..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 28 April 2013

ആരാണ് ശിര്‍ക്കിനെ അവഗണിക്കുന്നത് ? (2) മുസ്ലിയാക്കന്‍മാരുടെയും വാദങ്ങള്‍ കണ്ടിട്ടും എന്തുകൊണ്ട് അതിന് സന്നദ്ധമാകുന്നില്ല. മക്കയിലെ മുശ് രിക്കുകളുടെ അതേ വാദമല്ലേ ഇവിടെ സുന്നികളും സ്വീകരിക്കുന്നത്. എന്നിരിക്കെ എന്തുകൊണ്ട് അവരെ മുശ്'രിക്കുകള്‍ എന്ന് വിളിച്ചുകൂടാ?. എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ എനിക്ക് അതിനുള്ള മറുപടി ഇപ്രകാരമാണ്. കേരളത്തില്‍ നാം സുന്നികളെന്ന് പറയുന്നവര്‍ നിയതമായ ഒരു വ്യവസ്ഥയും ആദര്‍ശവും പ്രവര്‍ത്തന പരിപാടികളുമുള്ള സംഘടനയുടെ അംഗങ്ങളല്ല. പരമ്പരാഗതമായി സമൂഹത്തില്‍ വേരുറച്ചുപോയിട്ടുള്ള ആചാരങ്ങളെ കൊണ്ടുനടത്തുന്ന, പ്രത്യേകിച്ച് പുരോഗമന ഉത്പതിഷ്ണുവിഭാഗവുമായട്ടോ മറ്റേതെങ്കിലും ഇസ്ലാമിക പ്രസ്ഥാനങ്ങളുമായിട്ടോ ബന്ധപ്പെടാത്ത സാമാന്യജനത്തെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വിഭാഗം നേരത്തെ പറഞ്ഞ സംഘടനകളിലേതിലേക്കെങ്കിലും ചേകേറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് സുന്നിസംഘടനകള്‍ പ്രവര്‍ത്തനം രൂപപ്പെടുത്തിയിട്ടുള്ളത്. അവരുടെ പ്രസംഗങ്ങളില്‍ അവര്‍ ചെയ്ത ഏറ്റവും മഹത്തരമായ കാര്യമായി എടുത്ത് പറയാറുള്ളത് ഇതേ കാര്യമാണ്. പുത്തന്‍ പ്രസ്ഥാനങ്ങളിലേക്കുള്ള ഒഴുക്ക് തടഞ്ഞുവെന്നത്. ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ അമ്പരപ്പിക്കും വിധം പരിപാടികളുമായി രംഗത്ത് വരുന്നുണ്ട് എന്നത് നേര്. (പല പരിപാടികളുടെയും പേര് തന്നെ എനിക്ക് പറയാന്‍ കഴിയില്ല) അതിന്റെ പിന്നിലും ലക്ഷ്യം നേരത്തെ പറഞ്ഞതാണ്. കുറച്ചുമുമ്പ് മദ്രസയില്‍ മത്സരപ്പരീക്ഷ നടത്തുകയും അവരുടെ ജില്ലാ മത്സരത്തില്‍ എന്റെ മകന്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തിരുന്നു. അവിടുന്ന് കേട്ട ഉദ്‌ബോധന പ്രസംഗം മുഴുവന്‍ പുത്തന്‍ പ്രസ്ഥാനങ്ങളെ കരുതിയിരിക്കാനായിരുന്നു. ഈ സംഘടനയില്‍ എത്ര പേരുണ്ട്. എന്താണ് അവരുടെ അടിസ്ഥാനം എന്നൊക്കെ പരിഗണിക്കുമ്പോള്‍ ആളുകുറഞ്ഞ മുസ്ലിം സംഘടനയേക്കാള്‍ വലിയ മെച്ചമൊന്നുമല്ല എന്നാണ് എന്റെ അഭിപ്രായം. മലബാറിലെ ഈ യാഥാസ്ഥിക വിഭാഗം മുഴുവന്‍ ഒന്നുകില്‍ എപി വിഭാഗത്തോടോ അല്ലെങ്കില്‍ ഇകെ വിഭാഗത്തോടോ ചേര്‍ന്ന് നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഇവരില്‍ നേരത്തെ പറഞ്ഞ ബിദ്അത്തായ ആചാരങ്ങള്‍ ചിട്ടയോടെ നടത്തുന്നവരും അല്ലാത്തവരുമുണ്ട്. അറിഞ്ഞോ അറിയാതെയോ ബദ്'രീങ്ങളെ കാക്കണേ എന്നത് പോലെ ഉച്ചരിക്കുന്നവരുമുണ്ട്. ഇവരെയാണ് നമ്മുക്ക് മക്കയിലെ മുശ്'രിക്കുകളോട് താരതമ്യം ചെയ്യേണ്ടത്. ഇവരില്‍ ഒരാളും അല്ലാഹുവുമായി എന്തിനെയെങ്കിലും പങ്കുചേര്‍ക്കുന്നത് തത്വത്തില്‍ അംഗീകരിക്കുകയില്ല. ഏകദൈവത്വത്തിലും പ്രവാചകനിലും വിശ്വസിക്കുകയും ഇസ്ലാമിനെ ഇഷ്ടപ്പെടുകയും അതിനായി നിശ്ചയിക്കപ്പെട്ട കര്‍മങ്ങള്‍ അനുഷ്ടിക്കുകയും ചെയ്യുന്നവരാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. അവരിലെ ജാറങ്ങളിലേക്ക് അനുഗ്രഹം തേടിപോകുന്നവരും അതിനെ അവര്‍ പുജിക്കുകയാണ് എന്ന് അംഗീകരിക്കുകയില്ല. ചെയ്യുമ്പോള്‍ അംഗീകാരത്തിന് വല്ല പ്രസക്തിയുമുണ്ടോ? ഉണ്ട് എന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പ്രവര്‍ത്തനം മാത്രമല്ല ഇസ്ലാമില്‍ വിശ്വാസത്തിനും ഉദ്ദേശ്യത്തിനും (നിയ്യത്തിനും) വലിയ പങ്കുണ്ട്. ശിര്‍ക്കാണ് എന്ന് അംഗീകരിച്ചുകൊണ്ട് ശിര്‍ക്ക് ചെയ്താല്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹമായ ശിര്‍ക്കാവൂ എന്ന വാദം ആര്‍ക്കും ഉണ്ടാകാവതല്ല. ഇതിന് മുമ്പ് സലിം റയ്യാന്‍ നല്‍കിയ പോസ്റ്റില്‍ മക്കാമുശ്'രിക്കുകളുടെ അവസ്ഥ വിശദമാക്കുകയുണ്ടായി. അവര്‍ ബിംബങ്ങളെ ഉണ്ടാക്കുകയും അവയ്ക്ക് ആരാധനകളര്‍പ്പിക്കുകയും ചെയ്തു. അതിനെ ദൈവമെന്ന് കരുതിയല്ല. അല്ലാഹുവിലേക്ക് അവ തങ്ങളെ അടുപ്പിക്കും എന്ന വിശ്വസത്തോടെയായിരുന്നു അവര്‍ ബിംബങ്ങളെ ആരാധിച്ചിരുന്നത് അല്ലാഹുവിന്റെ മുന്നില്‍ ശിപാര്‍ശ ചെയ്യാന്‍ തങ്ങള്‍ ആരെയാണോ ഇടയാളന്‍മാരാക്കിയിരുന്നത് അവരുണ്ടാകും എന്ന് കണക്കുകൂട്ടി. അതിനാല്‍ മഹാന്‍മാരായ ആളുകളെ അവര്‍ ചരിത്രത്തില്‍ കണ്ടെത്തി അവരുടെ വിഗ്രഹമുണ്ടാക്കി. ഇതാണ് മക്കാ മുശ്'രിക്കുകളുടെ പൊതുസ്വഭാവമായി നമ്മുക്ക് കാണാന്‍ കഴിയുന്നത്. ഇവരെ ഖുര്‍ആന്‍ മുശ്'രിക്കുകള്‍ എന്ന് തന്നെ വിളിച്ചു. കാരണം അവര്‍ക്ക് അതില്‍ പരിഭവമുണ്ടായിരുന്നില്ല. അവര്‍ പങ്കുചേര്‍ക്കുന്നതിനെ തത്വത്തില്‍ അംഗീകരിക്കുകയും തങ്ങള്‍ ബിംബങ്ങളെത്തന്നെയാണ് ആരാധിക്കുന്നതെന്ന് സമ്മതിച്ചു പറയുകയും ചെയ്തിരുന്നു. അവരുടെ വാക്ക് ഖുര്‍ആന്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ‎['അതിനാല്‍ നീ അല്ലാഹുവിന് അടിമപ്പെടണം; വിധേയത്വം അവനു മാത്രമാക്കിക്കൊണ്ട്. അറിഞ്ഞിരിക്കുക, കലര്‍പ്പില്ലാത്ത വിധേയത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു. ശരി, അല്ലാഹുവിനെ കൂടാതെ മറ്റു രക്ഷകന്മാരെ വരിക്കുകയും (ആ നടപടിയെ) `അവരെ ആരാധിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു` (എന്ന് ന്യായീകരിക്കുകയും ചെയ്യുന്നവര്‍ ഉണ്ടല്ലോ) അവര്‍ ഭിന്നിക്കുന്ന കാര്യങ്ങളിലൊക്കെയും തീര്‍ച്ചയായും അല്ലാഹു വിധികല്‍പിക്കുന്നതാകുന്നു. കള്ളം പറയുന്നവനും സത്യത്തെ നിഷേധിക്കുന്നവനുമായ യാതൊരാള്‍ക്കും അല്ലാഹു സന്മാര്‍ഗമരുളുകയില്ല. ' (39:3)] ഞങ്ങള് അവരെ ആരാധിക്കുന്നത് (نعبدهم) എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. (അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു`) മൌദൂദി ഈ വാചകത്തിന് ഇങ്ങനെ വിശദീകരണം നല്കി. ['ഈ ലോകത്ത് ബഹുദൈവ വിശ്വാസികള്‍ എക്കാലത്തും പൊതുവില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ന്യായം തന്നെയാണ് മക്കയിലെ അവിശ്വാസികളും പറഞ്ഞിരുന്നത്. ഞങ്ങള്‍ മറ്റ് അസ്തിത്വങ്ങളെ ആരാധിക്കുന്നത് അവ സ്രഷ്ടാവാണ് എന്ന് കരുതിയിട്ടല്ല. സ്രഷ്ടാവും യഥാര്‍ഥ ദൈവവും അല്ലാഹു ഒരുവന്‍ മാത്രമേയുള്ളൂവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവന്റെ സന്നിധാനം നമുക്ക് എത്താവുന്നതിലും വളരെ ഉയര്‍ന്നതാണ്. അതിനാല്‍, ഞങ്ങളുടെ പ്രാര്‍ഥനകളും ആവലാതികളും അല്ലാവുവിങ്കലേക്കെത്തിക്കുവാന്‍ ആ മഹാത്മാക്കളെ മാധ്യമങ്ങളാക്കുകയാണ്. '] അല്ലാഹുവോടൊപ്പമായാലും അല്ലാഹുവിന് പുറമെയായാലും ശിര്‍ക്ക് തന്നെയാണ്. ഇസ്ലാം കഠിമായി വിരോധിച്ച പാപം. ആരാധിക്കുന്ന വിഗ്രഹങ്ങളെ ദൈവമായി കരുതണം എന്നില്ല. അതുകൊണ്ടാണ് പണ്ഡിതര്‍ അല്ലാഹുവിന്റെ സത്തയിലോ അധികാരാവകാശങ്ങളിലോ ഗുണവിശേഷണങ്ങളിലോ അല്ലാഹുവിന് സമന്‍മാരെ കല്‍പിക്കല്‍ എന്ന് ശിര്‍ക്കിന് വിശദീകരണം നല്‍കിയത്. ലോകമുസ്ലിംകള്‍ അംഗീകരിച്ച ശിര്‍ക്കിന്റെ വ്യാഖ്യാനമാണിത്. ഈ വ്യാഖ്യാനമനുസരിച്ച് മുസ്ലിംകള്‍ എന്ന് അവകാശപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്ക് വന്ന് ചേരാം. ചേരുന്നുണ്ട് എങ്കിലും നാം അവരെ മുശ് രിക്കുകള്‍ എന്ന് വിളിക്കുകയില്ല. കാരണം. അത്തരക്കാര്‍ തങ്ങളുടെ ശിര്‍ക്ക് അംഗീകരിക്കുന്നില്ല എന്ന സാങ്കേതികത്വത്തില്‍ പിടിച്ച് മാത്രം. ['മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞതോ, `ഇസ്രയേല്‍ വംശമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍` എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിട്ടുള്ളതാകുന്നു. നരകമാകുന്നു അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് യാതൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്തെന്നാല്‍ ഏകദൈവമല്ലാതെ ഒരു ദൈവവും ഇല്ലതന്നെ. ഇത്തരം വാദങ്ങളില്‍നിന്നു വിരമിച്ചില്ലെങ്കില്‍, അവരില്‍ നിഷേധികളായവരെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോടു മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.'(5:72-74)] ക്രിസ്ത്യാനികളുടെ ദൈവവീക്ഷണം പലവിധമാണ് എല്ലാം ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇവിടെ രണ്ട് തരം വിശ്വാസത്തെക്കുറിച്ച് പറയുന്നു. ഒന്ന് യേശുവിനെത്തന്നെ ദൈവമായി കാണുന്നവര്‍ അവരുടെ കാഴ്ചപ്പാടില്‍ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ചതാണ് യേശു. യേശു അവരുടെ കര്‍ത്താവാണ്. ഇതിനെയും അല്ലാഹു ശിര്‍ക്ക് എന്ന പദമാണ് ഉപയോഗിക്കുന്നത്. രണ്ട്. അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്ന വാദമാണ്. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ഈ മുന്നെണ്ണം ചേര്‍ന്ന് ഒരു ദൈവമാകുന്നു എന്നാണ് വാദം. ഈ രണ്ട് വാദവും ഇസ്ലാമിന്റെ സാങ്കേതിക ശബ്ദത്തില്‍ ശിര്‍ക്ക് തന്നെ. അതു ചെയ്യുന്നവന്‍ മുശ്'രിക്കുമാകേണ്ടതാണ്. എന്നാല്‍ ഖുര്‍ആന്‍ അവരെ മുശ്'രിക്കുകള്‍ എന്ന് വിളിച്ചില്ല. അവരെന്താണോ അവകാശപ്പെട്ടത് ആ പേരാണ് അവരെ വിളിച്ചത് തങ്ങള്‍ വേദഗ്രന്ഥം ലഭിച്ചിട്ടുണ്ടെന്നും തങ്ങള്‍ അതിന്റെ ആളുകളാണ് എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതോടൊപ്പം മുഹമ്മദ് നബി കൊണ്ടുവന്നതിനെ അവര്‍ നിഷേധിക്കുകയും ചെയ്തു. മുഹമ്മദ് നബിയെയും ഖുര്‍ആനെയും നിഷേധിച്ചതിലൂടെ പൂര്‍വ ഗ്രന്ഥത്തെയും പ്രവാചകന്‍മാരെയും നിഷേധിക്കുന്നതിന് തുല്യമായിരുന്നു. എങ്കിലും അവരുടെ വാദം പരിഗണിച്ച് അവരെ പൂര്‍വഗ്രന്ഥത്തിന്റെആളുകള്‍ എന്ന് തന്നെ അല്ലാഹു അവരെ അഭിസംബോധന ചെയ്തു. അല്ലാഹു പറയുന്നത് നോക്കുക: ‎['വേദക്കാരിലും ബഹുദൈവാരാധകരിലുമുള്ള സത്യനിഷേധികള്‍, തെളിഞ്ഞ ദൃഷ്ടാന്തം വന്നെത്തുന്നതുവരെ (അവരുടെ നിഷേധത്തില്‍നിന്ന്) വിരമിക്കുന്നവരായിരുന്നില്ല. (അതായത്) അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ദൂതന്‍.അദ്ദേഹം പവിത്രമായ ഏടുകള്‍ വായിച്ചു കേള്‍പ്പിക്കുന്നു. ആ ഏടുകളില്‍ വിലപ്പെട്ടതും പ്രബലവുമായ പ്രമാണങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു.' (98:1-3)] ക്രിസ്ത്യാനികള്‍ ശിര്‍ക്ക് ചെയ്യുന്നവരായിരിക്കെ അവരെ എന്തുകൊണ്ടിവിടെ വേറെത്തന്നെ പറഞ്ഞു. എന്നതിന് ഈ നൂറ്റാണ്ടിലെ ഇസ്ലാമികചിന്തകന്‍ അബുല്‍ അഅ്‌ലാ മൗദൂദി ഇങ്ങനെ വിശദീകരണം നല്‍കി: [' കുഫ്റില്‍ പങ്കാളികളാണെന്നതോടൊപ്പംതന്നെ ഈ രണ്ടു ഗ്രൂപ്പുകളെയും വെവ്വേറെ പേരുകളില്‍ പരാമര്‍ശിച്ചിരിക്കുകയാണ്. أهْلُ الكِتَاب (വേദവിശ്വാസികള്‍) എന്നതുകൊണ്ട് വിവക്ഷ, പൂര്‍വ പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വേദങ്ങളിലേതെങ്കിലുമൊന്ന്-ഭേദഗതികള്‍ നടത്തപ്പെട്ട രൂപത്തിലാണെങ്കിലും-കൈവശം വെക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ്. ഏതെങ്കിലും പ്രവാചകനെ പിന്തുടരുകയോ വേദം അംഗീകരിക്കുകയോ ചെയ്യാത്തവരാണ് المُشْرِكِين എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. വേദവിശ്വാസികളുടെ ബഹുദൈവത്വപരമായ ആശയങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി അല്‍മാഇദ 73-ാം സൂക്തത്തില്‍ ക്രൈസ്തവരെക്കുറിച്ചു പറഞ്ഞു: "അവര്‍ പറയുന്നു, അല്ലാഹു ത്രിദൈവങ്ങളിലൊരുവനാണെന്ന്.`` അതേ സൂറയിലെ 17-ാം സൂക്തത്തില്‍ പറഞ്ഞു: "മസീഹ്തന്നെ ദൈവമാണെന്ന് അവര്‍ പറയുന്നു.`` അത്തൌബ 30-ാം സൂക്തത്തില്‍ പറഞ്ഞു: "നസ്രായര്‍ മസീഹിനെ ദൈവപുത്രനെന്ന് ഘോഷിച്ചു.`` പ്രസ്തുത സൂക്തത്തില്‍ ജൂതന്‍മാരെപ്പറ്റി പറഞ്ഞു: "ജൂതന്‍മാര്‍ ഉസൈറിനെ ദൈവപുത്രനെന്ന് ഘോഷിച്ചു.`` എങ്കിലും ഖുര്‍ആന്‍ ഒരിടത്തും അവരെ കുറിക്കാന്‍ مُشْرِك എന്ന സാങ്കേതികപദം ഉപയോഗിച്ചിട്ടില്ല. الذِينَ أُوتُوا الكِتَابَ (വേദം ലഭിച്ചവര്‍) എന്നോ അല്ലെങ്കില്‍ യഹൂദികളും നസാറാക്കളും എന്നോ ആണ് ഉപയോഗിച്ചിട്ടുളളത്. കാരണം, അവര്‍ അടിസ്ഥാനപരമായി അംഗീകരിച്ചിട്ടുളളത് ഏകദൈവത്വമതം തന്നെയാണ്. പിന്നീട് ശിര്‍ക്ക് ചെയ്യുകയായിരുന്നു. ഇതില്‍നിന്ന് ഭിന്നമായി, അഹ്ലുകിതാബ് അല്ലാത്തവരെ കുറിക്കാന്‍ മുശ്രിക്ക് എന്ന സാങ്കേതിക നാമംതന്നെ ഉപയോഗിച്ചു. എന്തുകൊണ്ടെന്നാല്‍, യഥാര്‍ഥമതം ശിര്‍ക്കുതന്നെയാണെന്ന് കരുതുകയും തൌഹീദിനെ നിസ്സങ്കോചം നിഷേധിക്കുകയും ചെയ്യുന്നവരാണവര്‍. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുളള വ്യത്യാസം സാങ്കേതിക നാമത്തില്‍ പരിമിതമല്ല. ശരീഅത്തിന്റെ വിധികളിലും അതുണ്ട്. അഹ്'ലുകിതാബ് അറുത്ത മാംസം മുസ്ലിംകള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു--അവര്‍ അല്ലാഹുവിന്റെ നാമത്തില്‍ അനുവദനീയമായ മൃഗങ്ങളെ സാധുവായ രീതിയില്‍ അറുത്താല്‍. അഹ്'ലുകിതാബിലെ സ്ത്രീകളെ മുസ്ലിംകള്‍ വിവാഹം ചെയ്യുന്നതും അനുവദനീയമാണ്. എന്നാല്‍, മുശ്രിക്കുകള്‍ അറുത്ത മാംസം അനുവദനീയമല്ല. അവരിലെ സ്ത്രീകളെ വിവാഹംചെയ്യാനും അനുവാദമില്ല. ] ഇനി ചോദ്യത്തിലേക്ക് തിരിച്ചുവരാം. ചെയ്യുന്നത് ശിര്‍ക്കായിരിക്കെ അവയെ വിശ്വാസതലത്തില്‍ അംഗീകരിക്കുന്നില്ല എന്ന പരിഗണനനല്‍കി ക്രിസ്ത്യാനികളോടുള്ള നിലപാടില്‍ വലിയ വ്യത്യാസം കാണിച്ച ഖുര്‍ആന്‍ നമ്മുടെ മുന്നിലുണ്ടായിരിക്കെ, ഖുര്‍ആനെ അംഗീകരിക്കുകയും പ്രവാചകനെ സത്യപ്പെടുത്തുകയും ഇസ്ലാം നിശ്ചയിച്ച കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ മക്കയിലെ മുശ്'രിക്കുകളുമായി താരതമ്യം ചെയ്ത് നിലപാട് സ്വീകരിക്കുന്നത് ഭീകരമായ പാതകമാണ്. ഇനി ഈ വിഷയം ബുദ്ധിപരമായി ഒന്നാലോചിച്ചു നോക്കുക. ഒരു വിഭാഗം തങ്ങള്‍ ദൈവത്തെയാണ് ആരാധിക്കുന്നത് എന്ന് പറഞ്ഞാല്‍ അല്ല എന്ന് പറയുന്നത് എങ്ങനെ ന്യായീകരിക്കപ്പെടും. ഇസ്ലാമിന്റെ ഈ വിശാലകാഴ്ചപ്പാട് സ്വീകരിക്കുന്നതിനെ തൗഹീദിനെ നിസ്സാരവല്‍ക്കരിക്കുന്നവരായും ശിര്‍ക്ക് ബിദ്അത്തുകളെ വെള്ള പൂശുന്നവരായും ആരോപിക്കുക, പക്ഷപാതത്താല്‍ കണ്ണുകാണാത്ത ചില വ്യക്തികളുടെ സ്വഭാവമാണ്. അവരെ ചില വ്യക്തികളായി കാണാനാണ് എനിക്ക് താല്‍പര്യം. അതിന് ഒരു സംഘടനയുടെ വര്‍ണം നല്‍കാന്‍ എനിക്ക് തെളിവ് ലഭിച്ചിട്ടില്ല. ഒരു സംഘടയുടെ ആളുകളാണ് അത് ഉന്നയിക്കുന്നതും അതിന് തെളിവായി ഞാന്‍ കാണുന്നില്ല. ശിര്‍ക്ക് കലര്‍ന്ന വിശ്വാസത്തെ ശാഖാപരമായി കാണുന്നുവെന്ന ആരോപണവും ശരിയല്ല. കേവലം ചിലരുടെ ആരോപണം ഏറ്റ് പിടിക്കുന്നതിന് മുമ്പ് ഈ വിഷയത്തില്‍ ഇസ്ലാമിന്റെ നിലപാട് മനസ്സിലാക്കാനാണ് അല്ലാഹുവിനെ ഭയപ്പെടുന്നു എന്നവകാശപ്പെടുന്നവര്‍ ശ്രമിക്കേണ്ടത്. ഈ പോസ്റ്റില്‍ ഞാനുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണം ലഭിച്ചിട്ടില്ല. കേരളത്തിലെ യാഥാസ്ഥിക വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും നീതിപൂര്‍ണവും ഇസ്ലാമികവുമായ നിലപാടാണ് ഞാനിവിടെ വ്യക്തമാക്കിയത്. ഇതിനെ തെളിവുകളാല്‍ ഖണ്ഡിക്കുന്നത് വരെ പരിഹാസത്തിനും അക്ഷേപത്തിനുമപ്പുറം ഖുര്‍ആനികമായ ഈ നിലപാട് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയായി നില്‍ക്കുക തന്നെ ചെയ്യും

No comments:

Post a Comment