അറബികളുടെ വാസസ്ഥലങ്ങളും വംശങ്ങളും

നബിചരിത്രം യഥാര്‍ഥത്തില്‍, മനുഷ്യസമൂഹത്തെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കും സൃഷ്ടിപൂജയില്‍ നിന്ന് ദൈവാരാധനയിലേക്കും നയിച്ച മഹനീയ സന്ദേശത്തിന്റെ പ്രബോധനവും പ്രചാരണവും സംബന്ധിച്ച വിവരണമാണല്‍ലോ. അതിന്റെ സുന്ദരമായ രൂപം പൂര്‍ണമായും അനാവരണം ചെയ്യാന്‍ അത് സമാരംഭിച്ച പശ്ചാത്തലവും അതിന്റെ പ്രതികരണങ്ങളും താരതമ്യം ചെയ്യാതെ സാധ്യമാവുകയില്‍ല. അതിനാല്‍ അറബ് ജനതയേയും ഇസ്ലാമിന് മുമ്പത്തെ അവരുടെ അവസ്ഥകളെയും പ്രവാചകന്‍ നിയുക്തനാകുന്ന സാഹചര്യങ്ങളേയും കുറിച്ചുള്ള ഒരു വിശദീകരണം ആവശ്യമാണ്.
അറബികളുടെ വാസസ്ഥലം
ഭാഷാപരമായി 'അറബ്' എന്നത് ജലമോ പച്ചപ്പോ ഇല്ലാത്ത ഊഷരഭൂമിയാണ്. അതിപുരാതന കാലം തൊട്ടേ ഈ പ്രദേശവും അവിടത്തെ നിവാസികളും ഈ പേരിലാണ് അറിയപ്പെടുന്നത്.
അറേബ്യന്‍ ഉപദ്വീപിന്റെ അതിരുകള്‍
പടിഞ്ഞാറ്- ചെങ്കടലും സീനാ ഉപദ്വീപും, കിഴക്ക്- അറേബ്യന്‍ ഉള്‍ക്കടലും ഇറാക്വിന്റെ തെക്ക് ഭാഗവും, തെക്ക്-ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീണ്ടുകിടക്കുന്ന അറബിക്കടലും, വടക്ക്- സിറിയയും ഇറാഖിന്റെ ചില ഭാഗങ്ങളുമാകുന്നു. ഈ അതിരുകളില്‍ ചിലതിനെപ്പറ്റി ഭിന്നാഭിപ്രായങ്ങളുണ്ട്. ഇതിന്റെ വിസ്തീര്‍ണ്ണം പത്തുലക്ഷത്തിനും പതിമൂന്നുലക്ഷത്തിനുമിടക്കുള്ള ചതുരശ്ര മൈല്‍ ആണ്.
ഭൂമിശാസ്ത്രപരമായും പ്രകൃതിപരമായും ഈ ഉപ ദ്വീപിന് വളരെയേറെ പ്രാധാന്യമുണ്ട്. അറേബ്യയുടെ ഉള്‍ഭാഗം മണല്‍ക്കാടുകളാലും മരുഭൂമികളാലും ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ വിദേശ രാഷ്ട്രങ്ങളുടെ അധിനിവേശത്തിനോ മറ്റോ വിധേയമാകാതെ ഒരു സംരക്ഷിത പ്രദേശമായി ഈ ഉപദ്വീപ് നില്ക്കുന്നു. അതിനാല്‍ അതിപുരാതന കാലംതൊട്ടേ അയല്‍പക്കത്ത് രണ്ട് വന്‍ രാഷ്ട്രങ്ങളുടെ ഭീതിതമായ സാന്നിധ്യമുണ്ടായിട്ടും ഈ ഉപദ്വീപു നിവാസികള്‍ സര്‍വമേഖലകളിലും പരിപൂര്‍ണ സ്വതന്ത്രരായിരുന്നുവെന്ന് നമുക്ക് കാണാന്‍ കഴിയുന്നു.
ബാഹ്യ ലോകവുമായുള്ള ബന്ധത്തില്‍ പുരാതന ലോകത്ത് വ്യത്യസ്ത ഭൂഖണ്ഡങ്ങളുടെ മധ്യേയാണ് ഇത് നിലകൊള്ളുന്നത്. വടക്കു പടിഞ്ഞാറ് ആഫ്രിക്കന്‍ ഭൂഖണ്ഡവും വടക്കു കിഴക്ക് യൂറോപ്യന്‍ ഭൂഖണ്ഡവും കിഴക്ക് പേര്‍ഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാഷ്ട്രങ്ങളും സ്ഥിതി ചെയ്യുന്നതിനാല്‍ ഉപദ്വീപിന്റെ വടക്കും തെക്കും ഭാഗങ്ങള്‍ സംസ്കാരങ്ങളുടെയും മതങ്ങളുടെയും കലകളുടെയും സംഗമസ്ഥാനങ്ങളും വാണിജ്യ വിനിമയ കേന്ദ്രങ്ങളുമായിരുന്നു.
അറബ് ഗോത്രങ്ങള്‍
ചരിത്രകാരന്മാര്‍ അറബികളെ അവരുടെ ഉത്ഭവവുമായി ബന്ധപ്പെടുത്തി മൂന്നായി വിഭജിച്ചിരിക്കുന്നു.
1. ബാഇദ അറബികള്‍: ഇവരാണ് പുരാതന അറബികള്‍. ഇവരുടെ ചരിത്രം പൂര്‍ണമായും ലഭ്യമല്ല. സമ്പൂര്‍ണ്ണനാശം നേരിട്ടിട്ടുള്ള വിഭാഗമത്രെ ഇവര്‍. ആദ്, ഥമൂദ്, ത്വസം, ജദീസ്, ഉംലാഖ്, അമീം, ജൂര്‍ഹും, ഹളൂരി, വബാര്‍, ഉറുബല്‍, ജാസിം, ഹളര്‍മൌത് എന്നീ വിഭാഗങ്ങള്‍ ഇതിലുള്‍പ്പെടുന്നു.
2. ആരിബ അറബികള്‍: ഇവര്‍ യഅ്രിബ്ബ്നു യശ്ജബ്നു ഖഹ്ത്വാന്റ പിന്‍ഗാമികളാണ്. ഖഹ്ത്വാനികള്‍ എന്നും പറയപ്പെടുന്നു.
3. മുസ്തഅ്രിബ അറബികള്‍: ഇസ്മാഈല്‍ നബി(അ)യുടെ സന്താന പരമ്പരയില്‍ പെട്ടവര്‍ അദ്നാനികള്‍ എന്നും പറയപ്പെടുന്നു.
ആരിബ അറബികളുടെ ഉത്ഭവകേന്ദ്രം യമനാകുന്നു. ഒട്ടനവധി ശാഖകളായി പിരിഞ്ഞ അവരില്‍ രണ്ടു ഗോത്രങ്ങള്‍ പ്രശ്നമാവുകയുമുണ്ടായി.
1. ഹിംയര്‍: ഈ വിഭാഗത്തിലെ പ്രശസ്ത ശാഖകളാണ് സയ്ദുല്‍ ജംഹൂര്‍, ഖുളാഅ:, സകാസിക് എന്നിവ
2. കഹ്ലാല്‍; ഈ ഗോത്രത്തിലെ പ്രശസ്ത ശാഖകളാണ് ഹമദാന്‍, അന്‍മാര്‍, ത്വയ്, മുദ്ഹിജ്, ലഖ്മ്, ജൂദാം, അസ്ദ്, അസ്ദിന്റെ ഉപവിഭാഗങ്ങളായിരുന്ന ഔസ്, ഖസ്റജ്, സിറിയന്‍ രാജാക്കന്മാരായിരുന്ന ജഫ്നയുടെ പിന്‍മുറക്കാര്‍ തുടങ്ങിയവര്‍.
കഹ്ലാന്‍ ഗോത്രം യമനില്‍നിന്ന് പലായനംചെയ്ത് അറേബ്യന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനമുറപ്പിക്കുകയുണ്ടായി. റോമിന്റെ സമ്മര്‍ദ്ദവും കടല്‍വഴിയുള്ള വ്യാപാരരംഗത്ത് അവരുടെ ആധിപത്യവും ഈജിപ്തും സിറിയയും കയ്യടക്കിയ ശേഷം കരമാര്‍ഗത്തിലുള്ള വ്യാപാരംകൂടി അവര്‍ പിടിയിലൊതുക്കിയതുമായിരുന്നു, വ്യാപാരികളായിരുന്ന കഹ്ലാന്‍ ഗോത്രത്തിന്റെ പലായനത്തിന് ഹേതുവായി വര്‍ത്തിച്ചത്. ഇത് മആരിബ് അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തിന് തൊട്ടുമുമ്പായിരുന്നു. പ്രളയത്തിനു ശേഷം ജീവിത മാര്‍ഗങ്ങള്‍ മുഴുവന്‍ അടഞ്ഞപ്പോള്‍ പലായനത്തിന് അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന ഒരു പക്ഷമുണ്ട്. സൂറതു സബഇലെ 15-19 വചനങ്ങളില്‍ ഇതിന്റെ സൂചനയും കാണാം.
കഹ്ലാന്‍, ഹിംയര്‍ ഉപഗോത്രങ്ങള്‍ തമ്മിലുണ്ടായ മത്സരം, കഹ്ലാന്‍ നാടുകടത്തപ്പെടാനും ഹിംയറിന് യമനില്‍ സ്ഥിര പ്രതിഷ്ഠ നേടാനും കാരണമായി എന്നത് സ്വാഭാവികം മാത്രം.
കഹ്ലാന്‍ ഗോത്രത്തില്‍ നിന്ന് പലായനം ചെയ്തവരെ നാലായി വിഭജിക്കാവുന്നതാണ്.
1. അല്‍ അസ്ദ്: ഇവരുടെ നേതാവ് ഇംറാനുബ്നു അംറ് മുമ്പയ്ഖയാഇന്റെ നേതൃത്വത്തില്‍ യമനിന്റെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങിയ ശേഷം അവസാനം വടക്ക്, കിഴക്ക് ഭാഗങ്ങളിലേക്ക് തിരിയുകയാണുണ്ടായത്.
ഇവരുടെ പലായനത്തിനുശേഷം താമസിച്ച സ്ഥലങ്ങള്‍ താഴെ പറയുന്നു. ഥഅ്ലബ്ബിനു അംറ് തന്റെ അസദ് ഗോത്രം വിട്ട് ഹിജാബിന്റെ ഭാഗത്തേക്കുപോയി. ഥഅ്ലബിയുടെയും ദീഖാറിന്റെയും മധ്യേയായി വാസമുറപ്പിച്ചു. ശക്തിപ്രാപിച്ച ശേഷം മദീനയില്‍ചെന്ന് അവിടെ താമസമാക്കി. ഇദ്ദേഹത്തിന്റെ സന്തതിപരമ്പരയില്‍ പെട്ടവരാണ് ഔസ്, ഖസ്റജ് ഗോത്രങ്ങള്‍. അതായത്, ഥഅ്ലബയുടെ പുത്രന്‍ ഹാരിഥ:യുടെ രണ്ടു മക്കളുടെ പന്‍മുറക്കാര്‍.
ഇവരില്‍ ഹാരിഥ: ഇബ്നുഅംറും അദ്ദേഹംതന്നെയാണ്. ഖുസാഅ സന്തതികളും ഹിജാസില്‍ ചുറ്റിക്കറങ്ങിയശേഷം 'മര്‍റ് അള്ളഹ്റാനി'ല്‍ താമസമാക്കി. പന്നീട് ഹറം ജയിച്ചടക്കി അവിടത്തെ നിവാസികളായ ജൂറുഹും ഗോത്രക്കാരെ നാടുകടത്തി മക്കയില്‍ താമസമാക്കി.
ഇംറാനുബ്നു അംറ് തന്റെ സന്തതികളോടുകൂടി ഒമാനില്‍ വസിക്കുകയും അവിടെ അസ്ദ് ഗോത്രം സ്ഥാപിക്കുകയും ചെയ്തു. ഇവരുടെ സന്താനപരമ്പര തിഹാമയില്‍ വാസമുറപ്പിച്ചു. അവര്‍ അസ്ദ് ശനൂഅ: എന്നപേരില്‍ അറിയപ്പെടുന്നു.
ജഫ്നബ്നു അംറും സന്തതികളും സിറിയയില്‍ താമസമാക്കി. അവിടെ ഗസാസിന രാജവംശം സ്ഥാപിച്ചു. സിറിയയിലേക്ക് മാറുന്നതിനു മുമ്പ് ഹിജാസില്‍ അവര്‍ വസിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു നീരുറവയുമായി ബന്ധപ്പെടുത്തിയാണ് ഗസ്സാന്‍ എന്ന പേര്‍ വന്നത്.
2. ലഖ്മും ജൂദാമും: കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലേക്കായിരുന്നു ഇവരുടെ പലായനം. ഹിറയിലെ മനാദിറ: രാജവംശത്തിന്റെ പിതാവ് നസ്വ്റുബ്നു റബീഅ ലഖ്മ് വംശജനാണ്.
3. ബനൂത്വയ്യ്: ഇവരും ഉത്തരഭാഗത്തേക്ക് യാത്രചെയ്ത് അജാഎന്നും സല്‍മാ എന്നും അറിയപ്പെടുന്ന രണ്ട് പര്‍വതങ്ങള്‍ക്കിടയില്‍ വാസമുറപ്പിച്ചു. പില്ക്കാലത്ത് ഇവരുടെ പേരിനോട് ബന്ധപ്പെടുത്തി ത്വയ്യ് പര്‍വതങ്ങള്‍ എന്ന് ഇവയറിയപ്പെട്ടു.
4. കിന്‍ദ: ബഹ്റയ്നില്‍ താമസമാക്കിയ ഇവര്‍ പിന്നീട് ഹളര്‍ മൌതിലേക്കും നജ്ദിലേക്കും നീങ്ങാന്‍ നിര്‍ബ്ബന്ധിതരായി. നജ്ദില്‍ ശക്തമായ ഒരു ഭരണം സ്ഥാപിച്ചെങ്കിലും വളരെ പെട്ടെന്ന് അത് നാമാവശേഷമാവുകയാണുണ്ടായത്.
ഹിംയറിലെ മറ്റൊരു അറിയപ്പെട്ട ഗോത്രമായ ഖുളാഅയും യമന്‍ വിടുകയും ഇറാഖിന്റെ പ്രാന്തപ്രദേശങ്ങളില്‍ വാസമുറപ്പിക്കുകയുമുണ്ടായി.(1) ചില ഗോത്രങ്ങള്‍ ശാം, ഹിജാസ് തുടങ്ങിയ പ്രദേശങ്ങളിലും താമസമാക്കി.
എന്നാല്‍ മുസ്തഅ്രിബ: അറബികള്‍ എന്നറിയപ്പെടുന്നവര്‍ ഇറാക്വില്‍ കൂഫയ്ക്കു സമീപം യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറെ തീരത്തുള്ള ഊര്‍ പട്ടണത്തില്‍ വസിച്ചിരുന്ന ഇബ്റാഹിം നബി (അ) യുടെ സന്താനപരമ്പരയില്‍ പെട്ടവരാണ്. ഖനന ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രാജ്യത്തെ കുറിച്ചും പ്രവാചകന്‍ ഇ ബ്റാഹീമി(അ)നെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുറിച്ചും അവരുടെ മതസാമൂഹിക ജീവിതത്തെക്കുറിച്ചുമെല്ലാം ധാരാളം സുപ്രധാന വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇബ്റാഹിം(അ) ഊറില്‍ നിന്ന് ഹറാനിലേക്കും പിന്നീട് ഫലസ്ത്വീനിലേക്കും തുടര്‍ന്ന് മറ്റു രാജ്യങ്ങളിലേക്കും പ്രബോധനാവശ്യാര്‍ഥം സഞ്ചരിക്കുകയുണ്ടായിട്ടുണ്ട്. ഫലസ്ത്വീനായിരുന്നു അദ്ദേഹത്തിന്റെ പ്രബോധന ആസ്ഥാനം. അങ്ങനെ ഒരിക്കല്‍ ഈജിപ്തിലുമെത്തി. ഈജിപ്തിലെ ഭരണാധികാരി ഫറോവ, ഇബ്റാഹിം നബി (അ)യുടെ ഭാര്യ സാറയ്ക്കെതിരെ ദുഷ്ട തന്ത്രങ്ങളാവിഷ്ക്കരിച്ചുവെങ്കിലും അത് അവന്നുതന്നെ തിരിച്ചടിക്കുകയായിരുന്നു. സാറയ്ക്ക് അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തെക്കുറിച്ചു മനസ്സിലാക്കിയ ഫിര്‍ഔന്‍ തന്റെ പുത്രി ഹാജറിനെ അവരുടെ സേവനത്തിനു നിശ്ചയിച്ചുകൊടുത്തു. അവരെ സാറ പിന്നീട് ഇബ്റാഹീമിന് ഭാര്യയായി നല്കുകയാണുണ്ടായത്.(2)
ഇബ്റാഹിം (അ) ഫലസ്ത്വീനിലേക്കു തന്നെ മടങ്ങി. അദ്ദേഹത്തിന് ഹാജറയില്‍ ഇസ്മാഈല്‍ പിറന്നു. സാറ അവരില്‍ അസൂയ പൂണ്ടതുകാരണം ഇബ്റാഹിം ഹാജറിനേയും കുഞ്ഞിനേയുമായി ഹിജാസിലേക്കു പുറപ്പെട്ടു . അവിടെ ദൈവിക ഗേഹത്തിനു സമീപം - അത് അന്ന് സമനിരപ്പില്‍ നിന്ന് അല്പം ഉയര്‍ന്ന ഒരു പ്രദേശം മാത്രമായിരുന്നു- ജനവാസമില്ലാത്ത ഊഷരഭൂവില്‍ ഇന്ന് സംസം സ്ഥിതിചെയ്യുന്നതിനു മുകളിലായി ഒരു വട്ടിയില്‍ അല്പം ഈത്തപ്പഴവും ഒരു പാത്രത്തില്‍ പാനജലവുമായി അവിടെ വിട്ടേച്ചു അദ്ദേഹം ഫലസ്ത്വീനിലേക്കു തന്നെ മടങ്ങി. ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പേ ഭക്ഷണവും പാനജലവും തീര്‍ന്നു. പിന്നീട് സംസം ഉദ്ഭവിക്കുകയും ഭക്ഷണവും വെള്ളവും ലഭിക്കുകയും അവിടം ജനവാസമുള്ള പ്രദേശമാവുകയും ചെയ്തു.
പിന്നീട് മറ്റൊരു യമന്‍ ഗോത്രം- ജുര്‍ഹും രണ്ട്- ഹാജറിന്റെ അനുമതിയോടുകൂടി മക്കയില്‍ താമസമാക്കി. നേരത്തെ ഇവര്‍ മക്കാ താഴ്വ്രകളിലൂടെ സഞ്ചരിക്കുന്നവരും അവിടങ്ങളില്‍ വസിച്ചിരുന്നവരുമായിരുന്നു. ബുഖാരിയുടെ നിവേദനത്തില്‍ ഇവര്‍ ഇസ്മാഈലിന്റെ ശേഷമാണ് മക്കയില്‍ താമസമാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.(3)
ഇബ്റാഹിം(അ) തന്റെ സഹധര്‍മ്മിണിയെയും പുത്രനെയും സന്ദര്‍ശിക്കാനായി പലതവണ മക്കയില്‍ വന്നിട്ടുണ്ട്. ഇതെത്ര തവണയെന്ന് കൃത്യമായറിയില്ല. ആധികാരിക ചരിത്ര രേഖകളില്‍ ഇതില്‍ നാലെണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്.
വി. ക്വുര്‍ആന്‍, ഇബ്റാഹിം(അ) തന്റെ പുത്രനെ ബലി നല്കുന്നതായി സ്വപ്നദര്‍ശനമുണ്ടായെന്ന് പരാമര്‍ശിക്കുന്നുണ്ട്. അത് പൂര്‍ത്തീകരിക്കാന്‍ വേണ്ടി അദ്ദേഹം പുറപ്പെട്ടു.
'അങ്ങനെ അവര്‍ ഇരുവരും (കല്പനക്ക്) കീഴ്പെടുകയും അവനെ നെറ്റിമേല്‍ ചരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ഹേ! ഇബ്റാഹിം തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാല്‍കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് വ്യക്തമായ പരീക്ഷണം തന്നെയാണ്. അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്കുകയും ചെയ്തു.' (സ്വാഫ്ഫാത്ത് 103,107)
ബൈബിള്‍ ഉല്‍പത്തി അധ്യായത്തില്‍ ഇസ്മാഈല്‍, ഇസ്ഹാഖിനെക്കാള്‍ പതിമൂന്ന് വയസ്സിന് മൂത്തവനായിരുന്നുവെന്ന് പ്രസ്താവിക്കുന്നുണ്ട്. ബലിസംഭവം നടന്നത് ഇസ്ഹാഖിന്റെ ജനനത്തിന് മുമ്പാകാനാണ് സാധ്യത. കാരണം ഈ കഥ മുഴുവന്‍ വിവരിച്ച ശേഷമാണ് ഇസ്ഹാഖിനെക്കുറിച്ച സന്തോഷവാര്‍ത്ത പരാമര്‍ശിക്കുന്നത്.
ഈ കഥ, ചുരുങ്ങിയത് ഇബ്റാഹിം (അ) യുടെ ഒരു യാത്രയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതാകട്ടെ ഇസ്മാഈല്‍ യുവത്വം പ്രാപിക്കുന്നതിന് മുമ്പും. എന്നാല്‍ മറ്റു മൂന്നു യാത്രകള്‍ ഇബ്നു അബ്ബാസില്‍ നിന്ന് ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ സംക്ഷിപ്ത രൂപം ഇതാണ്: 'ഇസ്മാഈല്‍ ഒരു യുവാവായപ്പോള്‍ ജുര്‍ഹും ഗോത്രം വഴി അറബി പഠിച്ചു. അവര്‍ അദ്ദേഹത്തെ ഏറെ സ്നേഹിക്കുകയും തങ്ങളുടെ ഒരു സ്ത്രീയെ അദ്ദേഹത്തിന് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് മാതാവ് മൃതിയടഞ്ഞു. തന്റെ ഭാര്യയെയും പുത്രനെയും സന്ദര്‍ശിക്കാനായി ഇബ്റാഹിം മക്കയില്‍ വന്നെങ്കിലും ഇസ്മാഈലിനെ കണ്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ഇസ്മാഈലിനെക്കുറിച്ചും അവരുടെ ജീവിതാവസ്ഥകളെക്കുറിച്ചുമെല്ലാം അദ്ദേഹം അന്വേഷിച്ചറിഞ്ഞു. അവള്‍ അദ്ദേഹത്തോട് തങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളുമെല്ലാം വിവരിച്ചു. തന്റെ വീടിന്റെ ഉമ്മറപ്പടി മാറ്റിവെക്കണമെന്ന് ഇസ്മാഈലിനോട് പറയാന്‍ ഏല്പിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുപോയി. പിതാവ് ഉദ്ദേശിച്ചത് എന്താണെന്ന് ഇസ്മാഈല്‍ മനസ്സിലാക്കി തന്റെ ഭാര്യയെ വിവാഹമുക്തയാക്കി. എന്നിട്ട് മറ്റൊരുവളെ വേട്ടു. അത്, ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ജുര്‍ഹും, ഗോത്രത്തിന്റെ നേതാവ് മുളാള് ബ്നു അംറിന്റെ പുത്രിയെയായിരുന്നു.
ഈ രണ്ടാം വിവാഹാനന്തരം ഇബ്റാഹിം ഒരിക്കല്‍ കൂടി അവരെ സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍ ഇത്തവണയും ഇസ്മായിലിനെ കണ്ടില്ല. അവരുടെ സ്ഥിതിഗതികളെല്ലാം ഭാര്യയോടന്വേഷിച്ചു. അവള്‍ അല്ലാഹുവെ സ്തുതിക്കുകയാണുണ്ടായത്. മറുപടി തൃപ്തികരമായപ്പോള്‍ ഉമ്മറപ്പടി ഉറപ്പിച്ചു നിര്‍ത്താന്‍ പറയാന്‍ ഉപദേശം നല്കിക്കൊണ്ട് ഇബ്റാഹിം ഫല്സ്തീനിലേക്കു തന്നെ തിരിച്ചുപോയി.
മൂന്നാമത് ഇബ്റാഹിം മക്കയില്‍വന്നപ്പോള്‍ ഇസ്മാഈലിനെ സംസമിന്നരികില്‍ അമ്പ്കടയുന്ന നിലയില്‍ കണ്ടെത്തി. ഉടനെ ഇസ്മാഈല്‍ എഴുന്നേറ്റ് ചെന്ന് പിതാവിനെ ഹൃദ്യമായി സ്വീകരിച്ചു. ഇരുവരുടേയും സമാഗമം ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമായിരുന്നു. അനുകമ്പാര്‍ദ്രനായ ഒരു പിതാവിനും സ്നേഹനിധിയായ ഒരു പുത്രനും ഇത്രയേറെകാലം ക്ഷമിക്കാന്‍ കഴിയുകയെന്നത് അത്യപൂര്‍വമാണ്. ഇത്തവണ രണ്ടുപേരും കഅ്ബയുടെ അടിത്തറ പണിതുയര്‍ത്തുകയും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് ഇബ്റാഹിം ഹജ്ജിന് വിളംബരം നടത്തുകയും ചെയ്തു.(4)
ദൈവ കാരുണ്യത്താല്‍ ഇസ്മാഈലിന് മുളാളിന്റെ പുത്രിയില്‍ പന്ത്രണ്ട് ആണ്‍മക്കള്‍ പിറന്നു. അവര്‍ നാബിത്, ഖിദാര്‍, അദ്ബാഈല്‍, മെബ്ശാം, മിശ്മാഅ്, ദുമാ, മീശാ, ഹുദുദ്, തയ്മ, യത്വൂര്‍, നഫീസ് ഖീദ്മാന്‍ എന്നിവയാണ്. ഇവര്‍ പിന്നീട് പന്ത്രണ്ട് ഗോത്രങ്ങളിലായി പിരിയുകയും വളരെക്കാലം മക്കയില്‍ താമസിക്കുകയും ചെയ്തു അക്കാലത്ത് അവരുടെ ജീവിത മാര്‍ഗം പൂര്‍ണമായും യമനില്‍ നിന്ന് സിറിയയിലേക്കും ഈജിപ്തിലേക്കുമുള്ള കച്ചവടയാത്രകളായിരുന്നു. പിന്നീട് ഉപദ്വീപിന്റെ എല്ലാ ഭാഗങ്ങളിലും ഇവര്‍ ചിതറപ്പെട്ടു. എന്നല്ല, അതിന്റെ പുറത്തേക്കും ഇവര്‍ വ്യാപിച്ചു. എന്നാല്‍ ഇവരില്‍ നാബിതിന്റെയും ഖിദാറിന്റേയും ഒഴികെ എല്ലാവരുടേയും വിവരങ്ങള്‍ കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി.
നാബിതീവംശം ഹിജാസിന്റെ വടക്കുവശത്ത് ശക്തമായൊരു ഭരണകൂടം സ്ഥാപിക്കുകയും ചുറ്റുഭാഗത്തുമുള്ള ഗോത്രങ്ങളെ കീഴില്‍ കൊണ്ടുവരികയും ചെയ്തു. ബത്റായായിരുന്നു തലസ്ഥാനം. ആര്‍ക്കും നേരിടാനാവാതെ അജയ്യമായി നിന്നിരുന്ന അവരെ റോമക്കാര്‍ വന്നു തുരത്തി. ഇമാം ബുഖാരിയടക്കം സൂക്ഷ്മദൃക്കുകളായ ചില പണ്ഡിതന്മാര്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഗസാന്‍ രാജവംശവും അതുപോലെ ഔസ് ഖസ്റജില്‍ പെട്ട അന്‍സാറുകളും ഖഹ്ത്വാന്‍ ഗോത്രക്കാരല്ലെന്നും അവര്‍ ഇസ്മാഈലിന്റെ പുത്രന്‍ നാബിതിന്റെ സന്താന പരമ്പരയില്‍പെട്ട നാബിതി വംശജരാണെന്നും പറഞ്ഞിട്ടുണ്ട്.(5)
ഇസ്മാഈലിന്റെ പുത്രന്‍ വാദാര്‍ മക്കയില്‍ താമസമാക്കി. അവിടെ സന്തതികളായി പെരുകി. അവരില്‍ പെട്ടതാണ് അദ്നാനും പുത്രന്‍ മഅദും. ഇവരില്‍ നിന്നാണ് അറബികളിലെ അദ്നാന്‍ വംശ പരമ്പര ആരംഭിച്ചത്. നബി തിരുമേനി (സ) യുടെ പിതൃപരമ്പരയിലെ 21ാം പിതാവാണ് അദ്നാന്‍ പരമ്പരയെണ്ണുമ്പോള്‍ അദ്നാനില്‍ എത്തിയാല്‍ നിറുത്താന്‍ നബി (സ) ആവശ്യപ്പെടുകയും വംശവിജ്ഞാനികള്‍ കളവ് പറയുകയാണ് എന്നു പറയുകയും അതിനപ്പുറത്തേക്ക് പറയാന്‍ അവിടുന്ന് കൂട്ടാക്കാതിരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ മുഹമ്മദ് സുലൈമാന്‍ സല്‍മാന്‍ മന്‍സൂര്‍പൂരിയെപ്പോലുള്ള ഒരു വിഭാഗം പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ട് ദുര്‍ബലമാണെന്ന് വിധിച്ചു കൊണ്ട് ഇബ്റാഹിം(അ)യുടെയും അദ്നാനിന്റെയും ഇടയില്‍ നാല്പത് പിതാക്കളെ എണ്ണിയിട്ടുണ്ട്.(6)
മുഅദിന്റെ ഏക പുത്രനായ നിസാറിന്റെ നാലു പുത്രിമാരിലൂടെ നാലു പ്രമുഖ ഗോത്രങ്ങളുണ്ടായി. ഇയാദ്, അന്‍മാര്‍, റബീഅ: മുളര്‍ എന്നിവയാണവ. ഇതില്‍ റബീഅയും മുളറും പല ഉപവിഭാഗങ്ങളായി വീണ്ടും വികസിക്കുകയുണ്ടായി. റബീഅ: യില്‍ നിന്ന് അസദ് അന്‍സ; അബ്ദുല്‍ ഖൈസ്, വാളിലിന്റെ രണ്ടു പുത്രന്മാരായ ബക്ര്‍, ഥഅലബ്, കൂടാതെ ഹനീഫ: എന്നിവരും ഇതില്‍പ്പെടുന്നു. ഇതിലെ അന്‍സയില്‍ നിന്നാണ് ഇന്നത്തെ സുഊദിരാജ കുടുംബമായ ആലുസുഊദ് ഉത്ഭവിക്കുന്നത്.
മുളര്‍ ഗോത്രം രണ്ടു പ്രമുഖ ശാഖകളായി പിരിയുകയുണ്ടായി. ഒന്ന് മുളറിന്റെ പുത്രന്‍ ഖൈസ് അയ്ലാന്‍ രണ്ട്: മുളറിന്റെ പുത്രന്‍ ഇല്‍യാസില്‍ നിന്നുള്ള ഉപഗോത്രങ്ങള്‍. ഖൈസ് അയ്ലാനില്‍ നിന്ന് ബനൂസലീം ബനൂഹവാസിന്‍, ബനൂഗത്വഫാന്‍, എന്നിവരും , ബനൂഗത്വഫാനില്‍ നിന്ന് അബ്സ്, ദുബ്യാന്‍, അശ്ജഅ്, അഅ്സ്വര്‍ എന്നിവരുമായി പിരിഞ്ഞു.
മുളറിന്റെ പുത്രന്‍ ഇല്‍യാസില്‍ നിന്ന്: തമീം ബിന്‍ മുര്‍റ, ഹുദൈല്‍ബ്നു മുദ്രിക; ബനൂ അസ്ദ് ബ്നു ഖുസൈമ, കിനാന ബ്നു ഖുസൈമയുടെ ശാഖകള്‍ എന്നിവയുമുണ്ടായി. ഈ കിനാനയില്‍ നിന്നാണ് ക്വുറൈശ് (ഇവര്‍ ഫഹ്റുബ്നു മാലിക്ബ്നു നള്റുബ്നു കിനാനയുടെ സന്താനങ്ങളാണ്)
ക്വുറൈശ് വ്യത്യസ്ത ശാഖകളായി വിഭജിക്കപ്പെട്ടു. ഇതില്‍ പ്രശസ്തമായവ: ജംഹ്, സഹ്മ്, അദിയ്യ്, മഖ്സൂം, തൈം, സഹ്റ കിലാബിന്റെ പുത്രന്‍ ഖുസ്വയ്യിന്റെ ശാഖകള്‍ എന്നിവയാണ്. അബ്ദുദ്ദാര്‍ബ്നു ഖുസ്വയ്, അസദ്ബിന്‍ അബ്ദുല്‍ ഉസ്സബിന്‍ ഖുസ്വയ്, അബ്ദു മനാഫ് ബിന്‍ ഖുസ്വയ് എന്നിവ ഇവയില്‍പെടുന്നു.
അബ്ദുമനാഫില്‍ നിന്ന് നാലു ശാഖകളുണ്ടായി. അബ്ദു ശ്ശംസ്, നൌഫല്‍, മുത്വലിബ്, ഹാശിം. ഹാശിം കുടുംബത്തില്‍ നിന്നാണ് അബ്ദുല്‍ മുത്വലിബിന്റെ പുത്രന്‍ അബ്ദുല്ലയുടെ പുത്രന്‍ മുഹമ്മദിനെ അല്ലാഹു പ്രവാചകനായി തെരഞ്ഞെടുത്തത്.
നബി(സ) പറഞ്ഞു. 'അല്ലാഹു, ഇബ്റാഹീമിന്റെ സന്തതികളില്‍ നിന്ന് ഇസ്മാഈലിനെ തെരഞ്ഞെടുത്തു. ഇസ്മാഈലിന്റെ സന്തതികളില്‍ നിന്ന് കിനാനയേയും കിനാനയില്‍ നിന്ന് ക്വുറൈശിനേയും ക്വുറൈശില്‍ നിന്ന് ബനൂഹാശിമിനേയും തെരഞ്ഞെടുത്തു. ബനൂഹാശിമില്‍ നിന്ന് എന്നെയും തെരഞ്ഞെടുത്തു.(7)
അബ്ബാസു ബ്നു അബ്ദില്‍ മുത്വലിബ് പറയുന്നു. റസൂല്‍(സ) ഇങ്ങനെ പറഞ്ഞു:
"അല്ലാഹു മനുഷ്യസമൂഹത്തെ സൃഷ്ടിച്ച് അതില്‍ ഏറ്റവും നല്ലവരില്‍ എന്നെ ഉള്‍പ്പെടുത്തി. പിന്നെ അവന്‍ ഗോത്രങ്ങളെ തെരഞ്ഞെടുത്തു. അതില്‍ ഏറ്റവും നല്ല ഗോത്രത്തില്‍ അവന്‍ എന്നെ ഉള്‍പ്പെടുത്തി. പിന്നെ അവന്‍ കുടുംബങ്ങളെ തെരഞ്ഞെടുത്തു. അതില്‍ ഏറ്റവും നല്ലകുടുംബത്തില്‍ അവന്‍ എന്നെ ഉള്‍പ്പെടുത്തി. ഞാന്‍ വ്യക്തിപരമായും കുടുംബപരമായും ഉത്തമനത്രെ!''(8)
അദ്നാന്‍ വംശം പെരുകി വന്നപ്പോള്‍ പുല്ലും വെള്ളവുമുള്ള പ്രദേശങ്ങളന്വേഷിച്ച് അവര്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറി. അങ്ങനെ അബ്ദുല്‍ ഖൈസും ബക്റ് ബ്നു വാഇലിലെയും തമീമിലേയും ചില ശാഖകളും ബഹ്റൈനിലേക്ക് പലായനം ചെയ്ത് അവിടെ താമസമാക്കി. ബനൂഹനീഫ ബിന്‍ സ്വഅബ് ബിന്‍ബക്ര്‍ യമാമയുടെ തലസ്ഥാനമായ ഹിജ്റില്‍ താമസമാക്കി. ബക്ര്‍ ബ്നു വാഇല്‍ ഗോത്രം യമാമ, ബഹ്റൈന്‍, സൈഫുല്‍ കാള്വിമ, ഇറാഖിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, അബ്ല, ഹീത് തുടങ്ങിയ വിശാലമായ ഭൂപ്രദേശങ്ങളില്‍ കുടിയേറി.
ഥഅ്ലബ് ഗോത്രത്തില്‍ ഭൂരിഭാഗം യൂപ്രട്ടീസ് പ്രദേശത്തും ചിലര്‍ ബക്റ് വംശത്തോടൊപ്പവും സന്ധിച്ചു. ബനൂ തമിം ബസ്വറയുടെ പുറം പ്രദേശങ്ങളിലും താമസമുറപ്പിച്ചു.
ബനൂസലിം മദീനക്കടുത്ത് വാദില്‍ ഖുറായില്‍ നിന്ന് ഖൈബറിലേക്ക് നീണ്ടുകിടന്ന പര്‍വത നിരകളുടെ താഴ്വരകളില്‍ താമസമാക്കി.
ബനൂ അസദ് ഗോത്രം തൈമാഇന്റെ കിഴക്കും കൂഫയുടെ പടിഞ്ഞാറുമായി താമസിച്ചപ്പോള്‍ ത്വയ്യ് കടുംബം ബനൂ അസദിന്റെയും തൈമാഇന്റെയും ഇടയ്ക്കായിരുന്നു വസിച്ചിരുന്നത്. കൂഫയില്‍ നിന്ന് 5 ദിവസത്തെ യാത്ര വേണ്ടിവന്നിരുന്നു അവിടേക്ക്.
ദുബ്യാന്‍ തൈമാഇന്റെയും ഹൌറാനിന്റെയും ഇടയില്‍ താസമിച്ചു. കിനാനയിലെ ചില ശാഖകള്‍ തിഹാമയില്‍ താമസിച്ചു. മക്കയിലും അതിന്റെ പ്രാന്ത പ്രദേശങ്ങളിലും ക്വുറൈശ് ഗോത്രവും താമസമാക്കി. ഛിന്നഭിന്നമായിരുന്ന ഇവരെ ഖുസ്വയ്യ്ബിന്‍ കിലാബ് ഏകീകരിച്ചത്. ഐക്യത്തിന്റെ മഹത്വവും സ്ഥാനവും അവര്‍ക്കിത് വഴി ലഭിക്കുകയും ചെയ്തു.
1. ഈ ഗോത്രങ്ങളെക്കുറിച്ചും അവയുടെ പലായനത്തെ സംബന്ധിച്ചുമുള്ള വിശദീകരണങ്ങള്‍ക്ക്, നസബ് മഅദ് വല്‍യമനില്‍ കബീര്‍, ജംഹിറത്തുന്നസബ്, അല്‍ഇഖ്ദുല്‍ഫരീദ്, തരീഖു ഇബ്നുഖല്‍ദൂന്‍ തുടങ്ങിയവ നോക്കുക.
ഈ പലായനങ്ങളുടെ കാലഘട്ടം നിശ്ചയിക്കുന്നതില്‍ ചരിത്ര സ്രോതസ്സുകള്‍ ഭിന്നത പുലര്‍ത്തുന്നു. ഇവിടെ അത് വിശദീകരിക്കാന്‍ വയ്യ. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ശരിയായി തോന്നിയത് ഉദ്ധരിക്കുകയാണ് ചെയ്തത്. അല്ലാഹുവാണ് ശരി കൂടുതല്‍ അറിയന്നവന്‍
2. ഹാജര്‍ ഫറോവയുടെ അടിമസ്ത്രീയാണെന്നാണ് പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ മുഹമ്മദ് സുലൈമാന്‍ മന്‍സൂര്‍പൂരി സമര്‍ത്ഥിക്കുന്നത് അവര്‍ സ്വതന്ത്രയും ഫറോവയുടെ പുത്രിയുമായിരുന്നുവെന്നാണ്. ഇതിനദ്ദേഹം ആസ്പദിച്ചിട്ടുള്ളത് ക്രൈസ്തവ പണ്ഡിതന്മാര്‍ അവരുടെ വേദഗ്രന്ഥത്തിനു നല്കിയ വ്യാഖ്യാനങ്ങളാണ്. (വിശദീകരണത്തിന് റഹമത്തുന്‍ ലില്‍ ആലമീന്‍ 2:34,36,37 നോക്കുക) ഇബ്നു ഖല്‍ദുന്‍ തന്റെ ചരിത്രത്തില്‍ അംറുബിനുല്‍ആസും ഈജിപ്തുകാരും തമ്മില്‍ നടന്ന ഒരു സംവാദമുദ്ധരിക്കുന്നുണ്ട്. അതില്‍, ഈജിപ്തുകാര്‍ അംറിനോടു വാദിച്ചത് ഹാജര്‍ ഞങ്ങളുടെ ഒരു രാജാവിന്റെ ഭാര്യയാണെന്നും ഞങ്ങളും ഐനുശ്ശംസുകാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവര്‍ ഞങ്ങളുടെ രാജാവിനെ വധിച്ചു അവളെ തടവുകാരിയായി പിടിക്കുകയും അങ്ങനെ നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ അടുക്കല്‍ എത്തുകയായിരുന്നുവെന്നുമാണ്. (താരിഖ് ഇബ്നു ഖല്‍ദൂന്‍ 2/1/77 നോക്കുക.
3. ബുഖാരി ഹ. 3364, 3365
4. ബുഖാരി, ഹ: 3364, 3365
5. ബുഖാരി ഹ: 3507
6. ത്വബഖാതുല്‍ കുബ്റ-ഇബ്നുസഅദ് 1/56, ഫത്ഹ്: 6/622
7. മുസ്ലിം 4/1782
8. തുര്‍മുദി ഹ: 3607, 3608
No comments:
Post a Comment