്രണം നടപ്പിലാക്കിയതും. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി അത് അവതരിക്കപ്പെട്ടു. തുടക്കത്തില്‍ ഗ്രാമീണ, പ്രാദേശിക തലങ്ങളില്‍ ചില ഉണര്‍വുകളും പ്രതീക്ഷകളും നല്‍കാനും ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കും ജനകീയാസൂത്രണത്തിനുമൊക്കെ കഴിയുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് നിന്ന് മാത്രം തീരുമാനിക്കപ്പെട്ടിരുന്ന കാര്യങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ചില റോളുകളുണ്ട് എന്ന തിരിച്ചറിവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും ജനപങ്കാളിത്തവും വര്‍ധിപ്പിച്ചു. സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കൃഷി ഭവനുകള്‍ തുടങ്ങി ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ലാതെ 'ഭാര്‍ഗവീ നിലയങ്ങള്‍' കണക്കെ നിലനിന്നിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചില ഇളക്കങ്ങള്‍ വന്നു തുടങ്ങി. 'ആപ്പീസര്‍'മാരുടെ ദൈവിക പരിവേഷത്തിന് മേല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ഉണര്‍വിനോടൊപ്പം തന്നെ, പുതിയൊരു തലമുറയുടെ രംഗപ്രവേശവും കാര്യങ്ങള്‍ കൂടുതല്‍ ചടുലമാക്കി. അതായത്, ആഗോളീകരണത്തിന്റെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെയും വിപുലനത്തോടൊപ്പം വളര്‍ന്നുവന്ന പുതിയ തലമുറ, പഴയ ചുവപ്പുനാട വികസനത്തിലും സര്‍ക്കാര്‍ വിലാസം മന്ദഗതി സര്‍വീസിലും അമര്‍ഷമുള്ളവരായിരുന്നു. വിദ്യാഭ്യാസമ്പന്നരായ ആ തലമുറയോട് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല പഴയ ഫ്യൂഡല്‍ മൂല്യങ്ങളുമായി ഫയലുകള്‍ താങ്ങി കഴിഞ്ഞിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈ തലമുറയെ അവഗണിച്ച് മുന്നോട്ട് പോവാന്‍ പറ്റാത്ത നിലയിലായി. വിദ്യാഭ്യാസ വളര്‍ച്ച, ഗള്‍ഫ്- ഐ.ടി മേഖലകളിലൂടെ വന്ന സാമ്പത്തിക ഉണര്‍വുകള്‍, സ്ത്രീകളുടെ മുന്നേറ്റം, പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിലും അഭിരുചികളിലും വന്ന മാറ്റം, സാങ്കേതികവിദ്യയുടെ ജനകീയവത്കരണം, മാധ്യമങ്ങളുടെ കൂടുതല്‍ പ്രാദേശികമായ ഇടപെടലുകള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. നമ്മുടെ പഞ്ചായത്തുകളെ രൂപപ്പെടുത്തുന്നതില്‍ ഈ ഘടകങ്ങളെല്ലാം വിവിധ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സാമ്പത്തിക-സാമൂഹിക സാഹചര്യത്തിലാണ് ജനകീയാസൂത്രണം പോലെയുള്ള പ്രസ്ഥാനങ്ങള്‍ വമ്പിച്ച പ്രതീക്ഷകള്‍ ജനിപ്പിക്കുകയും സാമൂഹിക ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രതീതിയുളവാക്കുകയും ചെയ്തത്.
എന്നാല്‍ ഈ പ്രവേഗ ശക്തിയെ വേണ്ടവിധം ഉപയോഗപ്പെടുത്താനും കൂടുതല്‍ തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനക്കുറവാണ് അതില്‍ പ്രധാനപ്പെട്ടൊരു കാരണം. പുതിയ തലമുറയെ ഉള്‍ക്കൊള്ളാനും പുതുകാല യാഥാര്‍ഥ്യങ്ങളോട് സംവദിച്ച് മുന്നോട്ട് പോവാനും പറ്റുന്ന നേതൃത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമുണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വ്യത്യസ്ത തൊഴില്‍, വ്യാവസായിക, സേവന സംരംഭങ്ങളില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന മലയാളികളായ ചെറുപ്പക്കാരുടെ വലിയൊരു നിര നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവരുടെ ആ കഴിവുകള്‍ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്തി, വികസന പ്രക്രിയയില്‍ ഇഴചേര്‍ക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പ്രതിഭകളുടെ കൂട്ടപലായനത്തിന്റെ ദേശമായി നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ മാറി. പ്രതിഭാ ദാരിദ്യ്രം കൊണ്ട് സമ്പന്നരായ ആളുകള്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായി വിലസി.
അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മനുഷ്യവിഭവശേഷിയും അനുഗ്രഹീതമായ കാലാവസ്ഥയും ഫലഭൂയിഷ്ടമായ ഭൂമിയും വെള്ളത്തിന്റെ സാര്‍വത്രിക സാന്നിധ്യവുമുള്ള ഒരു സംസ്ഥാനത്തിന് പക്ഷേ, വികസന രംഗത്ത് അതിനനുപാതമായി മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഉല്‍പാദന രംഗം സമ്പൂര്‍ണമായി മുരടിക്കുകയും ഉപഭോഗവും അനുബന്ധ സേവനപ്രവര്‍ത്തനങ്ങളും മാത്രം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നെടുംതൂണാവുകയും ചെയ്തു. 'ദൈവത്തിന്റെ സ്വന്തം ഷോപ്പിംഗ് മാള്‍' എന്ന് വേണമെങ്കില്‍ സംസ്ഥാനത്തെ വിളിക്കാവുന്ന അവസ്ഥയാണിന്ന്. ആളുകള്‍ ഷോപ്പിംഗ് നടത്തുന്നു, ഉപഭോഗം വര്‍ധിക്കുന്നു എന്നതൊക്കെ അപകടകരമായ പ്രവണതകളാണ് എന്ന പതിവ് സദാചാര വിലാപമല്ല ഇവിടെ ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വ്യാപനം തീര്‍ച്ചയായും സാമ്പത്തികമായ ഉണര്‍വിന്റെ ലക്ഷണങ്ങളിലൊന്ന് തന്നെയാണ്. പക്ഷേ, ഈ ഉപഭോഗത്തിന് ഉപയോഗിക്കുന്ന പണം എവിടെ നിന്ന് വരുന്നു, നമ്മുടെ ഉല്‍പാദന പ്രക്രിയക്ക് ആ പണം രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുണ്ട്, ആ പണം എങ്ങോട്ടൊഴുകുന്നു തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് അത്യന്തം ലോലമായ ഒരു 'കുമിള' സാമ്പത്തിക വ്യവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് നമുക്ക് മനസ്സിലാവുക. കുറെ കാലം കഴിഞ്ഞാല്‍ നികുതിയടക്കാന്‍ പ്രയാസപ്പെടുന്ന, നികുതിയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിച്ചു കളയാന്‍ ബുദ്ധിമുട്ടുന്ന കുറെ കെട്ടിടങ്ങള്‍ മാത്രമാണോ പ്രതിഭാധനരായ നമ്മുടെ ചെറുപ്പക്കാര്‍ ഇത്രയും അധ്വാനിച്ച് നാടിന് നേടിക്കൊടുത്തതെന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. നാടിന്റെ ഉല്‍പാദന-സേവന-സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മകോശങ്ങളെ ചടുല സജീവമാക്കുന്നതില്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ അപകടകരമായ രീതിയില്‍ പരാജയപ്പെട്ടു. ഇങ്ങനെ സജീവമാക്കുന്നതില്‍ ഏറ്റവും സൂക്ഷ്മതല പങ്കുവഹിക്കാന്‍ കഴിയുക പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കായിരുന്നു.
അസഹ്യമായ രാഷ്ട്രീയവത്കരണം തന്നെയാണ് പഞ്ചായത്ത് സ്ഥാപനങ്ങളെ ഈ വിധം ഊഷരഭൂമിയാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കുന്ന ഏര്‍പ്പാട് ആന്ധ്രാപ്രദേശില്‍ ഇല്ലത്രെ. പ്രാദേശിക ഭരണത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം. ഈ സന്ദേശത്തിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ദൌര്‍ഭാഗ്യവശാല്‍ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ ഗ്രാമ പഞ്ചായത്തുകളില്‍ ഏതെങ്കിലും രാഷ്ട്രീയ മുന്നണി പലപ്പോഴും അധികാരത്തില്‍ എത്താറുള്ളത്. ഇവര്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങളും കൂറുമാറ്റവും മുന്നണി മാറ്റവും പലപ്പോഴും പഞ്ചായത്ത് ഭരണത്തെ നിഷ്ക്രിയമാക്കാറുണ്ട്. രാഷ്ട്രീയ താല്‍പര്യവും അടുത്ത തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും മറ്റും നോക്കിക്കൊണ്ട് മാത്രം വികസനത്തിന്റെ വിതരണം നടക്കുന്നു. സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോഴും രാഷ്ട്രീയത്തിന് തന്നെയാണ് എപ്പോഴും പ്രാമുഖ്യവും പ്രാധാന്യവും.
നാടിന്റെ തീരാശാപമായ അഴിമതി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ ആന്തരികമായി തകര്‍ക്കുന്ന ഏറ്റവും വലിയ വിപത്ത്. കോടിക്കണക്കിന് രൂപയാണ് പ്രാദേശിക വികസനത്തിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് വര്‍ഷവും വരുന്നത്. ശാസ്ത്രീയമായും, ഭാവനയോടെയും അഴിമതി രഹിതമായും ചെലവഴിക്കപ്പെട്ടിരുന്നെങ്കില്‍ ഗ്രാമീണ തലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതായിരുന്നു ഇത്. എന്നാല്‍ അധികാരത്തിന്റെ വികേന്ദ്രീകരണത്തോടു കൂടി അഴിമതിയുടെ വികേന്ദ്രീകരണമാണ് യഥാര്‍ഥത്തില്‍ നടന്നത്. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ മടങ്ങ് തുകക്ക് കരാറുകള്‍ നല്‍കുക; അതില്‍ നിന്ന് കമീഷന്‍ പറ്റുക എന്നതാണ് പഞ്ചായത്തുകളില്‍ സംഭവിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ, പ്രതിപക്ഷ ഭേദമന്യേ ഈ കമീഷന്‍ പങ്കുവെക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അതിനാല്‍ തന്നെ കാര്യമായ ജനശ്രദ്ധയും പ്രതിഷേധങ്ങളുമില്ലാതെയാണ് അഴിമതിയുടെ ഈ വികേന്ദ്രീകൃതാസൂത്രണം മുന്നേറുന്നത്.
ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും അനിവാര്യമായും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെന്തൊക്കെ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ, അതിനു വേണ്ടി എത്ര തുക പാസ്സാക്കിയെടുത്തു, എത്ര ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ അതത് പഞ്ചായത്തിലുള്ളവര്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അഴിമതിയുടെ തദ്ദേശ പര്‍വം അതിന്റെ വിശ്വരൂപത്തില്‍ വന്നു നില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും.
നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി പങ്കുവഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷിയെ ഇസ്ലാമിക പ്രസ്ഥാനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വളരെ മുമ്പ് തന്നെ പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാനും ഇസ്ലാമിക പ്രസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. ഈ കാഴ്ചപ്പാടുകളില്‍ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും ജാതി മത ഭേദമന്യെ കൂട്ടിയിണക്കി പ്രാദേശിക ജനകീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തെങ്ങും രൂപപ്പെട്ടു കഴിഞ്ഞു. നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ ഈ ജനകീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞതായാണ് അനുഭവം. അഴിമതിയില്‍ ഐക്യമുന്നണിയായ ഇരുമുന്നണികളും ഈ പുതിയ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനകീയ മുന്നണികള്‍ ശക്തമായ പല സ്ഥലങ്ങളിലും ഇടതും വലതും യോജിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അവസ്ഥ ഉണ്ടാവുന്നത് അതുകൊണ്ടാണ്.
ജനസേവന രംഗത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സമയ നിഷ്ഠയോടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തതിന്റെ വലിയ അനുഭവ പാരമ്പര്യം ഇസ്ലാമിക പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ഭരണകൂടത്തിന്റെയോ പിന്തുണയോടെയല്ല, പ്രസ്ഥാനം ബൃഹത്തായ ഈ പ്രവര്‍ത്തനങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ട് പോയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പങ്കാളിത്തം ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുമെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നു. 'ജനസേവനം ദൈവാരാധന' എന്നു വിശ്വസിക്കുന്ന സംഘം ജനസേവനത്തിന്റ ഏറ്റവും പ്രധാനപ്പെട്ട വേദിയായ പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.
എല്ലാറ്റലുമപരി, ഇടതു-വലതു മുന്നണികള്‍ പങ്കുവെച്ച് നശിപ്പിച്ച മനോഹരമായ ഈ സംസ്ഥാനത്തെ വീണ്ടെടുക്കാനുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് രൂപപ്പെടേണ്ടത്. ആകര്‍ഷകമായ മുദ്രാവാക്യങ്ങളും ആരവങ്ങളും ഉയര്‍ത്തിയതു കൊണ്ട് മാത്രം അത്തരമൊരു പ്രസ്ഥാനം രൂപപ്പെടുകയില്ല. അടിത്തട്ടില്‍ ജനങ്ങളെ സംഘടിപ്പിച്ചും ജനങ്ങളുടെയും നാടിന്റെയും വികസന പ്രക്രിയയില്‍ ഇടപെട്ടും കൊണ്ട് മാത്രമേ അത്തരമൊരു പ്രസ്ഥാനത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. അത്തരമൊരു മഹത്തായ മുന്നേറ്റത്തിലേക്കുള്ള ചുവടുവെപ്പുകള്‍ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയ രൂപപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ഈ സംഘങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
പ്രാദേശിക തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് ജനകീയ വികസന മുന്നണി പുറത്തിറക്കിയ ലഘുലേഖയില്‍ 2009-'10 വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പദ്ധതി വിഹിതം/ ചെലവാക്കിയ തുക എന്നിവയെക്കുറിച്ച ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷനില്‍ അപേക്ഷ നല്‍കി കൈപ്പറ്റിയ കണക്കുകളാണ് പ്രസ്തുത പട്ടികയിലുള്ളത്. അതു പ്രകാരം, ഉല്‍പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖല, മേഖല രഹിതം എന്നീ ഇനങ്ങളിലായി 50406506 രൂപയാണ് പ്രസ്തുത വര്‍ഷം പഞ്ചായത്തിന് വകയിരുത്തിയത്. ഇതില്‍ ചെലവഴിച്ച തുകയാകട്ടെ, വെറും 13682040 രൂപ മാത്രം. അതായത്, മൊത്തം തുകയുടെ 27.14 ശതമാനം. വിവിധ പദ്ധതികള്‍ക്കായാണ് ഈ തുക ചെലഴിച്ചത്. ഇത്തരം ചില പദ്ധതികളുടെ സാമ്പിളുകളും പ്രസ്തുത ലഘുലേഖയില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. ഒരു ഉദാഹരണം: പഞ്ചായത്തിലെ നായാടിക്കുന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി 2008-'09 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപയും 2009-'10ല്‍ രണ്ട് ഘട്ടമായി 26.5 ലക്ഷം രൂപയും (മൊത്തം 46.5 ലക്ഷം) വകയിരുത്തിയെങ്കിലും 1498515 രൂപ മാത്രമാണ് ചെലവഴിച്ചത്. ഏതാണ്ട് 15 ലക്ഷം രൂപ ചെലവായ ഈ മഹദ് പദ്ധതി കാണാന്‍ പോകുന്നവര്‍ അന്തം വിടും. നെല്ലിപ്പുഴയുടെ തീരത്ത് മുക്കണ്ണം പാലത്തിനു താഴെ ഒരു കൊച്ചു കിണര്‍. 46.5 ലക്ഷം രൂപ വകയിരുത്തുകയും 15 ലക്ഷം ചെലവഴിക്കുകയും ചെയ്ത ഒരു പദ്ധതിയുടെ നേര്‍ക്കോലമാണിത്. നമ്മുടെ തദ്ദേശ സ്ഥാപനങ്ങളില്‍ എന്തു നടക്കുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് മണ്ണാര്‍ക്കാട് പഞ്ചായത്ത് ജനകീയ മുന്നണിയുടെ ലഘുലേഖയില്‍ കാണുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട പഞ്ചായത്ത് സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയാന്‍ ഇത്തരം ഒട്ടേറെ കണക്കുകള്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന് നമുക്ക് ലഭിക്കും.
വലിയ സ്വപ്നങ്ങളുമായാണ് നാം പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതും ജനകീയാസൂത്രണം നടപ്പിലാക്കിയതും. ഗാന്ധിജിയുടെ മഹത്തായ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നത്തിന്റെ പ്രായോഗിക ആവിഷ്കാരമായി അത് അവതരിക്കപ്പെട്ടു. തുടക്കത്തില്‍ ഗ്രാമീണ, പ്രാദേശിക തലങ്ങളില്‍ ചില ഉണര്‍വുകളും പ്രതീക്ഷകളും നല്‍കാനും ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്കും ജനകീയാസൂത്രണത്തിനുമൊക്കെ കഴിയുകയും ചെയ്തിരുന്നു. നേരത്തെ തിരുവനന്തപുരത്ത് നിന്ന് മാത്രം തീരുമാനിക്കപ്പെട്ടിരുന്ന കാര്യങ്ങളില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ചില റോളുകളുണ്ട് എന്ന തിരിച്ചറിവ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും ജനപങ്കാളിത്തവും വര്‍ധിപ്പിച്ചു. സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കൃഷി ഭവനുകള്‍ തുടങ്ങി ആര്‍ക്കും യാതൊരു ഉത്തരവാദിത്വവുമില്ലാതെ 'ഭാര്‍ഗവീ നിലയങ്ങള്‍' കണക്കെ നിലനിന്നിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചില ഇളക്കങ്ങള്‍ വന്നു തുടങ്ങി. 'ആപ്പീസര്‍'മാരുടെ ദൈവിക പരിവേഷത്തിന് മേല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ഉണര്‍വിനോടൊപ്പം തന്നെ, പുതിയൊരു തലമുറയുടെ രംഗപ്രവേശവും കാര്യങ്ങള്‍ കൂടുതല്‍ ചടുലമാക്കി. അതായത്, ആഗോളീകരണത്തിന്റെയും പുത്തന്‍ സാങ്കേതിക വിദ്യകളുടെയും വിപുലനത്തോടൊപ്പം വളര്‍ന്നുവന്ന പുതിയ തലമുറ, പഴയ ചുവപ്പുനാട വികസനത്തിലും സര്‍ക്കാര്‍ വിലാസം മന്ദഗതി സര്‍വീസിലും അമര്‍ഷമുള്ളവരായിരുന്നു. വിദ്യാഭ്യാസമ്പന്നരായ ആ തലമുറയോട് തര്‍ക്കിച്ചു നില്‍ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല പഴയ ഫ്യൂഡല്‍ മൂല്യങ്ങളുമായി ഫയലുകള്‍ താങ്ങി കഴിഞ്ഞിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ഈ തലമുറയെ അവഗണിച്ച് മുന്നോട്ട് പോവാന്‍ പറ്റാത്ത നിലയിലായി. വിദ്യാഭ്യാസ വളര്‍ച്ച, ഗള്‍ഫ്- ഐ.ടി മേഖലകളിലൂടെ വന്ന സാമ്പത്തിക ഉണര്‍വുകള്‍, സ്ത്രീകളുടെ മുന്നേറ്റം, പുതിയ തലമുറയുടെ കാഴ്ചപ്പാടുകളിലും അഭിരുചികളിലും വന്ന മാറ്റം, സാങ്കേതികവിദ്യയുടെ ജനകീയവത്കരണം, മാധ്യമങ്ങളുടെ കൂടുതല്‍ പ്രാദേശികമായ ഇടപെടലുകള്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രത്യേക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. നമ്മുടെ പഞ്ചായത്തുകളെ രൂപപ്പെടുത്തുന്നതില്‍ ഈ ഘടകങ്ങളെല്ലാം വിവിധ അളവില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രത്യേക സാമ്പത്തിക-സാമൂഹിക സാഹചര്യത്തിലാണ് ജനകീയാസൂത്രണം പോലെയുള്ള പ്രസ്ഥാനങ്ങള്‍ വമ്പിച്ച പ്രതീക്ഷകള്‍ ജനിപ്പിക്കുകയും സാമൂഹിക ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പ്രതീതിയുളവാക്കുകയും ചെയ്തത്.
എന്നാല്‍ ഈ പ്രവേഗ ശക്തിയെ വേണ്ടവിധം ഉപയോഗപ്പെടുത്താനും കൂടുതല്‍ തീവ്രമായി മുന്നോട്ട് കൊണ്ടുപോകാനും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനക്കുറവാണ് അതില്‍ പ്രധാനപ്പെട്ടൊരു കാരണം. പുതിയ തലമുറയെ ഉള്‍ക്കൊള്ളാനും പുതുകാല യാഥാര്‍ഥ്യങ്ങളോട് സംവദിച്ച് മുന്നോട്ട് പോവാനും പറ്റുന്ന നേതൃത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമുണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വ്യത്യസ്ത തൊഴില്‍, വ്യാവസായിക, സേവന സംരംഭങ്ങളില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുന്ന മലയാളികളായ ചെറുപ്പക്കാരുടെ വലിയൊരു നിര നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അവരുടെ ആ കഴിവുകള്‍ നമ്മുടെ നാട്ടില്‍ തന്നെ പിടിച്ചു നിര്‍ത്തി, വികസന പ്രക്രിയയില്‍ ഇഴചേര്‍ക്കുന്നതില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു. പ്രതിഭകളുടെ കൂട്ടപലായനത്തിന്റെ ദേശമായി നമ്മുടെ നാട്ടിന്‍ പുറങ്ങള്‍ മാറി. പ്രതിഭാ ദാരിദ്യ്രം കൊണ്ട് സമ്പന്നരായ ആളുകള്‍ നാട്ടിലെ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായി വിലസി.
അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മനുഷ്യവിഭവശേഷിയും അനുഗ്രഹീതമായ കാലാവസ്ഥയും ഫലഭൂയിഷ്ടമായ ഭൂമിയും വെള്ളത്തിന്റെ സാര്‍വത്രിക സാന്നിധ്യവുമുള്ള ഒരു സംസ്ഥാനത്തിന് പക്ഷേ, വികസന രംഗത്ത് അതിനനുപാതമായി മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഉല്‍പാദന രംഗം സമ്പൂര്‍ണമായി മുരടിക്കുകയും ഉപഭോഗവും അനുബന്ധ സേവനപ്രവര്‍ത്തനങ്ങളും മാത്രം സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ നെടുംതൂണാവുകയും ചെയ്തു. 'ദൈവത്തിന്റെ സ്വന്തം ഷോപ്പിംഗ് മാള്‍' എന്ന് വേണമെങ്കില്‍ സംസ്ഥാനത്തെ വിളിക്കാവുന്ന അവസ്ഥയാണിന്ന്. ആളുകള്‍ ഷോപ്പിംഗ് നടത്തുന്നു, ഉപഭോഗം വര്‍ധിക്കുന്നു എന്നതൊക്കെ അപകടകരമായ പ്രവണതകളാണ് എന്ന പതിവ് സദാചാര വിലാപമല്ല ഇവിടെ ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വ്യാപനം തീര്‍ച്ചയായും സാമ്പത്തികമായ ഉണര്‍വിന്റെ ലക്ഷണങ്ങളിലൊന്ന് തന്നെയാണ്. പക്ഷേ, ഈ ഉപഭോഗത്തിന് ഉപയോഗിക്കുന്ന പണം എവിടെ നിന്ന് വരുന്നു, നമ്മുടെ ഉല്‍പാദന പ്രക്രിയക്ക് ആ പണം രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുണ്ട്, ആ പണം എങ്ങോട്ടൊഴുകുന്നു തുടങ്ങിയ കാര്യങ്ങള്‍ ആലോചിക്കുമ്പോഴാണ് അത്യന്തം ലോലമായ ഒരു 'കുമിള' സാമ്പത്തിക വ്യവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നതെന്ന് നമുക്ക് മനസ്സിലാവുക. കുറെ കാലം കഴിഞ്ഞാല്‍ നികുതിയടക്കാന്‍ പ്രയാസപ്പെടുന്ന, നികുതിയടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊളിച്ചു കളയാന്‍ ബുദ്ധിമുട്ടുന്ന കുറെ കെട്ടിടങ്ങള്‍ മാത്രമാണോ പ്രതിഭാധനരായ നമ്മുടെ ചെറുപ്പക്കാര്‍ ഇത്രയും അധ്വാനിച്ച് നാടിന് നേടിക്കൊടുത്തതെന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. നാടിന്റെ ഉല്‍പാദന-സേവന-സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മകോശങ്ങളെ ചടുല സജീവമാക്കുന്നതില്‍ രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ അപകടകരമായ രീതിയില്‍ പരാജയപ്പെട്ടു. ഇങ്ങനെ സജീവമാക്കുന്നതില്‍ ഏറ്റവും സൂക്ഷ്മതല പങ്കുവഹിക്കാന്‍ കഴിയുക പഞ്ചായത്ത് സ്ഥാപനങ്ങള്‍ക്കായിരുന്നു.
അസഹ്യമായ രാഷ്ട്രീയവത്കരണം തന്നെയാണ് പഞ്ചായത്ത് സ്ഥാപനങ്ങളെ ഈ വിധം ഊഷരഭൂമിയാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നം അനുവദിക്കുന്ന ഏര്‍പ്പാട് ആന്ധ്രാപ്രദേശില്‍ ഇല്ലത്രെ. പ്രാദേശിക ഭരണത്തില്‍ രാഷ്ട്രീയത്തിന് പ്രസക്തിയില്ല എന്നതാണ് ഇത് നല്‍കുന്ന സന്ദേശം. ഈ സന്ദേശത്തിന്റെ സാരം ഉള്‍ക്കൊള്ളാന്‍ ദൌര്‍ഭാഗ്യവശാല്‍ നമുക്കിതുവരെയും കഴിഞ്ഞിട്ടില്ല. ചെറിയ ഭൂരിപക്ഷത്തിനാണ് നമ്മുടെ ഗ്രാമ പഞ്ചായത്തുകളില്‍ ഏതെങ്കിലും രാഷ്ട്രീയ മുന്നണി പലപ്പോഴും അധികാരത്തില്‍ എത്താറുള്ളത്. ഇവര്‍ക്കിടയിലെ അധികാരത്തര്‍ക്കങ്ങളും കൂറുമാറ്റവും മുന്നണി മാറ്റവും പലപ്പോഴും പഞ്ചായത്ത് ഭരണത്തെ നിഷ്ക്രിയമാക്കാറുണ്ട്. രാഷ്ട്രീയ താല്‍പര്യവും അടുത്ത തെരഞ്ഞെടുപ്പിലെ വിജയ സാധ്യതയും മറ്റും നോക്കിക്കൊണ്ട് മാത്രം വികസനത്തിന്റെ വിതരണം നടക്കുന്നു. സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോഴും രാഷ്ട്രീയത്തിന് തന്നെയാണ് എപ്പോഴും പ്രാമുഖ്യവും പ്രാധാന്യവും.
നാടിന്റെ തീരാശാപമായ അഴിമതി തന്നെയാണ് തദ്ദേശ സ്ഥാപനങ്ങളെ ആന്തരികമായി തകര്‍ക്കുന്ന ഏറ്റവും വലിയ വിപത്ത്. കോടിക്കണക്കിന് രൂപയാണ് പ്രാദേശിക വികസനത്തിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങളിലേക്ക് വര്‍ഷവും വരുന്നത്. ശാസ്ത്രീയമായും, ഭാവനയോടെയും അഴിമതി രഹിതമായും ചെലവഴിക്കപ്പെട്ടിരുന്നെങ്കില്‍ ഗ്രാമീണ തലങ്ങളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതായിരുന്നു ഇത്. എന്നാല്‍ അധികാരത്തിന്റെ വികേന്ദ്രീകരണത്തോടു കൂടി അഴിമതിയുടെ വികേന്ദ്രീകരണമാണ് യഥാര്‍ഥത്തില്‍ നടന്നത്. പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ മടങ്ങ് തുകക്ക് കരാറുകള്‍ നല്‍കുക; അതില്‍ നിന്ന് കമീഷന്‍ പറ്റുക എന്നതാണ് പഞ്ചായത്തുകളില്‍ സംഭവിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ, പ്രതിപക്ഷ ഭേദമന്യേ ഈ കമീഷന്‍ പങ്കുവെക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. അതിനാല്‍ തന്നെ കാര്യമായ ജനശ്രദ്ധയും പ്രതിഷേധങ്ങളുമില്ലാതെയാണ് അഴിമതിയുടെ ഈ വികേന്ദ്രീകൃതാസൂത്രണം മുന്നേറുന്നത്.
ഓരോ പഞ്ചായത്തിലും ഓരോ വാര്‍ഡിലും അനിവാര്യമായും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെന്തൊക്കെ, പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെ, അതിനു വേണ്ടി എത്ര തുക പാസ്സാക്കിയെടുത്തു, എത്ര ചെലവഴിച്ചു തുടങ്ങിയ വിവരങ്ങള്‍ അതത് പഞ്ചായത്തിലുള്ളവര്‍ ശേഖരിക്കുന്നത് നന്നായിരിക്കും. അഴിമതിയുടെ തദ്ദേശ പര്‍വം അതിന്റെ വിശ്വരൂപത്തില്‍ വന്നു നില്‍ക്കുന്നത് നമുക്ക് കാണാന്‍ കഴിയും.
നാടിന്റെ വികസനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി പങ്കുവഹിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷിയെ ഇസ്ലാമിക പ്രസ്ഥാനം നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള നിര്‍ദേശം വളരെ മുമ്പ് തന്നെ പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാനും ഇസ്ലാമിക പ്രസ്ഥാനം ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. സന്തുലിത വികസനം, അഴിമതി രഹിത ഭരണം, വികസന പ്രവര്‍ത്തനങ്ങളിലെ ജനകീയ പങ്കാളിത്തം, സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണം, മദ്യം, ലഹരി തുടങ്ങിയ സാമൂഹിക തിന്മകളുടെ വിപാടനം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് വെക്കുന്നത്. ഈ കാഴ്ചപ്പാടുകളില്‍ ഐക്യപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും ജാതി മത ഭേദമന്യെ കൂട്ടിയിണക്കി പ്രാദേശിക ജനകീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തെങ്ങും രൂപപ്പെട്ടു കഴിഞ്ഞു. നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഉള്ളടക്കം തീരുമാനിക്കുന്നതില്‍ ഈ ജനകീയ സംഘടനകള്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞതായാണ് അനുഭവം. അഴിമതിയില്‍ ഐക്യമുന്നണിയായ ഇരുമുന്നണികളും ഈ പുതിയ സാന്നിധ്യത്തെ ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ജനകീയ മുന്നണികള്‍ ശക്തമായ പല സ്ഥലങ്ങളിലും ഇടതും വലതും യോജിച്ച് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അവസ്ഥ ഉണ്ടാവുന്നത് അതുകൊണ്ടാണ്.
ജനസേവന രംഗത്ത് വ്യവസ്ഥാപിതമായും ശാസ്ത്രീയമായും സമയ നിഷ്ഠയോടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തതിന്റെ വലിയ അനുഭവ പാരമ്പര്യം ഇസ്ലാമിക പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ ഭരണകൂടത്തിന്റെയോ പിന്തുണയോടെയല്ല, പ്രസ്ഥാനം ബൃഹത്തായ ഈ പ്രവര്‍ത്തനങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ട് പോയത്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ പങ്കാളിത്തം ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവാന്‍ സഹായിക്കുമെന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നു. 'ജനസേവനം ദൈവാരാധന' എന്നു വിശ്വസിക്കുന്ന സംഘം ജനസേവനത്തിന്റ ഏറ്റവും പ്രധാനപ്പെട്ട വേദിയായ പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യും.
എല്ലാറ്റലുമപരി, ഇടതു-വലതു മുന്നണികള്‍ പങ്കുവെച്ച് നശിപ്പിച്ച മനോഹരമായ ഈ സംസ്ഥാനത്തെ വീണ്ടെടുക്കാനുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണ് രൂപപ്പെടേണ്ടത്. ആകര്‍ഷകമായ മുദ്രാവാക്യങ്ങളും ആരവങ്ങളും ഉയര്‍ത്തിയതു കൊണ്ട് മാത്രം അത്തരമൊരു പ്രസ്ഥാനം രൂപപ്പെടുകയില്ല. അടിത്തട്ടില്‍ ജനങ്ങളെ സംഘടിപ്പിച്ചും ജനങ്ങളുടെയും നാടിന്റെയും വികസന പ്രക്രിയയില്‍ ഇടപെട്ടും കൊണ്ട് മാത്രമേ അത്തരമൊരു പ്രസ്ഥാനത്തെ രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. അത്തരമൊരു മഹത്തായ മുന്നേറ്റത്തിലേക്കുള്ള ചുവടുവെപ്പുകള്‍ കൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകള്‍. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയ രൂപപ്പെടുത്തുന്നതില്‍ തീര്‍ച്ചയായും ഈ സംഘങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
പ്രതിഛായ തകര്‍ത്ത് യു.പി.എ തിരിച്ചുവരവ് കൊതിച്ച് എന്‍.ഡി.എ
യു.പി.എ സര്‍ക്കാര്‍ ഭരണത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോള്‍ ഒട്ടും മെച്ചപ്പെട്ടതല്ല പ്രതിഛായ. ഇതേ പ്രദര്‍ശനമാണ് തുടരുന്നതെങ്കില്‍ എന്‍.ഡി.എക്ക് ഒരവസരം കൂടി ലഭിക്കുകയാവും ഫലം. സംശുദ്ധിയുടെ കാര്യത്തില്‍ പോസിറ്റീവായി ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കില്ലെങ്കിലും രണ്ട് തിന്മകള്‍ക്കിടയില്‍ ഒന്നിനെ തെരഞ്ഞെടുക്കാനുള്ള 'സൗഭാഗ്യ'മേ ഇന്ത്യന്‍ ജനതക്ക് വിധിച്ചിട്ടുള്ളൂ എന്നതുകൊണ്ട് പാഠം പഠിപ്പിക്കാനുള്ള വ്യഗ്രതയില്‍ മറ്റൊന്നും അവര്‍ ചിന്തിച്ചില്ലെന്ന് വരാം. മുസ്‌ലിം തീവ്രവാദവും മാവോയിസ്റ്റ് ഭീകരതയുമാണ് രാജ്യം നേരിടുന്ന മുഖ്യ ഭീഷണികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെന്ന വിലയിരുത്തലിന് മാറ്റം സംഭവിക്കുകയും അഴിമതി തല്‍സ്ഥാനം കൈയടക്കുകയും ചെയ്തതാണ് മന്‍മോഹന്‍ സര്‍ക്കാറിനെ തളര്‍ത്തിയിരിക്കുന്നത്. ഒന്നേ മുക്കാല്‍ ലക്ഷം കോടിയുടെ 2ജി സ്‌പെക്ട്രം വെട്ടിപ്പ്, 70000 കോടിയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് തിരിമറി, 30000 കോടിയുടെ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി എന്നീ ആരോപണങ്ങളൊന്നും അടിസ്ഥാന രഹിതമല്ലെന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ മതിയായ കാരണങ്ങള്‍ നിലനില്‍ക്കെ, കല്‍ക്കരി മേഖലയില്‍ 85000 കോടിയുടെ അഴിമതി നടന്നെന്ന ബി.ജെ.പിയുടെ പുതിയ ആരോപണവും മുഖവിലക്കെടുക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. പ്രമാദമായ ഈ അധികാര ദുര്‍വിനിയോഗത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം മുഖം കുത്തി വീണത് ശ്രദ്ധേയമായ ചൂണ്ടുപലകയാണ്. കേരളത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം പ്രതീക്ഷിച്ച യു.ഡി.എഫിന്റെ പ്രദര്‍ശനം തീരെ നിറം കെട്ടതും അതില്‍ തന്നെ കോണ്‍ഗ്രസിന്റേത് തിരിച്ചടിയോളം മോശമായതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുതുച്ചേരിയിലും കോണ്‍ഗ്രസ് നിലം പരിശായി. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അഭൂതപൂര്‍വമായ വിജയം യു.പി.എയുടെ നേട്ടമെന്നതിനേക്കാള്‍ 34 വര്‍ഷമായി അധികാരക്കുത്തക തുടര്‍ന്ന സി.പി.എമ്മിനെതിരെ ജനരോഷം അണപൊട്ടി ഒഴുകിയതിന്റെ പരിണതഫലമാണ്. ആസാമില്‍ മാത്രമാണ് ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കോണ്‍ഗ്രസ്സിന് ആശ്വാസ വിജയം വരവില്‍ ചേര്‍ക്കാനായത്. ഈ സംസ്ഥാനങ്ങളിലൊന്നിലും ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാഹുല്‍ ഫാക്ടര്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നതും ചിന്താര്‍ഹമാണ്. വ്യക്തിപ്രഭാവം ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാസ്മരിക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് യുവ രാജകുമാരന്റെ ഗിമ്മിക്കുകള്‍ നിഷ്ഫലമായി ഭവിച്ചിരിക്കുന്നത്. അതിനിടെ കോണ്‍ഗ്രസിന് അഭിമാനകരമായ വിജയം നേടിക്കൊടുത്ത ആന്ധ്രയില്‍ വൈ.എസ്.ആറിന്റെ വിയോഗത്തിനു ശേഷം മകന്‍ ജഗന്‍ മോഹന്‍ ഉയര്‍ത്തുന്ന വെല്ലുവിളി കനത്തതാണ് എന്ന സന്ദേശമാണ് അദ്ദേഹവും മാതാവും ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ തകര്‍പ്പന്‍ വിജയം നല്‍കുന്നത്. കര്‍ണാടകയില്‍ അഴിമതിയില്‍ നീന്തിക്കുളിക്കുന്ന യദിയൂരപ്പ സര്‍ക്കാര്‍, പ്രതിപക്ഷ കക്ഷികളില്‍ നിന്ന് റാഞ്ചിയ എം.എല്‍.എമാരെ രാജിവെപ്പിച്ച് നടത്തിയ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്-ജനതാദള്‍(എസ്) പാര്‍ട്ടികള്‍ ഭീമമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
ചുരുക്കത്തില്‍ ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തകര്‍ച്ചയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്നതോടൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന ദല്‍ഹി, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഭരണകക്ഷിക്കനുകൂലമായ തരംഗമൊന്നും കാണാനില്ല. വിശിഷ്യാ, ദല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഗ്രാഫ് താഴോട്ടാണ്. ബീഹാറും ഒറീസയും പണ്ടേ പാര്‍ട്ടിയെ കൈവിട്ടു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് നവജീവന്‍ നല്‍കുന്നതില്‍ ബി.ജെ.പി വിജയിച്ചാല്‍ തമിഴ്‌നാട്ടിലെ ജയലളിതയും ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവും ബി.ജെ.പി പാളയത്തില്‍ ചേക്കേറുകയില്ലെന്നതിന് ഒരുറപ്പും ഇല്ല. എ.ഐ.ഡി.എം.കെ തലൈവി ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണം ലഭിച്ച ഏക മുഖ്യമന്ത്രി ഗുജറാത്തിലെ നരേന്ദ്രമോഡിയാണെന്നത് യാദൃഛികമാവില്ല. നോയ്ഡ കര്‍ഷക പ്രക്ഷോഭത്തെച്ചൊല്ലി കോണ്‍ഗ്രസ്സുമായി ഇടഞ്ഞുനില്‍ക്കുന്ന യു.പി മുഖ്യമന്ത്രി മായാവതി വീണ്ടും കാവിപാളയത്തില്‍ അഭയം തേടുന്നതും സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് വരാം.
കോണ്‍ഗ്രസ്സിന്റെയും കൂട്ടാളികളുടെയും ഗ്രാഫ് താഴുന്നത് യു.പി.എ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മന്‍മോഹന്‍ സിംഗ്-ചിദംബരം-അഹ്‌ലുവാലിയ ടീമിന്റെ സാമ്രാജ്യത്വ ദാസ്യവും തദനുസൃത നയങ്ങളും കൊണ്ടാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ജനപക്ഷ വികസനം, പ്രാന്തവത്കൃത വിഭാഗങ്ങളുടെ ഉന്നമനം, അതിഭീമമായ സാമ്പത്തിക ധ്രുവീകരണം കുറച്ചുകൊണ്ടുവരാനുള്ള ഗൗരവമാര്‍ന്ന നടപടികള്‍, രാക്ഷസീയമായി വളര്‍ന്ന കള്ളപ്പണ സാമ്രാജ്യത്തിന്റെ കഴുത്തിന് പിടിക്കാനുള്ള കൈയൂക്ക്, സര്‍വസ്വം വിഴുങ്ങുന്ന അഴിമതി തളക്കാനുള്ള നിശ്ചയദാര്‍ഢ്യം, സ്വതന്ത്ര വിദേശനയം- ഇതൊന്നും അവകാശപ്പെടാനില്ലാത്ത ഒരു വിനീത വിധേയ കൂട്ടായ്മക്ക് ഇനിയൊരവസരം ഇന്ത്യന്‍ ജനത നല്‍കുമെങ്കില്‍ അത്, മതേതര ജനാധിപത്യത്തെ ഗളഛേദം ചെയ്യാന്‍ ഉദ്യുക്തമാവുന്ന കാവിപ്പടയുടെ രണ്ടാം അരങ്ങേറ്റത്തെക്കുറിച്ച ഭീതി അതിന്റെ പാരമ്യതയില്‍ എത്തിയാല്‍ മാത്രമായിരിക്കും. അത്രത്തോളം പ്രതിബദ്ധത സെക്യുലര്‍ ഡമോക്രസിയോട് ഇന്ത്യന്‍ സമൂഹത്തിനുണ്ടാവും എന്ന ശുഭ പ്രതീക്ഷ അതിര് കവിഞ്ഞതാണ്.
ഇവിടെയാണ് ഇടതുപക്ഷത്തിന്റെ തകര്‍ച്ച സൃഷ്ടിക്കുന്ന ആപത്കരമായ വിടവും പ്രത്യാഘാതവും രാജ്യം തിരിച്ചറിയേണ്ടിവരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ആരംഭിച്ച ഇടതുപക്ഷത്തിന്റെ പതനം ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പൂര്‍ണമാവുകയായിരുന്നു. ഇനിയൊരിക്കലും വലതുപക്ഷം തിരിച്ചുവരികയില്ലെന്നുറപ്പിച്ച പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണ കുത്തകയാണ് മമതാ ബാനര്‍ജി എന്ന തീപ്പൊരി നായികയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ത്തെറിഞ്ഞിരിക്കുന്നത്. വ്യവസ്ഥാപിതവും സുസംഘടിതവുമായ രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ ഒരു വനിതക്ക് ചുറ്റും കറങ്ങുന്ന ആള്‍ക്കൂട്ടമാണ് ഈ പ്രാദേശിക പാര്‍ട്ടി. പക്ഷേ, സാധാരണ ജനങ്ങളുടെയും കര്‍ഷകരുടെയും ന്യൂനപക്ഷ സമുദായത്തിന്റെയും അധഃസ്ഥിത ആദിവാസി വര്‍ഗങ്ങളുടെയും നാഡിസ്പന്ദനങ്ങള്‍ ശരിക്കും മനസ്സിലാക്കി അവരുടെ ആവശ്യങ്ങളും വികാരങ്ങളും തനിക്കനുകൂലമാക്കാന്‍ കഴിഞ്ഞതാണ് മമതയുടെ വിജയ രഹസ്യം. ഈ കീഴാള വര്‍ഗമായിരുന്നു എക്കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂമിക എന്നോര്‍ക്കണം. പക്ഷേ, ബൂര്‍ഷ്വാ രാഷ്ട്രീയവുമായും സാമ്പത്തിക നയങ്ങളുമായും ചെങ്കൊടി രാജിയാവുകയും മാറ്റം ഇടത് ഭരണത്തില്‍ തികച്ചും പ്രതിഫലിക്കുകയും ചെയ്തപ്പോള്‍ നിരാശരും ക്ഷുഭിതരുമായ അടിസ്ഥാന വര്‍ഗം മാറി ചിന്തിച്ചു. ബംഗാളിലെ അഭൂതപൂര്‍വമായ തിരിച്ചടി സി.പി.എമ്മിനെയും ഇതര ഇടതു പാര്‍ട്ടികളെയും ഞെട്ടിച്ചിട്ടുണ്ട്. അവര്‍ കുമ്പസരിക്കുകയും തിരുത്താനും വീണ്ടെടുക്കാനുമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഫലപ്രാപ്തി പക്ഷേ, ചോദ്യചിഹ്നമാണ്. എന്നാല്‍, കേരളത്തില്‍ അപ്രതീക്ഷിതമായ ആശ്വാസമാണ് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സമ്മാനിച്ചിരിക്കുന്നത്. പ്രതീക്ഷിക്കപ്പെട്ട കനത്ത തിരിച്ചടിക്ക് പകരം വിജയത്തോളമെത്തിയ പരാജയത്തിന് അവര്‍ ഒന്നാമതായി കടപ്പെട്ടിരിക്കുന്നത് വി.എസ് അച്യുതാനന്ദന്റെ ഇടപെടലിനോടും കാമ്പയിനോടും തന്നെ. തൊട്ടു കാണിക്കാവുന്ന ഉദാഹരണങ്ങളുടെ പിന്‍ബലത്തില്‍ അഴിമതി വിരോധവും ധാര്‍മിക സംശുദ്ധിയും ആയുധമാക്കി വി.എസ് കാടിളക്കിയപ്പോള്‍ ജാതി സമുദായ സമവാക്യങ്ങള്‍ക്കതീതമായി ചിന്തിക്കുന്ന പ്രബുദ്ധ ഹൃദയങ്ങളെ അത് സ്പര്‍ശിച്ചു. കേവലം രണ്ട് സീറ്റുകളുടെ മികവില്‍ ഭരണം പിടിച്ചെടുത്ത യു.ഡി.എഫിന് ഒരു ശതമാനം വോട്ട് മാത്രമാണ് ഇടതുമുന്നണിയേക്കാള്‍ കൂടുതല്‍ നേടിയെടുക്കാനായത്. അതിനു തന്നെ മലപ്പുറം, കോട്ടയം ജില്ലകളിലെ മതന്യൂനപക്ഷ സമുദായങ്ങളുടെ ധ്രുവീകരണത്തോട് യു.ഡി.എഫ് കടപ്പെട്ടിരിക്കുന്നു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തമിഴ്‌നാട്ടില്‍ ജയലളിതയോടൊപ്പം നിന്നതിനാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒരല്‍പം സീറ്റുകള്‍ അധികം നേടാനായെങ്കിലും അത് സ്വന്തം ജനകീയാടിത്തറ വികസിച്ചതിന്റെ ലക്ഷണമായി എണ്ണിക്കൂടാ.
ദേശീയ കാഴ്ചപ്പാടില്‍ ഇന്ത്യയിലെ ഇടതുപക്ഷം വളരുകയല്ല, തളരുകയാണ് ചെയ്തിരിക്കുന്നത് എന്ന് ചുരുക്കം. ഇത് മറ്റാരേക്കാളും സന്തോഷിപ്പിക്കുക അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഇന്ത്യന്‍ ഫാഷിസത്തെയുമാണ്. ഇടതുപക്ഷം എക്കാലത്തും അവരുടെ കണ്ണിലെ കരടായിരുന്നല്ലോ. സ്വാഭാവികമായും ഇതേറ്റവും ദുഃഖിപ്പിക്കേണ്ടത് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ മതേതര സമൂഹത്തെയും മതന്യൂനപക്ഷങ്ങളെയുമാണ്. പക്ഷേ, സ്വയംകൃതാനര്‍ഥങ്ങളാണ് ഇടതുപക്ഷത്തെ പതനത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലും, കൂടുതല്‍ ഉദാരവും ജനാധിപത്യവത്കൃതവുമായ ഒരു ലിബറല്‍ ഇടതുപക്ഷത്തിനല്ലാതെ, പഴയ സ്റ്റാലിനിസ്റ്റ് പാര്‍ട്ടിക്ക് ഇനി പുനര്‍ജന്മം സാധ്യമല്ലെന്ന തിരിച്ചറിവും ഇടതുപക്ഷാഭിമുഖ്യമുള്ള പൊതുസമൂഹത്തെയും ന്യൂനപക്ഷങ്ങളെയും ചിന്താകുലരാക്കുന്നുണ്ട്. പ്രാദേശിക മതേതര പാര്‍ട്ടികളെയും ഇടതുപക്ഷത്തെയും അണിനിരത്തി ഒരു മൂന്നാം ബദലിനെ ക്കുറിച്ച ചിന്ത ഇടക്കൊക്കെ ശക്തമാവാറുണ്ടെങ്കിലും വ്യക്തികളുടെ തന്‍പോരിമയും സങ്കുചിത താല്‍പര്യങ്ങളും സ്ഥാനമാനങ്ങള്‍ക്കായുള്ള വിലപേശലും മൂന്നാം മുന്നണിയെ ഇതുവരെ യാഥാര്‍ഥ്യമാക്കിയിട്ടില്ല.
അനിശ്ചിതവും ഭാവി ചോദ്യചിഹ്നവുമായ ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അത്രയൊന്നും ആസൂത്രിതമോ സുചിന്തിതമോ അല്ലാത്ത അരങ്ങേറ്റത്തിന് വഴിയൊരുക്കുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവയുടെ സ്വാധീനവും അതിനാല്‍ ഗണ്യമായിത്തീരുന്നു. മത നിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറയില്‍, സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും ചൂഷണമുക്തിയും രാഷ്ട്രീയ സദാചാരവും ഉയര്‍ത്തിപ്പിടിക്കുന്ന, സാമ്രാജ്യത്വവിരുദ്ധവും ഫാഷിസ്റ്റ് വിരുദ്ധവുമായ ഒരു വിശാല രാഷ്ട്രീയ കൂട്ടായ്മയുടെ ആവശ്യകത മുമ്പെത്തേക്കാളും ബോധ്യപ്പെടുത്തുന്നതാണ് ചുരുക്കത്തില്‍ നിലവിലെ സാഹചര്യം.
സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ആശ്വാസവും ആശങ്കയും
സൈദ്ധാന്തികാടിത്തറയുള്ളത്, മൂല്യാധിഷ്ഠിതം, വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ അവകാശപ്പെടുന്ന ദേശീയ കക്ഷികളുടെ തളര്‍ച്ചയുടെ ലക്ഷണങ്ങളാണ് കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ബംഗാള്‍, ആസാം എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഫലങ്ങളില്‍ പ്രകടമാകുന്നത്. ആസാമില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് കോണ്‍ഗ്രസ്സിനു ലഭിച്ച പ്രസ്താവ്യമായ വിജയം. കേരളത്തില്‍ എല്‍.ഡി.എഫില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് മുന്നണിക്ക് കഴിഞ്ഞുവെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി ഇപ്പോഴും സി.പി.എം തന്നെയാണ്. കോണ്‍ഗ്രസ് മുന്നണിക്ക് ലഭിച്ച ഭൂരിപക്ഷമാകട്ടെ വളരെ നേരിയതും. സഖ്യകക്ഷികളുമായി ചേര്‍ന്ന് മത്സരിച്ചിട്ടും തമിഴ്‌നാട്ടില്‍ ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസിനായില്ല. ബംഗാളിലാവട്ടെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന വമ്പന്‍ പാര്‍ട്ടിയുടെ ജൂനിയര്‍ പാര്‍ട്ടണര്‍ മാത്രമാണ് കോണ്‍ഗ്രസ്. ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, പരാജയം നാണം കെട്ടതുമായി. കേരളത്തില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും പരാജയം നാണം കെട്ടതായിട്ടില്ല. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലായി നൂറോളം സീറ്റുകള്‍ അവര്‍ നേടിയിട്ടുണ്ട്. ദേശീയതലത്തില്‍ മുഖ്യ പ്രതിപക്ഷവും അടുത്ത ഊഴത്തില്‍ കേന്ദ്ര ഭരണം സ്വപ്നം കാണുന്നതുമായ ബി.ജെ.പിയുടെ അവസ്ഥയാണ് ഏറ്റവും ശോചനീയമായത്. 117 ലോക്‌സഭാ മണ്ഡലങ്ങളിലുള്‍പ്പെട്ട 1824 നിയമസഭാ മണ്ഡലങ്ങളില്‍ 800 എണ്ണത്തില്‍ മത്സരിച്ച ബി.ജെ.പിക്ക് ലഭിച്ചത് കേവലം അഞ്ച് സീറ്റുകള്‍ മാത്രം. ഈ അഞ്ചു സീറ്റും ആസാമിലാണ്. അതും നേരത്തെ പത്തു സീറ്റുണ്ടായിരുന്നത് നേര്‍ പകുതിയായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. അടുത്ത ദേശീയ തെരഞ്ഞെടുപ്പോടെ കേന്ദ്ര ഭരണം സ്വപ്നം കാണുന്ന പാര്‍ട്ടിക്ക് 117 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും ഉറച്ച സാന്നിധ്യം തെളിയിക്കാനായില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് അഞ്ചു സംസ്ഥാനങ്ങളുടെ മാത്രം കാര്യമല്ല. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത വേറെയും സംസ്ഥാനങ്ങളുണ്ട്. കേരള അസംബ്ലിയില്‍ ഇക്കുറി അക്കൗണ്ട് തുറന്നിട്ട് തന്നെ കാര്യം എന്ന മട്ടിലായിരുന്നു ദേശീയ നേതാക്കളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. നാലു മുതല്‍ പത്തു വരെ സീറ്റുകള്‍ കിട്ടുമെന്ന് അവകാശപ്പെടുകയും ചെയ്തു. പക്ഷേ, കേരള ജനത മാത്രമല്ല, തമിഴ്‌നാട്, പോണ്ടിച്ചേരി, ബംഗാള്‍ ജനതകളും ഒറ്റ ബി.ജെ.പിക്കാരനെയും അവരുടെ അസംബ്ലികളിലേക്കയച്ചില്ല. രണ്ടു വട്ടം ഇടക്കാലങ്ങളിലും ഒരഞ്ചു വര്‍ഷക്കാലം മുഴുവനായും കേന്ദ്രം ഭരിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. അത്തരം ഒരു പാര്‍ട്ടിക്ക് നിരവധി സംസ്ഥാന അസംബ്ലികളില്‍ സാന്നിധ്യമില്ലാതിരിക്കുക, ഉണ്ടാകുന്നിടത്ത് അതിന് ഈര്‍ക്കില്‍ പാര്‍ട്ടികളുടെ സഹായം അനിവാര്യമാവുക, ഇതൊക്കെ ആ പാര്‍ട്ടിയുടെ ഗതി എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനകളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥയും ശോചനയീമായിരിക്കുന്നു എന്നതിലാണ് ബി.ജെ.പി നേതൃത്വം ആശ്വാസം കണ്ടെത്തുന്നത്. ഈ സമാശ്വാസത്തില്‍ കാമ്പൊന്നുമില്ല. അടുത്ത തെരഞ്ഞെടുപ്പോടെ കേന്ദ്രം ഭരിക്കുമെന്ന് വീരസ്യം പറയുന്നില്ല കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ജനങ്ങള്‍ അങ്ങനെ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാന നിയമസഭകളിലും അവര്‍ക്ക് ഏറിയോ കുറഞ്ഞോ പ്രാതിനിധ്യമുണ്ട്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിലും നൂറോളം സീറ്റുകള്‍ അവര്‍ നേടിയിരിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഒരേസമയം ആശ്വാസത്തിനും ആശങ്കക്കും വക നല്‍കുന്നുണ്ട്. രാജ്യത്ത് മതേതരത്വം ശക്തിപ്പെടുന്നതിന്റെയും ബഹുജനങ്ങള്‍ ഹിന്ദുത്വ ഫാഷിസ്റ്റ് നിലപാടുകള്‍ നിരാകരിക്കുന്നതിന്റെയും ലക്ഷണമായി ബി.ജെ.പിയുടെ പരാജയത്തെ വിലയിരുത്താവുന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയം ഇന്നത്തെ സാഹചര്യത്തില്‍ ആശങ്കയുളവാക്കുന്നതായി കാണേണ്ടിയിരിക്കുന്നു. ആസുരമായ സാമ്രാജ്യത്വത്തിനും മുതലാളിത്വത്തിനുമെതിരെ ദേശീയ ജനതയുടെ സ്വാതന്ത്ര്യത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും അനുകൂലമായ സമ്മര്‍ദ ശക്തി എന്നതാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി. കഴിഞ്ഞ യു.പി.എ ഭരണകാലത്ത് അവര്‍ക്ക് ഈ ശക്തി കുറെയൊക്കെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അനന്തരം ഇടതുപക്ഷ പിന്തുണയെ ആശ്രയിക്കാതെ നിലവില്‍ വന്ന ഇപ്പോഴത്തെ യു.പി.എ ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങളുടെ ദംഷ്ട്രങ്ങള്‍ ദിനേന പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഇന്ധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത നടപടി ഒരു ഉദാഹരണം. ഇടതുപക്ഷത്തിന്റെ അപചയം ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് ആക്കം കൂട്ടുമെന്ന് ന്യായമായും ഭയപ്പെടേണ്ടിയിരിക്കുന്നു.
വോട്ടെണ്ണുംമുമ്പുള്ള വിശേഷങ്ങള്‍
കേരളമോചനയാത്രയെന്ന പേരില്‍ ഉമ്മന്‍ചാണ്ടിയുടെ വണ്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നാട്ടില്‍ നിന്നും ഉരുണ്ടുതുടങ്ങിയത് മുതലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് കാലമായെന്ന് വോട്ടര്‍മാര്‍ക്ക് ബോധ്യമായത്. കേരള അസംബ്ലിയില്‍ ഒരു കസേര തരപ്പെടുത്താന്‍ ദശാബ്ദങ്ങളായി തപസ്സനുഷ്ഠിച്ചുപോരുന്ന ബി.ജെ.പിയും കേരളരക്ഷായാത്രയെന്ന പേരില്‍ പകുതി വാഹനത്തിലും ബാക്കി നടന്നുമുള്ള തെരഞ്ഞെടുപ്പ് റിയാലിറ്റി ഷോ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇടതുപക്ഷത്തിന്റെ സംഭാവനയായി രണ്ടു വികസനമുന്നേറ്റ ജാഥകളും നിരത്തിലിറങ്ങി. നമ്മുടെ ദേശീയപാതകള്‍ക്ക് നിലവിലുള്ള വീതി പോരെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ വാദിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പോന്നതായിരുന്നു ഈ ജാഥാ പ്രളയം. ഇവയുടെ നടുവിലേക്ക് ഏപ്രില്‍ 13-ന് തെരഞ്ഞെടുപ്പും മെയ് 13-ന് വോട്ടെണ്ണലുമായി തെരഞ്ഞടുപ്പ് വിജ്ഞാപനം കമീഷന്‍ പ്രഖ്യാപിച്ചു. ജാഥകള്‍ കേരളത്തില്‍ കേവലം ആചാരമെന്നല്ലാതെ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ഉമ്മന്‍ചാണ്ടിയുടെ ജാഥയിലെ അതികായനൊരാളെ ഇടമലയാര്‍ കേസില്‍ ഇടക്കുവെച്ചു പിടിച്ചു ജയിലിലിട്ടു. ഘടകകക്ഷിയിലെ മറ്റൊരു പ്രമുഖ നേതാവ് വാണിഭ വിവാദത്തിലായി. പാമൊലിന്‍ കേസിന്റെ അഴിമതി നിഴല്‍ ജാഥാനേതാവിലേക്കും പരന്നു. ഇടക്കു നിര്‍ത്തിയും വഴി വളഞ്ഞും ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ ഈസിവാക്കോവറില്‍ നിന്നും യു.ഡി.എഫ് ക്യാമ്പ് ഒരു മത്സരമാവശ്യമാണ് എന്ന തിരിച്ചറിവിലെത്തിയിരുന്നു.
ഈ തെരഞ്ഞെടുപ്പിന്റെ ശരീരഭാഷ പൊതുവെ യു.ഡി.എഫിന് അനുകൂലമായിട്ടാണ് അനുഭവപ്പെടുന്നത്. യു.ഡി.എഫ് ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിച്ച ആശയങ്ങളുടെയും നയങ്ങളുടെയും നന്മ കൊണ്ടോ മേന്മ കൊണ്ടോ അല്ല അത്. നേതാക്കന്മാര്‍ വിശുദ്ധരായത് കൊണ്ട് അര്‍ഹതപ്പെടുന്നതുമല്ല ഈ അനുകൂലാവസ്ഥ. സൂക്ഷ്മ പരിശോധനയില്‍ യു.ഡി.എഫ് നയങ്ങള്‍ കേരളത്തെ ഏറെ പിറകോട്ടുനടത്തുന്നതാണുതാനും. യു.ഡി.എഫ് നേതാക്കന്മാര്‍ ഇത്ര കളങ്കിതരായ മറ്റൊരു സന്ദര്‍ഭവും അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. അടുത്ത യു.ഡി.എഫ് ഉന്നതാധികാരസമിതി ജയിലില്‍ ചേരാമെന്ന് മുഖ്യമന്ത്രി വോട്ടര്‍മാര്‍ക്ക് ഒരു സൂചന നല്‍കുകയും ചെയ്തിരുന്നു. ഭരിക്കുന്നവര്‍ക്കെതിരായി വോട്ടുചെയ്യുകയെന്നതാണ് കേരളത്തിന്റെ പൊതുവെയുള്ള ശീലം. തെരഞ്ഞെടുപ്പിന് വിളിയാളം വരുന്നതിന് എത്രയോ മുമ്പ് തന്നെ മുഖ്യമന്ത്രിയാവാനും മന്ത്രിയാവാനും നേതാക്കള്‍ കുപ്പായം തുന്നിവെച്ചുകഴിഞ്ഞുവെന്നാണ് അവരുടെ മുഖഭാവങ്ങള്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെ നിറം സന്ദര്‍ഭാനുസാരം മാറിത്തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരും ഏജന്റുമാരും പുതിയ ഭരണവര്‍ഗത്തിന് വേണ്ടി പണമെറിഞ്ഞുകഴിഞ്ഞു. സര്‍ക്കുലേഷനില്‍ പരസ്പരം മത്സരിക്കുന്ന പാരമ്പര്യമുള്ള രണ്ടു പത്രങ്ങള്‍ ഈ വിഷയത്തില്‍ ഐക്യമുന്നണിയിലാണ്. ദൃശ്യമാധ്യമങ്ങളുടെ കഥ പറയാതിരിക്കുന്നതാണ് ഭേദം.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയെന്നുവേണം കരുതാന്‍. എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരളവികസനത്തെകുറിച്ചുള്ള അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് ഭാവിയെക്കുറിച്ച ഇടതുപക്ഷവീക്ഷണം അവതരിപ്പിക്കും വിധമായിരുന്നു സംഘടിപ്പിച്ചിരുന്നത്. നേതൃത്വത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന ശീതസമരങ്ങള്‍ക്ക് ധൃതിയില്‍ വെടിനിര്‍ത്തലുണ്ടായി. മുന്നണിയിലെ പടലപിണക്കങ്ങളും പറഞ്ഞുതീര്‍ത്തിരുന്നു. ഭരണത്തിന്റെ നയവൈകല്യങ്ങള്‍ മൂലം ഇടഞ്ഞുനിന്നിരുന്ന ജനവിഭാഗങ്ങളുമായി സംസാരിക്കാന്‍ നേതൃത്വം സമയം ചെലവഴിച്ചു. ഹൈന്ദവനേതാക്കന്മാര്‍, സഭാനേതൃത്വം, മുസ്‌ലിം സമൂഹത്തിലെ രാഷ്ട്രീയ തീരുമാനമുള്ള വിഭാഗങ്ങള്‍ എന്നിവരുമായി ഉള്ളുതുറന്ന ചര്‍ച്ചകള്‍ നടത്തി. വിവിധ മതവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ മതിയായ സ്ഥാനം നല്‍കി. എങ്കിലും ഭരണത്തിലെ നയവൈകല്യങ്ങള്‍, നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ അവരെ വേട്ടയാടുക തന്നെ ചെയ്തിട്ടുണ്ട്. സി.പി.എമ്മില്‍ നിന്ന് വിവിധ കാരണങ്ങളാല്‍ മുന്നണി വിടേണ്ടിവന്ന ഘടകക്ഷി നേതാക്കന്മാര്‍, അവസരവാദസമീപനം സ്വീകരിച്ച് പാര്‍ട്ടി വിട്ട അവരുടെ നേതാക്കന്മാര്‍, സി.പി.എം മുറിവേല്‍പിച്ച സമരസംഘടനാ നായകര്‍, സമരസംഘടനകള്‍ എന്നിവര്‍ തുറന്നുവിട്ട ഭൂതം പാര്‍ട്ടിയെയും മുന്നണിയെയും വേട്ടയാടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മുറിവേല്‍പ്പിക്കുമ്പോള്‍ ഇവര്‍ ഒറ്റപ്പെട്ട വ്യക്തികളും ഗ്രൂപ്പുകളുമായിരിക്കാം. തെരഞ്ഞെടുപ്പന്തരീക്ഷം കനക്കുമ്പോഴാണ് ഇവര്‍ ഐക്യഭാവം പൂണ്ട് ഒരു സ്വത്വമായി മാറിയത്. അതിന്റെ വില ഇടതുപക്ഷമുന്നണി ഒടുക്കേണ്ടിവരുമെന്നാണ് മനസ്സിലാകുന്നത്.
വിമോചനസമരകാലത്തെപ്പോലെതന്നെ മാധ്യമങ്ങള്‍ തീവ്രമായി പക്ഷംപിടിച്ചുവെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും അപകടകരമായ പ്രവണത. നിഷ്പക്ഷത മാധ്യമങ്ങളുടെ പരസ്യവാചകവും മുഖംമൂടിയും മാത്രമാണെന്ന് തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ മറയില്ലാതെ തെളിയിച്ചു. പണം വാങ്ങി വാര്‍ത്തയെഴുതുന്ന പ്രവണത കേരളത്തിലില്ലെന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ കഴിയാത്തവിധം വലത്തോട്ടുള്ള വളവ് പ്രകടമായിരുന്നു. ഒറ്റപ്പെട്ട പത്രങ്ങള്‍ മാത്രമാണ് അതിന് അപവാദമായി തലയുയര്‍ത്തി നിന്നത്. യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് പല കൂട്ടുകച്ചവടങ്ങളുമുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. യു.ഡി.എഫ് നേതാക്കന്മാര്‍ക്ക് വേണ്ടി ബി.ജെ.പി സ്ഥാനാര്‍ഥികള്‍ കളംമാറി ചവിട്ടിയ നിയോജകമണ്ഡലങ്ങള്‍ ധാരാളമുണ്ട്. ചില മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം വെളിച്ചത്തുകൊണ്ടുവരികയും ചെയ്തിട്ടുണ്ട്. പക്ഷേ, അവയൊന്നും നമ്മുടെ മുഖ്യധാരക്ക് ബ്രേക്കിംഗ്‌ന്യൂസാകാന്‍ മാത്രം വിലയുള്ളതായില്ല. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമിയുടെ നേതാക്കന്മാരുമായി ആലപ്പുഴയില്‍ ദേശീയപാതയുടെ ഓരത്തെ ഗസ്റ്റ് ഹൗസില്‍ പട്ടാപ്പകല്‍ നടത്തിയ സംസാരം രഹസ്യചര്‍ച്ചയും തെരഞ്ഞെടുപ്പുധാരണയുമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. യു.ഡി.എഫ് നേതാവ് ജമാഅത്ത് ആസ്ഥാനത്ത് വന്ന് നടത്തിയ ചര്‍ച്ചയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ അറിയിച്ചപ്പോള്‍ അത് സൗഹൃദസന്ദര്‍ശനം മാത്രമാണെന്നായിരുന്നു മാധ്യമവിദ്വാന്മാരുടെ വ്യാഖ്യാനം. രാഷ്ട്രീയചര്‍ച്ചയും സൗഹൃദസന്ദര്‍ശനവും തമ്മില്‍ എവിടെയാണ് വേര്‍തിരിയുന്നത് എന്ന അന്വേഷണത്തിന് മാധ്യമങ്ങളോട് ചോദ്യം പാടില്ലെന്നാണ് മറുപടി (അവര്‍ക്ക് ആരെയും ചോദ്യം ചെയ്യാം). തെരഞ്ഞെടുപ്പ്കാലത്ത് രാഷ്ട്രീയപരിണാമം സംഭവിച്ച സിന്ധുജോയിക്കുണ്ടായ വാര്‍ത്താമൂല്യം ജയാ ഡാളിക്കോ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്കോ അനുവദിച്ചുകൊടുത്തില്ല. ഇടതുപക്ഷത്തുള്ളതിനേക്കാള്‍ അഭിപ്രായ വ്യത്യാസം മുന്നണിയെ ആരു നയിക്കണമെന്ന കാര്യത്തില്‍ ചെന്നിത്തലക്കും ചാണ്ടിക്കുമിടയിലുണ്ടെന്ന കാര്യം (മാധ്യമങ്ങളില്‍ വന്നില്ലെങ്കിലും)അങ്ങാടിപ്പാട്ടാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് സഹായത്തോടെയുള്ള നവവിവരമാധ്യമങ്ങള്‍, തുറന്നതും സുതാര്യവുമായ ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ ഇത്ര ഒറ്റക്കണ്ണന്മാരായി പരിണമിക്കുന്നത്.
മതം പൊതുജീവിതത്തിലപകടമാണെന്ന ചിന്താഗതിയടെ പ്രചാരണത്തിനും തെരഞ്ഞെടുപ്പുകാലം ഇന്ധനമേകി. മതവും രാഷ്ട്രവും പരസ്പരം സഹവസിക്കാത്ത രണ്ടറ്റങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടണമെന്ന പ്രചാരണം തല്‍പ്പരകക്ഷികളുടെ തലയിലുദിച്ചതാണ്. മതത്തിന്റെയോ പ്രവാചകന്മാരുടെയോ ഗാന്ധിജിയടക്കമുള്ള രാഷ്ട്രീയ സാമൂഹികചിന്തകന്മാരുടെയോ പിന്തുണ ഈ കാഴ്ചപ്പാടിനില്ല. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനുമെന്ന വാചകം യേശുവിനെകൊണ്ട് പറയിപ്പിച്ച പൗരോഹിത്യഭരണ അവിശുദ്ധമുന്നണിക്ക് തന്നെ അവകാശപ്പെട്ടതാണ് ഈ കാഴ്ചപ്പാടിന്റെ പേറ്റന്റ്. ജാതിയുടെയും വര്‍ഗീയതയുടെയും മാലിന്യം മതത്തിന്റെ മേല്‍ ചാര്‍ത്തിപ്പറഞ്ഞു അകറ്റിനിര്‍ത്തുന്ന രീതിയാണ് പൊതുവെ കാണപ്പെടുന്നത്. സത്യസന്ധത, ധാര്‍മികത, സദാചാരവിശുദ്ധി തുടങ്ങിയ മുല്യങ്ങള്‍ രാഷ്ട്രീയത്തില്‍ ആവശ്യമാണെന്ന് വിളിച്ചുപറയുന്നവര്‍ ഇന്ന് നിശ്ശബ്ദരാണ്. മതരാഷ്ട്രവിഭജനവാദികളുടെ കാര്യമായ ഫോക്കസ് ഇന്ന് മുസ്‌ലിം സമുദായമാണ്. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ സാന്നിധ്യമാണ് അതിന് പ്രചോദനം. ലീഗില്‍ പ്രവര്‍ത്തിക്കുന്ന മതപണ്ഡിതന്മാര്‍ മതസംഘടയുടെ വേദിയില്‍ നിന്ന് ഈ പ്രചാരണം വലിയ ശബ്ദത്തില്‍ ദൃശ്യസഹായികളുടെ സാന്നിധ്യത്തില്‍ വചനോത്സവങ്ങള്‍പോലെ സംഘടിപ്പിച്ചുവരികയാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തില്‍ ഇസ്‌ലാമില്ലെന്നുമാണ് അവരുടെ പ്രഭാഷണങ്ങളുടെ/പ്രബന്ധങ്ങളുടെ തലവാചകം. തല്‍ഫലമായി അഴിമതിക്കാരും പെണ്‍വാണിഭക്കാരും ക്രിമിനലുകളും മദ്യപാനികളും സമുദായത്തില്‍ പെരുകിവരുന്നു. മുസ്‌ലിം കേന്ദ്രങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ പഠനങ്ങള്‍ ഈ സത്യം പുറത്തുകൊണ്ടുവരും. ദേശീയ മുസ്‌ലിംകളുടെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്. മുസ്‌ലിം സമൂഹത്തോട് ഊണിലും ഉറക്കിലും ദേഷ്യമുള്ളവര്‍ക്കാണ് ദേശീയ മുസ്‌ലിംകള്‍ എന്ന പദവി ലഭിക്കുന്നത്. സമുദായത്തിന്റെയും മതസംഘടനകളുടെയും വേദികളില്‍ ഇപ്പോള്‍ ദേശീയ മുസ്‌ലിംകള്‍ വാഴ്ത്തപ്പെട്ടവരാണ്. കാരശ്ശേരിയിലും ചേന്ദമംഗല്ലൂരിലും തലേക്കുന്നിലും ഇതിന് ശക്തമായ ബ്രാഞ്ചുകളുണ്ട്. മുസ്‌ലിം ലീഗിനെ മതരഹിതമായ ലീഗ് ആക്കി മാറ്റാന്‍ ആറ്റുനോറ്റുനടക്കുന്നവര്‍ ഏറെയുണ്ട്. ലീഗും സമുദായവും അവരുടെ കെണിയില്‍ വീഴുമോ അതോ അവരെ മറികടക്കുമോ എന്ന ചോദ്യം കൂടി ഈ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്നുണ്ട്.
മെയ് 13-ന് ഫലം വരുമ്പോള്‍ യു.ഡി.എഫ് ജയിക്കുകയാണെങ്കില്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ കീചകയുദ്ധം ആരംഭിക്കും. കംഫര്‍ട്ടായ മന്ത്രിക്കസേരക്ക് വേണ്ടിയുള്ള ഖദര്‍ധാരികളുടെ കൂട്ടയോട്ടവും നടക്കും. മൂന്നുമാസം കൊണ്ടുതന്നെ ജനത്തിന് ഭരണം മടുക്കും. വിരലിലെണ്ണാവുന്ന വിജയമാണെങ്കിലും പാലയുടെ മാണിക്യം മറുകണ്ടം ചാടും. വിജയം മറുപക്ഷത്താണെങ്കില്‍ ഭരണത്തെ ആരു നയിക്കുമെന്ന കാര്യത്തില്‍ വര്‍ഗസമരം ആരംഭിച്ചേക്കും. ആരു ജയിച്ചാലും ജയിക്കുന്നത് പാര്‍ട്ടിക്കാര്‍ മാത്രമായിരിക്കും. പരാജയമേറ്റുവാങ്ങുന്നത് ജനവും. അണ്ണാഹസാരയെപോലുള്ളവര്‍ ജന്തര്‍ മന്തറില്‍ നടത്തിയതുപോലുള്ള മുന്നേറ്റം രാഷ്ട്രീയത്തില്‍ ഏറ്റവും ആവശ്യമായ സന്ദര്‍ഭമാണിത്.
'അധികാര കസേരയേക്കാള്‍ ഉന്നതമാണ് ഞങ്ങളുടെ ലക്ഷ്യം'
മഹത്തായ ജനകീയ പ്രക്ഷോഭത്തില്‍ ഇഖ്‌വാന്റെ നിലപാട് എന്തായിരുന്നു, പാര്‍ട്ടി തുടക്കം മുതലേ അതില്‍ ഭാഗഭാക്കായിരുന്നുവോ?
സൈനിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ കഴിഞ്ഞ അറുപത് വര്‍ഷമായി ഈ ജനത സഹിക്കുകയായിരുന്നു. ചിത്രവധം മുതല്‍ സായുധ അതിക്രമങ്ങള്‍ വരെ അതിന് ഭരണകൂടം ഉപയോഗിച്ചു. ' ഏപ്രില്‍ 6' എന്ന യുവസമൂഹമാണ് ഇപ്പോഴത്തെ ചലനങ്ങള്‍ക്ക് തുടക്കമിട്ടത്. ഈജിപ്തിലെ വ്യവസായ പട്ടണങ്ങളിലൊന്നായ മഹല്ലയിലുണ്ടായ ചില തൊഴില്‍പ്രശ്‌നങ്ങളായിരുന്നു ഹേതു. പിന്നീടുണ്ടായ സംഭവങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു. അതിനിടെ അലക്‌സാണ്ട്രിയയില്‍ ഖാലിദ് സഈദ് എന്ന യുവാവ് കൊല്ലപ്പെട്ടു. ഫേസ്ബുക്കില്‍ ഒത്തൊരുമിച്ച യുവജനത തെരുവിലിറങ്ങാന്‍ തുടങ്ങിയതോടെ അതില്‍ പങ്കുചേരാന്‍ ഞങ്ങളും യുവാക്കളെ ആഹ്വാനം ചെയ്യുകയുണ്ടായി.
തുടക്കം തൊട്ടേ വിപ്ലവത്തെ കുഴിച്ചുമൂടാന്‍ ഭരണകൂടം എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് കണ്ടപ്പോള്‍ ഞങ്ങളുടെ യുവാക്കളോട് കര്‍മഭൂമിയില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ഞങ്ങള്‍ നിര്‍ദേശിച്ചത്. അക്ഷരാര്‍ഥത്തില്‍ ജനകീയ വിപ്ലവമാണ് രാജ്യത്ത് അറങ്ങേറിയത്. അതില്‍ എല്ലാ വിഭാഗവും പങ്കുചേര്‍ന്നിട്ടുണ്ട്. തഹ്‌രീര്‍ സ്‌ക്വയറിലേക്ക് പോയവരില്‍ ഞാനുമുണ്ട്. ഞങ്ങളാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന് ജനം തെറ്റിദ്ധരിക്കാതിരിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിയാണ് നിന്നതെന്നു മാത്രം.
വിപ്ലവം വിജയിച്ചിരിക്കെ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി സൈനിക സമിതിക്കു മേല്‍ എന്തെല്ലാം സമ്മര്‍ദങ്ങളാണ് പ്രയോഗിക്കുന്നത്?
ഈജിപ്ഷ്യന്‍ ജനതയുടെ ബോധവത്കരണമാണ് അടിസ്ഥാനപരമായ സമ്മര്‍ദ മാര്‍ഗം. നിരന്തരമായ അക്രമമുറകള്‍ ധൈര്യം സംഭരിക്കാന്‍ എല്ലാവര്‍ക്കും പ്രേരകമായിട്ടുണ്ട്. തൊഴിലാളികളും സാധാരണ ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ധൈര്യമുള്ളവരാണ്. കാരണം പല കമ്പനികളുടെയും സംരംഭങ്ങളുടെയും മേലാളന്മാര്‍ മില്യന്‍ കണക്കിന് സമ്പാദിച്ചപ്പോള്‍ ഈ ജീവനക്കാരുടെയും തൊഴിലാളികളുടെയും മാസാന്ത വരുമാനം 500 ഈജിപ്ഷ്യന്‍ പൗണ്ട് മാത്രമായിരുന്നു. ജനവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി വമ്പിച്ച അന്തരമാണിത് സൃഷ്ടിച്ചത്. മധ്യവര്‍ഗമെന്ന ഒരു വിഭാഗം തന്നെ ഈജിപ്തിലില്ല. ഒരുവശത്ത് ന്യൂനപക്ഷമായ അതിസമ്പന്നര്‍. ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്ന പരമ ദരിദ്ര വിഭാഗമാണ് ഭൂരിപക്ഷം. രണ്ട് ഡോളര്‍ പോലും പ്രതിദിന വരുമാനമില്ലാത്തവര്‍. ഭീതിയുടെ ഇരുമ്പു മറ തകര്‍ന്നിരിക്കെ തങ്ങളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഏതൊരു ശക്തിയോടും എതിരിട്ടുനില്‍ക്കുമെന്ന മനസ്സാണ് ഇന്ന് ജനങ്ങളുടേത്. ഇക്കാര്യങ്ങള്‍ പരമാവധി ക്രിയാത്മകമായി കൈകാര്യം ചെയ്യാനാണ് ഞങ്ങളുടെ ശ്രമം.
വിപ്ലവം വിജയിച്ചിരിക്കെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് ഇഖ്‌വാന്റെ അടുത്ത കാല്‍വെപ്പ് എന്തായിരിക്കും?
ഇസ്‌ലാമികവും പ്രബോധനപരവുമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങളുടെ ഇന്ധനം. അവ മുറുകെ പിടിക്കുന്നവര്‍ക്കേ ദൈവിക സഹായത്തോടെ വിജയം വരിക്കാനാവൂ. തീവ്രനിലപാടുകള്‍ മൂല്യരഹിതമായ തലമുറയെയാണ് സൃഷ്ടിക്കുക. കിരാത ഭരണകൂടം ചിന്തയെ തകര്‍ക്കാനും അക്രമം പ്രവര്‍ത്തിക്കാനുമാണ് തുനിഞ്ഞത്. ജനങ്ങളാകട്ടെ, അവരുടെ പശിയടക്കാനുള്ളത് നേടാനുള്ള ഓട്ടത്തിലുമായിരിക്കും. അത്തരമൊരു ഘട്ടത്തില്‍ ദഅ്‌വത്തിന് ചെവി കൊടുക്കാന്‍ അവര്‍ക്ക് വേണ്ടത്ര സമയം ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
പലതരം ഇസ്‌ലാമിക ചിന്തകള്‍ ഇന്നുണ്ട്. മധ്യമ നിലപാട് സ്വീകരിക്കുന്ന ചിന്തയാണ് അതിലൊന്ന്. തീവ്ര ജിഹാദി ബോധമാണ് മറ്റൊന്ന്. നിലവില്‍ രാജ്യത്തുണ്ടായ പരിവര്‍ത്തനത്തില്‍ തീവ്രവാദപരവും അക്രമപരവുമല്ലാത്ത മധ്യമ നിലപാടാണ് സ്വാധീനം ചെലുത്തിയിരിക്കുന്നതെന്നാണ് അനുഭവം. അതിനാല്‍ നവ ഈജിപ്തിന്റെ നയരൂപീകരണത്തില്‍ തീവ്ര ചിന്തകള്‍ക്കു വല്ല സ്വാധീനവും ചെലുത്താനാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
കൊടിയ അക്രമ മര്‍ദനങ്ങളിലൂടെയുള്ള പ്രയാണത്തേക്കാള്‍ വാക്കുകള്‍ കൊണ്ടുള്ള പോരാട്ടത്തിനേ നിലനില്‍ക്കാനാവൂ എന്ന് ഇതിനകം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഉപരോധവും അടിച്ചൊതുക്കലും നേരിട്ടപ്പോഴും ജനങ്ങള്‍ ഉറക്കെ വിളിച്ചാര്‍ത്തത് 'സമാധാനം, സമാധാനം' എന്നാണ്. പീരങ്കിയുടെ ശബ്ദത്തേക്കാളും ഹെലികോപ്റ്ററുകളുടെ ഗര്‍ജനത്തേക്കാളും തൊണ്ടപൊട്ടി അവര്‍ വിളിച്ചു പറഞ്ഞ ആ വാക്കുകള്‍ക്കായിരുന്നു കരുത്തും ശക്തിയും. ഇക്കാര്യമാണ് ജനം തിരിച്ചറിയേണ്ടത്. അവരില്‍ അധികമാളുകളും ഇപ്പോഴും ഇഖ്‌വാന്‍, അക്രമത്തിനും തീവ്രവാദത്തിനും പ്രേരിപ്പിക്കുന്ന ഒരു മേലാള സംഘടനയാണെന്നാണ് ധരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ 40-കളെയും 50-കളെയുമാണ് ഇത് ഓര്‍മപ്പെടുത്തുന്നത്. മുസ്ത്വഫ മുഅ്മിന്‍ എന്ന സുഹൃത്ത് ഐക്യരാഷ്ട്ര സഭയില്‍ അംഗമായി കോട്ട് ധരിച്ച് ഇംഗ്ലീഷ് സംസാരിച്ച് കടന്നുചെന്നപ്പോള്‍ അത്ഭുതം കൂറിയവരായിരുന്നല്ലോ പലരും. അതുകൊണ്ട് വാളുകൊണ്ടല്ല, വാക്കു കൊണ്ടാണ് പ്രശ്‌ന പരിഹാരം. ആയുധമേന്തിയവര്‍ പരാജയപ്പെട്ടതാണല്ലോ രാജ്യത്തിന്റെ വര്‍ത്തമാനവും. ഇതിനര്‍ഥം 'പ്രതിരോധശക്തി' ഞങ്ങളുടെ ഡിക്ഷനറികളില്‍ നിന്ന് മാറ്റിവെച്ചിരിക്കുന്നുവെന്നല്ല. ആവശ്യം വരുമ്പോള്‍ പോരാട്ടവും ശക്തിയും ഒന്നിച്ചു ചേരുന്നവയാണ്.
രാഷ്ട്രത്തിന്റെ അധികാരം കൈയാളുന്നതില്‍നിന്നും പാര്‍ലമെന്റിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്നും ഇഖ്‌വാന്‍ പിറകോട്ട് പോകുന്നു എന്നാണ് കേള്‍വി. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് എന്തിനാണിങ്ങനെ ഉള്‍വലിയുന്നത്?
വിപ്ലവത്തിന്റെ തുടക്കത്തില്‍ ഇഖ്‌വാന്‍ അതില്‍ പങ്കുചേരുന്നുവെന്നറിഞ്ഞപ്പോള്‍ വിപ്ലവം ആ പാര്‍ട്ടി കൈപ്പിടിയിലൊതുക്കി കളയുന്നുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയവരുണ്ടായിരുന്നു. അത്തരം കെട്ടുകഥകള്‍ക്ക് മറുപടി പറയലായിരുന്നു അപ്പോഴത്തെ അനിവാര്യത. ഏതായിരുന്നാലും ഒറ്റക്കൊരു ഭാരിച്ച ചുമതല ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. എല്ലാ വിഭാഗം ജനങ്ങളും അതിനു സഹായം നല്‍കുകയാണ് വേണ്ടത്.
രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നിരവധി പദ്ധതികള്‍ മുന്നോട്ടുവെക്കാന്‍ കരുത്തുള്ള നിരവധി പ്രഗത്ഭരായ ചെറുപ്പക്കാര്‍ ഞങ്ങള്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമാവുകയും ഇഖ്‌വാന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യവും അവസരവും ലഭിക്കുകയും ചെയ്താല്‍ ഇക്കാര്യം ഏവര്‍ക്കും ബോധ്യമാകും. കാരണം ഭൂരിപക്ഷം വോട്ടും അവരിലെ സദ്‌വൃത്തര്‍ക്ക് ലഭിക്കാനാണ് സാധ്യത. അതിനാല്‍ എല്ലാ പാര്‍ട്ടികളും വിഭാഗങ്ങളും ഇപ്പോള്‍ അല്‍പം സമാധാനം കൈക്കൊള്ളുകയാണ് ആവശ്യം. ആധുനിക ഈജിപ്തിന്റെ നിര്‍മിതിയില്‍ ഞങ്ങള്‍ എല്ലാവര്‍ക്കും പൂര്‍ണ അവസരം നല്‍കുന്നതാണ്. ഉത്തരവാദിത്വ നിര്‍വഹണത്തില്‍ എല്ലാവരും പങ്കാളികളാവണം. കാരണം, അധികാരം ഞങ്ങളുടെ ലക്ഷ്യമല്ല, അധികാര കസേരയിലേക്കു മാത്രം ചുരുങ്ങാവുന്ന ഒരു ലക്ഷ്യത്തിനു വേണ്ടിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം അതിനേക്കാള്‍ മഹോന്നതമാണ്.
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ രൂപവത്കരണത്തിനു വേണ്ടി വിവിധചിന്താഗതിക്കാരെ ഒരേ മേശക്ക് ചുറ്റുമിരുത്തി സംവാദം സംഘടിപ്പിക്കാന്‍ ഇഖ്‌വാന്‍ മുന്‍കൈയെടുക്കുമോ?
എല്ലാ രാഷ്ട്രീയ ശക്തികളെയും ഇതിനകം ഞങ്ങള്‍ കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്. അവരുമായി സൗഹാര്‍ദപൂര്‍ണമായ തുറന്ന ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. അത് പ്രകാരം എല്ലാ വിഭാഗവും ചില അടിസ്ഥാന വിഷയങ്ങളില്‍ ഏകോപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാമൂഹികനീതി എന്നിവയാണവ. അടിയന്തരാവസ്ഥയുടെ കരാള നിഴലില്‍ അവ സാക്ഷാത്കരിക്കാനാവില്ല. അതിനാല്‍ അടിയന്തരാവസ്ഥ ഉടന്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ പ്രഥമമായി, ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുകൂലമായ മറുപടി ലഭിക്കാനാണ് സാധ്യത. പാര്‍ട്ടി രൂപവത്കരണ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് മറ്റൊരു കൂട്ടായ അഭ്യര്‍ഥന. രാജ്യത്തിന്റെ സുരക്ഷാ സെക്രട്ടറിയുടെ കൈയിലാണിപ്പോള്‍ അതിന്റെ അധികാരം. രഹസ്യാന്വേഷണ വിഭാഗത്തെ പിരിച്ചുവിടണമെന്ന നിര്‍ദേശവും ഞങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ സുരക്ഷാ വിഭാഗം കനിഞ്ഞാലല്ലാതെ ഒരൊറ്റ പൗരനും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും ഇവിടെയില്ലെന്നതായിരുന്നു സ്ഥിതി. ഒരൊറ്റ രാജ്യാന്തര സമ്മേളനത്തിലും സുരക്ഷാ വകുപ്പിന്റെ അനുവാദമില്ലാതെ എനിക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ അടിസ്ഥാന പോയിന്റുകളിലാണ് മറ്റുള്ളവരുമായി ഞങ്ങളുടെ കൂടിക്കാഴ്ച നടന്നത്. ചിലരില്‍ നിന്ന് അനുകൂല മറുപടിയും ലഭിച്ചു. വാസ്തവത്തില്‍ നിലവിലുളള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കടലാസ് സംഘടനകള്‍ മാത്രമാണ്. യുവാക്കളാണ് ഇപ്പോഴത്തെ കരുത്തുറ്റ യഥാര്‍ഥ പ്രതിപക്ഷം. അവരാണ് സമൂഹത്തിന്റെ ചാലകശക്തി. വിപ്ലവത്തിലെ സ്ത്രീസാന്നിധ്യത്തെയും ഞങ്ങള്‍ അവഗണിക്കുന്നില്ല.
പുതിയ സ്ട്രാറ്റജി പ്രകാരം യുവതക്കും ഞങ്ങള്‍ക്കുമിടയില്‍ സഹവര്‍ത്തിത്വത്തിന്റെ പാലമാണ് ഞങ്ങളിടുന്നത്. അത് കേവലം രാഷ്ട്രീയ ഒത്തുതീര്‍പ്പിനു വേണ്ടിയല്ല. മറിച്ച് അവരാണ് യഥാര്‍ഥ ശക്തി. അവരെ അറിഞ്ഞ് മനസ്സിലാക്കി അവര്‍ക്കൊപ്പമാണ് ജനങ്ങള്‍ ജീവിക്കുക. അവരാണ് ഞങ്ങളുടെ പ്രവര്‍ത്തന വേദി.
ഈജിപ്ഷ്യന്‍ ഭരണകൂടത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങിയവരാണല്ലോ ഇഖ്‌വാനികള്‍. ഇക്കാര്യം അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അനുകൂല ഘടകമാവുമെന്ന് കരുതുന്നുണ്ടോ?
ഇക്കാര്യം ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതുകൊണ്ടാണ് 2005-ലെ ഇലക്ഷനില്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോള്‍ ഇഖ്‌വാന്‍ സ്ഥാനാര്‍ഥികള്‍ക്ക് പൊടിപാറുന്ന വിജയം അവര്‍ സമ്മാനിച്ചത്. പ്രാദേശിക-നഗര ഭരണങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത എല്ലാ മേഖലകളിലും പാര്‍ട്ടി ജനങ്ങള്‍ക്ക് പരമാവധി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ ഞങ്ങളുടെ നിലപാടും ധീരമായിരുന്നു. ഭരണകൂടം ഉടക്കുവെക്കുന്നതിനിടയിലായിരുന്നു മിന്നുന്ന ഈ പ്രകടനങ്ങള്‍ മുഴുവന്‍. അതിനാല്‍ അന്യായമായാണ് ഇഖ്‌വാന്‍ ക്രൂശിക്കപ്പെടുന്നതെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഖീറത്ത് ശ്വാതിര്‍ എന്ന എഞ്ചിനീയറുടെ കേസ് ഉദാഹരണമാണ്. മൂന്ന് കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്നാണ് വിധിച്ചത്. എന്നിട്ടും ഭരണകൂടം പ്രസ്തുത കേസ് സൈനിക കോടതിയില്‍ കൊണ്ടുവന്നു. ഇവിടത്തെ ന്യായാധിപനാകട്ടെ ഭരണകൂടത്തില്‍നിന്ന് മുന്‍കൂട്ടി ലഭിക്കുന്ന വിധിയേ പ്രസ്താവിക്കുകയുമുള്ളൂ. ഇഖ്‌വാന്റെ വ്യക്തിത്വം തകര്‍ക്കാന്‍ ഏറ്റവും നീചമായ ശൈലിയാണ് ഭരണകൂടം ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് ഈ കാര്‍മേഘം നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Subscribe to:
Posts (Atom)