Monday, 14 December 2015
ഉപ്പ കോണ്‍ഗ്രസ്സുകാരനായ മുജാഹിദ് പണ്ഡിതനായിരുന്നു
എ. അബ്ദസ്സലാം സുല്ലമി /കവര്‍സ്റ്റോറി
കോണ്‍ഗ്രസ്സുകാരനായിരുന്നു എന്റെ പിതാവ് എ. അലവി മൗലവി. വെറുമൊരു സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നില്ല ഉപ്പ. കോണ്‍ഗ്രസ്സിന്റെ കീഴിലുണ്ടായിരുന്ന മജ്‌ലിസ് എന്ന കൂട്ടായ്മയുടെ നേതൃരംഗത്ത് അദ്ദേഹമുണ്ടായിരുന്നു. മജ്‌ലിസിന്റെ കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തുമ്പോള്‍ അവരുടെ ഉര്‍ദു പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്തിരുന്നത് ഉപ്പയായിരുന്നു. ഉപ്പ മരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ അനുശോചനം അറിയിക്കുകയും വീക്ഷണം പത്രത്തില്‍ അനുസ്മരണക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ദയൂബന്ദില്‍ പഠിച്ചതിനാല്‍ ഉപ്പാക്ക് ഉര്‍ദു നല്ല വശമായിരുന്നു. അറബിയും പേര്‍ഷ്യയും ഉപ്പാക്ക് അനായാസം അറിയാമായിരുന്നു. ഉപ്പയുടെ മലയാളമാവട്ടെ ശുദ്ധമായ അച്ചടി ഭാഷയും. മജ്‌ലിസിന്റെ വേദിയിലെ ഉപ്പയുടെ പ്രഭാഷണങ്ങള്‍ കേട്ട് മുസ്‌ലിംകള്‍ക്ക് ഇത്ര ശുദ്ധമായ മലയാളം വഴങ്ങുമോ എന്ന് ഹിന്ദുക്കള്‍ പോലും ആശ്ചര്യപ്പെട്ടിരുന്നു. വീട്ടില്‍ ഞങ്ങള്‍ കുട്ടികളോട് പോലും ഉപ്പ ശുദ്ധ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്. മജ്‌ലിസിന്റെ കേന്ദ്ര നേതാക്കള്‍ പ്രസംഗത്തില്‍ ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളുമെല്ലാം എഴുതിക്കൊണ്ട് വന്നത് നോക്കി വായിക്കലായിരുന്നു പതിവ്. തര്‍ജമ ചെയ്യുമ്പോള്‍ ഉപ്പ അതൊക്കെ ഓര്‍മയില്‍ നിന്ന് കൃത്യമായി ഉദ്ധരിക്കുമ്പോള്‍ അവര്‍ ആശ്ചര്യപ്പെടുമായിരുന്നു. ഇങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കെ തന്നെയാണ് ഉപ്പ ഇസ്വ്‌ലാഹി രംഗത്തേക്കും വാദപ്രതിവാദ വേദികളിലേക്കും പ്രവേശിക്കുന്നത്. തൊടികപ്പുലത്ത് മമ്മു മൗലവിയാണ് ഉപ്പയെ സജീവമായി ഈ രംഗത്തേക്കിറക്കിയത്.
സി.എന്‍ അഹ്മദ് മൗലവിയായിരുന്നു അന്ന് വാദപ്രതിവാദ രംഗത്തുണ്ടായിരുന്ന പ്രധാന പണ്ഡിതന്മാരിലൊരാള്‍. സി.എന്‍ ക്രാന്തദര്‍ശിയായ എഴുത്തുകാരനായിരുന്നെങ്കിലും വാചാലമായ പ്രസംഗ പാടവമുണ്ടായിരുന്നില്ല. ഇത് മുതലാക്കി പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരടക്കമുള്ളവര്‍ വാചകക്കസര്‍ത്തിലൂടെ അദ്ദേഹത്തിന്റെ വാദങ്ങളെ നിശ്ശബ്ദമാക്കുമായിരുന്നു. അപ്പോഴാണ് ശുദ്ധ മലയാളഭാഷയും ആവശ്യത്തിന് നര്‍മവുമെല്ലാം ചേര്‍ത്ത് ഉജ്ജ്വല വാഗ്വിലാസവുമായി ഉപ്പ ഈ രംഗത്തെത്തുന്നത്. അതോടെ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മുഖ്യ എതിരാളി ഉപ്പയായി മാറി. സി.എന്‍ അഹ്മദ് മൗലവിയെ, ശബ്ദമുയര്‍ത്തി പിന്നിലാക്കിക്കളഞ്ഞ കരുവാരക്കുണ്ടില്‍, ഉപ്പ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ക്ക് മറുപടി നല്‍കി. അത് ഇസ്വ്‌ലാഹീ കേരളത്തിലുടനീളം പ്രശസ്തമായതോടെ പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നിടത്തെല്ലാം ഇസ്വ്‌ലാഹി പ്രവര്‍ത്തകര്‍ ഉപ്പയുടെ പരിപാടി വെച്ചു. അവിടങ്ങളിലെല്ലാം ഇസ്വ്‌ലാഹി പ്രവര്‍ത്തനം സജീവമാവുകയും ചെയ്തു. പറപ്പൂര്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയായിരുന്നു ഈ രംഗത്ത് പലപ്പോഴും ഉപ്പയുടെ കൂടെയുണ്ടായിരുന്നത്. പൂനൂര്‍ വാദപ്രതിവാദമായിരുന്നു ഇതിലേറ്റവും പ്രശസ്തമായത്.
വാദപ്രതിവാദ രംഗത്ത് ഉപ്പ സജീവമായതോടെ ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് യാത്ര പോവുക എന്നത് പതിവായി. അതോടെ ഉപ്പ വീട്ടിലേക്ക് വരുന്നത് കുറഞ്ഞു. പലപ്പോഴും ആഴ്ചകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ മക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കിട്ടിയിരുന്നത്. ഇതിനിടക്ക് എതിരാളികള്‍ വ്യക്തിപരമായി ഉപ്പയോട് ശത്രുത പുലര്‍ത്തിയ സംഭവങ്ങളുമുണ്ടായി. അതിന്റെ ഭാഗമായാണ് ഉപ്പയെ വധിക്കാനുള്ള ശ്രമങ്ങളുണ്ടായത്. അല്ലാഹുവിന്റെ അനുഗ്രഹത്താലാണ് അതില്‍ നിന്ന് ഉപ്പ രക്ഷപ്പെട്ടത്. പക്ഷേ, അതൊന്നും ആദര്‍ശരംഗത്ത് നിന്ന് ഉപ്പയെ ഒരിഞ്ച് പോലും അകറ്റിയില്ല.
പ്രഭാഷണം പോലെതന്നെ ഉപ്പയുടെ എഴുത്ത് ഭാഷയും ശുദ്ധ മലയാളത്തിലായിരുന്നു. അന്ന് ആ ഭാഷ വഴങ്ങുന്നവര്‍ മുസ്‌ലിം വായനക്കാരില്‍ കുറവായിരുന്നു. അതിനാല്‍ എഴുത്ത് രംഗത്ത് കൂടുതല്‍ തുടരാന്‍ ഉപ്പാക്ക് സാധിച്ചില്ല. പ്രഭാഷണ രംഗത്തെയും അധ്യാപന മേഖലയിലെയും തിരക്കും എഴുത്തിന് തടസ്സം നിന്ന മറ്റു കാരണങ്ങളാണ്. അമാനി മൗലവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ആയത്തുകളുടെ പരിഭാഷ ആദ്യം നിര്‍വഹിച്ചത് ഉപ്പയായിരുന്നു. അബുല്‍ കലാം ആസാദിന്റെ തര്‍ജുമാനുല്‍ ഖുര്‍ആനായിരുന്നു ഉപ്പ അതിന് അവലംബമാക്കിയിരുന്നത്. ഉപ്പയുടെ പരിഭാഷ ശുദ്ധ മലയാളത്തിലായിരുന്നു. ഇത് കാരണമാവാം ആ തര്‍ജമയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ് അമാനി മൗലവിയുടെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയത്. എങ്കിലും അമാനി മൗലവിയുടെ വ്യാഖ്യാനത്തിന്റെ ആദ്യ വാള്യത്തില്‍ ഉപ്പയുടെ പേരും എഴുതിച്ചേര്‍ത്തിരുന്നു.
ഞങ്ങള്‍ മക്കളുടെ കാര്യത്തില്‍ ഒരു വിഷയത്തിലും ഉപ്പ ശാഠ്യം പിടിക്കുകയോ നിര്‍ബന്ധബുദ്ധി കാണിക്കുകയോ ചെയ്തിരുന്നില്ല. സംഘടനാ ആക്ടിവിസത്തിലും വിദ്യാഭ്യാസം നേടുന്ന വിഷയത്തിലും ഇതായിരുന്നു നിലപാട്. അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസവും സംഘടനാ ബന്ധവുമെല്ലാം ഞങ്ങള്‍ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സുല്ലമുസ്സലാം അറബിക് കോളേജില്‍ പഠിക്കുകയെന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു. ഉപ്പ അതിലിടപെട്ടിരുന്നില്ല. ഇത് തന്നെയാണ് മറ്റു മക്കളുടെ കാര്യത്തിലും സംഭവിച്ചത്. അതുകൊണ്ട് തന്നെയാണ് ഞങ്ങളില്‍ പലരും വ്യത്യസ്ത സംഘടനകളില്‍ ആകൃഷ്ടരായതും. ഉപ്പയുടെ ആദ്യ ഭാര്യ മരിച്ചതിന് ശേഷമാണ് എന്റെ ഉമ്മയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയിലുള്ള മക്കളായ മുഹമ്മദ് അമീനും അബൂബക്കറും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങളോടാണ് ആഭിമുഖ്യം പുലര്‍ത്തിയത്. എന്റെ അനിയന്‍ എ. സഈദ് പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാവാണ്. ഇസ്വ്‌ലാഹി രംഗത്ത് സജീവയായ എ. ജമീല ടീച്ചറാണ് മറ്റൊരു സഹോദരി. അബ്ദുല്ല നദ്‌വി, റഹ്മാബി, മുജീബ്, മുബാറക് തുടങ്ങിയവരാണ് അലവി മൗലവിയുടെ മറ്റു മക്കള്‍.
മത പ്രഭാഷണ രംഗത്ത് മാത്രമല്ല, അധ്യാപന രംഗത്തും ഉപ്പ ഒട്ടേറെ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. എടവണ്ണ ജാമിഅ നദ്‌വിയ്യ തുടങ്ങിയപ്പോള്‍ ഉപ്പ അവിടെ അധ്യാപകനായി ഉണ്ടായിരുന്നു. പല വിദ്യാര്‍ഥികളും ഉപ്പയുടെ ക്ലാസ് കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് അവിടെ ചേര്‍ന്നിരുന്നത്. ജാമിഅ സാമ്പത്തിക പ്രയാസത്തില്‍ നട്ടം തിരിയുന്ന കാലമായിരുന്നു അത്. ഉപ്പയടക്കമുള്ള അധ്യാപകര്‍ക്കൊന്നും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. വളരെ കഷ്ടപ്പാടിലായിരുന്നു ഞങ്ങളുടെ കുടുംബം അന്ന് കഴിഞ്ഞിരുന്നത്. ശമ്പളം കിട്ടാതെ മാസങ്ങള്‍ നീണ്ടുപോയപ്പോള്‍ ഞങ്ങള്‍ പട്ടിണി കിടന്ന സന്ദര്‍ഭം പോലുമുണ്ടായിട്ടുണ്ട്. ഉപ്പാക്ക് പക്ഷേ, ജാമിഅ ഒരു വികാരമായിരുന്നു. അദ്ദേഹമത് തന്റെ ആദര്‍ശ ജീവിതത്തിന്റെ ഭാഗമായി കണ്ടു. അതിനാല്‍ തന്നെ ശമ്പളമോ കുടുംബത്തിന്റെ പരിതാവസ്ഥയോ ഒന്നും ജാമിഅയുടെ വിഷയത്തില്‍ അലംഭാവം കാണിക്കാന്‍ ഉപ്പയെ പ്രേരിപ്പിച്ചില്ല. ഞങ്ങളുടെ കുടുംബത്തിന്റെ പ്രയാസം കണ്ട ഉമര്‍ ഹാജി ഉപ്പയെ എടത്തനാട്ടുകരയിലേക്ക് നിര്‍ബന്ധിച്ചു ക്ഷണിച്ചു. അവിടെ പള്ളിക്കും മറ്റു ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാനായിരുന്നു ക്ഷണം. അങ്ങനെ ഒടുവില്‍ ഉപ്പ വഴങ്ങി. ഞങ്ങള്‍ കുടുംബമൊന്നടങ്കം എടവണ്ണ വിട്ട് മൂന്ന് വര്‍ഷത്തോളം എടത്തനാട്ടുകരയില്‍ താമസിച്ചു. പിന്നീട് തിരിച്ചുവന്ന് ജാമിഅയില്‍ വീണ്ടും ഉത്തരവാദിത്തമേറ്റെടുത്തു. പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ആ കൂടുമാറ്റം. കരഞ്ഞുകൊണ്ടാണ് ഉപ്പയോടൊപ്പം അന്ന് ഞങ്ങള്‍ എടവണ്ണ വിട്ടത്. ആദ്യകാല ഇസ്വ്‌ലാഹി പ്രവര്‍ത്തനവും, ഉപ്പയടക്കം അതിന് നേതൃത്വം നല്‍കിയവരുടെ ജീവിതവും ഇങ്ങനെയൊക്കെയായിരുന്നു.
Tuesday, 8 December 2015
നിഷിദ്ധങ്ങള്‍
1) ബിലാലി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമുള്ള വാക്ക് സംസാരിക്കും. അതു എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവന്‍ വിചാരിച്ചിട്ടുണ്ടായിരിക്കുകയില്ല. അതുവഴി അല്ലാഹു അന്ത്യനാള്‍വരെ തന്റെ തൃപ്തി അവന് നല്‍കുന്നതാണ്. അപ്രകാരംതന്നെ മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമില്ലാത്തത് സംസാരിക്കുന്നു. അതെന്തുമാത്രം കുറ്റകരമാണെന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. തന്നിമിത്തം അന്ത്യനാള്‍വരെ അല്ലാഹു അവനോട് കോപിക്കുന്നതാകുന്നു. (തിര്‍മിദി)
2) സുഫ്യാനി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി(സ) പറഞ്ഞു: ഇതിനെയാണ്. (തിര്‍മിദി)
3) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ദിക്റ് ചൊല്ലാതെ നിങ്ങള്‍ അധികം സംസാരിക്കരുത്. ദിക്റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളില്‍വെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവന്‍. (തിര്‍മിദി)
4) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും കാലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും രക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)
5) ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാര്‍ഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിര്‍മിദി)
6) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലര്‍ന്നാല്‍ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങള്‍ക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങള്‍ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിര്‍മിദി)
7) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം)
8) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യോട് ഞാന്‍ പറഞ്ഞു: സഫിയ്യ(റ) യുടെ ഇന്നിന്ന ന്യൂനതതന്നെ മതിയല്ലോ. റിപ്പോര്‍ട്ടര്‍മാരില്‍ ചിലര്‍ പറഞ്ഞു: കുറിയവളാണെന്നതാണ് ആയിശ(റ) ഉദ്ദേശിച്ചത്. നബി(സ) പറഞ്ഞു: കുറ്റകരമായ വാക്കാണ് നീ സംസാരിച്ചത്. സമുദ്രത്തിലെ വെള്ളത്തില്‍ അത് ലയിപ്പിച്ചാല്‍ അതിനെ കലക്കിക്കളയും. ആയിശ(റ) പറഞ്ഞു. നബി(സ)ക്ക് ഞാന്‍ ഒരാളെ ഉദ്ധരിച്ചുകൊടുത്തു. അന്നേരം അവിടുന്ന് പറഞ്ഞു. എനിക്ക് ഇന്നിന്നതൊക്കെ ലഭിക്കുമെങ്കിലും ഒരാളെ ഹികായത്ത് ചെയ്യാന്‍ എനിക്കിഷ്ടമില്ല. (അബൂദാവൂദ്, തിര്‍മിദി)
9) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എനിക്ക് മിഅ്റാജുണ്ടായപ്പോള്‍ ചെമ്പിന്റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാന്‍ നടന്നുപോയി. ഞാന്‍ ചോദിച്ചു: ആരാണവര്‍ ജിബ്രീലേ? ജിബ്രീല്‍ (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവര്‍. (അബൂദാവൂദ്)
10) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: മുസ്ളിമിന്റെ സര്‍വ്വതും മറ്റൊരു മുസ്ളിമിന്ന് നിഷിദ്ധമാണ്. അഥവാ, അവന്റെ രക്തവും അവന്റെ അഭിമാനവും ധനവും. (മുസ്ലിം)
11) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വല്ലവനും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതം വരുത്തുന്നത് തടുത്താല്‍ അന്ത്യദിനത്തില്‍ അവന്റെ മുഖത്തുനിന്ന് അല്ലാഹു നരകാഗ്നിയെതടുക്കുന്നതാണ്. (തിര്‍മിദി)
12) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ ചോദിച്ചു:'അള്ുഹ്' എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏഷണിയാണത്. (മുസ്ലിം) (അപവാദം, അസത്യം എന്നൊക്കെയാണ് അള്ഹിന്റെ ഭാഷാര്‍ത്ഥം)
13) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്റെ അസ്ഹാബികളിലാരും യാതൊന്നും ഒരാളെപ്പറ്റിയും എന്നെ ധരിപ്പിക്കേണ്ട. നിഷ്കളങ്ക ഹൃദയനായി നിങ്ങളുടെ അടുത്തേക്ക് പുറപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (അബൂദാവൂദ്, തിര്‍മിദി)
14) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടത് ഞാന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നവന്‍ കള്ളം പറയുന്നവരില്‍ പെട്ടവന്‍ തന്നെ. (മുസ്ലിം) (കളവാണെന്ന് ബോദ്ധ്യം വന്നത് പ്രചരിപ്പിക്കുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് സാരം)
15) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)
16) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. അല്ലാഹുവിന്റെ ലഅ്നത്തുണ്ടാകട്ടെ. അവന്റെ കോപമുണ്ടാകട്ടെ. നരകം നിങ്ങള്‍ക്കുണ്ടാകട്ടെ. അന്നിങ്ങനെ നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (അബൂദാവൂദ്, തിര്‍മിദി)
17) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)
18) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)
19) ഇംറാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)
20) അബൂബര്‍സത്തി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജനതയുടെ ഏതാനും ചരക്കുമായി ഒട്ടകപ്പുറത്ത് ഒരു സ്ത്രീ വരികയായിരുന്നു: പര്‍വ്വതനിരകളില്‍ ആള്‍ത്തിരക്കേറിയിരുന്നു. നബി(സ) യെ കണ്ടമാത്രയില്‍ അവള്‍ പറഞ്ഞു: 'ഹല്‍' (നടക്കൂ) അല്ലാഹുവേ! നീ അതിനെ ശപിക്കേണമേ! നബി(സ) പറഞ്ഞു: ശപിക്കപ്പെട്ട ഒട്ടകം നമ്മോട് സഹവസിക്കരുത്. (മുസ്ലിം)
21) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പരസ്പരം കുറ്റപ്പെടുത്തുന്നവരുടെ ശിക്ഷ അത് തുടങ്ങിവെച്ചവന്നാണ്. മസ്ലൂം പരിധിലംഘിച്ചിട്ടില്ലെങ്കില്‍. (മുസ്ലിം)
22) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര്‍ സുല്‍ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന്‍ മലക്കുകളോട് ഉത്തരവാകും. (മുസ്ലിം)
23) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചുകളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ നശിപ്പിക്കുന്നത്. (അബൂദാവൂദ്)
24) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: തെറ്റിദ്ധാരണ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങള്‍ ചാരവൃത്തി നടത്തരുത്. പരസ്പരം മത്സരിക്കരുത്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ പ്രവര്‍ത്തനങ്ങളേയോ അല്ല അല്ലാഹു നോക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്ലിം) (ഹൃദയശുദ്ധി, ആത്മാര്‍ത്ഥത, അര്‍പ്പണബോധം മുതലായവയാണ് അല്ലാഹു നോക്കുന്നത്)
25) മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മുസ്ളിംകളുടെ ന്യൂനതകളെ നീ തെരഞ്ഞുപിടിക്കുന്നപക്ഷം അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്കടുപ്പിക്കുകയോ ചെയ്യും. (അബൂദാവൂദ്) (കുറ്റം തെരഞ്ഞുപിടിക്കല്‍ ഒരു ഭരണകര്‍ത്താവിന്റേയും ചുമതലയില്‍ പെട്ടതല്ല)
26) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: (കള്ള് കുടിയനായ) ഒരാള്‍ ഹാജറാക്കപ്പെട്ടു. ഇയാളുടെ താടിയില്‍ നിന്ന് കള്ള് ഇറ്റ് വീഴുന്നു (എന്ന് മറ്റുള്ളവര്‍ പറഞ്ഞു) അദ്ദേഹം പറഞ്ഞു: അന്യരുടെ രഹസ്യങ്ങള്‍ ചികഞ്ഞുനോക്കുന്നത് ഞങ്ങളെ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് വല്ലതും വെളിപ്പെട്ടാല്‍ ഞങ്ങള്‍ അത് കൈക്കൊള്ളും. (അതനുസരിച്ച് ശിക്ഷാനടപടി സ്വീകരിക്കും) (അബൂദാവൂദ്)
27) വാസില(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്‍മിദി)
28) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: മനുഷ്യരിലുള്ള രണ്ടുകാര്യങ്ങള്‍ ജാഹിലിയ്യാ സ്വഭാവങ്ങളാണ്. 1. പാരമ്പര്യത്തെ കുറ്റപ്പെടുത്തല്‍, 2. മരണപ്പെട്ടവന്റെ പേരില്‍ അലറിക്കരയല്‍. (മുസ്ലിം)
29) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: നമുക്കെതിരില്‍ ആയുധങ്ങളേന്തിയവന്‍ നമ്മളില്‍ പെട്ടവനല്ല. അപ്രകാരം നമ്മളെവഞ്ചിച്ചവനും നമ്മളില്‍ പെട്ടവനല്ല. (ഒരു യഥാര്‍ത്ഥ മുഅ്മിനല്ല) (മുസ്ലിം)
30) അബുഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അന്യന്റെ ഭാര്യയേയോ ഉടമയിലുള്ളവനേയോ വഞ്ചിക്കുന്നവന്‍ നമ്മളില്‍ പെട്ടവനല്ല. (അബൂദാവൂദ്)
31) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: എല്ലാ വഞ്ചകര്‍ക്കും അന്ത്യ നാളില്‍ തങ്ങളുടെ മലദ്വാരത്തിങ്കല്‍ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ സ്ഥിതിയനുസരിച്ചായിരിക്കും ആ പതാക ഉയര്‍ത്തപ്പെടുന്നത്. അറിയണം, ഒരു ഭരണ മേധാവിയുടെ വഞ്ചനയേക്കാള്‍ കടുത്തവഞ്ചനയില്ല. (മുസ്ലിം)
32) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം അതിക്രമം കാണിക്കാതെയും പരസ്പരം കിടമത്സരം നടത്താതെയും വിനയത്തോടെ വര്‍ത്തിക്കേണ്ടതാണെന്ന് എനിക്ക് അല്ലാഹു ദൌത്യം നല്‍കിയിരിക്കുന്നു. (മുസ്ലിം)
33) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ആ ജനങ്ങള്‍ നശിച്ചുപോയി എന്ന് വല്ലവരും (പൊങ്ങച്ചത്തോടെ) തട്ടിവിട്ടാല്‍ അവന്‍ തന്നെയായിരിക്കും ജനങ്ങളില്‍വെച്ച് ഏറ്റവും നശിച്ചവന്‍. (മുസ്ലിം)
34) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: അറേബ്യന്‍ ഭൂഖണ്ഡത്തില്‍വെച്ച് മുസ്ളിംകള്‍ തന്നെ ആരാധിക്കുകയില്ല എന്നതിനാല്‍ പിശാച് നിരാശരാണ്. പക്ഷേ, അവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതിലാണവന്‍ (ഏര്‍പ്പെട്ടിട്ടുള്ളത്) (മുസ്ലിം)
35) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂന്ന് ദിവസത്തില്‍ കൂടുതല്‍ തന്റെ സഹോദരനുമായി പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തില്‍ കൂടുതലുള്ള പിണക്കത്തില്‍ മരിച്ചുപോയാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്)
36) ഹദ്റദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. തന്റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാല്‍ അതവന്റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്)
37) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസികള്‍ തമ്മില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാല്‍ അവര്‍ രണ്ടുപേര്‍ക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കില്‍ കുറ്റംകൊണ്ട് അവന്‍ മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്)
38) സുവൈദി(റ)ല്‍ നിന്ന് നിവേദനം: മുഖര്‍റിന്‍ കുടുംബത്തിലെ ഏഴാമത്തവനായിരുന്നു ഞാന്‍. ഒരുപരിചാരികയല്ലാതെ മറ്റു ഭൃത്യന്മാര്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങളില്‍ ചെറിയവന്‍ ഒരിക്കല്‍ അവളുടെ മുഖത്ത് അടിച്ചപ്പോള്‍ അവളെ സ്വതന്ത്രയാക്കാന്‍ നബി(സ) ഞങ്ങളോട് കല്പിക്കുകയുണ്ടായി. (മുസ്ലിം)
39) അബൂമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ എന്റെ ഭൃത്യനെ ചാട്ടവാര്‍ കൊണ്ട് അടിക്കുമായിരുന്നു. ഒരിക്കല്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അബൂമസ്ഊദേ! നീ ഓര്‍ത്തുകൊള്ളണം. ദേഷ്യംകൊണ്ട് ഞാന്‍ ആ ശബ്ദം ശ്രദ്ധിച്ചില്ല. എന്റെ അടുത്തെത്തിയപ്പോള്‍ റസൂല്‍(സ)യായിരുന്നു അത്. ആ സന്ദര്‍ഭത്തില്‍ റസൂല്‍(സ) ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അബൂമസ്ഊദേ! മനസ്സിലാക്കണം, ഈ ഭൃത്യനെ നീ ശിക്ഷിക്കുന്നതിനേക്കാള്‍ ഉപരിയായി നിന്നെ ശിക്ഷിക്കുവാന്‍ ശക്തനാണ് അല്ലാഹു. ഞാന്‍ പറഞ്ഞു: ഇനി മുതല്‍ ഒരിക്കലും ഒരു ഭൃത്യനേയും ഞാന്‍ അടിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നബി(സ) യുടെ ഗാംഭീര്യത്താല്‍ എന്റെ കയ്യില്‍ നിന്ന് ആ ചാട്ടവാര്‍ വീണുപോയി. വേറൊരു റിപ്പോര്‍ട്ടിലുണ്ട്: ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അവനെ ഞാന്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. തല്‍സമയം അവിടുന്ന് പ്രതിവചിച്ചു. അറിഞ്ഞുകൊള്ളുക, നീ ഇത് ചെയ്തിട്ടില്ലെങ്കില്‍ നരകം നിന്നെ കരിച്ചുകളയുമായിരുന്നു. (ഈ റിപ്പോര്‍ട്ടുകളെല്ലാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്)
40) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: വല്ലവനും തന്റെ ദാസനെ അന്യായമായി പ്രഹരിക്കുകയോ മുഖത്തടിക്കുകയോ ചെയ്താല്‍ അവനെ ഇത്ഖ് ചൊല്ലലാണ് അതിന്റെ കഫ്ഫാറത്ത്. (മുസ്ലിം)
41) ഹിശാമി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം വെയിലില്‍ നിറുത്തി തലക്കുമീതെ എണ്ണ ഒഴിക്കപ്പെടുന്ന (സിറിയയിലെ) കുറേ കര്‍ഷകത്തൊഴിലാളികളുടെ അടുക്കല്‍ക്കൂടി നടന്നുപോയി. ഇതെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നികുതി അടക്കാത്തതുകൊണ്ടാണ് അവര്‍ ശിക്ഷിക്കപ്പെടുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. ഹിശാം(റ) പറഞ്ഞു. ഞാന്‍ സാക്ഷ്യം വഹിക്കുന്നു: ദുനിയാവില്‍വെച്ച് മനുഷ്യരെ പീഡിപ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ശിക്ഷിക്കുന്നതാണെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അമീറിന്റെ സവിധത്തില്‍ചെന്ന് ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ അവരെ വെറുതെ വിട്ടേക്കൂ! എന്ന് അദ്ദേഹം (അമീര്‍) പറഞ്ഞു. (മുസ്ലിം)
42) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ചുട്ടുപഴുപ്പിച്ച ഇരുമ്പ് വെച്ച് മുഖം പൊള്ളിച്ച ഒരു കഴുതയെ കണ്ടപ്പോള്‍ റസൂല്‍(സ) അതില്‍ പ്രതിഷേധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മുഖത്തുനിന്നും വളരെ അകന്ന സ്ഥലത്തല്ലാതെ അല്ലാഹുവാണ, ഞാന്‍ ഇനി മുദ്ര ചെയ്യുന്നതല്ല. തന്റെ കഴുതയെ കൊണ്ടുവന്ന് അതിന്റെ ചന്തിയില്‍ ചൂടുവെയ്ക്കാന്‍ അദ്ദേഹം കല്പിച്ചു. ആദ്യമായി ചന്തിയില്‍ ചൂടുവെച്ചത് അദ്ദേഹമാണ്. (മുസ്ലിം)
43) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: മുഖത്ത് ഇരുമ്പുകൊണ്ട് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരുകഴുത നബി(സ) യുടെ സമീപത്തുകൂടി നടന്നുപോയപ്പോള്‍ 'ചുട്ട ഇരുമ്പുകൊണ്ട് അതിനെ മുഖത്തു മുദ്രവെച്ചവനെ അല്ലാഹു ശപിക്കട്ടെ' എന്ന് നബി(സ) പറഞ്ഞു. (മുസ്ലിം)
44) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഒരു യാത്രയില്‍ ഞങ്ങള്‍ റസൂല്‍(സ) യൊന്നിച്ചുണ്ടായിരുന്നു. അവിടുന്ന് വെളിക്കിരിക്കാന്‍ പോയപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു ചുകന്ന പക്ഷിയെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതിന്റെ കുഞ്ഞുങ്ങളെ എടുക്കുമ്പോഴേക്കും ആ പക്ഷി വന്നിട്ട് ഉപരിഭാഗത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി. നബി(സ) തിരിച്ചു വന്നപ്പോള്‍ കുഞ്ഞിന്റെ പേരില്‍ തള്ളയെ ആരാണ് ശല്യപ്പെടുത്തിയത് എന്ന് ചോദിച്ചിട്ട് പറഞ്ഞു: കുഞ്ഞിനെ അതിന് തിരിച്ചുകൊടുക്കൂ! അപ്രകാരം തീയിട്ട് കരിച്ച ഒരു ഉറുമ്പിന്റെ മാളത്തെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ ചോദിച്ചു: ആരാണിത് കരിച്ചത്? ഞങ്ങളാണെന്ന് മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: തീ കൊണ്ട് ശിക്ഷിക്കല്‍ തീയിന്റെ സ്രഷ്ടാവിനല്ലാതെ ഭൂഷണമല്ല. (അബൂദാവൂദ്)
45) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിര്‍മിദിയിലും മറ്റുമുണ്ട്.
46) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കുകാരെ ആവശ്യമില്ലാത്തവനാണ് ഞാന്‍. ശിര്‍ക്ക് ആരെങ്കിലും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ തള്ളിക്കളയുന്നതാണ്. (മുസ്ലിം)
47) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഭൌതികമായ നേട്ടം കരസ്ഥമാക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിദ്യ അഭ്യസിച്ചവന്ന് അന്ത്യദിനത്തില്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും ഏല്‍ക്കാന്‍ സാദ്ധ്യമല്ല. (അബൂദാവൂദ്)
48) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യോട് ചോദിക്കപ്പെട്ടു: ചില നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയും അക്കാരണത്താല്‍ ജനങ്ങള്‍ പ്രശംസിക്കുകയും ചെയ്യുന്നവനെ സംബന്ധിച്ച് അവിടുത്തെ അഭിപ്രായം എന്താണ്? (റിയാഇനുവേണ്ടി പ്രവര്‍ത്തിച്ചവനാകുമോ അവന്‍) അവിടുന്നരുളി. സത്യവിശ്വാസിക്ക് ഇഹത്തില്‍വെച്ച് ലഭിക്കുന്ന സന്തോഷങ്ങളാണ് അവ. (മുസ്ലിം)
49) അബൂത്വല്‍ഹ(റ)യില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കവെ റസൂല്‍(സ) ഞങ്ങളുടെ അടുത്തുവന്നു നിന്ന് ചോദിച്ചു: നിങ്ങളെന്തിന് വഴിവക്കിലിരിക്കുന്നു? നിങ്ങള്‍ അത് വെടിയണം. ഞങ്ങള്‍ പറഞ്ഞു: കുറ്റക്കാരല്ലാത്ത കാര്യത്തിന് വേണ്ടിയാണല്ലോ ഞങ്ങളിവിടെ ഇരിക്കുന്നത്. സംസാരിക്കുവാനും ചര്‍ച്ചചെയ്യുവാനും വേണ്ടിയാണിവിടെ ഇരിക്കുന്നത്. നബി(സ) പറഞ്ഞു: നിങ്ങള്‍ക്ക് ഇരുന്നേ പറ്റുവെങ്കില്‍ നിങ്ങള്‍ വഴിയോടുള്ള ബാദ്ധ്യത നിറവേറ്റണം. നിഷിദ്ധങ്ങളുടെ നേരെ കണ്ണ് ചിമ്മുക, സലാം മടക്കുക, നല്ലത് സംസാരിക്കുക എന്നിവയാണ്. (മുസ്ലിം)
50) ജരീരി(റ)ല്‍ നിന്ന് നിവേദനം: അവിചാരിതമായ നോട്ടത്തെപ്പറ്റി ഒരിക്കല്‍ നബി(സ) യോട് ഞാന്‍ ചോദിച്ചു. അവിടുന്നരുളി. വേഗത്തില്‍ നിന്റെ ദൃഷ്ടി തിരിച്ചുകളയൂ. (മുസ്ലിം)
51) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: മൈമൂന(റ)യുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ഒരിക്കല്‍ റസൂല്‍(സ)യുടെ അടുത്തുണ്ടായിരുന്നു. അന്നേരം ഇബ്നു ഉമ്മിമഖ്തൂം അവിടെ ആഗതനായി. ഹിജാബ് കൊണ്ടുള്ള കല്പനക്കുശേഷമായിരുന്നു. അത്. നബി(സ) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തില്‍ നിന്ന് മറഞ്ഞുനില്‍ക്കൂ! ഞങ്ങള്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളെ കാണാനും മനസ്സിലാക്കാനും കഴിയാത്ത അന്ധനല്ലേ അദ്ദേഹം. നബി(സ) ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും അന്ധരാണോ? നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയുകയില്ലേ? (അബൂദാവൂദ്, തിര്‍മിദി)
52) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഖണ്ഡിതമായി പറഞ്ഞു. പുരുഷന്‍ മറ്റു പുരുഷന്റെ ഔറത്തിലേക്കും സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കാന്‍ പാടില്ല. ഒരേ ഒരു വസ്ത്രത്തില്‍ പുരുഷന്‍ പുരുഷനൊന്നിച്ച് ശയിക്കാന്‍ പാടില്ല. അപ്രകാരം ഒരു സ്ത്രീ സ്ത്രീയൊന്നിച്ച് ശയിക്കലും പാടുള്ളതല്ല. (മുസ്ലിം)
53) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഭടന്മാരുടെ ഭാര്യമാര്‍ ഉമ്മമാരെപ്പോലെ നിഷിദ്ധമാണ്. യുദ്ധത്തിന് പോകാത്തവര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഭടന്‍മാരുടെ കുടുംബത്തില്‍ പ്രതിനിധിയായിട്ട് അവരെ വഞ്ചിച്ചാല്‍ അവന് തൃപ്തിയാകുവോളം വഞ്ചകന്റെ നന്മയില്‍ നിന്ന് പിടിച്ചെടുക്കാന്‍ വേണ്ടി അന്ത്യനാളില്‍ അവനെ കൊണ്ടുവന്ന് നിറുത്തപ്പെടാതിരിക്കില്ല. പിന്നീട് റസൂല്‍(സ) ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞിട്ട് ചോദിച്ചു. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ എന്ത് വിചാരിക്കുന്നു. (ഇഷ്ടാനുസരണം മതിയാകുവോളം അവന്‍ പിടിച്ചെടുക്കുകയില്ലേ?) (മുസ്ലിം)
54) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ത്രീ വേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂല്‍(സ) ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)
55) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചിരിക്കുന്നു. രണ്ട് ഇനം നരകവാസികളുണ്ട്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒന്ന് പശുവിന്റെ വാലുപോലുള്ള വടികളേന്തിക്കൊണ്ട് ജനങ്ങളെ മര്‍ദ്ദിക്കും. മറ്റൊരിനം ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞപോലുള്ള തലയുള്ളവരും ചാഞ്ഞും ചെരിഞ്ഞുകൊണ്ട് നടക്കുന്നവരും അന്യരെ (വ്യഭിചാരത്തിലേക്ക്) ആകര്‍ഷിക്കുന്നവരും നഗ്നകളും (പേരിനുമാത്രം) വസ്ത്രധാരിണികളുമായ സ്ത്രീകളാണ്. സ്വര്‍ഗ്ഗത്തില്‍ അവര്‍ പ്രവേശിക്കുകയോ അതിന്റെ വാസന അവരനുഭവിക്കുകയോ ചെയ്യുകയില്ല. അതിന്റെ വാസനയാണെങ്കിലോ ഇത്രയിത്ര വഴിയകലെ നിന്നുതന്നെ അനുഭവിക്കാന്‍ കഴിയുന്നതാണ്. (മുസ്ലിം)
56) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങള്‍ ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വര്‍ജ്ജിക്കണം). (മുസ്ലിം)
57) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം)
58) ജാബിറി(റ)ല്‍ നിന്ന് നിവേദനം: മക്കാ ഫത്ഹില്‍ അബൂബക്കര്‍ സിദ്ദിഖ്(റ) വിന്റെ പിതാവ് അബൂ ഖുഹാഫ തടവുകാരനായി ഹാജരാക്കപ്പെട്ടു. അന്നേരം തന്റെ തലയും താടിയും വെള്ളവര്‍ണ്ണത്തില്‍ സആമത്തിനോട് തുല്യമായിരുന്നു. റസൂല്‍(സ) പറയുകയുണ്ടായി. നിങ്ങളതിന് ചായം കൊടുക്കൂ! പക്ഷെ, കറുപ്പ് ചായം നിങ്ങള്‍ വെടിയണം. (മുസ്ലിം)
59) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) തലമുടി അല്പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു: മുടി മുഴുവനും കളയുകയോ മുഴുവനും ഉപേക്ഷിക്കുകയോ ചെയ്യണം. (അബൂദാവൂദ്)
60) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: (ജഅ്ഫറിന്റെ മരണാനന്തരം) സന്തതികള്‍ക്ക് കരയാന്‍ നബി(സ) മൂന്ന് ദിവസംവരെ താമസം നല്‍കിയിരുന്നു. പിന്നീട് അവരുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു: ഈ ദിവസത്തിനുശേഷം എന്റെ സഹോദരന്റെ (ജഅ്ഫറിന്റെ) പേരില്‍ നിങ്ങള്‍ കരയരുത്. എന്റെ സഹോദരന്റെ മക്കളെ ഇങ്ങോട്ട് വിളിക്കൂ. അങ്ങനെ ഞങ്ങള്‍ ആഗതരായി. ഞങ്ങളപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സമാനമായിരുന്നു. അവിടുന്ന് പറഞ്ഞു: ക്ഷുരകനെ വിളിക്കൂ. നബി(സ) യുടെ ആജ്ഞയനുസരിച്ച് അയാള്‍ ഞങ്ങളുടെ തല (മുടി) വെട്ടിക്കളഞ്ഞു. (അബൂദാവൂദ്)
61) അലി(റ)യില്‍ നിന്ന് നിവേദനം: സ്ത്രീ തലമുടി കളയുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. (നസാഈ)
62) അംറൂബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്ന് (ശുഐബില്‍ നിന്നും) അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ നര പറിച്ചുനീക്കരുത്. അന്ത്യ ദിനത്തില്‍ മുസ്ളിമിന്റെ പ്രകാശമാണത്. (അബൂദാവൂദ്, തിര്‍മിദി)
63) ആയിശ(റ)യില്‍ നിന്ന് നിവേദനം: നമ്മുടെ അനുവാദില്ലാതെ വല്ലതും പ്രവര്‍ത്തിച്ചാല്‍ മര്‍ദൂദാണ്. (അല്ലാഹുവിങ്കല്‍ അസ്വീകാര്യമാണ്) (മുസ്ലിം)
64) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാര്‍ പൊട്ടിയാല്‍ അത് ശരിയാക്കാതെ മറ്റേ ചെരുപ്പില്‍ മാത്രം നടക്കരുത്. (മുസ്ലിം)
65) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നിന്നു കൊണ്ട് ചെരുപ്പ് ധരിക്കല്‍ റസൂല്‍(സ) നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്)
66) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ പാത്രം അടച്ചുവെക്കുകയും തോല്‍പാത്രം കെട്ടിവെക്കുകയും വിളക്ക് അണക്കുകയും ചെയ്യണം. അപ്പോള്‍ തോല്‍പാത്രം കെട്ടഴിക്കാനോ വാതില്‍ തുറക്കാനോ പാത്രം തുറക്കാനോ പിശാചിന് ഒരിക്കലും സാദ്ധ്യമല്ല. ബിസ്മിചൊല്ലി പാത്രത്തിന്‍മേല്‍ ഒരുകൊള്ളി എടുത്തുവെക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെങ്കിലോ? അവന്‍ അത് ചെയ്തുകൊള്ളട്ടെ. കാരണം, വീട്ടുകാരുള്‍പ്പെടെ ഭവനത്തെ എലി അഗ്നിക്കിരയാക്കിത്തീര്‍ക്കും. (മുസ്ലിം)
67) അബൂമാലികി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ ) പറഞ്ഞു: അലറിക്കരയുമ്പോള്‍ തന്റെ മരണത്തിനുമുമ്പെ പശ്ചാത്തപിച്ചുമടങ്ങിയിട്ടില്ലെങ്കില്‍, കത്രാന്‍ കൊണ്ടുള്ള ഒരുകുപ്പായവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം വസ്ത്രവും ധരിപ്പിച്ചുകൊണ്ട് അന്ത്യനാളില്‍ അവളെ നിറുത്തപ്പെടുന്നതാണ്. (മുസ്ലിം)
68) ബൈഅത്തില്‍ പങ്കെടുത്ത ഒരു സ്ത്രീയില്‍ നിന്ന് ഉസൈദ്(റ) നിവേദനം ചെയ്യുന്നു: അവര്‍ പറഞ്ഞു. (ആപല്‍ഘട്ടത്തില്‍) മുഖം മാന്തിപ്പൊളിക്കുകയോ ആപത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയോ കുപ്പായക്കഴുത്ത് കീറിപ്പൊളിക്കുകയോ മുടി പാറിപ്പറത്തുകയോ ചെയ്യുകയില്ലെന്ന് ഞങ്ങള്‍ റസൂല്‍(സ) യോട് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്. (അബൂദാവൂദ്)
69) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു: ഏതെങ്കിലും ഒരാള്‍ മരണപ്പെട്ടതിന്റെ പേരില്‍ വാജബലാ! വാസയ്യിദാ അന്നിങ്ങനെ വിലപിച്ചാല്‍ രണ്ട് മലക്കിന് അവനെ ഏല്‍പിക്കപ്പെടും. അവര്‍ കഠിനമായി മര്‍ദ്ദിച്ചുകൊണ്ട് അവനോട് ചോദിക്കും. നീ ഇപ്രകാരമായിരുന്നോ? (തിര്‍മിദി)
70) സഫിയ്യ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജ്യോത്സ്യന്റെ അടുത്തുചെന്ന് അവന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നവന്റെ നാല്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം)
71) ഖബീസ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍(സ) പറഞ്ഞു കേട്ടു: ഇയാഫത്തും (വരശ്ശകുനം) ത്വിയറത്തും (ദുശ്ശകുനം) ത്വര്‍ഖും (പക്ഷിശകുനം) പൈശാചികമാണ്. (അബൂദാവൂദ്)
72) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും രാശി നോക്കുന്നവിദ്യ കരസ്ഥമാക്കിയാല്‍ സിഹറില്‍ പെട്ട ഒരു ഇനം അവന്‍ കരസ്ഥമാക്കി. കൂടുതല്‍ അവനത് അഭ്യസിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ സിഹ്റും കൂടുതല്‍ അഭ്യസിച്ചവനായി. (അബൂദാവൂദ്)
73) ഉര്‍വ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യുടെ സന്നിധിയില്‍ ത്വിയറത്തിനെ (ശകുനത്തെ) പറ്റി പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: അതില്‍വെച്ച് ഏറ്റവും നല്ലത് ശുഭലക്ഷണമാണ്. മുസ്ളിമിനെ (തന്റെ ലക്ഷ്യത്തില്‍ നിന്ന്) അത് തടുക്കുകയില്ല. ഇനി നിങ്ങളാരെങ്കിലും തനിക്കിഷ്ടമില്ലാത്തത് കണ്ടാല്‍ അവന്‍ പറഞ്ഞുകൊള്ളട്ടെ. അല്ലാഹുവേ, നീയല്ലാതെ നന്മ കൊണ്ടുവരുന്നില്ല. നീയല്ലാതെ തിന്മ തടുക്കുന്നില്ല. പാപങ്ങളില്‍ നിന്ന് പിന്മാറാനും ഇബാദത്തിനുമുള്ള കഴിവ് നിന്നില്‍ നിന്ന് മാത്രമാണ്. (അബൂദാവൂദ്)
74) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യുടെ അടുത്ത് ചെല്ലാമെന്ന് ജിബ്രീല്‍ (അ) വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും പറഞ്ഞ സമയത്ത് ചെല്ലുകയുണ്ടായില്ല. ആയിശ(റ) പറഞ്ഞു: നബി(സ) യുടെ കയ്യിലുണ്ടായിരുന്ന വടി (താഴെ) ഇട്ടുകൊണ്ട് അല്ലാഹുവും പ്രവാചകനും കരാര്‍ ലംഘിക്കുകയില്ല. എന്ന് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോള്‍ കട്ടിലിന്നു താഴെ ഒരു നായക്കുട്ടി. അവിടുന്ന് ചോദിച്ചു. എപ്പോഴാണ് ഈ നായക്കുട്ടി ഇവിടെ കടന്നുവന്നത്? ഞാന്‍ പറഞ്ഞു: അല്ലാഹുവാണ, എനിക്കറിയില്ല. ഉടനെ അവിടുത്തെ ഉത്തരവ് പ്രകാരം അതിനെ എടുത്തുമാറ്റിയപ്പോള്‍ ജിബ്രീല്‍ (അ) കടന്നുവന്നു. നബി(സ) ചോദിച്ചു: നിങ്ങള്‍ വാഗ്ദത്തം ചെയ്തതനുസരിച്ച് ഞാന്‍ ഇവിടെ കാത്തിരുന്നു. നിങ്ങള്‍ വന്നില്ല. ജിബ്രീല്‍ (അ) പറഞ്ഞു: അങ്ങയുടെ വീട്ടിലെ നായ മൂലമാണ് ഞാന്‍ വരാതിരുന്നത്. നിശ്ചയം, നായയും രൂപവുമുള്ള വീട്ടില്‍ ഞങ്ങള്‍ പ്രവേശിക്കുകയില്ല. (മുസ്ലിം)
75) ഹയ്യാനി(റ)ല്‍ നിന്ന് നിവേദനം: അലി(റ) എന്നോട് പറഞ്ഞു: റസൂല്‍(സ) എന്നെ നിയോഗിച്ച ലക്ഷ്യത്തില്‍ നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയര്‍ന്ന ഖബറ് തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം)
76) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നായയും കിങ്കിണിയും കൂടെയുള്ള ഒരു യാത്രാസംഘത്തില്‍ മലക്കുകള്‍ സഹവസിക്കുകയില്ല. (മുസ്ലിം)
77) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മണി പിശാചിന്റെ പുല്ലാങ്കുഴലാണ്. (അബൂദാവൂദ്)
78) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കാഷ്ഠം ഭക്ഷിക്കുന്ന ഒട്ടകത്തിന്മേല്‍ സവാരിചെയ്യല്‍ നബി(സ) നിരോധിച്ചിരുന്നു. (അബൂദാവൂദ്)
79) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)
80) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍ അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം, പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം)
81) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ വെച്ച് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി)
82) ബുറൈദ(റ) വില്‍ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം തരിക? ഉടനെ റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം, ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം)
83) അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി)
84) ഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച ഖുത്തുബയില്‍ അദ്ദഹം പ്രസംഗിച്ചു: ജനങ്ങളേ! നിങ്ങള്‍ ഈ രണ്ട് ചെടി ഭക്ഷിക്കുന്നു. അവ രണ്ടും ചീത്തയായിട്ടാണ് ഞാന്‍ കാണുന്നത്. അഥവാ ചുവന്നുള്ളിയും വെള്ളുള്ളിയും. പള്ളിയില്‍വെച്ച് അതിന്റെ വാസന ആരില്‍ നിന്നെങ്കിലും നബി(സ) ക്കെത്തിയാല്‍ അവിടുത്തെ നിര്‍ദ്ദേശമനുസരിച്ച് ബഖീഇ (ശ്മശാനത്തി) ലേക്ക് അവനെ പുറംതള്ളുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അവ ആരെങ്കിലും തിന്നുന്നപക്ഷം അവന്‍ പുഴുങ്ങി ദുര്‍ഗന്ധം അകറ്റിക്കൊള്ളട്ടെ. (മുസ്ലിം)
85) മുആദി(റ)ല്‍ നിന്ന് നിവേദനം: ഇമാം പ്രസംഗിക്കുമ്പോള്‍ മുട്ടുകെട്ടി ഇരിക്കല്‍ റസൂല്‍(സ) നിരോധിച്ചിട്ടുണ്ട്. ഉറക്കവും അലസതയും എളുപ്പത്തില്‍ നേരിടുന്നതുകൊണ്ടാണ് അത് നിരോധിച്ചത്. (അബൂദാവൂദ്, തിര്‍മിദി)
86) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അറുത്തുകൊടുക്കാനുള്ള മൃഗം വല്ലവരുടേയും പക്കലുങ്കിെല്‍ ദുല്‍ഹജ്ജ് മാസത്തില്‍ അവന്‍ ബലിചെയ്യുന്നതുവരെ സ്വന്തം മുടിയും നഖവും നീക്കംചെയ്യാന്‍ പാടില്ല. (മുസ്ലിം)
87) അബ്ദുര്‍റഹ്മാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം)
88) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മതനടപടികള്‍കൊണ്ട് സത്യം ചെയ്യുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല. (അബൂദാവൂദ്)
89) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഞാന്‍ ഇസ്ളാമില്‍ നിന്ന് തെറ്റിയവനാണ് എന്ന് സത്യം ചെയ്തു. അവന്‍ പറഞ്ഞതോ കള്ളമാണുതാനും, എങ്കില്‍ അവന്‍ പറഞ്ഞതുപോലെ തന്നെയായിരിക്കും. ഇനി സത്യവാനാണെങ്കില്‍ തന്നെ സുരക്ഷിതമായി ഇസ്ളാമിലേക്ക് അവന്‍ മടങ്ങി വരികയില്ല. (അബൂദാവൂദ്)
90) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള്‍ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്‍(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്‍മിദി)
91) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താല്‍ അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം)
92) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഒരു കാര്യത്തില്‍ സത്യം ചെയ്യുകയും അതല്ലാത്തത് അതിനേക്കാള്‍ ഉത്തമമായി കാണുകയും ചെയ്താല്‍ അവന്‍ സത്യത്തിന് കഫ്ഫാറത്ത് കൊടുക്കുകയും നന്മയുള്ളത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
93) ഖത്താദ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)
94) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗമല്ലാത്ത മറ്റൊന്നും അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിക്കാന്‍ പാടില്ല. (അബൂദാവൂദ്)
95) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ പേരില്‍ വല്ലവനും കാവലപേക്ഷിച്ചാല്‍ നിങ്ങളവന് അഭയം നല്‍കണം. അപ്രകാരംതന്നെ അല്ലാഹുവിന്റെ പേരില്‍ വല്ലവനും ചോദിച്ചാല്‍ അവന് നിങ്ങള്‍ ദാനം കൊടുക്കണം. നിങ്ങളെവല്ലവരും ക്ഷണിച്ചാല്‍ നിങ്ങള്‍ ഉത്തരം ചെയ്യണം. നിങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ തുല്യമായി എന്ന് നിങ്ങള്‍ക്ക് ബോധ്യം വരുവോളം നിങ്ങള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണം. (അബൂദാവൂദ്, നസാഈ)
96) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുനാഫിഖിനെ 'സയ്യിദ് ' എന്ന് നിങ്ങള്‍ അഭിസംബോധന ചെയ്യരുത്. കാരണം, യഥാര്‍ത്ഥത്തില്‍ അവന്‍ ഒരു നേതാവാണെങ്കില്‍ (നിങ്ങള്‍ അവനെ ബഹുമാനിക്കുന്നതിന്റെ പേരില്‍) തങ്ങളുടെ റബ്ബിനെ നിങ്ങള്‍ ദേഷ്യപ്പെടുത്തുകയാണ്. (അബൂദാവൂദ്)
97) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍(സ) ഒരിക്കല്‍ ഉമ്മുസ്സാഇബിന്റെ അടുത്തോ ഉമ്മുല്‍മുസയ്യിബിന്റെ അടുത്തോ കടന്നുചെന്ന് ചോദിച്ചു: ഉമ്മുസ്സാഇബേ, അല്ലെങ്കില്‍ ഉമ്മുല്‍മുസയ്യിബേ, നിനക്കെന്തുപറ്റി, വിറക്കുന്നല്ലോ? അവര്‍ പറഞ്ഞു: പനി പിടിപെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ) പറഞ്ഞു: നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയം അത് ഉല ഇരുമ്പിന്റെ തുരുമ്പ് നീക്കം ചെയ്യുന്നതുപോലെ മനുഷ്യരുടെ പാപങ്ങളെ നീക്കം ചെയ്യും. (മുസ്ലിം)
98) ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങള്‍ക്ക് വിഷമമുള്ള കാറ്റ് കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില്‍ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടര്‍ന്നുണ്ടാകുന്ന നന്മയും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ള നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിന്റെ ഉപദ്രവത്തില്‍ നിന്നും അതി നാലുണ്ടാകാവുന്നതിന്റെ ഉപദ്രവത്തില്‍ നിന്നും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തില്‍ നിന്നും ഞങ്ങള്‍ നിന്നോട് രക്ഷതേടുന്നു. (തിര്‍മിദി)
99) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്)
100) സൈദുബ്നു ഖാലിദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ കോഴിയെ ചീത്തപറയരുത്. നമസ്കാരത്തിനുവേണ്ടി അത് വിളിച്ചുണര്‍ത്തും. (അബൂദാവൂദ്)
101) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. (നസബിനെ) കുറ്റപ്പെടുത്തുന്നവനും ധാരാളം ശപിക്കുന്നവനും ചീത്ത പറയുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)
102) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ദു:ഖ സ്വഭാവിയെ ആ സ്വഭാവം വഷളാക്കാതിരിക്കില്ല. ലജ്ജയുള്ളവന് അത് അലങ്കാരമാവാതിരിക്കുകയുമില്ല. (തിര്‍മിദി)
103) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മുത്നത്വിഉകള്‍ (കെട്ടിച്ചമച്ച് സംസാരിക്കുന്നവര്‍) നശിക്കട്ടെ. മൂന്നുപ്രാവശ്യം നബി അതാവര്‍ത്തിച്ചു. (മുസ്ലിം)
104) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും. (അബൂദാവൂദ്, തിര്‍മിദി) (സാഹിത്യകാരനാണെന്ന് അഭിനയിച്ചുകൊണ്ട് സംസാരിക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല)
105) വാഇലി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു നിങ്ങള്‍ (മുന്തിരിങ്ങക്ക്) കറമ് എന്ന് പറയരുത്. ഇനബ് എന്നോ ഹബ്ലത്ത് എന്നോ ആണ് പറയേണ്ടത്. (മുസ്ലിം)
106) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചത് എന്ന് പറയരുത്. അല്ലാഹു ഉദ്ദേശിച്ചതിന് ശേഷം ഇന്ന വ്യക്തി ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ക്ക് പറയാം. (അബൂദാവൂദ്)
107) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഭക്ഷണം ഹാജറുള്ളപ്പോഴോ, മലമൂത്ര വിസര്‍ജ്ജനത്തിന് മുട്ടുമ്പോഴോ (പരിപൂണ്ണമായ) സമസ്കാരമില്ല. (മുസ്ലിം)
108) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നമസ്കാരത്തില്‍ തിരിഞ്ഞുനോക്കുന്നത് നിങ്ങള്‍ സൂക്ഷിക്കണം. നമസ്കാരത്തില്‍ തിരിഞ്ഞുനോക്കല്‍ നാശത്തിന് കാരണമാണ്. അങ്ങനെ തിരിഞ്ഞുനോക്കിയേ കഴിയൂ എങ്കില്‍ സുന്നത്ത് നമസ്കാരത്തിലാവാം. ഫര്‍ള് നമസ്കാരത്തിലത് പറ്റുകയില്ല. (തിര്‍മിദി)
109) അബൂമര്‍സദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിന്‍മുകളില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)
110) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാല്‍ (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫര്‍ളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം)
111) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ രാത്രിയുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്കരിക്കുകയോ ദിവസങ്ങളുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പനുഷ്ഠിക്കുകയോ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഓരോരുത്തരും നോറ്റു പോരുന്നനോമ്പുമായി അതൊത്തുകൂടിയാലൊഴികെ. (മുസ്ലിം)
112) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്റെമേല്‍ ഇരിക്കുന്നതിനേക്കാള്‍ ഉത്തമം. (മുസ്ലിം)
113) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഖബര്‍ ചെത്തിത്തേക്കുന്നതും അതിന്റെമേല്‍ ഇരിക്കുന്നതും അതിന്റെ മേല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം)
114) ജരീറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ല അടിമയും സയ്യിദിന്റെ അനുവാദം കൂടാതെ ഒളിച്ചോടിപ്പോകുന്നപക്ഷം അല്ലാഹുവിന്റെ സംരക്ഷണ ഉത്തരവാദിത്തം അവ നില്‍ നിന്ന് ഒഴിവാകുന്നതാണ്. (മുസ്ലിം)
115) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ശാപം ഏല്‍ക്കുന്ന രണ്ടുകാര്യം നിങ്ങള്‍ സൂക്ഷിക്കണം. അവര്‍ ചോദിച്ചു: ഏതാണ് ആ രണ്ട് കാര്യം? അവിടുന്ന് പറഞ്ഞു: ജനങ്ങളുടെ വഴിയിലും അവരുടെ നിഴലിലും വിസര്‍ജ്ജനം ചെയ്യലാണവ. (മുസ്ലിം)
116) ജാബിറി(റ)ല്‍ നിന്ന് നിവേദനം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ നബി(സ) നിരോധിച്ചിരിക്കുന്നു . (മുസ്ലിം)
117) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരില്‍ വിവാഹാലോചന നടത്തരുത്. അവന്‍ വേണ്െടന്ന് വെച്ചാല്‍ ഒഴികെ. (മുസ്ലിം)
118) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു . (മുസ്ലിം))
119) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു . (അബൂദാവൂദ്, തിര്‍മിദി)
120) അബൂശ്ശഹ്സാഇ(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അബൂഹുറയ്റ(റ) യോടൊപ്പം ഞങ്ങള്‍ പള്ളിയില്‍ ഇരിക്കവെ മുഅദ്ദിന്‍ ബാങ്ക് വിളിച്ചു. തദവസരം ഒരാള്‍ എഴുന്നേറ്റു നടന്നു. അയാള്‍ പള്ളിയില്‍ നിന്ന് പുറത്തു പോകുവോളം അബൂഹുറയ്റ അയാളെ ഉറ്റു നോക്കിയിട്ട് പറഞ്ഞു: ഇദ്ദേഹം അബുല്‍ഖാസിമി(സ) നോട് വിപരീതം ചെയ്തിരിക്കുന്നു . (മുസ്ലിം)
121) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും യര്‍ജാന്‍ കാണിക്കപ്പെട്ടാല്‍ അവന്‍ അത് തിരസ്കരിക്കരുത്. നിശ്ചയം, അത് ഘനമില്ലാത്തതും സുഗന്ധമുള്ളതുമാകുന്നു. (മുസ്ലിം)
122) മിഖ്ദാദി(റ)ല്‍ നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍(റ) വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്(റ) തന്റെ കാല്‍മുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരല്‍പ്പൊടി വാരി എറിയാന്‍ തുടങ്ങി . തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാന്‍(റ) ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍(സ) പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)
123) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ ചെന്താമരവര്‍ണ്ണം മുക്കിയ വസ്ത്രം ധരിച്ചത് നബി(സ) കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു: ഇത് നിന്റെ മാതാവാണോകല്‍പ്പിച്ചത്? ഞാനത് കഴുകട്ടെയോ? എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അത് കരിച്ചുകളയൂ! മറ്റൊരു റിപ്പോര്‍ട്ടിലുണ്ട് . നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം) ലുണ്ട്. നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം)
124) അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ) യില്‍ നിന്ന് ഞാന്‍ ഹൃദിസ്ഥമാക്കി: ഇന്ദ്രിയസ്ഖലനത്തിന് (പ്രായപൂര്‍ത്തിക്ക്) ശേഷം അനാഥത്ത്വമില്ല. പകല്‍ മുഴുവനും മൌനം പാലിക്കാന്‍ പാടില്ല. (അബൂദാവൂദ്)
വിവിധ വിഷയങ്ങള്‍
.
1) ഇബ്നുമസ്ഊദ്(റ) പറയുന്നു: ഒരു മനുഷ്യന്‍ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്ലാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തീര്‍ത്തെങ്കില്‍ കിരാതയുഗത്തില്‍ പ്രവര്‍ത്തിച്ച തെറ്റുകള്‍ക്ക് അവനെ ശിക്ഷിക്കുകയില്ല. ഇസ്ളാമില്‍ പ്രവേശിച്ചശേഷം ഒരാള്‍ തെറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലോ മുമ്പ് ചെയ്ത തെറ്റുകള്‍ക്കും പില്‍ക്കാലങ്ങളില്‍ ചെയ്ത തെറ്റുകള്‍ക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്. (ബുഖാരി. 6921)
2) നാഫിഅ്(റ) പറയുന്നു: സ്വഫിയ്യ: അദ്ദേഹത്തോട് പറഞ്ഞു: ഖലീഫ ഉമര്‍(റ)ന്റെ ഒരു അടിമ യുദ്ധത്തില്‍ പെട്ട ഒരു അടിമസ്ത്രീയെ നിര്‍ബന്ധിച്ച് അവളുടെ കന്യകത്വം നഷ്ടപ്പെടുത്തി. ഉമര്‍(റ) അവനെ ശിക്ഷിക്കുകയും നാട് കടത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീയെ അദ്ദേഹം ശിക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 6949)
3) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാന്‍ കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില്‍ അവന്ന് കൂടുതല്‍ സുകൃതം ചെയ്യുവാന്‍ അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില്‍ പശ്ചാത്തപിച്ച് മടങ്ങാനും അവസരം ലഭിക്കും. (ബുഖാരി. 7235)
4) ഇബ്നു മസ്ഊദി(റ)ല്‍ നിന്ന്: നബിതിരുമേനി(സ) മൂന്ന് പ്രാവശ്യം പ്രഖ്യാപിക്കുകയുണ്ടായി. (ഇബാദത്തില്‍) അമിതമായ നിലപാട് കൈക്കൊള്ളുന്നവര്‍ പരാജയത്തിലാണ്. (മുസ്ലിം)
5) ജാബിറി(റ)ല്‍ നിന്ന്: ഞാന്‍ നബി(സ)യൊന്നിച്ച് നിസ്കരിക്കാറുണ്ട്. അപ്പോഴെല്ലാം അവിടുത്തെ നിസ്കാരവും ഖുത്തുബയും മദ്ധ്യനിലയിലായിരുന്നു. (മുസ്ലിം)
6) സല്‍മത്ത്ബ്നു അംറി(റ)ല്‍ നിന്ന്: പ്രവാചകസന്നിധിയില്‍വെച്ച് ഒരാള്‍ ഇടതുകൈകൊണ്ട് ഭക്ഷിച്ചു. അവിടുന്നരുളി: വലതുകൈകൊണ്ട് ഭക്ഷിക്കുക. അയാള്‍ പറഞ്ഞു: എനിക്കതിന് കഴിവില്ല. നബി(സ) പ്രാര്‍ത്ഥിച്ചു: എന്നാല്‍ നിനക്കതിന് കഴിയാതിരിക്കട്ടെ! അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാള്‍ക്ക് തന്റെ കൈ വായിലേക്കുയര്‍ത്താന്‍ സാധിച്ചിട്ടില്ല. (മുസ്ലിം)
7) ജാബിര്‍ (റ) വില്‍ നിന്ന്: ഒരവസരത്തില്‍ റസൂല്‍(സ) ഇങ്ങനെ പറയുകയുണ്ടായി: എന്റെയും നിങ്ങളുടെയും സ്ഥിതി തീ കത്തിച്ച് അതില്‍ വണ്ടുകളും പാറ്റകളും വീഴാന്‍ തുടങ്ങിയപ്പോള്‍ അതിനെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്ന ഒരാളെപ്പോലെയാണ്. നരകത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ തടഞ്ഞു നിര്‍ത്തുന്നു. നിങ്ങളാണെങ്കില്‍ എന്റെ കയ്യില്‍ നിന്ന് വഴുതിപ്പോവുകയും ചെയ്യുന്നു. (മുസ്ലിം)
8) ജാബിര്‍ (റ)ല്‍ നിന്ന്: (ആഹാരം കഴിക്കുമ്പോള്‍) ഭക്ഷണത്തളികയും വിരലുകളും (വൃത്തിയാകും വരെ) തുടച്ച് നക്കുവാന്‍ അല്ലാഹുവിന്റെ പ്രവാചകന്‍(സ) അരുളിയിരിക്കുന്നു. ഏതിലാണ് ബര്‍ക്കത്തെന്ന് നിങ്ങള്‍ക്കറിയുകയില്ല എന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. (മുസ്ലിം)
9) ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)
10) അബൂഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പ്രസ്താവിച്ചു: നല്ല മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുന്നവന് തന്നെ അനുഗമിച്ച് പ്രവര്‍ത്തിച്ചവനുള്ള തുല്യപ്രതിഫലം ലഭിക്കുന്നതാണ്. അത് നടപ്പാക്കിയവന് ഒരു കുറവും വരുകയില്ല. അനാചാരത്തിലേക്ക് ക്ഷണിച്ചവന് അനുകരിച്ചവന്റെ തുല്യ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് അവര്‍ക്ക് ഒരു കുറവും വരുന്നില്ല. (മുസ്ലിം)
11) അബൂസഈദ് നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളില്‍ ആരെങ്കിലും ഒരു നിഷിദ്ധകര്‍മ്മം കണ്ടാല്‍ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലെങ്കില്‍ താന്‍ അതിനെ കുറ്റപ്പെടുത്തികൊള്ളട്ടെ അതിനും സാധിച്ചില്ലെങ്കില്‍ തന്റെ ഹൃദയംകൊണ്ട് വെറുത്തു കൊള്ളട്ടെ. അതാകട്ടെ, ഈമാന്റെ ഏറ്റവും താഴ്ന്ന പടിയാണ്. (മുസ്ലിം)
12) ഇബ്നു മസ്ഊദ്(റ)ല്‍ നിന്ന്: നബി(സ) ഊന്നിപ്പറഞ്ഞു: എനിക്ക് മുമ്പ് അല്ലാഹു നിയോഗിച്ചയച്ച ഏത് നബിക്കും തന്റെ ജനതയില്‍ ആത്മമിത്രങ്ങളും സ്വന്തം ചര്യ പിന്‍പററുന്നവരും ആജ്ഞാനുവര്‍ത്തികളും ഉണ്ടാകാതിരുന്നിട്ടില്ല. അവര്‍ക്കു ശേഷം പ്രവര്‍ത്തിക്കാത്തത് പറയുകയും കല്പിക്കപ്പെടാത്തത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പിന്‍ഗാമികള്‍ അചിരേണ അവരെ പ്രതിനിധികരിച്ചു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്തവനാരോ, അവനത്രെ സത്യവിശ്വാസി. വാക്കുകളിലൂടെ എതിര്‍ത്തവനും സത്യവിശ്വാസിയാണ്. ഹൃദയം കൊണ്ട് വെറുത്തവനും സത്യവിശ്വാസി തന്നെ. പക്ഷെ അതിനപ്പുറം ഒരുകടുകിട ഈമാന്‍ അവശേഷിക്കുന്നില്ല. (മുസ്ലിം)
13) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: നിങ്ങള്‍ക്ക് അംഗീകരിക്കാവുന്ന ചില കാര്യങ്ങളും അംഗീകരിക്കാനാവാത്ത മറ്റു ചിലതും കല്‍പ്പിക്കുന്ന കൈകാര്യ കര്‍ത്താക്കള്‍ നിങ്ങളില്‍ നിയോഗിക്കപ്പെടുന്നതാണ്. (എന്നാല്‍ ദുഷ്പ്രവര്‍ത്തികളില്‍) വെറുപ്പ് പ്രകടിപ്പിച്ചവന്‍ രക്ഷ പ്രാപിച്ചവനായി. അതിനെ നിരാകരിച്ചവന്‍ പാപരഹിതനുമായി. അവര്‍ ചോദിച്ചു: മറിച്ച് അതില്‍ സംതൃപ്തി പൂണ്ട് അനുധാവനം ചെയ്തവനോ ? പ്രവാചകരെ, ഞങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്തുകൂടെയോ? പ്രവാചകന്‍(സ) അരുളി: അവന്‍ നമസ്കാരം നിലനിര്‍ത്തുന്നേടത്തോളം അത് പാടുള്ളതല്ല. (മുസ്ലിം)
14) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ചെയ്തിരിക്കുന്നു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം. നിങ്ങള്‍ നല്ലത് കല്പിക്കുകയും ചീത്ത നിരോധിക്കുകയും വേണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മേല്‍ കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. നിങ്ങള്‍ പ്രാര്‍ത്ഥിക്കും. ഉത്തരം ലഭിക്കില്ല. (തിര്‍മിദി)
15) അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി)
16) ത്വാരിഖുബിന്‍ ശിഹാബ് നിവേദനം ചെയ്തിരിക്കുന്നു: നബി(സ) കാല്‍ (ഒട്ടകത്തിന്റെ) കാലണിയില്‍ വെച്ചിട്ടും യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരിക്കെ ധര്‍മ്മ സമരത്തില്‍ വെച്ചേറ്റവും ഉത്തമം ഏതാണെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി(സ) പറഞ്ഞു: ദുഷ്ടനായ ഭരണാധിപന്റെ മുമ്പില്‍ നീതിപൂര്‍വ്വം സംസാരിക്കലാണ്. (നസാഈ)
17) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങള്‍ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും. ലുബ്ധിനെ നിങ്ങള്‍ സൂക്ഷിക്കണം. ലുബ്ധാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. രക്തം ചിന്താനും നിഷിദ്ധമായത് അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം)
18) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു: ബാദ്ധ്യതകള്‍ അന്ത്യ ദിനത്തില്‍ തിരിച്ചേല്പിക്കപ്പെടുന്നതാണ്. കൊമ്പില്ലാത്ത ആടിനുപോലും കൊമ്പുള്ള ആടിനോട് പ്രതികാരം ചെയ്യാന്‍ സാധിക്കും. (മുസ്ലിം)
19) ഇയാസുബ്നു സഅ്ലബത്തില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുസ്ളീമിന്റെ ധനം കള്ളസത്യം വഴി അപഹരിച്ചെടുക്കുന്നവന് അല്ലാഹു നരകം അനിവാര്യവും സ്വര്‍ഗം നിഷിദ്ധവുമായിരിക്കുന്നു. തിരെ നിസ്സാരമായ വല്ലതുമാണെങ്കിലോ പ്രവാചകരേ ! ഒരാള്‍ ചോദിച്ചു. ഉകമരത്തിന്റെ ഒരു കൊമ്പായിരുന്നാലും മതിയെന്നു പ്രവാചകന്‍ പറഞ്ഞു. (മുസ്ലിം)
20) ഉമറി(റ)ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഖൈബര്‍ യുദ്ധത്തില്‍ നബി(സ) യുടെ ചില അനുചരന്മാര്‍ വന്ന് ഇന്നവനും രക്തസാക്ഷിയായി എന്ന് പറഞ്ഞു. അതിനിടയില്‍ ഒരാള്‍ രക്തസാക്ഷിയായെന്ന് പറഞ്ഞപ്പോള്‍, നബി(സ) പറഞ്ഞു: അങ്ങനെയല്ല, ഒരു പുതപ്പോ കരിമ്പടമോ വഞ്ചിച്ചെടുത്ത കാരണത്താല്‍ ഞാന്‍ അവനെ നരകത്തില്‍ കണ്ടിരിക്കുന്നു. (മുസ്ലിം)
21) ജുന്തുബി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രഖ്യാപിച്ചു: സുബ്ഹി നമസ്കരിച്ചവന്‍ അന്ന് അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. നിങ്ങളെ ഏല്‍പിച്ചിട്ടുള്ളവയില്‍ നിന്നൊന്നും അവന്‍ നിങ്ങളോട് അന്വേഷിക്കാന്‍ ഇടവരാതിരിക്കട്ടെ! അന്വേഷിക്കുന്ന പക്ഷം അവനെ അല്ലാഹു പിടികൂടി മുഖം കുത്തി വീഴുമാറ് നരകത്തിലേക്ക് വലിച്ചെറിയും. (മുസ്ലിം)
22) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ഇഹത്തില്‍ ഒരു ദാസന്‍ മറ്റൊരു ദാസന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, പരത്തില്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചുവെക്കുന്നതാണ്. (മുസ്ലിം)
23) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുകയുണ്ടായി: തന്റെയോ അന്യന്റെയോ അനാഥയെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇവ രണ്ടും പോലെയാണ്. റാവിയയെ മാലിക്കുബ്നു അനസ് ചൂണ്ടുവിരലും നടുവിരലും കൊണ്ട് ആംഗ്യം കാണിച്ചു. (മുസ്ലിം)
24) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളുകയുണ്ടായി: ആവശ്യമുള്ളവന്‍ തടയപ്പെടുകയും ആവശ്യമില്ലാത്തവന്‍ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന വിരുന്നാണ് ഭക്ഷണങ്ങളില്‍വെച്ച് ഏറ്റവും മോശമായത്. ക്ഷണം നിരസിക്കുന്നവന്‍ അല്ലാഹുവിനോടും റസൂലിനോടും അനാദരവ് കാണിച്ചവനാണ്. (മുസ്ലിം)
25) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രണ്ട് പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിവരെ സംരക്ഷിച്ചവനും ഞാനും അന്ത്യനാളില്‍ ഇതുപോലെയായിരിക്കും. നബി(സ) തന്റെ വിരലുകള്‍ ചേര്‍ത്തുകാണിച്ചു. (മുസ്ലിം)
26) ആയിശ(റ)യില്‍ നിന്ന് നിവേദനം: രണ്ടു പെണ്‍കുട്ടികളെ ചുമന്നുകൊണ്ട് ഒരു ദരിദ്ര സ്ത്രീ എന്റെ അടുക്കല്‍ വന്നു. മൂന്നുകാരക്ക ഞാനവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തു. ഓരോരുത്തര്‍ക്കും ഓരോന്നു വീതം അവള്‍ പങ്കിട്ടുകൊടുത്തു. ഒന്ന് അവള്‍ തിന്നാന്‍ വേണ്ടി വായിലേക്കുയര്‍ത്തി. അപ്പോഴേക്കും ആ കുട്ടികള്‍ വീണ്ടും ഭക്ഷണമാവശ്യപ്പെട്ടു. ഭക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന കാരക്ക അവള്‍ രണ്ടായി ചീന്തി അവര്‍ക്കു രണ്ടുപേര്‍ക്കുമായി വീതിച്ചുകൊടുത്തു. അവളുടെ കാര്യം എന്നെവല്ലാതെ ആശ്ചര്യപ്പെടുത്തി. വിവരം നബി(സ) യോട് പറഞ്ഞു. ആ കുട്ടികള്‍ വഴി അല്ലാഹു അവര്‍ക്ക് സ്വര്‍ഗ്ഗം അനിവാര്യമാക്കുമെന്നോ അതല്ല, അതുകൊണ്ടുതന്നെ അവളെ നരകത്തില്‍ നിന്നു മോചിപ്പിക്കുമെന്നോനബി(സ) തറപ്പിച്ചുപറഞ്ഞു. (മുസ്ലിം)
27) ഖുവൈലിദ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: അല്ലാഹുവേ! അനാ ഥര്‍ സ്ത്രീകള്‍ എന്നീ അബലരുടെ അവകാശം അവഗണിക്കുന്നവരെ ഞാന്‍ പാപികളായിക്കാണുന്നു. (നസാഈ)
28) ഉവൈമിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് ഞാന്‍ കേട്ടു. എനിക്കു വേണ്ടി നിങ്ങള്‍ അബലരെ തേടിപ്പിടിക്കുക. (ഞാനവരുടെ പേരില്‍ അല്ലാഹുവിനോട് സഹായം അപേക്ഷിക്കാം) നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും ഭക്ഷണം കിട്ടുന്നതും ബലഹീനരുടെ പേരിലാണ്. (അബൂദാവൂദ്)
29) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചിരിക്കുന്നു: ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ ചെലവഴിക്കും. ഒരു ദീനാര്‍ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാര്‍ ദരിദ്രന് ധര്‍മ്മമായും ചെലവഴിക്കും. ഒരു ദീനാര്‍ നിന്റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാല്‍ അവയില്‍ കൂടുതല്‍ പ്രതിഫലമുള്ളത് സ്വന്തം കുടുംബത്തിനുവേണ്ടിചെലവഴിച്ചതിനാണ്. (മുസ്ലിം)
30) സൌബാനി(റ)ല്‍ നിന്ന് നിവേദനം:: തിരുമേനി(സ) പറയുകയുണ്ടായി: ഒരു വ്യക്തി ചെലവഴിക്കുന്നതില്‍വെച്ച് ഏറ്റവും ഉത്തമമായ ദീനാര്‍ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ വാഹനത്തില്‍ ചെലവഴിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ കൂട്ടുകാര്‍ക്കു വേണ്ടി ചെലവഴിക്കുന്നതുമാകുന്നു. (മുസ്ലിം)
31) സബുറത്തുബിന്‍ മഅ്ബദി(റ)ല്‍ നിന്ന്: റസൂല്‍(സ) അരുളി: ഏഴു വയസ്സായ കുട്ടികള്‍ക്ക് നിങ്ങള്‍ നമസ്കാരം പഠിപ്പിക്കണം. പത്ത് വയസ്സായാല്‍ അതുപേക്ഷിച്ചതിന് അവരെ അടിക്കണം. (അബൂദാവൂദ്, തിര്‍മിദി)
32) അബൂശൂറൈഹ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവനാരോ അവന്‍ അയല്‍വാസിക്ക് നന്മ ചെയ്തുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ അതിഥിയെ മാനിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയുകയോ മൌനമവലംബിക്കുകയോ ചെയ്യട്ടെ. (മുസ്ലിം)
33) ഇബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍(സ) പ്രസ്താവിച്ചു: അല്ലാഹുവിങ്കല്‍ കൂട്ടുകാരില്‍ ഉത്തമന്‍ അവരില്‍വെച്ച് സുഹൃത്തിനോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. അയല്‍വാസികളില്‍ ഗുണവാന്‍ അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറുന്നവനുമാണ്. (തിര്‍മി ദി)
34) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. ജനങ്ങള്‍ക്ക് ഇമാമാകേണ്ടത് അവരില്‍ ധാരാളം ഖുര്‍ആന്‍ മനഃപാഠമുള്ളവരാണ്. ഖുര്‍ആന്‍ പാണ്ഡിത്യത്തില്‍ അവരെല്ലാം സമന്മാരാണെങ്കിലോ, ഹദീസില്‍ കൂടുതല്‍ പാണ്ഡിത്യമുള്ളവരാണ്. ഹദീസ് വിജ്ഞാനത്തിലും അവരെല്ലാം സമന്മാരായാലോ ആദ്യമാദ്യം ഹിജ്റ ചെയ്തവരാണ്. അതിലും സമന്മാരാണെങ്കില്‍ താരതമ്യേന കൂടുതല്‍ പ്രായമുള്ളവരാണ്. മറ്റൊരാളുടെ അധികാരസ്ഥലത്ത് അനുവാദം കൂടാതെ ഇമാമാകുകയോ, അയാളുടെ പ്രത്യേകമായ ഇരിപ്പിടത്തില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)
35) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: നമസ്കാരത്തില്‍ തിരുദൂതന്‍(സ) ഞങ്ങളുടെ ചുമലുകള്‍ നേരെയാക്കാറുണ്ടായിരുന്നു. നിങ്ങള്‍ നേരെ നില്‍ക്കൂ. വളഞ്ഞ് നില്‍ക്കരുത്. ഹൃദയങ്ങള്‍ ഭിന്നിച്ചേക്കും. എന്ന് പ്രവാചകന്‍(സ) പറഞ്ഞിരുന്നു. ബുദ്ധിമാന്മാരും പ്രായം എത്തിയവരുമാണ് എന്നോടടുത്ത് നില്ക്കേണ്ടത്. പിന്നീട് അവരോടടുത്തവരും അതിനുശേഷം അവരോടടുത്തവരുമാണ്. (മുസ്ലിം)
36) റസൂല്‍(സ) പറഞ്ഞു: നമസ്കാരസ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹ ലണ്ടളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം)
37) ഇബ്നു ഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഞാന്‍ പല്ല് ബ്രഷ് ചെയ്യുന്നതായും, തദവസരത്തില്‍ രണ്ടാളുകള്‍ എന്റെയടുത്ത് വന്നതായും സ്വപ്നം കാണുകയുണ്ടായി. ഒരാള്‍ മറ്റേയാളെക്കാള്‍ പ്രായം ചെന്നവനാണ്. ഞാന്‍ ആ മിസ്വാക്ക് ചെറിയ ആള്‍ക്ക് കൊടുത്തപ്പോള്‍ വലിയവന് മുന്‍ഗണന നല്‍കൂ എന്ന് എന്നോട് പറയപ്പെട്ടു. ഞാന്‍ പ്രായം ചെന്നവന് അത് തിരിച്ചുവാങ്ങിക്കൊടുത്തു. (മുസ്ലിം)
38) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. പ്രായമെത്തിയ മുസ്ളിമിനേയും ഖുര്‍ആന്റെ നടപടികളില്‍ അതിരുകവിയാത്തവരും അതില്‍ നിന്ന് ഒഴിഞ്ഞു മാറാത്തവരുമായ ഖുര്‍ആന്‍ പണ്ഡിതരേയും നീതിമാന്മാരായ ഭരണകര്‍ത്താക്കളെയും മാനിക്കുന്നത് അല്ലാഹുവിനെ മാനിക്കുന്നതില്‍ പെട്ടതാണ്. (അബൂദാവൂദ്)
39) അബ്ദുല്ലാഹിബ്നു അംറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ചെറിയവരോട് കരുണയില്ലാത്തവരും പ്രായം ചെന്നവരുടെ മഹിമ മനസ്സിലാക്കാത്തവരും നമ്മില്‍ പെട്ടവരല്ല. (അബൂദാവൂദ്, തിര്‍മിദി)
40) മൈമൂന്‍ ബിന്‍ അബീശബീബി(റ)ല്‍ നിന്ന് നിവേദനം: ആയിശ(റ)യുടെ അടുത്തുകൂടി ഒരു യാചകന്‍ കടന്നുപോയി. ആ മഹതി ആയാള്‍ക്ക് ഒരു പത്തിരിക്കഷണം കൊടുത്തു. നല്ല വസ്ത്രങ്ങള്‍ ധരിച്ച സുന്ദരനായ വ്യക്തി അതിലേ കടന്നുപോയി. അവരയാളെ സ്വീകരിച്ചിരുത്തുകയും അയാള്‍ അവിടെനിന്നു ഭക്ഷണം കഴിക്കുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് ആയിശ(റ)യോട് ചോദിച്ചപ്പോള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന പദവി നല്കണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്)
41) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: വൃദ്ധനെ പ്രായത്തിന്റെ പേരില്‍ ആദരിക്കുന്ന യുവാവ് തന്റെ വാര്‍ദ്ധക്യകാലത്ത് മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. (തിര്‍മിദി)
42) അനസ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ)യുടെ വിയോഗാനന്തരം അബൂബക്കര്‍(റ), ഉമര്‍(റ)നോട് പറഞ്ഞു. നമുക്ക് ഉമ്മുഅയ്മന്‍(റ)യുടെ അടുത്ത് പോകാം. റസൂല്‍(സ) അവരെ സന്ദര്‍ശിച്ചിരുന്നതുപോലെ നമുക്കും സന്ദര്‍ശിക്കാം. രണ്ടുപേരും അവരുടെ അടുത്ത് എത്തിച്ചേര്‍ന്നപ്പോള്‍ ആ മഹതി കരയാന്‍ തുടങ്ങി. അല്ലാഹുവിങ്കലുള്ളത് റസൂല്‍(സ)ക്ക് ഖയ്റാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നവര്‍ ചോദിച്ചപ്പോള്‍ ഗുണമാണെന്ന് എനിക്കറിയാഞ്ഞിട്ടല്ല കരയുന്നത്. വഹ്യ് നിലച്ചുപോയല്ലോ എന്നോര്‍ത്താണ് എന്ന് ആ മഹതി മറുപടി നല്കി. അവര്‍ പ്രചോദിപ്പിച്ചതിനാല്‍ അവരിരുവരും കൂടി കരയാന്‍ തുടങ്ങി. (മുസ്ലിം)
43) അബൂഹുറയ്റ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രോഗിയെ സന്ദര്‍ശിക്കുകയോ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി തന്റെ സ്നേഹിതനെ സന്ദര്‍ശിക്കുകയോ ചെയ്യുന്നവനെ വിളിച്ചുകൊണ്ട് മലക്കുപറയും. നീ തൃപ്തനാകൂ, നിന്റെ നടത്തം തൃപ്തികരമാണ: സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു വീട് നീ തയ്യാര്‍ ചെയ്തിരിക്കുന്നു. (തിര്‍മിദി)
44) അബൂസഈദ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു. സത്യവിശ്വാസിയോടല്ലാതെ നീ സഹവസിക്കരുത്. മുത്തഖിയല്ലാതെ നിന്റെ ഭക്ഷണം തിന്നരുത്. (അബൂദാവൂദ്, തിര്‍മിദി)
45) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഖനികളെപ്പോലെ മനുഷ്യന്‍ (വിവിധ സ്വഭാവ സംസ്കാരങ്ങളുടെ) ഖനികളാണ്. ഇസ്ളാമിനു മുമ്പേ ഉത്തമ സ്വഭാവമുള്ളവര്‍ മതവിജ്ഞാനം കരസ്ഥമാക്കുന്ന പക്ഷം ഇസ്ളാമിലും ഉന്നതന്മാര്‍ തന്നെ. ആത്മാക്കള്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു വ്യൂഹമാണ്. അതില്‍ നിന്ന് പരസ്പരം പരിചിതര്‍ ഒന്നിക്കുകയും അപരിചിതര്‍ ഭിന്നിക്കുകയും ചെയ്യും. (മുസ്ലിം)
46) ഉമര്‍ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരിക്കല്‍ ഉംറ നിര്‍വ്വഹിക്കുവാന്‍ നബി(സ)യോട് അനുവാദം ചോദിച്ചപ്പോള്‍, എനിക്ക് അനുവാദം തന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു. പ്രിയ സഹോദരാ! നിന്റെ വിലയേറിയ പ്രാര്‍ത്ഥനയില്‍ നമ്മളെ മറക്കുരതേ! ഉമര്‍(റ) പറയുന്നു. റസൂല്‍(സ) പറഞ്ഞ ആ ഒരു വാക്കിനുപകരം ഇഹലോകമൊട്ടുക്കും എനിക്കുണ്ടായിരുന്നാലും എന്നെ സംതൃപ്തനാക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. എന്റെ പ്രിയ സഹോദരാ! നിന്റെ വിലയേറിയ പ്രാര്‍ത്ഥനയില്‍ നമ്മളെയും പങ്കുചേര്‍ക്കണേ! (അബൂദാവൂദ്, തിര്‍മിദി)
47) അബൂഅബ്ദില്ല താരിഖ്(റ) വില്‍ നിന്ന്: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് പറയുകയും അല്ലാഹുവല്ലാത്ത മറ്റാരാധ്യ വസ്തുക്കളില്‍ അവിശ്വസിക്കുകയും ചെയ്യുന്നവന്റെ സമ്പത്തും രക്തവും (അന്യായമായി കൈകാര്യം ചെയ്യല്‍) നിഷിദ്ധമാണ്. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്. (മുസ്ലിം)
48) ഇബ്നു മസ്ഊദ്(റ) നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: അന്നേ ദിവസം (അന്ത്യ ദിനത്തില്‍) നരകം ഹാജരാക്കപ്പെടും. എഴുപതിനായിരം കടിഞ്ഞാണ്‍ അതിനുണ്ടായിരിക്കും. ഓരോ വട്ടക്കയറിലും എഴുപതിനായിരം മലക്കുകള്‍ അതിനെ വലിച്ചുപിടിച്ചു കൊണ്ടിരിക്കും. (മുസ്ലിം)
49) സമുറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നരകവാസികളില്‍ ചിലരുടെ (അന്ത്യദിനത്തില്‍) കണങ്കാലസ്ഥിവരെയും മറ്റുചിലരുടെ മുട്ടുകാല്‍വരെയും ചിലരുടെ അരക്കെട്ടുവരെയും വേറെ ചിലരുടെ തൊണ്ടക്കുഴി വരെയും നരകാഗ്നി ബാധിക്കുന്നതാണ്. (മുസ്ലിം)
50) മിഖ്ദാദ്(റ) വില്‍ നിന്ന്: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അന്ത്യദിനത്തില്‍ ഒരു മീല്‍ അകലത്തില്‍ സൂര്യന്‍ സൃഷ്ടികളോടടുപ്പിക്കപ്പെടും. റിപ്പോര്‍ട്ടറായ സുലൈം(റ) പറയുന്നു. അല്ലാഹുവാണ്, മീല്‍ കൊണ്ട് ഭൂമിയിലെ ദൂരമാണോ, അതല്ല സുറുമക്കോലാണോ ഉദ്ദേശിക്കപ്പെട്ടതെന്ന് എനിക്കറിയില്ല. ഈ അവസരത്തില്‍ ജനങ്ങള്‍ സ്വന്തം പ്രവര്‍ത്തനമനുസരിച്ചുള്ള വിയര്‍പ്പിലായിരിക്കും. കണങ്കാലസ്ഥിവരെ ആ വിയര്‍പ്പ് ബാധിക്കുന്നവരും അവരിലുണ്ടായിരിക്കും. രണ്ടുകാല്‍മുട്ടു വരെ ബാധിക്കുന്നവരും അരക്കെട്ടുവരെ ബാധിക്കുന്നവരും വിയര്‍പ്പു കൊണ്ടു കടിഞ്ഞാണിട്ടതു പോലെ അനുഭവപ്പെടുന്നവരും അവരിലുണ്ടായിരിക്കും. (കടിഞ്ഞാണ്‍ പോലെ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം) നബി(സ) അവിടുത്തെ ഇരുകൈകൊണ്ടും വായിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു വ്യക്തമാക്കിക്കൊടുത്തു. (മുസ്ലിം)
51) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍(സ)യുടെ സമീപത്തുണ്ടായിരുന്നു. അപ്പോള്‍ നബി(സ)ക്ക് ഒരു ശബ്ദം കേള്‍ക്കാനിടയായി. ഉടനെത്തന്നെ ഇതെന്താണ് എന്ന് നിങ്ങള്‍ക്കറിയാമോ? എന്ന് അവിടുന്ന് ചോദിച്ചു. അല്ലാഹുവും അവന്റെ പ്രവാചകനുമാണ് അതറിയുക - ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. 70 വര്‍ഷം മുമ്പെ നരകത്തിലൊരു കല്ലെറിയപ്പെട്ടു. ഇതുവരെ അത് നരകത്തിലാണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴതിന്റെ ആഴത്തില്‍ അതെത്തിയ ശബ്ദമാണ് നിങ്ങള്‍ കേട്ടത്. (മുസ്ലിം)
52) അബൂദര്‍ദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. നിങ്ങള്‍ക്കറിയാത്ത പലതും എനിക്കറിയാം. ആകാശം ശബ്ദിച്ചു കൊണ്ടിരിക്കുന്നു. എന്നാലതിന് ശബ്ദിക്കാന്‍ അര്‍ഹതയുണ്ട്. കാരണം നാലു വിരലുകള്‍ക്കുള്ള സ്ഥലം അതിലില്ല - അവിടെയെല്ലാം ഒരു മലക്ക് അല്ലാഹുവിന് സുജൂദിലായിക്കൊണ്ട് നെറ്റിവെച്ചിട്ടല്ലാതെ. അല്ലാഹുവാണ് ഞാനറിയുന്നതെല്ലാം നിങ്ങളറിയുമെങ്കില്‍ അല്പം മാത്രമെ നിങ്ങള്‍ ചിരിക്കുകയുള്ളു. പിന്നെയോ, ധാരാളമായി നിങ്ങള്‍ കരയുകതന്നെ ചെയ്യും. മാത്രമല്ല (മാര്‍ദ്ദവമേറിയ) വിരിപ്പുകളില്‍ സ്ത്രീകളുമായി നിങ്ങള്‍ സല്ലപിക്കുകയുമില്ല. നേരെമറിച്ച് അല്ലാഹുവിനോട് കാവലപേക്ഷിച്ചുകൊണ്ട് മരുഭൂമികളിലേക്ക് നിങ്ങള്‍ ഓടി രക്ഷപ്പെടുമായിരുന്നു. (തിര്‍മിദി)
53) അബൂബര്‍സത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. തന്റെ ആയുസ്സ് എന്തിലാണ് നശിപ്പിച്ചതെന്നും എന്തെന്തുപ്രവര്‍ത്തനത്തിലാണ് തന്റെ അറിവു വിനിയോഗിച്ചതെന്നും തന്റെ സമ്പത്ത് എവിടെ നിന്നു സമ്പാദിച്ചെന്നും എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും തന്റെ ശരീരം എന്തൊന്നിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരടിമയ്ക്കും സ്വന്തം പാദങ്ങള്‍ എടുത്തു മാറ്റുക സാദ്ധ്യമല്ല. (തിര്‍മിദി)
54) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) (ഭൂമി അതിന്റെ വര്‍ത്തമാനം അന്നേ ദിവസം വിളിച്ച് പറയും) എന്ന ഖൂര്‍ആന്‍ വാക്യം ഓതിക്കേള്‍പ്പിച്ചുകൊണ്ട് ചോദിച്ചു. അതിന്റെ അഖ്ബാര്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും അവന്റെ റസൂലുമാണ് അതറിയുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അതിന്റെ ബഹിര്‍ഭാഗത്തുവെച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചെല്ലാം ഓരോ സ്ത്രീപുരുഷന്റെ പേരിലും പ്രവര്‍ത്തനങ്ങള്‍ക്ക് ആ ഭൂമി സാക്ഷി നില്ക്കലാണത് എന്ന് നബി പറഞ്ഞു. അതായത് ഇന്നിന്ന സമയത്ത് ഇന്നിന്ന പ്രവര്‍ത്തനങ്ങള്‍ നീ പ്രവര്‍ത്തിച്ചു എന്ന് ഭൂമി വിളിച്ചുപറയും. ഇതാണ് അതിന്റെ അഖ്ബാര്‍ എന്നതുകൊണ്ടുള്ള വിവക്ഷ. (തിര്‍മിദി)
55) അബൂസഈദില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അന്ത്യദിനത്തിന്റെ കാഹളം ഏല്പിക്കപ്പെട്ട മലക്ക് (ഇസ്റാഫില്‍) കാഹളത്തില്‍ ഊതുന്നതിനുള്ള ഉത്തരവും ചെവിപാര്‍ത്ത് കാഹളം വായില്‍ വെച്ച്കൊണ്ടിരിക്കെ ഞാനെങ്ങിനെ സുഖലോലുപനായി ജീവിക്കും? ഈ വാക്ക് റസൂല്‍(സ) യുടെ അനുചരന്‍മാര്‍ക്ക് വളരെയധികം പ്രയാസങ്ങളുണ്ടാക്കി. അപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: നമുക്ക് അല്ലാഹു മതി. നാം ഭരമേല്പിച്ചവന്‍ ഉത്തമന്‍ എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. (തിര്‍മിദി)
56) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: ആരെങ്കിലും അര്‍ദ്ധരാത്രിയിലെ അപകടം ഭയപ്പെടുന്ന പക്ഷം അവന്‍ രാത്രിയുടെ അന്ത്യയാമത്തില്‍ തന്നെ യാത്ര പുറപ്പെടും. കാരണം ആദ്യയാമത്തില്‍ യാത്ര പുറപ്പെടുന്നവന്‍ (അപകടം കൂടാതെ) തന്റെ ഭവനത്തിലെത്തിച്ചേരുന്നു. അറിയുക: നിശ്ചയം, അല്ലാഹുവിന്റെ കച്ചവടച്ചരക്ക് വിലപിടിച്ചതാണ്. അറിയണം. അല്ലാഹുവിന്റെ ചരക്ക് സ്വര്‍ഗ്ഗമാണ്. (തിര്‍മിദി).
57) അബൂദര്‍റ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹു അരുള്‍ ചെയ്തതായി റസൂല്‍(സ) പ്രസ്താവിച്ചിരിക്കുന്നു. നന്മ ചെയ്തവന് പത്തിരട്ടിയോ അതില്‍ കൂടുതലോ പ്രതിഫലം ലഭിക്കും. വല്ലവനും തിന്മ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം തിന്മക്ക് തുല്യമായതായിരിക്കും. അതുമല്ലെങ്കില്‍ ഞാന്‍ അവനു പൊറുത്തുകൊടുക്കും. വല്ലവനും എന്നോടൊരു ചാണ്‍ അടുത്താല്‍ ഞാന്‍ ഒരു മുഴം അവനോടടുക്കും. വല്ലവനും ഒരു മുഴം എന്നോടടുത്താല്‍ ഒരു മാറ് ഞാനവനോടടുക്കും. വല്ലവനും എന്റെ അടുത്ത് നടന്നു വന്നാല്‍ ഞാന്‍ അവന്റെയടുത്ത് ഓടിച്ചെല്ലും. എന്നോട് എന്തിനെയെങ്കിലും പങ്കുചേര്‍ക്കാതെ ഭൂമി നിറയെ പാപങ്ങളുമായി ആരെങ്കിലും എന്റെ അടുത്ത് വരുന്നപക്ഷം അത്രയും മഗ്ഫിറത്തുമായി ഞാനവനെ സമീപിക്കും. (മുസ്ലിം)
58) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: ഒരുഗ്രാമീണനായ അറബി നബി(സ)യുടെ സന്നിധിയില്‍ വന്ന് ചോദിച്ചു. പ്രവാചകരെ! (സ്വര്‍ഗ്ഗ-നരകങ്ങളെ) അനിവാര്യമാക്കുന്ന രണ്ടുകാര്യങ്ങളെന്താണ്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതെ മരണപ്പെട്ടവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവനോടു വല്ലതിനെയും പങ്കുചേര്‍ത്തുകൊണ്ട് മരണപ്പെട്ടവന്‍ നരകത്തിലും പ്രവേശിക്കും. (മുസ്ലിം)
59) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) അരുള്‍ ചെയ്തു. എന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവനെക്കൊണ്ട് സത്യം! നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങളെ ഇവിടെ നിന്ന് തുടച്ചുമാറ്റും: പാപം ചെയ്ത് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ അവന്‍ ഇവിടെ കൊണ്ടുവരികയും ചെയ്യും. (മുസ്ലിം)
60) അബൂഅയ്യൂബ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറയുന്നത് ഞാന്‍ കേട്ടൂ നിങ്ങളാരും പാപം ചെയ്യുന്നില്ലെങ്കില്‍ പാപം ചെയ്യുകയും പൊറുക്കലിനെ തേടുകയും പൊറുക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാത്തെ അല്ലാഹു സൃഷ്ടിക്കുകതന്നെ ചെയ്യും. (മുസ്ലിം)
61) ജാബിര്‍(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു: അഞ്ചു ഫര്‍ളു നമസ്കാരങ്ങളുടെ സ്ഥിതി നിങ്ങളോരോരുത്തരുടെയും കവാട പരിസരത്തിലൂടെ ഒഴുകുന്ന നദിയില്‍ നിന്ന് ഓരോ ദിവസവും അഞ്ചുപ്രാവശ്യം കുളിച്ചു വൃത്തിയാവുന്നതിന്റെ സ്ഥിതിയാണ്. (മുസ്ലിം)
62) ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. വല്ല മുസ്ളിമും മരണപ്പെടുകയും ബഹുദൈവവിശ്വാസികളല്ലാത്ത 40 സത്യവിശ്വാസികള്‍ അവന്റെ ജനാസ നമസ്കരിക്കുകയും ചെയ്താല്‍ അല്ലാഹു ആ ശുപാര്‍ശ സ്വീകരിക്കാതിരിക്കുകയില്ല. (മുസ്ലിം)
63) അബൂമൂസ(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതന്‍(സ) പ്രവചിച്ചു. അന്ത്യ ദിനമായാല്‍ അല്ലാഹു ഓരോ മുസ്ളിമിനും ഒരു ജൂതനെയോ കൃസ്ത്യാനിയെയോ കൊടുത്തുകൊണ്ട് പറയും. ഇവനാണ് നരകത്തില്‍ നിന്ന് നിന്നെമോചിപ്പിച്ചത് (അഥവാനരകത്തിലെ അംഗസംഖ്യ ഇവനെ ക്കൊണ്ടാണ് പൂര്‍ത്തികരിക്കപ്പെട്ടത്) മറ്റൊരു റിപ്പോര്‍ട്ടിലുള്ളത്. നബി(സ) പറഞ്ഞു. അന്ത്യദിനത്തില്‍ മുസ്ളിംകളില്‍ ചിലര്‍ പര്‍വ്വത തുല്യങ്ങളായ പാപങ്ങളുമായി വരും. അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുന്നു. (മുസ്ലിം)
64) അനസ്(റ) വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതന്‍(സ) പ്രവചിച്ചു. നിശ്ചയം, ഒരു ദാസന്‍ ഏതെങ്കിലും ഭക്ഷണം കഴിച്ചിട്ട് അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയോ ഏതെങ്കിലും പാനീയം കുടിച്ച് അതിന്റെ പേരില്‍ അവനെ സ്തുതിക്കുകയോ ചെയ്യുന്നത് അല്ലാഹുവിന് തൃപ്തിയുള്ള കാര്യമാണ്. (മുസ്ലിം)
65) അബൂമൂസ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: പകല്‍ കുറ്റകൃത്യം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍ വേണ്ടി രാത്രി അല്ലാഹു കൈനീട്ടി കാണിക്കും. അപ്രകാരം തന്നെ രാത്രി കുറ്റം ചെയ്യുന്നവന്റെ പശ്ചാത്താപം സ്വീകരിക്കാന്‍വേണ്ടി പകലിലും കൈ നീട്ടിക്കാണിക്കാം. സൂര്യന്‍ പശ്ചിമഭാഗത്തുനിന്ന് ഉദിക്കുന്നതുവരെ ഇത് തുടരും. (മുസ്ലിം)
66) അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചു. അല്ലാഹു ഒരു സമുദായത്തെ അനുഗ്രഹിക്കാനുദ്ദേശിച്ചാല്‍ ആ സമുദായത്തിനുമുമ്പ് അവരുടെ നബിയെ അല്ലാഹു മരണപ്പെടുത്തുന്നതും അദ്ദേഹത്തെ അവരുടെ ആതിഥേയനാക്കുന്നതുമാണ്. മറിച്ച് ഒരു സമുദായത്തെ നശിപ്പിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അവരുടെ നബി ജീവിച്ചിരിക്കെ, അദ്ദേഹത്തിന്റെ കണ്‍മുമ്പില്‍വെച്ച് അവനവരെ ശിക്ഷിക്കും. തന്നെ നിഷേധിക്കുകയും തന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കുഭവിച്ച നാശങ്ങള്‍ ആ നബി കണ്ടാസ്വദിക്കുന്നതുമാണ്. (മുസ്ലിം)
67) ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം: നബി(സ) ഇഹലോകവാസം വെടിയുന്നതിന് മൂന്നു ദിവസം മുമ്പ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളിലൊരാളും അല്ലാഹുവില്‍ നല്ല പ്രതീക്ഷ വെച്ചുകൊണ്ടല്ലാതെ മരണപ്പെട്ടുപോകരുത്. (മുസ്ലിം) (എത്ര വലിയ പാപിയാണെങ്കിലും അതൊക്കെ പൊറുക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു)
68) അനസ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു അരുള്‍ ചെയ്തു. ആദമിന്റെ സന്താനമേ! നിന്നില്‍ നിന്നു എന്തുമാത്രം പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ അനുഗ്രഹങ്ങളെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴൊക്കെ ഞാന്‍ നിനക്ക് പൊറുത്തുതരുന്നതാണ്. (നിന്റെ പാപങ്ങളൊന്നും) എനിക്കൊരുപ്രശ്നമേയല്ല. ആദമിന്റെ മകനേ! നിന്റെ പാപങ്ങള്‍ ഉപരിലോകത്തുള്ള മേഘപടലത്തോളം വലുതായി എന്നിട്ട് നീ എന്നോട് പാപമോചനത്തിന്നര്‍ത്ഥിച്ചു. എന്നാലും നിന്റെ പാപങ്ങളൊക്കെ നിനക്ക് ഞാന്‍ പൊറുത്തുതരും. ആദമിന്റെ മകനേ! ഭൂമി നിറയെ പാപങ്ങളുമായി നീ എന്റെ അടുത്തു വന്നു. (എന്നില്‍) യാതൊന്നിനെയും നീ പങ്കുചേര്‍ത്തിട്ടുമില്ല. എന്നാല്‍ ആ ഭൂമി നിറയെ പാപമോക്ഷം ഞാന്‍ നിനക്ക് സമ്മാനിക്കും. (തിര്‍മിദി)
69) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. അല്ലാഹുവിങ്കലുള്ള ശിക്ഷ സത്യവിശ്വാസി അറിയുന്നപക്ഷം ഒരാളും സ്വര്‍ഗ്ഗം ആഗ്രഹിക്കുകയില്ല. (ആ ശിക്ഷ കിട്ടാതിരുന്നാല്‍ മാത്രം മതിയായിരുന്നു എന്ന് തോന്നിപ്പോവും) അപ്രകാരം സത്യ നിഷേധി അല്ലാഹുവിങ്കലുള്ള കാരുണ്യം അറിയുന്നപക്ഷം ഒരാളും അവന്റെ സ്വര്‍ഗ്ഗത്തെത്തൊട്ട് നിരാശപ്പെടുകയില്ല. (മുസ്ലിം)
70) ഇബ്നുമസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. സ്വര്‍ഗ്ഗം നിങ്ങളോരോരുത്തരോടും സ്വന്തം ചെരിപ്പിന്റെ വാറിനേക്കാള്‍ ഏറ്റവും അടുത്തതാണ്. അപ്രകാരം തന്നെയാണ് നരകവും. (മുസ്ലിം)
71) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: കറന്നെടുത്ത പാല്‍ അകിടുകളിലേക്ക് മടങ്ങിപ്പോയാലും, അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് കരഞ്ഞവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള (രണാങ്കണത്തിലുള്ള) പൊടിയും നരകത്തിന്റെ പുകയും ഒരുമിച്ചുകൂടുകയില്ല. (തിര്‍മിദി)
72) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുത്തുചെന്നു. അന്നേരം കരച്ചില്‍ നിമിത്തം അവിടുത്തെ ഹൃദയം തിളച്ചുപൊങ്ങുന്ന ചട്ടി പോലെയായിരുന്നു. (അബൂദാവൂദ്)
73) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. രണ്ടു തുള്ളിയേക്കാളും രണ്ടടയാളത്തേക്കാളും അല്ലാഹുവിനിഷ്ടപ്പെട്ട മറ്റൊന്നും തന്നെയില്ല. 1 അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ടുള്ള കണ്ണുനീര്‍ത്തുള്ളി. 2. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിന്തുന്ന രക്തത്തുള്ളി രണ്ടടയാളത്തിലൊന്ന് രണാങ്കണത്തില്‍ വെച്ചുള്ള പരിക്ക്, രണ്ടാമത്തേത് അല്ലാഹുവിന്റെ ഫര്‍ളുകള്‍ നിര്‍വ്വഹിച്ചതിലുള്ള തഴമ്പ്. (തിര്‍മിദി)
74) മുആവിയയില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ ചോദിച്ചു വിഷമിപ്പിക്കരുത്. അല്ലാഹുവാണെ, നിങ്ങളാരെങ്കിലും എന്നില്‍ നിന്ന് യാചിച്ചുകൊണ്ട് സംതൃപ്തി കൂടാതെ വല്ലതും നേടിയെടുത്താല്‍ ഞാനവന് നല്കിയതില്‍ അവനൊരിക്കലും ബര്‍ക്കത്തുണ്ടായിരിക്കുകയില്ല. (ബലമായി പിടിച്ചെടുത്താലോ അഭിവൃദ്ധിലഭിക്കുകയില്ല. ഏതോ വിധത്തില്‍ അത് പ്രയോജനപ്പെടാതെ നഷ്ടപ്പെട്ടുപോകും) (മുസ്ലിം)
75) ഇബ്നു ഔഫി(റ) വില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഏഴോ എട്ടോ ഒമ്പതോ ആളുകള്‍ തിരുദൂതന്റെ(സ) സന്നിധിയില്‍ ഉണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു; നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പ്രതിജ്ഞ ചെയ്യുന്നില്ലേ ? ഞങ്ങളാണെങ്കില്‍ പ്രതിജ്ഞ ചെയ്തിട്ട് അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ! ഞങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു. പിന്നേയും അവിടുന്ന് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകനോട് നിങ്ങള്‍ പ്രതിജ്ഞചെയ്യുന്നില്ലേ? ഞങ്ങളപ്പോള്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. പ്രവാചകരെ! ഞങ്ങള്‍ അങ്ങയോടിതാ ബൈഅത്ത് ചെയ്യുന്നു. ഞങ്ങളെന്തിന്മേലാണ് അങ്ങയോട് ബൈഅത്ത് ചെയ്യേണ്ടത്? അവിടുന്ന് അരുളി: അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക, അവനോട് മറ്റൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, അഞ്ചു സമയങ്ങളിലെ നമസ്കാരം നിങ്ങള്‍ നിര്‍വ്വഹിക്കുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക് രഹസ്യം പറഞ്ഞു: നിങ്ങള്‍ ജനങ്ങളോട് ഒന്നും യാചിക്കരുത്. (റാവി പറയുന്നു) അവരില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ വടി താഴെ വീഴും. എന്നാലത് എടുത്തുകൊടുക്കുന്നതിനു കൂടി ആരോടും ആവശ്യപ്പെടുകയില്ലായിരുന്നു. (മുസ്ലിം)
76) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഉള്ളത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വല്ലവനും ജനങ്ങളോട് യാചിക്കുന്നപക്ഷം നിശ്ചയം, തീക്കട്ടയാണ് അവന്‍ യാചിക്കുന്നത്. അതുകൊണ്ട് അതവന്‍ ചുരുക്കുകയോ അധികരിപ്പിക്കുകയോ ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
77) സമുറത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിശ്ചയം, യാചന ഒരു പരിക്കാണ്. യാചകന്‍ അതുകൊണ്ട് അവന്റെ മുഖത്ത് പരിക്കേല്പിക്കുന്നു. ഭരണകര്‍ത്താവിനോടോ അത്യാവശ്യകാര്യത്തിലോ യാചിച്ചാലൊഴികെ. (അഭിമാനത്തിന് ക്ഷതം വരുത്തുന്നവന്നാണ് യാചന). (തിര്‍മിദി)
78) സൌബാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു: ജനങ്ങളോട് യാതൊന്നും യാചിക്കുകയില്ലെന്ന് ആരെങ്കിലും എനിക്കുറപ്പ് തന്നാല്‍ അവന് സ്വര്‍ഗ്ഗം നല്കാമെന്ന് ഞാനേല്ക്കാം. ഞാനുണ്ടെന്ന് സൌബാന്‍ പറഞ്ഞു. പിന്നീടദ്ദേഹം ആരോടും യാചിക്കാറില്ല. (അബൂദാവൂദ്)
79) ഖബീസത്തി(റ)ല്‍ നിന്ന് നിവേദനം: ഞാനൊരു ചുമതല ഏറ്റെടുത്തു. അതിലേക്ക് എന്തെങ്കിലും ചോദിക്കാന്‍ വേണ്ടി തിരുസന്നിധിയില്‍ ചെന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ ഇവിടെ താമസിക്കൂ! സകാത്തിന്റെ ധനം വന്നാല്‍ ഞാന്‍ നിനക്കു തരാന്‍ കല്പിക്കാം. എന്നിട്ടവിടുന്ന് പറഞ്ഞു: ഹേ, ഖബീസത്തേ! മൂന്നിലൊരാള്‍ക്കല്ലാതെ ഭിക്ഷാടനം അനുവദനീയമല്ല. 1. ഏതെങ്കിലും ഭാരമേറ്റടുക്കുന്നവര്‍ താനത് പരിഹരിക്കുന്നതുവരെ യാചിക്കാം. പിന്നീട് അവനതില്‍ നിന്ന് പിന്മാറണം. 2. തന്റെ ധനം മുഴുവനും നശിപ്പിക്കുമാറുള്ള വിപത്ത് നേരിട്ടവന്‍ തനിക്കേതെങ്കിലും ജീവിതമാര്‍ഗ്ഗം കൈവരുന്നത് വരെ ഭിക്ഷയാചിക്കല്‍ അനുവദനീയമാണ്. 3. തന്റെ നാട്ടുകാരില്‍ നിന്ന് മൂന്ന് നായകന്‍മാര്‍ കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നുവെന്ന്, സാക്ഷ്യം വഹിക്കുവോളം ദാരിദ്യ്രം ബാധിച്ചവന്‍, അവനും ഏതെങ്കിലും ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതുവരെ യാചിക്കല്‍ അനുവദനീയമാണ്. ഖബീസത്തേ! അതല്ലാത്ത യാചനകളെല്ലാം നിഷിദ്ധമാണ്. അവനത് ഭക്ഷിക്കുന്നത് ചീത്ത ധനസമ്പാദനമാര്‍ഗ്ഗത്തിലൂടെയാണ്. (മുസ്ലിം)
80) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു; സകരിയ്യ നബി (അ) ഒരു മരപ്പണിക്കാരനായിരുന്നു (മുസ്ലിം)
81) അബൂസഈദില്‍ ഖുദ്രിയ്യി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ നബി(സ) യൊന്നിച്ച് യാത്രയിലായിരിക്കെ, ഒരാള്‍ തന്റെ വാഹനത്തിലേറി പ്രത്യക്ഷപ്പെട്ടു. എന്നിട്ടയാള്‍ വലതുവശത്തേക്കും ഇടതുവശത്തേക്കും തന്റെ ദൃഷ്ടി തെറ്റിച്ചുകൊണ്ടിരുന്നു. അന്നേരം നബി(സ) പറഞ്ഞു: ആരുടെയെങ്കിലും പക്കല്‍ കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവര്‍ക്ക് കൊടുത്തുകൊള്ളട്ടെ. അപ്രകാരം തന്നെ കൂടുതല്‍ ഭക്ഷണം കയ്യിലിരിപ്പുള്ളവര്‍ ഇല്ലാത്തവനും കൊടുത്തുകൊള്ളട്ടെ. അങ്ങനെ മുതലിന്റെ പല വകുപ്പുകളെ സംബന്ധിച്ചും നബി(സ) ഇതുതന്നെ പറഞ്ഞു. അവസാനം മിച്ചം വരുന്ന യാതൊന്നിലും ഞങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് ഞങ്ങള്‍ വിചാരിച്ചുപോയി. (മുസ്ലിം)
82) ബുറൈദത്ത്(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ഖബര്‍ സിയാറത്ത് (ഒരുകാലത്ത്) ഞാന്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ സിയാറത്ത് ചെയ്തുകൊള്ളുക. (മുസ്ലിം)
83) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോടൊപ്പം ശയിക്കാറുള്ള രാത്രിയിലെ അന്ത്യയാമത്തില്‍ സാധാരണ ബഖീഉല്‍ അര്‍ഖദ് എന്ന ശ്മശാനത്തിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. എന്നിട്ട് അവിടുന്ന് പറയാറുണ്ട്: മുഅ്മിനുകളുടെ ഭവനത്തില്‍ വസിക്കുന്നവരേ! നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടത് നിങ്ങള്‍ക്കിതാ വന്നു കഴിഞ്ഞു. പക്ഷേ, നാളേക്ക് നിങ്ങള്‍ പിന്തിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നമ്മളും നിങ്ങളോട് വന്നുചേരുന്നതാണ്. അല്ലാഹുവേ! ബഖീഉല്‍ അര്‍ഖദിന്റെ നിവാസികള്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. (മുസ്ലിം)
84) ബൂറൈദത്ത്(റ) വില്‍ നിന്ന് നിവേദനം: സന്തതസഹചാരികള്‍ ശ്മശാനത്തിലേക്ക് പുറപ്പെടുമ്പോള്‍ അവരില്‍ നിന്നാരെങ്കിലും അസ്സലാമു അലൈക്കും എന്ന് പറയാന്‍ നബി(സ) അവരെ പഠിപ്പിച്ചിരുന്നു. മുഅ്മിനുകളും മുസ്ളീംകളുമായ ഖബറാളികളെ! നിങ്ങളില്‍ അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം (അടുത്തുതന്നെ) ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്. നമ്മള്‍ക്കും അഭയമുണ്ടാകട്ടെ! എന്ന് അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. (മുസ്ലിം)
85) ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: മദീനയിലെ ചില ശ്മശാനങ്ങളിലൂടെ ഒരിക്കല്‍ റസൂല്‍(സ) നടന്നുപോയി. അന്നേരം ശ്മശാനവാസികള്‍ക്ക് അഭിമുഖമായിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ഹേ, ഖബറാളികളേ! നിങ്ങളില്‍ അല്ലാഹുവിന്റെ രക്ഷ സദാ വര്‍ഷിക്കുമാറാകട്ടെ. മാത്രമല്ല, നമ്മള്‍ക്കും നിങ്ങള്‍ക്കും അവന്‍ പൊറുത്തുതരികയും ചെയ്യട്ടെ! നിങ്ങളാണെങ്കില്‍ ഞങ്ങളുടെ മുന്‍ഗാമികളും ഞങ്ങള്‍ നിങ്ങളുടെ പിന്‍ഗാമികളുമാണ്. (അടുത്തുതന്നെ മരണപ്പെടുന്നവരുമാണ്) (തിര്‍മിദി)
86) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യുടെ വലതുകൈ അവിടുത്തെ ശുചീകരണത്തിനും ഭക്ഷണത്തിനുമായിരുന്നു. ഇടതുകൈ ശൌചത്തിനും മറ്റഴുക്കുകള്‍ നീക്കം ചെയ്യുന്നതിനുമായിരുന്നു. (അബൂദാവൂദ്)
87) ഹഫ്സ്വ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) വലതുകൈ ആഹാര പാനീയങ്ങള്‍ക്കും വസ്ത്രത്തിനുമായിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റാവശ്യങ്ങള്‍ക്കാണ് ഇടതുകൈ ഉപയോഗിക്കാറ്. ( അബൂദാവൂദ്)
88) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുളുചെയ്യുമ്പോഴും വലതുഭാഗത്തുനിന്ന് ആരംഭിക്കേണ്ടതാണ്. (അബൂദാവൂദ്)
89) യഈശി(റ)ല്‍ നിന്ന് നിവേദനം: എന്റെ പിതാവ് - ത്വിഖ്ഫത്ത്(റ)- പറഞ്ഞു: ഞാന്‍ ഒരിക്കല്‍ പള്ളിയില്‍ കമിഴ്ന്നുകിടന്നപ്പോള്‍ ഒരാള്‍ കാലുകൊണ്ട് എന്നെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു. ഇത് അല്ലാഹുവിന് കോപമുള്ള കിടത്തമാണ്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അത് റസൂല്‍(സ) ആയിരുന്നു. (അബൂദാവൂദ്)
90) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ഒരിടത്ത് ഇരുന്നവന്‍ അവിടെവെച്ച് അല്ലാഹുവിനെ സ്മരിച്ചില്ലെങ്കില്‍ അവന് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അപ്രകാരം ഒരിടത്ത് കിടന്നുറങ്ങിയവന്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ അവന് അല്ലാഹുവിങ്കല്‍ നിന്ന് നാശനഷ്ടം സംഭവിക്കുന്നതാണ്. (അബൂദാവൂദ്) (വിലമതിപ്പുള്ള സമയം നഷ്ടപ്പെടുത്തിയതു കൊണ്ടാണത്)
91) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിച്ചുകഴിഞ്ഞാല്‍ സൂര്യന്‍ പൂര്‍ണ്ണമായി ഉദിച്ചുയരുന്നതുവരെ അവിടുന്ന് തല്‍സ്ഥാനത്തു തന്നെ ചമ്രം പടിഞ്ഞ് ഇരിക്കുകയായിരുന്നു. (അബൂദാവൂദ്)
92) ഖൈല(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) മുട്ടുകെട്ടിയിരിക്കുന്നത് ഞാന്‍ കണ്ടു. അന്നേരം ഭക്തിനിര്‍ഭരമായി അവിടുന്ന് ഇരിക്കുന്നത് കണ്ടപ്പോള്‍ ഭയം നിമിത്തം ഞാന്‍ ഞെട്ടിവിറച്ചുപോയി. (അബൂദാവൂദ്, തിര്‍മിദി)
93) ശരീദി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ ഇടതുകൈ പിന്നില്‍ വെച്ചു കൊണ്ട് (കൈപ്പത്തിയില്‍) ചാരിയിരിക്കെ, നബി(സ) എന്റെ അരികിലൂടെ നടന്നുപോയി. അന്നേരം അവിടുന്ന് ചോദിച്ചു. നീ ക്രോധിക്കപ്പെട്ടവരെ (ജൂതരെ) പ്പോലെയിരിക്കുകയാണോ? (അബൂദാവൂദ്) (ഇസ്ളാമികദൃഷ്ട്യാ നല്ലതല്ലാത്തതേതും, അതാരില്‍ നിന്നുണ്ടായതാണോ അവരോട് ചേര്‍ത്ത് പറയാവുന്നതാണ്)
94) കില്‍ദ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ സലാം പറയാതെ കടന്നുചെന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ തിരിച്ചുപോയി, അസ്സലാമു അലൈക്കും അ അദ്ഖുലു എന്ന് പറഞ്ഞു കൊണ്ടനുവാദം ചോദിക്കൂ. (അബൂദാവൂദ്, തിര്‍മിദി) (എന്നിട്ട് അനുമതിലഭിച്ചെങ്കില്‍ മാത്രം കടന്നുവരൂ. ഇല്ലെങ്കില്‍ തിരിച്ചുപോകൂ!)
95) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളാരെങ്കിലും തുമ്മുകയും അനന്തരം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്താല്‍ നിങ്ങള്‍ അവനു വേണ്ടി പ്രാര്‍ത്ഥിക്കുക. ഇനി അവന്‍ അല്ലാഹുവിന് ഹംദ് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളവന് പ്രാര്‍ത്ഥിക്കേണ്ടതില്ല. (മുസ്ലിം)
96) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തുമ്മുമ്പോള്‍ കയ്യോ വസ്ത്രമോ വായില്‍വെച്ചുകൊണ്ട് ശബ്ദം കുറച്ചിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
97) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: യര്‍ഹമുകല്ലാ എന്ന് റസൂല്‍(സ) പ്രാര്‍ത്ഥിക്കുമെന്ന് ആഗ്രഹിച്ചുകൊണ്ട് ജൂതന്മാര്‍ റസൂല്‍(സ) ന്റെ അടുത്ത് വന്ന് തുമ്മാറുണ്ട്. എന്നാല്‍ നബി(സ) യഹ്ദീകമുല്ലാഹു വയുസ്ളിഹു ബാലകം എന്നാണ് പ്രാര്‍ത്ഥിക്കാറ്. (അബൂദാവൂദ്, തിര്‍മിദി)
98) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും കോട്ടുവായ് ഇടുകയാണെങ്കില്‍ സ്വന്തം കൈകൊണ്ട് വായ പൊത്തണം! കാരണം പിശാച് അതില്‍ കടന്നുകൂടും. (മുസ്ലിം) (വായില്‍ കൈ വെക്കുന്നത് കൊണ്ട് അവന്റെ പ്രവേശനം തടുക്കാന്‍ കഴിയും)
99) അനസ്(റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ യമന്‍ നിവാസികള്‍ വന്നപ്പോള്‍ റസൂല്‍(സ) പറഞ്ഞു. യമന്‍കാരാണ് നിങ്ങളുടെ അടുത്ത് വന്നിട്ടുള്ളവര്‍, അവരത്രെ ആദ്യമായി ഹസ്തദാനം നടപ്പില്‍ വരുത്തിയത്. (അബൂദാവൂദ്)
100) ബറാഅ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: രണ്ടു മുസ്ളിംകള്‍ കണ്ടുമുട്ടുമ്പോള്‍ ഹസ്തദാനം ചെയ്യുകയാണെങ്കില്‍ അവര്‍ രണ്ടുപേരും വിട്ടുപിരിയുന്നതിനുമുമ്പ് തങ്ങളുടെ പാപം പൊറുക്കപ്പെടുന്നതാണ്. (അബൂദാവൂദ്)
101) അനസി(റ)ല്‍ നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളാരെങ്കിലും സഹോദരനെയോ, സ്നേഹിതനെയോ കണ്ടുമുട്ടുമ്പോള്‍ അവനുവേണ്ടി (തല) കുനിക്കാന്‍ പാടുണ്ടോ? റസൂല്‍(സ) പറഞ്ഞു. ഇല്ല. വീണ്ടും അയാള്‍ ചോദിച്ചു. അവനെ അണച്ചുപൂട്ടി ആലിംഗനം ചെയ്യാന്‍ പാടുണ്ടോ? അവിടുന്ന് പറഞ്ഞു. വേണ്ട, വീണ്ടും അയാള്‍ ചോദിച്ചു. എന്നാല്‍ അവന്റെ കൈ പിടിച്ച് ഹസ്തദാനം ചെയ്യട്ടെയോ? അവിടുന്ന് മറുപടി പറഞ്ഞു. അതെ. (തിര്‍മിദി)
102) സഫ്വാനി(റ)ല്‍ നിന്ന് നിവേദനം: ഒരു ജൂതന്‍ സ്നേഹിതനോട് പറഞ്ഞു. നമുക്ക് നബി(സ)യുടെ അടുത്തേക്ക് പോകാം. അങ്ങനെ അവര്‍ രണ്ടുപേരും റസൂല്‍(സ) യുടെ അടുക്കല്‍ ചെന്നുകൊണ്ട് ഒമ്പത് ദൃഷ്ടാന്തങ്ങളെ സംബന്ധിച്ചു ചോദിച്ചു. റിപ്പോര്‍ട്ടര്‍ ആ ഹദീസ് അവസാനം വരെ നിവേദനം ചെയ്തിട്ടുണ്ട്. അപ്പോള്‍ അവര്‍ നബി(സ)യുടെ കൈകാല്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു. നിങ്ങള്‍ ഒരു യഥാര്‍ത്ഥ നബി തന്നെയാണെന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു. (തിര്‍മിദി)
103) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. സല്‍ക്കര്‍മ്മങ്ങളില്‍ ഒന്നും തന്നെ നീ നിസ്സാരമാക്കിത്തള്ളരുത്. അത് മുഖപ്രസന്നതയോടെ സഹോദരനെ സമീപിക്കുക എന്ന എത്രയും ചെറിയ കാര്യമാണെങ്കിലും. (മുസ്ലിം)
104) സഖ്റ്(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! എന്റെ ജനതക്ക് അവരുടെ പ്രഭാതത്തില്‍ ബര്‍ക്കത്ത് നല്‍കേണമേ! ഒരു സൈന്യത്തെ അവിടുന്ന് അയക്കുമ്പോള്‍ പകലിന്റെ ആദ്യസമയത്താണ് അയക്കാറ് പതിവ്, സഖ്റ് ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ് അദ്ദേഹത്തിന്റെ ചരക്ക് അയക്കാറ്. അങ്ങനെ അദ്ദേഹം വളരെ വലിയ സമ്പന്നനായി മാറി. (അബൂദാവൂദ്, തിര്‍മിദി)
105) അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നു: ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ ശൈത്താനാണ്. രണ്ടുപേരുള്ള യാത്രക്കാരും ശൈത്താന്മാരാണ്. മൂന്നാളുകള്‍ ഒരു സംഘമാണ്. (പരസ്പര സഹായങ്ങള്‍ക്ക് അവര്‍ക്കേ കഴിയൂ). (അബൂദാവൂദ്, തിര്‍മിദി, നസാഈ)
106) അബൂസഈദില്‍ നിന്നും അബൂഹുറയ്റ(റ)യില്‍ നിന്നും നിവേദനം: റസൂല്‍(സ) പറയുന്നു: മൂന്നാളുകള്‍ കൂടി ഒരു യാത്ര പുറപ്പെട്ടാല്‍ തങ്ങളില്‍ നിന്ന് ഒരാളെ അവര്‍ അമീറായി നിശ്ചയിക്കണം. (അബൂദാവൂദ്)
107) ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നാലുപേരുള്ള സൂഹൃല്‍ സംഘമാണ് നല്ലത്. ചെറിയ സൈന്യങ്ങളില്‍ ഉത്തമമായത് 400 ആളുകള്‍ ഉള്ളതും വലിയ സൈന്യങ്ങളില്‍ ബൃഹത്തായത് 4000 ആളുകളുള്ളതുമാണ്. 12000 വരുന്ന ജനസംഖ്യ കുറവുകൊണ്ട് ഒരിക്കലും പരാജയപ്പെടുകയില്ല. (അബൂദാവൂദ്, തിര്‍മിദി)
108) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ക്ഷേമകാലത്ത് യാത്ര ചെയ്യുമ്പോള്‍ ഒട്ടകത്തിന് ഭൂമിയില്‍ നിന്നുള്ള അവകാശത്തെ നിങ്ങള്‍ വകവെച്ചുകൊടുക്കണം. മന്ദം മന്ദം മേച്ചുകൊണ്ട് യാത്ര തുടരണം. മറിച്ച് ക്ഷാമകാലത്താണ് നിങ്ങള്‍ യാത്ര പോകുന്നതെങ്കില്‍ ദ്രുതഗതിയില്‍ യാത്ര തുടരേണ്ടതാണ്. (മന്ദം മന്ദം യാത്രചെയ്യുമ്പോള്‍ പുല്ലും വെള്ളവും കിട്ടാതെ ഒട്ടകം കഷ്ടപ്പെടേണ്ടിവരും) ഒരിടത്ത് ഇറങ്ങിത്താമസിക്കുമ്പോള്‍ സഞ്ചാരപാത നിങ്ങള്‍ ഒഴിഞ്ഞുമാറണം. കാരണം അത് ഇഴജന്തുക്കളുടേയും വിഷജന്തുക്കളുടേയും രാത്രിയിലെ സഞ്ചാരമാര്‍ഗ്ഗമാണ്. (മുസ്ലിം)
109) അബൂഖത്താദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) യാത്രക്കിടയില്‍ ഇറങ്ങിത്താമസിക്കേണ്ടി വന്നാല്‍ വലതുഭാഗത്ത് തിരിഞ്ഞുകിടക്കും. സുബ്ഹിനു അല്പം മുമ്പാണ് ഇറങ്ങിത്താമസിക്കുന്നതെങ്കില്‍ മുഴംകൈ നാട്ടിക്കൊണ്ട് തല പടം കയ്യില്‍ വെക്കുമായിരുന്നു. (മുസ്ലിം)
110) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ രാത്രിയാത്ര ചെയ്യുക. നിശ്ചയം രാത്രി ഭൂമി ചുരുട്ടപ്പെടും. (അബൂദാവൂദ്)
111) അബൂസഹ്ലബ(റ)യില്‍ നിന്ന് നിവേദനം: യാത്രാമദ്ധ്യേ ഒരിടത്ത് ഇറങ്ങിത്താമസിക്കുമ്പോള്‍ ചുരങ്ങളിലും താഴ്വരകളിലും ജനങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. റസൂല്‍(സ) പറഞ്ഞു: ഈ പര്‍വ്വതനിരകളിലും താഴ്വരകളിലും നിങ്ങള്‍ ചിന്നിച്ചിതറുകയാണെങ്കില്‍ നിസ്സംശയം അത് പിശാചില്‍ നിന്നുള്ളതാണ്. പിന്നീട് അവര്‍ ഒരിടത്തും ഇറങ്ങിയിട്ടില്ല. അന്യോന്യം കൂടിച്ചര്‍ന്നിട്ടല്ലാതെ. (അബൂദാവൂദ്)
112) ഇബ്നുല്‍ഹന്‍ളലിയ്യ(റ)യില്‍ നിന്ന് നിവേദനം: (അദ്ദേഹം ബൈഅത്തുറിള്വാന്റെ ആളുകളില്‍പെട്ട ആളാണ്) റസൂല്‍(സ) ഒരിക്കല്‍ ഒരു ഒട്ടകത്തിന്റെ അരികിലൂടെ നടന്നുപോയി. അതിന്റെ വയറ് ഒട്ടി മുതുകിനോട് ചേര്‍ന്നിട്ടുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഈ മിണ്ടാപ്രാണികളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടണം. അതുകൊണ്ട് നല്ല നിലയില്‍ നിങ്ങള്‍ അതില്‍ സവാരി ചെയ്യുകയും നല്ല രീതിയില്‍ നിങ്ങള്‍ അതിനെ അറുത്ത് ഭക്ഷിക്കുകയും ചെയ്യുക. (അബൂദാവൂദ്)
113) അബ്ദുല്ലാഹിബിന്‍ ജഅ്ഫരി(റ)ല്‍ നിന്ന് നിവേദനം: ഒരു ദിവസം റസൂല്‍(സ) എന്നെ പിന്നില്‍ ഇരുത്തിക്കൊണ്ട് യാത്ര ചെയ്തു. അന്നേരം എന്നോട് ഒരു രഹസ്യം പറഞ്ഞു. ഒരാളോടും ഞാനത് പറയുകയില്ല. കുന്നുകളോ ഈത്തപ്പനത്തോട്ടങ്ങളോ ആയിരുന്നു (വിസര്‍ജ്ജനവേളയില്‍) നബി(സ) മറയായി ഇഷ്ടപ്പെട്ടിരുന്നത്. ഈ ഹദീസ് സംക്ഷിപ്തമായി മുസ്ളീം(റ) ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബര്‍ക്കാനി(റ) മുസ്ളിമിന്റെ ഇതേ സനദില്‍തന്നെ ഹാഇശുന്‍ നഹ്ല് എന്നതിന്റെ ശേഷം ഈ വിധം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ അന്‍സാരികളില്‍പെട്ട ഒരാളുടെ തോട്ടത്തില്‍ നബി(സ) പ്രവേശിച്ചു. അപ്പോള്‍ അവിടെയുണ്ടൊരൊട്ടകം. നബി(സ) യെ കണ്ടതോടെ അതിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും അത് അയവിറക്കുകയും ചെയ്തു. തല്‍ക്ഷണം അരികില്‍ചെന്ന് നബി(സ) അതിന്റെ പൂഞ്ഞയും ചെവിയുടെ പിന്‍ഭാഗവും തൊട്ടുതടവിയപ്പോള്‍ അത് ശാന്തമായി. അങ്ങനെ നബി(സ) അന്വേഷിച്ചു. ആരുടേതാണ് ഈ ഒട്ടകം? അപ്പോള്‍ അന്‍സാറുകളില്‍പ്പെട്ട ഒരാള്‍ വന്നുപറഞ്ഞു. പ്രവാചകരേ! ഇത് എന്റേതാണ്. നബി(സ) ചോദിച്ചു. നിനക്ക് ഉടമയാക്കിത്തന്നിട്ടുള്ള ഈ കാലിയുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ പട്ടിണിയിടുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന് എന്നോട് ഇത് ആവലാതിപ്പെട്ടിരിക്കുന്നു. (അബൂദാവൂദ്)
114) ജാബിര്‍ (റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യുദ്ധത്തിനുപുറപ്പെടാനുദ്ദേശിച്ചാല്‍ പറയാറുണ്ട്. ഹേ! മുഹാജിറുകളുടെയും അന്‍സാരികളുടേയും സമൂഹമേ! നിശ്ചയമായും നിങ്ങളുടെ സഹോദരന്‍മാരില്‍ ധനവും കുടുംബവും ഇല്ലാത്തവരുണ്ട്. അതുകൊണ്ട് നിങ്ങളില്‍ ഓരോരുത്തരും രണ്ടോ മൂന്നോ ആളുകളെ തന്നിലേക്ക് ചേര്‍ത്തുകൊള്ളട്ടെ. തന്നിമിത്തം ഞങ്ങളില്‍ ഓരോരുത്തര്‍ക്കും കൈമാറി കൈമാറിക്കിട്ടുന്ന വാഹനമല്ലാതെ ഉണ്ടായിരുന്നില്ല. (കുറച്ചുസമയം അവരും കുറച്ചുസമയം ഞങ്ങളും കൈമാറിയിട്ടായിരുന്നു ഞങ്ങള്‍ വാഹനപ്പുറത്ത് ഏറിയിരുന്നത്) റിപ്പോര്‍ട്ടര്‍ പറയുന്നു: രണ്ടോ, മൂന്നോ ആളുകളെ ഞാന്‍ എന്നിലേക്ക് കൂട്ടി. എന്റെ ഒട്ടകത്തില്‍ അവര്‍ക്കുള്ള ഊഴം തന്നെയായിരുന്നു എനിക്കും ലഭിച്ചിരുന്നത്. (അബൂദാവൂദ്) (ഒട്ടകം ഞങ്ങളും അവരും സമാസമം കൈമാറിക്കൊണ്ടാണ് സഞ്ചരിച്ചിരുന്നത്)
115) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പിന്നിലായിരിക്കും (രാത്രിയില്‍) നടക്കുക. അബലരെ നയിച്ചുകൊണ്ടും സ്വന്തം വാഹനത്തിലേറ്റിക്കൊണ്ടും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പിന്തുടരുന്നത് (അബൂദാവൂദ്)
116) ഇബ്നുഉമര്‍ (റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒട്ടകപ്പുറത്ത് കയറി ശരിയായി ഇരുന്നുകഴിഞ്ഞാല്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലിക്കൊണ്ട് പറയും. ഇത് എനിക്ക് കീഴ്പ്പെടുത്തിത്തന്നവന്‍ പരിശുദ്ധനാണ്. നമുക്ക് അതിന് കഴിവുണ്ടായിരുന്നില്ല. നിശ്ചയം റബ്ബിങ്കലേക്ക് നമ്മള്‍ മടങ്ങിച്ചെല്ലുന്നതാണ്. അല്ലാഹുവേ! ഞങ്ങളുടെ ഈ യാത്രയില്‍ നന്മയും ഭക്തിയും നീ തൃപ്തിപ്പെടുന്ന പ്രവൃത്തിയും നിന്നോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലാഹുവേ? ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കിത്തരേണമേ! അതിന്റെ വിദൂരതയെ ഞങ്ങള്‍ക്ക് നീ ചുരുക്കിത്തരേണമേ! അല്ലാഹുവേ! നീയാണ് ഈ യാത്രയില്‍ ഞങ്ങളുടെ കൂട്ടുകാരനും കുടുംബ ത്തിലെ പ്രതിനിധിയും. അല്ലാഹുവേ! ഈ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖകരമായ കാഴ്ചയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള ചീത്തയായ പരിണാമത്തില്‍ നിന്നും നിന്നോട് ഞാന്‍ കാവലിനപേക്ഷിക്കുന്നു. യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അതും ഉപരിയായി ഇങ്ങനെയും അവിടുന്ന് പറയുമായിരുന്നു. ഞങ്ങള്‍ പാപത്തില്‍ നിന്ന് മടങ്ങിയവരും ഞങ്ങളുടെ നാഥനെ ആരാധിക്കുന്നവരും അവനെ സ്തുതിക്കുന്നവരുമാണ്. (മുസ്ലിം)
117) അബ്ദുല്ലാഹിബ്ന്‍ സര്‍ജീസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യാത്ര പുറപ്പെടുമ്പോള്‍ യാത്രയിലെ വിഷമത്തില്‍ നിന്നും ദുഃഖാകുലമായ തിരിച്ചുവരവില്‍ നിന്നും സന്തോഷത്തിനു ശേഷം സന്താപത്തില്‍ നിന്നും മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയില്‍ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ രംഗത്തില്‍ നിന്നും കാവലിന് അപേക്ഷിക്കാറുണ്ട്. (മുസ്ലിം)
118) അലിയ്യുബിന്‍ റബീഅ്(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ അലിയ്യുബിന്‍ അബീതാലിബിന്റെ സന്നിധിയില്‍ ഹാജരായി. അദ്ദേഹത്തിന് സവാരിചെയ്യാന്‍ വാഹനം (അവിടെ) കൊണ്ടുവന്ന് (നിറുത്തിയി) ട്ടുണ്ടായിരുന്നു. അങ്ങനെ കാലണിയില്‍ അദ്ദേഹം കാല് വെച്ചപ്പോള്‍ ബിസ്മില്ലാ എന്നുപറഞ്ഞു. അതിന്റെ പുറത്തുകയറി ശരിയായി കഴിഞ്ഞപ്പോള്‍ പറഞ്ഞു: ഇതു ഞങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്ന അല്ലാഹുവിന് സ്തുതി ഞങ്ങള്‍ക്ക് അതിന് കഴിവുണ്ടായിരുന്നില്ല. നിശ്ചയം, ഞങ്ങളുടെ നാഥനിലേക്ക് ഞങ്ങള്‍ മടങ്ങിച്ചെല്ലുന്നവരാണ്. മൂന്ന് പ്രാവശ്യം അല്‍ഹംദുലില്ലാഹി എന്നും മൂന്നുപ്രാവശ്യം അല്ലാഹു അക്ബര്‍ എന്നും പറഞ്ഞശേഷം അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു. നീ പരിശുദ്ധനാണ്. ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് നീ പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല. അനന്തരം അദ്ദേഹം ചിരിച്ചപ്പോള്‍ ചോദിക്കപ്പെട്ടു. അമീറുല്‍ മുഅ്മിനീന്‍! നിങ്ങള്‍ എന്തുകൊണ്ട് ചിരിച്ചു? അദ്ദേഹം പറഞ്ഞു: ഞാന്‍ ചെയ്തതുപോലെ റസൂല്‍(സ) ചെയ്യുകയും അതിനുശേഷം ചിരിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്നേരം ഞാന്‍ ചോദിച്ചു: പ്രവാചകരേ! അങ്ങ് എന്തുകൊണ്ട് ചിരിച്ചു? എന്റെ പാപം നീ പൊറുത്തു തരേണമേ എന്നൊരു ദാസന്‍ പറയുമ്പോള്‍ നിന്റെ രക്ഷിതാവ് അത്ഭുതപ്പെട്ടുകൊണ്ട് പറയും: ഞാനല്ലാതെ പാപം പൊറുക്കുന്നവനില്ലെന്ന് അവന്‍ ഗ്രഹിച്ചു. (അബൂദാവൂദ്, തിര്‍മിദി) (അതുകൊണ്ടാണ് ഞാന്‍ ചിരിച്ചത്)
119) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) യും സൈന്യവും ചുരം കയറുമ്പോള്‍ തക്ബീറും അവിടെനിന്ന് ഇറങ്ങുമ്പോള്‍ തസ്ബീഹും ചൊല്ലുമായിരുന്നു. (അബൂദാവൂദ്)
120) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നു. അതുകൊണ്ട് എന്നെ അങ്ങ് ഉപദേശിച്ചാലും, നബി(സ) പറഞ്ഞു: നീ അല്ലാഹുവിന് തഖ്വാ ചെയ്യുകയും ചുരം കയറുമ്പോള്‍ തക്ബീര്‍ ചൊല്ലുകയും ചെയ്യുക. അങ്ങനെ അയാള്‍ പിന്നിട്ടുപോയപ്പോള്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഇയാള്‍ക്ക് വഴി ദൂരത്തെ നീ ചുരുക്കിക്കൊടുക്കേണമേ! യാത്ര എളുപ്പമാക്കിക്കൊടുക്കേണമേ! (തിര്‍മിദി)
121) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: നിസ്സംശയം മൂന്ന് പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കും. 1. മര്‍ദ്ദിതന്റെ പ്രാര്‍ത്ഥന, 2. മുസാഫിറിന്റെ പ്രാര്‍ത്ഥന, 3. സന്താനങ്ങള്‍ക്കുവേണ്ടി (മാതാ) പിതാവിന്റെ പ്രാര്‍ത്ഥന. (അബൂദാവൂദ്, തിര്‍മിദി)
122) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: നിശ്ചയം, റസൂല്‍(സ) വല്ല ആളുകളെയും ഭയപ്പെട്ടാല്‍ പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ! നിന്നെ അവരുടെ ഹൃദയങ്ങളില്‍ ഞങ്ങള്‍ നിക്ഷേപിക്കുന്നു. (അങ്ങനെ അവരുടെ കുതന്ത്രങ്ങളെ നീ പരാജയപ്പെടുത്തും) അവരുടെ ഉപദ്രവത്തില്‍ നിന്ന് നിന്നോട് ഞങ്ങള്‍ കാവല്‍തേടുകയും ചെയ്യുന്നു. (അബൂദാവൂദ്)
123) ഖൌല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: വല്ലവനും ഒരിടത്തിറങ്ങി. എന്നിട്ട് അവന്‍ പറഞ്ഞു: അല്ലാഹുവിന്റെ പരിശുദ്ധമായ വാക്യങ്ങളുടെ പേരില്‍ അവന്റെ സൃഷ്ടികളുടെ ഉപദ്രവത്തില്‍ നിന്ന് ഞാന്‍ കാവലപേക്ഷിക്കുന്നു. എങ്കില്‍ തല്‍സ്ഥാന ത്തുനിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യപ്പെടുത്തുകയില്ല. (മുസ്ലിം) (ദേഹേച്ഛകളോ പിശാചോ അവനെ പിടികൂടുകയില്ല)
124) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: യാത്രയില്‍ രാത്രിയാകുമ്പോള്‍ നബി(സ) പറയാറുണ്ട്. ഹേ, ഭൂമീ! എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാണ്. നിന്നിലുള്ളതിന്റെയും (ഉപദ്രജീവിയുടേയും) നിന്നില്‍ സൃഷ്ടിക്കപ്പെട്ട (മണല്‍, കല്ല്, പാറ, മിനുസമുള്ളത്, പരുത്തത് എന്നി) വയുടേയും ഉപദ്രവത്തില്‍ നിന്നും നിന്നില്‍ ഇഴഞ്ഞു നടക്കുന്ന ജന്തുക്കളുടെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു. സിംഹം, മനുഷ്യന്‍, പാമ്പ്, തേള്‍, കരയില്‍ താമസിക്കുന്നത് (ജിന്ന്) എന്നിവയുടേയും വാലിദി (ഇബ്ലീസി) ന്റെയും വലിദിന്റെ (ശൈത്താന്‍) യും ഉപദ്രവത്തില്‍ നിന്നും നിന്നോടു ഞാന്‍ കാവലപേക്ഷിക്കുന്നു. (അബൂദാവൂദ്)
125) അനസി(റ)ല്‍ നിന്ന് നിവേദനം: (ഖൈബര്‍ യുദ്ധത്തില്‍ നിന്ന്) നബി(സ) യൊന്നിച്ച് ഞങ്ങള്‍ യാത്ര തിരിച്ചു. നോക്കിയാല്‍ മദീന കാണാവുന്ന സ്ഥലത്തെത്തിയപ്പോള്‍ നബി(സ) പറഞ്ഞു: പശ്ചാത്തപിക്കുകയും സ്വന്തം നാഥനെ ആരാധിക്കുകയും സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങള്‍ സ്വദേശത്തേക്ക് മടങ്ങുന്നവരാണ്. ഞങ്ങള്‍ മദീനയിലെത്തിച്ചേരുന്നതുവരെ നബി(സ) അത് പറഞ്ഞുകൊണ്ടിരുന്നു. (മുസ്ലിം)
126) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മക്കയും മദീനയും ഒഴികെയുള്ള ഏത് സ്ഥലവും ദജ്ജാല്‍ ചവിട്ടാതിരിക്കുകയില്ല. അവ രണ്ടും സംരക്ഷിച്ചുകൊണ്ട് അവയുടെ വാതിലില്‍ മലക്കുകള്‍ അണിനിരക്കും. എന്നാല്‍ (മദീനയോടടുത്തുള്ള) ഒരു ഉപ്പ് ഭൂമിയിലാണ് അവനിറങ്ങുക. തന്നിമിത്തം മൂന്നുപ്രാവശ്യം മദീനക്ക് പ്രകമ്പനമേല്ക്കും. (ദജ്ജാലിനെ സംബന്ധിച്ച് പല കിംവദന്തികളും പ്രചരിക്കുകവഴി മദീനാവാസികള്‍ക്ക് കുറഞ്ഞ ഭീതിയും അസ്വസ്ഥതയും അനുഭവപ്പെടും) എല്ലാസത്യനിഷേധികളേയും കപടവിശ്വാസികളേയും തദ്വാരാ അല്ലാഹു അതില്‍ നിന്ന് പുറപ്പെടുവിക്കും. (മുസ്ലിം)
127) അനസി(റ)ല്‍ നിന്ന് നിവേദനം: ഇസ്ബഹാനിലെ യഹൂദികളില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ ദജ്ജാലിനെ അനുഗമിക്കും. അവര്‍ ത്വയലിസാന്‍ ധരിക്കുന്നവരാണ്. (വസ്ത്രത്തിന്റെ മീതെ പണ്ഡിതന്മാരും മറ്റും ധരിക്കുന്ന മേല്‍ വസ്ത്രം ) (മുസ്ലിം)
128) ഉമ്മുശരീകി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ദജ്ജാലിന്റെ ഉപദ്രവത്തില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് ജനങ്ങള്‍ ഓടി രക്ഷപ്പെടും. (മുസ്ലിം)
129) ഇംറാനുബ്നു ഹുസ്വൈനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(റ) പറയുന്നത് ഞാന്‍ കേട്ടു: ആദം നബി (അ) സൃഷ്ടിക്കപ്പെട്ടതു മുതല്‍ അന്ത്യദിനം വരെ ദജ്ജാലിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. (മുസ്ലിം)
130) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കാലം അവസാനിക്കുമ്പോള്‍ നിങ്ങളുടെ ഭരണ കര്‍ത്താക്കളിലൊരാള്‍ സമ്പത്ത് വാരിക്കൂട്ടും. അത് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാതാകും. (മുസ്ലിം)
131) അബൂമുസാ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് ഒരുകാലം വരാനുണ്ട്. അക്കാലത്ത് ഒരാള്‍ സ്വര്‍ണ്ണത്തിന്റെ സകാത്തുമായി ചുറ്റിനടക്കും. അത് സ്വീകരിക്കാന്‍ ആരുമുണ്ടാവുകയില്ല. നാല്പത് സ്ത്രീകള്‍ ഒരേ പുരുഷനില്‍ അഭയം തേടുന്നതായി കാണാന്‍ കഴിയും. പുരുഷന്മാരുടെ കുറവും സ്ത്രീകളുടെ ആധിക്യവുമാണതിന് കാരണം. (മുസ്ലിം)
132) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ഥലങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് പള്ളിയും അല്ലാഹുവിന് ഏറ്റവും കോപമുള്ളത് അങ്ങാടിയുമാകുന്നു. (മുസ്ലിം)
133) സല്‍മാനി(റ)ല്‍ നിന്ന് നിവേദനം: കഴിവതും അങ്ങാടിയില്‍ ആദ്യം പ്രവേശിക്കുന്നവനും അവിടെ നിന്ന് അവസാനം പുറപ്പെടുന്നവനും നീ ആകരുത്. നിശ്ചയം, പിശാചിന്റെ ആസ്ഥാനമാണിത്. അവിടെയാണ് അവന്‍ തന്റെ പതാക നാട്ടുന്നത്. (മുസ്ലിം)
134) ആസ്വിമി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍(സ) യോട് പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക് അല്ലാഹു പൊറുത്തുതരട്ടെ! അവിടുന്ന് പറഞ്ഞു: നിനക്കും! ആസ്വിം പറഞ്ഞു: ഞാന്‍ അബ്ദുല്ലയോട് ചോദിച്ചു: റസൂല്‍(സ) നിനക്ക് പൊറുക്കലിനെ തേടിയോ? അദ്ദേഹം മറുപടി പറഞ്ഞു: അതെ, നിനക്കും, പിന്നീട് അദ്ദേഹം ഈ സൂക്തം ഓതിക്കേള്‍പ്പിച്ചു. 'നിന്റെയും സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും പാപമോചനത്തിനുവേണ്ടി നീ പ്രാര്‍ത്ഥിക്കണം. ' (മുസ്ലിം)
135) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പ്രകാശംകൊണ്ടാണ് മലക്കുകള്‍ സൃഷ്ടിക്കപ്പെട്ടത്. കത്തിജ്ജ്വലിക്കുന്ന അഗ്നിയില്‍ നിന്നാണ് ജിന്ന് വംശം സൃഷ്ടിക്കപ്പെട്ടത്. ആദം നബി (അ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നിങ്ങള്‍ക്ക് വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുക്കളാലാണ്. (മുസ്ലിം)
136) ആയിശ(റ)ല്‍ നിന്ന് നിവേദനം: ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഭാവമാണ് നബി(സ)യുടെ സ്വഭാവം. (മുസ്ലിം) സുദീര്‍ഘമായ ഒരു ഹദീസിന്റെ കൂട്ടത്തില്‍ മുസ്ളിം അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
137) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവുമായുള്ള കൂടിക്കാഴ്ച വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനുമായുള്ള കൂടിക്കാഴ്ച അല്ലാഹു ഇഷ്ടപ്പെടും. മറിച്ച് അല്ലാഹുവിന്റെ ലിഖാഇനെ വല്ലവനും വെറുത്താല്‍ അല്ലാഹു അവന്റെ ലിഖാഇനെയും വെറുക്കും. ഞാന്‍ ചോദിച്ചു: പ്രവാചകരേ! മരണത്തെ വെറുക്കലാണോ? (അതുകൊണ്ടുദ്ദേശം) എന്നാല്‍ ഞങ്ങളെല്ലാവരും മരണത്തെ വെറുക്കുന്നവരാണല്ലോ. അവിടുന്ന് പറഞ്ഞു: അപ്രകാരമല്ല മുഅ്മിനിന് അല്ലാഹുവിന്റെ റഹ്മത്തുകൊണ്ടും പ്രീതികൊണ്ടും സ്വര്‍ഗ്ഗംകൊണ്ടും സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവനിഷ്ടപ്പെടും. അനന്തരം അല്ലാഹു അവന്റെ ലിഖാഇനെയും ഇഷ്ടപ്പെടും. സത്യനിഷേധിക്ക് അല്ലാഹുവിന്റെ ശിക്ഷകൊണ്ടും കോപംകൊണ്ടും അറിയിക്കപ്പെട്ടാല്‍ അല്ലാഹുവിന്റെ ലിഖാഇനെ അവന്‍ വെറുക്കും. അന്നേരം അവന്റെ ലിഖാഇനെ അല്ലാഹുവും വെറുക്കും. (മുസ്ലിം)
138) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജനങ്ങളേ! അല്ലാഹു പരിശുദ്ധനാണ്. നല്ലത് മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളു. മുര്‍സലുകളോട് ആജ്ഞാപിക്കപ്പെട്ടത്, അല്ലാഹു മുഅ്മിനുകളോടും ആജ്ഞാപിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: പ്രവാചകരേ! നിങ്ങള്‍ നല്ലത് തിന്നുകയും നല്ലത് പ്രവര്‍ത്തിക്കുകയും വേണം. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് നാം പ്രദാനം ചെയ്ത നല്ലതില്‍ നിന്ന് ഭക്ഷിക്കുക. പിന്നീട് അവിടുന്ന് പറഞ്ഞു: ദീര്‍ഘയാത്രചെയ്ത്് മുടി ജടകുത്തുകയും പൊടിപുരളുകയും ചെയ്ത ഒരാള്‍ ഇരുകയ്യും ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് എന്റെ റബ്ബേ! എന്റെ റബ്ബേയെന്ന് പ്രാര്‍ത്ഥിക്കും. അവന്റെ ആഹാരം ഹറാം, പാനീയം ഹറാം, അവന്റ ഉല്‍ഭവം ഹറാം എന്നിരിക്കെ അവന്റെ പ്രാര്‍ത്ഥനക്ക് എങ്ങനെ ഉത്തരം ലഭിക്കും. (മുസ്ലിം)
139) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സയ്ഹാനും ജയ്ഹാനും ഫുറാത്തും നീലും സ്വര്‍ഗ്ഗത്തിലെ പുഴകളില്‍പ്പെട്ടതാണ്. (മുസ്ലിം)
140) അംറുബ്നു അഖ്ത്തബി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഞങ്ങളെയും കൊണ്ട് സുബ്ഹി നമസ്കരിച്ചതിനുശേഷം മിമ്പറില്‍ കയറിയിട്ട് സുഹ്ര്‍ വരെ നബി(സ) പ്രസംഗിച്ചു. ളുഹര്‍ നമസ്കാരം നിര്‍വ്വഹിച്ചതിനുശേഷം വീണ്ടും മിമ്പറില്‍ കയറി അസര്‍വരെ പ്രസംഗിക്കുകയുണ്ടായി. അസര്‍ നമസ്കാരാനന്തരം വീണ്ടും മിമ്പറില്‍ കയറിക്കൊണ്ട് ഉണ്ടായിട്ടുള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ കാര്യങ്ങളെപ്പറ്റി മഗ്രിബ് വരെ സംസാരിച്ചു. ആ കാര്യം ഹൃദിസ്ഥമാക്കിയവരാണ് ഞങ്ങളില്‍ ഏറ്റവും വലിയ പണ്ഡിതന്മാര്‍. (മുസ്ലിം)
141) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: വല്ലവനും ഗൌളിയെ ആദ്യത്തെ അടിയില്‍ത്തന്നെ കൊന്നുകളഞ്ഞാല്‍ അവന്ന് ഇന്നിന്ന പ്രതിഫലമുണ്ട്. രണ്ടാമത്തെ അടിയിലാണ് കൊന്നതെങ്കില്‍ ആദ്യത്തേതിനേക്കാള്‍ താഴെയുള്ള പ്രതിഫലമുണ്ട്. മൂന്നാമത്തേതിലാണ് കൊന്നതെങ്കിലോ? ഇന്നിന്ന പ്രതിഫലം അവന് ലഭിക്കും. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: വല്ലവനും ആദ്യത്തെ അടിയില്‍തന്നെ ഗൌളിയെ കൊലപ്പെടുത്തിയാല്‍ 100 ഹസനത്ത് അവന് എഴുതപ്പെടും. രണ്ടാമത്തേതിന് അതിന് താഴെയും, മൂന്നാമത്തേതിന് അതിന് താഴെയുള്ള ഹസനത്തും ലഭിക്കും. (മുസ്ലിം)
142) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവര്‍ വെളിക്കിരിക്കുകയോ മൂക്ക് പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവര്‍ കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസംപോലെ (നിഷ്പ്രയാസം അവര്‍ തസ്ബീഹും തഹ്ലീലും നിര്‍വ്വഹിക്കുന്നതാണ്) (മുസ്ലിം)
143) മുഗീറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കല്‍ തന്റെ റബ്ബിനോട് ചോദിച്ചു: സ്വര്‍ഗ്ഗവാസികളില്‍ താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്‍ഗവാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള്‍ അവന്‍ പറയും. നാഥാ! ജനങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില്‍ അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരില്‍ ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല്‍ നീ തൃപ്തിപ്പെടുമോ? അന്നേരം അവന്‍ പറയും: നാഥാ! ഞാന്‍ അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാല്‍ അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാല്‍ ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്‍ഗ്ഗവാസികളില്‍ ആരാണ് ഉന്നതന്മാര്‍? അവന്‍ പറയും: എന്റെ കൈകൊണ്ട് ഞാന്‍തന്നെ പ്രതാപം നട്ടുവളര്‍ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്‍. കണ്ണുകള്‍ക്ക് കാണാനോ കാതുകള്‍ക്ക് കേള്‍ക്കാനോ മനുഷ്യഹൃദയങ്ങള്‍ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്‍ക്കുവേണ്ടി തയ്യാര്‍ ചെയ്തിട്ടുള്ളവ. (മുസ്ലിം)
144) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ചില അങ്ങാടികളുണ്ട്. വെള്ളിയാഴ്ച തോറും ജനങ്ങളവിടെ ചെല്ലും. അന്നേദിവസം വടക്കു നിന്ന് അടിച്ചുവീശുന്ന കാറ്റ് അവരുടെ വസ്ത്രങ്ങളിലും മുഖത്തും മണ്ണുവാരി വിതറും. ഉടനെ അവര്‍ കൂടുതല്‍ സൌന്ദര്യവും കൌതുകവുമുള്ളവരായിത്തീരുന്നു. അവരുടെ ബന്ധുക്കള്‍ അവരോട് പറയും. നിശ്ചയം നിങ്ങള്‍ക്ക് കൂടുതല്‍ സൌന്ദര്യവും സന്തോഷവും ലഭിച്ചിട്ടുണ്ട്. അവര്‍ മറുപടി പറയും. അല്ലാഹുവാണ, ഞങ്ങള്‍ പോയശേഷം നിങ്ങളും സൌന്ദര്യമുള്ളവരും സുമുഖന്മാരുമായി മാറിയിട്ടുണ്ട്. (മുസ്ലിം)
145) അബൂസഈദും(റ) അബൂഹുറയ്റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചുപറയും: നിങ്ങള്‍ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള്‍ എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള്‍ ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം)
146) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗത്തില്‍ നിങ്ങളിലേറ്റവും താഴെ നിലയിലുള്ളവനെപ്പറ്റി അല്ലാഹു ഇപ്രകാരം പറയുന്നതായിരിക്കും. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ ആഗ്രഹിച്ചുകൊള്ളൂ. അപ്പോള്‍ അതും ഇതും അവന്‍ ആഗ്രഹിക്കും. നിനക്ക് ആവശ്യമുള്ളതെല്ലാം നീ ആഗ്രഹിച്ച് കഴിഞ്ഞോ? എന്നവനോട് ചോദിച്ചാല്‍ അവന്‍ അതെ എന്ന് മറുപടി പറയും. തത്സമയം അല്ലാഹു പറയും. നീ ആഗ്രഹിച്ചതും അതിന്റത്രയുള്ളതും നിനക്കുണ്ട്. (മുസ്ലിം)
147) സുഹൈബി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതിനു ശേഷം അല്ലാഹു ചോദിക്കും. കൂടുതല്‍ വല്ലതും നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അന്നേരം അവര്‍ പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതില്‍ കൂടുതല്‍ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല) തല്‍സമയം അല്ലാഹു ഹിജാബിനെ നീക്കം ചെയ്യും. (അപ്പോള്‍ അവര്‍ക്ക് റബ്ബിനെ കാണാന്‍ കഴിയും) തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവര്‍ക്ക് കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം)
നിഷിദ്ധങ്ങള്‍
.
1) ബിലാലി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമുള്ള വാക്ക് സംസാരിക്കും. അതു എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവന്‍ വിചാരിച്ചിട്ടുണ്ടായിരിക്കുകയില്ല. അതുവഴി അല്ലാഹു അന്ത്യനാള്‍വരെ തന്റെ തൃപ്തി അവന് നല്‍കുന്നതാണ്. അപ്രകാരംതന്നെ മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമില്ലാത്തത് സംസാരിക്കുന്നു. അതെന്തുമാത്രം കുറ്റകരമാണെന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. തന്നിമിത്തം അന്ത്യനാള്‍വരെ അല്ലാഹു അവനോട് കോപിക്കുന്നതാകുന്നു. (തിര്‍മിദി)
2) സുഫ്യാനി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി(സ) പറഞ്ഞു: ഇതിനെയാണ്. (തിര്‍മിദി)
3) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ദിക്റ് ചൊല്ലാതെ നിങ്ങള്‍ അധികം സംസാരിക്കരുത്. ദിക്റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളില്‍വെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവന്‍. (തിര്‍മിദി)
4) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും കാലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും രക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി)
5) ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാര്‍ഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിര്‍മിദി)
6) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലര്‍ന്നാല്‍ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങള്‍ക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങള്‍ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിര്‍മിദി)
7) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം)
8) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യോട് ഞാന്‍ പറഞ്ഞു: സഫിയ്യ(റ) യുടെ ഇന്നിന്ന ന്യൂനതതന്നെ മതിയല്ലോ. റിപ്പോര്‍ട്ടര്‍മാരില്‍ ചിലര്‍ പറഞ്ഞു: കുറിയവളാണെന്നതാണ് ആയിശ(റ) ഉദ്ദേശിച്ചത്. നബി(സ) പറഞ്ഞു: കുറ്റകരമായ വാക്കാണ് നീ സംസാരിച്ചത്. സമുദ്രത്തിലെ വെള്ളത്തില്‍ അത് ലയിപ്പിച്ചാല്‍ അതിനെ കലക്കിക്കളയും. ആയിശ(റ) പറഞ്ഞു. നബി(സ)ക്ക് ഞാന്‍ ഒരാളെ ഉദ്ധരിച്ചുകൊടുത്തു. അന്നേരം അവിടുന്ന് പറഞ്ഞു. എനിക്ക് ഇന്നിന്നതൊക്കെ ലഭിക്കുമെങ്കിലും ഒരാളെ ഹികായത്ത് ചെയ്യാന്‍ എനിക്കിഷ്ടമില്ല. (അബൂദാവൂദ്, തിര്‍മിദി)
9) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എനിക്ക് മിഅ്റാജുണ്ടായപ്പോള്‍ ചെമ്പിന്റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാന്‍ നടന്നുപോയി. ഞാന്‍ ചോദിച്ചു: ആരാണവര്‍ ജിബ്രീലേ? ജിബ്രീല്‍ (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവര്‍. (അബൂദാവൂദ്)
10) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: മുസ്ളിമിന്റെ സര്‍വ്വതും മറ്റൊരു മുസ്ളിമിന്ന് നിഷിദ്ധമാണ്. അഥവാ, അവന്റെ രക്തവും അവന്റെ അഭിമാനവും ധനവും. (മുസ്ലിം)
11) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വല്ലവനും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതം വരുത്തുന്നത് തടുത്താല്‍ അന്ത്യദിനത്തില്‍ അവന്റെ മുഖത്തുനിന്ന് അല്ലാഹു നരകാഗ്നിയെതടുക്കുന്നതാണ്. (തിര്‍മിദി)
12) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ ചോദിച്ചു:'അള്ുഹ്' എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏഷണിയാണത്. (മുസ്ലിം) (അപവാദം, അസത്യം എന്നൊക്കെയാണ് അള്ഹിന്റെ ഭാഷാര്‍ത്ഥം)
13) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്റെ അസ്ഹാബികളിലാരും യാതൊന്നും ഒരാളെപ്പറ്റിയും എന്നെ ധരിപ്പിക്കേണ്ട. നിഷ്കളങ്ക ഹൃദയനായി നിങ്ങളുടെ അടുത്തേക്ക് പുറപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (അബൂദാവൂദ്, തിര്‍മിദി)
14) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടത് ഞാന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നവന്‍ കള്ളം പറയുന്നവരില്‍ പെട്ടവന്‍ തന്നെ. (മുസ്ലിം) (കളവാണെന്ന് ബോദ്ധ്യം വന്നത് പ്രചരിപ്പിക്കുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് സാരം)
15) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം)
16) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. അല്ലാഹുവിന്റെ ലഅ്നത്തുണ്ടാകട്ടെ. അവന്റെ കോപമുണ്ടാകട്ടെ. നരകം നിങ്ങള്‍ക്കുണ്ടാകട്ടെ. അന്നിങ്ങനെ നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (അബൂദാവൂദ്, തിര്‍മിദി)
17) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)
18) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്)
19) ഇംറാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം)
20) അബൂബര്‍സത്തി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജനതയുടെ ഏതാനും ചരക്കുമായി ഒട്ടകപ്പുറത്ത് ഒരു സ്ത്രീ വരികയായിരുന്നു: പര്‍വ്വതനിരകളില്‍ ആള്‍ത്തിരക്കേറിയിരുന്നു. നബി(സ) യെ കണ്ടമാത്രയില്‍ അവള്‍ പറഞ്ഞു: 'ഹല്‍' (നടക്കൂ) അല്ലാഹുവേ! നീ അതിനെ ശപിക്കേണമേ! നബി(സ) പറഞ്ഞു: ശപിക്കപ്പെട്ട ഒട്ടകം നമ്മോട് സഹവസിക്കരുത്. (മുസ്ലിം)
21) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പരസ്പരം കുറ്റപ്പെടുത്തുന്നവരുടെ ശിക്ഷ അത് തുടങ്ങിവെച്ചവന്നാണ്. മസ്ലൂം പരിധിലംഘിച്ചിട്ടില്ലെങ്കില്‍. (മുസ്ലിം)
22) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര്‍ സുല്‍ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന്‍ മലക്കുകളോട് ഉത്തരവാകും. (മുസ്ലിം)
23) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചുകളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ നശിപ്പിക്കുന്നത്. (അബൂദാവൂദ്)
24) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: തെറ്റിദ്ധാരണ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങള്‍ ചാരവൃത്തി നടത്തരുത്. പരസ്പരം മത്സരിക്കരുത്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ പ്രവര്‍ത്തനങ്ങളേയോ അല്ല അല്ലാഹു നോക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്ലിം) (ഹൃദയശുദ്ധി, ആത്മാര്‍ത്ഥത, അര്‍പ്പണബോധം മുതലായവയാണ് അല്ലാഹു നോക്കുന്നത്)
25) മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മുസ്ളിംകളുടെ ന്യൂനതകളെ നീ തെരഞ്ഞുപിടിക്കുന്നപക്ഷം അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്കടുപ്പിക്കുകയോ ചെയ്യും. (അബൂദാവൂദ്) (കുറ്റം തെരഞ്ഞുപിടിക്കല്‍ ഒരു ഭരണകര്‍ത്താവിന്റേയും ചുമതലയില്‍ പെട്ടതല്ല)
26) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: (കള്ള് കുടിയനായ) ഒരാള്‍ ഹാജറാക്കപ്പെട്ടു. ഇയാളുടെ താടിയില്‍ നിന്ന് കള്ള് ഇറ്റ് വീഴുന്നു (എന്ന് മറ്റുള്ളവര്‍ പറഞ്ഞു) അദ്ദേഹം പറഞ്ഞു: അന്യരുടെ രഹസ്യങ്ങള്‍ ചികഞ്ഞുനോക്കുന്നത് ഞങ്ങളെ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് വല്ലതും വെളിപ്പെട്ടാല്‍ ഞങ്ങള്‍ അത് കൈക്കൊള്ളും. (അതനുസരിച്ച് ശിക്ഷാനടപടി സ്വീകരിക്കും) (അബൂദാവൂദ്)
27) വാസില(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്‍മിദി)
28) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: മനുഷ്യരിലുള്ള രണ്ടുകാര്യങ്ങള്‍ ജാഹിലിയ്യാ സ്വഭാവങ്ങളാണ്. 1. പാരമ്പര്യത്തെ കുറ്റപ്പെടുത്തല്‍, 2. മരണപ്പെട്ടവന്റെ പേരില്‍ അലറിക്കരയല്‍. (മുസ്ലിം)
29) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: നമുക്കെതിരില്‍ ആയുധങ്ങളേന്തിയവന്‍ നമ്മളില്‍ പെട്ടവനല്ല. അപ്രകാരം നമ്മളെവഞ്ചിച്ചവനും നമ്മളില്‍ പെട്ടവനല്ല. (ഒരു യഥാര്‍ത്ഥ മുഅ്മിനല്ല) (മുസ്ലിം)
30) അബുഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അന്യന്റെ ഭാര്യയേയോ ഉടമയിലുള്ളവനേയോ വഞ്ചിക്കുന്നവന്‍ നമ്മളില്‍ പെട്ടവനല്ല. (അബൂദാവൂദ്)
31) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: എല്ലാ വഞ്ചകര്‍ക്കും അന്ത്യ നാളില്‍ തങ്ങളുടെ മലദ്വാരത്തിങ്കല്‍ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ സ്ഥിതിയനുസരിച്ചായിരിക്കും ആ പതാക ഉയര്‍ത്തപ്പെടുന്നത്. അറിയണം, ഒരു ഭരണ മേധാവിയുടെ വഞ്ചനയേക്കാള്‍ കടുത്തവഞ്ചനയില്ല. (മുസ്ലിം)
32) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം അതിക്രമം കാണിക്കാതെയും പരസ്പരം കിടമത്സരം നടത്താതെയും വിനയത്തോടെ വര്‍ത്തിക്കേണ്ടതാണെന്ന് എനിക്ക് അല്ലാഹു ദൌത്യം നല്‍കിയിരിക്കുന്നു. (മുസ്ലിം)
33) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ആ ജനങ്ങള്‍ നശിച്ചുപോയി എന്ന് വല്ലവരും (പൊങ്ങച്ചത്തോടെ) തട്ടിവിട്ടാല്‍ അവന്‍ തന്നെയായിരിക്കും ജനങ്ങളില്‍വെച്ച് ഏറ്റവും നശിച്ചവന്‍. (മുസ്ലിം)
34) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: അറേബ്യന്‍ ഭൂഖണ്ഡത്തില്‍വെച്ച് മുസ്ളിംകള്‍ തന്നെ ആരാധിക്കുകയില്ല എന്നതിനാല്‍ പിശാച് നിരാശരാണ്. പക്ഷേ, അവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതിലാണവന്‍ (ഏര്‍പ്പെട്ടിട്ടുള്ളത്) (മുസ്ലിം)
35) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂന്ന് ദിവസത്തില്‍ കൂടുതല്‍ തന്റെ സഹോദരനുമായി പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തില്‍ കൂടുതലുള്ള പിണക്കത്തില്‍ മരിച്ചുപോയാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്)
36) ഹദ്റദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. തന്റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാല്‍ അതവന്റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്)
37) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസികള്‍ തമ്മില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാല്‍ അവര്‍ രണ്ടുപേര്‍ക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കില്‍ കുറ്റംകൊണ്ട് അവന്‍ മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്)
38) സുവൈദി(റ)ല്‍ നിന്ന് നിവേദനം: മുഖര്‍റിന്‍ കുടുംബത്തിലെ ഏഴാമത്തവനായിരുന്നു ഞാന്‍. ഒരുപരിചാരികയല്ലാതെ മറ്റു ഭൃത്യന്മാര്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങളില്‍ ചെറിയവന്‍ ഒരിക്കല്‍ അവളുടെ മുഖത്ത് അടിച്ചപ്പോള്‍ അവളെ സ്വതന്ത്രയാക്കാന്‍ നബി(സ) ഞങ്ങളോട് കല്പിക്കുകയുണ്ടായി. (മുസ്ലിം)
39) അബൂമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ എന്റെ ഭൃത്യനെ ചാട്ടവാര്‍ കൊണ്ട് അടിക്കുമായിരുന്നു. ഒരിക്കല്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അബൂമസ്ഊദേ! നീ ഓര്‍ത്തുകൊള്ളണം. ദേഷ്യംകൊണ്ട് ഞാന്‍ ആ ശബ്ദം ശ്രദ്ധിച്ചില്ല. എന്റെ അടുത്തെത്തിയപ്പോള്‍ റസൂല്‍(സ)യായിരുന്നു അത്. ആ സന്ദര്‍ഭത്തില്‍ റസൂല്‍(സ) ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അബൂമസ്ഊദേ! മനസ്സിലാക്കണം, ഈ ഭൃത്യനെ നീ ശിക്ഷിക്കുന്നതിനേക്കാള്‍ ഉപരിയായി നിന്നെ ശിക്ഷിക്കുവാന്‍ ശക്തനാണ് അല്ലാഹു. ഞാന്‍ പറഞ്ഞു: ഇനി മുതല്‍ ഒരിക്കലും ഒരു ഭൃത്യനേയും ഞാന്‍ അടിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നബി(സ) യുടെ ഗാംഭീര്യത്താല്‍ എന്റെ കയ്യില്‍ നിന്ന് ആ ചാട്ടവാര്‍ വീണുപോയി. വേറൊരു റിപ്പോര്‍ട്ടിലുണ്ട്: ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അവനെ ഞാന്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. തല്‍സമയം അവിടുന്ന് പ്രതിവചിച്ചു. അറിഞ്ഞുകൊള്ളുക, നീ ഇത് ചെയ്തിട്ടില്ലെങ്കില്‍ നരകം നിന്നെ കരിച്ചുകളയുമായിരുന്നു. (ഈ റിപ്പോര്‍ട്ടുകളെല്ലാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്)
40) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: വല്ലവനും തന്റെ ദാസനെ അന്യായമായി പ്രഹരിക്കുകയോ മുഖത്തടിക്കുകയോ ചെയ്താല്‍ അവനെ ഇത്ഖ് ചൊല്ലലാണ് അതിന്റെ കഫ്ഫാറത്ത്. (മുസ്ലിം)
41) ഹിശാമി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം വെയിലില്‍ നിറുത്തി തലക്കുമീതെ എണ്ണ ഒഴിക്കപ്പെടുന്ന (സിറിയയിലെ) കുറേ കര്‍ഷകത്തൊഴിലാളികളുടെ അടുക്കല്‍ക്കൂടി നടന്നുപോയി. ഇതെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നികുതി അടക്കാത്തതുകൊണ്ടാണ് അവര്‍ ശിക്ഷിക്കപ്പെടുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. ഹിശാം(റ) പറഞ്ഞു. ഞാന്‍ സാക്ഷ്യം വഹിക്കുന്നു: ദുനിയാവില്‍വെച്ച് മനുഷ്യരെ പീഡിപ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ശിക്ഷിക്കുന്നതാണെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അമീറിന്റെ സവിധത്തില്‍ചെന്ന് ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ അവരെ വെറുതെ വിട്ടേക്കൂ! എന്ന് അദ്ദേഹം (അമീര്‍) പറഞ്ഞു. (മുസ്ലിം)
42) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ചുട്ടുപഴുപ്പിച്ച ഇരുമ്പ് വെച്ച് മുഖം പൊള്ളിച്ച ഒരു കഴുതയെ കണ്ടപ്പോള്‍ റസൂല്‍(സ) അതില്‍ പ്രതിഷേധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മുഖത്തുനിന്നും വളരെ അകന്ന സ്ഥലത്തല്ലാതെ അല്ലാഹുവാണ, ഞാന്‍ ഇനി മുദ്ര ചെയ്യുന്നതല്ല. തന്റെ കഴുതയെ കൊണ്ടുവന്ന് അതിന്റെ ചന്തിയില്‍ ചൂടുവെയ്ക്കാന്‍ അദ്ദേഹം കല്പിച്ചു. ആദ്യമായി ചന്തിയില്‍ ചൂടുവെച്ചത് അദ്ദേഹമാണ്. (മുസ്ലിം)
43) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: മുഖത്ത് ഇരുമ്പുകൊണ്ട് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരുകഴുത നബി(സ) യുടെ സമീപത്തുകൂടി നടന്നുപോയപ്പോള്‍ 'ചുട്ട ഇരുമ്പുകൊണ്ട് അതിനെ മുഖത്തു മുദ്രവെച്ചവനെ അല്ലാഹു ശപിക്കട്ടെ' എന്ന് നബി(സ) പറഞ്ഞു. (മുസ്ലിം)
44) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഒരു യാത്രയില്‍ ഞങ്ങള്‍ റസൂല്‍(സ) യൊന്നിച്ചുണ്ടായിരുന്നു. അവിടുന്ന് വെളിക്കിരിക്കാന്‍ പോയപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു ചുകന്ന പക്ഷിയെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതിന്റെ കുഞ്ഞുങ്ങളെ എടുക്കുമ്പോഴേക്കും ആ പക്ഷി വന്നിട്ട് ഉപരിഭാഗത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി. നബി(സ) തിരിച്ചു വന്നപ്പോള്‍ കുഞ്ഞിന്റെ പേരില്‍ തള്ളയെ ആരാണ് ശല്യപ്പെടുത്തിയത് എന്ന് ചോദിച്ചിട്ട് പറഞ്ഞു: കുഞ്ഞിനെ അതിന് തിരിച്ചുകൊടുക്കൂ! അപ്രകാരം തീയിട്ട് കരിച്ച ഒരു ഉറുമ്പിന്റെ മാളത്തെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ ചോദിച്ചു: ആരാണിത് കരിച്ചത്? ഞങ്ങളാണെന്ന് മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: തീ കൊണ്ട് ശിക്ഷിക്കല്‍ തീയിന്റെ സ്രഷ്ടാവിനല്ലാതെ ഭൂഷണമല്ല. (അബൂദാവൂദ്)
45) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിര്‍മിദിയിലും മറ്റുമുണ്ട്.
46) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കുകാരെ ആവശ്യമില്ലാത്തവനാണ് ഞാന്‍. ശിര്‍ക്ക് ആരെങ്കിലും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ തള്ളിക്കളയുന്നതാണ്. (മുസ്ലിം)
47) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഭൌതികമായ നേട്ടം കരസ്ഥമാക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിദ്യ അഭ്യസിച്ചവന്ന് അന്ത്യദിനത്തില്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും ഏല്‍ക്കാന്‍ സാദ്ധ്യമല്ല. (അബൂദാവൂദ്)
48) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യോട് ചോദിക്കപ്പെട്ടു: ചില നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയും അക്കാരണത്താല്‍ ജനങ്ങള്‍ പ്രശംസിക്കുകയും ചെയ്യുന്നവനെ സംബന്ധിച്ച് അവിടുത്തെ അഭിപ്രായം എന്താണ്? (റിയാഇനുവേണ്ടി പ്രവര്‍ത്തിച്ചവനാകുമോ അവന്‍) അവിടുന്നരുളി. സത്യവിശ്വാസിക്ക് ഇഹത്തില്‍വെച്ച് ലഭിക്കുന്ന സന്തോഷങ്ങളാണ് അവ. (മുസ്ലിം)
49) അബൂത്വല്‍ഹ(റ)യില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കവെ റസൂല്‍(സ) ഞങ്ങളുടെ അടുത്തുവന്നു നിന്ന് ചോദിച്ചു: നിങ്ങളെന്തിന് വഴിവക്കിലിരിക്കുന്നു? നിങ്ങള്‍ അത് വെടിയണം. ഞങ്ങള്‍ പറഞ്ഞു: കുറ്റക്കാരല്ലാത്ത കാര്യത്തിന് വേണ്ടിയാണല്ലോ ഞങ്ങളിവിടെ ഇരിക്കുന്നത്. സംസാരിക്കുവാനും ചര്‍ച്ചചെയ്യുവാനും വേണ്ടിയാണിവിടെ ഇരിക്കുന്നത്. നബി(സ) പറഞ്ഞു: നിങ്ങള്‍ക്ക് ഇരുന്നേ പറ്റുവെങ്കില്‍ നിങ്ങള്‍ വഴിയോടുള്ള ബാദ്ധ്യത നിറവേറ്റണം. നിഷിദ്ധങ്ങളുടെ നേരെ കണ്ണ് ചിമ്മുക, സലാം മടക്കുക, നല്ലത് സംസാരിക്കുക എന്നിവയാണ്. (മുസ്ലിം)
50) ജരീരി(റ)ല്‍ നിന്ന് നിവേദനം: അവിചാരിതമായ നോട്ടത്തെപ്പറ്റി ഒരിക്കല്‍ നബി(സ) യോട് ഞാന്‍ ചോദിച്ചു. അവിടുന്നരുളി. വേഗത്തില്‍ നിന്റെ ദൃഷ്ടി തിരിച്ചുകളയൂ. (മുസ്ലിം)
51) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: മൈമൂന(റ)യുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ഒരിക്കല്‍ റസൂല്‍(സ)യുടെ അടുത്തുണ്ടായിരുന്നു. അന്നേരം ഇബ്നു ഉമ്മിമഖ്തൂം അവിടെ ആഗതനായി. ഹിജാബ് കൊണ്ടുള്ള കല്പനക്കുശേഷമായിരുന്നു. അത്. നബി(സ) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തില്‍ നിന്ന് മറഞ്ഞുനില്‍ക്കൂ! ഞങ്ങള്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളെ കാണാനും മനസ്സിലാക്കാനും കഴിയാത്ത അന്ധനല്ലേ അദ്ദേഹം. നബി(സ) ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും അന്ധരാണോ? നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയുകയില്ലേ? (അബൂദാവൂദ്, തിര്‍മിദി)
52) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഖണ്ഡിതമായി പറഞ്ഞു. പുരുഷന്‍ മറ്റു പുരുഷന്റെ ഔറത്തിലേക്കും സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കാന്‍ പാടില്ല. ഒരേ ഒരു വസ്ത്രത്തില്‍ പുരുഷന്‍ പുരുഷനൊന്നിച്ച് ശയിക്കാന്‍ പാടില്ല. അപ്രകാരം ഒരു സ്ത്രീ സ്ത്രീയൊന്നിച്ച് ശയിക്കലും പാടുള്ളതല്ല. (മുസ്ലിം)
53) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഭടന്മാരുടെ ഭാര്യമാര്‍ ഉമ്മമാരെപ്പോലെ നിഷിദ്ധമാണ്. യുദ്ധത്തിന് പോകാത്തവര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഭടന്‍മാരുടെ കുടുംബത്തില്‍ പ്രതിനിധിയായിട്ട് അവരെ വഞ്ചിച്ചാല്‍ അവന് തൃപ്തിയാകുവോളം വഞ്ചകന്റെ നന്മയില്‍ നിന്ന് പിടിച്ചെടുക്കാന്‍ വേണ്ടി അന്ത്യനാളില്‍ അവനെ കൊണ്ടുവന്ന് നിറുത്തപ്പെടാതിരിക്കില്ല. പിന്നീട് റസൂല്‍(സ) ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞിട്ട് ചോദിച്ചു. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ എന്ത് വിചാരിക്കുന്നു. (ഇഷ്ടാനുസരണം മതിയാകുവോളം അവന്‍ പിടിച്ചെടുക്കുകയില്ലേ?) (മുസ്ലിം)
54) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ത്രീ വേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂല്‍(സ) ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)
55) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചിരിക്കുന്നു. രണ്ട് ഇനം നരകവാസികളുണ്ട്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒന്ന് പശുവിന്റെ വാലുപോലുള്ള വടികളേന്തിക്കൊണ്ട് ജനങ്ങളെ മര്‍ദ്ദിക്കും. മറ്റൊരിനം ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞപോലുള്ള തലയുള്ളവരും ചാഞ്ഞും ചെരിഞ്ഞുകൊണ്ട് നടക്കുന്നവരും അന്യരെ (വ്യഭിചാരത്തിലേക്ക്) ആകര്‍ഷിക്കുന്നവരും നഗ്നകളും (പേരിനുമാത്രം) വസ്ത്രധാരിണികളുമായ സ്ത്രീകളാണ്. സ്വര്‍ഗ്ഗത്തില്‍ അവര്‍ പ്രവേശിക്കുകയോ അതിന്റെ വാസന അവരനുഭവിക്കുകയോ ചെയ്യുകയില്ല. അതിന്റെ വാസനയാണെങ്കിലോ ഇത്രയിത്ര വഴിയകലെ നിന്നുതന്നെ അനുഭവിക്കാന്‍ കഴിയുന്നതാണ്. (മുസ്ലിം)
56) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങള്‍ ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വര്‍ജ്ജിക്കണം). (മുസ്ലിം)
57) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം)
58) ജാബിറി(റ)ല്‍ നിന്ന് നിവേദനം: മക്കാ ഫത്ഹില്‍ അബൂബക്കര്‍ സിദ്ദിഖ്(റ) വിന്റെ പിതാവ് അബൂ ഖുഹാഫ തടവുകാരനായി ഹാജരാക്കപ്പെട്ടു. അന്നേരം തന്റെ തലയും താടിയും വെള്ളവര്‍ണ്ണത്തില്‍ സആമത്തിനോട് തുല്യമായിരുന്നു. റസൂല്‍(സ) പറയുകയുണ്ടായി. നിങ്ങളതിന് ചായം കൊടുക്കൂ! പക്ഷെ, കറുപ്പ് ചായം നിങ്ങള്‍ വെടിയണം. (മുസ്ലിം)
59) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) തലമുടി അല്പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു: മുടി മുഴുവനും കളയുകയോ മുഴുവനും ഉപേക്ഷിക്കുകയോ ചെയ്യണം. (അബൂദാവൂദ്)
60) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: (ജഅ്ഫറിന്റെ മരണാനന്തരം) സന്തതികള്‍ക്ക് കരയാന്‍ നബി(സ) മൂന്ന് ദിവസംവരെ താമസം നല്‍കിയിരുന്നു. പിന്നീട് അവരുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു: ഈ ദിവസത്തിനുശേഷം എന്റെ സഹോദരന്റെ (ജഅ്ഫറിന്റെ) പേരില്‍ നിങ്ങള്‍ കരയരുത്. എന്റെ സഹോദരന്റെ മക്കളെ ഇങ്ങോട്ട് വിളിക്കൂ. അങ്ങനെ ഞങ്ങള്‍ ആഗതരായി. ഞങ്ങളപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സമാനമായിരുന്നു. അവിടുന്ന് പറഞ്ഞു: ക്ഷുരകനെ വിളിക്കൂ. നബി(സ) യുടെ ആജ്ഞയനുസരിച്ച് അയാള്‍ ഞങ്ങളുടെ തല (മുടി) വെട്ടിക്കളഞ്ഞു. (അബൂദാവൂദ്)
61) അലി(റ)യില്‍ നിന്ന് നിവേദനം: സ്ത്രീ തലമുടി കളയുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. (നസാഈ)
62) അംറൂബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്ന് (ശുഐബില്‍ നിന്നും) അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ നര പറിച്ചുനീക്കരുത്. അന്ത്യ ദിനത്തില്‍ മുസ്ളിമിന്റെ പ്രകാശമാണത്. (അബൂദാവൂദ്, തിര്‍മിദി)
63) ആയിശ(റ)യില്‍ നിന്ന് നിവേദനം: നമ്മുടെ അനുവാദില്ലാതെ വല്ലതും പ്രവര്‍ത്തിച്ചാല്‍ മര്‍ദൂദാണ്. (അല്ലാഹുവിങ്കല്‍ അസ്വീകാര്യമാണ്) (മുസ്ലിം)
64) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാര്‍ പൊട്ടിയാല്‍ അത് ശരിയാക്കാതെ മറ്റേ ചെരുപ്പില്‍ മാത്രം നടക്കരുത്. (മുസ്ലിം)
65) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നിന്നു കൊണ്ട് ചെരുപ്പ് ധരിക്കല്‍ റസൂല്‍(സ) നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്)
66) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ പാത്രം അടച്ചുവെക്കുകയും തോല്‍പാത്രം കെട്ടിവെക്കുകയും വിളക്ക് അണക്കുകയും ചെയ്യണം. അപ്പോള്‍ തോല്‍പാത്രം കെട്ടഴിക്കാനോ വാതില്‍ തുറക്കാനോ പാത്രം തുറക്കാനോ പിശാചിന് ഒരിക്കലും സാദ്ധ്യമല്ല. ബിസ്മിചൊല്ലി പാത്രത്തിന്‍മേല്‍ ഒരുകൊള്ളി എടുത്തുവെക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെങ്കിലോ? അവന്‍ അത് ചെയ്തുകൊള്ളട്ടെ. കാരണം, വീട്ടുകാരുള്‍പ്പെടെ ഭവനത്തെ എലി അഗ്നിക്കിരയാക്കിത്തീര്‍ക്കും. (മുസ്ലിം)
67) അബൂമാലികി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ ) പറഞ്ഞു: അലറിക്കരയുമ്പോള്‍ തന്റെ മരണത്തിനുമുമ്പെ പശ്ചാത്തപിച്ചുമടങ്ങിയിട്ടില്ലെങ്കില്‍, കത്രാന്‍ കൊണ്ടുള്ള ഒരുകുപ്പായവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം വസ്ത്രവും ധരിപ്പിച്ചുകൊണ്ട് അന്ത്യനാളില്‍ അവളെ നിറുത്തപ്പെടുന്നതാണ്. (മുസ്ലിം)
68) ബൈഅത്തില്‍ പങ്കെടുത്ത ഒരു സ്ത്രീയില്‍ നിന്ന് ഉസൈദ്(റ) നിവേദനം ചെയ്യുന്നു: അവര്‍ പറഞ്ഞു. (ആപല്‍ഘട്ടത്തില്‍) മുഖം മാന്തിപ്പൊളിക്കുകയോ ആപത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയോ കുപ്പായക്കഴുത്ത് കീറിപ്പൊളിക്കുകയോ മുടി പാറിപ്പറത്തുകയോ ചെയ്യുകയില്ലെന്ന് ഞങ്ങള്‍ റസൂല്‍(സ) യോട് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്. (അബൂദാവൂദ്)
69) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു: ഏതെങ്കിലും ഒരാള്‍ മരണപ്പെട്ടതിന്റെ പേരില്‍ വാജബലാ! വാസയ്യിദാ അന്നിങ്ങനെ വിലപിച്ചാല്‍ രണ്ട് മലക്കിന് അവനെ ഏല്‍പിക്കപ്പെടും. അവര്‍ കഠിനമായി മര്‍ദ്ദിച്ചുകൊണ്ട് അവനോട് ചോദിക്കും. നീ ഇപ്രകാരമായിരുന്നോ? (തിര്‍മിദി)
70) സഫിയ്യ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജ്യോത്സ്യന്റെ അടുത്തുചെന്ന് അവന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നവന്റെ നാല്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം)
71) ഖബീസ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍(സ) പറഞ്ഞു കേട്ടു: ഇയാഫത്തും (വരശ്ശകുനം) ത്വിയറത്തും (ദുശ്ശകുനം) ത്വര്‍ഖും (പക്ഷിശകുനം) പൈശാചികമാണ്. (അബൂദാവൂദ്)
72) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും രാശി നോക്കുന്നവിദ്യ കരസ്ഥമാക്കിയാല്‍ സിഹറില്‍ പെട്ട ഒരു ഇനം അവന്‍ കരസ്ഥമാക്കി. കൂടുതല്‍ അവനത് അഭ്യസിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ സിഹ്റും കൂടുതല്‍ അഭ്യസിച്ചവനായി. (അബൂദാവൂദ്)
73) ഉര്‍വ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യുടെ സന്നിധിയില്‍ ത്വിയറത്തിനെ (ശകുനത്തെ) പറ്റി പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: അതില്‍വെച്ച് ഏറ്റവും നല്ലത് ശുഭലക്ഷണമാണ്. മുസ്ളിമിനെ (തന്റെ ലക്ഷ്യത്തില്‍ നിന്ന്) അത് തടുക്കുകയില്ല. ഇനി നിങ്ങളാരെങ്കിലും തനിക്കിഷ്ടമില്ലാത്തത് കണ്ടാല്‍ അവന്‍ പറഞ്ഞുകൊള്ളട്ടെ. അല്ലാഹുവേ, നീയല്ലാതെ നന്മ കൊണ്ടുവരുന്നില്ല. നീയല്ലാതെ തിന്മ തടുക്കുന്നില്ല. പാപങ്ങളില്‍ നിന്ന് പിന്മാറാനും ഇബാദത്തിനുമുള്ള കഴിവ് നിന്നില്‍ നിന്ന് മാത്രമാണ്. (അബൂദാവൂദ്)
74) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യുടെ അടുത്ത് ചെല്ലാമെന്ന് ജിബ്രീല്‍ (അ) വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും പറഞ്ഞ സമയത്ത് ചെല്ലുകയുണ്ടായില്ല. ആയിശ(റ) പറഞ്ഞു: നബി(സ) യുടെ കയ്യിലുണ്ടായിരുന്ന വടി (താഴെ) ഇട്ടുകൊണ്ട് അല്ലാഹുവും പ്രവാചകനും കരാര്‍ ലംഘിക്കുകയില്ല. എന്ന് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോള്‍ കട്ടിലിന്നു താഴെ ഒരു നായക്കുട്ടി. അവിടുന്ന് ചോദിച്ചു. എപ്പോഴാണ് ഈ നായക്കുട്ടി ഇവിടെ കടന്നുവന്നത്? ഞാന്‍ പറഞ്ഞു: അല്ലാഹുവാണ, എനിക്കറിയില്ല. ഉടനെ അവിടുത്തെ ഉത്തരവ് പ്രകാരം അതിനെ എടുത്തുമാറ്റിയപ്പോള്‍ ജിബ്രീല്‍ (അ) കടന്നുവന്നു. നബി(സ) ചോദിച്ചു: നിങ്ങള്‍ വാഗ്ദത്തം ചെയ്തതനുസരിച്ച് ഞാന്‍ ഇവിടെ കാത്തിരുന്നു. നിങ്ങള്‍ വന്നില്ല. ജിബ്രീല്‍ (അ) പറഞ്ഞു: അങ്ങയുടെ വീട്ടിലെ നായ മൂലമാണ് ഞാന്‍ വരാതിരുന്നത്. നിശ്ചയം, നായയും രൂപവുമുള്ള വീട്ടില്‍ ഞങ്ങള്‍ പ്രവേശിക്കുകയില്ല. (മുസ്ലിം)
75) ഹയ്യാനി(റ)ല്‍ നിന്ന് നിവേദനം: അലി(റ) എന്നോട് പറഞ്ഞു: റസൂല്‍(സ) എന്നെ നിയോഗിച്ച ലക്ഷ്യത്തില്‍ നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയര്‍ന്ന ഖബറ് തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം)
76) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നായയും കിങ്കിണിയും കൂടെയുള്ള ഒരു യാത്രാസംഘത്തില്‍ മലക്കുകള്‍ സഹവസിക്കുകയില്ല. (മുസ്ലിം)
77) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മണി പിശാചിന്റെ പുല്ലാങ്കുഴലാണ്. (അബൂദാവൂദ്)
78) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കാഷ്ഠം ഭക്ഷിക്കുന്ന ഒട്ടകത്തിന്മേല്‍ സവാരിചെയ്യല്‍ നബി(സ) നിരോധിച്ചിരുന്നു. (അബൂദാവൂദ്)
79) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)
80) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍ അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം, പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം)
81) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ വെച്ച് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി)
82) ബുറൈദ(റ) വില്‍ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം തരിക? ഉടനെ റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം, ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം)
83) അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി)
84) ഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച ഖുത്തുബയില്‍ അദ്ദഹം പ്രസംഗിച്ചു: ജനങ്ങളേ! നിങ്ങള്‍ ഈ രണ്ട് ചെടി ഭക്ഷിക്കുന്നു. അവ രണ്ടും ചീത്തയായിട്ടാണ് ഞാന്‍ കാണുന്നത്. അഥവാ ചുവന്നുള്ളിയും വെള്ളുള്ളിയും. പള്ളിയില്‍വെച്ച് അതിന്റെ വാസന ആരില്‍ നിന്നെങ്കിലും നബി(സ) ക്കെത്തിയാല്‍ അവിടുത്തെ നിര്‍ദ്ദേശമനുസരിച്ച് ബഖീഇ (ശ്മശാനത്തി) ലേക്ക് അവനെ പുറംതള്ളുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അവ ആരെങ്കിലും തിന്നുന്നപക്ഷം അവന്‍ പുഴുങ്ങി ദുര്‍ഗന്ധം അകറ്റിക്കൊള്ളട്ടെ. (മുസ്ലിം)
85) മുആദി(റ)ല്‍ നിന്ന് നിവേദനം: ഇമാം പ്രസംഗിക്കുമ്പോള്‍ മുട്ടുകെട്ടി ഇരിക്കല്‍ റസൂല്‍(സ) നിരോധിച്ചിട്ടുണ്ട്. ഉറക്കവും അലസതയും എളുപ്പത്തില്‍ നേരിടുന്നതുകൊണ്ടാണ് അത് നിരോധിച്ചത്. (അബൂദാവൂദ്, തിര്‍മിദി)
86) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അറുത്തുകൊടുക്കാനുള്ള മൃഗം വല്ലവരുടേയും പക്കലുങ്കിെല്‍ ദുല്‍ഹജ്ജ് മാസത്തില്‍ അവന്‍ ബലിചെയ്യുന്നതുവരെ സ്വന്തം മുടിയും നഖവും നീക്കംചെയ്യാന്‍ പാടില്ല. (മുസ്ലിം)
87) അബ്ദുര്‍റഹ്മാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം)
88) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മതനടപടികള്‍കൊണ്ട് സത്യം ചെയ്യുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല. (അബൂദാവൂദ്)
89) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഞാന്‍ ഇസ്ളാമില്‍ നിന്ന് തെറ്റിയവനാണ് എന്ന് സത്യം ചെയ്തു. അവന്‍ പറഞ്ഞതോ കള്ളമാണുതാനും, എങ്കില്‍ അവന്‍ പറഞ്ഞതുപോലെ തന്നെയായിരിക്കും. ഇനി സത്യവാനാണെങ്കില്‍ തന്നെ സുരക്ഷിതമായി ഇസ്ളാമിലേക്ക് അവന്‍ മടങ്ങി വരികയില്ല. (അബൂദാവൂദ്)
90) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള്‍ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്‍(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്‍മിദി)
91) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താല്‍ അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം)
92) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഒരു കാര്യത്തില്‍ സത്യം ചെയ്യുകയും അതല്ലാത്തത് അതിനേക്കാള്‍ ഉത്തമമായി കാണുകയും ചെയ്താല്‍ അവന്‍ സത്യത്തിന് കഫ്ഫാറത്ത് കൊടുക്കുകയും നന്മയുള്ളത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം)
93) ഖത്താദ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)
94) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗമല്ലാത്ത മറ്റൊന്നും അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിക്കാന്‍ പാടില്ല. (അബൂദാവൂദ്)
95) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ പേരില്‍ വല്ലവനും കാവലപേക്ഷിച്ചാല്‍ നിങ്ങളവന് അഭയം നല്‍കണം. അപ്രകാരംതന്നെ അല്ലാഹുവിന്റെ പേരില്‍ വല്ലവനും ചോദിച്ചാല്‍ അവന് നിങ്ങള്‍ ദാനം കൊടുക്കണം. നിങ്ങളെവല്ലവരും ക്ഷണിച്ചാല്‍ നിങ്ങള്‍ ഉത്തരം ചെയ്യണം. നിങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ തുല്യമായി എന്ന് നിങ്ങള്‍ക്ക് ബോധ്യം വരുവോളം നിങ്ങള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണം. (അബൂദാവൂദ്, നസാഈ)
96) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുനാഫിഖിനെ 'സയ്യിദ് ' എന്ന് നിങ്ങള്‍ അഭിസംബോധന ചെയ്യരുത്. കാരണം, യഥാര്‍ത്ഥത്തില്‍ അവന്‍ ഒരു നേതാവാണെങ്കില്‍ (നിങ്ങള്‍ അവനെ ബഹുമാനിക്കുന്നതിന്റെ പേരില്‍) തങ്ങളുടെ റബ്ബിനെ നിങ്ങള്‍ ദേഷ്യപ്പെടുത്തുകയാണ്. (അബൂദാവൂദ്)
97) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍(സ) ഒരിക്കല്‍ ഉമ്മുസ്സാഇബിന്റെ അടുത്തോ ഉമ്മുല്‍മുസയ്യിബിന്റെ അടുത്തോ കടന്നുചെന്ന് ചോദിച്ചു: ഉമ്മുസ്സാഇബേ, അല്ലെങ്കില്‍ ഉമ്മുല്‍മുസയ്യിബേ, നിനക്കെന്തുപറ്റി, വിറക്കുന്നല്ലോ? അവര്‍ പറഞ്ഞു: പനി പിടിപെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ) പറഞ്ഞു: നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയം അത് ഉല ഇരുമ്പിന്റെ തുരുമ്പ് നീക്കം ചെയ്യുന്നതുപോലെ മനുഷ്യരുടെ പാപങ്ങളെ നീക്കം ചെയ്യും. (മുസ്ലിം)
98) ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങള്‍ക്ക് വിഷമമുള്ള കാറ്റ് കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില്‍ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടര്‍ന്നുണ്ടാകുന്ന നന്മയും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ള നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിന്റെ ഉപദ്രവത്തില്‍ നിന്നും അതി നാലുണ്ടാകാവുന്നതിന്റെ ഉപദ്രവത്തില്‍ നിന്നും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തില്‍ നിന്നും ഞങ്ങള്‍ നിന്നോട് രക്ഷതേടുന്നു. (തിര്‍മിദി)
99) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്)
100) സൈദുബ്നു ഖാലിദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ കോഴിയെ ചീത്തപറയരുത്. നമസ്കാരത്തിനുവേണ്ടി അത് വിളിച്ചുണര്‍ത്തും. (അബൂദാവൂദ്)
101) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. (നസബിനെ) കുറ്റപ്പെടുത്തുന്നവനും ധാരാളം ശപിക്കുന്നവനും ചീത്ത പറയുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി)
102) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ദു:ഖ സ്വഭാവിയെ ആ സ്വഭാവം വഷളാക്കാതിരിക്കില്ല. ലജ്ജയുള്ളവന് അത് അലങ്കാരമാവാതിരിക്കുകയുമില്ല. (തിര്‍മിദി)
103) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മുത്നത്വിഉകള്‍ (കെട്ടിച്ചമച്ച് സംസാരിക്കുന്നവര്‍) നശിക്കട്ടെ. മൂന്നുപ്രാവശ്യം നബി അതാവര്‍ത്തിച്ചു. (മുസ്ലിം)
104) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും. (അബൂദാവൂദ്, തിര്‍മിദി) (സാഹിത്യകാരനാണെന്ന് അഭിനയിച്ചുകൊണ്ട് സംസാരിക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല)
105) വാഇലി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു നിങ്ങള്‍ (മുന്തിരിങ്ങക്ക്) കറമ് എന്ന് പറയരുത്. ഇനബ് എന്നോ ഹബ്ലത്ത് എന്നോ ആണ് പറയേണ്ടത്. (മുസ്ലിം)
106) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചത് എന്ന് പറയരുത്. അല്ലാഹു ഉദ്ദേശിച്ചതിന് ശേഷം ഇന്ന വ്യക്തി ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ക്ക് പറയാം. (അബൂദാവൂദ്)
107) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഭക്ഷണം ഹാജറുള്ളപ്പോഴോ, മലമൂത്ര വിസര്‍ജ്ജനത്തിന് മുട്ടുമ്പോഴോ (പരിപൂണ്ണമായ) സമസ്കാരമില്ല. (മുസ്ലിം)
108) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നമസ്കാരത്തില്‍ തിരിഞ്ഞുനോക്കുന്നത് നിങ്ങള്‍ സൂക്ഷിക്കണം. നമസ്കാരത്തില്‍ തിരിഞ്ഞുനോക്കല്‍ നാശത്തിന് കാരണമാണ്. അങ്ങനെ തിരിഞ്ഞുനോക്കിയേ കഴിയൂ എങ്കില്‍ സുന്നത്ത് നമസ്കാരത്തിലാവാം. ഫര്‍ള് നമസ്കാരത്തിലത് പറ്റുകയില്ല. (തിര്‍മിദി)
109) അബൂമര്‍സദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിന്‍മുകളില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)
110) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാല്‍ (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫര്‍ളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം)
111) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ രാത്രിയുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്കരിക്കുകയോ ദിവസങ്ങളുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പനുഷ്ഠിക്കുകയോ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഓരോരുത്തരും നോറ്റു പോരുന്നനോമ്പുമായി അതൊത്തുകൂടിയാലൊഴികെ. (മുസ്ലിം)
112) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്റെമേല്‍ ഇരിക്കുന്നതിനേക്കാള്‍ ഉത്തമം. (മുസ്ലിം)
113) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഖബര്‍ ചെത്തിത്തേക്കുന്നതും അതിന്റെമേല്‍ ഇരിക്കുന്നതും അതിന്റെ മേല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം)
114) ജരീറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ല അടിമയും സയ്യിദിന്റെ അനുവാദം കൂടാതെ ഒളിച്ചോടിപ്പോകുന്നപക്ഷം അല്ലാഹുവിന്റെ സംരക്ഷണ ഉത്തരവാദിത്തം അവ നില്‍ നിന്ന് ഒഴിവാകുന്നതാണ്. (മുസ്ലിം)
115) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ശാപം ഏല്‍ക്കുന്ന രണ്ടുകാര്യം നിങ്ങള്‍ സൂക്ഷിക്കണം. അവര്‍ ചോദിച്ചു: ഏതാണ് ആ രണ്ട് കാര്യം? അവിടുന്ന് പറഞ്ഞു: ജനങ്ങളുടെ വഴിയിലും അവരുടെ നിഴലിലും വിസര്‍ജ്ജനം ചെയ്യലാണവ. (മുസ്ലിം)
116) ജാബിറി(റ)ല്‍ നിന്ന് നിവേദനം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ നബി(സ) നിരോധിച്ചിരിക്കുന്നു . (മുസ്ലിം)
117) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരില്‍ വിവാഹാലോചന നടത്തരുത്. അവന്‍ വേണ്െടന്ന് വെച്ചാല്‍ ഒഴികെ. (മുസ്ലിം)
118) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു . (മുസ്ലിം))
119) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു . (അബൂദാവൂദ്, തിര്‍മിദി)
120) അബൂശ്ശഹ്സാഇ(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അബൂഹുറയ്റ(റ) യോടൊപ്പം ഞങ്ങള്‍ പള്ളിയില്‍ ഇരിക്കവെ മുഅദ്ദിന്‍ ബാങ്ക് വിളിച്ചു. തദവസരം ഒരാള്‍ എഴുന്നേറ്റു നടന്നു. അയാള്‍ പള്ളിയില്‍ നിന്ന് പുറത്തു പോകുവോളം അബൂഹുറയ്റ അയാളെ ഉറ്റു നോക്കിയിട്ട് പറഞ്ഞു: ഇദ്ദേഹം അബുല്‍ഖാസിമി(സ) നോട് വിപരീതം ചെയ്തിരിക്കുന്നു . (മുസ്ലിം)
121) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും യര്‍ജാന്‍ കാണിക്കപ്പെട്ടാല്‍ അവന്‍ അത് തിരസ്കരിക്കരുത്. നിശ്ചയം, അത് ഘനമില്ലാത്തതും സുഗന്ധമുള്ളതുമാകുന്നു. (മുസ്ലിം)
122) മിഖ്ദാദി(റ)ല്‍ നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍(റ) വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്(റ) തന്റെ കാല്‍മുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരല്‍പ്പൊടി വാരി എറിയാന്‍ തുടങ്ങി . തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാന്‍(റ) ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍(സ) പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)
123) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ ചെന്താമരവര്‍ണ്ണം മുക്കിയ വസ്ത്രം ധരിച്ചത് നബി(സ) കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു: ഇത് നിന്റെ മാതാവാണോകല്‍പ്പിച്ചത്? ഞാനത് കഴുകട്ടെയോ? എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അത് കരിച്ചുകളയൂ! മറ്റൊരു റിപ്പോര്‍ട്ടിലുണ്ട് . നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം) ലുണ്ട്. നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം)
124) അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ) യില്‍ നിന്ന് ഞാന്‍ ഹൃദിസ്ഥമാക്കി: ഇന്ദ്രിയസ്ഖലനത്തിന് (പ്രായപൂര്‍ത്തിക്ക്) ശേഷം അനാഥത്ത്വമില്ല. പകല്‍ മുഴുവനും മൌനം പാലിക്കാന്‍ പാടില്ല. (അബൂദാവൂദ്)
Subscribe to:
Posts (Atom)