തിരുമേനിയുടെ സൌന്ദര്യവും സ്വഭാവവും

വര്‍ണനാതീതമായ സ്വഭാവ ശീലങ്ങളുടെയും ശരീരസൌന്ദര്യത്തിന്റെയും നിറകുടമായിരുന്നു പ്രവാചകതിരുമേനി. അതിനാല്‍തന്നെ ജനങ്ങള്‍ അവിടുത്തെ ആദരപൂര്‍വം വീക്ഷിച്ചു. അവരുടെ മനസ്സുകളെ അവിടുന്നു സ്വാധീനിച്ചു. മറ്റേതൊരു നേതാവിനും ഒരു കാലത്തും ലഭിക്കാത്ത അവാച്യമായ ബഹുമാനാദരവുകളായിരുന്നു അവിടുന്ന് നേടിയത്. തങ്ങളുടെ ശിരസറ്റാലും അവിടുത്തെ ശരീരത്തില്‍ ഒരു പോറലേല്ക്കുന്നത്പോലും അവര്‍ക്ക് സഹിക്കുമായിരുന്നില്ല. അത്രയേറെ അവര്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. തൂലികക്ക് അപ്രാപ്യമായ ആ സൌന്ദര്യത്തെയും സ്വഭാവത്തേയും പരിചയപ്പെടുത്തുന്ന ഏതാനും നിവേദനങ്ങള്‍ ചുരുക്കി ഇവിടെ പരിചയപ്പെടുത്തുകയാണ് നാം.
ശാരീരിക സൌന്ദര്യം
പ്രവാചകന്‍ തന്റെ പലായനവേളയില്‍ ഖുസാഅ ഗോത്രക്കാരി ഉമ്മുമഅ്ബദിന്റെ തമ്പിനുസമീപം കടന്നുപോവുകയുണ്ടായി. പ്രവാചകനെ കണ്ട അവര്‍ തന്റെ ഭര്‍ത്താവിനു അദ്ദേഹത്തെ വര്‍ണിച്ചുകൊടുക്കുകയാണ്. പ്രസന്നമുഖന്‍, അതിസുന്ദരന്‍, കുറുകിയ ഇടുപ്പ്, ഒത്ത ശിരസ്, അഴകാര്‍ന്ന പ്രകൃതം, ആകര്‍ഷകമായ നേത്രങ്ങള്‍, നിറഞ്ഞപുരികം, മാര്‍ദവമായ ശബ്ദം, ഇണങ്ങിയ കണ്ണുകള്‍, സുറുമയെഴുതിയ മിഴികള്‍, ചേര്‍ന്നുനില്ക്കുന്ന പുരികങ്ങള്‍, കറുത്തുമുറ്റിയകേശം, ഗൌരവപൂര്‍ണമായ മൌനം, പ്രൌഢമായ സംസാരം, അകലെനിന്ന് വീക്ഷിക്കുന്നവന് സുന്ദരന്‍, സമീപസ്ഥന് മധുരമാര്‍ന്നവന്‍, സുഭാഷിതന്‍, മിതഭാഷി, മുത്തുകള്‍ പൊഴിയുന്നതുപോലെ മൊഴിയുന്നവന്‍, മിത ഗാത്രന്‍, ഏറെ നീണ്ടവരോ കുറിയവരോ അല്ല, ആജ്ഞാശക്തിയുള്ളവന്‍, സഹചരന്മാര്‍ സേവന സന്നദ്ധരായി നില്ക്കുന്നവന്‍, ഇതരരാല്‍ ആകര്‍ഷിക്കപ്പെടുന്നവന്‍, വിഡ്ഡീകരിക്കപ്പെടാത്തവന്‍ 1
അലി(റ) തിരുദൂതരെ വര്‍ണിക്കുകയാണ്: ഏറെ നീണ്ടവരോ കുറിയവരോ അല്ലാത്ത മിതഗാത്രന്‍. ചുരുങ്ങി ചുരുണ്ടതോ നേര്‍ത്തുനീണ്ടതോ അല്ലാതെ ഭംഗിയായി ചീകിയൊതുക്കിയ കേശത്തോടുകൂടിയവര്‍, കൊഴുത്തു തടിച്ചവരോ മുഖമുരുണ്ടവരോ ആയിരുന്നില്ല. വട്ടമുഖവും ഇളം ചുവപ്പ് കവിളുകളും കറുത്ത കൃഷ്ണമണികളോടു കൂടിയ നേത്രങ്ങളും മുറ്റിയ പുരികങ്ങളുമുള്ളവരും, വിടര്‍ന്നമാറും വിശാലമായ ചുമലും വലിയ ശിരസും കരുത്തുള്ള ദൃഷ്ടിയും പാദങ്ങളുമുള്ളവരുമായിരുന്നു. നടക്കുമ്പോള്‍ ഉയരങ്ങളില്‍ നിന്നിറങ്ങിവരുന്നവനെ പോലെ തോന്നിക്കുമായിരുന്നു. തിരിയുമ്പോള്‍ പൂര്‍ണമായും തിരിയും. ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വമുദ്രയുണ്ടായിരുന്നു. അവിടുന്നു പ്രവാചകന്മാരുടെ മുദ്രയായിരുന്നു. ഉദാരന്‍ ധീരന്‍, സുഭാഷിതന്‍, ഉത്തരവാദിത്തം നിറവേറുന്നവന്‍, മൃദുലസ്വഭാവി, മാന്യന്‍, ഒറ്റനോട്ടത്തില്‍ ഗൌരവം തോന്നിക്കുമെങ്കിലും ഇടപഴകുമ്പോള്‍ സ്നേഹം പിടിച്ചുപറ്റുന്നവന്‍. അദ്ദേഹത്തെ കാണുന്ന ആരും പറഞ്ഞുപോകും അദ്ദേഹത്തിന് മുമ്പോ പിമ്പോ അദ്ദേഹത്തെപോലെ ഞാനാരെയും കണ്ടിട്ടില്ല എന്ന്2
ജാബിറുബിന്‍ സമൂറ പറയുന്നു: "പ്രൌഢമായ വായും വിടര്‍ന്ന നേത്രവും മെലിഞ്ഞകാല്‍ മടമ്പുമുള്ളയാളായിരുന്നു അവിടുന്ന്'' അബൂത്വുഫൈല്‍ പറയുന്നു: വെളുത്ത ശരീരമുള്ളവനും സുമുഖനും മിതഗാത്രനുമായിരുന്നു അവിടുന്ന്. 3
അനസ്ബിന്‍ മാലിക് പറയുന്നു: വിടര്‍ന്ന കൈപത്തിയും ചുവപ്പ് കലര്‍ന്ന വെള്ളയോടുകൂടിയ ശോഭയാര്‍ന്നവരുമായിരുന്നു തിരുമേനി. അവിടുത്തെ ശിരസിലും താടിയിലുമായി ഇരുപതു മുടിയിലേറെ നരച്ചിരുന്നില്ല.''4
അബൂജുഹൈഫ പറയുന്നു: അവിടുത്തെ കീഴ്ചുണ്ടിന് കീഴെ അല്പം നര ബാധിച്ചത് ഞാന്‍ കാണുകയുണ്ടായി. ബറാഅ് പറയുന്നു: റസൂല്‍(സ) ചീകിയൊതുക്കിയ മുടിയോടുകൂടിയ മിതഗാത്രനായിരുന്നു. ഇരു ചുമലുകളും വിശാലമായവരും ചെവിക്കുറ്റിയോളമെത്തുന്ന മുടിയുള്ളവരുമായിരുന്നു. ഇളം ചെമപ്പ് വസ്ത്രമണിഞ്ഞവനായിരിക്കെ അവിടുത്തേക്കാള്‍ സൌന്ദര്യമുള്ളതായി ഞാനൊന്നും കണ്ടിട്ടില്ല.'' ആദ്യകാലത്ത് അവിടുന്ന് അഹ് ല് കിതാബുകാരോടു യോജിച്ചുകൊണ്ട് മുടി അഴിച്ചിട്ടിരുന്നു. പില്‍ക്കാലത്ത് മുടി തലയുടെ ഇരുഭാഗങ്ങളിലുമായി ചീകിയൊതുക്കിയിടുകയാണുണ്ടായത്. ബറാഅ്ബിന്‍ ആസിബിനോട് ഒരാള്‍ ചോദിച്ചു. റസൂല്‍(സ)യുടെ മുഖം തിളക്കത്തില്‍ വാളുപോലെയായിരുന്നോ? 'അല്ല, ചന്ദ്രനെപ്പോലെയായിരുന്നു' അദ്ദേഹം പറഞ്ഞു.5 റബീഅ്ബിന്‍ മുഅബ്ബിദ് പറയുന്നു: പൂര്‍ണചന്ദ്രന്‍ പ്രകാശിച്ചു നില്ക്കുന്ന ഒരു രാവില്‍ ഇളംചെമപ്പ് വസ്ത്രങ്ങളണിഞ്ഞു ഞാന്‍ റസൂല്‍(സ)യെ കാണുകയുണ്ടായി. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെയും പൂര്‍ണചന്ദ്രനെയും മാറിമാറി വീക്ഷിച്ചു. അവിടുന്നായിരുന്നു എനിക്ക് പൂര്‍ണ ചന്ദ്രനേക്കാള്‍ സൌന്ദര്യമുള്ളതായി തോന്നിയത്.6
അബൂഹുറയ്റ(റ) പറയുന്നു: റസൂല്‍(സ)യേക്കാള്‍ സൌന്ദര്യമുള്ളതായി ഒന്നും ഞാന്‍ കണ്ടിട്ടില്ല. സൂര്യന്‍ അവിടുത്തെ വദനത്തില്‍ പ്രകാശിക്കുന്നതുപോലെതോന്നിക്കും. അവിടുത്തേക്കാള്‍ വേഗത്തില്‍ നടക്കുന്നതായി ആരേയും ഞാന്‍ കണ്ടിട്ടില്ല. ഭൂമി അവിടുത്തെ മുന്നില്‍ ചുരുണ്ടതുപോലെതോന്നും. അവിടുത്തെ കൂടെയെത്താന്‍ ഞങ്ങള്‍ പ്രയാസപ്പെടും. അദ്ദേഹത്തിനാകട്ടെ ഒരു പ്രയാസവുമില്ല.''7
കഅബ്ബിന്‍ മാലിക് പറയുന്നു: സന്തുഷ്ടനായാല്‍ അവിടുത്തെമുഖം പൂര്‍ണചന്ദ്രനെപ്പോലെ വെട്ടിത്തിളങ്ങും.
ഒരിക്കല്‍ ആഇശ(റ)യുടെ അടുക്കലിരിക്കെ അവിടുത്തെ കവിളില്‍ വിയര്‍പ്പ് പൊടിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: അബൂകബീറുല്‍ ഹദ്ലിയെങ്ങാനും അങ്ങയെ കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വര്‍ണന താങ്കളെ പറ്റിയാകുമായിരുന്നു.
"അവിടുത്തെ മുഖ കമലമെങ്ങാനും നീ കണ്ടിരുന്നാല്‍
തിളങ്ങുമത് പെയ്തിറങ്ങുന്ന മഴയിലെ മിന്നല്‍ കണക്കെ''!8
കുപിതനാകുമ്പോള്‍ അവിടുത്തെ മുഖം ഉറുമാന്‍പഴം പോലെ ചുവന്നു തുടുക്കും. ജാബിര്‍ബിന്‍ സമുറ പറയുന്നു: അവിടുത്തേത് നേരിയ കണങ്കാലായിരുന്നു. ഉച്ചത്തില്‍ ചിരിക്കാതെ പുഞ്ചിരിക്കുകമാത്രമേ അവിടുന്ന് ചെയ്തിരുന്നുള്ളു. നേത്രങ്ങള്‍ സുറുമയെഴുതിയതുപോലെ തോന്നിക്കും യഥാര്‍ഥത്തില്‍ അവ സുറുമയെഴുതിയിരുന്നില്ല. ഇബ്നു അബ്ബാസ് പറയുന്നു: തിരുമേനിയുടെ മുന്‍ നിരയിലെ രണ്ടു പല്ലുകള്‍ പൊട്ടിയിരുന്നു. സംസാരിക്കുമ്പോള്‍ അതുവഴി പ്രകാശം പുറത്തുവരുന്നതുപോലെ തോന്നിക്കും.9
തിരുമേനിയുടെ കഴുത്ത് നീളമുള്ളതും അഴകുള്ളതും വെള്ളിപോലെ തെളിഞ്ഞതുമായിരുന്നു. നീണ്ട കണ്‍പുരികങ്ങളും മുറ്റിയതാടി രോമങ്ങളും വിശാലമായ നെറ്റിത്തടവും ഉയര്‍ന്ന നാസികയും മൃദുലമായ കവിള്‍ത്തടവും നെഞ്ചില്‍നിന്ന് പൊക്കിള്‍വരെ നേര്‍ത്തരോമങ്ങളുള്ളവരുമായിരുന്നു. വിശാലമായ മാറിടവും വിടര്‍ന്ന കൈപ്പത്തിയും നിവര്‍ന്നകാലുകളും അടിഭാഗം മേലോട്ട് കുഴിഞ്ഞ് മണ്ണില്‍ പതിഞ്ഞു നില്ക്കുന്ന പാദങ്ങളും വിനയപൂര്‍വം ഉറച്ച ചുവടുവെപ്പോടെ നടന്നുനീങ്ങുന്നവരുമായിരുന്നു.10)
അനസ്(റ) പറയുന്നു: നബി(സ)യുടെ കൈപത്തിയേക്കാള്‍ മൃദുലമായ ഒരുപട്ടും ഞാന്‍ സ്വീകരിച്ചിട്ടില്ല. അവിടുത്തെ വിയര്‍പ്പിനേക്കാള്‍ സുഗന്ധമുള്ള അമ്പറോ കസ്തൂരിയോ ഒന്നും ഞാന്‍ വാസനിച്ചിട്ടുമില്ല.
അബൂജുഹൈഫ പറയുന്നു: അവിടുത്തെ കൈപ്പിടിച്ച് എന്റെ മുഖത്ത് വെച്ചപ്പോള്‍ അത് മഞ്ഞിനേക്കാള്‍ തണുപ്പും കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതുമായി എനിക്കനുഭവപ്പെട്ടു. 'ഞാന്‍ കൊച്ചുകുട്ടിയായിരുന്ന സമയത്ത് തിരുമേനി എന്റെ, കവിളില്‍ തടവിയപ്പോള്‍ സുഗന്ധവും തണുപ്പും കാരണം ഒരു സുഗന്ധഭരണിയില്‍നിന്ന് പുറത്തെടുത്ത കൈവെള്ളപോലെയായിരുന്നു തനിക്ക് അനുഭവപ്പെട്ടതെന്ന് ജാബിര്‍ബിന്‍ സമുറ പറയുന്നു. തിരുമേനിയുടെ വിയര്‍പ്പ് മുത്തുപോലെയാണെന്ന് അനസും അത് ഏറ്റം നല്ല സുഗന്ധമായിരുന്നുവെന്ന് ഉമ്മു സുലൈമും പറയുന്നു.11പ്രവാചകന്‍ പ്രവേശിച്ച വഴിക്ക് മറ്റൊരാള്‍ അദ്ദേഹത്തെ തുടര്‍ന്നുപോയാല്‍ അവിടുത്തെ ശരീരത്തില്‍നിന്ന് അടിച്ചുവീശുന്ന സുഗന്ധം കാരണം അദ്ദേഹത്തെ തിരിച്ചറിയാമായിരുന്നുവെന്ന് ജാബിര്‍(റ) പറയുന്നു.
മഹിത സ്വഭാവവും സമ്പൂര്‍ണ വ്യക്തിത്വവും
ശുദ്ധമായ ഭാഷയില്‍ സ്പഷ്ടമായ ശൈലിയില്‍ ഒഴുക്കോടെ ആകര്‍ഷകമായി സംസാരിക്കുന്നവരായിരുന്നു നബിതിരുമേനി. കൃത്രിമത്വമോ ജാടയോ ഇല്ലാതെ ആശയ ഗാംഭീര്യമുള്ള വാചകങ്ങളായിരുന്നു അവിടുത്തെ സംസാരം. ഓരോ ഗോത്രവിഭാഗങ്ങളോടും അവരുടെ ഭാഷയിലും ശൈലിയിലും സംസാരിക്കുകയും സംവദിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.
വിവേകവും സഹനവും പുലര്‍ത്താനും ശക്തിയുള്ളപ്പോള്‍ വിട്ടുവീഴ്ചചെയ്യാനും പടച്ചവന്‍ അദ്ദേഹത്തെ പഠിപ്പിച്ചിരുന്നു. ഏത് നേതാവും പാളിപ്പോകുന്നേടത്തും ഏത് ക്ഷമാലുവും അസ്വസ്ഥനാകുന്നേടത്തും പ്രവാചകനെ അതീവ ക്ഷമാലുവായി നാം കാണുന്നു. ആഇശ(റ) പറയുന്നു: "രണ്ടുകാര്യങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പു സ്വാതന്ത്ര്യം നല്കപ്പെട്ടാല്‍ അതില്‍ ഏറ്റം എളുപ്പമുള്ളതായിരുന്നു പ്രവാചകന്‍ തെരഞ്ഞെടുത്തിരുന്നത്. അതൊരു പാപമാകാത്ത കാലത്തോളം. പാപമാണെങ്കില്‍ അവിടുന്നായിരിക്കും അതിനോട് ഏറ്റം അകന്നവന്‍. അല്ലാഹുവിന്റെ പവിത്രത ലംഘിക്കുമ്പോഴല്ലാതെ തന്റെ വ്യക്തിപരമായ കാര്യത്തില്‍ പ്രവാചകന്‍ ആരോടും പ്രതികാരം ചെയ്തിട്ടില്ല.''12)
ദാരിദ്ര്യം ഭയക്കാതെ ദാനം ചെയ്യുന്ന ഉദാരനായിരുന്നു പ്രവാചകന്‍. ഇബ്നു അബ്ബാസ്(റ) പറയുന്നു: "പ്രവാചകന്‍ ഏറ്റം വലിയ ഉദാരനായിരുന്നു. റമദാനില്‍ ജിബ്രീല്‍ അവിടുത്തെ സന്ദര്‍ശിക്കാന്‍ വരുമ്പോളായിരുന്നു ഏറ്റം കൂടുതല്‍ ഔദാര്യവാനായിരുന്നത്. ജിബ്രീല്‍ റമദാനിലെ എല്ലാ രാത്രികളിലും അവിടുത്തേക്ക് ക്വുര്‍ആന്‍ പാഠം നോക്കുമായിരുന്നു. സ്വച്ഛന്ദം അടിച്ചു വീശുന്ന കാറ്റിനെക്കാള്‍ ഏറെ ഔദാര്യം അവിടുന്നു കാണിച്ചു!'' 'എന്ത് ചോദിച്ചാലും ഇല്ലെന്ന് പറയാത്ത ഉദാരനെന്ന് ജാബിര്‍ പറയുന്നു.'' 13
ധീരനായിരുന്നു പ്രവാചകന്‍ പ്രതിസന്ധിയില്‍ പതറാതെ പിടിച്ചു നില്ക്കുന്ന ധീരന്‍. ശത്രുമുഖത്തേക്ക് ഭയമില്ലാതെ കുതിക്കുന്ന ധീരന്‍. പലധീരന്മാരുടെയും ചരിത്രത്തില്‍ പതറിയതും പിന്‍വലിഞ്ഞതും നാം കാണുന്നുവെങ്കില്‍ അങ്ങനെയൊന്ന് പ്രവാചക ചരിത്രത്തില്‍ നാം കാണുന്നില്ല. അലി(റ) പറയുന്നു: യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ ഞങ്ങള്‍ പ്രവാചകനെയാണ് അഭയം പ്രാപിക്കാറുള്ളത്. അപ്പോഴദ്ദേഹം ശത്രുവിന്റെ ഏറ്റം സമീപത്തായിരിക്കും'' അനസ് പറയുന്നു: ഒരിക്കല്‍ മദീനയില്‍ ഒരു ശബ്ദം കേട്ട സ്ഥാനത്തേക്ക് ആളുകളെല്ലാം വിഭ്രാന്തരായി രാത്രിയില്‍ ചെന്നപ്പോള്‍ തിരുമേനിയുണ്ട് കഴുത്തില്‍ ഒരു വാളും തൂക്കി അബൂത്വല്‍ഹയുടെ ജീനിയില്ലാത്ത കുതിരപ്പുറത്ത് അവിടെനിന്ന് തിരിച്ചുവരുന്നു. "ഒന്നും ഭയപ്പെടാനില്ല ഒന്നും ഭയപ്പെടാനില്ല' എന്നു പറഞ്ഞുകൊണ്ട്.14
ഏറെ ലജ്ജാലുവായിരുന്നു പ്രവാചകന്‍. അബൂസഈദുല്‍ ഖുദ്രി പറയുന്നു: മുറിക്കകത്ത് ഒളിഞ്ഞിരിക്കുന്ന കന്യകയേക്കാള്‍ ലജ്ജാലുവായിരുന്നു പ്രവാചകന്‍. എന്തെങ്കിലും അനിഷ്ടകരമായതു കണ്ടാല്‍ അതവിടുത്തെ മുഖത്ത് പ്രകടമാകുമായിരുന്നു.'' ആരുടെയും മുഖത്തേക്ക് തുറിച്ചുനോക്കാതെ വിനയപൂര്‍വം കീഴോട്ടായിരുന്നു അവിടുന്ന് നോക്കിയിരുന്നത്. മേലോട്ട് നോക്കുന്നതിലേറെ കീഴോട്ടായിരുന്നു അവിടുന്ന് നോക്കിയിരുന്നത്. അനിഷ്ടകരമായത് കണ്ടാല്‍ വ്യക്തിയുടെ പേരെടുത്ത് ആക്ഷേപിക്കാതെ അവിടുന്ന് പറയാറുള്ളത് 'എന്തായിപ്പോയി ജനങ്ങള്‍ക്ക്' എന്നായിരുന്നു. കവി ഫര്‍സ്ദഖിന്റെ വരികള്‍ അദ്ദേഹത്തെ കുറിച്ചന്വര്‍ഥമാണ്.
'ലജ്ജയാല്‍ മിഴിതാഴ്ത്തുന്നവന്‍
പ്രൌഢിയാല്‍ മിഴികളെ താഴ്ത്തുന്നവന്‍
പുഞ്ചിരിക്കുമ്പോഴല്ലാതെ മൊഴിയാത്തവന്‍'.
നീതിമാനും വിശുദ്ധനും അവക്രമായി സംസാരിക്കുന്നവനും ഏറെ വിശ്വസ്തനുമായിരുന്നു പ്രവാചകന്‍. ശത്രു- മിത്ര ഭേദമന്യേ എല്ലാവരാലും ഇതംഗീകരിക്കപ്പെട്ടിരുന്നു. 'അല്‍ അമീന്‍' (വിശ്വസ്തന്‍) ആയിരുന്നല്ലോ പ്രവാചകത്വത്തിന് മുമ്പ് അദ്ദേഹം. ഇസ്ലാമിന് മുമ്പ്തന്നെ ജനങ്ങള്‍ ന്യായമായ വിധിതേടി അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. അബൂജഹലിന്റെ വാക്ക് അലിയില്‍ നിന്ന് തിര്‍മിദി രേഖപ്പെടുത്തുന്നു: "നിന്നെയല്ല ഞങ്ങള്‍ കളവാക്കുന്നത് നീ കൊണ്ടുവന്നതിനെയാണ്.'' ഇതിന്റെയടിസ്ഥാനത്തിലാണ് വിശുദ്ധക്വുര്‍ആനിലെ 6:33 അവതരിച്ചത്. ഹിര്‍ഖലും അബൂസുഫ്യാനും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഹിര്‍ഖല്‍ അബൂസുഫ്യാനോടു ചോദിച്ചു. പ്രവാചകത്വം വാദിക്കുന്നതിനുമുമ്പ് അദ്ദേഹം കളവ് പറഞ്ഞിട്ടുണ്ടോ? അന്ന് മുസ്ലിമല്ലാത്ത അബൂസുഫ്യാന്‍ പറഞ്ഞത് 'ഇല്ല' എന്നാണ്.
അഹന്തയുടെ ലാഞ്ചനപോലും തീണ്ടിയിട്ടില്ലാത്ത വിനയാന്വിതനായിരുന്നു പ്രവാചകന്‍. അദ്ദേഹത്തെ ബഹുമാനിച്ച് എഴുന്നേല്ക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട് അവിടുന്നത് തടയുമായിരുന്നു. ദരിദ്രരെ സന്ദര്‍ശിക്കുക പാവങ്ങളുടെകൂടെ ഇരിക്കുക അടിമകളുടെ ക്ഷണം സ്വീകരിക്കുക, അനുയായികളോടൊപ്പം അവരെപ്പോലെ ഒരാളായി പെരുമാറുക എന്നതെല്ലാം അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. പത്നി ആഇശ(റ) പറയുന്നു: പ്രവാചകന്‍ അവിടുത്തെ ചെരുപ്പ് കഷ്ണംവെച്ചു പിടിപ്പിക്കുകയും വസ്ത്രം കീറിയത് തുന്നുകയും ചെയ്യുമായിരുന്നു. വീട്ടില്‍ എല്ലാവരേയുംപോലെ ജോലിയെടുക്കും. എല്ലാ മനുഷ്യരേയും പോലെ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. വസ്ത്രം വൃത്തിയാക്കുകയും ആടിനെ കറക്കുകയും സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു.''
ഏറ്റവും നന്നായി കരാര്‍ പൂര്‍ത്തീകരിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ജനങ്ങളോട് അനുകമ്പാര്‍ദ്രമായി പെരുമാറുകയും ചെയ്യുമായിരുന്നു പ്രവാചകന്‍. സല്‍സ്വഭാവങ്ങളുടെ വിളനിലമായിരുന്ന അവിടുത്തെ ദുസ്സ്വഭാവങ്ങള്‍ തീണ്ടുകപോലും ചെയ്തിരുന്നില്ല. തിന്മക്ക് തിന്മകൊണ്ട് പ്രതികാരം ചെയ്യാതെ വിട്ടുവീഴ്ചയായിരുന്നു അവിടുത്തെ പതിവ്. തന്റെ അടിമകളേക്കാളും സേവകരേക്കാളും ഭക്ഷണ വസ്ത്രകാര്യങ്ങളില്‍ അവിടുന്ന് മികവ് പുലര്‍ത്തിയിരുന്നില്ല. തനിക്ക് സേവനമര്‍പ്പിക്കുന്നവര്‍ക്ക് തിരിച്ചും സേവനമര്‍പ്പിക്കുന്ന അദ്ദേഹം ഒരിക്കലും തന്റെ സേവകനോട് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടില്ല. സാധാരണക്കാരുടെ തോഴനായി ജീവിച്ച അവിടുന്ന് അവരുടെ മയ്യിത്ത് സംസ്കരണ കാര്യങ്ങളില്‍ പങ്കുചേരുകയും അവരുടെ കൂടെ സഞ്ചരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ ഒരു യാത്രയില്‍ ഒരാടിനെ അറുത്ത്പാകം ചെയ്യാന്‍ തീരുമാനമായപ്പോള്‍, കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു: അറവ് എന്റെ ജോലി'. 'പൊളിക്കുന്നത് ഞാനേറ്റു' മറ്റൊരാള്‍ പറഞ്ഞു. 'എന്നാല്‍ ഞാന്‍ പാകം ചെയ്യാം' മൂന്നാമതൊരാള്‍ പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: 'വിറക് ശേഖരിക്കുന്നത് ഞാനാണ്. അപ്പോള്‍ അവരെല്ലാവരും പറഞ്ഞു: "അങ്ങേക്ക് പകരമായി ഞങ്ങളുണ്ടല്ലോ? അവിടുന്നു പ്രതികരിച്ചു: 'എനിക്കറിയാം നിങ്ങള്‍ മതിയെന്ന്. പക്ഷേ നിങ്ങളില്‍നിന്ന് ഭിന്നതപുലര്‍ത്താന്‍ ഞാനിഷ്ടപ്പെടുന്നില്ല. അല്ലാഹുവിന്റെ അടിമ തന്റെ സഹചരരില്‍നിന്ന് ഭിന്നത പുലര്‍ത്തുന്നത് അല്ലാഹുവിന് ഇഷ്ടമല്ല' എന്ന് പറഞ്ഞുകൊണ്ട് അവിടുന്നെഴുന്നേറ്റ് വിറക് ശേഖരിച്ച് വന്നു.15
ഖാരിജബിന്‍ സൈദ് പറയുന്നു: പ്രവാചകന്‍ ഏത് സദസ്സിലിരിക്കുമ്പോഴും ആദരണീയനായിരുന്നു. അവിടുത്തെ ദൃഷ്ടിയില്‍പെടാത്ത ഒന്നുമുണ്ടാവില്ല. ഏറെ മൌനിയാകാറുള്ള അവിടുന്ന് അത്യാവശ്യത്തിനല്ലാതെ സംസാരിക്കാറില്ല. മോശമായി സംസാരിക്കുന്നവരുടെ അടുക്കല്‍നിന്ന് അവിടുന്ന് പിരിഞ്ഞുപോകും. ഏറെ ചുരുക്കിയോ കൂട്ടിയോ സംസാരിക്കാത്ത അവിടുന്ന് സ്പഷ്ടമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. പുഞ്ചിരിക്കുകയായിരുന്നു അവിടുത്തെ പതിവ്. അദ്ദേഹത്തെ ആദരിച്ചുകൊണ്ട് അനുയായികള്‍ അവിടുത്തെ മുമ്പില്‍ പുഞ്ചിരിക്കുകമാത്രമേ ചെയ്യാറുള്ളു.16
ചുരുക്കത്തില്‍, നബിതിരുമേനി അതുല്യമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അവിടുത്തെ നാഥന്‍ അദ്ദേഹത്തെ ഏറ്റവും നല്ല ശിക്ഷണ ശീലങ്ങളിലാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ആ വിശിഷ്ടവ്യക്തിത്വത്തെ ആദരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു.
'തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' (68:4) ഈ വിശിഷ്ടസ്വഭാവവും അനിതരവ്യക്തിത്വവുമാണ് ജനസഞ്ചയത്തെ അവിടുത്തെ സമീപത്തേക്ക് ആകര്‍ഷിച്ചത്. ശത്രുമിത്രഭേദമന്യേ സര്‍വരുടെയും മനസ്സുകളെ കവര്‍ന്നത്. അവരെല്ലാം അവസാനം കൂട്ടമായി ഇസ്ലാം ആശ്ളേഷിച്ചുകൊണ്ട് അവിടുത്തെ അനുയായി വൃന്ദത്തിലുള്‍പ്പെടുകയുണ്ടായി.
സമ്പൂര്‍ണമായ ആ മഹനീയ വ്യക്തിത്വത്തിന്റെ അനുപമമായ സ്വഭാവഗുണങ്ങളില്‍നിന്ന് ഒരു ചീന്തുമാത്രമാണ് ഈ വരികളിലൂടെ പ്രകടമായത്. അവിടുത്തെ വിശിഷ്ട സ്വഭാവത്തിന്റെയും മഹത്വത്തിന്റെയും പൊരുളറിയാനും അത് എത്തിപ്പിടിക്കാനും ആര്‍ക്കാണ് കഴിയുക? സ്രഷ്ടാവിന്റെ പ്രഭയാല്‍ പ്രകാശിക്കുന്ന, വിശുദ്ധക്വുര്‍ആന്‍ സ്വഭാവമാക്കിയ ആ പ്രവാചകന്റെ?
അല്ലാഹുവേ, മുഹമ്മദിനും അവിടുത്തെ കുടുംബത്തിനും നീ കരുണ ചൊരിയണേ. ഇബ്റാഹീമിലും അവിടുത്തെ കുടുംബത്തിലും കരുണ ചൊരിഞ്ഞതുപോലെ. നീ സ്തുത്യര്‍ഹനും ഉന്നതുനുമത്രെ.
അല്ലാഹുവേ, മുഹമ്മദിനും അവിടുത്തെ കുടുംബത്തിനും അനുഗ്രഹം ചൊരിയണേ. ഇബ്റാഹീമിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുഗ്രഹം ചൊരിഞ്ഞപോലെ. നീ സ്തുത്യര്‍ഹനും ഉന്നതനുമത്രെ.
1. സാദുല്‍ മആദ് 2: 54
2. ഇബ്നു ഹിഷാം 1: 401, 402
3. മുസ്ലിം 2: 258
4. ബുഖാരി 1: 502
5. ബുഖാരി 1: 502, മുസ്ലിം 2: 258
6. തിര്‍മിദി ആശ്ഷ്മാഇല്‍ പുറം 2 മിശ്കാത് 2: 518
7. തിര്‍മിദി 4: 306
8. തഹ്ദീബുതാരീഖ് ദിമശ്ഖ് 1: 325
9. ദാരിമി, മിശ്കാത് (2: 518)
10. ഖുലാസ്വത്തുസ്സിയര്‍ പുറം 19, 20
11. ബുഖാരി 1: 502, 503 മുസ്ലിം 2: 256, 57
12. ബുഖാരി 1: 503
13. ബുഖാരി 1: 502
14. മുസ്ലിം 2: 252, ബുഖാരി 1:407
15. ഖുലാസ്വത്തുസ്സിയര്‍ പുറം 22
16. അശ്ശിഫാ 1:107 കൂടുതല്‍ വിവരങ്ങള്‍ക്ക് വിവര്‍ത്തകന്റെ അശ്ശ്മാഇലുല്‍ മുഹമ്മദിയ്യ 'യുടെ പരിഭാഷ മുഹമ്മദ് നബി (സ്വ)സ്വഭാവ വിശേഷങ്ങള്‍ നോക്കുക.
No comments:
Post a Comment