..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 22 August 2015

ദമ്പതിമാര്‍ക്കിടയിലെ 'റൊമാന്‍ ദമ്പതിമാര്‍ക്കിടയിലെ ഊഷ്മള സ്‌നേഹബന്ധത്തിന് ചില സന്ദര്‍ഭങ്ങളില്‍ ഊനമേല്‍ക്കാറുണ്ട്. പ്രേമ ലീലകളില്ലാതെ, അഭിനിവേശങ്ങളും ആഗ്രഹങ്ങളും വറ്റിവരണ്ട് ഊഷരമായ മരുഭൂമിയില്‍ അകപ്പെട്ട ഇരുവരും ഒരിറ്റ് സ്‌നേഹജലത്തിന് ദാഹിക്കുന്ന അവസ്ഥ വന്ന് ഭവിക്കാറുണ്ട്. ദാമ്പത്യജീവിതത്തിലെ റൊമാന്‍സും സല്ലാപവും അസ്തമിക്കുന്നത് മരണ തുല്യമായ ജീവിതാനുഭവമാണ്. പ്രേമാര്‍ദ്രമായ ജീവിതത്തിലെ ആനന്ദവേളകള്‍ തിരിച്ചുകൊണ്ടുവരാന്‍ ഇരുവരും മനസ്സുവെക്കുകയേ നിര്‍വാഹമുള്ളൂ. ദാമ്പത്യത്തിലെ മടുപ്പിനെക്കുറിച്ചും യാന്ത്രിക ജീവിതത്തിലെ വിരസതയെക്കുറിച്ചും പറയുമ്പോള്‍, ഉള്ളത് പറയണമല്ലോ, ഭര്‍ത്താവാണ് പലപ്പോഴും അതിന് കാരണക്കാരനാവുന്നത്. ഭാര്യയോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും റൊമാന്‍സും പ്രേമവും വര്‍ധിത വീര്യത്തില്‍ ഉണ്ടാവാന്‍ സഹായകമായ ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാം. 1. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയോടുള്ള അഗാധമായ അനുരാഗവും പ്രേമവും പ്രകടിപ്പിക്കുന്ന സ്‌നേഹ സന്ദേശങ്ങള്‍ കൈമാറാം. 2. വല്ലപ്പോഴും ഒരു സമ്മാനമോ സ്‌നേഹോപഹാരമോ നല്‍കാന്‍ ശ്രദ്ധിക്കുക. കാരണം, സമ്മാനങ്ങളും ഉപഹാരങ്ങളും ഹൃദയത്തിലേക്കുള്ള സ്‌നേഹ സന്ദേശമാണ്. ഹൃദയങ്ങള്‍ ഇണക്കാനും സ്‌നേഹത്തിന്റെ സാന്ദ്രത കൂട്ടാനും ഇവക്ക് തുല്യമായ മറ്റൊന്നില്ല. സമ്മാനം വില കൂടിയതാവണം എന്നില്ല. കാരണം, അതിന്റെ മൂല്യം അതിന്റെ വിലയില്‍ അല്ല. നിങ്ങള്‍ അത് നല്‍കുന്നതിലൂടെ നിങ്ങളുടെ ഭാര്യയുടെ ഹൃദയത്തില്‍ നിങ്ങളോടുള്ള സ്‌നേഹവും ആദരവും കൂടുകയും അവരുടെ മനോവീര്യം വര്‍ധിക്കുകയും ചെയ്യുന്നു എന്നതിലാണ് അതിന്റെ മൂല്യം. 3. വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അവളെ പ്രേമപൂര്‍വം ആശ്ലേഷിക്കുക. പുറത്ത് പോകുമ്പോള്‍ യാത്ര പറയുന്നതും ഊഷ്മളമായ ഒരു ആലിംഗനത്തോടെയാവട്ടെ. 4. നിങ്ങളുടെ പേരിലെ ആദ്യാക്ഷരം മുദ്രണം ചെയ്ത മോതിരമോ മാലയോ അവള്‍ക്ക് സമ്മാനിക്കുക. അത് ധരിക്കുമ്പോഴെല്ലാം അവളുടെ ഹൃദയത്തില്‍ നിങ്ങള്‍ കുടികൊള്ളും. ഓരോ നിമിഷവും നിങ്ങളെക്കുറിച്ചോര്‍ക്കും. 5. ഒരു പുഷ്പമോ പൂക്കൂടയോ വല്ലപ്പോഴും അവള്‍ക്ക് നിങ്ങള്‍ ഉപഹാരമായി നല്‍കി നോക്കൂ. അതിന്റെ മാറ്റം അവളുടെ ഓരോ ഭാവത്തിലും നിങ്ങള്‍ക്ക് ദര്‍ശിക്കാം. 6. ദിവസവും കുറച്ചു സമയം നിങ്ങളുമായി ഹൃദയവികാരം പങ്കിടാന്‍ ഭാര്യക്ക് വേണ്ടി നീക്കിവെക്കുക. അവളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശ്രദ്ധാപൂര്‍വം കേള്‍ക്കുക. അവള്‍ക്ക് നിങ്ങള്‍ നല്‍കുന്ന പരിഗണനയുടെ സൂചനയായി അവള്‍ അത് കണക്കാക്കും. 7. ഭാര്യയുടെ രൂപം, വസ്ത്രധാരണം, പാചകം, വീട് വൃത്തിയായും ശുചിയായും കൊണ്ട് നടക്കുന്നതിലെ അവളുടെ ഉത്സാഹവും മിടുക്കും തുടങ്ങി അവള്‍ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും പ്രശംസിക്കുക. വീഴ്ചകള്‍ ഉണ്ടെങ്കില്‍ സൗമ്യമായി സ്‌നേഹത്തോടെ ചൂണ്ടിക്കാണിക്കാം. 8. നിലാവുള്ള രാത്രികളില്‍ വീടിന്റെ പുറത്തിറങ്ങി നര്‍മ സല്ലാപങ്ങളില്‍ ഇരുവരും ഏര്‍പ്പെടുക. മനോഭാവ മാറ്റങ്ങളില്‍ പ്രകൃതിയും അന്തരീക്ഷവും വലിയ പങ്കുവഹിക്കുന്നുണ്ട്. 9. നിങ്ങളുടെ വിവാഹ ജീവിതത്തിലെ ആദ്യ നാളുകള്‍ ഓര്‍ക്കുകയും ഇരുവരും ഒന്നിച്ചിരുന്ന് അവ അയവിറക്കുകയും ചെയ്യുക. ഒന്നിച്ച് യാത്ര ചെയ്തത്, വിരുന്നിന് പോയത്, മധുവിധു ആഘോഷിച്ചത്, കുടുംബ വീട്ടില്‍ കാല്‍കുത്തിയ കാലത്തെ ആദ്യാനുഭവങ്ങള്‍ അങ്ങനെ ഓര്‍ത്തോര്‍ത്ത് ചിരിക്കാനും ആനന്ദം പങ്കിടാനും എന്തെല്ലാം സംഭവങ്ങള്‍ ഉണ്ടാവും! 10. ഭാര്യയുടെ കൊച്ചു കൊച്ചു വീഴ്ചകളുടെയും വ്യക്തിപരമായ വൈകല്യങ്ങളുടെയും നേരെ കണ്ണ് ചിമ്മുക. നിങ്ങളോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ ക്ഷമാപൂര്‍വം സഹിക്കാന്‍ ശീലിക്കുക. ചികഞ്ഞു നോക്കിയാല്‍ നിങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടാവുമല്ലോ ധാരാളം വീഴ്ചകള്‍. അത് അവള്‍ ക്ഷമിക്കുന്നുണ്ടാവും. 11. ദിനേനെയുള്ള ഇടപെടലുകളില്‍ സ്‌നേഹത്തിന്റെയും സൗമ്യതയുടെയും അളവ് കൂട്ടുക. 12. വീടിന്റെ സംവിധാനം, വീട്ടുപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും ക്രമീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിപ്രായം രൂപീകരിക്കുക. 13. നിങ്ങളുടെ ശരീരഭാഷ സ്‌നേഹ പ്രകടനത്തിന്റെ അടയാളമാവട്ടെ. ആര്‍ദ്രതയും സ്‌നേഹവായ്പുമാവണം നോട്ടത്തിലും ഭാവത്തിലും. 14. കുട്ടികളുടെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് ലഘു വിനോദ യാത്രകള്‍ പോവുക. 15. ഭാര്യക്ക് ഏറ്റവും പ്രിയങ്കരമായ പേര് വിളിച്ച് അവളെ സംബോധന ചെയ്യുക. 16. കൂട്ടായ ചര്‍ച്ചകള്‍ ശാന്തമായ അന്തരീക്ഷത്തില്‍ നേരവും തരവും നോക്കി നടത്തുക. 17. നന്ദി പ്രകാശനത്തില്‍ ലുബ്ധ് കാണിക്കാതിരിക്കുക. സന്തോഷകരമായ ദാമ്പത്യത്തിന് വേണ്ടി ഇരുവരും നിരന്തരം പ്രാര്‍ഥിക്കുക. 18. അവളുടെ ഏതെങ്കിലും പെരുമാറ്റ രീതിയെക്കുറിച്ച് നിങ്ങളുടെ ഹൃദയത്തിലുണ്ടായ അലോസരങ്ങളും നീരസവും സൗമ്യമായി തുറന്നു പറയുക. അത് ദുരുപയോഗപ്പെടുത്താന്‍ പിശാചിന് അവസരം നല്‍കാതിരിക്കുക. 19. ഭാര്യയുടെ സ്വഭാവത്തിലെ നന്മകളെക്കുറിച്ച് എപ്പോഴും ഓര്‍ക്കുകയും ചിന്തിക്കുകയും ചെയ്യുക. 'എനിക്ക് അവളോട് ഒരു സ്‌നേഹവും തോന്നുന്നില്ല' എന്ന് മിക്ക ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെക്കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ട്. സ്‌നേഹം നല്‍കിയാലേ സ്‌നേഹം തിരിച്ചുകിട്ടുകയുള്ളൂ എന്നറിയുക. നിങ്ങളുടെ ജീവിതം സന്തോഷപൂര്‍ണമാക്കാന്‍ അവള്‍ അനുഷ്ഠിക്കുന്ന ത്യാഗവും അവള്‍ ത്യജിക്കുന്ന സ്വന്തം സുഖങ്ങളും എത്രയാണെന്ന് മറക്കാതിരിക്കുക. നന്ദിയുള്ള ഹൃദയത്തില്‍ നിന്നേ നന്മ നിറഞ്ഞ കര്‍മങ്ങളുണ്ടാവൂ. 'ജനങ്ങളോട് നന്ദി കാട്ടുന്നവന്നേ അല്ലാഹുവിനോടും നന്ദി കാണിക്കാന്‍ കഴിയൂ' എന്ന നബി വചനം ഓര്‍ക്കുക. തന്റെ ഭാര്യയെക്കുറിച്ച പരാതിയുമായി സമീപിച്ച സ്വഹാബിയെ ഉപദേശിച്ച ഉമറിന്റെ വാക്കുകള്‍ എപ്പോഴും ഓര്‍മയില്‍ ഉണ്ടാവണം: ''എന്റെ കുഞ്ഞുങ്ങളെ മുലയൂട്ടിയവളാണവള്‍. എന്റെ വസ്ത്രം വൃത്തിയാക്കി സമൂഹ മധ്യത്തിലേക്ക് മാന്യനായി എന്നെ പറഞ്ഞയക്കുന്നവളാണവള്‍. എനിക്ക് ഭക്ഷണം പാകം ചെയ്തുതരുന്നതും അവള്‍ തന്നെ. എന്റെ അഭിമാനം സംരക്ഷിക്കുന്നവളും എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയുമാണവള്‍. അതിനാല്‍ ഞാന്‍ അവളെ സഹിക്കും. നിങ്ങളും നിങ്ങളുടെ ഭാര്യയോട് സഹിഷ്ണുതാപൂര്‍വം പെരുമാറുക. അവളെ സഹിക്കുക. സഹോദരാ, ജീവിതം കുറഞ്ഞ കാലത്തെ സഹവാസവും ഒന്നിച്ചുള്ള സ്‌നേഹ സാന്ദ്രമായ പൊറുതിയുമല്ലേ? എന്തിന് പരാതിയും പരിഭവവും?''

No comments:

Post a Comment