..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 5 November 2016

ദമ്മാജ് സലഫിസം കേരളത്തില്‍ ഇടം കണ്ടെത്തിയ രീതി

മോയിന്‍ ഹുദവി മലയമ്മ
 
ISIS-slug-edtiorial-page-1
നവതിയും കഴിഞ്ഞ് ശതാബ്ദിയിലേക്കു കടക്കുന്ന കേരള വഹാബിസത്തില്‍ നിന്നും ‘യഥാര്‍ഥ ഇസ്‌ലാമി’നെ തേടി ഒരുവിഭാഗം യമനിലെ ദമ്മാജിലേക്ക് ‘ഹിജ്‌റ’ തിരിക്കുമ്പോള്‍ അത് തുറന്നുകാട്ടുന്ന ചില സൂചനകളുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ആശയ തലങ്ങള്‍ തിരിച്ചറിയാന്‍ അതിലെ അനുയായികള്‍ക്ക് നൂറോളം വര്‍ഷങ്ങളെങ്കിലും വേണ്ടിവന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. പതിറ്റാണ്ടുകള്‍ അരയും തലയും മുറുക്കി കേരള മുസ്്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടും ഖുര്‍ആന്‍ വെളിച്ചംകാട്ടുന്ന ബഹുസ്വരതയുടെ ഇസ്്‌ലാമിക കാഴ്ചപ്പാട് അനുയായികള്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രസ്ഥാനം പരാജ യപ്പെട്ടുവെന്നത് മറ്റൊന്ന്. ‘ബിദ്അത്തി’നെതിരേയുള്ള പോരാട്ടം എന്ന പേരില്‍ ഇസ്്‌ലാമിന്റെ ആത്മീയ ദര്‍ശനങ്ങളോടാണ് പ്രസ്ഥാനം യുദ്ധം പ്രഖ്യാപിച്ചിരുന്നത് എന്ന് വൈകിയെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് മൂന്നാമത്തേത്. 2002 ലെ പിളര്‍പ്പും വൈകിയുണ്ടായ ദമ്മാജ് പലായനവും ഈ വാദം സത്യമാണെന്നതിനു അനുയായികള്‍തന്നെ സാക്ഷികളാണ് എന്നതിനുള്ള തെളിവുകളാണ്.
സഊദി സലഫിസം വൈകിയാണെങ്കിലും അതിന്റെ തീവ്രതയോടെത്തന്നെ കേരളത്തിലും മുഖം കാണിച്ചിരിക്കുന്നുവെന്നതാണ് ദമ്മാജ് പലായനം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍തന്നെ വഹാബിസം കേരളത്തില്‍ വേര് നേടിയിട്ടുണ്ടല്ലോ എന്നൊരു ചോദ്യമുയര്‍ന്നേക്കാം ഇവിടെ. പക്ഷെ, കേരളത്തിലെ വഹാബിസം ഈജിപ്ഷ്യന്‍ സലഫിസത്തിന്റെയും സഊദി വഹാബിസത്തിന്റെയും മിശ്രിതമായിരുന്നുവെന്നതാണ് സത്യം. അതാവട്ടെ തുല്ല്യാനുപാതത്തിലായിരുന്നില്ലതാനും. ഈജിപ്തില്‍നിന്നും റശീദ് രിള (1865-1935) വഴി വക്കം മൗലവി (1873-1932) യിലൂടെ കടന്നുവന്ന ഈജിപ്ഷ്യന്‍ സലഫിസത്തിന്റെ നയനിലപാടുകള്‍ക്കായിരുന്നു അതില്‍ മേല്‍ക്കൈ. എല്ലാറ്റിനെയും യുക്തിയുടെ വെളിച്ചത്തില്‍ മാത്രം കണ്ട അഫ്ഗാനിയും (1839-1897) അബ്്ദയും (1849-1905) ആയിരുന്നു ഈ ചിന്താഗതിയുടെ സ്രോതസ്. 
എന്നാല്‍, കെ.എം മൗലവി, ഉമര്‍ മൗലവി തുടങ്ങി സഊദി വഹാബി-വഹാബി ധാരക്ക് പ്രാമുഖ്യം നല്‍കിയ ഒരു വിഭാഗവും സമാന്തരമായിത്തന്നെ നിലവിലുണ്ടായിരുന്നു. പക്ഷെ, കേരള വഹാബിസം എന്ന നിലക്ക് ഇരു ധാരകളും പ്രത്യക്ഷത്തില്‍ ഒരുമയോടെയാണ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നത്. അനൈക്യങ്ങളൊന്നും പുറത്ത് കാണിച്ചിരുന്നില്ല. എന്നിരുന്നാലും, ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന തരത്തില്‍ ഒരിക്കലും പരസ്പരം യോജിക്കാത്ത ഈ രണ്ടു ധാരകളും തമ്മില്‍ നിരന്തരം ആശയ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. കാരണം, ഒന്ന് അതിയാഥാസ്ഥികതയും മറ്റേത് പൂര്‍ണ ലിബറലിസത്തെയുമാണ് പ്രതിനിധീകരിച്ചിരുന്നത് എന്നതുതന്നെ. ഇതൊരു സുപ്രഭാതത്തില്‍ പൊട്ടിത്തെറിക്കുക സ്വാഭാവികം മാത്രം. കാലങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ഈ വിരുദ്ധാശയങ്ങളുടെ അനിവാര്യ പൊട്ടിത്തെറിയാണ് സത്യത്തില്‍ 2002 ല്‍ നടന്നത്. ഇതോടെ ഈജിപ്ഷ്യന്‍ സലഫിസത്തിനു പ്രാധാന്യം നല്‍കുന്നവര്‍ വേറെയും സഊദി വഹാബിസത്തിനു പ്രാധാന്യം നല്‍കുന്നവര്‍ വേറെയുമായി മാറി. ഇതു മുതല്‍ക്കാണ് സഊദിയില്‍നിന്നും പമ്പ് ചെയ്യപ്പെട്ടിരുന്ന സലഫിസ്റ്റ് തീവ്രത കേരളത്തിലും സജീവമായി ഫണം വിരിക്കാന്‍ തുടങ്ങുന്നത് എന്നുവേണം മനസിലാക്കാന്‍. ഈയൊരു ധാരയില്‍നിന്നുതന്നെയാണ് ദമ്മാജ് വിഭാഗവും രൂപമെടുക്കുന്നത് എന്നതിനാല്‍ ആ ചിന്തയില്‍ ഒളിഞ്ഞിരിക്കുന്ന വിഷത്തിന്റെ തീക്ഷ്ണത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഔദ്യോഗിക പിളര്‍പ്പിനെ തുടര്‍ന്ന് കേരള വഹാബിസത്തില്‍ പിന്നീട് പിളര്‍പ്പിന്റെ ‘സുവര്‍ണ’ കാലമായിരുന്നു. ഔദ്യോഗിക വിഭാഗം വീണ്ടും പലതായി പിരിയുകയും സംഘടന അവര്‍ക്കെതിരെയെല്ലാം നടപടിയെടുക്കുകയും ചെയ്തു. ആദര്‍ശം തന്നെയായിരുന്നു എല്ലാവര്‍ക്കും മുഖ്യവിഷയം. ആത്മീയത കൂടിപ്പോയതും കുറഞ്ഞുപോയതും ‘അന്ധവിശ്വാസങ്ങള്‍’ സ്വീകരിച്ചതും ഒഴിവാക്കിയതും എല്ലാം പിളര്‍പ്പിന്റെ പ്രധാന കാരണങ്ങളായിരുന്നു. ജിന്ന് വിഭാഗം എന്നപേരില്‍ പിന്നീട് അറിയപ്പെട്ട ഒന്നാണ് അതില്‍ വളരെ പ്രധാനപ്പെട്ടത്. ഈ വിഭാഗത്തില്‍നിന്നായിരുന്നു ദമ്മാജ് സലഫിസത്തിന്റെ കേരള പതിപ്പ് രൂപം കൊണ്ടത്. 
പശ്ചിമേഷ്യന്‍ രാജ്യമായ യമനിലെ ഒരു ചെറുപട്ടണമാണ് ദമ്മാജ്. ശീഇകളും സലഫികളും തിങ്ങിപ്പാര്‍ക്കുന്ന ഇടം. ഹൂഥികള്‍ എന്നാണ് ശീഇകള്‍ അറിയപ്പെട്ടിരുന്നത്. സലഫികളും ഇവിടെ ശക്തമാണ്. ഇസ്്‌ലാമിക പൈതൃകങ്ങളുടെ വിശുദ്ധ ഭൂമിയായതുകൊണ്ടുതന്നെ യമന്‍ മുസ്്‌ലിംകളുടെ മനസ്സില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിശ്വാസവും യുക്തിയും യമനിയ്യാണ് എന്ന പ്രവാചക പാഠവും ഈ നാടിന് ഒരു മേന്മകൂടി പതിച്ചുനല്‍കുന്നു. ഈ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി യമനില്‍ ഇരു വിഭാഗങ്ങളും ശക്തി വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മുഖ്ബിലു ബ്‌നു ഹാദി അല്‍ വാദിഈ (1933-2001) എന്ന പണ്ഡിതന്റെ കീഴില്‍ 1980 കളില്‍ ഇവിടത്തെ സലഫികള്‍ സംഘടിക്കുകയും മത സ്ഥാപനങ്ങളും മത പ്രചരണവുമായി ശക്തിപ്പെടുകയും ചെയ്തു. സലഫിസത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ അതിന്റെ തീവ്രമായൊരു രീതിയാണ് അവരവിടെ അനുശീലിച്ചിരുന്നത്. ഇസ്്‌ലാമിക പ്രമാണങ്ങളെ അക്ഷര വായന നടത്തിയ അവര്‍ ഇസ്്‌ലാമിന്റെ ആദ്യ കാലത്തെ അതേപടി പുനരവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദമ്മാജില്‍. ദാറുല്‍ ഹദീസ് എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് അവരുടെ അവിടത്തെ ജീവിതം. പ്രവാചകന്‍ ആടുമേച്ചിരുന്നതിനാല്‍ അവരവിടെ ആടു മേച്ചും കൃഷി ചെയ്തുമാണ് ജീവിക്കുന്നത്. ഇതാണ് യഥാര്‍ഥ മുസ്്‌ലിമിന്റെ ജീവിതമെന്ന് അവര്‍ വാദിക്കുന്നു. പൊതുജനങ്ങള്‍ക്കിടയില്‍നിന്നും സാമൂഹിക ഉത്തരവാദിത്തങ്ങളില്‍നിന്നും പറിച്ചുനടുന്ന ഈയൊരു തീവ്രസലഫി ജീവിതരീതി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആളുകളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമായി. ഒരു പ്രമുഖ ഹദീസ് സ്ഥാപനമെന്ന നിലക്കും ആളുകള്‍ അവിടെക്ക് ഒഴുകിവന്നു. കൂട്ടത്തില്‍ കേരളത്തില്‍നിന്നുള്ള വഹാബി ചിന്താഗതിക്കാരും അതിലുണ്ടായിരുന്നു. പത്തു വര്‍ഷത്തോളമായി പലരും അവിടെ പോയി പഠിച്ചും ജീവിച്ചും വരുന്നുണ്ടെങ്കിലും ആരുമത് അറിഞ്ഞിരുന്നില്ല. ഹൂഥികളും സലഫികളും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാവുകയും ചില മലയാളികള്‍ പിടിക്കപ്പെടുകയും ചെയ്തതോടെയാണ് കാര്യം പുറത്തുവന്നത്. 
യമനിലെ ഒരു സ്ഥാപനമെന്ന നിലക്ക് അവിടെ ചിലയാളുകള്‍ പഠിക്കാന്‍ പോയത് ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രമുള്ള കാര്യമൊന്നുമല്ല. പക്ഷെ, അവിടെ പോയവരുടെ സാമൂഹിക-മാനസിക പശ്ചാത്തലവും ദമ്മാജ് സലഫികള്‍ വച്ചുപുലര്‍ത്തുന്ന തീവ്ര ആത്മീയ രീതികളും സംഘര്‍ഷവും കാലുഷ്യവും നിറഞ്ഞ കേരളത്തിലെ വഹാബി സംഘടനാ പശ്ചാത്തലവും എല്ലാംകൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം കൂടുന്നത്. സനാഉല്ല മഖ്ദി തങ്ങള്‍ രാവിലെ തന്നെ തേടി വരുന്നവര്‍ക്ക് മന്ത്രിച്ചൂതിയ വെള്ളം നല്‍കി മാതൃക കാട്ടിയും വക്കം മൗലവി ഇമാം ഗസ്സാലിയുടെ കീമിയാഉസ്സആദ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ് സമാരംഭം കുറിച്ച ഈ പ്രസ്ഥാനം വര്‍ത്തമാനത്തില്‍ എത്തിപ്പെട്ട ആദര്‍ശ പാപ്പരത്തത്തെ ഇത് തുറന്നുകാട്ടുന്നു. 
പിളര്‍പ്പൊരുക്കിയ സൈദ്ധാന്തിക പരിസരം കേരള വഹാബിസത്തില്‍ തുല്യതയില്ലാത്തൊരു സ്തംഭനാവസ്ഥയും അതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചുവെന്നുവേണം മനസ്സിലാക്കാന്‍. തൗഹീദ് പ്രചാരണത്തിന്റെ ഒരു നൂറ്റാണ്ട് തികയാനിരിക്കെ, തങ്ങളുടെ ഇതുവരെയുള്ള വിശ്വാസ രീതികള്‍ ശരിയല്ലെന്നു പറഞ്ഞ് ഒരു വിഭാഗം രംഗത്തുവന്നതോടെ പാവപ്പെട്ട അനുയായികള്‍ ഹതാശരാവുകയും നേതാക്കളാല്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിയുകയുമായിരുന്നു. അങ്ങനെയാണ് ഈ തീവ്ര സംഘടനാ ബന്ധങ്ങളില്‍ മനം മടുത്ത് തങ്ങള്‍ക്ക് നഷ്്ടപ്പെട്ട ആത്മീയതയുടെ ലോകം തിരിച്ചുപിടിക്കാനായി അവര്‍ ദമ്മാജ് സലഫിസത്തിന്റെ രീതി പിന്തുടരുന്നതും യമനിലേക്കു ഹിജ്‌റ പോകുന്നതും. 
നാടും വീടും വെടിഞ്ഞ് ദമ്മാജ് സലഫി ജീവിത രീതി തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകങ്ങള്‍ വേറെയുമുണ്ട്. തങ്ങളുടെ ആദര്‍ശ പഠനത്തില്‍നിന്നും അവര്‍ക്കു ലഭിച്ച വികലമായ ചിന്താഗതികളായിരുന്നു അതില്‍ പ്രധാനം. തീവ്ര സലഫി പ്രത്യയശാസ്ത്രമാവാം ഇതിനു വഴിയൊരുക്കിയത്. ഒരു ബഹുസ്വര പശ്ചാത്തലത്തില്‍ ഒരു മുസ്്‌ലിമിന് ജീവിക്കാന്‍ സാധ്യമല്ലായെന്ന ഒരു ചിന്ത പലരെയും വേട്ടയാടി. സഊദി വഹാബിസം, ദമ്മാജ് സലഫിസം പോലെയുള്ള ബഹ്യ ഘടകങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. സംഘടന ഇസ്്‌ലാമിക വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പും വോട്ടിങും നിഷിദ്ധമാണെന്നും അവര്‍ പിന്നീട് വാദിച്ചുതുടങ്ങുകയായിരുന്നു. സയ്യിദ് ഖുതുബിന്റെ ചിന്തകള്‍ ദ്യോതിപ്പിച്ചിരുന്നപോലെ നിലവിലെ സാഹചര്യങ്ങളെല്ലാം ദീന്‍ വിരുദ്ധമാണെന്നും അതിനാല്‍ അവിടെ ജീവിക്കല്‍ പ്രയാസമാണെന്നുമുള്ള ഒരു നിഗമനത്തിലേക്കു അവര്‍ വളര്‍ന്നു. അങ്ങനെയാണ് ‘ശരിയായ ജീവിതം’ നയിക്കുകയെന്ന ലക്ഷ്യത്തോടെ ദമ്മാജ് സലഫിസം അവര്‍ക്ക് അവലംബിക്കേണ്ടി വരുന്നത്. 
തീവ്രസലഫിസത്തിന്റെ പ്രച്ഛന്ന വേഷങ്ങളാണ് ഇതെല്ലാം. ഒരു നൂറ്റാണ്ട് കാലം അത് പ്രചരിപ്പിച്ച വികല ‘തൗഹീദ്’ കാഴ്ചപ്പാടിന്റെ അനന്തര ഫലങ്ങള്‍. ബഹുസ്വര ലോകത്ത് ജീവിക്കാന്‍ ഇസ്്‌ലാം വകവച്ചുതരുന്ന ജീവിതത്തിന്റെ വിശാല സാധ്യതകളെ തിരിച്ചറിയാതെ പോവുകയാണിവിടെ. ഇസ്്‌ലാമിക പ്രമാണങ്ങളെ അക്ഷര വായന നടത്തി ആവേശം കൊള്ളുന്നതിനു പകരം നക്ഷത്ര തുല്യരായ പ്രവാചകാനുചരന്മാരും പണ്ഡിതന്മാരും അതിനു നല്‍കിയിട്ടുള്ള സാധ്യതയുടെയും അനുരജ്ഞനത്തിന്റെയും വ്യാഖ്യാനങ്ങള്‍ ഉള്‍കൊള്ളാന്‍ നമുക്ക് കഴിയണം. ഇസ്്‌ലാം ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടത്തിന്റെയോ രക്തമൊഴുക്കുന്ന യുദ്ധങ്ങളുടെയോ മതമല്ലെന്ന് നാം സ്വയം തിരിച്ചറിയണം. അത് അനുയായികള്‍ക്ക് പകര്‍ന്നു നല്‍കുകയും വേണം. അപ്പോഴാണ് ഐ.എസും ദമ്മാജ് ഹിജ്‌റകളും ജനിക്കാതിരിക്കുന്നത്
.

മൊസുലില്‍ തുടങ്ങുമോ ഡിജിറ്റല്‍ ഖിലാഫത്തിന്റെ അന്ത്യം ?


ബിന്‍ ലാദന്‍(അല്‍ ഖായിദയും) കൂടുതലായി ലക്ഷ്യമിട്ടിരുന്നത് സാമ്രാജ്യത്ത വിരുദ്ധ പോരാട്ടമായിരുന്നു. മുസ്‌ലിം രാജ്യങ്ങളും അവിടെയുള്ള വിഭവങ്ങളും  നിയന്ത്രിക്കുന്ന അമേരിക്കയും അവരുടെ ശിങ്കിടികളായ അറബ് ഭരണാധികാരികളുമായിരുന്നു ഇവരുടെ കണ്ണിലെ മുഖ്യ ശത്രുക്കള്‍. തീര്‍ച്ചയായും ഇതിനവലംബിച്ച മാര്‍ഗങ്ങളും ശൈലികളും ഏറെ അപകടകരവും പ്രമാണങ്ങളുടെ വളരെ വികലമായ അക്ഷരാര്‍ത്ഥ വായനകളെ അടിസ്ഥാനപ്പെടുത്തിയതുമായിരുന്നു.

spcl-mosul

2014 ജൂണ്‍ 6 ന് ആയിരുന്നു വെറും 1300 സൈനികരുമായി ഐസിസ് മൊസുല്‍ ആക്രമിക്കാന്‍ ആരംഭിച്ചത്. ഇവരെ നേരിടാനായി ഇറാഖ് പക്ഷത്തുളളതാണെങ്കില്‍  ദേശീയ സേനയും ലോക്കല്‍ പോലീസും അടങ്ങുന്ന 60,000 വരുന്ന ഇറാഖി സര്‍ക്കാര്‍ വിഭാഗവും.
അഞ്ചാമത്തെ ദിവസമായപ്പോഴേക്ക് മൊസുല്‍ പട്ടണം ഐസിസിന്റെ കയ്യിലായി! അത്ഭുതകരമായ ഈ അട്ടിമറിക്ക് കാരണം ഐ.എസിന്റെ കഴിവിലുപരി എതിര്‍ പക്ഷത്തിന്റെ ദൗര്‍ബല്യങ്ങളായിരുന്നു. ഇപ്പറഞ്ഞ 60,000ല്‍ 40,000ല്‍ അധികവും മേലുദ്യോഗസ്ഥര്‍ക്ക് പകുതി ശമ്പളം നല്‍കി വീട്ടിലിരിക്കുന്നവരായിരുന്നു.
ഭരണ രംഗത്താണെങ്കില്‍ ‘ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി മാമാങ്കം’ എന്ന് Transparency lnternational വിശേഷിപ്പിച്ച നൂറി അല്‍ മാലികിയുടെ അഴിമതി ഭരണം അരങ്ങു തകര്‍ക്കുന്നു. ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ അമേരിക്കന്‍ ഉപരോധ, അധിനിവേശങ്ങളും തുടര്‍ന്നു വന്ന മാലികി ഭരണ കൂടത്തിന്റെ തേര്‍വാഴ്ചയും ജനങ്ങളില്‍ ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും കടുത്ത മടുപ്പും വെറുപ്പും സൃഷ്ടിച്ചു.
അവസാന കാലത്ത് സദ്ദാം, അധിനിവേശ  അമേരിക്ക, മാലിക്കി തുടങ്ങിയവരെല്ലാം കൂടി രണ്ടു പതിറ്റാണ്ടായി ബോധപൂര്‍വ്വം  ഇറക്കിയ വംശീയ കാര്‍ഡുകളും വര്‍ഗീയ നീക്കങ്ങളും ബഹുസ്വര ഇറാക്കിന്റെ മതചട്ടക്കൂടില്‍ വിള്ളലുകള്‍ ഉണ്ടാക്കി.  സ്വതവേ കടുത്ത അഭിമാനികളും ശക്തമായ ദേശീയ ബോധം പേറുന്നവരുമായ ഇറാഖികളിള്‍ കടുത്ത നിരാശാ ബോധവും അരാഷ്ട്രീയ മനസ്സും സൃഷ്ടിക്കാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായി.
isis
തീര്‍ത്തും അനുകൂലമായ ഈ രാഷ്ട്രീയ, സാമൂഹിക, വംശീയ  പശ്ചാത്തലത്തിലാണ് ഐസിസ് രംഗ പ്രവേശനം ചെയ്യുന്നത്. ഐസിസ് ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല.  ഒരു പാട് മാറി മറിയലുകളുടേയും രൂപാന്തരങ്ങളുടെയും അവസാന ഫലമാണ് ഭീകരതയില്‍ പുതിയ മാനം സൃഷ്ടിച്ച ഐസിസ്.
അബു മുസ്അബ് അല്‍ സര്‍ഖാവി 2000 ല്‍ രൂപീകരിച്ച  ‘അല്‍തൗഹീദ് വല്‍ ജിഹാദ് ‘ ല്‍ നിന്നാണ് തുടക്കം. അഫ്ഗാനില്‍ നിന്നും ഇറാഖിലെത്തിച്ചേര്‍ന്ന സര്‍ഖാവിയുടെ അല്‍ തൗഹീദ് 2004ല്‍ അല്‍ ഖായിദയുടെ ഭാഗമായി ബിന്‍ ലാദന്‍ അംഗീകരിച്ചു. സംഘത്തെ  നയിച്ചത് ജോര്‍ദാന്‍ വംശജനായ  സര്‍ഖാവിയായിരുന്നത് കൊണ്ട്  ഇതിനെതിരില്‍ ‘മണ്ണിന്റെ മക്കള്‍ വാദം’ ഉയര്‍ന്നു വന്നു. അതിനെ തുടര്‍ന്ന്  ഇറാഖിലുള്ള സമാനമായ വഹാബിസ്റ്റ് ആശയക്കാരെ കൂടി ഉള്‍ക്കൊള്ളിച്ച് ‘മജ്‌ലിസ് ശൂറ അല്‍ മുജാഹിദീന്‍’ ഉണ്ടാക്കി.
ബിന്‍ ലാദനുമായും അഫ്ഗാന്‍ കേന്ദ്രവുമായും ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ സര്‍ഖാവി ഇതിനിടെ 2006 ല്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സര്‍ഖാവിയുടെ മരണശേഷം ഗ്രൂപ്പ് ലക്ഷ്യത്തോട് കൂടുതല്‍ ചേരുന്ന  ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് (ISI)’ എന്ന  പേര് സ്വീകരിച്ചു. പുതിയ നേതാവായി ഉയര്‍ന്നു വന്നത് ഇറാഖി വംശജനായ അബു ഉമര്‍ അല്‍ ബാഗ്ദാദി ആയിരുന്നു.
2010 ല്‍ അബു ഉമറിന്റെ മരണ ശേഷം സംഘടനയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് മറ്റൊരു ഇറാഖി വംശജനും ഇപ്പോഴത്തെ ഖലീഫയുമായ സാക്ഷാല്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി ആയിരുന്നു.  2011 ല്‍ സിറിയയിലെ ‘അനുകൂല സാഹചര്യം’ മനസ്സിലാക്കിയ ബാഗ്ദാദി അന്ന് തന്റെ വിശ്വസ്തനായിരുന്ന മുഹമ്മദ് അല്‍ ജൂലാനിയെ സിറിയയിലേക്കയച്ചു.
ജൂലാനി സിറിയയില്‍ ഐസിസിന്റെ ഭാഗമായി സ്ഥാപിച്ച ഗ്രൂപ്പാണ് ‘അല്‍ നുസ്‌റ’.  അല്‍ നുസ്‌റ കുറഞ്ഞ കാലം കൊണ്ട് തന്നെ സിറിയന്‍ പോരാട്ടത്തിലെ നിര്‍ണായക ശക്തിയായി മാറി. പക്ഷേ ബാഗ്ദാദിയും നുസ്‌റ നേതാവ് ജൂലാനിയും തമ്മില്‍ കടുത്ത ശത്രുത ഉടലെടുത്തു. ഭിന്നിപ്പിന്റെ അടിസ്ഥാനം ആശയത്തിലപ്പുറം അധികാരമായിരുന്നു.
2013 ല്‍ ഐസിസും അല്‍ നുസ്‌റയും  ചേര്‍ന്ന് ‘ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ശ്യാം(ISIS) ‘ എന്ന പേരില്‍ ഒന്നാവുകയാണെന്ന് ബാഗ്ദാദി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ജൂലാനി സ്വാഭാവികമായും ഈ പ്രഖ്യാപനം തള്ളുകയും അല്‍ നുസ്‌റ സ്വതന്ത്രമായി നില കൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് സമാന്തരമായി മറ്റൊരു സംഭവ വികാസം കൂടി ഇക്കാലയളവില്‍ ഉണ്ടായി. ലാദന് ശേഷം വന്ന അല്‍ ഖായിദാ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുമായി ബാഗ്ദാദി അകന്നു. സ്വാഭാവികമായും ജൂലാനി സവാഹിരിയുമായി അടുക്കുകയും ചെയ്തു. ഈ പുതിയ ചേരിയുടെ പ്രഖ്യാപനം പോലെ ജൂലാനി അല്‍ നുസ്‌റയെ  അല്‍ ഖായിദയുടെ ഭാഗമായി പ്രഖ്യാപിക്കുകയും സവാഹിരിയുടെ നേതൃത്വം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു.
അല്‍ നുസ്‌റ പിന്നീട് 2016 ജൂലൈയില്‍  വീണ്ടും മാറുകയും അല്‍ ഖായിദ ബന്ധവും അവരുടെ ആശയവും ഒരു പോലെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞു. മനം മാറ്റത്തിലുപരിയായി ഗള്‍ഫ്, തുര്‍ക്കി രാജ്യങ്ങളുടെ സഹായം ലഭ്യമാക്കാനുള്ള ഒരു ധാരണയുടെ പുറത്താണ് ഈ മാറ്റമെന്ന് വേണം മനസ്സിലാക്കാന്‍. ഇപ്പോള്‍ ചൊരിഞ്ഞ പോരാട്ടം നടക്കുന്ന അലെപ്പോ അടക്കമുള്ള ചില സുപ്രധാന പട്ടണങ്ങള്‍ അല്‍ നുസ്‌റയുടെ നിയന്ത്രണത്തിലാണ്. സ്വാഭാവികമായും വിദേശ സഹായം നിലനില്‍പ്പിന്റെ ഭാഗം കൂടിയാണ്.
- See more at: http://www.doolnews.com/is-digital-khilafat-movement-end-in-mosul876.html#sthash.2fb5a9nN.dpuf