മദീനയില്‍ തിരിച്ചെത്തിയശേഷം

സുദീര്‍ഘമായ യാത്രയ്ക്കുശേഷം വിജയകരമായി തിരിച്ചുവന്ന പ്രവാചകന്‍ മദീനയില്‍ പുതുതായി ഇസ്ലാമിലേക്ക് വരുന്ന ദൌത്യസംഘങ്ങളെ സ്വീകരിച്ചും ഇസ്ലാമിക പ്രബോധത്തിന് വിവിധ ഭാഗങ്ങളിലേക്ക് പ്രബോധകരെ നിയോഗിച്ചും, അഹന്തകാരണം ഇസ്ലാം സ്വീകരിക്കാനോ വര്‍ത്തമാന യാഥാര്‍ഥ്യത്തിന് കീഴടങ്ങാനോ തയ്യാറില്ലാത്തവരെ അടക്കിയിരുത്തിയും ഏതാനും നാളുകള്‍ കഴിച്ചുകൂട്ടി.
ഹിജ്റ എട്ടാംവര്‍ഷത്തിന്റെ അന്ത്യത്തിലാണ് പ്രവാചകന്‍ മദീനയില്‍ മടങ്ങിയെത്തിയതെന്ന് നാം നേരത്തെ പരാമര്‍ശിച്ചു. ഹിജ്റ ഒമ്പതാംവര്‍ഷം പിറന്നതോടെ അദ്ദേഹം വ്യത്യസ്ത ഗോത്രങ്ങളിലേക്ക് വിശ്വാസികളെ നിയോഗിച്ചു. ഇത് താഴെ പറയുംപ്രകാരമായിരുന്നു:
പേര് ഗോത്രം/സ്ഥലം
1 ഉയയ്നബിന്‍ ഹിസ്വ്ന്‍- ബനൂതമീം ഗോത്രം
2 യസീദ്ബിന്‍ ഹുസ്വൈന്‍- അസ്ലം ഗഫ്ഫാര്‍ ഗോത്രങ്ങള്‍
3 അബ്ബാദുബിന്‍ ബശീര്‍- അല്‍ അശ്ഹലി സുലൈം, മുസൈനയും
4 റാഫിഅ്ബിന്‍ മകീഥ്- ജുഹൈന
5 അംറുബ്നു അല്‍ആസ്വ്- ബനൂഫസാറ
6 ളഹ്ഹാക്ബിന്‍സുഫ്യാന്‍- കിലാബ്
7 ബശീര്‍ ബിന്‍സുഫ്യാന്‍- കഅബ്
8 ഇബ്ന്‍അല്ലുത്ബിയ്യ അല്‍ അസ്ദി- ദുബ്യാന്‍
9 അല്‍മുഹാജിര്‍ ബിന്‍ അബീഉമയ്യ- സ്വന്‍ആഅ് (ഇദ്ദേഹം ഇവിടെയുള്ള സമയത്താണ് അസ്വദ് അല്‍ അന്‍സി എന്നുള്ള പ്രവാചകന്‍ രംഗത്തു വന്നത് )
10 സിയാദുബ്നു ലബീദ്- ഹളര്‍മൌത്
11 അദിയ്ബ്നു ഹാതിം- ത്വയ്, അസദ്
12 മാലിക്ബ്നു നുവൈറ- ഹന്‍ള്വുല
13 അസ്സിബ്രിഖാന്‍ ബിന്‍ബദ്ര്‍- സഅദ് (ഇതിലെ ഒരു വിഭാഗത്തിന്)
14 ഖൈസുബിന്‍ ആസ്വിം- സഅദ് (മറ്റൊരു വിഭാഗത്തിന്)
15 അല്‍അലാഅ്ബിന്‍ അല്‍ഹള്റമി- ബഹ്റൈന്‍
16 അലിയ്യ്ബിന്‍ അബീത്വാലിബ്- നജ്റാന്‍ (സ്വദഖയും ജിസ്യയും പിരിക്കാന്‍)
ഈ എല്ലാ പ്രതിനിധികളെയും ഹിജ്റ ഒമ്പതാംവര്‍ഷം തന്നെയല്ല നിയോഗിച്ചത്. ചിലരെ അവരുടെ ഗോത്രങ്ങള്‍ ഇസ്ലാം ആശ്ളേഷിച്ച ശേഷമാണ് നിയോഗിച്ചത്. പക്ഷെ കൂടുതല്‍ നിയോഗം നടന്നത് ഒമ്പതിലാണെന്ന് മാത്രം. ഹുദൈബിയ സന്ധിയുടെ വിജയമാണിതെല്ലാം കുറിക്കുന്നത്. മക്കാവിജയശേഷമാകട്ടെ ജനങ്ങള്‍ ഇസ്ലാമിലേക്ക് കൂട്ടമായി ഒഴുകുകയായിരുന്നു.
സൈനികനിയോഗങ്ങള്‍
പ്രതിനിധികളുടെ നിയോഗംപോലെത്തന്നെ സൈന്യനിയോഗങ്ങളും ഈ ഘട്ടത്തില്‍ ആവശ്യമായിരുന്നു. ഇതിന്റെ സംക്ഷിപ്തം താഴെ:
ഉയയ്നബിന്‍ ഹിസ്വ്നിന്റെ പര്യടനം
ഹിജ്റ ഒമ്പതാം വര്‍ഷത്തിലെ മുഹര്‍റത്തിലായിരുന്നു ഇത്. മുഹാജിറുകളും അന്‍സ്വാറുകളുമില്ലാതെ അമ്പത് അശ്വഭടന്മാരെ ബനൂതമീമിലേക്ക് നിയോഗിച്ചു. ഇതിന് കാരണം, ഇവര്‍ ചില ഗോത്രങ്ങളെ അക്രമിച്ചതും ജിസ്യ നല്കാന്‍ വിസമ്മതിച്ചതുമാണ്. ഉയൈയ്നബിന്‍ ഹിസ്വ്ന്‍ ഇവര്‍ക്കുനേരെ പുറപ്പെട്ടു. പകലില്‍ ഒളിഞ്ഞിരുന്നും രാത്രിയില്‍ സഞ്ചരിച്ചും അവിടെയെത്തിയ അവര്‍ ശത്രുവിനെതിരെ ചാടിവീണു. അവര്‍ നാലുപാടും ഭയന്നോടി. ഇവരില്‍നിന്ന് ഇരുപത്തിഒന്ന് സ്ത്രീകളേയും പതിനൊന്ന് പുരുഷന്മാരേയും മുപ്പത് കുട്ടികളെയും പിടികൂടി മദീനയിലേക്ക് കൊണ്ടുവന്നു. അവരെ ഹാരിഥിന്റെ പുത്രി റംലയുടെ വീട്ടില്‍ താമസിപ്പിച്ചു.
ഇവരുടെ പത്തുനേതാക്കള്‍ തിരുമേനിയുടെ വീടിന്റെ വാതില്‍ക്കല്‍വന്ന് ഉച്ചത്തില്‍ വിളിച്ചുകൂവി: 'മുഹമ്മദ്! ഇറങ്ങിവാ.' ഇറങ്ങിവന്ന പ്രവാചകരെ അവരെല്ലാം വലയം ചെയ്ത് സംസാരിക്കാന്‍ തുടങ്ങി. അല്പനേരം അവരുടെ കൂടെ ചെലവഴിച്ച ശേഷം പ്രവാചകന്‍ മധ്യാഹ്നനമസ്കാരം നിര്‍വഹിക്കാനായി പോയി. നമസ്കാരശേഷം അവിടുന്ന് പള്ളിമുറ്റത്തിരുന്നു. അവരെല്ലാം അവിടെ തടിച്ചുകൂടി കുടുംബമാഹാത്മ്യവും പിതാക്കളുടെ അപദാനങ്ങളും വാഴ്ത്തിക്കൊണ്ടിരുന്നു. അവരുടെ ഗോത്രത്തിന്റെ പ്രസംഗകനായ ഉത്വാരിദ്ബിന്‍ ഹാജിബിനെ കൊണ്ടവര്‍ പ്രസംഗിപ്പിച്ചു. അതിന് നബിതിരുമേനിയുടെ നിര്‍ദേശാനുസരണം ഇസ്ലാമിന്റെ പ്രസംഗകന്‍ ഥാബിത് ബിന്‍ ഖൈസ് ബിന്‍ ശമ്മാസ് മറുപടി പറഞ്ഞു. തുടര്‍ന്ന് കവി അസ്സിബ്റിഖാന്‍ ബിന്‍ ബദ്റിനെ ഇറക്കി അപദാനകാവ്യങ്ങള്‍ ആലപിച്ചു. ഉടനെത്തന്നെ ഇസ്ലാമിന്റെ കവി ഹസ്സാന്‍ബിന്‍ ഥാബിത് അതിന് മറുപടിയും പറഞ്ഞു.
ഇരുകക്ഷിയുടേയും പ്രസംഗകരും കവികളും വിരമിച്ചശേഷം അഖ്റഅ്ബിന്‍ ഹാബിസ് പറഞ്ഞു: 'അദ്ദേഹത്തിന്റെ പ്രസംഗകന്‍ നമ്മുടെ പ്രസംഗകനേക്കാള്‍ ഉജ്വലന്‍. അദ്ദേഹത്തിന്റെ കവി നമ്മുടെ കവിയേക്കാള്‍ മികച്ചവന്‍. അവരുടെ ശബ്ദം നമ്മുടെ ശബ്ദത്തേക്കാള്‍ ഗംഭീരം. സംസാരം നമ്മുടേതിനേക്കാള്‍ ഉയര്‍ന്നതും!' പിന്നീട് അവരെല്ലാം ഇസ്ലാം സ്വീകരിച്ചു. അവര്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ നല്കുകയും അവരുടെ ഭാര്യമാരേയും സന്താനങ്ങളേയും അവര്‍ക്ക് തിരിച്ചുനല്കുകയും ചെയ്തു(1)
ഖുത്വ്ബ ബിന്‍ ആമിറിന്റെ തുര്‍ബക്ക് സമീപം തബാലയുടെ ഭാഗത്ത് ഖഥ്അമിലെ ഒരു ശാഖയിലേക്കുള്ള പര്യടനം. ഇത് സ്വഫര്‍ മാസത്തിലായിരുന്നു. ഇരുപത് പേരും പത്ത് ഒട്ടകങ്ങളുമായി ഇവര്‍ പുറപ്പെട്ടു. പരസ്പരം ശക്തമായി ഏറ്റുമുട്ടുകയും ഇരുപക്ഷത്തിനും ധാരാളം മുറിവേല്ക്കുകയും ചെയ്തു. ഖുത്വ്ബയടക്കം ചിലരെല്ലാം വധിക്കപ്പെടുകയും ചെയ്തു. കയ്യടക്കിയ സ്ത്രീകളും കുട്ടികളും ഒട്ടകവും ആളുകളുമായി മുസ്ലിംകള്‍ മദീനയിലേക്ക് മടങ്ങി.
ളഹ്ഹാക്ക് ബിന്‍ സുഫ്യാന്‍ അല്‍കിലാബിയുടെ കിലാബ് ഗോത്രത്തിലേക്കുള്ള പര്യടനം. ഹിജ്റ ഒമ്പത് റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു സംഘത്തെ നിയോഗിച്ചത്. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയും യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തു. പരസ്പരമുള്ള ഏറ്റുമുട്ടലില്‍ അവരെ മുസ്ലിംകള്‍ പരാജയപ്പെടുത്തി. ഒരാളെ വധിക്കുകയും ചെയ്തു.
അല്‍ഖമബിന്‍ മുജ്സ്സിരിന്റെ നേതൃത്വത്തില്‍ ജിദ്ദയുടെ തീരത്തേക്കുള്ള പര്യടനം. ഹിജ്റ ഒമ്പത് റബീഉല്‍ ആഖിര്‍ മാസത്തിലായിരുന്നു ഇത്. മുന്നൂറുപേരായിരുന്നു ഈ സംഘത്തില്‍. ഇവിടെ ഏതാനും ഹബ്ശികള്‍ ഒരുമിച്ചുകൂടി മക്കക്കാര്‍ക്കെതിരില്‍ കടല്‍ക്കൊള്ള നടത്തുകയായിരുന്നു. അല്‍ഖമ സമുദ്രം കടന്ന് അവരുടെ ദ്വീപിലെത്തി പക്ഷെ, മുസ്ലിംകളുടെ ആഗമനമറിഞ്ഞ അവര്‍ ഓടിരക്ഷപ്പെട്ടു. (2)
അലിബിന്‍ അബീത്വാലിബിന്റെ പര്യടനം: ത്വയ്ഗോത്രത്തിലേക്ക് അവരുടെ ഫുല്‍സ് എന്ന വിഗ്രഹത്തെ തകര്‍ക്കാന്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ നടത്തിയ പര്യടനമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറ്റമ്പത് പേരെ നൂറൊട്ടകവും അമ്പത് കുതിരകളുമായി അയച്ചു. കൂടെ വെളുത്ത കൊടിയും കറുത്ത ബാനറുമുണ്ടായിരുന്നു. പ്രഭാതത്തോടെ ഹാതിമിന്റെ പ്രദേശത്തുചെന്ന് അക്രമണമഴിച്ചുവിടുകയും അവരുടെ വിഗ്രഹത്തെ തകര്‍ക്കുകയും ചെയ്തു. അവരുടെ ആടുമാടുകളെ കയ്യടക്കുകയും ധാരാളം പേരെ തടവുകാരായി പിടികൂടുകയും ചെയ്തു. തടവുകാരില്‍ അദിയുബ്നു ഹാതിമിന്റെ സഹോദരിയുമുണ്ടായിരുന്നു. അദിയ് ശാമിലേക്ക് ഓടി രക്ഷപ്പെട്ടു. ഫുല്‍സ് വിഗ്രഹത്തിന്റെ ഭണ്ഡാരപ്പെട്ടിയില്‍നിന്ന് മൂന്നു വാളുകളും അങ്കിയും ലഭിച്ചു. മദീനയിലേക്ക് മടങ്ങുംവഴി ഗനീമത് വിഭജിച്ചെടുക്കുകയും പ്രധാനഭാഗം പ്രവാചകന് മാറ്റിവെക്കുകയും ചെയ്തു. ഹാതിമിന്റെ കുടുംബത്തെ അവര്‍ വിഭജിച്ചില്ല.
മദീനയിലെത്തിയപ്പോള്‍ അദിയിന്റെ സഹോദരി തിരുമേനിയോട് കരുണക്കായി യാചിച്ചു. 'അല്ലാഹുവിന്റെ ദൂതരേ, സഹോദരന്‍ അപ്രത്യക്ഷനായി. പിതാവ് മരിച്ചുപോയി. ഞാനാകട്ടെ ഒരു വയോവൃദ്ധയും. എനിക്ക് സേവനം ചെയ്യാനാരുമില്ല. അതിനാല്‍ എന്നോട് ഔദാര്യം കാണിച്ചാലും. അല്ലാഹു അങ്ങയുടെ മേലും ഔദാര്യം കാണിക്കും.'' നബി(സ) ചോദിച്ചു: "ആരാണ് നിങ്ങളുടെ സഹോദരന്‍?'' അദിയ്യുബിന്‍ ഹാതിം അവര്‍ പറഞ്ഞു: "അല്ലാഹുവില്‍നിന്നും അവന്റെ ദൂതരില്‍നിന്നും ഒളിച്ചോടിയവനോ?'' എന്ന് ചോദിച്ച് പ്രവാചകന്‍ കടന്നുപോയി. പിറ്റേദിവസം അവര്‍ വന്ന് മുമ്പുപറഞ്ഞപോലെയെല്ലാം പറഞ്ഞു. തിരുമേനിയും അതുപോലെ മറുപടി പറഞ്ഞു. മൂന്നാം ദിവസവും ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ അവളെ ഔദാര്യമായി വിട്ടയച്ചു. പ്രവാചകന് സമീപമുണ്ടായിരുന്ന- അലിയാണ് അതെന്നാണ് അവര്‍ ധരിച്ചത്- ആള്‍ അവളോട് നബി(സ)യോട് വാഹനം അനുവദിച്ചുതരാന്‍ അപേക്ഷിക്കാന്‍ പറഞ്ഞു. അവരത് ആവശ്യപ്പെട്ടപ്പോള്‍ അതനുവദിച്ചുകിട്ടി.
അവര്‍ ശാമിലുള്ള തന്റെ സഹോദരന്‍ അദിയിന്റെ സമീപത്തേക്ക് മടങ്ങി. അവിടെയെത്തിയ അവര്‍ അദിയിനോട് നബിതിരുമേനിയെക്കുറിച്ച് സംസാരിച്ചു. നിന്റെ പിതാവ് ഒരിക്കലും ചെയ്തിട്ടില്ലാത്തത്ര ഉന്നതമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്തത്. അതിനാല്‍ പ്രതീക്ഷയോടെയോ ഭയന്നോ എങ്ങനെയായാലും അദ്ദേഹത്തെ ചെന്ന് കാണുക: അദിയ്യ് ആരുടേയും സംരക്ഷണമില്ലാതെ നേരിട്ട് പ്രവാചകസന്നിധിയില്‍ ചെന്നു. പ്രവാചകന്‍ അദ്ദേഹത്തെ തന്റെ വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ മുമ്പിലിരുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തശേഷം അവിടുന്ന് ചോദിച്ചു: 'എന്താണ് താങ്കള്‍ ഓടി രക്ഷപ്പെടാന്‍? അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ല എന്ന് പ്രഖ്യാപിക്കുന്നതില്‍നിന്നാണോ രക്ഷപ്പെടുന്നത്? 'അല്ലാഹുവിന് പുറമെ മറ്റേതെങ്കിലും ആരാധ്യനെ താങ്കള്‍ക്കറിയാമോ?' ഇല്ല, അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഒരു മണിക്കൂര്‍ സംസാരിച്ചു. എന്നിട്ട് ചോദിച്ചു: 'അല്ലാഹുവാണ് ഏറ്റം വലിയവന്‍ എന്ന് പ്രഖ്യാപിക്കുന്നതില്‍നിന്നാണ് താങ്കള്‍ ഓടിരക്ഷപ്പെടുന്നത്. അല്ലാഹുവേക്കാള്‍ വലിയവനായി ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?' 'ഇല്ല,' അദ്ദേഹം പറഞ്ഞു: 'ജൂതര്‍ ദൈവകോപത്തിന് വിധേയരാവുകയും ക്രൈസ്തവര്‍ വഴി തെറ്റുകയും ചെയ്തു. ഞാന്‍ അവക്രമായ ദൈവസമര്‍പ്പണത്തിന്റെ മാര്‍ഗത്തിലാണ്. അവിടുന്ന് വിശദീകരിച്ചു.' അതോടെ അദിയ്യിന്റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു. തുടര്‍ന്നദ്ദേഹത്തെ ഒരു അന്‍സ്വാരിയുടെ അടുത്ത് താമസിപ്പിച്ചു. അവിടെവെച്ച് നബി(സ)യെ കാലത്തും വൈകിട്ടും അദ്ദേഹം സന്ദര്‍ശിച്ചു. (3)
ഇബ്നു ഇസ്ഹാഖ് ഈ സംഭവം രേഖപ്പെടുത്തുന്നേടത്ത് ഇങ്ങനെകൂടിയുണ്ട്. അദിയിനെ തന്റെ മുന്നിലിരുത്തി പ്രവാചകന്‍ ചോദിച്ചു: 'ഹേ, അദിയ് താങ്കളൊരു റുകൂസ് വിഭാഗത്തില്‍പ്പെട്ട ആളായിരുന്നില്ലേ?' 'അതെ, അദ്ദേഹം പറഞ്ഞു: 'യുദ്ധമുതലുകളില്‍ നാലിലൊന്ന് സ്വീകരിക്കുന്നവനായിരുന്നില്ലേ താങ്കള്‍?' നബി(സ) വീണ്ടും ചോദിച്ചു. 'അതെ.' അദിയ് സമ്മതിച്ചു. 'അത് താങ്കളുടെ മതത്തില്‍ അനുവദനീയമല്ലല്ലോ!' ശരിയാണ് താങ്കള്‍ പറയുന്നത്. അദിയ് മറുപടി പറഞ്ഞു. താങ്കള്‍ ദൈവനിയുക്തനായ ഒരു പ്രവാചകനാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.(4)
അഹ്മദിന്റെ നിവേദനത്തില്‍ പ്രവാചകന്‍ പറഞ്ഞു: 'അദിയ്, താങ്കള്‍ ഇസ്ലാമാശ്ളേഷിക്കുക എന്നാല്‍ താങ്കള്‍ രക്ഷപ്പെടും.' 'ഞാന്‍ ഇപ്പോള്‍ ഒരു മതാനുയായിയാണ്.' അദിയ് മറുപടി പറഞ്ഞു. 'താങ്കളുടെ മതത്തെക്കുറിച്ച് താങ്കളേക്കാള്‍ കൂടുതല്‍ എനിക്കറിയാം.' തിരുമേനി പറഞ്ഞു. 'താങ്കള്‍ക്ക് എന്നേക്കാള്‍ എന്റെ മതത്തെക്കുറിച്ചറിയുമെന്നോ?' അതെ, എന്ന് പറഞ്ഞുകൊണ്ട് മേല്‍പറഞ്ഞ കാര്യങ്ങള്‍ അദിയിനോട് തിരുമേനി ചോദിച്ചു. എല്ലാം സമ്മതിക്കുകയും ചെയ്തു. (5)
അദിയ് പറയുന്നതായി ബുഖാരി രേഖപ്പെടുത്തുന്നു. "ഞാന്‍ തിരുമേനിയുടെ സവിധത്തില്‍ ഇരിക്കുമ്പോള്‍ ദാരിദ്യ്രത്തെക്കുറിച്ച് പരാതിപറയുന്ന ഒരാള്‍ കയറിവന്നു.
അല്പംകഴിഞ്ഞ് മറ്റൊരാള്‍ വഴി കൊള്ളയെക്കുറിച്ചുള്ള പരാതിയുമായി കടന്നുവന്നു. ഉടനെ തിരുദൂതര്‍ എന്നോട് ചോദിച്ചു. അദിയ്, ഹീറ എന്ന നാട് താങ്കള്‍ക്കറിയുമോ? കാലം പിന്നിടുമ്പോള്‍ ഒരു സ്ത്രീക്ക് ഹീറയില്‍നിന്ന് നിര്‍ഭയയായി വന്ന് കഅബാ പ്രദക്ഷിണം ചെയ്ത് തിരിച്ചുപോകാവുന്ന ഒരു കാലഘട്ടം സംജാതമാകുന്നത് താങ്കള്‍ക്ക് കാണാന്‍ കഴിയും. അല്ലാഹുവിനെ മാത്രമേ അവര്‍ക്ക് ഭയപ്പെടേണ്ടിവരികയുള്ളൂ. താങ്കള്‍ക്ക് ആയുര്‍ദൈര്‍ഘ്യമുണ്ടെങ്കില്‍ താങ്കള്‍ കിസ്റ ചക്രവര്‍ത്തിയുടെ നിധികുംഭങ്ങള്‍ തുറക്കുകതന്നെ ചെയ്യും. താങ്കള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുകയാണെങ്കില്‍, ഒരു മനുഷ്യന്‍ കൈനിറയേ സ്വര്‍ണവും വെള്ളിയും പിടിച്ച് അത് സ്വീകരിക്കാവുന്ന ആളുകളെ അന്വേഷിച്ച് നടക്കുകയും എന്നാല്‍ അത് സ്വീകരിക്കുന്ന ആരെയും അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു കാലം താങ്കള്‍ക്ക് നേരിട്ട് തന്നെ കാണാവുന്നതാണ്. അദിയ്യ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഹീറയില്‍നിന്ന് നിര്‍ഭയയായി കഅബാ പ്രദക്ഷിണം ചെയ്തു മടങ്ങുന്ന സ്ത്രീകളെ ഞാന്‍ കാണുകയുണ്ടായി. കിസ്റാബിന്‍ ഹുര്‍മുസിന്റെ നിധികുംഭങ്ങള്‍ തുറന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. തിരുദൂതരുടെ പ്രവചനത്തില്‍ കൈനിറയേ സ്വര്‍ണവും വെള്ളിയും...... നിങ്ങള്‍ക്ക് ആയുഷ്ക്കാലമുണ്ടെങ്കില്‍ പുലരുന്നതായിട്ട് കാണാവുന്നതാണ്.'' (6)
തബൂക് യുദ്ധം
മക്കാവിജയം സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍പിരിച്ച ഒരു നിര്‍ണായക യുദ്ധമായിരുന്നു. അതിനുശേഷം മുഹമ്മദ് (സ)യുടെ പ്രവാചകത്വത്തിന്റെ കാര്യം ഒരു സംശയത്തിന് പഴുതില്ലാത്തവിധം അറബികള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. അതോടെ കാലത്തിന്റെ ഗതി പാടെ മാറി. ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാമില്‍ പ്രവേശിച്ചുകൊണ്ടേയിരുന്നു. ദൌത്യസംഘങ്ങളെക്കുറിച്ചും വിടവാങ്ങല്‍ ഹജ്ജിനെക്കുറിച്ചുമുള്ള അധ്യായത്തില്‍നിന്ന് ഇത് കൂടുതല്‍ വ്യക്തമാകും. ഇതോടെ ആഭ്യന്തര പ്രശ്നങ്ങളും പ്രയാസങ്ങളും അവസാനിക്കുകയും സ്വസ്ഥതയോടും സമാധാനത്തോടും മുസ്ലിംകള്‍ അവരുടെ മതം പഠിക്കുകയും പ്രബോധനം നിര്‍വഹിക്കുകയും ചെയ്തുകൊണ്ടിരുന്നു.
യുദ്ധത്തിന്റെ കാരണം
എന്നാല്‍ യാതൊരു ന്യായീകരണവുമില്ലാതെ അക്കാലത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ റോം-മുസ്ലിംകള്‍ക്കെതിരില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ തുടക്കം പ്രവാചകന്‍ നിയോഗിച്ച ദൂതന്‍ ഹാരിഥ്ബ്നു ഉമൈര്‍ അല്‍ അസ്ദിയെ വധിച്ചുകൊണ്ടായിരുന്നു. പ്രവാചകന്റെ സന്ദേശവുമായി ബുസ്റ മഹാരാജാവിന്റെ അടുക്കലേക്ക് നിയോഗിതനായതായിരുന്നു അദ്ദേഹം. ഇതിനുശേഷം പ്രവാചകന്‍ സൈദുബ്നുഹാരിഥയുടെ നേതൃത്വത്തില്‍ അവര്‍ക്കെതിരില്‍ ഒരു സൈന്യനിയോഗം സംഘടിപ്പിക്കുകയുണ്ടായി. മുഅ്തയില്‍വെച്ച് ഇരുസൈന്യങ്ങളും ഏറ്റുമുട്ടിയെങ്കിലും ശത്രുവിന്നെതിരില്‍ വേണ്ടത്ര വിജയം കാണാതെ മുസ്ലിംകള്‍ തിരിച്ചുപോരേണ്ടിവന്നു. പക്ഷെ, ഇത് സമീപത്തും വിദൂരത്തുമുള്ള അറബ് ഗോത്രങ്ങളില്‍ ശക്തമായ പ്രതികണങ്ങളുളവാക്കി.
ഇതിനുശേഷം സീസറിന്റെ ആധിപത്യത്തിന് കീഴിലായിരുന്ന പല അറബ് ഗോത്രങ്ങളും സ്വാതന്ത്ര്യത്തിന് കൊതിക്കുകയും മുസ്ലിംകളുമായി ഐക്യത്തില്‍ നീങ്ങുകയും ചെയ്യുകയുണ്ടായി. ഇത് തന്റെ അധികാര അതിര്‍ത്തികളിലേക്ക് കടന്നുവരുന്ന ഒരു വന്‍അപകടമായി അദ്ദേഹം കണ്ടു. പ്രത്യേകിച്ച് അറബികളുമായി സമീപം നില്ക്കുന്ന ശാമിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഭീതിതമായി വരുന്ന ഈ അപകടം അതിന്റെ ഭീകരരൂപം കൈകൊള്ളുകയും റോമിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ അധിവസിക്കുന്ന അറബ് ഗോത്രങ്ങള്‍ റോമിനെതിരെ വിപ്ളവമുണ്ടാക്കുകയും ചെയ്യുന്നതിന് മുമ്പായി അതിനെ മുളയിലേ നശിപ്പിച്ചേ മതിയാവൂ എന്നദ്ദേഹം മനസ്സിലാക്കി. കാര്യങ്ങളെ ഇവ്വിധം വിലയിരുത്തിയ സീസര്‍ മുഅ്തയുദ്ധം കഴിഞ്ഞ് ഒരുവര്‍ഷം തികയുന്നതിന് മുമ്പുതന്നെ റോം-ബൈസന്റീന്‍-സേനയേയും അവരുമായി യോജിച്ചുനില്ക്കുന്ന ഗസ്സാന്‍പോലുള്ള അറബ് ഗോത്രങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് രക്തപങ്കിലമായ ഒരു നിര്‍ണ്ണായക സംഘട്ടനത്തിന് സജ്ജമാവുകയുണ്ടായി.
റോം-ഗസ്സാന്‍ സൈന്യങ്ങളുടെ സജ്ജീകരണ വാര്‍ത്ത
റോം സൈന്യസജ്ജീകരണം നടത്തുന്ന വാര്‍ത്ത മദീനയിലേക്ക് അരിച്ചരിച്ചെത്തി. ഒരു ഘോരമായ സംഘട്ടനത്തിലൂടെ മുസ്ലിംകളെ തകര്‍ക്കാനാണ് അവരുടെ പദ്ധതിയെന്ന് മദീനക്കാര്‍ അറിഞ്ഞു. ഈ ഭീതി മുസ്ലിംകളെ മുച്ചൂടും വലയം ചെയ്തു. അസാധാരണമായ എന്തെങ്കിലും ഒരു ശബ്ദംകേട്ടാല്‍പോലും അത് റോമന്‍സേനയുടെ പടഹധ്വനിയാണെന്നവര്‍ ധരിച്ചു. ഇത് ശരിക്കും വ്യക്തമാക്കുന്നതാണ് ഉമര്‍(റ)വിന്റെ ഒരു സംഭവം. ഹിജ്റ ഒമ്പതാം വര്‍ഷത്തിലെ ഒരു മാസം പ്രവാചകന്‍ ഭാര്യമാരെ സമീപിക്കുകയില്ലെന്ന് സത്യം ചെയ്തു. ഇതിന് കാരണം നബി(സ) സേവിച്ച തേനിനെക്കുറിച്ച് ഭാര്യമാര്‍ക്കിടയിലുള്ള ചില സംസാരങ്ങളായിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ സ്വഹാബിമാര്‍ ആദ്യം ധരിച്ചത് തിരുമേനി പത്നിമാരെയെല്ലാം വിവാഹമോചനം നടത്തിയിട്ടുണ്ടെന്നാണ്. എല്ലാവരും ഇതില്‍ അതീവ ദുഃഖിതരും വിഭ്രാന്തരുമായി കാണപ്പെട്ടു. ഇതിനെക്കുറിച്ചു ഉമര്‍(റ) പറയുന്നത് നോക്കുക: 'എനിക്കൊരു അന്‍സ്വാരി കൂട്ടുകാരനുണ്ടായിരുന്നു. അദ്ദേഹവും ഞാനും തിരുസന്നിധിയില്‍ ഊഴംവെച്ച് പോകുമായിരുന്നു. ഞാന്‍ സ്ഥലത്തില്ലെങ്കില്‍ അദ്ദേഹം എനിക്കുള്ള റൊട്ടി കൊണ്ടുവന്നു തരും. അദ്ദേഹം സ്ഥലത്തില്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിനും റൊട്ടി കൊണ്ടുപോയി നല്കും. ഞങ്ങളാണെങ്കില്‍ അക്കാലത്ത് ഗസ്സാന്‍ രാജാവ് മദീന അക്രമിക്കാന്‍ വരുന്നതിനെ സംബന്ധിച്ച ഭയത്തിലായിരുന്നു. അങ്ങനെ ഒരിക്കല്‍ എന്റെ കൂട്ടുകാരനായ അന്‍സ്വാരി വാതിലില്‍ മുട്ടി: 'തുറക്ക്, തുറക്ക്' എന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു: 'ഗസ്സാന്‍കാരെങ്ങാനും വന്നോ?' ഇല്ല. പക്ഷെ, അതിനേക്കാള്‍ ഗുരുതരമാണ് സംഭവിച്ചിട്ടുള്ളത്. അദ്ദേഹം മറുപടി പറഞ്ഞു: നബി(സ) തന്റെ ഭാര്യമാരെയെല്ലാം കയ്യൊഴിച്ചിരിക്കുന്നു......'' (7)
ഉമറിന്റെ ഈ ചോദ്യം മുസ്ലിംമനസ്സുകളില്‍ റോമന്‍ ബൈസന്റൈന്‍ സേനയെക്കുറിച്ച ഭീതി എത്രത്തോളം ശക്തമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റോമന്‍ സേനയുടെ മദീനാ ആക്രമണത്തെക്കുറിച്ച വാര്‍ത്തയെത്തുന്നതിന്നിടയില്‍ കപടവിശ്വാസികള്‍ ചെയ്ത ചില കാര്യങ്ങള്‍ ഇതിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്തു. പ്രവാചകന്‍ എല്ലാ രംഗത്തും വിജയക്കൊടി നാട്ടുന്നതും തന്റെ മാര്‍ഗത്തിലുള്ള മുഴുവന്‍ പ്രതിസന്ധികളും നിശ്പ്രയാസം തരണം ചെയ്യുന്നതും ഒരു ഭരണാധികാരിക്കും അദ്ദേഹത്തെ ഭയപ്പെടുത്താന്‍ കഴിയാത്തതും കണ്ട കപടന്മാര്‍ തങ്ങളുടെ മനസ്സില്‍ സൂക്ഷിച്ച കുതന്ത്രങ്ങള്‍ ഇസ്ലാമിനെതിരെ ഉപയോഗിക്കാന്‍ ശ്രമം നടത്തി. ഒരു പള്ളി പണിതുകൊണ്ടാണ് ഇതവര്‍ പ്രയോഗിക്കാന്‍ ശ്രമിച്ചത്. അതത്രെ മസ്ജിദുള്ളിറാര്‍-വിദ്രോഹ പള്ളി- അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുന്നവര്‍ക്കുള്ള ഗൂഢാലോചനാ കേന്ദ്രമായിട്ടായിരുന്നു ഇതിന്റെ നിര്‍മ്മാണം. മുസ്ലിംകള്‍ അറിയാതെ ഈ വലയില്‍ പെടുമെന്നായിരുന്നു അവര്‍ ധരിച്ചിരുന്നത്. ഇതില്‍ നമസ്കരിക്കാന്‍ പ്രവാചകനെ ക്ഷണിച്ചെങ്കിലും അവിടുന്ന് യുദ്ധസംബന്ധിയായ കാര്യങ്ങളില്‍ മുഴുകിയതുകാരണം നീട്ടിവെക്കുകയാണ് ചെയ്തത്. പക്ഷെ, കപടന്മാരുടെ ഗൂഢതന്ത്രം അല്ലാഹു പൊളിക്കുകതന്നെ ചെയ്തു. പ്രവാചകന്‍ യുദ്ധം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ അതില്‍ നമസ്കരിക്കുന്നതിന് പകരം പൊളിക്കാന്‍ അനുചരന്‍മാര്‍ക്ക് ഉത്തരവുനല്കി.
ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ബൈസന്റൈന്‍ സേന പുറപ്പെട്ട വിവരം മുസ്ലിംകള്‍ക്ക് കിട്ടുന്നത്. സിറിയയില്‍നിന്ന് മദീനയിലേക്ക് എണ്ണകൊണ്ടുവരുന്ന നബ്ത്വികളില്‍നിന്നാണ് വാര്‍ത്ത മുസ്ലിംകള്‍ക്ക് ലഭിച്ചത്. ഹെര്‍ക്കുലീസ് ഒരു റോമന്‍ സൈന്യാധിപന്റെ കീഴില്‍ നാല്പതിനായിരം വരുന്ന ഒരു വന്‍ സേനയെ ലഖം, ജൂതാം പോലുള്ള അറബി ഗോത്രങ്ങളെക്കൂടി സംഘടിപ്പിച്ചുകൊണ്ട് സജ്ജമാക്കിയിട്ടുണ്ടെന്നും അതിന്റെ മുന്‍നിര ബല്‍ഖാഇല്‍ എത്തിയിട്ടുണ്ടെന്നും വാര്‍ത്ത. ഇതോടെ മുസ്ലിംകള്‍ക്ക് മുന്നില്‍ അപകടം അതിന്റെ മൂര്‍ത്തരൂപം പൂണ്ടു. കടുത്ത വരള്‍ച്ചയുള്ള ഉഷ്ണവും ദുര്‍ഘടവും ദീര്‍ഘവുമായ പാതകളും വാഹനങ്ങളുടെ ദൌര്‍ലഭ്യവും മനസ്സുകളെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിച്ചുകളയുന്നു. കൊയ്തെടുക്കാന്‍ പാകമായി നില്ക്കുന്ന വിളവുകളുമെല്ലാം പ്രശ്നത്തിന്റെ ഗൌരവം ഒന്നുകൂടി വര്‍ധിപ്പിക്കുകയും ചെയ്തു.
പ്രവാചകന്‍ പോരാട്ടത്തിന്
എന്നാല്‍ പ്രവാചകന്‍ പുതിയ സംഭവവികാസങ്ങളും പരിവര്‍ത്തനങ്ങളും അതിസൂക്ഷ്മമായും കണിശമായും വിലയിരുത്തുന്നുണ്ടായിരുന്നു. അത്യധികം തീക്ഷ്ണമായ ഈ ഘട്ടത്തില്‍ ബൈസന്റൈന്‍ സേനയുമായി ഏറ്റുമുട്ടാതെ അലസതയോ അലംഭാവമോ കാണിച്ചുകൊണ്ട് അവരെ മുസ്ലിം ആധിപത്യപ്രദേശങ്ങളിലേക്ക് കടന്നുകയറാന്‍ അനുവദിച്ചാല്‍, മദീനയില്‍വെച്ച് ഒരു യുദ്ധവും നടന്നാല്‍ അത് ഇസ്ലാമിക പ്രബോധനത്തേയും ഇസ്ലാമിന്റെ പ്രശസ്തിയേയും തികച്ചും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഹുനൈനിലേറ്റ കനത്ത പ്രഹരം കാരണം അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ജാഹിലിയ്യത്ത് പുനര്‍ജീവന്‍ കൈവരിക്കുകയായിരിക്കുമതിന്റെ ഫലം. മുസ്ലിംകള്‍ക്കെതിരില്‍ അവസരം പാര്‍ത്തിരിക്കുകയും അതിനുവേണ്ടി അബൂആമിര്‍ അല്‍ഫാസിഖ് മുഖേന റോമുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കപടന്മാര്‍ റോംസേന മുന്നില്‍നിന്ന് മുസ്ലിംകളെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പിന്നില്‍നിന്ന് അവരുടെ കഠാരി മുസ്ലിംകളുടെ ആമാശയത്തിലിറക്കുകയും ചെയ്യും. ഇങ്ങനെ ദീര്‍ഘനാളായി താനും തന്റെ അനുചരന്മാരും ഇസ്ലാമിക പ്രബോധനത്തിനുവേണ്ടി ചെലവഴിച്ച കഠിനതരമായ ശ്രമങ്ങളും രക്തപങ്കിലമായ സംഘട്ടനങ്ങളും അനുസ്യൂതമായ പടയോട്ടങ്ങളുമെല്ലാം ഒരുവേള നിഷ്ഫലമായിത്തീരുകയായിരിക്കും അതിന്റെ ഫലം കാര്യങ്ങളുടെ നിജസ്ഥിതി ശരിയാംവണ്ണം മനസ്സിലാക്കിയ പ്രവാചകന്‍, പ്രതികൂല സാഹചര്യമായിരുന്നിട്ടും റോം, മദീനയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടന്നുകയറുന്നതിന് മുമ്പായി അവരുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ചെന്ന ഒരു ശക്തമായ പോരാട്ടത്തിലൂടെ അവരെ തറപറ്റിക്കാന്‍ തന്നെ തീരുമാനിച്ചു.
പ്രവാചകന്റെ യുദ്ധാഹ്വാനം
സ്ഥലനിര്‍ണയം നടത്തിയശേഷം പ്രവാചകന്‍ ജനങ്ങളോട് യുദ്ധസജ്ജരാകാന്‍ ആഹ്വാനം ചെയ്തു. അറബ് ഗോത്രങ്ങളിലേക്കും മക്കയിലേക്കും യുദ്ധത്തിനുപുറപ്പെടാനുള്ള സന്ദേശമറിയിച്ചു. പതിവിന് വിപരീതമായി, പ്രശ്നത്തിന്റെ ഗൌരവസ്ഥിതി മനസ്സിലാക്കി പ്രവാചകന്‍ റോമുമായിട്ടാണ് ഏറ്റുമുട്ടാന്‍ പോകുന്നതെന്ന് അനുയായികളെ അറിയിക്കുകയുണ്ടായി. ഇത് അവര്‍ക്ക് വേണ്ടുംവിധം സുസജ്ജരാകാന്‍ അവസരമൊരുക്കി. ധര്‍മസമരത്തിന് അണികളെ ആഹ്വാനം ചെയ്തുകൊണ്ട്, അവിടുന്ന് പ്രോത്സാഹിപ്പിച്ചു. രണാങ്കണത്തില്‍ ഉറച്ചുനില്ക്കാനും ശത്രുവിനോട് ഏറ്റുമുട്ടാനുമുള്ള ആഹ്വാനവുമായി വി.ക്വുര്‍ആനിലൂടെ സൂക്തങ്ങളവതരിച്ചു. (ബറാഅത് അധ്യായത്തിലെ സൂക്തങ്ങള്‍) ദൈവമാര്‍ഗത്തില്‍ ധനവിനിയോഗം ചെയ്യാനുള്ള പ്രോത്സാഹനം തിരുദൂതരുടെ ഭാഗത്തുനിന്നുമുണ്ടായി. അങ്ങനെ എല്ലാം സജ്ജമായി. ഒരു കല്പന വന്നാല്‍ രണാങ്കണത്തിലേക്ക് കുതിച്ചുപായാന്‍ സജ്ജരായിക്കഴിഞ്ഞു ജനങ്ങള്‍. നാലുപാടുനിന്നും സംഘങ്ങളും ഗോത്രങ്ങളും മദീനയിലേക്ക് ചുവടുവെച്ചു. ആരുംതന്നെ യുദ്ധരംഗത്ത് നിന്ന് പിന്തിനില്ക്കാന്‍ താല്പര്യം കാണിച്ചില്ല. മനസില്‍ രോഗവുമായി കഴിയുന്ന കപടന്മാരും മുസ്ലിംകളില്‍തന്നെ പെട്ട മൂന്നുപേരുമല്ലാതെ, കഷ്ടപ്പാടും ദാരിദ്യ്രവും പിടികൂടിയവര്‍പോലും തിരുസന്നിധിയില്‍ വന്ന് യുദ്ധത്തില്‍ പങ്കെടുക്കാനാവശ്യമായ വാഹനങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കുകയുണ്ടായി. അപ്പോള്‍ പ്രവാചകന്റെ പ്രതികരണം;
'നിങ്ങള്‍ക്ക് നല്കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല. അങ്ങനെ (യുദ്ധത്തിനുവേണ്ടി ചെലവഴിക്കാന്‍) യാതൊന്നും കണ്ടെത്താത്തതിന്റെ പേരിലുള്ള ദു:ഖത്താല്‍ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ഒഴുക്കിക്കൊണ്ടവര്‍ തിരിച്ചുപോയി.'' (9:92)
പ്രവാചകന്റെ ആഹ്വാനം ചെവിക്കൊണ്ട് മുസ്ലിംകള്‍ യുദ്ധഫണ്ടിലേക്ക് അഹമഹമികയാ പണം ധര്‍മം ചെയ്തു. സമ്പന്നനായ ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍ ഇരുന്നൂറ് ഒട്ടകങ്ങളെ അതിന്റെ എല്ലാ സജ്ജീകരണങ്ങളോടും കൂടി സംഭാവന ചെയ്തു. പുറമെ, ഇരുന്നൂറ് ഈഖിയ നാണയവും നല്കി. അതിനുശേഷം വീണ്ടും നൂറ് ഒട്ടകങ്ങളെ സകല ഒരുക്കങ്ങളോടുംകൂടി സംഭാവന നല്കുകയുണ്ടായി. വീണ്ടും ആയിരം ദീനാറുമായി കടന്നുവന്ന ഉഥ്മാന്‍ബിന്‍ അഫ്ഫാന്‍ അത് തിരുമേനിയുടെ മടിയില്‍ വിതറി. അത് സ്വീകരിച്ചുകൊണ്ട് തിരുമേനി പറഞ്ഞു: 'ഇനിയൊന്നും ചെയ്തില്ലെങ്കിലും ഉഥ്മാന് യാതൊന്നും ഭയപ്പെടാനില്ല.'(8). പിന്നേയും പല തവണകളായി ദാനം ചെയ്ത ഉഥ്മാന്റെ ദാനം മാത്രം തൊള്ളായിരം ഒട്ടകങ്ങളും ഇരുന്നൂറ് കുതിരകളുമുണ്ടായിരുന്നു. നാണയങ്ങള്‍ക്ക് പുറമെയാണിത്.
അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് ഇരുന്നൂറ് ഊഖിയ വെള്ളി സംഭാവന ചെയ്തു. അബൂബക്കര്‍(റ) തന്റെ സമ്പത്ത് മുഴുവനും ദാനം ചെയ്തു. ഈദ്ദേഹമായിരുന്നു ആദ്യമായി ദാനം ചെയ്തത്. നാലായിരം ദിര്‍ഹം (സ്വര്‍ണനാണയം) ഉണ്ടായിരുന്നു അത്. ഉമര്‍ തന്റെ സമ്പത്തിന്റെ പകുതി ഫണ്ടിലേക്ക് നല്കി. അബ്ബാസും ധാരാളം ധനം സംഭാവനയര്‍പ്പിക്കുകയുണ്ടായി. പുറമെ, ത്വല്‍ഹ, സഅദ്ബിന്‍ ഉബാദ, മുഹമ്മദുബ്നു മസ്ലമ, എല്ലാവരും അവരുടേതായ വിഹിതം നല്കി. ആസ്വിംബിന്‍ അദിയ് തൊണ്ണൂറ് വസ്ഖ് ഈത്തപ്പഴമാണ് യുദ്ധഫണ്ടിലേക്ക് നല്കിയത്. ഇങ്ങനെ ചെറുതും വലുതുമായ സംഖ്യകളും സാധനങ്ങളുമായി എല്ലാവരും തങ്ങളുടേതായ പങ്കുവഹിച്ചു. കേവലം ഒരു മുദ്ദും രണ്ടു മുദ്ദും (കൈകൊണ്ടുള്ള ഒരു കോരല്‍ അളവ്) മാത്രം നല്കാന്‍ കഴിയുന്നവര്‍ അതും നല്കുകയുണ്ടായി. സ്ത്രീകള്‍ അവരുടെ ആഭരണങ്ങളും സംഭാവനയായി അര്‍പ്പിച്ചു. കപടവിശ്വാസികള്‍ മാത്രമാണ് ഇതില്‍നിന്ന് മാറിനിന്നത്.
"സത്യവിശ്വാസികളില്‍നിന്ന് ദാനധര്‍മം ചെയ്യാന്‍ സ്വയം സന്നദ്ധരായി വരുന്നവരേയും, സ്വന്തം അധ്വാനമല്ലാതെ മറ്റൊന്നും ദാനം ചെയ്യാന്‍ കണ്ടെത്താത്തവരേയും അധിക്ഷേപിക്കുന്നവരത്രെ അവര്‍ (കപടന്മാര്‍). അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു.'' (9:79)
മുസ്ലിംസേനയുടെ തബൂക് മാര്‍ച്ച്
സൈന്യസജ്ജീകരണം പൂര്‍ത്തിയായതോടെ, തിരുമേനി മദീനയുടെ നേതൃത്വം മുഹമ്മദുബിന്‍മസ്ലമ അല്‍അന്‍സ്വാരിയെ ഏല്പ്പിച്ചു: സിബാഅ്ബ്നു ഗുര്‍ഫുത്വയെയാണെന്ന റിപ്പോര്‍ട്ടുമുണ്ട്. തന്റെ വീട്ടുകാരുടെ കാര്യം ശ്രദ്ധിക്കാന്‍ അലിയ്യുബ്നു അബീത്വാലിബിനേയും ചുമതലപ്പെടുത്തി. ഇതുകണ്ട് കപടന്മാര്‍ അലി(റ)വിനെ പുച്ഛമാക്കി സംസാരിച്ചപ്പോള്‍ അദ്ദേഹം നബി(സ)യുടെ അടുക്കലേക്ക് പുറപ്പെട്ടു. നബി(സ), 'മൂസാക്ക് ഹാറൂന്‍ എന്നതുപോലെ നീ എനിക്കാകുന്നത് നിന്നെ തൃപ്തിപ്പെടുത്തുന്നില്ലേ, പക്ഷെ, എനിക്ക് ശേഷം നബിയില്ല' എന്നുപറഞ്ഞുകൊണ്ട് അലിയെ തിരിച്ചയച്ചു.
വ്യാഴാഴ്ച ഉത്തരഭാഗത്തേക്ക് തബൂക്ക് ലക്ഷ്യമിട്ട് പ്രവാചകന്‍ നീങ്ങി. സൈന്യം അതിവിപുലമായിരുന്നു. മുപ്പതിനായിരം യോദ്ധാക്കള്‍. ഇതിനുമുമ്പ് ഇതുപോലൊരു സൈനികനീക്കം ഉണ്ടായിട്ടില്ല. വിപുലമായ ഒരുക്കങ്ങളും സാമ്പത്തിക വ്യയവുമുണ്ടായിട്ടും മുസ്ലിം സേനയ്ക്ക് പൂര്‍ണമായ സജ്ജീകരണങ്ങളൊരുക്കാനായില്ല. എന്നല്ല, ഭക്ഷണവും വാഹനവും വളരെ കുറവായിരുന്നു. ഒരൊട്ടകത്തിന് പതിനെട്ട് പേര്‍ എന്ന തോതിലായിരുന്നു അനുപാതം. യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ പച്ചിലകളും കഴിക്കേണ്ടിവന്നു അവര്‍ക്ക്. ഇത് അവരുടെ ചുണ്ടുകള്‍ പൊട്ടിച്ചു. അന്നപാനങ്ങളുടെ ദൌര്‍ലഭ്യം കാരണം ഉള്ള ഒട്ടകങ്ങളില്‍ ചിലതിനെത്തന്നെ അറുക്കേണ്ടിയും വന്നു. ഇതെല്ലാം ഒത്തുകൂടിയത് കാരണം ഈ സൈന്യത്തെ 'ജൈശുല്‍ ഉസ്റ' അഥവാ ദുഷ്കര സൈന്യമെന്ന് പ്രവാചകന്‍ വിളിച്ചു.
തബൂക്കിലേക്ക് ഹിജ്റ് വഴി-ഥമൂദ് ഗോത്രക്കാര്‍ താമസിച്ചിരുന്ന പ്രദേശം- യാണ് സൈന്യം കടന്നുപോയത്. അവിടെവെച്ച് ജനങ്ങള്‍ അവരുടെ കിണറുകളില്‍നിന്ന് വെള്ളം ശേഖരിച്ചപ്പോള്‍ തിരുമേനി അവരോട് പറഞ്ഞു: 'അതില്‍നിന്ന് നിങ്ങള്‍ കുടിക്കുകയോ നമസ്കാരത്തിന് ശുദ്ധിവരുത്തുകയോ ചെയ്യരുത്. അതുപയോഗിച്ച് നിങ്ങള്‍ മാവുകുഴച്ചിട്ടുണ്ടെങ്കില്‍ അത് ഒട്ടകത്തിന് ഭക്ഷണമായി നല്കുക, നിങ്ങള്‍ കഴിക്കരുത്.' സ്വാലിഹ്(അ)യുടെ ഒട്ടകം പാനം ചെയ്തിരുന്ന കിണറ്റില്‍നിന്ന് വെള്ളം ശേഖരിക്കാന്‍ അവരോട് കല്പിക്കുകയും ചെയ്തു. ഇബ്നു ഉമറില്‍നിന്ന് ബുഖാരിയും മുസ്ലിമും രേഖപ്പെടുത്തുന്നു. 'നബി(സ) ഹിജ്റ് വഴി കടന്നുപോയപ്പോള്‍ പറഞ്ഞു: അക്രമികളായ ജനതയുടെ പ്രദേശത്തിലൂടെ കടന്നുപോകുമ്പോള്‍ കരഞ്ഞുകൊണ്ടല്ലാതെ നിങ്ങള്‍ കടന്നുപോകരുത്. അവര്‍ക്ക് ബാധിച്ചതുപോലെ നിങ്ങള്‍ക്കും ബാധിക്കാതിരിക്കാന്‍വേണ്ടി. തുടര്‍ന്ന് അവിടുന്ന് ശിരസുയര്‍ത്തി താഴ്വരയിലൂടെ അതിവേഗത്തില്‍ കടന്നുപോയി. (9)
യാത്രയ്ക്കിടയില്‍ വെള്ളത്തിന് ആവശ്യമായപ്പോള്‍ ജനങ്ങള്‍ നബി (സ)യോട് ആവലാതിപ്പെട്ടു. അവിടുന്ന് അല്ലാഹുവോട് പ്രാര്‍ഥിച്ചതോടെ മഴ വര്‍ഷിക്കുകയും ജനങ്ങള്‍ അതില്‍നിന്ന് കുടിക്കുകയും ആവശ്യത്തിന് ശേഖരിക്കുകയും ചെയ്തു. തബൂക്കിന് സമീപമെത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: 'നാളെ നിങ്ങളെല്ലാം തബൂക്കിലെ അരുവിക്ക് സമീപം എത്തിച്ചേരുന്നതാണ്. ഇന്‍ശാ അല്ലാഹ്. മധ്യാഹ്നത്തിന് മുമ്പായിട്ടായിരിക്കും നിങ്ങളവിടെ എത്തുന്നത്. അവിടെ എത്തിയ ആരും ഞാന്‍ വരുന്നതിന് മുമ്പായി അരുവിയില്‍ നിന്ന് വെള്ളമെടുക്കരുത്.' മുആദ് പറഞ്ഞു: 'ഞങ്ങളവിടെ എത്തുന്നതിന് മുമ്പ് രണ്ടുപേരവിടെ എത്തിയിരുന്നു. അരുവിയില്‍നിന്ന് വെള്ളം അല്പാല്പമായി കിനിയുന്നേയുണ്ടായിരുന്നുള്ളൂ. പ്രവാചകന്‍ അവര്‍ രണ്ടുപേരോടും ചോദിച്ചു. 'നിങ്ങള്‍ വെള്ളം സ്പര്‍ശിച്ചുവോ?' 'അതെ, അവര്‍ പറഞ്ഞു. പ്രവാചകന്‍ അവരോട് ചിലതെല്ലാം പറഞ്ഞു. തുടര്‍ന്ന് അവിടുന്ന് അരുവിയില്‍നിന്ന് അല്പാല്പമായി വെള്ളം കോരിയെടുത്തപ്പോള്‍ വെള്ളമെല്ലാം അവിടെ ഒരുമിച്ചുകൂടുകയും പ്രവാചകന്‍ അതില്‍നിന്ന് മുഖവും കൈകളും കഴുകുകയും ചെയ്തു. തുടര്‍ന്ന് ആവെള്ളം അതിലേക്കുതന്നെ ചൊരിഞ്ഞതോടെ അരുവിയില്‍നിറയെ വെള്ളമായി. അങ്ങനെ ജനങ്ങളെല്ലാം അതില്‍നിന്ന് കുടിച്ചു. അനന്തരം തിരുമേനി പ്രവചിച്ചു: മുആദ് നിനക്ക് ദീര്‍ഘായുസുണ്ടെങ്കില്‍ ഇവിടം തോട്ടങ്ങളാല്‍ നിറഞ്ഞതായി നിനക്ക് കാണുമാറാകും. (10)
തബൂക്കിലേക്കുള്ള വഴിയില്‍-മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് അവിടെ എത്തിയശേഷം-റസൂല്‍(സ) പ്രവചിച്ചു: ഇന്നുരാത്രി ശക്തിയായ കാറ്റടിക്കും, പക്ഷെ, ആരുംതന്നെ എഴുന്നേല്ക്കരുത്. ഒട്ടകങ്ങളുള്ളവര്‍ അതിനെ നന്നായി ബന്ധിക്കുക.' പറഞ്ഞതുപോലെ കാറ്റടിച്ചുവീശി. ഒരാള്‍ മാത്രം എഴുന്നേറ്റു. അവനെ കാറ്റെടുത്ത് ത്വയ്പര്‍വതങ്ങള്‍ക്കിടയില്‍ എറിയുകയും ചെയ്തു. (11)
യാത്രയ്ക്കിടയില്‍ തിരുമേനിയുടെ പതിവ് ദുഹ്റും അസ്വറും നമസ്കാരങ്ങള്‍ ഏതെങ്കിലുമൊന്നിന്റെ സമയത്തും മഗ്രിബും ഇശാഉം ഏതെങ്കിലുമൊന്നിന്റെ സമയത്തും നിര്‍വഹിക്കുകയെന്നതാണ്.
സൈന്യം തബൂകിലെത്തുന്നു
മുസ്ലിം സൈന്യം തബൂക്കിലെത്തി തമ്പടിച്ചു, ശത്രുവിനെ പ്രതീക്ഷിച്ചിരുന്നു. ആ സൈന്യത്തിനുമുമ്പാകെ പ്രവാചകന്‍ ഒരു പ്രഭാഷണം നടത്തി. ആശയസംപുഷ്ടവും ഘനഗംഭീരമാര്‍ന്നതുമായ ആ ശബ്ദം, ഇഹപരനേട്ടങ്ങളെക്കുറിച്ചും പാരത്രിക രക്ഷാശിക്ഷകളെക്കുറിച്ചുമെല്ലാം ഈടുറ്റപദങ്ങളില്‍ വിശദീകരിച്ചു. ഭൌതിക വിഭവങ്ങളുടേയും സൌകര്യങ്ങളുടേയും ന്യൂനത, പ്രവാചകന്റെ പ്രഭാഷണത്തിലെ ആദര്‍ശത്തിന്റെ ശക്തികൊണ്ട് പരിഹരിക്കപ്പെട്ടു. അവരുടെ വിശ്വാസം ഉന്നതവിതാനത്തിലേക്കുയര്‍ന്നു.
മുസ്ലിം സേനയെക്കുറിച്ച് കേട്ട റോമും അവരുടെ സഖ്യകക്ഷികളും ഭീതിതരാവുകയും മുസ്ലിംകളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതെ തങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കുള്ളില്‍ത്തന്നെ ഛിന്നഭിന്നരാവുകയും ചെയ്തു. ഈ സംഭവം മുസ്ലിംകളുടെ സൈനികമായ കീര്‍ത്തിയും പ്രശസ്തിയും അറേബ്യന്‍ ഉപദ്വീപിലും സമീപപ്രദേശങ്ങളിലും വര്‍ധിപ്പിച്ചു. ഇതുവഴി രാഷ്ട്രീയമായ വന്‍നേട്ടമാണ് മുസ്ലിംകള്‍ക്ക് കൈവന്നത്. ഒരുപക്ഷെ, ഒരു യുദ്ധം നടന്നിരുന്നെങ്കില്‍ ഇത്രവലിയ ഒരു നേട്ടം കൈവരിക്കാനാകുമായിരുന്നില്ല.
ഇതിനെതുടര്‍ന്ന് ഐലയിലെ ഭരണാധികാരിയായ യുഹന്നബിന്‍ റുഅ്ബ പ്രവാചകനുമായി സന്ധിയിലേപ്പെടുകയും കപ്പം കൊടുക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. ഇതുപോലെ ജര്‍ബാഅ്, അദ്റുഹ് എന്നീ പ്രദേശത്തുകാരും വന്ന് കപ്പം നല്കി. ഇവര്‍ക്കെല്ലാം പ്രവാചകന്‍ സമാധാനക്കരാര്‍ എഴുതി കൈമാറി. ഫലവിഭവങ്ങളുടെ നാലില്‍ ഒന്ന് നല്കാമെന്ന് സമ്മതിച്ചുകൊണ്ട് മീനാഅ്കാരും കരാര്‍ ചെയ്തു. ഐലക്കാര്‍ക്ക് എഴുതിക്കൊടുത്ത സമാധാനക്കരാറിന്റെ രൂപം താഴെ:
'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍' 'ഐല നിവാസിയായ യുഹന്നബിന്‍ റുഅ്യ്ക്ക് അല്ലാഹുവില്‍നിന്നും അവന്റെ പ്രവാചകനും ദൂതനുമായ മുഹമ്മദില്‍നിന്നുമുള്ള സമാധാനക്കരാറാണിത്. കരയിലും കടലിലുമുള്ള അവരുടെ വാഹനങ്ങള്‍ക്കും കപ്പലുകള്‍ക്കും അല്ലാഹുവിന്റേയും പ്രവാചകനായ മുഹമ്മദിന്റെയും സംരക്ഷണബാധ്യത ഉറപ്പുനല്കുന്നു. അവരോടൊപ്പമുള്ള ശാംനിവാസികള്‍ക്കും സമുദ്രതീരങ്ങളിലുള്ളവര്‍ക്കും ഇതുപോലെ സംരക്ഷണമുണ്ടായിരിക്കുന്നതാണ്. ഇവരില്‍ ആരെങ്കിലും വല്ല നിയമവിധേയമല്ലാത്ത കാര്യങ്ങളും ചെയ്താല്‍ അവന്റെ സമ്പത്ത് അവന് സുരക്ഷിതത്വം നല്കുന്നതല്ല. അത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇവര്‍ കുടിവെള്ളമെടുക്കുന്ന നീര്‍തടങ്ങള്‍ തടയാവതല്ല. കരമാര്‍ഗേനയും കടല്‍ മാര്‍ഗേനയുമുള്ള അവരുടെ യാത്രയും തടസ്സപ്പെടുത്താവതല്ല.''
പ്രവാചകന്‍ ഖാലിദുബ്നു വലീദിനെ നാനൂറ്റി ഇരുപത് അശ്വഭടന്മാരോടൊപ്പം ദൂമത്തുജന്‍ദലിലെ ഉകൈദിറിന്റെ അടുക്കലേക്കയച്ചു. പ്രവാചകന്‍ ഖാലിദിനോട് പറഞ്ഞു: 'താങ്കള്‍ക്കദ്ദേഹത്തെ പശുവിനെ വേട്ടയാടുന്നതായിട്ട് കണ്ടെത്താം. തന്റെ നേത്രങ്ങള്‍ക്ക് കോട്ട കാണാവുന്ന അകലത്ത് ഖാലിദ് എത്തിയപ്പോള്‍ ഒരു പശു വന്നു കോട്ടവാതിലില്‍ തന്റെ കൊമ്പുകൊണ്ട് ഉരസുന്നത് കണ്ടു. ഉടനെത്തന്നെ-പൂര്‍ണനിലാവുള്ള ആ രാത്രിയില്‍-ഉകൈദിര്‍ അതിനെ വേട്ടയാടാന്‍ വരുന്നത് ഖാലിദ് കണ്ടു. ഖാലിദ് അദ്ദേഹത്തെ പിടികൂടി. നബിയുടെ സന്നിധിയില്‍ ഹാജറാക്കി. രണ്ടായിരം ഒട്ടകങ്ങളും എണ്ണൂറ് കാലികളും നാനൂറ് പടയങ്കികളും നാനൂറ് കുന്തങ്ങളും നല്കാമെന്ന വ്യവസ്ഥയില്‍ തന്റെ ജീവന് സുരക്ഷിതത്വം നല്കുന്ന ഒരു സന്ധി അദ്ദേഹമുണ്ടാക്കി. കപ്പം നല്കാമെന്നും തീരുമാനമാക്കി. യുഹന്നയോടുണ്ടാക്കിയതുപോലെ ദൂമ, തബൂക്, അയ്ല, തയ്മാഅ് എന്നീ പ്രദേശങ്ങളുടെ കാര്യത്തിലും ഇദ്ദേഹത്തോട് ഉടമ്പടി ചെയ്തു. ഇതോടെ റോമിന്റെ നിയന്ത്രണത്തിനു കീഴില്‍ നിന്നിരുന്ന ഗോത്രങ്ങളെല്ലാം തങ്ങളുടെ പഴയ നേതാവിന്റെ കാലം അവസാനിച്ചതായി മനസ്സിലാക്കി. അവരെല്ലാം മുസ്ലിംകളുമായി സന്ധിയിലേര്‍പ്പെട്ടു. അങ്ങനെ ഇസ്ലാമിക രാഷ്ട്രത്തിന്റെ അതിര് റോമിന്റെയും അതിന്റെ ഗവര്‍ണര്‍മാരുടെയും അധീനതയിലുള്ള പ്രദേശങ്ങളുടെ അതിര്‍ത്തിയോളം വ്യാപകമായി.
മദീനയിലേക്കുള്ള മടക്കം
ഒരുപോറലുമേല്ക്കാതെ വിജയശ്രീലാളിതരായി മുസ്ലിം സൈന്യം മദീനയിലേക്ക് മടങ്ങി. അല്ലാഹുവിന്റെ അതിമഹത്തായ സഹായമായിരുന്നു ഈ വിജയത്തിന് കാരണം. വഴിമധ്യേ ഒരു മലമ്പാത കടക്കുകയായിരുന്നു പ്രവാചകന്‍. അവിടുത്തെ കൂടെ രണ്ടുപേര്‍ മാത്രം. അമ്മാര്‍ ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചുകൊണ്ടും ഹുദൈഫത്തുല്‍ യമാന്‍ അതിനെ തെളിച്ചുകൊണ്ടും. ഈ സന്ദര്‍ഭത്തില്‍ പന്ത്രണ്ട് കപടന്മാര്‍ തിരുമേനിയെ ചതിയില്‍ വധിക്കാന്‍ ഗൂഢാലോചന നടത്തി. മറ്റുള്ള സഹയാത്രികരെല്ലാം മലയുടെ താഴ്വരയിലാണുള്ളത്. ഒറ്റപ്പെട്ട ഈ സന്ദര്‍ഭത്തില്‍ മുഖംമൂടി ധാരികളായ ഇവര്‍ പിന്നില്‍നിന്ന് ഓടിവരുന്ന ശബ്ദം അവര്‍ കേട്ടു. പ്രവാചകന്‍ ഹുദൈഫയെ അവര്‍ക്കുനേരെ അയച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഒരു ദണ്ഡ് ഉപയോഗിച്ച് അവരെ അടിച്ചാട്ടി. അല്ലാഹു അവരില്‍ ഭീതിജനിപ്പിച്ചതുകാരണം അവര്‍ പെട്ടെന്ന് ഓടി താഴ്വരയിലുള്ള ജനങ്ങളുടെ കൂടെ ചേര്‍ന്നു. ഇവരുടെ പേരുകളും അവരുടെ മനസ്സിലിരിപ്പും പ്രവാചകതിരുമേനി ഹുദൈഫയോട് പറയുകയുണ്ടായി. ഇതുകാരണം ഹുദൈഫ 'പ്രവാചകന്റെ രഹസ്യക്കാരന്‍' എന്ന പേരില്‍ അറിയപ്പെടുകയുണ്ടായി. ഇതിനെക്കുറിച്ചാണ് ക്വുര്‍ആന്‍ പരാമര്‍ശിച്ചത്. 'അവര്‍ക്ക് നേടാന്‍ കഴിയാത്ത കാര്യത്തിന് അവര്‍ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു.'' (9:74)
അകലെനിന്ന് മദീനയുടെ അടയാളങ്ങള്‍ തെളിഞ്ഞതോടെ സന്തോഷാതിരേകത്താല്‍ പ്രവാചകന്‍ പറഞ്ഞു: "എന്തൊരു മനോഹര ദൃശ്യം! ഇതാ ഉഹ്ദ്, നമ്മെ സ്നേഹിക്കുകയും നാം സ്നേഹിക്കുകയും ചെയ്യുന്ന മല.'' സൈന്യത്തിന്റെ തിരിച്ചുവരവിന്റെ ആരവങ്ങള്‍ കേട്ടു മദീനയിലെ ജനങ്ങളെല്ലാം പുറത്തിറങ്ങി. സ്ത്രീകളും കുട്ടികളും ബാലന്മാരുമെല്ലാം അത്യാഹ്ളാദത്തോടെ പാട്ടുപാടിക്കൊണ്ട് അവരെ എതിരേറ്റു. "അല്‍വദാഅ് മലയിടുക്കുകളിലൂടെയിതാ ഞങ്ങള്‍ക്കുമീതെ പൌര്‍ണമി ഉദയം ചെയ്തിരിക്കുന്നു. അല്ലാഹുവിലേക്കുള്ള വിളിയാളം നിലക്കാത്ത കാലമത്രയും ഞങ്ങളതിന് നന്ദികാണിക്കാന്‍ ബാധ്യസ്ഥരത്രെ!'' (12)
തബൂക്കില്‍നിന്നുള്ള മടക്കയാത്രയും മദീനാപ്രവേശവും ഹിജ്റ ഒമ്പതാം വര്‍ഷം റജബിലായിരുന്നു (13). മൊത്തം ഈ യുദ്ധത്തിനുവേണ്ടി പ്രവാചകന്‍ അമ്പതുദിവസമെടുത്തു. ഇരുപത് ദിവസം തബൂക്കിലും ബാക്കി ദിവസങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രയ്ക്കുമായിരുന്നു. നബി(സ)യുടെ അവസാനത്തെ യുദ്ധമായിരുന്നു ഇത്.
പിന്തിനിന്നവര്‍
ഈ യുദ്ധം അതിന്റെ സവിശേഷമായ സാഹചര്യങ്ങളോടൊപ്പം തന്നെ അല്ലാഹുവില്‍ നിന്നുള്ള ഒരു ശക്തിയായ പരീക്ഷണം കൂടിയായിരുന്നു. ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ അത് അല്ലാഹുവിന്റെ ചര്യയാണ്. അല്ലാഹു പറയുന്നു: 'നല്ലതില്‍നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളെ, നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല.'' (3:179). മനസ്സില്‍ സത്യസന്ധമായ വിശ്വാസം സൂക്ഷിച്ചിരുന്ന എല്ലാവരും ഈ യുദ്ധത്തിന് പുറപ്പെടുകയുണ്ടായി. യുദ്ധത്തില്‍നിന്ന് പിന്തിനില്ക്കുകയെന്നത് അയാളുടെ വിശ്വാസകാപട്യത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെട്ടു. പിന്തിനില്ക്കുന്ന ആരെയെങ്കിലും കുറിച്ച് തിരുമേനിയോട് ഉണര്‍ത്തപ്പെട്ടാല്‍ അവിടുന്ന് പറയും: 'അവനെ വിട്ടേക്കുക, അവനെക്കൊണ്ടെന്തെങ്കിലും നന്മയുണ്ടെങ്കില്‍ അല്ലാഹു അവനെ നിങ്ങളോടൊപ്പമെത്തിക്കും. മറിച്ചാണെങ്കില്‍ നിങ്ങള്‍ക്ക് ആശ്വാസവുമായി. ന്യായമായ കാരണങ്ങളുള്ളവരും കള്ളന്യായങ്ങള്‍ പറഞ്ഞു അനുമതിതേടിയ കപടന്മാരും നേതാവിനോടു ചോദിക്കാതെ വെറുതെ ചടഞ്ഞിരുന്നവരുമല്ലാത്ത എല്ലാവരും യുദ്ധത്തില്‍ പങ്കുചേര്‍ന്നു. അതെ, സത്യസന്ധരായ മൂന്ന് വിശ്വാസികള്‍ ഒരു ന്യായവുമില്ലാതെ പിന്തിനില്ക്കുകയും അവരെ അല്ലാഹു പിന്നീട് പരീക്ഷിക്കുകയും അവരുടെ പശ്ചാത്താപം സ്വീകരിക്കുകുയം ചെയ്തു.
മദീനയിലെത്തിയ പ്രവാചകന്‍ ആദ്യം പള്ളിയില്‍ചെന്ന് രണ്ട് റക്അത്ത് നമസ്കരിച്ചു. പിന്നീട് ജനങ്ങള്‍ക്കുവേണ്ടി ഇരുന്നു. അതോടെ കപടന്മാര്‍ ഇവര്‍ എണ്‍പതില്‍പരം പേരുണ്ടായിരുന്നു. തിരുസന്നിധിയില്‍ വന്നു ഓരോതരം കാരണങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ചിലരെല്ലാം ആണയിടുന്നുമുണ്ട്. അവരുടെ പ്രത്യക്ഷാവസ്ഥ സ്വീകരിച്ചുകൊണ്ട് അവരുമായി കരാര്‍ ചെയ്യുകയും അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനമര്‍ഥിക്കുകയും ചെയ്തു. അവരുടെ ആന്തരിക രഹസ്യങ്ങള്‍ അല്ലാഹുവിലേക്ക് വിട്ടു.
എന്നാല്‍ ശരിയായ വിശ്വാസികളായ ആ മൂന്നുപേര്‍ കഅ്ബ്ബിന്‍ മാലിക്, മുറാറബിന്‍ അര്‍റബീഅ് ഹിലാല്‍ ബിന്‍ ഉമയ്യ. പ്രവാചകന്റെ മുമ്പില്‍ വന്നു സത്യം തുറന്നുപറഞ്ഞു അതോടെ ഈ മൂന്നുപേരോടും ബഹിഷ്കരണം പ്രഖ്യാപിക്കാന്‍ തിരുമേനി അനുചരന്മാരോടാഹ്വാനം ചെയ്തു. അവരുമായി സംസാരിക്കുകയോ മറ്റെന്തെങ്കിലും ഇടപാടുകള്‍ നടത്തുകയോ ചെയ്യാതെ പൂര്‍ണ്ണമായ ബന്ധവിച്ഛേദനം നടത്തി. അതോടെ ഇവര്‍ക്ക് ജീവിതം ഏറെ ദുസ്സഹമായി അനുഭവപ്പെട്ടു. നാല്പതുദിവസം ഇവ്വിധം പിന്നിട്ട അവര്‍ക്ക് പുതിയൊരു കല്പനകൂടി വന്നു. തങ്ങളുടെ ഭാര്യമാരെ കൂടി മാറ്റിനിര്‍ത്തണമെന്ന്, അങ്ങനെ ബന്ധവിച്ഛേദനത്തിന്റെ പൂര്‍ണമായ അമ്പതുദിവസങ്ങള്‍ പിന്നിട്ടു. അവസാനം അവരുടെ പശ്ചാത്താപം സ്വീകരിച്ചുകൊണ്ട് അല്ലാഹു ആയത്തവതരിപ്പിച്ചു.
'(തീരുമാനം) പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്നുപേരുടെ നേരെയും (അല്ലാഹു കനിഞ്ഞു മടങ്ങിയിരിക്കുന്നു). അങ്ങനെ ഭൂമി വിശാലമായിരുന്നിട്ടുകൂടി അതവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും തങ്ങളുടെ മനസ്സുകള്‍തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോവുകയും അല്ലാഹുവിങ്കല്‍നിന്ന് രക്ഷതേടുവാന്‍ അവങ്കലേക്കല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍, അവന്‍ വീണ്ടും അവരുടെ നേരെ കനിഞ്ഞുമടങ്ങി. അവര്‍ ഖേദിച്ചുമടങ്ങുന്നവരായിരിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.'' (9:118). ഇതോടെ മുസ്ലിംകള്‍ ആഹ്ളാദചിത്തരായി. ആ മൂന്നുപേരും അവരുടെ ജീവിതത്തില്‍ മറ്റൊരിക്കലുമുണ്ടായിട്ടില്ലാത്തത്ര അളവറ്റ സന്തോഷത്തിന് വിധേയരായി. പരസ്പരം സന്തോഷമറിയിച്ചും ദാനധര്‍മം ചെയ്തും സമ്മാനങ്ങള്‍ കൈമാറിയും അവരത് ആഘോഷിച്ചു.
ന്യായമായ കാരണങ്ങള്‍ കാരണം യുദ്ധത്തില്‍ പങ്കെടുക്കാത്തവരെ പറ്റി അല്ലാഹു പറഞ്ഞു:
'ബലഹീനരുടെ മേലും രോഗികളുടെ മേലും ചെലവഴിക്കാന്‍ യാതൊന്നും ലഭിക്കാത്തവരുടെമേലും അവര്‍ അല്ലാഹുവോടും റസൂലിനോടും ഗുണകാംക്ഷയുള്ളവരാണെങ്കില്‍ യുദ്ധത്തിന് പോകാത്തതിന്റെ പേരില്‍ യാതൊരു കുറ്റവുമില്ല'' (9:91) ഇവരെക്കുറിച്ചാണ് മദീനയ്ക്ക് സമീപമെത്തിയപ്പോള്‍ പ്രവാചകന്‍ പറഞ്ഞത്: മദീനയില്‍ ചില ആളുകളുണ്ട്. അവര്‍ നിങ്ങള്‍ പോയവഴികളിലും മുറിച്ചുകടന്ന താഴ്വരകളിലും നിങ്ങളോടൊപ്പമുണ്ടായിരുന്നു. ന്യായമായ കാരണങ്ങളാണ് അവരെ അവിടെ തടഞ്ഞുവെച്ചത്.' ജനങ്ങള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരെ അവര്‍ മദീനയില്‍ ഇരിക്കുമ്പോഴോ? അതെ, അവര്‍ മദീനയില്‍ ഇരിക്കുമ്പോള്‍തന്നെ'. പ്രവാചകന്‍ പറഞ്ഞു.
യുദ്ധത്തിന്റെ പ്രതിഫലനം
അറേബ്യന്‍ ഉപദ്വീപില്‍ മുസ്ലിംകളുടെ ശക്തിയും സ്വാധീനവും നടപ്പാക്കുന്നതില്‍ ഗണ്യമായ പങ്കാണ് ഈ യുദ്ധത്തിനുള്ളത്. ഇസ്ലാമിനല്ലാതെ അറേബ്യന്‍ ഉപദ്വീപില്‍ തുടര്‍ന്നു നിലനില്ക്കാന്‍ അര്‍ഹതയില്ലെന്ന് ഇതോടെ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. റോമന്‍ ശക്തിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് മുസ്ലിംകള്‍ക്ക് നാശവും നഷ്ടവും പ്രതീക്ഷിച്ചിരുന്ന ഭോഷന്മാരുടേയും കപടന്മാരുടേയും അവശേഷിച്ച പ്രതീക്ഷപോലും ഇതോടെ തകര്‍ന്നടിഞ്ഞു. റോം തന്നെ സംഭവയാഥാര്‍ഥ്യങ്ങള്‍ക്ക് കീഴടങ്ങിയിരുന്നു.
ഇതോടെ കപടന്മാരോട് അനുകമ്പാര്‍ദ്രമായി വര്‍ത്തിക്കേണ്ട യാതൊരാവശ്യവും മുസ്ലിംകള്‍ക്കില്ലാതായി. കഠിനമായി അവരോട് വര്‍ത്തിക്കാനുള്ള അല്ലാഹുവിന്റെ കല്പനയും എത്തിച്ചേര്‍ന്നു. അവരുടെ ധര്‍മം സ്വീകരിക്കുന്നതും അവര്‍ക്കുവേണ്ടി മയ്യിത്ത് നമസ്കരിക്കുന്നതും പാപമോചനം നടത്തുന്നതും ഖബറിങ്കല്‍നിന്ന് പ്രാര്‍ഥിക്കുന്നതും വിലക്കിക്കൊണ്ടുള്ള കല്പനയുമെത്തി. ഇസ്ലാമിനെതിരെയുള്ള ഗൂഢാലോചനക്കായി അവര്‍ നിര്‍മ്മിച്ച പള്ളിയും പ്രവാചകന്‍ തകര്‍ക്കാന്‍ ഉത്തരവിട്ടു. ഈ വിഷയകമായി അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ അവരുടെ യഥാര്‍ഥ നിലപാട് വ്യക്തമാക്കിത്തരുന്നതും അവരെ വഷളാക്കുന്ന തരത്തിലുള്ളതുമായിരുന്നു. ആരൊക്കെയാണ് മദീനയിലെ കപടന്മാരെന്ന് സൂചനനല്കുന്ന തരത്തിലായിരുന്നു ഖുര്‍ആന്‍ സൂക്തത്തിന്റെ ശൈലി.
ഈ യുദ്ധത്തിന്റെ വ്യാപകമായ സ്വാധീനഫലങ്ങളില്‍ പെട്ടതാണ് ദൌത്യസംഘങ്ങളുടെ അനുസ്യൂതമായ ആഗമനം. മക്കാവിജയത്തിന് ശേഷവും അതിന്റെ തൊട്ടുമുമ്പ് തന്നെയും ഇതാരംഭിച്ചിട്ടുണ്ടങ്കിലും ഈ യുദ്ധത്തിന് ശേഷം അത് അനേകമായി വര്‍ധിച്ചു. (14)
ഈ യുദ്ധവിഷയത്തെ അധികരിച്ചുള്ള അനേകം സൂക്തങ്ങള്‍ അല്‍ബറാഅ: അധ്യായത്തില്‍ അവതരിക്കുകയുണ്ടായി. യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പും പിമ്പും മടങ്ങിവന്ന ശേഷവുമുള്ള കാര്യങ്ങള്‍ അതില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്. നിഷ്കളങ്കരായ യോദ്ധാക്കളുടെ മഹത്വവും കപടന്മാരുടെ പൊയ്മുഖമനാവരണം ചെയ്യലുമടക്കം പല കാര്യങ്ങളും ഇതില്‍ കടന്നുവരുന്നു.
ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍
1. തബൂക്കില്‍നിന്ന് പ്രവാചകന്‍ മടങ്ങിവന്നശേഷം ഉവൈമിര്‍ അജ്ലാനിയുടേയും പത്നിയുടേയുമിടയില്‍ പരസ്പരം ശാപ പ്രാര്‍ഥന നടത്തി പിരിക്കുന്ന സംഭവമുണ്ടായി.
2. വ്യഭിചാരക്കുറ്റം സ്വയം ഏറ്റുപറഞ്ഞ ഗാമിദിയ ഗോത്രക്കാരിയെ, പ്രസവവും ശിശുവിന്റെ മുലയൂട്ടലും കഴിഞ്ഞശേഷം എറിഞ്ഞുകൊന്നത്.
3. എത്യോപ്യയിലെ രാജാവ് നജ്ജാശി അസ്വ്ഹമയുടെ മരണവും അദ്ദേഹത്തിനുവേണ്ടിയുള്ള അസാന്നിധ്യത്തിലുള്ള നമസ്കാരവും ഇത് റജബ് മാസത്തിലായിരുന്നു.
4. പ്രവാചകപുത്രിയും ഉഥ്മാന്‍ ബിന്‍ അഫ്ഫാന്റെ ഭാര്യയുമായ ഉമ്മുകുത്സൂമിന്റെ മരണം. ഇത് ശഅബാന്‍ മാസത്തിലായിരുന്നു. ഏറെ ദുഃഖിതനായ പ്രവാചകന്‍ ഉഥ്മാന്‍(റ)വിനോട് പറഞ്ഞു: എനിക്ക് മൂന്നാമതൊരു പുത്രിയുണ്ടായിരുന്നുവെങ്കില്‍ അവളേയും ഞാന്‍ താങ്കള്‍ക്ക് വിവാഹം ചെയ്തു തരുമായിരുന്നു.
5. കപടന്മാരുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യ് ബിന്‍ സുലൂലിന്റെ മരണം. ഇത് തിരുമേനി തബൂക്കില്‍ നിന്ന് മടങ്ങിയശേഷമായിരുന്നു. പ്രവാചകന്‍ അദ്ദേഹത്തിന് വേണ്ടി പാപമോചനത്തിനര്‍ഥിക്കുകയും ഉമര്‍(റ) വിലക്കിയിട്ടും മയ്യിത്ത് നമസ്കരിക്കുകയും ചെയ്തു. പക്ഷെ, ഉമറിന്റെ അഭിപ്രായമംഗീകരിച്ചുകൊണ്ട് പിന്നീട് ക്വുര്‍ആന്‍ അവതരിച്ചു.
അബൂബക്കറിന്റെ(റ) ഹജ്ജ്
ഇതേ വര്‍ഷം-ഹിജ്റ 9ന്-ദുല്‍ഖഅദയിലോ ദുല്‍ഹിജ്ജയിലോ നബി(സ) അബൂബക്കര്‍(റ)വിനെ മുസ്ലിംകള്‍ക്ക് ഹജ്ജിന് നേതൃത്വം നല്കാന്‍ നിയോഗിച്ചു.
മുസ്ലിംകള്‍ പുറപ്പെട്ട് അല്പം കഴിഞ്ഞ്, അവിശ്വാസികളുമായുള്ള കരാര്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടുള്ള സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. അലി(റ)വിനോട് ഇത് ജനങ്ങള്‍ക്കിടയില്‍ വിളംബരം ചെയ്യാനായി പ്രവാചകന്‍ അബൂബക്കര്‍(റ)വിന്റെ അടുക്കലേക്ക് അയച്ചു. അറബികളുടെ പൊതുസമ്പ്രദായമനുസരിച്ച് ഹജ്ജ് വേളകളിലാണ് ഇത്തരം സുപ്രധാന കാര്യങ്ങളുടെ വിളംബരമുണ്ടാകുന്നത്. അലി, അബൂബക്കര്‍(റ)വിനെ അല്‍അറജ് എന്ന സ്ഥലത്തോ ളജ്നാന്‍ എന്ന സ്ഥലത്ത് വെച്ചോ കണ്ടുമുട്ടി. അബൂബക്കര്‍(റ) ചോദിച്ചു: 'നായകനായിട്ടോ സന്ദേശവാഹകനായിട്ടോ എത്തിയിട്ടുള്ളത്?' 'ഇല്ല, സന്ദേശവാഹകന്‍ മാത്രം.' അലി പറഞ്ഞു. തുടര്‍ന്ന് രണ്ടുപേരും മുന്നോട്ടുപോയി. അബൂബക്കര്‍(റ) ജനങ്ങള്‍ക്ക് ഹജ്ജിനു നേതൃത്വം നല്കി. അലി(റ) ജംറയ്ക്ക് സമീപം (ഹജ്ജില്‍ കല്ലെറിയുന്ന സ്ഥലം)നിന്ന് പ്രവാചകന്റെ കല്പന വിളംബരം ചെയ്തു. ഓരോ വിഭാഗത്തിനും അവരുടെ കാര്യം പുനരാലോചിക്കാന്‍ നാലുമാസം അവധി നല്കി. നേരത്തെ കരാറിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കും ഇതുപോലെ നാലുമാസം സമയമനുവദിച്ചു. എന്നാല്‍ മുസ്ലംകള്‍ക്കെതിരില്‍ കരാര്‍ലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ അക്രമികളെ സഹായിക്കുകയോ ചെയ്തിട്ടില്ലാത്ത ഗോത്രങ്ങള്‍ക്ക് അവരുടെയെല്ലാം കരാറുകള്‍ അതിന്റെ അവധി തീരുന്നതുവരെ അനുവദിച്ചുനല്കുകയും ചെയ്തു.
അബൂബക്കര്‍(റ)വിന്റെ നിര്‍ദേശാനുസരണം, ഈ വര്‍ഷത്തിന് ശേഷം ഒരു ബഹൂദൈവാരാധകരും ഹജ്ജ് ചെയ്യാന്‍ വരികയോ നഗ്നനായി കഅബാ പ്രദക്ഷിണം നടത്തുകയോ ചെയ്യാവതല്ലെന്ന് ജനങ്ങള്‍ക്കിടയില്‍ ചിലര്‍ വിളംബരം ചെയ്തു. ഈ വിജ്ഞാപനം അറേബ്യന്‍ ഉപദ്വീപില്‍ വിഗ്രഹപൂജയുടെ എന്നെന്നേക്കുമുള്ള അന്ത്യം കുറിക്കലായിരുന്നു. (15)
യുദ്ധങ്ങള്‍ ഒരവലോകനം
പ്രവാചകന്‍ നടത്തിയ യുദ്ധങ്ങളും സൈനിക നിയോഗങ്ങളും നാം വിലയിരുത്തിയാല്‍ നമുക്ക് ഒരു യാഥാര്‍ഥ്യം വ്യക്തമാകും. നബിതിരുമേനി, മുഴുവന്‍ ദൈവദൂതന്മാരുടേയും നേതാവെന്നപോലെ ഈ ഭൂമിയിലെ ഏറ്റം വലിയ സൈന്യാധിപനും കണിശമായ ദീര്‍ഘവീക്ഷണത്തിന്റെയും പുണ്യത്തിന്റെയും ഉടമയും കൂടിയായിരുന്നുവെന്ന്. അതുകൊണ്ടുതന്നെ പ്രവാചകന്‍ നേതൃത്വം നല്കിയ ഒരൊറ്റയുദ്ധത്തിലും തന്ത്രത്തിന്റെയോ സൈന്യസജ്ജീകരണത്തിന്റേയോ തന്ത്രപ്രധാനമായ സ്ഥാനം തെരഞ്ഞെടുക്കുന്നതിന്റെയോ കാര്യത്തില്‍ തെറ്റുപറ്റി അപകടം പിണഞ്ഞതായി കാണാന്‍ കഴിയില്ല. എന്നല്ല, മറ്റെങ്ങും ഇതുവരെ കണ്ടിട്ടില്ലാത്ത നവീനമായ ശൈലിയാണ് പ്രവാചകനില്‍ നാം കാണുന്നത്. ഉഹ്ദിലും ഹുനൈനിലും സംഭവിച്ചതാകട്ടെ, അണികള്‍ നേതൃത്വത്തിന്റെ കല്പന ധിക്കരിക്കുകയും ഹുനൈനിലെ ചില സൈനീകരുടെ ദൌര്‍ബല്യവും സൈനികരെന്ന നിലയ്ക്ക് അനിവാര്യമായിരുന്ന യുദ്ധതന്ത്രവും പ്ളാനും കയ്യൊഴിച്ചതുമാണ്.
പ്രവാചക തിരുമേനിയുടെ നൈപുണ്യം പ്രകടമായ രണ്ടു രംഗങ്ങളാണ് മുസ്ലിംകള്‍ക്ക് പരാജയമുണ്ടായ ഈ രണ്ടു യുദ്ധങ്ങള്‍. ഇതില്‍ ശത്രുവിന് തന്റെ ലക്ഷ്യം നേടാന്‍കഴിയാത്തതാക്കുകയായിരുന്നു പ്രവാചകന്‍. ഇതാണ് ഉഹ്ദില്‍ സംഭവിച്ചത്. യുദ്ധത്തിന്റെ ഗതിമാറ്റിയെടുത്തുകൊണ്ട് പരാജയം ഒരു വിജയമാക്കുകയാണ് ഹുനൈനില്‍ ചെയ്തത്. എന്നാല്‍ ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ കടുത്ത നൈരാശ്യവും ഇച്ഛാഭംഗവും നേരിട്ട് ആത്മരക്ഷാര്‍ഥം സൈന്യാധിപന്മാര്‍ യുദ്ധക്കളം വിട്ടോടുന്നതാണ് നാം കാണുന്നത്.
ഇതത്രയും തെളിഞ്ഞ സൈനികനേതൃത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ മറ്റൊരു വശത്തിലൂടെ അവിടുന്ന് ഈ യുദ്ധങ്ങള്‍ വഴി ശാന്തിയും സമാധാനവും വിതച്ചു. കുഴപ്പങ്ങള്‍ അണച്ചു കളഞ്ഞും ശത്രുവിന്റെ മുതുകൊടിച്ചും അവരെ ഐക്യകരാറിലെത്തിച്ചുകൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് വഴിതുറക്കുകയും ചെയ്തു. അതുപോലെ തന്റെ അണികളില്‍ യഥാര്‍ഥ വിശ്വാസികളാരെന്നും കാപട്യം ഉള്ളിലൊതുക്കിയവരാരെന്നും തിരിച്ചറിയാനും ഇതുവഴി അവസരമൊരുങ്ങി.
ഒട്ടനവധി നിപുണരായ സൈന്യാധിപന്മാര്‍ക്ക് ജന്മം നല്കാനും ഇത് വേദിയൊരുക്കി. പ്രവാചകനുശേഷം റോമുമായും പേര്‍ഷ്യയുമായും അടരാടിയ അവര്‍ യുദ്ധത്തിന് പദ്ധതിയൊരുക്കുന്നതിലും കടിഞ്ഞാണ്‍ പിടിക്കുന്നതിലും ശത്രുവിനേക്കാള്‍ മികവുകാണിച്ചു. അങ്ങനെ സുഖശീതളമായ തോട്ടങ്ങളിലും അരുവികളിലും ആടിത്തിമര്‍ത്തിരുന്ന ശത്രുക്കളെ അവിടങ്ങളില്‍നിന്ന് തുരത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു.
ഈ യുദ്ധങ്ങള്‍ വഴിയെല്ലാം കൈവരിച്ച നേട്ടങ്ങള്‍കാരണം, പ്രവാചകന് അഭയാര്‍ഥികളായെത്തിയവര്‍ക്ക് വീടും തൊഴിലും നല്കാനും അവരെ നല്ല നിലയില്‍ കുടിയിരുത്താനും സൌകര്യപ്പെടുകയുണ്ടായി. ഇതാകട്ടെ ആരോടും അണു അളവ് അക്രമമോ അനീതിയോ കാണിക്കാതെയുമാണ്.
യുദ്ധങ്ങളുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുംതന്നെ പ്രവാചകന്‍ മാറ്റിയെടുത്തു. യുദ്ധമെന്നത് ഇസ്ലാമിന് മുമ്പ് കൊള്ളയുടെയും കവര്‍ച്ചയുടെയും കൊലപാതകത്തിന്റെയും ഭവനഭേദനങ്ങളുടെയും പകപോക്കലിന്റെയും സ്ത്രീകളേയും കുട്ടികളേയും ബലാല്‍ക്കാരം ചെയ്യുന്നതിന്റെയും വ്യാപകമായി കുഴപ്പങ്ങളും മര്‍ദനങ്ങളും അഴിച്ചുവിടുന്നതിന്റെയും ഒരു പേരായിരുന്നുവെങ്കില്‍, പ്രവാചകന്‍ അതിനെ വിശുദ്ധമായ ലക്ഷ്യങ്ങളും മഹനീയമായ മാര്‍ഗങ്ങളുമുള്ള വിശുദ്ധ ധര്‍മസമരമാക്കി പരിവര്‍ത്തിപ്പിച്ചു. മുസ്ലിം സമുദായത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന ഉയര്‍ന്ന നിലവാരത്തിലേക്ക് അത് ഉയര്‍ത്തിക്കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ മര്‍ദകരില്‍നിന്ന് മാനവതയെ മോചിപ്പിക്കാനും ശക്തന്‍ ദുര്‍ബലനെ കൊന്നുതിന്നുന്നതില്‍ നിന്ന് നീതിയുടെയും ന്യായത്തിന്റെയും പ്രവിശാലമായ മേഖലയിലേക്ക് മാനവതയെ കൈപിടിച്ചുയര്‍ത്തുന്നതിനുമുള്ള ഒരു ഉപാധിയായി യുദ്ധം മാറി; ക്വുര്‍ആന്‍ പ്രയോഗിച്ചതുപോലെ.
'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്നു ഞങ്ങളെ നീ മോചിപ്പിക്കുകുയും നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയേയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരികയും ചെയ്യേണമേ. എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ) (4:75).
ഇതുപോലെ യുദ്ധത്തില്‍ അണികളും സൈന്യാധിപന്മാരും ഒരുപോലെ പാലിക്കേണ്ടതും, ഒരു കാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ലാത്തതുമായ പല ഉന്നതമായ നിയമങ്ങളും അവിടുന്ന് ആവിഷ്കരിച്ചു. സുലൈമാന്‍ ബിന്‍ ബുറൈദ തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ ദൂതന്‍ സൈന്യാധിപനായി ആരെയെങ്കിലും നിയോഗിച്ചാല്‍ അദ്ദേഹത്തെ പ്രത്യേകം വിളിച്ച് അല്ലാഹുവിനെ സൂക്ഷിക്കണമെന്നും തന്റെ കൂടെയുള്ള മുസ്ലിംകളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്നും ഉപദേശിക്കുമായിരുന്നു. തുടര്‍ന്ന് അവിടുന്ന് പറയും: നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക, അവിശ്വാസികളുമായി യുദ്ധത്തിലേര്‍പ്പെടുക. നിങ്ങള്‍ യുദ്ധം ചെയ്യുക, എന്നാല്‍, അതിരുകവിയുകയോ വഞ്ചിക്കുകയോ അംഗഛേദം നടത്തുകയോ കുട്ടികളെ വധിക്കുകയോ ചെയ്യരുത്! ലാളിത്യമാണ് ഏത് സന്ദര്‍ഭത്തിലും അവിടുന്ന് ഉപദേശിക്കാറുള്ളത്. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കാര്യങ്ങള്‍ ലളിതമാക്കുക, പ്രയാസമാക്കരുത്. നിങ്ങള്‍ സാന്ത്വനപ്പെടുത്തുക, വിരട്ടരുത്.'' (16). രാത്രിയില്‍ ശത്രുക്കളുടെ പ്രദേശത്തെത്തിയാല്‍ അവിടുന്ന് അക്രമിക്കുമായിരുന്നില്ല. പുലരുവോളം കാത്തിരിക്കും. തീയിട്ട് എരിക്കുന്നത് അവിടുന്ന് കഠിനമായി വിലക്കി. ബന്ധിതനെ വധിക്കുന്നതും സ്ത്രീകളെ വധിക്കുന്നതും പ്രഹരിക്കുന്നതും കൊള്ളചെയ്യുന്നതും അവിടുന്ന് വിരോധിച്ചു. കൊള്ളയടിച്ച ധനം ശവംപോലെ മലിനമാണെന്നായിരുന്നു അവിടുന്ന് പഠിപ്പിച്ചത്. കൃഷി നശിപ്പിക്കുന്നതും വൃക്ഷങ്ങള്‍ മുറിക്കുന്നതും വിലക്കി, യുദ്ധതന്ത്രമെന്ന നിലയ്ക്ക് നിര്‍ബന്ധിതരാകുമ്പോഴല്ലാതെ. കരാറിലേര്‍പ്പെട്ടവനെ വധിക്കുന്നത് ശക്തിയായി വിലക്കി. അവിടുന്ന് പറഞ്ഞു: മുസ്ലിംകളുമായി കരാറിലേര്‍പ്പെട്ടവനെ വധിച്ചവന്‍ സ്വര്‍ഗത്തിന്റെ നറുമണമാസ്വദിക്കില്ല. അതിന്റെ സുഗന്ധം അവനുമായി നാല്പതുവര്‍ഷം വഴിദൂരം അകലെയായിരിക്കും. ഇങ്ങനെ അനേകം പവിത്രമായ യുദ്ധനിയമങ്ങള്‍ പഠിപ്പിച്ചുകൊണ്ട് യുദ്ധത്തെ അവിടുന്ന് പരിശുദ്ധമായ ഒരു ധര്‍മസമരമാക്കി പരിവര്‍ത്തിപ്പിച്ചു.
1.യുദ്ധ ചരിത്രകാരന്മാര്‍ ഈ പര്യടനം ഹിജ്റ ഒമ്പതാം വര്ഷം മുഹര്‍ത്തില്‍ നടന്നതായിട്ടാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇത് പരിശോധന വിധേയമാക്കേണ്ടതാണ്. കാരണം, സന്ദര്‍ഭം മനസ്സിലാക്കിത്തരുന്നത് അഖ്റഅബിന്‍ ഹാബിസ് ഇതിനു മുമ്പ് വിശ്വാസം സ്വീകരിചിട്ടില്ല എന്നാണു. ചരിത്രകാരന്മാരെല്ലാം പറയുന്നത്, ഹവാസിന്കാരുടെ യുദ്ധത്തടവുകാരെ തിരിച്ചു കൊടുക്കാന്‍ തിരുമേനി ആവശ്യപ്പെട്ടപ്പോള്‍ 'എന്നാല്‍ നാനും തമീംകാരും തിരിച്ചു നല്‍കില്ല'എന്ന് പറഞ്ഞത് അഖ് റഅആണ്. ഇത് മനസ്സിലാക്കിത്തരുന്നത് അഖ് റഅ നേരത്തെ ഇസ്ലാം സ്വീകരിചിട്ടുന്ടെന്നാണ്.
2. ഫത്ഹുല്ബാരി 8: 59 .
3. സാദുല്‍ മആദ് 2: 205
4. ഇബ്നു ഹിഷാം 2: 581
5. അഹ്മദ് 4: 257, 278
6. ബുഖാരി ഹ : 1413, 17
7. ബുഖാരി 2: 730
8. തുര്മുദി 2: 211
9. ബുഖാരി 2: 637
10. മുസ്ലിം 2: 246
11. മുസ്ലിം 2: 240
12. ഇത് ഇബ്നു ഖയ്യിമിന്റെ വീക്ഷണമാണ്. ഇതിനെ സംബന്ധിച്ച ചര്‍ച്ച മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട്. (മദീനാ പ്രവേശം എന്ന അദ്ധ്യായം നോക്കുക)
13. ഇതാണ് ശരി. ഇബ്നു ഇസ്ഹാഖ് പറഞ്ഞത് പോലെ റമദാനിലായിരുന്നു എന്നത് ശരിയല്ല. കാരണം, അങ്ങനെയാകുമ്പോള്‍ നബി(സ്വ)തബൂക്കിലേക്ക് റജബ് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച പുറപ്പെട്ടിരിക്കണം.ഈ വ്യാഴാഴ്ച അന്നത്തെ ഒക്ടോബര്‍ 25 നായിരിക്കും. ഈ സമയം കാലാവസ്ഥ മിതവും തണുപ്പിനോട് അടുത്തതും ആയിരിക്കും. പ്രത്യേകിച്ചും പ്രഭാതത്തിലും സന്ധ്യയിലും. തണുപ്പ് കാലം കഴിഞ്ഞേ ഈത്തപ്പഴം പാകമാവുകയുള്ളൂ. തബൂക്കിലേക്ക് പുറപ്പെട്ടതാകട്ടെ കഠിന ചൂടുള്ള കാലത്തും ഈത്തപ്പഴം പാകമായി നില്‍ക്കുന്ന സമയത്തുമാണ്. പുറമേ, പ്രവാചകന്‍ ഈ വര്ഷം ശഅബാനില്‍ തന്റെ പുത്രി ഉമ്മു കുല്‍സൂം മരിക്കുന്ന സമയത്ത് മദീനയിലുണ്ടായിരുന്നുതാനും. അപ്പോള്‍ ശരിയായ വീക്ഷണം അവിടുന്ന് റജബ് മാസത്തിലാണ് മദീനയിലേക്ക് മടങ്ങിയത് എന്നാണ്. പുറപ്പാട് ഇതിനു അമ്പത് ദിവസം മുമ്പും അഥവാ ജുമാദല്‍ ഊലയില്‍.
14. യുദ്ധത്തിന്റെ വിശദീകരണം : ഇബ്നു ഹിഷാം 2/515, 537. ബുഖാരി 2:633 - 637, 1:252, 414 തുടങ്ങിയവ നോക്കുക.
15. ബുഖാരി 1: 220, 451 സാദ് 3:25, 26.
16. മുസ്ലിം 2: 82, 83
No comments:
Post a Comment