Tuesday, 20 October 2015
ഇടതുപക്ഷം മുസ്ലിം സമൂഹം ജമാഅത്തെ ഇസ്ലാമി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള നയമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചത്. ജമാഅത്തും ഇടതുപക്ഷവും തമ്മില്‍ ഇടക്കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയങ്ങളെ ജമാഅത്തും സോളിഡാരിറ്റിയും ശക്തമായി എതിര്‍ക്കുകയും അവക്കെതിരെ സമരം നയിക്കുകയും ചെയ്തിരുന്നു. അതിനോടുള്ള പ്രതികരണമെന്നോണം സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ജമാഅത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നിട്ടും ഇങ്ങനെയൊരു നിലപാട് എടുത്തതിന്റെ ന്യായമെന്താണ്?
കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നയം രൂപീകരിച്ചപ്പോള്‍ 2006-2011-ലെ എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തുകയാണ് ജമാഅത്ത് ആദ്യം ചെയ്തത്. 2001-2006 കാലത്തെ യു.ഡി.എഫ് ഭരണത്തേക്കാള്‍ താരതമ്യേന മികച്ചതാണ് 2006-'11-ലെ എല്‍.ഡി.എഫ് ഭരണം എന്നാണ് ജമാഅത്ത് ശൂറ എത്തിച്ചേര്‍ന്ന നിഗമനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം മാത്രമല്ല, അതിനു മുമ്പുള്ള യു.ഡി.എഫ് ഭരണത്തെയും വിലയിരുത്തിക്കൊണ്ടാണല്ലോ ഏത് മുന്നണിക്ക് പിന്തുണ നല്‍കണം എന്ന് തീരുമാനിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണത്തേക്കാള്‍ നിലവിലുള്ള എല്‍.ഡി.എഫ് ഭരണമാണ് മികച്ചു നില്‍ക്കുന്നത് എന്നാണ് ജമാഅത്ത് വിലയിരുത്തിയത്.
ഒന്നാമതായി, ധാരാളം ക്ഷേമ പദ്ധതികള്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് നടപ്പിലാക്കുകയുണ്ടായി. ആശാവഹമായ വികസന പ്രവര്‍ത്തനങ്ങളും ഈ ഗവണ്‍മെന്റ് നടത്തിയിട്ടുണ്ട്. ആദ്യത്തെ രണ്ട്-മൂന്ന് വര്‍ഷം ആഭ്യന്തരമായ അനൈക്യവും മറ്റും കാരണം ഒരുതരം നിശ്ചലാവസ്ഥ ഭരണരംഗത്ത് ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അതിന് അല്‍പം മാറ്റമുണ്ടായത് ലോക്സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം ആ മാറ്റം ഭരണരംഗത്ത് ഗുണകരമായി അനുഭവപ്പെട്ടു. അതോടെ വികസന രംഗത്ത് ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റിന് സാധിച്ചു.
അതേസമയം കേരളത്തില്‍ യു.ഡി.എഫിന്റെയും ദേശീയതലത്തില്‍ യു.പി.എയുടെയും പ്രതിഛായക്ക് വലിയ തകര്‍ച്ചയാണ് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും അഴിമതി നടത്തിയതിന്റെ പേരില്‍ യു.പി.എ-യു.ഡി.എഫ് നേതാക്കളില്‍ ചിലര്‍ ജയിലിലടക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനത്ത് നടന്ന പല അഴിമതികളും പുറത്ത് വരാന്‍ തുടങ്ങി. അത് പുറത്ത് കൊണ്ടുവന്നത്, അന്ന് ഭരണത്തില്‍ പങ്കാളികളായിരുന്നവരും അതിന്റെ അരികുചേര്‍ന്ന് നിന്നവരും അഴിമതിയില്‍ പങ്കാളികളായ ശേഷം അത് ഒതുക്കിത്തീര്‍ക്കാന്‍ വഴിവിട്ട കളികള്‍ നടത്തിയവരുമൊക്കെയാണ്്. അതായത്, യു.ഡി.എഫിന്റെ ഭാഗമായിട്ടുള്ളവര്‍ തന്നെയാണ് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ അഴിമതിക്കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
ഇങ്ങനെ, വികസന പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളുമായി എല്‍.ഡി.എഫ് താരതമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുകയും യു.ഡി.എഫിന്റെയും യു.പി.എയുടെയും പ്രതിഛായ ഇടിയുകയും ചെയ്ത സന്ദര്‍ഭത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഈ അവസ്ഥയില്‍ എന്തു നിലപാടാണ് ജമാഅത്തിന് സ്വീകരിക്കാന്‍ കഴിയുകയെന്ന് ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും.
എങ്കില്‍ പതിനഞ്ച് സീറ്റില്‍ യു.ഡി.എഫിനെ പിന്തുണച്ചത് എന്തടിസ്ഥാനത്തിലാണ്?
ഇടതുപക്ഷ ഭരണത്തിന് തുടര്‍ച്ചയുണ്ടാകണം എന്നാഗ്രഹിക്കുകയും, അതേസമയം ഭരണമാറ്റത്തിന് സഹായകമാകും വിധം യു.ഡി.എഫിലെ ചിലര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തതില്‍ വൈരുധ്യമുണ്ട് എന്ന വിമര്‍ശനത്തെക്കുറിച്ച് എന്തു പറയുന്നു?
യഥാര്‍ഥത്തില്‍ ഈ നിലപാടില്‍ വൈരുധ്യമൊന്നും ഇല്ല. എല്‍.ഡി.എഫിന്റെ ഭരണം താരതമ്യേന മികച്ചതാണെന്ന് പറയുമ്പോള്‍ പൂര്‍ണമായും വിജയിച്ച ഭരണമാണെന്ന് അര്‍ഥമില്ലല്ലോ. എല്‍.ഡി.എഫ് ഭരണത്തിന് നൂറ് ശതമാനം മാര്‍ക്കും നല്‍കാന്‍ ജമാഅത്ത് ഒരുക്കമല്ല. മറിച്ച്, അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം, യു.ഡി.എഫിലെ ഒരു കക്ഷിയെയും അവഗണിക്കാത്ത നയമാണ് ജമാഅത്ത് സ്വീകരിച്ചിട്ടുള്ളത്. യു.ഡി.എഫിലെ ഏതെങ്കിലും പാര്‍ട്ടിയെ മാറ്റിനിര്‍ത്തരുത് എന്നാണ് ജമാഅത്ത് തീരുമാനിച്ചത്.
ഈ വിഷയകമായി ശൂറയില്‍ രൂപപ്പെട്ട അഭിപ്രായം പ്രവര്‍ത്തകരുടെ മുമ്പില്‍ വെക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് പതിനഞ്ച് മണ്ഡലങ്ങളില്‍ യു.ഡി.എഫിന് പിന്തുണ നല്‍കുകയുമാണ് ചെയ്തത്. പതിനഞ്ച് സ്ഥലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കണം എന്നത് പ്രവര്‍ത്തകരുടെ നിര്‍ദേശമാണ്. അത് അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ സംസ്കാരത്തിന്റെ തെളിവു കൂടിയാണ്.
മുസ്ലിം സമുദായത്തെയും ജമാഅത്തിനെയും സംബന്ധിച്ച് 2006-2011-ലെ എല്‍.ഡി.എഫ് ഭരണം ആശാവഹമല്ല എന്ന വിലയിരുത്തലുണ്ടല്ലോ?
പാഠപുസ്തക വിവാദം, സ്കൂള്‍ സമയ മാറ്റവും മദ്റസാ പഠനവും, സച്ചാര്‍ സമിതി റിപ്പോര്‍ട്ട്, ഹിറാ സെന്ററിലെ റെയ്ഡ്, കിനാലൂര്‍ പ്രശ്നം, സി.പി.എം നേതൃത്വത്തിന്റെ ജമാഅത്ത് വിമര്‍ശം തുടങ്ങിയവയാണ് ഉന്നയിക്കപ്പെടുന്നത്.
രണ്ട് വിഷയങ്ങളും രണ്ടായി തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്. ഒന്ന്, മുസ്ലിം സമുദായവുമായും രണ്ടാമത്തേത് ജമാഅത്തുമായും ബന്ധപ്പെട്ടതാണ്.
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന്റേതാണ്. അതിലെ നിര്‍ദേശങ്ങളില്‍ സാധ്യമാകുന്നത് നടപ്പിലാക്കാനാണ് പാലോളി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ ഒരു കമ്മിറ്റി കേരളത്തിലെ ഇടത് ഗവണ്‍മെന്റ് ഉണ്ടാക്കിയത്. മുസ്ലിം സമുദായത്തിലെ പ്രമുഖര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പാലോളി കമ്മിറ്റി. ഇത്ര വ്യവസ്ഥാപിതമായ ഒരു സംവിധാനം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും സംസ്ഥാനത്ത് ഉണ്ടോ എന്ന് സംശയമാണ്. പൊതു പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുള്ള പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പലതും ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. മദ്റസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി ഒരു ഉദാഹരണം. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുതകുന്ന പദ്ധതികളും എല്‍.ഡി.എഫ് ഗവണ്‍മെന്റ് നടപ്പിലാക്കി തുടങ്ങിയിരുന്നു. മലബാറിലെ ഒരു പ്രധാന പ്രശ്നം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവും പിന്നാക്കാവസ്ഥയുമാണ്. ഇതിന് പരിഹാരമായി കൂടുതല്‍ സ്കൂളുകളും, കോളേജുകളില്‍ പുതിയ കോഴ്സുകളും എല്‍.ഡി.എഫ് ഗവണ്‍മെന്റ് അനുവദിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ന്യൂനപക്ഷത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അഞ്ച് ന്യൂനപക്ഷ പ്രദേശങ്ങളില്‍ അലീഗഢ് യൂനിവേഴ്സിറ്റിയുടെ കാമ്പസ് തുടങ്ങാന്‍ നിര്‍ദേശമുണ്ടായിരുന്നു. അത് നടപ്പിലാക്കാന്‍ തീരുമാനിച്ചത് കേരളവും ബംഗാളും മാത്രമാണ്. കേരളത്തില്‍ മാത്രമാണ് അത്തരം ഒരു കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അതുണ്ടാക്കുക അപ്രായോഗികമാണ് എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പാണക്കാട് തന്നെ അലീഗഢ് കാമ്പസ് വരണം എന്നാവശ്യപ്പെട്ടത്. എന്നാല്‍, അപ്രായോഗികം എന്ന് വിലയിരുത്തപ്പെട്ട പെരിന്തല്‍മണ്ണയില്‍ തന്നെ, ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ അത് പ്രായോഗികമാക്കാന്‍ ഇടത് ഗവണ്‍മെന്റിന് സാധിച്ചു. മലബാര്‍ വികസനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സോളിഡാരിറ്റി ഈ വിഷയത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അപ്പോള്‍, മുസ്ലിം സമുദായത്തിനും മലബാറിനും വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ല.
അതേസമയം, മുസ്ലിം സമുദായവുമായും മറ്റു മത വിഭാഗങ്ങളുമായും ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഈ ഭരണകാലത്തുണ്ടായി. അതില്‍ ഒന്നായിരുന്നു വിവാഹ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശങ്കകള്‍. സ്കൂള്‍ സമയമാറ്റ നിര്‍ദേശവും മദ്റസകളുടെ പ്രവര്‍ത്തനവും, പാഠപുസ്തകത്തില്‍ മതവിശ്വാസത്തിനെതിരെ വന്ന പരാമര്‍ശങ്ങള്‍ എന്നിവയാണ് മറ്റു രണ്ടെണ്ണം. ഈ പ്രശ്നങ്ങള്‍ ഇടത് ഗവണ്‍മെന്റിന്റെ വീഴ്ചകളാണ്. മുസ്ലിം സംഘടനകള്‍ ഒരുമിച്ചു നേരിട്ടപ്പോള്‍, ഗവണ്‍മെന്റ് മുസ്ലിം സംഘടനകളുടെ നിലപാടുകള്‍ക്ക് വഴങ്ങുകയാണുണ്ടായത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്താനും നിലപാടുകള്‍ തിരുത്താനും സന്നദ്ധരായി. അതുകൊണ്ടുതന്നെ, യു.ഡി.എഫിനെ അപേക്ഷിച്ച് എല്‍.ഡി.എഫ് ഗവണ്‍മെന്റ് മുസ്ലിം സമുദായത്തോട് വലിയൊരു ശത്രുത കാണിച്ചു എന്ന് പറയാന്‍ ന്യായങ്ങളില്ല. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആരെങ്കിലും ഇത്തരം പ്രചാരണം നടത്തുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധേയമായ ഒരു നീക്കമാണല്ലോ 'അല്‍ബറക' എന്ന ധനകാര്യ സ്ഥാപനം. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ അല്‍ബറകക്ക് എതിരെ ചില ഭാഗങ്ങളില്‍നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളും കോടതി കേസും ഉണ്ടായിട്ടും പിന്‍വാങ്ങാതെ മുന്നോട്ടുപോവുകയാണല്ലോ ഇടത് ഗവണ്‍മെന്റ് ചെയ്തത്.
കേരളത്തിലെ പ്രബല ജനവിഭാഗമാണ് മുസ്ലിംകള്‍. മറ്റു വിഭാഗങ്ങളെപ്പോലെ മുസ്ലിംകളും ഒരു പരിധിവരെ സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍, സാമ്പത്തിക പ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയാതിരുന്നാല്‍ ആഭ്യന്തരവും ബാഹ്യവുമായ പ്രയാസങ്ങള്‍ക്ക് അത് കാരണമാകും. പലിശ നിഷിദ്ധമാണ് എന്ന കാരണത്താല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കാനാകാതെ മാറിനില്‍ക്കുന്ന മൂലധനത്തെ അതിലേക്ക് കൊണ്ടുവരികയെന്നതാണ് ഇസ്ലാമിക സാമ്പത്തിക സ്ഥാപനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ സമീപനത്തിന് ബഹുമുഖ ഫലങ്ങളുണ്ട്. അത് മനസിലാക്കികൊണ്ടാണ് കേരള ഗവണ്‍മെന്റ് 'അല്‍ബറക' എന്ന പേരില്‍, ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെ പല കോണുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായി. കോടതിയില്‍ കേസ് വന്നു. സുബ്രഹ്മണ്യ സ്വാമിയുടെ ഇടപെടലും കേസും പല തെറ്റിദ്ധാരണകള്‍ക്കും കാരണമായി. എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് 'കേരളത്തിന്റെ പൊതുസമ്പത്ത് ഒരു മതവിഭാഗത്തിന് മാത്രം ഉപകാരപ്പെടുംവിധം കൈകാര്യം ചെയ്യുന്നു' എന്നായിരുന്നു. തീര്‍ത്തും തെറ്റായിരുന്നു ഈ വാദം. സ്വാമിയുടെ വാദം കോടതി തള്ളുകയും അല്‍ബറകക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയുമാണുണ്ടായത്. ശ്രദ്ധേയമായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടായിട്ടും, ഈ സംരംഭവുമായി മുമ്പോട്ടുപോകാന്‍ ഇടതുപക്ഷ ഗവണ്‍മെന്റിനു കഴിഞ്ഞുവെന്നത് ആശാവഹമാണ്.
സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ചില വിമര്‍ശനങ്ങള്‍ ജമാഅത്തിനെതിരെ ഉണ്ടായി. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയവൈകല്യങ്ങള്‍ക്കെതിരെ സോളിഡാരിറ്റിയും എസ്.ഐ.ഒയും നടത്തിയ പ്രതികരണങ്ങള്‍ തുറന്ന ഏറ്റുമുട്ടലിലാണ് കലാശിച്ചത്. എന്നിട്ടും ഇടതുമുന്നണിക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നല്ലോ?
ജമാഅത്തെ ഇസ്ലാമിയുടെ പൊതുസമീപന രീതികളെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിലപാടുകളെയും സത്യസന്ധമായി വിലയിരുത്തുന്ന ആര്‍ക്കും ഈ വിഷയത്തില്‍ അസ്വാഭാവികതയും വൈരുധ്യവും തോന്നേണ്ടതില്ല. സംഘടനാപരമായ താല്‍പര്യങ്ങളല്ല, വിശാലമായ രാജ്യതാല്‍പര്യങ്ങള്‍ മുന്‍ നിറുത്തിയാണ് ജമാഅത്തിന്റെ നയപരിപാടികള്‍ ആവിഷ്കരിക്കാറുള്ളത്. തെരഞ്ഞെടുപ്പ് നയത്തിന്റെ കാര്യത്തിലും ജനക്ഷേമത്തിനാണ്, പാര്‍ട്ടി വിഷയങ്ങള്‍ക്കല്ല ജമാഅത്ത് ഊന്നല്‍ നല്‍കാറുള്ളത്. ജമാഅത്തിനോട് ആര്‍ എന്ത് സമീപനം സ്വീകരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയല്ല തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്നതും നിരസിക്കുന്നതും.
സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചിട്ടുണ്ട് എന്നതുകൊണ്ട് ഇടതുപക്ഷത്തിന് പിന്തുണ കൊടുക്കുന്നത് ശരിയല്ലെന്നാണ് വാദമെങ്കില്‍, കോണ്‍ഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ടല്ലോ. ലീഗിനെയും കോണ്‍ഗ്രസിനെയും പിന്തുണക്കുന്നത് ഈ ന്യായം വെച്ച് എങ്ങനെ സാധൂകരിക്കാനാകും?
സഖാവ് പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും ഇടതുപക്ഷത്തിന് ജമാഅത്ത് പിന്തുണ നല്‍കിയിട്ടുണ്ടെങ്കില്‍, മുസ്ലിംലീഗ് ഇപ്പോഴും ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കെതന്നെയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് പിന്തുണ നല്‍കിയത്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമിയെ രണ്ടുതവണ നിരോധിച്ചത് കോണ്‍ഗ്രസാണ്, സി.പി.എം അല്ല. എന്നിട്ടും നിരവധി തവണ കോണ്‍ഗ്രസിന് ജമാഅത്ത് വോട്ട് ചെയ്തിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ 220ലേറെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നണിയെയാണ് ജമാഅത്ത് പിന്തുണച്ചത്. 'ജമാഅത്തിനെ രണ്ടുതവണ നിരോധിച്ച കോണ്‍ഗ്രസ് മുന്നണിയെയാണ് ജമാഅത്ത് 220ലേറെ മണ്ഡലങ്ങളില്‍ പിന്തുണക്കുന്നത്' എന്ന് അന്നാരും വിമര്‍ശനമുന്നയിച്ചിരുന്നില്ല. എന്നല്ല, ജമാഅത്ത് വലതുപക്ഷത്തിന് പിന്തുണ കൊടുക്കുമ്പോഴല്ല, ഇടതുപക്ഷത്തിന് പിന്തുണനല്‍കുമ്പോഴാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാറുള്ളത്. അപ്പോള്‍ അതിന്റെ പിന്നിലെ താല്‍പര്യം വ്യക്തമാണല്ലോ.
സമീപകാലത്ത് സി.പി.എമ്മിലെ ചില നേതാക്കള്‍ ജമാഅത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ പശ്ചാത്തലം നമുക്കറിയാം. ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടതുപക്ഷ ഗവണ്‍മെന്റിന് ചിലയിടങ്ങളില്‍ അവരുടെ തന്നെ അജണ്ടകള്‍ തെറ്റിപോയിട്ടുണ്ട്. മുതലാളിത്ത-ആഗോള വത്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷത്തിന്റെ ചില പദ്ധതികളില്‍, മുതലാളിത്തപരമായ സമീപനങ്ങള്‍ കടന്നുവന്നപ്പോള്‍ ജമാഅത്തും പോഷക സംഘടനകളും പത്രമാധ്യമങ്ങളും അതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. എതിര്‍പ്പിനു വിധേയമായ വികസന പദ്ധതികള്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന നയമായിരുന്നില്ല, നയങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളായിരുന്നുവെന്നാണ് ജമാഅത്ത് മനസ്സിലാക്കിയത്. എന്നാല്‍, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വലതുപക്ഷത്തെ സംബന്ധിച്ചേടത്തോളം മുതലാളിത്തപരമായ വികസന പദ്ധതികള്‍ വ്യതിയാനമല്ല, വലതുപക്ഷത്തിന്റെ അടിസ്ഥാന നിലപാട് തന്നെയാണ്. അപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ വലതുപക്ഷത്തെ എതിര്‍ക്കുമ്പോള്‍, അവരുടെ മൌലികമായ നയത്തെതന്നെയാണ് വിമര്‍ശിക്കുന്നത്. എന്നാല്‍, ഇടതുപക്ഷത്തോടുള്ള എതിര്‍പ്പ് അവരുടെ നയവ്യതിയാനത്തിന്റെ പേരിലാണ്. അത്തരം വൈകല്യങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ജമാഅത്തും പോഷകസംഘടനകളും ഇടതുപക്ഷത്തെ എതിര്‍ക്കുക തന്നെ ചെയ്യും. മതസംഘടനകള്‍ മുസ്ലിം ലീഗിന് വിധേയപ്പെടുന്നതുപോലെ, ഇടതുപക്ഷത്തിന് വിധേയപ്പെട്ടുകൊണ്ടല്ല അവര്‍ക്ക് ജമാഅത്ത് പിന്തുണ കൊടുത്തിട്ടുള്ളത്. യു.ഡി.എഫിന്റെയോ മുസ്ലിംലീഗിന്റെയോ കൊള്ളരുതായ്മകളെ എതിര്‍ക്കാന്‍ അവരോട് ചേര്‍ന്നുനില്‍ക്കുന്ന മതസംഘടനകള്‍ക്ക് കഴിയാത്തതാണ് അവരുടെ ദൌര്‍ബല്യം. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പിന്തുണ കൊടുക്കുമ്പോഴും ഇടതുപക്ഷത്തിന്റെ നയവൈകല്യങ്ങളെ ശക്തമായി എതിര്‍ക്കാന്‍ കഴിയുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ കരുത്ത്.
ഈ വ്യതിയാനങ്ങളെ എതിര്‍ത്തപ്പോഴാണ്, സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങളും ശാരീരികമായ പീഡനങ്ങളും വരെ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് തിരിച്ചുവിടാമെന്നും അങ്ങനെ നയവൈകല്യങ്ങള്‍ക്കെതിരായ ജമാഅത്തിന്റെയും പോഷക സംഘടനകളുടെയും എതിര്‍പ്പിനെ മറികടക്കാമെന്നുമാണ് അവര്‍ കരുതിയത്. ആ ധാരണ തെറ്റായിരുന്നുവെന്ന് ഇടതുപക്ഷത്തിന് പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍, കേരളീയ ജനതയുടെ പൊതു നന്മ ഉദ്ദേശിച്ചുകൊണ്ട് ജമാഅത്ത് എടുത്ത രാഷ്ട്രീയ നിലപാടുകള്‍ സംഘടനാപരമായ ഇത്തരം കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി മാറ്റിത്തിരുത്താന്‍ ജമാഅത്ത് ഒരുക്കമല്ല.
സോളിഡാരിറ്റിയുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുകയും ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു മന്ത്രി എളമരം കരീം. അദ്ദേഹത്തിനും ജമാഅത്ത് പിന്തുണ കൊടുത്തിട്ടുണ്ടല്ലോ?
ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഭരണത്തെ വിലയിരുത്തിയാണ് ജമാഅത്ത് നയം രൂപീകരിച്ചത്. എല്‍.ഡി.എഫിലെ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തല്‍ കൂടിയായിരുന്നു അത്. എന്നിട്ടും, എളമരം കരീമിന് വോട്ടുചെയ്യണമെന്നായിരുന്നു ആ മണ്ഡലത്തിലെ ജമാഅത്ത് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അഭിനന്ദിക്കപ്പെടേണ്ട നിലപാടാണിത്. ജമാഅത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയും സോളിഡാരിറ്റി പ്രവര്‍ത്തകരെയും സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരെയും പോലീസിനെ വിട്ട് തല്ലിച്ചതക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത ഒരു വ്യക്തിയെപ്പോലും, ആ വിഷയം പറഞ്ഞ് മാറ്റി നിര്‍ത്താന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ സന്നദ്ധരായില്ല. എല്‍.ഡി.എഫ് ഗവണ്‍മെന്റ് താരതമ്യേന നല്ല പ്രകടനം കാഴ്ചവെച്ചു എന്ന് വിലയിരുത്തിക്കൊണ്ട്, ജനതാല്‍പര്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നയം രൂപീകരിച്ചപ്പോള്‍ വ്യക്തിപരവും സംഘടനാപരവുമായ വിഷയങ്ങള്‍ അതിലേക്ക് വലിച്ചിഴക്കാതെ ഉയര്‍ന്നുനില്‍ക്കാന്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നത് അഭിനന്ദിക്കപ്പെടേണ്ടതാണ്. എളമരം കരീമിന് വോട്ടുചെയ്യുന്നില്ല എന്ന് പ്രവര്‍ത്തകര്‍ക്ക് പറയാമായിരുന്നു. സമരം നടന്ന കിനാലൂരും കക്കോടിയും ഉള്‍പ്പെടുന്ന എലത്തൂര്‍ മണ്ഡലത്തിലും മഹാഭൂരിപക്ഷം പ്രവര്‍ത്തകരും ഇടതുപക്ഷത്തെ പിന്തുണക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഏതാനും ആളുകള്‍ക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകാമെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കുക എന്നതാണല്ലോ ജനാധിപത്യ സ്വഭാവമുള്ള ഒരു പ്രസ്ഥാനത്തിന്റെ രീതി. അതാണ് ജമാഅത്ത് ചെയ്തിട്ടുള്ളത്.
പ്രസ്ഥാന പ്രവര്‍ത്തകരുടെ പ്രത്യുല്‍പന്നമതിത്വത്തെയാണ് ഇത് അടയാളപ്പെടുന്നത്. സമൂഹത്തിന് മൊത്തം ഉപകാരപ്പെടുന്ന പൊതുവായ നന്മകളെയാണ്, ഇടക്കാലത്ത് ആരെങ്കിലും സംഘടനയോട് കാണിച്ച ശത്രുതയെ അല്ല ആദര്‍ശപ്രചോദിതരായ ഒരു സംഘം നയരൂപവത്കരണത്തില്‍ പരിഗണിക്കേണ്ടത് എന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ തെളിയിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഔന്നത്യം അവകാശപ്പെടാന്‍ മറ്റാര്‍ക്കാണ് സാധിക്കുക!
ഹിറാസെന്ററില്‍ നടന്ന പോലീസ് പരിശോധനയാണ് മറ്റൊന്ന്. എല്‍.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചകള്‍ക്കകമാണ് ആ സംഭവം നടന്നത്. എന്നിട്ടും എന്തിനാണ് ഇടതുപക്ഷത്തിന് ജമാഅത്ത് വോട്ട് ചെയ്തത് എന്നാണ് ചിലര്‍ സംശയിക്കുന്നത്. സംഭവത്തിന് ഏതാനും മാസങ്ങള്‍ക്കകം വന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്ത് ഇടതുസ്ഥാനാര്‍ഥിയെയാണ് പിന്തുണച്ചത്. അത് ശരിയായിരുന്നുവെന്നും നമുക്കറിയാം. ഇടതുസ്ഥാനാര്‍ഥിയാണ് അന്ന് അവിടെ വിജയിച്ചത്. ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന് ഏതാനും ആഴ്ചകള്‍ക്കകം നടന്ന ആ സംഭവം ഗവണ്‍മെന്റോ അവരുടെ പാര്‍ട്ടിയോ ആലോചിച്ച് എടുത്ത തീരുമാനമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചില ഉദ്യോഗസ്ഥര്‍ അവരുടെ ധാരണവെച്ച് ചെയ്തതാകാം.
ഇടതുപക്ഷത്തിന് 124 മണ്ഡലങ്ങളില്‍ പിന്തുണ കൊടുത്തതിന്റെ പേരില്‍ ജമാഅത്തില്‍ കടുത്ത ആശയക്കുഴപ്പവും ആഭ്യന്തര ഭിന്നതയും ഉണ്ടെന്നാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. തീര്‍ത്തും അസ്ഥാനത്താണ് ഈ ധാരണ. രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില സാമ്പ്രദായിക മതസംഘടനകളുടെയും സ്വഭാവ രീതികള്‍ വെച്ച് ജമാഅത്തിനെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്. നയരൂപവത്കരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ട ശേഷം ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ പ്രസ്ഥാനം ഒറ്റക്കെട്ടായി അത് നടപ്പിലാക്കുകയാണ് ചെയ്യുക.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിലും പിന്നീട് വന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും (20ല്‍ 18) ജമാഅത്ത് പിന്തുണച്ചത് ഇടതുപക്ഷത്തെയായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില്ലറ മാറ്റങ്ങളോടെ അത് ആവര്‍ത്തിച്ചിരിക്കുന്നു. ഇങ്ങനെ തുടരെത്തുടരെ ഇടതുപക്ഷത്തെ പിന്തുണക്കുന്ന സംഘടന അവരോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയല്ലേ?
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും എല്‍.ഡി.എഫിനെ പിന്തുണക്കുമ്പോള്‍ തന്നെ ജമാഅത്തെ ഇസ്ലാമി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തിന്റെ എല്ലാ നയങ്ങളെയും നൂറുശതമാനം ജമാഅത്ത് അംഗീകരിച്ചുകൊള്ളണമെന്നില്ല. അവരുടെ നയവൈകല്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് അവരെ പിന്തുണക്കുന്നത്. അത് വെറുമൊരു വര്‍ത്തമാനമായിരുന്നില്ല. എല്‍.ഡി.എഫ് ഭരണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ നയവൈകല്യങ്ങളെ നിശിതമായി എതിര്‍ത്തിട്ടുണ്ട് ജമാഅത്ത്.
സി.പി.എം നേതൃത്വത്തിന്റെ വിമര്‍ശനം ഭയന്നുകൊണ്ടോ ഇടതു ഗവണ്‍മെന്റിന്റെ ശത്രുതയുണ്ടാകും എന്ന് ആശങ്കപ്പെട്ടുകൊണ്ടോ അവരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒരിക്കലും ജമാഅത്തും അതിന്റെ പോഷക സംഘടനകളും മൌനം അവലംബിച്ചിട്ടില്ല. കിനാലൂര്‍, ചെങ്ങറ തുടങ്ങിയ സംഭവങ്ങള്‍ ജമാഅത്തിന് ഇടതുപക്ഷവുമായി ഒരു തരത്തിലുമുള്ള വിധേയത്വവുമില്ല എന്നതിന്റെ തെളിവുകളാണ്.
വലതുപക്ഷ ധാരയോട് ചേര്‍ന്നുകൊണ്ടുമാത്രമേ മുസ്ലിംകള്‍ക്ക് രാഷ്ട്രീയമാകാവൂ എന്ന ധാരണ ശരിയാണോ?
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതുപക്ഷധാരയോട് ചേര്‍ന്നുകൊണ്ടുമാത്രമേ മുസ്ലിംകള്‍ക്ക് രാഷ്ട്രീയമുള്ളൂ എന്ന തെറ്റിദ്ധാരണ പരത്താന്‍ മുസ്ലിംലീഗ് ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിം സമൂഹം വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്. വളരെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ആണത്തത്തോടെ എഴുന്നേറ്റ് നിന്ന് വര്‍ത്തമാനം പറയാന്‍ മുസ്ലിം ലീഗിന് സാധിക്കാതിരുന്നത്, കോണ്‍ഗ്രസിന് വിധേയപ്പെട്ടുകൊണ്ടുമാത്രമേ മുസ്ലിം രാഷ്ട്രീയത്തിന് മുന്നോട്ട് പോകാനാകൂ എന്ന തെറ്റായ കാഴ്ചപ്പാട് കാരണമാണ്. മുസ്ലിം സമുദായത്തിന് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വിധേയത്വത്തിന്റേതല്ലാത്ത വഴികളുമുണ്ട്. സ്വതന്ത്രമായി രാഷ്ട്രീയ നിലപാടെടുത്ത് മുന്നോട്ട് പോവുക എന്നതാണ് അതിലൊന്ന്. അങ്ങനെ അസ്തിത്വം തെളിയിക്കാം. രണ്ടാമത്തെ വഴി, കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ കൂട്ടായ്മകളുമായി സഹകരിച്ചു മുന്നോട്ടു പോവുക എന്നതാണ്. ഇത് മുസ്ലിം സമൂഹം പലപ്പോഴായി സ്വീകരിച്ചിട്ടുമുണ്ട്.
കോണ്‍ഗ്രസിനോടൊപ്പം മാത്രമേ മുസ്ലിം രാഷ്ട്രീയത്തിന് നിലനില്‍പുള്ളൂ എന്ന് വരുന്നതോടെ, മുസ്ലിം സമുദായത്തിന് വിലപേശാനുള്ള ശക്തി നഷ്ടപ്പെടുകയാണ്. മുസ്ലിം സമുദായത്തെ കോണ്‍ഗ്രസ് അവഗണിക്കുന്നത് അക്കാരണത്താലാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിലെ പിന്നാക്കാവസ്ഥ മുതല്‍ ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കോണ്‍ഗ്രസിലെ ചില മുസ്ലിം നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതുവരെ അതിന്റെ ഉദാഹരണങ്ങളാണ്.
മുസ്ലിം ലീഗിന്റെ തന്നെ കാര്യമെടുക്കുക. കേരളത്തില്‍ 20 പാര്‍ലമെന്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 2 സീറ്റ് ലീഗിന് വളരെ മുമ്പു മുതല്‍ കോണ്‍ഗ്രസ് കൊടുക്കുന്നുണ്ട്. ലീഗിന് ലഭിക്കുന്ന രണ്ട് ലോക്സഭാ സീറ്റുകളുടെ പ്രത്യേകത, ലീഗ് ഒറ്റക്ക് മത്സരിച്ചാല്‍ പോലും ഈ സീറ്റുകളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിക്കും എന്നതാണ്. എങ്കില്‍ ബാക്കി 18 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് മുസ്ലിംകള്‍ വോട്ടു ചെയ്യുന്നതിന് പകരമായി അര്‍ഹതപ്പെട്ടത് മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസ് നല്‍കുന്നുണ്ടോ?
ഇത് ചിന്തിക്കാനോ, അര്‍ഹമായത് നേടിയെടുക്കാനോ ഇതുവരെ മുസ്ലിം ലീഗിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വിജയത്തിന് ലീഗ് വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ അറിയാം, മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്ളിടത്ത് അവര്‍ കഠിനാധ്വാനം ചെയ്ത് വോട്ടുണ്ടാക്കുന്നു. ബാക്കി സ്ഥലങ്ങളില്‍ പലതരം താല്‍പര്യക്കാരെയും കോര്‍പറേറ്റുകളെയും മാഫിയകളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നത്. പ്രവര്‍ത്തകരെ രംഗത്തിറക്കി ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് അടിത്തട്ടില്‍ ദുര്‍ബലമായിരിക്കുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടും, അര്‍ഹമായത് കിട്ടാന്‍ കോണ്‍ഗ്രസിനു മുമ്പില്‍ ഒന്ന് വിലപേശാന്‍ പോലും മുസ്ലിം ലീഗിന് കഴിയുന്നില്ല.
ഈയൊരു പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലിംകള്‍ വിചാരിക്കേണ്ടതില്ല, കോണ്‍ഗ്രസിനോടൊപ്പം മാത്രമേ അവര്‍ക്കൊരു വഴിയുള്ളൂവെന്ന്. കോണ്‍ഗ്രസിനോടൊപ്പമുള്ള രാഷ്ട്രീയം പൂര്‍ണമായും അബദ്ധമാണെന്നോ തീര്‍ത്തും തെറ്റാണെന്നോ എനിക്ക് വാദമില്ല. എന്നാല്‍, കോണ്‍ഗ്രസിന് വിധേയപ്പെട്ട് സ്വന്തം അസ്തിത്വം അടിയറവെക്കുന്ന മുസ്ലിം രാഷ്ട്രീയം മാറേണ്ടതുണ്ട്. കോണ്‍ഗ്രസിനോടൊപ്പമല്ലാതെയും മുസ്ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍ വഴികളുണ്ട് എന്ന കാര്യം മുസ്ലിം സമൂഹം ഗൌരവത്തില്‍ കാണേണ്ടതുണ്ട്. കോണ്‍ഗ്രസിതര രാഷ്ട്രീയ വഴികള്‍ തെരഞ്ഞെടുക്കാന്‍ ഏതെങ്കിലും മുസ്ലിം വിഭാഗങ്ങള്‍ രംഗത്തു വരുന്നുണ്ടെങ്കില്‍, അതിന്റെ ഗുണങ്ങളും നേട്ടങ്ങളും തിരിച്ചറിയാനും മുസ്ലിംകള്‍ക്ക് സാധിക്കണം.
മുസ്ലിം സമുദായത്തെ വോട്ടു ബാങ്കായി മാത്രം ചിലര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അധികാരം ലഭിക്കാന്‍ സമുദായത്തെ കൂടെ നിര്‍ത്തുകയും ലഭിച്ചു കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യുന്നത് വേണ്ടവിധം സമുദായം തിരിച്ചറിഞ്ഞിട്ടുണ്ടോ?
അധികാരത്തിലേക്ക് എത്താനുള്ള ചവിട്ടു പടിയായി മുസ്ലിംകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അവര്‍ മുസ്ലിംകളെ പുറംകാലു കൊണ്ട് തട്ടിക്കളയുന്നു. പശ്ചിമ ബംഗാള്‍ അതിന്റെ ഉദാഹരണമാണ്. അവിടെ കഴിഞ്ഞ ഒന്നു രണ്ട് തെരഞ്ഞെടുപ്പുകളില്‍ മമതാ ബാനര്‍ജി വളരെ ഉദാരമായ സമീപനമാണ് മുസ്ലിംകളോട് സ്വീകരിച്ചത്. അതുവഴി മുസ്ലിം പിന്തുണയോടെ രാഷ്ട്രീയ മുന്നേറ്റം നടത്താനും സ്വാധീനമുറപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. പക്ഷേ, ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍, അധികാരത്തില്‍ വരും എന്ന് ഏതാണ്ട് ഉറപ്പായപ്പോള്‍ മുസ്ലിം സംഘടനകളോടും നേതാക്കളോടും സംസാരിക്കാന്‍ പോലും മമത തയാറായില്ല. അതേ സമീപനമായിരുന്നു സി.പി.എമ്മും അവിടെ മുസ്ലിംകളോട് സ്വീകരിച്ചിരുന്നത്. അതിനാല്‍ മനംനൊന്ത് കൊണ്ടാണ് മമതാ ബാനര്‍ജിക്ക് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം സംഘടനകള്‍ പിന്തുണ നല്‍കിയത്. അതിന്റെ ഫലം മമത അനുഭവിച്ചു. പക്ഷേ, ഇപ്പോള്‍ ചെയ്യുന്നത് മുസ്ലിംകളെ അവഗണിക്കുകയാണ്. ഇത് കോണ്‍ഗ്രസ്സിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതാണ്. ഈ അനുഭവത്തെ മുസ്ലിം സമുദായം വളരെ ഗൌരവത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
കേരളത്തിലേക്ക് വരുമ്പോള്‍ ഉള്ള അനുഭവങ്ങള്‍ എന്താണ്?
കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി ദയനീയമായി പരാജയപ്പെട്ടതിനു ശേഷം രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എം.ഐ ഷാനവാസ് തുടങ്ങിയവര്‍ ജമാഅത്ത് നേതൃത്വവുമായി വിശദമായ സംഭാഷണം നടത്തുകയുണ്ടായി. എറണാകുളത്തുവെച്ചായിരുന്നു ആ കൂടിക്കാഴ്ച. ആ സംഭാഷണത്തില്‍ അവര്‍ പറഞ്ഞത്, 'മുസ്ലിം സമുദായത്തില്‍ മുസ്ലിം ലീഗിനോട് മാത്രമല്ല ഇതര മുസ്ലിം സംഘടനകളോടും കോണ്‍ഗ്രസ് സംസാരിക്കേണ്ടതുണ്ട് എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്' എന്നായിരുന്നു. അന്ന് ചര്‍ച്ചയുടെ അവസാനം അവര്‍ പറഞ്ഞത്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടത്തെ മുസ്ലിം സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പാക്കാന്‍ ജമാഅത്ത് മുന്‍കൈയെടുക്കണം എന്നായിരുന്നു. ജമാഅത്തിന്റെ നയസമീപനവുമായി വളരെ അടുത്ത് നില്‍ക്കുന്ന ഒരു വിഷയമാണിത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയെന്നത് ജമാഅത്തിന്റെ നയമാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആവശ്യം അംഗീകരിക്കാന്‍ ജമാഅത്ത് താല്‍പര്യം പ്രകടിപ്പിച്ചു. തദടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മുസ്ലിം നേതൃത്വവുമായും ജമാഅത്ത് നേതാക്കളുമായും സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവസരമുണ്ടാക്കാം എന്ന ധാരണയോടെയാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. പിന്നീട് അത്തരം ഒരു മുന്‍കൈയും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. എന്തുകൊണ്ട് കോണ്‍ഗ്രസ് അതിന് മുതിര്‍ന്നില്ല എന്ന് അന്വേഷിച്ചിരുന്നു. കര്‍ണാടകയിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് മുസ്ലിംകളോട് അങ്ങോട്ട് സംസാരിച്ച് കോണ്‍ഗ്രസ് ഒരു ബാധ്യത ഉണ്ടാക്കി വെക്കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം നേതാക്കളുമായി സംഭാഷണം നടത്താതിരുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും മത്സരിക്കുമ്പോള്‍ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുകൊള്ളും, അതവരുടെ ബാധ്യതയാണ് എന്നാണ് കോണ്‍ഗ്രസ് കരുതിയത്. ഈ രാജ്യത്ത് ജീവിക്കുന്ന രാഷ്ട്രീയ സ്വത്വമുള്ള ഒരു വിഭാഗമായോ, തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടേണ്ട സമൂഹമായോ മുസ്ലിംകളെ കോണ്‍ഗ്രസ് കാണുന്നില്ല എന്നതാണ് സത്യം.
ജമാഅത്തുമായി നടത്തിയ രാഷ്ട്രീയ ചര്‍ച്ചകളെ കേരളത്തില്‍ ചിലര്‍ നിഷേധിക്കുകയുണ്ടായി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം നിലപാടുകളെക്കുറിച്ച്?
കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ഥാനത്തിന്റെ പേര് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളുയരുകയും ചെയ്ത കാലം കൂടിയാണ് കഴിഞ്ഞു പോയത്. ജമാഅത്തുമായുളള ചര്‍ച്ചയെ വിവാദമാക്കാനും ഭീകരവല്‍ക്കരിക്കാനും ചിലര്‍ ശ്രമിച്ചു. രാഷ്ട്രീയ തീരുമാനങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏതാണ്ടെല്ലാം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രസ്ഥാനങ്ങളുമായും ജമാഅത്ത് സംസാരിക്കാറുണ്ട്. ജമാഅത്തുമായി ചര്‍ച്ച നടത്തിയില്ല എന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ പറ്റുന്ന ഒരു പ്രസ്ഥാനവും ഈ രാജ്യത്തുണ്ടാവില്ല. പക്ഷേ, നമ്മുടെ രാഷ്ട്രീയക്കാര്‍ തികഞ്ഞ ആത്മവഞ്ചനയോടെയാണ് ഈ വിഷയം സംസാരിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി അവര്‍ കളവ് പറയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും, വര്‍ഗീയവികാരം ഉയര്‍ത്തുന്നതില്‍ പോലും അവര്‍ക്ക് മടിയില്ല. എന്നുവെച്ച്, ജമാഅത്ത് ദൌത്യത്തില്‍ നിന്ന് പിന്നോട്ട് പോവില്ല. നമ്മെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും പലരും മുതിരും. അങ്ങനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവര്‍ തന്നെ പല തവണ പല വിഷയങ്ങളില്‍ ജമാഅത്തിന്റെ സഹായം കെഞ്ചിയവരുമാണ്. ജമാഅത്തിന്റെ രാഷ്ട്രീയ മാന്യത കൊണ്ടാണ് നാമത് അങ്ങാടിപ്പാട്ടാക്കാത്തത്. ഇന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തലതാഴ്ത്തി തിരിച്ചുവരുമെന്നും നമുക്കറിയാം. 'ആ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ മാറിമാറി കൊണ്ടുവരും' എന്നാണല്ലോ വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നത്. അതിനാല്‍ പുറത്ത് നടക്കുന്ന ബഹളങ്ങള്‍ പ്രസ്ഥാനത്തെ നിരാശപ്പെടുത്തുകയില്ല.
ഇടതുപക്ഷത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തോട് വിയോജിച്ച് നേതൃത്വത്തില്‍ നിന്ന് രാജിവെച്ച സംഭവമുണ്ടായല്ലോ?
അസംബ്ളി തെരഞ്ഞെടുപ്പിലെ നിലപാടിനോട്, അത് പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ് തന്നെ, വിയോജിപ്പ് പറഞ്ഞാണ് ഒരു സഹോദരന്‍ പടിയിറങ്ങിപ്പോയത്. തന്റെ അഭിപ്രായം സംഘടന സ്വീകരിച്ചില്ല എന്നാണ് ഇറങ്ങിപ്പോക്കിന് കാരണമായി അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഓരോ ആളും അയാളുടെ അഭിപ്രായം തന്നെയാണ് ശരി എന്ന് വിശ്വസിക്കുകയും അതിനെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയാണെങ്കില്‍ ലോകത്ത് ഒരു സംഘടനക്കും നിലനില്‍ക്കാന്‍ സാധ്യമല്ല. അഭിപ്രായ വൈവിധ്യങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്നതാണ് സംഘടന. ഈ വൈവിധ്യങ്ങളെ പരസ്പരം ആദരിച്ചും പരിഗണിച്ചും വിശകലനം ചെയ്തും സന്തുലിതമായ ഒരു നിലപാടിലെത്തുമ്പോഴാണ് സംഘടനയുണ്ടാവുന്നത് തന്നെ. തന്റെ അഭിപ്രായത്തെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ പത്രസമ്മേളനം വിളിക്കാന്‍ നിന്നാല്‍ ഓരോരുത്തരും ദിവസേന നിരവധി തവണ പത്രസമ്മേളനം വിളിക്കേണ്ടി വരും. സംഘടനാ ജീവിതത്തെക്കുറിച്ച് പൊതുവെയും ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ സംസ്കാരത്തെക്കുറിച്ച് സവിശേഷമായും ഉണ്ടായിരിക്കേണ്ട വളരെ പ്രാഥമികമായ പാഠം ഒട്ടുമേ ഗ്രഹിക്കാത്തതുകൊണ്ടോ മറ്റു ചില താല്‍പര്യങ്ങള്‍ കൊണ്ടോ ആയിരിക്കാം അങ്ങനെ ചെയ്തത്.
ആളുകള്‍ പടിയിറങ്ങിപ്പോവുകയെന്നത് ഈ പ്രസ്ഥാനത്തില്‍ ആദ്യമല്ല. മഹാന്മാരായിട്ടുള്ള പലരും അങ്ങിനെ ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധനായ അബുല്‍ ഹസന്‍ അലി നദ്വി, മൌലാനാ അമീന്‍ അഹ്സന്‍ ഇസ്ലാഹി, മൌലാനാ ശംസ് പീര്‍സാദ, മൌലാനാ സിയാവുര്‍റഹ്മാന്‍, മൌലാനാ വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയ പര്‍വതസമാനമായ വ്യക്തിത്വത്തിനും സാഗരസമാനമായ പാണ്ഡിത്യത്തിനും ഉടമകളായ ആളുകള്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന് ഇടക്ക് വെച്ച് പിരിഞ്ഞുപോയവരാണ്. നമുക്കിടയിലെ ഒരു സാധാരണക്കാരനെ ആ മഹാന്മാരോട് താരതമ്യം ചെയ്യുന്നത് പ്രസക്തമല്ല. എന്നാലും ഒരു കാര്യം നാം ചിന്തിക്കേണ്ടതുണ്ട്. നാം പറഞ്ഞ നേതാക്കളും പ്രസ്ഥാനവും തമ്മില്‍ എല്ലാകാലവും അനിതര സാധാരണമായ സ്നേഹബന്ധം നിലനിന്നിരുന്നു. പ്രസ്ഥാനത്തോട് വിയോജിക്കവെ തന്നെ അവര്‍ പ്രസ്ഥാനത്തെ സ്നേഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കാവും വിധം താങ്ങ് നല്‍കിയിരുന്നു. വൈജ്ഞാനികവും നിലപാടുപരവുമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ക്ക് തരിമ്പും ശത്രുതയുണ്ടായിരുന്നില്ല. അവരാരും വിയോജിപ്പുകള്‍ വിളിച്ചു പറയാന്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നില്ല. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞയാഴ്ച പിരിഞ്ഞു പോയ സഹോദരന്റെ കാര്യം പ്രസ്ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു അനുഭവമാണ്. ഏറ്റവും താഴെക്കിടയിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനുണ്ടാവേണ്ട സാമാന്യമായ ഔചിത്യബോധത്തിന്റെ കണികാംശം പോലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബോഡിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുണ്ടായില്ല എന്നത് ഗൌരവമായി നാം എടുക്കുന്നുണ്ട്. ആശയപരമോ നിലപാടുപരമോ ആയ വിയോജിപ്പുകളല്ല; മറിച്ച വ്യക്തിപരമായ ചില കാര്യങ്ങളായിരുന്നു അതിന് പിന്നിലെന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ പ്രസ്ഥാനം വ്യക്തികളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന കണിശതയെ ആ സഹോദരന്‍ ചൂഷണം ചെയ്തുവെന്ന് മാത്രം. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍, അത്തരമൊരാള്‍ എങ്ങിനെ പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ എത്തി എന്ന് സ്വാഭാവികമായും ചോദ്യമുയരും. വളരെ പ്രസക്തമായ ചോദ്യമാണത്. തീര്‍ച്ചയായും പ്രസ്ഥാനം ആ വശങ്ങള്‍ ഗൌരവത്തില്‍ വിശകലനം ചെയ്യും. ആവശ്യമായ നടപടികള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ എടുക്കുകയും ചെയ്യും.
ഇസ്ലാമിക പ്രവര്‍ത്തന രംഗത്ത് ആവശ്യം വേണ്ട ഗുണങ്ങള്‍ ചിലപ്പോള്‍ വ്യക്തികളില്‍നിന്ന് ചോര്‍ന്നു പോകാമല്ലോ?
പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ഥത (ഇഖ്ലാസ്വ്) ഏറ്റവും പ്രധാനമാണ്. 'കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ച് മാത്രമാണ്' എന്ന നബിവചനം ഇമാം ബുഖാരി തന്റെ ഹദീസ് സമാഹാരത്തിന്റെ തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. നിയ്യത്ത് അഥവാ ഉദ്ദേശ്യം ഓരോ വ്യക്തിയുടെയും ഉള്ളിലുള്ളതും അവര്‍ക്കും അല്ലാഹുവിനും മാത്രമറിയാവുന്നതുമാണ്. മറ്റൊരാള്‍ക്ക് അറിയാനോ കണക്കു കൂട്ടാനോ പറ്റുന്നതല്ല അത്. ആളുകള്‍ക്ക് അതില്‍ വീഴ്ചകളുണ്ടാകാം. ഈമാനില്‍ തന്നെ ഏറ്റക്കുറച്ചിലുകളുണ്ടാകാം. ഒരിക്കല്‍ മനസ്സില്‍ ഈമാന്‍ നിറഞ്ഞുനിന്നയാള്‍ക്ക് പിന്നീട് ഈമാന്‍ ദുര്‍ബലമാവുകയോ നഷ്ടപ്പെടുകയോ ചെയ്തേക്കാം. ഈമാന്‍ മനസ്സില്‍ നിന്ന് പടിയിറങ്ങി പോയാലും ആളുകള്‍ അവരുടെ സ്വഭാവത്തിലും പ്രവര്‍ത്തനങ്ങളിലും പ്രത്യക്ഷത്തില്‍ മാറ്റം വരുത്തിക്കൊള്ളണമെന്നില്ല. അവര്‍ ഈമാനില്ലാതെ തന്നെ ഇബാദത്തുകള്‍ അനുഷ്ഠിക്കുകയും ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തേക്കാം. ചിലര്‍ക്ക് സദാചാര രംഗത്ത് വലിയ വീഴ്ചകള്‍ സംഭവിക്കും. അങ്ങനെയുള്ളവര്‍ വലിയ ആത്മനിന്ദയിലകപ്പെടുകയും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള പ്രസ്ഥാനത്തിന്റെ ഉയര്‍ന്ന ധാര്‍മികതയില്‍ നില്‍ക്കാന്‍ കഴിയില്ല എന്നു മനസ്സിലാക്കി സംഘടന വിടുകയും ചെയ്യാം. മറ്റു ചിലര്‍ക്ക് വലിയ സാമ്പത്തിക പിഴവുകളും അരുതായ്മകളും ജീവിതത്തില്‍ സംഭവിക്കാം. അത് പിടിക്കപ്പെടുകയും നടപടികളുണ്ടാവുകയും ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ട് രാജി പ്രഖ്യാപിച്ച് പോകാം. ഈ സാധ്യതകളെല്ലാം ചരിത്രത്തില്‍ ഇസ്ലാമിക സമൂഹത്തിനകത്ത് ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍, ജനങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ എങ്ങനെ അവതരിപ്പിച്ചാലും അല്ലാഹുവിന് എല്ലാ രഹസ്യങ്ങളും അറിയാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി പറഞ്ഞാലും നാളെ അല്ലാഹുവിന്റെ കോടതിയിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ടെന്ന ബോധവും നമുക്ക് എല്ലാവര്‍ക്കും എപ്പോഴും ഉണ്ടാവേണ്ടതുണ്ട്.
സൗഹൃദവും സാഹോദര്യവും രാഷ്ട്രീയ പ്രയോഗങ്ങളാണ്
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് പ്രവേശിക്കുകയാണ് (2015-2019). ദേശീയതലത്തില്‍ രൂപം കൊണ്ട പോളിസിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലും പുതിയ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു. അടുത്ത നാലു വര്‍ഷത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ നയ പരിപാടികളെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രബോധനം വാരികയോട് സംസാരിക്കുന്നു
പുതിയ പ്രവര്‍ത്തനകാലയളവില്‍ ഏതു മേഖലയിലാണ് ജമാഅത്തെ ഇസ്‌ലാമി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നത്?
രാജ്യനിവാസികള്‍ക്കിടയില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്നതിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി ജമാഅത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പ്രവര്‍ത്തനകാലയളവിലും ജമാഅത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്ന രംഗം ഇതുതന്നെയാണ്. മാനവകുലത്തിന്റെ ഏകത, മനുഷ്യത്വത്തെ ആദരിക്കല്‍, മാനുഷികസമത്വം എന്നിവയെ സംബന്ധിച്ച ഇസ്‌ലാമിക സങ്കല്‍പങ്ങള്‍ വ്യക്തമാക്കുക, വംശ-വര്‍ണ-ഭാഷ- ദേശ പക്ഷപാതിത്വങ്ങളില്‍ നിന്ന് രാജ്യനിവാസികളെ മോചിപ്പിക്കുക എന്നിവ പ്രബോധനരംഗത്ത് ഈ കാലയളവില്‍ പ്രധാനപരിഗണനയായി കണ്ടിട്ടുള്ള കാര്യമാണ്. ഇസ്‌ലാമിന്റെ സാഹോദര്യത്തെ ഒരു സാമൂഹിക പ്രയോഗമായി വികസിപ്പിക്കാന്‍ നാം തീരുമാനിച്ചിരിക്കുന്നു. ദൈവം ഒന്നാണ്. അവന്റെ സൃഷ്ടികളായ മനുഷ്യരും അക്കാരണത്താല്‍തന്നെ ഒറ്റ വംശമാണ്. എല്ലാ മനുഷ്യരും ഒരൊറ്റ മാതാപിതാക്കളുടെ സന്തതികളാണ്. വംശ, ദേശ, ഭാഷാ അതിര്‍വരമ്പുകള്‍ തിരിച്ചറിവിന്റെ അടയാളങ്ങള്‍ മാത്രമാണ്. എന്നാല്‍ ഈ സാഹോദര്യം നിഷേധിക്കപ്പെടുന്ന ധാരാളം ജനവിഭാഗങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ മനുഷ്യരെയും സഹോദരന്മാരായി കാണുകയും മതപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ സാഹോദര്യം നിഷേധിക്കപ്പെട്ടവരോട് സാഹോദര്യം പ്രഖ്യാപിക്കുകയും അവരെ അത് അനുഭവപ്പെടുത്തുകയും ചെയ്യുക എന്നത് ജമാഅത്തിന്റെ സുപ്രധാനമായ തീരുമാനമാണ്. ജാതി എന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ സാഹോദര്യം എന്ന ഇസ്‌ലാമിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച് അഭിമുഖീകരിക്കാനാണ് ജമാഅത്ത് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. അത് കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമി ഒരു ആദര്‍ശപ്രസ്ഥാനമാണ്. ആനുകാലിക സംഭവവികാസങ്ങളില്‍ അത് ഇടപെടുന്നതും ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ്. സമകാലിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതോടൊപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മൗലികാദര്‍ശങ്ങള്‍ കൂടുതല്‍ ശക്തമായി സമൂഹത്തെ പഠിപ്പിക്കേണ്ടതുമുണ്ട്.
ജമാഅത്തെ ഇസ്‌ലാമി കേരളീയസമൂഹത്തില്‍ സജീവ സാന്നിധ്യമാണ്. സാമൂഹിക ജീവിതത്തിന്റെ സര്‍വ മേഖലകളിലും ഇങ്ങനെ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പ്രസ്ഥാനമുണ്ടോയെന്നത് സംശയമാണ്. എന്നിട്ടും ജമാഅത്തെ ഇസ്ലാമി ഒരു ജനകീയ പ്രസ്ഥാനമായി തീരാത്തതെന്തുകൊണ്ടാണ്?
ഈ കാലയളവില്‍ കേരളഘടകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഊന്നല്‍ പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും കൂടുതല്‍ ജനകീയവത്കരിക്കുക എന്നതിലാണ്. മനുഷ്യര്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമുദായത്തിന്റെ ചുമതലകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട് കടന്നുവന്ന പ്രസ്ഥാനമാണ് ജമാഅത്ത്. അതുകൊണ്ടുതന്നെ, ജമാഅത്തും ജനങ്ങളും തമ്മില്‍ എന്തെങ്കിലും അകലങ്ങളുണ്ടെങ്കില്‍ ആ മറ പൊളിച്ചെടുക്കാന്‍ സംഘടനക്ക് കഴിയേണ്ടതുണ്ട്. അതില്‍ ചിലത് വിമര്‍ശകര്‍ ബോധപൂര്‍വം സൃഷ്ടിച്ചുയര്‍ത്തിയതായിരിക്കും. മറ്റു ചിലത് പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും അശ്രദ്ധയും പോരായ്മയും കാരണം ഉണ്ടായി വന്നതുമായിരിക്കും. പ്രവര്‍ത്തകര്‍ ഓരോ നാട്ടിലെയും ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വര്‍ത്തിക്കേണ്ടതുണ്ട്. അവിടെ ഉയര്‍ന്നുവരുന്ന എല്ലാ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായി മാറാനും അവയെ ജനസേവനത്തിനുള്ള അവസരങ്ങളായി പ്രയോജനപ്പെടുത്താനും കഴിയേണ്ടതുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ഏക പ്ലാറ്റ്‌ഫോം സംഘടനാവേദി മാത്രമാണെന്ന് പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കരുത്. പ്രസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ എല്ലാ പൊതുസംരംഭങ്ങളിലും പ്രവര്‍ത്തകര്‍ സജീവമായി ഭാഗഭാക്കാകേണ്ടതുണ്ട്. അങ്ങനെ പ്രസ്ഥാനത്തിന്റെ സന്ദേശവും നന്മകളും ജനങ്ങളില്‍ എത്തിക്കാന്‍ കഴിയണം.
രാജ്യത്തെ മുസ്‌ലിം സമുദായത്തെ പുതിയ നയവും പരിപാടിയും മുന്നില്‍ വെച്ച് എങ്ങനെയാണ് അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നത്?
മുസ്‌ലിംകളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും അവരുടെ മൗലികാവകാശങ്ങള്‍ പരിരക്ഷിക്കാനും യുവാക്കള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കാനും ജമാഅത്ത് ശ്രമിക്കും. മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിന്റെ യഥാര്‍ഥവും സമഗ്രവുമായ വിഭാവനയും, വൈയക്തികവും സാമൂഹികവുമായ ജീവിതത്തില്‍ അതിന്റെ താല്‍പര്യങ്ങളും യുക്തിഭദ്രമായി ബോധ്യപ്പെടുത്തും. അതിലൂടെ വ്യക്തികള്‍ക്ക് പരലോകത്ത് മറുപടി നല്‍കേണ്ടതുണ്ടെന്ന ബോധവും അല്ലാഹുവിന്റെ പ്രീതിനേടാനുള്ള ത്വരയും പ്രവാചകനോടുള്ള സ്‌നേഹാനുസരണ വികാരവും ഉത്തേജിതമാവണം. മുസ്‌ലിം സമൂഹവും അതിന്റെ സാമൂഹിക വിദ്യാഭ്യാസ സേവന സ്ഥാപനങ്ങളും ഇസ്‌ലാമിക മൂല്യങ്ങളുടെ ദര്‍പ്പണമാകണം. അവരുടെ ജീവിതം ചിന്താപരവും കര്‍മപരവുമായ ദൂഷ്യങ്ങളില്‍നിന്നും ശിര്‍ക്ക് (ബഹുദൈവത്വം), ബിദ്അത്തു(മതത്തിലെ നൂതനാചാരങ്ങള്‍)കളുടെ ലാഞ്ഛനകളില്‍നിന്നും മോചിതവും ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് അനുസൃതവുമായിരിക്കണം. അവര്‍ സ്വയം ഉത്തമ സമുദായമാണെന്ന ബോധം ഉള്‍ക്കൊണ്ട്, ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഐക്യപ്പെട്ട് സത്യസാക്ഷ്യമെന്ന ബാധ്യത നിര്‍വഹിക്കാനും 'ഇഖാമത്തുദ്ദീന്‍' എന്ന ലക്ഷ്യത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും പ്രാപ്തരാകണം. പരസ്പര സംഘട്ടനങ്ങളില്‍നിന്നും മദ്ഹബീ പക്ഷപാതിത്വങ്ങളില്‍നിന്നും മോചിതരായി ഖുര്‍ആനിനും സുന്നത്തിനുമനുസരിച്ച് ഐക്യപ്പെടണം. അതിനായി മുസ്‌ലിം സമുദായവുമായി നേരിട്ട് ഇടപഴകുകയും, അവരുമായി കൂടുതല്‍ ക്രിയാത്മകമായി സംവദിക്കാന്‍ കഴിയുന്ന ഭാഷയും ശൈലിയും സ്വീകരിക്കുകയും ചെയ്യും. ആരാധനാ കാര്യങ്ങള്‍ സമുദായ സംസ്‌കരണപ്രവര്‍ത്തനങ്ങളില്‍ പ്രധാന വിഷയമായി ജമാഅത്ത് പരിഗണിക്കും. നമസ്‌കാരം വ്യവസ്ഥാപിതമായി നിലനിര്‍ത്താനും ദിക്ര്‍-ദുആകളില്‍ താല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കാനും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മുഹര്‍റം, റബീഉല്‍ അവ്വല്‍ മാസങ്ങളില്‍ ഇസ്‌ലാമികമായ ഉണര്‍വ്വും ആവേശവുമുണ്ടാക്കുന്നതിനും പ്രവാചകസ്‌നേഹം വളര്‍ത്തുന്നതിനും പ്രവാചകസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടര്‍ഥത്തില്‍ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം വളരെ പ്രധാനമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നു. ഒന്ന്, ഐക്യപ്പെടാന്‍ ആദര്‍ശപരമായിത്തന്നെ ബാധ്യതയുള്ള സമൂഹമാണവര്‍. മനുഷ്യനെ ഏകീകരിക്കാന്‍ ശേഷിയുള്ള ഏക ആദര്‍ശമാണ് ഇസ്‌ലാം. ഏകദൈവം, ഏകജനത എന്നതാണ് ഇസ്‌ലാമിന്റെ അഃന്തസത്ത. ഈ ആദര്‍ശത്തിന്റെ വാഹകര്‍ക്ക് എന്തായാലും ഈ ആദര്‍ശത്തിന്റെ പേരില്‍ ഐക്യപ്പെടേണ്ടതുണ്ട്. ഐക്യം അല്ലാഹുവിന്റെ ആഹ്വാനമാണ്. രണ്ട്, ഫാഷിസവും സാമ്രാജ്യത്വവും ടാര്‍ഗറ്റ് ചെയ്യുന്ന ഒരു സമൂഹമെന്ന നിലക്കും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു പിന്നാക്ക സമൂഹമെന്ന നിലക്കും സമുദായത്തിന്റെ ഐക്യം പരമപ്രധാനമാണെന്ന് ജമാഅത്ത് കരുതുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവേദികളെ ശക്തിപ്പെടുത്താന്‍ ജമാഅത്ത് ശ്രമിക്കും. വ്യത്യസ്ത സംഘടനകള്‍ക്കും വിഭാഗങ്ങള്‍ക്കുമിടയിലെ അകലങ്ങള്‍ കുറച്ചുകൊണ്ടുവരാനും ആവുംവിധം ശ്രമിക്കും.
ഇന്ത്യയിലെയും കേരളത്തിലെയും മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളെ ജമാഅത്ത് നേതൃത്വം എങ്ങനെയാണ് നോക്കിക്കാണുന്നത്?
സാമ്രാജ്യത്വം പടച്ചുവിടുന്ന ഇസ് ലാംപേടിയും ഫാഷിസ്റ്റുകള്‍ സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണവും നമ്മുടെ രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ അങ്ങേയറ്റം മലിനീകരിക്കുകയാണ്. ഇതിനെ ഗൗരവമായി കാണേണ്ടതുണ്ട്. കേരളം മുമ്പെങ്ങുമില്ലാത്തവിധത്തില്‍ വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വെറുപ്പും അകല്‍ച്ചയും വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ സൗഹൃദത്തെ ഒരു രാഷ്ട്രീയ പ്രയോഗമായും പ്രതിരോധമായും വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് ജമാഅത്ത് മനസ്സിലാക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സൗഹൃദബന്ധങ്ങള്‍ക്ക് ജമാഅത്ത് തുടക്കം മുതല്‍തന്നെ വലിയ വില കല്‍പിച്ചുപോന്നിട്ടുണ്ട്. എല്ലാ വിഭാഗങ്ങളുടെയും ആഘോഷവേളകളെ ഇതിനുവേണ്ടി പ്രയോജനപ്പെടുത്താറുണ്ട്. സൗഹൃദപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ബഹുസ്വര പൊതുമണ്ഡലത്തെ വികസിപ്പിക്കാനുള്ള ഉപകരണമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. മതപരമായ ചടങ്ങുകള്‍, വ്യക്തിബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ സാധ്യമാവുന്നതെല്ലാം ഇതിനായി ഉപയോഗപ്പെടുത്തും. ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘ്പരിവാര്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നൂവെന്നത് ഒരു യാഥാര്‍ഥ്യമാണെങ്കിലും ഇന്ത്യന്‍ വോട്ടര്‍മാരുടെ 31 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ബി.ജെ.പിക്കുള്ളത്; എന്‍.ഡി.എക്ക് 38 ശതമാനത്തിന്റെയും. അറുപത് ശതമാനത്തിലധികം വരുന്ന മഹാ ഭൂരിപക്ഷം ഇന്നും ഇന്ത്യയില്‍ സംഘ്പരിവാര്‍ വിരുദ്ധരാണ്. അതേ പോലെതന്നെ ബുദ്ധിജീവികളും കലാകാരന്മാരും അക്കാദമീഷ്യന്മാരുമായ എത്രയോ മതേതരമനസ്സുകള്‍ പ്രബലരായിതന്നെ ഇന്നും രാജ്യത്തുണ്ട്. ഇവരെയെല്ലാം സമാഹരിക്കാനും ഐക്യപ്പെടുത്താനും സാധിച്ചാല്‍ രാജ്യത്തെയും രാജ്യത്തെ ദുര്‍ബലവിഭാഗങ്ങളെയും നമുക്ക് രക്ഷപ്പെടുത്താന്‍ സാധിക്കും.
ഇന്ത്യന്‍ ജനാധിപത്യത്തിന് എഴുപതാണ്ട് പിന്നിടാന്‍ പോവുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ ജമാഅത്ത് എങ്ങനെയാണ് നോക്കിക്കാണുന്നത്?
ലോകത്തിലെതന്നെ വളരെ ചലനാത്മകമായ ജനാധിപത്യ സംവിധാനമാണ് ഇന്ത്യയുടേത്. ഒപ്പം തന്നെ ധാരാളം പരാധീനതകളും പരിമിതികളും അതിനുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഏജന്‍സി രാഷ്ട്രീയ പാര്‍ട്ടികളാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൈയിലും രാജ്യത്തെ ആരോഗ്യകരമായ വഴിയില്‍ മുന്നോട്ടു നയിക്കാനുള്ള പദ്ധതികളോ പരിപാടികളോ ഇന്നില്ല. നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്താന്‍ നമുക്ക് കഴിയില്ല. ഇത്തരുണത്തിലാണ് ജമാഅത്ത് പ്രവര്‍ത്തകര്‍ കൂടി മുന്‍കൈ എടുത്തുകൊണ്ട് ദേശീയ അടിസ്ഥാനത്തില്‍ മൂല്യങ്ങളിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നല്‍കിയത്. അതിനെ എല്ലാ അര്‍ഥത്തിലും ശക്തിപ്പെടുത്തുകയെന്നതാണ് രാജ്യത്തെ രാഷ്ട്രീയ രംഗത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ദൗത്യമായി അത് കാണുന്നത്. ഈ ദൗത്യം ശ്രമകരവും ദീര്‍ഘകാല പദ്ധതികള്‍ ആവശ്യമുള്ളതുമായ ഒന്നായിരിക്കാം. എന്നാലും ഈ പുതിയ രാഷ്ട്രീയ ചേരിയിലൂടെ മാത്രമേ രാജ്യത്ത് ജനാധിപത്യ സംവിധാനത്തെ ഗുണകരമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്നാണ് ജമാഅത്ത് കരുതുന്നത്.
ലോകവ്യാപകമായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തനമണ്ഡലമാണല്ലോ ജനസേവനം. ജനസേവനരംഗത്ത് എന്തെല്ലാം പുതിയ ചുവടുവെപ്പുകള്‍ നടത്തണമെന്നാണ് ജമാഅത്ത് ആലോചിക്കുന്നത്?
പ്രസ്ഥാനത്തിന്റെ ജനസേവന പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കാലോചിതമായി പരിഷ്‌കരിക്കും. പ്രസ്ഥാനം സ്വയം ജനസേവന സംവിധാനമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്ന ഏജന്‍സിയായി ജമാഅത്ത് പ്രവര്‍ത്തകരും ഘടകങ്ങളും സംവിധാനങ്ങളും മാറും. ഓരോ പ്രദേശത്തുനിന്നും ചുരുങ്ങിയത് രണ്ടുപേരെ (പുരുഷന്‍ + സ്ത്രീ) സര്‍ക്കാര്‍ പദ്ധതികള്‍ അറിയുന്ന റിസോഴ്‌സ് പേഴ്‌സണ്‍സ് ആയി വളര്‍ത്തിയെടുക്കും. അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. പ്രസ്ഥാനത്തിനു കീഴില്‍ സംസ്ഥാനതലത്തിലുള്ള എല്ലാ സേവനസംരംഭങ്ങളും പീപ്പിള്‍സ് ഫൗണ്ടേഷനുകീഴില്‍ വരുന്ന രീതിയില്‍ ഫൗണ്ടേഷന്റെ ഘടന ഭദ്രമാക്കും. ബൈത്തുസ്സകാത്ത് കേരളയെ അറിയപ്പെടുന്ന സകാത്ത് സംരംഭമായി ഉയര്‍ത്തും. ഇതിന്റെ ഭാഗമായി കേരളത്തിലെ സാധ്യമാവുന്ന മുഴുവന്‍ പ്രാദേശിക സകാത്ത് കേന്ദ്രങ്ങളും ബൈത്തുസ്സകാത്തുമായി അഫിലിയേറ്റ് ചെയ്യാന്‍ ശ്രമിക്കും. നട്ടെല്ല് തകര്‍ന്നവര്‍, പക്ഷാഘാതം വന്നവര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പെയിന്‍ ആന്റ് പാലിയേറ്റീവ് യൂനിറ്റുകള്‍ ആരംഭിക്കും. പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ്, ദമ്പതിമാര്‍ക്കുള്ള റെഫ്രഷ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവക്കായി ഒരു ഫാമിലി സെന്റര്‍ ആരംഭിക്കും. പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങും. സംസ്ഥാനത്ത് പ്രസ്ഥാനത്തിനുകീഴില്‍ ധാരാളം മൈക്രോഫിനാന്‍സ് പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പുതുതായി 100 പ്രാദേശിക മൈക്രോഫിനാന്‍സ് എന്‍.ജി.ഒകള്‍ക്ക് രൂപം നല്‍കുകയും മൂവായിരം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും ചെയ്യും. ഭൂരഹിതര്‍ക്കുവേണ്ടിയുള്ള ഭവനപദ്ധതി ആവിഷ്‌കരിക്കും. കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കം നില്‍ക്കുന്ന മലയോര, തീരദേശ, ചേരി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് കമ്യൂണിറ്റി ഡവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഇന്ത്യയില്‍ പൊതുവിലും കേരളത്തില്‍ പ്രത്യേകമായും തുടക്കം മുതല്‍തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രവര്‍ത്തനരംഗമായിരുന്നല്ലോ വിദ്യാഭ്യാസം. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കൊപ്പം അത് കൂടുതല്‍ വളരുകയും ജനകീയമാവുകയും ചെയ്തിരുന്നു. ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച മത ഭൗതിക സമന്വയ വിദ്യാഭ്യാസ രീതി- കേരളത്തിന് പരിചയപ്പെടുത്തിയത് ജമാഅത്തെ ഇസ്‌ലാമിയാണല്ലോ. പ്രാഥമിക മദ്‌റസകള്‍ മുതല്‍ അനൗപചാരിക സര്‍വകലാശാല വരെ ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ നടത്തുന്നുണ്ട്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളും പ്രഫഷണല്‍ കോളേജുകളും സി.ബി.എസ്.ഇ സ്‌കൂളുകളുമെല്ലാം ഉള്‍ക്കൊള്ളുന്ന വിപുലമായൊരു ശൃംഖലയാണത്. ഇതിന്റെ വ്യാപ്തിയും സാധ്യതയും പ്രസ്ഥാനം തന്നെ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ?
കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെങ്കിലും ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളില്‍ ഒന്നാണ് ജമാഅത്തെ ഇസ്ലാമി. ഈ സ്ഥാപനങ്ങളില്‍ പലതും കേന്ദ്രീകൃതമായ തീരുമാനമെന്നതിനേക്കാള്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ തന്നെ പ്രാദേശികമായി മുന്‍കൈ എടുത്ത് ആരംഭിച്ചവയാണ്. ഇവയെ ഏകോപിപ്പിച്ചുകൊണ്ട് മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി എന്ന വിദ്യാഭ്യാസ ബോര്‍ഡ് നേരത്തേ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തിലുള്ള പല തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനം വളരെ പ്രധാനമാണ്. കാരണം, ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മാനേജ്‌മെന്റ് ഏജന്‍സി മാത്രമല്ല. അതിന് വിദ്യാഭ്യാസത്തെ കുറിച്ച് സവിശേഷമായൊരു കാഴ്ചപ്പാടുണ്ട്. ഈ കാഴ്ചപ്പാട് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പ്രയോഗവത്കരിക്കാന്‍ കഴിയേണ്ടതുണ്ട്. സമകാലിക ലോകത്തെ വിദ്യാഭ്യാസ വളര്‍ച്ചയ്‌ക്കൊപ്പം നമ്മുടെ സ്ഥാപനങ്ങളെ വളര്‍ത്തുകയെന്നതും പ്രധാനമാണ്. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇതില്‍ ഉത്തരേന്ത്യയില്‍ നിന്നടക്കം ധാരാളം മിടുക്കരായ വിദ്യാര്‍ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയില്‍ പോയി പഠിക്കുക എന്ന പ്രവണതയാണ് നേരത്തെയുണ്ടായിരുന്നത്. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തില്‍ വന്ന് പഠിക്കുക എന്ന പ്രവണതക്ക് ആരംഭം കുറിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ അവിടങ്ങളിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രവര്‍ത്തന കാലയളവ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ഊന്നല്‍ നല്‍കുന്ന കാലയളവാണ്. പ്രസ്ഥാനത്തിനു കീഴിലെ പ്രീപ്രൈമറി വിദ്യാഭ്യാസത്തെ പ്രത്യേക ബ്രാന്‍ഡായി വികസിപ്പിക്കുന്നതിന് പഠനറിപ്പോര്‍ട്ടും പ്രോജക്ടും തയാറാക്കി പ്രവര്‍ത്തനമാരംഭിക്കും. പ്രസ്ഥാനത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഏകീകൃത ആസൂത്രണം, നയനിലപാടുകളുടെ രൂപീകരണം, മേല്‍നോട്ടം എന്നിവക്കുള്ള സംവിധാനമാകത്തക്കവിധം വിദ്യാഭ്യാസവകുപ്പ് പുനഃസംഘടിപ്പിക്കും. പുതുതായി തുടങ്ങേണ്ട സ്ഥാപനങ്ങള്‍, നിലവിലുള്ള സ്ഥാപനങ്ങളിലെ പുതിയ കോഴ്‌സുകള്‍ എന്നിവക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കും. ഈ ലക്ഷ്യങ്ങളെല്ലാം മുന്നില്‍ വെച്ച് ശാന്തപുരം അല്‍ജാമിഅ കാമ്പസില്‍ വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. പുതിയ ജീവിത സാഹചര്യങ്ങളും സ്‌കൂള്‍വിദ്യാഭ്യാസരീതിയില്‍ വന്ന മാറ്റങ്ങളും മദ്‌റസാ വിദ്യാഭ്യാസരംഗത്തിന് പല വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഇതിനെ എങ്ങനെ മറികടക്കാന്‍ കഴിയുമെന്നാണ് ജമാഅത്ത് കരുതുന്നത്?
കഴിഞ്ഞ മെയ് മാസത്തില്‍ മദ്‌റസാ വിദ്യാഭ്യാസ ശാക്തീകരണത്തിനുവേണ്ടിയുള്ള ഒരു കാമ്പയിന്‍ ജമാഅത്തെ ഇസ്‌ലാമി നടത്തിയിരുന്നു. അത് അതിന്റേതായ അളവില്‍ ഫലം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ജമാഅത്ത് വിലയിരുത്തുന്നത്. പരമ്പരാഗത വിദ്യാഭ്യാസ രീതിയെ ശക്തിപ്പെടുത്തുകയും അതിന്റെ സിലബസും പാഠപുസ്തകവും അധ്യാപനരീതിയും പഠനാന്തരീക്ഷവും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശാസ്ത്രീയവും ആകര്‍ഷകവുമാക്കുകയും ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തും ബോധനശാസ്ത്രത്തിലുമുണ്ടായ വികാസങ്ങളെ മതവിദ്യാഭ്യാസ മേഖലയിലും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗത മദ്‌റസകളെ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഓണ്‍ലൈന്‍ മദ്‌റസകള്‍, ഹോളിഡേ മദ്‌റസകള്‍ എന്നിവയും സ്ഥാപിക്കാന്‍ ജമാഅത്ത് പരിശ്രമിക്കും.
പ്രവര്‍ത്തകരുടെ ആത്മസംസ്‌കരണത്തിന് നേതൃത്വം നല്‍കുന്നു എന്നതാണല്ലോ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഒരു സവിശേഷത. അഥവാ സംഘടനയില്‍ അണിനിരക്കുന്നവരുടെ ആത്മസംസ്‌കരണവും കര്‍മവിശുദ്ധിയും പ്രസ്ഥാനം അതിന്റെ ചുമതലയായി ഏറ്റെടുക്കുന്നു. ഈ രംഗത്ത് എന്തെല്ലാം പുതിയ ചുവടുകള്‍ വെക്കാനാണ് തീരുമാനിച്ചിട്ടുള്ളത്?
പ്രവര്‍ത്തകരുടെ ആദ്യകാല വിശുദ്ധി ഇപ്പോള്‍ നിലനില്‍ക്കുന്നില്ല എന്ന വിമര്‍ശനം പലരും ഉന്നയിക്കാറുണ്ടല്ലോ.
പ്രവര്‍ത്തകരുടെ ആത്മസംസ്‌കരണ(തസ്‌കിയത്ത്)ത്തിനും അവരുടെ സര്‍വതോമുഖമായ വളര്‍ച്ചക്കും (തര്‍ബിയത്ത്) പ്രസ്ഥാനം സ്ഥിരമായ സംവിധാനങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രതിവാര യോഗങ്ങള്‍, അംഗങ്ങളുടെ പ്രതിമാസ ഒത്തുചേരലുകള്‍, ഗൃഹയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവയെല്ലാം ആത്മസംസ്‌കരണത്തിനുള്ള സംവിധാനം കൂടിയാണ്. സംഘടിതമായ ഇഹ്തിസാബി(സ്വയംവിലയിരുത്തല്‍)ലൂടെയാണ് പ്രസ്ഥാനം പ്രവര്‍ത്തകരുടെ ആത്മസംസ്‌കരണം ഉറപ്പുവരുത്തുന്നത്. അധാര്‍മികതക്ക് വളംനല്‍കുന്ന സാമൂഹിക സാഹചര്യമാണ് ലോകത്ത് നിലനില്‍ക്കുന്നത്. ഏത് വ്യക്തിയും തെറ്റുകളിലേക്ക് തെന്നിവീഴാനുള്ള സാധ്യതകള്‍ ഏറെയാണ്. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളെ കണക്കിലെടുത്ത് പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് പ്രസ്ഥാനം ഉയര്‍ന്ന പരിഗണന നല്‍കും. സാമൂഹികമാധ്യമ ഇടപെടലുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. സദാചാര സാമ്പത്തിക രംഗങ്ങളിലെ അധാര്‍മികപ്രവണതകളെ അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ വികാരം ശക്തിപ്പെടുത്തിക്കൊണ്ട് പ്രതിരോധിക്കും. സംഘടനയുടെ വിവിധ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്കും അവരുടെ പ്രവര്‍ത്തനതലങ്ങളില്‍ തര്‍ബിയത്ത് സംവിധാനമൊരുക്കും. കഴിഞ്ഞകാലത്തിന്റെ വിശുദ്ധി ഇന്നും വിശുദ്ധരായി മുന്നോട്ട് പോകാന്‍ നമുക്ക് പ്രചോദനം നല്‍കേണ്ടതാണ്. അതേസമയം, കഴിഞ്ഞകാലത്തിന്റെ ഓര്‍മകളില്‍ മാത്രമായി പ്രസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. നിലനില്‍ക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കി അതിനെ ധാര്‍മികമായി അഭിമുഖീകരിക്കാനുള്ള ശേഷി നല്‍കാനാണ് പ്രസ്ഥാനം ശ്രമിക്കുന്നത്.
ഇന്ത്യയില്‍ തന്നെ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തമുള്ള, അവര്‍ക്ക് വലിയ പദവികള്‍ നല്‍കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമി. സംഘടനയുടെ മനുഷ്യ വിഭവശേഷിയുടെ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതേസമയം സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിന്റെ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യാറുണ്ട്. പുതിയ ഒരു പ്രവര്‍ത്തന കാലയളവ് ആരംഭിക്കുന്ന ഈ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചനകള്‍ പ്രസ്ഥാനം നടത്തിയിട്ടുണ്ടോ?
അടിസ്ഥാനപരമായി ഇക്കാര്യത്തില്‍ പ്രസ്ഥാനത്തിന്റെ നിലപാട് വളരെ കൃത്യമാണ്. ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന മുഴുവന്‍ സ്വാതന്ത്ര്യവും പദവികളും അവര്‍ക്ക് നേടിക്കൊടുക്കാന്‍ പ്രസ്ഥാനം പരിശ്രമിക്കും. വനിതാ രംഗത്തെ വര്‍ധിച്ച വിഭവശേഷി പ്രയോജനപ്പെടുത്താന്‍, കഴിയുന്നതും സ്ത്രീ സൗഹൃദപരമായ നയങ്ങളെ കൂടുതല്‍ വികസിപ്പിക്കുകയും വ്യക്തത വരുത്തുകയും ചെയ്യും. ഈ വിഷയത്തില്‍ മുസ്‌ലിം സമൂഹത്തിനകത്തും പുറത്തും പലതരത്തിലുള്ള തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. തെറ്റിദ്ധാരണകള്‍ നീക്കാനും ആശയവ്യക്തത വരുത്താനും ജമാഅത്ത് ശ്രമിക്കും.
കേരളത്തിലെ ഏതൊരു പ്രസ്ഥാനത്തിന്റേതുമെന്നപോലെ ജമാഅത്തെ ഇസ് ലാമിയുടെ വലിയൊരു മനുഷ്യവിഭവശേഷിയാണല്ലോ പ്രവാസികളും മറുനാടന്‍ മലയാളികളും. പ്രവര്‍ത്തന രംഗത്ത് ഇവരുടെ സാധ്യതകളെ എങ്ങനെയാണ് പ്രസ്ഥാനം വിഭാവന ചെയ്യുന്നത്?
ഇത് വലിയ വിഭവശേഷിയാണെന്നത് നിസ്തര്‍ക്കമാണ്. പ്രസ്ഥാനം വളരെ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനമേഖല കൂടിയാണത്. നിരവധി പുതിയ ആളുകള്‍ ഈ മേഖലയില്‍ നിന്ന് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുണ്ട്. പ്രവാസികള്‍ താമസിക്കുന്ന ഓരോ പ്രദേശത്തും ശക്തരായ പുതിയ നേതാക്കളും വളര്‍ന്നുവരുന്നുണ്ട്. ഇന്ന് പ്രവാസികളെന്നത് ഒരു സാമ്പത്തികസ്രോതസ്സു മാത്രമല്ല. ഒരു സര്‍ഗാത്മക സമൂഹം കൂടിയാണ്. അവര്‍ക്ക് നാടിനെ കുറിച്ചും നാട്ടിലെ പ്രസ്ഥാനത്തെ കുറിച്ചും പലതരം സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. കേരളത്തിലും മറുനാട്ടിലും വിദേശ ഇന്ത്യക്കാര്‍ക്കുമിടയിലുമുള്ള പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ഗശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
ശക്തമായ വിദ്യാര്‍ഥി-വിദ്യാര്‍ഥിനി-യുവജന-വനിതാ പോഷകസംഘടനകളുടെ പിന്‍ബലമുള്ള പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമിയെ നവീകരിക്കുന്നതിലും ജനകീയമാക്കുന്നതിലും ഈ സംഘടനകള്‍ വലിയ പങ്ക് വഹിച്ചതായി നിരീക്ഷിക്കപ്പെടാറുണ്ട്. താങ്കള്‍ എന്തു പറയുന്നു?
ജമാഅത്തെ ഇസ്‌ലാമിയുടെ വലിയ സംഘടനാ മൂലധനം തന്നെയാണ് അതിന്റെ പോഷകവിഭാഗങ്ങള്‍. ജമാഅത്തെ ഇസ്‌ലാമിയുടെതന്നെ ആശയങ്ങളെയും നയങ്ങളെയും അവരവരുടെ മേഖലകളില്‍ സര്‍ഗാത്മകമായി വികസിപ്പിച്ചുകൊണ്ടാണ് അവ വളര്‍ന്നത്. പ്രസ്ഥാന നേതൃത്വം അതിനെ തികഞ്ഞ മതിപ്പോടെയാണ് നോക്കിക്കാണുന്നത്. തലമുറകള്‍ തമ്മിലുള്ള അനാരോഗ്യകരമായ സംഘര്‍ഷങ്ങളില്ല എന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സവിശേഷതയും സൗഭാഗ്യവുമാണ്. ആഭ്യന്തരരംഗത്ത് പ്രസ്ഥാനം പരിപാലിക്കുന്ന ഇസ്‌ലാമിക ജനാധിപത്യ സംസ്‌കാരത്തിന്റെ സദ്ഫലമാണത്. വിദ്യാര്‍ഥി, യുവജന, വനിതാ സംഘടനകള്‍ക്കെല്ലാം കൂടുതല്‍ വളരാനും വികസിക്കാനും കഴിയുന്ന സമീപനം തന്നെയായിരിക്കും തുടര്‍ന്നും പ്രസ്ഥാനം സ്വീകരിക്കുക. കാരണം, ഈ സംഘടനകളുടെയെല്ലാം ഉള്ളടക്കത്തിലും പ്രവര്‍ത്തനശേഷിയിലും ആള്‍ശേഷിയിലുമുള്ള വളര്‍ച്ച പ്രസ്ഥാനത്തിന്റെ വളര്‍ച്ച തന്നെയാണ്. പ്രസ്ഥാനത്തിന്റെ ഭാവി കൂടുതല്‍ ഭാസുരമാണ് എന്ന് ഉറപ്പുവരുത്തുന്ന വളര്‍ച്ച കൂടിയാണ്.
വൈഫൈ കൊണ്ട് വിശപ്പകറ്റേണ്ട കാലം
റെയില്‍വേയുടെ ഭാരത്ദര്‍ശന്‍ ട്രെയിനില്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. കേരളത്തില്‍നിന്നുള്ള യാത്രികരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. കൊങ്കണ്‍പാതയിലൂടെ സഞ്ചരിച്ച് മഹാരാഷ്ട്രയും മധ്യപ്രദേശും യു.പിയും പിന്നിട്ട് ദല്‍ഹിയിലെത്തി. പഞ്ചാബ് ലക്ഷ്യമാക്കി യാത്ര തുടരുകയാണ്.
സഫ്ദര്‍ജംഗ് സ്‌റ്റേഷന്‍ പിന്നിട്ടശേഷം ഒരിടത്ത് ട്രെയിന്‍ സിഗ്‌നല്‍ കാത്ത് നിര്‍ത്തി. ട്രെയിനിനപ്പുറത്ത് വാഹനങ്ങള്‍ വേഗതയോടെ അവിരാമം പോകുന്ന വീതികൂടിയ റോഡുകള്‍. റെയിലും റോഡും സമാന്തരമായി അതിരിടുന്നതിനിടയില്‍ വീതികുറഞ്ഞ നാട പോലെ നീണ്ടുകിടക്കുന്ന സ്ഥലത്ത് ഒരാള്‍പൊക്കത്തില്‍ എഴുന്ന് നില്‍ക്കുന്ന കുറെയേറെ കുടിലുകള്‍. ആക്രിക്കടക്കാര്‍ക്ക് പോലും ആവശ്യമില്ലാത്തവകൊണ്ട് മെനഞ്ഞെടുത്ത ആവാസകേന്ദ്രങ്ങള്‍. നാലു ചുവട് തികച്ച് വെക്കാനാവാതെ മനുഷ്യര്‍ അരിച്ച് നീങ്ങുന്ന ഇടുങ്ങിയ ഇടങ്ങള്‍. മനുഷ്യമലത്തിന്റെ ദുര്‍ഗന്ധം വിങ്ങി നിന്ന് ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ ടോയ്‌ലറ്റ് ഉപയോഗം കൊണ്ട് മാത്രമല്ല അവിടം അത്രമേല്‍ മലീമസമായിരിക്കുന്നത്. പ്രാഥമികാവശ്യങ്ങളുടെ നിര്‍വഹണത്തിന് ട്രെയിനുകളുടെ ഇടവേളകളില്‍ റെയില്‍വേ ട്രാക്കൊഴിയുന്നതും കാത്ത് നില്‍ക്കേണ്ടി വരുന്ന ആ മനുഷ്യരുടെ നിവൃത്തിയില്ലായ്മ കൊണ്ട് കൂടിയാണ്. ചെറിയൊരു മഴ പെയ്താല്‍ റെയില്‍വേട്രാക്കിനേക്കാള്‍ താഴ്ന്ന്കിടക്കുന്ന കൂരകളിലേക്ക് ആ മാലിന്യം മുഴുവന്‍ ഒഴുകിയിറങ്ങും. അത് അറിയാത്തവരാവില്ല അവര്‍. പക്ഷേ, റെയില്‍പാളങ്ങളുടെയും, മേല്‍പാലങ്ങളുടെയും, മെട്രോപാതകളുടെയും താഴെയും അരികുകളിലുമായി ജീവിതം അമര്‍ന്നടിഞ്ഞുപോയ നിര്‍ഭാഗ്യരായ ആ പാവങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. കടുത്ത ചൂടില്‍ ഉറക്കംവരാതെ പുറത്തേക്കിട്ട കയറ്റുകട്ടിലുകളില്‍ കിടക്കുന്ന കുട്ടികളെ വീശിയുറക്കാന്‍ ശ്രമിക്കുന്ന അമ്മമാര്‍.
അത്യാവശ്യം മാന്യമായ ജീവിത സൗകര്യങ്ങള്‍ അനുഭവിക്കുന്ന ആ ട്രെയിന്‍ യാത്രക്കാര്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലുമേറെ ദയനീയമായിരുന്നു ട്രെയിനിനു പുറത്ത് കണ്ട മനുഷ്യരുടെ ജീവിത സാഹചര്യങ്ങള്‍.
അതുവരെയുള്ള പെരുമാറ്റം കൊണ്ട് അലിവില്ലാത്ത പരുക്കന്മാരെന്ന് തോന്നിച്ച യാത്രികര്‍പോലും നീര്‍പൊടിഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്നത് കണ്ടു. ലഘുഭക്ഷണങ്ങള്‍ കൈയില്‍ കരുതിയിരുന്നവര്‍ അതെടുത്ത് റെയിലോരത്ത് ഉറക്കം കാത്ത് കിടക്കുന്ന കുട്ടികള്‍ക്ക് നല്‍കി. തങ്ങളിലേക്ക് നീണ്ട വര്‍ണാഭമായ കവറുകള്‍ കൈനീട്ടി വാങ്ങുമ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങള്‍ക്ക് പൂനിലാവിനേക്കാള്‍ ഭംഗിയുണ്ടായിരുന്നു. കിട്ടിയ പൊതികളുമായി കുട്ടികള്‍ ധൃതിയില്‍ കൂരകള്‍ക്കകത്തേക്ക് പോയി. മൗനം വാചാലമായ നിമിഷങ്ങള്‍ കടന്ന് പോകവെ, കൈകളിലെന്തോ പിടിച്ച് കുട്ടികളതാ കൂരകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നു. ബോഗിക്കടുത്തേക്ക് വന്ന് വെള്ളം നിറച്ച കുപ്പികള്‍ ഞങ്ങള്‍ക്ക് നേരെ നീട്ടി. കുഞ്ഞുകൈകളില്‍നിന്ന് വെള്ളക്കുപ്പികള്‍ വാങ്ങി. അവര്‍ സന്തോഷത്തോടെ ബോഗിക്കരികില്‍ തന്നെ കൂടി നിന്നു. സിഗ്‌നല്‍ പച്ച കത്തിയപ്പോള്‍ ട്രെയിന്‍ മയക്കം വിട്ട് ഇഴയാന്‍ തുടങ്ങി. കാഴ്ച മറയുംവരെ കുട്ടികള്‍ കൈവീശിക്കാണിച്ചു. അന്ന് രാത്രി ട്രെയിനില്‍ ആരവങ്ങളുയര്‍ന്നില്ല. തങ്ങളെപ്പോലെതന്നെ ഈ രാജ്യത്തെ തുല്യാവകാശമുള്ള പൗരന്‍മാരായ ആ പാവങ്ങളുടെ പച്ചയായ ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്ച ഞങ്ങളിലേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. അവര്‍ നല്‍കിയ കുപ്പികളിലേക്ക് നോക്കി. റെയിലോരത്ത് നിന്ന് പെറുക്കിയ കുപ്പികളില്‍ അവരുടെ ദാഹജലം നിറച്ചിരിക്കുന്നു. ഒരുപൊതി ഭക്ഷണം ലഭിച്ചതിലുള്ള നന്ദിസൂചകമായി ഒരു കുപ്പി വെള്ളമെങ്കിലും പകരം നല്‍കുന്ന അവരുടെ സംസ്‌കാരത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് തോന്നി; പ്രത്യേകിച്ച് ഇന്നാട്ടിലെ ഭരണാധികാരികള്‍ക്ക്.
അഞ്ചാണ്ട് കൂടുമ്പോള്‍ വോട്ടുകുത്തി തങ്ങളെ അധികാരത്തിലേറ്റുന്ന പാവങ്ങള്‍ക്ക് അവര്‍ അധികമൊന്നും നല്‍കേണ്ട. ഏറെയൊന്നും അവര്‍ ആഗ്രഹിക്കുന്നുമുണ്ടാവില്ല. അവര്‍ക്ക് ബ്രോഡ് ബാന്‍ഡോ വൈഫൈ സ്‌പോട്ടുകളോ വേണ്ടി വരില്ല. കോടികളുടെ ബാധ്യത എഴുതിത്തള്ളിയും, നികുതിയിളവുകള്‍ പ്രഖ്യാപിച്ചും ശതകോടീശ്വരന്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന സഹാനുഭൂതിയുടെ ആയിരത്തിലൊരംശം മതിയാകും ഈ സാധുക്കള്‍ക്ക് മാന്യമായി ഉപയോഗിക്കാവുന്ന ശൗച്യാലയങ്ങളൊരുക്കാന്‍, അവരുടെ മക്കള്‍ക്ക് അടച്ചുറപ്പുള്ള മേല്‍ക്കൂര പണിയാന്‍.
ഇനിയിപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാലമാണ്. ഇന്ത്യയെ ഡിജിറ്റലൈസ് ചെയ്യാന്‍ സിലിക്കണ്‍ വാലിയില്‍ പോയ പ്രധാനമന്ത്രിയുടെ അപദാനങ്ങളും, ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ നെറ്റ് ന്യൂട്രാലിറ്റിക്ക് (ഇന്റര്‍നെറ്റ് സമത്വം) തുരങ്കം വെക്കുന്നു എന്ന ആക്ഷേപങ്ങളും കൊണ്ട് മുഖരിതമാണ് മീഡിയാന്തരീക്ഷം. അഞ്ചുലക്ഷം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് സൗകര്യമൊരുക്കുമെന്ന് പറയുന്ന പദ്ധതിയില്‍ 500 റയില്‍വേ സ്‌റ്റേഷനുകളെ വൈഫൈ ആക്കുമെന്നും കേള്‍ക്കുന്നു. ഒരു വികസന പദ്ധതി നടപ്പാക്കുമ്പോള്‍ രാജ്യത്തെ പാവങ്ങള്‍ക്ക് അതെങ്ങിനെ ഉപകാരപ്പെടുന്നു എന്നതിനാകണം മുന്‍ഗണന നല്‍കേണ്ടതെന്ന് പൂര്‍വിക നേതാക്കള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ധനികരോടൊട്ടിനിന്ന് വികസന നയങ്ങള്‍ രൂപപ്പെടുത്തുകയും, പാവപ്പെട്ട ജനങ്ങളെ ശല്യമായി കണ്ട് ദാരിദ്ര്യരേഖ താഴ്ത്തി വരച്ച് ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കിയെന്ന് വമ്പ് നടിക്കുകയും ചെയ്യുന്നവര്‍ ഭരിക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലെ കോടിക്കണക്കിന് ദരിദ്രര്‍ക്കിനി ബ്രോഡ്ബാന്‍ഡ് കൊണ്ട് ദാരിദ്ര്യമകറ്റാം! പട്ടിണി കിടക്കുന്നവര്‍ക്ക് ഇനി വൈഫൈ കൊണ്ട് വിശപ്പുമാറ്റാം!!
ലക്ഷ്യം നഷ്ടപ്പെടുന്ന ഗ്രാമസഭകള്‍
ഗ്രാമത്തിന്റെ വികസനം ജനങ്ങളുടെ കൂട്ടായ്മയിലൂടെയും ആസൂത്രണത്തിലൂടെയും അവരുടെ അഭിലാഷവുമനുസരിച്ചാവുകയെന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് രാജ് നിയമം ഗ്രാമസഭകള്‍ക്ക് രൂപം നല്‍കിയത്. വികസനം ഗ്രാമങ്ങളില്‍ നിന്ന്, എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ഈ ലക്ഷ്യങ്ങളെല്ലാം ഗ്രാമസഭകളിലൂടെ നിറവേറ്റപ്പെടുന്നുണ്ടോ?
നാടിന്റെ വികസനം ചര്‍ച്ച ചെയ്യേണ്ട അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ഗ്രാമസഭകള്‍ ഇന്ന് കേവലം ദാരിദ്ര്യരേഖക്കു താഴെയുള്ള വനിതകള്‍ മാത്രം പങ്കെടുക്കുന്ന ഗ്രാമസഭകളായതെന്തുകൊണ്ടാണ്?
ഗ്രാമസഭകള്‍ പുഷ്ടിപ്പെടുത്തുന്നതിന് പല രീതികളും പഞ്ചായത്ത് രാജ് വിഭാവന ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ഇവ ഫലപ്രദമാവുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഗ്രാമസഭ ഫലപ്രദമാക്കാന്‍ സര്‍ക്കാറിനു കഴിയാത്തതെന്തുകൊണ്ട്?
വികസനമെന്നത് റോഡ് നന്നാക്കലും, വീട്, കക്കൂസ് വിതരണവും ആണെന്നാണ് കേരളത്തിലെ ഭൂരിഭാഗം ഗ്രാമസഭകളുടെയും അജണ്ട പരിശോധിച്ചാല്‍ മനസ്സിലാവുക. ഒരു സമഗ്ര വികസന കാഴ്ചപ്പാടോടെയുള്ള പദ്ധതി രൂപീകരണ ചര്‍ച്ചകളൊന്നും ഗ്രാമസഭകളില്‍ നടക്കുന്നില്ല. ഗ്രാമ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ വിഹിതം സമഗ്ര കാഴ്ചപ്പാടില്ലാതെ എങ്ങനെയെങ്കിലും ചെലവഴിച്ച് 100 ശതമാനം പദ്ധതിപ്പണം ചെലവഴിച്ചു എന്ന് പെരുമ നടിക്കാനുള്ള ചെപ്പടിവിദ്യകളാണ് അധിക പഞ്ചായത്തുകളിലും കാണുന്നത്. ദീര്‍ഘവീക്ഷണത്തോടെ ഗ്രാമത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന പദ്ധതികളൊന്നും പഞ്ചായത്തുകള്‍ ഏറ്റെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല.
വാര്‍ഡിലെ വോട്ടര്‍മാരുടെ 10 ശതമാനം എങ്കിലും പങ്കെടുത്താല്‍ മാത്രമേ ഗ്രാമസഭാ തീരുമാനങ്ങള്‍ സാധുവാകുകയുള്ളൂ. എന്നാല്‍ പല ഗ്രാമസഭകളിലും ജനപങ്കാളിത്തം 5 ശതമാനം പോലും തികയാത്ത അവസ്ഥയാണ്. 10 ശതമാനം തികക്കുന്നതിന് വാര്‍ഡ് മെമ്പറും കൂട്ടരും കള്ള ഒപ്പിട്ട് ക്വാറം തികക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഗ്രാമസഭകളിലും വികസന സെമിനാറുകളിലും പല നിര്‍ദേശങ്ങളും വരാറുണ്ടെങ്കിലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനു വിരുദ്ധമാവുമെന്ന് കരുതി നല്ല നിര്‍ദേശങ്ങള്‍ വരെ ഒഴിവാക്കി തന്റെ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഗ്രാമസഭാ മുന്‍ഗണന അട്ടിമറിക്കപ്പെടുന്നു. ഗ്രാമസഭാ മിനുട്ട്‌സ് ഗ്രാമസഭാ യോഗത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കണമെന്ന നിയമം പാലിക്കാതെ രാഷ്ട്രീയക്കാരന്റെ ഓഫീസുകളിലും വീടുകളിലും വെച്ച് ഗുണഭോക്തൃ പട്ടികയുണ്ടാക്കി ഗ്രാമസഭാ മിനുട്ട്‌സില്‍ എഴുതിച്ചേര്‍ക്കുന്നു. പാര്‍ട്ടിക്കാര്‍ നിര്‍ദേശിക്കുന്ന റോഡിനു മാത്രം ഫണ്ട് മാറ്റിവെക്കുന്നു. ഇങ്ങനെ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വേദിയായി മാറിയിരിക്കുകയാണ് ഈ രംഗം. വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ ചിലപ്പോള്‍ നല്ല നിലയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തുകളുടെയും അവസ്ഥ മുകളില്‍ പറഞ്ഞ രൂപത്തിലാണ്.
ഗ്രാമസഭാ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതിനൊരു പോംവഴി. വര്‍ധിപ്പിക്കുന്നതിനായി വാര്‍ഡുതലങ്ങളില്‍ കേരളമൊട്ടാകെ കഴിഞ്ഞ വര്‍ഷം ശില്‍പ ശാലകള്‍ സംഘടിപ്പിച്ചിരുന്നു. പക്ഷെ, ശില്‍പശാലകള്‍ക്കൊന്നും പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇന്ന് സാധാരണ ജനമുള്ളത്. ഒരു ദിവസത്തെ ജോലി ഒഴിവാക്കി ശില്‍പശാലയിലേക്ക് പോകാന്‍ സാമ്പത്തിക സുസ്ഥിരതയുള്ളവരല്ല ഭൂരിപക്ഷം ഗ്രാമീണരും എന്നതാണ് വസ്തുത.
ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഒരു വികസന പരിപാടി തയ്യാറാക്കുകയും അതിനനുസരിച്ച് പദ്ധതികളാവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിലെ പാവപ്പെട്ടവരും ദരിദ്രരുമായ ജനങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ.
ഇപ്പോഴും കുടിവെള്ളം കിട്ടാത്തവരും തല ചായ്ക്കാന്‍ ഇടമില്ലാത്തവരും സ്വന്തമായി വരുമാനമില്ലാത്തവരുമായ എത്രയോ ഗ്രാമീണര്‍ കേരളത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരെ കണ്ടുകൊണ്ടുള്ള ഒരു സമഗ്ര വികസനമായിരിക്കണം ഗ്രാമസഭകളിലെ പദ്ധതിയും പദ്ധതി നിര്‍ദേശങ്ങളും. കക്ഷി രാഷ്ട്രീയവും സ്വജനപക്ഷപാതവും ഇല്ലാത്ത, സുതാര്യമായ സംവിധാനത്തില്‍ ഗ്രാമസഭ സമ്മേളിക്കണം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പാര്‍ട്ടി ഓഫീസുകളില്‍ വെച്ചോ മെമ്പര്‍മാരുടെ വീടുകളില്‍ വെച്ചോ ആവരുത്. അതുപോലെ വികസനത്തിന് സമഗ്രമായ കാഴ്ചപ്പാടോടെയുള്ള ആസൂത്രണവും അതിനനുസരിച്ച പദ്ധതികളും ഉണ്ടാവണം. പാവപ്പെട്ടവനും സാധാരണക്കാരനും സാമ്പത്തികമായി കഴിവുള്ളവനും ഗ്രാമസഭയില്‍ നിന്ന് പലതും നേടാനുണ്ടാവണം. ഗ്രാമീണരുടെ ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുതകുന്ന തരത്തില്‍ കാര്‍ഷിക മേഖലകളില്‍ സഹായം, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സഹായം, പരിശീലന പരിപാടികള്‍, തൊഴിലുപകരണങ്ങള്‍ നല്‍കല്‍, വിപണന മേഖലകളില്‍ സഹായം എന്നിവ പദ്ധതികളിലുണ്ടായിരിക്കണം. സര്‍ക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളുടെയും ഗുണഭോക്തൃ തെരഞ്ഞെടുപ്പും ആനുകൂല്യവിതരണവും ഗ്രാമസഭകളിലൂടെയാവണം. റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് മുതലായവ ഗ്രാമസഭകളിലൂടെ മാത്രം വിതരണം ചെയ്യുക, ഗ്രാമസഭാ പങ്കാളിത്തത്തിന് ഗ്രേസ് മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്കും, വിവിധതരം ആനുകൂല്യങ്ങളും സഹായങ്ങളും കിട്ടുന്നതിനായി പൊതുജനങ്ങള്‍ക്കും ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്ന രൂപത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹകരണത്തോടെ ചെറിയ മേള രൂപത്തിലോ പുതുമയുള്ള മറ്റു പരിപാടികളാവിഷ്‌കരിച്ചുകൊണ്ടോ ഗ്രാമസഭകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകണം. അങ്ങനെ ഈ രംഗത്തെ ആലസ്യവും അതിന്റെ മറവിലെ അരുതായ്മകളും ഇല്ലായ്മ ചെയ്യാനും ഗ്രാമപുരോഗതി ഉറപ്പുവരുത്താനും കഴിയണം.
ഗ്രാമത്തിന്റെ വികസനം ജനങ്ങളുടെ കൂട്ടായ്മയിലൂടെയും ആസൂത്രണത്തിലൂടെയും അവരുടെ അഭിലാഷവുമനുസരിച്ചാവുകയെന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത് രാജ് നിയമം ഗ്രാമസഭകള്‍ക്ക് രൂപം നല്‍കിയത്. വികസനം ഗ്രാമങ്ങളില്‍ നിന്ന്, എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. എന്നാല്‍ ഈ ലക്ഷ്യങ്ങളെല്ലാം ഗ്രാമസഭകളിലൂടെ നിറവേറ്റപ്പെടുന്നുണ്ടോ?
നാടിന്റെ വികസനം ചര്‍ച്ച ചെയ്യേണ്ട അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ഗ്രാമസഭകള്‍ ഇന്ന് കേവലം ദാരിദ്ര്യരേഖക്കു താഴെയുള്ള വനിതകള്‍ മാത്രം പങ്കെടുക്കുന്ന ഗ്രാമസഭകളായതെന്തുകൊണ്ടാണ്?
ഗ്രാമസഭകള്‍ പുഷ്ടിപ്പെടുത്തുന്നതിന് പല രീതികളും പഞ്ചായത്ത് രാജ് വിഭാവന ചെയ്യുന്നുണ്ട്. എന്തുകൊണ്ട് ഇവ ഫലപ്രദമാവുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഗ്രാമസഭ ഫലപ്രദമാക്കാന്‍ സര്‍ക്കാറിനു കഴിയാത്തതെന്തുകൊണ്ട്?
വികസനമെന്നത് റോഡ് നന്നാക്കലും, വീട്, കക്കൂസ് വിതരണവും ആണെന്നാണ് കേരളത്തിലെ ഭൂരിഭാഗം ഗ്രാമസഭകളുടെയും അജണ്ട പരിശോധിച്ചാല്‍ മനസ്സിലാവുക. ഒരു സമഗ്ര വികസന കാഴ്ചപ്പാടോടെയുള്ള പദ്ധതി രൂപീകരണ ചര്‍ച്ചകളൊന്നും ഗ്രാമസഭകളില്‍ നടക്കുന്നില്ല. ഗ്രാമ പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ വിഹിതം സമഗ്ര കാഴ്ചപ്പാടില്ലാതെ എങ്ങനെയെങ്കിലും ചെലവഴിച്ച് 100 ശതമാനം പദ്ധതിപ്പണം ചെലവഴിച്ചു എന്ന് പെരുമ നടിക്കാനുള്ള ചെപ്പടിവിദ്യകളാണ് അധിക പഞ്ചായത്തുകളിലും കാണുന്നത്. ദീര്‍ഘവീക്ഷണത്തോടെ ഗ്രാമത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കുന്ന പദ്ധതികളൊന്നും പഞ്ചായത്തുകള്‍ ഏറ്റെടുക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല.
വാര്‍ഡിലെ വോട്ടര്‍മാരുടെ 10 ശതമാനം എങ്കിലും പങ്കെടുത്താല്‍ മാത്രമേ ഗ്രാമസഭാ തീരുമാനങ്ങള്‍ സാധുവാകുകയുള്ളൂ. എന്നാല്‍ പല ഗ്രാമസഭകളിലും ജനപങ്കാളിത്തം 5 ശതമാനം പോലും തികയാത്ത അവസ്ഥയാണ്. 10 ശതമാനം തികക്കുന്നതിന് വാര്‍ഡ് മെമ്പറും കൂട്ടരും കള്ള ഒപ്പിട്ട് ക്വാറം തികക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഗ്രാമസഭകളിലും വികസന സെമിനാറുകളിലും പല നിര്‍ദേശങ്ങളും വരാറുണ്ടെങ്കിലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനു വിരുദ്ധമാവുമെന്ന് കരുതി നല്ല നിര്‍ദേശങ്ങള്‍ വരെ ഒഴിവാക്കി തന്റെ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഗ്രാമസഭാ മുന്‍ഗണന അട്ടിമറിക്കപ്പെടുന്നു. ഗ്രാമസഭാ മിനുട്ട്‌സ് ഗ്രാമസഭാ യോഗത്തില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കണമെന്ന നിയമം പാലിക്കാതെ രാഷ്ട്രീയക്കാരന്റെ ഓഫീസുകളിലും വീടുകളിലും വെച്ച് ഗുണഭോക്തൃ പട്ടികയുണ്ടാക്കി ഗ്രാമസഭാ മിനുട്ട്‌സില്‍ എഴുതിച്ചേര്‍ക്കുന്നു. പാര്‍ട്ടിക്കാര്‍ നിര്‍ദേശിക്കുന്ന റോഡിനു മാത്രം ഫണ്ട് മാറ്റിവെക്കുന്നു. ഇങ്ങനെ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും വേദിയായി മാറിയിരിക്കുകയാണ് ഈ രംഗം. വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ ചിലപ്പോള്‍ നല്ല നിലയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ടാവാം. എന്നാല്‍ ഭൂരിപക്ഷം പഞ്ചായത്തുകളുടെയും അവസ്ഥ മുകളില്‍ പറഞ്ഞ രൂപത്തിലാണ്.
ഗ്രാമസഭാ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ഇതിനൊരു പോംവഴി. വര്‍ധിപ്പിക്കുന്നതിനായി വാര്‍ഡുതലങ്ങളില്‍ കേരളമൊട്ടാകെ കഴിഞ്ഞ വര്‍ഷം ശില്‍പ ശാലകള്‍ സംഘടിപ്പിച്ചിരുന്നു. പക്ഷെ, ശില്‍പശാലകള്‍ക്കൊന്നും പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇന്ന് സാധാരണ ജനമുള്ളത്. ഒരു ദിവസത്തെ ജോലി ഒഴിവാക്കി ശില്‍പശാലയിലേക്ക് പോകാന്‍ സാമ്പത്തിക സുസ്ഥിരതയുള്ളവരല്ല ഭൂരിപക്ഷം ഗ്രാമീണരും എന്നതാണ് വസ്തുത.
ഗ്രാമങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഒരു വികസന പരിപാടി തയ്യാറാക്കുകയും അതിനനുസരിച്ച് പദ്ധതികളാവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ കേരളത്തിലെ പാവപ്പെട്ടവരും ദരിദ്രരുമായ ജനങ്ങള്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂ.
ഇപ്പോഴും കുടിവെള്ളം കിട്ടാത്തവരും തല ചായ്ക്കാന്‍ ഇടമില്ലാത്തവരും സ്വന്തമായി വരുമാനമില്ലാത്തവരുമായ എത്രയോ ഗ്രാമീണര്‍ കേരളത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരെ കണ്ടുകൊണ്ടുള്ള ഒരു സമഗ്ര വികസനമായിരിക്കണം ഗ്രാമസഭകളിലെ പദ്ധതിയും പദ്ധതി നിര്‍ദേശങ്ങളും. കക്ഷി രാഷ്ട്രീയവും സ്വജനപക്ഷപാതവും ഇല്ലാത്ത, സുതാര്യമായ സംവിധാനത്തില്‍ ഗ്രാമസഭ സമ്മേളിക്കണം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് പാര്‍ട്ടി ഓഫീസുകളില്‍ വെച്ചോ മെമ്പര്‍മാരുടെ വീടുകളില്‍ വെച്ചോ ആവരുത്. അതുപോലെ വികസനത്തിന് സമഗ്രമായ കാഴ്ചപ്പാടോടെയുള്ള ആസൂത്രണവും അതിനനുസരിച്ച പദ്ധതികളും ഉണ്ടാവണം. പാവപ്പെട്ടവനും സാധാരണക്കാരനും സാമ്പത്തികമായി കഴിവുള്ളവനും ഗ്രാമസഭയില്‍ നിന്ന് പലതും നേടാനുണ്ടാവണം. ഗ്രാമീണരുടെ ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുതകുന്ന തരത്തില്‍ കാര്‍ഷിക മേഖലകളില്‍ സഹായം, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സഹായം, പരിശീലന പരിപാടികള്‍, തൊഴിലുപകരണങ്ങള്‍ നല്‍കല്‍, വിപണന മേഖലകളില്‍ സഹായം എന്നിവ പദ്ധതികളിലുണ്ടായിരിക്കണം. സര്‍ക്കാരില്‍ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളുടെയും ഗുണഭോക്തൃ തെരഞ്ഞെടുപ്പും ആനുകൂല്യവിതരണവും ഗ്രാമസഭകളിലൂടെയാവണം. റേഷന്‍കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് മുതലായവ ഗ്രാമസഭകളിലൂടെ മാത്രം വിതരണം ചെയ്യുക, ഗ്രാമസഭാ പങ്കാളിത്തത്തിന് ഗ്രേസ് മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്കും, വിവിധതരം ആനുകൂല്യങ്ങളും സഹായങ്ങളും കിട്ടുന്നതിനായി പൊതുജനങ്ങള്‍ക്കും ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്ന രൂപത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ സഹകരണത്തോടെ ചെറിയ മേള രൂപത്തിലോ പുതുമയുള്ള മറ്റു പരിപാടികളാവിഷ്‌കരിച്ചുകൊണ്ടോ ഗ്രാമസഭകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകണം. അങ്ങനെ ഈ രംഗത്തെ ആലസ്യവും അതിന്റെ മറവിലെ അരുതായ്മകളും ഇല്ലായ്മ ചെയ്യാനും ഗ്രാമപുരോഗതി ഉറപ്പുവരുത്താനും കഴിയണം.
Sunday, 23 August 2015
പ്രവാചകനെ ഇടയാളനാക്കുന്നതിന് ഖുര്‍ആനില്‍ തെളിവോ?
ഇബ്‌റാഹിം നബി(അ)ന്റെ ജീവിതചരിത്രത്തിലെ ഒരു ചെറിയ ഭാഗമാണ് ഇവിടെ സൂചിപ്പിച്ചത്. അല്ലാഹുവിന്റെ നിര്‍ദേശം മാനിച്ചുകൊണ്ട് സ്വന്തം കൈക്കുഞ്ഞിനെയും അവന്റെ മാതാവിനെയും വിജനമായ ഒരു ഭൂമിയില്‍ ഉപേക്ഷിക്കുമ്പോഴുള്ള ഒരു വ്യാകുലത വിശുദ്ധ ഖുര്‍ആന്‍ എടുത്തുദ്ധരിച്ച (14:37) ആ പ്രാര്‍ഥനയില്‍ നിഴലിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒരു വലിയ സത്യം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പുറത്തുകൊണ്ടുവരുന്നത് ശ്രദ്ധിക്കുക: പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതിനായി മുഹമ്മദ് നബി(സ)യെ മധ്യവര്‍ത്തിയാക്കുകയാണിവിടെ. ‘ഹാജറയും ഇസ്‌മാഈലും നഷ്‌ടമായാല്‍ അതിലൂടെ മുഹമ്മദ് നബിയെയാണ് ഞാന്‍ നഷ്‌ടപ്പെടുത്തുന്നത്' എന്നു പറയുന്നതിനു സമാനമാണ് ഈ പ്രാര്‍ഥന. ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകനെക്കൊണ്ട് ഇടതേടി ദുആ ചെയ്‌തു എന്നതിനപ്പുറം ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രാര്‍ഥന ഉദ്ധരിക്കുന്നതിലൂടെ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് നബി(സ)യുടെ മഹത്വമാണ്.
ഇനി വിശുദ്ധ ഖുര്‍ആനിലുള്ള മറ്റൊരു ഉദാഹരണം കാണുക: അവരുടെ കൂടെയുള്ള ഗ്രന്ഥത്തെ അംഗീകരിക്കുന്ന മറ്റൊരു ഗ്രന്ഥം (ഖുര്‍ആന്‍) അവര്‍ക്കു വേണ്ടി അവതരിച്ചപ്പോള്‍ നേരത്തെ അവിശ്വാസികള്‍ക്കെതിരില്‍ മാധ്യമമാക്കി പ്രാര്‍ഥിച്ച അവര്‍ സത്യം അറിയാവുന്നതോടു കൂടി തന്നെ അതിനെ തള്ളിപ്പറഞ്ഞു (അല്‍ബഖറ 89). മദീനയില്‍ വസിച്ചിരുന്ന ജൂതകുടുംബങ്ങള്‍ മുഹമ്മദ് നബി(സ) ആഗതമാവുന്നതിനു മുമ്പ് ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെ ഇടനിലക്കാരനാക്കി തങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ഥന നടത്താറുണ്ടായിരുന്നുവെന്നതാണ് ഖുര്‍ആന്‍ പറയുന്നത്.” (സുന്നിവോയ്‌സ് -2009 മാര്‍ച്ച് 16-31, പേജ് 32,33)
മേല്‍ വാചകങ്ങളിലെ ഖുര്‍ആന്‍ ആയത്തുകള്‍ക്ക് നല്‌കിയിരിക്കുന്ന അര്‍ഥമനുസരിച്ചും, വിശദീകരിച്ചതനുസരിച്ചും നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിക്കാമെന്നല്ലേ തെളിയുന്നത്.
ഇബ്‌റാഹീം നബി മുഹമ്മദ് നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിച്ചിട്ടുണ്ടോ?
അന്‍സാര്‍, ഒതായി
ഇസ്‌ലാമില്‍ ഇടതേട്ടമോ സൃഷ്‌ടികളില്‍ ആരെയെങ്കിലും ഇടയാളനാക്കി പ്രാര്‍ഥിക്കലോ ഇല്ല. സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവോട്, അവന്റെ മഹത്വത്തിന്റെ പേരില്‍ സൃഷ്‌ടികള്‍ വിനയപൂര്‍വം പ്രാര്‍ഥിക്കുക എന്നതാണ് ശരിയായ ഇസ്‌ലാമിക രീതി. പ്രവാചകന്മാരും മലക്കുകളും
ഉള്‍പ്പെടെയുള്ള സൃഷ്‌ടികളെല്ലാം അല്ലാഹുവെ ആശ്രയിക്കുന്നവരും അവന്റെ അനുഗ്രഹത്താല്‍ നിലനില്‍ക്കുന്നവരുമാണ്. ഏതെങ്കിലുമൊരു സൃഷ്‌ടിയുടെ മഹത്വം ചൂണ്ടിക്കാണിച്ച്
സ്രഷ്‌ടാവായ അല്ലാഹുവോട് വല്ലതും ആവശ്യപ്പെടുന്നത് യഥാര്‍ഥത്തില്‍ അവനെ അവഹേളിക്കലാണ്. സൃഷ്‌ടിയെ ഉയര്‍ത്തലും സ്രഷ്‌ടാവിനെ താഴ്‌ത്തലുമാണ്. സൃഷ്‌ടികള്‍ക്ക് മഹത്വം കൈവരുന്നത് അല്ലാഹു അവരെ അനുഗ്രഹിക്കുമ്പോഴാണ്. പരമമായ മഹത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അതിനാല്‍ അല്ലാഹുവിന്റെ സാമീപ്യം (+പ്പശ്ലക്കടവ) ആഗ്രഹിക്കുന്ന സൃഷ്‌ടികളെല്ലാം അവനോട് മാത്രം പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടത്. സ്രഷ്‌ടാവായ അല്ലാഹുവാണ് സൃഷ്‌ടികളോട് ഏറ്റവും അടുത്തവന്‍. സ്രഷ്‌ടാവിനും സൃഷ്‌ടികള്‍ക്കുമിടയില്‍ ഒരു ഇടയാളന് ഇരിക്കാനുള്ള ഇടമില്ല.
"തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്‌ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു." (വി.ഖു 50:16)
"എന്റെ ദാസന്മാര്‍ നിന്നോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അടുത്തു തന്നെയുള്ളവനാണെന്ന് (പറയുക:) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‌കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്." (വി.ഖു 2:186)
അല്ലാഹുവിന്റെ അനുഗ്രഹം ആശിക്കുന്ന ദാസന്മാരെല്ലാം അവനോട് നേരിട്ട് പ്രാര്‍ഥിക്കണമെന്നാണ് അവന്‍ തന്നെ ആഹ്വാനം ചെയ്‌തിട്ടുള്ളത്. പ്രാര്‍ഥനയില്‍ ഇടയാളനോ മധ്യസ്ഥനോ യാതൊരു സ്ഥാനവും ഇല്ലെന്നത്രെ ഉപര്യുക്ത സൂക്തങ്ങള്‍ തെളിയിക്കുന്നത്. ഇടയാളന്റെ മഹത്വം ചൂണ്ടിക്കാണിച്ച് യജമാനനെ അവഹേളിച്ചുകൊണ്ട് പ്രാര്‍ഥിക്കണം എന്നത് അല്ലാഹുവിന്റെയും മാനവരാശിയുടെയും ശത്രുവായ പിശാചിന്റെ ആഹ്വാനമാണ്. പ്രവാചകന്മാരോ സത്യപ്രബോധകരോ അങ്ങനെ ആഹ്വാനം ചെയ്‌തിട്ടില്ല. യാതൊരു പ്രവാചകനും ഇടയാളന്റെ പേരുപറഞ്ഞു പ്രാര്‍ഥിച്ചിട്ടില്ല. പൂര്‍വ പ്രവാചകന്മാരുടെ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനിലും പ്രാമാണികമായ ഹദീസുകളിലും ഉദ്ധരിച്ചിട്ടുള്ളത് സൂക്ഷ്‌മമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഈ യാഥാര്‍ഥ്യം ബോധ്യമാകും. മുഹമ്മദ് നബി(സ)യുടെ ധാരാളം പ്രാര്‍ഥനകള്‍ പ്രാമാണികമായ ഹദീസുകളിലുണ്ട്. ഏതെങ്കിലും പൂര്‍വ പ്രവാചകനെയോ മലക്കിനെയോ മധ്യവര്‍ത്തിയാക്കിക്കൊണ്ടുള്ള യാതൊരു പ്രാര്‍ഥനയും ആ കൂട്ടത്തിലില്ല.
14:37 സൂക്തത്തില്‍ ഇടയാളന്റെയോ ഇടതേട്ടത്തിന്റെയോ ലാഞ്‌ഛന പോലുമില്ല. അതിന്റെ പരിഭാഷ നോക്കുക: "ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്‌ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്‌തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്‌കനികളില്‍ നിന്ന് നീ ഉപജീവനം നല്‌കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചേക്കാം."
വിജനമായ മക്കയില്‍ ജീവിതപങ്കാളി ഹാജറിനെയും മകന്‍ ഇസ്‌മാഈലി(അ)നെയും അല്ലാഹുവിന്റെ കല്‌പനപ്രകാരം അധിവസിപ്പിച്ച സന്ദര്‍ഭത്തില്‍ ഇബ്‌റാഹീം നബി(അ) വ്യാകുലചിത്തനായിരുന്നു എന്നതിന് വിശുദ്ധ ഖുര്‍ആനില്‍ യാതൊരു തെളിവുമില്ല. അദ്ദേഹം ജീവിതത്തിലുടനീളം തികച്ചും നിര്‍ഭയനായിരുന്നു എന്നതിനാണ് ഖുര്‍ആനില്‍ (6:81-83) തെളിവുള്ളത്. വ്യാകുലതക്ക് തെളിവ് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് സുന്നീലേഖകന്‍ 'വ്യാകുലത നിഴലിക്കുന്നു' എന്നാക്കിയത്. തുടര്‍ന്ന്, വ്യാകുലതയുടെ നിഴലില്‍ നിന്ന് ഒരു ഇടയാളന്റെ നിഴല്‍ കണ്ടുപിടിക്കാനുള്ള കുത്സിത ശ്രമമാണ് ലേഖകന്‍ നടത്തുന്നത്. മുഹമ്മദ് നബി(സ)യുടെ പേര് പൂര്‍വ പിതാമഹനായ ഇബ്‌റാഹീം നബി(അ) വല്ലപ്പോഴും പറഞ്ഞതായി ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഉദ്ധരിച്ചിട്ടില്ല. ഇസ്‌മാഈല്‍(അ) നഷ്‌ടപ്പെട്ടാല്‍ മുഹമ്മദ് നബി(സ) നഷ്‌ടപ്പെടുമെന്ന് ഇബ്‌റാഹീം നബി(അ) പറയുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഇതൊന്നും കൂടാതെ ഇബ്‌റാഹീം നബി(അ) ഇടതേട്ട പ്രാര്‍ഥന നടത്തിയെന്ന് പറയുന്നത് ആ പ്രവാചക ശ്രേഷ്‌ഠന്റെ പേരിലുള്ള വ്യാജാരോപണമാകുന്നു.
ഖുര്‍ആനില്‍ സൂചിപ്പിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ എഴുതി നിറച്ച ചില വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ടാകാം. അതിനൊന്നും ഇസ്‌ലാമില്‍ പ്രമാണികതയില്ല. മറ്റു ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ഗ്രഹിക്കാവുന്നതോ ഭാഷാപരമായ അടിസ്ഥാനമുള്ളതോ അല്ലാത്ത 'എഴുതാപ്പുറം വായന'കള്‍ക്കൊന്നും സത്യദീനില്‍ യാതൊരു പ്രസക്തിയുമില്ല.
അല്‍ബഖറ 89ലും ഇടയാളന്റെ മഹത്വത്തിന്റെ പേരില്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക എന്ന വിഷയമില്ല. ഞങ്ങളിലേക്ക് ഒരു പ്രവാചകനെ നിയോഗിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്‌ത് സത്യനിഷേധികള്‍ക്കെതിരില്‍ വിജയം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ എന്ന് യഹൂദര്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്നു എന്നാണ് ഈ സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. മുഹമ്മദ് നബി(സ) അന്തിമ പ്രവാചകനായതുകൊണ്ട് ഇന്നത്തെ സത്യവിശ്വാസികള്‍ക്ക് ഇപ്രകാരം പ്രാര്‍ഥിക്കാനുള്ള ന്യായം അവശേഷിക്കുന്നില്ല എന്ന കാര്യവും ഇതോടൊപ്പം വിലയിരുത്തേണ്ടതാകുന്നു.
“ഇന്ത്യന്‍ ഗവണ്‍മെന്റ് താഗൂത്താണ്. പരിശുദ്ധഖുര്‍ആനില്‍ താഗൂത്തിന്ന് ഇബാദത്തെടുക്കരുതെന്ന് പറഞ്ഞ സ്ഥലത്തെല്ലാം വിവക്‌ഷിക്കുന്നത് അനുസരണമാണ്. അപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ഇസ്‌ലാമില്‍ മതം, ഭൗതികം എന്നിങ്ങനെ വേര്‍പെടുത്തുന്നതു ശരിയല്ല.'' ഇതായിരുന്നു ജമാഅത്തിന്റെ സിദ്ധാന്തം. അങ്ങനെ മുസ്‌ലിംകള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനെ ഇവര്‍ നിരുല്‍സാഹപ്പെടുത്തി. അവരുടെ സാഹിത്യങ്ങള്‍കൊണ്ട് തന്നെ ഇത് തെളിയിക്കാം.
1. ``താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടതാണ് - ബിംബങ്ങള്‍- ദൈവേതര ഭരണകൂടങ്ങള്‍, അദൈവിക കോടതികള്‍, നിഷിദ്ധമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എല്ലാം തന്നെ.'' (ഇസ്‌ലാമിലെ ഇബാദത്ത്, ടി മുഹമ്മദ് സാഹിബ്, പേ. 67, 1979)
2. ``ഖുര്‍ആനില്‍ താഗൂത്തിനെ കൈവെടിയണമെന്നു പറഞ്ഞതിന്റെ അര്‍ഥം അവനുള്ള ഇബാദത്തുപേഷിക്കണമെന്നാണ്. അതായത് താഗൂത്തിനുള്ള അടിമത്തവും അനുസരണവും ഒഴിവാക്കണമെന്ന്.'' (ഇസ്‌ലാമിലെ ഇബാദത്ത്, പേജ് 94)
3. ``നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കു സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍നീട്ടി ഉറങ്ങുകയും ചെയ്യുന്നത്.'' (ഖുതുബാത്ത് പേജ് 405)
ദീന്‍ എന്നതിന്റെ അര്‍ഥം സ്റ്റെയിറ്റാണെന്ന് സമര്‍ഥിച്ച ശേഷമാണ് മൗദൂദി സാഹിബ് ഇപ്രകാരം എഴുതുന്നത്. അദ്ദേഹത്തിന്റെ അടുക്കല്‍ ദീന്‍ എന്നതിന്റെ വിവക്ഷ ഇതാണ്.
4. ``എന്നാല്‍ മുസ്‌ലിംകളെന്നു വാദിച്ചുകൊണ്ട് ഇതര ദീനുകള്‍ക്ക് സേവനം ചെയ്യുക, ഇസ്‌ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്‍) നടപ്പില്‍വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്, പേ. 405) ബ്രാക്കറ്റ് മൗദൂദിയുടെതു തന്നെ.
5. ``അനിസ്‌ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്‌ലിംകളുടെ ജീവിതത്തിലേക്ക് നോക്കുക. താഗൂത്തുപരമായ സകല സ്ഥാപനങ്ങളുമായും അവര്‍ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അവിടത്തെ അനിസ്‌ലാമിക കോടതികളില്‍ മുസ്‌ലിംകള്‍ ശരണം പ്രാപിക്കുന്നു. അനിസ്‌ലാമിക പാഠശാലകള്‍ക്കു തങ്ങളുടെ സന്താനങ്ങളെ ഏല്‌പിച്ചുകൊടുക്കുന്നു. അനിസ്‌ലാമിക ഭരണയന്ത്രത്തിന്റെ ചക്രശകലങ്ങളാവാനും അതിന്റെ പക്കല്‍ നിന്ന് ഉന്നത സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാനും അവര്‍ അഹമഹമികയാ പരിശ്രമിക്കുന്നു.'' (ശിര്‍ക്ക്, പേജ്: 212)
6. ``അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ഥിത്വവും ഒരനിസ്‌ലാമിക ഗവണ്‍മെന്റിന്റെ ഉദ്യോഗത്തിന് വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നതാണ്''. (പ്രബോധനം, 1951 ആഗസ്റ്റ് 1, പു. 4, ലക്കം 3)
മുജാഹിദുകള്‍ വാദിച്ചത് ഇപ്രകാരം സംഗ്രഹിക്കാം: ``ഇന്ത്യന്‍ ഗവണ്‍മെന്റ് താഗൂത്താണെന്ന് നാം സമ്മതിക്കുക. എന്നാല്‍ തന്നെ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിരാവാത്തനിലക്ക് ഭൗതിക പ്രശ്‌നങ്ങളില്‍ അവരെ അനുസരിക്കല്‍ ഇസ്‌ലാമിന്റെ തത്വത്തിന് എതിരാകുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം വര്‍ഗീയവാദികള്‍ കൈയടക്കി അത് നഷ്‌ടപ്പെടുന്നതു നാം സൂക്ഷിക്കണം. മുസ്‌ലിംകള്‍ക്കു ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സുപ്രീംകോടതി ജഡ്‌ജിയും ആകുന്നതിന്ന് വരെ നിയമതടസ്സമില്ല. അതിനാല്‍ നിങ്ങള്‍ ഇസ്‌ലാമിനു വിരുദ്ധമല്ലാത്ത എല്ലാ രംഗത്തും കടന്നുചെന്ന് സമുദായത്തിന് നന്‍മ ചെയ്യുവാന്‍ ശ്രമിക്കുക, നിങ്ങളും ഈ നാട്ടിലെ പൗരന്‍മാരാണ്. നികുതിയും മറ്റും നിങ്ങളും നല്‍കുന്നുണ്ട്. ആ നികുതി വര്‍ഗീയവാദികള്‍ മാത്രം അനുഭവിക്കുവാന്‍ എന്തിന് സന്ദര്‍ഭം സൃഷ്‌ടിക്കണം. നമുക്കിതിന്ന് നബിമാരുടെ മാതൃകയുണ്ട്. അവരില്‍ 95 ശതമാനവും ഭൗതികപ്രശ്‌നങ്ങളില്‍ അനിസ്‌ലാമിക ഗവണ്‍മെന്റിനെ അനുസരിച്ച് ജീവിച്ചവരാണ്. ഭരണം ലഭിച്ചവര്‍തന്നെ കുറെ കാലം അനിസ്‌ലാമിക ഭരണത്തിന്റെ കീഴില്‍ ജീവിച്ചവരാണ്. യൂസുഫ് നബി(അ) അനിസ്‌ലാമിക സര്‍ക്കാരിന്റെ കീഴില്‍ വകുപ്പ്‌മന്ത്രിയായി ജോലി ചെയ്‌തിട്ടുണ്ട്. ഈജിപ്‌തിലെ പരിപൂര്‍ണ അധികാരം അദ്ദേഹത്തിന് അവസാനം ലഭിച്ചുവോ എന്നതു നമ്മുടെ ചര്‍ച്ചാവിഷയമല്ല. അദ്ദേഹം അധികാരത്തില്‍ വന്ന് ചുരുങ്ങിയതു ഏഴ് വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷമാണ് സഹോദരന്‍മാര്‍ വരുന്നത്. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് നാട്ടില്‍ പരിപൂര്‍ണ അധികാരം ഉണ്ടായിരുന്നില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അനുജന്‍ ബിന്‍യാമീനെ പിടിച്ചുവെക്കാന്‍ ഒരു തന്ത്രം അല്ലാഹു അദ്ദേഹത്തിന് തോന്നിച്ചത്. മുശ്‌രിക്കുകളുമായി നല്ല കാര്യത്തില്‍ സഹകരിക്കുകയില്ലെന്നു പറഞ്ഞ സന്ദര്‍ഭത്തിലാണ് നന്‍മയില്‍ ആരുമായും സഹകരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചത്. ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുവാന്‍ നമുക്ക് അമുസ്‌ലിംകളുമായും സഹകരിക്കാം. ഇതു നഷ്‌ടപ്പെട്ടാല്‍ ഒരു സമൂഹത്തെ ഇസ്‌ലാമികമായി വളര്‍ത്തിക്കൊണ്ടുവരാന്‍ പോലും നമുക്ക് സാധിക്കുകയില്ല.''
ഇവര്‍ എഴുതുന്നു: ``മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിന്നുള്ള സര്‍വാര്‍പ്പണത്തില്‍ നിന്ന് തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ. ഉദാഹരണത്തിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി, അവാന്തര വിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.'' (ഇബാദത്ത് ഒരു സമഗ്രപഠനം, പേ. 335, പുതിയ പതിപ്പ്) ഈ താഗൂത്തായ കമ്യൂണിസ്റ്റുകാര്‍ക്ക് ജമാഅത്തെ ഇസ്‌ലാമി വോട്ടുചെയ്‌തത് അവര്‍ക്ക് ഇബാദത്തെടുക്കലാണോ? അപ്പോള്‍ താഗൂത്താണെങ്കില്‍ തന്നെ ഇസ്‌ലാമില്‍ എതിരാവാത്ത സംഗതികളില്‍ അവരെ അനുസരിക്കാമെന്ന് ഇവര്‍ തന്നെ സമ്മതിച്ചു. അവരെ അധികാരത്തില്‍ പ്രതിഷ്‌ഠിക്കാമെന്ന് വരെ ഇവര്‍ ഇന്ന് സ്വന്തം പ്രവൃത്തിയിലൂടെയും പ്രഖ്യാപനത്തിലൂടെയും മുസ്‌ലിംകളോട് നിര്‍ദേശിക്കുന്നു. പള്ളികളില്‍ വെച്ച് വരെ ഇത് താഗൂത്തിനെ സഹായിക്കുവാന്‍ അനുയായികളോട് പ്രഖ്യാപിച്ചത് അരമന രഹസ്യമാണെങ്കിലും അങ്ങാടിപ്പരസ്യമാണ്. ഒരു ചോദ്യവും മറുപടിയും കാണുക:
``ചോ. അല്ലാഹുവിനെ മാത്രം ഇബാദത്തു ചെയ്യുക, താഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി നിയുക്തരായ എല്ലാ പ്രവാചകന്‍മാരും അവര്‍ ജനിച്ചുവളര്‍ന്ന സമൂഹത്തിലും രാഷ്‌ട്രത്തിലും നിലവിലിരുന്ന നിയമവ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ചുപോന്നു എന്നു പറയുന്നത് ശരിയാണോ?
ഉ: അല്ലാഹുവിന്റെ കല്‌പനകള്‍ക്കും ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്കും വിരുദ്ധമായ ഒരു നിയമവും ഒരു കാലത്തും ഒരു പ്രവാചകനും അനുസരിച്ചിട്ടില്ല.... അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നത് തെറ്റാണെന്നവാദം ആര്‍ക്കും ഇല്ലതാനും.'' (ചോദ്യോത്തരം, പേ. 29)
താഗൂത്താണെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് എതിരല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നത് തെറ്റല്ലെന്ന സത്യം അംഗീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. `എന്നാല്‍ അല്ലാഹുവിന്റെ കല്‌പനകള്‍ക്ക് എതിരായി പ്രവാചകന്‍മാര്‍ ഭരണകൂടത്തെ അനുസരിച്ചിരുന്നുവെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി വാദിച്ചതു ദൈവേതര ഭരണകൂടങ്ങള്‍ താഗൂത്തായതിനാല്‍ അവയെ പരിപൂര്‍ണമായി വര്‍ജിക്കണമെന്നും അതിനാല്‍ ഒരു രീതിയിലും (സുഖമായി ഉറങ്ങിക്കൊണ്ട് പോലും) സഹകരിക്കുവാന്‍ പാടില്ലെന്നുമായിരുന്നു. ഒരു മുസ്‌ലിമും പ്രത്യേകിച്ച് മുജാഹിദ് പ്രവര്‍ത്തകന്‍മാര്‍ പരമാധികാരം ഭരണാധികാരികള്‍ക്കു നല്‍കി തിരഞ്ഞെടുപ്പിലോ സര്‍ക്കാര്‍ ജോലിയിലോ പ്രവേശിച്ചിരുന്നില്ല. എന്നിട്ടും മുജാഹിദുകള്‍ ശിര്‍ക്ക് ചെയ്യുകയെന്ന് ജല്‍പിച്ചാണ് ഇവര്‍ ജമാഅത്ത് രൂപീകരിച്ചത്. ഇവര്‍ തന്നെ എഴുതുന്നു: ``കേരളത്തിലുണ്ടായിരുന്ന ഇ എം എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ ഇ എം എസ് മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കുവാനുള്ള അന്തിമമായ അധികാരം ഇ എം എസ്സിന്നുണ്ടെന്നോ ഇവിടെയുള്ള മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. ഇതുപോലെ ഇന്ത്യയിലുള്ള മുസ്‌ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും വിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമാധികാരം അവര്‍ക്ക് വകവെച്ച് കൊടുക്കുകയോ ചെയ്യുന്നില്ല''. (വിമര്‍ശിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പ്രബോധനം, മുഖപ്രസംഗം, പു. 32, ലക്കം 3) വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ എം എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്.... (അതേ പുസ്‌തകം)
ഇതില്‍ ഒരു മുജാഹിദിന്നും തര്‍ക്കമില്ല. ഇവര്‍ ഇവിടെ എഴുതുന്നത് ഇ എം എസ്സിന്റെയും ഇന്ദിരാഗാന്ധിയുടെയും ആരാധകര്‍ വരെ പരമാധികാരം അവര്‍ക്ക് വകവെച്ച് കൊടുക്കുന്നില്ല എന്നാണ്. പ്രബോധനം തുടരുന്നു: ``അവര്‍ നിര്‍മിക്കുന്ന ഏതു നിയമവും ദൈവിക നിയമങ്ങള്‍പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അതനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള അമുസ്‌ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല''. അതേ പുസ്‌തകം, പേജ്: 16) മുസ്‌ലിംകളില്‍ ദൈവവിശ്വാസം ഇല്ലാത്ത ചിലര്‍ പരമാധികാരം പലര്‍ക്കും അംഗീകരിച്ചുകൊടുക്കുന്നുണ്ട്. അതിനാല്‍ ആരുംതന്നെ ഇങ്ങനെ ചെയ്യുന്നില്ലെന്ന് നമുക്ക് വാദമില്ല. ഇപ്രകാരം എഴുതിയതിനുശേഷവും സല്‍സബീലിലെയും മറ്റും പ്രസ്‌താവനകള്‍ ദുര്‍വ്യാഖ്യാനംചെയ്‌തു മുജാഹിദുകള്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നില്ലെന്ന് ആരോപിക്കുന്നത് തനിച്ച അഹങ്കാരവും സഹിഷ്‌ണുത അല്‌പംപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത വിമര്‍ശനവുമാണ്. മക്കാമുശ്‌രിക്കുകള്‍ പോലും പരമാധികാരം അല്ലാഹുവിന്നാണെന്ന് അംഗീകരിച്ചവരായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നുണ്ട്. ജമാഅത്തിന്റെ ശൂറാ കമ്മിറ്റി പരമാധികാരം അല്ലാഹുവിന്നാണെന്ന് അംഗീകരിക്കുന്നുണ്ടോ എന്ന് `ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം' എന്ന പുസ്‌തകം വായിക്കുന്ന ഏതൊരാളും സംശയിച്ചേക്കാം. അതുപോലെ പ്രസ്ഥാനം ഏതൊരു ആദര്‍ശത്തിന്റെ മേല്‍ സ്ഥാപിച്ചുവോ ആ ആദര്‍ശം പോലും ജമാഅത്തുകാര്‍ ഇന്ന് മാറ്റിമറിച്ചിരിക്കുകയാണ്. പരമാധികാരം അല്ലാഹുവിന്നല്ല പ്രത്യുത, തങ്ങളുടെ അമീറിന്നും ശൂറാ കമ്മിറ്റിക്കുമാണെന്ന നിലപാടിലാണ് അവര്‍ എത്തിയിരിക്കുന്നത്. എന്നാല്‍ കൈ കെട്ടുന്ന വിഷയത്തില്‍ പോലും അല്ലാഹുവിന്റെ നിയമം പാലിക്കണമെന്ന് പറയുന്ന ഒരു പ്രസ്ഥാനത്തിന്റെ നേരെ ശാഖാപരം എന്നു പറഞ്ഞ് ഭൂരിപക്ഷത്തിന്റെ സംതൃപ്‌തിക്ക് വേണ്ടി കൈകെട്ടുകയും ഖുനൂത്ത് ചൊല്ലുകയും കൂട്ടുപ്രാര്‍ഥന നടത്തുകയും തറാവീഹ് 23 റക്‌അത്തു നമസ്‌കരിക്കുകയും ശേഷം മുസ്‌ലിമിലും മറ്റും ഇല്ലാത്ത ഹദീസുകള്‍ ഉണ്ടെന്നു `പ്രബോധന'ത്തില്‍ പോലും എഴുതി തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗമാണോ അതല്ല, മുജാഹിദുകളാണോ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നവരെന്ന് നിഷ്‌പക്ഷമായി ചിന്തിക്കുക.
Saturday, 22 August 2015
സത്യം ചെയ്യാനുപയോഗിച്ചിരിക്കുന്ന അഞ്ച് പദങ്ങള്‍
فَالْمُدَبِّرَاتِ أَمْرًا എന്ന സൂക്തത്തിന്റെ ഉദ്ദേശ്യം മലക്കുകളാണെന്ന അഭിപ്രായത്തില്‍ മുഫസ്സിറുകള്‍ ഒന്നിച്ചിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് നിരവധി കാര്യങ്ങളെ കുറിക്കുന്ന ബഹുവചന രൂപമായ 'ഉമൂര്‍' എന്നതിന് പകരം ഏകവചനമായ 'അംറ്' ഉപയോഗിച്ചു? ഇതിനുള്ള മറുപടി, അതിന്റെ ഉദ്ദേശ്യം വര്‍ഗമാണെന്നാണ്. കാര്യങ്ങളുടെ കൂട്ടത്തില്‍ വര്‍ഗീകരിക്കാന്‍ പറ്റുന്ന എല്ലാറ്റിനെയും അതുള്‍ക്കൊള്ളും.
'കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലാണെന്ന്' (ആലുഇംറാന്‍: 154) വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അപ്പോള്‍ കാര്യങ്ങളുടെ നിയന്ത്രണം മലക്കുകള്‍ക്ക് വകവെച്ചു കൊടുക്കുന്നത് എങ്ങനെ ശരിയാവുമെന്നതാണ് മറ്റൊരു ചോദ്യം. അവര്‍ മുഖേന അത് കൊണ്ടുവരുന്നു എന്നതാണ് അതിന്റെ കാരണം. കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന് തന്നെയാണ്. ഇതാണ് മുഫസ്സിറുകള്‍ ഇതിന് നല്‍കിയ മറുപടിയുടെ രത്‌നചുരുക്കം.
നക്ഷത്രങ്ങളെന്ന വ്യാഖ്യാനം
അധ്യായത്തിന്റെ ആരംഭത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന അഞ്ച് വാക്കുകള്‍ നക്ഷത്രങ്ങളെ കുറിക്കുന്നതാണെന്നാണ് ഇമാം റാസി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹസന്‍ ബസ്വരിയും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നക്ഷത്രങ്ങളെ 'നാസിആത്ത്' എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നു:
1) ഭൂമിക്കടിയില്‍ നിന്ന് ഊരിയെടുക്കപ്പെടുന്ന പോലെയാണ് അവ, പിന്നീട് ഭൂമിക്ക് മുകളിലേക്കത് ആര്‍ഷിക്കപ്പെടുന്നു.
2) 'നസഅ ഇലാ' എന്നുള്ളത് പോവുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.
3) കുതിരയുടെ ഓട്ടത്തെ കുറിക്കുന്നതിന് 'നസഅ' എന്ന പദം ഉപയോഗിക്കാറുണ്ട്. നിര്‍ണിതമായ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതിനാല്‍ അവയെ കുറിക്കുന്നതിന് 'നാസിആത്ത്' എന്നുപയോഗിച്ചിരിക്കുന്നു.
(തുടര്‍ന്ന് വരുന്ന ഭാഷാ ചര്‍ച്ചകള്‍ വിവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്)
എല്ലാം വ്യത്യസ്ത വസ്തുക്കളാണെന്ന വ്യാഖ്യാനം
ഇമാം റാസിയെ പോലുള്ള മുഫസിറുകള്‍ നല്‍കിയിട്ടുള്ള രണ്ടാമത്തെ സാധ്യതയാണ്, അധ്യായത്തിന്റെ തുടക്കത്തില്‍ സത്യം ചെയ്യാന്‍ ഉപയോഗിച്ചിട്ടുള്ള അഞ്ച് പദങ്ങള്‍ നേരത്തെ വിശദീകരിച്ച പോലെ ഒറ്റ വസ്തുവിനെ കുറിക്കുന്നതല്ല, മറിച്ച് വ്യത്യസ്തമായ വസ്തുക്കളെ കുറിക്കുന്നതാണെന്നുള്ളത്.
അതില്‍ َالنَّازِعَاتِ غَرْقًا വില്ലുകള്‍ ആണെന്നും, وَالنَّاشِطَاتِ نَشْطًا മൃഗങ്ങളെകെട്ടാനുപയോഗിക്കുന്ന കയറാണെന്നും, وَالسَّابِحَاتِ سَبْحًا കപ്പലുകളാണെന്നും, فَالسَّابِقَاتِ سَبْقًا കുതിരകളാണെന്നും, فَالْمُدَبِّرَاتِ أَمْرًا മലക്കുകളാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
മുജാഹിദില്‍ നിന്നും ഉദ്ധരിക്കുന്നു: فَالْمُدَبِّرَاتِ أَمْرًا، وَالنَّاشِطَاتِ نَشْطًا، النَّازِعَاتِ غَرْقًا എന്നിവ കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് മരണമാണ്. فَالسَّابِقَاتِ سَبْقًا، فَالْمُدَبِّرَاتِ أَمْرًا എന്നിവ കൊണ്ടുദ്ദേശിക്കുന്നത് മലക്കുളാണ്.
ഖതാദ പറയുന്നു: അതില്‍ فَالْمُدَبِّرَاتِ أَمْرًا ഒഴികെയുള്ള എല്ലാം നക്ഷത്രങ്ങളാണ്. فَالْمُدَبِّرَاتِ أَمْرًا മലക്കുകളും.
ഈ അഭിപ്രായങ്ങളില്‍ നിന്നും നാം പ്രാമുഖ്യം നല്‍കുന്നത് സത്യം ചെയ്യാനുപയോഗിച്ച അഞ്ച് വാക്കുകളും ഒരേ വസ്തുവിന്റെ തന്നെ വിശേഷണങ്ങളാണെന്നതാണ്. فاء ഉപയോഗിച്ച് പരസ്പരം ചേര്‍ത്ത് പറഞ്ഞിരിക്കുന്നു എന്നത് അതാണ് തെളിയിക്കുന്നത്. وَالسَّابِحَاتِ سَبْحًا﴿٣﴾ فَالسَّابِقَاتِ سَبْقًا﴿٤﴾ فَالْمُدَبِّرَاتِ أَمْرًا പരസ്പര വ്യത്യാസമോ വൈവിധ്യമോ ഇല്ലാത്ത, പരസ്പര ബന്ധമുള്ള ഒരു പരമ്പരയെ കുറിക്കുന്നതാണ് ഇത്തരത്തിലുള്ള ചേര്‍ത്ത് വെക്കല്‍.
ഇവ്വിഷയത്തില്‍ ഇമാം റാസിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: മുഫസ്സിറുകളില്‍ നിന്നും ഉദ്ധരിക്കപ്പെട്ട് വന്ന അഭിപ്രായങ്ങള്‍ പ്രവാചകന്‍(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതല്ല. ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ള സാധ്യതയെ കുറിച്ച് മാത്രമാണ് അവര്‍ പറഞ്ഞിട്ടുള്ളത്. (തുടരും)
നീന്തി മുന്നേറുന്ന മലക്കുകള്‍
സത്യം ചെയ്ത് പ്രതിപാദിക്കുന്ന കാര്യം
Subscribe to:
Posts (Atom)