..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

ലക്ഷ്യവും ശൈലിയും പ്രബോധനത്തിന്റെ ലക്ഷ്യങ്ങളെ മൂന്നായി തിരിക്കാം: 1. ഇസ്‌ലാമിക സമൂഹത്തിന്റെ സംസ്ഥാപനം: പ്രവാചകന്മാര്‍ തികച്ചും അനിസ്‌ലാമികമായ സമൂഹങ്ങളിലാണ് പ്രബോധനം നിര്‍വഹിച്ചിരുന്നത്. അതിലൂടെ, ഇസ്‌ലാമിനെ ജീവിതത്തില്‍ പ്രതിനിധീകരിക്കുന്ന വിശ്വാസികളുടെ ഒരു പുതിയ സമൂഹത്തെ അവര്‍ കെട്ടിപ്പടുത്തു. 2. നിലവിലുള്ള മുസ്‌ലിം സമൂഹത്തിന്റെ വ്യതിയാനങ്ങള്‍ തിരുത്തി അവരെ ഇസ്‌ലാമിന്റെ ശരിയായ പാതയിലേക്ക് കൊണ്ടുവരിക. അഥവാ, തിന്മകളെ വിപാടനം ചെയ്യുകയും നന്മയെ പുനഃസ്ഥാപിക്കുകയും ചെയ്യുക. 3. നിലവില്‍ വന്നുകഴിഞ്ഞ ഇസ്‌ലാമിക സമൂഹത്തിന്റെ നൈരന്തര്യം ഉറപ്പുവരുത്തുക. അതിന് ഗ്ലാനി സംഭവിക്കാതിരിക്കാനും അതിന്റെ മാറ്റ് കുറയാതിരിക്കാനും ഉപദേശ നിര്‍ദേശങ്ങളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുക. പ്രബോധന ശൈലി പ്രബോധന സാഹചര്യത്തിന്റെ വൈവിധ്യമനുസരിച്ച് പ്രബോധന ശൈലികളും വ്യത്യസ്തമായിരിക്കും. അതുപോലെ പ്രബോധകന്‍മാരുടെയും പ്രബോധിതരുടെയും സ്ഥിതിഗതികള്‍ക്കനുസൃതമായി വിവിധ ശൈലികളും രീതികളും അവലംബിക്കേണ്ടതുണ്ട്. മനുഷ്യ മനസ്സുകളോട് ഇടപെടുകയാണല്ലോ പ്രബോധനം. ഒരാളുടെ മനസ്സില്‍ ഏശുന്നത് വേറൊരാളുടെ മനസ്സില്‍ ഏശിക്കൊള്ളണമെന്നില്ല. ഒരവസ്ഥയില്‍ ഒരാളെ സ്വാധീനിക്കുന്നത് മറ്റൊരവസ്ഥയില്‍ സ്വാധീനിക്കണമെന്നില്ല. വിവിധ പ്രകൃതക്കാരാണല്ലോ മനുഷ്യര്‍. ഇവയെല്ലാം ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ (النحل: 125) (നിന്റെ റബ്ബിന്റെ മാര്‍ഗത്തിലേക്ക് യുക്തിയും സദുപദേശവും വഴി ക്ഷണിക്കുക; അവരോട് ഏറ്റവും ഉത്തമമായ വിധം സംവാദം നടത്തുകയും ചെയ്യുക. - അന്നഹ്ല്‍ 125). സത്യവും സുബദ്ധവുമായ മാധ്യമങ്ങളെ അവലംബിക്കണം. നിയമാനുസൃതമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകാര്യമല്ല. (വര്‍ഗീയ കലാപം, ദുഷ്പ്രചാരണം, ആക്ഷേപം എന്നിത്യാദി ഇസ്‌ലാമിക പ്രബോധനത്തിന് ഒരിക്കലും യോജിച്ചവയല്ല). ലക്ഷ്യം മഹത്തരമാകയാല്‍ ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗങ്ങള്‍ ഉത്തമമായിരിക്കണം. പ്രബോധനം പടിപടിയായി നിര്‍വഹിക്കണം. മുന്‍ഗണനാ ക്രമം എല്ലാ സംഗതികളിലും ദീക്ഷിക്കേണ്ടതുണ്ട്. ലളിതമായ രീതികള്‍ ആദ്യം അവലംബിക്കണം. പിന്നെ അടുത്ത പ്രാധാന്യമുള്ളത് ഏതോ അതെന്ന ക്രമത്തില്‍ നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. അടുത്ത ലക്ഷ്യമായാല്‍ പോലും ധൃതി പാടില്ല. ക്ഷമയും സഹനവുമായിരിക്കണം ആയുധങ്ങള്‍. ദീനിന്റെ ശത്രുക്കള്‍ ഉയര്‍ത്തിവിടുന്ന സന്ദേഹ-സംശയാദികള്‍ നീക്കിക്കളയുന്നതിനു ശ്രമിക്കണം. പ്രബോധന പ്രചാരണത്തിന് അനുകൂലമായി ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം (യോഗങ്ങളിലും മറ്റും പങ്കെടുക്കാന്‍ കിട്ടുന്ന അവസരം ഉദാഹരണം). ഇതരസമൂഹങ്ങളുമായി ബന്ധപ്പെടാന്‍ കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കേണ്ടതാണ്. ആവശ്യക്കാരനെ സഹായിക്കുക, പൊതു ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നിട്ടിറങ്ങുക എന്നിവ പ്രബോധനപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ദാരിദ്ര്യ നിര്‍മാര്‍ജന ശ്രമം, അനാഥ സംരക്ഷണം, ആതുര സേവനം, വിദ്യാഭ്യാസ പ്രവര്‍ത്തനം എന്നിവയും പ്രബോധകന്റെ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു. നബിമാരുടെ പ്രബോധന രീതി കാലഘട്ടത്തിന്റെ രീതികളുമായി ഒത്തുപോകുന്നതില്‍ മികവുറ്റതായിരുന്നു. അതിനാല്‍ സ്വന്തം കാലഘട്ടത്തില്‍ നിലവിലുള്ളതും ഏറ്റവും ഫലപ്രദമായി സന്ദേശമെത്തിക്കാന്‍ ഉപയുക്തവുമായ എല്ലാ രീതിയും പ്രബോധകന്മാര്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. ആധുനിക കാലത്തെ അച്ചടി മാധ്യമങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളും ഇസ്‌ലാമിക പ്രബോധനത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

No comments:

Post a Comment