..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 13 December 2016

ഇമാം മാലിക്‌ (റ)

 (ഹിജ്‌റ 93-179)
അബൂഅബ്‌ദില്ലാ മാലിക്‌ബ്‌നു അനസ്‌ എന്നാണ്‌ മുഴുവന്‍പേര്‍. മദീനയില്‍ ജനിച്ചു. മരിച്ചതും അവിടത്തന്നെ. ഇമാമുല്‍ മദീന എന്നും ഇമാം മാലിക്‌ അറിയപ്പെടുന്നു. ഇമാം മുഹമ്മദ്‌ബ്‌നു അബ്‌ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശിഈ കലാപത്തോടെയാണ്‌ ഇമാം മാലിക്‌ ശ്രദ്ധേയനാകുന്നത്‌. മുഹമ്മദിനെയും ഇബ്രാഹീമിനെയും പിടിച്ചുകൊണ്ടുവരാന്‍ ഖലീഫ മന്‍സൂര്‍ ഇമാം മാലികിന്‌ കല്‍പ്പനയയച്ചു. ഇവരുടെ പിതാവ്‌ അബ്‌ദുല്ലയെ നേരത്തെത്തന്നെ ഖലീഫയുടെ ആള്‍ക്കാര്‍ പിടികൂടിയിട്ടുണ്ടായിരുന്നു. നീതീകരണമില്ല എന്ന്‌ തനിക്ക്‌ തോന്നിയ ഖലീഫയുടെ ഈ കല്‍പന ഇമാം മാലിക്‌ സ്വീകരിച്ചില്ല. മാത്രമല്ല ഹി:145ല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മദീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മദീന അദ്ദേഹത്തിന്റെ കീഴിലായി. തുടര്‍ന്ന്‌ ഖലീഫ മന്‍സൂറിന്‌ നല്‍കിയ ബൈഅത്തില്‍ നിന്ന്‌ ഇമാം മാലിക്‌ അടക്കം നഗരത്തിലെ ഭൂരിഭാഗം പേരും ഒഴിഞ്ഞു. വിപ്ലവം ഒടുവില്‍ പരാജയപ്പെട്ടു. ഇമാം മാലിക്‌ മദീനയില്‍ തടവിലായി. അദ്ദേഹം കഠിനമായി മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയനായി. 85-ാം വയസ്സില്‍ തടവില്‍ കിടന്ന്‌ തന്നെ അദ്ദേഹം മരിച്ചു. 
ആദ്യത്തെ ഹദീസ്‌ സമാഹാരമായ `മുവത്ത്വ' ആണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം. കൂടാതെ `അര്‍റദ്ദു അലല്‍ക്വദരിയ്യ' `അര്‍റിസാലതുര്‍റശീദ്‌, അല്‍മുദവ്വനതുല്‍കുബ്‌റാ' എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌.

ഇമാം അബൂഹനീഫ (റ)

(ഹിജ്‌റ: 80-150)
നുഅ്‌മാനുബ്‌നുഥാബിത്‌ എന്നാണ്‌ യഥാര്‍ത്ഥ നാമം. കൂഫയില്‍ ജനിച്ചു. ദീര്‍ഘായുസ്സുകളായ ചില സ്വഹാബിമാരെ കണ്ടിട്ടുണ്ട്‌. താബിഉകളില്‍ നിന്നും ജഅ്‌ഫറുസ്സ്വാധിക്വില്‍ നിന്നും വിദ്യ അഭ്യസിച്ചു. സമ്പന്നനായ ഒരു കച്ചവടക്കാരനായിരുന്ന അബൂഹനീഫ ഉദാത്തസ്വഭാവത്തിന്നുടമയായിരുന്നു. തന്റെ സമ്പത്ത്‌ വിജ്ഞാനതല്‍പരരായ തന്റെ ശിഷ്യന്മാര്‍ക്ക്‌ വേണ്ടി അദ്ദേഹം ചിലവഴിച്ചിരുന്നു. കച്ചവടത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന സത്യസന്ധത പ്രസിദ്ധമാണ്‌.
അബൂഹനീഫയുടെ ശിഷ്യന്മാരില്‍ പരമദരിദ്രനായ മുഹമ്മദ്‌ എന്ന ഒരാളുണ്ടായിരുന്നു. ഒരിക്കല്‍ പിതാവ്‌ വന്ന്‌ മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം മകനോട്‌ പറഞ്ഞു: ``അബൂഹനീഫ പണക്കാരനാണ്‌. സമയം മുഴുവന്‍ പഠിച്ചുകൊണ്ടിരിക്കാന്‍ അദ്ദേഹത്തിന്‌ പ്രയാസമില്ല. പക്ഷെ നീ പാവപ്പെട്ടവനാണ്‌. പഠിപ്പില്‍ മാത്രം കഴിഞ്ഞ്‌ കൂടിയാല്‍ നിനക്ക്‌ കഷ്‌ടപ്പെടേണ്ടിവരും.' കുറച്ച്‌ ദിവസം കഴിഞ്ഞ്‌ വീണ്ടും ക്ലാസില്‍ വന്ന മുഹമ്മദിനോട്‌ ഇമാം വിവരങ്ങള്‍ തിരക്കി. കാര്യം മനസ്സിലാക്കിയ അദ്ദേഹം അവന്‌ ഒരു പണക്കിഴി നല്‍കി. അത്‌ തീര്‍ന്നാല്‍ വീണ്ടും വന്ന്‌ വാങ്ങണമെന്നും പറഞ്ഞു. ഇദ്ദേഹമാണ്‌ പിന്നീട്‌ ഇമാം മുഹമ്മദ്‌ എന്ന പേരില്‍ പ്രസിദ്ധനായത്‌. 
കര്‍മ്മശാസ്‌ത്രത്തില്‍ അബൂഹനീഫ ക്രോഡീകരിച്ച ഒരു പ്രസിദ്ധ ഗ്രന്ഥമാണ്‌. `അല്‍ഫിക്വ്‌ഹുല്‍ അക്‌ബര്‍'. `മുസ്‌നദു അബീഹനീഫ' യാണ്‌ അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം. അദ്ദേഹം പറഞ്ഞുകൊടുത്ത ഈ ഹദീസ്‌ സമാഹാരം ശിഷ്യന്‍മാരാണ്‌ ഗ്രന്ഥരൂപത്തില്‍ ആക്കിയത്‌. 
ഇമാമിന്റെ ശിഷ്യനായ മുഹമ്മദ്‌ബ്‌നുല്‍ഹസന്‍ അശ്ശൈബാനിയുടെ `അല്‍ജാമിഉല്‍കബീര്‍', `അല്‍ജാമിഉസ്സ്വഗീര്‍' എന്നിവയും മറ്റൊരു ശിഷ്യനായ അബൂയൂസുഫിന്റെ `കിതാബുല്‍ഖറാജ്‌' `അര്‍റദ്ദു അലാ സിയരില്‍ ഔസാഈ' `ഇഖ്‌തിലാഫു അബീഹനീഫ വബ്‌നി അബീലൈലാ, `അദബുല്‍ക്വാദീ', `അര്‍റദ്ദു അലാ മാലിക്‌ബ്‌നി അനസ്‌' എന്നിവ ഹനഫീ മദ്‌ഹബിലെ ആധികാരിക ഗ്രന്ഥങ്ങളാണ്‌.
ഇറാഖാണ്‌ ഹനഫീമദ്‌ഹബിന്റെ പ്രഭവ കേന്ദ്രം. അബ്ബാസിയാ കാലത്ത്‌ ഔദ്യോഗിക മദ്‌ഹബ്‌ ഇതായിരുന്നു. ഉഥ്‌മാനിയ സാമ്രാജ്യത്തിലെ ന്യായാധിപ സ്ഥാപനങ്ങളാല്‍ അലങ്കരിച്ചത്‌ ഇസ്‌തംബൂളില്‍ (തുര്‍ക്കി) നിന്നുള്ള ഹനഫീ പണ്ഡിതന്മാരായിരുന്നു. ഉഥ്‌മാനിയാ ആധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളില്‍ മിക്കതിലും ഇപ്പോഴും ഹനഫീ മദ്‌ഹബിന്നാണ്‌ പ്രാധാന്യം. മദ്ധ്യേഷ്യയിലും, ഇന്ത്യയിലും, ഈജിപ്‌തിലും ഹനഫീ മദ്‌ഹബ്‌ പ്രബലമാണ്‌. 
കൂഫയില്‍ കച്ചവടത്തിനും അധ്യാപനത്തിനും ഫത്‌വ നല്‍കുന്നതിനുമായി ഇമാം അബൂഹനീഫ കഴിച്ചുകൂട്ടി. ഖലീഫാ മന്‍സൂര്‍ അദ്ദേഹത്തെ ന്യായാധിപ സ്ഥാനത്തേക്ക്‌ ക്ഷണിച്ചു. ആക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തെ മന്‍സൂര്‍ ജയിലിലടച്ചു. എല്ലാദിവസവും അദ്ദേഹത്തെ ചാട്ടവാര്‍ അടിക്ക്‌ വിധേയനാക്കി. അങ്ങനെ ജയിലില്‍തന്നെ അദ്ദേഹം മരണമടഞ്ഞു. കര്‍മ്മശാസ്‌ത്രവിജ്ഞാന ശാഖയെ വിഭാഗങ്ങളായും അധ്യായങ്ങളായും തിരിച്ചത്‌ അദ്ദേഹമായിരുന്നു.

മദ്‌ഹബുകള്‍

മക്കാവിജയത്തെത്തുടര്‍ന്ന്‌ പല നാട്ടുകാരും വിവിധ ഗോത്രക്കാരും കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്‌ വന്നുകൊണ്ടിരുന്നു. അവര്‍ക്ക്‌ ഇസ്‌ലാമിക ശിക്ഷണം നല്‍കുന്നതിനും ഭരണ നടത്തിപ്പിനുമായി പല സഹാബി വര്യന്‍മാരെയും നബി(സ) അത്തരം പ്രദേശങ്ങളിലേക്ക്‌ അയച്ചുകൊടുത്തു.
നബി (സ) ക്ക്‌ ശേഷം സ്വഹാബികളുടേയും തുടര്‍ന്നുവന്ന ഭരണ കര്‍ത്താക്കളുടേയും കാലഘട്ടത്തില്‍ മുസ്‌ലിം സാമ്രാജ്യത്തിന്റെ വിസ്‌തൃതി വര്‍ദ്ധിച്ചു. നിരവധി നാട്ടുകാരും വിഭാഗക്കാരും വിഭിന്ന ഗോത്രങ്ങളും ഇസ്‌ലാം ആശ്ലേഷിച്ചു. അവര്‍ക്കൊക്കെ ഇസ്‌ലാമിനെക്കുറിച്ച്‌ കേട്ടുകേള്‍വിയില്‍ കവിഞ്ഞ അറിവൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ഭരണകര്‍ത്താക്കള്‍ പണ്ഡിതന്‍മാരെ ഇത്തരം നാടുകളിലേക്കും ഗോത്രങ്ങളിലേക്കും അയച്ചുകൊടുത്തു. മുമ്പ്‌ നബി തിരുമേനി (സ) ചെയ്‌തിരുന്നതുപോലെത്തന്നെ.
ഉദാഹരണമായി, ഉമര്‍ (റ) കൂഫക്കാര്‍ക്കെഴുതി: ``അമ്മാറിനെ ഗവര്‍ണ്ണറായും അബ്‌ദുല്ലാഹിബ്‌നുമസ്‌ഊദിനെ അധ്യാപകനും മന്ത്രിയുമായും ഞാന്‍ അങ്ങോട്ടേക്കയക്കുന്നു.'' അവര്‍ രണ്ട്‌പേരും റസൂല്‍ (സ)യുടെ പ്രഗത്ഭ സഖാക്കളില്‍പ്പെട്ടവരാകുന്നു.
അബ്‌ദുല്‍ല്ലാഹിബ്‌നു മസ്‌ഊദ്‌ കൂഫാ നിവാസികള്‍ക്ക്‌ സുന്നത്ത്‌ പഠിപ്പിച്ചുകൊണ്ട്‌ വളരെകാലം കൂഫയില്‍ താമസിച്ചു. അദ്ദേഹം അവരുടെ ന്യായാധിപനുമായിരുന്നു. ഇബ്‌നു മസ്‌ഊദിന്റെ ശിഷ്യ പരമ്പര ഇറാഖിനെ വിജ്ഞാന സമ്പന്നമാക്കിത്തീര്‍ത്തു.
ഇങ്ങനെ ഭരണകര്‍ത്താക്കളാല്‍ നിയോഗിക്കപ്പെട്ട പണ്ഡിതന്‍മാര്‍ അതതുപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ ദീന്‍ പഠിപ്പിച്ചുകൊണ്ട്‌ അവിടങ്ങളില്‍ ജീവിച്ചു. ഇവരുടെ ശിഷ്യത്വം സ്വീകരിച്ച്‌ പ്രഗത്ഭരായിത്തീര്‍ന്ന പണ്ഡിതന്‍മാരിലൂടെയും പിന്നെ അവരുടെ ശിഷ്യഗണങ്ങളിലൂടെയും പണ്ഡിത ശൃംഘലകള്‍തന്നെ ആ രാജ്യങ്ങളിലുണ്ടായി.
വിവിധ നാടുകളില്‍ ജീവിച്ചിരുന്ന ഈ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാവുക സ്വാഭാവികമായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഹദീസ്‌ ക്രോഡീകരണം പൂര്‍ത്തിയായിരുന്നില്ല. ഒരു നാട്ടിലെ പണ്ഡിതന്‍മാര്‍ക്ക്‌ ലഭിച്ച ഹദീസുകളെല്ലാം മറു നാട്ടിലെ പണ്ഡിതന്‍മാര്‍ക്കും മുഴുവനായി ലഭിക്കുക എന്നത്‌ അസാധ്യമായിരുന്നു. അതുപോലെ ഓരോ നാട്ടിലേയും ചുറ്റുപാടും അനുഭവങ്ങളും അവിടുത്തെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ സ്വാധീനം ചെലുത്തുക എന്നത്‌ സ്വാഭാവികമാണ്‌. അഭിപ്രായ ഭിന്നതകള്‍ക്ക്‌ കളമൊരുക്കിയ പ്രത്യേക പരിതസ്ഥിതികള്‍ കണക്കിലെടുക്കാതെ ഓരോ നാട്ടുകാരും അവിടങ്ങളിലെ പണ്ഡിതന്‍മാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കിപ്പോന്നു.
ഇറാഖിലെ പണ്ഡിതന്മാര്‍ക്ക്‌ സ്വാഭാവികമായും ഹിജാസിലെ പണ്ഡിതന്മാരെ അപേക്ഷിച്ച്‌ ഹദീസുകള്‍ കുറച്ചുമാത്രമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട്‌ ഫത്‌വ നല്‍കുമ്പോള്‍, അവര്‍ക്ക്‌ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്വന്തം അഭിപ്രായങ്ങളും പരിഗണിക്കേണ്ടിവന്നിരുന്നു. അതിനാല്‍ ഇവര്‍ അഭിപ്രായത്തിന്റെ ആളുകള്‍ (അഹ്‌ലുര്‍റഅ്‌യ്‌) എന്നറിയപ്പെട്ടു.
ഹിജാസിലെ, മുഖ്യമായും മക്കയിലെയും മദീനയിലേയും പണ്ഡിതന്മാര്‍ ഹദീസുകളെ അവലംബമാക്കിയായിരുന്നു ഫത്‌വകള്‍ നല്‍കിയിരുന്നത്‌. അതിനാല്‍ അവര്‍ ഹദീസിന്റെ ആളുകള്‍ (അഹ്‌ലുല്‍ഹദീസ്‌) എന്നറിയപ്പെട്ടു. അവരില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുണ്ടായിരുന്നു. ഇവരില്‍ അഹ്‌ലുര്‍റഅ്‌യിന്റെ പൊതുനേതൃത്വം ഇമാം അബൂഹനീഫ (റ)യില്‍ വന്നുചേര്‍ന്നു.
ഈ പണ്ഡിതന്മാരില്‍ ഓരോരുത്തരുടേയും രീതിയനുസരിച്ച്‌ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ പുറപ്പെടുവിക്കുന്ന ഫത്‌വ (മതവിധി) കളിലും വ്യത്യാസമുണ്ടാകുമെന്ന്‌ പറയേണ്ടതില്ലല്ലോ. ഇങ്ങനെ ഇസ്‌ലാമിക വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച്‌ വിവിധ പണ്ഡിതന്മാര്‍ക്കിടയില്‍ ഉത്ഭവിച്ച അഭിപ്രായഗതികളെയാണ്‌ മദ്‌ഹബുകള്‍ എന്ന്‌ വിളിക്കുന്നത്‌. ഇത്തരത്തിലുള്ള വിവിധ ചിന്താഗതികളിലോരോന്നും അതത്‌ പണ്ഡിതന്മാരുടെ പേരോട്‌ ചേര്‍ത്ത്‌ പറയപ്പെടുന്നു. ഇമാം മാലികിന്റെ (റ)ന്റെ അഭിപ്രായഗതി `മാലികി മദ്‌ഹബ്‌' എന്നും ഇമാം ശാഫീഈയുടേത്‌ `ശാഫിഈ മദ്‌ഹബ്‌' എന്നും ഇമാം ഹംബലിയുടേത്‌ `ഹംബലി മദ്‌ഹബ്‌' എന്നും, ഇമാം അബൂ ഹനീഫയുടേത്‌ `ഹനഫീ മദ്‌ഹബ്‌' എന്നും അറിയപ്പെടുന്നു. ഇതിലേതെങ്കിലും ഒരു സമീപനരീതി സ്വീകരിക്കുന്നവരെ ആ മദ്‌ഹബ്‌കാരന്‍ എന്ന്‌ വിളിക്കുന്നു. ശാഫിഈ മദ്‌ഹബ്‌ സ്വീകരിച്ചവന്‍ ശാഫിഈ മദ്‌ഹബ്‌കാരും, ഹനഫീ മദ്‌ഹബ്‌ സ്വീകരിച്ചവന്‍ ഹനഫീ മദ്‌ഹബ്‌കാരും എന്നിങ്ങനെ. പില്‍ക്കാലത്ത്‌ മദ്‌ഹബുകളുടെ പേരില്‍ ജനങ്ങള്‍ കക്ഷികളായി ഭിന്നിച്ചതിന്‌ മദ്‌ഹബിന്റെ ഇമാമുകള്‍ ഉത്തരവാദികളായിരുന്നില്ല. നേരെമറിച്ച്‌ `ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്കെതിരായി ഹദീസ്‌ ലഭിച്ചാല്‍ അതാണ്‌ നിങ്ങള്‍ സ്വീകരിക്കേണ്ടത്‌' എന്ന്‌ അവരെല്ലാവരും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌.
ഇമാം അബൂഹനീഫ, ഇമാം മാലിക്‌ബ്‌നു അനസ്‌, ഇമാം മുഹമ്മദ്‌ബ്‌നു ഇദ്‌രീസിശ്ശാഫിഈ, ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ എന്നിവരാണ്‌ മദ്‌ഹബുകളുടെ ഉപജ്ഞാതാക്കള്‍.

നബിദിനാഘോഷം ഇസ്‌ലാമികമെന്ത്?

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ്‌ നമ്മുടേത്‌. പുത്തന്‍ ആചാരങ്ങളും ശിര്‍ക്കന്‍ ആശയങ്ങളും ഇസ്‌ലാമിലേക്ക്‌ കടത്തിക്കൂട്ടുകയും, പ്രവാചക മാതൃകയില്ലാത്ത പ്രവര്‍ത്തനങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുവാന്‍ ഒരു വിഭാഗമാളുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു വിശ്വാസി എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം വര്‍ജ്ജിക്കണമെന്നും ഇസ്‌ലാം കൃത്യമായി നിര്‍ദ്ദേശിക്കുന്നുണ്ട്‌. അതെല്ലാം ജനങ്ങളെ പഠിപ്പിച്ചതിനു ശേഷമാണ്‌ തിരുനബി(സ്വ)വഫാത്തായത്‌. അദ്ദേഹത്തിലൂടെയാണ്‌ ഇസ്‌ലാം ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ടതും.
അല്ലാഹു പറയുന്നു: ``ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ പൂര്‍ണമായും നിറവേറ്റിത്തരികയും ചെയ്‌തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ തൃപ്‌തിപ്പെട്ടു തന്നിരിക്കുന്നു.'' (മാഇദ : 3)
ഇസ്‌ലാം മത പൂര്‍ത്തീകരണത്തിനു ശേഷം അനേകം ആളുകള്‍ പ്രവാചകന്‍(സ്വ)യുടെ പേരില്‍ കള്ളം കെട്ടിച്ചമച്ചു. അതിലൂടെ മുസ്‌ലിം സമൂഹത്തെ അവര്‍ വഴിതെറ്റിക്കുകയും ചെയ്‌തു. ഇന്നും അത്‌ തുടര്‍ന്ന്‌ കൊണ്ടിരിക്കുന്നു.
ഇസ്‌ലാമില്‍ പുതുതായി വല്ലതും കൂട്ടിച്ചേര്‍ത്താല്‍ അത്‌ തള്ളപ്പെടണമെന്ന്‌ പ്രവാചകന്‍(സ്വ) പറയുന്നു:
``ആഇശ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ കാര്യത്തില്‍ (ഇസ്‌ലാമില്‍) അതില്‍ ഉള്‍പ്പെട്ടതല്ലാത്ത വല്ല കാര്യവും ആരെങ്കിലും പുതുതായി നിര്‍മ്മിച്ചാല്‍ അത്‌ തള്ളിക്കളയേണ്ടതാണ്‌.'' (ബുഖാരി, മുസ്‌ലിം)
അത്തരത്തില്‍, പ്രവാചകന്‍(സ്വ)യുടെ വഫാത്തിനുശേഷം മുളഫ്‌ഫര്‍ രാജാവ്‌ ഇസ്‌ലാമില്‍ കടത്തികൂട്ടിയ അനാചാരമാണ്‌ മൗലിദ്‌.
മുഹമ്മദ്‌ നബി(സ്വ)ജനിച്ച മാസമാണ്‌ റബീഉള്‍ അവ്വല്‍. ഈ മാസത്തില്‍ എന്തെങ്കിലുമൊരു കര്‍മ്മം പ്രത്യേകമായി അനുഷ്‌ഠിക്കുവാനോ ആഘോഷിക്കുവാനോ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നില്ല. മാത്രവുമല്ല പവിത്രമാസങ്ങളില്‍പ്പെട്ട 4 മാസങ്ങളില്‍ റബീഉല്‍ അവ്വലിനെ എണ്ണിയതായും കാണുവാന്‍ സാധിക്കുകയില്ല.
അല്ലാഹു പറയുന്നു:``ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതരുനുസരിച്ച്‌ അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം 12 ആകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട വയുമാകുന്നു.'' (തൗബ : 36)
ശ്രേഷ്‌ഠമായ മാസങ്ങളില്‍ റബീഉല്‍ അവ്വല്‍ ഇല്ല. റബീഉല്‍ അവ്വലിന്‌ പ്രത്യേകം പുണ്യങ്ങളൊന്നുമില്ല. ഇസ്‌ലാമിക പ്രമാണങ്ങളനുസരിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ രണ്ട്‌ ആഘോഷങ്ങളേ ഉള്ളൂ. ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്‌. അതുമല്ല ഒരാളുടെ ജന്മദിനത്തിലോ ചരമദിനത്തിലോ പ്രത്യേക പ്രാര്‍ത്ഥനകളോ ഭക്ഷണവിതരണമോ നടത്തുന്നതിന്നു ഇസ്‌ലാമില്‍ രേഖയില്ല. മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ ആരുടെയും ജന്മദിനം മുഹമ്മദ്‌ നബി(സ്വ) ആഘോഷിച്ചിട്ടില്ല.
നബിദിനാഘോഷത്തിന്‌ ക്വുര്‍ആനില്‍ തെളിവോ?
നബിദിനാഘോഷത്തിന്‌ തെളിവായി തല്‍പരകക്ഷികള്‍ ഉദ്ധരിക്കുന്ന ഒരായത്താണ്‌ ഇത്‌.
``തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയേട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.'' (അഹ്‌സാബ്‌ : 56)
ഈ ആയത്തിന്റെ വിവക്ഷ നബിദിനമാണ്‌ എന്ന്‌ ലോകത്തൊരു മുഫസ്സിറും വ്യാഖ്യാനം നല്‍കിയിട്ടില്ല. മാത്രവുമല്ല ഈ ആയത്ത്‌ കൊണ്ട്‌ ഉദ്ദേശിച്ചത്‌ നബിദിനമാണെങ്കില്‍ എന്തുകൊണ്ട്‌ സ്വഹാബത്ത്‌ നബിദിനം ആഘോഷിച്ചില്ല!
എന്നാല്‍ ആയത്തിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നതുകാണുക:
``അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സ്വലാത്തുകൊണ്ടുദ്ദേശം അവന്റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നാണ്‌. മലക്കുകളെ സംബന്ധിച്ചിടത്തോളം പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാകുന്നു. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നുമാണ്‌.'' (വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ്‌ അമാനി മൗലവി വാള്യം 3)
അതല്ലാതെ നബിദിനമാഘോഷത്തിന്‌ തെളിവല്ല ഈ ആയത്ത്‌ എന്ന്‌ മുസ്‌ലിംകള്‍ മനസ്സിലാക്കേണ്ടതുണ്ട്‌.
സ്വഹാബത്ത്‌ ജന്മദിനം ആഘോഷിച്ചുവോ?
പ്രവാചകന്‍(സ്വ)ന്റെ സാന്നിധ്യത്തില്‍ ദീന്‍ പഠിക്കുകയും അവിടുത്തെ സാമീപ്യം ലഭിക്കുകയും ചെയ്‌തവരാണല്ലോ സ്വഹാബത്ത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം ത്യജിച്ചവരായിരുന്നല്ലോ അവര്‍. പ്രവാചക നിയോഗത്തിനു ശേഷം 23 വര്‍ഷകാലം അവര്‍ പ്രവാചകന്‍(സ്വ)യുടെ കൂടെ ജീവിച്ചല്ലോ! ഏകദേശം 22 ഓളം ജന്മദിനങ്ങള്‍ അക്കാലത്ത്‌ കടന്നുപോയി. അവരോട്‌ എന്റെ ജന്മദിനം നിങ്ങള്‍ ആഘോഷിക്കുക എന്ന്‌ മുഹമ്മദ്‌ നബി(സ്വ) ഒരിക്കല്‍പോലും പറഞ്ഞിട്ടില്ല. അവരാരും തന്നെ റബീഉല്‍ അവ്വല്‍ മാസത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയോ ഭക്ഷണവിതരണം നടത്തുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ടു തന്നെ പ്രവാചക മാതൃകയില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബിദ്‌അത്തും അനാചാരവുമാണ്‌.
നബിദിനാഘോഷത്തോട്‌ 4 ഖലീഫമാരുടെ നിലപാട്‌
അബൂബക്‌ര്‍ (റ)
പ്രവാചകന്‍(സ്വ)ന്റെ അടുത്ത കൂട്ടുകാരനായിരുന്നല്ലോ അബൂബക്‌ര്‍(റ). നബി ഏറെ ഇഷ്‌ടപ്പെട്ട ആളുമായിരുന്നു അദ്ദേഹം. ഏറെ വിഷമങ്ങള്‍ അനുഭവിച്ച്‌ മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ നബി(സ്വ)യുടെ കൂടെ അദ്ദേഹം പാലായനം ചെയ്‌തു. ജന്മദിനമാഘോഷിക്കാന്‍ പ്രവാചകന്‍(സ്വ) കല്‍പ്പന നല്‍കിയെങ്കില്‍ അടുത്ത കൂട്ടുകാരന്റെ ജന്‌മദിനം എന്തുകൊണ്ട്‌ അബൂബക്‌ര്‍(റ) ആഘോഷിച്ചില്ല.
മുഹമ്മദ്‌ നബി(സ്വ)യുടെ വഫാത്തിനു ശേഷം 2 വര്‍ഷത്തോളം ഖലീഫയായ അദ്ദേഹം പ്രവാചകന്‍(സ്വ)ന്റെ ജന്മദിനമാഘോഷിക്കാന്‍ എന്തുകൊണ്ട്‌ സമൂഹത്തോട്‌ കല്‍പ്പിച്ചില്ല? 
ഉമര്‍(റ)
നബി വഫാത്തായ ദിവസം, ``ആരെങ്കിലും മുഹമ്മദ്‌ നബി(സ്വ) മരിച്ചെന്നു പറഞ്ഞാല്‍ അവന്റെ തല ഞാന്‍ എടുക്കും'' എന്നു പറഞ്ഞ, പ്രവാചകന്‍(സ്വ)നെ അത്രത്തോളം സ്‌നേഹിച്ച ധീരനായിരുന്നു ഉമര്‍(റ). പ്രവാചകന്‍(സ്വ)ക്കു വേണ്ടി അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തന്റെ ശരീരത്തെ തന്നെ സമര്‍പ്പിച്ച യോദ്ധാവായിരുന്നു ഉമര്‍(റ). ആ ഉമര്‍(റ) ഒരിക്കല്‍പ്പോലും നബിദിനാഘോഷം നടത്തിയതായി ഒരു തെളിവും തന്നെ ഇല്ല. മാത്രവുമല്ല നബി(സ്വ)യുടെ വഫാത്തിനുശേഷം 10 വര്‍ഷത്തോളം മുസ്‌ലിം ഉമ്മത്തിന്റെ ഖിലാഫത്ത്‌ ഏറ്റെടുക്കുകയും ചെയ്‌ത ഉമര്‍(റ) സമൂഹത്തോട്‌ നബിദിനാഘോഷം നടത്താന്‍ കല്‍പ്പിച്ചിട്ടില്ല.
നബി(സ്വ)ന്റെ സാമിപ്യം ലഭിച്ച ഉത്തമ നൂറ്റാണ്ടെന്ന്‌ പ്രവാചകന്‍ വിശേഷിപ്പിച്ച സ്വഹാബത്ത്‌ അനുഷ്‌ഠിക്കാത്ത നബിദിനമെന്ന ഈ ബിദ്‌അത്ത്‌ നാം എന്തിന്‌ ആഘോഷിക്കണം. ഇസ്‌ലാമിലെ ഇത്തിക്കണ്ണികളായി വളരുന്ന ഈ ബിദഈ ആശയക്കാരെ നാം സൂക്ഷിക്കണം.
ഉഥ്‌മാന്‍(റ)
പരലോക ജീലിതം കാംക്ഷിച്ചു നബി(സ്വ)യുടെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ നെഞ്ചിലേറ്റി തന്റെ സമ്പത്തും കച്ചവടച്ചരക്കുകളും ഇസ്‌ലാമിനു വേണ്ടി സമര്‍പ്പിച്ച മൂന്നാം ഖലീഫ ഉഥ്‌മാന്‍(റ) നബിദിനം ആഘോഷിച്ചിട്ടില്ല. പ്രവാചകന്‍(സ്വ)യുടെ സ്വഹാബത്ത്‌ സ്വീകരിച്ചിട്ടില്ലാത്ത ഇത്തരം അനാചാരങ്ങള്‍ സമൂഹം വര്‍ജിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അലി(റ)
നബി(സ്വ) മക്കയില്‍ നിന്ന്‌ മദീനയിലേക്ക്‌ പാലായനം ചെയ്യാനൊരുങ്ങിയപ്പോള്‍ ക്വുറൈശികള്‍ വീടുവളഞ്ഞ സന്ദര്‍ഭത്തില്‍ തന്റെ ജീവന്‍ പോലും പണയം വെച്ച്‌ നബി(സ്വ)യുടെ വിരിപ്പില്‍ കിടന്നുറങ്ങിയ, പ്രവാചക പുത്രി ഫാത്വിമയുടെ ഭര്‍ത്താവും ഇസ്‌ലാമിന്റെ നാലാം ഖലീഫയുമായ അലി(റ) നബിദിനം ആഘോഷിച്ചതായി തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.
പ്രമാണങ്ങളിലേക്ക്‌ മടങ്ങുക
നിങ്ങള്‍ക്കിടയില്‍ വല്ലകാര്യത്തിലും തര്‍ക്കമുണ്ടായാല്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്‌ മടക്കേണ്ടത്‌. അല്ലാതെ ഇര്‍ബല്‍ ഭരിച്ചിരുന്ന മുളഫ്‌ഫര്‍ രാജാവിലേക്ക മടക്കണമെന്ന്‌ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. മതത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായാല്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്‌ മടക്കേണ്ടത്‌. എന്നാല്‍ അനാചാരങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്ന ആളുകള്‍ക്ക്‌ പ്രവാചകന്‍(സ്വ)ന്റെ ജന്മദിനം ആഘോഷിക്കാന്‍ ക്വുര്‍ആനില്‍ നിന്നോ ഹദീഥില്‍ നിന്നോ തെളിവുദ്ധരിക്കുവാന്‍ കഴിയുകയില്ല.
പ്രവാചക സ്‌നേഹം എങ്ങനെ?
പ്രവാചകന്‍(സ്വ)യെ സ്‌നേഹിക്കേണ്ടത്‌ ജന്മദിനം ആഘോഷിച്ചിട്ടോ നബി(സ്വ)യോട്‌ പ്രാര്‍ത്ഥിച്ചിട്ടോ അല്ല. അല്ലാഹുവിന്റെ റസൂലിന്റെ ചര്യ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ്‌. നബി എന്തൊരു കാര്യം ചെയ്യാന്‍ നമ്മോട്‌ കല്‍പ്പിച്ചുവോ അതിനെ നാം പിന്തുടരുക. ഏതൊന്ന്‌ നമ്മോട്‌ വിലക്കിയോ ആ കാര്യം നാം ജീവിതത്തില്‍ നിന്ന്‌ വര്‍ജ്ജിക്കുക. അങ്ങനെയാണ്‌ പ്രവാചകനെ സ്‌നേഹിക്കേണ്ടത്‌. അതല്ലാതെ ജന്മദിനമോ ചരമദിനമോ ആഘോഷിച്ചുകൊണ്ടല്ല. മാത്രവുമല്ല ജന്മദിനവും ചരമദിനവും ആഘോഷിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ ക്രൈസ്‌തവ മതക്കാരാണ്‌. അവരുടെ സ്വഭാവമാണ്‌ ഇന്ന്‌ മുസ്‌ലിംകളും അനുഷ്‌ഠിച്ചു പോരുന്നത്‌.
സ്വഹാബത്തോ, ഉത്തമനൂറ്റാണ്ടെന്ന്‌ പ്രവാചകന്‍(സ്വ) വിശേഷിപ്പിച്ച സച്ചരിതരായ ആളുകളോ അനുഷ്‌ഠിച്ചിട്ടില്ലാത്ത നബിദിനാഘോഷം എങ്ങനെ ഇസ്‌ലാമികമാകും! പുരോഹിതന്മാരും കൂട്ടാളികളും ചേര്‍ന്ന്‌ സാധാരണക്കാരന്റെ അന്നം കവര്‍ന്നെടുക്കാന്‍ കണ്ടു പിടിച്ച ഒരാചാരമാണ്‌ നബിദിനാഘോഷം. അതു വഴി അല്ലാഹുവിന്റെ ശിയായ മാര്‍ഗത്തില്‍ നിന്ന്‌ ജനങ്ങളെ ദുര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുകയാണവര്‍ ചെയ്യുന്നത്‌.
``സത്യവിശ്വാസികളേ, പണ്‌ഡിതന്മാരിലും പുരോഹിതന്മാരിലുംപെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു.'' (തൗബ : 34)

നബിദിനാഘോഷം….ഇസ്ലാമിക വീക്ഷണമെന്ത് ?


99
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
നബിദിനാഘോഷം…. ഇസ്ലാമിക വീക്ഷണമെന്ത്❓🍒
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
📘 നബി (സ) തങ്ങളുടെ ജന്മമാസമായ റബീഉൽ അവ്വലിൽ നമ്മുടെ സമൂഹം ആഘോഷപൂർവ്വം കൊണ്ടാടുന്ന ജന്മദിനാചരണം…………
🔸🔸🔸🔸🔸🔸🔹🔹🔹🔹🔹
അതിന്റെ ഇസ്ലാമിക വീക്ഷണം
〰 ചുരുക്കരൂപത്തിൽ〰
🔸🔸🔸🔸🔸🔸🔹🔹🔹🔹🔹
📙 ഓരോ മനുഷ്യരും തങ്ങളുടെ സ്വന്തം ജീവനേക്കാൾ നബി(സ)യെ സ്നേഹിക്കൽ നിർബന്ധമാണ്. എങ്കിൽ മാത്രമേ നമ്മുടെ വിശ്വാസം പൂർണ്ണമാവുകയുള്ളു.
📗 നബി(സ്ര) യെ സ്നേഹിക്കേണ്ടത് അവിടുത്തെ സുന്നത്തുകൾ ( ചര്യ ) പിൻപറ്റിക്കൊണ്ടായിരിക്കണം.അതല്ലാതെ കേവല പ്രകടനങ്ങളും പ്രഖ്യാപനങ്ങളും പ്രവാചക സ്നേഹമാവില്ല.
📒 ആരുടേയും ജൻമദിനവും, ചരമ ദിനവും മതപരമായി കൊണ്ടാടിയ ചരിത്രം ഇസ്ലാമിനില്ല.
📙 മുസ്ലിംകൾക്കിടയിലെ തർക്ക പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട ഇസ്ലാമിന്റെ ഒന്നാം പ്രമാണമായ വിശുദ്ധ ഖുർആനിൽ നബി (സ)യുടെ നബിദിനാഘോഷവുമായി ബന്ധപ്പെട്ട നേരിയ ഒരു പരാമർശം പോലുമില്ല.
📘 12 മാസങ്ങളുടെ കൂട്ടത്തിൽ പവിത്രങ്ങളായ 4 മാസങ്ങളെ പ്രഖ്യാപിച്ച ഇസ്ലാം, ആ കൂട്ടത്തിലും റബീഉൽ അവ്വലിനെ ഉൾപ്പെടുത്തിയിട്ടില്ല .
📕 രണ്ടാം പ്രമാണമായ സുന്നത്തിലും ( ഹദീസ്) വളരെ നിസ്സാരമായ കാര്യങ്ങളുടെ പോലും പ്രതിഫലം പഠിപ്പിക്കുന്ന നിരവധി ഹദീസുകളുണ്ടായിട്ടും നബിദിനാഘോഷവുമായി ബന്ധപ്പെട്ട പരാമർശമുള്ള ഒരു ളഈഫായ(ദുർബ്ബല) ഹദീസു പോലുമില്ല.
📗 നബി (സ) തങ്ങൾ 63 വർഷം ഇവിടെ ജീവിക്കുകയും, നമ്മെ സ്വർഗ്ഗത്തിലേക്കടുപ്പിക്കുന്ന ചെറുതും വലുതുമായ എല്ലാ പുണ്യകർമങ്ങളും പഠിപ്പിച്ചു തരികയും ചെയ്തിട്ടും അവിടത്തെ ജന്മദിനം ആഘോഷിച്ചു കൊണ്ട് ഒരിക്കൽ പോലും മാതൃക കാട്ടിയിട്ടില്ല.
📒 പല മാസങ്ങളിലും ദിവസങ്ങളിലും പ്രത്യേകം ചെയ്യേണ്ട കർമ്മങ്ങൾ പഠിപ്പിച്ച ഇസ്ലാം റബീഉൽ അവ്വൽ മാസത്തിലോ അതിലെ 12-ലോ എന്തെങ്കിലും ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പ്രത്യേകമായി ചെയ്യാൻ മാതൃക കാണിച്ചിട്ടില്ല .
📙 നബി (സിയുടെ കൂടെ ജീവിതം പങ്കിട്ട അവിടുത്തെ ഭാര്യമാരോ, സ്വന്തം ജീവനേക്കാൾ അവിടുത്തെ സ്നേഹിച്ച സ്വഹാബിമാരോ അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം പതിറ്റാണ്ടുകൾ ജീവിച്ചിട്ടും ഒരു റബീഉൽ അവ്വലിലെങ്കിലും നബിദിനത്തിന്റെ പേരിൽ ചെറിയൊരാഘോഷം പോലും നടത്തി മാതൃക കാണിച്ചിട്ടില്ല.
📘 ” ഉത്തമ തലമുറ ” എന്ന് നബി (സ) തങ്ങൾ സർട്ടിഫിക്കറ്റ് നൽകിയ സ്വഹാബികളും താബിഉകളും തബ്ഉത്താബിഉകളുമടങ്ങുന്ന സച്ചരിതർ നബിദിനാഘോഷത്തിന്റെ യാതൊരു മാതൃകയും കാണിച്ചു തന്നിട്ടില്ല.
📕 അംഗീകരിക്കപ്പെട്ട മദ്ഹബിലെ 4 ഇമാമുകളോ, അവരുടെ അംഗീകൃത ശിഷ്യൻമാരോ തങ്ങളുടെ ഗ്രന്ഥങ്ങളിൽ നബിദിനാഘോഷത്തെകുറിച്ച് അരവരി പോലും എഴുതിയിട്ടി
ല്ല, പിൽക്കാലക്കാരിൽ അത് ചർച്ച ചെയ്തവരാകട്ടെ, മൂന്ന് നൂറ്റാണ്ടിനു ശേഷം അത് മതത്തിൽ കടത്തി കൂട്ടിയതാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു,
📗 സുന്നി പള്ളികളിൽ വെള്ളിയാഴ്ചകളിൽ പാരായണം ചെയ്യുന്ന നു ബാത്തി ഖുതുബയിൽ റബീഉൽ അവ്വലിൽ ഓതാനുള്ള 5ഖുതുബകളുണ്ടായിട്ടും, അവയിൽ ഒന്നിൽപോലും നബി(സ)യുടെ ജനനത്തെക്കുറിച്ചോ, ജന്മദിനാഘോഷത്തെക്കുറിച്ചോ ഒരു വാക്ക് പോലും പരാമർശിച്ചിട്ടില്ല. വഫാത്തിനെക്കുറിച്ച് പറയുകയും ചെയ്തു
📙 നബിദിനാഘോഷം മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം മതത്തിൽ കടന്നുകൂടിയതാണെന്ന് നിലവിലുള്ള സമസ്ത [എ.പി,, ഇ.കെ] സംസ്ഥാന, ദക്ഷിണ എന്നീ സുന്നികൾ അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
📒 നബി (സ) യുടെ ജനനത്തിയ്യതിയുടെ കാര്യത്തിൽ ചരിത്രകാരൻമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. എന്നാൽ അവിടുന്ന് വഫാത്തായത് റബീഉൽ അവ്വൽ 12-നാണെന്നതിൽ ആർക്കും തർക്കവുമില്ല.ജന്മദിനത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാനുള്ള പ്രധാന കാരണം, കൊല്ലം തോറും മുസ്ലിം സമൂഹം ആ ദിനം പ്രത്യേകം ആചരിച്ച് പോന്നിരുന്നില്ല എന്നതുകൊണ്ടായിരുന്നു.
📕 ഈ അനാചാരത്തെ ന്യായീകരിക്കുവാൻ വേണ്ടി സമസ്തയിലെ ചില പണ്ഡിതന്മാർ ഉദ്ധരിക്കാറുള്ള മുഴുവൻ ഖുർആൻ വചനങ്ങളും ഒന്നുകിൽ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതോ, അല്ലെങ്കിൽ, ദൂരർത്ഥങ്ങളും ,ദുർവ്യാഖ്യാനങ്ങളും നൽകിയതോ ആണ്. ഇക്കാര്യം അവരെഴുതിയ ഖുർആൻ പരിഭാഷകളിലുടെ തന്നെ വ്യക്തമാണ്.
📗 നബിദാനാഘോഷത്തിനു തെളിവായി ഉദ്ധരിക്കാറുള്ള മുഴുവൻ ഹദീസുകളും വിഷയവുമായി ബന്ധമില്ലാത്തതും തങ്ങളുടെ വാദങ്ങളെ തന്നെ തകർക്കുന്നതുമാണ്.
📕 നബിദിനാഘോഷം മതത്തിന്റെ പേരിൽ ആദ്യമായി നടപ്പിലാക്കിയത് ഇസ്ലാമിന്റെ കഠിന ശത്രുക്കളായ ശിയാക്കളായിരുന്നു എന്ന് ആധികാരിക ചരിത്ര ഗ്രന്ഥങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
📒 നബിദിന കാലത്ത് ചൊല്ലാറുള്ള മൗലിദുകളിലെല്ലാം ശിർക്കിന്റെയും കുഫ്റിന്റെ യും വരികൾ ധാരാളമുണ്ട്.
📘മൗലിദുകളിലും മറ്റു പല പ്രകീർത്തന കൃതികളിലും മദ്ഹ് എന്ന പേരിൽ നബി (സ)ക്ക് ഇല്ലാത്ത സ്ഥാനമാനങ്ങൾ കൽപിക്കുകയും അല്ലാഹുവോളം ഉയർത്തുകയുമാണ് ചെയ്യുന്നത്.
🍒 മൗലിദാഘോഷം എന്ന അനാചാരത്തെ കയ്യൊഴിക്കാൻ ഇനിയെങ്കിലും നാം തയ്യാറാവുക. എത്ര വലിയ ഭൂരിപക്ഷത്തിന്റെ പിന്തുണ അതിനുണ്ടെങ്കിലും, ഏത് പണ്ഡിതന്റെ നേതൃത്വമുണ്ടെങ്കിലും ആ ബിദ്അത്തിനോട് നിസ്സഹകരണം പ്രഖ്യാപിക്കാൻ ആർജ്ജവം കാണിക്കുക❗ അതാണ് യഥാർത്ഥ പ്രവാചക സ്നേഹമെന്ന് തിരിച്ചറിയുകയും ചെയ്യുക.
🌴 ജീവിതകാലം മുഴുവൻ പ്രവാചൻ (സ)യെ സ്നേഹിക്കുന്ന യഥാർത്ഥ മുഅമിനുകളായി ജീവിക്കാനും ഈമാനോടെ മരിക്കാനും, പരലോകത്ത് വിചാരണവേളയിൽ ആ മഹാത്മാവിന്റെ ശഫാഅത്ത് ലഭിക്കാനും , അങ്ങനെ അവിടുത്തോടൊപ്പം സ്വർഗ്ഗത്തിൽ പ്രവേശിക്കാനും സർവ്വ ശക്തനായ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ (ആമീൻ)