Monday, 7 December 2015
സാമൂഹിക ബാധ്യതയോ?
ഇസ്‌ലാമിക പ്രബോധനം വൈയക്തിക ബാധ്യതയോ സാമൂഹിക ബാധ്യതയോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ പണ്ട് മുതല്‌ക്കേ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയമാണ്.
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ (آل عمران: 104)
(പുണ്യത്തിലേക്ക് ക്ഷണിക്കുകയും ധര്‍മം അനുശാസിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്ന് ഉണ്ടായിത്തീരട്ടെ, ഈ ദൗത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍ - 3: 104) എന്ന ഖുര്‍ആന്‍ സൂക്തമാണ് പ്രബോധനം സാമൂഹിക ബാധ്യതയാണെന്ന അഭിപ്രായക്കാരുടെ തെളിവ്. 'നിങ്ങളില്‍നിന്ന്' എന്ന് പറഞ്ഞതിനാല്‍ പ്രബോധന ബാധ്യത എല്ലാവര്‍ക്കുമില്ല എന്ന് അവര്‍ മനസ്സിലാക്കുന്നു. ബൈദാവി, സമഖ്ശരി, ഇബ്‌നുല്‍അറബി തുടങ്ങിയ പണ്ഡിതന്മാര്‍ ഈ അഭിപ്രായക്കാരാണ്. പ്രബോധന ദൗത്യം നിര്‍വഹിക്കണമെങ്കില്‍ പാണ്ഡിത്യവും ഉള്‍ക്കാഴ്ചയും അനിവാര്യമാണ്. അതാകട്ടെ എല്ലാവര്‍ക്കുമുണ്ടാവില്ല. അതുകൊണ്ട് പാണ്ഡിത്യം, ഉള്‍ക്കാഴ്ച തുടങ്ങിയ ഉപാധികള്‍ പൂര്‍ത്തീകരിച്ചവര്‍ക്കേ പ്രബോധന ബാധ്യതയുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെടുന്നു.
പ്രബോധനം വൈയക്തിക ബാധ്യതയാണെന്ന് പറയുന്നവരുടെ തെളിവ് ഇതത്രെ.
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ (آل عمران: 110)
(നിങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഉയര്‍ത്തപ്പെട്ട ഉത്തമ സമൂഹമാകുന്നു. നിങ്ങള്‍ നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു - 3: 110). ഇതിലെ 'നിങ്ങള്‍' എന്ന വാക്ക് മുസ്‌ലിംകളില്‍നിന്നുള്ള ഒരു വിഭാഗത്തെയല്ല മറിച്ച്, മുസ്‌ലിം സമുദായത്തെ മൊത്തമായിട്ടാണ് പറഞ്ഞിട്ടുള്ളത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
وَالْعَصْرِ . إِنَّ الْإِنسَانَ لَفِي خُسْرٍ . إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ .
(കാലമാണ് സത്യം, മനുഷ്യന്‍ മഹാ നഷ്ടത്തിലാണ്. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും പരസ്പരം സത്യമുദ്‌ബോധിപ്പിക്കുകയും ക്ഷമയുപദേശിക്കുകയും ചെയ്ത ജനങ്ങളൊഴിച്ച് -അല്‍അസ്ര്‍ 1-3) എന്നീ സൂക്തങ്ങളും പ്രബോധനം ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നാണ് സൂചിപ്പിക്കുന്നത്.
മതത്തില്‍ അവഗാഹമുള്ളവര്‍ക്കേ ഇസ്‌ലാമിക പ്രബോധനം സാധ്യമാകൂ എന്ന വാദത്തെയും ഇവര്‍ ഖണ്ഡിക്കുന്നു. മതം അനുഷ്ഠിക്കണമെങ്കില്‍ തന്നെ അത്യാവശ്യം വിവരം വേണമല്ലോ. അനുവദനീയങ്ങളേത്, നിഷിദ്ധങ്ങളേത് എന്നൊക്കെയുള്ള സാമാന്യ ധാരണ എല്ലാ മുസ്‌ലിംകള്‍ക്കുമുണ്ട്. തനിക്കറിയാവുന്ന അത്തരം കാര്യങ്ങള്‍ മറ്റൊരാളെ എന്തുകൊണ്ട് ഉപദേശിച്ചുകൂടാ? ശഹീദ് അബ്ദുല്‍ ഖാദിര്‍ ഔദഃ എഴുതുന്നു: 'നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും വിവരമില്ലാത്തവരെ ഏല്പിക്കുന്നത് കുഴപ്പങ്ങള്‍ക്കിടയാക്കുമെന്ന് പറയുന്നത് ശരിയല്ല. കൂടുതല്‍ വിവരമില്ലാത്തവര്‍, നമസ്‌കാരം നിര്‍ബന്ധമാണ്, കളവും വ്യഭിചാരവും നിഷിദ്ധമാണ് തുടങ്ങിയ, തനിക്കറിയാവുന്ന കാര്യങ്ങളേ സ്വാഭാവികമായും മറ്റുള്ളവരെ ഉപദേശിക്കുകയുള്ളൂ.' (അത്തശ്‌രീഉല്‍ ജിനാഇ 1/495).
യഥാര്‍ഥത്തില്‍ ഈ അഭിപ്രായാന്തരങ്ങള്‍ പ്രബോധന ദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നില്ല. പ്രബോധനം സാമൂഹിക ബാധ്യതയാണെന്ന് സമ്മതിച്ചാല്‍ പോലും അതില്‍നിന്ന് ഒഴിഞ്ഞുനില്ക്കാന്‍ ഒരു മുസ്‌ലിമിനും സാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായ പ്രകാരം ഫര്‍ദ് കിഫായഃ(പൊതുബാധ്യത)യുടെ നിര്‍വചനം ഇപ്രകാരമാണ്: ''എല്ലാവര്‍ക്കും നിര്‍ബന്ധമായിട്ടുള്ള, എന്നാല്‍ ചിലര്‍ നിര്‍വഹിച്ചാല്‍ മറ്റുള്ളവര്‍ കുറ്റ വിമുക്തരാവുകയും ആരും നിര്‍വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റവാളികളായിത്തീരുകയും ചെയ്യുന്ന ബാധ്യത''- പ്രബോധനം സാമൂഹിക ബാധ്യതയാണെന്ന് അഭിപ്രായപ്പെടുന്നത് ഈ അര്‍ഥത്തിലാണ്. മുസ്‌ലിം സമൂഹത്തിന് ഒരു ഇസ്‌ലാമിക ഭരണകൂടമോ നേതൃത്വമോ ഉണ്ടെങ്കില്‍ പ്രബോധനം അവരുടെ ഉത്തരവാദിത്വമായിരിക്കും. തദാവശ്യാര്‍ഥം നേതൃത്വം എടുക്കുന്ന നടപടികളോട് സഹകരിക്കാന്‍ മറ്റുള്ളവര്‍ ബാധ്യസ്ഥരുമാണ്. ഈയവസ്ഥയില്‍ പ്രബോധനം ഫര്‍ദ് കിഫായഃ(സാമൂഹിക ബാധ്യത)യാകുന്നു. എന്നാല്‍ ഇസ്‌ലാമിക ഗവണ്‍മെന്റോ നേതൃത്വമോ ഇല്ലാത്ത പരിതഃസ്ഥിതികളില്‍ അത് ഓരോ മുസ്‌ലിമിന്റെയും കര്‍ത്തവ്യമായിത്തീരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment