..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 7 December 2015

ചരിത്ര ദര്‍ശനം ചരിത്ര സംഭവങ്ങളുടെ കാര്യകാരണ സഹിതമുള്ള വ്യാഖ്യാനവും തദടിസ്ഥാനത്തിലുള്ള അനുമാനങ്ങളുമാണ് ചരിത്ര ദര്‍ശനം. ചരിത്രം ഗുണപാഠവും ഭാവിയുടെ വഴികാട്ടിയുമായി മാറുന്നത് അതിന്റെ ദര്‍ശനത്തിലൂടെയാണ്. ചരിത്രത്തിന് ഉണ്ട് എന്ന് പരക്കെ അംഗീകരിക്കപ്പെട്ട പ്രയോജനം പൂര്‍ണാര്‍ഥത്തില്‍ സാര്‍ഥകമായി മാറുന്നത് അതിന്റെ ദര്‍ശനത്തിലൂടെയാണെന്ന് ചുരുക്കം. ചരിത്രത്തെ അപേക്ഷിച്ച് ചരിത്രദര്‍ശനത്തില്‍ അഭിപ്രായ വ്യത്യാസത്തിനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് രണ്ടാം ലോകയുദ്ധത്തില്‍ സഖ്യ കക്ഷികള്‍ ജയിച്ചു എന്ന ചരിത്ര വസ്തുതയില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാല്‍ എന്തുകൊണ്ട് ജയിച്ചു എന്ന ചോദ്യത്തിന് ഉത്തരം കാണുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമായും പൊന്തിവരും. ഇതാണ് ചരിത്രവും ചരിത്ര ദര്‍ശനവും തമ്മിലുള്ള പ്രധാന വ്യത്യാസം. ചരിത്ര ദര്‍ശനത്തിന് തുടക്കം കുറിച്ചത് മുസ്‌ലിംകളാണെന്ന് പറയുന്നതില്‍ അസാംഗത്യമില്ല. എന്തുകൊണ്ടെന്നാല്‍ പൗരാണികര്‍ ചരിത്ര ദര്‍ശനത്തെക്കുറിച്ച് അധികമൊന്നും ബോധവാന്‍മാരായിരുന്നില്ല. തലമുറകളായി പകര്‍ന്നു കിട്ടിയ ചരിത്ര നിവേദനങ്ങള്‍ അപ്പടി പകര്‍ത്തിവെക്കുകയാണ് അവരധികവും ചെയ്തത്. എന്നാല്‍ മുന്‍കാല സമുദായങ്ങളുടെയും ജനപദങ്ങളുടെയും ചരിത്രം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ സ്വീകരിച്ച ശൈലിയും, ഖുര്‍ആനിക സൂക്തങ്ങളുടെ അവതരണത്തിന്റെ ചരിത്ര പശ്ചാത്തലം എന്ന ഒരു വിജ്ഞാനശാഖ തന്നെ ഖുര്‍ആനോടൊപ്പം ആവിര്‍ഭവിച്ചതും ചരിത്ര ദര്‍ശനത്തെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ഉള്‍ക്കാഴ്ച നല്കാന്‍ പര്യാപ്തമായി. ഒട്ടേറെ പുരാതന ജനസമൂഹങ്ങള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ച് ഖുര്‍ആന്‍ സൂചന നല്കുന്നുണ്ട്. എന്നാല്‍ തകര്‍ക്കപ്പെട്ടതിന്റെ സംഭവ വിവരണം നടത്തുകയല്ല ഖുര്‍ആന്റെ ഉദ്ദേശ്യം. മറിച്ച്, അവര്‍ നാമാവശേഷമാക്കപ്പെടാന്‍ നിമിത്തമായ കാരണങ്ങളെക്കുറിച്ച ബോധം പ്രദാനം ചെയ്യുകയാണ്. പില്ക്കാലത്ത് ചരിത്ര ദര്‍ശനത്തില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച ഇബ്‌നു ഖല്‍ദൂനെപ്പോലുള്ളവര്‍ക്ക് പ്രചോദനമായിത്തീര്‍ന്നത് ഖുര്‍ആന്റെ ഈ ചരിത്രാഖ്യാന ശൈലിയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും ഉത്ഥാന പതനങ്ങളുടെ കാരണങ്ങളെക്കുറിച്ച് നടത്തിയ വസ്തുനിഷ്ഠമായ പഠനമാണ് ചരിത്രദര്‍ശനത്തിന് ഇബ്‌നു ഖല്‍ദൂന്‍ നല്കിയ മഹത്തായ സംഭാവന. തന്റെ വിശ്വവിഖ്യാതമായ മുഖദ്ദിമഃയിലൂടെ ഇബ്‌നുഖല്‍ദൂന്‍ ആവിഷ്‌കരിച്ച ഈ ആശയ പ്രപഞ്ചമാണ് പാശ്ചാത്യര്‍ക്ക് ചരിത്ര ദര്‍ശനത്തിന്റെ വിശാലമായ ലോകത്തേക്കുള്ള വാതിലുകള്‍ തുറന്നുകൊടുത്തത്. മുസ്‌ലിംകള്‍ തങ്ങളുടെ അധഃപതന കാലത്ത് മറ്റെല്ലാ വിജ്ഞാനങ്ങളെയും പോലെ ചരിത്ര ദര്‍ശനത്തെയും അവഗണിച്ചെങ്കിലും പാശ്ചാത്യര്‍ ആ രംഗത്ത് ബഹുദൂരം മുന്നോട്ട് പോവുകയും തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവയെ അങ്ങേയറ്റം ദുരുപയോഗപ്പെടുത്തുകയും ചെയ്തു. ഇസ്‌ലാമിക സംസ്‌കാരവും നാഗരികതയും അതിന്റെ സകലവിധ ലാവണ്യത്തോടും കൂടി പൂത്തുലഞ്ഞ് നിന്നിരുന്ന മധ്യകാലഘട്ടത്തെ തങ്ങളുടെ മാത്രം ചരിത്രത്തിലെ ഇരുളിനെ ആസ്പദമാക്കി ലോക ചരിത്രത്തിലെ ഇരുണ്ടയുഗം എന്ന് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത് ചരിത്രദര്‍ശനത്തിലെ യൂറോപ്പിന്റെ ഒരു വന്‍ ചതിക്കുദാഹരണമാണ്. ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിക ചരിത്ര ദര്‍ശനം പഠിക്കുന്നതിനും അവയെപ്പറ്റി ഗവേഷണം നടത്തുന്നതിനും മുന്‍പന്തിയിലുള്ളത് ഓറിയന്റലിസ്റ്റ് പണ്ഡിതന്മാരാണ്. ഇസ്‌ലാമിനോടുള്ള വിദ്വേഷത്തിലും വൈരത്തിലും അധിഷ്ഠിതമായ തങ്ങളുടെ പരമ്പരാഗത മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താനുതകും വിധം അവര്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഓരോ സംഭവവികാസങ്ങളെയും വ്യാഖ്യാനിക്കുന്നു. ഇസ്‌ലാം ആയുധശക്തിയുടെ ബലത്തിലാണ് പ്രചരിച്ചതെന്ന വ്യാഖ്യാനം തന്നെ ഇതിനേറ്റവും വലിയ തെളിവ്. അറേബ്യാ ഉപദ്വീപിലെ ജൂതന്മാരോടുള്ള മുസ്‌ലിംകളുടെ സമീപനം, പ്രവാചക ഭാര്യമാരുടെ എണ്ണം തുടങ്ങിയ വിഷയങ്ങളെല്ലാം അവര്‍ വ്യാഖ്യാനിക്കുന്നതും ഇപ്രകാരമാണ്. 18-ാം നൂറ്റാണ്ടോടുകൂടി മുസ്‌ലിം രാജ്യങ്ങള്‍ കോളനിവല്‍ക്കരിക്കപ്പെട്ടതോടെ അവരുടെ ചരിത്രവും കോളനിവല്‍ക്കരിക്കപ്പെടുകയുണ്ടായി. തദ്ഫലമായി ഇസ്‌ലാമിക ചരിത്രത്തിലും ദര്‍ശനത്തിലും ഒട്ടേറെ വൈകല്യങ്ങളും അബദ്ധങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. അവയെല്ലാം ഇസ്‌ലാമിക മാനദണ്ഡമുപയോഗിച്ച് പുനഃപരിശോധനക്ക് വിധേയമാക്കിയതിന് ശേഷം ശരിയായ അര്‍ഥത്തിലുള്ള ഇസ്‌ലാമിക ചരിത്രം ക്രോഡീകരിക്കുക എന്നത് ഇസ്‌ലാമിക ചരിത്രകാരനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്. അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം

No comments:

Post a Comment