..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 28 April 2013

മലയാളം വിക്കിയില്‍ ജിന്നിന് നല്‍കിയ ചിത്രം: മനുഷ്യരില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണക്ക് നല്ല ഒരു തെളിവാണ് കേരളത്തില്‍ ഇക്കാലമത്രയും നടന്ന് വന്ന ജിന്ന് - പിശാച് ചര്‍ചയില്‍ എന്തോ ഒരു അപാകതയുണ്ട് എന്ന് നാം മനസ്സിലാക്കാന്‍ നിര്‍ബന്ധിതരാണ്. എന്തുകൊണ്ടെന്നാല്‍ ഇത് സംബന്ധമായി ചര്‍ചയില്‍ പങ്കെടുത്ത മുജാഹിദ് വിഭാഗത്തിലെ പണ്ഡിതരെല്ലാം ഇരുട്ടില്‍ തപ്പുന്നത് പോലെയാണ് അനുഭവപ്പെട്ടത്. സംഘടനയില്ലെന്ന് പറയുന്ന മുജാഹിദില്‍നിന്ന് പോയ സുബൈര്‍ മങ്കടയുടെ ജിന്ന് സിഹ്റ് സംബന്ധമായി വിശദമായ ക്ലാസ് നെറ്റില്‍നിന്ന് ശ്രവിക്കാവുന്നതാണ്. സംഘടയുടെ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറയാനുള്ളതെല്ലാം തുറന്ന് പറയുന്നു. ഒരു മുജാഹിദ് പണ്ഡിതന് അതില്‍നിന്ന് വ്യത്യസ്ഥമായ അഭിപ്രായം ഉണ്ട് എന്ന സൂചന ലഭിച്ചിട്ടില്ല. പൂര്‍ണമായ പ്രസംഗം എന്ന നിലക്ക് ലഭിച്ചതും അതാണ്. യൂറ്റൂബിലുള്ള മുറിക്ലിപ്പുകള്‍ യഥാര്‍ഥ വാദം മനസ്സിലാക്കാന്‍ പര്യാപ്തമല്ല എന്നതിനാല്‍ സുബൈര്‍ മങ്കടയുടെ ആ ക്ലാസുകളാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നത്. സകരിയ സലാഹിയുടെ അതേവാദം ഏറ്റുപിടിച്ചു സംസാരിച്ച മറ്റു ചില പണ്ഡിതന്‍മാരും ഉണ്ടായിരുന്നു. പിന്നീട് അവരില്‍ ചിലര്‍ കെ.ജെ.യുവുമായി യോജിച്ചു പോകാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ സകരിയാ സലാഹി കെ.എന്‍. എം നേതാക്കള്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അതിലെ പരാമര്‍ശങ്ങള്‍ എന്റെ വാദങ്ങളല്ല എന്ന നിലപാടിലാണ് അദ്ദേഹം ഉള്ളത്. ഇതുതന്നെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിതുറന്നുകൊടുക്കുന്നതിലും കലാശിച്ചത്. അണികളില്‍ വലിയ ഒരു പങ്ക് ഏത് പക്ഷത്ത് നില്‍ക്കണം എന്നറിയാതെ കുഴങ്ങുന്നതായി അനുഭവപ്പെടുന്നു. നാട്ടിലെ അറിയപ്പെടുന്ന മുജാഹിദ് പ്രവര്‍ത്തകനോട് ചോദിച്ചപ്പോഴും പ്രമാണം എവിടെയോ അവിടെയാണ് ഞാന്‍ എന്ന് പറയാനെ സാധിച്ചുള്ളൂ. എല്ലാവരും പ്രമാണം തന്നെയാണ് ഉദ്ധരിക്കുന്നത്. പക്ഷെ അതിന് നല്‍കുന്ന വിശദീകരണമാണ് വ്യത്യസ്ഥമാകുന്നത്. അതിനാല്‍ മുജാഹിദ് പ്രവര്‍ത്തകന്റെ മുന്നിലുള്ള മാര്‍ഗം ആരുടെ പ്രമാണവിശദീകരണം അംഗീകരിക്കണം എന്നതാണ്. ഖുര്‍ആനിലും ഹദീസിലും എവിടെയൊക്കെ ജിന്ന്, പിശാച് എന്ന് പ്രയോഗിച്ചു എന്ന് മനസ്സിലാക്കി ആ രണ്ട് കാര്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം, ശ്രദ്ധയില്‍ പെട്ടത്, ഖുര്‍ആനും ഹദീസും ഉദ്ധരിച്ച് തങ്ങളുടെ മുന്‍ധാരണകളില്‍നിന്ന് വരുന്ന ഒരു വ്യാഖ്യാനം നല്‍കുന്നതായിട്ടാണ്. അവിടെ ജിന്നും പിശാചും സാര്‍വത്രികമായി മാറിമറിയുന്നു. ജിന്ന് എന്ന് എവിടെ പ്രയോഗിച്ചുവോ അവിടെ മാത്രം ജിന്ന് എന്ന നിലക്ക് കാര്യങ്ങളെ കാണുക. പിശാച് എന്ന് പ്രയോഗിച്ചിടത്ത് അവ ജിന്നാകാനും മനുഷ്യനാകാനും അതിനുമപ്പുറം മറ്റേതെങ്കിലും ജീവിയാകാനും സാധ്യതയുണ്ട് അതിനാല്‍ ആ നിലക്കുള്ള സാധ്യത മുന്‍നിര്‍ത്തിമാത്രം അതിനെ വ്യാഖ്യാനിക്കുക. ചിലയിടത്ത് ഖരീന്‍ (കൂട്ടുകാരന്‍ ) എന്ന് കണ്ടേക്കാം. ഉടനെ അതും ജിന്നാക്കി മാറ്റി വ്യഖ്യാനിക്കാതെ ഏത് മനുഷ്യനും എപ്പോഴും കൂട്ടുകാരനായിരിക്കാന്‍ ഇടയുള്ള മനുഷ്യനെ ഒന്നാമതായി പരിഗണിക്കുക. ഇതാണ് കുറേകൂടി സത്യസന്ധമായ മാര്‍ഗം എന്നാണ് എന്റെ അഭിപ്രായം. ജിന്നിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഖുര്‍ആന്‍ പറഞ്ഞുതന്നിട്ടുള്ളൂ. തീയ്യിനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യനെപ്പോലെ സ്വന്തം ഇഛക്കനുസരിച്ച് അല്ലാഹുവിന്റെ കല്‍പനകളെ സ്വീകരിക്കാനും ധിക്കരിക്കാനും കഴിവ് നല്‍കപ്പെട്ടവരാണെന്നും നാം മനസ്സിലാക്കുന്നു. മുഹമ്മദ് നബി അവരിലേക്ക് കൂടി അയക്കപ്പെട്ടവരാണെന്നും. നന്മതിന്മകളെ സ്വയം തെരഞ്ഞെടുക്കാന്‍ അവകാശം ഉള്ളവരെന്ന നിലക്ക് നല്ലവരും ചീത്തയായവരും അവരുടെ കൂട്ടത്തിലുമുണ്ടെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അവര്‍ അവരുടെതായ ലോകത്ത് ജീവിക്കുന്നു. മനുഷ്യരുമായി ബന്ധപ്പെടുന്നത് നാം കാണുന്നില്ല. നബി തിരുമേനിയോ സഹാബികളോ ജിന്നുകളോട് ബന്ധപ്പെടുകയോ അവരെ ഉപോയോഗപ്പെടുത്തി ആരെയെങ്കിലും സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തതായി അറിയില്ല. ജിന്നിനെ ഇറക്കാന്‍ എന്തെങ്കിലും തന്ത്രമോ മന്ത്രമോ പ്രയോഗിച്ചതായും ആരും പറയുന്നത് കേട്ടിട്ടില്ല. ലോകത്ത് ഇന്നെവരെയുള്ള മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഇങ്ങനെ തന്നെ ജീവിച്ച് പോയവരാണ്. വിശുദ്ധഖുര്‍ആന്‍ അറിയിച്ച് തന്നെത് കൊണ്ട് അങ്ങനെയും ഒരു സൃഷ്ടിയുടെ അസ്ഥിത്വത്തില്‍ നാം വിശ്വസിക്കുന്നുവെന്ന് മാത്രം. ജിന്നിന്റെ സൃഷ്ടിപ്പ് തീയില്‍നിന്ന് അവന്‍ ചോദിച്ചു: `ഞാന്‍ നിന്നോട് ആജ്ഞാപിച്ചപ്പോള്‍ പ്രണാമംചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?` അവന്‍ പറഞ്ഞു: `ഞാന്‍ അവനെക്കാള്‍ ശ്രേഷ്ഠനാകുന്നു. നീ എന്നെ അഗ്നിയില്‍നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്; അവനെ മണ്ണില്‍നിന്നും. (ഖുര്‍ആന്‍ 7:12) . മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ചു. അതിനുമുമ്പ് ജിന്നുകളെ നാം തീജ്വാലയില്‍നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു . (15:27). മനുഷ്യനെ മണ്ണില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുമ്പോഴും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവഭേദ്യമാണ്. ആരും വിശദീകരിച്ച് തരേണ്ടതില്ല. അഥവാ മണ്ണിലെ മുലകങ്ങള്‍ തന്നെയാണ് മനുഷ്യശരീരത്തിലും അടിസ്ഥാനപരമായി ഉള്ളത്. എന്നാല്‍ ഇത്തരം പദാര്‍ഥങ്ങള്‍കൊണ്ടല്ല ജിന്നുകളെ സൃഷ്ടിച്ചിട്ടുള്ളത് തീയിലെ ഘടകങ്ങളെ ഉപയോഗിച്ചാണ് എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. അവയിലെ ഒന്നോ ഒന്നില്‍ കൂടുതലോ ആവാം. എന്താണ് തീയിലെ ഘടകങ്ങള്‍ അതിലെ ഏത് ഘടകമാണ് ജിന്നില്‍ ഉപയോഗിച്ചരിക്കുന്നത്. ഇവയൊക്കെ നാം വിശകലനം ചെയ്യേണ്ടതില്ല. എന്തായാലും അത് നമ്മെ ഒരു വിധത്തിലും ബാധിക്കുന്നുമില്ല. ഇഛാസ്വാതന്ത്ര്യമുള്ളവരാണ് ജിന്നുകള്‍ മനുഷ്യരെ പോലെ ദൈവിക കല്‍പന സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കഴിയും. ജിന്ന് വര്‍ഗത്തില്‍പെട്ട ഇബ്ലീസാണ് ധിക്കാരികളുടെ മാതൃകയായി ഖുര്‍ആന്‍ എടുത്ത് പറഞ്ഞത്. ആദമിന് വണങ്ങാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ അവന്‍ വിസമ്മതിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു. ഇഛാസ്വാതന്ത്ര്യമുള്ളത് കൊണ്ട് തന്നെ നല്ലവരും വഴിപിഴച്ചവരും അവരില്‍ ഉണ്ട്. ജിന്നുകളുടെ സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് നോക്കൂ... നമ്മില്‍ കുറേ സച്ചരിതരുണ്ട്. കുറേയാളുകള്‍ അതിനു താഴെയും. നാം വിവിധ മാര്‍ഗങ്ങളില്‍ ചിതറിപ്പോയിരിക്കുന്നു. ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനും ഓടിയകന്ന് അവനെ പറ്റിക്കാനും സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സന്മാര്‍ഗ സന്ദേശം കേട്ടപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. ആര്‍ തന്റെ നാഥനില്‍ വിശ്വാസം കൊള്ളുന്നുവോ, അവന് അവകാശ നഷ്ടമോ അനീതിയോ അശേഷം ഭയപ്പെടേണ്ടതില്ല. (ഖുര്‍ആന്‍ 72:11-13). ചിന്തയിലും ബാധ്യതകളിലും അവര്‍ മനുഷ്യര്‍ക്ക് തുല്യമാണ്. സൃഷ്ടിപ്പിന്റെ ഘടനയില്‍മാത്രമാണ് വ്യത്യാസം. തീകൊണ്ടാണ് സൃഷ്ടിപ്പ് എന്നതില്‍ പദാര്‍ഥത്താലല്ല എന്ന് നമുക്ക് മനസ്സിലാക്കാം. പ്രകാശോര്‍ജ്ജം, താപോര്‍ജ്ജം എന്നിവയെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവില്ലാതിരുന്ന ഒരു കാലത്ത് എക്കാലത്തെ മനുഷ്യര്‍ക്കും മനസ്സിലാക്കാനോ വിശ്വസിക്കാനോ പാകത്തില്‍ മലക്കുളെ പ്രകാശംകൊണ്ടും ജിന്നുകളെ തീകൊണ്ടും സൃഷ്ടിച്ചുവെന്ന് പറയുന്നത് സ്വാഭാവികം മാത്രമല്ലേ. സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹു രൂപമാറ്റം വരുത്തുന്നതിലൂടെയല്ലാതെ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ യഥേഷ്ടം രൂപം മാറാനുള്ള കഴിവുണ്ട് എന്ന് കരുതുന്നതിന് എന്ത് തെളിവാണ് ഖുര്‍ആനിലുള്ളത്. മറിച്ച് പ്രവാചകന്‍മാര്‍ക്ക് ചിലകാര്യങ്ങള്‍ പഠിപ്പിക്കാന്‍ മലക്കുകളെ മനുഷ്യരൂപത്തില്‍ അയച്ച സംഭവങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഉണ്ട്. ഉര്‍ജ്ജം പദാര്‍ഥമായും പദാര്‍ഥത്തെ ഊര്‍ജമായും മാറ്റാന്‍ കഴിയും എന്ന ആധുനിക അറിവ് വെച്ച് ഇത് അവിശ്വസനീയമായി ഇപ്പോള്‍ ഭൌതികവാദിക്ക് പോലും തോന്നേണ്ടതുമില്ല. ജിന്നുകളെ ഒരു അമാനുഷിക ദൃഷ്ടാന്തമെന്നോണം സുലൈമാന്‍ നബിക്ക് വിധേയമാക്കിയ സംഭവം ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. പക്ഷെ അത് വെച്ച്, വിജനമായ സ്ഥലത്ത് നിന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ധേശിച്ച് വിളിച്ച് തേടുന്നതിന് തെളിവായി സ്വീകരിക്കാമോ ?. ജിന്നിനെ മനുഷ്യരില്‍പെട്ട എല്ലാവര്‍ക്കും ഇവിധം സഹായം തേടാവുന്നവിധം സൃഷ്ടിച്ചതാണോ?. നബിയോ സഹാബികളോ ഇവിധം ജിന്നുകളെ ഉപയോഗപ്പെടുത്തിയിരുന്നോ ?. ഇതിനൊക്കെ നിഷേധാത്മകമായ മറുപടിയേ ഉണ്ടാവൂ. മറിച്ച് എന്നഭിപ്രായമുള്ളവര്‍ ഇനിയെങ്കിലും വ്യക്തമായ തെളിവ് കൊണ്ട് വരട്ടേ. പിശാച് അങ്ങനെ ഇങ്ങനെ എന്നുപറഞ്ഞുള്ള തെളിവ് ആവശ്യമില്ല. പിശാചിനെ പിശാചായും ജിന്നിനെ ജിന്നായും മനസ്സിലാക്കിയ വിശദീകരണമേ സത്യം കണ്ടെത്താന്‍ പ്രയോജനപ്പെടൂ. പിശാച് എന്നിടത്ത് മനുഷ്യപിശാചിനെ സംബന്ധിച്ചാകാനുള്ള സാധ്യതയുമുണ്ടല്ലോ ?. എന്നിരിക്കെ പിശാചിന്റെ പ്രവര്‍ത്തനത്തെ ജിന്നിന്റെ പ്രവര്‍ത്തനമായി മാത്രം വിലയിരുത്തുന്നതിന് ഒരു ന്യായവും ഇല്ല. ജിന്നിനോട് സഹായം തേടാമോ ?. എന്തിന് ജിന്നിനോട് സഹായം തേടണം എന്നതാണ് ആദ്യത്തെ പ്രശ്നം. മനുഷ്യനെ പോലെ ദൃഷ്ടിഗോചരമായ ഒരു സൃഷ്ടിയല്ല ജിന്ന്. ജിന്ന് മനുഷ്യനെ ഏത് കാര്യത്തിലും സഹായിക്കും എന്നതിന് ഒരു തെളിവും ആരും പറയുന്നത് കേട്ടിട്ടില്ല. മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ് ആരും കാണിച്ച് തന്നിട്ടില്ല. എന്നിരിക്കെ അദൃശ്യനായ ഈ ശക്തിയോടുള്ള സഹായതേട്ടം അസംബന്ധമാണ്. ശരിയാണ് മനുഷ്യരില്‍ ചിലര്‍ ജിന്നുകളോട് അഭയം തേടിയിരുന്നുവത്രെ. അത് ജിന്നുകളില്‍ അഹങ്കാരമുണ്ടാക്കി എന്ന് ഖുര്‍ആന്‍ പറയുന്നു. അവര്‍ അഭയം നല്‍കി എന്നോ ഇല്ല എന്നോ പറയുന്നില്ല. മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ച്ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവര്‍ ജിന്നുകളുടെ അഹങ്കാരം വര്‍ധിപ്പിച്ചു. (72:6). ജിന്നുകളെ അടിക്കടി ഖുര്‍ആന്‍ പരമാര്‍ശിക്കാനുള്ള കാരണം ഖുര്‍ആന്‍ ജിന്നുകളുടെ കൂടി സന്മാര്‍ഗമായതുകൊണ്ടാണ് അവരുടെ ജിവിതം വളരെ പരിമിതമായ വൃത്തത്തിലായതുകൊണ്ടാണോ ആവോ, മൊത്തത്തിലുള്ള ചില ഉപദേശങ്ങളേ അവരുമായി ബന്ധപ്പെടതായികാണുന്നുള്ളൂ. ദൈവാനുസരണത്തിനും ഏകദൈവാരാധനക്കും പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് വിചാരണവേളയില്‍ അല്ലാഹു ചോദിക്കും.. `ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിച്ചുതരികയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ദൈവദൂതന്മാര്‍ നിങ്ങളില്‍നിന്നുതന്നെ നിങ്ങളില്‍ വന്നിരുന്നില്ലേ?` അവര്‍ പറയും: `അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കുന്നു.` ഇന്ന് ഭൌതികജീവിതം അവരെ ആത്മവഞ്ചനയിലകപ്പെടുത്തിയിരിക്കുകയാകുന്നു. പക്ഷേ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന്, ആ സന്ദര്‍ഭത്തില്‍ അവര്‍ , അവര്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കും. (6:130) സത്യത്തില്‍ ഒരാള്‍ വിശ്വാസിയായിരിക്കാന്‍ ഇത്രയേ വേണ്ടൂ. ഭൌതിക ശാസ്ത്രജ്ഞരെ പോലെ ഇത്തരം ഒരു സൃഷ്ടിയുടെ അല്ലാഹു നല്‍കാത്ത വിശദാംശങ്ങള്‍ കണ്ടുപിടിക്കേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. പക്ഷെ മുസ്ലിംകളില്‍ ഒരു വിഭാഗം ഇതുകൊണ്ട് തൃപ്തിപ്പെട്ടില്ല അവര്‍ ജിന്നുകളെക്കുറിച്ച് ഗവേഷണം തന്നെ നടത്തി. അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ തേടിപ്പോയി. ഖുര്‍ആനില്‍ വേണ്ടത്ര വിശദീകരണം ലഭിക്കാതെ വന്നപ്പോള്‍ ഹദീസുകളെ സമീപിച്ചു. എന്നിട്ടും വേണ്ടത്ര ലഭിച്ചില്ല. അതിനാല്‍ പിന്നീട് ശൈത്വാന് നല്‍കപ്പെട്ട വിശേഷണങ്ങള്‍ അവര്‍ ജിന്നിലേക്ക് ചാര്‍ത്തി. പിശാച് എന്നാല്‍ ജിന്നിന്റെ പര്യായം എന്ന നിലക്ക് അവര്‍ കാര്യങ്ങളെ വിശദീകരിച്ചു. അങ്ങനെ ജിന്നിനെക്കുറിച്ച് ഒരു പാട് അറിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന രൂപത്തില്‍ കൈകാര്യം ചെയ്തു. അങ്ങനെ ജിന്നുകള്‍ മനുഷ്യനില്‍ പ്രവേശിക്കുമെന്നും, അവരും മനുഷ്യരും തമ്മില്‍ ലൈംഗികബന്ധത്തില്‍വരെ ഏര്‍പ്പെടുമെന്നും, അവരില്‍ ചിലര്‍ കള്ളന്‍മാരായി വന്ന് സാധനങ്ങള്‍ മോഷ്ടിക്കുമെന്നും , അവര്‍ സൌകര്യാനുസരണം പാമ്പും, നായയുമായി രൂപാന്തരപ്പെടുമെന്നും നീണ്ടനീണ്ട പള്ളിക്ലാസുകളിലൂടെ ജനങ്ങളെ പഠിപ്പിച്ചു. ആ വിശദീകരണം അതേ പ്രകാരം അംഗീകരിക്കാത്തവര്‍ അറബി ഭാഷയുടെ എ.ബി.സി.ഡി അറിയാത്തവരാണെന്നും ഹദീസിനെ തള്ളുന്നവരാണെന്നും ദുര്‍വ്യാഖ്യാനം ചമക്കുന്നവരാണെന്നും തട്ടിവിട്ടു. എന്താണ് പിശാച് എന്നതിന് അവര്‍ നല്‍കിയ വിശദീകരണം കൃത്യമായിരുന്നു. പക്ഷെ വാദങ്ങളിലേക്ക് വന്നപ്പോള്‍ അവര്‍ ആ വിശദീകരണം മറന്നു. ശൈത്വാന്‍ എന്നതിന് ഇസ്ലാമില്‍ ശൈത്വാന്‍ (പിശാച്) എന്നത് ഒരു പ്രത്യേക സൃഷ്ടിയുടെ പേരല്ല. ജിന്നിലും മനുഷ്യരിലും പിശാചുക്കളുണ്ട് എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. മാത്രമല്ല അല്‍ബഖറയില്‍ ആദ്യമായി പരാമര്‍ശിച്ച ശൈത്വാന്‍ ജിന്നിലെ പിശാചിനെക്കുറിച്ചല്ല മദീനയിലുള്ള മുനാഫിഖുകളുടെ നിഷേധികളായ സുഹൃത്തുക്കളെ സംബന്ധിച്ചാണ്. മനുഷ്യമനസ്സില്‍ വസ്വ് വാസ് ഉണ്ടാക്കുന്ന പിശാചുകളില്‍ പോലും മനുഷ്യരിലും ജിന്നിലും പെട്ടവരുണ്ട് . ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. (6:112) ജിന്നിനെ മനസ്സിലാക്കിയ പോലെ ശൈത്വാന്‍ എന്താണെന്ന് മനസ്സിലാക്കേണ്ടതും ഏതൊക്കെ കാര്യങ്ങളെ ശൈത്വാന്‍ എന്ന് വിളിച്ചു എന്നത് നോക്കിയാണ്. അങ്ങനെ പരിശോധിച്ചാല്‍ മനുഷ്യനെ സത്യത്തിന്റെ വഴിയില്‍നിന്ന് തെറ്റിക്കുന്ന, ദൈവാനുസരണത്തിന് വിഘാതംവരുത്തുന്ന, ദൈവാനുസരണത്തിന് വഴങ്ങാത്ത, മനുഷ്യന് ഉപദ്രവകരമായ വ്യക്തികളെയും ജീവികളെയുമൊക്കെ പിശാച് എന്ന് വിളിച്ചതായി കാണാം. നമസ്കാരത്തിന് മുന്നിലൂടെ കടന്നുപോകുന്ന കറുത്ത നായയെ പിശാച് എന്ന് പരാമര്‍ശിച്ചിരിക്കുന്നു. മനുഷ്യരിലെ ചീത്തക്കൂട്ടുകാരെയും നേതാക്കളെയുംമൊക്കെ പിശാച് എന്ന് വിളിക്കാവുന്നതാണ്. മനുഷ്യനെ ഏറ്റവും കൂടുതല്‍ വഴിതെറ്റിക്കുന്നതും മനുഷ്യരിലെ പിശാചുക്കള്‍ തന്നെയാണ്. അതുകൊണ്ട് തന്നെയായിരിക്കും ഖുര്‍ആനിലെ ആദ്യ പരാമര്‍ശം തന്നെ മനുഷ്യരിലെ പിശാചിനെക്കുറിച്ചായത്. ജിന്ന് എന്നോ ജാന്ന് എന്നോ കണ്ടിടത്തോക്കെ ഇബ്ലിസിന്റെ വര്‍ഗമായ ജിന്ന് മാത്രമാണ് എന്ന് ധരിക്കരുത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജാന്ന് എന്ന പ്രയോഗം ഖുര്‍ആനില്‍ ഏഴ് തണവന്നപ്പോള്‍ അതില്‍ രണ്ട് തവണ സര്‍പം എന്ന അര്‍ഥത്തിലാണ് വന്നിട്ടുള്ളത്. അത് ജിന്ന് വേഷം മാറി പാമ്പായതല്ല. മൂസാനബി വടി ഇട്ടപ്പോള്‍ മാറിയ സാക്ഷാല്‍ സര്‍പം. ഈ സൂക്തം കാണുക. (തുടര്‍ന്ന് ഇപ്രകാരം കല്‍പനയായി:) നിന്റെ വടി താഴെയിടുക.` താഴെയിട്ടപ്പോള്‍ ആ വടി പാമ്പിനെപ്പോലെ പുളയുന്നതു (وألق عصاك فلما رآها تهتز كأنها جان) കണ്ട് മൂസാ പുറംതിരിഞ്ഞ് ഓടിക്കളഞ്ഞു. തിരിഞ്ഞു നോക്കിയതേയില്ല. (കല്‍പനയുണ്ടായി:) `മൂസാ, തിരിച്ചുവരിക. ഭയപ്പെടേണ്ട. നീ തികച്ചും സുരക്ഷിതനാകുന്നു. (28:31) പാമ്പിന് ജിന്ന് /ജാന്ന് എന്ന് പറയുന്നത് ആലങ്കാരികമായിട്ടോ ജിന്ന് പാമ്പായതുകൊണ്ടോ അല്ലാ സാക്ഷാല്‍ ഭാഷാര്‍ഥത്തില്‍ തന്നെ. ജന്ന എന്നവാക്കില്‍ മറഞ്ഞു അപ്രത്യക്ഷമായി എന്ന അര്‍ഥമാണ് ഉള്ളത് എന്ന് ആദ്യ പോസ്റ്റില്‍ സൂചിപ്പിച്ചുവല്ലോ. അറബി ഭാഷയനുസരിച്ച് അതേ അടിസ്ഥാന അക്ഷരങ്ങള്‍ ഉള്‍കൊള്ളുന്ന ഏതൊക്കെ പദങ്ങളുണ്ടോ അവയ്ക്കെല്ലാം അര്‍ഥത്തിലും സമാനമായ ഒരു ഘടകം ഉണ്ടാകും. ഉദാഹരണം ج ن ن എന്ന മൂന്ന് അടിസ്ഥാന അക്ഷരങ്ങളുള്ള പദങ്ങളാണ് ജിന്ന് , ജന്നത്ത്, ജുന്നത്ത്, മജ് നൂന്‍ തുടങ്ങിയവയെല്ലാം. ഇവിയിലോക്കെ ഒരു മറയലോ മറക്കലോ ഉണ്ടാകും. ജിന്ന് എന്നാല്‍ മറഞ്ഞിരിക്കുന്നത് അഥവാ ദൃഷ്ടിഗോചരമല്ലാത്തത്, ജുന്നത്ത് എന്നാല്‍ പരിച (വെട്ട് മറക്കുന്നത്, തടുക്കുന്നത്) ജന്നത് എന്നാല്‍ തോട്ടം ഭൂമിയെ സൂര്യപ്രകാശത്തില്‍നിന്ന് മറയ്ക്കുന്നത്, മജ്നൂന്‍ എന്നാല്‍ ഭ്രാന്തന്‍ ബുദ്ധിമറയുമ്പോഴാണല്ലോ ഭ്രാന്ത് സംഭവിക്കുന്നത്. ഇത്രയും കാര്യം പറഞ്ഞത്, ജിന്ന് എന്നത് ഇബ്ലീസ് വര്‍ഗത്തില്‍പെട്ട ഒരു സൃഷ്ടിക്ക് പറയുന്ന സത്താനാമം മാത്രമല്ല എന്ന് സൂചിപ്പിക്കാനാണ്. ആ പേര് ലഭിച്ചത് തന്നെ മനുഷ്യദൃഷ്ടിയില്‍ മറഞ്ഞിരിക്കുന്ന സൃഷ്ടി എന്ന നിലക്കാണ്. പാമ്പിന് ജാന്ന് എന്ന് പ്രയോഗിച്ചത് പകല്‍ സമയത്ത് മനുഷ്യദൃഷ്ടിയില്‍നിന്ന് മറഞ്ഞിരിക്കുന്നത് കൊണ്ടാണ്. സൂക്ഷമജീവികളെയോ ഫംഗസിനെയോ ജിന്ന് എന്ന് അറബി ഭാഷയനുസരിച്ച് തന്നെ വിളിക്കാവുന്നതാണ്. എല്ലുകള്‍ ജിന്നുകളുടെ ഭക്ഷണമാണ് എന്ന് കുറിക്കുന്ന ഹദീസില്‍ പറയപ്പെടുന്ന ജിന്ന് സൂക്ഷമജീവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് തന്നെയാണല്ലോ സ്വാഭാവികവും. നാം കണ്ടുകൊണ്ടിരിക്കുന്നതും. ഇത്രയും കാര്യങ്ങള്‍ പ്രാമണികമായും ഭാഷാപരമായും യുക്തിപരമായും മനസ്സിലാക്കിയാല്‍ ഇബ്ലീസും , ജിന്നും , പിശാചുമൊന്നും പ്രചരിപ്പിക്കുന്നത് പോലെ സങ്കീര്‍ണമല്ല. ഏത് സാധാരണക്കാരന് പോലും മനസ്സിലാകുന്നവിധം ലളിതമാണ്. മാത്രമല്ല സകല തെറ്റായ വിശ്വാസത്തില്‍നിന്നും തൌഹീദീആദര്‍ശത്തിന്റെ വ്യതിചലനത്തില്‍നിന്നും അത് മനുഷ്യനെ രക്ഷപ്പെടുത്തുകയും ചെയ്യും.

No comments:

Post a Comment