..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 5 December 2015

നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍. (1) നിയ്യത്ത്: നിയ്യത്ത് എന്നാല്‍ ഒരുകാര്യം നിശ്ചയിച്ചുറപ്പിക്കുക, ഉദ്ദേശിക്കുക എന്നാണ് ഭാഷാര്‍ഥം. നിസ്‌കരിക്കുന്നവന്‍ തക്ബീറതുല്‍ ഇഹ്‌റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവന്നിരിക്കണം. നാവുകൊണ്ട് ഉച്ചരിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. ഉമര്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് നിയ്യത്തിന്റെ അനിവാര്യത നമുക്ക് മനസ്സിലാക്കാവുന്നതാണ്. നബി(സ്വ) അരുള്‍ ചെയ്യുന്നു. നിശ്ചയം എല്ലാ കര്‍മങ്ങളുടെയും സ്വീകാര്യത നിയ്യത്തുകള്‍ കൊണ്ട് മാത്രമാണ്. ഒരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചത് മാത്രമാണുള്ളത് (ബുഖാരി മുസ്ലിം). വീട്ടില്‍ നിന്ന് പള്ളിയിലേക്കോ നിസ്‌കാരസ്ഥലത്തേക്കോ ഉള്ള യാത്ര നിയ്യത്തായി പരിഗണിക്കപ്പെടുകയില്ല. മുകളില്‍ പറഞ്ഞപോലെ, തക്ബീറതുല്‍ ഇഹ്‌റാമിന്റെ സമയത്ത് നിയ്യത്ത് മനസ്സില്‍ കൊണ്ടുവരികയും അത് തക്ബീറിനോട് ചേര്‍ന്നു വരികയും വേണം. ജമാഅത്തായി നിസ്‌കരിക്കാന്‍ വേണ്ടി ഓടിപ്പോകുന്ന വ്യക്തി അല്‍പനേരം അണിയില്‍ (സ്വഫ്) നിന്ന ശേഷം നിയ്യത്ത് മനസ്സില്‍ കൊണ്ടു വന്ന് തക്ബീര്‍ ചൊല്ലി മാത്രമേ ഇമാമുള്ള നിസ്‌കാരത്തിലേക്ക് പ്രവേശിക്കാവൂ. അഥവാ നിറുത്തത്തില്‍ തന്നെയാണ് നിയ്യത്തും തക്ബീറതുല്‍ ഇഹാറാമും വേണ്ടത്. അല്ലാതിരുന്നാല്‍ നിസ്‌കാരം സാധുവാകുകയില്ല. നിയ്യത്ത് എങ്ങനെ ഞാന്‍ നിസ്‌കരിക്കുന്നുവെന്നും ഏത് നിസ്‌കാരമാണെന്നും ഫര്‍ളാണെങ്കില്‍ ഫര്‍ളെന്നും കരുത ലാണ് നിര്‍ബന്ധം. റക്അത്തിന്റെ എണ്ണം, അദാഅ്, ഖളാഅ്, ഖിബിലാക്ക് മുന്നിടുന്നു എന്നിവ കരുതല്‍ സുന്നത്താണ്. മഅ്മൂമാണെങ്കില്‍ ഇമാമോടുകൂടി എന്ന് കൂടി കരുതണം. അപ്പോള്‍ പൂര്‍ണ്ണ രൂപം ഇങ്ങനെ മനസ്സിലാക്കാം. ഉദാ: സ്വുബ്ഹി എന്ന ഫര്‍ള് നിസ്‌കാരം രണ്ട് റക്അത് ഖിബിലക്ക് മുന്നിട്ട് ഇമാമോടു കൂടെ അദാആയി അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്‌കരിക്കുന്നു. (2) തക്ബീറത്തുല്‍ ഇഹ്‌റാം : അല്ലാഹു അക്ബര്‍ എന്നാണ് തക്ബീറിന്റെ വാക്യം. അല്ലാഹു മഹാനാകുന്നു എന്നാണ് ഇതിന്നര്‍ഥം. ഇത് അറബിയില്‍ തന്നെ പറയല്‍ നിര്‍ബന്ധമാണ്. മത്രമല്ല അര്‍ഥത്തെ ബാധിക്കുന്ന രൂപത്തില്‍ അക്ഷരങ്ങളെ മാറ്റുകയോ നീട്ടുകയോ ചെയ്താലും പരിഗണിക്കപ്പെടുകയില്ല. നിന്ന് നിസ്‌കരിക്കുന്നവര്‍ ശരിക്കും നിവര്‍ന്നു നിന്നാകണം തക്ബീര്‍ ചൊല്ലേത്. റുകൂഇലുള്ള ഇമാമിനെ പ്രാപിക്കാന്‍ വേണ്ടി ഓടിച്ചെന്ന് റുകൂഇലേക്ക് പോയ്‌കൊണ്ടിരിക്കെ തക്ബീറ് ചൊല്ലുന്നത് സാധുവല്ല. റുകൂഇല്‍ ശരീരം പൂര്‍ണമായി അടങ്ങാന്‍ ആവശ്യമായ സമയം ഇമാമിനോടൊപ്പം ലഭിച്ചില്ലെങ്കില്‍ പ്രസ്തുത റക്അത് പരിഗണിക്കപ്പെടുന്നതല്ല. നിസ്‌കാരത്തിന് പോവുക, ഓടി പോവരുത്. നടന്നുകൊണ്ട ് പോവുക, ജമാഅത്തായി കിട്ടിയത് നിസ്‌കരിക്കുക. അല്ലാത്തവ സ്വന്തമായി പൂര്‍ത്തിയാക്കുകയും ചെയ്യുക, ഇതാണ് നബി(സ്വ)യുടെ നിര്‍ദേശം. ഇമാം തക്ബീറിന്റെ അവസാന അക്ഷരവും പൂര്‍ത്തിയാക്കിയ ശേഷമേ മഅ്മൂമ് തക്ബീറ് തുടങ്ങാവൂ. കാരണം തക്ബീര്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഇമാമിന്റെ നിസ്‌കാരം ആരംഭിക്കുന്നത്. ഇമാമിന്റെ തക്ബീര്‍ പൂര്‍ത്തിയാകും മുമ്പ് മഅ്മൂം തക്ബീര്‍ തുടങ്ങിയാല്‍ നിസ്‌കാരത്തില്‍ പ്രവേശിക്കാത്ത് ഒരാളെയാണ് അവന്‍ ഇമാമാക്കിയത്. അതുകൊണ്ട ് നിസ്‌കാരം തന്നെ സാധുവാകുകയില്ല. ഇത് തക്ബീറിന് മാത്രം ബാധകമാണ്. മറ്റ് ഫര്‍ളുകളില്‍ ഇമാമിനെക്കാള്‍മുന്‍ കടക്കാതിരിന്നാല്‍ മതി. എന്നാല്‍ ഇമാം തക്ബീര്‍ ചൊല്ലിയ ഉടനെ തക്ബീര്‍ ചൊല്ലുന്നതിലും തുടക്കത്തിലെ ഇമാമോടൊപ്പം നിസ്‌കാരം നിര്‍വഹിക്കുന്നതിലും വലിയ പുണ്യമ്ു. നബി(സ്വ) പറയുന്നു. ആരെങ്കിലും അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് നാല്‍പത് ദിവസം ആദ്യത്തെ തക്ബീറില്‍ ഇമാമോടൊപ്പമെത്തിയവര്‍ക്ക് രണ്ട് മോചനങ്ങള്‍ ലഭിക്കുന്നതാണ്. ഒന്ന് നരകമോചനവും മറ്റൊന്ന് കപട വിശ്വാസത്തില്‍ നിന്നുള്ള മോചനവുമാണ്. തക്ബീറതുല്‍ ഇഹ്‌റാമില്‍ രണ്ട് ഉള്ളന്‍ കൈകളും ഖിബിലക്ക് അഭിമുഖമാക്കി ചുമലകുള്‍ക്ക് നേരെ ഉയര്‍ത്തല്‍ സുന്നതാകുന്നു. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക. നബി(സ്വ) നിസ്‌കാരം ആരംഭിച്ചാല്‍ ചുമലുകള്‍ക്ക് നേരെ കൈകള്‍ ഉയര്‍ത്തുമായിരുന്നു. റുകൂഇന് വേണ്ടി തക്ബീര്‍ ചൊല്ലിയാലും റുകൂഇല്‍ നിന്ന് തലഉയര്‍ത്തുമ്പോഴും ഇപ്രകാരം കൈകളുയര്‍ത്തുകയും സമി'അല്ലാഹു ലിമന്‍ ഹമിദഹു എന്ന് പറയുകയും ചെയ്തിരുന്നു. സുജൂദില്‍ ഇപ്രകാരം ചെയ്തിരുന്നില്ല. തക്ബീറതുല്‍ ഇഹ്‌റാമില്‍ ഉയര്‍ത്തിയ കൈകള്‍ വലത് കയ്യിന്റെ ഉള്ളം കൈ കൊണ്ട് ഇടതുകയ്യിന്റെ മണികണ്ഠം പിടിച്ച രൂപത്തില്‍ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിലായിട്ടാണ് വെക്കേത്. ഇവ്വിഷയകമായി ഇരുപതോളം ഹദീസുകള്‍ വന്നിട്ട്ു. ഇമാം തുര്‍മുദി(റ) പറയുന്നു. നബി(സ്വ)യുടെ സ്വഹാബിമാരും താബിഉകളും പില്‍കാല പണ്‍ഢിതന്മാരും ഇടതു കയ്യിന്മേല്‍ വലതുകൈ വെക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിട്ടു ള്ളത്. എന്നാല്‍ അവരില്‍ ചിലര്‍ പൊക്കിളിന്റെ താഴെയാണ് വെക്കേണ്ടത് എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. (3) നില്‍ക്കാന്‍ കഴിവുള്ളവന്‍ നല്‍ക്കല്‍: ഇത് ഫര്‍ള് നിസ്‌കാരത്തില്‍ നിര്‍ബന്ധമാണ് എന്നത് ഖുര്‍ആന്‍ ഹദീസ് ഇജ്മഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു നിസ്‌കാരങ്ങളെ വിശിഷ്യാ മധ്യ നിസ്‌കാരത്തെ നിങ്ങള്‍ കാത്ത് സൂക്ഷിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ശാന്തരായി നില്‍ക്കുകയും ചെയ്യുവീന്‍. ഫര്‍ള് നിസ്‌കാരത്തില്‍ നില്‍ക്കാന്‍ സാധിക്കാത്തവന്‍ ഇരുന്നോ കിടന്നോ കഴിയും വിധം നിസ്‌കരിച്ചാല്‍ മതി. അവര്‍ക്കതിന് പരിപൂര്‍ണ പ്രതിഫലം ലഭിക്കുകയും ചെയ്യും. നബി(സ്വ) പറഞ്ഞതായി അബൂ മൂസാ(റ) നിവേദനം ചെയ്യുന്നു. ഒരാള്‍ രോഗത്തിലോ യാത്രയിലോ ആയാല്‍ താന്‍ ആരോഗ്യവാനും സ്ഥിരവാസക്കാരനുമായിരുന്നപ്പോള്‍ ചെയ്തിരുന്ന പുണ്യകര്‍മത്തിന്റെ പ്രതിഫം അല്ലാഹു അവനു രേഖപ്പെടുത്തും (ബുഖാരി). എന്നാല്‍ സുജൂദ് ചെയ്യാനോ റുകൂ'അ് ചെയ്യാനോ പ്രയാസം നേരിടുകയും നില്‍ക്കാന്‍ കഴിയുന്നവരുമായ രോഗികള്‍ നിറുത്തം ഉപേക്ഷിച്ചു കസേരയിലുന്നോ മറ്റോ നിസ്‌കാരം നിര്‍വഹിക്കല്‍ അനുവദനീയമല്ല. റുകൂഇനും സുജൂദിനും വിഷമമുങ്കിെല്‍ ആ സമയത്ത് മാത്രമേ ഇരിക്കാവു. നില്‍ക്കാന്‍ കഴിവുായിരിക്കെ അതുപേക്ഷിച്ചാല്‍ നിസ്‌കാരം അസാധുവാകും. നിറുത്തത്തില്‍ രണ്ടു കാലുകള്‍ക്കിടയിലെ അകലം ഒരു ചാണോ അതില്‍ കുറവോ ആകണം. ഇതിലപ്പുറം അകലം കറാഹത്താകുന്നു. നിസ്‌കാരത്തില്‍ ഒറ്റക്കാലില്‍ നില്‍ക്കലും കറാഹത്താണ്. ഒരു കാലില്‍ തന്റെ ഭാരം താങ്ങി നിര്‍ത്തുകയും മറ്റേകാല്‍ നിലത്ത് തൊടുകയും മാത്രം ചെയ്യു ന്നത് മൃഗീയസ്വഭാവമാണെന്ന് ഹദീസില്‍ കാണാം. ഒരു കാല്‍ മറ്റേ കാലിനേക്കാള്‍ മുമ്പില്‍ നില്‍ക്കലും കറാഹത്ത് തന്നെ. കാല്‍ വിരലുകള്‍ ഖിബിലക്കഭിമുഖമാവല്‍ സുന്നത്താണ്. 4)റുകൂഅ് ചെയ്യല്‍ നിസ്‌കാരത്തിന്റെ അഞ്ചാമത്തെ ഫര്‍ളാണ് റുകൂഅ് ചെയ്യല്‍. നിറുത്തത്തില്‍ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പില്‍ ആവശ്യങ്ങളെല്ലാം സമര്‍പ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാര്‍ഗം) ലഭ്യമാകാനും ആ പാതയില്‍ തന്നെ സ്ഥിരപ്പെടുത്താനുമായി ആത്മാര്‍ഥമായി തേടിയ ശേഷം, യജമാനന്റെ മുമ്പില്‍ അവന്‍ കല്‍പിച്ച പ്രകാരം കുമ്പിടുകയാണ്. 'വിശ്വാസികളെ, നിങ്ങള്‍ റകൂഉം സുജൂദും ചെയ്യുക, നിങ്ങള്‍ നാഥനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക, നിങ്ങള്‍ വിജയിക്കാന്‍ വേണ്ടി'എന്ന സൂറതുല്‍ ഹജ്ജ് 66?ാ മത്തെ സൂക്തം റുകൂഇന്റെ നിര്‍ബന്ധത്തെ വിളിച്ചറിയിക്കുന്നു. രണ്ടു കൈകള്‍ കാല്‍ മുട്ടുകളില്‍ എത്തുന്ന വിധം കുനിയുക മാത്രമാണ് റുകൂഇല്‍ നിര്‍ബന്ധമുള്ളത്, ഉള്ളന്‍ കൈ കൊണ്ട് മുട്ടുകാല്‍ പിടിക്കല്‍ നിര്‍ബന്ധമില്ലെങ്കിലും റുകൂഇന്റെ പരിപൂര്‍ണതക്ക് ഇത് കൂടി സുന്നത്താകുന്നു. എന്നാല്‍ ഒരു നിമിഷമെങ്കിലും റുകൂഇല്‍ അടങ്ങി താമസിക്കല്‍ ഫര്‍ളാണ്.. ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്ന് നിവേദനം:'റുകൂഇലും സുജൂദിലും ഖുര്‍ആന്‍ പാരായണം വിലക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ റുകൂഇല്‍ നാഥനെ വന്ദിക്കുക, സുജൂദില്‍ പ്രാര്‍ഥന ശക്തമാക്കുകയും ചെയ്യുക.നിങ്ങള്‍ക്ക് ഉത്തരം ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാനമാകുന്നു അത്'(മുസ്ലിം). റുകൂഇല്‍ തസ്ബീഹ് ചൊല്ലല്‍ സുന്നത്താണെന്നതിന് ഈ ഹദീസ് തെളിവായി പണ്ഢിതന്മാര്‍ ഉദ്ധരിക്കുന്നു. അലി (റ) പറയുന്നു. നബി (സ്വ) റുകൂഇല്‍ ഇങ്ങനെ പറയുമായിരുന്നു.'അല്ലാഹുവെ, നിനക്കു ഞാന്‍ കുമ്പിട്ടു, നിന്നില്‍ ഞാന്‍ വിശ്വസിച്ചു, നിനക്കു ഞാന്‍ കീഴടങ്ങി, നീ എന്റെ നാഥനാകുന്നു, എന്റെ കണ്ണും കാതും മജ്ജയും അസ്ഥിയും ഞരമ്പും എന്റെ പാദം വഹിച്ചിട്ടുള്ള സര്‍വ്വതും സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനു കീഴ്‌പ്പെട്ടിരിക്കുന്നു' 5) ഇഅ്തിദാല്‍ റുകൂഇല്‍ നിന്ന് ഉയര്‍ന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക എന്നതാണ് ഇഅ്തിദാല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്, നിസ്‌കാരത്തിന്റെ മറ്റൊരു ഫര്‍ളായ ഇതും മൂന്നാമത്തെ ഫര്‍ളായ ഖിയാമും തമ്മില്‍ വ്യത്യാസമുണ്ടെന്നത് പേര് കൊണ്ട് തന്നെ ബോധ്യപ്പെടുന്നതാണ്, മുതുക് നേരയാകും വരെ നി വര്‍ന്ന് നിന്നാലെ നബിചര്യ പാലിച്ചവനാകൂ. അബൂ ഹുമൈദിനിസ്സാഇദി (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍, നബി (സ്വ) യുടെ മുതുകെല്ലു നിവരുംവരെ നിവര്‍ന്നിരുന്നു എന്ന് കാണാവുന്നതാണ്. രണ്ട് കൈകളും ചുമലിനു നേരെ ഉയര്‍ത്തുകയും അതോടൊപ്പം തല ഉയര്‍ത്തി സമി'അല്ലാഹു ലിമന്‍ ഹമിദഹു എന്ന് പറയുകയും നിറുത്തം നേരെയായാല്‍ കൈ താഴ്ത്തുകയും വേണം, ശേഷം ഇഅ്തിദാലില്‍ നബി (സ്വ) ചൊല്ലിയതായി ഹദീസില്‍ വന്ന ഏതെങ്കിലും ദിക്‌റ് ചൊല്ലുകയും ചെ യ്യുക, ഇതാണ് ഇഅ്തിദാലിന്റെ പൂര്‍ണരൂപം. ഇഅ്തിദാലില്‍ വിവിധ ദിക്‌റുകള്‍ നബി (സ്വ) യില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, അലി (റ) ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം.'അല്ലാഹുവെ സ്തുതിച്ചവര്‍ക്കവന്‍ ഉത്തരം ചെയ്യട്ടെ, ഞങ്ങളുടെ നാഥാ, ആകാശഭൂമികളും അവക്കിടയിലുള്ളതും അതിന് പുറമെ നീ ഉദ്ദേശിച്ച എല്ലാ വസ്തുവും നിറയെ നിനക്ക് സ്തുതി'(മുസ്ലിം). ഇഅ്തിദാലില്‍ കൈ കെട്ടുന്ന സമ്പ്രദായം നബിചര്യയില്‍ പെട്ടതല്ല. റുകൂഅ് വരെ കൈകെട്ടുകയാണ് നബി (സ്വ) യുടെ പതിവെന്ന് ഹദീസില്‍ കാണാവുന്നതാണ്, അലി (റ) പറയുന്നു. നബി (സ്വ) നിസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ തക്ബീര്‍ ചൊല്ലി വലതു കൈ കൊണ്ട് ഇടതു കൈയ്യിന്റെ മണികണ്‍ഠം പിടിക്കും, അപ്രകാരം റുകൂഅ് വരെ ചെയ്ത് കൊണ്ടിരിക്കും (ബൈഹഖി).നിസ്‌കാരത്തിന്റെ . (6)സുജൂദ് നിസ്‌കാരത്തിലെ പ്രധാനപ്പെട്ട ഒരു ഫര്‍ളാണ് സുജൂദ്. ഇഅ്തിദാലില്‍ നിന്ന് തക്ബീര്‍ ചൊല്ലി വിനയവും വണക്കവുമെല്ലാം അതിന്റെ പാരമ്യതയില്‍ എത്തുന്ന സുജൂദിലേക്ക് നീങ്ങാനുള്ള ഖുര്‍ആന്റെ ആഹ്വാനം ശ്രദ്ധിക്കൂ.'നീ രക്ഷിതാവിനെ പ്രശംസ കൊണ്ട് വാഴ്ത്തുകയും സുജൂദ് ചെയ്യുന്നവരില്‍ പെടുകയും ചെയ്യുക, മരണം ആഗതമാകും വരെ നീ നിന്റെ നാഥനെ ആരാധിക്കുക' (ഹിജ്‌റ്98??99). ഇനിയും ഖുര്‍ആനില്‍ പല സ്ഥലങ്ങളില്‍ സുജൂദിന്റെ സ്ഥാനവും ഫലങ്ങളും പ്രതിപാദിച്ചതായി കാണാം. നബി (സ്വ) പറയുന്നു, പിന്നെ അനക്കം അടങ്ങും വിധത്തില്‍ സുജൂദ് ചെയ്യുക (ബുഖാരി). സുജൂദില്‍ ഏഴ് അവയവങ്ങള്‍ നിലത്ത് വെക്കണം, ഇബ്‌നു അബ്ബാസി (റ) ല്‍ നിന്നുള്ള നിവേദനത്തില്‍ കാണാം. നബി (സ്വ) പറഞ്ഞു: 'ഏഴ് അസ്ഥികളുടെ മേല്‍ സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. നെറ്റി (ഇത് പറയുമ്പോള്‍ അവിടുന്ന് മൂക്കിന്റെ നേരെ ചൂണ്ടി) രണ്ടു കൈകള്‍, രണ്ടുകാല്‍ മുട്ടുകള്‍, രണ്ട് പാദങ്ങളുടെ അഗ്രങ്ങള്‍ എന്നിവയുടെ മേലില്‍'?(ബുഖാരി മുസ്ലിം). മൂക്ക് വെക്കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്താണ്. നബി (സ്വ) മൂക്കും നെറ്റിയും സുജൂദില്‍ അ മര്‍ത്തിവെച്ചിരുന്നു എന്ന് ഹദീസിലുണ്ട്. മാത്രമല്ല, കഠിനമായ ചൂട് കാരണം നെറ്റിയും കൈകളും നിലത്ത് വെക്കാനുള്ള പ്രയാസം നബി (സ്വ) യെ അറിയിച്ചപ്പോള്‍ അവിടുന്ന് ആ പരാതി സ്വീകരിച്ചില്ല എന്ന് ഖബ്ബാബ് (റ) വില്‍ നിന്ന് ഇമാം ബൈഹഖി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ടവ്വല്‍, നീണ്ട മുടി തുടങ്ങിയവ കൊണ്ട് നെറ്റി മറഞ്ഞാല്‍ സുജൂദ് സാധുവാകുകയില്ല, ബൈഹഖിയുടെ നിവേദനത്തിലെ സംഭവം ഉദ്ധരിച്ച് ഇമാം നവവി (റ) പറയുന്നു. 'നെറ്റി മറക്കാന്‍ പറ്റുമായിരുന്നെങ്കില്‍ നബി (സ്വ) അവര്‍ക്ക് സമ്മതം കൊടുക്കുമായിരുന്നു. പക്ഷേ, നബി (സ്വ) അവരെ നെറ്റി മറക്കാന്‍ അനുവദിച്ചിട്ടില്ല (ശറഹുല്‍ മുഹദ്ദബ് 3/423). സുജൂദില്‍ ആദ്യം നിലത്തു വെക്കേണ്ടത് കാല്‍ മുട്ടുകളാണ്, പിന്നെ കൈകളും മുഖവും, മുഖം കൈകള്‍ക്ക് മുമ്പോ, കൈകള്‍ കാല്‍മുട്ടുകള്‍ക്ക് മുമ്പോ വെക്കല്‍ കറാഹത്താണ്. അങ്ങനെ ചെയ്ത് പോയാല്‍ മാറ്റി വീണ്ടും ചെയ്യേണ്ടതില്ല. അത് കാരണം സഹ്വിന്റെ സുജൂദുമില്ല (അല്‍:ഉമ്മ് 1?/98). വിരലുകള്‍ ചേര്‍ത്തി നിവര്‍ത്തി വെക്കുകയായിരുന്നു നബിചര്യ. കാല്‍ വിരലുകളും കൈവിരലുകളും ഖിബ്ലക്ക് നേരെയാക്കലും സുന്നത്തു തന്നെയാണ്, അരക്കെട്ട് തലയേക്കാള്‍ ഉയര്‍ന്ന് നില്‍ക്കല്‍ സുജൂദിന്റെ ശര്‍ത്വാകുന്നു. ബറാഅ് (റ) നബി (സ്വ) യുടെ നിസ്‌കാരം വര്‍ണ്ണിക്കുന്നത് നോക്കൂ. നബി (സ്വ) കൈ നിലത്ത് വെക്കുകയും മുട്ടുകളില്‍ ഊന്നുകയും അരക്കെട്ട് ഉയര്‍ത്തുകയും ചെയ്തിരുന്നു (നസാഇ). താന്‍ ചവിട്ടി മെതിച്ച് നടക്കുന്ന നിസ്സാരമായി കാണുന്ന മണ്ണില്‍ തന്റെ വളരെ പ്രധാനമായ അവയവങ്ങളും തന്റെ ഓജസ്സും യശസും പ്രകടമാവുന്ന നെറ്റിയും മുഖവും വെക്കുന്ന വിശ്വാസി ആ സമയത്ത് തന്റെ യജമാനനുമായി ഏറ്റവും അടുത്തിരിക്കുകയാണ്, അത് കൊണ്ടുതന്നെ ഉന്നതനായ എന്റെ റബ്ബിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു എന്നര്‍ഥമുള്ള തസ്ബീഹ് നബി (സ്വ) യടക്കം പൂര്‍വ്വികരും മുസ്ലിം ലോകവും ചൊല്ലി വരുന്നു. ഏറ്റവും കുറഞ്ഞത് ഒരു തസ്ബീഹാകുന്നു, ത്വുമഅ്‌നീനത് (അടങ്ങിതാമസിക്കല്‍) ന്റെ സമയം ലഭിക്കാനാണ് ഇത്. എന്നാല്‍ മൂന്നില്‍ കുറയാതിരിക്കലാണ് ഉത്തമം. തസ്ബീഹിന് പുറമെ സുജൂദില്‍ ഇഷ്ടമുള്ള ദുആകള്‍ കൂടി സുന്നത്താകുന്നു, കാരണം മുസ്ലിമി (റ) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ തന്റെ നാഥനുമായി ഏറ്റവും അടുക്കുന്നത് അവന്റെ സുജൂദിലാകുന്നു, അത് കൊണ്ട് സുജൂദില്‍ കൂടുതല്‍ ദുആ ചെയ്യുവിന്‍. അല്ലാഹുവോട് ഏറ്റവും അടുത്തു നില്‍ക്കാന്‍ വിശ്വാസിക്ക് ലഭിക്കുന്ന മുഹൂര്‍ത്തമാണു സുജൂദ്. അവനോടു കരളുരുകി മനം നൊന്തു ബാഷ്പകണങ്ങളൊഴുക്കി ശുഭ പ്രതീക്ഷയോടെ വിശ്വാസി നടത്തുന്ന പ്രാര്‍ഥന. ഭൌതികമായ എല്ലാ തടവറകളെയും ഭേദിച്ചു സ്രഷ്ടാവിനോടുള്ള പരമമായ വിധേയത്വം പ്രകടിപ്പിക്കുവാന്‍ അവസരം ലഭിക്കുന്ന ഹൃദയ സ്പക്കായ നിമിഷം. മണ്ണിലേക്കു മുഖം അമര്‍ത്തി തന്റെ നിന്ദതയും സ്രഷ്ടാവിന്റെ ഔന്നത്യവും മാലോകരുടെ മുമ്പാകെ പ്രഖ്യാപിക്കുന്ന വേള. മുഖം മണ്ണിലും മനസ്സ് ദൈവ സന്നിധിയിലും വിഹരിച്ചു അഗാധമായ ദൈവീകാനുഗ്രഹത്തിന്റെ മേലാപ്പു കൊണ്ട് സ്വശരീരത്തെ പുതച്ചലങ്കരിക്കുന്ന വിശ്വാസി, കര്‍മ്മ പഥത്തിലിറങ്ങി എല്ലാ ഭൌതിക ശക്തികളേയും നേരിടുന്നു. സ്രഷ്ടാവിന്റെ വ്യവസ്ഥിതി നടപ്പാക്കുവാന്‍ ഇച്ഛകളോടും ഇസങ്ങളോടുമവന്‍ പൊരുതുന്നു. ജീര്‍ണതകള്‍ക്കു നേരെ അവനാക്രോശിക്കുന്നു. ദൈവീക വണക്കത്തിന്റെ പരമാനന്ദത്തിലവന്‍ ആത്മനിര്‍വൃതിയടയുന്നു. (7)ഇരുത്തം ഓരോ റക്അത്തിലും മേല്‍ പറഞ്ഞ നിബന്ധനകള്‍ മുഴുവന്‍ പാലിച്ചുകൊണ്ട് രണ്ട് സുജൂദ് ചെയ്യല്‍ നിര്‍ബന്ധമാണ്. നിസ്‌കാരത്തിന്റെ അടുത്ത ഫര്‍ള് രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരു ത്തമാണ്. ഒന്നാം സുജൂദില്‍ നിന്ന് തക്ബീര്‍ ചൊല്ലി ഈ ഇരുത്തത്തിലേക്ക് പ്രവേശിക്കണം, ഇടതു കാല്‍ പാദം പരത്തിവെച്ച് അതിന്മേലാണ് ഇരിക്കേണ്ടത്, വലത്തെ കാലിന്റെ വിരലുകളുടെ പള്ള നിലത്ത് തട്ടും വിധം വലത് കാല്‍ നാട്ടിവെക്കുകയാണ് വേണ്ടത്, സുന്നത്തായ രൂപം ഇങ്ങനെയാണ്, ഇതിന് 'ഇഫ്തിറാഷ്'ന്റെ ഇരുത്തം എന്നാണ് പറയുക. ഒന്നാം റക്അത്തിലെ രണ്ടാം സുജൂദിന് ശേഷം രണ്ടാം റക്അത്തിലേക്ക് എഴുന്നേല്‍ക്കുന്നതിന് മുമ്പും അതു പോലെ നാലാം റക്അത്തിലേക്ക് ഉയരുന്നതിന് മുമ്പും സുന്നത്തായ ഹ്രസ്വമായ ഇസ്തിറാഹ: അഥവാ വിശ്രമത്തിന്റെ ഇരുത്തത്തിലും ആദ്യത്തെ അത്തഹിയ്യാത്തിന് വേണ്ടിയുള്ള ഇരുത്തത്തിലും ഇഫ്തിറാഷിന്റെ രൂപമാണ് നബിചര്യ. സ്രഷ്ടാവിനെ സുജൂദില്‍ ആവും വിധം വാഴ്ത്തുകയും തന്റെ നിന്ദ്യതയും കഴിവ്‌കേടുമെല്ലാം അവന്റെ മുമ്പില്‍ സമ്മതിക്കുകയും ചെയ്ത അടിമ വീണ്ടും അത് പോലെ റബ്ബിനെ പുകഴ്ത്താനും അവന്റെ മുമ്പില്‍ മുഖം കുനിക്കാനും ഒരുങ്ങും മുമ്പ് തന്റെ ഭൌതികവും പാരത്രികവുമായ വിജയത്തിന് വേണ്ടി ദുആ ചെയ്യാനുള്ള അവസരമാണ് ഇത്. ഹദീസുകളില്‍ വന്ന നിരവധി പ്രാര്‍ഥനകള്‍ ഈ സമയത്ത് ചെയ്യാനുണ്ട്. എന്റെ രക്ഷിതാവെ, എനിക്ക് പാപങ്ങള്‍ പൊറുത്ത് തരികയും എന്നോട് കരുണ ചെയ്യുകയും എന്റെ കാര്യങ്ങള്‍ പരിഹരിക്കുകയും എനിക്ക് ഭക്ഷണം നല്‍കുകയും എന്നെ സന്മാര്‍ഗത്തിലാക്കുകയും സുഖം നല്‍കുകയും ചെയ്യണമേ…എന്ന് അര്‍ഥമുള്ള പ്രാര്‍ഥന ഇഫ്തിറാഷിന്റെ ഇരുത്തത്തില്‍ നബി (സ്വ) ചെയ്തതായി ഹദീസില്‍ കാണാവുന്നതാണ്. ഈ ഇരുത്തത്തില്‍ നിന്നും വിരമിക്കലോടുകൂടി വീണ്ടും തക്ബീര്‍ ചൊല്ലി രണ്ടാമത്തെ സുജൂദിലേക്ക് പോകണം. രണ്ടാം സുജൂദില്‍നിന്ന് വിരമിക്കുന്നതോടെ ഒരു റക്അത്ത് പൂര്‍ണമായി. 8) ഥുമഅ്‌നീനത്ത് അടക്കം അനങ്ങല്‍ എന്നാണ് ഇതിന്റെ അര്‍ഥം, റുകൂഅ്, സുജൂദ്, ഇടയിലെ ഇരുത്തം, ഇഫ്തിറാഷിന്റെ ഇരുത്തം ഇവയില്‍ അടങ്ങിതാമസിക്കല്‍ നിസ്‌കാരത്തിന്റെ ഒമ്പതാമത്തെ ഫര്‍ളാകുന്നു. എല്ലാ അംഗങ്ങളും ആ ഫര്‍ളില്‍ സ്ഥിരമാവുകയെന്നാ ണിതു കൊണ്ട് വിവക്ഷിതം. മദീനാപള്ളിയില്‍ ഉണ്ടായ ഒരു സംഭവം അബുഹുറൈറഃ (റ) പറഞ്ഞ് തരുന്നതില്‍ നിന്നും ഥുമഅ് നീനത്തിന്റെ അനിവാര്യത നമുക്കു ബോധ്യപ്പെടുന്നതാണ്, ഒരിക്കല്‍ ഒരാള്‍ പള്ളിയില്‍ നിന്നും നിസ്‌കരിക്കുകയായിരുന്നു. നബി (സ്വ) യും ഏതാനും ശിഷ്യന്മാരും പള്ളിയുടെ ഒരു ഭാഗത്ത് ഇരിക്കുന്നുണ്ട്. നിസ്‌കാരം പൂര്‍ത്തിയാക്കിയ അദ്ദേഹം നബി (സ്വ) യുടെ അരികിലെത്തി സലാം ചൊല്ലി. നബി (സ്വ) സലാം മടക്കിയ ശേഷം പറഞ്ഞു. താങ്കള്‍ വീണ്ടും നിസ്‌കരിക്കുക. കാരണം ഇപ്പോള്‍ താങ്കള്‍ നിസ്‌കരിച്ചിട്ടില്ല. കല്‍പന സ്വീകരിച്ചു. അയാള്‍ വീണ്ടും നിസ്‌കരത്തിലായി. നബി (സ്വ) അദ്ദേഹത്തെ വീക്ഷിച്ചുകൊണ്ടേയിരുന്നു. നിസ്‌കാരശേഷം വീണ്ടുമയാള്‍ തിരുസന്നിധിയി ലെത്തി. നബി (സ്വ) യുടെ മറുപടി പഴയതുപോലെയായിരുന്നു. നീ പോവുക വീണ്ടും നിസ്‌ക രിക്കൂ. ഇപ്രകാരം മൂന്ന് തവണ നബി (സ്വ) അയാളോട് നിസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. സ്വഹാ ബാക്കള്‍ കാരണമറിയാതെ ആശ്ചര്യപ്പെട്ടു. അദ്ദേഹം അമ്പരപ്പോടെ നബി (സ്വ) യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, അങ്ങയുടെ റബ്ബാണ് സാക്ഷി. ഇതിനപ്പുറം എനിക്ക് നിസ്‌കരിക്കാന്‍ അറിയില്ല. അവിടുന്ന് എനിക്ക് പഠിപ്പിച്ചു തന്നാലും. തെറ്റുകുറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സാധാരണ ക്കാരണ് ഞാന്‍. തിരുമേനി പറഞ്ഞു: നീ നിസ്‌കരാത്തിന് സജ്ജമായാല്‍ തക്ബീര്‍ ചൊല്ലുകയും പിന്നെ സൂറത്തുല്‍ ഫാതിഹഃയും ചെറിയ ഖുര്‍ആന്‍ ആയത്തുകളും ഓതുകയും ചെയ്യുക. ശേഷം പൂര്‍ണ്ണമായി അടങ്ങിത്താമസിക്കുന്നതു വരെ റുകൂഅ് ചെയ്യുക. പിന്നെ ഇഅ്തിദാലും ഇത് പോലെ ശാന്തമായി നിര്‍വ്വഹിക്കുക. തുടര്‍ന്ന് പൂര്‍ണ അടക്കമുണ്ടാകുന്നതു വരെ സുജൂദും പിന്നീട് പൂര്‍ണ ശാന്തതയുണ്ടാകുംവരെ ഇരിക്കുകയും അപ്രകാരം വീണ്ടും സുജൂദും ചെയ്യുക. ഇ തുപോലെ ഓരോ റക്അതും നിര്‍വ്വഹിക്കുക. റുകൂഅ്,സുജൂദ് തുടങ്ങിയ കര്‍മ്മങ്ങളില്‍ അടങ്ങിത്താമാസിക്കാതിരുന്നാല്‍ നിസ്‌കാരം സാധുവാകുകയില്ലയില്ലന്ന് ഈ ഹദീസിലൂടെ മനസ്സിലാക്കാവുന്നതാണ്. സ്വന്തം വീഴ്ച മൂലം അറിവില്ലാതെ പോയ വ്യക്തിക്ക് നിസ്‌കാരത്തിലെ പിഴവുകളില്‍ ഇളവ് ലഭിക്കില്ലന്നാണ് ഈ ഹദീസിലെ പാഠം. മൂന്ന് റക്അതോ നാല് റക്അതോ ഉള്ള നിസ്‌കാരത്തില്‍ രണ്ടാം റക്അതിലെ രണ്ടാം സുജൂദിന് ശേഷം അത്തഹിയ്യാത്തും അതിനുവേണ്ടി ഇരിക്കലും സുന്നതാണ്. പ്രസ്തുത അത്തഹിയ്യാത്ത് അവസാന അത്തഹിയ്യാത്തിനെക്കാള്‍ നീളാന്‍ പാടില്ല എന്നു മാത്രമല്ല അതിനെക്കാള്‍ ചെറുതാവല്‍ സുന്നതുമാണ്. എന്നാല്‍ അതിനുശേഷം നബി (സ്വ) യുടെ മേലില്‍ സ്വലാത്ത് ചൊല്ലല്‍ സു ന്നത്താണ്. 9.തശഹ്ഹുദ് (അത്തഹിയ്യാത്ത്) നിര്‍ത്തത്തിലും റുകൂഅ് സുജൂദ് തുടങ്ങിയവയിലുമെല്ലാം സ്രഷ്ടാവിനെ പുകഴ്ത്തു കയും തന്റെ കഴിവുകേടുകള്‍ അവന്റെ മുന്നില്‍ എണ്ണിപ്പറയുകയും ചെയ്ത വിശ്വാസി യജമാനനുമായുള്ള സംഭാഷണത്തില്‍ നിന്ന് വിരമിക്കും മുമ്പ് അത്മീയമായും മാനസികമായും അല്ലാഹുവിലേക്ക് ഒരു മിഅ്‌റാജ് നടത്തുകയാണ് അത്തഹിയ്യാത്തിലൂടെ. അല്ലാഹുവിന്റെ വിളികേട്ട് ചുരുങ്ങിയ സമയത്തിനകം ഭൂമിയിലെയും വാനലോക ത്തെയും അത്ഭുതങ്ങള്‍ ദര്‍ശിച്ച,് ഇലാഹിങ്കല്‍ ചെന്ന് പൂര്‍ണ്ണാദരവോടെയും പൊരുത്ത ത്തോടെയും തിരുനബി (സ്വ) സമര്‍പ്പിച്ച സര്‍വ്വസ്തുതികളുടെയും പുനര്‍ഘോഷം. സ്വശരീരം കൊണ്ട് റബ്ബിലേക്ക് മിഅ്‌റാജ് നടത്തിയ തിരുനബി (സ്വ) തന്റെ ഉമ്മത്തിന് വേണ്ടി അവനില്‍ നിന്നു കൊണ്ടുവന്ന സമ്മാനത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്ന മനുഷ്യന്‍ തന്റെ നിസ്‌കാരത്തില്‍ നിര്‍ബന്ധമായും അത്തഹിയ്യാത്ത് ഓതിയിരിക്കണം. ഖുര്‍ആന്‍ പഠിപ്പിക്കുന്നതുപോലെ, നബി(സ്വ)ഞങ്ങളെ തശഹ്ഹുദ് പഠിപ്പിച്ചിരുന്നു എന്ന അബ്ബാസ് (റ) ന്റെ വാക്ക് അതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നു. തശഹ്ഹുദിനെ സംബന്ധിച്ച് ധാരാളം ഹദീസുകള്‍ രേഖപ്പെട്ടിട്ടുണ്ടെങ്കിലും ഇമാം ശാഫി (റ) തിരഞ്ഞെടുത്തതിന്റെ സാരം നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. എല്ലാ അഭിവാദ്യങ്ങളും അനുഗ്രഹങ്ങളും ഗുണങ്ങളും പ്രാര്‍ഥനകളും നന്മയും അല്ലാഹുവിനാ കുന്നു. ഓ നബീ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകള്‍ക്കും തഥൈവ. അഷ്ടാഹുവല്ലാതെ ആരാധ്യനില്ല എന്നും മുഹമ്മദ് നബി(സ്വ)അല്ലാഹുവിന്റെ അടിമയും ദൂതനുമാ ണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഹദീസുകളില്‍ വന്ന അത്തഹിയ്യാത്തിന്റെ ഏത് വാക്യങ്ങള്‍ ഓതിയാലും നിസ്‌കാരം ശരിയാകുന്നതാണ്. ഒടുവിലെ അത്തഹിയ്യാത്തിനു ശേഷം നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധമാണ്. സൂറത്തുല്‍ അഹ്‌സാബില്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലാനുള്ള അല്ലാഹുവിന്റെ കല്‍പന കാണാവുന്നതാണ്. സ്വലാത്ത് സ്വലാത്തിന്റെ വാചകം നിര്‍ണ്ണിതമല്ലാത്തതുകൊണ്ട് തന്നെ എങ്ങനെ സ്വലാത്ത് ചൊല്ലിയാലും ഫര്‍ള് വീടുന്നതാണ്. അല്ലാഹുവെ, നബി (സ്വ) ക്ക് നീ ഗുണം ചെയ്യേണമെ, എന്നര്‍ഥം വരുന്ന രൂപത്തില്‍ അത് നിര്‍വ്വഹിക്കുക. ഇബ്‌നു ഉമര്‍ (റ) പറയുന്നത് ശ്രദ്ധിക്കൂ. നബി (സ്വ) പറഞ്ഞു. ഖിറാഅത്തും തശഹ്ഹുദും എന്റെ മേലില്‍ സ്വലാത്തുമില്ലാത്ത നിസ്‌കാരമില്ല. ഇമാം ബൈഹഖി പറയുന്നു. തശഹ്ഹുദില്‍ നബി (സ്വ) യുടെ മേല്‍ സ്വലാത്ത് ചൊല്ലാതിരുന്നാല്‍ നിസ്‌കാരം മടക്കി നിസ്‌കരിക്കേണ്ടതാണ്. നബി (സ്വ) ക്ക് സ്വലാത്ത് ചൊല്ലുന്നതിനോടൊപ്പം അവിടുത്തെ കുടുംബത്തിനും സ്വലാത്ത് ചൊ ല്ലല്‍ ഘനപ്പെട്ട സുന്നത്താണ്. ഹദീസില്‍ പല രൂപത്തിലും സ്വലാത്തിന്റെ വാചകങ്ങള്‍ രേഖപ്പെട്ടിട്ടുണ്ടെങ്കിലും സ്വലാത്ത് ഇബ്‌റാഹീമിയ്യഃ യാണ് ഏറ്റവും ഉത്തമം. 'അല്ലാഹുവെ, ഇബ്‌റാഹീം നബി (അ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്ത പോലെ നബി (സ്വ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യുകയും, ഇബ്‌റാഹീം നബി (അ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്ത പോലെ തിരുനബി (സ്വ) ക്കും കുടുംബത്തിനും നീ അനുഗ്രഹം ചെയ്യണേ എന്നര്‍ഥം വരുന്ന പ്രസ് തുത സ്വലാത്ത് പൂര്‍ത്തിയായാല്‍ പിന്നെ പ്രാര്‍ഥനയുടെ സമയമാണ്. നബി (സ്വ) തശഹ്ഹുദിന്റെയും സലാമിന്റെയും ഇടയില്‍ അല്ലാഹുവിനോട് ദുആ ചെയ്തതായി ഹദീസിലുണ്ട്. 'അല്ലാഹുവെ, ഞാന്‍ ആദ്യവും അവസാനവും രഹസ്യമായും പരസ്യമായും അമിതമായും ചെയ്ത പാപങ്ങളും എന്നെക്കാള്‍ കൂടുതല്‍ നിനക്കറിയാവുന്ന ദോഷങ്ങളുമെല്ലാം നീ എനിക്ക് പൊറുത്ത് തരേണമേ, മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്, നീ അല്ലാതെ ആരാധ്യനില്ല,' എന്ന് സാരമുളള പ്രാര്‍ഥന നബി (സ്വ) യില്‍ നിന്ന് രേഖപ്പെട്ടിട്ടുണ്ട്. നരകശിക്ഷയില്‍ നിന്നും ഖബര്‍ സിക്ഷയില്‍ നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളില്‍ നിന്നും ദജ്ജാലിന്റെ കുഴപ്പങ്ങളില്‍ നിന്നുമെല്ലാം അല്ലാഹുവിനോട് കാവല്‍ തേടിയതായും ഹദീസില്‍ കാണാവുന്നതാണ്. അല്ലാഹുവുമായി താന്‍ നടത്തുന്ന സംഭാഷണത്തിന്റെ ഒടുവില്‍ കിട്ടുന്ന ഈ അവസരം വിശ്വാസി നന്നായി ഉപയോഗപ്പെടുത്തണം. തനിക്ക് വേണ്ടി മാത്രം അര്‍പ്പിച്ച പ്രധാനപ്പെട്ട ഈ ആരാധനയില്‍ ഏറെ സന്തോഷിക്കുന്ന അല്ലാഹു, അവനോട് ചോദിക്കുന്ന ദാസനെ തട്ടുകയില്ല തീര്‍ച്ച. 10)ഇരുത്തം അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം സലാം വീട്ടാന്‍ വേണ്ടി ഇരിക്കല്‍ നിസ്‌കാര ത്തിന്റെ മറ്റൊരു ഫര്‍ളാകുന്നു. അത് ഉപേക്ഷിച്ചാല്‍ നിസ്‌കാരം സാധുവാകുകയില്ല. സലാം വീട്ടല്‍ തക്ബീര്‍ ചൊല്ലി യജമാനനുമായുളള മുനാജാത്തി (സംഭാഷണം) ല്‍ പ്രവേശിച്ച അടിമ അവസാനമായി തന്റെ ചുറ്റുമുളളവര്‍ക്ക് നാഥന്റെ രക്ഷയുണ്ടാകാനായി സലാം വീട്ടലിലൂടെ ആവശ്യപ്പെടുന്നു. ഇമാം തുര്‍മുദിയുടെ റിപ്പോര്‍ട്ട് ഇങ്ങനെ വായിക്കാം,'നിസ്‌കാരത്തിന്റെ താക്കോല്‍ ശുദ്ധിയും അതിലേക്കുളള പ്രവേശം തക്ബീറതുല്‍ ഇഹ്‌റാമും വിരാമം സലാമുമാകുന്നു. തിരുനബി (സ്വ) യുടെ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും സലാം വീട്ടല്‍ ഫര്‍ളാണ് എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ രൂപം 'അസ്സലാമു അലൈകും' എന്നായിരിക്കെ ഇതില്‍ നിന്ന് ഏതെങ്കിലും ഒരക്ഷരം ഇല്ലാതായാല്‍ സലാം ശരിയാവുകയില്ല. പൂര്‍ണ്ണമായ രൂപമനുസരിച്ച് 'അസ്സലാമു അലൈകും വ റഹ്മത്തുള്ളാ' എന്ന് പറയണം. ആദ്യം വലത്തോട്ടും പിന്നീട് ഇടത് ഭാഗത്തേക്കും മുഖം തിരിച്ചുകൊണ്ട് പറയലാണ് സുന്നത്ത്. ഒന്നാമത്തെ സലാം വീട്ടലാണ് നിസ് കാരത്തിന്റെ ഫര്‍ള്. രണ്ടാമത്തേത് സുന്നത്താണ്. ഓരോ സലാമിലും ആ ഭാഗത്തുളളവര്‍ നിസ് കരിക്കുന്നവന്റെ കവിള്‍ത്തടം കാണത്തക്കവിധം മുഖം തിരിക്കണം, ഇതായിരുന്നു നബിചര്യ. രണ്ടാം സലാം സുന്നത്തായതു കൊണ്ട് തന്നെ ഒരാള്‍ക്ക് ആദ്യ സലാമിന് ശേഷം അശുദ്ധിയുണ്ടായാല്‍ നിസ്‌കാരത്തിന് കുഴപ്പമില്ല. എങ്കിലും അയാള്‍ രണ്ടാം സലാം ചൊല്ലരുത്, കാരണം ശുദ്ധിയില്ലാതെ സലാമില്ല എന്നത് തന്നെ. നിസ്‌കാരത്തിന് വിരാമം കുറിച്ചുകൊണ്ട് ചൊല്ലുന്ന ഈ സലാമ് കൊണ്ട് ഓരോ ഭാഗത്തുമുളള മുഅ്മിനുകള്‍, മലകുകള്‍, ജിന്നുകള്‍ എന്നിവരെയാണ് ഉദ്ദേശിക്കേണ്ടത്. ലോകത്തിന്റെ വിവിധ കോണുകളിലുളള വിശ്വാസികള്‍ ദിവസവും അഞ്ച് തവണ തന്റെ മുഅ്മിനായ സഹോദര സഹോദരികള്‍ക്ക് വേണ്ടി രക്ഷ തേടിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, തന്റെ സ്രഷ്ടാവിനെ എല്ലാ നിലയിലും വാഴ്ത്തുകയും അംഗീകരിക്കുകയും ചെയ്ത ഈ മനുഷ്യന്‍ വിശുദ്ധ ഇസ്ലാമിനെ മുറുകെ പിടിക്കുമെന്ന പ്രതിജ്ഞ കൂടി ഈ ആശംസയിലൂടെ എടുക്കുകയാണ്.

No comments:

Post a Comment