..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 22 August 2015

തൂക്കിക്കൊല 'വ്രണപ്പെട്ട വികാരങ്ങളെ' ശമിപ്പിക്കാനോ? ജൂലൈ മുപ്പതിന് രാവിലെ നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ വെച്ച് യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടു. 'ദേശീയക്കാര്‍' ജൂലൈ മുപ്പതിന് രാവിലെ നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ വെച്ച് യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെട്ടു. 'ദേശീയക്കാര്‍' ആഘോഷത്തിമര്‍പ്പിലാണ്. ആങ്കര്‍മാര്‍ നമ്മെ 'അറിയിച്ചു'കൊണ്ടിരിക്കുന്നത്, ഭീകരതക്കെതിരെ നാമൊരു ശക്തമായ 'സന്ദേശം' നല്‍കിക്കഴിഞ്ഞെന്നും, ഒരു 'ഭീകരനും' അത് അവര്‍ത്തിക്കാന്‍ ഇനി ധൈര്യപ്പെടില്ല എന്നുമാണ്. മുംബൈയില്‍ യാക്കൂബ് മേമന്റെ സംസ്‌കാരചടങ്ങുകള്‍ നാം കണ്ടതാണ്. ഭരണാധികാരികളും മീഡിയയും അത് വാര്‍ത്തയാകാതിരിക്കാന്‍ ശ്രദ്ധിച്ചെങ്കിലും ആയിരങ്ങളാണ് അവിടെ തടിച്ചുകൂടിയത്. മുംബൈയിലെ 'ബഡാ ഖബ്‌റിസ്ഥാന്' പുറത്ത് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ പോലീസിനും മീഡിയക്കും നന്ദി പറയുന്നുണ്ടായിരുന്നു, യാക്കൂബ് മേമനെ ഒറു ഹീറോ ആക്കാതിരുന്നതിന്. അയാള്‍ പറയുകയാണ്: ''നാം ഒരു ഭീകരനെ എന്തിന് ഹീറോ ആക്കണം? അങ്ങനെ ചെയ്താല്‍ അതിനര്‍ഥം, പാകിസ്താനികളുടെയും ഐ.എസ്.ഐയുടെയും കൈകളിലെ കളിപ്പാവകളായി എന്നാണ്.'' സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ് ജനം പിരിയാന്‍ തുടങ്ങിയതോടെ ആങ്കര്‍മാര്‍ ആശ്വാസത്തിന്റെ നിശ്വാസമുതിര്‍ത്തു. മുംബൈ പോലീസ് പരിസരത്ത് ടി.വി കാമറകള്‍ നിരോധിച്ചിരുന്നു. 'ദേശീയ താല്‍പര്യം' മുന്‍ നിര്‍ത്തി ആരുമത് ചോദ്യം ചെയ്തതുമില്ല. വലിയ ജനക്കൂട്ടത്തെ കണ്ട് ആങ്കര്‍ 'ആശങ്കാകുലനായി' എന്നത് ശരിയാണ്. മുംബൈ പോലീസിന്റെ ജാഗ്രത കൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതില്‍ ആശ്വാസം കൊള്ളുകയും ചെയ്തു. തത്തകളെപ്പോലെ പറയുന്ന ഈ ആങ്കര്‍മാര്‍, എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ അന്ത്യചടങ്ങിനായി അവിടെ ഒരുമിച്ചുകൂടിയത് എന്നും, അതില്‍ വല്ല സന്ദേശവുമുണ്ടോ എന്നും ഒരിക്കലും ആലോചിക്കുന്നില്ല. ദേശ വിരുദ്ധമെന്ന് നിരന്തരം ആക്രോശങ്ങള്‍ ഉയര്‍ന്നിട്ടും, എന്തുകൊണ്ടാണ് ആ വ്യക്തിയുടെ അന്ത്യചടങ്ങുകളില്‍ പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്തത്? പലതരം ഭീഷണികളുണ്ടായിട്ടും, പോലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണമുണ്ടായിട്ടും ചടങ്ങിനെത്തിയ ആ ആളുകള്‍ -മുസ്‌ലിംകള്‍- ഒക്കെ ദേശവിരുദ്ധരാണെന്ന് പറയാന്‍ പറ്റുമോ? നമ്മുടെ ജനകീയ മാധ്യമങ്ങള്‍ അയാളെക്കുറിച്ച് പറഞ്ഞത് ജനം നിരാകരിച്ചു എന്നാണോ ഇതിനര്‍ഥം? അല്ലെങ്കില്‍, നീതികിട്ടുമെന്നും തന്റെ ന്യായങ്ങള്‍ സ്വീകരിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് വന്ന ഒരാള്‍ വഞ്ചിക്കപ്പെട്ടതിലുള്ള അഗാധ ദുഃഖവും പ്രതിഷേധവും പ്രകടിപ്പിക്കാനായിരുന്നോ അവര്‍ അവിടെ വന്നുചേര്‍ന്നത്? കോടതികളെയും നിയമവ്യവസ്ഥകളെയും ആദരിക്കാന്‍ മുസ്‌ലിം സമുദായത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, അവര്‍ അനുഭവിക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയുടെ പ്രതിഫലനമായിരുന്നോ അത്? അതേ മുംബൈയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഔദ്യോഗിക ശവസംസ്‌കാര ചടങ്ങ് നടന്നിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 1993-ല്‍ മുംബൈയില്‍ നടന്ന ഏറ്റവും ഭീകരമായ മനുഷ്യക്കുരുതിക്ക് ഉത്തരവാദികള്‍ അദ്ദേഹത്തിന്റെ സ്വന്തം ആളുകളായിരുന്നു. കുറ്റം ചുമത്തപ്പെട്ടവര്‍ ആരായിരുന്നാലും അവര്‍ക്ക് നിയമത്തിന്റെ സകല പരിരക്ഷകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. പോലീസോ ഇന്റലിജന്‍സ് ഏജന്‍സികളോ പറയുന്നു എന്നതുകൊണ്ട് മാത്രമോ, മീഡിയ 'ബ്രേക്ക് ന്യൂസ്' ഉല്‍പ്പാദിപ്പിച്ചുകൊണ്ടേയിരുന്നത് കൊണ്ട് മാത്രമോ നമുക്കൊരാളെ ക്രിമിനലോ ഭീകരവാദിയോ ആക്കാന്‍ പറ്റില്ല. പലപ്പോഴും സംഭവിക്കുന്നത്, കുറ്റം ചാര്‍ത്തപ്പെടുന്നവരിലും വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരിലും ഭൂരിപക്ഷം ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണ് എന്നതാണ്. വളരെയധികം വര്‍ഗീയവത്കരിക്കപ്പെട്ട മധ്യവര്‍ഗങ്ങളുടെയും 'രക്തദാഹികളായ' മീഡിയയുടെയും ക്രോധത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതും ആ സമുദായം തന്നെയാണ്. യാക്കൂബിന് വേണ്ടി രംഗത്തിറങ്ങിയവരാരും മുംബൈ ഭീകരാക്രമണത്തെ അനുകൂലിക്കുന്നവരല്ല. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകര ഹിംസയെ ലോകത്തെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും ന്യായീകരിച്ചിട്ടില്ല. നിര്‍ഭാഗ്യവശാല്‍ ഇവിടെ മറ്റൊന്നാണ് സംഭവിച്ചത്. യാക്കൂബ് മേമനെക്കുറിച്ച് കോടതികള്‍ അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് വളരെ മുമ്പ് തന്നെ, തൂക്കിക്കൊല്ലണമെന്ന പൊതു ജനാഭിപ്രായം ശക്തിപ്പെടാന്‍ തുടങ്ങിയിരുന്നു. വധശിക്ഷ വിധിക്കപ്പെട്ട ഒരാള്‍ക്ക് നിയമത്തിന്റെ എല്ലാ ഉപകരണങ്ങളെയും തന്റെ സ്വരക്ഷക്ക് വേണ്ടി ഉപയോഗിക്കാം. പക്ഷേ, അതൊക്കെയും തടസ്സപ്പെടുത്താനാണ് നാം ശ്രമിച്ചത്. പ്രതികാരക്കൊല വേണമെന്ന് പൊതുജനം ആവശ്യപ്പെടുന്നത് മനസ്സിലാക്കാം. പക്ഷേ, നമ്മുടെ 'അഭിപ്രായ നിര്‍മാതാക്കള്‍' വര്‍ഗീയതയുടെ ചരിത്രത്തെയും, 1948-ല്‍ ഗാന്ധിജിയെ വധിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ 'ഭീകരനെ'യും സൗകര്യപൂര്‍വം വിസ്മരിക്കുമെന്ന് കരുതിയില്ല. വാര്‍ത്തകളെയും സംഭവങ്ങളെയും നാം നമുക്ക് സ്വീകാര്യമാവുന്ന രീതിയില്‍ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വളരെ സമര്‍ഥമായ രീതിയില്‍ മീഡിയ ഭരണകക്ഷിയുടെ ജിഹ്വയായി മാറുകയാണുണ്ടായത്. അവിടെ യഥാര്‍ഥ അധികാര കേന്ദ്രം 'സംഘ്പരിവാര്‍' ആണു താനും. മേമന്‍ കുറ്റക്കാരനാണെന്ന് കോടതികള്‍ കണ്ടെത്തിയിരുന്നുവെന്നത് ശരിയാണ്. പക്ഷേ, കീഴ്‌ക്കോടതികളുടെ തീരുമാനങ്ങളെ സുപ്രീം കോടതി പലപ്പോഴും തള്ളിയിട്ടുണ്ട്. തൂക്കിലേറ്റപ്പെടുമായിരുന്ന പലര്‍ക്കും അത് ആശ്വാസമാവുകയും ചെയ്തിട്ടുണ്ട്. ഇത് പറയുന്നത് ഞാനല്ല. രാംജത്മലാനി, പ്രശാന്ത് ഭൂഷണ്‍, എന്‍.ഡി പന്‍ചോലി തുടങ്ങി നിയമരംഗത്തെ പല പ്രമുഖരും, സുപ്രീം കോടതി വീണ്ടും ഹരജി കേള്‍ക്കേണ്ടതായിരുന്നു എന്ന അഭിപ്രായക്കാരാണ്. ഒരു അവസരം കൂടി നല്‍കണമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇന്ദിരാഗാന്ധി വധക്കേസില്‍ സത്‌വന്ദ് സിംഗിനും ബിയാന്ദ് സിംഗിനുമൊപ്പം തൂക്കാന്‍ വിധിക്കപ്പെട്ടവരില്‍ ഒരാളായിരുന്നല്ലോ ബല്‍ബീര്‍ സിംഗ്. അദ്ദേഹം കുറ്റക്കാരനല്ല എന്ന് സുപ്രീം കോടതിയല്ലേ കണ്ടെത്തിയത്? ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞതുപോലെ, ഒരാളെ തൂക്കിലേറ്റിക്കഴിഞ്ഞാല്‍ പിന്നെ, അബദ്ധങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ കഴിയില്ല. സുപ്രീം കോടതിക്കും പിഴവുകള്‍ പറ്റാം. വ്യക്തി ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിഴവുകള്‍ തിരുത്താന്‍ അവസരമുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വധശിക്ഷയെ എതിര്‍ക്കാനുള്ള ഒരു കാരണമിതാണ്. നാഗ്പൂര്‍ ജയിലില്‍ യാക്കൂബ് മേമന്‍ സഹതടവുകാരുമായി നല്ല ബന്ധങ്ങള്‍ സൂക്ഷിച്ചുകൊണ്ടാണ് തന്റെ അവസാന ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. ജയിലധികൃതര്‍ക്കും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. പക്ഷേ, ഇതിന് ദുഃഖകരമായ ഒരു മറുവശമുണ്ട്. തന്റെ സഹോദരന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക്, തന്നെ തൂക്കിലേറ്റുന്നു എന്നാണ് യാക്കൂബ് പറഞ്ഞുകൊണ്ടിരുന്നത്. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോഴും ജയിലധികൃതര്‍ അദ്ദേഹത്തോട് കുറ്റസമ്മതം നടത്താന്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും, താന്‍ നിരപരാധിയാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. പാപം ഏറ്റുപറയാന്‍ മൗലവി ആവശ്യപ്പെട്ടപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന യാക്കൂബ്, എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്നും കോടതികള്‍ തന്റെ നിരപരാധിത്വം അംഗീകരിക്കുമെന്നും കരുതിയിരിക്കണം. മരണത്തിന് തൊട്ട് മുമ്പ് ആളുകള്‍ സത്യം വെളിപ്പെടുത്തുമെന്ന് പറയാറുണ്ട്. താന്‍ നിരപരാധിയാണെന്ന് അവസാന നിമിഷം വരെ യാക്കൂബ് പറഞ്ഞുകൊണ്ടിരുന്നത്, നാം ഗൗരവമായി ആലോചിക്കേണ്ട എന്തോ അതിലുണ്ട് എന്നല്ലേ അര്‍ഥമാക്കുന്നത്? ഇന്ത്യയിലെ ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേലില്‍ നിന്നാണ് യാക്കൂബിനെ തൂക്കിലേറ്റിയതിനെക്കുറിച്ച് മികച്ച കമന്റ് വന്നത്. അദ്ദേഹം പറഞ്ഞു: ''ഇന്ന് രാവിലെ ഇന്ത്യ ഗവണ്‍മെന്റ് ഒരാളെ കൊന്നു, കൊല്ലുന്നത് തെറ്റാണെന്ന് കാണിക്കാന്‍.'' അദ്ദേഹം തുടര്‍ന്നു: ''ഈ വധശിക്ഷ നടപ്പാക്കല്‍ 1993-ലെ മുംബൈ സ്‌ഫോടനങ്ങള്‍ക്ക് നീതി പ്രദാനം ചെയ്യുകയില്ല. ഭീകരത തടയാനുള്ള വഴിതെറ്റിയ ഒരു ശ്രമമാണത്. ക്രിമിനല്‍ നീതിന്യായ സംവിധാനത്തെ പ്രതിക്രിയക്കുള്ള ഉപകരണമാക്കി എന്നത് നിരാശയുളവാക്കുന്നു.'' ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍, 'കുറ്റാരോപിതന്റെ' മേലായിരിക്കും എപ്പോഴും ശ്രദ്ധ. 'ഇരകളെ' സഹായിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറില്ല. ദുരിതം മുഴുവന്‍ പേറുന്നത് ഇരകളാണല്ലോ. പക്ഷേ, അധികാരികള്‍ എളുപ്പവഴിയാണ് നോക്കുക. അവരെ സംബന്ധിച്ചിടത്തോളം കുറ്റാരോപിതനെ ശിക്ഷിച്ചാല്‍ തന്നെ നീതി പുലര്‍ന്നു; പിന്നെ കേസ് ക്ലോസ് ചെയ്യാം. സാധാരണക്കാര്‍ അധികം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ മുതിരുകയുമില്ല. കുറ്റാരോപിതന് ചുറ്റും അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നതിനാല്‍, പ്രതിക്രിയ നടക്കുന്നതോടെ നീതി പുലര്‍ന്നു എന്ന് പൊതുജനവും ധരിച്ച്‌വശാവുന്നു. അതിനാല്‍ 'നീതി' പുലരുന്നത് എങ്ങനെയെന്നും, പ്രതിക്രിയക്ക് ഇരകളാവുന്ന ആളുകള്‍ ആരൊക്കെയെന്നും നമുക്ക് നോക്കേണ്ടിവരുന്നു. ഔട്ടുലുക്ക് വാരികയിലെ ഉത്തം സെന്‍ഗുപതക്ക് നല്‍കിയ അഭിമുഖത്തില്‍, ദല്‍ഹിയിലെ നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി പ്രഫസറും 'വധശിക്ഷ ഗവേഷണ പ്രോജക്ടി'ന്റെ തലവനുമായ അനൂപ് സുരേന്ദ്രനാഥ് പറയുന്നത് കാണുക: ''റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ലാത്തതിനാല്‍ മുഴുവന്‍ വിവരങ്ങളും ഞാന്‍ പറയുന്നില്ല. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാന്‍ കഴിയും. വധശിക്ഷ കാത്ത് കഴിയുന്നവരില്‍ ബഹുഭൂരിഭാഗവും പിന്നാക്ക ജാതിക്കാരോ ദലിതുകളോ ന്യൂനപക്ഷ വിഭാഗങ്ങളോ ആണ്. ഇവരിലധികപേരും ആദ്യമായി കുറ്റം ചെയ്തതിന്റെ പേരില്‍ പിടിക്കപ്പെട്ടവരാണ്. ഇവരൊക്കെ സ്ഥിരമായി കുറ്റകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നവരാണ് എന്ന പൊതുധാരണ തെറ്റാണ്. പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ പേരിലാണ് ഇവരിലധിക പേര്‍ക്കുമെതിരെ കുറ്റപത്രം ചാര്‍ത്തിയിരിക്കുന്നത് (ഈ കുറ്റസമ്മതങ്ങള്‍ കോടതികളില്‍ തെളിവായി അംഗീകരിക്കപ്പെടുകയില്ല). ഇവരില്‍ 80 ശതമാനവും പീഡിപ്പിക്കപ്പെടുകയുണ്ടായിട്ടുണ്ട്. ഏറക്കുറെ എല്ലാവരും പറ്റെ ദരിദ്രരും. നമ്മുടെ നാട്ടില്‍ ഇതാദ്യമായി ഇത്തരക്കാരെക്കുറിച്ച പൂര്‍ണ വിവരങ്ങള്‍ അടങ്ങുന്ന കേസ് സ്റ്റഡികള്‍ തയാറായിക്കഴിഞ്ഞിരിക്കുന്നു. വധശിക്ഷ കാത്തിരിക്കുന്നവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍, അവര്‍ക്കെതിരെ നിരത്തിയിരിക്കുന്ന തെളിവുകളുടെ ബലാബലം, ലഭ്യമായ നിയമ സഹായത്തിന്റെ സ്വഭാവം, തടവറകളില്‍ അവരുടെ അവസ്ഥ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും അതില്‍ ഉണ്ടാവും.'' ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളോ ആദിവാസികളോ ദലിതുകളോ ഒക്കെ ആണെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ തന്നെ, ഗവണ്‍മെന്റ് നയങ്ങളോടുള്ള ഈ വിഭാഗങ്ങളുടെ വിയോജിപ്പുകളാണ് അവരെ തടവറകള്‍ക്കകത്താക്കുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്. അവരും ഇന്ത്യന്‍ പൗരന്മാരാണല്ലോ. അവര്‍ക്കും വേണം സന്തോഷകരമായ ഒരു ജീവിതം. മറ്റുള്ളവരെപ്പോലെ നീതിയും മാന്യമായ ജീവിതവുമാണ് അവരും തേടുന്നത്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നീതിയും പരിരക്ഷയും ഈ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടോ? യാക്കൂബ് മേമന്‍ കേസില്‍ വിധി പറയുമ്പോള്‍ ഒരു മുതിര്‍ന്ന ജഡ്ജി മനുസ്മൃതി ഉദ്ധരിക്കുകയുണ്ടായി. കോടതിയില്‍ മനുസ്മൃതി ഉദ്ധരിക്കുന്നത് അപമാനകരമെന്ന് പറയാനാവില്ലെങ്കിലും, അത് വേദനാജനകമാണ്. കാരണമത് നിലയുറപ്പിക്കുന്നത് ആധുനിക സെക്യുലര്‍ ഭരണഘടനയുടെ മറുപക്ഷത്താണ്. മനുസ്മൃതി അനുസരിച്ചല്ല, ബാബ സാഹെബ് അംബേദ്കര്‍ രൂപം നല്‍കിയ ആധുനിക നിയമസംഹിതയനുസരിച്ചാണ് നമുക്ക് നീതി കിട്ടേണ്ടത്. മനുസ്മൃതി പ്രകാരം, ജന്മവും ജാതിയുമൊക്കെ നോക്കി ഒരേ കുറ്റത്തിന് പലതരം ശിക്ഷകളാണ് നല്‍കപ്പെടുക. ഒരേ കുറ്റം ചെയ്യുന്ന ബ്രാഹ്മണനും ശൂദ്രനും ദലിതനുമുള്ള ശിക്ഷാരീതികള്‍ അവരുടെ ജാതി സ്വഭാവമനുസരിച്ച് മാറും. സെക്യുലര്‍ ഇന്ത്യയിലും, നിയമവും അതിന്റെ നടത്തിപ്പും മനുസ്മൃതി ആധാരമാക്കിയാണോ എന്ന് സംശയിക്കേണ്ടിവന്നിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സെക്യുലര്‍ നിയമങ്ങള്‍ വിവേചനരഹിതമായി നടപ്പാക്കണമെന്ന് നാം ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു.

No comments:

Post a Comment