..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 16 February 2015


പ്രവാചകനിന്ദയുടെ ചരിത്രം മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ തന്നെ അദ്ദേഹം നിന്ദിക്കപ്പെട്ടിട്ടുണ്ട്. അബൂലഹബാണ് അന്തിമപ്രവാചകനെ നിന്ദിക്കുന്നതിന് തുടക്കം കുറിച്ചത്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകനിന്ദക്ക് തുടക്കം കുറിച്ച അബൂലഹബിനെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കോടിക്കണക്കിനാളുകള്‍ ശപിച്ചുകൊണ്ടിരിക്കുന്നു. സ്വയം ശപിച്ചുപോവുന്ന രീതിയിലായിരുന്നുവത്രെ അയാളുടെ മരണം! പിന്നീടങ്ങോട്ട് പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെട്ടിട്ടുണ്ട്; അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്; ക്രൂരവും നിന്ദ്യവുമായ രീതിയില്‍ ഭത്സിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വത്തിന്റെ ഉജ്വലതയ്ക്ക് ഈ ഭത്സനങ്ങള്‍ കൊണ്ടൊന്നും യാതൊരുവിധ കോട്ടവുമുണ്ടായിട്ടില്ല. അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ തലമുറയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. എന്തുകൊണ്ടാണ് മുഹമ്മദ് നബി(സ്വ) ഇത്രയധികം നിന്ദിക്കപ്പെടുന്നത്? ഇത്രയധികം അപഹസിക്കപ്പെടുവാന്‍ മാത്രം എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്? പ്രവാചകനിന്ദയുടെ പിതാവായിരുന്ന അബൂജഹ്ല്‍ തന്നെ മറുപടി പറയട്ടെ: "മുഹമ്മദ് കള്ളനാണെന്നോ മോശപ്പെട്ടവനാണെന്നോ എനിക്കഭിപ്രായമില്ല. എന്നാല്‍ അവന്‍ കൊണ്ടുവന്ന ആശയം! അത് കളവാണ്. അതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്''. മുഹമ്മദ് നബി(സ്വ) കൊണ്ടുവന്ന ആശയങ്ങള്‍ അന്നും ഇന്നും പലര്‍ക്കും അരോചകമാണ്. ഈ അരോചകത്വമാണ് പ്രവാചകനിന്ദയായി പുറത്തുവരുന്നത്- ഇന്നലെ അത് കവിതകളുടെയും അസഭ്യവര്‍ഷങ്ങളുടെയും രൂപത്തിലായിരുന്നുവെങ്കില്‍ ഇന്ന് അത് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ചോദ്യപേപ്പറുകളുടെയും മിഷനറി ഗ്രന്ഥങ്ങളുടെയും കോലത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. പ്രവാചകനിന്ദയുടെ വേരുകള്‍ സ്ഥിതിചെയ്യുന്നത് ചൂഷണാധിഷ്ഠിതമായ അധീശത്വവ്യവസ്ഥിതിയിലാണ്; അന്നും ഇന്നും ഒരേ മാനസികാവസ്ഥയില്‍ നിന്നാണ് അത് നിര്‍ഗളിക്കുന്നത്. നാഥനും ദാസനും തമ്മില്‍ അകലമൊന്നുമില്ലെന്നും അവനോട് നേര്‍ക്കുനേരെ ചോദിക്കുകയാണ് അടിയാന്മാര്‍ ചെയ്യേണ്ടതെന്നും പഠിപ്പിച്ചപ്പോള്‍ സ്വഭാവികമായും തകര്‍ന്നുവീണത് ദൈവ-ദാസ ദല്ലാളന്മാരായിരുന്ന പുരോഹിതന്മാരുടെ ചൂഷണക്കൊട്ടാരങ്ങളായിരുന്നു. അതുകൊണ്ടായിരുന്നു അന്നത്തെ എതിര്‍പ്പ്. ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്ന് മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെ പൌഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്ന് സെക്യുലറിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും ആരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലേക്കൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യുലറിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികബോധനപ്രകാരം പരിവര്‍ത്തിപ്പിക്കുകയാണ് മതമെന്ന ഇസ്ലാമിക സങ്കല്‍പം ഒരുതരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍കരണത്തിന്റെ പേരിലുള്ള സാംസ്കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൌന്ദര്യപ്രകടനം, സ്വതന്ത്രലൈംഗികത തുടങ്ങിയ, മാര്‍ക്കറ്റിനെ സ്നിഗ്ധമാക്കാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് 'സ്വതന്ത്ര വിപണി' നിലനില്‍ക്കുന്നതു തന്നെ. ഇവയുടെയെല്ലാം നേരെ ഇസ്ലാം പുറംതിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യുലറിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കുവാന്‍ ഇന്നുള്ളത് ഇസ്ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയാം. ഈ ആദര്‍ശത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുവാന്‍ ആര്‍ക്കുമാവില്ലെന്നും വിമര്‍ശിക്കുന്തോറും ഇസ്ലാമികാദര്‍ശത്തിന്റെ മാനവികമുഖം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും അത് ചൂഷിതരെ അതിലേക്ക് ആകര്‍ഷിക്കാന്‍ മാത്രമെ നിമിത്തമാവുന്നുള്ളൂ എന്നും അനുഭവത്തില്‍നിന്ന് പഠിച്ചവരാണവര്‍. ഈ പാഠമാണ് പ്രവാചകനെ നിന്ദിക്കുവാനും അപഹസിക്കുവാനും അങ്ങനെ മുസ്ലിംകളെ പ്രകോപിതരാക്കുവാനും അവരെ പ്രേരിപ്പിക്കുന്നത്. നബിനിന്ദയുടെ മൂന്നാമത്തെ മുഖം മതപ്രബോധകരുടേതാണ്. സ്രഷ്ടാവിനും മനുഷ്യര്‍ക്കുടമിടയിലുള്ള മധ്യവര്‍ത്തികളെയെല്ലാം നിഷേധിക്കുകയും സര്‍വ്വലോക രക്ഷിതാവിനോട് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാം, മതത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരുടെയും ദൈവങ്ങളുടെയും ദൈവപുത്രന്മാരുടെയും സ്വന്തക്കാരായി ചമയുന്ന പുരോഹിതന്മാരുടെയും കണ്ണിലെ കരടായി തീര്‍ന്നത് സ്വാഭാവികമാണ്. ഖുര്‍ആനിന്റെ തെളിമയാര്‍ന്ന ആദര്‍ശവും മുഹമ്മദ് നബി(സ്വ)യുടെ വിശുദ്ധവും വിപ്ളവകരവുമായ ജീവിതവും പഠനത്തിന് വിധേയമാക്കപ്പെട്ടാല്‍ തങ്ങളുടെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒലിച്ചുപോയിക്കൊണ്ടേയിരിക്കുമെന്ന് അനുഭവിച്ചറിഞ്ഞവര്‍ നബിനിന്ദയിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നബി(സ്വ)യെ നാല് തെറി പറഞ്ഞാല്‍ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുമെന്നും തങ്ങളുടെ കീഴിലുള്ള കുഞ്ഞാടുകള്‍ പിന്നെ ഇസ്ലാമിനെ പറ്റി പഠിക്കുകയില്ലെന്നും അങ്ങനെ ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താനാകുമെന്നും അവര്‍ കണകുക്കൂട്ടുന്നു. തങ്ങളുടെ അപഥ സഞ്ചാരത്തിന് യുക്തിവാദത്തിന്റെ കുട പിടിക്കുകയും ഇസ്ലാമിനെ തെറിപറഞ്ഞ് അരിശം തീര്‍ക്കുകയും ചെയ്യുന്ന നിരീശ്വരവാദികളെയാണ് നബിനിന്ദക്ക് അവര്‍ കൂട്ടുപിടിക്കുന്നത്. ദൈവത്തിനു പുത്രനില്ലെന്ന ഇസ്ലാമിക വാദത്തെ പ്രതിരോധിക്കാന്‍ ദൈവം തന്നെയില്ലെന്ന് പ്രചരിപ്പിക്കുന്നവരെ കൂട്ടുപിടിക്കുന്നത് ഗതികേടുകൊണ്ടുമാത്രമാണ്. ചോദ്യപേപ്പറിലെ മുഹമ്മദിനെ ദൈവത്തെകൊണ്ട് തെറിപറിയിപ്പിച്ചുകൊണ്ടോ മുസ്ലിംകളാരും കേട്ടിട്ടില്ലാത്ത പാലത്തെ കുറിച്ച് പുസ്തകമെഴുതി നബി(സ്വ)യെ തെറിപറഞ്ഞുകൊണ്ടോ പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് സത്യമത പ്രബോധനത്തിലൂടെ അന്തിമപ്രവാചകന്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ പ്രതിരോധിക്കാനാവുമെന്ന് കരുതുന്നത് മൌഢ്യമാണ്. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളുടെയും ദൈവത്തിന്റെ പേരിലുള്ള കള്ളപ്രചരണങ്ങളുടെയും സഭകളുടെയും പ്രാര്‍ഥനാഗ്രൂപ്പുകളുടെയും ധ്യാനത്തിന്റെയും അന്യഭാഷാസംസാരത്തിന്റെയും പേരിലുള്ള തട്ടിപ്പുകളുടെയും വടവൃക്ഷങ്ങളെ അത് കടപുഴക്കിക്കൊണ്ടിരിക്കും, തീര്‍ച്ച. വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം പ്രവാചകനിന്ദയ്ക്കെതിരെയുള്ള സംസാരത്തെ മുസ്ലിംകളുടെ അസഹിഷ്ണുതയായി വ്യാഖ്യാനിക്കുന്നവരുണ്ട്. മുസ്ലിംകള്‍ വിമര്‍ശനത്തെ ഭയപ്പെടുന്ന ഭീരുക്കളാണെന്നാണ് അവര്‍ വരുത്തിത്തീര്‍ക്കുന്നത്. വസ്തുതയെ പച്ചയായി വളച്ചൊടിക്കലാണിത്. വിമര്‍ശനങ്ങളെ ഭയപ്പെടുന്നവരല്ല മുസ്ലിംകള്‍. ഖുര്‍ആനിനെയോ പ്രവാചകനെലയോ ഇസ്ലാമിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുസ്ലിംകള്‍ ഒരിക്കലും വാളെടുത്തിട്ടില്ല. എത്രയെത്ര ഇസ്ലാം വിമര്‍ശനഗ്രന്ഥങ്ങളാണുള്ളത്, ലോകഭാഷകളില്‍. അവയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠവും പ്രമാണബദ്ധവുമായ മറുപടികള്‍ മുസ്ലിംലോകം നല്‍കിപ്പോന്നിട്ടുണ്ട്. മലയാളത്തില്‍തന്നെ എത്രയോ ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളുണ്ട്. അവയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം മലയാളഭാഷയില്‍ തന്നെ മറുപടി എഴുതപ്പെട്ടിട്ടുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അവയെ ഇസ്ലാമികപ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മുസ്ലിംകള്‍. ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ തരിപ്പണമാകുന്നതല്ല ഇസ്ലാമികാദര്‍ശമെന്നും അതിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് ഖുര്‍ആനും നബിചര്യയും തന്നെ മറുപടി നല്‍കുന്നുണ്ടെന്നും അറിയുന്നവര്‍ പിന്നെ എങ്ങനെയാണ് വിമര്‍ശനങ്ങളെ ഭയപ്പെടുക? വിമര്‍ശനങ്ങളോടൊന്നും പുറം തിരിഞ്ഞുനില്‍ക്കാതെത്തന്നെ സ്വന്തം സത്യത തെളിയിക്കാവുന്നവയാണ് ഖുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളും അവ പ്രദാനം ചെയ്യുന്ന മൂല്യക്രമവുമെന്നതാണ് വസ്തുത. പിന്നെയെന്തിനാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത്? വിമര്‍ശിക്കലും അപഹസിക്കലും രണ്ടാണ്. ഏതൊരു സംസ്കൃതസമൂഹവും അംഗീകരിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ആരും അംഗീകരിക്കാത്തതുമാണ്. ഒന്നാമത്തേത് ബൌദ്ധികമായ ചര്‍ച്ചക്ക് നിമിത്തമാകുന്നു. രണ്ടാമത്തേത് വൈകാരികവിക്ഷോഭത്തിനല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല. ഏത് ചരിത്രപുരുഷനും വിമര്‍ശിക്കപ്പെടാം. അയാള്‍ക്ക് ഉണ്ട് എന്ന് വിമര്‍ശകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ തകരാറുകള്‍ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാം. ഇതിനൊന്നും ആരും എതിരല്ല. വിമര്‍ശനമെന്നാല്‍ തെറിവിളിയും അപഹസിക്കലുമാണെന്ന് കരുതുന്നത് അസംസ്കൃതമായ മനസ്സിന്റെ ഉടമകളാണ്. അതാണ് ആര്‍ക്കും അംഗീകരിക്കാനാവാത്തത്. മുഹമ്മദ് നബി(സ്വ) വിമര്‍ശിക്കപ്പെട്ടുകൂടാ എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ ആദരിക്കുന്ന, ലോകത്തിന്റെ ചരിത്രഗതിയെത്തന്നെ ഏറ്റവുമധികം സ്വാധീനിച്ച മുഹമ്മദ് നബി(സ്വ)യെ അപഹസിക്കുകയും നിന്ദിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് ഒരു സംസ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുകയില്ല. മുഹമ്മദ് നബി(സ്വ)യെന്നല്ല, ഒരു മഹാമനുഷ്യനും നിന്ദിക്കപ്പെട്ടുകൂടായെനാണ് മുസ്ലിംകളുടെ പക്ഷം. മഹല്‍വ്യക്തികള്‍ നിന്ദിക്കപ്പെടുന്നതുകൊണ്ട് സമൂഹത്തിനോ മാനവതയ്ക്കോ എന്താണ് നേട്ടമെന്ന് ആരും വിശദീകരിച്ചു കണ്ടിട്ടില്ല. പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെടുമ്പോള്‍ കോടിക്കണക്കിനു മുസ്ലിംകള്‍ വേദനിക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്നു. സ്വന്തത്തെക്കാള്‍ മുഹമ്മദ് നബി(സ്വ)യെ സ്നേഹിക്കുന്നവരാണ് മുസ്ലിംകള്‍. അതുകൊണ്ടുതന്നെ പ്രവാചകനെ തെറിപറയുന്നത് മുസ്ലിംകള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല. കോടിക്കണക്കിന് മുസ്ലിംകളെ പ്രയാസപ്പെടുത്തിയിട്ട് തെറിവിളിക്കുന്നവര്‍ നേടുന്നതെന്താണ്? പ്രവാചകനെ തെറിപറയുന്നവരോട് മുസ്ലിംകള്‍ക്ക് പറയുവാനുള്ളത് അവര്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ആ മഹല്‍ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുകയെന്നാണ്. പ്രവാചകജീവിതത്തെ സത്യസന്ധമായി വിലയിരുത്തുവാന്‍ തയാറായവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിപാഠകരായിത്തീര്‍ന്നതായാണ് ചരിത്രം.

No comments:

Post a Comment