..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 23 August 2015

പ്രവാചകനെ ഇടയാളനാക്കുന്നതിന്‌ ഖുര്‍ആനില്‍ തെളിവോ? ഇബ്‌റാഹിം നബി(അ)ന്റെ ജീവിതചരിത്രത്തിലെ ഒരു ചെറിയ ഭാഗമാണ്‌ ഇവിടെ സൂചിപ്പിച്ചത്‌. അല്ലാഹുവിന്റെ നിര്‍ദേശം മാനിച്ചുകൊണ്ട്‌ സ്വന്തം കൈക്കുഞ്ഞിനെയും അവന്റെ മാതാവിനെയും വിജനമായ ഒരു ഭൂമിയില്‍ ഉപേക്ഷിക്കുമ്പോഴുള്ള ഒരു വ്യാകുലത വിശുദ്ധ ഖുര്‍ആന്‍ എടുത്തുദ്ധരിച്ച (14:37) ആ പ്രാര്‍ഥനയില്‍ നിഴലിക്കുന്നുണ്ട്‌. ഇതില്‍ അടങ്ങിയിരിക്കുന്ന ഒരു വലിയ സത്യം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പുറത്തുകൊണ്ടുവരുന്നത്‌ ശ്രദ്ധിക്കുക: പ്രാര്‍ഥനക്ക്‌ ഉത്തരം ലഭിക്കുന്നതിനായി മുഹമ്മദ്‌ നബി(സ)യെ മധ്യവര്‍ത്തിയാക്കുകയാണിവിടെ. ‘ഹാജറയും ഇസ്‌മാഈലും നഷ്‌ടമായാല്‍ അതിലൂടെ മുഹമ്മദ്‌ നബിയെയാണ്‌ ഞാന്‍ നഷ്‌ടപ്പെടുത്തുന്നത്‌' എന്നു പറയുന്നതിനു സമാനമാണ്‌ ഈ പ്രാര്‍ഥന. ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകനെക്കൊണ്ട്‌ ഇടതേടി ദുആ ചെയ്‌തു എന്നതിനപ്പുറം ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രാര്‍ഥന ഉദ്ധരിക്കുന്നതിലൂടെ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌ നബി(സ)യുടെ മഹത്വമാണ്‌. ഇനി വിശുദ്ധ ഖുര്‍ആനിലുള്ള മറ്റൊരു ഉദാഹരണം കാണുക: അവരുടെ കൂടെയുള്ള ഗ്രന്ഥത്തെ അംഗീകരിക്കുന്ന മറ്റൊരു ഗ്രന്ഥം (ഖുര്‍ആന്‍) അവര്‍ക്കു വേണ്ടി അവതരിച്ചപ്പോള്‍ നേരത്തെ അവിശ്വാസികള്‍ക്കെതിരില്‍ മാധ്യമമാക്കി പ്രാര്‍ഥിച്ച അവര്‍ സത്യം അറിയാവുന്നതോടു കൂടി തന്നെ അതിനെ തള്ളിപ്പറഞ്ഞു (അല്‍ബഖറ 89). മദീനയില്‍ വസിച്ചിരുന്ന ജൂതകുടുംബങ്ങള്‍ മുഹമ്മദ്‌ നബി(സ) ആഗതമാവുന്നതിനു മുമ്പ്‌ ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെ ഇടനിലക്കാരനാക്കി തങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ഥന നടത്താറുണ്ടായിരുന്നുവെന്നതാണ്‌ ഖുര്‍ആന്‍ പറയുന്നത്‌.” (സുന്നിവോയ്‌സ്‌ -2009 മാര്‍ച്ച്‌ 16-31, പേജ്‌ 32,33) മേല്‍ വാചകങ്ങളിലെ ഖുര്‍ആന്‍ ആയത്തുകള്‍ക്ക്‌ നല്‌കിയിരിക്കുന്ന അര്‍ഥമനുസരിച്ചും, വിശദീകരിച്ചതനുസരിച്ചും നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിക്കാമെന്നല്ലേ തെളിയുന്നത്‌. ഇബ്‌റാഹീം നബി മുഹമ്മദ്‌ നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിച്ചിട്ടുണ്ടോ? അന്‍സാര്‍, ഒതായി ഇസ്‌ലാമില്‍ ഇടതേട്ടമോ സൃഷ്‌ടികളില്‍ ആരെയെങ്കിലും ഇടയാളനാക്കി പ്രാര്‍ഥിക്കലോ ഇല്ല. സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവോട്‌, അവന്റെ മഹത്വത്തിന്റെ പേരില്‍ സൃഷ്‌ടികള്‍ വിനയപൂര്‍വം പ്രാര്‍ഥിക്കുക എന്നതാണ്‌ ശരിയായ ഇസ്‌ലാമിക രീതി. പ്രവാചകന്മാരും മലക്കുകളും ഉള്‍പ്പെടെയുള്ള സൃഷ്‌ടികളെല്ലാം അല്ലാഹുവെ ആശ്രയിക്കുന്നവരും അവന്റെ അനുഗ്രഹത്താല്‍ നിലനില്‍ക്കുന്നവരുമാണ്‌. ഏതെങ്കിലുമൊരു സൃഷ്‌ടിയുടെ മഹത്വം ചൂണ്ടിക്കാണിച്ച്‌ സ്രഷ്‌ടാവായ അല്ലാഹുവോട്‌ വല്ലതും ആവശ്യപ്പെടുന്നത്‌ യഥാര്‍ഥത്തില്‍ അവനെ അവഹേളിക്കലാണ്‌. സൃഷ്‌ടിയെ ഉയര്‍ത്തലും സ്രഷ്‌ടാവിനെ താഴ്‌ത്തലുമാണ്‌. സൃഷ്‌ടികള്‍ക്ക്‌ മഹത്വം കൈവരുന്നത്‌ അല്ലാഹു അവരെ അനുഗ്രഹിക്കുമ്പോഴാണ്‌. പരമമായ മഹത്വം അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. അതിനാല്‍ അല്ലാഹുവിന്റെ സാമീപ്യം (+പ്പശ്ലക്കടവ) ആഗ്രഹിക്കുന്ന സൃഷ്‌ടികളെല്ലാം അവനോട്‌ മാത്രം പ്രാര്‍ഥിക്കുകയാണ്‌ ചെയ്യേണ്ടത്‌. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ സൃഷ്‌ടികളോട്‌ ഏറ്റവും അടുത്തവന്‍. സ്രഷ്‌ടാവിനും സൃഷ്‌ടികള്‍ക്കുമിടയില്‍ ഒരു ഇടയാളന്‌ ഇരിക്കാനുള്ള ഇടമില്ല. "തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നു. അവന്റെ മനസ്സ്‌ മന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്‌ഠനാഡിയെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു." (വി.ഖു 50:16) "എന്റെ ദാസന്മാര്‍ നിന്നോട്‌ എന്നെക്കുറിച്ച്‌ ചോദിച്ചാല്‍ ഞാന്‍ അടുത്തു തന്നെയുള്ളവനാണെന്ന്‌ (പറയുക:) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‌കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്‌." (വി.ഖു 2:186) അല്ലാഹുവിന്റെ അനുഗ്രഹം ആശിക്കുന്ന ദാസന്മാരെല്ലാം അവനോട്‌ നേരിട്ട്‌ പ്രാര്‍ഥിക്കണമെന്നാണ്‌ അവന്‍ തന്നെ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. പ്രാര്‍ഥനയില്‍ ഇടയാളനോ മധ്യസ്ഥനോ യാതൊരു സ്ഥാനവും ഇല്ലെന്നത്രെ ഉപര്യുക്ത സൂക്തങ്ങള്‍ തെളിയിക്കുന്നത്‌. ഇടയാളന്റെ മഹത്വം ചൂണ്ടിക്കാണിച്ച്‌ യജമാനനെ അവഹേളിച്ചുകൊണ്ട്‌ പ്രാര്‍ഥിക്കണം എന്നത്‌ അല്ലാഹുവിന്റെയും മാനവരാശിയുടെയും ശത്രുവായ പിശാചിന്റെ ആഹ്വാനമാണ്‌. പ്രവാചകന്മാരോ സത്യപ്രബോധകരോ അങ്ങനെ ആഹ്വാനം ചെയ്‌തിട്ടില്ല. യാതൊരു പ്രവാചകനും ഇടയാളന്റെ പേരുപറഞ്ഞു പ്രാര്‍ഥിച്ചിട്ടില്ല. പൂര്‍വ പ്രവാചകന്മാരുടെ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനിലും പ്രാമാണികമായ ഹദീസുകളിലും ഉദ്ധരിച്ചിട്ടുള്ളത്‌ സൂക്ഷ്‌മമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഈ യാഥാര്‍ഥ്യം ബോധ്യമാകും. മുഹമ്മദ്‌ നബി(സ)യുടെ ധാരാളം പ്രാര്‍ഥനകള്‍ പ്രാമാണികമായ ഹദീസുകളിലുണ്ട്‌. ഏതെങ്കിലും പൂര്‍വ പ്രവാചകനെയോ മലക്കിനെയോ മധ്യവര്‍ത്തിയാക്കിക്കൊണ്ടുള്ള യാതൊരു പ്രാര്‍ഥനയും ആ കൂട്ടത്തിലില്ല. 14:37 സൂക്തത്തില്‍ ഇടയാളന്റെയോ ഇടതേട്ടത്തിന്റെയോ ലാഞ്‌ഛന പോലുമില്ല. അതിന്റെ പരിഭാഷ നോക്കുക: "ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന്‌ (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്‌ബയുടെ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ്‌ (അങ്ങനെ ചെയ്‌തത്‌). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്‌കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‌കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചേക്കാം." വിജനമായ മക്കയില്‍ ജീവിതപങ്കാളി ഹാജറിനെയും മകന്‍ ഇസ്‌മാഈലി(അ)നെയും അല്ലാഹുവിന്റെ കല്‌പനപ്രകാരം അധിവസിപ്പിച്ച സന്ദര്‍ഭത്തില്‍ ഇബ്‌റാഹീം നബി(അ) വ്യാകുലചിത്തനായിരുന്നു എന്നതിന്‌ വിശുദ്ധ ഖുര്‍ആനില്‍ യാതൊരു തെളിവുമില്ല. അദ്ദേഹം ജീവിതത്തിലുടനീളം തികച്ചും നിര്‍ഭയനായിരുന്നു എന്നതിനാണ്‌ ഖുര്‍ആനില്‍ (6:81-83) തെളിവുള്ളത്‌. വ്യാകുലതക്ക്‌ തെളിവ്‌ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ്‌ സുന്നീലേഖകന്‍ 'വ്യാകുലത നിഴലിക്കുന്നു' എന്നാക്കിയത്‌. തുടര്‍ന്ന്, വ്യാകുലതയുടെ നിഴലില്‍ നിന്ന്‌ ഒരു ഇടയാളന്റെ നിഴല്‍ കണ്ടുപിടിക്കാനുള്ള കുത്സിത ശ്രമമാണ്‌ ലേഖകന്‍ നടത്തുന്നത്‌. മുഹമ്മദ്‌ നബി(സ)യുടെ പേര്‌ പൂര്‍വ പിതാമഹനായ ഇബ്‌റാഹീം നബി(അ) വല്ലപ്പോഴും പറഞ്ഞതായി ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഉദ്ധരിച്ചിട്ടില്ല. ഇസ്‌മാഈല്‍(അ) നഷ്‌ടപ്പെട്ടാല്‍ മുഹമ്മദ്‌ നബി(സ) നഷ്‌ടപ്പെടുമെന്ന്‌ ഇബ്‌റാഹീം നബി(അ) പറയുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഇതൊന്നും കൂടാതെ ഇബ്‌റാഹീം നബി(അ) ഇടതേട്ട പ്രാര്‍ഥന നടത്തിയെന്ന്‌ പറയുന്നത്‌ ആ പ്രവാചക ശ്രേഷ്‌ഠന്റെ പേരിലുള്ള വ്യാജാരോപണമാകുന്നു. ഖുര്‍ആനില്‍ സൂചിപ്പിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ എഴുതി നിറച്ച ചില വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ടാകാം. അതിനൊന്നും ഇസ്‌ലാമില്‍ പ്രമാണികതയില്ല. മറ്റു ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ഗ്രഹിക്കാവുന്നതോ ഭാഷാപരമായ അടിസ്ഥാനമുള്ളതോ അല്ലാത്ത 'എഴുതാപ്പുറം വായന'കള്‍ക്കൊന്നും സത്യദീനില്‍ യാതൊരു പ്രസക്തിയുമില്ല. അല്‍ബഖറ 89ലും ഇടയാളന്റെ മഹത്വത്തിന്റെ പേരില്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുക എന്ന വിഷയമില്ല. ഞങ്ങളിലേക്ക്‌ ഒരു പ്രവാചകനെ നിയോഗിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്‌ത്‌ സത്യനിഷേധികള്‍ക്കെതിരില്‍ വിജയം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ എന്ന്‌ യഹൂദര്‍ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചിരുന്നു എന്നാണ്‌ ഈ സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്‌. മുഹമ്മദ്‌ നബി(സ) അന്തിമ പ്രവാചകനായതുകൊണ്ട്‌ ഇന്നത്തെ സത്യവിശ്വാസികള്‍ക്ക്‌ ഇപ്രകാരം പ്രാര്‍ഥിക്കാനുള്ള ന്യായം അവശേഷിക്കുന്നില്ല എന്ന കാര്യവും ഇതോടൊപ്പം വിലയിരുത്തേണ്ടതാകുന്നു.
“ഇന്ത്യന്‍ ഗവണ്‍മെന്റ്‌ താഗൂത്താണ്‌. പരിശുദ്ധഖുര്‍ആനില്‍ താഗൂത്തിന്ന്‌ ഇബാദത്തെടുക്കരുതെന്ന്‌ പറഞ്ഞ സ്ഥലത്തെല്ലാം വിവക്‌ഷിക്കുന്നത്‌ അനുസരണമാണ്‌. അപ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടിവരും. ഇസ്‌ലാമില്‍ മതം, ഭൗതികം എന്നിങ്ങനെ വേര്‍പെടുത്തുന്നതു ശരിയല്ല.'' ഇതായിരുന്നു ജമാഅത്തിന്റെ സിദ്ധാന്തം. അങ്ങനെ മുസ്‌ലിംകള്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനെ ഇവര്‍ നിരുല്‍സാഹപ്പെടുത്തി. അവരുടെ സാഹിത്യങ്ങള്‍കൊണ്ട്‌ തന്നെ ഇത്‌ തെളിയിക്കാം. 1. ``താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെട്ടതാണ്‌ - ബിംബങ്ങള്‍- ദൈവേതര ഭരണകൂടങ്ങള്‍, അദൈവിക കോടതികള്‍, നിഷിദ്ധമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എല്ലാം തന്നെ.'' (ഇസ്‌ലാമിലെ ഇബാദത്ത്‌, ടി മുഹമ്മദ്‌ സാഹിബ്‌, പേ. 67, 1979) 2. ``ഖുര്‍ആനില്‍ താഗൂത്തിനെ കൈവെടിയണമെന്നു പറഞ്ഞതിന്റെ അര്‍ഥം അവനുള്ള ഇബാദത്തുപേഷിക്കണമെന്നാണ്‌. അതായത്‌ താഗൂത്തിനുള്ള അടിമത്തവും അനുസരണവും ഒഴിവാക്കണമെന്ന്‌.'' (ഇസ്‌ലാമിലെ ഇബാദത്ത്‌, പേജ്‌ 94) 3. ``നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട്‌ നിങ്ങള്‍ക്കു സുഖനിദ്രപോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതര ദീനുകള്‍ക്ക്‌ സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍നീട്ടി ഉറങ്ങുകയും ചെയ്യുന്നത്‌.'' (ഖുതുബാത്ത്‌ പേജ്‌ 405) ദീന്‍ എന്നതിന്റെ അര്‍ഥം സ്റ്റെയിറ്റാണെന്ന്‌ സമര്‍ഥിച്ച ശേഷമാണ്‌ മൗദൂദി സാഹിബ്‌ ഇപ്രകാരം എഴുതുന്നത്‌. അദ്ദേഹത്തിന്റെ അടുക്കല്‍ ദീന്‍ എന്നതിന്റെ വിവക്ഷ ഇതാണ്‌. 4. ``എന്നാല്‍ മുസ്‌ലിംകളെന്നു വാദിച്ചുകൊണ്ട്‌ ഇതര ദീനുകള്‍ക്ക്‌ സേവനം ചെയ്യുക, ഇസ്‌ലാമല്ലാതെ വല്ല ദീനുകളേയും (ഉദാഹരണം ജനാധിപത്യദീന്‍) നടപ്പില്‍വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച്‌ ഞാന്‍ എന്തു പറയട്ടെ''. (ഖുതുബാത്ത്‌, പേ. 405) ബ്രാക്കറ്റ്‌ മൗദൂദിയുടെതു തന്നെ. 5. ``അനിസ്‌ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്‌ലിംകളുടെ ജീവിതത്തിലേക്ക്‌ നോക്കുക. താഗൂത്തുപരമായ സകല സ്ഥാപനങ്ങളുമായും അവര്‍ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അവിടത്തെ അനിസ്‌ലാമിക കോടതികളില്‍ മുസ്‌ലിംകള്‍ ശരണം പ്രാപിക്കുന്നു. അനിസ്‌ലാമിക പാഠശാലകള്‍ക്കു തങ്ങളുടെ സന്താനങ്ങളെ ഏല്‌പിച്ചുകൊടുക്കുന്നു. അനിസ്‌ലാമിക ഭരണയന്ത്രത്തിന്റെ ചക്രശകലങ്ങളാവാനും അതിന്റെ പക്കല്‍ നിന്ന്‌ ഉന്നത സ്ഥാനമാനങ്ങള്‍ കരസ്ഥമാക്കാനും അവര്‍ അഹമഹമികയാ പരിശ്രമിക്കുന്നു.'' (ശിര്‍ക്ക്‌, പേജ്‌: 212) 6. ``അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ഥിത്വവും ഒരനിസ്‌ലാമിക ഗവണ്‍മെന്റിന്റെ ഉദ്യോഗത്തിന്‌ വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നതാണ്‌''. (പ്രബോധനം, 1951 ആഗസ്റ്റ്‌ 1, പു. 4, ലക്കം 3) മുജാഹിദുകള്‍ വാദിച്ചത്‌ ഇപ്രകാരം സംഗ്രഹിക്കാം: ``ഇന്ത്യന്‍ ഗവണ്‍മെന്റ്‌ താഗൂത്താണെന്ന്‌ നാം സമ്മതിക്കുക. എന്നാല്‍ തന്നെ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്ക്‌ എതിരാവാത്തനിലക്ക്‌ ഭൗതിക പ്രശ്‌നങ്ങളില്‍ അവരെ അനുസരിക്കല്‍ ഇസ്‌ലാമിന്റെ തത്വത്തിന്‌ എതിരാകുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം വര്‍ഗീയവാദികള്‍ കൈയടക്കി അത്‌ നഷ്‌ടപ്പെടുന്നതു നാം സൂക്ഷിക്കണം. മുസ്‌ലിംകള്‍ക്കു ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സുപ്രീംകോടതി ജഡ്‌ജിയും ആകുന്നതിന്ന്‌ വരെ നിയമതടസ്സമില്ല. അതിനാല്‍ നിങ്ങള്‍ ഇസ്‌ലാമിനു വിരുദ്ധമല്ലാത്ത എല്ലാ രംഗത്തും കടന്നുചെന്ന്‌ സമുദായത്തിന്‌ നന്‍മ ചെയ്യുവാന്‍ ശ്രമിക്കുക, നിങ്ങളും ഈ നാട്ടിലെ പൗരന്‍മാരാണ്‌. നികുതിയും മറ്റും നിങ്ങളും നല്‍കുന്നുണ്ട്‌. ആ നികുതി വര്‍ഗീയവാദികള്‍ മാത്രം അനുഭവിക്കുവാന്‍ എന്തിന്‌ സന്ദര്‍ഭം സൃഷ്‌ടിക്കണം. നമുക്കിതിന്ന്‌ നബിമാരുടെ മാതൃകയുണ്ട്‌. അവരില്‍ 95 ശതമാനവും ഭൗതികപ്രശ്‌നങ്ങളില്‍ അനിസ്‌ലാമിക ഗവണ്‍മെന്റിനെ അനുസരിച്ച്‌ ജീവിച്ചവരാണ്‌. ഭരണം ലഭിച്ചവര്‍തന്നെ കുറെ കാലം അനിസ്‌ലാമിക ഭരണത്തിന്റെ കീഴില്‍ ജീവിച്ചവരാണ്‌. യൂസുഫ്‌ നബി(അ) അനിസ്‌ലാമിക സര്‍ക്കാരിന്റെ കീഴില്‍ വകുപ്പ്‌മന്ത്രിയായി ജോലി ചെയ്‌തിട്ടുണ്ട്‌. ഈജിപ്‌തിലെ പരിപൂര്‍ണ അധികാരം അദ്ദേഹത്തിന്‌ അവസാനം ലഭിച്ചുവോ എന്നതു നമ്മുടെ ചര്‍ച്ചാവിഷയമല്ല. അദ്ദേഹം അധികാരത്തില്‍ വന്ന്‌ ചുരുങ്ങിയതു ഏഴ്‌ വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷമാണ്‌ സഹോദരന്‍മാര്‍ വരുന്നത്‌. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‌ നാട്ടില്‍ പരിപൂര്‍ണ അധികാരം ഉണ്ടായിരുന്നില്ലെന്ന്‌ പരിശുദ്ധ ഖുര്‍ആന്‍ തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ അനുജന്‍ ബിന്‍യാമീനെ പിടിച്ചുവെക്കാന്‍ ഒരു തന്ത്രം അല്ലാഹു അദ്ദേഹത്തിന്‌ തോന്നിച്ചത്‌. മുശ്‌രിക്കുകളുമായി നല്ല കാര്യത്തില്‍ സഹകരിക്കുകയില്ലെന്നു പറഞ്ഞ സന്ദര്‍ഭത്തിലാണ്‌ നന്‍മയില്‍ ആരുമായും സഹകരിക്കണമെന്ന്‌ ഖുര്‍ആന്‍ നിര്‍ദേശിച്ചത്‌. ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുവാന്‍ നമുക്ക്‌ അമുസ്‌ലിംകളുമായും സഹകരിക്കാം. ഇതു നഷ്‌ടപ്പെട്ടാല്‍ ഒരു സമൂഹത്തെ ഇസ്‌ലാമികമായി വളര്‍ത്തിക്കൊണ്ടുവരാന്‍ പോലും നമുക്ക്‌ സാധിക്കുകയില്ല.'' ഇവര്‍ എഴുതുന്നു: ``മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിന്നുള്ള സര്‍വാര്‍പ്പണത്തില്‍ നിന്ന്‌ തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ. ഉദാഹരണത്തിന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി, അവാന്തര വിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.'' (ഇബാദത്ത്‌ ഒരു സമഗ്രപഠനം, പേ. 335, പുതിയ പതിപ്പ്‌) ഈ താഗൂത്തായ കമ്യൂണിസ്റ്റുകാര്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വോട്ടുചെയ്‌തത്‌ അവര്‍ക്ക്‌ ഇബാദത്തെടുക്കലാണോ? അപ്പോള്‍ താഗൂത്താണെങ്കില്‍ തന്നെ ഇസ്‌ലാമില്‍ എതിരാവാത്ത സംഗതികളില്‍ അവരെ അനുസരിക്കാമെന്ന്‌ ഇവര്‍ തന്നെ സമ്മതിച്ചു. അവരെ അധികാരത്തില്‍ പ്രതിഷ്‌ഠിക്കാമെന്ന്‌ വരെ ഇവര്‍ ഇന്ന്‌ സ്വന്തം പ്രവൃത്തിയിലൂടെയും പ്രഖ്യാപനത്തിലൂടെയും മുസ്‌ലിംകളോട്‌ നിര്‍ദേശിക്കുന്നു. പള്ളികളില്‍ വെച്ച്‌ വരെ ഇത്‌ താഗൂത്തിനെ സഹായിക്കുവാന്‍ അനുയായികളോട്‌ പ്രഖ്യാപിച്ചത്‌ അരമന രഹസ്യമാണെങ്കിലും അങ്ങാടിപ്പരസ്യമാണ്‌. ഒരു ചോദ്യവും മറുപടിയും കാണുക: ``ചോ. അല്ലാഹുവിനെ മാത്രം ഇബാദത്തു ചെയ്യുക, താഗൂത്തിനെ വെടിയുക എന്ന സന്ദേശവുമായി നിയുക്തരായ എല്ലാ പ്രവാചകന്‍മാരും അവര്‍ ജനിച്ചുവളര്‍ന്ന സമൂഹത്തിലും രാഷ്‌ട്രത്തിലും നിലവിലിരുന്ന നിയമവ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ചുപോന്നു എന്നു പറയുന്നത്‌ ശരിയാണോ? ഉ: അല്ലാഹുവിന്റെ കല്‌പനകള്‍ക്കും ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്കും വിരുദ്ധമായ ഒരു നിയമവും ഒരു കാലത്തും ഒരു പ്രവാചകനും അനുസരിച്ചിട്ടില്ല.... അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നത്‌ തെറ്റാണെന്നവാദം ആര്‍ക്കും ഇല്ലതാനും.'' (ചോദ്യോത്തരം, പേ. 29) താഗൂത്താണെങ്കിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ എതിരല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നത്‌ തെറ്റല്ലെന്ന സത്യം അംഗീകരിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. `എന്നാല്‍ അല്ലാഹുവിന്റെ കല്‌പനകള്‍ക്ക്‌ എതിരായി പ്രവാചകന്‍മാര്‍ ഭരണകൂടത്തെ അനുസരിച്ചിരുന്നുവെന്ന്‌ ഇവിടെ ആരും വാദിച്ചിട്ടില്ല. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി വാദിച്ചതു ദൈവേതര ഭരണകൂടങ്ങള്‍ താഗൂത്തായതിനാല്‍ അവയെ പരിപൂര്‍ണമായി വര്‍ജിക്കണമെന്നും അതിനാല്‍ ഒരു രീതിയിലും (സുഖമായി ഉറങ്ങിക്കൊണ്ട്‌ പോലും) സഹകരിക്കുവാന്‍ പാടില്ലെന്നുമായിരുന്നു. ഒരു മുസ്‌ലിമും പ്രത്യേകിച്ച്‌ മുജാഹിദ്‌ പ്രവര്‍ത്തകന്‍മാര്‍ പരമാധികാരം ഭരണാധികാരികള്‍ക്കു നല്‍കി തിരഞ്ഞെടുപ്പിലോ സര്‍ക്കാര്‍ ജോലിയിലോ പ്രവേശിച്ചിരുന്നില്ല. എന്നിട്ടും മുജാഹിദുകള്‍ ശിര്‍ക്ക്‌ ചെയ്യുകയെന്ന്‌ ജല്‍പിച്ചാണ്‌ ഇവര്‍ ജമാഅത്ത്‌ രൂപീകരിച്ചത്‌. ഇവര്‍ തന്നെ എഴുതുന്നു: ``കേരളത്തിലുണ്ടായിരുന്ന ഇ എം എസ്‌ മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ ഇ എം എസ്‌ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കുവാനുള്ള അന്തിമമായ അധികാരം ഇ എം എസ്സിന്നുണ്ടെന്നോ ഇവിടെയുള്ള മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. ഇതുപോലെ ഇന്ത്യയിലുള്ള മുസ്‌ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും വിരോധിക്കുന്നതെന്തും ഹറാമുമാണെന്ന്‌ വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമാധികാരം അവര്‍ക്ക്‌ വകവെച്ച്‌ കൊടുക്കുകയോ ചെയ്യുന്നില്ല''. (വിമര്‍ശിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പ്രബോധനം, മുഖപ്രസംഗം, പു. 32, ലക്കം 3) വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ എം എസിനെ ദൈവമാക്കുക തന്നെയാണ്‌ ചെയ്യുന്നത്‌.... (അതേ പുസ്‌തകം) ഇതില്‍ ഒരു മുജാഹിദിന്നും തര്‍ക്കമില്ല. ഇവര്‍ ഇവിടെ എഴുതുന്നത്‌ ഇ എം എസ്സിന്റെയും ഇന്ദിരാഗാന്ധിയുടെയും ആരാധകര്‍ വരെ പരമാധികാരം അവര്‍ക്ക്‌ വകവെച്ച്‌ കൊടുക്കുന്നില്ല എന്നാണ്‌. പ്രബോധനം തുടരുന്നു: ``അവര്‍ നിര്‍മിക്കുന്ന ഏതു നിയമവും ദൈവിക നിയമങ്ങള്‍പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അതനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള അമുസ്‌ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല''. അതേ പുസ്‌തകം, പേജ്‌: 16) മുസ്‌ലിംകളില്‍ ദൈവവിശ്വാസം ഇല്ലാത്ത ചിലര്‍ പരമാധികാരം പലര്‍ക്കും അംഗീകരിച്ചുകൊടുക്കുന്നുണ്ട്‌. അതിനാല്‍ ആരുംതന്നെ ഇങ്ങനെ ചെയ്യുന്നില്ലെന്ന്‌ നമുക്ക്‌ വാദമില്ല. ഇപ്രകാരം എഴുതിയതിനുശേഷവും സല്‍സബീലിലെയും മറ്റും പ്രസ്‌താവനകള്‍ ദുര്‍വ്യാഖ്യാനംചെയ്‌തു മുജാഹിദുകള്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നില്ലെന്ന്‌ ആരോപിക്കുന്നത്‌ തനിച്ച അഹങ്കാരവും സഹിഷ്‌ണുത അല്‌പംപോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത വിമര്‍ശനവുമാണ്‌. മക്കാമുശ്‌രിക്കുകള്‍ പോലും പരമാധികാരം അല്ലാഹുവിന്നാണെന്ന്‌ അംഗീകരിച്ചവരായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ അത്‌ വ്യക്തമാക്കുന്നുണ്ട്‌. ജമാഅത്തിന്റെ ശൂറാ കമ്മിറ്റി പരമാധികാരം അല്ലാഹുവിന്നാണെന്ന്‌ അംഗീകരിക്കുന്നുണ്ടോ എന്ന്‌ `ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം' എന്ന പുസ്‌തകം വായിക്കുന്ന ഏതൊരാളും സംശയിച്ചേക്കാം. അതുപോലെ പ്രസ്ഥാനം ഏതൊരു ആദര്‍ശത്തിന്റെ മേല്‍ സ്ഥാപിച്ചുവോ ആ ആദര്‍ശം പോലും ജമാഅത്തുകാര്‍ ഇന്ന്‌ മാറ്റിമറിച്ചിരിക്കുകയാണ്‌. പരമാധികാരം അല്ലാഹുവിന്നല്ല പ്രത്യുത, തങ്ങളുടെ അമീറിന്നും ശൂറാ കമ്മിറ്റിക്കുമാണെന്ന നിലപാടിലാണ്‌ അവര്‍ എത്തിയിരിക്കുന്നത്‌. എന്നാല്‍ കൈ കെട്ടുന്ന വിഷയത്തില്‍ പോലും അല്ലാഹുവിന്റെ നിയമം പാലിക്കണമെന്ന്‌ പറയുന്ന ഒരു പ്രസ്ഥാനത്തിന്റെ നേരെ ശാഖാപരം എന്നു പറഞ്ഞ്‌ ഭൂരിപക്ഷത്തിന്റെ സംതൃപ്‌തിക്ക്‌ വേണ്ടി കൈകെട്ടുകയും ഖുനൂത്ത്‌ ചൊല്ലുകയും കൂട്ടുപ്രാര്‍ഥന നടത്തുകയും തറാവീഹ്‌ 23 റക്‌അത്തു നമസ്‌കരിക്കുകയും ശേഷം മുസ്‌ലിമിലും മറ്റും ഇല്ലാത്ത ഹദീസുകള്‍ ഉണ്ടെന്നു `പ്രബോധന'ത്തില്‍ പോലും എഴുതി തെളിവുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗമാണോ അതല്ല, മുജാഹിദുകളാണോ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നവരെന്ന്‌ നിഷ്‌പക്ഷമായി ചിന്തിക്കുക.

Saturday, 22 August 2015

സത്യം ചെയ്യാനുപയോഗിച്ചിരിക്കുന്ന അഞ്ച് പദങ്ങള്‍ فَالْمُدَبِّرَاتِ أَمْرًا എന്ന സൂക്തത്തിന്റെ ഉദ്ദേശ്യം മലക്കുകളാണെന്ന അഭിപ്രായത്തില്‍ മുഫസ്സിറുകള്‍ ഒന്നിച്ചിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് നിരവധി കാര്യങ്ങളെ കുറിക്കുന്ന ബഹുവചന രൂപമായ 'ഉമൂര്‍' എന്നതിന് പകരം ഏകവചനമായ 'അംറ്' ഉപയോഗിച്ചു? ഇതിനുള്ള മറുപടി, അതിന്റെ ഉദ്ദേശ്യം വര്‍ഗമാണെന്നാണ്. കാര്യങ്ങളുടെ കൂട്ടത്തില്‍ വര്‍ഗീകരിക്കാന്‍ പറ്റുന്ന എല്ലാറ്റിനെയും അതുള്‍ക്കൊള്ളും. 'കാര്യങ്ങളെല്ലാം അല്ലാഹുവിങ്കലാണെന്ന്' (ആലുഇംറാന്‍: 154) വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അപ്പോള്‍ കാര്യങ്ങളുടെ നിയന്ത്രണം മലക്കുകള്‍ക്ക് വകവെച്ചു കൊടുക്കുന്നത് എങ്ങനെ ശരിയാവുമെന്നതാണ് മറ്റൊരു ചോദ്യം. അവര്‍ മുഖേന അത് കൊണ്ടുവരുന്നു എന്നതാണ് അതിന്റെ കാരണം. കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന് തന്നെയാണ്. ഇതാണ് മുഫസ്സിറുകള്‍ ഇതിന് നല്‍കിയ മറുപടിയുടെ രത്‌നചുരുക്കം. നക്ഷത്രങ്ങളെന്ന വ്യാഖ്യാനം അധ്യായത്തിന്റെ ആരംഭത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന അഞ്ച് വാക്കുകള്‍ നക്ഷത്രങ്ങളെ കുറിക്കുന്നതാണെന്നാണ് ഇമാം റാസി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹസന്‍ ബസ്വരിയും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നക്ഷത്രങ്ങളെ 'നാസിആത്ത്' എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നു: 1) ഭൂമിക്കടിയില്‍ നിന്ന് ഊരിയെടുക്കപ്പെടുന്ന പോലെയാണ് അവ, പിന്നീട് ഭൂമിക്ക് മുകളിലേക്കത് ആര്‍ഷിക്കപ്പെടുന്നു. 2) 'നസഅ ഇലാ' എന്നുള്ളത് പോവുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. 3) കുതിരയുടെ ഓട്ടത്തെ കുറിക്കുന്നതിന് 'നസഅ' എന്ന പദം ഉപയോഗിക്കാറുണ്ട്. നിര്‍ണിതമായ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതിനാല്‍ അവയെ കുറിക്കുന്നതിന് 'നാസിആത്ത്' എന്നുപയോഗിച്ചിരിക്കുന്നു. (തുടര്‍ന്ന് വരുന്ന ഭാഷാ ചര്‍ച്ചകള്‍ വിവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്) എല്ലാം വ്യത്യസ്ത വസ്തുക്കളാണെന്ന വ്യാഖ്യാനം ഇമാം റാസിയെ പോലുള്ള മുഫസിറുകള്‍ നല്‍കിയിട്ടുള്ള രണ്ടാമത്തെ സാധ്യതയാണ്, അധ്യായത്തിന്റെ തുടക്കത്തില്‍ സത്യം ചെയ്യാന്‍ ഉപയോഗിച്ചിട്ടുള്ള അഞ്ച് പദങ്ങള്‍ നേരത്തെ വിശദീകരിച്ച പോലെ ഒറ്റ വസ്തുവിനെ കുറിക്കുന്നതല്ല, മറിച്ച് വ്യത്യസ്തമായ വസ്തുക്കളെ കുറിക്കുന്നതാണെന്നുള്ളത്. അതില്‍ َالنَّازِعَاتِ غَرْقًا വില്ലുകള്‍ ആണെന്നും, وَالنَّاشِطَاتِ نَشْطًا മൃഗങ്ങളെകെട്ടാനുപയോഗിക്കുന്ന കയറാണെന്നും, وَالسَّابِحَاتِ سَبْحًا കപ്പലുകളാണെന്നും, فَالسَّابِقَاتِ سَبْقًا കുതിരകളാണെന്നും, فَالْمُدَبِّرَاتِ أَمْرًا മലക്കുകളാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്. മുജാഹിദില്‍ നിന്നും ഉദ്ധരിക്കുന്നു: فَالْمُدَبِّرَاتِ أَمْرًا، وَالنَّاشِطَاتِ نَشْطًا، النَّازِعَاتِ غَرْقًا എന്നിവ കൊണ്ടെല്ലാം ഉദ്ദേശിക്കുന്നത് മരണമാണ്. فَالسَّابِقَاتِ سَبْقًا، فَالْمُدَبِّرَاتِ أَمْرًا എന്നിവ കൊണ്ടുദ്ദേശിക്കുന്നത് മലക്കുളാണ്. ഖതാദ പറയുന്നു: അതില്‍ فَالْمُدَبِّرَاتِ أَمْرًا ഒഴികെയുള്ള എല്ലാം നക്ഷത്രങ്ങളാണ്. فَالْمُدَبِّرَاتِ أَمْرًا മലക്കുകളും. ഈ അഭിപ്രായങ്ങളില്‍ നിന്നും നാം പ്രാമുഖ്യം നല്‍കുന്നത് സത്യം ചെയ്യാനുപയോഗിച്ച അഞ്ച് വാക്കുകളും ഒരേ വസ്തുവിന്റെ തന്നെ വിശേഷണങ്ങളാണെന്നതാണ്. فاء ഉപയോഗിച്ച് പരസ്പരം ചേര്‍ത്ത് പറഞ്ഞിരിക്കുന്നു എന്നത് അതാണ് തെളിയിക്കുന്നത്. وَالسَّابِحَاتِ سَبْحًا﴿٣﴾ فَالسَّابِقَاتِ سَبْقًا﴿٤﴾ فَالْمُدَبِّرَاتِ أَمْرًا പരസ്പര വ്യത്യാസമോ വൈവിധ്യമോ ഇല്ലാത്ത, പരസ്പര ബന്ധമുള്ള ഒരു പരമ്പരയെ കുറിക്കുന്നതാണ് ഇത്തരത്തിലുള്ള ചേര്‍ത്ത് വെക്കല്‍. ഇവ്വിഷയത്തില്‍ ഇമാം റാസിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: മുഫസ്സിറുകളില്‍ നിന്നും ഉദ്ധരിക്കപ്പെട്ട് വന്ന അഭിപ്രായങ്ങള്‍ പ്രവാചകന്‍(സ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതല്ല. ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ള സാധ്യതയെ കുറിച്ച് മാത്രമാണ് അവര്‍ പറഞ്ഞിട്ടുള്ളത്. (തുടരും) നീന്തി മുന്നേറുന്ന മലക്കുകള്‍ സത്യം ചെയ്ത് പ്രതിപാദിക്കുന്ന കാര്യം
ആരാണ് നിങ്ങള്‍? ഹിന്ദുവോ ഇന്ത്യക്കാരനോ? ഇന്ത്യയിലെ ഹിന്ദുക്കള്‍, പ്രത്യേകിച്ച് ഹിന്ദുത്വവാദികള്‍ ഇവിടെയുള്ള മുസ്‌ലിംകളോട് ചോദിക്കാന്‍ വളരെയധികം താല്‍പര്യപ്പെടുന്ന ഒരു ചോദ്യമാണ്: നിങ്ങള്‍ ആദ്യമായി ഒരു മുസ്‌ലിമോ അതോ ഇന്ത്യക്കാരനോ? ഇന്ത്യയോടുള്ള മുസ്‌ലിംകളുടെ കൂറ് പരീക്ഷിക്കുന്നതിന് വേണ്ടിയുള്ള ചോദ്യമാണിത്. മുസ്‌ലിം എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഏതെങ്കിലും മുസ്‌ലിം പറഞ്ഞാല്‍ അവരെല്ലാം ഹിന്ദുത്വവാദികളുടെ കണ്ണില്‍ രാജ്യസ്‌നേഹമില്ലാത്തവരാണ്. എനിക്ക് ഹിന്ദുത്വവാദികളോട് ചോദിക്കാനുള്ളത് നിങ്ങള്‍ ആദ്യമായി ഇന്ത്യക്കാരനോ അതോ ഹിന്ദുവോ? ഞാന്‍ ചോദിക്കുന്നു: * ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ ഹിന്ദുവാണോ അതോ ഇന്ത്യക്കാരനാണോ? നിങ്ങള്‍ ഗോഡ്‌സയെ 'ധീരന്‍' എന്ന് പ്രഖ്യാപിക്കുകയും, അയാള്‍ക്ക് വേണ്ടി ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്താണ് നിങ്ങള്‍ തെളിയിക്കുന്നത്. നിങ്ങള്‍ ഹിന്ദുക്കളാണ് എന്നാണോ അതോ ഇന്ത്യക്കാരാണ് എന്നാണോ? * വിഭജനത്തിന് ശേഷം, രാജ്യത്തെ അതിഭീകരമായ സാമൂഹിക - വൈകാരികവുമായ വിഭജനത്തിലേക്ക് നയിച്ചു കൊണ്ട് നിങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍, നിങ്ങള്‍ ഹിന്ദുക്കളായിരുന്നോ അതോ ഇന്ത്യക്കാരായിരുന്നോ? * ഹിന്ദു എന്ന നിലയിലാണോ അതോ ഇന്ത്യക്കാരന്‍ എന്ന നിലക്കാണോ നിങ്ങള്‍ ഹിന്ദു ദലിതുകള്‍, ഹിന്ദു ഒ.ബി.സി എന്നിവര്‍ക്ക് പിന്നോക്കാവസ്ഥയുടെ പേരില്‍ സംവരണം നല്‍കുകയും, മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെ 'പ്രീണനമായി' ചിത്രീകരിക്കുകയും ചെയ്യുന്നത് ? * ഹിന്ദു എന്ന നിലക്കാണോ അതോ ഇന്ത്യക്കാരന്‍ എന്ന നിലക്കാണോ ഗീതയും മറ്റു ഹിന്ദു വേദങ്ങളും ഇന്ത്യയിലെ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ നിങ്ങള്‍ ആഹ്വാനം ചെയ്യുന്നത് ? * ഹിന്ദുത്വത്തെ പ്രതിനിധീകരിച്ചാണോ അതോ ഇന്ത്യയെ പ്രതിനിധീകരിച്ചാണോ പ്രധാനമന്ത്രി മോദി ലോക നേതാക്കളെ ഒൗദ്യോഗികമായി സന്ദര്‍ശിക്കുമ്പോള്‍ അവര്‍ക്ക് ഗാന്ധിയെ കുറിച്ചും ഇന്ത്യന്‍ ചരിത്രത്തെ കുറിച്ചുമുള്ള പുസ്തകങ്ങള്‍ നല്‍കുന്നതിന് പകരം ഗീത സമ്മാനമായി നല്‍കുന്നത് ? * ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരനെ മാനസികമായി വിഷമിപ്പിച്ചു കൊണ്ട്, കപടവാദങ്ങള്‍ നിരത്തി 'ഇന്ത്യ'യെയും 'ഹിന്ദു'വിനെയും സമീകരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വ സംഘടനകള്‍ സ്വയം തെളിയിക്കാന്‍ ശ്രമിച്ചത് എന്താണ്? തങ്ങള്‍ ഹിന്ദുക്കളാണ് എന്നോ അതോ തങ്ങള്‍ ഇന്ത്യക്കാരാണ് എന്നോ? * നിങ്ങള്‍ ഹിന്ദുവായത് കൊണ്ടോ അതോ ഇന്ത്യക്കാരനായത് കൊണ്ടോ, മുസ്‌ലിം നാമധാരികള്‍ നടത്തിയ ഭീകരാക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും, ഹിന്ദുത്വ ഭീകരര്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെയും, കലാപങ്ങള്‍ക്കെതിരെയും ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്യുന്നത് ? * വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹിന്ദു നേതാക്കളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പകരം നിങ്ങള്‍ അവരെ ആദരിക്കുന്നു, നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടല്ലോ ഇങ്ങനെ ചെയ്യുന്നത് ? * നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടല്ലെ ജനസംഖ്യാടിസ്ഥാനത്തിലുള്ള ആധിപത്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി, ഹിന്ദുക്കള്‍ വളരെയധികം കുട്ടികളെ പ്രസവിക്കണമെന്ന പേരില്‍ നിങ്ങള്‍ കാമ്പയിന്‍ നടത്തിയത് ? * ബി.ജെ.പി, ശിവസേന പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സാമുദായിക ധ്രുവീകരണം ഇളക്കി വിട്ട് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദു എന്ന നിലക്കാണോ അതോ ഇന്ത്യന്‍ എന്ന നിലക്കാണോ അവര്‍ ഇങ്ങനെ പെരുമാറുന്നത്? * നിങ്ങള്‍ ഹിന്ദുക്കളായത് കൊണ്ടാണോ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപക പ്രചാരം സിദ്ധിച്ചത് കൊണ്ട് മാത്രം, ഉര്‍ദു എന്ന ഇന്ത്യന്‍ ഭാഷയെ എതിര്‍ക്കുന്നത് ? * പതിനായിരക്കണക്കിന് ഹിന്ദുക്കള്‍ ഇന്ത്യ വിട്ട് അമേരിക്ക, ആസ്‌ത്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പൗരന്മാരായി മാറിയിട്ടുണ്ട്. അതേ അവസരത്തില്‍ അവര്‍ തങ്ങളുടെ മതസ്വത്വം കാത്തുസൂക്ഷിക്കുന്നുമുണ്ട്. ഹിന്ദുവായത് കൊണ്ടാണോ ഇന്ത്യനായത് കൊണ്ടാണോ അവര്‍ അവരുടെ മതസ്വത്വം കാത്തുസൂക്ഷിക്കുന്നത്? ഹിന്ദുക്കള്‍ അവരുടെ മതത്തിന്റെ പേരില്‍ അഭിമാനം കൊള്ളരുതെന്നല്ല മേല്‍ പറഞ്ഞതിന്റെ അര്‍ത്ഥം. അവര്‍ അഭിമാനിക്കുക തന്നെ വേണം. ഏതൊരു മതത്തിന്റെ അനുയായിയും, അവന് അതില്‍ വിശ്വാസമുണ്ടെങ്കില്‍ അതിന്റെ പേരില്‍ അഭിമാനിക്കുക തന്നെ വേണം. ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു സമുദായമോ തങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് വേണ്ടി അല്ലെങ്കില്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടത്തിലേര്‍പ്പെടുന്നതില്‍ യാതൊരു തെറ്റുമില്ല. മറിച്ച്, അപരന്റെ വിശ്വാസം തന്റേതില്‍ നിന്നും വ്യത്യസ്തമാണ് എന്ന കാരണത്താല്‍ അവനെ വെറുപ്പോടെ കാണുന്നിടത്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 'ആദ്യമായി നിങ്ങള്‍ ഹിന്ദുവോ അതോ ഇന്ത്യനോ?' അല്ലെങ്കില്‍ 'ആദ്യമായി നിങ്ങള്‍ മുസ്‌ലിമോ അതോ ഇന്ത്യനോ?' തുടങ്ങിയ ചോദ്യങ്ങള്‍ അബദ്ധജഡിലങ്ങളാണ്. നിങ്ങള്‍ മനുഷ്യനോ അതോ ഇന്ത്യനോ? നിങ്ങള്‍ സത്യസന്ധനോ അതോ ഇന്ത്യനോ? അല്ലെങ്കില്‍ നിങ്ങള്‍ ആദ്യമായി ഒരു ഡോക്ടറാണോ അതോ ഇന്ത്യക്കാരനാണോ? നിങ്ങള്‍ ഡല്‍ഹിക്കാരനാണോ അതോ ഇന്ത്യക്കാരനാണോ? തുടങ്ങിയ ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും ചോദിക്കാന്‍ തോന്നുമോ. ഇന്ത്യക്കാരനാണോ അല്ലയോ എന്നത് ഒരാളുടെ ദേശവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ക്ക് ഇന്ത്യക്കാരനോ, ചൈനക്കാരനോ, അമേരിക്കക്കാരനോ അല്ലെങ്കില്‍ റഷ്യക്കാരനോ അങ്ങനെ എന്തു വേണമെങ്കിലും ആവാമല്ലോ. മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദം തുടങ്ങിയവ ഒരാളുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഒരേ സമയം തന്നെ ഒരാള്‍ക്ക് നിരവധി സ്വത്വങ്ങള്‍ ഉണ്ടാവും. ദേശം കൊണ്ട് ഞാനൊരു ഇന്ത്യക്കാരനാണ്, വിശ്വാസം കൊണ്ട് ഞാനൊരു മുസ്‌ലിമാണ്, പ്രൊഫഷന്‍ കൊണ്ട് ഞാനൊരു ഡോക്ടറാണ്, ലിംഗപരമായി ഞാനൊരു പുരുഷനാണ്, പ്രാദേശികാടിസ്ഥാനത്തില്‍ ഞാനൊരു ഡല്‍ഹിക്കാരനാണ്. ഇനി ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരിക്കും. വ്യത്യസ്ത സമയങ്ങളില്‍ ഈ സ്വത്വങ്ങളെല്ലാം തന്നെ വളരെ പ്രധാന്യമര്‍ഹിക്കുന്നതായി തീരും. ഒരു ഡോക്ടറെന്ന നിലക്കാണെങ്കില്‍, വ്യത്യസ്ത രാജ്യക്കാരായ പത്ത് രോഗികളെ എനിക്ക് ശുശ്രൂഷിക്കേണ്ടതായി വരും. ഞാനൊരു ഇന്ത്യക്കാരനെയല്ല ആദ്യം ചികിത്സിക്കുക, മറിച്ച് ഒരു രോഗിയായിരിക്കും ഞാന്‍ ആദ്യം പരിഗണിക്കുക. അല്ലെങ്കില്‍ ആര്‍ക്കാണോ അടിയന്തിര ശ്രദ്ധ കിട്ടേണ്ടത് അല്ലെങ്കില്‍ ആരാണോ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അവരെയായിരിക്കും ഞാന്‍ ആദ്യം ശുശ്രൂഷിക്കുക. നിങ്ങള്‍ ഒരു ക്ഷേത്രത്തിലേക്ക് പോയാല്‍, വ്യത്യസ്ത രാജ്യക്കാരായ നിരവധി ആളുകളെ അവിടെയുണ്ടാകും. ദേശീയതയുടെ അടിസ്ഥാനത്തില്‍ അവരെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. ഒട്ടുമിക്ക ആളുകളുടെ കാര്യത്തിലും, ഒരാളുടെ ദേശീയത സാന്ദര്‍ഭികമായി സംഭവിക്കുന്നതാണ്. അല്ലാതെ അയാള്‍ തെരഞ്ഞെടുക്കുന്നതല്ല. ഒരാള്‍ ജനിക്കുമ്പോള്‍, അയാള്‍ കേവലം ഒരു മനുഷ്യജീവി മാത്രമാണ്. അവന്‍ വളരുമ്പോള്‍, താനൊരു ഇന്ത്യക്കാരനാണെന്നും, ഒരു മുസ്‌ലിം/ഹിന്ദു ആണെന്നും അവന്‍ മനസ്സിലാക്കുന്നു. പിന്നീട് അവന് അതേ സ്വത്വങ്ങളില്‍ തന്നെ തുടരാനും അല്ലെങ്കില്‍ അവയില്‍ മാറ്റം വരുത്താനും സാധിക്കും. ചോദ്യം വിശ്വാസത്തെ സംബന്ധിച്ചാവുമ്പോള്‍ ആദ്യാവസാനം ഞാനൊരു മുസ്‌ലിം തന്നെയാണ്. ഇനി അത് ദേശീയതയെ കുറിച്ചാണെങ്കില്‍ ഞാനൊരു ഇന്ത്യക്കാരനാണ്. ഭാവിയില്‍ ഇന്ത്യയില്‍ നിരീശ്വരവാദികളുടെയോ, മുസ്‌ലിംകളുടെയോ, അല്ലെങ്കില്‍ ക്രിസ്ത്യാനികളുടെയോ ഒരു ഗവണ്‍മെന്റ് വരികയും, ആ ഗവണ്‍മെന്റ് ഈ രാജ്യത്തെ ഹിന്ദുവിനോട് അവന്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആജ്ഞാപിക്കുകയും ചെയ്താല്‍, തീര്‍ച്ചയായും അവന്‍ അത് അംഗീകരിക്കില്ല. ഇനി അന്ന് ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണെങ്കിലും ശരി, അവര്‍ സംഘടിക്കുകയും, ഗവണ്‍മെന്റിനെതിരെ കാമ്പയിന്‍ നടത്തുകയും ചെയ്യും. ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണ്. വിദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ പോലും ഇന്ത്യയെ അവരുടെ രാജ്യമായി അംഗീകരിച്ചു കഴിഞ്ഞവരാണ്. പക്ഷെ ഇന്ത്യക്കാരനാവുക എന്നത് കൊണ്ട്, ഭൂരിപക്ഷത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി, ദേശീയതയുടെ പേരില്‍ ഇഷ്ടമില്ലാത്തത് ചെയ്യണം എന്ന അര്‍ത്ഥമില്ല. ദേശീയത അടക്കമുള്ള കാര്യങ്ങളേക്കാള്‍ പ്രാധാന്യമുള്ളതും, മുകളില്‍ നില്‍ക്കുന്നതുമാണ് നീതി, സത്യസന്ധത എന്നിവ. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിനെതിരെ ഒരുപാട് അമേരിക്കക്കാര്‍ പ്രതിഷേധിച്ചത്, അവര്‍ അമേരിക്കയേക്കാള്‍ നീതിയെ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ദേശസ്‌നേഹം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുക എന്ന ഹിന്ദുത്വ ശക്തികളുടെ കേവലം തന്ത്രം മാത്രമാണിത്. ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ്, ആസ്‌ത്രേലിയന്‍ ഹിന്ദുക്കള്‍ അവരുടെ രാജ്യത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതു കൊണ്ട് അവര്‍ രാജ്യദ്രോഹികളാണോ? ഒരു അമേരിക്കന്‍ അല്ലെങ്കില്‍ ആസ്‌ത്രേലിയന്‍ ഹിന്ദു അവിടെ കൊല്ലപ്പെട്ടാല്‍ ഇവിടെയുള്ള ഇന്ത്യന്‍ ഹിന്ദുവിന് വേദനിക്കും. അത് സ്വാഭാവികമാണ്. കാരണം അവരുടെ മതങ്ങള്‍ ഒന്നാണ്. ഏത് സ്വത്വത്തിന്റെ അടിസ്ഥാനത്തിലും, ഒരാള്‍ക്ക് മറ്റൊരാളോട് അടുപ്പം തോന്നാം. ഞാന്‍ ആസ്‌ത്രേലിയയില്‍ ആയിരുന്നപ്പോള്‍, സഊദി അറേബ്യന്‍ മുസ്‌ലിംകളേക്കാള്‍ കൂട്ടുകൂടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് ഇന്ത്യന്‍ ഹിന്ദുക്കളുമായാണ്. ഞങ്ങളുടെ പൊതുവായ ഭാഷയും, സംസ്‌കാരവും തന്നെയാണ് അതിന് കാരണം. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഞാന്‍ ഇറാനിലെത്തിയ നേരത്ത്, ഒരു ഇന്ത്യക്കാരനെയാണ് എന്റെ കണ്ണുകള്‍ തിരഞ്ഞു നടന്നത്. അല്ലാതെ ഇറാനിയന്‍ മുസ്‌ലിംകളെയല്ല. ധാര്‍മികത, നന്മ, തിന്മ എന്നിവയെ കുറിച്ചാണ് മതം നിങ്ങളോട് സംസാരിക്കുന്നത്. ദേശീയത എന്നത് ഭരണസംബന്ധമായ പരസ്പരബന്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് നിങ്ങളെ പ്രൊഫഷണലും മറ്റുമായ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു. അത്തരം അബദ്ധജഡിലമായ ചോദ്യങ്ങല്‍ ഉയര്‍ത്തി മുസ്‌ലിംകളെ ഇനിയും ഭയപ്പെടുത്താന്‍ സാധിക്കില്ല. അവര്‍ ഈ രാജ്യക്കാരാണ്, ഈ രാജ്യം അവരുടേത് കൂടിയാണ്. ഓരോ മേഖലയിലുമുള്ള ഇന്ത്യന്‍ നയങ്ങളുടെ ദിശയെ സ്വാധീനിക്കാനും, അതിന്റെ നേട്ടങ്ങളില്‍ നിന്ന് പ്രയോജനം നേടാനും അവര്‍ക്ക് അവകാശമുണ്ട്. കാരണം അവരും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാണ്. സര്‍വ്വമതസൗഹാര്‍ദ്ദത്തിന് വാദിക്കുന്ന ഒരാളാണ് ഞാന്‍. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടി സമകാലികലോകം പ്രചരിപ്പിക്കുന്ന അധാര്‍മികതക്കെതിരെ ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കണം. മതധാര്‍മകിതയെ നിഷേധിക്കുകയും, കച്ചവടയുക്തിയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാശ്ചാത്യവല്‍ക്കരണം അല്ലെങ്കില്‍ നവലോകക്രമം എല്ലാ മതങ്ങള്‍ക്കും മനുഷ്യരാശിക്കും ഭീഷണിയാണ്. മതങ്ങള്‍ തമ്മിലല്ല ഇന്ന് യുദ്ധം നടക്കുന്നത്. മറിച്ച് മതവും മതരാഹിത്യവും തമ്മിലാണ് ഇന്നത്തെ യുദ്ധം. കുടുംബ മൂല്യങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, സാമൂഹിക മൂല്യങ്ങള്‍ എന്നിങ്ങനെ ഒട്ടുമിക്ക വിഷയങ്ങളിലും ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെയാണ് ചിന്തിക്കുന്നത്. മദ്യം, ചൂതാട്ടം, വിവാഹബാഹ്യ ലൈംഗികത, സ്വവര്‍ഗരതി, നഗ്നത വെളിവാക്കല്‍ തുടങ്ങിയവയെ നമ്മളെല്ലാം വെറുക്കുന്നു. നമ്മുടെ വഴികള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും, നമ്മളെല്ലാം ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. പ്രവാചകന്‍ മുഹമ്മദ്(സ) തുടങ്ങി വെച്ച ഒരു മതമല്ല ഇസ്‌ലാം എന്ന് ഞാന്‍ ഇവിടെയും ആവര്‍ത്തിക്കുന്നു. ദൈവത്തിനുള്ള പരിപൂര്‍ണ്ണ സമര്‍പ്പണത്തെ, കീഴൊതുങ്ങലിനെയാണ് ഇസ്‌ലാം എന്ന് പറയുന്നത്. ദൈവത്തിന് 'അല്ലാഹു' എന്ന് അറബിയിലും, പരമേശ്വര്‍ എന്ന് സംസ്‌കൃതത്തിലും ഹിന്ദിയിലും, യെഹോവ എന്ന് ഹിബ്രു ഭാഷയിലും പറയും. ഹിന്ദുയിസം അതിന്റെ ആദിമശുദ്ധരൂപത്തില്‍ ചിലപ്പോള്‍ ഇസ്‌ലാമിന്റെ പൗരാണിക പതിപ്പായിരുന്നിരിക്കാം. ക്രിസ്ത്യാനിറ്റി, ജൂതായിസം, ഹിന്ദുയിസം, അതുപോലെ ബുദ്ധിസം എന്നിവ ഉള്‍പ്പെടെയുള്ള ദൈവിക മതത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്‌ലാം. എല്ലാ മുന്‍കഴിഞ്ഞു പോയ വേദങ്ങളുടെയും പ്രവാചകന്‍മാരുടെയും സത്യതയില്‍ വിശ്വസിക്കാനാണ് ഖുര്‍ആന്‍ നമ്മോട് പറയുന്നത്. ഏറ്റവും ആദ്യമായി ഒരാള്‍ മനുഷ്യനായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറ്റു സ്വത്വങ്ങളെല്ലാം രണ്ടാമതായി മാത്രമേ വരുന്നുള്ളു. മതപരവും നിരീശ്വരവാദപരവുമായ പ്രത്യയശാസ്ത്രങ്ങളാണ് മനുഷ്യരാശിക്ക് വേണ്ട അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കിയത്. അല്ലാതെ ദേശീയതയല്ല. ഒരു ഇന്ത്യക്കാരന്‍, റഷ്യക്കാരന്‍, ചൈനക്കാരന്‍, അമേരിക്കക്കാരന്‍ അല്ലെങ്കില്‍ സൗദി അറേബ്യക്കാരന്‍ ആവുന്നതിന് മുമ്പ് ഏതൊരാളും ഹിന്ദുവും, മുസ്‌ലിമും, ക്രിസ്ത്യനും, ബുദ്ധിസ്റ്റും അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുമായിരിക്കല്‍ നിര്‍ബന്ധമാണ്. പക്ഷെ സാമുദായത്തിന് പകരം, പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കണം സ്വത്വം സ്വീകരിക്കേണ്ടത്. ഇനി സ്വത്വം സ്വീകരിക്കുന്നത് സാമുദായികവും വംശീയവുമായ പരിഗണനകള്‍ വെച്ചാണെങ്കില്‍, അത് വളരെ അപകടകരമാണ്, പ്രത്യേകിച്ച് അത് മറ്റുള്ളവര്‍ക്ക് എതിരെ തിരിയുമ്പോള്‍. നീതി, മനുഷ്യത്വം തുടങ്ങിയ തത്വങ്ങള്‍ക്കെതിരെ നിലകൊള്ളുന്നതാണെങ്കിലും, എല്ലാ വിഷയങ്ങളിലും രാജ്യത്തെ പിന്തുണക്കുന്നതിന് അനിവാര്യമായ ഒരു ഘടകമൊന്നുമല്ല ദേശീയ സ്വത്വം എന്നത്. മറ്റു രാഷ്ട്രങ്ങളെ ആക്രമിക്കുന്നതില്‍ നിന്നും സ്വന്തം രാജ്യത്തെ തടയാന്‍ അതാത് രാജ്യങ്ങളിലെ പൗരന്‍മാര്‍ ശ്രമിക്കേണ്ടതുണ്ട്. വെറുപ്പിന്റെ കാമ്പയിന്‍ നടത്തുന്നതിന് പകരം, മതത്തിലെ പൊതുവായ ധാര്‍മികമൂല്യങ്ങള്‍ക്ക് വേണ്ടി നമുക്ക് കാമ്പയിന്‍ നടത്താം. പാശ്ചാത്യവല്‍ക്കരണം നടപ്പിലാക്കിയ ദുര്‍വൃത്തികള്‍ക്കെതിരെ നമുക്ക് സംഘടിക്കാം. ഈ സമീപനത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളും മുസ്‌ലിംകളും ആദ്യം ഒന്നിക്കുക. മറ്റുള്ളവര്‍ പിന്നാലെ വരിക തന്നെ ചെയ്യും.
'ഹിന്ദുവായി ജനിച്ചു, എന്നാല്‍ മരിക്കുന്നത് ഹിന്ദുവായിട്ടാവില്ല' ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തുവെച്ച് 50ഓളം ദലിതുകള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. കലിമ ചൊല്ലി ജന്തര്‍മന്ദറില്‍ റോഡരികില്‍ വെച്ച് നമസ്‌കാരവും നിര്‍വ്വഹിച്ചു. ഒരാഴ്ച മുമ്പ് തന്നെ തങ്ങളുടെ തീരുമാനം അവര്‍ പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ നിന്നുള്ള ഇവര്‍ക്ക് നേരെ സ്ഥലത്തെ ജാട്ടുകള്‍ നടത്തിയ അതിക്രമങ്ങളിന്മേല്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജന്ദര്‍മന്തറില്‍ ഇരിപ്പുസമരത്തിലായിരുന്നു. 'തൊട്ടുകൂടായ്മയും, അതിക്രമങ്ങളും, ബഹിഷ്‌കരണങ്ങളുടെയും, കൂട്ടബലാത്സംഗങ്ങളുടെയും ഇരകളാണ് ഞങ്ങള്‍. ഇതിന്റെയെല്ലാം അടിസ്ഥാനം ഹിന്ദുത്വവാദി വ്യവസ്ഥയാണ്. ഈ വ്യവസ്ഥയില്‍ ജീവിക്കുന്നേടത്തോളം ഇത് ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് പറഞ്ഞ് മറ്റുള്ളവരാരും ഞങ്ങളെ സഹായിക്കുകയില്ല. ഇപ്പോഴത്തേതല്ലെങ്കില്‍ ഞങ്ങളുടെ ഭാവിജീവിതമെങ്കിലും കാക്കണമെങ്കില്‍ ഈ വ്യവസ്ഥിതിയില്‍ നിന്നും പുറത്ത് കടന്നേ മതിയാകൂ,' വെള്ള തൊപ്പി ധരിച്ചിരിക്കുന്ന സതീഷ് കജ്‌ല പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ചവരില്‍ ഒരാളാണിദ്ദേഹം. നീതി ലഭിക്കുന്ന മുറക്ക് ഈ തൊപ്പി ഉപേക്ഷിച്ചു ഇസ്‌ലാമില്‍ നിന്നും പുറത്തു പോകുമോ? '' എന്ന ചോദ്യത്തിന് ഇല്ല, ഒരിക്കലുമില്ല. ഇനി ഞങ്ങള്‍ക്ക് നീതി ലഭിച്ചാലും ഹിന്ദുമതത്തിലേക്ക് ഞങ്ങള്‍ മടങ്ങില്ല,' എന്നാണ് കജ്‌ലയുടെ മറുപടി. നാലുവര്‍ഷത്തോളം മേല്‍ജാതിക്കാരുടെ പീഡനങ്ങളും ബഹിഷ്‌കരണങ്ങളും സഹിച്ച അവര്‍ ഇസ്‌ലാം സ്വീകരിക്കുന്നതിനെ സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. മേല്‍ജാതി ഹിന്ദുക്കളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് തങ്ങളില്‍ ചിലര്‍ നേരത്തെ ഇസ്‌ലാം സ്വീകരിച്ചിരുന്നതായി എഴുതി തയാറാക്കിയ പ്രസ്താവനയില്‍ ഇരകളായ കുടുംബങ്ങള്‍ പറഞ്ഞു. തൊട്ടുകൂടായ്മയുടെയും അതിക്രമങ്ങളുടെയും അനീതിയുടെയും ഇരകളായി തുടരുന്നതില്‍ പ്രതിഷേധിച്ച് ബഗാന ഗ്രാമത്തിലെ 500 കുടുംബങ്ങള്‍ ദല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഇസ്‌ലാം സ്വീകരിക്കുമെന്നും കുറ്റവാളികളായ ജാട്ടുകളുടെയും ഉദ്യോഗസ്ഥരുടെയും അറസ്റ്റ് ചെയ്യണമെന്നും തങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കണമെന്ന് ആവശ്യപെടുമെന്നും അവര്‍ അറിയിച്ചിരുന്നതായി ഇരകളുടെ നീതിക്കായി പോരാടുന്ന ബഗാന സംഘര്‍ഷ് സമിതി പറയുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ബഗാനയിലെ ഇരകള്‍ നീതിക്കായി ഓടിനടക്കുകയായിരുന്നു. ഒരുപാട് പ്രതിഷേധങ്ങള്‍ നടത്തിയിട്ടും, അറസ്റ്റു കൈവരിച്ചിട്ടും, ഹിസാറിലും ജന്തര്‍മന്ദറിലും സമരങ്ങള്‍ നടത്തിയിട്ടും, ദലിതുകള്‍ക്ക് നീതിയും സംരക്ഷണവും ആദരവും ലഭിച്ചില്ല. മേല്‍ജാതി ഹിന്ദുക്കളുടെ അതിക്രമത്തില്‍ മനംനൊന്ത് ചില ഇരകള്‍ പ്രതിഷേധമെന്നോണം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും സംഘര്‍ഷ് സമിതി പറയുന്നു. 250 ദലിത് കുടുംബങ്ങളെ ബഗാനയിലെ ഖാപ് പഞ്ചായത്ത് 2011ല്‍ ബഹിഷ്‌കരിക്കുകയും നാടുവിടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തതായി സമിതി പറയുന്നു. 280 ഏക്കര്‍ ഭൂമി അനധികൃതമായി കൈയ്യേറിയ ജാട്ടുകള്‍ ദലിതുകള്‍ ആ സ്ഥലമുപയോഗിക്കുന്നത് തടയുകയും ചെയ്തു. 'അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് ഭരണാധികാരികള്‍ക്ക് പരാതി നല്‍കിയപ്പോള്‍ മേല്‍ജാതിക്കാരായ ജാട്ടുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരകള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയാണുണ്ടായത്. അവര്‍ ദലിതുകളെ ആക്രമിക്കുകയും അവരിലെ ചെറിയവരെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തു.' സമിതി പറയുന്നു. 'ജീവിതം ദുസ്സഹമായതിനാല്‍ 2012 മെയ് 21ന് ഞ്ങ്ങള്‍ക്ക് ഗ്രാമം വിട്ടോടേണ്ടിവന്നു. ബാര്‍ബര്‍മാര്‍ ഞങ്ങളുടെ മുടിമുറിക്കില്ല. ഞങ്ങളുടെ കുട്ടികളെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കി. ക്ഷേത്രങ്ങളില്‍ നിന്നും ഞങ്ങള്‍ പുറന്തള്ളപ്പെട്ടു. കുളം ഉപയോഗിക്കുന്നത് തടഞ്ഞു. കടകളില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കാതായി. ഞങ്ങളോട് ബന്ധം പുലര്‍ത്തുന്ന ആര്‍ക്കും 1100 രൂപ പിഴ അടക്കേണ്ടിവരുമെന്ന് ഖാപ് പഞ്ചായത്ത് കല്‍പന പുറപ്പെടുവിച്ചു.' സംഘര്‍ഷ സമിതിയിലെ വിരേന്ദ്ര സിങ് ബഗോറിയ പറയുന്നു. ബഗോറിയയും ഇസ്‌ലാം സ്വീകരിച്ചയാളാണ്. ഞങ്ങള്‍ ഗ്രാമത്തില്‍ നിന്നും പോന്നതിന് ശേഷം ഗ്രാമത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷെ, ഇതിനിടക്ക് ഞങ്ങളുടെ നാലു ചെറിയകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ പിന്നോക്ക സമുദായക്കാരനായ ഒരാളെ വെടിവെച്ചുകൊന്നു. രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണികളാക്കി. എന്നിട്ടും ഗ്രാമത്തില്‍ സാമുദായിക സൗഹാര്‍ദവും സമാധാനവും നിലനില്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.' 'ഹിന്ദു നേതാക്കള്‍ ഞങ്ങളെ മനുഷ്യരായി കണക്കാക്കുന്നില്ല. ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ അവര്‍ ഒരുക്കമല്ല. രാജ്യത്തെ വിഭവങ്ങളും ഞങ്ങള്‍ക്ക് കൂടി പങ്കുവെക്കാന്‍ അവര്‍ ഒരുക്കമല്ല. ജീവിതം ദുസ്സഹമായിക്കൊണ്ടിരുന്നത് വിശ്വാസപരിവര്‍ത്തനത്തിന് ഞങ്ങളെ നിര്‍ബന്ധിതരാക്കി. ഹിന്ദുവ്യവസ്ഥിതിയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു' ജാട്ട് സമുദായത്തിലെ സഞ്ജയ് ബുറയും ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. 'ദലിതുകള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ജാതിയില്‍ പെട്ടയാളാണ് ഞാന്‍. ഇവരുടെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞാന്‍ ഇവരോടൊപ്പം നില്‍ക്കുന്നു. ഞാന്‍ സ്വയം ദലിതനായിട്ടാണ് മനസിലാക്കുന്നത്. ബഗാനയില്‍ മാത്രമല്ല പലയിടത്തും ഇവരുടെ വേദന ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഞാനും ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു,' ബുറ പറയുന്നു. 'ഹിന്ദുമതത്തിലെ വര്‍ണവ്യവസ്ഥ തൊട്ടുകൂടായ്മയും വിവേചനവും അനുവദിക്കുന്നു. ഈ വ്യവസ്ഥക്കെതിരാണ് ഞാന്‍. പുതിയ ബി.ജെ.പി. സര്‍ക്കാര്‍ പ്രത്യേക അജണ്ട പ്രകാരം പ്രവര്‍ത്തിച്ച് ഭരണഘടനാ സ്ഥാപനങ്ങള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുകയാണ്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്താന്‍ അവര്‍ മനുവാദി അജണ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണ്.' ബുറ പറയുന്നു. 'ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങളെ ഞാന്‍ പിന്തുണക്കുന്നു. ഈ ഗുണങ്ങളുടെ മികച്ച ഉദാഹരണമായിട്ടാണ് ഇസ്‌ലാം കാണപ്പെടുന്നത്. അതില്‍ ഞാന്‍ വിശ്വസിക്കുന്നു' ഒരൊറ്റ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ ശ്രദ്ധിക്കില്ലെന്ന് കണ്ട് പലര്‍ക്കും ദുഖമുണ്ട്. 'ഒരു പുസ്തകത്തില്‍ അടങ്ങിയ നിയമം മാത്രമായി ഭരണഘടന മാറി. കൈയ്യൂക്കുള്ളവന്റെ ഭരണം മാത്രമാണ് ഇപ്പോഴുള്ളത്. ഊക്കുള്ള ആയുധം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ക്കെല്ലാമായി. ഇല്ലെങ്കില്‍ ഒന്നുമില്ല. തീര്‍ച്ചയായും ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കില്ല,' ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞു.
ഹിജാബ് ഖുര്‍ആനിലുണ്ടോ? ''സ്ത്രീ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന് അനുശാസിക്കുന്ന സൂക്തം ഖുര്‍ആനിലുണ്ടോ? ''- അവള്‍ ചോദിച്ചു. ഞാന്‍ അവളോട്: ''നിങ്ങളെ ഒന്ന് പരിചയപ്പെടുത്തിത്തരൂ.'' അവള്‍: ''ഞാന്‍ യൂനിവേഴ്‌സിറ്റിയില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഞാന്‍ അറിഞ്ഞേടത്തോളം ഹിജാബ് അല്ലാഹു കല്‍പിച്ചിട്ടില്ല. അതിനാലാണ് ഞാന്‍ ഹിജാബ് ധരിക്കാത്തത്. എന്നാല്‍ നമസ്‌കാരം ഞാന്‍ കൃത്യമായി അനുഷ്ഠിക്കുന്നുണ്ട്.'' ഞാന്‍: ''ശരി, ഞാനൊരു ചോദ്യം ചോദിക്കട്ടെ. ഒരു ആശയം വ്യക്തമാക്കാന്‍ മൂന്ന് വാക്കുകള്‍ ഞാന്‍ ആവര്‍ത്തിച്ചുപയോഗിച്ചാല്‍ നിങ്ങള്‍ എന്താണ് മനസ്സിലാക്കുക? '' അവള്‍: ''എന്നുവെച്ചാല്‍? '' ഞാന്‍ വിശദീകരിച്ചു: ''ഞാന്‍ പറഞ്ഞെന്നിരിക്കട്ടെ. 'നിന്റെ യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരൂ.' രണ്ടാമത് ഞാന്‍ ആവശ്യപ്പെടുന്നു 'യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നീ ബിരുദമെടുത്തെന്ന് തെളിയിക്കുന്ന പേപ്പര്‍ കൊണ്ടുവരൂ.' മൂന്നാമത് ഞാന്‍ പറയുന്നു: 'യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച 'ഫൈനല്‍ റിപ്പോര്‍ട്ട്' ഒന്ന് കാണണം.' ഇതില്‍ നിന്ന് നിങ്ങള്‍ എന്താണ് മനസ്സിലാക്കുക? '' അവള്‍: ''ഞാന്‍ എന്റെ യൂനിവേഴ്‌സിറ്റി ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്. ഒരേ അര്‍ഥമുള്ള മൂന്ന് പദങ്ങള്‍ അങ്ങ് ആവര്‍ത്തിച്ച് ഉപയോഗിച്ചതുകൊണ്ട് എനിക്ക് മനസ്സിലായില്ല എന്ന് പറയാന്‍ ഒക്കില്ല. സര്‍ട്ടിഫിക്കറ്റ്, പേപ്പര്‍, റിപ്പോര്‍ട്ട് എന്നീ മൂന്ന് പദങ്ങളും ഒരേ ആശയത്തിനാണല്ലോ അങ്ങ് ഉപയോഗിച്ചത്.'' ഞാന്‍: ''അതെ. അതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്.'' അവള്‍: ''ഹിജാബുമായി ഇതിനെന്താണ് ബന്ധം? '' ഞാന്‍: ''സ്ത്രീയുടെ ഹിജാബിനെക്കുറിച്ച് മൂന്ന് സാങ്കേതിക വാക്കുകളാണ് അല്ലാഹു ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ളത്.'' കൗതുകത്തോടെ അവള്‍: ''അതെന്താണ്? '' }ഞാന്‍: ''സ്ത്രീയുടെ ശരീര ഭാഗം മറയ്ക്കുന്ന വസ്ത്രത്തെ അല്ലാഹു വിശേഷിപ്പിച്ചത് മൂന്ന് പദങ്ങള്‍ കൊണ്ടാണ്- ഹിജാബ്, ജില്‍ബാബ്, ഖിമാര്‍. ഒരേ അര്‍ഥമുള്ള മൂന്ന് പദങ്ങള്‍ ഉപയോഗിച്ചാല്‍ നിങ്ങളെന്താണ് ഗ്രഹിക്കുക? '' അവള്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ തുടര്‍ന്നു: ''യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമില്ലാത്തതുപോലെത്തന്നെ ഈ പദമുള്‍ക്കൊള്ളുന്ന അര്‍ഥത്തെക്കുറിച്ചും നിങ്ങള്‍ക്ക് സംശയമുണ്ടാവരുത്. അങ്ങനെയല്ലേ? '' ''സംവാദത്തിലെ നിങ്ങളുടെ രീതി എന്നെ ഞെട്ടിച്ചുകളഞ്ഞു''- അവള്‍. ഞാന്‍ വിശദീകരിച്ചു: ഒരിടത്ത് അല്ലാഹു കല്‍പിച്ചു: ''അവരുടെ മക്കനകള്‍ (ഖിമാര്‍) കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ''(അന്നൂര്‍ 31). രണ്ടാമത് പറഞ്ഞു: ''അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക'' (അല്‍ അഹ്‌സാബ് 59). മൂന്നാമതായി: ''നിങ്ങള്‍ (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോട് മറയുടെ പിറകില്‍ നിന്ന് ചോദിച്ചു കൊള്ളുക'' (അല്‍ അഹ്‌സാബ് 53). സ്ത്രീ ശരീര ഭാഗങ്ങള്‍ മറയ്‌ക്കേണ്ടതിനെക്കുറിച്ചല്ലേ ഈ മൂന്നിടത്തും മൂന്ന് പദപ്രയോഗങ്ങളിലൂടെ ആവശ്യപ്പെടുന്നത്? ഞാന്‍ ഒന്നു കൂടി വ്യക്തമാക്കിത്തരാം. അറബി ഭാഷയില്‍ 'ഖിമാര്‍' എന്നാല്‍ തല മൂടുന്ന ശിരോവസ്ത്രമാണ്. മാറത്തേക്ക് താഴ്ത്തിയിടുക എന്നാല്‍ മാറിടവും കഴുത്തും പിരടിയും മറയ്ക്കണമെന്നാണ്. ജില്‍ബാബാവട്ടെ, നീളവും വീതിയുമുള്ള ശരീരം മൂടുന്ന വസ്ത്രം. മൊറോക്കന്‍ സ്ത്രീകളാണ് ഈ വേഷം അണിഞ്ഞു കാണുന്നത്. ഹിജാബ് എന്നാല്‍ മറയ്ക്കുക എന്നര്‍ഥം. അവള്‍: ''ഞാന്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന് മനസ്സിലായി.'' ഞാന്‍: ''അതെ. അല്ലാഹുവിനോടും ദൂതനോടുമുള്ള സ്‌നേഹത്താല്‍ നിര്‍ഭരമാണ് ഹൃദയമെങ്കില്‍ അങ്ങനെ തന്നെയാണ് വേണ്ടത്. വസ്ത്രം രണ്ടു വിധമുണ്ട്. ഒന്ന്, ശരീരം മറയ്ക്കുന്നത്. അത് അല്ലാഹുവും ദൂതനും നിര്‍ബന്ധമാക്കിയ വേഷവിധാനം. രണ്ട്, ആത്മാവിന്റെയും ഹൃദയത്തിന്റെയും ആവരണമായ വസ്ത്രം. അതാണ് ആദ്യത്തെക്കാള്‍ മുഖ്യമായത്. തഖ്‌വയുടെ വസ്ത്രം-അതാണ് ഉത്തമം (ഖുര്‍ആന്‍). ചിലപ്പോള്‍ ശരീരം ഹിജാബ് കൊണ്ട് മറയ്ക്കുന്ന സ്ത്രീ തഖ്‌വയുടെ വസ്ത്രം അണിഞ്ഞിട്ടുണ്ടാവില്ല. സ്ത്രീ ഈ രണ്ടുതരം വസ്ത്രവും ധരിക്കണമെന്നതാണ് ശരി. വസ്ത്രധാരണ വിഷയത്തില്‍ പുരുഷനും ബാധകമാണ് ഈ നിര്‍ദേശം. അവള്‍: ''ഞാന്‍ ഇതുവരെ ധരിച്ചത് ഹിജാബിനെക്കുറിച്ച് ഖുര്‍ആനില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ്.'' ഞാന്‍: ''ഖുര്‍ആനിലും ഹദീസിലുമുണ്ട്. ഇതു സംബന്ധമായി ധാരാളം ഹദീസുകള്‍ ഉദ്ധരിക്കാനുണ്ട്. അവ ഞാന്‍ പറഞ്ഞില്ലെന്നേയുള്ളൂ. അല്ലാഹുവിനോടുള്ള അനുസരണത്തിലൂടെ അവന്റെ സാമീപ്യം നിങ്ങള്‍ക്ക് പ്രാപിക്കാം. മനുഷ്യനോടുള്ള സമീപനത്തില്‍ പിശാചിന്റെ ലക്ഷ്യമാണ് നഗ്നത. നമ്മുടെ പിതാവായ ആദമിന്റെയും മാതാവായ ഹവ്വായുടെയും ജീവിതത്തില്‍ പിശാച് പരീക്ഷിച്ചു വിജയിച്ചതാണിത്. അവള്‍: ''എന്നു വെച്ചാല്‍? '' ഞാന്‍: ''സ്വര്‍ഗത്തിലെ ഫലങ്ങളെല്ലാം ആഹരിക്കാന്‍ ആദമിനും ഹവ്വാക്കും അല്ലാഹു അനുമതി കൊടുത്തു- ഒരു മരമൊഴികെ. അപ്പോള്‍ പിശാച് ദുര്‍ബോധനവുമായി സമീപിച്ചു ഇരുവരെയും. ''അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത് ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി (അല്‍ അഅ്‌റാഫ് 22). വിലക്കപ്പെട്ട കനി ഭക്ഷിച്ചതോടെ ഇരുവരുടെയും നഗ്നത വെളിപ്പെട്ടു. പിശാചിന്റെ ലക്ഷ്യവും അതായിരുന്നു. ആണും പെണ്ണും പൂര്‍ണ നഗ്നരാവണം. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് ഇരുവരും നഗ്നത മറച്ച് ഉടനെ പശ്ചാത്തപ വിവശരായി അല്ലാഹുവിനെ വിളിച്ച് മാപ്പിനായി കേണത്. വസ്ത്രത്തിന്റെ പ്രശ്‌നം ആദിപിതാവായ ആദമിന്റെ സൃഷ്ടിയുടെ ഒന്നാം ദിവസം തുടങ്ങിയതാണ്. അത് ഇന്നും തുടരുന്നു. 'വസ്ത്രത്തിന്റെ മനഃശാസ്ത്രം' എന്ന ഒരു കൃതിയുണ്ട്. മനുഷ്യന്റെ വ്യക്തിത്വ നിര്‍മിതിയില്‍ വസ്ത്രത്തിന്റെ സ്വാധീനം മനസ്സിലാക്കാന്‍ ഉതുകുന്ന കൃതിയാണത്. നിങ്ങള്‍ അത് വായിക്കണം. വസ്ത്രം എന്നത് ഒരു ഭാഷയാണ്, സന്ദേശമാണ്, അടയാളമാണ്. അവള്‍: ''ഹിജാബ് വിഷയം ഇത്രത്തോളം ഗൗരവപ്പെട്ടതാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.'' ഞാന്‍ തമാശയായി: ''നിങ്ങള്‍ ഹിജാബോ ഖിമാറോ ജില്‍ബാബോ ഏതാണ് ധരിക്കാന്‍ തീരുമാനിച്ചത്? '' പുഞ്ചിരി തൂകി അവള്‍: ''സംഗതികളൊക്കെ എനിക്ക് ബോധ്യപ്പെട്ടു. ഞാന്‍ കുറെ കൂടി പ്രായമാവുമ്പോള്‍ ഹിജാബ് ധരിക്കാമെന്നാണ് കരുതുന്നത്.'' ഞാന്‍: ''നിങ്ങള്‍ ചിന്തിക്കുന്നതും പ്ലാന്‍ ചെയ്യുന്നതുമെല്ലാം അല്ലാഹു കല്‍പിച്ചതിന് നേരെ വിപരീതമാണ്.'' അതിശയത്തോടെ അവള്‍: ''അതെങ്ങനെ? '' ഞാന്‍: ''വൃദ്ധകള്‍ക്ക് അല്ലാഹു ഹിജാബിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. നിങ്ങളാണെങ്കില്‍ യുവതിയും. ''വിവാഹജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചേടത്തോളം സൗന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ മാറ്റിവെക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. അവര്‍ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവര്‍ക്ക് കൂടുതല്‍ നല്ലത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു'' (അന്നൂര്‍ 60). വൃദ്ധകള്‍ അലങ്കാരം വെളിപ്പെടാത്ത രൂപത്തില്‍ മേല്‍വസ്ത്ര നിഷ്‌കര്‍ഷയില്‍ അല്‍പം ഇളവ് വരുത്തുന്നതിന് വിരോധമില്ലെന്നാണ് സൂചന.'' ഉടനെ അവള്‍ ഇടപെട്ടു: ''വൃദ്ധകളുടെ കാര്യത്തിലാണ് ഈ ഇളവെങ്കില്‍, ഞങ്ങള്‍ യുവതികള്‍ ഹിജാബ് ധരിക്കാന്‍ ഏറെ കടപ്പെട്ടവരാണല്ലോ.'' ഞാന്‍: ''ബുദ്ധിമതിയാണ് നിങ്ങള്‍. നല്ല നിരീക്ഷണമാണ് നിങ്ങള്‍ നടത്തിയത്.'' പിന്നെ ഞാനൊരു ചോദ്യം ഉന്നയിച്ചു: ''സംഭാഷണത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ പറയുകയുണ്ടായല്ലോ, നമസ്‌കാര കാര്യത്തില്‍ അങ്ങേയറ്റം നിഷ്ഠ പുലര്‍ത്തുന്നുണ്ട് നിങ്ങളെന്ന്.'' അവള്‍: ''ശരിയാണ്.'' ഞാന്‍: ''നമസ്‌കാരത്തില്‍ നിങ്ങള്‍ ഹിജാബ് ധരിക്കാറുണ്ടോ? '' അവള്‍: ''തീര്‍ച്ചയായും.'' ഞാന്‍: ''അതെന്തിനാണ്? '' അല്‍പനേരത്തെ മൗനത്തിനു ശേഷം. ''അതെനിക്കറിഞ്ഞുകൂടാ.'' ഞാന്‍ തുടര്‍ന്നു: ''അല്ലാഹുവിനെ അഭിമുഖീകരിക്കുമ്പോള്‍ പൂര്‍ണ വസ്ത്രവും ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അല്‍പ വസ്ത്രവും ഇസ്‌ലാം അനുശാസിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? '' എന്റെ ചോദ്യം വീണ്ടും അവരെ മൗനിയാക്കി. അവസാനമായി ഞാന്‍ പറഞ്ഞു: ''നമസ്‌കാരം ഒരു ഇബാദത്താണ്. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ്. നമ്മുടെ ജീവിതവും അതേപോലെ അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുള്ള ഇബാദത്താണ്. സ്ത്രീയുടെ നമസ്‌കാരത്തിലെ വസ്ത്രധാരണം തന്നെയാണ് ജീവിതത്തിലും വേണ്ടത്.''
ഞാനൊരു മുജാഹിദ് ആദര്‍ശക്കാരനാണ് സംഘടനക്കാരനല്ല പ്രമുഖ ഹദീസ് പണ്ഡിതനും എഴുത്തുകാരനുമാണ് എ. അബ്ദുസ്സലാം സുല്ലമി. 94 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ മത സംവാദ മേഖലയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയാണ്. കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ആശയാദര്‍ശങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അബ്ദുസ്സലാം സുല്ലമിക്ക് നിലവില്‍ ഒരു സംഘടനയുമായും ഔദ്യോഗിക ബന്ധങ്ങളില്ല. തന്റെ കുടുംബം, പഠനം, എഴുത്ത്, സംഘടനാ ജീവിതം, അനുഭവങ്ങള്‍, അഭിപ്രായ വൈവിധ്യങ്ങള്‍ എന്നിവ അദ്ദേഹം പ്രബോധനവുമായി പങ്കുവെക്കുന്നു. കേരളത്തിലെ മത സംവാദ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ കേരളത്തില്‍ നട്ടുപിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എ. അലവി മൗലവിയുടെ പുത്രനാണല്ലോ താങ്കള്‍. ഇസ്വ്‌ലാഹീ മതപ്രഭാഷണ മേഖലയില്‍ അധികമാരുമില്ലാതിരുന്ന കാലത്തെ ഉപ്പയുടെ പ്രവര്‍ത്തനവും ജീവിതവും പങ്കുവെക്കാമോ? ഉപ്പ മത സംവാദ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രായമായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉപ്പാക്ക് പ്രഭാഷണ വേദികളുണ്ടായിരുന്നു. ഒരു വേദിയില്‍നിന്ന് മറ്റൊരു വേദിയിലേക്കായിരുന്നു ഉപ്പയുടെ യാത്ര. പലപ്പോഴും ആഴ്ചകളോളം വീട്ടില്‍ എത്താറുണ്ടായിരുന്നില്ല. ഉപ്പയുടേത് അച്ചടി ഭാഷ പോലെ ശുദ്ധ മലയാളമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും പ്രഭാഷണത്തിന് ഉപ്പയെ തന്നെ വേണമായിരുന്നു. പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരായിരുന്നു അന്ന് സമസ്തയിലെ പ്രമുഖ പ്രഭാഷകന്‍. അദ്ദേഹം പ്രസംഗിക്കുന്നിടത്തെല്ലാം മുജാഹിദുകാരെ നിരന്തരം വാദപ്രതിവാദത്തിന് വെല്ലുവിളിക്കുമായിരുന്നു. അന്ന് ആ വെല്ലുവിളി ഏറ്റെടുത്ത് മറുപടി പറയാന്‍ ഉപ്പയെ ആയിരുന്നു എല്ലാവരും വിളിച്ചിരുന്നത്. സ്വതസിദ്ധമായ നര്‍മം കലര്‍ത്തി, ഉദാഹരണങ്ങളിലൂടെ ശുദ്ധ മലയാളത്തില്‍ ഉപ്പ മറുപടി പ്രസംഗം നടത്തിയ ഇടങ്ങളിലെല്ലാം ഇസ്വ്‌ലാഹി പ്രവര്‍ത്തനവും വേരുപിടിച്ചു. അതോടെ യാഥാസ്ഥിതിക വിഭാഗക്കാര്‍ ഉപ്പയെ വധിക്കാന്‍ പോലും ശ്രമിച്ചു. ഇതെല്ലാം കണ്ടും കേട്ടുമാണ് ഞങ്ങള്‍ വളര്‍ന്നത്. മത പ്രഭാഷണ രംഗത്ത് മാത്രമല്ല, അധ്യാപന രംഗത്തും ഉപ്പ ഒട്ടേറെ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. എടവണ്ണ ജാമിഅ നദ്‌വിയ്യ തുടങ്ങിയപ്പോള്‍ ഉപ്പ അവിടെ അധ്യാപകനായി ഉണ്ടായിരുന്നു. പല വിദ്യാര്‍ഥികളും ഉപ്പയുടെ ക്ലാസ് കേള്‍ക്കാന്‍ വേണ്ടി മാത്രമാണ് അവിടെ ചേര്‍ന്നിരുന്നത്. ജാമിഅ സാമ്പത്തിക പ്രയാസത്തില്‍ നട്ടം തിരിയുന്ന കാലമായിരുന്നു അത്. ഉപ്പയടക്കമുള്ള അധ്യാപകര്‍ക്കൊന്നും കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. വളരെ കഷ്ടപ്പാടിലായിരുന്നു ഞങ്ങളുടെ കുടുംബം അന്ന് കഴിഞ്ഞിരുന്നത്. ശമ്പളം കിട്ടാതെ മാസങ്ങള്‍ നീണ്ടുപോയപ്പോള്‍ ഞങ്ങള്‍ പട്ടിണി കിടന്ന സന്ദര്‍ഭം പോലുമുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഈ പ്രയാസം കണ്ട ഉമര്‍ ഹാജി ഉപ്പയെ എടത്തനാട്ടുകരയിലേക്ക് ക്ഷണിച്ചു. അവിടെ പള്ളിക്കും മറ്റു ഇസ്വ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാനായിരുന്നു ക്ഷണം. അങ്ങനെ ഞങ്ങള്‍ കുടുംബമൊന്നടങ്കം എടവണ്ണ വിട്ട് മൂന്ന് വര്‍ഷത്തോളം എടത്തനാട്ടുകരയില്‍ താമസിക്കേണ്ടിവന്നിട്ടുണ്ട്. പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ആ കൂടുമാറ്റം. കരഞ്ഞുകൊണ്ടാണ് ഉപ്പയോടൊപ്പം അന്ന് ഞങ്ങള്‍ എടവണ്ണ വിട്ടത്. ആദ്യകാല ഇസ്വ്‌ലാഹി പ്രവര്‍ത്തനവും, ഉപ്പയടക്കം അതിന് നേതൃത്വം നല്‍കിയവരുടെ ജീവിതവും ഇങ്ങനെയൊക്കെയായിരുന്നു. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചപ്പോഴും കുറച്ചുകാലം വൈസ് പ്രസിഡന്റായി എന്നതൊഴിച്ചാല്‍ അലവി മൗലവി കെ.എന്‍.എമ്മിന്റെ ഉന്നത നേതൃരംഗത്ത് അധികമൊന്നും ഉണ്ടായിരുന്നില്ലല്ലോ? ഉപ്പാക്ക് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. കെ.എന്‍.എം നേതൃസ്ഥാനമൊക്കെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ലീഗ് രാഷ്ട്രീയത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമായി മാറിയിരുന്നു. ഉപ്പ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആദ്യകാലത്തെ മിക്ക ഇസ്വ്‌ലാഹി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഈ ചരിത്രമെല്ലാം രേഖപ്പെടുത്തി 'ഇസ്വ്‌ലാഹി പ്രസ്ഥാനവും കോണ്‍ഗ്രസ്സും' എന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഞാന്‍ കോണ്‍ഗ്രസ്സുകാരെ ഏല്‍പിച്ചിരുന്നു. ഉള്ളടക്കം അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ലീഗിനെ പിണക്കേണ്ട എന്ന് കരുതി അവരത് പ്രസിദ്ധീകരിച്ചില്ല. ഉപ്പ സാധാരണ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല. അന്ന് കോണ്‍ഗ്രസ്സിന്റെ കീഴിലുള്ള മജ്‌ലിസ് ശൂറയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും വന്നാല്‍ അവരുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയിരുന്നത് ഉപ്പയായിരുന്നു. ദയൂബന്ദില്‍ പഠിച്ചത് കാരണം ഉപ്പാക്ക് ഉര്‍ദു നല്ല വശമായിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അന്ന് കോണ്‍ഗ്രസ്സുകാര്‍ കാഫിറാണെന്ന് ഫത്‌വയിറക്കിയിരുന്നു. ഇങ്ങനെ സജീവ കോണ്‍ഗ്രസ്സുകാരനായിരിക്കെ തന്നെയാണ് മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് ഉപ്പ വാദ പ്രതിവാദ വേദിയില്‍ പ്രഭാഷണം നടത്തിയിരുന്നത്. മുജാഹിദ് പ്രസ്ഥാനത്തില്‍ ലീഗാധിപത്യം സജീവമാകുന്ന കാലം കൂടിയായിരുന്നു അത്. ആ കാലത്ത് എടവണ്ണയിലെ ചില മുജാഹിദ് ലീഗുകാര്‍ തന്നെ ഉപ്പയെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ മടി കാണിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരായ മുജാഹിദുകാരെ നേതൃസ്ഥാനത്ത് നിന്ന് ബോധപൂര്‍വം അകറ്റാനുള്ള ശ്രമമുണ്ടായി. അതോടെ ലീഗ് രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരൊന്നും കെ.എന്‍.എമ്മിന്റെ സംസ്ഥാന സമിതിയില്‍ ഇല്ലാതായി. എത്തിയവര്‍ക്കാകട്ടെ കോണ്‍ഗ്രസ് അനുഭാവം ഒഴിവാക്കേണ്ടിയും വന്നു. സ്വാഭാവികമായും സജീവ കോണ്‍ഗ്രസ്സുകാരനായ ഉപ്പ നേതൃസ്ഥാനത്ത് നിന്ന് തഴയപ്പെട്ടു. അന്നും ഇന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ വലിയ ന്യൂനതകളിലൊന്നാണ് അമിതമായ ഈ ലീഗ് രാഷ്ട്രീയ പക്ഷപാതിത്വം. ലീഗ് രാഷ്ട്രീയത്തോട് വിധേയത്വമില്ലാത്ത ഒരു കോണ്‍ഗ്രസ് അനുഭാവിയാണ് ഞാനും. കെ.എന്‍.എമ്മിന്റെ നേതൃസ്ഥാനത്തേക്കൊന്നും എന്നെ ഇതുവരെ പരിഗണിക്കാത്തതിന്റെയും രാഷ്ട്രീയം അതുതന്നെയാണ്. ഇതാണ് എന്റെ ധാരണ. തെറ്റ് പറ്റാം. ഉപ്പയെ പോലെതന്നെ, ഞാനും നേതൃസ്ഥാനം ആഗ്രഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്തിട്ടുമില്ല. നേതൃസ്ഥാനത്തിന് വേണ്ടി തള്ളിക്കയറുന്നവരുടെ തിരക്കില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. നില്‍ക്കുന്നിടത്തു നിന്ന് എന്നെ കൊണ്ടെന്ത് ചെയ്യാന്‍ പറ്റുമെന്നാണ് ഞാന്‍ അന്വേഷിച്ചത്. അങ്ങനെയാണ് പഠനവും എഴുത്തും അധ്യാപനവും പ്രഭാഷണവും മാത്രമാണ് എന്റെയിടം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അവ നിര്‍വഹിക്കാന്‍ ഒരു നേതൃസ്ഥാനമോ സംഘടനാ ഭാരവാഹിത്വമോ ആവശ്യമില്ല താനും. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജില്‍ നിന്നാണല്ലോ താങ്കള്‍ ബിരുദം നേടിയത്. സുല്ലമുസ്സലാമിലെ പഠനാനുഭവങ്ങള്‍? ഞങ്ങളുടെ എസ്.എസ്.എല്‍.സി ബാച്ചില്‍ ഫസ്റ്റ് ക്ലാസ് ലഭിച്ച രണ്ട് പേരില്‍ ഒരാളായിരുന്നു ഞാന്‍. ഉപ്പ വിശാല മനസ്‌കനായിരുന്നു. പ്രത്യേകിച്ച് ഒരു സ്ഥാപനത്തില്‍ ചേരണമെന്നോ നിശ്ചിത കോഴ്‌സ് പഠിക്കണമെന്നോ ഉപ്പക്ക് നിര്‍ബന്ധമുണ്ടായിരുന്നില്ല. നല്ല മാര്‍ക്ക് നേടിയതിനാല്‍ ഭൗതിക വിദ്യാഭ്യാസത്തിന് ചേരാന്‍ സ്‌നേഹപൂര്‍വം പലരും ആവശ്യപ്പെട്ടിരുന്നു. അരീക്കോട് സുല്ലമുസ്സലാമിലെ പഠനം ഞാന്‍ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ വായന എന്റെ നിത്യശീലമായിരുന്നു. സുല്ലമുസ്സലാമില്‍ സിലബസ് പഠനത്തേക്കാള്‍ ലൈബ്രറിയിലെ വായനക്കായിരുന്നു ഞാന്‍ അധിക സമയം ചെലവഴിച്ചത്. കോളേജില്‍ നിന്ന് അറബി ഭാഷ വശമായതോടെ എന്റെ വായനയും വര്‍ധിച്ചു. ക്ലാസില്ലാത്ത സമയങ്ങളിലെല്ലാം ഞാന്‍ ലൈബ്രറിയില്‍ തന്നെ കൂടി. ശബാബിലും അല്‍മനാറിലുമൊക്കെ എഴുതാന്‍ അക്കാലത്തുതന്നെ തുടങ്ങിയിരുന്നു. കെ.പി മുഹമ്മദ് മൗലവി എനിക്കെപ്പോഴും പ്രചോദനം നല്‍കുമായിരുന്നു. അല്‍മനാറിലെ ചോദ്യോത്തര പംക്തിയില്‍ ഉത്തരമെഴുതാന്‍ വരെ വിദ്യാര്‍ഥിയായ എന്നെ അദ്ദേഹം ഏല്‍പിക്കുമായിരുന്നു. എന്നെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. സുല്ലമുസ്സലാമിലെ പഠനകാലത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു? ജമാഅത്ത് അനുഭാവികളും അക്കാലത്ത് സുല്ലമുസ്സലാമില്‍ പഠിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി മുജാഹിദ് പ്രസ്ഥാനത്തിന് ചില വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും ശത്രുതാ നിലപാട് ഉണ്ടായിരുന്നില്ല. ഞാന്‍ പഠിക്കുമ്പോള്‍ അരീക്കോട് സുല്ലമുസ്സലാമില്‍ ജമാഅത്തനുഭാവികള്‍ കുറെ ഉണ്ടായിരുന്നു. ഇ. അബൂബക്കര്‍ സാഹിബൊക്കെ അതില്‍ പെടും. ജമാഅത്തെ ഇസ്‌ലാമിയോടുള്ള കെ.പി മുഹമ്മദ് മൗലവിയുടെ മൃദുല നിലപാടും സുല്ലമുസ്സലാമില്‍ ജമാഅത്ത് അനുഭാവികള്‍ പഠിക്കുന്നതിന് ഒരു കാരണമായിരുന്നു. അദ്ദേഹത്തിന് ജമാഅത്തെ ഇസ്‌ലാമിയോട് വലിയ എതിര്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സുല്ലമുസ്സലാമില്‍ പഠനം പൂര്‍ത്തിയാക്കിയ എല്ലാവരും മുജാഹിദിലേക്ക് വന്നിരുന്നുമില്ല. കെ.പി അതൊക്കെ അനുവദിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയോട് അനുഭാവമുള്ള ഐ.എസ്.എല്ലും എം.എസ്.എമ്മിനൊപ്പം അന്ന് സജീവമായിരുന്നു. പക്ഷേ, ഇന്നത്തെ പോലെ തന്നെ സംഘടനാ ആക്ടിവിസങ്ങളില്‍ അന്നും ഞാന്‍ സജീവമായിരുന്നില്ല. എന്റെ ഇടം രചനയും എഴുത്തുമാണെന്ന് തോന്നിയതിനാല്‍ അതിലായിരുന്നു ഞാന്‍ ശ്രദ്ധ വെച്ചത്. അന്നും ഇന്നും ഞാനൊരു മുജാഹിദ് ആദര്‍ശക്കാരനാണ്. സംഘടനക്കാരനല്ല. സംഘടനക്ക് വേണ്ടി ആദര്‍ശത്തെയും, മനസ്സിലാക്കിയ സത്യത്തെയും മറച്ചുവെക്കാന്‍ എനിക്കൊരിക്കലും സാധിക്കുമായിരുന്നില്ല. ഇത് പലപ്പോഴും സംഘടനാ നേതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാവുക സ്വാഭാവികം. മാസപ്പിറവി വിഷയത്തില്‍ എന്റെ നിലപാട് മുജാഹിദ് പ്രസ്ഥാനവുമായി യോജിച്ചുപോവുന്നതല്ല. അത് തുറന്നെഴുതിയതിന്റെ പേരിലാണ് ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റ് സ്ഥാനം എനിക്ക് ഒഴിയേണ്ടിവന്നത്. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദ് പ്രസ്ഥാനവും ചില വിഷയങ്ങളില്‍ വിയോജിക്കെ തന്നെ സൗഹാര്‍ദത്തില്‍ വര്‍ത്തിച്ച കാലം താങ്കള്‍ സൂചിപ്പിച്ചു. ഇബാദത്ത്, ഹാകിമിയ്യത്ത് എന്നിവയുടെ വിവക്ഷയുമായി ബന്ധപ്പെട്ടാണ് ഇരു സംഘടനകളും പിന്നീട് രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ടത്. അതില്‍ പങ്കാളിയായ വ്യക്തിയെന്ന നിലക്ക് ആ ചര്‍ച്ചകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇപ്പോള്‍ എന്തു തോന്നുന്നു? ഇരു സംഘടനകളും ഒരുപാട് ഊര്‍ജം പാഴാക്കിയ ചര്‍ച്ചകളായിരുന്നു അത്. രണ്ട് ഭാഗത്തുനിന്നുമുള്ള പ്രഭാഷകരും എഴുത്തുകാരും പല അതിവാദങ്ങളും ആ വിഷയകമായി ഉയര്‍ത്തിയെന്നതാണ് യാഥാര്‍ഥ്യം. സമസ്തക്കാര്‍ ആരാധനാ രംഗത്ത് ശിര്‍ക്ക് ചെയ്യുന്നവരാണെങ്കില്‍, മുജാഹിദുകള്‍ രാഷ്ട്രീയ ശിര്‍ക്ക് ചെയ്യുന്നവരാണെന്ന് വരെ ചില ജമാഅത്ത് പ്രഭാഷകര്‍ ആരോപിക്കുകയുണ്ടായി. ഇബാദത്തിന് അനുസരണം, അടിമത്തം എന്ന അര്‍ഥം പോലുമില്ലെന്നും, ഹാകിമിയ്യത്ത് കൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രാപഞ്ചിക ആധിപത്യമാണെന്നും, ഇസ്‌ലാം ജീവിത പദ്ധതിയല്ല മരണ പദ്ധതിയാണെന്നുമുള്ള അതിവാദങ്ങള്‍ മുജാഹിദ് പക്ഷത്തുനിന്നുമുണ്ടായി. യഥാര്‍ഥത്തില്‍ ഇബാദത്തിന് അനുസരണം, അടിമത്തം എന്നീ അര്‍ഥങ്ങളുണ്ട്. ഒരുപാട് തഫ്‌സീറുകളില്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇബാദത്തിന്റെ അര്‍ഥത്തില്‍ എനിക്ക് ജമാഅത്തിനോട് വിയോജിപ്പുണ്ടായിരുന്നില്ല. വീക്ഷണത്തോടായിരുന്നു വിയോജിപ്പ്. ഇന്ത്യാ ഗവണ്‍മെന്റ് ത്വാഗൂത്ത് ആണെന്നും അതിന്റെ കീ പോസ്റ്റുകളില്‍ നിന്നെല്ലാമകന്ന് നില്‍ക്കണമെന്നുമുള്ള വാദത്തോടും വിയോജിപ്പുണ്ടായിരുന്നു. ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം ഇന്ത്യാ ഗവണ്‍മെന്റിനുണ്ടെന്ന് വിശ്വസിച്ച് അവരെ അനുസരിക്കുമ്പോള്‍ മാത്രമാണ് അത് ഇബാദത്താവുക. അല്ലാതെ നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ ജീവിക്കുന്നതിന് അതൊന്നും തടസ്സമല്ല. ഇതൊക്കെ വിശദീകരിച്ച് നിരുപാധിക അനുസരണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജമാഅത്ത് എഴുത്തുകാര്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ആ വിശദീകരണത്തോട് എനിക്കെതിര്‍പ്പില്ല. 'ഇനില്‍ ഹുക്മു ഇല്ലാ ലില്ലാഹ്' എന്നത് ഖുര്‍ആന്‍ പല തവണ പറഞ്ഞിട്ടുള്ളതാണ്. അതെല്ലാം പ്രാപഞ്ചികാധിപത്യവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്ന് സത്യസന്ധമായി വിഷയത്തെ സമീപിക്കുന്നവര്‍ക്കെല്ലാം ബോധ്യപ്പെടുകയും ചെയ്യും. പുരോഹിതന്മാര്‍ ഭക്ഷണത്തിലെ ഹലാല്‍-ഹറാമുകള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ ശേഷം 'ഇനില്‍ ഹുകുമു ഇല്ലാ ലില്ലാഹ്' എന്ന് ഖുര്‍ആന്‍ പറഞ്ഞതില്‍ അത് വ്യക്തമാണ്. സുബൈര്‍ മങ്കടയൊക്കെ ഹാകിമിയ്യത്തില്‍ ശിര്‍ക്കില്ല എന്ന് വാദിച്ചവരായിരുന്നു . ഞാനതിനോട് ഒരിക്കലും യോജിച്ചിട്ടില്ല. ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം ഭരണാധികാരികള്‍ക്ക് അനുവദിച്ച് നല്‍കുന്നത് ശിര്‍ക്കുതന്നെയാണ്. തൗഹീദ് ഒരു സമഗ്ര പഠനം എന്ന എന്റെ പുസ്തകത്തില്‍ ഞാനിതെല്ലാം വിശദീകരിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ വൈജ്ഞാനികമായി മുന്നേറേണ്ട ഒരു ചര്‍ച്ചയെ അതിവാദങ്ങളിലേക്ക് നയിച്ചതില്‍ ഉമര്‍ മൗലവിക്കും അദ്ദേഹത്തിന്റെ സല്‍സബീല്‍ എന്ന പ്രസിദ്ധീകരണത്തിനും മുഖ്യ പങ്കുണ്ട്. ഇബാദത്തിന് അനുസരണം എന്ന അര്‍ഥം തന്നെയില്ല എന്ന വാദമൊക്കെ അദ്ദേഹമാണുന്നയിച്ചത്. ഇസ്‌ലാമിനെ സമഗ്രമെന്നും, ജീവിത പദ്ധതിയെന്നും പറയാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ മരണപദ്ധതിയെന്ന് പറയാമെന്നു പോലും ചിലര്‍ എഴുതിയിരുന്നു. ഹാകിമിയ്യത്തിനെക്കുറിച്ച ആയത്തുകളെല്ലാം നീട്ടി വ്യാഖ്യാനിച്ച് അതൊന്നും ദുന്‍യാവുമായി ബന്ധപ്പെട്ടതെല്ലന്ന് എഴുതിയതും ഉമര്‍ മൗലവിയാണ്. ഇസ്‌ലാം ഒരു ജീവിത പദ്ധതിയാണെന്നറിയാത്ത ഒരു സാധാരണക്കാരന്‍ പോലും ഇന്ന് മുസ്‌ലിം സമൂഹത്തിലുണ്ടോ എന്നത് സംശയമാണ്. ചുരുക്കത്തില്‍ ഇത്തരം പല അതിവാദങ്ങളാണ് ആ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. അതിനെല്ലാം വേണ്ടി ഒരുപാട് സമയവും അധ്വാനവും ഇരു വിഭാഗവും പാഴാക്കി. പുതിയ തലമുറയെങ്കിലും ഇത്തരം സാങ്കേതിക ചര്‍ച്ചകളില്‍ നിന്ന് രക്ഷപ്പെട്ടുവെന്നത് ആശ്വാസകരമാണ്. ത്വാഗൂത്തിന്റെ കുഞ്ചിക സ്ഥാനത്ത് നിന്നും അതിന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുക എന്ന തത്ത്വത്തെ പ്രായോഗികമായി ജമാഅത്തെ ഇസ്‌ലാമിയും ഇന്ന് മറികടന്നിരിക്കുന്നു. ഖുര്‍ആന്‍ മഖ്‌ലൂഖ് (സൃഷ്ടി) ആണോ എന്ന ഒരു കാലത്തെ ചര്‍ച്ച പോലെ ഇബാദത്ത്- ഹാകിമിയ്യത്ത് ചര്‍ച്ചകള്‍ ഒരുപാട് ഊര്‍ജം പാഴാക്കുകയായിരുന്നു. സുല്ലമുസ്സലാമിലെ പഠന ശേഷം പ്രഭാഷണം-എഴുത്ത് രംഗങ്ങളില്‍ സജീവമായിരിക്കെത്തന്നെ എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരുന്നല്ലോ. ജാമിഅ ഇപ്പോള്‍ അമ്പതാം വാര്‍ഷികമൊക്കെ ആഘോഷിച്ചു. 30 വര്‍ഷത്തോളം അവിടെ അധ്യാപകനായിരുന്ന താങ്കളുടെ ഓര്‍മകള്‍...? സുല്ലമുസ്സലാമിലെ പഠന ശേഷം ആറു മാസത്തോളം തൃശൂര്‍ കയ്പമംഗലം ബുസ്താനിയ്യ കോളേജില്‍ അധ്യാപകനായിരുന്നു ഞാന്‍. അപ്പോഴാണ് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനായി എനിക്ക് നിയമനം കിട്ടുന്നത്. അടിയന്തരാവസ്ഥ കാലത്താണ് ഞാന്‍ സ്‌കൂളില്‍ ചേരുന്നത്. ജമാഅത്തെ ഇസ്‌ലാമി അന്ന് നിരോധിക്കപ്പെട്ടിരിക്കുകയാണ്. സ്‌കൂളില്‍ ചേര്‍ന്ന് കുറച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ആരുടെയോ ഇടപെടല്‍ കാരണം ഞാന്‍ ജമാഅത്തുകാരനാണെന്ന് ആരോപിക്കപ്പെടുകയും എനിക്കെതിരെ അന്വേഷണം നടക്കുകയും ഒടുവില്‍ എന്നെ വയനാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സ്‌കൂള്‍ സര്‍വീസില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാകവെയാണ് ജാമിഅ നദ്‌വിയ്യ മാനേജ്‌മെന്റ് അധ്യാപകനായി എന്നെ ക്ഷണിക്കുന്നത്. എനിക്ക് യോജിച്ച ഇടം അതാണെന്ന് മനസ്സിലാക്കിയ ഞാന്‍ ഗവണ്‍മെന്റ് ഉദ്യോഗം രാജിവെച്ച് ജാമിഅയില്‍ ചേര്‍ന്നു. സാമ്പത്തികമായി ജാമിഅ ഇന്നു കാണുന്നവിധം വളര്‍ന്നിട്ടില്ലാത്ത കാലമാണത്. ശമ്പളം തുഛമായിരുന്നു. ഞാനതൊട്ടും പരിഗണിച്ചില്ല. പുതിയ തലമുറക്ക് ആദര്‍ശപാഠങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള അവസരമായാണതിനെ ഞാന്‍ കണ്ടത്. ആ ഉദ്ദേശ്യത്തോടു കൂടിയായിരുന്നു ജാമിഅ സ്ഥാപിതമായതും. ഗവണ്‍മെന്റ് പരീക്ഷ ആദര്‍ശപഠനത്തിന് തടസ്സമാവുമെന്നതിനാല്‍ അതിനുള്ള സൗകര്യം പോലും ജാമിഅയിലില്ലായിരുന്നു. അതിനാല്‍ തന്നെ കുട്ടികള്‍ കുറവായിരുന്നു. എടവണ്ണയില്‍ നിന്നു പോലും അരീക്കോട് സുല്ലമുസ്സലാമില്‍ പഠിക്കാന്‍ കുട്ടികള്‍ പോകുമായിരുന്നു. അങ്ങനെയാണ് ഞാനും അലി അക്ബര്‍ മൗലവിയും മുന്‍കൈയെടുത്ത് ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഗവണ്‍മെന്റ് പരീക്ഷ എഴുതാനുള്ള അവസരമൊരുക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നത്. അങ്ങനെ ജാമിഅ സിലബസിനോടൊപ്പം ഒഴിവു സമയങ്ങളില്‍ ഞങ്ങള്‍ യൂനിവേഴ്‌സിറ്റി സിലബസും പഠിപ്പിക്കാന്‍ തുടങ്ങി. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ യൂനിവേഴ്‌സിറ്റി സിലബസില്‍ മാത്രമായി കുട്ടികളുടെ ശ്രദ്ധ ചുരുങ്ങി. അതോടെ മാനേജ്‌മെന്റ് ഇടപെട്ട് രണ്ട് സിലബസും ഒന്നിച്ചു ചേര്‍ത്ത് എട്ടു വര്‍ഷത്തെ കാലയളവിലുള്ള പുതിയ കോഴ്‌സുണ്ടാക്കി. കുട്ടികള്‍ വന്നു തുടങ്ങിയെങ്കിലും ശമ്പളമൊക്കെ കുറവായിരുന്നു. പല പ്രമുഖരും ശമ്പളം പോരെന്ന് പറഞ്ഞ് ജാമിഅ വിട്ടു. അബ്ദുര്‍റഹ്മാന്‍ സലഫി വരെ അതിലുള്‍പ്പെടും. ഞങ്ങള്‍ കുറച്ച് പേര്‍ മാത്രം ശമ്പളക്കമ്മിയൊന്നും വകവെക്കാതെ ജാമിഅയില്‍ തുടര്‍ന്നു. ക്ലാസ് സമയം കഴിഞ്ഞും രാത്രിയുമെല്ലാം ആദര്‍ശ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. പിന്നെയും കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് റാബിത്വയുമായി നല്ല ബന്ധമുണ്ടായിരുന്ന എന്‍.പി അബ്ദുല്‍ ഖാദര്‍ മൗലവി ജാമിഅയില്‍ വരുന്നത്. അദ്ദേഹമാണ് ജാമിഅക്ക് ഇന്നു കാണുന്ന ഭൗതിക സൗകര്യങ്ങളൊരുക്കാന്‍ മുന്‍കയ്യെടുത്തത്. സര്‍ക്കാര്‍ ജോലി രാജിവെച്ച് 30 വര്‍ഷം ഞാന്‍ ജാമിഅയില്‍ അധ്യാപകനായി തുടര്‍ന്നു. പിന്നീടാണ് മുജാഹിദ് സംഘടന പിളരുന്നത്. ഒരു ഗ്രൂപ്പിലും ചേരാതെ ഐക്യ ശ്രമങ്ങളുമായി കുറച്ചുകാലം ഞാന്‍ മുന്നോട്ടുപോയി. പിടിവാശി കൂടുതല്‍ ഔദ്യോഗിക വിഭാഗത്തിനാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ മറു വിഭാഗത്തിനൊപ്പം നില്‍ക്കുകയായിരുന്നു. അതോടെ എനിക്ക് ജാമിഅ മാനേജ്‌മെന്റ് ഷോക്കോസ് നോട്ടീസ് തന്നു. തുടര്‍ന്ന് ഞാന്‍ ജാമിഅ വിട്ടു. 30 വര്‍ഷം സര്‍വീസുള്ള എന്റെ പി.എഫ് വരെ അവര്‍ തടഞ്ഞുവെച്ചു. മൂന്ന് വര്‍ഷത്തിനു ശേഷമാണവര്‍ അത് എനിക്ക് നല്‍കിയത്. ഇപ്പോള്‍ അമ്പതാം വാര്‍ഷികത്തില്‍ ജാമിഅയുടെ ചരിത്രമെല്ലാം രേഖപ്പെടുത്തി അവര്‍ സുവനീര്‍ ഇറക്കി. 30 വര്‍ഷം, ശമ്പളം പോലും പരിഗണിക്കാതെ, രാപ്പകല്‍ വ്യത്യാസമില്ലാതെ അവിടെ പഠിപ്പിച്ച എന്റെ പേരു പോലും ആ സുവനീറില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇങ്ങനെയൊക്കെയാണ്, ആദര്‍ശം പറയുന്നവരുടെ വര്‍ത്തമാന വിശേഷങ്ങള്‍. (തുടരും)
ഭൂമിയില്‍ സൂക്ഷ്മതയുള്ളവര്‍ക്ക് സമാധാനം തീര്‍ച്ചയായും ഞാന്‍ നിര്‍വഹിച്ചതും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതുമായ ഖുര്‍ആന്‍ പഠനത്തിനു പരിമിതികള്‍ ഏറെയുണ്ട്. അറബി ഭാഷ സവിശേഷം വശമില്ല എന്നതാണ് അതിലെ സുപ്രധാന പരിമിതി. എന്നിരുന്നാലും ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങിയിട്ടുള്ള വിശുദ്ധ ഖുര്‍ആന്റെ അംഗീകൃത പരിഭാഷകള്‍ സ്വരൂപിച്ചുകൊണ്ട്, ഭഗവദ്ഗീത അധ്യാപനം ചെയ്യുന്ന ശ്രദ്ധയോടു കൂടി തന്നെ, ഒന്നു കൂടി ജനകീയ ഭാഷയില്‍ പറഞ്ഞാല്‍ ഭക്തിയോടു കൂടി തന്നെ, ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ പല പ്രാവശ്യം പാരായണം ചെയ്തു. അതുവഴി ഖുര്‍ആന്‍ എന്നിലേക്ക് സന്നിവേശിപ്പിച്ച അനുഭൂതികളും തിരിച്ചറിവുകളുമാണ് ഇവിടെ രേഖപ്പെടുത്തുന്നത്! വിശുദ്ധ ഖുര്‍ആനെയും ഇസ്‌ലാമിനെയും കുറിച്ച് സ്വദേശീയരും വിദേശീയരുമായ പ്രതിഭാശാലികള്‍ പറഞ്ഞുവെച്ചിട്ടുള്ളതിലൂടെയെല്ലാം ആകാവുന്നത്ര കടന്നുപോയിട്ടുണ്ട്. അയാന്‍ ഹിര്‍സി അലി, സിയാഉദ്ദീന്‍ സര്‍ദാര്‍, തസ്‌ലീമാ നസ്‌റിന്‍ തുടങ്ങിയവരുടെ വിമര്‍ശനാത്മക നിരീക്ഷണങ്ങളും ശ്രദ്ധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അനുകൂലികളോ പ്രതികൂലികളോ ആയ ഖുര്‍ആന്‍ പഠിതാക്കളുടെ ആരുടെയും അഭിപ്രായങ്ങളുടെ ഭരണം എന്റെ ഖുര്‍ആന്‍ പഠനാനുഭവത്തെ നിയന്ത്രിക്കുന്നതിന് ഇടവരാതിരിക്കാനാണ് ഞാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ മറ്റുള്ളവര്‍ ഖുര്‍ആനെപ്പറ്റി പറഞ്ഞതെന്തെല്ലാമാണെന്ന് എടുത്തെഴുതാനല്ല മറിച്ച്, ഖുര്‍ആന്‍ എന്നോട് പറഞ്ഞതെന്തെന്ന് തുറന്നു പറയുന്നതിനാണ് ഇവിടെ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഖുര്‍ആന്റെ ഹൃദയം എന്റെ ഹൃദയത്തോടു പറഞ്ഞതെന്തെന്നു വ്യക്തമാക്കാന്‍ ശ്രമിക്കുന്ന ഒരു രചന എന്ന നിലയിലാണ് ഇത് തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ആത്മകഥാപരമാകുന്നത്. യുദ്ധം, പോരാട്ടം, ധര്‍മ സമരം, ത്യാഗപരിശ്രമങ്ങള്‍ എന്നൊക്കെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാവുന്ന 'ജിഹാദ്' എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ പലതവണ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, ഖുര്‍ആനില്‍ ജിഹാദ് എന്നതിനേക്കാളെല്ലാം ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുള്ള വാക്ക് സൂക്ഷ്മത (തഖ്‌വ) എന്നാണ്. അതിനാല്‍ വിശുദ്ധ ഖുര്‍ആന്റെ നിരന്തര പാരായണത്തിലൂടെ പകര്‍ന്നുകിട്ടിയ ജീവിത സന്ദേശമെന്തെന്ന് ഒറ്റവാക്കില്‍ പറയാന്‍ എന്നോടാവശ്യപ്പെട്ടാല്‍ അതിനായി നിസ്സംശയം ഞാന്‍ തെരഞ്ഞെടുക്കുന്ന വാക്ക് 'സൂക്ഷ്മതയുള്ളവരാവുക' എന്നതായിരിക്കും. മനസ്സിനെ സൂക്ഷിക്കുക, വിചാരങ്ങളെ സൂക്ഷിക്കുക, വാക്കിനെ സൂക്ഷിക്കുക, കരചരണങ്ങളെ സൂക്ഷിക്കുക-ഇതാണ് വിശുദ്ധ ഖുര്‍ആന്‍ മാനവികതക്ക് മുമ്പാകെ അവതരിപ്പിക്കുന്ന ജീവിത സന്ദേശത്തിന്റെ കാതല്‍. അതിശയം എന്നു പറയട്ടെ, സര്‍വോപനിഷത്സാരമായ ശ്രീമദ് ഭഗവദ്ഗീതയുടെ സന്ദേശവും ഇതുതന്നെയാണ്! സൂക്ഷ്മത എന്ന വാക്കല്ല ഭഗവദ്ഗീത ഉപയോഗിക്കുന്നത്. മറിച്ച് ശ്രദ്ധ എന്ന വാക്കാണ്. 'ശ്രദ്ധവാന്‍ ലഭതേജ്ഞാനം' എന്നത്രേ ഗീതയുടെ പ്രഖ്യാപനം. കഠോപനിഷത്തില്‍ 'ശ്രദ്ധ ആവേവിശ' എന്നു കാണാം. നചികേതസ്സില്‍ ശ്രദ്ധ ആവേശിതമായി എന്നര്‍ഥം. ശ്രദ്ധാവേശിതനായ നചികേതസ്സ് ജ്ഞാനമാര്‍ഗത്തില്‍ കടന്നു ജ്ഞാനിയായി. ഇപ്പറഞ്ഞ ഭാവപരമായ സാദൃശ്യങ്ങളെക്കൊണ്ടുതന്നെ ഒരു അന്യമത ഗ്രന്ഥം വായിക്കുന്ന അകല്‍ച്ചയല്ല, മറിച്ച് ഉപനിഷത്തും ഭഗവദ്ഗീതയും ഒക്കെ വായിക്കുമ്പോള്‍ അനുഭവപ്പെട്ട അതേ ആത്മബന്ധുതയാണ് എനിക്ക് ഖുര്‍ആന്‍ പാരായണ വേളകളിലെല്ലാം ഉണ്ടായിട്ടുള്ളത്. 'ഗീതയും ഖുര്‍ആനും ബൈബിളും എല്ലാം സാരാംശത്തില്‍ ഒന്നുതന്നെ' (Geetha, Qur'an and Bible are essencially same) എന്നു ശ്രീ രമണ മഹര്‍ഷി പറഞ്ഞത് തീര്‍ത്തും ശരിയെന്നു ബോധ്യമാകുന്ന അവസ്ഥയാണ് എനിക്കുണ്ടായത്. 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്നാണ് വിശുദ്ധ ബൈബിളിലെ പ്രഖ്യാപനം. എല്ലാ ആദരവും കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ പറയട്ടെ, പ്രസ്തുത ബൈബിള്‍ വാക്യം എന്നിലിന്നോളം പറയത്തക്ക പ്രതികരണമൊന്നും ഉളവാക്കിയിട്ടില്ല. അതിനു കാരണം അതില്‍ ഭക്തിയേ ഉള്ളൂ; യുക്തിയില്ല എന്നതാണ്. തീക്ഷ്ണമായ യുക്തിബോധമുള്ളവര്‍ക്ക് 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്നതില്‍ സംതൃപ്തരാകാന്‍ കഴിയില്ല. എന്താണ് സന്മനസ്സ്, എന്താണ് ദുര്‍മനസ്സ് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ അത്തരക്കാരില്‍ നിന്ന് ഉയരും. അതിനൊന്നും ഇന്ന് പ്രചാരത്തിലിരിക്കുന്ന ബൈബിളില്‍ തൃപ്തികരമായ സമാധാനവും ഇല്ല. എന്നാല്‍, മുഴുവന്‍ പൂര്‍വവേദങ്ങളെയും തത്ത്വത്തില്‍ സമാദരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്നല്ല. മറിച്ച് 'സൂക്ഷ്മതയുള്ളവര്‍ക്ക് സമാധാനം' എന്നാണ്. ഇവിടെ കാര്യം അത്യന്തം യുക്തവും വളരെ സ്പഷ്ടവുമാണ്. കളയും ചാഴിയും ഒന്നും ബാധിക്കാതെ വയല്‍ പരിപാലിക്കാന്‍ നിരന്തരം ശ്രദ്ധിക്കുന്ന, സൂക്ഷ്മത പുലര്‍ത്തുന്ന, കര്‍ഷകനു മാത്രമേ നല്ല വിളവ് അനുഭവിക്കാനാവൂ. ഇതുപോലെ ജീവിതത്തില്‍ മനോ വാക് കര്‍മങ്ങളിലുടനീളം അത്യന്തം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാത്രമേ സമാധാനവും സംപ്രാപ്തമാകൂ. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന അടിസ്ഥാനപരമായ ജീവിത പാഠം. സൂക്ഷ്മത അഥവാ ശ്രദ്ധ കൂടാതെ സൂചിക്കുഴയിലൂടെ നൂലു കോര്‍ക്കാന്‍ പോലും മനുഷ്യനു കഴിയില്ല എന്നിരിക്കെ, മനഃസമാധാനവും ലോക സമാധാനവും ഒക്കെ കൈവരിക്കാന്‍ സൂക്ഷ്മത കൂടാതെ മനുഷ്യനെങ്ങനെ സാധ്യമാകും? അതിനാല്‍ സൂക്ഷ്മതയുള്ളവരായിരിക്കുക. എന്തെന്നാല്‍ സമാധാനത്തിലേക്ക് അതൊന്നേ വഴിയുള്ളൂ; വേറെ വഴിയില്ല. 'നാന്യപന്ഥാഃ! ലോക ചരിത്രത്തിലിന്നോളം ഒരു സത്യാന്വേഷിയും സൂക്ഷ്മത കൂടാതെ സത്യസാക്ഷാത്കാരം നേടിയിട്ടില്ല. സത്യത്തെ അറിയലാണ് ജ്ഞാനം. അത് ശ്രദ്ധയുള്ളവനേ ലഭ്യമാകൂ' എന്നാണ് ഗീതാ പ്രഖ്യാപനവും. അതിനാല്‍ സത്യമാര്‍ഗത്തിലായിരിക്കുക എന്നാലര്‍ഥം സൂക്ഷ്മത പരിപാലിക്കുന്നവരാവുക എന്നല്ലാതെ മറ്റൊന്നുമല്ല. സൂക്ഷ്മതയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ ഉള്ളേടത്തോളം ജനകീയമായ അധ്യാപനം മറ്റൊരു വേദഗ്രന്ഥത്തിലും കാണുകയില്ല. ഹൈന്ദവ പ്രമാണ ഗ്രന്ഥങ്ങളിലും സൂക്ഷ്മതയെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ, ബ്രാഹ്മണങ്ങളിലും സ്മൃതികളിലുമൊക്കെ പറയപ്പെട്ടു കാണുന്ന 'സൂക്ഷ്മത'യിലൂടെ ഭാരതത്തില്‍ ശക്തിപ്രാപിച്ചത് അയിത്തവാദവും അയിത്താചരണവുമാണ്. ആരെയൊക്കെ തൊടാം ആരെയെല്ലാം തൊട്ടുകൂടാ, എന്തൊക്കെ തിന്നാം എന്തെല്ലാം തിന്നരുത്, ആരോടെല്ലാം കൂടിയിരുന്ന് ആഹരിക്കാം, ആരോടെല്ലാം കൂടിയിരുന്ന് ആഹരിച്ചുകൂടാ എന്നിങ്ങനെയുള്ള ബാഹ്യാചാര കാര്‍ക്കശ്യങ്ങളിലേക്ക് ഭാരതീയ മത സമ്പ്രദായങ്ങളിലെ സൂക്ഷ്മതയെ സംബന്ധിച്ച വിചാരങ്ങളും വിവാദങ്ങളും പ്രയോഗങ്ങളും വഴിപിഴച്ചുപോയി. ജാതിവ്യവസ്ഥയാണിതിന് ഒന്നാമത്തെ തെളിവ്. അതുകൊണ്ടുതന്നെ അദൈ്വത നിഷ്ഠമായ സമതക്കു പകരം അയിത്താചാര ഭ്രാന്തമായ അസമത്വം ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ മുഖമുദ്രയും ആയിത്തീര്‍ന്നു. എന്നാല്‍, സൂക്ഷ്മതയെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആനിലെ അധ്യാപനങ്ങള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള അസമത്വം എല്ലാ അര്‍ഥത്തിലും വലിയ അളവോളം നിര്‍വീര്യമാക്കുന്നതിനാണ് ഇടവരുത്തിയത്. 'സര്‍വശക്തനും സര്‍വജ്ഞനും പരമകാരുണികനും പരമദയാലുവുമായ അല്ലാഹു അല്ലാതെ സ്രഷ്ടാവോ പരിപാലകനോ വിധികര്‍ത്താവോ ആയിട്ടൊരു ദൈവവും ഇല്ല. അതിനാല്‍ അവിടത്തെ മാത്രം ആരാധിച്ചും ആശ്രയിച്ചും അനുസരിച്ചും ജീവിക്കാന്‍ സൂക്ഷ്മതയുള്ളവരായിരിക്കുക. ആ സൂക്ഷ്മത കാണിക്കുന്നവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ഇഹ-പരങ്ങളിലെ സമാധാനം അവര്‍ക്ക് ലഭ്യമാകുക തന്നെ ചെയ്യും' എന്നിങ്ങനെയുള്ള അനുശാസനത്തിലൂടെ വിവിധ ദൈവങ്ങളെ ആരാധിക്കുകയും അതുവഴി പരസ്പരം ചേരിതിരിഞ്ഞ് പോരടിക്കുകയും ചെയ്തുവന്നിരുന്ന വിവിധ ഗോത്രവംശജരായ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചത് ആരാധനാപരമായ ആഗോള ഒത്തൊരുമയാണ്. വണങ്ങുന്ന ദൈവവും വണങ്ങുന്ന രീതിയും ദേശ ഭാഷാ വര്‍ണ വര്‍ഗ ലിംഗ ഭേദമന്യേ ഒന്നുതന്നെയായതു വഴി സംഭവിച്ച ഒരുമയാണത്. ഇസ്‌ലാം ആശ്ലേഷിച്ച ഏതൊരു മനുഷ്യനും ലോകത്തെവിടെയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുമയുമാണത്. ഇത് അല്ലാഹുവിന്റെ സൃഷ്ടികള്‍ എന്ന നിലക്കുള്ള ഒരുമയല്ല. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികള്‍ ആണെന്നുള്ള ഒറ്റക്കാരണത്താല്‍ മാത്രം എല്ലാവരും തമ്മില്‍ ഒരുമയുണ്ടാകുമെന്നും കരുതിക്കൂടാ. ഇസ്‌ലാം ആശ്ലേഷിച്ച മാനവരുടെ ഒരുമ എന്നത് ഒട്ടൊന്നു സവിശേഷമായതാണ്. അല്ലാഹു കാണിച്ച നേര്‍മാര്‍ഗത്തെ പിന്‍പറ്റാന്‍ സൂക്ഷ്മതയുള്ളവര്‍ എന്ന നിലയിലേക്ക് എത്തിയ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ച ഒരുമയാണത്. പ്രത്യയശാസ്ത്രപരവും ആശയപരവുമായ ഒരുമയാണത്. ഈ ഒരുമക്ക് എവിടെയെവിടെയെല്ലാം തകരാറു കാണുന്നുവോ അവിടെയവിടെയെല്ലാം 'സൂക്ഷ്മതാ പരിപാലന'ത്തില്‍ കുറവു സംഭവിച്ചെന്നു കരുതേണ്ടിവരുന്നു. സൂക്ഷ്മതാ പരിപാലനത്തില്‍ കുറവ് സംഭവിക്കുക എന്നാല്‍ അല്ലാഹുവിന്റെ നേര്‍മാര്‍ഗത്തില്‍ നിന്ന് പിന്തിക്കുക എന്നാണ് അര്‍ഥം. അത് എവിടെയൊക്കെ ഏതേതളവില്‍ സംഭവിച്ചിട്ടുണ്ടെന്ന് ഓരോ മുസ്‌ലിമും സ്വയം ആത്മപരിശോധന ചെയ്ത് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്നേ പറയാനുള്ളൂ. (തുടരും)
ഡിസംബര്‍ 6 മതേതരത്വത്തിന്റെ മതവും ജാതിയും കൂട്ടമറവിയുടെ അല്‍ഷിമേഴ്‌സ് ആഘോഷിക്കപ്പെടുന്ന കാലത്ത് ഓര്‍മ ഒരു കലാപമാണ്. 'ഇനിയും മറക്കാറായില്ലേ' എന്ന് ഡിസംബര്‍ ആറിന്റെ സ്മരണക്ക് നേരെ ചോദ്യമുയര്‍ത്തുന്നവരുടെ അകം പേറുന്നതും ആ കലാപഭീതിയാണ്. ആ പേടി ഭരണകൂട ഏജന്‍സികള്‍ ഔദ്യോഗികമായി ഏറ്റെടുക്കുമ്പോഴാണ് ബാബരിയുടെ ഓര്‍മകള്‍ പേറുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ മതതീവ്രവാദമാണെന്ന കണ്ടെത്തലുകളുണ്ടാകുന്നത്. 'ഡിസംബര്‍ 6, മതേതര ഇന്ത്യയുടെ തീരാകളങ്കം' എന്ന് കണ്ണീരൊഴുക്കിയവരായിരുന്നു യഥാര്‍ഥത്തില്‍ ആ ദിനത്തെ മുഖ്യധാരയില്‍ നിരന്തരം ഓര്‍മപ്പെടുത്തേണ്ടിയിരുന്നത്. കര്‍സേവകര്‍ ബാബരിയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട താഴികക്കുടങ്ങള്‍ പരിക്കേല്‍പ്പിച്ചത് നമ്മുടെ മതേതരത്വത്തിനാണെങ്കില്‍ അതിനെതിരായുള്ള ഓര്‍മകളെയും മതേതരവത്കരിക്കുകയാണ് വേണ്ടത്. അത്തരം ഓര്‍മകളില്‍നിന്ന് മതേതരത്വം ഓടിയൊളിച്ചപ്പോഴാണ് അതുവരെ സമൂഹമനസ്സിന്റെ ഭിത്തിയില്‍ തെളിയാതിരുന്ന ഡിസംബര്‍ ആറിന്റെ കറുത്ത പോസ്റ്ററുകള്‍ക്ക് കൂടുതല്‍ നിറം കൈവന്നത്. മതവും ജാതിയും പരിശോധിച്ച് അത്തരം പോസ്റ്ററുകളെ ഡി.എന്‍.എ ടെസ്റ്റിന് വിധിക്കുകയല്ല, അതിനെ മറികടക്കുന്ന ഓര്‍മകളുടെ അനേകം നിറങ്ങള്‍ ഡിസംബര്‍ ആറിന് മേല്‍ ചാര്‍ത്തുകയാണ് മതേതരവേദികളും പാര്‍ട്ടികളും ചെയ്യേണ്ടത്. മോഡി ഗുജറാത്തിലെ രക്തക്കളത്തിലൂടെ ഇന്ദ്രപ്രസ്ഥത്തിലേക്ക് കുറുക്ക് വഴി തേടുമ്പോള്‍ ഡിസംബര്‍ 6 ന് അയാളുടെ മുന്‍ഗാമികള്‍ പരിക്കേല്‍പ്പിച്ച നമുക്കുള്ളിലെ മതേതരത്വം കൂടുതല്‍ വിശദീകരണങ്ങളാവശ്യപ്പെടുന്നുണ്ട്. മതേതരത്വത്തിനുള്ളിലെ ജാതിയും മതവും എത്ര ഒളിച്ചുവെച്ചിട്ടും ചിലപ്പോഴെങ്കിലും ചിലരില്‍നിന്ന് അറിയാതെ പുറത്ത് ചാടുന്ന സമയം കൂടിയാണിത്. അതുകൊണ്ടു കൂടിയാണ് ചില ഓര്‍മകളും ഓര്‍മപ്പെടുത്തലുകളും നമ്മുടെ മതേതരത്വത്തിന് വര്‍ഗീയമാവുകയും മറ്റ് ചിലത് ആഘോഷമാവുകയും ചെയ്യുന്നത്. സത്യത്തില്‍ ര ാജ്യത്തിന്റെ മതേതരത്വം ഉള്ളില്‍ പേറുന്ന മതത്തിന്റെ പൂര്‍ണ നഗ്‌നത ആദ്യമായി വെളിപ്പെട്ടതിന്റെ ഓര്‍മപ്പെടുത്തല്‍ ദിനം കൂടിയാണ് ഡിസംബര്‍ 6. തീവ്രഹിന്ദുത്വ വാദികളുടെ കാവിനിറം മാത്രമല്ല ദേശീയവാദികളുടെ മൃദുഹിന്ദുത്വത്തിന്റെ തനിനിറം കൂടിയാണ് ബാബരിയുടെ ചരിത്രം ഓര്‍മിപ്പിക്കുന്നത്. അത്തരം ഓര്‍മകളുടെ കയ്പുരസം തികട്ടുന്നത് കൊണ്ടാണ് ചിലര്‍ എല്ലാറ്റിനും മറവിയെന്ന മതേതര ഒറ്റമൂലി നിര്‍ദേശിക്കുന്നത്. നഷ്ടപ്പെട്ടവര്‍ക്കേ വേദനയുടെ ദുഃഖമറിയൂ. ഒരു പള്ളിയുടെ താഴികക്കുടമായിരുന്നില്ല ഡിസംബര്‍ ആറിന് മുസ്‌ലിം സമുദായത്തിന് നഷ്ടപ്പെട്ടത്. മറിച്ച് കാലങ്ങളായി അവരുടെ മനസ്സിന്റെ ആഴത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു രാജ്യത്തെക്കുറിച്ച വിശ്വാസങ്ങളായിരുന്നു. പരിക്കേറ്റ ആ വിശ്വാസത്തിന്റെ വേദനകളും മുറിവുകളും ഇന്നും ഉണങ്ങിയിട്ടില്ല. അതിന് സമ്മതിച്ചിട്ടില്ല എന്നതാകും ശരി. ഈ രാജ്യത്തിലെ കപട രാഷ്ട്രീയക്കാര്‍ ആ മുറിവിലെ ചോരപ്പാടുകളെ പോലും ബാലറ്റുപേപ്പറിലെ മഷിയടയാളങ്ങളാക്കുകയായിരുന്നു. വോട്ടുബാങ്കിന് വേണ്ടി തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും അവരെ വേട്ടയാടി. 'തീവ്രവാദ വേട്ടകളുടെ' മറവില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ കല്‍തുറുങ്കിലടക്കപ്പെടുന്നതങ്ങനെയാണ്. തൊപ്പിയും താടിയും വെച്ചവര്‍ ദേശവിരുദ്ധരല്ലെന്ന് സ്വയം തെളിയിക്കേണ്ട ഗതികേടില്‍ അതെത്തി നില്‍ക്കുന്നു. ബാബരിയുടെ മിനാരത്തിന്റെ ചിഹ്നം പേറുന്ന വിശ്വാസവും അവരുടെ ഭാഷയിലെ പുസ്തകം പോലും അറസ്റ്റ് ചെയ്യപ്പെടുന്ന ഈ കറുത്ത കാലത്ത് ഡിസംബര്‍ ആറ് വെറുതെ കടന്നുപോവേണ്ട ഒരു ദിവസമല്ല. രാജ്യം അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കുന്ന മതേതരത്വത്തിനുള്ളില്‍ അതിനെ ഹൈജാക്ക് ചെയ്യുന്നവിധം വളര്‍ന്നു പന്തലിച്ച വര്‍ഗീയ മതബോധങ്ങളെ പ്രശ്‌നവല്‍ക്കരിക്കാന്‍ ഡിസംബര്‍ ആറുകള്‍ നിമിത്തമാവേണ്ടിയിരിക്കുന്നു. അത്തരം ഓര്‍മകള്‍ നമ്മുടെ രാജ്യശില്‍പ്പികള്‍ നെയ്‌തെടുത്ത മതേതരത്വത്തെ വീണ്ടെടുക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പും ജമാഅത്തെ ഇസ്‌ലാമിയും കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയായി. ഫലം പുറത്തുവരാന്‍ ഒരു മാസത്തോളം കാത്തിരിക്കണം. ഇത്‌ പ്രവചനങ്ങളുടെയും കണക്കുകൂട്ടലുകളുടെയും കാലമാണ്‌. തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെട്ടത്‌ എന്തൊക്കെയാണ്‌? 2001-2006 കാലത്തെ ഐക്യ ജനാധിപത്യ മുന്നണി ഭരണവും 2006-2011 കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണവും താരതമ്യം ചെയ്യപ്പെട്ടില്ല. രണ്ടിന്റെയും നേട്ട കോട്ടങ്ങള്‍ ചര്‍ച്ചാവിധേയമായതുപോലുമില്ല. മുന്നണികളുടെ പ്രകടന പത്രികകളും വാഗ്‌ദാനങ്ങളും വിശകലന വിധേയമായില്ല. സംസ്ഥാനത്തിന്റെ പുരോഗതിയും വികസനവും മുഖ്യ അജണ്ടകളിലേക്ക്‌ കടന്നുവന്നില്ല. ജനകീയ പ്രശ്‌നങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. സ്ഥാനാര്‍ഥികളുടെ നന്മ-തിന്മകളോ ഗുണ-ദോഷങ്ങളോ ശക്തി-ദൗര്‍ബല്യങ്ങളോ പരിശോധിക്കപ്പെട്ടില്ല. ആകെ നടന്നത്‌ കുറേ ആരോപണ പ്രത്യാരോപണങ്ങളാണ്‌. കൂട്ടത്തില്‍ യു.ഡി.എഫ്‌ സാമുദായിക ധ്രുവീകരണം സൃഷ്‌ടിച്ചും വര്‍ഗീയ വികാരമിളക്കിവിട്ടും ഹിന്ദുവോട്ടുകള്‍ സ്വരൂപിക്കാനുള്ള ശ്രമവും നടത്തി. കുറേ വൈകാരിക പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം നാടിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട മൗലിക വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ ഇടം നേടിയില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും ദേശീയതലത്തില്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി വൈകാതെ രൂപം കൊള്ളുന്ന പശ്ചാത്തലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ വളരെ സജീവമായി ഇടപെടേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നിട്ടും ജമാഅത്ത്‌ ദിവസങ്ങളോളം മാധ്യമങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയും നിറഞ്ഞുനില്‍ക്കുകയും ചെയ്‌തു. അതിലൂടെ ഒരു കാര്യം അസന്ദിഗ്‌ധമായി തെളിയിക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്യാത്ത ഒരു പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയും ഇവിടെയില്ല. അതിന്റെ മേല്‍ നിരന്തരം വ്യാജാരോപണങ്ങളുന്നയിക്കുന്ന സംഘടനകളുടെ നേതാക്കളും സ്ഥാനാര്‍ഥികളുമെല്ലാം ജമാഅത്തിനോട്‌ വോട്ട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ അവഗണിക്കാനാവാത്ത ശക്തിയാണെന്നത്‌ തന്നെയാണിതിനു കാരണം. പതിവു പോലെ ഇത്തവണയും ജമാഅത്തെ ഇസ്‌ലാമി അതിന്റെ പിന്തുണ നല്‍കുന്നതിലും വോട്ട്‌ രേഖപ്പെടുത്തുന്നതിലും പരിഗണിച്ചത്‌ സംസ്ഥാനത്തിന്റെ മുഖ്യ താല്‍പര്യങ്ങളും ജനങ്ങളുടെ ക്ഷേമവും സമൂഹത്തിന്റെ സുരക്ഷിതത്വവുമാണ്‌. തദടിസ്ഥാനത്തില്‍ 2001-2006 കാലത്തെ യു.ഡി.എഫ്‌ ഭരണവും 2006-2011 കാലത്തെ എല്‍.ഡി.എഫ്‌ ഭരണവും സൂക്ഷ്‌മമായി വിലയിരുത്തി. താരതമ്യേന മെച്ചപ്പെട്ട ഭരണം ഇടതുപക്ഷ മുന്നണിയുടേതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിഗണനയും പിന്തുണയും അവര്‍ക്ക്‌ നല്‍കാമെന്ന്‌ തീരുമാനിക്കുകയാണുണ്ടായത്‌. സംസ്ഥാന കൂടിയാലോചനാ സമിതി നല്‍കിയ മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം വിശദമായ ചര്‍ച്ചക്കു ശേഷമാണ്‌ കേരള ശൂറാ തീരുമാനമെടുത്തത്‌. 2006-ല്‍ യു.ഡി.എഫ്‌ ഭരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കേരളം അകപ്പെട്ട ജീര്‍ണതയുടെ ആഴവും പരപ്പും മറവിരോഗം ബാധിക്കാത്ത ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ജനം അന്ന്‌ എങ്ങനെയെങ്കിലും ഒരു മോചനം കൊതിക്കുകയായിരുന്നു. ആ ഭരണത്തെ അപേക്ഷിച്ച്‌ അഴിമതി ആരോപണങ്ങളില്‍ നിന്നും അധോലോക ആധിപത്യത്തില്‍നിന്നും താരതമ്യേന മോചിതമായ ഭരണമാണ്‌ ഈ അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ്‌ ഭരണം. അതോടൊപ്പം ഒട്ടേറെ ജനക്ഷേമ പദ്ധതികളും നടപ്പാക്കപ്പെട്ടു. കര്‍ഷകരുടെ കടം എഴുതിത്തള്ളുകയും അവര്‍ക്ക്‌ ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തതില്‍ കര്‍ഷക ആത്മഹത്യകള്‍ക്ക്‌ അറുതിവരുത്താന്‍ സാധിച്ചു. പൂട്ടിക്കിടന്നിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. നഷ്‌ടത്തിലായിരുന്നവ കാര്യക്ഷമമാക്കുക വഴി ലാഭകരമാക്കി; ട്രഷറികള്‍ അടച്ചുപൂട്ടേണ്ടിവന്നില്ല. വൈദ്യുതി മുടക്കവും ഒഴിവാക്കാനായി. സ്‌മാര്‍ട്ട്‌ സിറ്റി പോലുള്ളവയില്‍ സംസ്ഥാനത്തിന്റെ ഒട്ടേറെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സാധിച്ചു. പൊതു വിതരണ സംരംഭങ്ങളെ ഒരു പരിധിയോളമെങ്കിലും പിടിച്ചുനിര്‍ത്താനായി. വികസന ഭൂപടത്തില്‍ ഏറെ പുറംതള്ളപ്പെട്ടിരുന്ന മലബാര്‍ പരിഗണിക്കപ്പെടാന്‍ തുടങ്ങി. ചമ്രവട്ടം പദ്ധതി യാഥാര്‍ഥ്യമായി. വിദ്യാഭ്യാസ രംഗത്ത്‌ മുസ്‌ലിം ലീഗിന്റെ ദീര്‍ഘകാലത്തെ ഭരണത്തിനു ശേഷവും നിലനിന്നിരുന്ന തികഞ്ഞ അവഗണന ശ്രദ്ധയില്‍ കൊണ്ടുവരികയും ചിലതെല്ലാം പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടാവുകയും ചെയ്‌തു. പാണക്കാട്‌ കുടുംബത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളുകള്‍ അപ്‌ഗ്രേഡ്‌ ചെയ്യപ്പെട്ടു. 22000 പ്ലസ്‌ടു സീറ്റുകള്‍ പുതുതായി അനുവദിക്കപ്പെട്ടു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ യു.ഡി.എഫിനെ അപേക്ഷിച്ച്‌ ആവാസ വ്യവസ്ഥയോടും പ്രകൃതിയോടും ഇരകളോടും ഇണങ്ങുന്ന സമീപനം സ്വീകരിക്കാന്‍ ഭരണകൂടത്തിനകത്തുനിന്നുതന്നെ കുറെയൊക്കെ സമ്മര്‍ദങ്ങളുണ്ടായി. എന്നിട്ടും ജനവിരുദ്ധമായ ചില സമീപനങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഭരണകൂടത്തിന്റെ അത്തരം തെറ്റായ സമീപനങ്ങളെ ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളും മാധ്യമങ്ങളും യഥാസമയം ശക്തമായിത്തന്നെ എതിര്‍ത്തുപോന്നിട്ടുമുണ്ട്‌. ചെങ്ങറയും മൂലമ്പള്ളിയും കിനാലൂരമെല്ലാം ഇതിന്റെ നേര്‍ സാക്ഷ്യങ്ങളാണ്‌. അതോടൊപ്പം പ്ലാച്ചിമടയിലെ ഇരകള്‍ക്ക്‌ നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതും അതിനായി ട്രൈബ്യൂണല്‍ സ്ഥാപിക്കാനാവശ്യമായ നിയമനിര്‍മാണം നടത്തിയതും ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംരംഭമെന്ന നിലയില്‍ പ്രശംസനീയമാണ്‌. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടും യു.ഡി.എഫ്‌ സര്‍ക്കാറിനെ അപേക്ഷിച്ച്‌ കുറേ കൂടി മാനുഷികമായ സമപീനം എല്‍.ഡി.എഫ്‌ ഭരണകൂടം സ്വീകരിക്കുകയുണ്ടായി. വല്ലാര്‍പാടം പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌ നല്ല കാര്യമാണെങ്കിലും അതിനായി മൂലമ്പള്ളിയില്‍ നിന്ന്‌ പുറംതള്ളപ്പെട്ടവര്‍ മാന്യമായി പുനരധിവസിപ്പിക്കപ്പെട്ടില്ലെന്നത്‌ സംസ്ഥാന സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്‌ച തന്നെ. മെച്ചപ്പെട്ട പാക്കേജ്‌ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും നടപ്പാക്കപ്പെട്ടില്ല. ന്യൂനപക്ഷ താല്‍പര്യങ്ങള്‍ രാജ്യത്തെ ഏറ്റം പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗമാണ്‌ മുസ്‌ലിംകള്‍. അതിനാല്‍ അവരെ ഉയര്‍ത്താനും വളര്‍ത്താനുമുള്ള ഏതൊരു ശ്രമവും ദേശീയ താല്‍പര്യങ്ങളുടെയും നാടിന്റെ പുരോഗതിക്കായുള്ള യത്‌നങ്ങളുടെയും ഭാഗമാണ്‌. ഐക്യ കേരളം നിലവില്‍ വന്ന ശേഷം മുസ്‌ലിം ലീഗിനു കൂടി പങ്കാളിത്തമുള്ള 1967-ലെ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്‌ത മുന്നണി സര്‍ക്കാറാണ്‌ മുസ്‌ലിം സമുദായത്തിനും അവര്‍ കൂടുതലുള്ള മലബാറിനും എടുത്തു പറയാവുന്ന നേട്ടങ്ങളുണ്ടാക്കിയത്‌. കോണ്‍ഗ്രസ്സിന്റെയും മുത്തശ്ശി പത്രത്തിന്റെയും അതിരൂക്ഷമായ എതിര്‍പ്പുകളെ അവഗണിച്ച്‌ മലപ്പുറം ജില്ലയും കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയും സ്ഥാപിച്ചു. സ്‌പെഷ്യലിസ്റ്റ്‌ അധ്യാപകരായിരുന്ന അറബിക്‌ ടീച്ചേഴ്‌സിനെ ഭാഷാധ്യാപകരാക്കി ഉയര്‍ത്തി. ആരാധനാലയങ്ങളുടെ നിര്‍മാണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ്‌ വരുത്തി, സംവരണം നടപ്പാക്കി. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന പോലീസ്‌ ഇടപെടലുകള്‍ക്ക്‌ അറുതിവരുത്തി. 1967-ലെ ഇ.എം.എസ്‌ മന്ത്രിസഭക്കു ശേഷം എടുത്തോതാവുന്ന മുന്നേറ്റമുണ്ടായത്‌ ഇക്കഴിഞ്ഞ എല്‍.ഡി.എഫ്‌ ഭരണകാലത്താണ്‌. അവയില്‍ ഏറ്റവും എടുത്തു പറയാവുന്ന ഒന്നാണ്‌ അലീഗഢ്‌ ഓഫ്‌ കാമ്പസ്‌. അതിനാവശ്യമായ സ്ഥലം വളരെ സാഹസപ്പെട്ട്‌ ശരിപ്പെടുത്തിക്കൊടുത്തത്‌ ഇടതുപക്ഷ സര്‍ക്കാറാണ്‌. അലീഗഢ്‌ യൂനിവേഴ്‌സിറ്റി അഞ്ചു സംസ്ഥാനങ്ങളില്‍ ഓഫ്‌ കാമ്പസുകള്‍ അനുവദിച്ചുവെങ്കിലും പ്രയോഗവത്‌കരിക്കപ്പെട്ടത്‌ കേരളത്തില്‍ മാത്രമാണെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. അതോടൊപ്പം പലിശരഹിത സംരംഭത്തിന്‌ മുന്നിട്ടിറങ്ങുകയും അതിനെതിരെ സുബ്രഹ്മണ്യ സ്വാമി കേരള ഹൈക്കോടതിയില്‍ കൊടുത്ത കേസിനെ ഫലപ്രദമായി നേരിട്ട്‌ വിജയിപ്പിക്കുകയും ചെയ്‌തു. ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ്‌ സ്ഥാപിക്കുകയും ഡയറക്‌ടറേറ്റ്‌ ഉണ്ടാക്കുകയും ചെയ്‌തു. മദ്‌റസാ അധ്യാപകര്‍ക്ക്‌ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കി പാലോളി കമ്മിറ്റി രൂപവത്‌കരിക്കുകയും വിശദമായ പഠനത്തിനു ശേഷം അത്‌ മുന്നോട്ട്‌ വെച്ച പല പരിപാടികളും നടപ്പാക്കുകയും ചെയ്‌തു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്ന നരേന്ദ്ര കമീഷന്‍ ചൂണ്ടിക്കാണിച്ച ബാക്‌ ലോഗ്‌ നികത്താനുള്ള പ്രായോഗിക നടപടികളൊന്നും സ്വീകരിക്കപ്പെട്ടില്ലെന്നത്‌ എടുത്ത്‌ പറയേണ്ട വീഴ്‌ചതന്നെ. വിദ്യാഭ്യാസ രംഗത്ത്‌ പലപ്പോഴായി സ്വീകരിക്കപ്പെട്ട, മതവിരുദ്ധമെന്ന്‌ തോന്നിക്കുന്ന സമീപനങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ ഭരണവിരുദ്ധ വികാരങ്ങള്‍ വളര്‍ത്താന്‍ ഒരു പരിധിയോളം കാരണമായി. ഇന്ത്യയിലുടനീളം ഭീകരവേട്ടയുടെ പേരില്‍ മുസ്‌ലിംവിരുദ്ധ വികാരം വളര്‍ത്തുകയും അവരെ അരക്ഷിതബോധത്തില്‍ അകപ്പെടുത്തുകയും നിരപരാധികളായ ചെറുപ്പക്കാരെ വേട്ടയാടുകയും ജയിലലടക്കുകയും ചെയ്‌തപ്പോള്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്‌ ഒട്ടൊക്കെ വ്യത്യസ്‌ത നിലപാട്‌ സ്വീകരിക്കാനും മുസ്‌ലിംകളില്‍ സുരക്ഷിതബോധം നിലനിര്‍ത്താനും സാധിച്ചു. ലൗ ജിഹാദ്‌ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുയര്‍ത്തി മാധ്യമങ്ങളും വലതുപക്ഷ ശക്തികളും അന്തരീക്ഷം സംഘര്‍ഷഭരിതമാക്കാനും സാമുദായിക ധ്രുവീകരണം സൃഷ്‌ടിക്കാനും ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ ഒട്ടൊക്കെ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിക്കാന്‍ എല്‍.ഡി.എഫ്‌ നേതൃത്വത്തിനു സാധിച്ചു. എങ്കിലും പോലീസിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ ഭരണകൂടം വിജയിച്ചുവെന്ന്‌ പറയാനാവില്ല. അപ്രകാരം തന്നെ നീണ്ട പത്ത്‌ വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം നിരപരാധിയാണെന്ന്‌ തെളിയിക്കപ്പെട്ട്‌ പുറത്തുവന്ന അബ്‌ദുന്നാസിര്‍ മഅ്‌ദനിയെ കള്ളക്കേസുണ്ടാക്കി വേട്ടയാടാനും ജയിലലടക്കാനും തല്‍പര കക്ഷികള്‍ നടത്തിയ ശ്രമത്തോട്‌ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ധീരമോ തന്റേടത്തോടെ ഉള്ളതോ ആയില്ല. മാധ്യമങ്ങളും വലതുപക്ഷ കക്ഷികളും വര്‍ഗീയ ശക്തികളും സൃഷ്‌ടിച്ച കോലാഹലങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മുമ്പില്‍ എല്‍.ഡി.എഫ്‌ ഗവണ്‍മെന്റ്‌ പകച്ചുനില്‍ക്കുകയായിരുന്നു. തങ്ങളെ പിന്തുണച്ച അബ്‌ദുന്നാസിര്‍ മഅ്‌ദനിയോട്‌ നീതി കാണിക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു പ്രായോഗികാനുഭവം. ഐക്യ ജനാധിപത്യമുന്നണി സമീപനം ഇസ്‌ലാമിനോടും ഇസ്‌ലാമിക പ്രസ്ഥാനത്തോടും ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ച സമീപനവും അവഗണിക്കാനാവുകയില്ല. മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി എം.കെ മുനീറും യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.എം ഷാജിയും ജമാഅത്തെ ഇസ്‌ലാമിയെ മുന്നില്‍ നിര്‍ത്തി കടന്നാക്രമിച്ചതും ആക്രമിച്ചുകൊണ്ടിരിക്കുന്നതും ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെയുമാണ്‌. അതിനായി കടുത്ത ഇസ്‌ലാംവിരുദ്ധ ശക്തികളെ പോലും കൂട്ടുപിടിക്കാന്‍ ഒട്ടും മടിയില്ലെന്നാണ്‌ മുനീര്‍, യുക്തിവാദി നേതാവ്‌ യു. കലാനാഥനും ഹമീദ്‌ ചേന്ദമംഗല്ലരൂം മറ്റുമായി ചേര്‍ന്ന്‌ ഈയിടെ നടത്തിയ ശ്രമങ്ങള്‍ തെളിയിക്കുന്നത്‌. ഇസ്‌ലാംവിരുദ്ധ ശക്തികളുടെ അഭയകേന്ദ്രമായി മുസ്‌ലിം ലീഗ്‌ മാറിക്കൊണ്ടിരിക്കുകയാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും എതിര്‍ക്കാന്‍ ഇടതുപക്ഷ വേദികള്‍ ഉപയോഗപ്പെടുത്തിയിരുന്നവര്‍ക്ക്‌ അവിടെ ഇടം നഷ്‌ടപ്പെട്ടപ്പോള്‍ അത്‌ വെച്ചുനീട്ടാന്‍ ലീഗ്‌ സംസ്ഥാന സെക്രട്ടറി മുന്നോട്ട്‌ വന്നുവെന്നത്‌ ഒട്ടും അവഗണിക്കാവുന്ന കാര്യമല്ല. മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പിയും ജമാഅത്തെ ഇസ്‌ലാമിയോട്‌ സ്വീകരിച്ച സമീപനവും ഒട്ടും നീതിപൂര്‍വമോ സത്യസന്ധമോ അല്ല. ജമാഅത്തെ ഇസ്‌ലാമിയുമായി നിരവധി തവണ രാഷ്‌ട്രീയ ചര്‍ച്ച നടത്തുകയും വോട്ട്‌ ആവശ്യപ്പെടുകയും ചെയ്‌ത കുഞ്ഞാലിക്കുട്ടി അതൊക്കെയും പൂര്‍ണമായും നിഷേധിച്ചു. ലീഗ്‌ നേതാക്കള്‍ ജമാഅത്ത്‌ നേതാക്കളുമായി നിരവധി തവണ ചര്‍ച്ച നടത്തിയതിനും വോട്ട്‌ ആവശ്യപ്പെട്ടതിനും ഈ ലേഖകന്‍ സാക്ഷിയും പങ്കാളിയുമാണ്‌. എം.കെ മുനീര്‍ പോലും ജമാഅത്തെ ഇസ്‌ലാമി ഓഫീസില്‍ വരികയും വോട്ട്‌ ചോദിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തിന്റെ നേരെയെന്നപോലെ ജമാഅത്തിന്റെ നേരെയും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല സ്വീകരിച്ച സമീപനവും ഒട്ടും നീതിപൂര്‍വകമല്ല. തീരെ സത്യസന്ധവുമല്ല. തലേക്കുന്നില്‍ ബഷീറും ടി.എച്ച്‌ മുസ്‌തഫയും എം.എം ഹസ്സനും തങ്ങളുടെ മതേതര വ്യക്തിത്വം തെളിയിക്കാനുള്ള ബദ്ധപ്പാടില്‍ ജമാഅത്തിന്റെ മേല്‍ തികച്ചും വ്യാജമായ ആരോപണങ്ങളാണുന്നയിച്ചത്‌. വയലാര്‍ രവിയുടെ സമീപനവും സത്യസന്ധതക്ക്‌ ഒട്ടും ചേര്‍ന്നതല്ല. ഇത്തരം വിവിധങ്ങളായ കാരണങ്ങളാലാണ്‌ ഇടതുപക്ഷത്തിന്‌ മുഖ്യ പരിഗണന നല്‍കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിച്ചത്‌. ജനങ്ങളുടെ ഭരണാനുഭവം തന്നെയാണ്‌ ഇതില്‍ പ്രധാനം. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളും പ്രവര്‍ത്തകരുടെ വ്യത്യസ്‌തമായ അഭിപ്രായങ്ങളും പരിഗണിച്ച്‌ ഈയൊരു തീരുമാനത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി ഏതാനും മണ്ഡലങ്ങളില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളെയും പരിഗണിക്കാന്‍ ജമാഅത്ത്‌ തീരുമാനിച്ചു. പ്രസ്ഥാന പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളാണ്‌ ഈ തീരുമാനത്തിന്റെ പ്രധാന അടിസ്ഥാനം. ആഭ്യന്തര ജനാധിപത്യത്തിന്‌ സംഘടന ഇതഃപര്യന്തം നല്‍കിപ്പോന്ന പരിഗണനയുടെ സ്വാഭാവിക തുടര്‍ച്ച മാത്രമാണിത്‌.
ഗീതയും ഖുര്‍ആനും മതമില്ലാത്ത ജീവന്‍ മൃഗമാണ്‌; നരിയേയും നായയേയും നരച്ചീറിനേയും പശുവിനേയും ഒക്കെ ഓര്‍മിപ്പിക്കുന്ന മൃഗം. മേല്‍പ്പറഞ്ഞവക്കെല്ലാം ജീവനുണ്ടെങ്കിലും മതമില്ല. എന്നാല്‍, ജീവന്‍ മനുഷ്യനിലെത്തുമ്പോള്‍ അതു മതമുള്ളതായിത്തീരുന്നു. കാരണം, സകല മതങ്ങളും മനുഷ്യനോടുകൂടി ആവിര്‍ഭവിച്ചവയാണ്‌; നിലനില്‍ക്കുന്നവയുമാണ്‌. മനുഷ്യനില്ലെങ്കില്‍ ഭൂമിയില്‍ ഒരു മതവും ഉണ്ടായിരിക്കില്ല. ഇതു ചരിത്രപരവും നരവംശവിജ്ഞാനീയപരവും മനഃശാസ്‌ത്രപരവുമായൊരു യാഥാര്‍ഥ്യമാണ്‌. അതുകൊണ്ടുതന്നെ മനുഷ്യനു നല്‍കാവുന്ന ഏറ്റവും പ്രാഥമികമായൊരു നിര്‍വചനം ഭൂമിയില്‍ മതമുള്ള ജീവനാണു മനുഷ്യന്‍ എന്നതാകുന്നു. ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ പലഭാഷകള്‍ നിലവിലുണ്ട്‌; ഇതുപോലെ പല മതങ്ങളും നിലവിലുണ്ട്‌. ലോകത്ത്‌ ഒരേയൊരു ഭാഷയേ ഉണ്ടാകാവൂ എന്നു ആരെങ്കിലും വാശിപിടിച്ചാല്‍ സാമാന്യബോധമുള്ള ഏതൊരാളും അയാളോടു വിയോജിക്കും. ലോകത്തുള്ള മനുഷ്യരെല്ലാം സംസ്‌കൃതം അല്ലെങ്കില്‍ അറബി അല്ലെങ്കില്‍ ഇംഗ്ലീഷ്‌ മാത്രം സംസാരിക്കുന്ന ഒരു കാലം ആരു വിചാരിച്ചാലും ഉണ്ടാവില്ല. അതിനാല്‍ ഏകഭാഷാവാദം അപ്രായോഗികമാണ്‌. ഇതുപോലെ ഏകമതവാദവും അപ്രായോഗികമാണ്‌. ലോകത്ത്‌ സകലമനുഷ്യരും ഒരൊറ്റ മതവിശ്വാസത്തെ പിന്‍പറ്റുന്ന ഒരു കാലം എന്തായാലും ഉണ്ടാവില്ല. അതിനാല്‍ മതങ്ങള്‍ തമ്മില്‍ തമ്മില്‍ ബഹുമാനത്തോടെ ഇടപഴകുന്ന സഹവര്‍ത്തിത്വാന്തരീക്ഷം എല്ലാ മതങ്ങളുടേയും വിശ്വാസികളുടേയും നല്ല നില്‍പിന്‌ അത്യന്താപേക്ഷിതമാണ്‌. അപ്രായോഗികമായ ഏകതാവാദം അപകടകരമാണ്‌. അല്ലാത്തപക്ഷം കാവിഭീകരതയും താലിബാനിസവും ഫാസിസവും സ്റ്റാലിനിസവും ഒക്കെ ലോകം കണ്ട ഏറ്റവും മഹത്തരമായ പ്രവണതകളാണെന്നു പറയേണ്ടിവരും; ഏകാധിപത്യമാണ്‌ ഒരേയൊരു ശരി എന്നു പറയേണ്ടിവരും. ദൈവം ഒന്നേയുള്ളൂ എന്നതിനാല്‍ ഒരു മതമേ വേണ്ടതുള്ളൂ എന്നു കരുതുന്നവരുണ്ട്‌. പക്ഷേ, അത്തരം ധാരണ ഒരു മതഭ്രാന്തനായ മനുഷ്യന്റെ ധാരണ മാത്രമാണ്‌; ദൈവത്തിന്റേതായിരിക്കാന്‍ ഇടയില്ല. എന്തെന്നാല്‍ സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനും കരുണാനിധിയുമായ ദൈവം ഭൂമിക്ക്‌ ഒരൊറ്റ സൂര്യന്‍ എന്നതുപോലെ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ ഒരൊറ്റഭാഷയും ഒരൊറ്റമതവും മതി എന്നു നിശ്ചയിച്ചിരുന്നെങ്കില്‍ പല മതങ്ങളും പല ഭാഷകളും ഉണ്ടാവുകയില്ലായിരുന്നു. അതിനാല്‍ പല മതങ്ങളും പല ഭാഷകളും ദൈവേഛകൊണ്ടു സംഭവിച്ചവയാണ്‌ എന്നു കരുതണം. മറ്റെന്തിലുമുപരി ദൈവേഛയെ മാനിക്കേണ്ടുന്നവനാണ്‌ വിശ്വാസി. അതിനാല്‍ യഥാര്‍ഥവിശ്വാസി ഒരിക്കലും ലോകത്ത്‌ ഒരുമതം മതി, അതു എന്റെ മതമായിരിക്കണം എന്ന ദുര്‍വാശിക്ക്‌ വിധേയനാവില്ല. `നിനക്ക്‌ അവതരിച്ചു കിട്ടിയതിനെ മാനിക്കുക' എന്നു മാത്രമല്ല `നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദങ്ങളേയും മാനിക്കുക' എന്നുകൂടി നബിയോടു അല്ലാഹു ഖുര്‍ആനില്‍ പ്രബോധിപ്പിക്കുന്നുണ്ടെന്നതു പരിഗണിക്കുമ്പോള്‍ `ഒരേയൊരു മതംമാത്രം ശരി' എന്ന മതഭ്രാന്തിന്റെ പിടിവാശി ഖുര്‍ആനികമല്ലെന്നു വ്യക്തമാവും. ``യോമാം പശ്യതി സര്‍വ്വത്ര സര്‍വ്വം ചമയിപശ്യത തസ്യാഹം ന പ്രണശ്യാമി സചമേന പ്രണശ്യതി'' എന്ന ഭഗവദ്‌ഗീതയിലെ നാലാം അധ്യായത്തിലെ 30-ാം ശ്ലോകത്തിന്റെ താല്‍പര്യം ഇതാണ.്‌ ``ആര്‍ എല്ലാറ്റിലും എന്നെയും എല്ലാം എന്നിലും കാണുന്നുവോ അവന്‌ ഞാനോ എനിക്ക്‌ അവനോ ഒരിക്കലും നഷ്‌ടപ്പെടുകയില്ല''. ഇങ്ങനെ എല്ലാറ്റിലും ഭഗവാനെ കാണുന്ന യഥാര്‍ഥവിശ്വാസിക്ക്‌ എന്റെ മതം വിശുദ്ധം അന്യരുടെ മതം അവിശുദ്ധം എന്നു ചിന്തിക്കാനോ പറയാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല.' `പ്രപഞ്ചസ്രഷ്‌ടാവായ ദൈവം ഒന്നേയുള്ളൂ' എന്നതിനര്‍ഥം പ്രപഞ്ചം ഒരേപോലെയാണെന്നല്ല. പ്രപഞ്ചം വൈവിധ്യബഹുലമാണ്‌; അതിനാല്‍ പ്രപഞ്ചനാഥനായ ദൈവം വൈവിധ്യങ്ങളുടെ ഏകനായ പടച്ചതമ്പുരാനാണ്‌. വൈവിധ്യങ്ങളുടെ പടച്ചതമ്പുരാനായി ദൈവത്തെ വണങ്ങുന്ന, ഒരാള്‍ക്കേ പല ഭാഷകളും പല മതങ്ങളും പലരുചികളും നിറഞ്ഞ വിശ്വപ്രകൃതിയില്‍, വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടു ജീവിക്കാനുള്ള സഹിഷ്‌ണുതയും ജനാധിപത്യബോധവും ഉണ്ടായിരിക്കൂ. ഒരുപക്ഷേ, അത്തരം സഹിഷ്‌ണുതയുടെ ജനാധിപത്യം ഏറ്റവും കൂടുതല്‍ ഉണ്ടാവേണ്ട ഒരു രാജ്യമാണ്‌ ഇന്ത്യ. എന്തെന്നാല്‍ കാലാവസ്ഥ, കാര്‍ഷികവിളകള്‍, ഭക്ഷണം, ഭാഷ, മതം എന്നീ സര്‍വത്ര മേഖലകളിലും അത്രമേല്‍ വൈവിധ്യം ഇന്ത്യയിലുണ്ട്‌. അതുകൊണ്ടാണ്‌ മതമൈത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ അങ്ങേയറ്റം അത്യന്താപേക്ഷിതമാണെന്നു പരക്കെ അഭിപ്രായം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പാഴ്‌സികള്‍, ജൈനര്‍, ബൗദ്ധര്‍, സിഖുക്കാര്‍, ക്രൈസ്‌തവര്‍ എന്നിവരൊക്കെയുണ്ടെങ്കിലും ഇന്ത്യയില്‍ ഭൂരിപക്ഷം മനുഷ്യരും അവലംബിക്കുന്ന മതവിശ്വാസങ്ങള്‍ ഹിന്ദു- ഇസ്‌ലാമിക മതവിശ്വാസങ്ങളാണ്‌. അതിനാല്‍ ഹിന്ദു-മുസ്‌ലിം മൈത്രി എന്നതിനു മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചു. ഇന്ത്യയുടെ വിഭവസമ്പത്തു കൊള്ളയടിക്കാന്‍ മാത്രം ഇന്ത്യയില്‍ കാലുകുത്തിയവര്‍, അവരുടെ പകല്‍ക്കൊള്ള നിര്‍ബാധം നടത്തുന്നതിനു ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അന്തരീക്ഷം ഗുണകരമാവില്ലെന്നു കണ്ടപ്പോള്‍, ഹിന്ദു-മുസ്‌ലിം മതസ്‌പര്‍ധ ആസൂത്രിതമായി വളര്‍ത്തി എടുക്കാന്‍ ശ്രമിച്ചു. 1857-ലെ ഒന്നാംസ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ പന്നിനെയ്യിന്റെയും പശുനെയ്യിന്റെയും കാര്യം ഊതിപ്പെരുപ്പിച്ച്‌ തകര്‍ത്തുകളഞ്ഞു. ഗാന്ധിജിയിലൂടെ ജനകീയരൂപം കൈകൊണ്ട രണ്ടാം സ്വാതന്ത്ര്യസമരത്തെയാകട്ടെ, വീരസവര്‍ക്കറുടേയും മുഹമ്മദലിജിന്നയുടേയും മനോവാക്‌കര്‍മങ്ങളിലൂടെ രൂപപ്പെട്ട മതരാഷ്‌ട്രവാദത്തെ വളര്‍ത്തിക്കൊണ്ടു ഇന്ത്യാ-പാക്‌ വിഭജനത്തിലൂടെ അസ്‌തവീര്യമാക്കാനും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനു കഴിഞ്ഞു. എന്നാല്‍, ആധുനികേന്ത്യയുടെ ഏറ്റവും മഹാന്മാരായ ഹിന്ദുക്കളാരും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഭാരതത്തിനു വിരുദ്ധരല്ലായിരുന്നു- ശ്രീരാമകൃഷ്‌ണപരമഹംസന്‍, സ്വാമിവിവേകാനന്ദന്‍, നാരായണഗുരു, മഹാത്മാഗാന്ധി എന്നിവരൊക്കെ ആഗ്രഹിച്ചിരുന്നത്‌ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഇന്ത്യയായിരുന്നു. ഇവരേക്കാളെല്ലാം മഹാന്മാരായ ഹിന്ദുക്കളാണ്‌ വീരസവര്‍ക്കര്‍, കേശവബലിറാം ഹെഡ്‌ഗവാര്‍, ഗുരുജിഗോള്‍വാല്‍ക്കര്‍, നാഥുറാം വിനായക്‌ ഗോഡ്‌സേ തുടങ്ങി നരേന്ദ്രമോഡിവരെ ഉള്‍പ്പെടുന്ന ഹിന്ദുരാഷ്‌ട്രവാദികളായ കാവിഭീകരര്‍ എന്നു ഹിന്ദുക്കള്‍ കരുതുന്നുണ്ടെന്നു പറഞ്ഞുകൂടാ. മുസ്‌ലിംകള്‍ ഇല്ലാത്തൊരു ഇന്ത്യയല്ല, മറിച്ച്‌ ഹിന്ദുക്കളും മുസ്‌ലിംകളും മസ്‌തിഷ്‌കവും മെയ്യും പോലെ ഒത്തൊരുമിച്ചു കഴിയുന്നൊരു ഇന്ത്യയെയാണ്‌ ആധുനിക ഹൈന്ദവസന്ന്യാസത്തിന്റെ മാതൃകാവ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന സ്വാമിവിവേകാനന്ദന്‍ ആഗ്രഹിച്ചിരുന്നത്‌. അദ്ദേഹം എഴുതുന്നു: ``......സര്‍വമനുഷ്യ വര്‍ഗത്തേയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദൈ്വതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച്‌ ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക്‌ എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അതു ഇസ്‌ലാമാണ്‌; ഇസ്‌ലാം മാത്രം. അതുകൊണ്ടു പ്രയോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്തസിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്‌മങ്ങളും അത്ഭുതകരങ്ങളുമായിക്കൊള്ളട്ടെ- ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്നു എനിക്ക്‌ ഉറച്ച ബോധ്യം വന്നിട്ടുണ്ട്‌... ഏകത്വമെന്ന മതത്തിന്റെ വ്യത്യസ്‌ത പ്രകാശങ്ങള്‍ മാത്രമാണു മതങ്ങളെന്നു മനുഷ്യവര്‍ഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു; എന്നിട്ട്‌ ഓരോരുത്തനും തനിക്കേറ്റവും പറ്റിയ മാര്‍ഗം തെരഞ്ഞെടുക്കാമല്ലോ. നമ്മുടെ മാതൃഭൂമി തന്നെ ആശിക്കുന്നത്‌ ഹിന്ദുമതവും ഇസ്‌ലാമും എന്ന രണ്ടു മഹാസമ്പ്രദായങ്ങളുടെ വേദാന്തമസ്‌തിഷ്‌കത്തിന്റേയും ഇസ്‌ലാം ശരീരത്തിന്റേയും യോഗമാണ്‌. ഈ വഴക്കിലും കലഹത്തിലും നിന്നും ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്തമസ്‌തിഷ്‌കത്തോടും ഇസ്‌ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നതു ഞാനെന്റെ മനക്കണ്‍മുമ്പാകെ കാണുന്നു'' (വിവേകാനന്ദസാഹിത്യസര്‍വസ്വം വാള്യം 5 പേജ്‌ 566-567). ഇതു വിവേകാനന്ദ സാഹിത്യത്തിലെ ഒറ്റപ്പെട്ടൊരു അഭിപ്രായമല്ല; നാനാത്വത്തിലെ ഏകത്വത്തിലൂന്നിയ അനുരജ്ഞനത്തിന്റെ ഭാഷ അതിലെവിടെയും മാലയിലെ ചരടെന്നപോലെ കാണാം-പക്ഷേ ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി ശ്രമിച്ച ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്‌സേയുടെ ഹിന്ദുരാഷ്‌ട്രവാദം സ്വാമി വിവേകാനന്ദനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തെയും കൊല്ലുമായിരുന്നു-കാരണം ഗോഡ്‌സേയുടെ കാവിഭീകരത വിഭാവനം ചെയ്യുന്നത്‌ മുസ്‌ലിം രഹിത ഹിന്ദുരാഷ്‌ട്രത്തെയാണല്ലോ. അതിനാല്‍ വിവേകാനന്ദനെയാണോ ഗോഡ്‌സെയെയാണോ മാതൃകയായി സ്വീകരിക്കേണ്ടത്‌ എന്നതിനാണ്‌ ഓരോ ഹിന്ദുവും സമാധാനം കാണേണ്ടത്‌. അതുപോലെ വിവേകാനന്ദനെ മുന്‍നിര്‍ത്തിയാണോ ഗോഡ്‌സേയെ മുന്‍നിര്‍ത്തിയാണോ ഹിന്ദുത്വത്തെ വിലയിരുത്തേണ്ടത്‌ എന്ന പ്രശ്‌നത്തിനാണ്‌ ഓരോ മുസ്‌ലിമും ഉത്തരം പറയേണ്ടത്‌. അതുപോലെ തന്നെ മുഹമ്മദ്‌ നബിയേയും വിശുദ്ധഖുര്‍ആനിനേയും മുന്‍നിര്‍ത്തിയാണോ, അതോ താലിബാനേയും ഉസാമബിന്‍ലാദനേയും മുന്‍നിര്‍ത്തിയാണോ ഇസ്‌ലാമിനെ വിലയിരുത്തേണ്ടത്‌ എന്നു ഓരോ ഹിന്ദുവും തീരുമാനിക്കേണ്ടതുണ്ട്‌. ഞാന്‍ ഹിന്ദുവായിരിക്കുന്നത്‌ ഗോഡ്‌സെ ഹിന്ദുവാണെന്നു പ്രഖ്യാപിച്ചതുകൊണ്ടല്ല, മറിച്ച്‌ വിവേകാനന്ദനും ഗാന്ധിജിയും ഹിന്ദുക്കളാണെന്നു പ്രഖ്യാപിച്ചിരുന്നതുകൊണ്ടാണ്‌. അതുപോലെ ഞാന്‍ ഇസ്‌ലാമിനെ വിലയിരുത്തുന്നത്‌ ഉസാമ ബിന്‍ലാദനെ മുന്‍നിര്‍ത്തിയല്ല; മുഹമ്മദ്‌ നബിതിരുമേനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഹിന്ദു-മുസ്‌ലിം മൈത്രിയിലൂടെ ജനാധിപത്യഭാരതത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി ചെയ്യാവുന്ന ഒരു ഉചിതകര്‍മം എന്ന നിലയില്‍ ഭഗവദ്‌ഗീതയേയും വിശുദ്ധ ഖുര്‍ആനേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചില വിചാരങ്ങള്‍ ഇവിടെ പങ്കിടുന്നത്‌. ശ്രീകൃഷ്‌ണനെ അവതാരമായാണ്‌ ഇന്ത്യക്കാര്‍ കരുതുന്നത്‌. അവതാരം എന്ന വാക്കുതന്നെ ശ്രീകൃഷ്‌ണന്‍ ദൈവമല്ല എന്നാണു വെളിവാക്കുന്നത്‌, എന്തെന്നാല്‍ ദൈവം അവതാരമല്ല, അവതാരകനാണ്‌. അതിനാല്‍ അവതാരം എന്ന വാക്കിന്‌ തെരഞ്ഞെടുക്കപ്പെട്ട സൃഷ്‌ടി എന്നേ അര്‍ഥം ധരിക്കേണ്ടൂ. തെരഞ്ഞെടുക്കപ്പെട്ട മനുഷ്യനെ തന്നെയാണ്‌ പ്രവാചകന്‍ എന്നും പറയുന്നത്‌. ശ്രീകൃഷ്‌ണന്‍ ഇന്ത്യയിലെ ഏറ്റവും ജനസ്വാധീനമുള്ള പ്രവാചകനാണ്‌. അവതാരകന്‍ അല്ലാഹുവാണ്‌, നബി അവതാരമാണ്‌ എന്നു ഇന്ത്യന്‍ ഭാഷയില്‍ പറയാം. ശ്രീകൃഷ്‌ണനെ ജനങ്ങള്‍ ആരാധിക്കുന്നുണ്ട്‌, മുഹമ്മദ്‌ നബിയെ ആരാധിക്കുന്നില്ല എന്നാണു പറയപ്പെടുന്നത്‌. ഇതൊരു പ്രകടമായ വ്യത്യാസമാണ്‌. പക്ഷേ, ഇതൊക്കെയിരിക്കെ തന്നെ നബിയും കൃഷ്‌ണനും തമ്മില്‍ ഒരുപാട്‌ സാദൃശ്യങ്ങളും കാണാം. നബി ഏറ്റവും സാധാരണക്കാരായവരുടെ കൂട്ടത്തില്‍ ഒരുവനായിരുന്നു- മാതാപിതാക്കളുടെ സ്‌നേഹം അദ്ദേഹത്തിനു ചെറുപ്പത്തിലേ നഷ്‌ടപ്പെട്ടു. ശ്രീകൃഷ്‌ണനും നബിയും തികഞ്ഞ ഗാര്‍ഹസ്ഥ്യജീവിതം നയിച്ചിരുന്നവരാണ്‌. രുഗ്മിണി, സത്യഭാമ, ജാംബവതി, കുബ്‌ജു എന്നിങ്ങനെ എട്ടോളം ഔദ്യോഗിക ഭാര്യമാര്‍ ശ്രീകൃഷ്‌ണനു ജീവിതപങ്കാളികളായുണ്ടായിരുന്നു. ഖദീജ, ആഇശ തുടങ്ങിയവര്‍ നബിയുടെ ജീവിതത്തിലും പങ്കാളികളായിരുന്നു. ചുരുക്കത്തില്‍, കൃഷ്‌ണനും നബിയും ബഹുഭാര്യാത്വം അംഗീകരിച്ചിരുന്നു. ബഹുഭാര്യാത്വം ഒരു ഇസ്‌ലാമിക അശ്ലീലമായി അവതരിപ്പിച്ച്‌ കൈയടി നേടുന്ന ഹിന്ദുരാഷ്‌ട്രവാദികള്‍ ദയവുചെയ്‌ത്‌ ശ്രീകൃഷ്‌ണചരിതം മനസിരുത്തി പഠിച്ചിട്ട്‌ ബഹുഭാര്യാത്വത്തെ വിമര്‍ശിക്കണമെന്ന്‌ ഇവിടെ ആനുഷംഗികമായി പറഞ്ഞുവെക്കട്ടെ. ശ്രീകൃഷ്‌ണന്‌ അക്കാലത്തെ രീതി അനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നതായി ഭാഗവതപുരാണം സാക്ഷ്യപ്പെടുത്തുന്നു. സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യനായാണ്‌ ശ്രീകൃഷ്‌ണന്‍ വിദ്യാഭ്യാസം ചെയ്‌തത്‌- കൃഷ്‌ണനോടൊപ്പം ഗുരുകുലത്തില്‍ പഠിച്ച വ്യക്തിയാണ്‌ സുധാമാവ്‌ എന്നുപേരുള്ള കുചേലന്‍. അറുതിയിലും വറുതിയിലും കഴിഞ്ഞിരുന്ന പണ്ഡിതനായ കുചേലനെ പില്‍ക്കാലത്തു ശ്രീകൃഷ്‌ണന്‍ സാമ്പത്തികസഹായം നല്‍കി രക്ഷിച്ചതായും ഭാഗവതത്തില്‍ കാണുന്നുണ്ട്‌. എന്നാല്‍, മുഹമ്മദ്‌ നബിക്ക്‌ കച്ചവടപരമായ ജനസമ്പര്‍ക്കാനുഭവങ്ങളൊഴിച്ച്‌ എഴുത്തും വായനയും ഒന്നും അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമകൃഷ്‌ണപരമഹംസരെ ഓര്‍മിപ്പിക്കുന്ന വിധം നിരക്ഷരനായിരുന്നു മുഹമ്മദ്‌ നബിയും. സാമൂഹിക-രാഷ്‌ട്രീയകാര്യങ്ങളില്‍ സദാ ഇടപെട്ടിരുന്നവരാണ്‌; അവര്‍ അല്ലാതെ വെറുതെ കണ്ണടച്ചു ധ്യാനിച്ചുകൊണ്ടിരുന്നവരല്ല. ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും അവകാശപ്പെട്ട കുടിനീരു ചോര്‍ത്തി കൊക്കക്കോളയാക്കി വിറ്റു കാശാക്കുന്ന അമേരിക്കന്‍ സാമ്രാജത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു പ്രവര്‍ത്തനം ശ്രീകൃഷ്‌ണചരിതത്തിലുണ്ട്‌. കാളിന്ദി നദിയെ വിഷമയമാക്കിയ കാളിയനെ ശ്രീകൃഷ്‌ണന്‍ ചെറുത്തുതോല്‍പ്പിച്ച കാര്യമാണത്‌. ജരാസന്ധ-കംസ-ദുര്യോധന ഭരണകൂടങ്ങളെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനത്തിലും ശ്രീകൃഷ്‌ണന്‍ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. നബിയുടെ ജീവിതത്തിലും ഇത്തരം സാമൂഹികപ്രവര്‍ത്തനങ്ങള്‍ നിരന്തരം കാണാം. ശ്രീകൃഷ്‌ണനിലൂടെ ഉപദേശിക്കപ്പെട്ട ഭഗവദ്‌ഗീതയും മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെട്ട വിശുദ്ധ ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉണ്ടായവയാണ്‌. കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഗീതാവതരണം നടന്നുവെങ്കില്‍, ബദറുള്‍പ്പെടെയുള്ള ചെറുതും വലുതുമായ പോരാട്ടഭൂമിയിലും കൂടിയാണ്‌ വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ അവതരിക്കപ്പെട്ടത്‌. എന്നാല്‍, ഭഗവത്‌ഗീതയോ വിശുദ്ധഖുര്‍ആനോ വായിച്ചുകഴിയുന്നവര്‍ക്ക്‌ അധര്‍മത്തിനെതിരെ പോരാടാനുള്ള ആത്മവീര്യം ഉണ്ടാകുമെങ്കിലും പാവങ്ങള്‍ക്കെതിരെ വാളോങ്ങാനുള്ള അക്രമവാസന തീരെ ഉണ്ടാവുകയില്ല. ഭഗവദ്‌ഗീത നിത്യ പാരായണം ചെയ്‌തിരുന്ന ഗാന്ധിജി ആത്മവീര്യമുള്ള മഹാത്മാവായിരുന്നു. ഗോഡ്‌സെയെപ്പോലെയോ അസിമാനന്ദയെപ്പോലെയോ പരമതവിദ്വേഷിയായ അക്രമി ആയിരുന്നില്ല. മാത്രമല്ല, ഗീതയും ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉദ്‌ഭൂതമായ വിശുദ്ധഗ്രന്ഥങ്ങളാണെങ്കിലും ഇരു ഗ്രന്ഥങ്ങളിലും ഏറ്റവും കുറച്ചു സന്ദര്‍ഭങ്ങളിലേ യുദ്ധാഹ്വാനം കാണുന്നുള്ളൂ- ``പൊറുക്കുക; പരമാവധി പൊറുക്കുക'' എന്നതാണ്‌ ഗീതയുടെയും ഖുര്‍ആനിന്റെയും യുദ്ധാഹ്വാനസന്ദേശങ്ങളുടെ പൊതുസ്വഭാവം. ആയുധമെടുക്കാത്ത ഗാന്ധിജിമാരെ ആയുധമെടുത്ത്‌ കൊല്ലാന്‍ വരുന്ന ഗോഡ്‌സെമാരുണ്ടാവുമ്പോള്‍ ആയുധമെടുത്തും ഗാന്ധിജിമാരെ സംരക്ഷിക്കണം എന്ന്‌ മേല്‍പറഞ്ഞ യുദ്ധാഹ്വാനത്തെ പരാവര്‍ത്തനം ചെയ്യാം. ഭഗവത്‌ഗീതയും വിശുദ്ധഖുര്‍ആനും പൂര്‍വപ്രബോധനങ്ങളെ മാനിക്കുന്നുണ്ട്‌. ഒരേയൊരു പ്രബോധനമാണ്‌ എല്ലാ കാലത്തും നടന്നിട്ടുള്ളതെന്നും അതു നഷ്‌ടപ്പെടുകയോ മറയ്‌ക്കപ്പെടുകയോ ചെയ്യുമ്പോഴാണ്‌ പ്രബോധനം ഓര്‍മപ്പെടുത്താന്‍ പുതിയ പ്രബോധകര്‍ ഉണ്ടാവുന്നതെന്നും ഗീതയും ഖുര്‍ആനും വ്യക്തമാക്കുന്നു. ``ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്‍ മനവേപ്രാഹമനുരിക്ഷ്വാകവ്യേബ്രവിത്‌ ഏവം പരമ്പരാപ്രാപ്‌തം ഇമം രാജര്‍ഷയോ വിദുഃ സ കാലേനേഹമഹതാ യോഗോ നഷ്‌ട:പരം തപ സ ഏവായം മയാത്യോദ്യയോഗ: പ്രോക്ത!പുരാതന: ഭക്ത്യോസി മേ സഖാ ചേതി രഹസ്യം ഹേത്യദുത്തമം'' (ഭഗവദ്‌ഗീത അധ്യായം 4-ശ്ലോകങ്ങള്‍ 1, 2, 3) ഈ മൂന്നു ശ്ലോകങ്ങളുടെ താല്‍പര്യം ഇതാണ്‌ 1. ``നാശരഹിതമായ ഈ യോഗത്തെ ഞാന്‍ സൂര്യന്‌ ഉപദേശിച്ചു. സൂര്യന്‍ മനുവിന്‌ ഉപദേശിച്ചു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. 2. ഹേ അര്‍ജുനാ ഇപ്രകാരം പരമ്പരയാ ഈ യോഗത്തെ രാജര്‍ഷികളും അറിഞ്ഞു-ആ യോഗം ദീര്‍ഘകാലം കൊണ്ട്‌ ഇവിടെ നഷ്‌ടപ്പെട്ടു. 3. നീ എന്റെ ഭക്തനും സഖാവും ആണെന്നതു കൊണ്ടാണ്‌ പുരാതനമായ ഈ യോഗത്തെ തന്നെ ഇപ്പോള്‍ ഞാന്‍ നിനക്ക്‌ ഉപദേശിക്കുന്നത്‌. എന്തെന്നാലിതു രഹസ്യവും ഉത്തമവും ആകുന്നു.'' ഈ മൂന്നു ശ്ലോകങ്ങളുടെ അര്‍ഥവിചാരത്തിന്റെ ആഴങ്ങളിലേക്കിവിടെ പ്രവേശിക്കുന്നില്ല. യോഗം എന്ന പദം സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മിലുള്ള പരസ്‌പരബന്ധത്തെ കുറിക്കുന്നു. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള പരസ്‌പരബന്ധത്തിന്റെ രഹസ്യത്തെയാണ്‌ സൂര്യന്‌ പോലും ഞാന്‍ ഉപദേശിച്ചത്‌ എന്ന പ്രയോഗത്തിലെ `ഞാന്‍' ദ്വാപരയുഗത്തില്‍ ജനിച്ച ശ്രീകൃഷ്‌ണന്‍ എന്ന വ്യക്തിയെയല്ല, സൂര്യനു മുമ്പേ ഉണ്ടായ, സൂര്യനും ഗുരുവും പിതാവുമായ സര്‍വ്വേശ്വരനെയാണു ഉദ്ദേശിക്കുന്നത്‌. സര്‍വേശ്വരന്റെ ഉപദേശം മനുവിലൂടെ ഇക്ഷ്വാകുവിനും മറ്റും ലഭിച്ചെങ്കിലും പിന്നീടതു നഷ്‌ടപ്പെട്ടു. ആ പരമ്പര പ്രബോധനം തന്നെയാണ്‌ ശ്രീകൃഷ്‌ണനും അര്‍ജുനനിലൂടെ ലോകത്തോടു ചെയ്യുന്നത്‌. എന്നുവെച്ചാല്‍ പുതിയ ഒരു വെളിപാടുണ്ടാകുകയല്ല വിസ്‌മൃതമാകപ്പെട്ട വെളിപാടുകളെ ഓര്‍മപ്പെടുത്തുകയാണു ഭഗവദ്‌ഗീത ചെയ്യുന്നത്‌ എന്നു ചുരുക്കം. ഇതേകാര്യം തന്നെ ഖുര്‍ആനിലും കാണാം. മുഹമ്മദ്‌ നബിയിലൂടെ വെളിപ്പെട്ടത്‌ പുതിയ വേദമാണെന്നു വിശുദ്ധഖുര്‍ആനും പറയുന്നില്ല. ഖുര്‍ആനില്‍ നിന്നു തന്നെ ഉദ്ധരിക്കാം ``നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍ നിന്നു ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ഇസ്‌ഹാഖിനും യഅ്‌ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്നു നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിനു കീഴ്‌പ്പെട്ട്‌ ജീവിക്കുന്നവരാകുന്നു'' (അല്‍ ബഖറ 136). പ്രപഞ്ചത്തിന്റെ നിസ്സീമതക്കുള്ളില്‍ സ്വന്തം നിസ്സാരത തൊട്ടറിയുന്നതിനുള്ള വിവേകം വ്യക്തി മനസ്സിന്റെ പരമാവധി വളര്‍ച്ച സാധ്യമാകുമ്പോള്‍ സംഭവിക്കും-അപ്പോള്‍ അത്തരം വ്യക്തികള്‍ക്കുണ്ടാകുന്ന ജീവിതസ്വഭാവമാണ്‌ സമര്‍പ്പണം. ഈ സമര്‍പ്പണത്തിലേക്ക്‌ മനുഷ്യമനസ്സിനെ വലുതാക്കി അടുപ്പിക്കുക എന്നതാണ്‌ വിശുദ്ധഖുര്‍ആനിന്റേയും ഭഗവദ്‌ഗീതയുടേയും സാരസന്ദേശം. `സര്‍വധര്‍മാന്‍ പരിത്യജ' എന്നു തുടങ്ങുന്ന ഗീതാശ്ലോകം ഇതാണു ബോധ്യപ്പെടുത്തുന്നത്‌. ഇക്കാര്യം പ്രസിദ്ധ സാഹിത്യ ചരിത്രചിന്തകനായ കൃഷ്‌ണചൈതന്യ ഇങ്ങനെ രേഖപ്പെടുത്തുന്നു: ``ഈശ്വരനെ ആത്മശിക്ഷണത്തോടെ അനുസരിക്കുന്നതിലൂടെയാണ്‌ മനുഷ്യന്‍ പരമാവധി ഔന്നത്യത്തിലേക്ക്‌ വളരുന്നത്‌ എന്നത്രേ ഇസ്‌ലാമിന്റെ മൗലികസിദ്ധാന്തം. ദൈവനിശ്ചയത്തിന്റെ ഒരു ഉപകരണം മാത്രമാകാന്‍ അര്‍ജ്ജുനനോട്‌ ആവശ്യപ്പെടുന്ന ഗീതാവചനത്തിലും ഈ ദര്‍ശനമാണ്‌ കാണപ്പെടുന്നത്‌'' (കേരളം-കൃഷ്‌ണചൈതന്യ-പേജ്‌ 97). ബൈബിളും ഖുര്‍ആനും ഗീതയും സാരത്തില്‍ പഠിപ്പിക്കുന്നത്‌ ഒരേ തത്ത്വം തന്നെയെന്നു പ്രഖ്യാപിച്ച ശ്രീരാമകൃഷ്‌ണപരമഹംസരുടേയും ശ്രീരമണമഹര്‍ഷിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ആധ്യാത്മിക ഭാരതത്തിലും, ഹിന്ദു-മുസ്‌ലിം മൈത്രിയിലൂന്നിയ മഹാത്മാഗാന്ധിയുടെ രാഷ്‌ട്രീയഭാരതത്തിലും സര്‍വമതസാരവുമേകമെന്നതിലൂന്നിയ ബൈബിള്‍ -ഗീതാ-ഖുര്‍ആന്‍ പഠനങ്ങള്‍ നടക്കേണ്ടതും ജനജീവിതത്തിനു പരിചയപ്പെടുത്തേണ്ടതും കരുത്തുറ്റ ഇന്ത്യയുടെ നിര്‍മാണത്തിന്‌ അനിവാര്യമാണ്‌- വിദ്വേഷമല്ല വിവേകമാണ്‌ അതിനാവശ്യം. അക്കാര്യത്തിലേക്ക്‌ ചെറുതായൊന്നു വിരല്‍ ചൂണ്ടുക മാത്രമാണിവിടെ ചെയ്‌തിരിക്കുന്നത്‌.
പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ പുത്തനാചാരങ്ങള്‍ക്ക് രാജപാത തീര്‍ക്കുന്നവര്‍ പ്രവാചകനെ സ്‌നേഹിക്കുക എന്ന് പറയുന്നതിന്റെ താല്‍പര്യമെന്താണ്? ഏതൊരു മുസ്‌ലിമിനെയും സദാ അലട്ടിക്കൊണ്ടിരിക്കേണ്ട ചോദ്യമാണ്. സ്‌നേഹത്തിന്റെ ഉറവിടം മനസ്സാണ്. പക്ഷെ, അത് ജീവിതത്തില്‍ പ്രകടമാവേണ്ടതുണ്ട്. സ്‌നേഹം മനസ്സില്‍ ഒതുക്കിവെക്കാനുള്ളതല്ല. അതുകൊണ്ടാണ് 'നീ ആരെയെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍ അത് അവനോട് പറയണം' എന്ന് നബി (സ) പറഞ്ഞത്. പ്രവാചക സ്‌നേഹത്തിന്റെ പ്രായോഗിക രൂപം പ്രവാചകചര്യ പിന്‍പറ്റലാണ്. അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ പ്രായോഗിക രൂപവും പ്രവാചകചര്യ പിന്തുടരല്‍ തന്നെ. ഖുര്‍ആന്‍ പറയുന്നു: ''പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നവരെങ്കില്‍ എന്നെ പിന്‍തുടരുവിന്‍'' (3:31). നബി (സ) പറഞ്ഞു: ''ഞാന്‍ കൊണ്ടുവന്നതെന്തോ അത് പിന്തുടരുക എന്നത് സ്വന്തം താല്‍പര്യമാവാത്ത കാലത്തോളം നിങ്ങളില്‍ ആരും വിശ്വാസിയാവുകയില്ല'' (ശറഹുസ്സുന്നഃ). ഒരു മൂവര്‍ സംഘത്തെ പരാമര്‍ശിക്കുന്നുണ്ട് ഹദീസില്‍. അത് ഇപ്രകാരമാണ്. ഒരു മൂന്നംഗ സംഘം പ്രവാചകന്റെ വീട്ടില്‍ വരുന്നു. അവര്‍ പ്രവാചക പത്‌നി ആഇശ (റ) യോട് നബിയുടെ അനുഷ്ഠാന രീതിയെക്കുറിച്ചന്വേഷിക്കുന്നു. ആഇശ അത് വിശദീകരിച്ചു കൊടുക്കുന്നു. അവര്‍ക്ക് തൃപ്തിയായില്ല. പ്രവാചകന്റെ അനുഷ്ഠാനങ്ങള്‍ പോരാ എന്ന ഒരു തോന്നല്‍ അവരില്‍ ഉളവാകുന്നു. പക്ഷെ, അവര്‍ സമാധാനം കണ്ടെത്തിയത് ഇങ്ങനെ: 'പ്രവാചകരല്ലേ, കഴിഞ്ഞതും വരാനിരിക്കുന്നതുമെല്ലാം പൊറുത്തു കിട്ടിയ ആള്‍. പക്ഷെ, നമ്മള്‍ അങ്ങനെയല്ലല്ലോ'. അതിനാല്‍ അവര്‍ ഒരു തീരുമാനമെടുത്തു. ഒരാള്‍ പറഞ്ഞു: ''ഞാന്‍ ഇനി മേലില്‍ രാത്രി ഉറങ്ങുകയേ ഇല്ല. നമസ്‌കാരം തന്നെ; രാത്രി തീര്‍ത്തും നമസ്‌ക്കാരം.'' രണ്ടാമന്‍: ''ഞാന്‍ മേലില്‍ നിത്യവും നോമ്പനുഷ്ഠിക്കും. ഒറ്റ ദിവസം പോലും നോമ്പുപേക്ഷിക്കുകയില്ല.'' മൂന്നാമന്‍: ''ഞാന്‍ വിവാഹം ചെയ്യുകയേയില്ല'' അല്‍പം കഴിഞ്ഞു. നബി (സ) അവരെ കണ്ടു, ചോദിച്ചു: ''നിങ്ങളാണോ ഇന്നയിന്ന രീതിയിലൊക്കെ പറഞ്ഞത്''. അവര്‍ പറഞ്ഞു:''അതെ'' നബി (സ) പറഞ്ഞു: ''അറിഞ്ഞിരിക്കുക. അല്ലാഹുവാണ, നിങ്ങളെക്കാളൊക്കെ അല്ലാഹുവിനെ ഭയക്കുന്നവനാണ് ഞാന്‍. നിങ്ങളെക്കാളൊക്കെ സൂക്ഷ്മ ജീവിതം നയിക്കുന്നവനും ഞാന്‍ തന്നെ. ഞാന്‍ നോമ്പനുഷ്ഠിക്കാറുണ്ട്, നോമ്പുപേക്ഷിക്കാറുമുണ്ട്. ഞാന്‍ രാത്രി നമസ്‌കരിക്കാറുണ്ട്. ഉറങ്ങാറുമുണ്ട്. ഞാന്‍ വിവാഹജീവിതം നയിക്കുന്നുമുണ്ട്. എന്റെ ചര്യ ഇഷ്‌പ്പെടാത്തവര്‍ക്ക് ഞാനുമായി ബന്ധമില്ല'' (ബുഖാരി 5063). ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന കാര്യം ഇതാണ്. പ്രവാചക സ്‌നേഹം വാചാടോപമല്ല. തോന്നിയ പോലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മെനയലുമല്ല. ഇസ്‌ലാമിന്റെ മൗലിക പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്. സുന്നത്താണ് ഖുര്‍ആന്റെ പ്രാമാണിക വ്യാഖ്യാനം. പിന്നെ പ്രവാചകാനുചരന്മാരുടെ വിശദീകരണവും പ്രവര്‍ത്തനവുമുണ്ട്. അതില്‍ തന്നെ ഖുലഫാഉര്‍റാശിദുകളുടെ തീരുമാനവും സ്വഹാബിമാരുടെ ഏകകണ്ഠാഭിപ്രായവും പ്രധാനമാണ്. പില്‍ക്കാല മുജ്തഹിദുകളുടെ ഇജ്തിഹാദ്പരമായ അനുമാനങ്ങളും (ഖിയാസ്) പ്രമാണമാണ്. അതില്‍ ശരിക്ക് മാത്രമല്ല, തെറ്റിനും സാധ്യതയുണ്ട്. തെറ്റിന് മാത്രമല്ല, ശരിക്കും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഖുര്‍ആന്നും സുന്നത്തിനും സ്വഹാബിമാരുടെ തീര്‍പ്പുകള്‍ക്കും ശേഷമേ അതിന് പരിഗണന ലഭിക്കൂ. അതു തന്നെയും മുജ്തഹിദുകളുടെ അഭിപ്രായത്തിനും അനുമാനത്തിനുമാണ് ഈ ആനുകൂല്യം. മുഖല്ലിദുകള്‍ (അന്ധമായി അനുകരിക്കുന്നവര്‍) ആയിരം പേര്‍ കൂടിയാലും ഒരു മുജ്തഹിദിന് സമമല്ല. ആധികാരിക പണ്ഡിത സംഘടന കേരളീയ മുസ്‌ലിംകളില്‍, അതും മലബാറില്‍ മുസ്‌ലിംകള്‍ കൂടുതലും സമസ്തയെ പിന്തുടരുന്നവരാണ്. ഇരു സമസ്തയും ഇവിടെ ഉദ്ദേശ്യമാണ്. അവരുടെ വാദം തങ്ങളാണ് ആധികാരിക പണ്ഡിത സംഘം എന്നാണ്. ഈ വാദം രണ്ടു സമസ്തയും പരസ്പരം ഉന്നയിക്കുന്ന അവകാശ വാദം കൂടിയാണ്. മുജാഹിദ്, ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പോലെയുള്ള സംഘടനകളെ നേരിടാനാണ് ആദ്യം അവിഭക്ത സമസ്ത ഈ വാദം ഉന്നയിച്ചുപോന്നത്. തങ്ങള്‍ പറയുന്നതാണ് അഹ്‌ലുസ്സുന്നത്തിന്റെ ആധികാരിക തീര്‍പ്പ് എന്നും അവര്‍ അവകാശവാദമുന്നയിക്കാറുണ്ട്. ഈ ആധികാരികത ഉന്നയിച്ചുകൊണ്ടാണ് അവര്‍ ഇസ്‌ലാമിലില്ലാത്ത പല ആചാര-വിശ്വാസങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുള്ളത്. സമസ്ത അംഗീകരിച്ചാല്‍ അത് അഹ്‌ലുസ്സുന്നത്തിന്റെ വേലിക്കെട്ടിനുള്ളില്‍ വരുന്ന കാര്യമായിരിക്കുമെന്ന് മുസ്‌ലിം ബഹുജനവും വിശ്വസിച്ചുവശായിരിക്കുന്നു. പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇസ്‌ലാമിന്റെ ഭാഗം മാത്രമല്ല, അവിഭാജ്യഘടകമായിത്തന്നെ മുസ്‌ലിംകളും അല്ലാത്തവരും തെറ്റിദ്ധരിക്കാന്‍ കാരണം ഈ ഒരു വികല വിശ്വാസമാണ്. ഇത്തരമൊരു വാദമുന്നയിക്കാന്‍ അവര്‍ക്ക് ഇത്ര ചങ്കൂറ്റമുണ്ടായതിന് കാരണമെന്തെന്ന് നമുക്കറിയില്ല. ഒരു കാലത്തും ഇസ്‌ലാമിലെ പ്രമാണിക പണ്ഡിതന്മാരാരും ഉന്നയിക്കാന്‍ ധൈര്യപ്പെടാത്ത ഒരു വല്ലാത്ത വാദമാണിത്. ഇത്തരമൊരു വാദമുന്നയിക്കാന്‍ അവരെ പ്രചോദിപ്പിക്കുന്ന രണ്ട് സംഗതികളുണ്ട്. ഒന്ന്, അവരുടെ സംഘത്തിന്റെ അംഗസംഖ്യയാണ്. നാല്‍പത് എന്ന സംഖ്യ. നാല്‍പതാള്‍ കൂടിയാല്‍ അവരില്‍ ഒരു വലിയ്യുണ്ടാവും എന്ന വിശ്വാസം. ഇതിന്റെ തുടര്‍ന്യായീകരണം വ്യക്തമല്ല. വലിയ്യിന് വഹ്‌യ് ലഭിക്കുമോ, വലിയ്യിന്റെ തീരുമാനത്തിന് ഇസ്‌ലാം പ്രാമാണികത കല്‍പിച്ചിട്ടുണ്ടോ, വലിയ്യ് എന്നത് ഒരു പ്രത്യേക തസ്തികയാണോ എന്നിത്യാദി ചോദ്യങ്ങള്‍ അതുമായി ബന്ധപ്പെട്ട് വേറെയുമുണ്ട്. ഉസ്താദ് പറഞ്ഞതിന് വിപരീതം പാടില്ല എന്നതാണ് മറ്റൊരു അബദ്ധവിശ്വാസം. ഉസ്താദ് പറയുന്നത് ചോദ്യം ചെയ്താല്‍, അല്ലെങ്കില്‍ അതിന് വിരുദ്ധം പ്രവര്‍ത്തിച്ചാല്‍, അല്ലെങ്കില്‍ എതിര് പറഞ്ഞാല്‍ ഗുരുത്തക്കേട് തട്ടും എന്ന വിശ്വാസം. നബിമാര്‍ക്കല്ലാതെ ഇസ്മത്ത് (തെറ്റ്പറ്റായ്ക) ഇല്ല എന്ന് വിശ്വസിക്കുമ്പോള്‍ തന്നെയാണ് ഈ ആളുകള്‍ ഇത്തരമൊരു വിശ്വാസംകൂടി വെച്ചുപുലര്‍ത്തുന്നത്. നാല്‍പത് പേര്‍ കൂടിയാല്‍ അതിലൊരു വലിയ്യുണ്ടാവും, അതിനാല്‍ അവര്‍ക്ക് തെറ്റു പറ്റുകയില്ല, ഉസ്താദ് പറയുന്നതിന് എതിര് പാടില്ല എന്നീ വിശ്വാസങ്ങള്‍ക്കും വാദഗതികള്‍ക്കും തെളിവെന്ത് എന്ന് ചോദിച്ചിട്ട് കാര്യമില്ല. സ്വഹാബിമാരുടെ പോലും അഭിപ്രായം പ്രമാണമാണോ അല്ലേ എന്നത് നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ സജീവ ചര്‍ച്ചയാണ്. മുജ്തഹിദിന്റെ പോലും അഭിപ്രായം തള്ളാനും കൊള്ളാനും സാധ്യത കാണുന്ന ഒരു സമൂഹത്തിന്റെ പിന്‍മുറക്കാരാണ് ഇത്തരം അബദ്ധവിശ്വാസങ്ങളും അസംബന്ധങ്ങളും വെച്ച് പുലര്‍ത്തുന്നത്. നമ്മുടെ പണ്ഡിതന്മാരുടെ ഒരു അവസ്ഥ! ശീഈ വിശ്വാസങ്ങളും മറ്റു മതവിശ്വാസങ്ങളും ആചാരങ്ങളും വരെ ഇവരില്‍ ചിലര്‍ വെച്ചുപുലര്‍ത്തുന്നതായി കാണുന്നു. ശീഈകള്‍ക്ക് പന്ത്രണ്ട് ഇമാമുമാരുണ്ട് തെറ്റു പറ്റാത്തവരായി എന്ന ഒരു തെറ്റായ വിശ്വാസമുണ്ട്. അത് പന്ത്രണ്ടു ഇമാമുമാരിലെങ്കിലും പരിമിതമാണ്. ഇവിടെ ഏത് ഉസ്താദും അപ്രമാദിത്തമുള്ളവനായി മനസ്സിലാക്കപ്പെടുന്നു. ശീഇകളുടെ 'വിലായതുല്‍ മുജ്തഹിദി'നെയും കടത്തിവെട്ടുന്നതാണ് ഉസ്താദുമാരിലുള്ള ഈ വിശ്വാസം. എന്നിട്ടും ഉസ്താദുമാര്‍ തമ്മില്‍ വഴക്കും വക്കാണവും തീര്‍ന്ന സമയമില്ല. സംഘടനയില്‍ നിന്ന് പുറത്ത് പോവലും പുറത്താക്കലും അകത്ത് കടത്തലും തട്ടിക്കൊണ്ടുപോകലുമൊക്കെ സജീവം. തങ്ങള്‍ മെനഞ്ഞെടുക്കുന്ന ഏതുതരം ആചാരത്തിനും ഖുര്‍ആനും ഹദീസും ദുര്‍വ്യാഖ്യാനിച്ച് തെളിവുണ്ടാക്കാന്‍ ബഹുകേമന്മാര്‍. അത് സ്വീകരിക്കാത്തവര്‍ അഹ്‌ലുസ്സുന്നത്തിന് പുറത്ത് എന്നാണ് തീര്‍പ്പ്; 'ഗുരുത്തക്കേട്' പറ്റിയവരും. ഹൂദ് നബി (അ)യോട് പണ്ട് അദ്ദേഹത്തിന്റെ ജനത പറഞ്ഞില്ലേ: ''ഞങ്ങളുടെ ഏതോ ദേവന്റെ ഗുരുത്തക്കേട് പറ്റിയതാണ് തനിക്കെന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ'' (11:54). ലോകപ്രശസ്തരായ പൂര്‍വ്വകാല പണ്ഡിതന്മാര്‍-മദ്ഹബിന്റെ ഇമാമുമാരടക്കം - ഉസ്താദുമാരുടെ അഭിപ്രായങ്ങളെ തെളിവിന്റെ പിന്‍ബലം നോക്കിമാത്രം കൊള്ളുകയോ തള്ളുകയോ ചെയ്തവരാണ്. നാലു ഇമാമുമാരുടെ മാത്രം കാര്യമെടുക്കാം. ഇമാം അബൂഹനീഫയും ഇമാം ശാഫിഈയും ഇമാം മാലിക്കിന്റെ ശിഷ്യന്മാരാണ്. ഇമാം അഹ്മദ് ഇമാം ശാഫിഈയുടെ ശിഷ്യനാണ്. ഗുരുനാഥന്മാരും ശിഷ്യന്മാരും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം പുലര്‍ത്തിയവരാണ്. മറ്റു പലരെയും ഇതുപോലെ ഉദാഹരിക്കാം. തങ്ങള്‍ പറയുന്നതത്രയും നിര്‍ബന്ധമായും അംഗീകരിച്ചുകൊള്ളണമെന്ന് അവര്‍ ആരും തന്നെ ശിഷ്യന്മാരെ ഉപദേശിച്ചിരുന്നില്ല. മറിച്ച് ഉപദേശിച്ചിട്ടുമുണ്ട്; ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലമില്ലാത്തതൊന്നും സ്വീകരിക്കരുതെന്ന്. ശിഷ്യന്മാരെ 'ഗുരുത്തക്കേട്' പറഞ്ഞ് പേടിപ്പിച്ചു നിറുത്തിയുമില്ല അവരാരും. പഠിക്കാനും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ബോധ്യപ്പെട്ടത് മാത്രം സ്വീകരിക്കാനും പകര്‍ത്താനും ശിഷ്യന്മാര്‍ക്ക് ധൈര്യം പകരുകയായിരുന്നു അവര്‍ ചെയ്തത്. അവരാരും തന്നെ പുതിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും മെനഞ്ഞിട്ടുമില്ല. പാട്ടിനും ബൈതിനും കവിതകള്‍ക്കും കവിഞ്ഞ പ്രാധാന്യം നല്‍കിയില്ല. അവ ആലപിച്ചാല്‍ ലഭിക്കാവുന്ന നേട്ടങ്ങളെപ്പറ്റി പറഞ്ഞില്ല. ഖുര്‍ആന്നും സുന്നത്തിനുമില്ലാത്ത പരിഗണനയാണ് നമ്മുടെ ചില ആളുകള്‍ പാട്ടിനും ബൈതിനും മാലകള്‍ക്കും ഖസീദകള്‍ക്കുമൊക്കെ നല്‍കുന്നത്. നാട്ടില്‍ നടക്കുന്ന ഏത് മാമൂലിനും ഖുര്‍ആനും ഹദീസും നിരത്തി അവര്‍ തെളിവ് നല്‍കിക്കളയും. ഖുര്‍ആന്നും സുന്നത്തിനുമനുസരിച്ച് സ്വന്തം ധാരണകളും ചെയ്തികളും തിരുത്തുന്നില്ലെന്ന് മാത്രമല്ല പുതിയ പുതിയ ആവിഷ്‌ക്കാരങ്ങളും നല്‍കുന്നു. ആര് മരിച്ചാലും പുതിയ പുതിയ ഉറൂസുകള്‍ തട്ടിക്കൂട്ടുന്നത് ഇതിന്റെ ഫലമാണ്. മറ്റു മതവിഭാഗങ്ങള്‍ ഉത്സവം നടത്തുമ്പോള്‍ ഇവര്‍ ഉറൂസ് നടത്തുന്നു എന്ന് മാത്രം. മലയാള പദം ഒഴിവാക്കി അറബിച്ചുവയുള്ള പേര്‍ഷ്യന്‍ പദം 'ഉറൂസ്' ഉപയോഗിച്ചാല്‍ എല്ലാം ശരിയാവും എന്നാവും വിചാരം. മുസ്‌ലിം സമൂഹത്തിന്റെ മാതൃക ആരാണെന്ന ചോദ്യത്തിന് ഏതൊരു മുസ്‌ലിമും നല്‍കുന്ന മറുപടി മുഹമ്മദുനബി (സ) എന്നാവും. പിന്നെ ഖുലഫാഉര്‍റാശിദഃ, സ്വഹാബിമാര്‍, താബിഉകള്‍,താബിഉത്താബിഉകള്‍ എന്നിങ്ങനെയൊക്കെ പറഞ്ഞെന്നു വരാം. മദ്ഹബിന്റെ ഇമാമുമാര്‍ എന്നും പറയാം. മേല്‍ വിവരിച്ച ആരുടെ ചരിത്രം എടുത്തു പരിശോധിച്ചാലും പരേതന്റെ വീട്ടിലോ ഖബ്‌റിടത്തിലോ വെച്ച് ഉറൂസുകള്‍ നടത്തിയിരുന്നതായി തെളിയിക്കാന്‍ സാധ്യമല്ല. എങ്കില്‍ പിന്നെ അത് വന്ന വഴി ഏതാണ്? നിസ്സംശയം അതൊരു പേര്‍ഷ്യന്‍ ആചാരമാണ്. അഗ്നിയാരാധകരുടെ ആചാരം. അവരില്‍ നിന്ന് കടംകൊണ്ട് ശീഈ ധാരകളാണ് ഈ പുത്തനാചാരത്തിന് പ്രചാരം നല്‍കിയത്. സ്വഹാബിമാരുടെയോ താബിഉകളുടെയോ കാലത്ത് അത്തരം ഒരാചാരം രൂപെപ്പട്ടിരുന്നില്ല. ഖബ്‌റിന്മേല്‍ കൂടാരം പണിയുന്ന രീതിക്ക് തുടക്കം കുറിച്ചത് അലിയ്യുബ്‌നു അബീത്വാലിബിന്റെ മകന്‍ ഹസന്റെ മകന്‍ ഹസന്റെ മരണത്തെ തുടര്‍ന്നാവാനാണ് സാധ്യത. രണ്ടാമത്തെ ഹസന്റെ ഭാര്യയാണ് അത് ചെയ്തത്. ഇമാം ബുഖാരി ഉദ്ധരിച്ച ഈ സംഭവ വിവരണം ഇങ്ങനെ വായിക്കാം. ''അലിയുടെ മകന്‍ ഹസന്റെ മകന്‍ ഹസന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒരു വര്‍ഷക്കാലം ആ ഖബ്‌റിന്മേല്‍ ഒരു തമ്പ് കെട്ടി കൂടി. പിന്നെ അത് പൊളിച്ച് മാറ്റി. അപ്പോള്‍ ആരോ ചോദിക്കുന്നത് കേട്ടു. അവര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയോ? മറ്റൊരാള്‍ മറുപടി പറഞ്ഞു: അവര്‍ നിരാശരായി തിരിച്ചുപോയതാണ്'' (സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജനാഇസ് 61). മദീനയില്‍ വെച്ച് ഹിജ്‌റ: 97 / ക്രി. 717-ലാണ് ഹസനുബ്‌നുല്‍ ഹസനുബ്‌നു അലി മരിച്ചത്. ഹസന്റെ ഭാര്യ ഹുസൈനുബ്‌നു അലിയുടെ മകള്‍ ഫാത്വിമയാണ്. പക്ഷെ അന്ന്, ഇന്ന് ഉറൂസ് നടത്തുന്നവര്‍ പുലര്‍ത്തുന്ന വിശ്വാസവും ധാരണയുമൊന്നും അവര്‍ വെച്ചു പുലര്‍ത്തിയിരുന്നില്ല. ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി പ്രസ്തുത സംഭവം സംബന്ധിച്ച് ഇപ്രകാരം എഴുതുന്നു. ''ഈ അദ്ധ്യായത്തിലെ ഹദീസുമായി ഈ 'അഥറി'നുള്ള ചേര്‍ച്ച ഇതാണ്. തമ്പില്‍ കഴിയുന്നയാള്‍ അവിടെ വെച്ച് നമസ്‌ക്കരിക്കേണ്ടിവരും. അത് ഖബ്‌റിനടുത്ത് സുജൂദിനുള്ള സ്ഥലം സ്വീകരിക്കലായി വരും. ഖബ്‌റാക്‌ട്ടെ ഖിബ്‌ലയുടെ ഭാഗത്ത് വരാനും സാധ്യതയുണ്ട്. അപ്പോള്‍ അനഭികാമ്യത (കറാഹത്ത്) വര്‍ദ്ധിക്കുകയാവും '' (ഫത്ഹുല്‍ ബാരി 4/329) അദ്ദേഹം തുടര്‍ന്നെഴുതുന്നു: ''ഇബ്‌നുല്‍ മുനീര്‍ പറഞ്ഞു: മയ്യിത്തുമായി അടുത്ത് കഴിയുക വഴി സുഖം അനുഭവിക്കാനാണ് അവിടെ തമ്പ് പണിതത്. മനസ്സിന് ആശ്വാസ കാരണം കണ്ടെത്തിക്കൊടുക്കുക, പരിചിത വ്യക്തിയുമായി ഭാവനാ ലോകത്ത് സഹവസിക്കുക, ബോധേന്ദ്രിയത്തെ അതിജയിക്കുക എന്നിങ്ങനെയും ഉദ്ദേശ്യമാവാം; ഇടിഞ്ഞു പൊളിഞ്ഞ കുറ്റിച്ചുമരുകള്‍ക്കടുത്ത് നില്‍ക്കുക, ആള്‍ താമസമില്ലാത്ത വീടിനെ സംബോധന ചെയ്യുക തുടങ്ങിയുള്ള സംഗതികള്‍ ചെയ്യും പോലെ തന്നെ. തുടര്‍ന്ന് തങ്ങള്‍ ചെയ്യുന്നതിലടങ്ങിയ വഷളത്തം സംബന്ധിച്ച് വിളിച്ചറിയിക്കുന്നവരുടെ നാക്കിലൂടെ അവര്‍ക്ക് ഉപദേശം വന്നുകിട്ടി '' (ഫത്ഹുല്‍ ബാരി 4/329) ഈയിടെയായി, മരിക്കുന്ന ഉസ്താദുമാരുടെയൊക്കെ പേരില്‍ ഉറൂസ് കൊണ്ടാടുന്ന പ്രവണത വളരുകയാണ്. ഇതിനെ മഹത്വവത്കരിക്കാന്‍ മതപ്രഭാഷണവും! വേദമോതി തന്നെയാണ് പണ്ടും പുരോഹിതര്‍ പുത്തനാചാരങ്ങള്‍ (ബിദ്അത്ത്) ഇറക്കുമതി ചെയ്തിട്ടുള്ളത്. ആ പ്രവണത ഇന്നും തുടരുന്നു എന്ന് മാത്രം. പുതിയ ആചാരങ്ങളും മാമൂലുകളും രൂപപ്പെടുത്തിയെടുക്കാന്‍ ഇവര്‍ മഹാകേമന്മാരാണ്. അവക്ക് ഖുര്‍ആനിന്റെയും ഹദീസിന്റെയും മേമ്പൊടി തൂവാനും അവര്‍ തെല്ലും മടിക്കില്ല. അല്ലാമാ ഇഖ്ബാല്‍ പാടിയല്ലോ: 'സ്വയം മാറ്റാനാളല്ലാത്തവന്‍ മാറ്റുന്നു ഖുര്‍ആനെത്തന്നെയും' പുതിയ ആചാരാനുഷ്ഠാനാവിഷ്‌ക്കാരത്തിന്റെ ഒരു ഉദാഹരണം പറയാം. കര്‍ണ്ണാടക-കേരളാതിര്‍ത്തിക്കടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ ഒരു പള്ളിയും അതിനോടനുബന്ധിച്ച് ഒരു ഖബ്‌റിസ്ഥാനും. ഒരു കുന്നിന്‍ ചെരിവിലാണ് ഖബ്‌റിസ്ഥാന്‍. പണമുണ്ടാക്കാന്‍ പള്ളിക്കമ്മിറ്റി ഒരു തന്ത്രം കണ്ടു പിടിച്ചു. അത് നടപ്പിലാക്കാന്‍ കേരളത്തിലെ പ്രഗത്ഭനായ ഒരു ഉസ്താദിനെ വിളിച്ചുവരുത്തി. അവര്‍ ഉസ്താദിനോട് പറഞ്ഞു: ''ഈ ഖബ്‌റിസ്ഥാനിലെ ഒരു ഖബ്‌റില്‍ നിന്ന് ഞങ്ങള്‍ ഇടയ്ക്ക് ബാങ്ക് കേള്‍ക്കാറുണ്ട്. ഖബ്ര്‍ ഏതെന്ന് തിരിച്ചറിയാനാവുന്നില്ല. അതിനാല്‍ ആ ഖബ്ര്‍ ഏതാണെന്ന് ഉസ്താദ് നിര്‍ണയിച്ചു തന്നാല്‍ ഉപകാരം'' രാത്രിനേരം ഉസ്താദും പള്ളിക്കമ്മിറ്റിക്കാരും പെട്രോ മാക്‌സുമായി ഖബ്‌റിസ്ഥാനിലെ മുഴുവന്‍ ഖബ്‌റും അരിച്ചുപെറുക്കി പരിശോധിച്ചു. അത്ഭുതം വെളിപ്പെടുന്ന ഖബ്‌റ് കണ്ടെത്താനായില്ല. ഉസ്താദിന്റെ തിരുവരുള്‍: ''എടോ, അത് ഈ കുന്നിനപ്പുറത്തുള്ള ഏതോ പള്ളിയില്‍ നിന്ന് കാറ്റില്‍ ഒഴുകിയെത്തുന്ന ബാങ്കിന്റെ ശബ്ദമാണ്. അത് ഖബറിസ്ഥാനില്‍ നിന്നാണെന്ന് നിങ്ങള്‍ക്ക് വെറുതെ തോന്നിയതാവും''. കമ്മിറ്റിക്കാര്‍ വിടുമോ! ലക്ഷ്യം നേടാതെ ഉസ്താദിനെ തിരിച്ചയച്ചാല്‍ 'ഓറെ' കൊണ്ടുവന്ന ചെലവടക്കം നഷ്ടമാവും. ഭാവി കച്ചവടം നടക്കാതെയും പോവും. അതിനാല്‍ രണ്ടാമതൊരു ശ്രമം കൂടി നടത്താന്‍ അവര്‍ ഉസ്താദിനോട് കെഞ്ചി. അപ്പോള്‍ ഉസ്താദ്: ''എങ്കില്‍ വാ, ഒരിക്കല്‍ കൂടി നോക്കാം.'' ഒരിക്കല്‍ കൂടി ഖബ്‌റുകള്‍ നിരീക്ഷിച്ചു. നടന്ന് നടന്ന് ഒരു ഖബ്‌റിനടുത്തെത്തി. ഉസ്താദ് പെട്ടെന്ന് സ്തബ്ധനായി. അദ്ദേഹം കാത് കൂര്‍പ്പിച്ചു. ആ ഖബ്‌റില്‍ നിന്ന് എന്തോ കേള്‍ക്കും പോലെ. ''ഇതാ, ഇതുതന്നെ ആ ഖബര്‍.'' ഉസ്താദിന്റെ തീര്‍പ്പുണ്ടായി. ഉസ്താദും ജയിച്ചു. കമ്മിറ്റിയും ജയിച്ചു. ഉസ്താദിന് കിട്ടേണ്ടത് ചില്ലിക്കാശ്. കമ്മിറ്റിക്ക് നിത്യവരുമാനവും. 'അല്ലാഹുവിന്റെ ആയത്തുകള്‍ അവര്‍ തുഛവിലയ്ക്ക് വിറ്റുകളയുന്നു' എന്ന് ഖുര്‍ആന്‍ പറഞ്ഞുവല്ലോ. കാസര്‍കോട്ടെ ഒരു പള്ളി ശ്മശാനത്തിനടുത്ത് ഒരു ബോര്‍ഡില്‍ കണ്ടു: 'ഉദയാസ്തമയ ഉറൂസ്.' തൊട്ടടുത്തുള്ള ഒരു ഉറൂസിന്റെ പരസ്യമാണെന്നാണ് അന്വേഷണത്തില്‍ കിട്ടിയ വിവരം. ഹൈന്ദവ ക്ഷേത്രങ്ങളോട് ചേര്‍ന്നു 'അസ്തമയ പൂജ', 'ഉദയപൂജ' എന്നിങ്ങനെ എഴുതിവെക്കാറുണ്ട്. ആചാരങ്ങളും മാമൂലുകളും വരുന്ന വഴി! പുതിയ കാലത്തെ പുതിയ സാമിരിമാര്‍ എന്നോ പുതിയ അംറുബ്‌നുലുഹയ്യിമാര്‍ എന്നോ പറയാവുന്നവര്‍. നബി (സ) പറഞ്ഞില്ലേ: 'ചാണിന് ചാണായും മുഴത്തിന് മുഴമായും നിങ്ങള്‍ അവരെ പിന്തുടരും. അവര്‍ കടന്നു ചെന്നത് ഉടുമ്പിന്‍മാളത്തിലെങ്കില്‍ നിങ്ങളും അതില്‍ കടന്നു ചെല്ലും.' പ്രസിദ്ധ ഉര്‍ദു കവി ഹാലി പാടി: 'അപരന്‍ വിഗ്രഹത്തെ പൂജിച്ചുപോയാല്‍ കാഫിര്‍ ദൈവത്തിനുണ്ടു പുത്രനെന്നു പറഞ്ഞാലും കാഫിര്‍ അഗ്നിക്കു മുമ്പില്‍ കുമ്പിട്ടുപോയെന്നാലും കാഫിര്‍ താരകങ്ങള്‍ക്കുണ്ടു ദിവ്യാംശമെന്നു ചൊന്നാലും കാഫിര്‍ വിശ്വാസികള്‍ക്കു മാര്‍ഗമെത്ര, ഹാ! വിശാലം വേണമെങ്കില്‍ യഥേഷ്ടം പൂജിച്ചിടാമാരെയും ദൈവം തന്നെയായി വാഴിച്ചിടാം പ്രവാചകനെ ഇമാമുമാര്‍ക്ക് പ്രവാചകനെക്കാള്‍ സ്ഥാനം നല്‍കിടാം നേര്‍ന്നിടാം നേര്‍ച്ചകള്‍ ജാറങ്ങളില്‍ ശുഹദാക്കളോട് എന്തും വേണേലും പ്രാര്‍ഥിച്ചിടാം ഇല്ല, തെല്ലും കോട്ടം വരില്ല തൗഹീദിന് ഇല്ല, തകരില്ലിസ്‌ലാം, തെല്ലും തെറ്റില്ല ഈമാന്‍' ഇമാം ഗസ്സാലി പണ്ഡിതന്മാരെ വിമര്‍ശിച്ചു കൊണ്ടെഴുതുന്നു: 'ജിന്നുവര്‍ഗ്ഗ ചെകുത്താന്മാരെക്കുറിച്ച് നിനക്ക് നിര്‍ഭയരായി കഴിയാം. എന്നാല്‍ മനുഷ്യവര്‍ഗ ചെകുത്താന്മാരെ കരുതിയിരിക്കണം. കാരണം വഴിപിഴപ്പിക്കാന്‍ കൂടുതല്‍ പണിയെടുക്കേണ്ടതില്ലാത്ത വിധം അവര്‍ ജിന്നുവര്‍ഗ ചെകുത്താന്മാര്‍ക്ക് വിശ്രമമനുവദിച്ചിരിക്കുന്നു.' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1/91) മറ്റു വാക്കുകളില്‍ മുഹ്‌യിദ്ദീന്‍ ശൈഖും ഇതേ കാര്യം പറയുന്നുണ്ട്: 'കൂട്ടീ, കിതാബും സുന്നത്തും മുറുകെ പിടിക്കണമെന്നും അവ രണ്ടിനുമൊത്താവണം പ്രവര്‍ത്തിക്കുന്നതെന്നും കര്‍മ്മരംഗത്ത് നിഷ്‌ക്കളങ്കത പുലര്‍ത്തണമെന്നും ഞാന്‍ നിന്നോട് വിസതരിച്ച് പറഞ്ഞുവല്ലോ. നിങ്ങളിലെ പണ്ഡിതന്മാരെ പമ്പര വിഡ്ഢികളായും വൈരാഗികളെ ദുരമൂത്ത ഭൗതിക പൂജകരായും അല്ലാഹുവിനെ മറന്ന് സൃഷ്ടികളെ ആശ്രയിക്കുന്നവരായും ഞാന്‍ കാണുന്നു. അല്ലാഹു അല്ലാത്തവരില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍, പ്രവാചകന്റെ ശാപത്തിന് പാത്രമായവര്‍. അവിടന്ന് പറഞ്ഞുവല്ലോ: തനിക്കു സമാനനായ സൃഷ്ടിയില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ അഭിശപ്തനത്രെ. സൃഷ്ടിയെ തന്റെ പ്രതാപകാരണമായി കാണുന്നവന്‍ നിന്ദ്യന്‍ തന്നെ' (അല്‍ ഗുന്‍യാ) പണ്ഡിതന്മാര്‍ ഇസ്‌ലാമിനെ വില്‍പനച്ചരക്കാക്കി ബഹുജനത്തെ മാര്‍ഗഭ്രംശത്തിലേക്ക് തള്ളിവിടുമ്പോള്‍ ഇസ്‌ലാമിക മനഃസാക്ഷിക്ക് എങ്ങനെ സ്വസ്ഥമായിരിക്കാന്‍ കഴിയുന്നു?