Monday, 7 December 2015
ഇസ്‌ലാമിക ചരിത്രം
ഇസ്‌ലാമിന്റെ ആഗമനം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ഇസ്‌ലാമിക ലോകത്തിന്റെയും സമൂഹത്തിന്റെയും ചരിത്രം, 14 നൂറ്റാണ്ട് ദൈര്‍ഘ്യവും അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ പസഫിക് സമുദ്രം വരെയുള്ള ഭൂവിസ്തൃതിയും ഉള്‍ക്കൊള്ളുന്നു. മാനവരാശിയുടെ അനുഭവങ്ങളുടെ ശേഖരവും മനുഷ്യവര്‍ഗത്തിന്റെ സ്മരണികയുമാണ് ചരിത്രം. ഭൂതത്തിനും വര്‍ത്തമാനത്തിനുമിടയില്‍ ഒരു പാലമായി അതു വര്‍ത്തിക്കുന്നു. മറ്റൊരര്‍ഥത്തില്‍ കാലത്തോടുള്ള മനുഷ്യന്റെ സംവാദമാണ് ചരിത്രം. സമ്പന്നമായ ചരിത്രം വാസ്തവത്തില്‍ നാഗരികതയുടെയും പുരോഗതിയുടെയും ഉത്തമ സാക്ഷ്യമാണ്. ഒരു ജനതയെ അവരുടെ ഭൂതകാല ചരിത്രത്തില്‍നിന്ന് വേര്‍പ്പെടുത്തിയാല്‍ അവര്‍ വേരറ്റവരും സാംസ്‌കാരിക വികാസത്തിന് അവസരം നിഷേധിക്കപ്പെട്ടവരുമായി മാറുന്നു. അതുകൊണ്ടാണ് ഒരു ജനതയുടെ വര്‍ത്തമാനവും ഭാവിയും അവരുടെ ഭൂതകാല ചരിത്രവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയുന്നത്.
ചരിത്ര വ്യാഖ്യാനം
ചരിത്രത്തിന് ഒന്നിലധികം വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തെ ചലിപ്പിക്കുന്ന പ്രചോദകങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വ്യാഖ്യാനങ്ങളിലധികവും രൂപപ്പെട്ടത്. ഭൗതികവും സാമ്പത്തികവുമായ വ്യാഖ്യാനമാണ് അവയിലൊന്ന്. ഭൗതികവും സാമ്പത്തികവുമായ താല്‍പര്യങ്ങളാണ് മുഴുവന്‍ ചരിത്ര സംഭവങ്ങള്‍ക്കും നിദാനമെന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ആകത്തുക. പൗരാണിക കാലത്ത് ഗ്രീസും പേര്‍ഷ്യയും തമ്മില്‍ നടന്ന സംഘട്ടനവും പിന്നീട് പേര്‍ഷ്യയും റോമും തമ്മില്‍ നടന്ന സംഘട്ടനവും കുരിശുയുദ്ധത്തിലെ സാമ്പത്തിക താല്‍പര്യങ്ങളുമെല്ലാം ഈ വീക്ഷണത്തിനുപോദ് ലകമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആര്‍നോള്‍ഡ് ഹെറന്‍ (Arnold Hearn) ആണ് ഈ വ്യാഖ്യാനത്തിന്റെ ആദ്യത്തെ ഉപജ്ഞാതാവ്. പിന്നീട് കാറല്‍ മാര്‍ക്‌സ് ഇതിനെ തന്റെ വ്യാഖ്യാന പാടവമുപയോഗിച്ച് കൂടുതല്‍ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ധൈഷണിക പ്രചോദനങ്ങള്‍ക്ക് ചരിത്രത്തില്‍ യാതൊരു സ്വാധീനവുമില്ല. മറിച്ച്, സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രമാണ് ചരിത്ര സംഭവങ്ങള്‍ക്ക് നിദാനം. സാമ്പത്തിക താല്‍പര്യങ്ങളുടെ പേരില്‍ നടക്കുന്ന സംഘട്ടനങ്ങളാണ് ചരിത്രം. ഭൂരിപക്ഷം അംഗീകരിക്കുകയും മറ്റ് ഭൗതികശക്തിയില്‍നിന്ന് രക്ഷപ്പെടാനുള്ള എന്തെങ്കിലും ഉപായം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മാത്ര#േമ ഭൗതിക വ്യാഖ്യാനക്കാരുടെ വീക്ഷണത്തില്‍ ചിന്തകള്‍ ചരിത്രത്തെ സ്വാധീനിക്കുകയുള്ളൂ. ശക്തിയെ ശക്തികൊണ്ട് മാത്രമേ നേരിടാനാവൂ. ഭൂരിപക്ഷം അംഗീകരിക്കുന്നതോടെ ചിന്തയും ഒരു ഭൗതിക ശക്തിയായി മാറുന്നു. ചരിത്രത്തെ കേവലം ഭൗതിക സംഘട്ടനം മാത്രമായി പരിമിതപ്പെടുത്തുന്നുവെന്നതാണ് ഈ വ്യാഖ്യാനത്തിന്റെ പോരായ്മ.
മനഃശാസ്ത്രപരമായ ഒരു വ്യാഖ്യാനവും ചരിത്രത്തിന് നല്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും മാര്‍ഗത്തില്‍ ആത്മീയമോ ഭൗതികമോ ആയ ആധിപത്യം നേടാന്‍ കെല്പുള്ള വ്യക്തികളുടെ മനസ്സില്‍ നടക്കുന്ന സംഘര്‍ഷമാണ് ചരിത്രത്തിന് നിദാനം എന്നതാണ് ഈ വീക്ഷണത്തിന്റെ കാതല്‍. ധൈഷണികവും ആത്മീയവുമായ വ്യാഖ്യാനമാണ് മൂന്നാമത്തേത്. ചരിത്രത്തിന് നല്കപ്പെട്ടിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു വ്യാഖ്യാനമാണിത്. ലോകചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച മിക്കവാറും സംഭവങ്ങള്‍ക്ക് അടിയാധാരമായി വര്‍ത്തിച്ചത് ആത്മീയതയാണ്. ഖുറൈശികളും മുസ്‌ലിംകളും തമ്മില്‍ നടന്ന സംഘട്ടനവും കുരിശുയുദ്ധവും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും പ്രൊട്ടസ്റ്റന്റ്കാരും തമ്മില്‍ നടന്ന സംഘട്ടനവും മൗലികമായി മതപരമായിരുന്നുവല്ലോ. ചിന്തകള്‍ ചരിത്രത്തെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ ഭൗതിക വാദികള്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, മുമ്പ് വ്യക്തമാക്കിയതുപോലെ ഭൂരിപക്ഷം അംഗീകരിച്ചാല്‍ മാത്രമേ അത് പരിഗണനാര്‍ഹമാവുകയുള്ളൂ. എന്നാല്‍ ആത്മീയ വീക്ഷണക്കാര്‍ ഭൂരിപക്ഷം അംഗീകരിക്കുന്നതിനു മുമ്പുതന്നെ ചരിത്രത്തിന്റെ ചാലകശക്തിയാകാനും സ്വാധീനിക്കാനുമുള്ള കെല്പും ശക്തിയും ചിന്തക്കുണ്ട് എന്നഭിപ്രായപ്പെടുന്നു. വിഗ്രഹാരാധകരായ റോമക്കാരുടെ മുമ്പില്‍ ക്രിസ്ത്യാനികളും ഖുറൈശികളുടെ ഗണനീയ ശക്തിക്കു മുമ്പില്‍ ന്യൂനപക്ഷ മുസ്‌ലിംകളും ധീരമായി പിടിച്ചുനിന്നത് ചിന്താശക്തിയുടെ ബലംകൊണ്ട് മാത്രമായിരുന്നു.
മാനവരാശിയുടെ ഭാഗധേയവുമായി ബന്ധപ്പെട്ട ദൈവത്തിന്റെ തീരുമാനങ്ങളുടെയും ഇഛകളുടെയും മുദ്രകളാണ് ചരിത്രം എന്നതത്രെ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ചരിത്ര ദര്‍ശനത്തിന്റെ കാതല്‍. ഭൗതികവീക്ഷണത്തില്‍ മനുഷ്യന്‍ സ്വയംതന്നെ തന്റെ ചരിത്രത്തിന് രൂപകല്പന നടത്തുമ്പോള്‍ ഖുര്‍ആനിക വീക്ഷണത്തില്‍ ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതും രൂപകല്പന ചെയ്യുന്നതും ദൈവത്തിന്റെ അനിഷേധ്യ കരങ്ങളാണ്. ദൈവത്തോട് കൃതജ്ഞതയോ കൃതഘ്‌നതയോ കാണിച്ചതിന്റെ പേരില്‍ അവന്റെ രക്ഷാശിക്ഷകള്‍ക്ക് പാത്രമായ ഒട്ടേറെ ജനപദങ്ങളുടെ ചരിത്രം ഖുര്‍ആന്‍ പല സ്ഥലങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. മാനവരാശിയുടെ ചരിത്രത്തില്‍ ദൈവം നടത്തിയ ശക്തമായ ഇടപെടലുകളുടെ ആധികാരിക രേഖകളാണ് അവയെല്ലാം. ''നാം ഒരു നാടിനെ നശിപ്പിക്കണമെന്നുദ്ദേശിച്ചാല്‍, അതിലെ സുഖലോലുപന്മാരോട് കല്പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ച് തുടങ്ങുന്നു. അപ്പോള്‍ നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹരായിത്തീരുന്നു. അങ്ങനെ നാം അതിനെ തകര്‍ത്ത#ു കളയുന്നു. നോക്കുക: നൂഹിന് ശേഷമുള്ള എത്രയെത്ര തലമുറകളാണ് നമ്മുടെ വിധിയാല്‍ നശിച്ചിട്ടുള്ളത്''(17:16-17), ''ഒരു ജനത സ്വന്തം ഗുണങ്ങളെ സ്വയം മാറ്റുന്നതു വരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുകയില്ല''(13:11) തുടങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങളും ''കാലത്തെ അധിക്ഷേപിക്കരുത്. കാരണം, കാലം ദൈവത്തിന്റെ മുദ്രകളാണെ''ന്ന നബിവചനവും ചരിത്രത്തില്‍ ദൈവിക കരങ്ങള്‍ക്കുള്ള അനിഷേധ്യമായ പങ്കിനെ സുതരാം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എന്താണ് ഇസ്‌ലാമിക ചരിത്രം?
മുകളില്‍ പറഞ്ഞ, ചരിത്രത്തെക്കുറിച്ച ഖുര്‍ആനിക സങ്കല്പത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് മാത്രമേ എന്താണ് ഇസ്‌ലാമിക ചരിത്രം എന്ന അന്വേഷണം സാധ്യമാവുകയുള്ളൂ. ചരിത്രം സാമൂഹിക ശാസ്ത്രത്തിന്റെ ഭാഗമാണെന്ന കാര്യം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭൗതികശാസ്ത്രവും സാമൂഹിക ശാസ്ത്രവും തമ്മില്‍ വ്യത്യാസമുണ്ട്. ഭൗതികശാസ്ത്രത്തിലെ സത്യങ്ങള്‍ സാര്‍വ ലൗകികമായിരിക്കും. എന്നാല്‍ സാമൂഹികശാസ്ത്രത്തിലെ സത്യങ്ങള്‍ക്ക് സാര്‍വലൗകികത അവകാശപ്പെടാനാവില്ല. എന്തുകൊണ്ടെന്നാല്‍ ഒരു സമൂഹത്തിലെ സാമൂഹിക സത്യങ്ങള്‍ മറ്റൊരു സമൂഹത്തില്‍ സാമൂഹിക മിഥ്യകളായേക്കാം. തിരിച്ചും ആകാവുന്നതാണ്. സാമൂഹിക മൂല്യങ്ങളാണ് ചരിത്രത്തെ നിയന്ത്രിക്കുന്നത്. ഈ സാമൂഹികമൂല്യങ്ങളാകട്ടെ ഓരോ സമൂഹത്തിലും വ്യത്യസ്തമാണ് താനും. അതിനാല്‍ ഒരു ശുദ്ധ മതേതര സമൂഹത്തിന്റെ ചരിത്രത്തിന് തീര്‍ച്ചയായും ഒരു മതേതര പരിസരമാണുണ്ടാവുക. അതേ സമയം ഒരാദര്‍ശ സമൂഹത്തിന്റെ ചരിത്രം അവിടത്തെ ജനതയെ നയിക്കുന്ന ആദര്‍ശത്തില്‍നിന്നായിരിക്കും രൂപവും ഭാവവും ആര്‍ജിക്കുക. ഇസ്‌ലാമിക സമൂഹം ഒരാദര്‍ശ സമൂഹമാണ്. ദൈവദത്തമായ മൂല്യങ്ങളാണ് പ്രസ്തുത ആദര്‍ശത്തിനാധാരം. ആ മൂല്യങ്ങളാകട്ടെ സാര്‍വലൗകിക സ്വഭാവമുള്ളതാണ്. അപ്പോള്‍ ഇസ്‌ലാമികചരിത്രം ഒരു ജനതയുടെ ചരിത്രമല്ലാതായി മാറുന്നു. മറിച്ച്, ഒരാദര്‍ശത്തിന്റെ ചരിത്രമായത് രൂപാന്തരപ്പെടുന്നു. അഥവാ ഒരു സിദ്ധാന്തത്തിന്റെ ഉത്ഥാനപതനങ്ങളുടെ ചരിത്രമാണത്. ഇസ്‌ലാമിക ചരിത്രം ഇസ്‌ലാമും ജാഹിലിയ്യതും തമ്മിലുള്ള സംഘട്ടനമാണെന്ന് കാണാന്‍ പ്രയാസമില്ല. ഈ സംഘട്ടനം ഭൗതിക തലത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല. മറിച്ച്, ആശയതലത്തില്‍ രൂപപ്പെട്ട് വളര്‍ച്ച പ്രാപിച്ചതിന് ശേഷമാണത് ഭൗതിക തലത്തിലേക്ക് ഇറങ്ങി വരുന്നത്. ഇസ്‌ലാമികാദര്‍ശങ്ങള്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന വിഷയത്തില്‍ എപ്പോഴെല്ലാം ദൗര്‍ബല്യങ്ങള്‍ പ്രകടമായിട്ടുണ്ടോ അപ്പോഴെല്ലാം ഭരണകര്‍ത്താക്കളും പരിഷ്‌കര്‍ത്താക്കളും അതിനെതിരെ ഉയര്‍ന്നുവരികയുണ്ടായിട്ടുണ്ട്. അബൂബക്ര്‍ സ്വിദ്ദീഖ് മുതല്‍ ഇങ്ങോട്ട് ഇസ്‌ലാമിക ലോകത്തുടനീളം വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നടക്കുന്ന സത്യാസത്യ സംഘട്ടനങ്ങള്‍ ഇഴമുറിയാത്ത ഈ ആദര്‍ശ സംഘട്ടനത്തിന്റെ ഭാഗമാണ്.
ഇസ്‌ലാമിക ചരിത്രം ഒരു സിദ്ധാന്തത്തിന്റെ ചരിത്രമാണെന്ന് നിര്‍ണയിക്കപ്പെട്ട#ു കഴിഞ്ഞാല്‍ അതിനെ ഇസ്‌ലാമിക സമൂഹത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന ആദര്‍ശ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ പഠിക്കുകയും മുസ്‌ലിംകള്‍ എവിടെയെല്ലാം അവയില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട് എന്ന് നോക്കുകയുമാണ് ഒരു ചരിത്രകാരന്റെ കടമ. ഈ കടമ നിര്‍വഹിക്കുന്നതില്‍ ഇസ്‌ലാമിക ചരിത്രം പഠിച്ചവര്‍ക്ക് ചെറുതും വലുതുമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഈ വീഴ്ചകളില്‍ ചിലത് ബോധപൂര്‍വമാണെങ്കില്‍ മറ്റു ചിലത് അബദ്ധവശാല്‍ സംഭവിക്കുന്നതാണ്. ആദര്‍ശാധിഷ്ഠിതമല്ലാത്ത മാനദണ്ഡങ്ങള്‍ ചരിത്രവായനയെ സ്വാധീനിച്ചതാണ് ഈ വീഴ്ചകള്‍ക്കെല്ലാമുള്ള അടിസ്ഥാന കാരണം. ഇബ്‌നുഖല്‍ദൂന്‍ ചൂണ്ടിക്കാണിച്ചതു പോലെ ചരിത്രപഠനം ശാസ്ത്രീയമാകാതിരിക്കുന്നതും ഈ വീഴ്ചക്കൊരു കാരണമായിട്ടുണ്ട്. പൂര്‍വിക ഗ്രന്ഥങ്ങളിലാണ് ശാസ്ത്രീയ ചരിത്രപഠനത്തിന്റെ അഭാവം മൂലമുണ്ടായ വീഴ്ചകള്‍ പ്രധാനമായും കാണപ്പെടുന്നത്. നിരൂപണമോ ചരിത്ര സംഭവങ്ങള്‍ക്കാസ്പദമായ സാമൂഹ#ിക സാഹചര്യങ്ങളോ പഠിക്കാതെ വാമൊഴിയായി കേള്‍ക്കുന്ന കഥകള്‍ അപ്പടി പകര്‍ത്തുന്നതുകൊണ്ടാണ് ഈ വീഴ്ച സംഭവിക്കുന്നത്. ചരിത്രകാരന്റെ രാഷ്ട്രീയ പക്ഷപാതങ്ങള്‍കൊണ്ടുണ്ടാകുന്ന അപകടങ്ങളാണ് ഇതിനെക്കാളെല്ലാം ഗുരുതരം. സത്യസന്ധമായ വാര്‍ത്തകളെക്കൂടാതെ ചില ഗോത്രങ്ങള്‍ തങ്ങളെക്കുറിച്ച് ശേഖരിച്ചു വെച്ച പുരാവൃത്തങ്ങളെയും നിവേദനങ്ങളെയും ആദ്യകാല ചരിത്രഗ്രന്ഥങ്ങള്‍ അവലം മാക്കിയിരുന്നു. ഈ ഗോത്രങ്ങളാകട്ടെ മൂന്നാം
ഖലീഫ ഹദ്‌റത് ഉസ്മാന്റെ വധത്തെത്തുടര്‍ന്ന് ഇസ്‌ലാമിക സമൂഹത്തെ ഗ്രസിച്ച നിര്‍ഭാഗ്യകരമായ വിഭാഗീയ പ്രവണതകളില്‍ ഏതെങ്കിലും ഒരു വിഭാഗത്തോട് പക്ഷം പിടിച്ചവരായിരുന്നു. അലി പക്ഷപാതികളും ഉമവി പക്ഷപാതികളും ഇരു ഭാഗത്തോടും ശത്രുതയുള്ളവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനാല്‍ അവരുടെ രാഷ്ട്രീയ പക്ഷപാതം തങ്ങളുടെ നിവേദനങ്ങളെയും സ്വാധീനിക്കുക സ്വാഭാവികം. മാത്രമല്ല, ഈ ഗോത്ര പുരാവൃത്തങ്ങള്‍ നിവേദനം ചെയ്ത അബൂമിഖ്‌നഫ്, സൈഫുബ്‌നു ഉമര്‍, ഹിശാമുല്‍ കല്‍ബി തുടങ്ങിയവരെയെല്ലാം ഏറിയും കുറഞ്ഞും രാഷ്ട്രീയ പക്ഷപാതം സ്വാധീനിച്ചിരുന്നു. മറ്റൊരു പ്രശ്‌നം നിവേദനത്തിലെ കൃത്യതയും സത്യസന്ധതയും സൂക്ഷ്മമായി പാലിച്ചവര്‍ പോലും ഉള്ളടക്കം സാമാന്യയുക്തിക്കും സാമൂഹിക സാഹചര്യങ്ങള്‍ക്കും യോജിക്കുന്നുണ്ടോ എന്ന കാര്യം വേണ്ടത്ര പരിഗണിച്ചിരുന്നില്ല എന്നതാണ്. അതുമൂലം അതിശയോക്തി കലര്‍ന്ന അതിവര്‍ണനകള്‍ നമ്മുടെ ചില ക്ലാസിക്കല്‍ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍പോലും സ്ഥാനംപിടിച്ചതായി കാണാം. മുന്‍ഗാമികളായ ഭരണാധികാരി കളുടെയും ഭരണകൂടങ്ങളുടെയും ചരിത്രം എഴുതപ്പെട്ടത് പില്ക്കാലത്ത് അവരുടെ ശത്രുക്കള്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് എന്ന വസ്തുതയും ചരിത്രത്തിലെ നിഷ്പക്ഷതയെ മുറിപ്പെടുത്തുന്നതില്‍ അതിന്റേതായ പങ്ക്‌വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഉമവികളുടെ ചരിത്രം എഴുതപ്പെട്ടത് അബ്ബാസികളുടെ ഭരണകാലത്താണ്. ഉമവികളെ പുറത്താക്കി അധികാരം പിടിച്ചെടുത്ത അബ്ബാസികള്‍ അവരോട് വലുതായൊന്നും നീതി ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ഇങ്ങനെ ചില പോരായ്മകള്‍ എടുത്തു പറയാമെങ്കിലും ഹദീഥിന്റെ ചുവട് പിടിച്ച് എഴുതപ്പെട്ട ആദ്യകാല ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങള്‍ ആധികാരികതക്കും വസ്തുനിഷ്ഠതക്കും പേരു കേട്ടവ തന്നെയാണ്.
എന്നാല്‍ പില്ക്കാലത്ത് ഇസ്‌ലാമിക ചരിത്രം കൈകാര്യം ചെയ്തവര്‍ക്ക് ചരിത്രത്തോടുള്ള ഇസ്‌ലാമിക സമീപനം അന്യമായിരുന്നതിനാല്‍ കൂടുതല്‍ ഗുരുതരമായ ഒട്ടേറെ വൈകല്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഈ വൈകല്യങ്ങളില്‍ ഏറ്റവും ഗുരുതരമായത് ചരിത്രത്തിന്റെ സാമുദായിക വായനയാണ്. സ്വന്തം വംശത്തിന്റെയോ സമുദായത്തിന്റെയോ രാജ്യത്തിന്റെയോ താല്‍പര്യം മാത്രം സംരക്ഷിക്കുക എന്ന വികാരത്തോടെ ചരിത്ര സംഭവങ്ങളെ നോക്കിക്കാണുകയും അതില്‍നിന്ന് തന്റെ താല്‍പര്യങ്ങള്‍ക്കുതകുന്ന അഭിപ്രായങ്ങളും നിലപാടുകളും കണ്ടെത്തുകയും ചെയ്യുക എന്നതാണ് സാമുദായിക വായന. ലോകത്തെ ഏതാണ്ടെല്ലാ സമൂഹങ്ങളെയും ജനതകളെയും രാഷ്ട്രങ്ങളെയും ചരിത്രത്തിലെ ഈ പഠന രീതി വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. പക്ഷേ, ഈ വായനയുടെ പ്രത്യാഘാതം അങ്ങേയറ്റം ഗുരുതരവും സര്‍വവ്യാപകവുമാണ്. പോരടിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളുടെ കൈയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായി മാറുന്നു ഇത്തരം ചരിത്രം. മനുഷ്യത്വത്തെ മുറിപ്പെടുത്തുന്നതിലും ഭൂമിയില്‍ കുഴപ്പവും നാശവും രക്തച്ചൊരിച്ചിലും വിതയ്ക്കുന്നതിലും ചരിത്രത്തിന്റെ ഈ സാമുദായിക വായന വഹിച്ച പങ്ക് ചെറുതല്ല. പിശാചുക്കളെ ആരാധനാമൂര്‍ത്തികളാക്കാനും സജ്ജനത്തെ പ്രതിലോമകാരികളാക്കാനും ഇത്തരം ചരിത്രത്തിന് നിഷ്പ്രയാസം സാധിക്കും. മുസ്‌ലിംകളെയും, വിശേഷിച്ചും അവരുടെ അധ#ഃപതനകാലത്ത്, ഈ ചരിത്രവായന കുറേയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. തദ്ഫലമായി എല്ലാ മുസ്‌ലിം ഭരണാധികാരികളെയും അവര്‍ തങ്ങളുടെ മതക്കാരാണെന്ന ഒറ്റക്കാരണത്താല്‍ മഹത്ത്വവല്‍ക്കരിക്കാനും അവരുടെ ഭരണകാലത്തെ സുവര്‍ണ കാലഘട്ടമായി അവതരിപ്പിക്കാനും മുസ്‌ലിം ചരിത്രകാരന്മാരെ പ്രേരിപ്പിച്ചു. അവരുടെ ജീവിതത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എത്രമാത്രം സ്വാധീനമുണ്ടായിരുന്നുവെന്നൊന്നും അവര്‍ നോക്കിയില്ല. അവരുടെ വീക്ഷണത്തില്‍ സ്വലാഹുദ്ദീനില്‍ അയ്യൂബിയും നൂറുദ്ദീനും തിമൂറും നാദിറും അക്‌റും ഔറന്‍ഗസീബും എല്ലാം ഒരുപോലെ മഹാന്‍മാരായ ഭരണാധികാരികളാണ്. തിമൂര്‍ ദുരാഗ്രഹിയായ പടയോട്ടക്കാരന്‍ മാത്രമായിരുന്നുവെന്നതോ അക്ബറില്‍ ഇസ്‌ലാമിനെക്കാള്‍ ഹൈന്ദവ സ്വാധീനമാണ് മുഴച്ചു നിന്നിരുന്നതെന്നതോ അവര്‍ക്ക് പ്രശ്‌നമായില്ല. മുസ്‌ലിം ഭരണാധികാരികളുടെയും ഭരണകൂടങ്ങളുടെയും വൈകല്യങ്ങളുടെയും തെറ്റായ ചെയ്തികളുടെയും ഭാണ്ഡം ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കപ്പെടുകയും തദ്വാരാ ഇസ്‌ലാം ലോകത്തിനു മുമ്പില്‍ തെറ്റായ രീതിയില്‍ അവതരിപ്പിക്കപ്പെടാന്‍ ഇടയാവുകയും ചെയ്യുന്നുവെന്നതാണ് ഇസ്‌ലാമിക ചരിത്രത്തിലെ സാമുദായിക വായനയുടെ മാരകമായ അപകടം. ഈ അപകടം മനസ്സിലാക്കിയ ഷാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയെയും മൗലാനാ മൗദൂദിയെയും പോലുള്ള പരിഷ്‌കര്‍ത്താക്കള്‍ ഇസ്‌ലാമിക ചരിത്രം, മുസ്‌ലിം ചരിത്രം എന്നീ രണ്ട് സംജ്ഞകള്‍ തന്നെ ഉപയോഗിക്കുകയും അവ തമ്മില്‍ വമ്പിച്ച അന്തരമുള്ളതായി വ്യക്തമാക്കു കയും ചെയ്തു.
ഇസ്‌ലാമിക ചരിത്രത്തോട് അനീതി ചെയ്ത വേറൊരു കൂട്ടര്‍ ഓറിയന്റലിസ്റ്റുകളും അല്ലാത്തവരുമായ പാശ്ചാത്യന്‍ ചരിത്രകാരന്മാരാണ്. ഇസ്‌ലാമിക ചരിത്രത്തോട് കുറേയൊക്കെ നീതി പുലര്‍ത്തിയവര്‍ അവരില്‍ അപൂര്‍വമായി കണ്ടേക്കാമെങ്കിലും ഭൂരിപക്ഷവും ഇസ്‌ലാമിനോടുള്ള പരമ്പരാഗതമായ വൈരവും പകയും കാരണം ഇസ്‌ലാമിക ചരിത്രത്തെ ബോധപൂര്‍വം വികലമാക്കുകയും മലിനമാക്കുകയും ചെയ്തവരാണ്. പ്രവാചക ചരിത്രമാണ് അവരുടെ കടന്നാക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയായത്. ഓറിയന്റലിസ്റ്റുകളുമായും പാശ്ചാത്യരുമായുമുള്ള സഹവാസവും ഇടപെടലും കാരണം മുസ്‌ലിം ചരിത്രകാരന്മാരെപ്പോലും അവരുടെ ചിന്താഗതികള്‍ സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ ഈ മുസ്‌ലിം ചരിത്രകാരന്‍മാര്‍ എഴുതിയ ഗ്രന്ഥങ്ങളിലും ഇസ്‌ലാമിന്റെ ചൈതന്യവും അന്തസ്സത്തയും പലയിടത്തും ചോര്‍ന്നുപോയിട്ടുണ്ട്. ചരിത്രത്തിലെ നന്മതിന്‍മകള്‍ വേര്‍തിരിക്കാനുള്ള ഇസ്‌ലാമിക മാനദണ്ഡങ്ങള്‍ വിട്ട് മതേതര മാനദണ്ഡങ്ങളില്‍ അഭയം തേടിയതാണ് ഈ ചരിത്രകാരന്മാരെ അബദ്ധത്തില്‍ ചാടിച്ചത്.
അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം
Subscribe to:
Post Comments (Atom)
No comments:
Post a Comment