..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 17 July 2012

ജിന്നു ബാധയേറ്റ മുജാഹിദ് പ്രസ്ഥാനം മുജീബ് മുജാഹിദ് പ്രസ്ഥാനത്തിലെ അന്തഃഛിദ്രതക്കും ഗുരുതരമായ ആശയക്കുഴപ്പങ്ങള്‍ക്കും കാരണം ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളോടുള്ള കാഴ്ചപ്പാടില്‍ സംഭവിച്ച പിഴവാണ്. ഇസ്ലാമിന്റെ മൂലപ്രമാണം ഒന്നാമതായി വിശുദ്ധ ഖുര്‍ആനും രണ്ടാമതായി അതിന്റെ വ്യാഖ്യാനവും വിശദീകരണവുമായ സുന്നത്തുമാണ്. അഥവാ പ്രവാചകചര്യ. ഈ മൌലിക പ്രാധാന്യ ക്രമം ആര്‍ എപ്പോഴൊക്കെ തെറ്റിച്ചുവോ അവരെല്ലാം ആശയസംഘട്ടനങ്ങള്‍ക്കും വ്യതിചലനങ്ങള്‍ക്കും ശൈഥില്യത്തിനും ഇരയായിട്ടുണ്ട്. സുന്നത്തിന്റെ സ്ഥാനം ബിദ്അത്തുകള്‍ക്ക് നല്‍കിയതും പ്രവാചകചര്യയേക്കാള്‍ ഇമാമുകളുടെ അഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിച്ചതുമാണ് സമുദായത്തില്‍ ഒരു വിഭാഗത്തിന്റെ വ്യതിയാന കാരണം. മറുവശത്ത് അതിനെതിരെ പൊരുതാന്‍ രംഗത്തിറങ്ങിയ ഇസ്ലാഹി പ്രസ്ഥാനത്തിലെ ഒരു വിഭാഗം യാതൊരുവിധ യുക്തിബോധവും സമഗ്ര കാഴ്ചപ്പാടും ഇല്ലാതെ ഹദീസുകളെന്ന പേരില്‍ ഉദ്ധരിക്കപ്പെട്ടതൊക്കെ വേദവാക്യങ്ങളായി കരുതി തദടിസ്ഥാനത്തില്‍ ഖുര്‍ആനിക സൂക്തങ്ങളെപ്പോലും വ്യാഖ്യാനിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുകയായിരുന്നു. ഇസ്ലാമിന്റെ വൈജ്ഞാനികമായ അടിത്തറയോ ശാസ്ത്രസത്യങ്ങളോടുള്ള അതിന്റെ ആരോഗ്യകരമായ കാഴ്ചപ്പാടോ സാമൂഹികബോധമോ ഒന്നും ഇക്കൂട്ടര്‍ക്ക് പ്രശ്നമല്ല. പകരം തങ്ങളുടെ മുന്‍ഗാമികള്‍ തന്നെ ഒരുകാലത്ത് ജിഹാദ് ചെയ്ത അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണവര്‍. ഇതാണ് ജിന്ന്-സിഹ്ര്‍ വിവാദത്തിന്റെ മര്‍മം. ജിന്ന് അല്ലാഹുവിന്റെ അദൃശ്യ സൃഷ്ടികളാണ്. അവര്‍ സര്‍വജ്ഞരോ സര്‍വശക്തരോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി മനുഷ്യര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ ശേഷിയുള്ളവരോ അല്ല. മറിച്ച് മനുഷ്യനായ പ്രവാചകന്‍ തിരുമേനി നല്‍കിയ ഇസ്ലാമിന്റെ സന്ദേശമാണ് അവരില്‍ ഒരു വിഭാഗത്തെ സന്മാര്‍ഗത്തിലേക്ക് നയിച്ചതെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. ജിന്നുകളെ ഭയന്നോ സ്നേഹിച്ചോ ജീവിക്കാന്‍ വിശ്വാസികളോട് ഇസ്ലാം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, ജിന്ന് വംശജനായ ഇബ്ലീസ് മനുഷ്യരെ ദുര്‍ബോധനങ്ങളിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നിപ്പോള്‍ ജിന്ന് പ്രശ്നം ഒരു പരിഷ്കരണ പ്രസ്ഥാനത്തെ കുറുകെ പിളര്‍ക്കാനും പിറകോട്ട് നയിക്കാനും കാരണമാകുന്നുവെങ്കില്‍ അതാണ് സാക്ഷാല്‍ ജിന്നു ബാധ. അഥവാ, ഇബ്ലീസിയന്‍ തന്ത്രത്തിന്റെ വിജയം. ഹദീസുകളെന്ന പേരില്‍ വിശ്വാസികളെ മൂഢരും പരിഭ്രാന്തരുമാക്കുന്ന വചനങ്ങളൊന്നും മുഹമ്മദ് നബി(സ) പറഞ്ഞതോ ചെയ്തിട്ടുള്ളതോ ആവാന്‍ ഒരു സാധ്യതയുമില്ല, സാങ്കേതികമായി നിവേദക പരമ്പര സുരക്ഷിതമായിരുന്നാല്‍ പോലും. മൂഢവിശ്വാസങ്ങളുടെ അടിവേരറുക്കാന്‍ നിയുക്തനായ പ്രവാചകന്‍ തന്നെ അത്തരം വിശ്വാസങ്ങളുടെ പ്രചാരകനായിരുന്നു എന്ന് വിശ്വസിക്കുന്നതിനേക്കാള്‍ വൈരുധ്യവും അക്രമവുമുണ്ടോ? ഇതുപോലെയാണ് സിഹ്റിന്റെ കാര്യവും. ചരിത്രാതീതകാലം മുതല്‍ മനുഷ്യരില്‍ ചിലരുടെ ദൌര്‍ബല്യങ്ങളാണ് ശിര്‍ക്കും സിഹ്റും. സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹുവിന്റെ സത്തയിലും വിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും സൃഷ്ടികളുടെ പങ്ക് സങ്കല്‍പിച്ച് അവരെ പൂജിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നതാണ് ശിര്‍ക്ക്. സൃഷ്ടികളായ 'ദൈവങ്ങള്‍' അയഥാര്‍ഥമാണെന്ന് ആര്‍ക്കും ബോധ്യമാവും. എന്നാലും അത്തരം ദൈവങ്ങളുടെ പൂജ ഒരു യാഥാര്‍ഥ്യമാണ്, യഥാര്‍ഥ ദൈവത്തോട് ചെയ്യുന്ന മഹാപരാധവും. അതിനാല്‍ ഇസ്ലാം അത് അതികഠിനമായി വിലക്കി. അതുപോലെ കാര്യകാരണ ബന്ധത്തിനതീതമായി മനുഷ്യര്‍ക്ക് ദ്രോഹം ചെയ്യാന്‍ ചിലരുടെ ചില വേലകള്‍ക്ക് സാധിക്കുമെന്ന വിശ്വാസമാണ് സിഹ്ര്‍. ദമ്പതികള്‍ക്കിടയില്‍ പോലും വഴക്കും വക്കാണവുമുണ്ടാക്കാനും അവരെ പിളര്‍ത്താനും ഈ കൊടിയ അന്ധവിശ്വാസത്തിന് കഴിയുമെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അത് മഹാ പാപമാക്കി. ഇതിനര്‍ഥം സിഹ്ര്‍ ഒരു യാഥാര്‍ഥ്യമാണെന്നല്ല. ഗണികനോ മാന്ത്രികനോ വിചാരിച്ചാല്‍ വഞ്ചനാത്മകമായ ചില വേലകളിലൂടെ ആരെയും ശാരീരികമായോ മാനസികമായോ ദ്രോഹിക്കാന്‍ കഴിയില്ല. എന്നാലും അവരില്‍ വിശ്വാസമര്‍പ്പിച്ച് അത്തരം വേലകള്‍ ചെയ്യിക്കുന്നവരും ആ വേലകളിലാണ് തന്റെ അസുഖങ്ങള്‍ക്കോ നഷ്ടങ്ങള്‍ക്കോ കാരണമെന്ന് കരുതുന്നവരും വാസ്തവത്തില്‍ പരോക്ഷമായി സര്‍വശക്തനായ അല്ലാഹുവിന്റെ മാത്രം അധികാരാവകാശങ്ങളില്‍ സൃഷ്ടികളെ പങ്കുചേര്‍ക്കുകയാണ്. പുറമെ, അത് മനുഷ്യബന്ധങ്ങളെ ദ്രോഹകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാലാണ് സിഹ്ര്‍ വിലക്കപ്പെട്ടത്. ഇത് മനസ്സിലാക്കാതെ, പ്രവാചകന് പോലും സിഹ്ര്‍ ബാധിച്ചുവെന്ന് 'ഹദീസു'കളുമായി നടക്കുകയാണ് ഒരു കൂട്ടര്‍. സത്യമാവട്ടെ പ്രവാചകന്‍ സാഹിറോ (സിഹ്ര്‍ ചെയ്യുന്നവന്‍) മസ്ഹൂറോ (സിഹ്ര്‍ ബാധിതന്‍) ആയിരുന്നെന്ന ശത്രുപ്രചാരണത്തെ പാടെ നിരാകരിച്ചിരിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍. ഇതിനെതിരെ സ്വീകാര്യമായ ഹദീസ് ഉണ്ടാവുന്നതെങ്ങനെ? ഇമ്മാതിരി ബാലിശങ്ങളും അര്‍ഥശൂന്യവുമായ പ്രശ്നങ്ങളില്‍ കുരുങ്ങി മുജാഹിദ് പ്രസ്ഥാനം പ്രതിസന്ധിയിലാവാന്‍ കാരണം, മനുഷ്യനെ അഗാധമായി ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളിലൊന്നും ഇസ്ലാമിന് കാര്യമില്ല എന്ന് ആദ്യമേ തീരുമാനിച്ചതാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവഹാരങ്ങളൊക്കെ ഇസ്ലാമിന് പുറത്താണെങ്കില്‍ പിന്നെ അവശേഷിക്കുക ജിന്നും സിഹ്റും കൈകെട്ടും താടിരോമങ്ങളുടെ ദൈര്‍ഘ്യവുമൊക്കെ തന്നെയാവും. നിരന്തരമായ ബോധവത്കരണവും ആരോഗ്യകരമായ സംവാദവും വഴി മുസ്ലിം സമൂഹത്തെ ഇത്തരം വേണ്ടാതീനങ്ങളില്‍നിന്ന് മോചിപ്പിച്ച് അവരുടെ കര്‍മശേഷിയും ധനശേഷിയും സൃഷ്ടിപരമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടാനാണ് ഇസ്ലാമിക പ്രവര്‍ത്തകര്‍ യത്നിക്കേണ്ടത്. സമുദായത്തില്‍ സ്വാധീനവും അധികാര പിന്‍ബലവുമുള്ളവരൊക്കെ രംഗത്തിറങ്ങി ശ്രമിച്ചിട്ടും മുജാഹിദ് പ്രസ്ഥാനത്തെ പുനരേകീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴാകട്ടെ ഔദ്യോഗിക വിഭാഗം കൂടുതല്‍ ശൈഥില്യത്തിലേക്ക് നീങ്ങുന്നു. എക്സിക്യൂട്ടീവ് സമ്മേളിച്ച് എങ്ങും തൊടാത്ത നിഷേധ പ്രസ്താവന ഇറക്കിയതുകൊണ്ട് പരിഹരിക്കാവുന്നതല്ല ആഴമേറിയ പ്രതിസന്ധി.
നൊയമ്പ് അഥവാ ഗാര്‍ഹസ്ഥ്യ സന്യാസം സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
സംസ്കരണം എന്നതിനു ശുദ്ധീകരണം എന്നാണര്‍ഥം. അതുകൊണ്ടാണ് മൃതശരീരം മറവു ചെയ്യുന്നതിനെപ്പോലും സംസ്കാരച്ചടങ്ങായി നാം കാണുന്നത്. ശവം മറവു ചെയ്യാതിരുന്നാല്‍ അതു ചീഞ്ഞഴുകി ദുര്‍ഗന്ധം വമിച്ച് മൊത്തം അന്തരീക്ഷത്തെയും അശുദ്ധമാക്കുമല്ലോ. അതൊഴിവാക്കാനുള്ള പ്രവര്‍ത്തിയായതിനാലാണ് ശവശരീരം മറമാടുന്നത് സംസ്കാരച്ചടങ്ങായിരിക്കുന്നത്. ജീവിച്ചിരിക്കുന്ന മനുഷ്യനെ ശുദ്ധീകരിക്കുന്നതിനായി അനുശാസിക്കപ്പെട്ടിട്ടുള്ള കര്‍മമാണ് നൊയമ്പ്. ഏതെങ്കിലും വിധത്തിലുള്ള നൊയമ്പ് അനുശാസിക്കപ്പെടാത്ത ഒരൊറ്റ മതവും ഭൂമുഖത്ത് നിലവിലില്ല. കാരണം, എല്ലാ മതങ്ങളുടെയും സാരം മനുഷ്യജീവിത സംസ്കരണമാകുന്നു. മനുഷ്യജീവിത സംസ്കരണത്തിനു കാണാവുന്ന ശരീരം ശുദ്ധിയാക്കുക എന്ന തലം മാത്രമല്ല ഉള്ളത്. മറിച്ച് കാണാനാകാത്ത മനസു കൂടി ശുദ്ധീകരിക്കുക എന്ന തലവും ഉണ്ട്. ശരീര ശുദ്ധി വരുത്തുന്നതിനുള്ള വൃത്തികളെ ബാഹ്യശൌചം എന്നും മനഃശുദ്ധി വരുത്തുന്നതിനുള്ള പരിശ്രമങ്ങളെ ആന്തരശൌചം എന്നുമാണ് ഭാരതീയ ധര്‍മ്മ മീംമാംസകള്‍ പറഞ്ഞിരിക്കുന്നത്. ഇതൊക്കെ അറിയാവുന്നവര്‍ക്ക് നൊയമ്പ് എന്നത് ബാഹ്യവും ആന്തരികവുമായ മാലിന്യങ്ങളെ സംസ്കരിച്ച് മനുഷ്യജീവിതത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു മാലിന്യവിരുദ്ധ പോരാട്ടമാണെന്നു പറയേണ്ടി വരും. മലിനമായ ശരീരം, മലിനമായ മനസ്, മലിനമായ വീട്, മലിനമായ നാട്, മലിനമായ ജലം, മലിനമായ വായു, മലിനമായ മണ്ണ് ഇതൊക്കെ ശുദ്ധീകരിക്കുവാനുള്ള ജാഗ്രത എവിടെ കാണുന്നുവോ അവിടെയൊക്കെ നൊയമ്പനുഷ്ഠാനമുണ്ട്. ഇത്രയും വിശാലമായ അര്‍ഥത്തില്‍ നൊയമ്പിനെ മനസിലാക്കാനും പ്രയോഗിക്കാനും ശ്രദ്ധയോടെ ശ്രമിക്കുമ്പോഴാണ് നൊയമ്പനുഷ്ഠാനം ജിഹാദുല്‍ അക്ബര്‍ ആകുന്നത്. അഥവാ വലിയ ജിഹാദ് ആകുന്നത്. മുഴുവന്‍ മാലിന്യങ്ങള്‍ക്കുമെതിരായ സമ്പൂര്‍ണ പോരാട്ടമാകുന്നു അത്. ഇത്തരമൊരു മാലിന്യ സംസ്കരണ പ്രക്രിയയില്‍ സാധാരണക്കാര്‍ക്കും പങ്കാളിത്തമനുവദിക്കുന്നു എന്നതാണ് ആഗോള തലത്തില്‍ തന്നെ റമദാന്‍ നൊയമ്പിനുള്ള സവിശേഷ പ്രാധാന്യം. അകത്തും പുറത്തുമുള്ള മാലിന്യങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള സുന്ദരസുജീവിതത്തിനു വേണ്ടിയുള്ള തയാറെടുപ്പാണത്. അതിന്റെ ഫലം ഐഹികവും പാരത്രികവുമായ സമാധാനമാണെന്നു ഖുര്‍ആന്‍ അസന്ദിഗ്ധമായി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, മാനവജീവിതത്തെ സംസ്കരിക്കുക എന്നതു എളുപ്പമല്ല. ശരീരത്തിലെ അഴുക്കു കളയാന്‍ കുളിച്ചാല്‍ മതി. എന്നാല്‍, മനസ്സിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ അത്തരം എളുപ്പവഴികളൊന്നും ഇല്ല. അതിനുള്ള വഴി ദൈവസ്മരണ മാത്രമാണ്. ഇതിനെ സ്വാദ്ധ്യായം എന്നാണു ഭാരതീയ ആദ്ധ്യാത്മിക ശാസ്ത്രങ്ങള്‍ പേരിട്ടിരിക്കുന്നത്. ഇത്തരമൊരു സ്വാദ്ധ്യായ മാര്‍ഗം റമദാന്‍ നൊയമ്പനുഷ്ഠാന വേളകളിലെ വിശുദ്ധ ഖുര്‍ആന്‍ പാരായണം വഴിക്കും മറ്റും തുറന്നു കിട്ടും. ആ വഴിയെ മുന്നോട്ടുപോകാന്‍ എത്രത്തോളം തയാറാകുന്നു എന്നതിനനുസരിച്ചേ ഒരാളുടെ നൊയമ്പനുഷ്ഠാനം കനം തൂങ്ങുന്നുണ്ടോ ഇല്ലേ എന്നു നിര്‍ണയിക്കാനാകൂ. പാരായണം നടത്തുന്നു എന്നതുകൊണ്ടു മാത്രം ഇതു പൂര്‍ത്തിയാവുന്നില്ല. വായിച്ചതിന്റെ അര്‍ഥ താല്‍പര്യങ്ങളെപ്പറ്റി നിരന്തരം ചിന്തിച്ച് മനസിലതു പതിപ്പിച്ചെടുക്കണം, എന്നാല്‍ മാത്രമേ സ്വാദ്ധ്യായം മനഃശുദ്ധീകരണത്തിനു കാരണമാകൂ. വേദഗ്രന്ഥങ്ങളുടെ അര്‍ഥ താല്‍പര്യങ്ങളെപ്പറ്റി ഇടതടവില്ലാതെ ചിന്തിച്ച് അതിനെ മനസില്‍ പതിപ്പിച്ചെടുക്കുന്നതിനെ 'മനനം' എന്നാണു പറയുക. മനനത്തിലൂടെയാണു മനഃശുദ്ധി. "നിങ്ങള്‍ ജനങ്ങളോടു നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ മറന്നു കളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തു കൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്'' (2:44) എന്നുള്ള ഖുര്‍ആന്റെ ചോദ്യത്തിലൂടെ വെറും വായനയല്ല ചിന്തയോടു കൂടിയ വായനയാണു ആവശ്യമെന്നു അനുശാസിക്കുന്നു. ചിന്തയോടു കൂടിയ വേദപാരായണമാണു മനനം. അതിലൂടെയാണു മനഃശുദ്ധിയും. അതിനാല്‍ നൊയമ്പ് ആഹാരനീഹാരാദികളിലുള്ള ബാഹ്യപ്രകടനത്തിനപ്പുറം ആന്തരസത്തയുള്ളതാകണമെങ്കില്‍, മനനം കൂടിയേ തീരൂ. മനനത്തിലൂടെയേ മാനവ ജീവിതം സംസ്കരിക്കപ്പെടുകയും ചെയ്യൂ. "മഹാ സംസാരരോഗസ്യ വിചാരോഹിഹൌഷധം.'' ഇന്ദ്രിയമാത്രമായ ഭോഗപരത എന്ന സംസാരരോഗത്തിനു വിചാരം എന്നതാണു മഹൌഷധം എന്നാണു ഈ യോഗവാസിഷ്ഠവാക്യം പറയുന്നത്. ഇതുപ്രകാരം വിചാരരഹിത ജീവിതമാണു ലൌകികത എന്നും വിചാര സംഹിത ജീവിതമാണു ആത്മീയത എന്നും പറയാം. ഇത്തരമൊരു ആത്മീയ ജീവിതത്തിലേക്കാണ് വിശുദ്ധ ഖുര്‍ആനും നബിചര്യയും ലോകമെമ്പാടുമുള്ള മനുഷ്യരെ ക്ഷണിക്കുന്നത്. വിചാരസഹിത ജീവിതം എന്നതു സര്‍വത്ര കാണുന്നതാണെന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. കാരണം ഒരു മനുഷ്യനും ചിന്തിക്കാതെ ജീവിക്കുന്നില്ലല്ലോ. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. ബഹുഭൂരിപക്ഷം മനുഷ്യരും ചിന്തിക്കുന്നില്ല. അവര്‍ ആശിക്കുകയും വികാരം കൊള്ളുകയുമല്ലാതെ ആലോചിക്കുന്നില്ല. മനുഷ്യന്‍ ആലോചനാശീലനായിരുന്നെങ്കില്‍ തന്റേയും താനുള്‍പ്പെട്ട ജീവജാലങ്ങളുടെയും പെറ്റമ്മയും പോറ്റമ്മയുമായ ഭൂമി തന്നെ നിലനില്‍ക്കുന്നത് സൂര്യന്‍ നിലനില്‍ക്കുന്നതു കൊണ്ടാണെന്നു തിരിച്ചറിയുമായിരുന്നു. അത്തരം തിരിച്ചറിവില്‍ ഉറച്ചുപോയൊരു മനുഷ്യനും ദിവ്യത്വത്തില്‍ ഒരു തവണയെങ്കിലും ഭൂമിയേയും സൂര്യനേയും കുറിച്ചൊക്കെ നന്ദിയോടെ സ്മരിക്കുമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ എത്രപേര്‍ക്ക് ഇത്തരം സ്മരണകള്‍ ഉണ്ടാവുന്നുണ്ട്? ഓരോ ദിവസം അവസാനിക്കുമ്പോഴും സ്വയം ചോദിച്ചു നോക്കുന്ന ഏതൊരു മനുഷ്യനും, താന്‍ അന്നേ ദിവസം സൂര്യനില്ലായിരുന്നെങ്കില്‍ തനിക്കെന്തു പറ്റുമായിരുന്നെന്ന് ആലോചിച്ചിട്ടേ ഇല്ലെന്നു ബോധ്യമാകും. പിന്നെങ്ങനെ മനുഷ്യന്‍ നയിക്കുന്നത് വിചാരസഹിത ജീവിതമാകുമെന്നു പറയും? ശ്വാസോഛോസം ചെയ്തു ജീവിക്കുമ്പോള്‍ തന്നെ വായുവിനെപ്പറ്റി ഓര്‍മിക്കാതെ, വെള്ളം കുടിച്ചു ജീവിക്കുമ്പോള്‍ തന്നെ വെള്ളത്തെ കുറിച്ചാലോചിക്കാതെ, മണ്ണില്‍ ചവുട്ടി നടക്കുമ്പോള്‍ തന്നെ മണ്ണിനെ കുറിച്ചാലോചിക്കാതെ, കറന്റു കട്ടിനെപ്പറ്റി പരാതിപ്പെടുമ്പോള്‍ തന്നെ ഭൂമിയില്‍ ജീവന് ആധാരമായ ചൂടും പ്രകാശവും പ്രദാനം ചെയ്യുന്ന സൌരോര്‍ജ്ജത്തെ കുറിച്ച് യാതൊരു സ്മരണയും ഇല്ലാതെ കഴിയുന്ന മനുഷ്യര്‍ നയിക്കുന്നത് വിചാരസഹിത ജീവിതമാണോ? അല്ലെന്നതാണു വസ്തുത. ഇങ്ങനെ തന്റെ നിലനില്‍പിനെപ്പറ്റി യാതൊന്നും ചിന്തിക്കാതെ കഴിയുന്ന മനുഷ്യരെ വിശ്വപ്രപഞ്ചനാഥന്റെ മഹിതവൈഭവത്തെ ഓര്‍ത്തു ജീവിക്കുന്നവരാക്കി രൂപാന്തരപ്പെടുത്തുകയാണ് വിശുദ്ധ ഖുര്‍ആനും നബിയും ചെയ്യുന്നത്. മനുഷ്യന് വികാരരഹിതനായിരിക്കാനാവില്ല. കാറ്റിന് ചലിക്കാതിരിക്കാനാവില്ല എന്നതുപോലെയാണത്. പക്ഷേ കാറ്റ് അനിയന്ത്രിതമായാല്‍ നാശകാരിയായ കൊടുങ്കാറ്റാവുന്നതുപോലെ വികാരങ്ങള്‍ അനിയന്ത്രിതമായാല്‍ അതു മനുഷ്യനെ മുച്ചൂടും നശിപ്പിക്കും. അതിനാല്‍ ജീവിതം ക്രമം തെറ്റാതിരിക്കാന്‍ അഥവാ അതിക്രമമാകാതിരിക്കുവാന്‍ വികാരങ്ങളെ നിയന്ത്രിതമാക്കേണ്ടതുണ്ട്. അതാണു ഭാരതീയ സാംസ്കാരിക പാരമ്പര്യത്തില്‍ 'സന്ന്യാസ'ത്തിനു പ്രാമാണ്യമുണ്ടായതിന്റെ ആത്യന്തിക കാരണം. സന്ന്യാസം കാറ്റില്ലാത്ത ജീവിതമല്ല; കൊടുങ്കാറ്റുകള്‍ പുറപ്പെടാത്ത ജിവിതമാണ്. റമദാന്‍ നൊയമ്പ് അനിയന്ത്രിത വികാരങ്ങളാല്‍ മാനവരാശി മുച്ചൂടും മുടിയാതിരിക്കുന്നതിനുള്ള വിവേകത്തിന്റെ കാവല്‍ശക്തിയിലേക്ക് മനുഷ്യജീവിതത്തെ വിധേയപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച പ്രായോഗിക സംവിധാനമാണ്. ആ അര്‍ഥത്തിലാണ് അതിനെ ഗാര്‍ഹസ്ഥ്യസന്ന്യാസം എന്നു വിളിക്കേണ്ടി വരുന്നത്. തിന്നുക, ഇണചേരുക തുടങ്ങിയ ദൈനംദിന കാര്യങ്ങളില്‍ അമിതമായി മുഴുകി വിവേകം മങ്ങിപോകാത്തവിധം സംയമനം പാലിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന മഹത്തരമായൊരനുഷ്ഠാനമാണ് റമദാന്‍ നൊയമ്പ്. സംയമിത ജീവിതത്തെയാണു സന്യാസം എന്നു പറയുന്നത്. അതിനെ അപൂര്‍വം ചിലര്‍ക്കു മാത്രം സാധ്യമായൊരു കാര്യമാക്കുക വഴി, വീടും ഭാര്യയും കുട്ടികളും ഇല്ലാത്ത ഏതാനും കാവിധാരികള്‍ക്ക് പതിച്ചുനല്‍കി എന്നതാണു ഭാരതത്തില്‍ സംഭവിച്ച തെറ്റ്. വികാരത്തിനുമേല്‍ വിവേകത്തിന്റെ നിയന്ത്രണം എല്ലാ മനുഷ്യരും പരിശീലിക്കേണ്ടതാണെന്നതിലൂന്നി ഒരാചാരസംവിധാനവും ഏര്‍പ്പെടുത്തുവാന്‍ ഭാരതത്തിനു കഴിഞ്ഞിട്ടില്ല. ഇസ്ലാമിനതു കഴിഞ്ഞതിന്റെ തെളിവാണ് റമദാന്‍ നൊയമ്പ്. ഇതിനോട് സാദൃശ്യപ്പെടുത്താവുന്ന ഒരൊറ്റ നൊയമ്പേ ഭാരതത്തിലൂള്ളൂ. അതു ശബരിമല മണ്ഡലവ്രതമാണ്. ശബരിമല നൊയമ്പ് അനുഷ്ഠിക്കുന്നവര്‍ ആഹാരത്തിലും ലൈംഗികതയിലും വാക്കിലും നോക്കിലും പ്രവൃത്തികളിലുമൊക്കെ സ്വയം നിയന്ത്രണം പാലിക്കാറുണ്ട്. മലക്കു മാലയിട്ടവരുടെ വീട്ടുകാരും അതില്‍ പങ്കാളികളാകാറുണ്ട്. റമദാന്‍ നൊയമ്പും ശബരിമല വ്രതവും സാധാരണക്കാരെ പോലും സംയമിത ജീവിതത്തിന്റെ സുഖാനുഭൂതികള്‍ക്ക് പാത്രീഭൂതരാക്കുന്നു എന്നതിനാല്‍ ഗാര്‍ഹസ്ഥ്യ സന്യാസത്തിന്റെ പ്രായോഗികമായ ജനകീയ മാതൃകകളാണ്. എല്ലാ തിന്മകളുടേയും ഉറവിടം എന്റെ, എനിക്ക് എന്നതില്‍ മാത്രം ഊന്നിയ വികാരഭരിത ജീവിതമാണ്. എത്ര ഏക്കര്‍ പറമ്പ് തീറെഴുതി 'എന്റേതാക്കി'യാലും അവസാനം ആറടിയില്‍ കൂടുതല്‍ മണ്ണ് ആവശ്യമില്ലാത്തൊരു നാള്‍ എനിക്കുണ്ടാകുമെന്ന വിവേകം മനുഷ്യനുണ്ടായാല്‍, സംഭവിക്കുന്നതാണു സംയമിത ജീവിതം. സ്വത്തില്ലാത്തവരും സ്വത്തുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും സ്വത്ത് ഒട്ടേറെ കുമിച്ചുകൂട്ടിയവരും മേല്‍പറഞ്ഞത് ഓര്‍മിച്ച് സംയമിത ജീവിതത്തിലേക്ക് സ്വയം പ്രവേശിതരാകാന്‍ അവശ്യം ആവശ്യമായ പരിശീലനക്കളരിയാണ് റമദാന്‍ നൊയമ്പെന്നു മാത്രം പറയട്ടെ.
മുസ്‌ലിം കുബുദ്ധിജീവികള്‍ ജമീല്‍ അഹ്മദ്
കോഴിക്കോട്ടെ ഡോക്ടറായ എഴുത്തുകാരിയോടൊപ്പം ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. പ്രകാശനം ഡോക്ടര്‍. ഞാന്‍ വെറും ആശംസകാരന്‍. യുവ കഥാകൃത്തിന്റെ ആദ്യത്തെ നോവലാണ് പുസ്തകം. മാറാട് മാതൃകയിലുള്ള വര്‍ഗീയ കലാപമാണ് നോവലിലെ പ്രമേയം. ചെറുപ്പക്കാരനായ ഒരാളുടെ ആദ്യനോവല്‍ എന്ന നിലക്ക് ഭേദപ്പെട്ട രചന. കലാപവും പ്രകൃതിദുരന്തവും തകര്‍ത്തുകളഞ്ഞ ഒരു ഗ്രാമത്തിലെ പള്ളിപ്പറമ്പിലുള്ള അഭയാര്‍ഥിക്യാമ്പില്‍ വെച്ച് ഇരു മതക്കാരും ഒന്നുചേരുന്ന അസ്വാഭാവിക അന്ത്യം നോവലിലുള്ളതുതന്നെ. അതിനെ സൂചിപ്പിച്ചുകൊണ്ട് പ്രകാശകയായ ഡോക്ടര്‍ പറഞ്ഞ ചില കാര്യങ്ങള്‍ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു. അവ ഇതാണ്: ''നോവലിസ്റ്റ് കരുതുന്ന പോലെ അത്ര ലളിതമല്ല സമുദായത്തിന്റെ അവസ്ഥ. കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ നാമറിയാത്ത രീതിയില്‍ വര്‍ഗീയത വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് പ്രത്യക്ഷ ഉദാഹരണമാണ് പള്ളിദര്‍സുകള്‍. പള്ളിദര്‍സുകളാണ് കേരളത്തിലെ തീവ്രവാദത്തെ ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്. അതിന് ഗള്‍ഫില്‍നിന്നും മറ്റും ധാരാളം വിദേശ ഫണ്ടും അവര്‍ക്ക് ലഭിക്കുന്നുണ്ട്.'' തുടര്‍ന്നു പ്രസംഗിച്ച പ്രസിദ്ധ ചരിത്രകാരന്‍, ഒന്നും വിശദമാക്കാതെ ഡോക്ടറുടെ അഭിപ്രായങ്ങളോട് താന്‍ യോജിക്കുന്നുവെന്ന് സൂത്രത്തില്‍ പറഞ്ഞുകളഞ്ഞു (അത്തരം ചില സൂത്രങ്ങള്‍ ഇടക്കിടെ ഇദ്ദേഹം ഒപ്പിക്കാറുണ്ട്. മാപ്പിളചരിത്രം മുഴുവന്‍ താന്‍ എഴുതിക്കൂട്ടിയതാണെന്ന തോന്നലില്‍ സ്വയമൊരു 'ക്രിട്ടിക്കല്‍ ഇന്‍സൈഡറാ'യി വിലസിക്കളയും). ഉടനെവന്ന എന്റെ അവസരത്തില്‍ ഡോക്ടറുടെ നിരുത്തരവാദപരമായ പ്രസ്താവനയുടെ യാഥാര്‍ഥ്യം സൂചിപ്പിക്കാതെ പോകുന്നത് ശരിയല്ല എന്ന് സ്വാഭാവികമായും ഞാന്‍ കരുതി. അതെക്കുറിച്ച് ഇങ്ങനെ ഞാന്‍ പറഞ്ഞു: ''മറ്റൊരു ജോലിയും കിട്ടാനില്ലാത്തതിനാലോ അതിനുവേണ്ട ഭൗതികവിദ്യാഭ്യാസം ഇല്ലാത്തതിനാലോ മാത്രമാണ് പള്ളിദര്‍സുകളിലേക്ക് ഇന്നും മുതഅല്ലിമീങ്ങള്‍ വരുന്നത്. ഒരുദിവസംപോലും അന്യ വീട്ടിലെ അന്നം കഴിക്കാന്‍ സാധാരണക്കാരന് അഭിമാനം തോന്നില്ലല്ലോ. ജീവിതം മുഴുവന്‍ അന്യന്റെ അന്നംതേടി നടക്കുന്ന ആ പാവങ്ങള്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നു എന്നുമാത്രം ദയവായി പറയരുത്. ചോരകണ്ടാല്‍ തലചുറ്റിവീഴാന്‍മാത്രം സാധുക്കളാണ് ആ മുസ്‌ലിയാക്കന്‍മാര്‍. അവരെ തീവ്രവാദികളാക്കരുത്. ഏതോ മുസ്‌ലിയാര്‍ ഏതോ തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. ഒറ്റരാത്രികൊണ്ട് മുപ്പതോളം സിസേറിയന്‍ നടത്തിയ ഗൈനക്കോളജിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന് തലയുയര്‍ത്തി നടക്കുന്ന നാടാണല്ലോ നമ്മുടേത്. ആ സംഭവം മുന്‍നിറുത്തി ഈ നാട്ടിലെ എം.ബി.ബി.എസ് കോളേജുകളൊക്കെ ദുഷ്ടഡോക്ടര്‍മാരെ പടച്ചുവിടുന്ന ഭീകരകേന്ദ്രങ്ങളാണ് എന്ന് പറയുന്നത് വിഡ്ഢിത്തമാണെങ്കില്‍ ഡോക്ടര്‍ പറഞ്ഞതിലും ഒട്ടു നോട്ടക്കുറവുണ്ട്.'' ഇത്രയും ഞാന്‍ പറഞ്ഞുനിറുത്തിയപ്പോള്‍ അത് ആ സദസ്സ് ആവേശത്തോടെ ഏറ്റെടുത്തു. ചിലര്‍ ആശ്വാസത്തോടെ പരിപാടിക്കുശേഷം എന്നെ അഭിനന്ദിച്ചു, അമുസ്‌ലിംകളടക്കം. ഇതേ ലേഡീ ഡോക്ടറുടെ രണ്ടാമത്തെ നോവലിന്റെ പ്രകാശനച്ചടങ്ങ് കോഴിക്കോടുവച്ച് ഒരു മാസം മുമ്പ് നടന്നപ്പോഴും സമാനമായ സംഭവമുണ്ടായി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മുസ്‌ലിം കഥാകൃത്ത്, കോഴിക്കോട്ടെ പേരുകേട്ട മുസ്‌ലിം കോളേജില്‍നിന്ന് ഈയിടെ വിരമിച്ചയാളാണ്. അദ്ദേഹം പറഞ്ഞുകളഞ്ഞത് മെഡിക്കല്‍ കോളേജുകള്‍ മുസ്‌ലിം മതമൗലികവാദികള്‍ കൈയടക്കിവെച്ചിരിക്കുന്നുവെന്നാണ്. അധ്യാപക ശ്രേഷ്ഠന് അങ്ങനെയങ്ങ് തോന്നിപ്പോകാനുള്ള കാരണമാണ് കൂടുതല്‍ വിചിത്രം. മഫ്ത ധരിച്ച വിദ്യാര്‍ഥിനികളും നേഴ്‌സുമാരും ഡോക്ടര്‍മാരും വിലസുകയാണത്രെ അവിടെ. മുസ്‌ലിം തീവ്രവാദികള്‍ നിര്‍ബന്ധിപ്പിച്ച് ധരിപ്പിക്കുന്നതാണത്രെ ആ ഏടാകൂടം. പാവം പെണ്‍കുട്ടികള്‍ അനുസരിക്കുകയല്ലാതെ എന്തുചെയ്യും. തന്റെ കോളേജിന്റെ ഹോസ്റ്റലില്‍ നമസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം ഉള്ളതും തീവ്രവാദത്തിന്റെ വളര്‍ച്ചയാണ് അടയാളപ്പെടുത്തുന്നതെന്ന് സാമൂഹികശാസ്ത്രത്തില്‍ വിശാരദനായ പ്രഫസര്‍ മുന്നറിയിപ്പു നല്‍കി. പ്രമുഖ മുജാഹിദ് വിഭാഗത്തിന്റെ കളിത്തോഴനായ പ്രഫസര്‍ അവരുടെ മതസംവാദ സദസ്സുകളെയും കണക്കിന് പരിഹസിച്ചാണ് പ്രസംഗം കൂട്ടിക്കെട്ടിയത്. ഒരല്‍പം ആള്‍ക്കൂട്ടം കാണുമ്പോള്‍ മുസ്‌ലിം സമുദായത്തെ ഒന്നു ചീത്തവിളിച്ചാല്‍ നല്ല പിന്തുണകിട്ടും എന്നു കരുതുന്ന മുസ്‌ലിം ബുദ്ധിജീവികളെക്കൊണ്ട് നമ്മുടെ സാംസ്‌കാരിക പരിസരം ദുര്‍ഗന്ധപൂരിതമായിരിക്കുന്നു. പെണ്‍ ബുദ്ധിജീവികളാകുമ്പോള്‍ ആ തോന്നല്‍ ഒന്നു കൂടുന്നതാണനുഭവം. അവര്‍ക്ക് രണ്ടുത്തരവാദിത്തമുണ്ടല്ലോ. ഒന്ന്, മുസ്‌ലിം സമുദായത്തെ രക്ഷിക്കണം. രണ്ട്, മുസ്‌ലിം പെണ്ണിനെയും രക്ഷിക്കണം. 'ഇസ്‌ലാമിന്റെ കടുത്ത തടവറയില്‍ കിടന്ന് പിടയുകയാണല്ലോ രണ്ടു കൂട്ടരും.' ഒറ്റനോട്ടത്തില്‍ മുസ്‌ലിം അല്ലാത്ത പെണ്ണെഴുത്തുകാരിയും മുസ്‌ലിം പെണ്ണെഴുത്തുകാരിയും തമ്മില്‍ നെറ്റിയിലെ കുറിയുടെ കുറവേ കാണൂ. 'നെറ്റിയിലെ കുറി തികച്ചും മതേതരമായ ഒരു സൗന്ദര്യ ചിഹ്നമായതുകൊണ്ട് കുഴപ്പമില്ലല്ലോ. തലമറയ്ക്കുന്നത് ഉള്ള സൗന്ദര്യത്തെ മൂടിവെക്കലല്ലേ? അതാകട്ടെ, ഇസ്‌ലാമിക് ഫണ്ടമെന്റലിസ്റ്റുകളായ പുരുഷന്മാര്‍ അടിച്ചേല്‍പ്പിക്കുന്നതും.' കഴുത്തും വയറും മുടിയും പ്രദര്‍ശിപ്പിച്ച് അവര്‍ വേദിയില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ത്തന്നെ മതേതര സമൂഹത്തിന് ആശ്വാസമാകും. അവര്‍ക്ക് അവാര്‍ഡും അഭിമുഖവും അവസരവും ലഭിക്കും. ഇസ്‌ലാമിന്റെ പീഡനമുറിയില്‍ നിന്ന് രക്ഷപ്പെട്ടുവന്ന പെണ്ണെഴുത്തുകാരികള്‍ അതിനാല്‍ ഇനിയും പിറന്നുകൊണ്ടേയിരിക്കും. മുസ്‌ലിം സമുദായവും അതിലെ പെണ്ണുങ്ങളും ഒരു രോഗവുമില്ലാത്തവരാണെന്നോ അവരെ ചികിത്സിക്കേണ്ടന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. മാരകരോഗങ്ങളുണ്ട് ഈ സമുദായത്തിന്. അവയില്‍ പലതും അടിയന്തിര ചികിത്സ അര്‍ഹിക്കുന്നതുതന്നെയാണ്. എന്നാല്‍, കുറിപ്പടിയില്‍ രോഗത്തിന്റെ വിശദാംശങ്ങളെഴുതുകയാണോ വൈദ്യന്മാര്‍ ചെയ്യേണ്ടത്? അതോ മരുന്നോ? മുസ്‌ലിംകളെ ബാധിച്ച എല്ലാ രോഗത്തിനും മതേതരത്വത്തിന്റെയും മൃദു ഹിന്ദുത്വത്തിന്റെയും ഒറ്റമൂലിമാത്രമാണ് സമുദായത്തിലെ ഈ ആണ്‍-പെണ്‍ വ്യാജ ബുജി വൈദ്യന്മാര്‍ കുറിച്ചുവെക്കുന്നത്. പിന്‍വാതില്‍ - ആദ്യം സൂചിപ്പിച്ച ചടങ്ങുകഴിഞ്ഞ്, ഇത്തിരി കോടിയ മുഖവുമായി ഡോക്ടര്‍ പ്രകാശക എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് പറഞ്ഞു: ''കുട്ട്യേ, ഞാന്‍ ഉദ്ദേശിച്ചത് പള്ളിദര്‍സ് എന്നല്ല, മദ്‌റസ എന്നാണ്. അപ്പൊ ആ വാക്ക് കിട്ടാതായപ്പോ ഞാന്‍ പള്ളിദര്‍സ് എന്ന് പറഞ്ഞുപോയതാ.'' എങ്ങനെയുണ്ട്? ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയിട്ടും പെണ്ണെഴുത്ത് ഡോക്ടറെ പിന്തുണച്ചുകൊണ്ട് മറ്റൊരു ആണ്‍ ഡോക്ടര്‍ എന്നോട് വാദിച്ചുകൊണ്ടേയിരുന്നു. യതീംഖാനകളടക്കം തീവ്രവാദ കേന്ദ്രങ്ങളാണെന്നാണ് ആ അപ്പോത്തിക്കിരിയുടെ കെണിഞ്ഞ വാദം. ഓര്‍ഫനേജ് എന്ന് പേരുണ്ടെങ്കിലും അവിടെ എഴുപതു ശതമാനവും ചേര്‍ക്കുന്നത് മാതാപിതാക്കളുള്ള കുട്ടികളെയാണെന്നതിന്റെ ഗുഢോദ്ദേശ്യം അതാണത്രെ. അയാളെ പിരിച്ചയക്കാന്‍ ഒടുവില്‍ എനിക്ക് ആ സത്യം പറയേണ്ടിവന്നു. ''ഡോക്ടറായിട്ടു കാര്യമില്ല സാറേ, വിവരം വേണം.''
പ്രപഞ്ചം ഒരു ദൈവിക കമ്പ്യൂട്ടര്‍ വ്യവസ്ഥ പ്രഫ. പി.എ വാഹിദ്
പ്രകൃതിചംക്രമണം, ഗ്രഹചലനങ്ങള്‍, പ്രപഞ്ച ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രതിഭാസങ്ങള്‍ കണിശമായും സമയബന്ധിതമായും നടക്കുന്നുവെന്ന വസ്തുത നമ്മുടെ പ്രപഞ്ചം ഒരു കമ്പ്യൂട്ടര്‍ പോലെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഉദാഹരണമായി സൂര്യനെന്ന പ്രകൃതിയിലെ ആണവ റിയാക്ടറിനെ മനുഷ്യ നിര്‍മിത ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്തു നോക്കുക. മനുഷ്യ നിര്‍മിത റിയാക്ടറില്‍ അണുവിഘടനം (nuclear fission) എന്ന പ്രതിഭാസമാണ് നടക്കുന്നതെങ്കില്‍ അതിലും ശക്തിയേറിയ അണു സംയോജനം (nuclear fusion) എന്ന പ്രതിപ്രവര്‍ത്തനമാണ് സൂര്യനില്‍ നടക്കുന്നത്. മനുഷ്യനിര്‍മിത ആണവ റിയാക്ടറും ആണവ ബോംബും ഒരേ തത്ത്വപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേതില്‍ ആണവ പ്രതിപ്രവര്‍ത്തനം നിയന്ത്രണത്തിലാണെങ്കില്‍, രണ്ടാമത്തേതില്‍ അത് നിയന്ത്രിക്കപ്പെടുന്നില്ലെന്നുമാത്രം. ഒരിക്കല്‍ തുടങ്ങിയ ആണവ പ്രതിപ്രവര്‍ത്തനം തടസ്സം കൂടാതെ തുടരുന്നതും അങ്ങനെ കൂടുതല്‍ കൂടുതല്‍ ഊര്‍ജം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നതുമാണ്. ആണവബോംബ് പൊട്ടിത്തെറിക്കുന്നത് അതുകൊണ്ടാണ്. പൊട്ടിത്തെറിക്കാതിരിക്കാന്‍ ആണവ റിയാക്ടര്‍ അതിസങ്കീര്‍ണമായ കമ്പ്യൂട്ടറുകളുടെ നിയന്ത്രണത്തിലാണ്. റിയാക്ടറിനും ലബോറട്ടറിക്കുമപ്പുറത്ത് ഉല്‍പ്പത്തിതൊട്ട് ഊര്‍ജം പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന സൂര്യനെന്ന ആണവ റിയാക്ടര്‍ ആകാശത്തുണ്ട്. അതിന്റെ കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അണുസംയോജന പ്രതിപ്രവര്‍ത്തനത്താല്‍ താപം 10 ദശലക്ഷം K (കെല്‍വിന്‍) ആകുന്നു. സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യനിര്‍മിത ആണവറിയാക്ടറുകള്‍ കേവലം കളിപ്പാട്ടങ്ങളാണ്. ഇതുവരെ സൂര്യന്‍ പൊട്ടിത്തെറിക്കാതെ നിലനില്‍ക്കുന്നു എന്ന സത്യം വിളിച്ചോതുന്നത്, അതില്‍ നടക്കുന്ന അണുസംയോജന പ്രതിപ്രവര്‍ത്തനങ്ങള്‍ അതിന്റെ രാസഘടന ഉള്‍ക്കൊള്ളുന്ന ദൈവിക നിര്‍ദേശങ്ങളാല്‍ (പ്രോഗ്രാം) നിയന്ത്രിക്കെപ്പട്ടു സ്വയം പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ വ്യവസ്ഥയാണെന്നതാണ്. പ്രകൃതിയില്‍ ഒരു വ്യവസ്ഥാപിത യാഥാര്‍ഥ്യം നിലകൊള്ളുന്നുവെന്ന സത്യം നമുക്ക് നിഷേധിക്കാന്‍ സാധ്യമല്ല. ഭീമാകാരങ്ങളായ അസംഖ്യം വസ്തുക്കള്‍ വിശ്വവിഹായസ്സില്‍ കൂട്ടിമുട്ടാതെ അതതിന്റെ പാഥേയങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നത് സൂചിപ്പിക്കുന്നത് പരിപൂര്‍ണമായും പ്രോഗ്രാം ചെയ്യപ്പെട്ട പ്രവര്‍ത്തനരീതിയെ തന്നെയാണ്. സ്രഷ്ടാവ് നിര്‍ണയിച്ചുകൊടുത്ത നിത്യമായ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണവ ചെയ്യുന്നത്. ഒട്ടേറെ സൂക്തങ്ങളിലൂടെ ഇക്കാര്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (ഖു. 21:33; 41:12; 87:1-3). അതുകൊണ്ടാണ് പ്രകൃതിക്രമത്തെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രതത്ത്വങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ നമുക്ക് സാധ്യമാകുന്നത്. ഓരോ പ്രകൃതിപ്രക്രിയയും സ്വമേധയാലുള്ള പ്രതിഭാസമത്രെ. സജീവ വസ്തുക്കളിലും പ്രോഗ്രാമുകള്‍ ഉണ്ടെന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. ഈ പ്രോഗ്രാമുകളെയാണ് ജനിതകപ്രോഗ്രാം (genetic program) എന്നു വിളിക്കുന്നത്. മൃഗങ്ങളുടെ മസ്തിഷ്‌ക്കങ്ങള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ പോലെ വിവരങ്ങള്‍ സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള കഴിവുണ്ട്. ഓരോ പ്രതിഭാസത്തിനും ഒരു വികസനക്രമമുണ്ട്. ഒരു സസ്യം വിത്തില്‍നിന്നും കോശവിഭജനത്തിലൂടെയും വകതിരിയല്‍ പ്രക്രിയ(differentiation)യിലൂടെയും വളര്‍ന്നു വരുന്നു. അപ്രകാരംതന്നെ ഓരോ മൃഗവും സിക്താണ്ഡത്തില്‍ (zygote) നിന്ന് തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ വളരുന്നു. ഈ യാന്ത്രിക ഘടനകളെല്ലാം കമ്പ്യൂട്ടറിലെന്നപോലെ താന്താങ്ങളുടെ പ്രോഗ്രാമുകളിലുള്ള നിര്‍ദേശങ്ങളുടെ ക്രമാനുഗതമായ അനുഷ്ഠാനത്തിന്റെ സൂചനതന്നെയാണ്. പ്രകൃതിയിലെ ഭൗതികവും രാസികവുമായ പ്രക്രിയകളും ജൈവപ്രക്രിയകളും വസ്തുക്കളില്‍ സ്ഥാപിതമായ ദൈവിക പ്രോഗ്രാമുകളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം (സോഫ്റ്റ്‌വെയര്‍) എന്നത് നിര്‍ദേശങ്ങളും അവ ഒരോന്നും പ്രാവര്‍ത്തികമാക്കേണ്ട ക്രമവും ഉള്‍ക്കൊണ്ടതാണ്. അഖില പ്രപഞ്ചത്തെയും പരിപാലിച്ചു കൊണ്ടുപോകുന്ന ദൈവിക സംവിധാനത്തിന്റെയും ഘടനാരൂപത്തിന്റെയും സങ്കീര്‍ണ സാങ്കേതിക വിജ്ഞാനതലം മനുഷ്യന്റെ സംവേദന സങ്കല്‍പങ്ങള്‍ക്ക് അതീതമത്രെ. എന്നാല്‍, നമ്മുടെ കമ്പ്യൂട്ടര്‍ സാങ്കേതിക വിജ്ഞാനത്തില്‍ ഈ കേവല യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിലേക്ക് നയിക്കാവുന്ന ഹ്രസ്വസൂചനകളുണ്ട്. മനുഷ്യ നിര്‍മിതമായ ഉദാത്ത സാങ്കേതിക ശാസ്ത്ര മാതൃകകളില്‍ കമ്പ്യൂട്ടര്‍ വ്യവസ്ഥ പ്രാപഞ്ചിക പ്രവര്‍ത്തനത്തെ ഗ്രഹിക്കുന്നതില്‍ ഏറ്റവും യുക്തിസഹമായ താരതമ്യമത്രെ. പ്രപഞ്ചത്തെ 'ആകാശങ്ങളും ഭൂമിയും' എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (ഖു. 10:3; 7:54). പ്രപഞ്ചത്തില്‍ രണ്ടുതരം വ്യവസ്ഥകളെയാണ് നാം കാണുന്നത് - കൂടുതല്‍ വ്യാപകമായ അചേതന (ജീവനില്ലാത്ത) വസ്തുക്കളും ഭൂമി എന്ന ഗ്രഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സചേതന (ജീവനുള്ള) വസ്തുക്കളും (അതായത് ജൈവ വ്യവസ്ഥ). ഈ രണ്ട് വ്യവസ്ഥകളും രാസമൂലകങ്ങളാല്‍ നിര്‍മിതമാണെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളും തികച്ചും വ്യത്യസ്തങ്ങളാണ്. ഇത് സൂചിപ്പിക്കുന്നത് വ്യത്യസ്ത പ്രോഗ്രാമുകളാണ് ഈ രണ്ട് വ്യവസ്ഥകളുടെ സ്വഭാവ-പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നാണ്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനില്ലാത്ത വസ്തുക്കളെ ദൈവിക അജൈവ പ്രോഗ്രാമും (abioprogram) ജീവനുള്ളവയെ ദൈവിക ജൈവ പ്രോഗ്രാമും (bioprogram) നിയന്ത്രിക്കുന്നുവെന്നു കരുതാം. അജൈവ പ്രോഗ്രാം വ്യത്യസ്ത സാഹചര്യങ്ങളില്‍ ഓരോ വസ്തുവും എന്തുചെയ്യണമെന്നു 'അറിഞ്ഞു' ചെയ്യുന്നതുപോലെയുള്ള നൈസര്‍ഗിക പ്രവര്‍ത്തനങ്ങളാണ് യഥാര്‍ഥത്തില്‍ ഭൗതിക, രാസപ്രക്രിയകളെല്ലാംതന്നെ. അവയുടെ രാസഘടനകളില്‍ ദൈവിക നിര്‍ദേശങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുവെന്ന് സ്പഷ്ടം. ആ വസ്തുതയാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്: ''...അങ്ങനെ അവന്‍ (അല്ലാഹു) അവയെ ഏഴ് ആകാശങ്ങളിലായി പൂര്‍ത്തീകരിക്കുകയും.... ഓരോ ആകാശത്തിനും അതതിന്റെ ചുമതലയും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു'' (ഖു. 41:12). ഇതില്‍ നിന്നും മനസ്സിലാകുന്നത് വസ്തുക്കളുടെ രാസഘടന, ദൈവിക നിര്‍ദേശങ്ങള്‍ അടങ്ങിയ കോഡ് (code) ആണെന്നാണ്. രാസഘടന പ്രതിനിധാനം ചെയ്യുന്നത് അജൈവപ്രോഗ്രാമിനെ (abioprogram) അല്ലെങ്കില്‍ രാസവിവരത്തെ (chemical information)യാണ്. രാസഘടന-കോഡ് സിദ്ധാന്തത്തില്‍ രാസഘടനയെ പദമായും മൂലകങ്ങളെ (chemical elements) അക്ഷരങ്ങളായും കരുതാം. അവയുടെ ക്രമീകരണത്തെ ഒരു പദത്തിലുള്ള അക്ഷരങ്ങളുടെ ക്രമീകരണത്തോടും ഉപമിക്കാം. ഒരു ഭാഷയിലെ പദത്തിനു അര്‍ഥം ലഭിക്കുന്നത് അക്ഷരങ്ങളുടെയും അവയുടെ ക്രമീകരണത്തെയും ആസ്പദമാക്കിയാണ്. അതുപോലെയാണ് രാസഘടനക്കു അതിന്റെ സ്വഭാവങ്ങളും പെരുമാറ്റരീതിയും മൂലകങ്ങളുടെയും അവയുടെ ക്രമീകരണത്തെയും ആസ്പദമാക്കി ലഭിക്കുന്നത്. ഉദാഹരണമായി ഇംഗ്ലീഷിലെ ചില പദങ്ങളെടുക്കാം. Take, buy എന്നീ പദങ്ങള്‍ അക്ഷരങ്ങളില്‍ വ്യത്യാസമുള്ളവയാണ്. അവയുടെ അര്‍ഥങ്ങളും അത് കാരണം വ്യത്യാസമുള്ളവയാണ്. ഈ പദങ്ങളുടെ രൂപീകരണവുമായി സാദൃശ്യമുള്ളവയാണ് വെള്ളത്തിന്റെയും ബെന്‍സീന്റെയും രാസഘടനകള്‍ (ചിത്രം 1). അവയുടെ മൂലകങ്ങള്‍ വ്യത്യാസമുള്ളവയാണ്. അത് കാരണം ആ പദാര്‍ഥങ്ങളുടെ സ്വഭാവങ്ങളും വ്യത്യസ്തങ്ങളാണ്. ഇനി sent, nest എന്നീ പദങ്ങളെടുക്കുക. അവയില്‍ അക്ഷരങ്ങളെല്ലാം ഒന്നുതന്നെയാണ്. പക്ഷേ, അവയുടെ ക്രമീകരണത്തില്‍ വ്യത്യാസമുണ്ട്. ഈ വ്യത്യാസമാണ് അവയുടെ അര്‍ഥവ്യത്യാസങ്ങള്‍ക്കു കാരണം. ഈ പദങ്ങളുടെ രൂപീകരണവുമായി സാദൃശ്യമുള്ളവയാണ് ബ്യൂട്ടെയിന്‍, ഐസോബ്യൂട്ടെയിന്‍ എന്നീ പദാര്‍ഥങ്ങളുടെ രാസഘടനകള്‍. അവയുടെ മൂലകങ്ങളില്‍ വ്യത്യാസമില്ലെങ്കിലും ക്രമീകരണത്തില്‍ വ്യത്യാസമുണ്ട്. അതാണ് ആ പദാര്‍ഥങ്ങളുടെ സ്വഭാവ വ്യത്യാസങ്ങള്‍ക്കു കാരണം. ഈ സാധര്‍മ്യത്തിലൂടെ ഒരു രാസഘടനക്കു അതിന്റെ സ്വഭാവങ്ങള്‍ ദൈവിക സോഫ്റ്റ്‌വെയറിന്റെ (അജൈവപ്രോഗ്രാം) അടിസ്ഥാനത്തില്‍ എങ്ങനെ നിര്‍ണയിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാം. രാസഘടനയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി പദാര്‍ഥങ്ങളുടെ സ്വഭാവങ്ങളിലുണ്ടാകുന്ന മാറ്റങ്ങളുടെ നിശ്ചിതത്വം ഘടനാപരമായ സംഘാടനത്തിന്റെ വ്യത്യസ്ത വിതാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അജൈവ പ്രോഗ്രാമിന്റെ ഉപാധികളായി മനസ്സിലാക്കാം. രാസഘടന-സ്വഭാവ ബന്ധങ്ങള്‍ (ഉദാ. Computer-Aided Molecular Modelling - CAMM) പഠിക്കുക വഴി 'അജൈവ പ്രോഗ്രാമിനെ' വ്യാഖ്യാനിക്കുകയാണ് നമ്മള്‍. ജൈവപ്രോഗ്രാം ജീവാസ്തിത്വം ഈശ്വരസൃഷ്ടമായ ഒരു ജൈവപ്രോഗ്രാമി (bioprogram)ലാണെന്ന് ശാസ്ത്രത്തിന്റെയും ഖുര്‍ആന്റെയും അടിസ്ഥാനത്തില്‍ പറയാവുന്നതാണ്. ഒരു സജീവ വസ്തു (organism) എത്ര ചെറുതായാലും വലുതായാലും പ്രകൃതിയിലെ ജൈവകമ്പ്യൂട്ടറാണ് അല്ലെങ്കില്‍ ജൈവറോബോട്ടാണ്. ഒരു ജീവിയില്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുണ്ട്. കോശമാണ് ജീവിയുടെ അടിസ്ഥാന ഏകകം. കോശങ്ങളും അവയവങ്ങളും ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍പെടുന്നു. ഈ രാസഘടകങ്ങളെ (അചേതന വസ്തുക്കളെ) ഒരു ജീവിയായി പ്രവര്‍ത്തിപ്പിക്കുന്നത് തികച്ചും അദൃശ്യമായി ഓരോ കോശത്തിലും സ്ഥിതിചെയ്യുന്ന അതിസൂക്ഷ്മ വിവര സംഭരണ അറകളായ ക്രോമൊസോമുകളില്‍ സൂക്ഷിച്ചിട്ടുള്ള ജൈവപ്രോഗ്രാം (bioprogram) അഥവാ ബയോസോഫ്റ്റ്‌വെയര്‍ (biosoftware) ആകുന്നു. ഇതു തന്നെയാണ് പ്രകൃതിയിലെ ജൈവ വിവരം (biological information). ഒരു കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയര്‍ അദൃശ്യവും അഭൗതികവുമാണെങ്കിലും അതിനെ സൂക്ഷിക്കാന്‍ ഒരു ഭൗതിക മാധ്യമം (physical medium) ആവശ്യമാണെന്നപോലെ ജീവിയിലെ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കാനും ഒരു ഭൗതിക മാധ്യമം ആവശ്യമാണ്. കോശത്തിലെ ക്രോമൊസോമുകളാണ് ബയോസോഫ്റ്റ്‌വെയര്‍ സൂക്ഷിക്കുന്ന മെമറി; അതായത് ജൈവകമ്പ്യൂട്ടറിന്റെ (ജീവിയുടെ) ഹാര്‍ഡ് ഡിസ്‌ക് (ചിത്രം 2). ഒരു ജീവിയുടെ പ്രോഗ്രാം പല ചെറുപ്രോഗ്രാമുകളായി വിവിധ സെക്ടറുകളില്‍ സ്ഥിതിചെയ്യുന്നതായി കരുതാവുന്നതാണ്. അദൃശ്യമായ സോഫ്റ്റ്‌വെയറിനെ കമ്പ്യൂട്ടറിന്റെ 'ആത്മാവ്' എന്ന് വിശേഷിപ്പിക്കാം. അങ്ങനെ ചിന്തിക്കുമ്പോള്‍ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ ജീവിയെന്ന ജൈവകമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ജൈവറോബോട്ടിന്റെ ആത്മാവ് ആണ്. ഈ അദൃശ്യ ആത്മാവിനെയാണ് ഖുര്‍ആന്‍ 'റൂഹ്' എന്ന അറബിപദം കൊണ്ട് സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രീയമായി വ്യാഖ്യാനിക്കാം. മനുഷ്യന്റെ ആത്മാവിനു 'നഫ്‌സ്' എന്ന പദവും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്. റൂഹിന്റെ പ്രകൃതി-സ്വഭാവങ്ങളെക്കുറിച്ചു അല്ലാഹു നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടില്ല (ഖു.17:85). ജീവനില്ലാത്ത കളിമണ്‍രൂപത്തിലേക്ക് അല്ലാഹു അവന്റെ റൂഹില്‍ നിന്നും ഊതിയപ്പോഴാണ് അത് ജീവനുള്ള മനുഷ്യന്‍ (ആദം) ആയി മാറിയത് (ഖു. 15:28,29). ഈ പ്രസ്താവനയില്‍നിന്നു മനസ്സിലാകുന്നത്, നിര്‍ജീവ വസ്തുവായ കളിമണ്ണ് കൊണ്ടുണ്ടാക്കിയ മനുഷ്യ പ്രതിമയില്‍ 'റൂഹ്' (ബയോസോഫ്റ്റ്‌വെയര്‍) സ്ഥാപിക്കപ്പെട്ടപ്പോള്‍ (install) ജീവനുള്ള മനുഷ്യനായി അത് രൂപാന്തരപ്പെട്ടുവെന്നാണ്. അതായത് ഒരു കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുമ്പോള്‍ അതിനു 'ജീവന്‍' വരുന്നതുപോലെ. ജീവന്റെ അസ്തിത്വം അദൃശ്യമായ റൂഹ് (ബയോസോഫ്റ്റ്‌വെയര്‍) ആണെന്നാണ് ഈ ഖുര്‍ആന്‍ സന്ദേശം വ്യക്തമാക്കുന്നത്. 'നഫ്‌സി'നെ (ബയോസോഫ്റ്റ്‌വെയര്‍) ശരീരത്തില്‍നിന്ന് നീക്കം ചെയ്യുമ്പോള്‍ (കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ 'deletion') മരണം സംഭവിക്കുന്നുവെന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു (ഖു. 6:93). അതായത് ഒരു മൃതശരീരം സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണെന്ന് സാരം. അത് നിര്‍ജീവ വസ്തുവെപോലെ പെരുമാറുന്നു. മേലുദ്ധരിച്ച ഖൂര്‍ആന്‍ വചനത്തില്‍ നിന്ന് 'ജീവന്‍' എന്ന പ്രതിഭാസത്തെ ദൈവിക ബയോസോഫ്റ്റ്‌വെയര്‍ നിര്‍വഹണത്തിന്റെ പ്രത്യക്ഷ സാക്ഷാല്‍ക്കാരമായി നിര്‍വചിക്കാവുന്നതാണ്. മനുഷ്യനിര്‍മിത പ്രോഗ്രാമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍, റോബോട്ട് എന്നിവ കൃത്രിമ ജീവന്റെ (artificial life) രൂപങ്ങളായി കരുതാവുന്നതാണ്. യഥാര്‍ഥത്തില്‍ എല്ലാ വ്യവസ്ഥകളും കമ്പ്യൂട്ടര്‍ മാതൃകാടിസ്ഥാനത്തില്‍ ജീവനുള്ളവയാണ്. അതായത് നമ്മള്‍ ജീവനില്ലാത്ത വസ്തുക്കളായി കരുതുന്നവയും ജീവനുള്ളവയാണ്. കാരണം, അവയും ഒരു പ്രോഗ്രാമനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അതനുസരിച്ചു പ്രപഞ്ചത്തിലുള്ള വ്യവസ്ഥകളെ മൂന്നുതരം ജീവനുകളായി കാണാവുന്നതാണ്. അജൈവപ്രോഗ്രാം, ജൈവപ്രോഗ്രാം, മനുഷ്യനിര്‍മിത പ്രോഗ്രാം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകളാണവ. 'ജീവന്‍', 'മരണം' എന്നീ പ്രതിഭാസങ്ങള്‍ ഇന്നും ശാസ്ത്രലോകത്തിന് മനസ്സിലാക്കാനോ നിര്‍വചിക്കാനോ സാധ്യമായിട്ടില്ല. ഇതിനു പ്രധാനകാരണം ജീവികളിലുള്ള ജൈവപ്രോഗ്രാമിനെ പദാര്‍ഥവല്‍ക്കരിച്ചതാണ്. ജീന്‍, ജീനോം എന്നീ സാങ്കേതിക പേരുകളിലറിയപ്പെടുന്ന കോശങ്ങളിലെ രാസഘടനയാണ് (DNA) ഒരു ജീവിയിലെ ജൈവപ്രോഗ്രാം (ജനിതകപ്രോഗ്രാം) എന്നാണ് ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നത്. ഈ രാസഘടന ക്രോമൊസോമിന്റെ ഘടകവും കമ്പ്യൂട്ടര്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹാര്‍ഡ്‌വെയര്‍ ഗണത്തില്‍പെട്ടതുമാണ്. കമ്പ്യൂട്ടര്‍ സിദ്ധാന്തവീക്ഷണത്തില്‍ ഒരു ഹാര്‍ഡ്‌വെയര്‍ വസ്തുവെയാണ് ശാസ്ത്രജ്ഞന്മാര്‍ സോഫ്റ്റ്‌വെയറായി കാണുന്നത്. ജീവികളുടെ സ്വഭാവങ്ങളും അവയുടെ പിന്തുടര്‍ച്ചാരീതികളും വിശദീകരിക്കുന്നതിലേക്കായി രൂപപ്പെട്ട 'ജീന്‍' സിദ്ധാന്തം 1909-ല്‍ അതിന്റെ ആവിഷ്‌ക്കാരകനായ ഡാനിഷ് സസ്യശാസ്ത്രജ്ഞന്‍ വില്‍ഹെം ജൊഹാന്‍സെന്‍ അവതരിപ്പിക്കുമ്പോള്‍ നല്‍കിയ 'ജീനിനെ പദാര്‍ഥമായി കാണരുത്' എന്ന മുന്നറിയിപ്പ് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഈ മുന്നറിയിപ്പ് ഗൗനിക്കാതെ ശാസ്ത്ര ഗവേഷണഫലങ്ങളില്‍ നിന്നു കാര്യമായ സൂചനകള്‍ പോലുമില്ലാതെ 1950-കളില്‍ ഉടലെടുത്ത 'പദാര്‍ഥജീന്‍' അല്ലെങ്കില്‍ 'തന്മാത്രജീന്‍' (molecular gene) സിദ്ധാന്തം ഇന്ന് ഏറെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അഭൗതിക പ്രതിഭാസമായ റൂഹിനോടു യോജിക്കാത്ത ആശയമാണ് പദാര്‍ഥജീന്‍. എന്നാല്‍ ജൊഹാന്‍സെന്റെ 'അഭൗതികജീന്‍' ഖുര്‍ആനോട് പൂര്‍ണമായും യോജിക്കുന്നതുമാണ്. പക്ഷേ, ശാസ്ത്ര സമൂഹത്തിലെ നിരീശ്വര വിഭാഗത്തിനു അഭൗതിക പ്രതിഭാസത്തെ അംഗീകരിക്കാനാവില്ല. ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ ജൈവ വിവരം (റൂഹ്) ഒരു അഭൗതിക പ്രതിഭാസമാണെന്ന് അംഗീകരിച്ചു കമ്പ്യൂട്ടര്‍ മാതൃകയില്‍ ജീവിയെ വിവരിക്കുന്നതിലൂടെ മാത്രമേ ജീവന്‍-മരണ പ്രതിഭാസങ്ങള്‍ ശാസ്ത്രീയമായി വിശദീകരിക്കാനാവുകയുള്ളൂവെന്ന് ബോധ്യപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ 'റൂഹ്', 'നഫ്‌സ്' എന്നീ ഖുര്‍ആന്‍ പദങ്ങള്‍ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും ഈ മാതൃക വ്യക്തമാക്കുന്നു. pawahid@hotmail.com
മുജാഹിദ് പണ്ഡിതന്റെ സംശയങ്ങള്‍ "ഇന്നത്തെ അറബി ലോകത്തെ കലാപത്തെ നിരൂപണ വിധേയമാക്കുമ്പോള്‍ ഒരു സത്യം വ്യക്തമാകുന്നു. ഇഖ്വാനുല്‍ മുസ്ലിമൂന്‍, ശീഅ, ഹമാസ്, ഹിസ്ബുല്ല എന്നീ പ്രസ്ഥാനങ്ങള്‍ ഒരു പ്രത്യേക ചിന്താരീതിയും രാഷ്ട്രീയ സമീപനവും സ്വീകരിക്കുന്നവയാണ്. ലോകത്ത് വേറെ പേരുകളിലും ഇവയുടെ മാര്‍ഗം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളും സംഘടനകളുമുണ്ട്. സലഫികളെന്ന് അവകാശപ്പെടുന്നവരിലും മിതവാദികളും തീവ്രത പുലര്‍ത്തുന്നവരുമായ രണ്ട് വിഭാഗമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇഖ്വാനുല്‍ മുസ്ലിമീനെ ന്യായീകരിച്ച് ഗ്രന്ഥമെഴുതിയ ഡോ. യൂസുഫുല്‍ ഖറദാവി തഹ്രീര്‍ ചത്വരത്തില്‍ എത്തി വിപ്ളവകാരികളെ അഭിവാദ്യം ചെയ്തു. വിപ്ളവത്തില്‍ അണിചേരാന്‍ ലിബിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. വിപ്ളവത്തിന് പ്രേരിപ്പിച്ച കാരണങ്ങളും അതിന് സ്വീകരിച്ച മാര്‍ഗങ്ങളും അതിന്റെ അനന്തരഫലങ്ങളും വിലയിരുത്തിയാണ് അതിന്റെ ശരിതെറ്റുകള്‍ നിര്‍ണയിക്കുക. അറബി ഭരണാധികള്‍ ഇതിന് മാത്രം അക്രമം അവിടുത്തെ ജനങ്ങളോട് കാണിച്ചിട്ടുണ്ടോ? തീവ്രവാദ പ്രവര്‍ത്തനങ്ങളെയും പ്രചാരണങ്ങളെയും തടയുന്നത് സ്വാതന്ത്യ്ര നിഷേധമായി കണക്കാക്കാമോ? ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യമല്ലാത്ത മറ്റ് ഭരണരീതികളെല്ലാം ഇസ്ലാമിന് വര്‍ജ്യമാണോ?'' 'വിപ്ളവത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന തലക്കെട്ടില്‍ പി. മുഹമ്മദ് കുട്ടശ്ശേരി ചന്ദ്രിക (2011 മാര്‍ച്ച് 7)യില്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ളതാണ് മുകളിലത്തെ വരികള്‍. അറബ് ലോകത്തെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഇസ്രയേലിനെ സന്തോഷിപ്പിക്കും എന്നും ഈ ലേഖനത്തില്‍ കാണാം. മുജീബിന്റെ പ്രതികരണം? എന്‍.കെ.പി ഷാഹുല്‍ ഹമീദ് ദുബൈ അറബ് ലോകത്തെ ഒടുവിലത്തെ സംഭവവികാസങ്ങളെക്കുറിച്ചും അതില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ചും പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമൊക്കെ സ്വാഭാവികമായും അഭിപ്രായന്തരങ്ങളുണ്ടാവാം. സലഫി പണ്ഡിതനായ മുഹമ്മദ് കുട്ടശ്ശേരിയും അദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെ സംഭവങ്ങളെ നോക്കിക്കണ്ടതിലും തെറ്റില്ല. എന്നാല്‍ വസ്തുനിഷ്ഠമല്ലാത്ത ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ. ശീഅ, ഹമാസ്, ഇഖ്വാനുല്‍ മുസ്ലിമീന്‍, ഹിസ്ബുല്ല എന്നിവയെ ഒരേ ചരടില്‍ കോര്‍ത്തതില്‍ തന്നെയുണ്ട് തികഞ്ഞ അപാകത. ശീഅ വിഭാഗം ഇസ്ലാമില്‍ ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ പ്രവാചക കുടുംബത്തോടുള്ള അമിത സ്നേഹത്തിന്റെ ഭൂമികയില്‍ രൂപം കൊണ്ടതാണ്. പില്‍ക്കാലത്ത് മിതവാദികളും തീവ്രവാദികളുമായി അവര്‍ സ്വയം പലതായി. ഇമാമിയ്യ വിഭാഗം ശിയാക്കളുടെ സംഘടനയാണ് ലബനാനിലെ ഹിസ്ബുല്ലാഹ്. സുന്നികളുമായി അവര്‍ക്ക് മൌലികമായ വിയോജനങ്ങളുണ്ട്. ബഹ്റൈനിലെ പ്രക്ഷോഭങ്ങളില്‍ ശിയാ വിഭാഗത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ആ രാജ്യത്തും പുറത്തുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അതേപ്പറ്റി കരുതലോടെ മാത്രമേ സംസാരിക്കുന്നുള്ളൂ. എന്നാല്‍, മുസ്ലിം ബ്രദര്‍ഹുഡ്ഡോ ഫലസ്ത്വീനിലെ ഹമാസോ വിഭാഗീയതയില്‍ നിന്ന് തീര്‍ത്തും മുക്തമായ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. സ്വേഛാധിപത്യത്തിനും സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെയാണ് അവരുടെ പോരാട്ടം. ഇതില്‍ ഇസ്രയേല്‍ സന്തോഷിക്കുന്ന പ്രശ്നമേയില്ലെന്നത് പോകട്ടെ, അവര്‍ക്കെതിരെയാണ് ഇസ്രയേലിന്റെ എല്ലാ നീക്കങ്ങളും. ഈജിപ്തില്‍ ഇഖ്വാന്‍ സ്വാധീനമുള്ള സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്രയേല്‍ കടുത്ത ആശങ്കയിലാണ്. തുനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും ഈജിപ്തിലെ ഹുസ്നി മുബാറകും സിറിയയിലെ ശിയാ അലവി വിഭാഗക്കാരനായ പ്രസിഡന്റ് ബശ്ശാറുല്‍ അസദും തികഞ്ഞ സ്വേഛാധിപത്യമാണ് തങ്ങളുടെ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ചതെന്നതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ലിബിയയിലെ ഖദ്ദാഫിയാകട്ടെ, സുന്നത്തിന്റെ ആധികാരികത പോലും നിഷേധിക്കുന്ന, നബി(സ)യുടെ വഫാത് മുതല്‍ കാലഗണന നടപ്പാക്കിയ, തോന്നിയതൊക്കെ വിളിച്ചു പറയുന്നതിന്റെ പേരില്‍ 'ഭ്രാന്തന്‍' എന്ന പേര്‍ സമ്പാദിച്ച ഭരണാധികാരിയാണ്. ഇവര്‍ക്കെതിരെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന ജനതകള്‍ പാര്‍ലമെന്ററി ജനാധിപത്യം തന്നെ വേണം എന്ന ശാഠ്യക്കാരല്ല. ജനാധിപത്യത്തിന്റെ ഏത് രൂപമായാലും ജനങ്ങള്‍ക്ക് പറയാനുള്ളത് പറയാനും അത് കേള്‍ക്കാനും സ്വതന്ത്രമായി പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ അവസരവും സ്വാതന്ത്യ്രവും വേണമെന്നേ വിപ്ളവകാരികള്‍ക്കുള്ളൂ. 'വിധ്വംസകനായ ഭരണാധികാരിയുടെ മുമ്പാകെ സത്യം തുറന്നുപറയുന്നതാണ് ശ്രേഷ്ഠമായ ജിഹാദ്' എന്ന് പഠിപ്പിച്ചത് റസൂല്‍(സ) ആണ്. തിരുമേനി പഠിപ്പിച്ചതല്ലാത്ത ഒരു ഇസ്ലാം വേറെയുണ്ടെങ്കില്‍ അതാണറിയേണ്ടത്.
നൂറ്റൊന്നാവര്‍ത്തിച്ച നുണപല്ലവി 1975ലെ അടിയന്തരാവസ്ഥയാണ് സന്ദര്‍ഭം. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയുമടക്കം ഏതാനും സംഘടനകള്‍ അക്കാലത്ത് നിരോധിക്കപ്പെട്ടു. ആ സംഘടനകളുടെ നേതാക്കളും കമ്യൂണിസ്റുകാരും സോഷ്യലിസ്റുകളും ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ഇന്ദിരാ ഭരണകൂടം ജയിലിലടച്ചു. ജയിലല്ല, കഴുമരം തന്നെ അടിച്ചേല്‍പിച്ചാലും തങ്ങളുടെ ആദര്‍ശങ്ങള്‍ കൈവെടിയാന്‍ കമ്യൂണിസ്റുകാരോ സോഷ്യലിസ്റുകാരോ ആര്‍.എസ്.എസുകാരോ ജനസംഘക്കാരോ തയാറായിരുന്നില്ല. ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ തടവറയില്‍ തുടര്‍ന്നു. നമ്മുടെ 'ആദര്‍ശ പ്രസ്ഥാന'ക്കാരോ? രണ്ടേ രണ്ടു ദിവസം ജയിലിലെ ഗോതമ്പുണ്ടയും കൊതുകുകടിയും രുചിച്ചപ്പോള്‍, മേലില്‍ തങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാവില്ലെന്ന് സത്യവാങ്മൂലം നല്‍കി ജമാഅത്ത് നേതാക്കള്‍ തടവറകളില്‍നിന്ന് തടിയൂരി! ആദര്‍ശപ്രസ്ഥാനക്കാര്‍ സ്വന്തം ആദര്‍ശത്തെ മാത്രമല്ല, പ്രസ്ഥാനത്തെപ്പോലും തള്ളിപ്പറയുന്ന കാഴ്ചയാണ് അടിയന്തരാവസ്ഥക്കാലത്തു കണ്ടത്.'' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകത്തില്‍നിന്ന്. മുജീബിന്റെ പ്രതികരണം? റഹ്മ ടി. ഹംസ, കളമശ്ശേരി 1965ലെ ഇന്ത്യ-പാക് യുദ്ധവേളയിലാണ് ആദ്യമായി കേരള അമീര്‍ കെ.സി അബ്ദുല്ല മൌലവി ഉള്‍പ്പെടെയുള്ള ജമാഅത്ത് നേതാക്കളെ ജയിലിലടച്ചത്. ഒരാളും ഒന്നും സര്‍ക്കാറിനോ കോടതികള്‍ക്കോ എഴുതിക്കൊടുത്തില്ല. യുദ്ധം കഴിഞ്ഞ് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരെയും മോചിപ്പിച്ചു. രണ്ടാമത്തെ സംഭവം 1975ലെ അടിയന്തരാവസ്ഥയിലാണ്. ജമാഅത്തെ ഇസ്ലാമിയെ അന്യായമായി നിരോധിച്ചു രാജ്യത്തുടനീളം പ്രവര്‍ത്തകരെ ജയിലിലടച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പിന്‍വലിച്ചു, സംഘടനകളുടെ നിരോധം റദ്ദാക്കി. ജമാഅത്ത് പ്രവര്‍ത്തകര്‍ ജയില്‍ മോചിതരുമായി. കേരളത്തില്‍, നിരോധിക്കപ്പെട്ട സംഘടനക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കുറ്റമാരോപിച്ചായിരുന്നു നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ് ചെയ്തിരുന്നത്. കോടതിയിലെത്തിയപ്പോള്‍ പക്ഷേ, സംഘടനയെ നിരോധിച്ചതിനു ശേഷം അതിനായി പ്രവര്‍ത്തിച്ചു എന്ന ആരോപണം തെളിയിക്കാന്‍ പോലീസിനോ സര്‍ക്കാറിനോ സാധിച്ചില്ല. ജമാഅത്ത് നേതാക്കള്‍ ബോധിപ്പിച്ച സത്യവാങ്മൂലത്തിലും നിരോധിക്കപ്പെട്ട ശേഷം സംഘടനക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രവര്‍ത്തിക്കുകയില്ലെന്നും ബോധിപ്പിച്ചിരുന്നു. കാരണം നിരോധം നിലനില്‍ക്കുവോളം സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുക ജമാഅത്തിന്റെ നയമല്ല, അന്നും ഇന്നും. മുസ്ലിംകളെന്ന നിലയില്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വേറെ കാര്യം. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് ജമാഅത്ത് നിരോധിക്കപ്പെട്ടപ്പോള്‍ അറസ്റുകള്‍ ഒന്നും നടന്നിരുന്നില്ല. എന്നിട്ടും നേതാക്കളോ പ്രവര്‍ത്തകരോ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇതാണ് മാപ്പെഴുതി ഒപ്പിട്ടു പുറത്തുപോന്നു എന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ.
ചോദ്യോത്തരം ജമാഅത്തെ ഇസ്‌ലാമിയുടെ മുഖം 'ജമാഅത്തെ ഇസ്ലാമിക്ക് ഇരട്ടമുഖമാണുള്ളതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍ പറഞ്ഞു. തങ്ങള്‍ മതേതരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുമ്പോഴും മതരാഷ്ട്രവാദത്തിന്റെ അടിത്തറയെ ജമാഅത്തെ ഇസ്ലാമി നിഷേധിക്കുന്നില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത മൌദൂദിയെ മുറുകെ പിടിക്കുകയും ജനാധിപത്യവാദികളാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയുമാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. ഹമീദ് ചേന്ദമംഗല്ലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവെ മുനീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത് പറയുമ്പോള്‍ തനിക്ക് പല നഷ്ടവും വന്നേക്കാം. എന്നാല്‍ അതിന്റെ പേരില്‍ വരുന്ന നഷ്ടം കാര്യമാക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ആധികാരിക പുസ്തകമാണ് 'ദൈവത്തിന്റെ രാഷ്ട്രീയം' - ഡോ. എം.കെ മുനീര്‍ പറഞ്ഞു'' (മാതൃഭൂമി ദിനപത്രം മാര്‍ച്ച് 15). മുജീബിന്റെ പ്രതികരണം? മുഹമ്മദ് കുനിങ്ങാട്, ബാംഗ്ളൂര്‍ ഹമീദിന്റെ പുസ്തകമോ മുനീറിന്റെ പ്രകാശന പ്രസംഗമോ ചടങ്ങില്‍ യുക്തിവാദി സംസ്ഥാന പ്രസിഡന്റ് കലാനാഥന്‍, നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്തലി എന്നിവരുടെ സാന്നിധ്യമോ ഒന്നും യാദൃഛികമോ പുതിയ കാര്യമോ അല്ല. ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും തദ്വാരാ ഇസ്ലാമിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്ന ശക്തികള്‍ ഒരവസരം ഒത്തുവന്നപ്പോള്‍ ഒത്തുചേര്‍ന്നുവെന്നേയുള്ളു. ഒരേ തൂവല്‍ പക്ഷികള്‍. ചിലര്‍ പ്രത്യക്ഷത്തില്‍ തന്നെ നാസ്തികരും മതവിരുദ്ധരുമാണെങ്കില്‍ മറ്റുള്ളവര്‍ പരോക്ഷമായി അതേ ദൌത്യം ഏറ്റെടുത്തവരാണെന്നതാണ് വ്യത്യാസം. ഈ രാജ്യത്ത് ഏത് പ്രതികൂല സാഹചര്യത്തിലും അല്ലാഹുവിന്റെ ദീനിനെ തനതായ രൂപത്തില്‍ അവതരിപ്പിക്കാനും പ്രബോധനം ചെയ്യാനും പ്രതിജ്ഞാബദ്ധമായ ജമാഅത്തെ ഇസ്ലാമിയെ അകാരണമായും അന്യായമായും ദുരാരോപണങ്ങളില്‍ പൊതിയുന്നതും അത് തന്നെ ജീവിത ദൌത്യമായി തെരഞ്ഞെടുത്തതും യഥാര്‍ഥത്തില്‍ ഇസ്ലാമിനോടു തന്നെയുള്ള ശത്രുതയായിട്ടേ സൂക്ഷ്മ വിശകലനത്തില്‍ കാണാന്‍ കഴിയൂ. ജനരോഷം ഭയന്ന് അവരത് നിഷേധിച്ചേക്കാമെങ്കിലും. ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഒരു മതേതര പ്രസ്ഥാനമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല. ജമാഅത്തിന് എന്നും ഒരു മുഖമേ ഉണ്ടായിരുന്നുള്ളൂ. അത് ഇസ്ലാമിന്റെ മുഖമാണ്. മതം വേണമെന്നുള്ളവര്‍ക്ക് സ്വകാര്യ ജീവിതത്തില്‍ ആവാം എന്നു സിദ്ധാന്തിക്കുന്ന മതേതരത്വവും മനുഷ്യനെ ആമൂലാഗ്രം നിയന്ത്രിക്കേണ്ടത് ദൈവിക സന്മാര്‍ഗമാണെന്ന് വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമിയും എങ്ങനെ പൊരുത്തപ്പെടാനാണ്? എന്നാല്‍ ഇസ്ലാം തന്നെ അനുശാസിക്കുന്ന ജനാധിപത്യവും പരമത സഹിഷ്ണുതയും സമാധാനപരമായ സഹവര്‍ത്തിത്വവുമുണ്ട്. അത് സെക്യുലറിസത്തിന്റെ അപേക്ഷയില്ലാതെത്തന്നെ അവതരിപ്പിക്കാനും തദനുസൃതമായി പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമിക്ക് കഴിയും. ഇത് മതേതരത്വത്തിന്റെ പൊയ്മുഖമാണെന്ന് വാദിക്കുന്നത് വിവരക്കേടാണ്. മതരാഷ്ട്രവാദത്തെ മുച്ചൂടും തള്ളിപ്പറഞ്ഞ മൌദൂദി ധാര്‍മികാടിത്തറകളില്‍ പണിതുയര്‍ത്തിയ ഒരു ദൈവരാജ്യത്തിന്റെ രൂപരേഖയാണവതരിപ്പിച്ചത്. അത് മനസ്സിലാക്കാതെയോ മനസിലാക്കിയിട്ടും നിരാകരിക്കുകയോ ചെയ്യുന്നവര്‍ക്ക് എന്തസംബന്ധവും എഴുതാം, പറയാം. ഇസ്ലാമിക പ്രസ്ഥാനം ഇതുപോലുള്ള വ്യാജപ്രചാരണങ്ങളെ അതിജീവിച്ചു തന്നെ മുമ്പോട്ട് പോവും. മുനീര്‍ വോട്ട് നഷ്ടത്തെപ്പറ്റി പറഞ്ഞു. പ്രത്യക്ഷത്തില്‍ ഒരു മതേതര വാദിയുടെ ധീരമായ വാക്കുകള്‍. സത്യമോ? ജമാഅത്തിന്റെ വോട്ടുകള്‍ ഏതായാലും തനിക്ക് ലഭ്യമാകുകയില്ലെന്നുറപ്പിച്ച മുനീര്‍ മതേതരത്വത്തിന്റെ ചാവേര്‍ ചമഞ്ഞു ആ വകയില്‍ കിട്ടാവുന്ന പ്രസിദ്ധിയും വോട്ടും ലാക്കാക്കിയാണ് പ്രസംഗിച്ചത്. മതയാഥാസ്ഥിതികരുടെ എതിര്‍പ്പ് ഭയന്ന് മരുന്നിനു പോലും ഒരു സ്ത്രീയെ ഇലക്ഷന്‍ കളത്തിലിറക്കാത്ത പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്തിരുന്നാണ് മുനീറിന്റെ മതേതരത്വ ഗീര്‍വാണം!
റസൂലും നബിയും നുബുവ്വത്തും രിസാലത്തും തമ്മിലുള്ള വ്യത്യാസമെന്താണ്? നുബുവ്വത്ത് ലഭിച്ചവരാണോ നബിമാര്‍ അല്ലെങ്കില്‍ അമ്പിയാക്കള്‍ എന്നു പറയുന്നവര്‍? രിസാലത്ത് ലഭിച്ചവര്‍ മാത്രമാണോ മുര്‍സലുകള്‍? കെ.കെ അബ്ദുല്‍ മജീദ് പൊന്നാനി സൌത്ത് നബി എന്ന പദത്തിന് 'പ്രവാചകന്‍' എന്നും റസൂല്‍ എന്ന പദത്തിന് 'ദൂതന്‍' എന്നുമാണ് ഭാഷാര്‍ഥം. 'നബി'ക്ക് ഉന്നതന്‍ എന്ന അര്‍ഥവും ചിലര്‍ നല്‍കിയിട്ടുണ്ട്. ദിവ്യബോധനം ലഭിച്ചവര്‍ക്ക് നബി എന്ന് സാമാന്യമായി പറയാം. എന്നാല്‍, റസൂല്‍ പ്രത്യേക ദൌത്യ നിര്‍വഹണത്തിന് ചുമതലപ്പെട്ടവന്‍ കൂടിയായിരിക്കും. തദടിസ്ഥാനത്തില്‍ എല്ലാ റസൂലുമാരും നബിമാരായിരിക്കെ എല്ലാ നബിമാരും റസൂല്‍ ആയിരിക്കണമെന്നില്ല. സൂറഃ അല്‍ഹജ്ജിലെ 52-ാം സൂക്തത്തില്‍ "നിനക്ക് മുമ്പ് ഒരു റസൂലിനെയോ നബിയെയോ നാം നിയോഗിച്ചിട്ടില്ല....'' എന്ന് പ്രയോഗിച്ചതില്‍ നിന്ന് രണ്ടും ഒന്നല്ല, ഭിന്നങ്ങളാണെന്ന് വ്യക്തമാവുന്നു. നബി(സ)യോട് റസൂലുമാരുടെ എണ്ണം എത്രയെന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ 313 അല്ലെങ്കില്‍ 315 എന്ന് തിരുമേനി മറുപടി നല്‍കി. നബിമാരുടെ സംഖ്യ ചോദിച്ചതിന് 1,24000 എന്നും ഉത്തരം നല്‍കി (അഹ്മദ്, ഹാകിം). പക്ഷേ ഈ ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണ്.
അമുസ്ലിംകള്‍ക്ക് സ്വാതന്ത്യ്രം അനുവദിച്ചാല്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ അമുസ്ലിം പൌരന്മാര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കണമെന്ന് വാദിക്കുന്നു. ആരാധനാ സ്വാതന്ത്യ്രവും മറ്റു മതസ്വാതന്ത്യ്രവും നല്‍കി സഹിഷ്ണുതയിലും സൌഹാര്‍ദത്തിലും വര്‍ത്തിക്കണമെന്നും ആവശ്യപ്പെടുന്നു. പക്ഷേ, അമുസ്ലിംകള്‍ക്ക് നിയന്ത്രണമില്ലാതെ 'സ്വാതന്ത്യ്രം' നല്‍കിയ മുസ്ലിം രാജ്യങ്ങള്‍ക്കെല്ലാം കടുത്ത വിലയല്ലേ ഒടുക്കം നല്‍കേണ്ടിവന്നത്? വിഘടനവാദം തലപൊക്കുകയും (മുസ്ലിം)പ്രദേശങ്ങള്‍ കൈയേറുകയും അടക്കിഭരിക്കുകയും ചെയ്ത ചരിത്രമല്ലേ ഇസ്ലാമിക ലോകത്തിന് പറയാനുള്ളത്? ഫലസ്ത്വീന്‍ തുടങ്ങി ഇപ്പോള്‍ അത് സുഡാനില്‍ വരെ എത്തിനില്‍ക്കുന്ന ദയനീയ കാഴ്ചകള്‍ക്കല്ലേ ഇസ്ലാമിക ലോകം സാക്ഷിയായിരിക്കുന്നത്? നസ്വീര്‍ പള്ളിക്കല്‍, രിയാദ് ജമാഅത്തെ ഇസ്ലാമിയും ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളും അവതരിപ്പിക്കുന്നത് 'ഖിലാഫത്തുര്‍റാശിദ'(സച്ചരിതരായ ഖലീഫമാര്‍)യുടെ മാതൃകയിലുള്ള ഒരു സമ്പൂര്‍ണ ആദര്‍ശ സ്റേറ്റിന്റെ രൂപരേഖയാണ്. നിലവിലെ സാമ്പ്രദായിക മുസ്ലിം രാജ്യങ്ങളുമായി അതിനൊരു സാമ്യവുമില്ല. ഇന്ന് മുസ്ലിം എന്നറിയപ്പെടുന്ന രാജ്യങ്ങളൊന്നും ഇസ്ലാമിന്റെ മാതൃകാ സ്റേറ്റ് അല്ല. ഒന്നുകില്‍ മുതലാളിത്ത ഏകാധിപത്യ രാഷ്ട്രങ്ങള്‍, അല്ലെങ്കില്‍ ഇടതുപക്ഷ മതേതര രാഷ്ട്രങ്ങള്‍. ജനങ്ങളില്‍ ഭൂരിപക്ഷം പാരമ്പര്യ മുസ്ലിംകളാണെന്നത് കൊണ്ട് മാത്രം ഒരു രാജ്യവും ഇസ്ലാമിക രാഷ്ട്രമാവുന്നില്ല. അതിനാല്‍ ആ നാടുകളില്‍ അമുസ്ലിംകള്‍ മാത്രമല്ല മുസ്ലിംകളും പീഡനങ്ങളനുഭവിക്കുന്നു, അടിച്ചമര്‍ത്തപ്പെടുന്നു. അനീതിയും അവഗണനയും നേരിടുന്നവര്‍ ആരായാലും ഗതികെട്ട് കലാപത്തിനൊരുങ്ങും. അത് സ്വാതന്ത്യ്രം അനുവദിച്ചതുകൊണ്ടല്ല, ന്യായമായ സ്വാതന്ത്യ്രം അനുവദിക്കാത്തത് കൊണ്ടാണ്. ഒരു യഥാര്‍ഥ ഇസ്ലാമിക സ്റേറ്റില്‍ മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും തുല്യാവകാശങ്ങളും തുല്യ നീതിയും ഉറപ്പ് വരുത്തും. അപ്പോള്‍ സ്വാഭാവികമായും വിഘടനവാദമോ കലാപമോ തല പൊക്കുകയില്ല. ഇനി തലപൊക്കിയാലും ജനപിന്തുണയോടെ ചെറുത്ത് തോല്‍പിക്കാനാവും.
നീതിയിലധിഷ്ഠിതമായ ഭരണം? "വോട്ടര്‍ ഐ.ഡി ഇല്ലാത്തവരും വോട്ടര്‍ ഐ.ഡി ഉള്ള മറ്റു സാധാരണ പൌരന്മാരും അനുഭവിക്കുന്ന അതിഭയാനകമായ നിസ്സഹായതയിലേക്ക് കണ്ണ് തുറക്കുന്ന രാഷ്ട്രീയവും ഭരണവുമാണ് നമുക്ക് വേണ്ടത്. അത് കാഴ്ചവെക്കാന്‍ ഏതു പാര്‍ട്ടി, ഏത് മുന്നണി തയാറാകും?'' (ഹമീദ് ചേന്ദമംഗല്ലൂര്‍, മാതൃഭൂമി 24.3.11). നിലവിലുള്ള ഇടതു വലതു മുന്നണികള്‍ക്കും ഇടക്കൊക്കെ പൊട്ടിമുളച്ച് അപ്രത്യക്ഷമാകുന്ന മൂന്നാം മുന്നണിക്കും ഹമീദ് ചേന്ദമംഗല്ലൂര്‍ ചൂണ്ടിക്കാണിക്കുന്ന നിസ്സഹായതക്ക് പരിഹാരമാകുന്നില്ലെന്നാണല്ലോ ചൂണ്ടിക്കാണിക്കുന്നത്. സത്യത്തിലും നീതിയിലും നന്മയിലും അധിഷ്ഠിതമായ ഒരു പാര്‍ട്ടിക്കും ഭരണത്തിനും ഇവിടെ പ്രസക്തിയുണ്ടെന്നല്ലേ ഈ വാക്കുകളില്‍നിന്ന് പ്രകടമാകുന്നത്? എന്‍.എന്‍ മുഹമ്മദ് കാസിം കാഞ്ഞിരപ്പള്ളി അഴിമതിയില്‍ ആവോളം മുങ്ങിക്കുളിച്ചവരും നേരും നെറിയും നഷ്ടപ്പെട്ടവരും ധാര്‍മികമായി അങ്ങേയറ്റം അധഃപതിച്ചവരുമായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് ജനങ്ങള്‍ക്ക് മുക്തി വേണമെന്നത് എല്ലാ പൌരന്മാരുടെയും ആഗ്രഹമാണ്. നിസ്സഹായതകൊണ്ട് മാത്രമാണ് രണ്ടിലൊരു മുന്നണിയെയോ മറ്റു പാര്‍ട്ടികളെയോ ആളുകള്‍ പിന്തുണക്കുന്നത്. പക്ഷേ, ഹമീദ് ചേന്ദമംഗല്ലൂര്‍ വിഭാവനം ചെയ്യുന്ന മുന്നണി നാമൊക്കെ സങ്കല്‍പിക്കുന്നതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കാനാണിട. ദൈവത്തെയോ ആത്മീയതയെയോ സുസ്ഥിര ധാര്‍മിക മൂല്യങ്ങളെയോ അംഗീകരിക്കാത്ത, മതപരമായ ഏത് ധാരയെയും പിന്തിരിപ്പനും പുരോഗതിയുടെ ശത്രുവുമായി കാണുന്ന കേവല ഭൌതിക പ്രസ്ഥാനത്തെയാണ് ഹമീദ് വിഭാവനം ചെയ്യുന്നത് എന്നു വേണം ഇതിനകം പ്രകാശിതമായ അദ്ദേഹത്തിന്റെ ചിന്തകളില്‍നിന്ന് മനസ്സിലാക്കാന്‍. തീര്‍ത്തും മതേതരമായ ഒരു ഭരണക്രമം ജനക്ഷേമവും നീതിയും സമാധാനവും കൈവരുത്തുന്നതില്‍ ഇന്നുവരെ വിജയിച്ചിട്ടില്ലെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്.
ജനകീയ വികസന മുന്നണി ഇടതിലും വലതിലും മനസ്സ് മടുത്ത കുറെ മനസ്സുകളെ കൂടെ കൂട്ടിയാണ് ജമാഅത്തെ ഇസ്ലാമി ജനകീയ വികസന മുന്നണിക്ക് രൂപം നല്‍കിയത്. അതിനോട് സഹകരിച്ച പല സഹോദരന്മാരും ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്നവരല്ലായിരുന്നു. ജനകീയ വികസന മുന്നണി അല്ലെങ്കില്‍ വികസന സമിതി എന്നൊക്കെ പേരില്‍ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പിനോട് സഹകരിച്ചവരുമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതിനോടും വലതിനോടും മടുപ്പും വെറുപ്പും തോന്നിയവര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു വികസന മുന്നണിയുടെ കടന്നുവരവ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസന മുന്നണി ചിത്രത്തില്‍ ഇല്ലാത്തതുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വികസന മുന്നണിയുടെബാനറിനു കീഴില്‍ അണിനിരന്നവരോട് എന്താണ് പ്രസ്ഥാനത്തിന് പറയാനുള്ളത്? അബൂ ഫര്‍സാന്‍ ജനകീയ വികസന മുന്നണി ഒരേ കൊടിക്കീഴില്‍ വ്യവസ്ഥാപിതമായി കെട്ടിപ്പടുത്ത പ്രസ്ഥാനമോ പാര്‍ട്ടിയോ ആയിരുന്നില്ല. പഞ്ചായത്ത്-നഗരസഭകള്‍ക്കപ്പുറം മാനങ്ങളും ഈ വികസന കൂട്ടായ്മകള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇടതോ വലതോ അല്ലാത്ത, മൂല്യാധിഷ്ഠിത രാഷ്ട്രീയവും വികസനോന്മുഖ രാഷ്ട്രീയവും അജണ്ടയാക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റി അന്നേ പറഞ്ഞിരുന്നതാണ്. അത് യാഥാര്‍ഥ്യമാവുമ്പോള്‍ ഈയനിശ്ചിതത്വം മാറും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പും കഴിഞ്ഞു. 124 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനും 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിലെ ചില സ്ഥാനാര്‍ഥികള്‍ക്കും പിന്തുണ നല്‍കുന്നതായിരുന്നു ജമാഅത്തിന്റെ നിലപാട്. ഇതിനോട് യോജിക്കുന്നവര്‍ ഈ വഴി സ്വീകരിച്ചു. അല്ലാത്തവര്‍ മറ്റു വഴികളും സ്വീകരിച്ചിരിക്കും. എന്തായാലും നിലവിലെ മുന്നണികളെയും പാര്‍ട്ടികളെയും അപ്പടി സ്വീകരിക്കാനാവാത്ത ജനകീയ വികസന പക്ഷത്തിന് മുമ്പില്‍ വ്യക്തവും സുതാര്യവുമായ പകരം വരുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.
ഹിന്ദുക്കളെ തീവ്ര വാദികളാക്കുന്നു? "ഹിന്ദുക്കള്‍ തീവ്രവാദികളാകേണ്ട സാഹചര്യമാണ് രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു പാര്‍ലമെന്റ് ഗുരുവായൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ സഭാ മഹാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു തുഷാര്‍. മലബാര്‍ ലീഗിനും മലയോര പ്രദേശങ്ങള്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിരിക്കുകയാണെന്നും ഹിന്ദുക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു'' (മാധ്യമം 21.3.2011). മുജീബിന്റെ പ്രതികരണം? പി.വി.സി മുഹമ്മദ് പൊന്നാനി ഹിന്ദുക്കളില്‍ ഗണ്യമായ ഭാഗത്തെ സംഘ്പരിവാര്‍ ഇപ്പോള്‍ തന്നെ തീവ്രവാദികളാക്കിയിട്ടുണ്ട്. അവരില്‍ അസഹിഷ്ണുതയും പരമത വിദ്വേഷവും ഔദ്ധത്യവും നിരന്തരം കുത്തിവെക്കുകയാണ് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായ ബി.ജെ.പിയും പശ്ചാത്തല ശക്തികളും. ഇനി താരതമ്യേന മത സൌഹാര്‍ദം നിലനിന്നു വന്ന കേരളത്തിലും കൂടി വിദ്വേഷവും തീവ്ര ഹിന്ദുത്വവും വളര്‍ത്താനാണ് ശ്രമം. അറിഞ്ഞോ അറിയാതെയോ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വരുന്ന മകന്‍ തുഷാറും ഈ തീവ്രവാദവത്കരണത്തില്‍ പങ്കാളികളാവുകയാണ്. ജനസംഖ്യയില്‍ 24 ശതമാനം മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഒരു രംഗത്തും ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അതേപറ്റിയുള്ള അതിശയോക്തി കലര്‍ന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണവും ആനുപാതികമായി കുറവാണ്. മറുവശത്ത് വെള്ളാപ്പള്ളിമാര്‍ക്ക് നായര്‍-ഈഴവ ഐക്യംപോലും സാധ്യമല്ലെന്നിരിക്കെ ഹിന്ദുക്കള്‍ക്ക് വേണ്ടി പൊതുവായി വാദിക്കാന്‍ അര്‍ഹത നഷ്ടപ്പെടുന്നു. ജാതീയതകള്‍ക്കെതിരായാണ് ശ്രീനാരായണഗുരു പൊരുതിയതെങ്കിലും, അദ്ദേഹത്തിന്റെ പൈതൃകം അവകാശപ്പെടുന്നവര്‍ ജാതീയതയുടെ ഭൂമികയിലാണ് വളരാനും ശക്തിപ്പെടാനും ശ്രമിക്കുന്നത്. ഇത് പ്രകടമായ വൈരുധ്യമാണ്.
ഗോ മാതാവ് പശു മാതാവാണെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്നു. പശു മാതാവാണെങ്കില്‍ പിതാവ് കാളയാണെന്ന് ചിലര്‍ വാദിക്കുന്നുമുണ്ട്. പശു എന്ന ജന്തുവിന് എന്തെങ്കിലും പ്രാധാന്യം ഇസ്ലാം നല്‍കുന്നുണ്ടോ? ടി. ദീപു സദാനന്ദപുരം, ആലപ്പുഴ പൌരാണിക ജനസമൂഹങ്ങള്‍ക്ക് കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഏറെ പ്രയോജനകരമായ മൃഗമായിരുന്നു പശു. അതിന്റെ പാല്‍ കുടിക്കാം, പാല്‍ കൊണ്ട് മറ്റു വൈവിധ്യമാര്‍ന്ന വിഭവങ്ങളുമുണ്ടാക്കാം. കാളയെ നിലം ഉഴുതാനും ഭാരം വലിക്കാനും മാംസാഹരത്തിനും പ്രയോജനപ്പെടുത്താം. തുകലും ഉപയോഗ്യമാണ്. അതിനാല്‍ അവരൊക്കെ ഗോക്കളെ വ്യാപകമായി വളര്‍ത്തി. അവയോട് സ്നേഹവും കൂടിക്കൂടി വന്നു. അതാവാം പിന്നീട് ഗോ മാതാവ് സങ്കല്‍പത്തിലേക്കും ഗോ പൂജയിലേക്കും നയിച്ചത്. നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട നാഗരികതകളില്‍ ഗോപൂജ ഉള്‍പ്പെട്ടിരുന്നതായി ഗവേഷകര്‍ പറയുന്നു. മോശെയുടെ നേതൃത്വത്തില്‍ ഇസ്രാഈല്യര്‍ ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട് സീനായിലെത്തിയപ്പോള്‍ അവിടെ കണ്ട ഗോ പൂജകരെ അനുകരിച്ച് ഗോവിന്റെ കോലമുണ്ടാക്കി ആരാധിച്ച സമരിയക്കാരുടെ കഥ വിശുദ്ധ ഖുര്‍ആന്‍ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ആര്യന്മാരുടെ അധിനിവേശത്തോടെയാണ് ഇന്ത്യയിലും ഗോപൂജയുടെ ചരിത്രം ആരംഭിക്കുന്നത്. ബ്രാഹ്മണരാണ് ഗോപൂജയുടെ പ്രണേതാക്കള്‍. എന്നാല്‍, പൌരാണിക ആര്യന്മാര്‍ ഗോക്കള്‍ക്ക് പവിത്രത കല്‍പിച്ചില്ലെന്ന് മാത്രമല്ല, അവയെ ധാരാളമായി അറുത്ത് തിന്നിരുന്നുവെന്നും രാഹുല്‍ സാന്‍കൃത്യയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പശുവിന് എന്നല്ല മനുഷ്യനും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടെ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിക്കും ദിവ്യത്വമോ പവിത്രതയോ ഇല്ല എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം. സ്രഷ്ടാവായ ദൈവത്തിന് മാത്രമേ ദിവ്യത്വമുള്ളൂ. അവനെ മാത്രമേ പൂജിക്കാവൂ. സാക്ഷാല്‍ മനുഷ്യ മാതാവിനോടുള്ള സ്നേഹാതിരേകം പോലും ദിവ്യത്വം കല്‍പിക്കുന്നേടത്തോളം വളര്‍ന്നുകൂടാ. 'സ്വര്‍ഗം മാതാക്കളുടെ കാലടികള്‍ക്ക് താഴെയാണ്' എന്ന് പഠിപ്പിച്ച പ്രവാചകന്‍ തന്നെ ഒരു തരത്തിലുള്ള സൃഷ്ടിപൂജയെയും അനുവദിച്ചിട്ടില്ല. മനുഷ്യ മഹത്വത്തിന് നിരക്കാത്തതാണ് സൃഷ്ടി പൂജ. പശുവിനെ നന്നായി വളര്‍ത്താം, അതിനോട് സ്നേഹപൂര്‍വം പെരുമാറാം, ഒരു വിധത്തിലും പീഡിപ്പിക്കാതിരിക്കാം. അതിലപ്പുറമൊന്നും പശു അര്‍ഹിക്കുന്നില്ല. എന്നാല്‍ ബഹുമത സമൂഹത്തില്‍ ഗോപൂജകരുടെ വികാരങ്ങള്‍ മാനിക്കപ്പെടേണ്ടതാണ്.
ഫൈസല്‍ അവാര്‍ഡും ഇസ്ലാമിക പ്രവര്‍ത്തനവും അബ്ദുല്‍ ഹകീം നദ് വി
ആഗോളാടിസ്ഥാനത്തില്‍ ഇസ്ലാമിക പ്രവര്‍ത്തനം, ഇസ്ലാമിക പഠനം, അറബി സാഹിത്യം എന്നീ മേഖലകളില്‍ മികച്ച സേവനമനുഷ്ഠിക്കുന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ് കിംഗ് ഫൈസല്‍ ഇന്റര്‍നാഷ്നല്‍ അവാര്‍ഡ്. വൈദ്യശാസ്ത്രം, മറ്റു ശാസ്ത്ര ശാഖകള്‍ എന്നീ ഇനങ്ങളിലും പ്രസ്തുത അവാര്‍ഡ് നല്‍കുന്നുണ്ടെങ്കിലും ഇതിനേക്കാള്‍ വലിയ മറ്റു പല അംഗീകാരങ്ങളും ആ മേഖലകളില്‍ ഉള്ളതുകൊണ്ട് അവ അത്രയധികം ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍, ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനും നല്‍കുന്ന നൊബേല്‍ സമ്മാനം എന്ന് വേണമെങ്കില്‍ ഫൈസല്‍ അവാര്‍ഡിനെ വിശേഷിപ്പിക്കാം. 1979 മുതല്‍ തുടര്‍ച്ചയായി നല്‍കി വരുന്ന ഈ അവാര്‍ഡ് ആദ്യ വര്‍ഷം ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനും മാത്രമാണ് നല്‍കിയത്. രണ്ടാം വര്‍ഷം അറബി സാഹിത്യം കൂടി ഉള്‍പ്പെടുത്തി. 1982ല്‍ വൈദ്യശാസ്ത്രവും '84ല്‍ പൊതു ശാസ്ത്രവും പിന്നീടുള്ള ഓരോ വര്‍ഷങ്ങളില്‍ വിവിധ ശാസ്ത്ര ശാഖകളെയും ഇതില്‍ ഉള്‍പ്പെടുത്തി. 1979 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും നല്‍കുന്ന അവാര്‍ഡ് ഇസ്ലാമിക പ്രവര്‍ത്തനത്തിനുള്ളത് മാത്രമാണ്. മറ്റുള്ള ഇനങ്ങളില്‍ അവാര്‍ഡ് ചില വര്‍ഷങ്ങളില്‍ നല്‍കുകയും മറ്റു ചില വര്‍ഷങ്ങളില്‍ നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ, ഇസ്ലാമിക പ്രവര്‍ത്തനത്തിനുള്ള ആഗോള അംഗീകാരം എന്നതാണ് മുഖ്യമായും ഈ അവാര്‍ഡിന്റെ ഊന്നലും സവിശേഷതയും. രണ്ടാമത്തെ മുഖ്യ ഇനമായി ഇസ്ലാമിക പഠനത്തെയും പിന്നീട് അറബി സാഹിത്യത്തെയും പരിഗണിക്കുന്നു. മറ്റു ഇനങ്ങളെല്ലാം അവയുടെ അനുബന്ധങ്ങള്‍ എന്ന നിലക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നത്. 1975ല്‍ മരണമടഞ്ഞ സുഊദി രാഷ്ട്ര ശില്‍പികളിലൊരാളായ ഫൈസല്‍ രാജാവിന്റെ പേരിലുള്ള കിംഗ് ഫൈസല്‍ ഫൌണ്ടേഷനാണ് അവാര്‍ഡ് നല്‍കി വരുന്നത്. സുഊദി ഭരണകൂടത്തിന്റെയും പണ്ഡിതന്മാരുടെയും കാര്‍മികത്വത്തിലും നിയന്ത്രണത്തിലുമുള്ള ഒരു സ്ഥാപനമാണിത്. കിംഗ് ഫൈസല്‍ ഇന്റര്‍നാഷ്നല്‍ അവാര്‍ഡിനു പുറമെ, കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റഡീസ്, അല്‍ ഫൈസല്‍ യൂനിവേഴ്സിറ്റി, കിംഗ് ഫൈസല്‍ സ്കൂളുകള്‍ എന്നിവയും ഇതിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു. 7.5 ലക്ഷം സുഊദി റിയാലും (ഉദ്ദേശം 2 ലക്ഷം ഡോളര്‍) സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഫൈസല്‍ അവാര്‍ഡ്. വിവിധ രാജ്യങ്ങളില്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. അര്‍ഹരും യോഗ്യരുമായ വ്യക്തിത്വങ്ങളെ കണ്ടെത്തുന്നതില്‍ പൊതുവെ നീതിപൂര്‍വകവും സന്തുലിതവുമായ നിലപാട് സ്വീകരിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകതലത്തില്‍ ഇസ്ലാമിന്റെ സമ്പൂര്‍ണ പ്രതിനിധാനത്തിന് വേണ്ടി പണിയെടുക്കുകയും ഇസ്ലാമിന്റെ ശത്രുക്കള്‍ ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കുകയും ചെയ്ത വ്യക്തിത്വങ്ങളാണ് ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനും തെരഞ്ഞെടുത്തവരില്‍ ഭൂരിപക്ഷവും. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പലരും ഫൈസല്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. ഇസ്ലാമിക രാഷ്ട്രീയം, സാമ്പത്തിക നയം, സാമൂഹിക പ്രതിബദ്ധത, സാംസ്കാരിക-നാഗരിക ഉള്ളടക്കം തുടങ്ങി വിവിധ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖരാണ് ഈ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടവര്‍. പല രാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും അവാര്‍ഡ് ലഭിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുകയും നഖശിഖാന്തം എതിര്‍ക്കുകയും അവ മുമ്പോട്ട് വെക്കുന്ന ഇസ്ലാമിന്റെ സമഗ്രതയും വിശാലതയും ഉള്‍ക്കൊള്ളുന്നതില്‍ കൃത്യവിലോപം കാണിക്കുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട് നമ്മുടെ കേരളത്തില്‍. ഇസ്ലാമിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രതിനിധാനത്തെ താത്ത്വികമായി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മുസ്ലിം സംഘങ്ങള്‍ ഇന്ന് കേരളത്തിലില്ല. പക്ഷേ, അത് പ്രയോഗവത്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കാന്‍ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പുറത്തെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവരാണ് ഈ സംഘങ്ങളില്‍ അധികവും. ഏറ്റവുമൊടുവില്‍ മിഡിലീസ്റില്‍ രൂപപ്പെട്ട ജനാധിപത്യ ഉയിര്‍ത്തെഴുന്നേല്‍പുകളോട് ഇവര്‍ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നതും ഈ അന്ധമായ എതിര്‍പ്പ് തന്നെ. തുനീഷ്യയിലും ഈജിപ്തിലും ഉണ്ടായ നവജാഗരണങ്ങള്‍ ലോക സാമ്രാജ്യത്വ ശക്തികളും മതരാഷ്ട്രവാദികളും തമ്മിലുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് നിര്‍ലജ്ജം പ്രചരിപ്പിക്കാന്‍ അവര്‍ മടിക്കാത്തത് ഇത്തരം അന്ധമായ എതിര്‍പ്പുകള്‍ നിലനിര്‍ത്തിപ്പോരുന്നതു കൊണ്ടു മാത്രമാണ്. കേരളത്തില്‍ കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ജനകീയ കൂട്ടായ്മകള്‍ രൂപവത്കരിക്കുകയും നീതിയുടെ പക്ഷത്ത് നിന്ന് ജനപക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഇസ്ലാമിക പക്ഷത്തുള്ളവര്‍ക്ക് പ്രാമാണികമായും പ്രായോഗികമായും എതിര്‍ക്കാന്‍ പഴുതുകളൊന്നുമില്ലാതിരുന്നിട്ടും അതിശക്തമായ എതിര്‍പ്രചാരണങ്ങളാണ് ഈ വിഭാഗം അഴിച്ച് വിട്ടിരുന്നത്. അന്ധമായ സംഘടനാ പക്ഷപാതിത്വം കൊണ്ടും സങ്കുചിതമായ പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ടും ചുരുങ്ങിപ്പോയ ഈ സംഘങ്ങള്‍ പലപ്പോഴും പല വിഷയങ്ങളിലും മാതൃകയാക്കുകയും തെളിവുദ്ധരിക്കുകയും ചെയ്യാറുള്ളത് സുഊദിയിലെ സലഫി പണ്ഡിതന്മാരെയും അവിടത്തെ വൈജ്ഞാനിക ചര്‍ച്ചകളെയും ആസ്പദിച്ചുകൊണ്ടാണ്. അതേ സലഫി പണ്ഡിതസഭയും ഭരണ നേതൃത്വവും അടങ്ങുന്ന ജൂറിയാണ് ഇസ്ലാമിക പ്രവര്‍ത്തനത്തിനും പഠനത്തിനുമുള്ള അവാര്‍ഡിന് അര്‍ഹരായ വ്യക്തിത്വങ്ങളെ കണ്ടെത്തുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ നേതൃത്വത്തോടും വീക്ഷണപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധത സുഊദി പണ്ഡിതന്മാരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നു എന്നതാണ് നമുക്കിവിടെ കാണാനാകുന്നത്. ശൈഖ് ഇബ്നു ബാസും മുഹമ്മദ് സ്വാലിഹ് ഉസൈമീനും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതന്മാരെല്ലാം ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണ്. സയ്യിദ് മൌദൂദിയും ശഹീദ് ഹസനുല്‍ ബന്നയും സയ്യിദ് ഖുത്വുബും മുഹമ്മദ് ഖുത്വുബും ഖറദാവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പണ്ഡിത ശ്രേഷ്ഠരെയും തെരുവുകളില്‍ നിഷ്കരുണം കൈകാര്യം ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഒരു സലഫിസമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ കാണാനാവുക. എന്നാല്‍ ഇതേ വ്യക്തിത്വങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഫൈസല്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്ന സലഫികളാണ് സുഊദി അറേബ്യയിലുള്ളത്. ഫൈസല്‍ അവാര്‍ഡിന് അര്‍ഹനായ പ്രഥമ വ്യക്തിത്വം ജമാഅത്തെ ഇസ്ലാമി സ്ഥാപകനും ഇസ്ലാമിന്റെ രാഷ്ട്രീയ സാമൂഹിക പ്രതിനിധാനം ലോകത്തെ ബോധ്യപ്പെടുത്താനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയാണ്. അദ്ദേഹത്തിന്റെ പ്രസ്ഥാന ജീവിതത്തിലെ അവസാന നാളുകളിലാണ് പ്രസ്തുത അവാര്‍ഡിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. യാതൊരവ്യക്തതയും ഇല്ലാത്ത വിധം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മാര്‍ഗം ലോകത്തിന്റെ മുമ്പില്‍ തെളിഞ്ഞ് നില്‍ക്കുന്ന കാലഘട്ടത്തില്‍ തന്നെ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അവാര്‍ഡ് കമ്മിറ്റിക്ക് അബദ്ധം പിണഞ്ഞതല്ലെന്നുറപ്പാണ്. ഇസ്ലാമിന്റെ സമഗ്രതയും അതിജീവന ശേഷിയും ഭൌതിക ദര്‍ശനങ്ങളോട് മത്സരിക്കാനുള്ള കരുത്തും ലോക സമക്ഷം സമര്‍പ്പിക്കുകയും ആ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തെ വാര്‍ത്തെടുക്കുകയും ചെയ്തതിന്റെ അംഗീകാരം എന്ന നിലക്ക് തന്നെയാണ് പ്രസ്തുത അവാര്‍ഡിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇസ്ലാമിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭ്യമായവരില്‍ ഭൂരിപക്ഷവും സമൂഹത്തിലെ ഉയര്‍ന്ന വ്യക്തിത്വങ്ങള്‍ തന്നെയാണ്. 1980ല്‍ അവാര്‍ഡ് പങ്കിട്ടത് രണ്ട് പേരായിരുന്നു. ലോക തലത്തില്‍ അറിയപ്പെട്ട ഇസ്ലാമിക പണ്ഡിതനും പല ആഗോള ഇസ്ലാമിക സംരംഭങ്ങളുടെയും അമരക്കാരനും കാര്യദര്‍ശിയുമായിരുന്ന സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വിയും, മുന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റും ജക്കാര്‍ത്ത കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സുപ്രീം കൌണ്‍സില്‍ ഫോര്‍ ഇസ്ലാമിക് കാള്‍ എന്ന ഇസ്ലാമിക സംഘടനയുടെ അധ്യക്ഷനുമായിരുന്ന ഡോ. മുഹമ്മദ് നാസ്വിറും. 1983ല്‍ പ്രഥമ മലേഷ്യന്‍ പ്രധാനമന്ത്രിയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്ന തുങ്കു അബ്ദുര്‍റഹ്മാനെയാണ് തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലേഷ്യന്‍ ലിബറേഷന്‍ മൂവ്മെന്റിന് നേതൃത്വം കൊടുത്ത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. 1985ല്‍ അവാര്‍ഡിനു തെരഞ്ഞെടുത്തത് റസൂല്‍ സയ്യാഫ് എന്ന അഫ്ഗാന്‍ പോരാളിയെയായിരുന്നു. '86ല്‍ ലോക പ്രശസ്ത ഇസ്ലാമിക പ്രബോധകനും ഇസ്ലാമിക് പ്രൊപഗേഷന്‍ സെന്റര്‍ ഇന്റര്‍നാഷ്നല്‍ എന്ന സംഘടനയുടെ സ്ഥാപകനുമായിരുന്ന അഹ്മദ് ഹുസൈന്‍ ദീദാത്തും, ഇസ്ലാമിന്റെ നാഗരികവും സാംസ്കാരികവുമായ മുഖം ലോകസമക്ഷം സമര്‍പ്പിച്ച, 1982ല്‍ മാത്രം ഇസ്ലാം സ്വീകരിച്ച രജാ ഗരോഡിയുമായിരുന്നു അവാര്‍ഡ് ജേതാക്കള്‍. നൈജീരിയന്‍ കോളനിവല്‍ക്കരണത്തിനെതിരെ പോരാട്ടത്തിന് നേതൃത്വം നല്‍കിയിരുന്ന ശൈഖ് അബൂബക്കര്‍ മഹ്മൂദ് ഗൂമി, ഫിലിപ്പിന്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഡോ. അഹ്മദ് ഡെമോകോ അലെന്റോ, ലോക ഇസ്ലാമിക പണ്ഡിതന്മാരായറിയപ്പെടുന്ന മുഹമ്മദുല്‍ ഗസ്സാലി, ശൈഖ് അലി ത്വന്‍താവി, നൈജീരിയന്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. അഹ്മദ് അല്‍ ഗബീബ്, ബോസ്നിയന്‍ പ്രസിഡന്റും ഇസ്ലാമിക ചിന്തകനുമായിരുന്ന അലിജാ അലി ഇസ്സത്ത് ബഗോവിച്ച്, പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റും പണ്ഡിതനും സാമ്പത്തിക വിദഗ്ധനുമായ ഖുര്‍ഷിദ് അഹ്മദ്, മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന മഹാതീര്‍ മുഹമ്മദ്, സെനഗല്‍ പ്രസിഡന്റ് അബ്ദുദുയൂഫ് തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങളെല്ലാം പല സന്ദര്‍ഭങ്ങളിലായി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇഖ്വാനുല്‍ മുസ്ലിമൂന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ദാര്‍ശനികമായ പിന്‍ബലവും പ്രാമാണികമായ കരുത്തും നല്‍കുന്നതില്‍ എക്കാലത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന യൂസുഫുല്‍ ഖറദാവിയും തുര്‍ക്കി പ്രധാനമന്ത്രിയും എ.കെ പാര്‍ട്ടിയുടെ തലവനുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാനും പ്രസ്തുത അവാര്‍ഡിനു തെരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രമുഖരാണ്. ഏറ്റവുമൊടുവില്‍ 2011ലെ അവാര്‍ഡിന് അര്‍ഹനായത് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയും പല ഇസ്ലാമിക സംരംഭങ്ങളുടെയും തലവനുമായ അഹ്മദ് ബദവിയാണ്. ശൈഖ് ഇബ്നു ബാസും ഉസൈമീനും ഉള്‍പ്പെടെ സുഊദി പണ്ഡിതന്മാരെയും ഈ അവാര്‍ഡിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെട്ട ഇസ്ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമായിരുന്ന പ്രശസ്ത ഇസ്ലാമിക സാമ്പത്തിക വിദഗ്ധന്‍ ഡോ. നജാത്തുല്ലാ സിദ്ദീഖിയെയാണ് 1982ല്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഇസ്ലാമിന്റെ സാമൂഹിക ഇടപെടലുകളെ കുറിച്ച് പഠനം നടത്തിയ ഡോ. ഫാറൂഖ് ദസൂഖി, ഇഖ്വാന്‍ ആദര്‍ശ പരിസരത്ത് ജീവിക്കുകയും രചനകള്‍ നടത്തുകയും ചെയ്യുന്ന മുഹമ്മദ് ഖുത്വ്ബ്, സയ്യിദ് സാബിഖ്, പ്രശസ്ത ഇസ്ലാമിക സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് ചാപ്ര, ഇസ്ലാമിക സാമ്പത്തിക സാമൂഹിക ശാസ്ത്ര പണ്ഡിതന്‍ സ്വാലിഹ് അഹ്മദ് അലി, മുസ്ത്വഫാ എം. സുലൈമാന്‍, ബംഗ്ളാദേശുകാരനായ പ്രഫ. മുഹമ്മദ് മെഹര്‍ അലി, പ്രഫ. ഇസ്സുദ്ദീന്‍ മുഹമ്മദ് മൂസാ, ഇസ്മാഈല്‍ അബൂബക്കര്‍ ബകാത്, പ്രഫ. സിദ്ദീഖ് അല്‍ദാനിര്‍, അബ്ദുല്‍ കരീം സിദാന്‍ ബീച്ച്, മിഖ്ദാദ് യാങ്കിന്‍ തുടങ്ങിയ ഇസ്ലാമിന്റെ സമഗ്രത ഉള്‍ക്കൊണ്ട് ഒട്ടനവധി രചനകള്‍ നടത്തിയ എഴുത്തുകാരെ ഈ പുരസ്കാരം തേടിയെത്തി. ഇസ്ലാമിക പ്രസ്ഥാന നേതാക്കളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഇത്തരം അംഗീകാരങ്ങള്‍ നല്‍കാന്‍ ആര്‍ജവം കാണിക്കുന്ന സുഊദി ഭരണകൂടവും പണ്ഡിതരും കിംഗ് ഫൈസല്‍ ഫൌണ്ടേഷന്‍ പ്രതിനിധികളും പ്രശംസയര്‍ഹിക്കുന്നു. ഒപ്പം കേരളത്തിലെ സലഫി സുഹൃത്തുക്കള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പ്രചോദനം കൂടിയാണിത്. ജമാഅത്തെ ഇസ്ലാമിയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളും പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ചില ശരികളെങ്കിലുമുണ്ടെന്ന് അംഗീകരിക്കാനെങ്കിലും ഇവര്‍ക്കായാല്‍ ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും അതുണ്ടാക്കുന്ന അംഗീകാരം ചെറുതായിരിക്കില്ല.
അദൃശ്യനായ ദൈവം ഗ്രന്ഥം അവതരിപ്പിക്കുന്നതെങ്ങനെ? ഇ.സി സൈമണ്‍ മാസ്റ്റര്‍
യേശുവിനെ ദൈവമെന്ന്‌ ക്രൈസ്‌തവര്‍ പറയുന്നത്‌ ആത്മാര്‍ഥമായും ഉത്തമ വിശ്വാസത്തോടെയുമായിരുന്നെങ്കില്‍ ആ പറയുന്നതിന്റെ ന്യായത്തെപ്പറ്റി അവര്‍ ചിന്തിക്കുമായിരുന്നു. എല്ലാ മനുഷ്യരെയും അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌ത്‌ വിധി നടപ്പാക്കുന്ന ന്യായാധിപനാണ്‌ ദൈവം എന്നാണ്‌ മനുഷ്യന്റെ സങ്കല്‍പവും വിശ്വാസവും. എന്നാല്‍ മനുഷ്യ ന്യായധിപന്മാരുടെ മുമ്പില്‍ ഹാജരായി അവരുടെ വിചാരണ വിനീതനായി നേരിട്ട യേശു ദൈവമായിരുന്നെങ്കില്‍ ആ `ദൈവം' ഇത്ര നിസ്സാരനോ എന്ന്‌ ആര്‍ക്കും തോന്നാവുന്നതാണ്‌. അത്രയധികം നിസ്സഹായാവസ്ഥയിലായിരുന്ന അദ്ദേഹം എന്തെല്ലാം തരത്തിലുള്ള പീഡനങ്ങളും അവഹേളനങ്ങളുമാണ്‌ അവിടെ സഹിക്കേണ്ടിവന്നത്‌! അതൊന്നും പക്ഷേ, ക്രൈസ്‌തവര്‍ക്ക്‌ കാണാനോ ചിന്തിക്കാനോ കഴിയാത്തതാണ്‌ അത്ഭുതം. അപ്പോഴും അവര്‍ക്കദ്ദേഹം സര്‍വശക്തനും സര്‍വോന്നതനുമായ ന്യായാധിപനും വിധികര്‍ത്താവും തന്നെ. എല്ലാവരുടെയും വിധികര്‍ത്താവാകേണ്ട `ദൈവം' തനിക്കെതിരെ മറ്റു ന്യായാധിപന്മാര്‍ കല്‍പിച്ച വിധി ഏറ്റുവാങ്ങുന്നു! അനുകൂലമായി ഒരു സാക്ഷിയെയും അദ്ദേഹത്തിനു കിട്ടുന്നില്ല. എതിര്‍പ്പും പ്രതിഷേധവുമായി ഒരു ചെറുവിരല്‍ പോലും ആരും അനക്കുന്നില്ല. ദൈവം ഇത്ര ദുര്‍ബലനോ എന്ന്‌ ആരും ചോദിച്ചുപോകും. രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഇവിടെ ഭൂമിയില്‍ വെച്ച്‌ യേശുവിനെ മനുഷ്യര്‍ നടത്തിയ വിചാരണ ബൈബിള്‍ ഇങ്ങനെ വിവരിക്കുമ്പോള്‍, വരാനുള്ള ലോകത്ത്‌ ന്യായാധിപന്മാരുടെ ന്യായാധിപനായ, വിധി കര്‍ത്താക്കളുടെ വിധികര്‍ത്താവായ പരമോന്നത ദൈവത്തിന്റെ തിരുമുമ്പില്‍ പ്രവാചകനായ യേശുവിനെ വരുത്തി അല്ലാഹു തന്നെ നടത്തുന്ന ചോദ്യം ചെയ്യല്‍ പരിശുദ്ധ ഖുര്‍ആന്‍ മുന്‍കൂട്ടി വെളിപ്പെടുത്തിയിരിക്കുന്നു, ദൈവത്തെ ദൈവമായും മനുഷ്യനെ മനുഷ്യനായും അതിന്റെ പൂര്‍ണ ഗാംഭീര്യത്തോടും തനിമയോടും കൂടി ഇങ്ങനെ: ``അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം ഓര്‍ക്കുക: മര്‍യമിന്റെ മകന്‍ ഇസാ, `അല്ലാഹുവെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും ആരാധ്യരാക്കുവിന്‍' എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അപ്പോള്‍ അദ്ദേഹം പറയും: നീ എത്ര പരിശുദ്ധന്‍. എനിക്ക്‌ പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത്‌ നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത്‌ ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ കണ്ണുകൊണ്ട്‌ കാണാന്‍ കഴിയാത്തതു പോലും നന്നായറിയുവന്നവന്‍.'' ``നീ എന്നോട്‌ കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോട്‌ പറഞ്ഞിട്ടില്ല. അഥവാ, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട്‌ ജീവിക്കണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു.'' ``നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്കു മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.'' ``അല്ലാഹു അറിയിക്കും: സത്യസന്ധന്മാര്‍ക്ക്‌ തങ്ങളുടെ സത്യം ഉപകരിക്കും ദിനമാണിത്‌. അവര്‍ക്ക്‌ താഴ്‌ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്‌. അവരവിടെ സ്ഥിരവാസികളായിരിക്കും. അവരെക്കുറിച്ച്‌ അല്ലാഹു സംതൃപ്‌തനായിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും സംതൃപ്‌തരാണ്‌. അതത്രെ അതിമഹത്തായ വിജയം. ആകാശഭൂമികളുടെയും അവയിലുള്ളവയുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്‌. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്‌'' (5:116-120). ഖുര്‍ആന്‍ ദൈവവചനമാണെന്നും അത്‌ ദൈവം അവതരിപ്പിച്ചു തന്നതാണെന്നും ഗ്രന്ഥകര്‍ത്താവില്ലാത്ത ആ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ ദൈവം തന്നെ ആയതിനാല്‍ അത്‌ മനുഷ്യ നിര്‍മിതമല്ലെന്നും മനുഷ്യന്റേതായ യാതൊരുവിധ കൈകടത്തലുകള്‍ക്കോ മാറ്റത്തിരുത്തലുകള്‍ക്കോ വിധേയമാകാത്തതും കാലപ്പഴക്കം കൊണ്ടോ ഭാഷാപരമായ പ്രയോഗ വ്യത്യാസം കൊണ്ടോ പരിഷ്‌കരണത്തിന്റെ ആവശ്യം വന്നിട്ടില്ലാത്തതും എത്ര തന്നെ പരിശോധിച്ചാലും യാതൊരുവിധ വൈരുധ്യങ്ങളും ഒരിടത്തും ആര്‍ക്കും കണ്ടുപിടിക്കാന്‍ ആവാത്തതുമായ ആ ഗ്രന്ഥം അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്തിലുള്ളതാണെന്നും പറയുമ്പോള്‍ പലര്‍ക്കും സംശയം, അദൃശ്യനായ ദൈവം മനുഷ്യര്‍ക്ക്‌ ഗ്രന്ഥം അവതരിപ്പിച്ചുതരുന്നതെങ്ങനെ? ദൈവിക സന്ദേശങ്ങള്‍ മനുഷ്യരെ അറിയിക്കുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും ദൈവം പല മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്‌. പ്രവാചകന്മാരില്‍ കൂടി അറിയിക്കലാണ്‌ അതിലൊരു മാര്‍ഗം. ദൈവ കല്‍പനകളും ദൈവിക നിര്‍ദേശങ്ങളും ദൈവദൂതന്മാരായ പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്കു ലഭ്യമാക്കുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാരില്‍ ചിലരായിരുന്നു ഇബ്‌റാഹീം, മൂസാ, യേശു, മുഹമ്മദ്‌ തുടങ്ങിയവര്‍. പ്രിയങ്കരനായ തന്റെ ആദ്യപുത്രന്‍ ഇസ്‌മായേലിനെ ദൈവപ്രീതിക്കുവേണ്ടി ബലിയറുക്കണമെന്ന കല്‍പന ഇബ്‌റാഹീം എന്ന അബ്രാഹാമിനു ലഭിച്ചത്‌ സ്വപ്‌നത്തില്‍ കൂടിയായിരുന്നു. സീനായ്‌ മലയിലെ കത്തുന്ന തീയില്‍ നിന്ന്‌ പേരെടുത്തു വിളിച്ച്‌ മുഖാമുഖം കാണാതെ ശബ്‌ദം മാത്രം കേള്‍പ്പിച്ച്‌ സംസാരിക്കുകയും, മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യവര്‍ഗം എന്നും പാലിക്കേണ്ട നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും അടിസ്ഥാന പ്രമാണങ്ങളാക്കി പറഞ്ഞു പഠിപ്പിക്കുകയും ഹീബ്രു ഭാഷയില്‍ കല്ലില്‍ എഴുതിക്കൊടുക്കുകയും ചെയ്‌ത്‌ അല്ലാഹു തെരഞ്ഞെടുത്ത പ്രവാചകനായിരുന്നു മോസസ്‌ എന്ന മൂസാ നബി. പിതാവില്ലാതെ അത്ഭുതാവഹമായ രീതിയില്‍ മാതാവില്‍ നിന്നു മാത്രമായി ജനിച്ച്‌ ദൈവം കൊടുത്ത അറിവും കഴിവും ഉപയോഗപ്പെടുത്തി അത്ഭുത പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ സ്‌നേഹാദരവുകളും അല്ലാഹുവിന്റെ പ്രീതിയും ഏറ്റുവാങ്ങി ഹ്രസ്വമായ ജീവിതകാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെ അനശ്വരതയിലേക്ക്‌ ദൈവം ഉയര്‍ത്തിയ പ്രവാചകനായിരുന്നു മറിയമിന്റെ പുത്രനായ യേശു എന്ന ഈസാ നബി. പല കാരണങ്ങള്‍ കൊണ്ടും വ്യത്യസ്‌തനായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ്‌. മുന്‍ പ്രവാചകന്മാരെല്ലാം ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളിലേക്കോ ജനവിഭാഗങ്ങളിലേക്കോ മാത്രമായി നിയുക്തരായപ്പോള്‍, മുഹമ്മദിന്റെ പ്രവര്‍ത്തന മണ്ഡലം മനുഷ്യരധിവസിക്കുന്ന ഈ വിസ്‌തൃത ഭൂഗോളമൊട്ടാകെയായിരുന്നു. അവരുടെ സംബോധനാ രീതികളിലും ഉണ്ടായിരുന്നു ആ വ്യത്യാസം. ഹേ, ബെബ്രായര്‍ക്കാരേ, ഹേ ഇസ്രയേല്‍ക്കാരേ തുടങ്ങി അഭിസംബോധനകള്‍ക്കുപകരം ഹേ, മനുഷ്യരേ, ആദമിന്റെ സന്തതികളേ, ഹേ ജനങ്ങളേ തുടങ്ങിയവയായി മുഹമ്മദിന്റെ സംബോധനാ രീതി. അല്ലാഹുവും അദ്ദേഹത്തോട്‌ കാണിച്ചിട്ടുണ്ട്‌ അതനുസരിച്ചുള്ള പ്രത്യേകതകള്‍. കുറ്റമറ്റ ഒരു സമ്പൂര്‍ണ ഗ്രന്ഥം തന്നെ എല്ലാ കാലത്തേക്കും എല്ലാ മനുഷ്യര്‍ക്കുമായി അല്ലാഹു അദ്ദേഹത്തെ ഏല്‍പിച്ചു. അല്ലാഹുവിന്റെ സന്ദേശവാഹകരില്‍ പ്രമുഖനായ ജിബ്‌രീല്‍ എന്ന ഗബ്രിയേല്‍ മാലാഖയെത്തന്നെ നേരിട്ടയച്ച്‌ ഗ്രന്ഥം പഠിപ്പിക്കുകയും സംരക്ഷണച്ചുമതല ഏല്‍പിക്കുകയും ചെയ്‌തു. ആ സംഭവം ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: ``അറേബ്യയിലെ മക്കാ പട്ടണത്തിലെ ഖുറൈശി വംശത്തില്‍ പെട്ട അബ്‌ദുല്ലയുടെ മകന്‍ മുഹമ്മദ്‌ ചെറുപ്പം മുതലേ ഒരു സത്യാന്വേഷി ആയിരുന്നു. നാട്ടുകാരുടെ `വിശ്വസ്‌തന്‍' എന്ന സല്‍പേര്‌ ബാല്യത്തില്‍ തന്നെ നേടാനിടയായി. പട്ടണത്തില്‍ നിന്ന്‌ അധികം അകലെയല്ലാതെ ഹിറാ കുന്നിലെ ഒരു ഗുഹയില്‍ കൊല്ലം തോറും റമദാന്‍ മാസത്തില്‍ ധ്യാന നിരതനായിരിക്കുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. നാല്‍പതു വയസ്സുള്ളപ്പോള്‍ അവിടെ ഒരു രാത്രി ഏകദേശം ഉറക്കാവസ്ഥയിലായിരിക്കുമ്പോഴാണ്‌ ആദ്യമായി അദ്ദേഹത്തിന്‌ ദൈവിക വെളിപാടുണ്ടായത്‌. `വായിക്കുക' എന്നൊരു ശബ്‌ദം പറയുന്നതായി കേട്ടു. `വായിക്കാന്‍ എനിക്കു കഴിവില്ല' അദ്ദേഹം പറഞ്ഞു. ശബ്‌ദം വീണ്ടും പറഞ്ഞു: `വായിക്കുക' `എനിക്ക്‌ വായിക്കാന്‍ കഴിവില്ല' അദ്ദേഹം ആവര്‍ത്തിച്ചു. മൂന്നാം തവണ ശബ്‌ദം ശക്തിയോടെ കല്‍പിച്ചു: `വായിക്കുക' `എനിക്ക്‌ എന്തു വായിക്കാന്‍ കഴിയും? ' അദ്ദേഹം ചോദിച്ചു. ശബ്‌ദം പറഞ്ഞു: ``വായിക്കുക, സൃഷ്‌ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന്‌ സൃഷ്‌ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്‌. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത്‌ അവന്‍ പഠിപ്പിച്ചു'' (96:1-5). ഉണര്‍ന്നപ്പോള്‍ ആ വാക്കുകള്‍ ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ടപോലെ നന്നായി പതിഞ്ഞിരുന്നു. കുന്നിന്‍ മുകളില്‍ ഗുഹയില്‍ നിന്ന്‌ അദ്ദേഹം താഴേക്കിറങ്ങി. അപ്പോഴും കേട്ടുകൊണ്ടിരുന്നു അമ്പരപ്പിക്കുന്ന ആ ശബ്‌ദം. `ഓ, മുഹമ്മദ്‌ താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണ്‌. ഞാന്‍ ജിബ്‌രീല്‍ (ഗബ്രിയേല്‍) മാലാഖ.' ദൃശ്യത്തിന്റെ പ്രകാശത്തില്‍നിന്ന്‌ മുഖംതിരിച്ച്‌ മുഹമ്മദ്‌ നിശ്ചലനായിരുന്നു. എന്നാല്‍ എങ്ങോട്ട്‌ മുഖം തിരിച്ചാലും അവിടെയെല്ലാം തനിക്ക്‌ അഭിമുഖമായി മനുഷ്യരൂപത്തിലുള്ള ജിബ്‌രീല്‍ മാലാഖയെ ആകാശചക്രവാളത്തില്‍ അദ്ദേഹം കണ്ടു. വളരെ സമയത്തിനു ശേഷം മലക്ക്‌ (മാലാഖ) അപ്രത്യക്ഷമാകുന്നതുവരെ മുഹമ്മദ്‌ ആ നിലയില്‍ നിന്നുപോയി'' (Marmaduke Pickthallന്റെ The Glorious Quran ഇംഗ്ലീഷ്‌ പരിഭാഷയുടെ മുഖവുരയില്‍നിന്ന്‌). ദൈവത്തില്‍ നിന്ന്‌ അവതരിച്ചതായതുകൊണ്ട്‌ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ, ബൈബിളില്‍ യേശുവിനെപ്പറ്റി പ്രതിപാദിക്കുന്ന സുവിശേഷങ്ങള്‍ നാലും മനുഷ്യനിര്‍മിതമെന്നു പറയുമ്പോള്‍ ക്രൈസ്‌തവര്‍ക്ക്‌ എന്തോ ഒരു അപകര്‍ഷതാബോധം പോലെ തോന്നാറുണ്ട്‌. എന്നാല്‍ ആരെയും ആക്ഷേപിക്കാനോ തരംതാഴ്‌ത്തിക്കാണിക്കാനോ അല്ലാതെ, സത്യം സത്യമായി പറഞ്ഞാലും സ്ഥിതി മാറ്റം വരാത്ത വിധത്തില്‍ അതുതന്നെ. സുവിശേഷകര്‍ത്താക്കളായ നാലുപേരും അവരവരുടെ ഗ്രന്ഥങ്ങളുടെ പുറത്ത്‌ സ്വന്തം പേരുകളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുമ്പോള്‍ അക്കാര്യം പ്രത്യേകം എടുത്തു പറയാതിരിക്കാന്‍ നിര്‍വാഹമില്ലാത്തതാണ്‌ സ്ഥിതി. എന്നാല്‍, ബൈബിളിനെ സംബന്ധിച്ച്‌ ക്രിസ്‌തുമതവിശ്വാസികള്‍ക്ക്‌ പോലും അറിയാത്തതും അറിയാന്‍ അവരാരും ആഗ്രഹിക്കാത്തതുമായ വേറെയും പല പരമാര്‍ത്ഥങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കേണ്ടതാണ്‌. അതിലൊന്നാണ്‌ നാല്‌ സുവിശേഷങ്ങളില്‍ ഒന്നുപോലും യേശുകാണുകയോ അവയിലെ ഉള്ളടക്കം അദ്ദേഹം അംഗീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന യാഥാര്‍ഥ്യം. ഇതൊരു തര്‍ക്ക വിഷയമോ വിവാദ പ്രസ്‌താവനയോ ആയി ആരും കാണേണ്ടതില്ല. കാരണം, നാലു ഗ്രന്ഥങ്ങളിലും വിവരിക്കുന്നതാണ്‌ യേശുവിന്റെ കുരിശുമരണം. മരണശേഷം മൃതദേഹം എങ്ങനെ എവിടെ സംസ്‌കരിച്ചു എന്ന കാര്യത്തിലും ആ ഗ്രന്ഥങ്ങള്‍ക്കു യോജിപ്പാണ്‌. എന്നുതന്നെയല്ല, മൂന്നു ദിവസങ്ങള്‍ക്കു ശേഷം മരിച്ചവരില്‍നിന്ന്‌ അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റതായുമുണ്ട്‌ വിവരണം. സ്വന്തം മരണത്തെയും മരണാനന്തര സംഭവങ്ങളെയും പറ്റി വിവരിക്കുന്ന ഗ്രന്ഥം യേശു എന്നല്ല ആരായാലും കണ്ടിരിക്കാന്‍ സാധ്യതയില്ലെന്നു പറഞ്ഞാല്‍ അതില്‍ ആക്ഷേപം തോന്നേണ്ടതില്ല എന്നതാണ്‌ ലളിതമായ വസ്‌തുത. `ഖുര്‍ആന്‍ ഒരു ദൈവിക ഗ്രന്ഥം ആയിരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണാന്‍ കഴിയുമായിരുന്നെന്ന്‌' ആ ഗ്രന്ഥം പ്രസ്‌താവിക്കുന്നു. ബൈബിളിനെ സംബന്ധിച്ച്‌ അങ്ങനെ ഖണ്ഡിതമായി പറയാന്‍ ആര്‍ക്കും കഴിയാത്തതാണ്‌ സ്ഥിതിവിശേഷം. അത്രയധികമാണ്‌ പരസ്‌പരം പൊരുത്തപ്പെടാത്ത പരാമര്‍ശങ്ങള്‍. അവ ഏതാനും അധ്യായങ്ങളിലോ വാക്യങ്ങളിലോ മാത്രം ഒതുങ്ങുന്നതുമല്ല. ഖുര്‍ആന്‍ പോലെ യാതൊരു വ്യത്യാസവുമില്ലാത്ത ഒരൊറ്റ ഗ്രന്ഥമല്ല ബൈബിള്‍. വളരെ വ്യത്യസ്‌തമായ രണ്ടുതരം ബൈബിളുകളാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഒരു തരം ബൈബിളില്‍ 66 ഗ്രന്ഥങ്ങളും മറ്റൊരു തരത്തില്‍ 73 ഗ്രന്ഥങ്ങളും കാണുന്നു. അതായത്‌ ഒന്നില്‍ 7 ഗ്രന്ഥങ്ങള്‍ കൂടുതലായും മറ്റേതില്‍ 7 ഗ്രന്ഥങ്ങള്‍ കുറവായും വന്നിരിക്കുന്നു. വ്യത്യസ്‌ത ക്രൈസ്‌തവസഭകള്‍ അവയുടേതായ അംഗീകാരമുള്ള ബൈബിളുകളാണ്‌ ഉപയോഗിക്കുന്നത്‌. ഏഴു ഗ്രന്ഥങ്ങള്‍ ഒഴിവാക്കി 66 എണ്ണം മാത്രം അംഗീകരിക്കുന്ന സഭകള്‍ക്ക്‌ ഒഴിവാക്കിയ ഗ്രന്ഥങ്ങള്‍ ബൈബിളില്‍ പെട്ടതല്ലെന്നാണ്‌ നിലപാട്‌. 73 എണ്ണവും അംഗീകരിക്കുന്നവര്‍ക്ക്‌ 66 കാരുടെ ഗ്രന്ഥം അപൂര്‍ണമാണ്‌. ഉള്ളടക്കത്തിലേക്കു കടന്നാല്‍ വൈരുധ്യങ്ങള്‍ എണ്ണമറ്റവയാണെന്നും കാണാം (ബൈബിളില്‍ ഗ്രന്ഥങ്ങള്‍ എന്നു പറഞ്ഞാലും വാസ്‌തവത്തില്‍ അവയില്‍ പലതിനും ഒരധ്യായത്തിന്റെ വലിപ്പമേ ഉള്ളൂ). ഇത്രയധികം പൊരുത്തേകേടുകള്‍ കടന്നുകൂടി, ഇനി ഒരിക്കലും തിരുത്താനാവാത്തവിധം ഗ്രന്ഥവുമായി അവ പറ്റിച്ചേര്‍ന്നുപോയതുകൊണ്ട്‌ ഈ പുസ്‌തകങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അവയും അവിടെ തുടരുകതന്നെ ചെയ്യും. അത്തരമൊരു ഊരാക്കുടുക്കില്‍ പെട്ടിരിക്കുന്ന ഒന്നാണ്‌ മാര്‍ക്കോസിന്റെ സുവിശേഷം. ആ ഗ്രന്ഥത്തിന്റെ അവസാനത്തേതായ 16-ാം അധ്യായം മൂന്നു വിധത്തിലാണ്‌ സമാപിക്കുന്നത്‌. കേവലം 8 വാക്യങ്ങളേ ഉള്ളൂ ചിതലതരം ഗ്രന്ഥങ്ങളിലെ ആ അധ്യായത്തില്‍. മറ്റു ചിലതില്‍ 12 വാക്യങ്ങള്‍ കൂടി ചേര്‍ത്ത്‌ 20-ല്‍ പര്യവസാനിക്കുന്നു. വേറെ ചിലതില്‍ രണ്ടു വാക്യങ്ങള്‍ മാത്രമേ കൂടുതലായി കാണാനുള്ളൂ. എന്തുകൊണ്ട്‌ ഇതിങ്ങനെ ആയിത്തീര്‍ന്നു എന്ന ചോദ്യത്തിന്‌ ആര്‍ക്കുമില്ല ശരിയായ ഉത്തരം. ആരുടെയെല്ലാമോ കൈകടത്തലുകളുടെ ഫലമായി ആ ഗ്രന്ഥം ഇങ്ങനെയായിപ്പോയി എന്നേ പറയാന്‍ കഴിയൂ. (തുടരും)
ഗീതയും ഖുര്‍ആനും സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
മതമില്ലാത്ത ജീവന്‍ മൃഗമാണ്‌; നരിയേയും നായയേയും നരച്ചീറിനേയും പശുവിനേയും ഒക്കെ ഓര്‍മിപ്പിക്കുന്ന മൃഗം. മേല്‍പ്പറഞ്ഞവക്കെല്ലാം ജീവനുണ്ടെങ്കിലും മതമില്ല. എന്നാല്‍, ജീവന്‍ മനുഷ്യനിലെത്തുമ്പോള്‍ അതു മതമുള്ളതായിത്തീരുന്നു. കാരണം, സകല മതങ്ങളും മനുഷ്യനോടുകൂടി ആവിര്‍ഭവിച്ചവയാണ്‌; നിലനില്‍ക്കുന്നവയുമാണ്‌. മനുഷ്യനില്ലെങ്കില്‍ ഭൂമിയില്‍ ഒരു മതവും ഉണ്ടായിരിക്കില്ല. ഇതു ചരിത്രപരവും നരവംശവിജ്ഞാനീയപരവും മനഃശാസ്‌ത്രപരവുമായൊരു യാഥാര്‍ഥ്യമാണ്‌. അതുകൊണ്ടുതന്നെ മനുഷ്യനു നല്‍കാവുന്ന ഏറ്റവും പ്രാഥമികമായൊരു നിര്‍വചനം ഭൂമിയില്‍ മതമുള്ള ജീവനാണു മനുഷ്യന്‍ എന്നതാകുന്നു. ഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ പലഭാഷകള്‍ നിലവിലുണ്ട്‌; ഇതുപോലെ പല മതങ്ങളും നിലവിലുണ്ട്‌. ലോകത്ത്‌ ഒരേയൊരു ഭാഷയേ ഉണ്ടാകാവൂ എന്നു ആരെങ്കിലും വാശിപിടിച്ചാല്‍ സാമാന്യബോധമുള്ള ഏതൊരാളും അയാളോടു വിയോജിക്കും. ലോകത്തുള്ള മനുഷ്യരെല്ലാം സംസ്‌കൃതം അല്ലെങ്കില്‍ അറബി അല്ലെങ്കില്‍ ഇംഗ്ലീഷ്‌ മാത്രം സംസാരിക്കുന്ന ഒരു കാലം ആരു വിചാരിച്ചാലും ഉണ്ടാവില്ല. അതിനാല്‍ ഏകഭാഷാവാദം അപ്രായോഗികമാണ്‌. ഇതുപോലെ ഏകമതവാദവും അപ്രായോഗികമാണ്‌. ലോകത്ത്‌ സകലമനുഷ്യരും ഒരൊറ്റ മതവിശ്വാസത്തെ പിന്‍പറ്റുന്ന ഒരു കാലം എന്തായാലും ഉണ്ടാവില്ല. അതിനാല്‍ മതങ്ങള്‍ തമ്മില്‍ തമ്മില്‍ ബഹുമാനത്തോടെ ഇടപഴകുന്ന സഹവര്‍ത്തിത്വാന്തരീക്ഷം എല്ലാ മതങ്ങളുടേയും വിശ്വാസികളുടേയും നല്ല നില്‍പിന്‌ അത്യന്താപേക്ഷിതമാണ്‌. അപ്രായോഗികമായ ഏകതാവാദം അപകടകരമാണ്‌. അല്ലാത്തപക്ഷം കാവിഭീകരതയും താലിബാനിസവും ഫാസിസവും സ്റ്റാലിനിസവും ഒക്കെ ലോകം കണ്ട ഏറ്റവും മഹത്തരമായ പ്രവണതകളാണെന്നു പറയേണ്ടിവരും; ഏകാധിപത്യമാണ്‌ ഒരേയൊരു ശരി എന്നു പറയേണ്ടിവരും. ദൈവം ഒന്നേയുള്ളൂ എന്നതിനാല്‍ ഒരു മതമേ വേണ്ടതുള്ളൂ എന്നു കരുതുന്നവരുണ്ട്‌. പക്ഷേ, അത്തരം ധാരണ ഒരു മതഭ്രാന്തനായ മനുഷ്യന്റെ ധാരണ മാത്രമാണ്‌; ദൈവത്തിന്റേതായിരിക്കാന്‍ ഇടയില്ല. എന്തെന്നാല്‍ സര്‍വശക്തനും സര്‍വജ്ഞനും യുക്തിമാനും കരുണാനിധിയുമായ ദൈവം ഭൂമിക്ക്‌ ഒരൊറ്റ സൂര്യന്‍ എന്നതുപോലെ ഭൂമിയിലെ മനുഷ്യര്‍ക്ക്‌ ഒരൊറ്റഭാഷയും ഒരൊറ്റമതവും മതി എന്നു നിശ്ചയിച്ചിരുന്നെങ്കില്‍ പല മതങ്ങളും പല ഭാഷകളും ഉണ്ടാവുകയില്ലായിരുന്നു. അതിനാല്‍ പല മതങ്ങളും പല ഭാഷകളും ദൈവേഛകൊണ്ടു സംഭവിച്ചവയാണ്‌ എന്നു കരുതണം. മറ്റെന്തിലുമുപരി ദൈവേഛയെ മാനിക്കേണ്ടുന്നവനാണ്‌ വിശ്വാസി. അതിനാല്‍ യഥാര്‍ഥവിശ്വാസി ഒരിക്കലും ലോകത്ത്‌ ഒരുമതം മതി, അതു എന്റെ മതമായിരിക്കണം എന്ന ദുര്‍വാശിക്ക്‌ വിധേയനാവില്ല. `നിനക്ക്‌ അവതരിച്ചു കിട്ടിയതിനെ മാനിക്കുക' എന്നു മാത്രമല്ല `നിനക്ക്‌ മുമ്പ്‌ അവതരിപ്പിക്കപ്പെട്ട വേദങ്ങളേയും മാനിക്കുക' എന്നുകൂടി നബിയോടു അല്ലാഹു ഖുര്‍ആനില്‍ പ്രബോധിപ്പിക്കുന്നുണ്ടെന്നതു പരിഗണിക്കുമ്പോള്‍ `ഒരേയൊരു മതംമാത്രം ശരി' എന്ന മതഭ്രാന്തിന്റെ പിടിവാശി ഖുര്‍ആനികമല്ലെന്നു വ്യക്തമാവും. ``യോമാം പശ്യതി സര്‍വ്വത്ര സര്‍വ്വം ചമയിപശ്യത തസ്യാഹം ന പ്രണശ്യാമി സചമേന പ്രണശ്യതി'' എന്ന ഭഗവദ്‌ഗീതയിലെ നാലാം അധ്യായത്തിലെ 30-ാം ശ്ലോകത്തിന്റെ താല്‍പര്യം ഇതാണ.്‌ ``ആര്‍ എല്ലാറ്റിലും എന്നെയും എല്ലാം എന്നിലും കാണുന്നുവോ അവന്‌ ഞാനോ എനിക്ക്‌ അവനോ ഒരിക്കലും നഷ്‌ടപ്പെടുകയില്ല''. ഇങ്ങനെ എല്ലാറ്റിലും ഭഗവാനെ കാണുന്ന യഥാര്‍ഥവിശ്വാസിക്ക്‌ എന്റെ മതം വിശുദ്ധം അന്യരുടെ മതം അവിശുദ്ധം എന്നു ചിന്തിക്കാനോ പറയാനോ പ്രവര്‍ത്തിക്കാനോ കഴിയില്ല.' `പ്രപഞ്ചസ്രഷ്‌ടാവായ ദൈവം ഒന്നേയുള്ളൂ' എന്നതിനര്‍ഥം പ്രപഞ്ചം ഒരേപോലെയാണെന്നല്ല. പ്രപഞ്ചം വൈവിധ്യബഹുലമാണ്‌; അതിനാല്‍ പ്രപഞ്ചനാഥനായ ദൈവം വൈവിധ്യങ്ങളുടെ ഏകനായ പടച്ചതമ്പുരാനാണ്‌. വൈവിധ്യങ്ങളുടെ പടച്ചതമ്പുരാനായി ദൈവത്തെ വണങ്ങുന്ന, ഒരാള്‍ക്കേ പല ഭാഷകളും പല മതങ്ങളും പലരുചികളും നിറഞ്ഞ വിശ്വപ്രകൃതിയില്‍, വൈവിധ്യങ്ങളെ മാനിച്ചുകൊണ്ടു ജീവിക്കാനുള്ള സഹിഷ്‌ണുതയും ജനാധിപത്യബോധവും ഉണ്ടായിരിക്കൂ. ഒരുപക്ഷേ, അത്തരം സഹിഷ്‌ണുതയുടെ ജനാധിപത്യം ഏറ്റവും കൂടുതല്‍ ഉണ്ടാവേണ്ട ഒരു രാജ്യമാണ്‌ ഇന്ത്യ. എന്തെന്നാല്‍ കാലാവസ്ഥ, കാര്‍ഷികവിളകള്‍, ഭക്ഷണം, ഭാഷ, മതം എന്നീ സര്‍വത്ര മേഖലകളിലും അത്രമേല്‍ വൈവിധ്യം ഇന്ത്യയിലുണ്ട്‌. അതുകൊണ്ടാണ്‌ മതമൈത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന്‌ അങ്ങേയറ്റം അത്യന്താപേക്ഷിതമാണെന്നു പരക്കെ അഭിപ്രായം ഉയര്‍ന്നു വന്നിട്ടുള്ളത്‌. പാഴ്‌സികള്‍, ജൈനര്‍, ബൗദ്ധര്‍, സിഖുക്കാര്‍, ക്രൈസ്‌തവര്‍ എന്നിവരൊക്കെയുണ്ടെങ്കിലും ഇന്ത്യയില്‍ ഭൂരിപക്ഷം മനുഷ്യരും അവലംബിക്കുന്ന മതവിശ്വാസങ്ങള്‍ ഹിന്ദു- ഇസ്‌ലാമിക മതവിശ്വാസങ്ങളാണ്‌. അതിനാല്‍ ഹിന്ദു-മുസ്‌ലിം മൈത്രി എന്നതിനു മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചു. ഇന്ത്യയുടെ വിഭവസമ്പത്തു കൊള്ളയടിക്കാന്‍ മാത്രം ഇന്ത്യയില്‍ കാലുകുത്തിയവര്‍, അവരുടെ പകല്‍ക്കൊള്ള നിര്‍ബാധം നടത്തുന്നതിനു ഹിന്ദു-മുസ്‌ലിം മൈത്രിയുടെ അന്തരീക്ഷം ഗുണകരമാവില്ലെന്നു കണ്ടപ്പോള്‍, ഹിന്ദു-മുസ്‌ലിം മതസ്‌പര്‍ധ ആസൂത്രിതമായി വളര്‍ത്തി എടുക്കാന്‍ ശ്രമിച്ചു. 1857-ലെ ഒന്നാംസ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ പന്നിനെയ്യിന്റെയും പശുനെയ്യിന്റെയും കാര്യം ഊതിപ്പെരുപ്പിച്ച്‌ തകര്‍ത്തുകളഞ്ഞു. ഗാന്ധിജിയിലൂടെ ജനകീയരൂപം കൈകൊണ്ട രണ്ടാം സ്വാതന്ത്ര്യസമരത്തെയാകട്ടെ, വീരസവര്‍ക്കറുടേയും മുഹമ്മദലിജിന്നയുടേയും മനോവാക്‌കര്‍മങ്ങളിലൂടെ രൂപപ്പെട്ട മതരാഷ്‌ട്രവാദത്തെ വളര്‍ത്തിക്കൊണ്ടു ഇന്ത്യാ-പാക്‌ വിഭജനത്തിലൂടെ അസ്‌തവീര്യമാക്കാനും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനു കഴിഞ്ഞു. എന്നാല്‍, ആധുനികേന്ത്യയുടെ ഏറ്റവും മഹാന്മാരായ ഹിന്ദുക്കളാരും ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഭാരതത്തിനു വിരുദ്ധരല്ലായിരുന്നു- ശ്രീരാമകൃഷ്‌ണപരമഹംസന്‍, സ്വാമിവിവേകാനന്ദന്‍, നാരായണഗുരു, മഹാത്മാഗാന്ധി എന്നിവരൊക്കെ ആഗ്രഹിച്ചിരുന്നത്‌ ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ഇന്ത്യയായിരുന്നു. ഇവരേക്കാളെല്ലാം മഹാന്മാരായ ഹിന്ദുക്കളാണ്‌ വീരസവര്‍ക്കര്‍, കേശവബലിറാം ഹെഡ്‌ഗവാര്‍, ഗുരുജിഗോള്‍വാല്‍ക്കര്‍, നാഥുറാം വിനായക്‌ ഗോഡ്‌സേ തുടങ്ങി നരേന്ദ്രമോഡിവരെ ഉള്‍പ്പെടുന്ന ഹിന്ദുരാഷ്‌ട്രവാദികളായ കാവിഭീകരര്‍ എന്നു ഹിന്ദുക്കള്‍ കരുതുന്നുണ്ടെന്നു പറഞ്ഞുകൂടാ. മുസ്‌ലിംകള്‍ ഇല്ലാത്തൊരു ഇന്ത്യയല്ല, മറിച്ച്‌ ഹിന്ദുക്കളും മുസ്‌ലിംകളും മസ്‌തിഷ്‌കവും മെയ്യും പോലെ ഒത്തൊരുമിച്ചു കഴിയുന്നൊരു ഇന്ത്യയെയാണ്‌ ആധുനിക ഹൈന്ദവസന്ന്യാസത്തിന്റെ മാതൃകാവ്യക്തിത്വം എന്നു വിശേഷിപ്പിക്കാവുന്ന സ്വാമിവിവേകാനന്ദന്‍ ആഗ്രഹിച്ചിരുന്നത്‌. അദ്ദേഹം എഴുതുന്നു: ``......സര്‍വമനുഷ്യ വര്‍ഗത്തേയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദൈ്വതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച്‌ ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക്‌ എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അതു ഇസ്‌ലാമാണ്‌; ഇസ്‌ലാം മാത്രം. അതുകൊണ്ടു പ്രയോഗിക ഇസ്‌ലാമിന്റെ സഹായമില്ലാതെ വേദാന്തസിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്‌മങ്ങളും അത്ഭുതകരങ്ങളുമായിക്കൊള്ളട്ടെ- ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ വിലയില്ലാത്തതാണെന്നു എനിക്ക്‌ ഉറച്ച ബോധ്യം വന്നിട്ടുണ്ട്‌... ഏകത്വമെന്ന മതത്തിന്റെ വ്യത്യസ്‌ത പ്രകാശങ്ങള്‍ മാത്രമാണു മതങ്ങളെന്നു മനുഷ്യവര്‍ഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു; എന്നിട്ട്‌ ഓരോരുത്തനും തനിക്കേറ്റവും പറ്റിയ മാര്‍ഗം തെരഞ്ഞെടുക്കാമല്ലോ. നമ്മുടെ മാതൃഭൂമി തന്നെ ആശിക്കുന്നത്‌ ഹിന്ദുമതവും ഇസ്‌ലാമും എന്ന രണ്ടു മഹാസമ്പ്രദായങ്ങളുടെ വേദാന്തമസ്‌തിഷ്‌കത്തിന്റേയും ഇസ്‌ലാം ശരീരത്തിന്റേയും യോഗമാണ്‌. ഈ വഴക്കിലും കലഹത്തിലും നിന്നും ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്തമസ്‌തിഷ്‌കത്തോടും ഇസ്‌ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നതു ഞാനെന്റെ മനക്കണ്‍മുമ്പാകെ കാണുന്നു'' (വിവേകാനന്ദസാഹിത്യസര്‍വസ്വം വാള്യം 5 പേജ്‌ 566-567). ഇതു വിവേകാനന്ദ സാഹിത്യത്തിലെ ഒറ്റപ്പെട്ടൊരു അഭിപ്രായമല്ല; നാനാത്വത്തിലെ ഏകത്വത്തിലൂന്നിയ അനുരജ്ഞനത്തിന്റെ ഭാഷ അതിലെവിടെയും മാലയിലെ ചരടെന്നപോലെ കാണാം-പക്ഷേ ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി ശ്രമിച്ച ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്‌സേയുടെ ഹിന്ദുരാഷ്‌ട്രവാദം സ്വാമി വിവേകാനന്ദനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തെയും കൊല്ലുമായിരുന്നു-കാരണം ഗോഡ്‌സേയുടെ കാവിഭീകരത വിഭാവനം ചെയ്യുന്നത്‌ മുസ്‌ലിം രഹിത ഹിന്ദുരാഷ്‌ട്രത്തെയാണല്ലോ. അതിനാല്‍ വിവേകാനന്ദനെയാണോ ഗോഡ്‌സെയെയാണോ മാതൃകയായി സ്വീകരിക്കേണ്ടത്‌ എന്നതിനാണ്‌ ഓരോ ഹിന്ദുവും സമാധാനം കാണേണ്ടത്‌. അതുപോലെ വിവേകാനന്ദനെ മുന്‍നിര്‍ത്തിയാണോ ഗോഡ്‌സേയെ മുന്‍നിര്‍ത്തിയാണോ ഹിന്ദുത്വത്തെ വിലയിരുത്തേണ്ടത്‌ എന്ന പ്രശ്‌നത്തിനാണ്‌ ഓരോ മുസ്‌ലിമും ഉത്തരം പറയേണ്ടത്‌. അതുപോലെ തന്നെ മുഹമ്മദ്‌ നബിയേയും വിശുദ്ധഖുര്‍ആനിനേയും മുന്‍നിര്‍ത്തിയാണോ, അതോ താലിബാനേയും ഉസാമബിന്‍ലാദനേയും മുന്‍നിര്‍ത്തിയാണോ ഇസ്‌ലാമിനെ വിലയിരുത്തേണ്ടത്‌ എന്നു ഓരോ ഹിന്ദുവും തീരുമാനിക്കേണ്ടതുണ്ട്‌. ഞാന്‍ ഹിന്ദുവായിരിക്കുന്നത്‌ ഗോഡ്‌സെ ഹിന്ദുവാണെന്നു പ്രഖ്യാപിച്ചതുകൊണ്ടല്ല, മറിച്ച്‌ വിവേകാനന്ദനും ഗാന്ധിജിയും ഹിന്ദുക്കളാണെന്നു പ്രഖ്യാപിച്ചിരുന്നതുകൊണ്ടാണ്‌. അതുപോലെ ഞാന്‍ ഇസ്‌ലാമിനെ വിലയിരുത്തുന്നത്‌ ഉസാമ ബിന്‍ലാദനെ മുന്‍നിര്‍ത്തിയല്ല; മുഹമ്മദ്‌ നബിതിരുമേനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഹിന്ദു-മുസ്‌ലിം മൈത്രിയിലൂടെ ജനാധിപത്യഭാരതത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി ചെയ്യാവുന്ന ഒരു ഉചിതകര്‍മം എന്ന നിലയില്‍ ഭഗവദ്‌ഗീതയേയും വിശുദ്ധ ഖുര്‍ആനേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചില വിചാരങ്ങള്‍ ഇവിടെ പങ്കിടുന്നത്‌. ശ്രീകൃഷ്‌ണനെ അവതാരമായാണ്‌ ഇന്ത്യക്കാര്‍ കരുതുന്നത്‌. അവതാരം എന്ന വാക്കുതന്നെ ശ്രീകൃഷ്‌ണന്‍ ദൈവമല്ല എന്നാണു വെളിവാക്കുന്നത്‌, എന്തെന്നാല്‍ ദൈവം അവതാരമല്ല, അവതാരകനാണ്‌. അതിനാല്‍ അവതാരം എന്ന വാക്കിന്‌ തെരഞ്ഞെടുക്കപ്പെട്ട സൃഷ്‌ടി എന്നേ അര്‍ഥം ധരിക്കേണ്ടൂ. തെരഞ്ഞെടുക്കപ്പെട്ട മനുഷ്യനെ തന്നെയാണ്‌ പ്രവാചകന്‍ എന്നും പറയുന്നത്‌. ശ്രീകൃഷ്‌ണന്‍ ഇന്ത്യയിലെ ഏറ്റവും ജനസ്വാധീനമുള്ള പ്രവാചകനാണ്‌. അവതാരകന്‍ അല്ലാഹുവാണ്‌, നബി അവതാരമാണ്‌ എന്നു ഇന്ത്യന്‍ ഭാഷയില്‍ പറയാം. ശ്രീകൃഷ്‌ണനെ ജനങ്ങള്‍ ആരാധിക്കുന്നുണ്ട്‌, മുഹമ്മദ്‌ നബിയെ ആരാധിക്കുന്നില്ല എന്നാണു പറയപ്പെടുന്നത്‌. ഇതൊരു പ്രകടമായ വ്യത്യാസമാണ്‌. പക്ഷേ, ഇതൊക്കെയിരിക്കെ തന്നെ നബിയും കൃഷ്‌ണനും തമ്മില്‍ ഒരുപാട്‌ സാദൃശ്യങ്ങളും കാണാം. നബി ഏറ്റവും സാധാരണക്കാരായവരുടെ കൂട്ടത്തില്‍ ഒരുവനായിരുന്നു- മാതാപിതാക്കളുടെ സ്‌നേഹം അദ്ദേഹത്തിനു ചെറുപ്പത്തിലേ നഷ്‌ടപ്പെട്ടു. ശ്രീകൃഷ്‌ണനും നബിയും തികഞ്ഞ ഗാര്‍ഹസ്ഥ്യജീവിതം നയിച്ചിരുന്നവരാണ്‌. രുഗ്മിണി, സത്യഭാമ, ജാംബവതി, കുബ്‌ജു എന്നിങ്ങനെ എട്ടോളം ഔദ്യോഗിക ഭാര്യമാര്‍ ശ്രീകൃഷ്‌ണനു ജീവിതപങ്കാളികളായുണ്ടായിരുന്നു. ഖദീജ, ആഇശ തുടങ്ങിയവര്‍ നബിയുടെ ജീവിതത്തിലും പങ്കാളികളായിരുന്നു. ചുരുക്കത്തില്‍, കൃഷ്‌ണനും നബിയും ബഹുഭാര്യാത്വം അംഗീകരിച്ചിരുന്നു. ബഹുഭാര്യാത്വം ഒരു ഇസ്‌ലാമിക അശ്ലീലമായി അവതരിപ്പിച്ച്‌ കൈയടി നേടുന്ന ഹിന്ദുരാഷ്‌ട്രവാദികള്‍ ദയവുചെയ്‌ത്‌ ശ്രീകൃഷ്‌ണചരിതം മനസിരുത്തി പഠിച്ചിട്ട്‌ ബഹുഭാര്യാത്വത്തെ വിമര്‍ശിക്കണമെന്ന്‌ ഇവിടെ ആനുഷംഗികമായി പറഞ്ഞുവെക്കട്ടെ. ശ്രീകൃഷ്‌ണന്‌ അക്കാലത്തെ രീതി അനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നതായി ഭാഗവതപുരാണം സാക്ഷ്യപ്പെടുത്തുന്നു. സാന്ദീപനി മഹര്‍ഷിയുടെ ശിഷ്യനായാണ്‌ ശ്രീകൃഷ്‌ണന്‍ വിദ്യാഭ്യാസം ചെയ്‌തത്‌- കൃഷ്‌ണനോടൊപ്പം ഗുരുകുലത്തില്‍ പഠിച്ച വ്യക്തിയാണ്‌ സുധാമാവ്‌ എന്നുപേരുള്ള കുചേലന്‍. അറുതിയിലും വറുതിയിലും കഴിഞ്ഞിരുന്ന പണ്ഡിതനായ കുചേലനെ പില്‍ക്കാലത്തു ശ്രീകൃഷ്‌ണന്‍ സാമ്പത്തികസഹായം നല്‍കി രക്ഷിച്ചതായും ഭാഗവതത്തില്‍ കാണുന്നുണ്ട്‌. എന്നാല്‍, മുഹമ്മദ്‌ നബിക്ക്‌ കച്ചവടപരമായ ജനസമ്പര്‍ക്കാനുഭവങ്ങളൊഴിച്ച്‌ എഴുത്തും വായനയും ഒന്നും അഭ്യസിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവേകാനന്ദന്റെ ഗുരുവായ ശ്രീരാമകൃഷ്‌ണപരമഹംസരെ ഓര്‍മിപ്പിക്കുന്ന വിധം നിരക്ഷരനായിരുന്നു മുഹമ്മദ്‌ നബിയും. സാമൂഹിക-രാഷ്‌ട്രീയകാര്യങ്ങളില്‍ സദാ ഇടപെട്ടിരുന്നവരാണ്‌; അവര്‍ അല്ലാതെ വെറുതെ കണ്ണടച്ചു ധ്യാനിച്ചുകൊണ്ടിരുന്നവരല്ല. ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും അവകാശപ്പെട്ട കുടിനീരു ചോര്‍ത്തി കൊക്കക്കോളയാക്കി വിറ്റു കാശാക്കുന്ന അമേരിക്കന്‍ സാമ്രാജത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു പ്രവര്‍ത്തനം ശ്രീകൃഷ്‌ണചരിതത്തിലുണ്ട്‌. കാളിന്ദി നദിയെ വിഷമയമാക്കിയ കാളിയനെ ശ്രീകൃഷ്‌ണന്‍ ചെറുത്തുതോല്‍പ്പിച്ച കാര്യമാണത്‌. ജരാസന്ധ-കംസ-ദുര്യോധന ഭരണകൂടങ്ങളെ മാറ്റിമറിക്കുന്ന പ്രവര്‍ത്തനത്തിലും ശ്രീകൃഷ്‌ണന്‍ നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. നബിയുടെ ജീവിതത്തിലും ഇത്തരം സാമൂഹികപ്രവര്‍ത്തനങ്ങള്‍ നിരന്തരം കാണാം. ശ്രീകൃഷ്‌ണനിലൂടെ ഉപദേശിക്കപ്പെട്ട ഭഗവദ്‌ഗീതയും മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെട്ട വിശുദ്ധ ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉണ്ടായവയാണ്‌. കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഗീതാവതരണം നടന്നുവെങ്കില്‍, ബദറുള്‍പ്പെടെയുള്ള ചെറുതും വലുതുമായ പോരാട്ടഭൂമിയിലും കൂടിയാണ്‌ വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ അവതരിക്കപ്പെട്ടത്‌. എന്നാല്‍, ഭഗവത്‌ഗീതയോ വിശുദ്ധഖുര്‍ആനോ വായിച്ചുകഴിയുന്നവര്‍ക്ക്‌ അധര്‍മത്തിനെതിരെ പോരാടാനുള്ള ആത്മവീര്യം ഉണ്ടാകുമെങ്കിലും പാവങ്ങള്‍ക്കെതിരെ വാളോങ്ങാനുള്ള അക്രമവാസന തീരെ ഉണ്ടാവുകയില്ല. ഭഗവദ്‌ഗീത നിത്യ പാരായണം ചെയ്‌തിരുന്ന ഗാന്ധിജി ആത്മവീര്യമുള്ള മഹാത്മാവായിരുന്നു. ഗോഡ്‌സെയെപ്പോലെയോ അസിമാനന്ദയെപ്പോലെയോ പരമതവിദ്വേഷിയായ അക്രമി ആയിരുന്നില്ല. മാത്രമല്ല, ഗീതയും ഖുര്‍ആനും യുദ്ധരംഗത്ത്‌ ഉദ്‌ഭൂതമായ വിശുദ്ധഗ്രന്ഥങ്ങളാണെങ്കിലും ഇരു ഗ്രന്ഥങ്ങളിലും ഏറ്റവും കുറച്ചു സന്ദര്‍ഭങ്ങളിലേ യുദ്ധാഹ്വാനം കാണുന്നുള്ളൂ- ``പൊറുക്കുക; പരമാവധി പൊറുക്കുക'' എന്നതാണ്‌ ഗീതയുടെയും ഖുര്‍ആനിന്റെയും യുദ്ധാഹ്വാനസന്ദേശങ്ങളുടെ പൊതുസ്വഭാവം. ആയുധമെടുക്കാത്ത ഗാന്ധിജിമാരെ ആയുധമെടുത്ത്‌ കൊല്ലാന്‍ വരുന്ന ഗോഡ്‌സെമാരുണ്ടാവുമ്പോള്‍ ആയുധമെടുത്തും ഗാന്ധിജിമാരെ സംരക്ഷിക്കണം എന്ന്‌ മേല്‍പറഞ്ഞ യുദ്ധാഹ്വാനത്തെ പരാവര്‍ത്തനം ചെയ്യാം. ഭഗവത്‌ഗീതയും വിശുദ്ധഖുര്‍ആനും പൂര്‍വപ്രബോധനങ്ങളെ മാനിക്കുന്നുണ്ട്‌. ഒരേയൊരു പ്രബോധനമാണ്‌ എല്ലാ കാലത്തും നടന്നിട്ടുള്ളതെന്നും അതു നഷ്‌ടപ്പെടുകയോ മറയ്‌ക്കപ്പെടുകയോ ചെയ്യുമ്പോഴാണ്‌ പ്രബോധനം ഓര്‍മപ്പെടുത്താന്‍ പുതിയ പ്രബോധകര്‍ ഉണ്ടാവുന്നതെന്നും ഗീതയും ഖുര്‍ആനും വ്യക്തമാക്കുന്നു. ``ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്‍ മനവേപ്രാഹമനുരിക്ഷ്വാകവ്യേബ്രവിത്‌ ഏവം പരമ്പരാപ്രാപ്‌തം ഇമം രാജര്‍ഷയോ വിദുഃ സ കാലേനേഹമഹതാ യോഗോ നഷ്‌ട:പരം തപ സ ഏവായം മയാത്യോദ്യയോഗ: പ്രോക്ത!പുരാതന: ഭക്ത്യോസി മേ സഖാ ചേതി രഹസ്യം ഹേത്യദുത്തമം'' (ഭഗവദ്‌ഗീത അധ്യായം 4-ശ്ലോകങ്ങള്‍ 1, 2, 3) ഈ മൂന്നു ശ്ലോകങ്ങളുടെ താല്‍പര്യം ഇതാണ്‌ 1. ``നാശരഹിതമായ ഈ യോഗത്തെ ഞാന്‍ സൂര്യന്‌ ഉപദേശിച്ചു. സൂര്യന്‍ മനുവിന്‌ ഉപദേശിച്ചു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു. 2. ഹേ അര്‍ജുനാ ഇപ്രകാരം പരമ്പരയാ ഈ യോഗത്തെ രാജര്‍ഷികളും അറിഞ്ഞു-ആ യോഗം ദീര്‍ഘകാലം കൊണ്ട്‌ ഇവിടെ നഷ്‌ടപ്പെട്ടു. 3. നീ എന്റെ ഭക്തനും സഖാവും ആണെന്നതു കൊണ്ടാണ്‌ പുരാതനമായ ഈ യോഗത്തെ തന്നെ ഇപ്പോള്‍ ഞാന്‍ നിനക്ക്‌ ഉപദേശിക്കുന്നത്‌. എന്തെന്നാലിതു രഹസ്യവും ഉത്തമവും ആകുന്നു.'' ഈ മൂന്നു ശ്ലോകങ്ങളുടെ അര്‍ഥവിചാരത്തിന്റെ ആഴങ്ങളിലേക്കിവിടെ പ്രവേശിക്കുന്നില്ല. യോഗം എന്ന പദം സൃഷ്‌ടിയും സ്രഷ്‌ടാവും തമ്മിലുള്ള പരസ്‌പരബന്ധത്തെ കുറിക്കുന്നു. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള പരസ്‌പരബന്ധത്തിന്റെ രഹസ്യത്തെയാണ്‌ സൂര്യന്‌ പോലും ഞാന്‍ ഉപദേശിച്ചത്‌ എന്ന പ്രയോഗത്തിലെ `ഞാന്‍' ദ്വാപരയുഗത്തില്‍ ജനിച്ച ശ്രീകൃഷ്‌ണന്‍ എന്ന വ്യക്തിയെയല്ല, സൂര്യനു മുമ്പേ ഉണ്ടായ, സൂര്യനും ഗുരുവും പിതാവുമായ സര്‍വ്വേശ്വരനെയാണു ഉദ്ദേശിക്കുന്നത്‌. സര്‍വേശ്വരന്റെ ഉപദേശം മനുവിലൂടെ ഇക്ഷ്വാകുവിനും മറ്റും ലഭിച്ചെങ്കിലും പിന്നീടതു നഷ്‌ടപ്പെട്ടു. ആ പരമ്പര പ്രബോധനം തന്നെയാണ്‌ ശ്രീകൃഷ്‌ണനും അര്‍ജുനനിലൂടെ ലോകത്തോടു ചെയ്യുന്നത്‌. എന്നുവെച്ചാല്‍ പുതിയ ഒരു വെളിപാടുണ്ടാകുകയല്ല വിസ്‌മൃതമാകപ്പെട്ട വെളിപാടുകളെ ഓര്‍മപ്പെടുത്തുകയാണു ഭഗവദ്‌ഗീത ചെയ്യുന്നത്‌ എന്നു ചുരുക്കം. ഇതേകാര്യം തന്നെ ഖുര്‍ആനിലും കാണാം. മുഹമ്മദ്‌ നബിയിലൂടെ വെളിപ്പെട്ടത്‌ പുതിയ വേദമാണെന്നു വിശുദ്ധഖുര്‍ആനും പറയുന്നില്ല. ഖുര്‍ആനില്‍ നിന്നു തന്നെ ഉദ്ധരിക്കാം ``നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍ നിന്നു ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്‌മാഈലിനും ഇസ്‌ഹാഖിനും യഅ്‌ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്നു നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിനു കീഴ്‌പ്പെട്ട്‌ ജീവിക്കുന്നവരാകുന്നു'' (അല്‍ ബഖറ 136). പ്രപഞ്ചത്തിന്റെ നിസ്സീമതക്കുള്ളില്‍ സ്വന്തം നിസ്സാരത തൊട്ടറിയുന്നതിനുള്ള വിവേകം വ്യക്തി മനസ്സിന്റെ പരമാവധി വളര്‍ച്ച സാധ്യമാകുമ്പോള്‍ സംഭവിക്കും-അപ്പോള്‍ അത്തരം വ്യക്തികള്‍ക്കുണ്ടാകുന്ന ജീവിതസ്വഭാവമാണ്‌ സമര്‍പ്പണം. ഈ സമര്‍പ്പണത്തിലേക്ക്‌ മനുഷ്യമനസ്സിനെ വലുതാക്കി അടുപ്പിക്കുക എന്നതാണ്‌ വിശുദ്ധഖുര്‍ആനിന്റേയും ഭഗവദ്‌ഗീതയുടേയും സാരസന്ദേശം. `സര്‍വധര്‍മാന്‍ പരിത്യജ' എന്നു തുടങ്ങുന്ന ഗീതാശ്ലോകം ഇതാണു ബോധ്യപ്പെടുത്തുന്നത്‌. ഇക്കാര്യം പ്രസിദ്ധ സാഹിത്യ ചരിത്രചിന്തകനായ കൃഷ്‌ണചൈതന്യ ഇങ്ങനെ രേഖപ്പെടുത്തുന്നു: ``ഈശ്വരനെ ആത്മശിക്ഷണത്തോടെ അനുസരിക്കുന്നതിലൂടെയാണ്‌ മനുഷ്യന്‍ പരമാവധി ഔന്നത്യത്തിലേക്ക്‌ വളരുന്നത്‌ എന്നത്രേ ഇസ്‌ലാമിന്റെ മൗലികസിദ്ധാന്തം. ദൈവനിശ്ചയത്തിന്റെ ഒരു ഉപകരണം മാത്രമാകാന്‍ അര്‍ജ്ജുനനോട്‌ ആവശ്യപ്പെടുന്ന ഗീതാവചനത്തിലും ഈ ദര്‍ശനമാണ്‌ കാണപ്പെടുന്നത്‌'' (കേരളം-കൃഷ്‌ണചൈതന്യ-പേജ്‌ 97). ബൈബിളും ഖുര്‍ആനും ഗീതയും സാരത്തില്‍ പഠിപ്പിക്കുന്നത്‌ ഒരേ തത്ത്വം തന്നെയെന്നു പ്രഖ്യാപിച്ച ശ്രീരാമകൃഷ്‌ണപരമഹംസരുടേയും ശ്രീരമണമഹര്‍ഷിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ആധ്യാത്മിക ഭാരതത്തിലും, ഹിന്ദു-മുസ്‌ലിം മൈത്രിയിലൂന്നിയ മഹാത്മാഗാന്ധിയുടെ രാഷ്‌ട്രീയഭാരതത്തിലും സര്‍വമതസാരവുമേകമെന്നതിലൂന്നിയ ബൈബിള്‍ -ഗീതാ-ഖുര്‍ആന്‍ പഠനങ്ങള്‍ നടക്കേണ്ടതും ജനജീവിതത്തിനു പരിചയപ്പെടുത്തേണ്ടതും കരുത്തുറ്റ ഇന്ത്യയുടെ നിര്‍മാണത്തിന്‌ അനിവാര്യമാണ്‌- വിദ്വേഷമല്ല വിവേകമാണ്‌ അതിനാവശ്യം. അക്കാര്യത്തിലേക്ക്‌ ചെറുതായൊന്നു വിരല്‍ ചൂണ്ടുക മാത്രമാണിവിടെ ചെയ്‌തിരിക്കുന്നത്‌. shakthibodhiviswa@gmail.com
ചെന്നിത്തല കോണ്‍ഗ്രസ്‌ കുളത്തിലെ താമര കൃഷി സി. ദാവൂദ്‌
കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലക്ക്‌ ആര്‍.എസ്‌.എസ്‌ മുഖമാണെന്ന്‌ അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവായ ജയാ ഡാളിയാണ്‌. കാട്ടാക്കട മണ്ഡലത്തില്‍ തനിക്ക്‌ സീറ്റ്‌ നിഷേധിച്ചതിന്‌ പിന്നില്‍ അദ്ദേഹത്തിന്റെ ആര്‍.എസ്‌.എസ്‌ മനസ്സാണ്‌ പ്രവര്‍ത്തിച്ചതെന്നാണ്‌ ജയാ ഡാളി ആരോപിച്ചത്‌. സമാനമായ ആരോപണം ചെന്നിത്തലക്കെതിരെ കേരളത്തില്‍ ഉയര്‍ത്തിയത്‌ പി.ഡി.പി നേതാവ്‌ അബ്‌ദുന്നാസിര്‍ മഅ്‌ദനിയായിരുന്നു. കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്‌ദനി ഒമ്പതാം പ്രതിയായി ചേര്‍ക്കപ്പെട്ടപ്പോള്‍, 9/11 കഴിഞ്ഞാല്‍ ലോകത്ത്‌ നടന്ന ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണമാണ്‌ കളമശ്ശേരിയില്‍ നടന്നതെന്ന മട്ടില്‍ ചെന്നിത്തല കേരളത്തിലാകമാനം തീതുപ്പി പ്രസംഗിക്കവെയാണ്‌ മഅ്‌ദനി അങ്ങനെയൊരു ആരോപണം ഉന്നയിച്ചത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ടി സിദ്ധീഖിന്‌ സീറ്റ്‌ നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ കോഴിക്കോട്ടെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ `രമേശ്‌ ചെന്നിത്തല ആര്‍.എസ്‌.എസിലേക്ക്‌ തിരിച്ചു പോവുക' എന്ന മുദ്രാവാക്യമാണ്‌ ഉയര്‍ത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ലിസ്റ്റിലെ ആര്‍.എസ്‌.എസ്‌ ടച്ചിനെക്കുറിച്ച്‌ കോണ്‍ഗ്രസുകാര്‍ തന്നെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഗൗരവത്തില്‍ പരിശോധിക്കേണ്ടി വരും. ഏതാണ്ട്‌ ചത്തു കിടന്നിരുന്ന കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസിന്‌ ജീവന്‍ വെച്ചത്‌ അഡ്വ. ടി. സിദ്ധീഖ്‌ നേതൃത്വം ഏറ്റെടുത്തതോടെയാണെന്നതില്‍ കോണ്‍ഗ്രസിന്‌ പുറത്തുള്ളവര്‍ക്ക്‌ പോലും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ പൊടുന്നനെ ഒരു ദിവസം സിദ്ധീഖിനെ പ്രസ്‌തുത സ്ഥാനത്ത്‌ നിന്ന്‌ വിശേഷിച്ച്‌ കാരണമൊന്നും പറയാതെ നീക്കിയതാണ്‌ നാം കണ്ടത്‌. പത്രക്കാര്‍ക്ക്‌ മുമ്പില്‍ വന്ന്‌ തേങ്ങിക്കരയുന്ന സിദ്ധീഖിനെയും അന്ന്‌ നമ്മള്‍ കണ്ടു. യുവമുഖങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയ കോണ്‍ഗ്രസ്സിന്റെ പുതിയ ലിസ്റ്റില്‍ ഇടം പിടിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ ആളായിരുന്നു സിദ്ധീഖ്‌. എന്നാല്‍ ലിസ്റ്റ്‌ വന്നപ്പോള്‍ ഈ യുവസംഘാടകന്‍ ക്ലീന്‍ ഔട്ട്‌. സിദ്ധീഖിന്‌ സീറ്റ്‌ നിഷേധിക്കപ്പെട്ടുവെന്നതല്ല; അതിന്‌ അണിയറയില്‍ പറയപ്പെടുന്ന കാരണമാണ്‌ ഏറെ ഗൗരവതരം. തീവ്രവാദ സംഘടനയെന്ന്‌ ആരോപിക്കപ്പെട്ട സിമിയുമായി സിദ്ധീഖിന്‌ ബന്ധമുണ്ടെന്ന്‌ ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചെന്നിത്തല ക്യാമ്പ്‌ ഓവര്‍ടൈം പണിയെടുത്തുവെന്നാണ്‌ കോണ്‍ഗ്രസ്‌ ഉപശാലാ വൃത്തങ്ങളില്‍ നിന്ന്‌ അറിയാന്‍ കഴിയുന്നത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത്‌ നിന്ന്‌ സിദ്ധീഖിനെ മാറ്റി ചെന്നിത്തലക്കും എന്‍.എസ്‌.എസിനും പ്രിയപ്പെട്ട ലിജുവിനെ പ്രസ്‌തുത സ്ഥാനത്ത്‌ അവരോധിക്കുന്നതിനും ഇതേ സിമി നമ്പര്‍ തന്നെയായിരുന്നു ഉപയോഗിക്കപ്പെട്ടത്‌. എന്തു കൊണ്ടാണ്‌ അഡ്വ. സിദ്ധീഖ്‌ എന്ന കഴിവു തെളിയിച്ച സംഘാടകന്‍ ഇത്ര അപമാനിതനായി മാറിനില്‍ക്കേണ്ടി വന്നത്‌? വ്യത്യസ്‌ത മേഖലകളില്‍ കഴിവു തെളിയിച്ച മുസ്‌ലിം ചെറുപ്പക്കാരെ തകര്‍ക്കാന്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന തുറുപ്പു ചീട്ടാണ്‌ `സിമി ബന്ധം' എന്നത്‌. ബാംഗ്ലൂരിലും മുംബൈയിലും ഹൈദരാബാദിലും ഐ.ടി രംഗത്ത്‌ കഴിവു തെളിയിച്ച മുസ്‌ലിം ചെറുപ്പക്കാരെ ഒതുക്കാനാണ്‌ ഈ `ബന്ധം' വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്‌. അങ്ങനെ സിമി ബന്ധം ആരോപിക്കപ്പെട്ട്‌ ജീവിതത്തിന്റെ സോഫ്‌റ്റ്‌ വെയറും ഹാര്‍ഡ്‌വെയറും തകര്‍ക്കപ്പെട്ട മിടുക്കരും ബുദ്ധിശാലികളുമായ ഡസന്‍ കണക്കിന്‌ ചെറുപ്പക്കാര്‍ ആ നഗരങ്ങളില്‍ ജീവിക്കുന്നുണ്ട്‌. വിദ്യാര്‍ഥി-യുവജന സംഘടനാ രംഗത്ത്‌ കഴിവു തെളിയിച്ചവരാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളില്‍ മഹാഭൂരിപക്ഷവും. ആ നിലക്ക്‌ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി നേതാവായി ഉയര്‍ന്നുവരാന്‍ നല്ല സാധ്യതയുള്ള ഒരാളെ മുളയിലേ നുള്ളുക എന്ന വിശാല പദ്ധതിയാണ്‌ സിദ്ധീഖിന്‌ സീറ്റ്‌ നിഷേധിക്കുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്‌. ഇതിന്‌ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ആരൊക്കെ എന്നത്‌ അത്ര രഹസ്യമല്ല. ചെന്നിത്തലയില്‍ നിന്ന്‌ പെരുന്നയിലേക്ക്‌ അധികം ദൂരമില്ലല്ലോ. കേരളത്തില്‍ നിയമസഭയില്‍ അക്കൗണ്ട്‌ തുറന്ന്‌ രാഷ്‌ട്രീയ മാന്യത നേടിയെടുക്കാനുള്ള ബി.ജെ.പി-ആര്‍.എസ്‌.എസ്‌ പദ്ധതിയെ സൂക്ഷ്‌മമായി വിലയിരുത്തി പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്‌ ഒരിക്കലും വലിയ താല്‍പര്യം കാണിച്ചിട്ടില്ല. എന്നല്ല, പലപ്പോഴും അതിന്‌ സഹായകമായ നിലപാടുകള്‍ അവര്‍ സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1991-ലെ പ്രമാദമായ കോലീബി സഖ്യം അതിന്റെ മികച്ച ഉദാഹരണമാണ്‌. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചേര്‍ന്ന്‌ ബി.ജെ.പിക്ക്‌ അക്കൗണ്ട്‌ തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സഹകരിച്ചുവെന്നതിന്റെ ചരിത്രമാണത്‌. അന്നത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവചരിത്രപുസ്‌തകമായ `രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗര'ത്തില്‍, `പാഴായ പരീക്ഷണം' എന്ന അധ്യായത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ നമുക്ക്‌ കാണാം. വടകര പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ആര്‍.എസ്‌.എസ്സിന്റെ നിയമോപദേശകന്‍ അഡ്വ. രത്‌നസിംഗും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആര്‍.എസ്‌.എസ്‌ സൈദ്ധാന്തിക സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതാവ്‌ ഡോ. കെ. മാധവന്‍ കുട്ടിയും കോണ്‍ഗ്രസ്‌, ലീഗ്‌, ബി.ജെ.പി കക്ഷികളുടെ പൊതുസ്ഥാനാര്‍ഥിയായി രംഗത്ത്‌ വന്നത്‌ അന്നായിരുന്നു. മാരാരുടെ ജീവചരിത്രത്തില്‍ നിന്ന്‌ ആ കാലം ഇങ്ങനെ വായിക്കാം: ``ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുറ തെറ്റാതെ മത്സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നുവെന്നത്‌ അത്ഭുതത്തോടെയാണ്‌ പലരും വീക്ഷിച്ചത്‌. 1991-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായി ചേര്‍ന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്‌സിസ്റ്റ്‌ ഹുങ്കിനിരയായി ഏറെ കഷ്‌ടനഷ്‌ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക്‌ ബി.ജെ.പി അവരുമായി അടുക്കുന്നതിന്‌ ഒരു സാധ്യതയുമില്ല. പിന്നെയുള്ളത്‌ ഐക്യമുന്നണിയാണ്‌. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന്‌ കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന്‌ അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന്‌ ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട്‌ രാഷ്‌ട്രീയത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അന്ന്‌ ബി.ജെ.പിക്ക്‌ വശമുണ്ടായിരുന്നില്ല. `പൂച്ചക്കാര്‌ മണികെട്ടും'എന്ന ശങ്കക്ക്‌ അന്ത്യം കുറിച്ച്‌ ഇരുകൂട്ടരും തമ്മിലുള്ള രാഷ്‌ട്രീയ ബാന്ധവത്തിന്‌ കളമൊരുക്കിയത്‌ രണ്ട്‌ പത്രപ്രവര്‍ത്തകരാണ്‌. കോണ്‍ഗ്രസ്‌ മാത്രമല്ല, മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ്‌ വീക്ഷിച്ചത്‌. ലീഗും ബി.ജെ.പിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്‌. എന്നാല്‍ ലീഗ്‌ നേതാക്കളും ബി.ജെ.പി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളെക്കാള്‍ സഹകരണാത്മക സമീപനം അവരിലുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രവാര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാടായിരുന്നെങ്കില്‍ ബി.ജെ.പി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാണിച്ചു. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക്‌ വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍ കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു. ധാരണയിലെ പരസ്യമായ ഈ നിലപാടിന്‌ പുറമെ മഞ്ചേശ്വരത്ത്‌ കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍ പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ എന്നിവര്‍ക്ക്‌ ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ.ജി മാരാര്‍ക്ക്‌ ജയിക്കാനാവശ്യമായ വോട്ട്‌ കോണ്‍ഗ്രസും ലീഗും നല്‍കുമെന്ന്‌ ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെ തന്നെ അവര്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു'' (കെ.ജി മാരാര്‍: രാഷ്‌ട്രീയത്തിലെ സ്‌നേഹ സാഗരം, പേജ്‌ 155-156, പ്രസാധനം, കുരുക്ഷേത്ര പ്രകാശന്‍). ഈ അവിശുദ്ധ സഖ്യത്തിനെതിരെ ഏറ്റവും ശക്തമായി രംഗത്ത്‌ വന്ന മുസ്‌ലിം സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കുമിടയിലെ രാഷ്‌ട്രീയ സംഘര്‍ഷം ഏറ്റവും രൂക്ഷമായ കാലവും അതു തന്നെയായിരുന്നു. സാക്ഷാല്‍ ശിഹാബ്‌ തങ്ങള്‍ തന്നെ ബേപ്പൂരില്‍ വന്ന്‌ മാധവന്‍കുട്ടിക്ക്‌ വേണ്ടി വോട്ടഭ്യര്‍ഥച്ചു. പക്ഷേ, '91-ല്‍ രാജീവ്‌ ഗാന്ധിയുടെ വധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ്‌ മുന്നണി മികച്ച വിജയം നേടിയിട്ട്‌ പോലും കോലീബി സംഖ്യം നിലനിന്ന ഒരിടത്തും അത്‌ വിജയിച്ചില്ല. `പൊതു'സ്ഥാനാര്‍ഥികളായ രത്‌നസിംഗും മാധവന്‍ കുട്ടിയും പരാജയപ്പെട്ടു. കെ.ജി മാരാര്‍, രാമന്‍പിള്ള, ഒ. രാജഗോപാല്‍ ആര്‍ക്കും വിജയിക്കാനായില്ല. ആര്‍.എസ്‌.എസ്‌ ഗൂഢപദ്ധതിക്കേറ്റ ആ പരാജയത്തില്‍ കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്‌ വലിയ പങ്കുണ്ട്‌. ഇസ്‌ലാമിക പ്രസ്ഥാനവും ആ ശ്രമത്തില്‍ സജീവമായി നിലകൊണ്ടു. ഈ ചരിത്രവും ജാള്യത നിറഞ്ഞ തിരിച്ചടികളും ഉണ്ടായിട്ടും വീണ്ടും അത്തരം നിഗൂഢ ബന്ധങ്ങളും നീക്കങ്ങളും നടക്കുന്നതാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. ഇത്തവണ ബി.ജെ.പി ഉന്നം വെക്കുന്ന `എ ക്ലാസ്‌' മണ്ഡലങ്ങളാണ്‌ നേമം, കാട്ടാക്കട, തിരുവനന്തപുരം, കയ്‌പമംഗലം, പാലക്കാട്‌, കാസര്‍കോഡ്‌, മഞ്ചേശ്വരം എന്നിവ. ഇതില്‍ ഒ. രാജഗോപാല്‍ മത്സരിക്കുന്ന നേമം സീറ്റിന്‌ ബി.ജെ.പി സവിശേഷ പ്രാധാന്യം നല്‍കുന്നു. കെ.ജി മാരാരുടെ ജീവചരിത്രകാരന്‍ പറഞ്ഞതുപോലെ `എന്തുവിലകൊടുത്തും' ജയിക്കേണ്ട മണ്ഡലം. ഒറ്റക്ക്‌ ജയിക്കാന്‍ കഴിയുമെന്ന്‌ ഏറ്റവും ആത്മവിശ്വാസമുള്ള ബി.ജെ.പിക്കാരന്‍ പോലും വിചാരിക്കുന്നില്ല. അപ്പോഴാണ്‌ '91-ന്റെ ആവര്‍ത്തനം കടന്നുവരുന്നത്‌. '91-ല്‍ കെ. കരുണാകരനും എ.കെ ആന്റണിക്കുമിടയിലെ ഉള്‍പ്പാര്‍ട്ടി മത്സരം കൂടി തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ്‌ ജയിച്ചുവന്നാല്‍ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷിയില്‍ തനിക്ക്‌ ആന്റണിയെക്കാള്‍ മികച്ച മേല്‍ക്കൈ വേണമെന്ന കരുണാകരന്റെ നിര്‍ബന്ധമാണ്‌ ബി.ജെ.പി ബന്ധത്തിന്റെ ഒരു ഘടകം. ബി.ജെ.പിയുടെ വോട്ട്‌ കരുണാകരന്‍ ആവശ്യപ്പെട്ടത്‌ തന്റെ ഗ്രൂപ്പുകാര്‍ മത്സരിക്കുന്ന സീറ്റുകളിലായിരുന്നു. '91-ലെ അതേ അവസ്ഥ തന്നെയാണ്‌ ഇന്ന്‌ കോണ്‍ഗ്രസിലുള്ളത്‌. ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും തമ്മിലുള്ള മത്സരമാണ്‌ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയ ഉപശാലയിലെ ഏറ്റവും ത്രസിപ്പിക്കുന്ന സസ്‌പെന്‍സ്‌ ത്രില്ലര്‍. വിജയ സാധ്യതയുള്ള സീറ്റുകള്‍ തന്റെ ഗ്രൂപ്പുകാര്‍ക്ക്‌ വീതിച്ചു കൊടുക്കുന്നതില്‍ ചെന്നിത്തല വിജയിച്ചിരിക്കുന്നു. ചാണ്ടിയെക്കാള്‍ ദല്‍ഹിയില്‍ തനിക്കുള്ള ബന്ധങ്ങള്‍ അതിന്‌ വേണ്ടി ഉപയോഗിക്കുകയും ചെയ്‌തു. ബി.ജെ.പി വോട്ട്‌ വാങ്ങി തന്റെ ഗ്രൂപ്പുകാരെ വിജയിപ്പിക്കുകയും നിയമസഭാ കക്ഷി നേതാവായി വരികയും ചെയ്യുക എന്നതാണ്‌ ചെന്നിത്തലയുടെ പദ്ധതി. ബി.ജെ.പിക്കും എന്‍.എസ്‌.എസിനും ചെന്നിത്തലയോളം സ്വീകാര്യനായൊരു രാഷ്‌ട്രീയക്കാരന്‍ ഈ ഭൂമികേരളത്തിലില്ല താനും. ഒ. രാജഗോപാല്‍ മത്സരിക്കുന്ന നേമം സീറ്റ്‌ ദുര്‍ബല ഘടക കക്ഷിയായ സോഷ്യലിസ്റ്റ്‌ ജനതയുടെ തലയില്‍ വീണത്‌ അങ്ങനെയാണ്‌. സി.എം.പിയോടും ജെ.എസ്‌.എസിനോടും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട്‌ അവര്‍ വഴങ്ങാതായപ്പോള്‍ വീരന്‍ ദളിന്റെ തലയിലിടുകയായിരുന്നു. ചാരുപാറ രവി എന്നൊരു പൂമാനെ വീരന്‍ അവിടെ നിര്‍ത്തി. ചെന്നിത്തല കോണ്‍ഗ്രസുകാര്‍ക്ക്‌ മനഃപ്രയാസമില്ലാതെ താമരയില്‍ വോട്ട്‌ കുത്താനുള്ള വഴി അങ്ങനെ തെളിഞ്ഞു. കെ.എസ്‌.യു നേതാവായ ഷാഫി പറമ്പിലാണ്‌ പാലക്കാട്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. ബി.ജെ.പിയുടെ ഉദയഭാസ്‌കര്‍ സാരിയും പണവുമെറിഞ്ഞ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌ അവിടെയാണ്‌. യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയായി ഒരു മുസ്‌ലിം വരുന്നതോടെ അത്‌ ഉദയഭാസ്‌കറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന്‌ മനസ്സിലാക്കാന്‍ വല്ലാത്ത കുശാഗ്ര ബുദ്ധിയൊന്നും വേണ്ട. ഒരു വെടിക്ക്‌ പല പക്ഷികളെ വീഴ്‌ത്താനാണ്‌ ഷാഫിക്ക്‌ പാലക്കാട്‌ സീറ്റ്‌ കൊടുത്തത്‌. ബഹളം വെക്കുന്ന കെ.എസ്‌.യുക്കാരെ ഒതുക്കി നിര്‍ത്താം. സിദ്ധീഖിന്‌ സീറ്റ്‌ നിഷേധിച്ചത്‌ വഴിയുണ്ടാവുന്ന `മുസ്‌ലിം വിരുദ്ധത' ഒഴിവാക്കാം. സര്‍വോപരി, പൂജനീയ ഉദയ ഭാസ്‌കര്‍ജിക്ക്‌ ചെന്നിത്തല കോണ്‍ഗ്രസുകാരുടെ വോട്ട്‌ കണ്ണടച്ചുറപ്പിക്കാം. കാസര്‍കോഡ്‌, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളായി മുസ്‌ലിം ലീഗുകാരാണ്‌ മത്സരിക്കുന്നത്‌ എന്നതിനാല്‍ ചെന്നിത്തലയുടെ കോണ്‍ഗ്രസുകാര്‍ക്ക്‌ ബി.ജെ.പിക്ക്‌ വോട്ട്‌ കുത്താന്‍ ഒട്ടും പ്രയാസം കാണില്ല. പോരാത്തതിന്‌ തൊട്ടുകിടക്കുന്ന ഉദുമയില്‍ ദുര്‍ബലയായ ഒരു വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പിയും സന്നദ്ധമായിട്ടുണ്ട്‌. അങ്ങനെ കേരളത്തിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തും താമരക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. '91-ല്‍ മതേതര കേരളം കാണിച്ച ജാഗ്രത അതിനെക്കാള്‍ സൂക്ഷ്‌മതയോടെ കാണിച്ചില്ലങ്കില്‍ കേരളം അതിന്റെ വലിയൊരു പാരമ്പര്യമായിരിക്കും നഷ്‌ടപ്പെടുത്തുന്നത്‌. '91-ലെ അവിശുദ്ധ ബന്ധത്തില്‍ `മറ്റു കക്ഷികളെക്കാള്‍ സഹകരണാത്മക സമീപനം' കാണിച്ച മുസ്‌ലിം ലീഗുകാര്‍ക്ക്‌ ആര്‍.എസ്‌.എസ്‌ നിയമസഭയില്‍ അക്കൗണ്ട്‌ തുറക്കുന്നതില്‍ വലിയ വിഷമമൊന്നും കാണില്ല. ആര്‍.എസു.എസുകാര്‍ ഉത്തരേന്ത്യന്‍ നഗരങ്ങളിലാകമാനം ബോംബുകള്‍ വര്‍ഷിച്ച്‌ കിരാത നൃത്തമാടുമ്പോള്‍ അതെല്ലാം മൗദൂദിയുടെ പുസ്‌തകം വായിക്കുന്ന കുട്ടികള്‍ പൊട്ടിക്കുന്ന ബോംബുകളാണെന്ന്‌ പറഞ്ഞ്‌ കേരളത്തില്‍ കാമ്പയിന്‍ നടത്തിയവരാണ്‌ അവര്‍. അതിനാല്‍ യു.ഡി.എഫിലെ പ്രമുഖമായ രണ്ട്‌ കക്ഷികളില്‍ നിന്നും കണിശതയുള്ള ഫാഷിസ്റ്റ്‌ വിരുദ്ധ സമീപനം നാം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഫാഷിസ്റ്റ്‌ കക്ഷികള്‍ക്കെതിരെയുള്ള ജനകീയ പ്രചാരണം ശക്തിപ്പെടുത്തുക മാത്രമാണ്‌ പോംവഴി.
കേരളത്തിന്റെ മറുപുറ കാഴ്‌ചകള്‍ കെ.എ ഫൈസല്‍
ഭൂമിശാസ്‌ത്രം, കാലാവസ്ഥ, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈവിധ്യങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമാണ്‌ കേരളം. സാമ്രാജ്യത്വദാസ്യങ്ങളും അന്ധവിശ്വാസങ്ങളും വര്‍ഗീയതയുടെ തീക്കാറ്റും കേരളത്തില്‍ കടക്കാതിരിക്കാന്‍ പശ്ചിമഘട്ടവും അറബിക്കടലും അതിര്‍ത്തിയില്‍ ഭദ്രമായ കോട്ടകള്‍ പണിതിട്ടുണ്ട്‌. മലനാടും ഇടനാടും തീരപ്രദേശവും ആധുനികതയുടെയും നവോത്ഥാനമൂല്യങ്ങളുടെയും വ്യാപനത്തിന്റെ വേഗത വര്‍ധിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന വിശേഷണം മാലോകര്‍ക്കിടയില്‍ കേരളത്തെ വാഴ്‌ത്തപ്പെട്ടതാക്കുന്നതിന്‌ സഹായകമായി. മഹിതമായ വികസനമാതൃകയും ഭൂപരിഷ്‌ക്കരണവും മലയാളികളുടെ പ്രതികരണശേഷിയുടെ വീരസ്യവും കേരളീയരുടെ ആത്മവിശ്വാസത്തെ വര്‍ധിതമാക്കി. ഏറെ പ്രചാരം സിദ്ധിച്ച ഗുണവിശേഷങ്ങളുടെ ഈ ഉപരിതലത്തില്‍ നിന്നും താഴോട്ടുനോക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും പക്ഷേ, വിശ്വസിക്കാന്‍ കഴിയാത്ത ചില വൈരുധ്യങ്ങള്‍ കണ്ടെടുക്കാനാകും. കേരളത്തെ സംബന്ധിച്ച കുതൂഹലങ്ങളുടെയും മലയാളികളുടെ മഹത്ത്വങ്ങളുടെയും വിശുദ്ധവസ്‌ത്രത്തിന്‌ കളങ്കമേല്‍പ്പിക്കുന്നതാണ്‌ ഈ വൈരുധ്യങ്ങള്‍. കേരളത്തെ സംബന്ധിച്ച്‌ അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ മലയാളിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്‌. സാക്ഷരതയും വിദ്യാഭ്യാസവും മെച്ചപ്പെട്ട കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ്‌! 28 പേര്‍ പ്രതിദിനം ഇവിടെ ആത്മഹത്യ ചെയ്യുന്നു. ആഘോഷാവസരങ്ങളില്‍ ലഹരിയുടെ സ്വര്‍ഗരാജ്യമായി കേരളം മാറുന്നു. നാലുകുടുംബങ്ങളിലൊന്നിലെങ്കിലും ഒരു മനോരോഗിയെ കേരളത്തില്‍ കാണാനാകുമെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌ (പെണ്‍കുട്ടി ഇഷ്‌ടപ്പെട്ട പുരുഷനോടൊപ്പം ഒളിച്ചോടുമ്പോഴും കുടുംബത്തിലാരെങ്കിലും മനോരോഗത്തിനടിപ്പെടുമ്പോഴും പുറംലോകമറിയാതെ അവ രഹസ്യമാക്കിവെച്ച്‌ കേരളീയര്‍ അഭിമാനം സംരക്ഷിച്ചുപോരുന്നു). ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രബുദ്ധരായ ജനത എന്ന മിഥ്യാഭിമാനബോധത്തിനപ്പുറം കേരളത്തിന്റെ പ്രശ്‌നങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയോ പ്രതിവിധി നിശ്ചയിക്കുകയോ ചെയ്യുന്ന സാമൂഹിക രാഷ്‌ട്രീയപ്രവര്‍ത്തനം കേരളത്തില്‍ സംഭവിക്കുന്നില്ലായെന്നത്‌ അപമാനകരമാണ്‌. കേരളം ഒരു ഭ്രാന്താലയമാണ്‌ എന്ന സ്വാമി വിവേകാനന്ദന്റെ വിലയിരുത്തലുകള്‍ക്ക്‌ അടിവരയിടുന്നതാണ്‌ കേരളത്തിന്റെ ഈ മറുപുറക്കാഴ്‌ച്ചകള്‍. മഹിതമായ ഒരു വികസനമാതൃക ലോകത്തിന്‌ സമര്‍പ്പിച്ച ഖ്യാതി കേരളത്തിന്‌ സാമ്പത്തിക വിശാരദര്‍ പതിച്ചുനല്‍കിയിട്ടുണ്ട്‌. പ്രതിശീര്‍ഷവരുമാനം പ്രതികൂലമാകുംവിധം താഴ്‌ന്നതായിട്ടും സാക്ഷരതയിലും ആരോഗ്യരംഗത്തും പൗരബോധത്തിലും, സാമ്പത്തികമായി ഉയര്‍ന്ന വരുമാനമുള്ള പാശ്ചാത്യരാജ്യങ്ങളോട്‌ കിടപിടിക്കാന്‍ നമുക്ക്‌ കഴിഞ്ഞുവെന്നതാണ്‌ വികസനമാതൃകയുടെ പ്രത്യേകത. ഇതു സത്യമാണോ മിഥ്യയാണോ എന്നത്‌ അന്നും ഇന്നും കേരളത്തില്‍ തര്‍ക്കവിഷയമാണ്‌. പക്ഷേ, എല്ലാവരും സമ്മതിക്കുന്ന ഒരു വസ്‌തുതയുണ്ട്‌. പൊതുജനത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ പകരം മൂലധനത്തിന്‌ പ്രാധാന്യമേകുന്ന വികസനസംസ്‌കാരമാണ്‌ കേരളം ഇന്ന്‌ ഉയര്‍ത്തിപ്പിടിക്കുന്നത്‌. ഇക്കാര്യത്തില്‍ കേരളവികസന മാതൃകയെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചില്ലെന്ന്‌ മാത്രമല്ല, അവയെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ പത്തുവര്‍ഷക്കാലയളവില്‍ മാറിമാറി ഭരിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന കേരളത്തിലെ ഇടതുവലതു മുന്നണികള്‍. വികസനഭീകരതയുടെ ഇരകളായി ഭരണകൂടത്തിന്‌ മേല്‍ ശാപവാക്കുകള്‍ ചൊരിഞ്ഞ്‌ ജീവിക്കുന്ന ആയിരക്കണക്കിന്‌ ജനങ്ങളെ വിവിധ പ്രദേശങ്ങളില്‍ നമുക്ക്‌ കാണാനാകും. എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ജീവിക്കുന്ന രക്തസാക്ഷികളായ പാവം പേക്കോലങ്ങള്‍ ഈ ഭീകരതയുടെ ഏറ്റവും വലിയ മുദ്രയാണ്‌. കണ്ണീരൊലിപ്പിച്ചു നിശ്ചലമായി നില്‍ക്കുന്ന ഇതേ മുഖഭാവങ്ങള്‍ തന്നെയാണ്‌ മൂലമ്പിള്ളിയിലും കിനാലൂരിലും ദേശീയപാതയുടെ ഇരുവശങ്ങളിലുമൊക്കെ ഏതൊരാള്‍ക്കും കാണാനാവുന്നത്‌. വികസനമാതൃകയുടെ ചരിത്രത്തില്‍ അഭിരമിക്കുമ്പോള്‍ തന്നെയാണ്‌ മനുഷ്യവിരുദ്ധ വികസനത്തിന്റെ വികൃതമുഖം വെളിവാക്കുന്ന വര്‍ത്തമാനം നമ്മെ തുറിച്ചുനോക്കുന്നത്‌. വികസനം വില്‍പനച്ചരക്കാകുന്ന വൈകൃതമാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. രാഷ്‌ട്രീയക്കാരും കോര്‍പ്പറേറ്റുകളും ഈ പങ്കുകച്ചവടത്തിന്റെ പറ്റുകാരാണ്‌. 1894-ല്‍ വെള്ളക്കാരുടെ ഭരണകാലത്തുണ്ടായ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ്‌ ജനവിരുദ്ധവികസനത്തിന്റെ മൂലധനവും ഇന്ധനവും. ലോകത്ത്‌ ആദ്യമായി ഒരു കമ്യൂണിസ്റ്റ്‌ മന്ത്രിസഭ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത്‌ നമ്മുടെ കേരളത്തിലാണ്‌. 1957-ല്‍ അധികാരമേറ്റ ഇ. എം.എസ്‌ മന്ത്രിസഭ ആദ്യകമ്യൂണിസ്റ്റ്‌ മന്ത്രിസഭ മാത്രമായിരുന്നില്ല, ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര മന്ത്രിസഭ കൂടിയായിരുന്നു. ആദ്യത്തെ മന്ത്രിസഭയിലെ 11 അംഗങ്ങള്‍ പ്രശസ്‌തരും പ്രതിഭാശാലികളുമായിരുന്നു. അറിവും അഴിമതിരാഹിത്യവുമായിരുന്നു അവരുടെ മുഖമുദ്ര. സി. അച്യുതമേനോന്‍, വി.ആര്‍ കൃഷ്‌ണയ്യര്‍, എ.ആര്‍ മേനോന്‍, പ്രഫ. ജോസഫ്‌ മുണ്ടശ്ശേരി എന്നിവര്‍ ഐക്യകേരളത്തിന്‌ നല്‍കിയ സംഭാവനകള്‍ നിസ്‌തുലങ്ങളായിരുന്നു. ധിഷണയും പ്രവര്‍ത്തനക്ഷമതയും ഒത്തിണങ്ങിയ അത്തരമൊരു നിരയും കൂട്ടായ്‌മയും ഐക്യകേരളം പിന്നീടിതുവരേയും അനുഭവിച്ചിട്ടില്ലെന്ന ചരിത്രം വായിക്കുമ്പോള്‍ മലയാളി ഏറെ ഗൃഹാതുരനാവുകയാണ്‌. കൃഷി ചെയ്യുന്നവന്‌ ഭൂമിയുടെ അവകാശം നല്‍കുന്ന ഭൂപരിഷ്‌കരണവും നടപ്പിലാക്കിയത്‌ ഈ ആദ്യമന്ത്രിസഭയാണ്‌. സമാനമായ വിപ്ലവമാണ്‌ വിദ്യാഭ്യാസ ബില്‍ നടപ്പിലാക്കിയതിലൂടെയും സംഭവിച്ചത്‌. കേരളത്തിന്റെ സമഗ്രപുരോഗതിക്ക്‌ ഏറെ സഹായകവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയുമായിരുന്നു ഈ രണ്ടു നിയമനടപടികളും. വിശദാംശങ്ങളില്‍ ഭിന്നഭിപ്രായങ്ങളുണ്ടെങ്കിലും കേരളീയ നവോത്ഥാനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുന്നതില്‍ ഇവ വലിയ പങ്ക്‌ വഹിക്കുകയുണ്ടായി. ഭൂമിയും പള്ളിക്കൂടങ്ങളും കൈപ്പിടിയിലൊതുക്കിവെച്ച തമ്പുരാക്കന്മാരുടെ മുഖത്തേറ്റ പ്രഹരമായിരുന്നു ഈ രണ്ടു നിയമങ്ങളും. ന്യൂനതകളില്‍ നിന്ന്‌ പൂര്‍ണമായും മുക്തമായ നിയമനിര്‍മാണമായിരുന്നില്ല ഇവ. കൃഷിഭൂമി കര്‍ഷകന്‌ എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണനിയമങ്ങള്‍ വിപ്ലവകരമായ ചുവടുവെപ്പുകളായിരുന്നു. ഒന്നാം മന്ത്രിസഭക്ക്‌ തന്നെ അത്തരമൊരു ചിന്തയും സ്വപ്‌നവുമുണ്ടായിയെന്നത്‌ മാതൃകാപരമായിരുന്നു. ഭൂമിയുടെ ഉടമാവാകാശത്തിലുള്ള ഭീകരമായ അന്തരം കുറക്കാനും ആനുപാതിക സമത്വം ഉറപ്പുവരുത്താനും കാര്‍ഷികവികസനം ത്വരിതപ്പെടുത്താനും സഹായകമായ താല്‍പര്യങ്ങള്‍ ഒന്നാം ഭൂപരിഷ്‌കരണനയം പങ്കുവെച്ചിരുന്നു. ഭൂപ്രഭുക്കന്മാരുടെ ജന്മസിദ്ധാവകാശമായ ഭൂമിയുടെ ഉടമാവകാശം അല്‍പമെങ്കിലും മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌ ലഭിച്ചുവെന്നത്‌ ഈ നിയമത്തിന്റെ ഗുണകരമാമയ വശം തന്നെയാണ്‌. അന്നു തുടങ്ങിവെച്ച നടപടിക്രമങ്ങളുടെ ഭാഗമായി 1957-നും 1993-നും ഇടയില്‍ 2.8 ദശലക്ഷം കര്‍ഷകര്‍ക്ക്‌ ഭൂവുടമാവാകാശം ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തിന്റെ ഇത്തരം നടപടിക്രമങ്ങളെ ഏറെ ആദരവോടെയും മതിപ്പോടെയുമാണ്‌ അന്താരാഷ്‌ട്ര സമൂഹം വീക്ഷിച്ചത്‌. ഈ പരിഷ്‌കരണസംരംഭങ്ങള്‍ക്കും സ്വാഭാവികമായും പരിമിതികളുണ്ടായിരുന്നു. അറുപതു വര്‍ഷങ്ങള്‍ക്കുശേഷം അവയെ വിലയിരുത്തുന്ന ഒരു ഗവേഷകന്‌ ധാരാളം പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കാനുമാകും. ഒരു പ്രബുദ്ധ സമൂഹമെന്ന നിലയില്‍ അവയെല്ലാം കേരളീയര്‍ ഗൗരവപൂര്‍വം കണക്കിലെടുക്കുകയും വേണം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക്‌ നേട്ടമുണ്ടാക്കാന്‍ കഴിയുന്നവിധത്തില്‍ പ്രായോഗിക നടിപടികളുണ്ടായില്ലായെന്നതാണ്‌ വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടത്‌. ആദിവാസികള്‍ക്കും ദലിതര്‍ക്കും പ്രതീക്ഷിച്ചത്ര ഗുണം നിയമം മൂലം ലഭിച്ചില്ല. ഭൂവിപ്ലവം അരങ്ങേറി ആറുപതിറ്റാണ്ട്‌ കഴിഞ്ഞിട്ടും കേരളത്തിലെ 33 ശതമാനം ജനങ്ങളും ഒരു തുണ്ടുഭൂമി പോലും സ്വന്തമായി ഇല്ലാത്തവരാണ്‌ എന്ന വസ്‌തുത വിമര്‍ശനത്തിന്റെ മൂര്‍ച്ച വര്‍ധിപ്പിക്കുന്നേയുള്ളൂ. പരിമിതികളെ മറികടക്കാനല്ല, പരിഷ്‌കരണങ്ങളെ പരാജയപ്പെടുത്താനായിരുന്നു സമ്മര്‍ദഗ്രൂപ്പുകള്‍ പ്രയത്‌നിച്ചത്‌ എന്നതാണ്‌ ഖേദകരം. അതിന്‌ അവര്‍ക്ക്‌ പ്രേരകമായത്‌ ഭൂപരിഷ്‌കരണത്തിന്റെ നിറംകെടുത്തിയ, പിന്നീട്‌ ബോധ്യപ്പെട്ട യാഥാര്‍ഥ്യങ്ങളായിരുന്നില്ല. കേരളത്തിലെ ഫ്യൂഡല്‍ മാടമ്പിമാരുടെയും ഉദ്യോഗസ്ഥപ്രഭുക്കന്മാരുടെയും ജാതിമേധാവികളുടെയും സ്വാര്‍ഥതാല്‍പര്യങ്ങളായിരുന്നു എതിര്‍പ്പിന്റെ രാസത്വരകമായി വര്‍ത്തിച്ചത്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരുടെ താളത്തിനൊത്ത്‌ തുള്ളുകയും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നത്‌ വരേയുള്ള കടുത്ത നടപടികള്‍ക്ക്‌ രാജ്യം സാക്ഷിയാവുകയും ചെയ്‌തു. ഭൂമി തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ്‌ എന്ന ഭീഷണിക്ക്‌ ഭരണാധികാരികള്‍ വിധേയമാകുന്നതും അന്നു മുതലാണ്‌. കേരളത്തിലെ ഭൂസമരങ്ങള്‍ വിജയമുഖത്തുവെച്ച്‌ പരാജയപ്പെടുന്ന അത്ഭുതത്തിന്‌ നാം കാഴ്‌ചക്കാരായി മാറുന്നതും പിരിച്ചുവിടല്‍ഭൂതത്തിന്റെ സ്വാധീനംകൊണ്ടുകൂടിയാണ്‌. ജാഗ്രതയുള്ള പൗരസമൂഹം കേരളത്തിന്റെ എക്കാലത്തെയും സവിശേഷതയായിരുന്നു. വോട്ടുരാഷ്‌ട്രീയത്തിന്റെ വഴിതെറ്റലുകളെ മുഖം നോക്കാതെ വിമര്‍ശിക്കുന്ന സാംസ്‌കാരികനായകരും സമരനേതാക്കളും രാഷ്‌ട്രീയപ്രവര്‍ത്തകരും കേരളത്തിന്റെ അഭിമാനമായിരുന്നു. ആ സവിശേഷതകള്‍ പക്ഷേ, നമ്മുടെ ഉള്ള്‌ കുളിര്‍പ്പിക്കുന്ന ഓര്‍മകള്‍ മാത്രമായിത്തീരുകയാണ്‌ ഇപ്പോള്‍. കേരളത്തിന്റെ സമകാലീന രാഷ്‌ട്രീയ സാഹചര്യം ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ഏറ്റവും പ്രയോഗവല്‍ക്കരിക്കപ്പെടുന്ന നിലയിലാണ്‌. നിലനില്‍പ്പിനു വേണ്ടിയുള്ള സമരവും അര്‍ഹതയുള്ളവരുടെ അതിജീവനവും എന്ന പരിണാമ തത്ത്വങ്ങള്‍ ഇവിടെ സജീവമാണ്‌. പക്ഷേ, ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം പരിണാമത്തിനാവശ്യമായ മിനിമം സമയം പോലും പാര്‍ട്ടി മുന്നണി മാറ്റങ്ങള്‍ക്ക്‌ കേരളത്തിലാവശ്യമില്ല. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട കണക്കെയുള്ള നേതാക്കള്‍ യാതൊരുളുപ്പുമില്ലാതെയാണ്‌ യു.ഡി.എഫ്‌ ക്യാമ്പില്‍ അഭയം പ്രാപിക്കുന്നത്‌. ആഗോളവല്‍ക്കരണത്തിനെതിരെ തൂലികയും നാവും ആവശ്യത്തിലധികം ചലിപ്പിച്ചവരും അള്‍ഷിമേഴ്‌സ്‌ ബാധിച്ചതുപോലെ ഇപ്പോള്‍ പറഞ്ഞതു മാറ്റിപ്പറയാന്‍ മത്സരിക്കുന്നു. മലയാളികളെകുറിച്ച്‌ തിങ്ക്‌ ഗ്ലോബലീ, ആകട്‌ ലോക്കലീ എന്നു മറ്റുള്ളവര്‍ വിമര്‍ശിക്കാറുണ്ട്‌. പക്ഷേ, അത്‌ രാഷ്‌ട്രീയക്കാരിലെത്തുമ്പോള്‍ സ്‌പീക്ക്‌ റോങ്‌ലീ എന്നു കൂടി പറയേണ്ടിവരും. മന്ത്രിയാകാതിരിക്കുക, എം.എല്‍.എ പട്ടം ലഭിക്കാതിരിക്കുക, സ്ഥാനാര്‍ഥി പട്ടികയിലുള്‍പ്പെടാതിരിക്കുക തുടങ്ങിയ `ആദര്‍ശപരമായ കാരണങ്ങളാലാണ്‌' നേതാക്കന്മാര്‍ പാര്‍ട്ടിയും മുന്നണിയുമൊക്കെ മാറുന്നത്‌. പണം, പാനീയം, പെണ്ണ്‌ എന്നീ അച്ചുതണ്ടുകളില്‍ ചുറ്റിത്തിരിയുകയാണ്‌ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളും അവര്‍ക്ക്‌ ഒശാന പാടുന്ന അനുയായിവര്‍ഗവും. ഇവയോട്‌ പ്രതിഷേധമുള്ളവര്‍ പാര്‍ട്ടികളില്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും അവര്‍ നിശ്ശബ്‌ദരാവുകയാണ്‌ പതിവ്‌. കേരളത്തിന്റെ പൊതുബോധം രാഷ്‌ട്രീയത്തില്‍ നിന്ന്‌ മതം മാറിനില്‍ക്കണമെന്നുള്ളതാണ്‌. മാധ്യമങ്ങള്‍ ഈ ബോധത്തിന്റെ കുഴലൂത്തുകാരാണ്‌. മതം രാഷ്‌ട്രീയത്തില്‍ ഇടപെട്ടുകളയുന്നുവെന്ന പരാതി രാഷ്‌ട്രീയക്കാര്‍ക്ക്‌ വേണ്ടി പകര്‍ത്തിപ്പറയുന്ന പുരോഹിതവേഷങ്ങള്‍ വരെ തഴച്ചുവളരുന്ന നാടാണ്‌ കേരളം. തല്‍ഫലമായി ക്രിമിനലിസം രാഷ്‌ട്രീയത്തിലും സാമൂഹികജീവിതത്തിലും പുകപടലങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. മന്ത്രിമാര്‍ അഴികളെണ്ണുന്നതും പാര്‍ട്ടിനേതാക്കള്‍ വെളിപ്പടുത്തല്‍ സൂനാമിക്ക്‌ വിധേയരാകുന്നതും പതിവ്‌ കാഴ്‌ചയാകുന്നു. എന്നിട്ടും അവര്‍ക്ക്‌ വേണ്ടി കമാനങ്ങളുയര്‍ത്തിയും കട്ടൗട്ടുകള്‍ സ്ഥാപിച്ചും ജാഥ നടത്തിയും തിന്മകളെ വെള്ളപൂശാനുള്ള ശ്രമങ്ങളും ശക്തമാണ്‌. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്ന്‌ യേശു പറഞ്ഞതുപ്രകാരം കല്ലെറിയാനാകാതെ തരിച്ചുനില്‍ക്കുകയാണ്‌ യൗവനവും കൗമാരവും. കല്ലെറിയാനുള്ള ഉന്നം ലഭിക്കാതിരിക്കുന്നവിധം കാലുകള്‍ ചുവടുറക്കാത്തവരാണ്‌ അവരിലധികവും. രാഷ്‌ട്രീയപ്രകടനങ്ങളുടെ മുഖ്യ ഇന്ധനം ഇന്ന്‌ മദ്യമാണ്‌. ഭരണത്തെ കോര്‍പ്പറേറ്റുകളും മധ്യവര്‍ത്തികളും റാഞ്ചിയെടുത്ത അനുഭവമാണ്‌ കേരളത്തിലുള്ളത്‌. സെക്രട്ടറിയേറ്റാണ്‌ ഭരണസിരാകേന്ദ്രമെങ്കിലും തലസ്ഥാനനഗരിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്‌ ഭരണത്തിന്റെ ഊടുംപാവും നിശ്ചയിക്കപ്പെടുന്നത്‌. ഇടനിലക്കാര്‍ക്ക്‌ കേരളം ആരു ഭരിച്ചാലും പ്രശ്‌നമല്ല. ഏതുകാലത്തും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ മന്ത്രിസഭയിലുണ്ടാകുമെന്നുറപ്പാണ്‌. ആ അര്‍ഥത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ചൂരും ചൂടും കണ്ട്‌ അവര്‍ ഉള്ളില്‍ ചിരിക്കുന്നുണ്ടാകണം. കേരള നവേത്ഥാനത്തിലെ ആത്മീയപരിസരത്തെ പൊതുജീവിതത്തില്‍ വീണ്ടുക്കാതെ നമുക്ക്‌ നിര്‍വാഹമില്ല. മതം സ്വകാര്യജീവിതത്തിലും കാപട്യം സാമൂഹികജീവിതത്തിലുമെന്ന വിരുദ്ധ ദ്വന്ദത്തോട്‌ വിട പറയുമ്പോഴേ പുരോഗതിയുടെ പടവുകള്‍ നമുക്ക്‌ ചവിട്ടിക്കയറാനാകൂ. പൗരസമൂഹത്തിന്റെ പ്രതിരോധായുധത്തിന്‌ മൂര്‍ച്ച കൂട്ടാന്‍ തെരഞ്ഞെടുപ്പിന്റെ സവിശേഷസാഹചര്യം ഉപയോഗപ്പെടുത്തണം. യുവജനസമൂഹവും സാംസ്‌കാരികനായകന്മാരും സമരസംഘടനകളും, ഒറ്റപ്പെട്ടു മാറിനില്‍ക്കുന്ന നന്മേഛുക്കളായ വ്യക്തിത്വങ്ങളും നിര്‍ണായകമായ വിപ്ലവസംരംഭത്തിന്‌ നേതൃത്വം നല്‍കണം. തെരഞ്ഞെടുപ്പ്‌ എന്നത്‌ വിരല്‍വ്യായാമം മാത്രമല്ല, തലച്ചോറിന്റേയും ആത്മാവിന്റേയും കൂടി അനന്തസാധ്യതകളെ ഉപയോഗിക്കാന്‍ ശേഷിയുള്ള വിലയേറിയ അവസരമാണെന്ന തിരച്ചറിവ്‌ വീണ്ടെടുക്കാന്‍ ഈ സന്ദര്‍ഭത്തില്‍ നമുക്ക്‌ കഴിഞ്ഞാല്‍ കേരളത്തിന്റെ മറുപുറകാഴ്‌ചകളെ വിസ്‌മയാവഹമാക്കാന്‍ സാധിക്കുമെന്നുറപ്പാണ്‌.