..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

ദഅ്‌വതും തബ്‌ലീഗും ദഅ്‌വഃ(പ്രബോധനം)യോട് അര്‍ഥസാമ്യതയുള്ള മറ്റൊരു പദമാണ് തബ്‌ലീഗ്. പലപ്പോഴും ദഅ്‌വഃയുടെ പര്യായമായി അതു ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഭാഷാര്‍ഥത്തില്‍ ഇവ തമ്മില്‍ ഒരല്പം വ്യത്യാസമുണ്ട്. സന്ദേശം എത്തിക്കുക, പ്രചരിപ്പിക്കുക, അറിയിക്കുക എന്നൊക്കെയാണ് തബ്‌ലീഗിന്റെ അര്‍ഥം. ادْعُ إِلَى سَبِيلِ رَبِّكَ(നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ദഅ്‌വഃനടത്തുക), بَلِّغْ مَا أُنزِلَ إِلَيْكَ (നിനക്ക് അവതീര്‍ണമായത് തബ്‌ലീഗ് ചെയ്യുക) എന്നീ സൂക്ത ശകലങ്ങള്‍, രണ്ടിന്റെയും ലക്ഷ്യം ഒന്നാണെന്ന് തോന്നിക്കാം. രണ്ടും തമ്മില്‍ അഭേദ്യബന്ധമുണ്ടുതാനും. 'നാളെ ഒരിടത്ത് ഒരു സമ്മേളനമുണ്ട്' എന്ന് ഒരാള്‍ മറ്റൊരാളെ അറിയിക്കുന്നത് തബ്‌ലീഗാകുന്നു. ആ സമ്മേളനത്തില്‍ മറ്റെയാള്‍ പങ്കെടുക്കണമെന്ന് അയാള്‍ ആവശ്യപ്പെടുക കൂടി ചെയ്യുമ്പോള്‍ അത് ദഅ്‌വത് ആകുന്നു. 'അല്ലാഹുവിന് നിങ്ങള്‍ അടിമപ്പെട്ടു ജീവിക്കുവിന്‍', 'എനിക്കു നിങ്ങള്‍ അടിമപ്പെട്ടു ജീവിക്കുവിന്‍', 'അല്ലാഹുവിനടിമപ്പെട്ടു ജീവിക്കുകയും ത്വാഗൂതു(ദൈവേതര മൂര്‍ത്തി)കളെ കൈവെടിയുകയും ചെയ്യുവിന്‍', 'ഞാനല്ലാതെ യാതൊരു ദൈവവുമില്ലായ്കയാല്‍ എനിക്കു മാത്രം അടിമപ്പെട്ടു ജീവിക്കുവിന്‍' എന്നിങ്ങനെയുള്ള ഖുര്‍ആനിക ആഹ്വാനങ്ങള്‍ ജനങ്ങളിലെത്തിച്ചാല്‍ ഒരേസമയത്ത് തബ്‌ലീഗും ദഅ്‌വതുമായിത്തീരുന്നു. അല്ലാഹുവിന്റെ സന്ദേശം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കുകയും അതിലേക്ക് അവരെ ക്ഷണിക്കുകയും അത് യഥാവിധി എത്തിച്ചുകൊടുത്തുവെന്നതിന് സാക്ഷിയാവുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക പ്രബോധനത്തിന്റെ പൂര്‍ണ രൂപം. സമാനാര്‍ഥമുള്ള മറ്റൊരു പ്രയോഗമാണ്, الأمر بالمعروف والنهي عن المنكر - 'നന്മയെ വിധിക്കുകയും തിന്മയെ മുടക്കുകയും ചെയ്യുക' എന്നര്‍ഥം. ധര്‍മത്തിന്റെ സംസ്ഥാപനവും അധര്‍മത്തിന്റെ ഉഛാടനവുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ദഅ്‌വതിന്റെ മാര്‍ഗം മനഃപരിവര്‍ത്തനമാണ്. അംറുന്‍ ബില്‍മഅ്‌റൂഫും നഹ്‌യുന്‍ അനില്‍മുന്‍കറും(നന്മ കല്‍പ്പിക്കലും തിന്മ വിലക്കലും) ഉപദേശ നിര്‍ദേശങ്ങള്‍ക്കു പുറമേ ആവശ്യമെങ്കില്‍ ബലപ്രയോഗത്തെക്കൂടി മാര്‍ഗമാക്കും. കര്‍മശാസ്ത്രകാരന്മാരുടെ വീക്ഷണത്തില്‍ മുഹമ്മദ്‌നബിയെയും അദ്ദേഹം അല്ലാഹുവില്‍നിന്ന് കൊണ്ടുവന്ന ദീനിനെയും അനുധാവനം ചെയ്യാനുള്ള അനുശാസനമാണ് അംറുന്‍ ബില്‍മഅ്‌റൂഫ്. നഹ്‌യുന്‍ അനില്‍മുന്‍കര്‍ എന്നാല്‍ തിന്മയെ വിലക്കുകയും മുടക്കുകയും ചെയ്യല്‍. മഅ്‌റൂഫ് എന്നാല്‍ നല്ലതെന്ന് ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. തിന്മയെന്ന് അംഗീകരിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നതിനെയാണ് മുന്‍കര്‍ എന്ന് പറയുന്നത്.

No comments:

Post a Comment