..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Thursday, 3 December 2015

ഇസ്‌ലാമിക് സയന്‍സ് വിജ്ഞാനത്തിനു മതത്തിന്റെയോ ശാസ്ത്രത്തിന്റെയോ അതിര്‍വരമ്പുകളില്ല. മതപരമായതും, ശാസ്ത്ര-സാങ്കേതികപരമായതും മറ്റു വിഷയങ്ങളെ സംബന്ധിച്ചതായതുമെല്ലാം അറിവ് തന്നെയാണ്. മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് മതപണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും നൂറ്റാണ്ടുകളായി വച്ചുപുലര്‍ത്തിപ്പോരുന്നത്. ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പ്രകൃതി സത്യമായി ശാസ്ത്രത്തെ വിശേഷിപ്പിക്കുമ്പോള്‍ വെറും വിശ്വാസത്തിലധിഷ്ഠിത യുക്തിക്കുനിരക്കാത്ത ഒരാശയമായിട്ടാണ് മതത്തെ ഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും കാണുന്നത്. മുസ്‌ലിംകളായ നാം ഖുര്‍ആന്‍ ദൈവികവെളിപാടാണെന്നു വിശ്വസിക്കുമ്പോള്‍ ശാസ്ത്രത്തെ മനുഷ്യനിര്‍മ്മിത വിജ്ഞാനമായാണ് കാണുന്നത്. പ്രപഞ്ചത്തിലുള്ളവയെല്ലാം തന്നെ സ്രഷ്ടാവിന്റെതാണ്. മനുഷ്യനു മതപരമായ മാര്‍ഗ്ഗദര്‍ശനം തരുന്നതും അല്ലാഹുവാണ് (ഖു. 3:7). അതുപോലെ മറ്റേത് അറിവും അല്ലാഹുതന്നെയാണ് തരുന്നത്. അറിവിന്റെ ഉറവിടം അല്ലാഹുവാണെന്നും, തുച്ഛമായ അറിവു മാത്രമാണ് മനുഷ്യനു നല്‍കിയിട്ടുള്ളതെന്നും (ഖു. 17:85), അല്ലാഹു അനുവദിക്കുന്ന അറിവല്ലാതെ മനുഷ്യനു ലഭിക്കില്ലെന്നും (ഖു. 2:255), അല്ലാഹുവാണ് മനുഷ്യനെ പഠിപ്പിച്ചതെന്നും (ഖു. 96:5) ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോള്‍ മതപരമായതും അല്ലാത്തതുമായ അറിവുകളെ വേര്‍തിരിച്ചു കാണുന്നത് ഇസ്‌ലാമിക വീക്ഷണത്തില്‍ ന്യായീകരിക്കാനാവില്ല. ഖുര്‍ആനും ശാസ്ത്രവും ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുന്നതുകൊണ്ടാണ് അവ പരസ്പരപൂരകമാകുന്നതും. അറിവിനെ ഇസ്‌ലാംവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് ഏറെ വര്‍ഷങ്ങളായി. ഖുര്‍ആനും, ഹദീസും, മറ്റു ഇസ്‌ലാമിക തത്വജ്ഞാനങ്ങളും, മുസ്‌ലിംശാസ്ത്രജ്ഞന്മാരുടെ സംഭാവനകളും എല്ലാം ഉള്‍ക്കൊള്ളിച്ചു ഇസ്‌ലാമിക് സയന്‍സ് എന്ന നാമധേയത്തില്‍ പല വേദികളിലും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ്. ദിശകിട്ടാതെ, സമവായം ഉണ്ടാകാതെ, എവിടെയും ചെന്നെത്താതെ വെറും ഒരാശയമായി ഇന്നും അത് അവശേഷിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഖുര്‍ആനും ശാസ്ത്രവും ദൈവിക വെളിപാടുകളാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടു വിജ്ഞാനമേഖലകളെയും സമന്വയിപ്പിച്ചു ഒരു സമ്പൂര്‍ണ്ണ വിജ്ഞാനത്തെ വികസിപ്പിക്കുന്നതിലുള്ള ശ്രമങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. വിജ്ഞാനം പൂര്‍ണ്ണമാകുന്നത് സൃഷ്ടിപ്പിന്റെ ഉദ്ദേശ്യവും, പ്രപഞ്ചോല്‍പത്തി മുതല്‍ ഭാവികാര്യങ്ങള്‍വരെയുള്ള അറിവ് ലഭ്യമാകുന്നതോടെയാണ്. ഖുര്‍ആനും ശാസ്ത്രവും ഒന്നിക്കുന്നതോടെയാണ് അറിവ് അതിന്റെ സമാപ്തിയിലെത്തുന്നത്. മനുഷ്യന്റെ മറ്റേതു കര്‍മ്മമണ്ഡലവും പോലെ വൈജ്ഞാനിക മേഖലകളായ മതവും ശാസ്ത്രവും സാത്താന്റെ സ്വാധീനവലയത്തിലകപ്പെട്ടതാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനവും (ഖു. 18:27, 7:158) മനുഷ്യവംശത്തിനു ഇന്ന് ലഭ്യമായ സത്യത്തിന്റെ (ഖു. 18:29, 6:66, 10:108) ഏക സ്രോതസ്സുമാകയാല്‍ ഖുര്‍ആനിലധിഷ്ഠിത വിജ്ഞാനം സത്യവും തീര്‍ത്തും വിശ്വാസയോഗ്യവുമായിരിക്കും. ഖുര്‍ആനെ ശാസ്ത്രമേഖലയില്‍ പ്രയോഗിക്കുന്നതോടെ ഖുര്‍ആനിക സന്ദേശങ്ങളുമായി യോജിക്കാത്ത സിദ്ധാന്തങ്ങളെ അഥവാ വ്യാജസിദ്ധാന്തങ്ങളെ തിരിച്ചറിയാനും അവയെ ശാസ്ത്രത്തില്‍നിന്നു നീക്കി വിജ്ഞാനത്തിന്റെ വിശുദ്ധിയെ പരിരക്ഷിക്കാനും കഴിയും. കുടാതെ ഖുര്‍ആനിക വെളിപ്പെടുത്തലുകളെ വിശദീകരിക്കാന്‍ ശാസ്ത്രത്തെയും ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ഖുര്‍ആന്‍-ശാസ്ത്ര സമന്വയത്തിലൂടെ വികസിപ്പിച്ചെടുക്കാവുന്ന സമ്പൂര്‍ണ്ണ വിജ്ഞാനത്തെയാണ് ''ഇസ്‌ലാമിക് സയന്‍സ്'' ഇവിടെ അര്‍ത്ഥമാക്കുന്നത്. ഓരോ മതത്തിനും അതിന്റെതായ സയന്‍സുെണ്ടന്ന് (ഉദാ. ക്രിസ്ത്യന്‍ സയന്‍സ്, ഹിന്ദു സയന്‍സ്) ഈ നാമകരണം അര്‍ത്ഥമാക്കുന്നില്ല. മറിച്ച് സമ്പൂര്‍ണ്ണ വിജ്ഞാനമായി അംഗീകരിക്കപ്പെടാന്‍ ഇസ്‌ലാമിക് സയന്‍സിനു മാത്രമെ അവകാശപ്പെടാനാവൂ എന്ന ധ്വനി അതിന്റെ നിര്‍വചനത്തിനുണ്ട്. ഇസ്‌ലാമിക് സയന്‍സിന്റെ യുക്തിഭദ്രതയും ശാസ്ത്രാടിസ്ഥാനവും ബോധ്യപ്പെടുന്നതോടെ ദൈവം സത്യമാണെന്നും ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നും ലോകം അംഗീകരിക്കേണ്ടിവരും. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാസമ്പന്നരായ മുസ്‌ലിം യുവതലമുറ മുേന്നാട്ട് വരേണ്ടിയിരിക്കുന്നു. ഖുര്‍ആന്‍ പണ്ഡിതന്മാരും വിവിധ ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരും കൈകോര്‍ക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment