ഭരണവും നേതൃത്വവും അറബികളില്‍

ഇസ്ലാമിനു മുമ്പുള്ള അറബികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവരുടെ ഭരണ-നേതൃത്വ-മതവിശ്വാസങ്ങളെ കുറിച്ചെല്ലാം ഒരു ഹ്രസ്വചിത്രം ലഭിക്കുന്നത് നല്ലതായിരിക്കുമെന്ന് നാം കരുതുന്നു. ഇസ്ലാമിന്‍റെ ഉത്ഭവകാലത്തെ സാഹചര്യങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ അതു നമ്മെ സഹായിക്കുന്നു.
ഇസ്ലാമികസൂര്യന്‍ ഉദിച്ചുയരുന്ന കാലത്ത് ഉപദ്വീപിലെ ഭരണാധികാരികള്‍ രണ്ടു വിഭാഗമായിരുന്നു. ഒന്ന്, കിരീടധാരികളായ രാജാക്കന്മാര്‍. പക്ഷേ, അവര്‍ യഥാര്‍ത്ഥത്തില്‍ അസ്വതന്ത്രരായിരുന്നു. മറ്റൊന്ന്, ഗോത്രനേതാക്കള്‍. ഇവര്‍ രാജാക്കന്മാരുടെ പൂര്‍ണമായ അധികാരമുള്ളവരും ഭൂരിഭാഗവും പൂര്‍ണ്ണസ്വതന്ത്രരുമായിരുന്നു. ഇവരില്‍ ചിലര്‍ക്ക് കിരീടധാരികളായ രാജാക്കന്മാരുടെ പിന്തുടര്‍ച്ചയും ലഭിച്ചിരുന്നു. യമന്‍, ഗസാന്‍, ഹീറ, രാജാക്കന്മാര്‍ കിരീടധാരികളും ഇവരല്ലാത്ത നേതാക്കള്‍ കിരീടമില്ലാത്തവരുമായിരുന്നു.
യമനില്‍
ആരിബ അറബികളില്‍ അറിയപ്പെടുന്ന അതിപുരാതനമായ അറബ് വംശം യമനില്‍ വസിച്ചിരുന്ന ശേബാ ഗോത്രമാകുന്നു. 'ഊര്‍' പ്രദേശത്ത് നടത്തിയ ഖനന ഗവേഷണം ബി സി 25ാം നൂറ്റാണ്ടുവരെയുള്ള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഇവരുടെ നാഗരിക വളര്‍ച്ചയുടെയും അധികാര വികസനത്തിന്‍റെയും സമാരംഭം 11ാം നൂറ്റാണ്ട് ബി. സി. യോടെയാണ് തുടങ്ങുന്നത്.
ഇവരുടെ കാലഘട്ടം താഴെ കാണുന്ന പോലെ വിഭജിക്കാവുന്നതാണ്.
(1) 1300 ബി. സിയുടെയും 620 ബി. സി. യുടെയും ഇടയ്ക്കുള്ള ഘട്ടം.
നജ്റാനിന്‍റെയും ഹളര്‍മൌതിന്‍റെയും ഇടയ്ക്ക് പ്രത്യക്ഷപ്പെട്ട ഈ രാഷ്ട്രം അക്കാലത്ത് അല്‍മുഅയ്നിയ എന്ന നാമത്തിലറിയപ്പെട്ടു. തുടര്‍ന്ന് ഇതിന്‍റെ അധികാരം ഹിജാസിന്‍റെ ഉത്തരഭാഗത്ത് അല്‍ ഉലാ, മആന്‍ എന്നീ സ്ഥലങ്ങള്‍ വരെയെത്തി. അറബ് രാജ്യാതിര്‍ത്തിയും കടന്ന് ഇവരുടെ അധിനിവേശം വികസിച്ചുവെന്നും പറയപ്പെടുന്നു. കച്ചവടം മുഖ്യജീവിതോപാധിയായി സ്വീകരിച്ചിരുന്ന ഇവര്‍, യമനിന്‍റെ ചരിത്രത്തില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന 'മആരിബ്' അണക്കെട്ട് സ്ഥാപിച്ചു.
ഈ ഘട്ടത്തില്‍ ഈ രാജവംശം അറിയപ്പെട്ടിരുന്നത് 'മക്രിബ് ശേബാ' എന്ന നാമധേയത്തിലായിരുന്നു. ഇവരുടെ തലസ്ഥാനം 'സ്വര്‍വാഹ്' ആയിരുന്നു. ഇതിന്‍റെ അവശിഷ്ടങ്ങള്‍ മആരിബ് പട്ടണത്തില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തായി അമ്പത് കി.മീ. അകലെയും സ്വന്‍ആഇന്‍റെ കിഴക്ക് ഭാഗത്ത് 142 കി.മീ. അകലെയുമായി കാണാവുന്നതാണ്. ഖറീബ എന്ന പേരില്‍ ആ സ്ഥലം ഇന്നറിയപ്പെടുന്നു. ഇവര്‍ മൊത്തം 22 ന്റെയും 26 ന്‍റെയും ഇടയ്ക്ക് രാജാക്കന്മാരുണ്ടായിരുന്നു.
(2) 620 ബി സി മുതല്‍ 115 ബി സി വരെ:
ഈ ഘട്ടത്തില്‍ ഇവര്‍ 'മക്രിബ്' എന്ന നാമം ഉപേക്ഷിച്ചു ശേബാ രാജവംശം എന്ന പേരിലറിയപ്പെട്ടു. 'സ്വര്‍വാഹി'ന് പകരം 'മആരിബ്' തലസ്ഥാനമായി സ്വീകരിക്കുകയും ചെയ്തു. മആരിബ് അണക്കെട്ടിന്‍റെ അവശിഷ്ടങ്ങള്‍ സ്വന്‍ആഇന്‍റെ കിഴക്ക് 192 കി, മി, അകലെ കാണാവുന്നതാണ്.
(3) 115 ബി സി മുതല്‍ ക്രി: 300 വരെ:
ഈ ഘട്ടത്തില്‍ ഒന്നാം ഹിംയര്‍ രാഷ്ട്രം എന്ന നാമത്തില്‍ ഈ രാഷ്ട്രം അറിയപ്പെട്ടു. കാരണം ഹിംയര്‍ ഗോത്രം ശേബാ രാഷ്ട്രത്തെ കീഴടക്കി അധികാരം സ്ഥാപിച്ചു. ഇവര്‍ മആരിബിന് പകരം റൈദാന്‍ തലസ്ഥാനമായി പ്രഖ്യാപിച്ചു. പില്‍കാലത്ത് റൈദാന്‍ 'ള്വിഫാര്‍' എന്ന പേരിലറിയപ്പെട്ടു. യറീമിനു സമീപം മുദൂര്‍ പര്‍വതത്തില്‍ ഇതിന്റെ നാശാവശിഷ്ടങ്ങള്‍ കാണാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് അവരുടെ അധഃപതനം ആരംഭിക്കുന്നത്. വ്യവസായങ്ങളെല്ലാം പാടെ തകര്‍ന്നു. നബാത്തികള്‍ ഹിജാസിന്‍റെ വടക്ക് ഭാഗത്ത് ആധിപത്യമുറപ്പിച്ചത് ഒന്നാമതായും റോം, ഈജ്പ്തിന്‍റെയും സിറിയയുടെയും ഹിജാസിന്‍റെ വടക്ക് ഭാഗത്ത് ആധിപത്യം സ്ഥാപിച്ചത് മുതല്‍ കടല്‍വഴിയുള്ള കച്ചവടത്തില്‍ അവര്‍ നേടിയ സ്വാധീനം രണ്ടാമതായും, ഗോത്രങ്ങള്‍ തമ്മിലുള്ള വഴക്ക് മൂന്നാമതായും ഇതിനു കാരണമായി. ഈ ഘടകങ്ങളും കാരണങ്ങളുമെല്ലാമാണ് ഖഹ്ത്വാന്‍ വംശം ഛിന്നഭിന്നമാകാനും നാടുവിട്ട് വിദൂരദേശങ്ങളില്‍ വാസമുറപ്പിക്കാനും ഇടയാക്കിയത്.
(4) എ ഡി 300 മുതല്‍ ഇസ്ലാം യമനില്‍ കാലുകുത്തുന്നതുവരെ: രാഷ്ട്രം ഈ ഘട്ടത്തില്‍ രണ്ടാം ഹിംയര്‍ രാഷ്ട്രം എന്ന നാമത്തിലറിയപ്പെട്ടു. ഈ കാലഘട്ടത്തില്‍ യമനില്‍ സംഘട്ടനങ്ങളും യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും അനുസ്യൂതം അരങ്ങേറിക്കൊണ്ടേയിരുന്നു. വിദേശികള്‍ക്ക് അവരുടെ സ്വാതന്ത്യ്രത്തിന്മേല്‍ കൈവയ്ക്കാന്‍ ഇതെല്ലാം അവസരമൊരുക്കി. ഈ ഘട്ടത്തിലാണ് റോം ഏദനില്‍ പ്രവേശിച്ചത്. ഇവരുടെ സഹായത്താല്‍ ക്രി: 340- ല്‍ ആദ്യമായി എത്യോപ്യക്കാര്‍ യമനില്‍ അധിനിവേശം നടത്തി. എത്യോപ്യക്കാര്‍ വിമദാന്‍ - ഹിംയര്‍ ഗോത്രങ്ങള്‍ക്കിടയില്‍ മത്സരം ഉപയോഗപ്പെടുത്തുകയായിരുന്നു. ഇവരുടെ ആധിപത്യം ക്രി:378 വരെ തുടര്‍ന്നെങ്കിലും പിന്നീട് യമന്‍ ഇവരില്‍ നിന്ന് സ്വാതന്ത്യ്രം നേടി. പക്ഷേ, മആരിബ് അണക്കെട്ടില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും അവര്‍ക്ക് മീതെ അതു പൊട്ടിത്തെറിക്കുകയും ചെയ്തതോടെ അവരുടെ സര്‍വനാശത്തിനും അതു ഹേതുവായി. വി. ക്വുര്‍ആന്‍ ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്. ഇത് സംഭവിച്ചത് ക്രി: 450ലോ 451 ലോ ആണ്.
ക്രി: 523 ല്‍ ദൂനുവാസ് എന്ന ജൂതന്‍, നജ്റാനിലെ ക്രൈസ്തവരെ നിര്‍ബന്ധിച്ചു ജൂതരാക്കാന്‍ വേണ്ടി നടത്തിയ കിരാതശ്രമത്തെ പ്രതിരോധിച്ച ക്രൈസ്തവരെ കിടങ്ങുകീറി തീ നിറച്ചു അതിലെറിയുകയുണ്ടായി. ഈ സംഭവമാണ് ക്വുര്‍ആന്‍ അല്‍ ബൂറൂജ് അധ്യായത്തില്‍ സൂചിപ്പിക്കുന്നത്. "ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചുപോകട്ടെ.'' ഈ സംഭവം സൃഷ്ടിച്ച തീക്ഷണമായ വികാരങ്ങളായിരുന്നു റോം ഭരണകൂടത്തിന്റെ കീഴില്‍ ക്രൈസ്തവര്‍ അറബ് നാടുകള്‍ ജയിച്ചടക്കാന്‍ ഇടയാക്കിയത്. അവര്‍ എത്യോപ്യക്കാരെ അറബികള്‍ക്കെതിരില്‍ ഇളക്കിവിടുകയും നാവികപ്പട സജ്ജമാക്കുകയും എത്യോപ്യയില്‍ നിന്നും 70,000 പേര്‍ വരുന്ന സൈന്യത്തെ ഇറക്കുകയും അര്‍യാത്വിന്‍റെ നേതൃത്വത്തില്‍ ക്രിസ്താബ്ദം 525 ല്‍ ഒരിക്കല്‍ക്കൂടി യമനില്‍ അധിനിവേശം നടത്തുകയും ചെയ്തു. അര്‍യാത്വ് എത്യോപ്യന്‍ രാജാവിന്‍റെ നിര്‍ദേശാനുസരണം യമനിലെ ഭരണാധികാരിയായെങ്കിലും സൈന്യാധിപന്മാരില്‍ ഒരാളായ അബ്റഹത്തുനുസ്സ്വബാഹ് ഇദ്ദേഹത്തെ വഞ്ചിച്ചുകൊണ്ട് ക്രി. 549 സ്വയം ഭരണാധികാരിയായി അവരോധിതനാവുകയുണ്ടായി. ഈ അബ്റഹയാണ് കഅ്ബാലയം തകര്‍ക്കാന്‍ സൈന്യത്തെ നയിച്ച വ്യക്തി. ഇദ്ദേഹവും സൈന്യവും 'ആനക്കാര്‍' എന്ന പേരില്‍ അറിയപ്പെടുന്നു. പ്രസ്തുത സൈന്യത്തെയും ഇദ്ദേഹത്തേയും അല്ലാഹു നശിപ്പിച്ചു. ശേഷം പുത്രന്‍ യക്സൂലും അതിനുശേഷം രണ്ടാമത്തെ പുത്രന്‍ മസ്റൂഖും അധികാരമേറ്റു. ഇവര്‍ പിതാവിനേക്കാള്‍ ദുഷ്ടരും മര്‍ദകരുമായിരുന്നു.
ആനക്കലഹ സംഭവത്തിനു ശേഷം പേര്‍ഷ്യക്കാരുടെ സഹായത്തോടെ യമന്‍ എത്യോപ്യക്കാര്‍ക്കെതിരെ പോരാടി, അവരെ നാട്ടില്‍ നിന്നു തുരത്തി. അങ്ങനെ കിസ്താബ്ദം 575 ല്‍ മഅ്ദീകരിബ് ബിന്‍ സൈഫ്ദൂയസിന്‍അല്‍ ഫിംയരിയുടെ നേതൃത്വത്തില്‍ യമന്‍ സ്വാതന്ത്യ്രം നേടി. അദ്ദേഹത്തെ രാജാവായി വാഴിച്ചു. മഅദീകരിബ് തന്‍റെ സംരക്ഷണാര്‍ത്ഥം കൂടെ നിര്‍ത്തിയിരുന്ന സൈന്യത്താല്‍ ചതിയില്‍ കൊല്ലപ്പെട്ടതോടെ ദൂയസില്‍ കുടുംബത്തിന്‍റെ അധികാരം അസ്തമിച്ചു. അങ്ങനെ പേര്‍ഷ്യന്‍ രാജാവായിരുന്ന കിസ്റ ഒരു പേര്‍ഷ്യക്കാരനെ സ്വന്‍ആഇലെ ഗവര്‍ണറായി നിശ്ചയിച്ച് യമനെ പേര്‍ഷ്യയുടെ ഒരു കോളനിയാക്കി നിലനിര്‍ത്തി. പിന്നീട് ക്രി: 638 ല്‍ ബാദാന്‍ എന്ന ഗവര്‍ണര്‍ ഇസ്ലാം ആശ്ളേഷിക്കുന്നത് വരെ ഇവിടെ പേര്‍ഷ്യന്‍ ഗവര്‍ണ്ണര്‍മാര്‍ നിയമിതരായിക്കൊണ്ടേയിരുന്നു. ഇദ്ദേഹത്തിന്റെ ഇസ്ലാം ആശ്ളേഷത്തോടെ പേര്‍ഷ്യക്ക് യമന്‍റെ മേലുള്ള ആധിപത്യം അവസാനിച്ചു.(1)
ഹിറയില്‍
മഹാനായ കോറോശ് (ബി സി 557-529) പേര്‍ഷ്യക്കാര്‍ക്കിടയില്‍ ഐക്യം സ്ഥാപിച്ചതുമുതല്‍ അവര്‍ ഇറാഖും അയല്‍ പ്രദേശങ്ങളും ഭരിച്ചു കൊണ്ടിരുന്നു. 326 ബി സിയില്‍ മഹാനായ അലക്സാണ്ടര്‍ അവരുടെ ദാറാ എന്ന രാജാവിനെ പരാജയപ്പെടുത്തുന്നതുവരെ മറ്റാരും അവരുടെ ആധിപത്യം ചോദ്യംചെയ്തിരുന്നില്ല. അവരുടെ ഐക്യം തകര്‍ക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്തു. അതേതുടര്‍ന്ന് സെക്ട്ടേറിയന്മാര്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം രാജാക്കന്മര്‍ അവരെ ഭരിച്ചു. ഇത് ക്രി. 230 വരെ തുടര്‍ന്നു. ഈ രാജാക്കന്മാരുടെ കാലത്ത് ഖഹ്ത്വാനികള്‍ പാലായനം ചെയ്തു ഇറാഖിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ കുടിയേറി. പിന്നീട് ചില അദ്നാനികളും പാലായനം ചെയ്ത് അവിടെയെത്തി, മെസപെട്ടോമിയയുടെ ചില ഭാഗങ്ങളില്‍ ആധിപത്യമുറപ്പിച്ചു. പലായനാനന്തരം ഭരണമേറ്റ ആദ്യഖഹ്ത്വാന്‍ രാജാവ് മാലിക്ബിന്‍ ഫഹ്മ് അത്തനൂഖിയും തുടര്‍ന്ന് സഹോദരന്‍ അംറ്ബിന്‍ ഫഹ്മുമായിരുന്നു. അതല്ല മറിച്ച് ജൂദൈമത് ബിന്‍ മാലിക് ആയിരുന്നുവെന്ന് മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്.(2)
സാസാന്‍ സാമ്രാജ്യത്തിന്‍റെ സ്ഥാപകനായ (ക്രി: 226) അര്‍ദശീറിന്‍റെ കാലത്ത് പേര്‍ഷ്യ വീണ്ടും ശക്തിപ്രാപിച്ചു. ഇദ്ദേഹം പേര്‍ഷ്യക്കാര്‍ക്കിടയില്‍ ഐക്യം സ്ഥാപിക്കുകയും അറബികളുടെ മേല്‍ ആധിപത്യം നേടുകയും ചെയ്തു. ഇത് ഖുള്വാഅഃ ഗോത്രം സിറിയയിലേക്ക് പലായനം ചെയ്യാന്‍ കാരണമായി. ഹീറയും അന്‍ബാറും അര്‍ദശീറിന് വിധേയരായി.
അര്‍ദശീറിന്‍റെ കാലത്ത് ഹിറ, റബിഅ, മുളര്‍ മെസപൊട്ടോമിയ എന്നിവിടങ്ങളില്‍ ജൂദൈമ അല്‍വളാഹാണ് വാണത്. അറബികളെ നേരിട്ട് ഭരിക്കുക അസാധ്യമാണെന്ന് മനസ്സിലാക്കിയ അര്‍ദശീര്‍ തന്‍റെ ഭരണത്തിനെതിരില്‍ അവര്‍ തിരിയാതിരിക്കാന്‍ തികച്ചും തന്‍റെ പക്ഷത്തുള്ള, തന്നോട് പൂര്‍ണമായി കൂറുള്ള ഒരാളെ ഭരണമേല്പിക്കുന്നതാണ് നല്ലതെന്ന് കണ്ടു. തങ്ങളെ ഭയപ്പെടുത്തിയിരുന്ന റോമിലെ ബൈസന്റൈന്‍ ഭരണകൂടത്തിനെതിരില്‍ ഇവരുടെ സഹായം തേടുകയും റോമന്‍ അധികാരത്തിനു കീഴിലുള്ള സിറിയന്‍ അറബികളുടെ മുന്നില്‍ നില്‍ക്കാന്‍ ഇറാഖിയന്‍ അറബികള്‍ക്ക് അവസരമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. അതോടൊപ്പം, ഹിറാ രാജാവിന്‍റെ കീഴില്‍ ഒരു ചെറിയ പേര്‍ഷ്യന്‍ സൈന്യത്തെ തന്‍റെ അധികാരത്തിനു നേരെ വാളോങ്ങാനാഗ്രഹിക്കുന്ന അറബികള്‍ക്കെതിരില്‍ സജ്ജമാക്കി നിറുത്തുകയും ചെയ്തിരുന്നു.
ജൂദൈമയുടെ മരണശേഷം (ഏകദേശം ക്രി 268) ലഖ്മ് ഗോത്രക്കാരനായ അംറുബ്ന് അദിയ്യിബ്നി നസ്വ്റ് ഹിറയിലെ ഭരണാധികരിയായി പേര്‍ഷ്യന്‍ രാജാവ് സാബൂര്‍ബിന്‍ അര്‍ദശീറിനാല്‍ നിയോഗിതനായി. ഇദ്ദേഹമാണ് ലഖ്മ് ഗോത്രത്തിന്‍റെ ആദ്യത്തെ രാജാവ്. പേര്‍ഷ്യ, ഖബാദ് ബിന്‍ ഫൈറൂസിനെ അധികാരമേല്പിക്കുന്നതുവരെ ഹിറയില്‍ ലഖ്മികള്‍ തന്നെ ഭരിച്ചു. ഖബാദിന്റെ കാലത്താണ് മസ്ദക് രംഗത്ത് വന്നത്. ഇദ്ദേഹം സര്‍വ്വസ്വാതന്ത്യ്ര വാദത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. ഖബാദും ഏതാനും അനുയായികളും അദ്ദേഹത്തെ പിന്തുണച്ചു. പിന്നീട് ഖബാദ് ഹീറായിലെ രാജാവായ മുന്‍ദിറുബ്നു മാഇസ്സമാഇനോട് ഈ പുതിയ മതമവലംബിക്കുവാനും ഇതിലേക്ക് ജനങ്ങളെ ക്ഷണിക്കുവാനും നിര്‍ദ്ദേശിച്ചു. പക്ഷേ, അദ്ദേഹമത് വിസമ്മതിച്ചു. അതോടെ ഖബാദ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി പകരം കിന്‍ദ ഗോത്രക്കാരന്‍ ഹാരിസ് ബിന്‍ അംറ്ബിന്‍ ഹജറിനെ അധികാരമേല്‍പ്പിച്ചു. ഇദ്ദേഹം പുതിയ മസ്ദകിന്‍ വാദത്തിന്റെ വക്താവായിരുന്നു.
ഖബാദിന് പിറകെ കിസ്റാ അനുശര്‍വാന്‍ (ക്രി 531-578) അധികാരമേറ്റു. ഇദ്ദേഹം മസ്ദകിയന്‍ ദര്‍ശനത്തിന്റെ കടുത്ത എതിരാളിയായിരുന്നു. ഇദ്ദേഹം മസ്ദകിനേയും ഒട്ടനവധി അനുയായികളേയും വകവരുത്തുകയും മുന്‍ദിറിനെ ഹീറയിലെ അധികാര സ്ഥാനത്ത് തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഹാരിസിനെ തടവിലാക്കാന്‍ അനുശര്‍വാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കല്‍ബ് ഗോത്രത്തിലേക്ക് രക്ഷപ്പെട്ടു. ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടി.
മുന്‍ദിറിന് ശേഷം അധികാരം തന്‍റെ പിന്‍ഗാമികളില്‍ ഏറെക്കാലം നിലനിന്നു. പിന്നീട്, മുന്‍ദിറിന്‍റെ പുത്രന്‍ നുഅ്മാനെതിരെ (ക്രി 583-605) സൈദുബ്നു അദിയ്യ് കിസ്റയുടെ അടുക്കല്‍ ഏഷണി നടത്തി അദ്ദേഹത്തെ കിസ്റയുടെ കോപത്തിനു വിധേയനാക്കി. കിസ്റ നുഅ്മാനോട് തന്‍റെ മുമ്പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ നുഅ്മാന്‍ രഹസ്യമായി തന്‍റെ കുടുംബവും സ്വത്തും ശൈബാന്‍ ഗോത്രത്തിന്‍റെ നേതാവ് ഹാനിഅ്ബ്നു മസ്ഊദിനെ ഏല്പിച്ച് കിസ്റയുടെയടുക്കല്‍ ഹാജറായി. കിസ്റ അദ്ദേഹത്തെ ജീവപര്യന്തം തടങ്കലില്‍ പാര്‍പ്പിച്ചു. പകരം ഹിറയില്‍ ഇയാസ്ബിന്‍ ഖുബൈസത്തുത്തവാഇയെ അധികാരമേല്പിച്ചു. ഉടനെ ഹാനിഇന്‍റെ അടുക്കല്‍ സൂക്ഷിപ്പുള്ള സ്വത്ത് തിരിച്ചേല്‍പ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി. ഹാനിഅ് അതിനു വിസമ്മതിച്ചപ്പോള്‍ രാജാവ് യുദ്ധപ്രഖ്യാപനം നടത്തി. ഉടനെത്തന്നെ പേര്‍ഷ്യന്‍ ഗവര്‍ണര്‍ സൈന്യസമേതം ഇയാസിന്റെ സ്ഥലത്തെത്തി. ദീഖാര്‍ എന്ന സ്ഥലത്തുവെച്ച് ഇരുസൈന്യവും ഏറ്റുമുട്ടി. ശൈബാന്‍ ഗോത്രം ഇതില്‍ വിജയം വരിക്കുകയും പേര്‍ഷ്യ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇതാണ് അറബികള്‍ അനറബികള്‍ക്കെതിരില്‍ വരിക്കുന്ന ആദ്യവിജയം. നബി(സ)യുടെ ജനനം കഴിഞ്ഞാണ് ഈ സംഭവം എന്നും അല്ലാ മറിച്ച് ഇയാസിന്റെ അധികാരാരോഹണം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞാണ് അവിടുത്തെ ജനനമെന്നും അഭിപ്രായങ്ങളുണ്ട്.
കിസ്റ, ഹീറയില് ഇയാസിന് ശേഷം ഒരു പേര്‍ഷ്യന്‍ ഭരണാധികാരിയെ നിശ്ചയിച്ചു. ക്രിസ്താബ്ദം 632ല്‍ രാജാവ് ലഖ്മ് ഗോത്രത്തിലേക്ക് മടങ്ങുകയും അവരില്‍ നിന്ന് മഅ്റൂര്‍ എന്ന നാമത്തിലറിയപ്പെടുന്ന മുന്‍ദിര്‍ അധികാരമേല്‍ക്കുകയും ചെയ്തു. എട്ട് മാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ മുസ്ലിം സൈന്യാധിപന്‍ ഖാലിദുബ്നു വലീദ് തന്റെ സൈന്യവുമായി അവിടം കീഴടക്കി.(3)
സിറിയയില്‍
അറബികളുടെ വ്യാപകമായ ഗോത്രപലായന കാലഘട്ടത്തില്‍ ഖുളാഅഃ ഗോത്രത്തിലെ ചിലര്‍ സിറിയയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചെന്നെത്തുകയും അവിടെ താമസമാക്കുകയുമുണ്ടായി. ഇവര്‍ സുലൈഹ്ബ്നു ഹല്‍വാന്‍ കുടുംബത്തില്‍ പെട്ടവരായിരുന്നു. ളജ്അമുബ്നുസുലൈഹ് ഇവരില്‍ പെട്ടവനാണ്. ഇവരെ റോം (ബൈസന്റൈന്‍), ഗ്രാമീണ അറബികള്‍ ഭരണത്തിനെതിരെ തിരിയുന്നതില്‍ നിന്ന് പ്രതിരോധിക്കാനും പേര്‍ഷ്യക്കെതിരെയുള്ള ഒരു ശക്തിയായും ഉപയോഗപ്പെടുത്തി. അങ്ങനെ അവര്‍ക്ക് സ്വയം ഭരണം നല്‍കുകയും വളരെക്കാലം അവര്‍ അധികാരത്തില്‍ തുടരുകയും ചെയ്തു. ഇവരില്‍ പ്രശസ്തനാണ് സിയാദുബിന്‍ അല്‍ഹുബൂല. ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഏകദേശം ഇവരുടെ ഭരണകാലം നീണ്ടുനില്‍ക്കുന്നു. ളജ്അമിന്‍റെ വംശത്തെ അതിജയിച്ച ഗസാനിയ വംശത്തിന്‍റെ ആഗമനത്തോടെയാണ് ഇവരുടെ കാലഘട്ടം അവസാനിക്കുന്നത്. ബുസ്വ്റ ഭരണകേന്ദ്രമായിക്കൊണ്ട് സിറിയന്‍ അറബികളുടെ മേല്‍ അധികാരികളായി റോം ഇവരെ നിശ്ചയിക്കുകയാണുണ്ടായത്. ഹിജ്രാബ്ദം 13ല്‍ യര്‍മൂക് യുദ്ധം നടക്കുന്നതുവരെ ഇതുതുടര്‍ന്നു. ഇവരില്‍ അവസാനത്തെ ഭരണാധികാരി ജബലുബ്നുല്‍ ഐഹം അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ)ന്റെ കാലത്ത് ഇസ്ലാം സ്വീകരിക്കുകയുണ്ടായി.(4)
ഹിജാസില്‍
ഇസ്മാഈല്‍ (അ) 137ാം വയസില്‍ നിര്യാതനാകുവോളം മക്കയുടെയും കഅബയുടേയും നേതൃത്വം അദ്ദേഹം തന്നെയാണ് കയ്യാളിയത്.(5) പിന്നീട് അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാര്‍, നാബിതും തുടര്‍ന്ന് ഖദാറും ഈ സ്ഥാനമലങ്കരിച്ചു. ഈ ക്രമം തിരിച്ചാണെന്നും പറയപ്പെടുന്നു. ഇവര്‍ക്കു ശേഷം പിതാമഹന്‍ ജൂര്‍ഹും ഗോത്രക്കാരനായ മുളാഇ്ബ്നു അംറിലേക്ക് അധികാരം നീങ്ങി. കഅ്ബ നിര്‍മാണത്തില്‍ തങ്ങളുടെ പിതാവ് ഇസ്മാഈലിനുള്ള സ്ഥാനം പരിഗണിച്ച് മക്കള്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഭരണകാര്യങ്ങളില്‍ ഒന്നും തന്നെയുണ്ടയിരുന്നില്ല.(6)
കാലം പിന്നിട്ടപ്പോള്‍ ഇസ്മാഈല്‍ സന്തതികളുടെ പ്രഭാവം മങ്ങി നാമാവശേഷമാവുകയുണ്ടായി. ബുക്ത്നസ്വറിന്‍റെ ആഗമനത്തിനു തൊട്ടുമുമ്പ് ജൂര്‍ഹൂം ഗോത്രത്തിന്‍റെ പ്രഭാവം തീര്‍ത്തും ദുര്‍ബലമാവുകയും ചെയ്തു. അക്കാലംതൊട്ടു അദ്നാന്‍ ഗോത്രത്തിന്‍റെ രാഷ്ട്രീയ നക്ഷത്രം മക്കയുടെ നഭോമണ്ഡലത്തില്‍ വെട്ടിത്തിളങ്ങാന്‍ തുടങ്ങി. ഇതിനു കാരണം, ദാതുഇര്‍ഖില്‍ വെച്ച് അറബികളുമായി ബുക്ത്നസ്വര്‍ ഏറ്റുമുട്ടിയപ്പോള്‍ അറബികളുടെ സൈന്യാധിപന്‍ ഒരു ജൂര്‍ഹും ഗോത്രക്കാരനായിരുന്നില്ല, മറിച്ച് അദ്നാന്‍ തന്നെയായിരുന്നു എന്നതാണ്.
ബുക്ത് നസ്വ്റിന്‍റെ രണ്ടാം ആക്രമണ സമയത്ത്(587 ബി സി) അദ്നാന്‍ ഗോത്രം ഭയന്ന് യമനിലേക്ക് രക്ഷപ്പെട്ടു.
ഇസ്റാഈല്യരിലെ പ്രവാചകന്‍ ബര്‍ഖിയാ മഅദിനെയുംകൊണ്ട് സിറിയയില്‍ നിന്ന് ഹര്‍റാനിലേക്ക് പോയി. ബുക്തനസ്റിന്റെ മര്‍ദനം അവസാനിച്ചപ്പോള്‍ മഅദ് മക്കയിലേക്ക് മടങ്ങിയെങ്കിലും ജൂര്‍ഹും ഗോത്രത്തില്‍ ജൌഷമുബ്നുജല്‍ഹമയെയല്ലാതെ മറ്റാരെയും കണ്ടില്ല. അങ്ങനെ അദ്ദേഹത്തിന്റെ പുത്രി മൂആനയെ വേള്‍ക്കുകയും അതില്‍ നിസാര്‍ പിറക്കുകയും ചെയ്തു.(7)
ഇതിനുശേഷം ജൂര്‍ഹും ഗോത്രത്തിന്‍റെ സ്ഥിതി ഏറെ പരിതാപകരമായപ്പോള്‍ അവര്‍ മക്കയിലേക്ക് വരുന്ന തീര്‍ഥാടകരെ കൊള്ളയടിക്കാനും കഅബയുടെ സ്വത്തുക്കള്‍ മോഷ്ടിക്കാനും തുടങ്ങി. ഇത് അദ്നാന്‍ ഗോത്രക്കാരെ കുപിതരാക്കി. പിന്നീട്, ഖുസാഅ ഗോത്രക്കാര്‍ അയല്‍ പ്രദേശമായ മര്‍ദ്ളഹ്റാനില്‍ താമസമാക്കിയപ്പോള്‍ അദ്നാനികളും ജൂര്‍ഹുംകാരും തമ്മിലുള്ള അകല്‍ച്ച അവര്‍ കാണുകയുണ്ടായി. ഈ അവസരം ഉപയോഗപ്പെടുത്തി അദ്നാനികളില്‍ നിന്നുള്ള ബക്ര്‍ ഗോത്രത്തിന്റെ സഹായത്തോടെ ജൂര്‍ഹുംകാരുമായി പോരാടി അവരെ മക്കയില്‍ നിന്നു നാടുകടത്തി. അങ്ങനെ ക്രിസ്താബ്ദം രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ മക്കയുടെ അധികാരം അവര്‍ കൈയ്യടക്കി.
നാടുവിടാന്‍ നിര്‍ബന്ധിതരായ ജൂര്‍ഹും ഗോത്രക്കാര്‍ സാധനങ്ങളെല്ലാം സംസം കിണറ്റിലിട്ട് കുഴിച്ചുമൂടി. ഇബ്നുഇസ്ഹാഖു ഈ സംഭവം ഉദ്ധരിക്കുന്നു. ജൂര്‍ഹും ഗോത്രക്കാരനായ അംറുബ്നു അല്‍ ഹാരിസ് ബിന്‍മളാള് രണ്ട് സ്വര്‍ണ നിര്‍മിത മാനുകളും ഹജറുല്‍ അസ് വദും അതില്‍ മൂടിയശേഷം ഏറെ ദുഃഖിതരായി അനുയായികളോടൊപ്പം യമനിലേക്ക് പോയി.(8)
ഇസ്മാഈല്‍ നബി(അ)യുടെ കാലം ക്രിസ്തുവിന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിനര്‍ഥം ജൂര്‍ഹും ഗോത്രം മക്കയില്‍ ഇരുപത്തിഒന്നോളം നൂറ്റാണ്ട് താമസിക്കുകയും ഇരുപതോളം നൂറ്റാണ്ട് ആധിപത്യത്തിലിരിക്കുകയും ചെയ്തുവെന്നാണ്.
ജൂര്‍ഹുമിന്റെ പരാജയത്തോടെ ഖുസാഅഃ മക്കയുടെ അധികാരമേറ്റെടുത്തു. എന്നാല്‍, ഇവര്‍ മുളര്‍ ഗോത്രങ്ങള്‍ക്ക് മൂന്ന് പ്രത്യേകതകള്‍ അംഗീകരിച്ചു കൊടുത്തിരുന്നു.
ഒന്ന്:ഹാജിമാരെ അറഫ:യില്‍ നിന്ന് മുസ്ദലിഫയിലേക്കും അവിടെനിന്ന് അക്വബയില്‍ കല്ലെറിയാന്‍ മിനിയിലേക്കും നയിക്കുക. ഇല്‍യാസ്ബിന്‍ മുളര്‍ ശാഖയിലെ ഗൌസ്ബിന്‍ മുര്‍റു ഉപശാഖയുടെ അവകാശത്തില്‍പെട്ടതായിരുന്നു ഇത്. ഇവര്‍ സ്വൂഫ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ അവകാശത്തിന്റെ അര്‍ഥം, സ്വൂഫഃയിലെ ആരെങ്കിലും ജംറയില്‍ എറിയുന്നതുവരെ മറ്റാര്‍ക്കും എറിയുവാന്‍ അവകാശമുണ്ടായിരുന്നില്ല എന്നാണ്. ജനങ്ങള്‍ അക്വബയിലെ ഏറ് പൂര്‍ത്തിയാക്കി മിനാ താഴ്വര വിടാന്‍ ഉദ്ദേശിച്ചാല്‍ സ്വൂഫയുടെ ആളുകള്‍ അക്വബയുടെ ഇരുഭാഗങ്ങളിലും നിലയുറപ്പിക്കും. ഇവര്‍ മിനാ താഴ്വര വിടുന്നതുവരെ മറ്റാരേയും താഴ്വര വിടാന്‍ അനുവദിച്ചിരുന്നില്ല. പിന്നീട്, സ്വൂഫ നാമാവശേഷമായപ്പോള്‍ തമിംകാരായ അദ്ബ്നുസൈദ് മനാത് കുടുംബം ഈ അവകാശമേറ്റെടുത്തു.
രണ്ട്: ബലിദിനത്തില്‍ കാലത്ത് മിനയിലേക്കുള്ള പ്രയാണം. ഇത് ഉദ്വാന്‍ കുടംബത്തിന്‍റെ അവകാശത്തില്‍ പെട്ടതായിരുന്നു.
മൂന്ന്: വിശുദ്ധമാസങ്ങള്‍ മാറ്റാനുള്ള അവകാശം. ഇത് കിനാനഃയില്‍പ്പെട്ട തമിംബിന്‍ ആദിയ്യ് കുടംബത്തിന്‍റെ അവകാശത്തില്‍ പെട്ടതായിരുന്നു.
ഖുസാഅ: ഗോത്രം മൂന്നു നൂറ്റാണ്ട് കാലം മക്കയില്‍ അധികാരം കയ്യാളി. ഇവരുടെ അധികാരകാലത്ത് അദ്നാനികള്‍ നജ്ദ്, ഇറാഖിന്‍റെയും ബഹ്റയ്നിന്‍റെയും പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപിക്കുകയുണ്ടായി. മക്കയുടെ പ്രാന്തപ്രദേശങ്ങളില്‍ ക്വുറൈശികളിലെ ചില ഉപഗോത്രങ്ങള്‍ മാത്രം അവശേഷിച്ചു. ഒന്ന് ഹുലൂലും മറ്റൊന്ന് സ്വര്‍മും. പുറമെ കിനാനഃയിലെ ഏതാനും കുടുംബങ്ങളും, ഇവര്‍ക്കാകട്ടെ മക്കയിലോ കഅ്ബാദേവാലയത്തിലോ യാതൊരുവിധ അധികാരങ്ങളുമുണ്ടായിരുന്നില്ല. പിന്നീട് ഖുസ്വയ്യ്ബ്നു കിലാബ് വരുന്നതുവരെ ഈ സ്ഥിതി തുടരുകതന്നെ ചെയ്തു.
ഇദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു: ഖുസയ്യ് ശിശുവായിരുന്ന കാലത്ത് പിതാവ് മരിക്കുകയും മാതാവിനെ ഉദ്റ കുടുംബത്തിലെ റബീഅബിന്‍ഹറാം വിവാഹം കഴിക്കുകയും തുടര്‍ന്ന് സിറിയയുടെ പ്രാന്തപ്രദേശങ്ങളിലേക്ക് പോയി അവിടെ താമസിക്കുകയും ചെയ്തു. ഖുസയ്യ് യുവത്വം പ്രാപിച്ചപ്പോള്‍ മക്കയിലേക്ക്തന്നെ മടങ്ങി. അക്കാലത്ത് അവിടുത്തെ ഭരണാധികാരി ഖുസാഅ ഗോത്രത്തില്‍ പെട്ട ഹുലൈന്‍ബ്നു ഹബ്ശിയ്യായിരുന്നു. ഖുസ്വയ്യ്, ഹുലൈലിന്‍റെ പുത്രി ഹുബ്ബയെ വിവാഹം കഴിച്ചു. ഹുലൈലിന്‍റെ മരണത്തോടെ ഖുസാഅയും ക്വുറൈശും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇത് മക്കയുടെയും കഅ്ബയുടെയും ആധിപത്യം ഖുസ്വയ്യിന്‍റെ കരങ്ങളിലെത്തിച്ചു. ഈ യുദ്ധത്തിന്‍റെ കാരണങ്ങള്‍ വിശദീകരിക്കുന്നതില്‍ മൂന്ന് തരം റിപ്പോര്‍ട്ടുകളാണുള്ളത്.
(1) ഹുലൈലിന്‍റെ മരണത്തോടെ ഏറെ സന്തതികളും സ്ഥാനമാനങ്ങളും സാമ്പത്തിക ശേഷിയുമുള്ള താനാണ് കഅ്ബയുടെയും മക്കയുടെയും ആധിപത്യത്തിന് ഖുസാഅ, ബക്ര്‍ കുടുംബത്തേക്കാള്‍ അര്‍ഹനെന്ന്കണ്ട ഖുസ്വയ്യ് ക്വുറൈശികളിലെ കിനാനഃ ശാഖയോട് ഖുസാഅയേയും ബക്റിനെയും മക്കയില്‍ നിന്ന് തുരത്തുന്ന കാര്യം സംസാരിച്ചു. അവര്‍ അതിന് ഖുസ്വയ്യിനോട് സഹകരിക്കുയും ചെയ്തു.
(2) ഹുലൈലിന്‍റെ മരണാനന്തരം കഅ്ബയുടെയും മക്കയുടേയും ആധിപത്യം ഖുസ്വയ്യിനായിരിക്കുമെന്നും അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നുവെന്ന് ഖുസ്വയ്യ് വാദിച്ചു. എന്നാല്‍ ഖുസാഅ ഇത് നിരാകരിക്കുകയും അവര്‍ക്കിടയില്‍ യുദ്ധമുണ്ടാകയും ചെയ്തു.
(3) ഹുലൈല്‍ തന്‍റെ പുത്രി ഹുബ്ബക്ക് കഅബയുടെ പരിപാലനാധികാരം നല്കുകയും അവളുടെ പ്രതിനിധിയായി ഖുസാഅ ഗോത്രക്കാരനായ അബുഗുബ്ശാനെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍, ഹുലൈലിന്‍റെ മരണശേഷം ഖുസ്വയ്യ് ഇദ്ദേഹത്തില്‍ നിന്ന് ഒരു പാത്രം കള്ളിനോ ഏതാനും ഒട്ടകങ്ങള്‍ക്കോ പകരമായി കഅ്ബയുടെ ആധിപത്യം വിലയ്ക്കു വാങ്ങി. പക്ഷേ, ഖുസാഅ ഗോത്രം ഈ വില്പനയില്‍ തൃപ്തരായിരുന്നില്ല. അവര്‍ ഖുസ്വയ്യിനെ കഅ്ബ പരിപാലനത്തില്‍ നിന്നു തടഞ്ഞു. അപ്പോള്‍ ഖുസ്വയ്യ്, ഖുറൈശ്, കിനാന ഗോത്രക്കാരെ സംഘടിപ്പിച്ച് ഖുസാഅഃയെ മക്കയില്‍ നിന്നു തുരത്തി.
കാരണം ഇതില്‍ ഏതുതന്നെയായിരുന്നാലും ശരി ഹുലൈലിന്റെ മരണശേഷവും സൂഫകള്‍ തങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന അവകാശങ്ങളെല്ലാം തുടര്‍ന്നും നിലനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഖുസ്വയ്യ് തന്റെ കൂടെയുള്ള ഖുറൈശ്, കിനാന ഗോത്രങ്ങളെ സംഘടിപ്പിച്ച് അഖബയുടെ സമീപം ചെന്ന് ഇങ്ങനെ പ്രഖ്യാപിച്ചു,. "നിങ്ങളെക്കാള്‍ ഞങ്ങളാണ് ഇതിന്നര്‍ഹര്‍. അതോടെ അവര്‍ അദ്ദേഹത്തോടേറ്റുമുട്ടി. ഖുസ്വയ്യ് അവരെ പരാജയപ്പെടുത്തി. ഈ സന്ദര്‍ഭത്തില്‍ ഖുസാഅയും ബക്റും ഖുസ്വയ്യിന്റെ പക്ഷത്ത് നിന്ന് മാറി. അതോടെ ഖുസ്വയ്യ അവരുമായി യുദ്ധം ചെയ്തു. ശക്തമായ പോരാട്ടത്തില്‍ ഇരുഭാഗത്തും നാശങ്ങളുണ്ടായെങ്കിലും ഇരുപക്ഷവും സന്ധിക്കായി ആവശ്യപ്പെട്ടു. ബനീബക്ര്‍കാരനായ യഅ്മുര്‍ബിന്‍ഔഫ് അവര്‍ക്കിടയില്‍ വിധിതീര്‍പ്പ് കല്പിച്ചു. മക്കയുടെയും കഅബയുടെയും അധികാരത്തിനു ഖുസാഅയേക്കാള്‍ കൂടുതല്‍ അര്‍ഹന്‍ ഖുസയ്യാണെന്നും ഖുസയ്യ് വധിച്ചവര്‍ക്ക് പ്രായശ്ചിത്തം നല്‍കണമെന്നുമായിരുന്നു വിധി.
ഖുസാഅഃ ഗോത്രത്തിന് കഅ്ബയുടെ മേലുള്ള ആധിപത്യത്തിന്‍റെ കാലയളവ് മൂന്നു നൂറ്റാണ്ടായിരുന്നു.
ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ (ക്രി. 440) ആയിരുന്നു ഖുസ്വയ്യിന്‍റെ അധികാരാരോഹണം. അങ്ങനെ അറേബ്യന്‍ ഉപദ്വീപിന്‍റെ നാനാഭാഗത്ത് നിന്നും ആളുകള്‍ സമ്മേളിക്കുന്ന മക്കയുടെയും കഅ്ബയുടെയും പൂര്‍ണമായ അധികാരം ഖുസ്വയ്യിലും പിന്നീട് ഖുറൈശികളിലും നിക്ഷിപ്തമായി.
ഖുസ്വയ്യ് തന്‍റെ ജനങ്ങളെയെല്ലാം മക്കയില്‍ സംഘടിപ്പിച്ചു. അവര്‍ക്ക് താമസത്തിനായി വീടും സൗകര്യങ്ങളും വിഭജിച്ചു നല്കി. ക്വുറൈശികള്‍ക്ക് നേരത്തെയുണ്ടായിരുന്ന പദവികളെല്ലാം നിലനിര്‍ത്തുകയും നസ്അഃ, സ്വഫ്വാന്‍, അദ്വാന്‍, മുര്‍റ എന്നിവര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. കാരണം ഇതെല്ലാം മാറ്റത്തിനു വിധേയമല്ലാത്ത മതകാര്യങ്ങള്‍ പോലെയാണ് കണ്ടിരുന്നത്.
ഖുസ്വയ്യിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്മരണീയമാണ് കഅ്ബാലയത്തിന്‍റെ വടക്കുഭാഗത്തായി 'ദാറുന്നദ്വാ സ്ഥാപിച്ചുവെന്നത്. ഇതിന്റെ വാതില്‍ കഅ്ബയുടെ ഭാഗത്തായിരുന്നു. ഇത് ഖുറൈശികളുടെ സംഗമസ്ഥലവും കാര്യവിചാരങ്ങളുടെ കേന്ദ്രവുമായിരുന്നു. ഏകകണ്ഠമായ അഭിപ്രായത്തിന്‍റെയും പ്രശ്നപരിഹാരത്തിന്‍റെയും കൂടി കേന്ദ്രമായി വര്‍ത്തിച്ചിരുന്നതിനാല്‍ ക്വുറൈശികളുടെ ജീവിതത്തില്‍ ഇതിന് അതിപ്രധാനമായ സ്ഥാനമാണുള്ളത്.(9) ഖുസയ്യ് താഴെപറയുന്ന അധികാരങ്ങളും സ്ഥാനങ്ങളും അലങ്കരിച്ചിരുന്നു:
1. ദാറുന്നദ്വയുടെ നേതൃത്വം: ഇവിടെയായിരുന്നു അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും വിവാഹ പ്രഖ്യാപനം നടത്തുന്നതും.
2. പതാക: യുദ്ധത്തിനുള്ള പതാക അദ്ദേഹത്തിന്‍റെ കൈകൊണ്ട് ദാറുന്നദ്വയില്‍ വെച്ചാണ് കെട്ടിയിരുന്നത്.
3. സംഘനേതൃത്വം: കച്ചവടത്തിനോ മറ്റു പ്രധാന കാര്യങ്ങള്‍ക്കോ മക്കയില്‍നിന്നുള്ള സംഘം അദ്ദേഹത്തിന്‍റെയോ മക്കളുടെയോ നേതൃത്വത്തിലല്ലാതെ പോകുമായിരുന്നില്ല.
4. കഅ്ബയുടെ സംരക്ഷണം: കഅ്ബയുടെ കവാടം തുറക്കാനുള്ള അവകാശം അദ്ദേഹത്തില്‍ മാത്രം നിക്ഷിപ്തമായിരുന്നു. പുറമെ അതിന്‍റെ സേവനവും സംരക്ഷണവും.
5. ഹാജിമാര്‍ക്ക് പാനം നല്കല്‍: ഇത്, ഹാജിമാര്‍ക്ക് ഈത്തപ്പഴവും മുന്തിരിയും കലര്‍ത്തിയ മധുരജലം മക്കയില്‍വെച്ച് വിതരണം ചെയ്യലാണ്.
6. ഹാജിമാരെ സ്വീകരിക്കല്‍: ഇത്, ഹജ്ജിന് വരുന്ന ദരിദ്രര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന പരിപാടിയാണ്. ഇതിലേക്കായി ഖുറൈശികളില്‍ നിന്ന് വാര്‍ഷിക ഭൂനികുതി ഈടാക്കിയിരുന്നു.(10)
ഖുസ്വയ്യിന്‍റെ മക്കളില്‍ അബ്ദുമനാഫ് മാന്യനും ആദരണീയനുമായിരുന്നു. എന്നാല്‍, ഖുസയ്യ് മൂത്തപുത്രന്‍ അബ്ദുദ്ദാറിനെ ദാറുന്നദ്വയുടെ നേതൃത്വവും പതാകയുടെ അവകാശവും കഅ്ബയുടെ സംരക്ഷണവും ഹാജിമാരുടെ അന്നപാന വിതരണത്തിനുള്ള അവകാശവും നല്കിക്കൊണ്ട് നേതൃസ്ഥാനത്ത് അവരോധിച്ചു. ഖുസ്വയ്യിന്‍റെ ഉത്തരവുകള്‍ അദ്ദേഹത്തിന്‍റെ ജീവിതകാലത്തോ മരണശേഷമോ ലംഘിക്കപ്പെടാതെ മതനിയമം പോലെ അവര്‍ അംഗീകരിച്ചിരുന്നു. ഖുസ്വയ്യിന്‍റെ മരണശേഷവും പ്രശ്നങ്ങളില്ലാതെ ഈ സ്ഥാനങ്ങള്‍ തുടര്‍ന്നുപോന്നു. എന്നാല്‍ അബ്ദുമനാഫ് മൃതിയടഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതൃവ്യന്‍ അബ്ദുദ്ദാറിന്റെ മക്കളില്‍ മാത്രം ഈ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നത് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഒരു യുദ്ധത്തിന്റെ വക്കോളമെത്തിയ പ്രശ്നം സന്ധിയില്‍ സമാപിച്ചു. തുടര്‍ന്ന് അധികാരങ്ങള്‍ വിഭജിച്ചു നല്കപ്പെട്ടു. ഹാജിമാര്‍ക്കുള്ള അന്നപാനവിതരണം അബ്ദുമനാഫ് കുടുംബത്തിനും ദാറുന്നദ്വ, പതാക, കഅ്ബാ സംരക്ഷണം എന്നിവ അബ്ദുദ്ദാര്‍ കുടുംബത്തിനും നല്കപ്പെട്ടു. അബ്ദുമനാഫ് കുടുംബം തങ്ങളുടെ അധികാരം നറുക്കിട്ട് ഹാശിം ബിന്‍ അബ്ദുമനാഫിനെ ഏല്പിക്കുകയും തന്‍റെ മരണംവരെ അദ്ദേഹമത് തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണാനന്തരം സഹോദരന്‍ മുത്വലിബും പിന്നീട് അബ്ദുല്‍മുത്വലിബുബ്നുഹാശിമും-ഇദ്ദേഹം റസൂലി(സ)ന്‍റെ പിതാമഹനാണ്. പിന്നീട് അദ്ദേഹത്തിന്‍റെ സന്തതികളും ഈ അധികാരം തുടര്‍ന്നു. ഇസ്ലാം വരുമ്പോള്‍ ഇത് അബ്ബാസുബ്നു അബ്ദില്‍ മുത്വലിബിന്റെ കൈവശമായിരുന്നു. ഖുസ്വയ്യാണ് തന്‍റെ മക്കള്‍ക്കിടയില്‍ സ്ഥാനമാനങ്ങള്‍ വിഭജിച്ചു നല്കിയതെന്നും പിന്നീട് അവരുടെ മക്കള്‍ അത് അനന്തരമായി എടുക്കുകയാണുണ്ടായത് എന്നും പറയപ്പെടുന്നുണ്ട്.(11)
പ്രജകള്‍ക്കിടയില്‍ വിഭജിച്ചു നല്കപ്പെട്ട മഹനീയ അധികാരസ്ഥാനങ്ങള്‍ വേറെയും ക്വുറൈശികള്‍ അലങ്കരിച്ചിരുന്നു. ഇതുവഴി ഒരു അര്‍ധ ജനാധിപത്യരാഷ്ട്രം അവര്‍ സ്ഥാപിച്ചിരുന്നു. ഓഫീസുകളും സമിതികളുമുണ്ടായിരുന്നു. ഇത് ആധുനിക പാര്‍ലമെന്റ് വ്യവസ്ഥയോട് സാദൃശ്യം പുലര്‍ത്തിയിരുന്നു. ഈ സ്ഥാപനങ്ങളുടെ വിശദീകരണങ്ങള്‍ താഴെ:
1. നറുക്കെടുപ്പ്: ഭാഗധേയ നിര്‍ണയത്തിന് വിഗ്രഹങ്ങളുടെ സമക്ഷത്തില്‍ അമ്പുകള്‍ നിരത്തിയുള്ള വിധിനിര്‍ണയാവകാശം. ഇത് ജൂമുഹ് ഗോത്രത്തിനായിരുന്നു.
2. വിനിമയാധികാരം: വിഗ്രഹങ്ങളിലേക്ക് സമര്‍പ്പിക്കുന്ന നേര്‍ച്ചകളും ബലികളും ക്രമീകരിക്കുക, തര്‍ക്ക പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവ. ഇത് സഹ്മ് ഗോത്രത്തിന്നായിരുന്നു.
3. കൂടിയാലോചനാ സമിതി: അസദ് ഗോത്രത്തിന്നായിരുന്നു ഇതിന്നവകാശം.
4. നഷ്ടപരിഹാരം ഈടാക്കല്‍: വധക്കുറ്റത്തിന് രക്തമൂല്യം നിര്‍ണയിക്കുന്നതും പിഴയീടാക്കുന്നതും ഇതില്‍പ്പെടുന്നു. ഇത് തൈം ഗോത്രത്തിന്നായിരുന്നു.
5. പതാക വഹിക്കല്‍: ഗോത്രപതാക വഹിക്കാനുള്ള അവകാശം ഉമയ്യ ഗോത്രത്തിന്നായിരുന്നു.
6. സൈന്യ ശേഖരം: കാലാള്‍പടയും കുതിരപ്പടയും ക്രമീകരിക്കുക. ഇത് മഖ്സൂം ഗോത്രത്തിന്നായിരുന്നു.
7. വൈദേശിക ബന്ധം: ഇത് അദിയ്യ് ഗോത്രത്തിന്നായിരുന്നു.(12)
ഇതര അറബ് പ്രദേശങ്ങളിലെ ഭരണം
ഖഹ്ത്വാന്‍, അദ്നാന്‍ ഗോത്രങ്ങളുടെ പലായനത്തെക്കുറിച്ച് നാം നേരത്തെ പരാമര്‍ശിക്കുകയുണ്ടായി. അറബ് നാടുകള്‍ ഈ രണ്ടു ഗോത്രങ്ങള്‍ക്കുമിടയിലായി വിഭജിക്കപ്പെട്ടിരുന്നു. ഇതില്‍, ഹീറക്ക് സമീപം കുടിയേറിയവര്‍ ഹീറയിലെ അറബ് രാജാവിന് കീഴൊതുങ്ങിയും സിറിയയുടെ പ്രാന്തപ്രദേശങ്ങളില്‍ കുടിയേറിയവര്‍ ഗസാനികളുടെ കീഴിലുമായി കഴിഞ്ഞുകൂടിയെങ്കിലും ഇത് കേവലം നാമമാത്രമായൊരു വിധേയത്വമെന്നതില്‍ കവിഞ്ഞു മറ്റൊന്നുമായിരുന്നില്ല. എന്നാല്‍ ഉപദ്വീപില്‍ ഉള്‍പ്രദേശങ്ങളില്‍ കുടിയേറിയിരുന്ന നാടോടികള്‍ തീര്‍ത്തും സ്വതന്ത്രര്‍ തന്നെയായിരുന്നു.
കൊച്ചുരാഷ്ട്രങ്ങള്‍ പോലെ പ്രവര്‍ത്തിച്ചിരുന്ന ഈ ഗോത്രങ്ങള്‍ക്കെല്ലാം തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കന്മാരുമുണ്ടായിരുന്നു. വംശീയതയുടെ അടിസ്ഥാനത്തിലുള്ള ഐക്യവും, തങ്ങളുടെ പ്രദേശങ്ങളിലെ വരുമാനങ്ങളുടെ കൈമാറ്റവും ശത്രുപ്രതിരോധവുമായിരുന്നു ഇവരുടെ രാഷ്ട്രത്തിന്‍റെ അടിസ്ഥാനം.
ഗോത്രനേതാക്കന്മാര്‍ രാജാക്കന്മാരെ പോലെയായിരുന്നു. യുദ്ധത്തിലും സമാധാനത്തിലും അവരുടെ ഉത്തരവുകള്‍ പൂര്‍ണമായും പിന്തുടരപ്പെട്ടിരുന്നു. അധികാരത്തില്‍ ഒരു ഏകാധിപതിയെപ്പോലെ വര്‍ത്തിച്ചിരുന്ന ഗോത്രനായകന്‍ കുപിതനായാല്‍ അതിന്‍റെ കൂടെ എന്തിനെന്നന്വേഷിക്കാതെ വാളുകള്‍ ചലിക്കുമായിരുന്നു. എന്നാല്‍ പിതൃവ്യപുത്രന്മാരുമായി അധികാരമത്സരം ഇടക്കിടക്ക് നടക്കുന്നതുകൊണ്ട് ഇവര്‍ എപ്പോഴും ജനങ്ങളോട് നയത്തില്‍തന്നെ വര്‍ത്തിച്ചിരുന്നു. ആദരവ്, ആതിഥ്യം, അനുകമ്പ, ധീരതാ പ്രകടനം, പ്രതിരോധം തുടങ്ങിയവയിലൂടെ ഇവര്‍ ജനദൃഷ്ടിയില്‍ ആദരണീയരായി മാറുന്നു. പ്രത്യേകിച്ച് കവികള്‍, അവര്‍ അക്കാലത്ത് ഗോത്രത്തിന്റെ ഔദ്യോഗിക ജിഹ്വതന്നെയായിരുന്നു.
ഗോത്രനായകന്മാര്‍ക്ക് മാത്രമായ ചില അവകാശങ്ങളുണ്ടായിരുന്നു. യുദ്ധാര്‍ജിത സമ്പത്തിന്‍റെ നാലില്‍ ഒരംശവും പുറമെ ഓഹരിക്കുമുമ്പ് നേതാവ് തനിക്കുവേണ്ടി എടുത്തുവെക്കുന്നതും, ജനങ്ങളുടെ അടുക്കലേക്ക് എത്തുന്നതിനുമുമ്പായി വഴിയില്‍ വെച്ചുകിട്ടുന്നതും, ഓഹരിക്കുശേഷം അവശേഷിക്കുന്ന കുതിര, ഒട്ടകം പോലെയുള്ളവയുമെല്ലാം നേതാവിന്റെ വിഹിതമായിരുന്നു.
രാഷ്ട്രീയരംഗം
വിദേശികളുമായി ബന്ധപ്പെട്ടു നില്ക്കുന്ന മൂന്ന് ഭൂപ്രദേശങ്ങളും രാഷ്ട്രീയമായ കടുത്ത ദൌര്‍ബല്യവും അധഃപതനവും അനുഭവിച്ചിരുന്നു. ജനങ്ങള്‍ യജമാനന്മാര്‍ അല്ലെങ്കില്‍ അടിമകള്‍, അതുമല്ലെങ്കില്‍ ഭരണാധിപര്‍-ഭരണീയര്‍ എന്നിങ്ങനെ ഏതെങ്കിലും തലത്തില്‍ വിഭജിക്കപ്പെട്ടിരുന്നു. നേതാക്കള്‍ പ്രത്യേകിച്ച് വിദേശികള്‍-മുഴുവന്‍ സൗകര്യങ്ങളും അനുഭവിച്ചപ്പോള്‍ അടിമകള്‍ മുഴുവന്‍ ബാധ്യതയും ചുമത്തപ്പെട്ടവരായിരുന്നു. സ്പഷ്ടമായി പറഞ്ഞാല്‍ നേട്ടങ്ങളെല്ലാം ഭരണകൂടത്തിന് ലഭിക്കുന്ന, ഒരു കൃഷിയിടത്തിന് സമാനമായിരുന്നു പ്രജകള്‍. ഭരണകൂടത്തിന്‍റെ താല്പര്യങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കും ആക്രമണത്തിനും ശാത്രവത്തിനുമെല്ലാം അവരത് ഉപയോഗിച്ചിരുന്നു. എന്നാല്‍ പ്രജകള്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാത്ത വിധം മര്‍ദനങ്ങള്‍ക്ക് വിധേയരാവുകയം സ്വേഛാധിപത്യത്തിന്‍റെ നുകത്തിനു കീഴില്‍ ഞെരിഞ്ഞമരുകയും ചെയ്തു. ഈ പ്രദേശങ്ങളുടെ അയല്‍ ഗോത്രങ്ങളാകട്ടെ ചിലപ്പോള്‍ ഇറാക്വിന്റെ ഭാഗത്തും മറ്റു ചിലപ്പോള്‍ സിറിയയുടെ പക്ഷത്തും അണിനിരന്നുകൊണ്ട് ചാഞ്ചാടുന്നവരായിരുന്നു. ഉപദ്വീപില്‍ വസിച്ചിരുന്ന ഗോത്രങ്ങളാകട്ടെ തീര്‍ത്തും ശിഥിലമായിക്കഴിഞ്ഞിരുന്നു. ഗോത്രതര്‍ക്കങ്ങളും മതഭിന്നതകളും അവരെ കീഴടക്കിയിരുന്നു. അവരുടെ സ്വാതന്ത്യ്രത്തെ ശക്തിപ്പെടുത്തുന്ന ഒരു നേതൃത്വമോ അടിയന്തിര സാഹചര്യങ്ങളുടെ അതിജീവനത്തിന് അവലംബിക്കുന്ന ഒരു കേന്ദ്രമോ അവര്‍ക്കില്ലായിരുന്നു.
എന്നാല്‍ ഹിജാസിയന്‍ ഭരണകൂടത്തെ അറബികള്‍ വീക്ഷിച്ചിരുന്നത് ബഹുമാനത്തോടുകൂടിയായിരുന്നു. മതകേന്ദ്രത്തിന്‍റെ പരിപാലകരും നേതാക്കളുമായി അവരെ കണ്ടിരുന്നു. ഇവിടത്തെ ഭരണം യഥാര്‍ഥത്തില്‍ മതഭൌതിക നേതൃത്വം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു രൂപമായിരുന്നു. അറബികള്‍ക്കിടയില്‍ മതനേതൃത്വത്തിന്‍റെ പേരിലും, ഹറമിലും ചുറ്റുപാടും ഹജ്ജ് യാത്രികരുടെ സംരക്ഷകരും ഇബ്റാഹീമിന്റെ നിയമസംഹിത നടപ്പാക്കുന്നവരുമെന്ന നിലയിലും അവര്‍ ഭരിച്ചു. ഇതിന്ന് നേരത്തെ സൂചിപ്പിച്ചതുപോലെ പാര്‍ലമെന്ററി വ്യവസ്ഥയോട് സാദൃശ്യമുള്ള ഓഫീസുകളും സമിതികളും നിലവിലുണ്ടായിരുന്നു. എന്നാലും ഇതൊരു ദുര്‍ബല ഭരണകൂടം തന്നെയായിരുന്നു. പ്രശ്നങ്ങളെ അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല. എത്യോപ്യക്കാരുമായുള്ള സംഘട്ടനങ്ങളില്‍ ഇത് വ്യക്തമായതുമാണല്ലോ.
1 വിശദീകരണത്തിന് അല്‍യമന്‍ അബ്റത്താരീഖ്, താരീഖു അര്‍ളില്‍ ക്വുര്‍ആന്‍, താരീഖുല്‍ അറബ് ഖബ്ലല്‍ ഇസ്ലാം എന്നിവ നോക്കുക. കാല നിര്‍ണയത്തിലും സംഭവവിശകലനത്തിലും ചരിത്രസ്രോതസ്സുകളില്‍ ഗുരുതരമായ ഭിന്നത കാണാം. ചിലര്‍ ഇവയെക്കുറിച്ച് പ്രതികരിച്ചത്. ഇത് പൂര്‍വികരുടെ കെട്ടുകഥകള്‍ മാത്രമാണ് എന്നാണ്.
2. ത്വബ്രി 2/540, യഅ്ബൂരി 1/169
3 വിശദീകരണത്തിന് ത്വബ്രി, മസ്ഊദി, ഇബ്നു ഖുതൈബ: ഇബ്നുഖല്‍ ദൂന്‍, ഇബ്നുസഅദ് 7/77 തുടങ്ങിയവ നോക്കുക.
4. ശയശറ
5. ഉല്പത്തി 25:17
6. ഇബ്നുഹിശാം 1:111,113. ഇബ്നുഹിശാം ഇസ്മാഈല്‍ സന്തതികളില്‍ നാബിത്വിന്റെ അധികാരം മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ.
7. താരീഖുത്ത്വബ്രി 1:559
8. ഇതില്‍ പരമാര്‍ശിച്ച മുളാള് നേരത്തെ ഇസ്മാഈല്‍ നബി(അ)യുടെ കഥയില്‍ പരാമര്‍ശിച്ച മുളാള് അല്ല.
മസ്ഊദി പറയുന്നു: പേര്‍ഷ്യക്കാര്‍ അവരുടെ ആരംഭകാലത്ത് കഅ്ബയിലേക്ക് സ്വത്തും മുത്തും സംഭാവന ചെയ്തിരുന്നു. സാസാന്‍ബിന്‍ ബാബക് രണ്ടുസ്വര്‍ണമാനുകളും മുത്തും ധാരാളം സ്വര്‍ണ വാളുകളും സംഭാവന ചെയ്തിരുന്നു. അംറ് ഇതെല്ലാം സംസം കിണറ്റിലിട്ട് മൂടി. (മുറൂജൂദ്ദഹബ് 1:242, 43).
9. ഇബ്നുഹിശാം 1/124, 125
10. ഇബ്നു ഹിശാം 1/130, യഅ്ഖൂബി 1/240, 241
11. ഇബ്നുഹിശാം 1/129-132, യഅ്ഖൂബ് 1/241
12 താരീഖുഅര്‍ളില്‍ ക്വുര്‍ആന്‍ 2:104, 106. പതാകയുടെ അവകാശം അബ്ദുദ്ദാറിനും പൊതുനേതൃത്വം ബനുഉമയ്യയ്ക്കുമായിരുന്നുവെന്ന് നാം നേരത്തെ പരാമര്‍ശിക്കുകയുണ്ടായി.
No comments:
Post a Comment