മുഹമ്മദിന്റെ ജനനവും പ്രവാചകത്വവും

പ്രവാചകപ്രഭു മുഹമ്മദ്(സ) മക്കയിലെ ഹാശിം വംശത്തില്‍ റബീഉല്‍ അവ്വല്‍ ഒമ്പതിന് തിങ്കളാഴ്ച കാലത്ത് ഭൂജാതനായി. ആനക്കലഹ സംഭവത്തിന്‍റെ ഒന്നാംവര്‍ഷവും കിസ്റാ അനൂശര്‍വാന്‍റെ ആധിപത്യത്തിന്‍റെ നാല്പതാം വര്‍ഷവുമാണിത്. മഹാപണ്ഡിതനായ മുഹമ്മദ് സുലൈമാന്‍ (മന്‍സൂര്‍പൂര്‍)ന്‍റെയും ഗോളശാസ്ത്രജ്ഞന്‍ മുഹമ്മദ് പാഷയുടെയും അഭിപ്രായത്തില്‍ ഇത് ക്രിസ്താബ്ദം 571 ഏപ്രില്‍ ഇരുപതോ ഇരുപത്തിരണ്ടോ ആണ്.(1)
ഇബ്നുസഅ്ദ് റസൂല്‍(സ)യുടെ മാതാവ് പറഞ്ഞതായി ഉദ്ധരിക്കുന്നു. ഞാന്‍ അവനെ പ്രസവിച്ചപ്പോള്‍ എന്‍റെ ഗുഹ്യഭാഗത്ത് നിന്ന് ഒരു പ്രകാശം പുറപ്പെടുകയും അത് സിറിയന്‍ കൊട്ടാരം പ്രാകാശമാനമാക്കുകയും ചെയ്തു. ഇര്‍ബാള്ബ്നു സാരിയയില്‍ നിന്ന് ഇമാം അഹ്മദും ഇതുപോലൊന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.(2)
ജനനത്തോടനുബന്ധിച്ചു ഇങ്ങനെ പല അത്ഭുതങ്ങളും നടന്നതായി നിവേദനം ചെയ്യപ്പെടുന്നുണ്ട്. കിസ്രായുടെ കൊട്ടാരം തകര്‍ന്നതും അഗ്നിപൂജകരുടെ തീയണഞ്ഞതും സാവ തടാകത്തിന് ചുറ്റുമുള്ള ചര്‍ച്ചുകള്‍ തകര്‍ന്നതുമെല്ലാം. ബൈഹഖിയിലും ത്വബ്രിയിലും മറ്റും ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ കാണാം, പക്ഷെ ഇവക്കൊന്നും തന്നെ സ്വീകര്യമായ നിവേദന പരമ്പരകളില്ല. ചരിത്രം രേഖപ്പെടുത്തുന്ന സമൂഹങ്ങളായിരുന്നിട്ടും അവരുടെ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങളൊന്നും കാണുന്നുമില്ല.(3)
പ്രസവിച്ച ഉടനെ മാതാവ് പിതാമഹന്‍ അബ്ദുല്‍ മുത്വലിബിന്‍റെ അടുക്കലേക്ക് പൌത്രന്‍റെ ജനനത്തെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു. അദ്ദേഹം സന്തോഷത്തോടെ വന്നു കുഞ്ഞിനേയും കൊണ്ടു കഅബയില്‍ കടന്നു അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ശേഷം കുഞ്ഞിന് മുഹമ്മദ് എന്ന് പേരും വിളിച്ചു. ഈ നാമം അറബികള്‍ക്ക് നേരത്തെ പരിചിതമായിരുന്നില്ല. അറബികളുടെ സമ്പ്രദായമനുസരിച്ച് ഏഴാം നാളില്‍ ചേലാകര്‍മ്മം നടത്തുകയും ചെയ്തു.(4)
തന്‍റെ മാതാവിന് ശേഷം കുഞ്ഞിന് ആദ്യം മുലയൂട്ടിയത് അബൂലഹബിന്‍റെ അടിമ ഥുവൈബയാണ്. ഥുവൈബയുടെ അപ്പോഴത്തെ മകന്‍റെ പേര്‍ മസ്റഹ് എന്നാണ്. ഇതിനു മുമ്പ് ഥുവൈബ അബ്ദുല്‍ മുത്വലിബിന്‍റെ പുത്രന്‍ ഹംസയേയും പിന്നീട് മഖ്സും ഗോത്രക്കാരന്‍ അബ്ദുല്‍ അസദിന്‍റെ പുത്രന്‍ അബൂസലമയേയും മുലയൂട്ടിയിട്ടുണ്ട്.
സഅദ് ഗോത്രത്തില്‍
തങ്ങളുടെ മക്കള്‍ക്ക് മുലയൂട്ടാന്‍ മാതാക്കളെ അന്വേഷിക്കുക നാഗരികമായ അറബികളുടെ പതിവാണ്. ഇത് നാഗരിക ദൂഷ്യങ്ങള്‍ ഏല്‍ക്കാതിരിക്കാനും ശരീരപുഷ്ടിയും ഭാഷാശുദ്ധിയും കൈവരാനുമായിരുന്നു. അബ്ദുല്‍ മുത്വലിബും ഒരു മാതാവിനെ അന്വേഷിച്ചു. സഅദ്ബ്നു ബക്റ് ഗോത്രത്തിലെ അബൂദുവൈബിന്‍റെ പുത്രി ഹലീമയെ ഇതിന്നായി ലഭിച്ചു. അവരുടെ ഭര്‍ത്താവ് അബൂകബ്ശ: എന്നറിയപ്പെടുന്ന ഹാരിഥ് ബിന്‍ അബ്ദുല്‍ ഉസ്സയായിരുന്നു. അതേ ഗോത്രക്കാരന്‍ തന്നെ.
അവിടെ മുലകുടി ബന്ധത്തിലൂടെയുള്ള റസൂല്‍(സ)യുടെ സഹോദരങ്ങള്‍, അബ്ദുല്ലാഹ്ബിന്‍ ഹാരിഥ്, അനീസ ബിന്‍ത് ഹാരിഥ്, ഹുദാഫ (ജൂദാമ) ബിന്‍ത് ഹാരിഥ് (ശൈമാഅ് യഥാര്‍ഥ പേര്) എന്നിവരാണ്. ഇവള്‍ റസൂല്‍(സ)യുടെയും പിതൃസഹോദരന്‍ അബൂസുഫ്യാനുബ്നു ഹാരിഥ്ബ്നു അബ്ദുല്‍ മുത്വലിബിന്‍റെയും പരിചാരികയായിരുന്നു.
നബി(സ)യുടെ പിതൃവ്യന്‍ ഹംസബ്നു അബ്ദുല്‍ മുത്വലിബ് ഇതേ സഅദ് ഗോത്രത്തില്‍ നിന്നുതന്നെയായിരുന്നു മുലനുകര്‍ന്നിരുന്നത്.അദ്ദേഹത്തെ മുലയൂട്ടുന്ന മാതാവ് ഒരിക്കല്‍ നബി(സ)യേയും മുലയൂട്ടിയിട്ടുണ്ട്. അങ്ങനെ ഹംസ രണ്ടുവഴിക്ക് നബി(സ)യുടെ മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരനായി. ഥുവൈബ:വഴിയും ഹലീമ വഴിയും.(5)
ഈ മുലയൂട്ടല്‍ കാലത്ത് പല അത്ഭുതങ്ങളും പ്രത്യക്ഷപ്പെട്ടതായി ഹലീമ പറയുന്നു. ഹലീമ തന്നെ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു : നാട്ടില്‍ നിന്ന് ഭര്‍ത്താവൊന്നിച്ച് മുലകുടിക്കുന്ന കുഞ്ഞിനെയും കൊണ്ട് സഅദ് ഗോത്രത്തിലെ ഏതാനും സ്ത്രീകളുടെ കൂടെ മുലയൂട്ടാന്‍ കുഞ്ഞിനെ അന്വേഷിച്ചു ഞാനും പുറപ്പെട്ടു. ദാരിദ്യ്രത്തിന്‍റെയും വരള്‍ച്ചയുടെയും വര്‍ഷമായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കഴിക്കാനൊന്നുമില്ലായിരുന്നു. ഞാന്‍ ചാരവര്‍ണമുള്ള പെണ്‍കഴുതപ്പുറത്തേറി പുറപ്പെട്ടു. ഞങ്ങളുടെ കൂടെ ഒരു പെണ്‍ ഒട്ടകവുമുണ്ട്. ഒരു തുള്ളി പാലുപോലും അതിന്‍റെ അകിട്ടില്‍ നിന്ന് കിനിയുമായിരുന്നില്ല. കുട്ടികള്‍ വിശപ്പുകൊണ്ട് കരയുന്നതു കാരണം ഞങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് തികയുവോളം മുലപ്പാല്‍ എന്‍റെ പക്കലില്ലായിരുന്നു. ഒട്ടകത്തിലും ഒന്നുമില്ലായിരുന്നു. പക്ഷേ, ഞങ്ങള്‍ മഴയും ആശ്വാസവും പ്രതീക്ഷിച്ചിരുന്നു. ദീര്‍ഘയാത്രയ്ക്ക് ശേഷം ഞങ്ങള്‍ മുലയൂട്ടാന്‍ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ച് മക്കയില്‍ എത്തി. അനാഥനായ റസൂലിനെ ഞങ്ങളോരോരുത്തരും ആദ്യമേ തന്നെ നിരസിച്ചു. മുലയൂട്ടുന്നതുകാരണം ധനം പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ ചോദിച്ചു: 'അനാഥനോ? അവന്‍റെ മാതാവിനും പിതാമഹനും എന്തുചെയ്യാനാണ് കഴിയുക! എല്ലാവരും കുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചുപോരാന്‍ തുടങ്ങി. എനിക്കു മാത്രം ആരെയും ലഭിച്ചില്ല. അപ്പോള്‍ ഞാനെന്‍റെ ഭര്‍ത്താവിനോട് പറഞ്ഞു: എന്‍റെ കൂട്ടുകാരികളുടെ കൂടെ ഞാന്‍ മാത്രം കുഞ്ഞില്ലാതെ തിരിച്ചുപോകുന്നതെങ്ങിനെയാണ്. ഞാന്‍ ആ അനാഥ ബാലനെ പോയി സ്വീകരിക്കുകതന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യുന്നതിന് നിനക്കൊരു തടസ്സവുമില്ല. ഒരു പക്ഷേ അല്ലാഹു നമുക്കതില്‍ അനുഗ്രഹം ചൊരിഞ്ഞേക്കാം. അങ്ങനെ ഞാന്‍ ചെന്നു കുഞ്ഞിനെ സ്വീകരിച്ചു. മറ്റാരെയും കിട്ടിയില്ല എന്നതുമാത്രമാണ് ഞാന്‍ ആ കുഞ്ഞിനെ സ്വീകരിക്കാന്‍ കാരണം. ഞാനവനെയും കൊണ്ട് വാഹനത്തിലേറി മടിയിലിരുത്തി മുല നല്‍കിയപ്പോള്‍ മുലയില്‍ ധാരാളം പാല്‍! വയറുനിറയെ അവനും അവന്‍റെ സഹോദരനും കുടിച്ചു. രണ്ടുപേരും സുഖമായുറങ്ങി. എന്‍റെ കുഞ്ഞ് ഇതിനുമുമ്പ് രാത്രി നന്നായി ഉറങ്ങിയിട്ടേയില്ല. എന്‍റെ ഭര്‍ത്താവ് ഒട്ടകത്തെ സമീപിച്ചപ്പോള്‍ അകിടു നിറയെ പാല്‍! കറന്നെടുത്ത് ഞാനും ഭര്‍ത്താവും മതിവരോളം കുടിച്ചു. സന്തോഷത്തോടെ രാത്രി കഴിച്ചുകൂട്ടി. പുലര്‍ന്നപ്പോള്‍ എന്‍റെ ഭര്‍ത്താവ് പറഞ്ഞു:"ഹലീമ! നിനക്കറിയുമോ നീ ഒരു അനുഗ്രഹീതമായ ഉറവയാണ് സമ്പാദിച്ചത്''. ഞാന്‍ പ്രതിവചിച്ചു. "അല്ലാഹുവാണെ, ഞാനും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു.''
പിന്നീട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. എന്‍റെ കഴുതപ്പുറത്ത് ഞാന്‍ ഭര്‍ത്താവിനെയും കൂടി വഹിച്ചു. മറ്റുള്ളവരെയെല്ലാം പിന്നിലാക്കി ഞങ്ങള്‍ മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. എന്‍റെ കൂട്ടുകാരികള്‍ പറഞ്ഞു.: 'അബൂദുവൈബിന്‍റെ പുത്രീ! നാശം! ഞങ്ങളെയും കാത്തു നില്‍ക്കൂ! നീ കൊണ്ടുവന്ന പെണ്‍കഴുത തന്നെയല്ലേയിത്?' ഞാന്‍ പറഞ്ഞു:'അല്ലാഹുവാണേ! അതുതന്നെയാണിത്.' അപ്പോളവര്‍ പ്രതികരിച്ചു. 'അല്ലാഹുവാണെ! ഇതിനെന്തോ ഒന്നുണ്ട്.' ഞങ്ങള്‍ വീടുകളില്‍ തിരിച്ചെത്തി. ഏറ്റം വരണ്ടുകിടന്നിരുന്ന ഭൂപ്രദേശങ്ങളായിരുന്നു അവയെല്ലാം. പക്ഷേ എന്‍റെ ആടുകള്‍ വയറും അകിടും നിറഞ്ഞവരായി നില്‍ക്കുന്നു. ഞങ്ങള്‍ കറന്നു കുടിച്ചു, വീണ്ടും നിറയെ പാല്‍! ഞങ്ങളുടെ കൂട്ടത്തിലുള്ള ആളുകള്‍ അവരുടെ ഇടയന്മാരോടു പറയാന്‍ തുടങ്ങി. അബുദുവൈബിന്‍റെ പുത്രിയുടെ ആടുകള്‍ മേയുന്നേടത്ത് നിങ്ങളും മേയ്ക്കുക. അവരുടെ ആടുകള്‍ വയറൊട്ടി പാലില്ലാതെ വൈകിട്ടു മടങ്ങുമ്പോള്‍ എന്‍റെ ആടുകള്‍ വയറുനിറച്ചു പാലുനിറഞ്ഞു മടങ്ങുന്നു!
അങ്ങനെ രണ്ടു വര്‍ഷം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ധാരാളം അനുഭവിച്ചു കൊണ്ട് ഞങ്ങള്‍ പൂര്‍ത്തിയാക്കി. ബാലന്‍ രണ്ടുവയസ്സാകുമ്പോള്‍ തന്നെ മറ്റുള്ളവരില്‍ നിന്നു ഭിന്നമായി പുഷ്ടിയോടുകൂടി വളര്‍ന്നു. അവനെയും കൊണ്ട് ഞങ്ങള്‍ അവന്‍റെ മാതാവിനെ സമീപിച്ചു. അവന്‍ കാരണമുണ്ടായ ബര്‍കത്ത് കാരണം അവന്‍ ഞങ്ങളുടെ കൂടെതന്നെ താമസിക്കണമെന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങള്‍ അവന്‍റെ മാതാവിനോട് ഇക്കാര്യം സംസാരിച്ചു. ഞാന്‍ പറഞ്ഞു' 'മോനെ അവന്‍ കരുത്തനാകുവോളം എന്‍റെ കൂടെത്തന്നെ താമസിപ്പിച്ചാലോ, മക്കയിലെ പകര്‍ച്ചവ്യാധി അവനെയും ബാധിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.' അങ്ങനെ ഞങ്ങളവനെ തിരിച്ചു കൊണ്ടുവന്നു.(6)
നെഞ്ച് പിളര്‍ന്ന സംഭവം
സഅദ് കുടുംബത്തില്‍ കഴിച്ചുകൂട്ടുന്നതിനിടയില്‍ നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ഹൃദയഭേദന സംഭവം നടന്നു. ഇബ്നുഇസ്ഹാഖിന്‍റെ അഭിപ്രായമനുസരിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷം. മുസ്ലിം അനസ്(റ)വില്‍ നിന്ന് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) കൂട്ടുകാരുടെ കൂടെ കളിച്ചുകൊണ്ടിരിക്കെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു അതോടെ അദ്ദേഹം ബോധരഹിതനായി. എന്നിട്ട് നെഞ്ച് പിളര്‍ത്തിഹൃദയം പുറത്തെടുത്ത് അതില്‍ നിന്ന് ഒരംശം പുറത്ത് കളഞ്ഞു. ജിബ്രീല്‍ പറഞ്ഞു: ഇത് പിശാചിന്റെ അംശമാണ്. പിന്നീടത് സ്വര്‍ണ്ണത്തളികയില്‍ സംസം വെള്ളം കൊണ്ട് കഴുകി തുന്നിച്ചേര്‍ത്ത് പൂര്‍വ്വസ്ഥിതിയില്‍ സ്ഥാപിച്ചു. കുട്ടികള്‍ പോറ്റുമ്മയുടെ അടുക്കലേക്ക് 'മുഹമ്മദ് വധിക്കപ്പെട്ടു' എന്ന് പറഞ്ഞ്കൊണ്ട് ഓടി. അവര്‍ വന്നപ്പോള്‍ അദ്ദേഹം വിവര്‍ണനായി നില്‍ക്കുന്നതാണ് കണ്ടത്. ആ തുന്നിയ പാട് അവിടുത്തെ മാറില്‍ കണ്ടിരുന്നുവെന്ന് അനസ്(റ) പറയുന്നു.(7) ഈ സംഭവത്തോടെ ഹലീമ ഭയപ്പെട്ടു കുട്ടിയെ മാതാവിന്‍റെ അടുക്കലേക്കു തന്നെ മടക്കി. ആറുവയസ്സുവരെ കുട്ടി മാതാവിന്‍റെ കൂടെ കഴിഞ്ഞു.
ആമിന, ദിവംഗതനായ തന്റെ ഭര്‍ത്താവിന്റെ യസ്രിബിലുള്ള ക്വബ്ര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അതദ്ദേഹത്തിന്‍റെ സ്മരണ പുതുക്കാനുള്ള അവസരമായി അവള്‍ കണ്ടു. ഏകദേശം അങ്ങനെ അഞ്ഞൂറ് കി. മീ. താണ്ടി അവളും അനാഥബാലനും ദാസ്യ-ഉമ്മു ഐമനും സംഘം നേതാവ് അബ്ദുല്‍ മുത്വലിബും അവിടെ എത്തി. ഒരു മാസത്തിനു ശേഷം മടങ്ങി. മടക്കയാത്രയില്‍ ആമിന രോഗിണിയായി. മക്കക്കും മദീനക്കും ഇടയില്‍ അബ്വാഅ് എന്ന സ്ഥലത്ത് വെച്ച് അവര്‍ മരിച്ചു.(8)
വത്സലനായ പിതാമഹന്‍
അബ്ദുല്‍ മുത്വലിബ് പൌത്രനേയും കൊണ്ട് മക്കയിലേക്ക് മടങ്ങി. അദ്ദേഹത്തിന്‍റെ മനസ്സ് തന്‍റെ പൌത്രനോടുള്ള അനുകമ്പയാല്‍ വികസിച്ചു. നേരത്തെ ഏറ്റ മുറിവിന്‍റെ വടുക്കളിലിതാ ഒരു പുതിയ മുറിവും കൂടി ഏറ്റിരിക്കുന്നു. തന്‍റെ ഒരു മക്കളോടുമില്ലാത്ത ആര്‍ദ്രത അബ്ദുല്‍ മുത്വിലിബിന് ഈ അനാഥ ബാലനോടുണ്ടായി. വിധി അടിച്ചേല്പിച്ച ഏകാന്തയിലേക്ക് അവനെ വിടാതെ തന്‍റെ മറ്റുസന്തതികളേക്കാള്‍ അവന് സ്ഥാനം നല്‍കി.
ചരിത്രകാരനായഇബ്നു ഹിശാം പറയുന്നു: അബ്ദുല്‍ മുത്വലിബിന് കഅബയുടെ ഓരത്ത് ഒരു വിരിയുണ്ടായിരുന്നു. അദ്ദേഹത്തോടുള്ള ആദരവുകാരണം മക്കളാരും അതില്‍ കയറി ഇരിക്കാറില്ല. എന്നാല്‍ നബി(സ) വലിയ കുട്ടിയായപ്പോള്‍ അതില്‍ കയറി ഇരുന്നിരുന്നു. ഇതുകണ്ടപ്പോള്‍ പിതൃസഹോദരന്മാര്‍ അദ്ദേഹത്തെ വിലക്കുമ്പോള്‍ അബ്ദുല്‍ മുത്വലിബ് അവരോടു പറയും:'എന്‍റെ മോനെ നിങ്ങള്‍ വിട്ടേക്കുക. അവനെന്തോ ചില പ്രത്യേകതകളുണ്ട്' എന്നിട്ട് തന്‍റെ കൂടെയിരുത്തി അദ്ദേഹത്തിന്‍റെ മുതുക് തടവുകയും കളികള്‍ കണ്ട് സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്യും.
എട്ട് വര്‍ഷവും രണ്ട് മാസവും പത്ത് ദിവസവും പ്രായമായപ്പോള്‍ തന്‍റെ വത്സനായ പിതാമഹനും വിടപറഞ്ഞു. തന്‍റെ മരണത്തിന് മുമ്പ് പൌത്രന്‍റെ സംരക്ഷണചുമതല പിതൃസഹോദരന്‍ അബൂത്വാലിബിനെ ഏല്‍പിച്ചിരുന്നു.(9)
തന്‍റെ സഹോദര പുത്രനോടുള്ള ബാധ്യത പൂര്‍ണമായിത്തന്നെ അബൂത്വാലിബ് നിറവേറ്റി. സ്വന്തം മക്കളുടെ കൂടെ അവരെക്കാള്‍ പ്രാധാന്യത്തില്‍ അദ്ദേഹം കുട്ടിയെ വളര്‍ത്തി. നാല്പത് വര്‍ഷത്തിലധികം സംരക്ഷിക്കുകയും പ്രതിരോധിക്കുകയും സംവദിക്കുകയും ചെയ്തുകൊണ്ട് തന്‍റെ സഹോദരപുത്രനെ അദ്ദേഹം സഹായിച്ചു. ഇതിന്‍റെ വിശദാംശങ്ങള്‍ പിന്നീട് വരുന്നതാണ്.
ജല്‍ഹമത്ത്ബ്നു ഉര്‍ഫിത്വയില്‍ നിന്ന് ഇബ്നു അസാകിര്‍ ഉദ്ധരിക്കുന്ന ഒരു സംഭവം നോക്കുക. അദ്ദേഹം പറഞ്ഞു: കടുത്ത വരള്‍ച്ചയുള്ള ഒരു കാലത്ത് ഞാന്‍ മക്കയില്‍ വന്നു. ഖുറൈശികള്‍ അബൂത്വാലിബിനോട് പറഞ്ഞു. അബൂത്വാലിബ്! ആകെ വരള്‍ച്ച ബാധിച്ചിരിക്കുന്നു. മക്കള്‍ പട്ടിണിയിലുമായിരിക്കുന്നു. നമുക്ക് പോയി മഴക്കുവേണ്ടി പ്രാര്‍ഥിക്കാം. അബൂത്വാലിബ്, സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുന്ന ഒരു കുട്ടിയെയുമായി വന്നു. അവന്‍റെ മീതെ മേഘം തണലിടുന്നു. അവര്‍ രണ്ടുപേരും കഅബയുടെ ചുമര്ചാരി പ്രാര്‍ഥിച്ചു. മേഘശൂന്യമായിരുന്ന ആകാശം മേഘങ്ങളാല്‍ നിറഞ്ഞു. അല്പസമയത്തിനുശേഷം മഴകുത്തിച്ചൊരിയുകയും ചെയ്തു. താഴ്വരകളും പട്ടണങ്ങളും വെള്ളമൊഴുകി എല്ലായിടത്തും പച്ചപ്പ് പ്രത്യക്ഷപ്പെട്ടു.10
ബഹീറാ പുരോഹിതന്‍
നബി തിരുമേനിക്ക് പന്ത്രണ്ട് വയസായിരുന്ന കാലത്ത് അബൂത്വാലിബ് അദ്ദേഹത്തെയും കൊണ്ട് കച്ചവടാവശ്യാര്‍ഥം ശാമിലേക്ക് പുറപ്പെട്ടു. ശാമിലെ ബുസ്റ എന്ന സ്ഥലത്തെത്തിയപ്പോള്‍ ബഹീറ എന്ന പേരിലറിയപ്പെടുന്ന (യഥാര്‍ഥ പേര് ജോര്‍ജസ്) ഒരു പാതിരിയുമായി കണ്ടുമുട്ടി. സാര്‍ഥവാഹകസംഘം അവിടെ ഇറങ്ങിയപ്പോള്‍ അവരെ അദ്ദേഹം സ്വീകരിച്ചു, അവര്‍ക്ക് ആതിഥ്യമരുളി. റസൂല്‍(സ)യെ ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞപ്പോള്‍ പുരോഹിതന്‍ അദ്ദേഹത്തെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. 'ഇത് ലോകനേതാവാണ്. സര്‍വലോകത്തിനും കാരുണ്യമായി അല്ലാഹു നിയോഗിക്കുന്നത് ഇദ്ദേഹത്തെയാണ്.' അബൂത്വാലിബ് ചോദിച്ചു:'താങ്കള്‍ക്കെങ്ങനെ അറിയാം?' അദ്ദേഹം പറഞ്ഞു:'നിങ്ങള്‍ അക്വബയില്‍ നിന്നും പുറപ്പെട്ടത് മുതല്‍ വൃക്ഷങ്ങളും കല്ലുകളും സുജൂദില്‍ വീഴുന്നു. ഒരു നബിക്ക് വേണ്ടിയല്ലാതെ ഇങ്ങനെ സംഭവിക്കില്ല. അദ്ദേഹത്തിന്‍റെ ചുമലിന് താഴെയുള്ള പ്രാവചകത്വമുദ്ര എനിക്കറിയുകയും ചെയ്യാം. ഇത് ഞങ്ങള്‍ ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ നിന്ന് അറിഞ്ഞതാണ്. ജൂതന്മാരെ ഭയന്ന് ബാലനെ ശാമിലേക്ക് കൊണ്ടുപോകാതെ നാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോകണമെന്ന് അബൂത്വാലിബിനോടദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. തന്‍റെ ചില സേവകന്മാരുടെ കൂടെ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് മടക്കി.(11)
ഫിജാര്‍ യുദ്ധം
നബി(സ)ക്ക് 20 വയസ്സ് പ്രായമായ കാലത്ത് ക്വുറൈശും കിനാനയും ഒരു ഭാഗത്തും ഖൈസ് ഐലാന്‍ മറുഭാഗത്തുമായി നടന്ന യുദ്ധമാണ് ഫിജാര്‍. ഖുറൈശ്-കിനാന ഗോത്രങ്ങളില്‍ പൊതുസമ്മതനെന്ന നിലക്ക് ഹര്‍ബ്ബിന്‍ ഉമയ്യയായിരുന്നു സൈന്യനായകന്‍. യുദ്ധത്തിന്‍റെ ഒന്നാം ഘട്ടത്തില്‍ ഖൈസ് കക്ഷിക്കായിരുന്നു വിജയമെങ്കില്‍ രണ്ടാം ഘട്ടത്തില്‍ തിരിച്ചടിയായി. ബനൂ കിനാനയിലെ ബറാള് എന്നൊരാള്‍ ഖൈസ് ഐലാനിലെ മൂന്നുപേരെ വധിച്ചതായിരുന്നു യുദ്ധത്തിനു കാരണം. പിന്നീട് സന്ധിയുണ്ടാക്കി യുദ്ധമവസാനിപ്പിച്ചു. വിശുദ്ധമാസങ്ങളുടെ പവിത്രത ലംഘിച്ചതുകൊണ്ടാണ് ഇതിന് ഹര്‍ബുല്‍ ഫിജാര്‍ (അധാര്‍മികയുദ്ധം) എന്ന പേരുവന്നത്. തന്‍റെ പിതൃസഹോദരന്മാര്‍ക്ക് അമ്പെടുത്തുകൊടുത്തുകൊണ്ട് നബി(സ) ഈ യുദ്ധത്തില്‍ സഹകരിച്ചുട്ടുണ്ട്.12
ഹില്‍ഫുല്‍ ഫൂദൂല്‍
ഈ യുദ്ധത്തെ തുടര്‍ന്നാണ് ഹില്‍ഫുല്‍ ഫൂദൂല്‍ (വിശിഷ്ടരുടെ സഖ്യം) രൂപപ്പെടുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്നായ ദുല്‍ഖഅദയിലായിരുന്നു ഇത്. ഇതിലേക്ക് ഖുറൈശ് ഗോത്രത്തിലെ ഉപശാഖകളായ ഹാശിം, മുത്വലിബ്, അസദ്ബിന്‍ അബ്ദുല്‍ ഉസ്സ, സഹ്റത്തുബിന്‍ കിലാബ്, തൈംബിന്‍ മുര്‍റ എന്നിവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. ഇവരെല്ലാം ആദരണീയനും വയോധികനുമായ അബ്ദുല്ലാഹിബിനു ജുദ്ആന്റെ വസതിയില്‍ സമ്മേളിക്കുകയും സ്വദേശിയോ വിദേശിയോ ആരായാലും മക്കയില്‍വെച്ച് മര്‍ദിക്കപ്പെട്ടാല്‍ അവന്‍റെ അവകാശം നേടിക്കൊടുത്തുകൊണ്ട് അവനെ സഹായിക്കണമെന്ന് പരസ്പരം കരാര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ നബിതിരുമേനിയും പങ്ക്കൊണ്ടിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം പ്രവാചകനായപ്പോള്‍ പറഞ്ഞത്:'അബ്ദുല്ലാഹിബ്നു ജദ്ആന്‍റെ വീട്ടില്‍ വെച്ചു നടന്ന സഖ്യത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാനതിനെ ചെമന്ന ഒട്ടകങ്ങളെക്കാള്‍ വിലമതിക്കുന്നു. ഇസ്ലാമിലും അത്തരമൊരു സഖ്യത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഞാന്‍ അത് സ്വീകരിക്കും.''
വംശീയതയാല്‍ പ്രചോദിതമായിരുന്ന ജാഹിലിയ്യാ ദുരഭിമാനത്തോട് തികച്ചും എതിരായിരുന്നു ഈ കരാറിന്‍റെ സ്പിരിറ്റ്. ഈ സഖ്യത്തിന് ഇങ്ങനെയൊരു കാരണം പറയപ്പെടുന്നു; സുബൈദില്‍ നിന്നൊരാള്‍ തന്റെ ചരക്കുകളുമായി മക്കയില്‍ വന്നു. ആസ്ബിന്‍ വാഇല്‍ അസ്സഹ്മി അദ്ദേഹത്തിന്‍റെ സാധനങ്ങള്‍ വാങ്ങി. വില നല്‍കിയില്ല. അപ്പോള്‍ അയാള്‍ തന്റെ സഖ്യകക്ഷികളായ അബ്ദുദ്ദാര്‍, മഖ്സും, ജംഹ്, സഹ്മ്, അദിയ് എന്നിവരോട് സഹായമഭ്യര്‍ഥിച്ചെങ്കിലും അവരാരും പരിഗണിച്ചതുതന്നെയില്ല. ഉടനെ അബൂഖുബൈസ് മലയിലേറി താന്‍ മര്‍ദിക്കപ്പെട്ടതായി ഉറക്കെ ഗാനമായി ആലപിച്ചു. ആവഴിക്ക് നടന്നു പോവുകയായിരുന്ന സുബൈറ്ബ്നു അബ്ദുല്‍മുത്വലിബ് ഇത് കേള്‍ക്കുകയും പരിഹാരമാര്‍ഗം തേടുകയും ചെയ്തു. അങ്ങനെയാണ് മേല്‍പറഞ്ഞ സഖ്യം രൂപപ്പെടുന്നത്. സഖ്യം രൂപപ്പെട്ട ഉടനെ ആസുബിന്‍വാഇലിന്‍നിന്ന് കച്ചവടക്കാരന്റെ അവകാശം വാങ്ങിക്കൊടുക്കുകയും ചെയ്തു. (13)
ജീവിത വൃത്തി
യുവത്വത്തിന്‍റെ ആദ്യദശയില്‍ നബി തിരുമേനിക്ക് നിര്‍ണിതമായ തൊഴിലൊന്നുമില്ലായിരുന്നു. ബനുസഅദിനും ഖുറൈശികള്‍ക്കും വേണ്ടി ആട് മേയ്ച്ചതൊഴികെ.(14) നബി(സ) മഖ്സും ഗോത്രക്കാരന്‍ സാഇബ്ബിന്‍ അബൂസാഇബിന്റെ കൂടെ കൂറുകച്ചവടം നടത്തിയതും പിന്നീട് മക്കാ വിജയദിവസം സാഇബ് കടന്നുവന്നപ്പോള്‍ എന്‍റെ സഹോദരനും പങ്കാളിയുമായവന് സ്വാഗതം എന്നു പറഞ്ഞു സ്വീകരിച്ചതും നിവേദനം ചെയ്യപ്പെടുന്നു.(15) 25ാംവയസ്സില്‍ ശാമിലേക്ക് ഖദീജയുടെ കച്ചവടക്കാരനായും പോയിട്ടുണ്ട്. ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു; സമ്പന്നയും ആദരണീയയുമായ വര്‍ത്തകപ്രമുഖയായിരുന്നു ഖദീജ. ഇവര്‍ പുരുഷന്മാരെ ലാഭവിഹിതാടിസ്ഥാനത്തില്‍ മൂലധനം മുടക്കി കച്ചവടത്തില്‍ നിശ്ചയിക്കുമായിരുന്നു. ഖുറൈശികള്‍ കച്ചവടപ്രകൃതരുമാണ്.
നബിതിരുമേനിയുടെ സത്യസന്ധതയെയും വിശ്വസ്തതയെയും സ്വഭാവഗുണങ്ങളെയും കുറിച്ചുകേട്ടറിഞ്ഞ ഖദീജ തന്‍റെ ചരക്കുകളുമായി കൂടുതല്‍ ലാഭവിഹിതം നിശ്ചയിച്ചുകൊണ്ട് ശാമിലേക്കു പോവാന്‍ ആവശ്യപ്പെട്ടു. മൈസറ: എന്ന അടിമയെ സഹായത്തിനും. റസൂല്‍(സ) അത് സ്വീകരിക്കുകയും മൈസറയെയും കൂട്ടി ശാമിലേക്ക് പുറപ്പെടുകയും ചെയ്തു.(16)
ഖദീജയുമായുള്ള വിവാഹം
മക്കയില്‍ മടങ്ങിയെത്തിയപ്പോള്‍ തന്‍റെ സ്വത്തില്‍ മുമ്പൊന്നും കാണാത്ത വിശ്വസ്തതയും അഭിവൃദ്ധിയും ഖദീജക്ക് കാണാന്‍ കഴിഞ്ഞു. യാത്രയില്‍ നബിതിരുമേനിയില്‍ ദൃശ്യമായ വശ്യസുന്ദരമായ സ്വഭാവങ്ങളും സദ് വിചാരവും ഉയര്‍ന്ന ചിന്തയും മൈസറ ഖദീജയോട് വര്‍ണിക്കുകയും ചെയ്തു. താന്‍ അന്വേഷിച്ചത് കണ്ടെത്തിയപോലെ ഖദീജക്കു തോന്നി. പലഗോത്ര നായകന്മാരും അവരെ വിവാഹമന്വേഷിച്ചിരുന്നുവെങ്കിലും അവരത് നിരസിക്കുകയായിരുന്നു. തന്‍റെ മനോഗതം ഖദീജ തോഴി നഫീസ ബിന്‍ത് മുനബ്ബഹിനെ അറിയിച്ചു. അവള്‍ അന്വേഷണവുമായി തിരുമേനിയെ സമീപിച്ചു. അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും പിതൃവ്യന്മാരോട് സംസാരിക്കുകയും ചെയ്തു. അവര്‍ ഖദീജയുടെ പിതൃവ്യനെ സമീപിക്കുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും വിവാഹം നടത്തുകയും ചെയ്തു. ഹാശിം, മുളര്‍ ഗോത്രങ്ങളിലെ നേതാക്കള്‍ വിവാഹത്തില്‍ സംബന്ധിച്ചു. വിവാഹമൂല്യം നല്‍കിയത് ഇരുപത് ഒട്ടകങ്ങളെയാണ്. ശാമില്‍ നിന്ന് മടങ്ങി രണ്ട് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്.(17) അന്ന് ഖദീജക്ക് 40 വയസ്സ് പ്രായമുണ്ടായിരുന്നു. ബുദ്ധിമതിയും സമ്പന്നയും കുലീനയുമായിരുന്ന അവരെയാണ് നബി(സ) ആദ്യം വിവാഹം കഴിച്ചത്. മറ്റാരെയും അവര്‍ ജീവിച്ചിരിക്കെ അവിടുന്ന് വേട്ടിട്ടില്ല.
ഇബ്റാഹീം ഒഴികെ മറ്റെല്ലാ മക്കളും ഖദീജയിലാണ് നബി(സ)ക്ക് പിറന്നത്. മൂത്തത് ക്വാസിം പിന്നെ സൈനബ്, റുക്വിയ്യ, ഉമ്മുകുത്സും, ഫാത്വിമ, അബ്ദുല്ലാഹ് (ത്വയ്യിബ്, ത്വാഹിര്‍ എന്നീപേരുകളിലും അറിയപ്പെട്ടിരുന്നു) മൂത്ത പുത്രന്‍ ഖാസിമിന്റെ പേരിലാണ് നബിതിരുമേനി അബുല്‍ഖാസിം എന്നറിയപ്പെട്ടത്. ആണ്‍മക്കളെല്ലാം ശൈശവത്തിലേ മരിച്ചുപോയി. പെണ്‍മക്കളെല്ലാം ഇസ്ലാമിലെത്തുകയും മുസ്ലിംകളാവുകയും ഹിജ്റ പോവുകയും ചെയ്തു. പക്ഷേ, ഫാത്വിമ ഒഴികെ എല്ലാവരും അവിടുത്തെ ജീവതകാലത്തു തന്നെ ഇഹലോകം വെടിഞ്ഞു. ഫാത്വിമ അവിടുത്തെ മരണശേഷം ആറുമാസത്തിനു ശേഷവും.(18)
കഅ്ബാ പുനര്‍നിര്‍മാണവും വിധിതീര്‍പ്പും
നബി(സ)ക്ക് 35 വയസ്സ് പ്രായമായ ഘട്ടത്തില്‍ ഖുറൈശികള്‍ കഅബ പുനര്‍നിര്‍മാണമാരംഭിച്ചു. കാരണം ഇസ്മാഈലിന്‍റെ കാലംമുതലുള്ള ഒരു പഴയകെട്ടിടമായിരുന്നു അത്. വലിയ കല്ലുകളാല്‍ നിര്‍മിതമായ 9 മുഴത്തില്‍ കവിഞ്ഞ ഉയരമില്ലാത്ത, മേല്കൂരയില്ലാത്ത കെട്ടിടം. ഇതുകാരണം മോഷ്ടാക്കള്‍ അതിലെ നിക്ഷേപങ്ങള്‍ തട്ടിക്കൊണ്ടുപോകുമായിരുന്നു. പുറമെ കാലപ്പഴക്കം അതിനെ ദുര്‍ബലമാക്കുകയും ചുമരുകളില്‍ വിള്ളല്‍ സൃഷ്ടിക്കുകയും ചെയ്തു. പ്രവാചകത്വത്തിന്‍റെ അഞ്ചുവര്‍ഷം മുമ്പുണ്ടായ ശക്തിയായ ഒരു വെള്ളപ്പൊക്കത്തില്‍ കഅബക്ക് കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി. സ്വാഭാവികമായും ഖുറൈശികള്‍ കഅ്ബ പുനര്‍നിര്‍മാണത്തിന് നിര്‍ബന്ധിതരായി. പലിശപ്പണമോ വേശ്യയുടെ സമ്പാദ്യമോ ഒന്നും തന്നെ ഇതിന്‍റെ നിര്‍മാണത്തിന് വിനിയോഗിക്കില്ലെന്ന് അവര്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. പക്ഷേ, കഅബ പൊളിക്കുന്ന കാര്യം അവര്‍ക്ക് ഭയമായിരുന്നു. അവസാനം മഖ്സും ഗോത്രക്കാരന്‍ വലീദുബ്നുല്‍ മൂഗീറ അതിനു ധൈര്യപ്പെട്ടു. പ്രശ്നമൊന്നുമില്ലെന്ന് കണ്ട് മറ്റുള്ളവരും അദ്ദേഹത്തെ തുടര്‍ന്നു. അങ്ങനെ ഇബ്റാഹീംനബി പടുത്തുയര്‍ത്തിയ അടിത്തറവരെ അവരെത്തി. ഭിത്തിയുടെ നിര്‍മാണം അവര്‍ ഗോത്രങ്ങള്‍ക്കിടയില്‍ വിഭജിച്ചു. ഓരോ ഗോത്രവും കല്ലുശേഖരിച്ച് നിര്‍മാണം തുടങ്ങി. നിര്‍മാണത്തിന് നേതൃത്വം നല്കിയത് റോംകാരന്‍ ബാഖൂം എന്നുപേരുള്ള ശില്പിയായിരുന്നു. നിര്‍മാണം ഹജറുല്‍ അസ്വദ് (ശ്യാമശില) സ്ഥാപിക്കുന്നയിടം വരെയെത്തിയപ്പോള്‍ അത് പ്രതിഷ്ഠിക്കാനുള്ള യോഗ്യതയാര്‍ക്കാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായി. നാലോ അഞ്ചോ ദിവസം നീണ്ടുനിന്ന ഭിന്നത ഒരാഭ്യന്തരയുദ്ധത്തിന്‍റെ വക്കോളമെത്തി. അബുഉമയ്യത്തുബിന്‍മുഗീറതുല്‍ മഖ്സുമിയുടെ സാന്ദര്‍ഭികമായ ഇടപെടല്‍ പ്രശ്നം പരിഹരിച്ചു. ആദ്യം വാതില്‍ കടന്നുവരുന്ന വ്യക്തിയുടെ തീരുമാനത്തിന് പ്രശ്നം വിടാമെന്ന് വെച്ചു. അതിനര്‍ഹത അല്ലാഹു നല്‍കിയത് തിരുനബിക്ക് തന്നെയായിരുന്നു. അദ്ദേഹം കടന്നുവന്നപ്പോള്‍ അവര്‍ മന്ത്രിച്ചു. 'ഇതാ അല്‍അമീന്‍! (വിശ്വസ്തന്‍) മുഹമ്മദ്' എല്ലാവര്‍ക്കും സന്തോഷമായി. അവര്‍ പ്രശ്നം അദ്ദേഹത്തിന്‍റെ മുന്നില്‍ സമര്‍പ്പിച്ചു. അദ്ദേഹമവരോടൊരു വിരിപ്പ് ആവശ്യപ്പെട്ടു. വിരിപ്പില്‍ ഹജ്റുല്‍അസ്വദ് എടുത്തുവെച്ച് ഗോത്രനായകന്മാരോടെല്ലാം അതിന്‍റെ അറ്റം പിടിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ടത് പൊക്കി അതിന്‍റെ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അവരത് കൊണ്ടുവന്നപ്പോള്‍ അദ്ദേഹം തന്‍റെ കൈകൊണ്ടെടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. ഈ വിധിതീര്‍പ്പ് അവര്‍ക്കെല്ലാവര്‍ക്കും തൃപ്തിയായി.
ശുദ്ധമായ പണംകൊണ്ട് മാത്രം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കണ്ടപ്പോള്‍ അവര്‍ അതിന്‍റെ വടക്കുവശത്ത് ഏകദേശം ആറ് മുഴം വരുന്ന ഭാഗം ഒഴിവാക്കിയിട്ടു. ഇത് ഹിജ്റ് എന്നും ഹത്വീം എന്നും പേരിലറിയപ്പെടുന്നു. (ഇന്ന് കഅബക്ക് പുറത്ത് കമാനാകൃതിയില്‍ ഉയര്‍ന്ന തിണ്ണയായി കാണപ്പെടുന്ന ഭാഗം). അവരുദ്ദേശിക്കുന്നവരല്ലാതെ അതിനകത്ത് പ്രവേശിക്കാതിരിക്കാന്‍ അതിന്‍റെ വാതിലുകള്‍ അവര്‍ നിലത്ത് നിന്ന് ഉയര്‍ത്തി സ്ഥാപിച്ചു. ഉയരം പതിനഞ്ച് മുഴം എത്തിയപ്പോള്‍ ആറുതൂണിന്മേലായി മേല്‍ക്കൂര സ്ഥാപിക്കുകയും ചെയ്തു.
നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കഅബ ഏകദേശം സമചതുരാകൃതിയായി. ഉയരം പതിനഞ്ചു മീറ്ററും. ഹജറുല്‍ അസ് വദിന്റെ ഭാഗവും അതിന്‍റെ എതിര്‍ഭാഗവും പത്തുമീറ്റര്‍ വീതം വീതിയും. ഹജറുല്‍ അസ് വദ് നിലത്ത് നിന്ന് ഒന്നരമീറ്റര്‍ ഉയരത്തിലാണുള്ളത്. മറ്റുരണ്ടു ഭാഗങ്ങളും 12 മീറ്റര്‍ വീതം വീതിയാണുള്ളത്. വാതില്‍ നിലത്ത് നിന്ന് രണ്ട് മീറ്റര്‍ ഉയരത്തിലും. ശരാശരി 0.25 മീറ്റര്‍ ഉയരത്തിലും 0.30 മീറ്റര്‍ വീതിയിലുമായി ചുറ്റുഭാഗത്ത് അടിത്തറയുണ്ട്. ഇതിന് ശാദിര്‍വാന്‍ എന്നു പറയുന്നു. ഇത് കഅബാലയത്തില്‍ പെട്ടത് തന്നെയാണ്. പക്ഷേ ക്വുറൈശികള്‍ അതുപേക്ഷിക്കുകയാണ് ചെയ്തത്.(19) (ഇത് ഇന്ന് പുറത്ത് കാണുന്ന രൂപത്തിലല്ല. (വിവ.)
പ്രവാചകത്വപൂര്‍വ ജീവിതം
നബി(സ) അനന്യസാധാരണമായ സ്വഭാവ വിശേഷണങ്ങളുടെ ഉടമയായിരുന്നു. അദ്ദേഹം പ്രസന്നനും, ഉയര്‍ന്ന ചിന്തകളും ആര്‍ജവവുമുള്ളയാളുമായിരുന്നു. മൌലിക ചിന്തയും ഗ്രാഹ്യശേഷിയും അവക്രമായ ലക്ഷ്യവും മാര്‍ഗവും തികഞ്ഞ ഒരു വ്യക്തിയായിരുന്നു. സുദീര്‍ഘമായ മൌനത്തിലൂടെ അനുസ്യൂതം ചിന്തിക്കുകയും കാര്യങ്ങളുടെ പൊരുള്‍ കണ്ടത്തുകയും ചെയ്യും. പ്രത്യുല്‍പന്നമതിത്വമുള്ള തന്‍റെ ധിഷണകൊണ്ടും തെളിഞ്ഞ പ്രകൃതികൊണ്ടും ജീവിതത്തിന്‍റെ ഏടുകളും മാനവികതയുടെ പ്രശ്നങ്ങളും അദ്ദേഹം ചികഞ്ഞു പഠിക്കുമായിരുന്നു. അന്ധവിശ്വാസങ്ങളില്‍നിന്ന് അകന്ന് തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ജനങ്ങളുടെ കൂടെ ജീവിച്ചു. നന്മ കണ്ടാല്‍ സഹകരിക്കും ഇല്ലെങ്കില്‍ തന്‍റെ ഏകാന്തതയുടെ സുഗന്ധച്ചെപ്പിലേക്കൊതുങ്ങും. മദ്യസേവ നടത്തുകയോ പ്രതിഷ്ഠകളിലെ ബലിമാംസം ഭുജിക്കുകയോ വിഗ്രഹപൂജാ ആഘോഷങ്ങളില്‍ പങ്കുചേരുകയോ ചെയ്തിട്ടില്ല. എന്നല്ല തുടക്കത്തിലേ ഈ മിഥ്യാദൈവങ്ങളില്‍ നിന്ന് അകന്നും അറച്ചുമാണ് അദ്ദേഹം കഴിഞ്ഞുവന്നത്. ലാത്തയുടെയും ഉസ്സയുടെയും പേരില്‍ സത്യം ചെയ്യുന്നത് കേള്‍ക്കുന്നത് പോലും അദ്ദേഹത്തിന് അസഹ്യമായിരുന്നു.(20)
സംശയമില്ല, അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. ചില ഭൌതിക സുഖങ്ങളിലേക്കും അനഭിലഷണീയമായ ആചാര സമ്പ്രദായങ്ങളിലേക്കും എത്തിനോക്കാന്‍ മനസ്സ് കൊതിച്ചപ്പോള്‍ ദൈവിക സംരക്ഷണം അദ്ദേഹത്തിനും അവയ്ക്കുമിടയില്‍ തിരശ്ശീല വീഴ്ത്തുകയാണുണ്ടായത്. റസൂല്‍(സ) തന്നെ പറഞ്ഞതായി ഇബ്നുല്‍ അഥീര്‍ രേഖപ്പെടുത്തുന്നു: ജാഹിലിയ്യക്കാരുടെ ആചാരങ്ങളോട് രണ്ടുതവണ മാത്രമാണ് എനിക്ക് താല്പര്യം തോന്നിയത്. അപ്പോഴെല്ലാം അല്ലാഹു എന്‍റെ താല്പര്യത്തിന്നും അവയ്ക്കുമിടയില്‍ മറയിടുകയാണ് ചെയ്തത്. അതിനുശേഷം അല്ലാഹു പ്രവാചകത്വം മുഖേന എന്നെ ആദരിക്കുന്നത് വരെ അത്തരമൊരു കാര്യവും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒരിക്കല്‍ എന്‍റെ കൂടെ ആട് മേച്ചിരുന്ന പയ്യനോട് ഞാന്‍ പറഞ്ഞു: നീ എന്‍റെ ആടുകളെ അല്പനേരം നോക്കുക. എന്നാല്‍ എനിക്ക് മക്കയില്‍ ചെന്ന് രാക്കഥ പറയുന്ന യുവാക്കളുടെ കൂടെ കഴിച്ചുകൂട്ടാമല്ലൊ. അവന്‍ നോക്കാമെന്നേറ്റു. ഞാന്‍ മക്കയില്‍ പ്രവേശിച്ച ഉടനെ ഒരു വീട്ടില്‍ നിന്ന് വാദ്യമേളങ്ങളുടെ ശബ്ദം കേട്ടു. എന്താണതെന്നന്വേഷിച്ചപ്പോള്‍ അതൊരു കല്യാണമാണെന്നറിഞ്ഞു. ഞാനത് കേള്‍ക്കാനായി അവിടെയിരുന്നു. അപ്പോള്‍ അല്ലാഹു എന്‍റെ നയനങ്ങള്‍ അടച്ചുകളഞ്ഞു. ഞാനുറങ്ങുകയും ചെയ്തു. സൂര്യതാപമാണ് പിറ്റേദിവസം എന്നെ ഉണര്‍ത്തിയത്. ഞാനെന്‍റെ കൂട്ടുകാരന്‍റെയടുക്കലേക്കു തന്നെ മടങ്ങി. ഉണ്ടായ കാര്യം അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറയുകയും ചെയ്തു. പിന്നേയും മറ്റൊരു രാത്രിയും ഇതുപോലെ സംഭവിക്കുകയുണ്ടായി. അതിനുശേഷം ഞാനൊരിക്കലും ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിട്ടില്ല.(21)
ജാബിറുബ്നു അബ്ദുല്ല(റ) പറയുന്നു: കഅബയുടെ പണിനടക്കുമ്പോള്‍ നബിയും അബ്ബാസും കല്ലുചുമക്കാന്‍ സഹായിച്ചു. അബ്ബാസ് നബിയോട് പറഞ്ഞു. നിന്‍റെ തുണിയഴിച്ച് ചുമലില്‍ വെക്കുക. അതാണ് കല്ല് ചുമക്കാന്‍ സൌകര്യം. ഉടനെ അദ്ദേഹം നിലംപതിച്ചു. കണ്ണുകള്‍ ആര്‍ത്തിയോടെ വിണ്ണിലേക്കുയര്‍ന്നു. അല്പസമയം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ചുണ്ടുകള്‍ പിറുപിറുക്കുന്നു: എന്‍റെ തുണി, എന്‍റെ തുണി. അങ്ങനെ അദ്ദേഹത്തെ തുണിയുടുപ്പിച്ചു. ഇതില്‍ പിന്നെ അദ്ദേഹത്തിന്‍റെ നഗ്നത ഒരിക്കലും വെളിവായിട്ടില്ല.(22)
തിരുമേനി(സ) വശ്യമധുരവും, ഉന്നതവുമായ സ്വഭാവത്താല്‍ തന്‍റെ ജനതയില്‍ വ്യതിരിക്തനായിരുന്നു. മനുഷ്യത്വം, സല്‍സ്വഭാവം, സഹകരണം, വിവേകം, സത്യസന്ധത, മൃദുലമനസ്കത, മാന്യത, ഗുണതല്പരത, കര്‍മവിശുദ്ധി, കരാര്‍പാലനം, വിശ്വസ്തത, തുടങ്ങിയ മാന്യസ്വഭാവങ്ങളുടെ വിളനിലമായിരുന്നതിനാല്‍ ജനങ്ങള്‍ അദ്ദേഹത്തെ ആദരപൂര്‍വം വിളിച്ചത് 'അല്‍അമീന്‍'(വിശ്വസ്തന്‍) എന്നാണ്. വിശ്വാസികളുടെ മാതാവ് ഖദീജ(റ) പറഞ്ഞതെത്ര ശരി: 'അദ്ദേഹം പ്രയാസങ്ങള്‍ ഏറ്റെടുക്കും, അശരണരെ സഹായിക്കും, അതിഥികളെ സല്‍ക്കരിക്കും, വിപത്തുക്കളില്‍ സഹായിക്കും'(23)
1 .നതാഹിജുല്‍ അഫ് ഹാം പുറം 28 -35 .ഗോള ശാസ്ത്രഞ്ജനായ മഹ് മൂദ്പാഷയുടെ കൃതി.
ഏപ്രില്‍ 20 എന്നത് പഴയ കലണ്ടറനുസരിച്ചും ഏപ്രില്‍ 22 എന്നത് പുതിയ കലണ്ടറനുസരിച്ചും ആണ് .വിശദീകരണത്തിനു റഹ്മത്തുലില്‍ ആലമീന്‍ നോക്കുക
2 .അഹ് മദ് 4 -127 ,128 ,185 .ദാമിരി 1 :9
3 .ദലാ ഇലുന്നുബുവ്വ ബൈഹഖി 1 -126 ,127 .ത്വബ് രി 2 :166 ,167 ബിദായവന്നിഹായ 2 :268 ,69 .ബൈഹഖിയുടെ ഈ നിവേദനം സ്വീകാര്യമല്ലെന്ന് പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.ദലാഇലുന്നബുദവ പരിശോദിച്ചു അടിക്കുറിപ്പെഴുതിയ ഡോ :അബ്ദുല്‍ മുഅത്തിഖല്‍ അജ്തി പറയുന്നു ഇത് സ്വീകാര്യമായ ഹദീസല്ല ഇബ്‌നു കഥീര്‍ പറയുന്നു ഈ ഹദീസിനു പരിചിതമായ ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ ഒരടിസ്ഥാനവുമില്ല.നാനതിനു ശരിയായ നിവേദക പരമ്പര തന്നെ കണ്ടിട്ടില്ല,(അല്ബിദായവന്നിഹായ 2 -291 -92 )ഇബ്‌നു ഹജര്‍ അല്‍ഇസ്വാബയില്‍ മുര്സലായ നിവേദന മെന്ന് പറയുന്നു (അസ്സീറത്തുന്നബവിയ്യ ഫീളോഇല്‍ മസ്വാദിരില്‍ അസ് ലിയ്യ ഡോ :മഹ്ദിരിസ്ഖുല്ലാഹ് അഹ്മദ് പുറം 113 ,വിവ )
4 .ചേലാകര്‍മ്മം നടത്തപ്പെട്ട അവസ്ഥയിലാണ് അവിടുന്ന് പിരന്നതെന്നും പറയപ്പെടുന്നുണ്ട്.പക്ഷെ ഇതിന്‍റെ നിവേദക പരമ്പര സ്ഥാപിത മായിട്ടില്ലെന്ന് ഇബ്‌നു ഖയ്യിം പറയുന്നു (സാദുല്‍ മആദ് 1 :18 )
5 .ഇബ്നുഖയ്യിം സാദ് 1 :19
6 .ഇബ്‌നു ഹിശാം 1 :162 -64 ,ത്വബ്രി 2 :158 -159 തുടങ്ങിയവരെല്ലാം ഇബ്‌നു ഇസ്ഹാഖ് വഴി ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.
ഈ നിവേദനം ഹദീസ് സ്വീകാര്യ തിരസ്കാര മാനടണ്ടാമാനുസരിച്ച് ദുര്‍ബലമാണ് അല്‍ബാനിയുടെ ദിഫാഉന്‍ അനില്‍ ഹദീസിന്നബവ്വിയ്യില്‍ വസ്സീറ പുറം ൩൯ നോക്കുക മറ്റു പണ്ഡിതന്മാരും ഈ നിവേദനം ദുര്‍ബലമെന്ന് വിധിച്ചിട്ടുണ്ട്.അസ്സീറ ത്തുന്നബവിയ്യി .................പുറം 113 ,115 ഇവ നോക്കുക.വിവ)
7 .മുസ്‌ലിം ഇസ് റാഅ എന്ന അദ്ധ്യായം 1 .147
8 .ഇബ്നുഹിശാം 1 :168
9 .ഇബ്നുഹിശാം 1 :168 ,169
10 .മുഖ് തസറു സ്സീറ പുറം 15 ,16
11 .തിര്‍മിദി 550 ,51 ത്വബ് രി 2 :278 ,79 അബൂ ശൈബ 11 :489 ബൈഹഖി 2 :24 ,25 അബൂ നഈം 1 :170 ഇതിന്‍റെ പരമ്പര പ്രഭാലമാണ്.ഈ നിവേദനത്തിന്റെ അന്ത്യത്തില്‍ തിരുമേനിയുടെ കൂടെ അബൂബക്കര്‍ (റ)ബിലാലിനെ അയച്ചു വെന്നുണ്ട് ഇത് വ്യക്തമായ അബദ്ധമാണെന്ന് ഇബ്‌നു ഖയ്യിം പറയുന്നു.അന്ന് ബിലാല്‍ ഉണ്ടായിക്കൊല്ലണ മെന്നില്ല .ഉണ്ടെങ്കില്‍ തന്നെ പിത്രിവ്യന്റെ കൂടെയോ അബൂബക്കറിന്റെ കൂടെയോ ഉണ്ടായിരിക്കുകയുമില്ല (സാദ് 1 :17 )
12 .ഇബ്‌നു ഹിശാം 1 :184 /187 അല്കാമില്‍ 1 :468 /472 .ഇത് ശവ്വാലില്‍ ആയിരുന്നു വെന്നത് ശരിയല്ലെന്ന് ഇവര്‍ പറയുന്നു കാരണം ശവ്വാല്‍ വിശുദ്ധ മാസത്തില്‍ പെട്ടതല്ല ഉകാള് ആകട്ടെ വിശുദ്ധ പ്രദേശത്തിന് പുറത്തുമാണ്.പിന്നെങ്ങിനെയാണ് വിശുദ്ധിയെ ലംഘിക്കലാകുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.
13 .ത്വബഖാത് ഇബ്‌നു സഅദ് 1 :126 -128
14 .ഇബ്‌നു ഹിശാം 1 :166 ,ബുഖാരി ഹദീസ് ൨൨൬൨
15 .അബൂദാവൂദ് 2 :611 ,ഇബ്‌നു മാജ 2 :768 അഹ്മദ് 3 :425
16 .ഇബ്‌നു ഹിശാം 1 :187 /188
17 ,ഫിജാര്‍ യുദ്ധം കഴിഞ്ഞ് നാളി വര്‍ഷവും ഒമ്പത് മാസവും ആറ് ദിവസവും കഴിഞ്ഞാണ് തിരുമേനി കച്ചവടാവശ്യാര്‍ത്ഥം സിറിയയിലേക്ക് പോയതെന്നും,ഖദീജയുമായുള്ള വിവാഹം സിറിയയില്‍ നിന്ന് മടങ്ങി രണ്ട് മാസവും ൨൪ ദിവസവും കഴിഞ്ഞുമാണ് എന്ന് മസ് ഊദി കണി ശപ്പെടുത്തി പറഞ്ഞിരിക്കുന്നു .മുറുജ് ദുഹബ് 2 :278 നോക്കുക
18 .ഇബ്‌നു ഹിശാം 1 :189 /191 , ഫത് ഹുല്‍ ബാരി 7 :105
19 .ഇബ്‌നു ഹിശാം 2 :192 , 197 ത്വബ് രി 2 :289 മുതല്‍ ബുഖാരി 1 /215 മുതലായവ നോക്കുക.
20 .ഇബ്‌നു ഹിശാം 1 /128 ,ത്വബരി 2 /161
21 .ത്വബ് രി 2 /279 ഹാകിം ഇത് ശരിയാണെന്ന് പറയുമ്പോള്‍ ഇബ്‌നു കഥീര്‍ ദുര്‍ബലമാണെന്ന് വാദിക്കുന്നു (അല്ബിദായ 2:287)
22 .ബുഖാരി ഹദീസ് :1582
23 .ബുഖാരി ഹദീസ് :3
No comments:
Post a Comment