..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 3 July 2012

സമ്മേളനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലുകളാണ്. കേരളത്തില്‍ പ്രസ്ഥാനത്തിന് രൂപം നല്‍കിയതു തന്നെ 1948 ജനുവരിയില്‍ വളാഞ്ചേരിക്കടുത്ത കാട്ടിപ്പരുത്തിയില്‍ നടന്ന സമ്മേളനത്തിലാണ്. തുടര്‍ന്ന് ആദ്യകാലങ്ങളില്‍ മിക്ക വര്‍ഷങ്ങളിലും ജമാഅത്ത് വാര്‍ഷികസമ്മേളനം നടത്തി വന്നു. ഓരോ സമ്മേളനം പിന്നിടുമ്പോഴും പ്രസ്ഥാനം വളരുകയായിരുന്നുവെന്ന് സമ്മേളനപ്രതിനിധികള്‍, പ്രസ്ഥാനഘടകങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവയിലെ വര്‍ധന സൂചിപ്പിക്കുന്നു. ആദ്യകാലത്ത് നടത്തിയ സമ്മേളനങ്ങള്‍ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിക്കാനുള്ള വേദി എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ആളുകള്‍ കുറവായിരുന്നുവെങ്കിലും അച്ചടക്കം കൊണ്ടും ഇസ്ലാമിക കൂട്ടായ്മയുടെ ഉത്തമ മാതൃക എന്ന നിലയിലും സമ്മേളനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രസ്ഥാനത്തിന്റെ അതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ഓരോ സമ്മേളനങ്ങളും വേദിയായി. ഘടകങ്ങളുടെ എണ്ണം വളരെ കുറവായിരുന്നതിനാല്‍ സംസ്ഥാന സമ്മേളനങ്ങളില്‍ പ്രാദേശിക ജമാഅത്തുകളുടെ റിപ്പോര്‍ട്ടുകള്‍ പോലും അവതരിപ്പിച്ചിരുന്നു. നേരത്തേ ഇസ്ലാമികജീവിതമാതൃക പരിശീലിക്കാനാണ് സമ്മേളനങ്ങള്‍ പ്രധാനമായും പ്രയോജനപ്പെടുത്തിയതെങ്കില്‍, 1969 മുതല്‍ പ്രസ്ഥാനത്തിന്റെ പ്രചാരണമായിത്തീര്‍ന്നു സമ്മേളനങ്ങളുടെ മുഖ്യലക്ഷ്യം. കേരളത്തില്‍ ആദ്യമായി പന്തലിട്ട് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ജനാവലി രണ്ടും മൂന്നും ദിവസം ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് അവിടെതന്നെ നമസ്കാരവും മറ്റും നിര്‍വഹിക്കുന്ന രീതി കേരളീയര്‍ക്ക് അന്യമായിരുന്നു. പിന്നീട് മറ്റു സംഘടനകളും ഇതനുകരിച്ചു. മുസ്ലിംകള്‍ മാത്രമല്ല, പ്രസ്ഥാനത്തോട് താല്‍പര്യമുള്ളവരും പഠിക്കുന്നവരുമായ സഹോദരസമുദായാംഗങ്ങളും സംബന്ധിച്ചിരുന്നു എന്നത് ജമാഅത്ത് സമ്മേളനങ്ങളുടെ പ്രത്യേകതയായിരുന്നു. ആദര്‍ശരംഗത്ത് മുസ്ലിംകളും അമുസ്ലിംകളുമായ വിമര്‍ശകര്‍ക്ക് അവരുടെ വീക്ഷണഗതികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി എന്നതും ജമാഅത്ത് സമ്മേളനങ്ങളെ ശ്രദ്ധേയമാക്കി. ചെറുതും വലുതുമായ 12 സംസ്ഥാനസമ്മേളനങ്ങളാണ് കഴിഞ്ഞ 55 വര്‍ഷത്തെ പ്രവര്‍ത്തനഘട്ടത്തില്‍ ജമാഅത്ത് സംഘടിപ്പിച്ചത്. ഇതിനു പുറമെ ഒട്ടനവധി മേഖലാ സമ്മേളനങ്ങളും നടന്നു. പ്രസ്ഥാനവളര്‍ച്ചയില്‍ നാഴികക്കല്ലുകളായ സമ്മേളനങ്ങളിലേക്ക് ഒരെത്തിനോട്ടം: വളാഞ്ചേരി (1948 ജനുവരി) 1941-ല്‍ അഖിലേന്ത്യാതലത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനമാരംഭിച്ചിരുന്നെങ്കിലും കേരള ഘടകം ഔദ്യോഗികമായി നിലവില്‍വന്നത് 1948-ലാണ്. വളാഞ്ചേരിക്കടുത്ത് കാട്ടിപ്പരുത്തിയില്‍ അബൂഅയ്യൂബ് മൊയ്തീന്‍ കുട്ടി സാഹിബിന്റെ വീട്ടില്‍ ഒത്തുകൂടിയ ചെറുസമ്മേളനത്തില്‍ വെച്ചാണ് ജമാഅത്തെ ഇസ്ലാമി ഔദ്യോഗികഘടകം നിലവില്‍വന്നത്. കേരള ജമാഅത്തിന്റെ ഒന്നാം സമ്മേളനവും ഇതത്രെ. കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നായി 200-ഓളം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ മുസ്ലിംസാമുദായികസംഘടനകളുടെ പ്രതിനിധികളും നേതാക്കളും സംബന്ധിച്ചിരുന്നു. കേരളത്തില്‍ പുതുതായി രൂപം കൊള്ളാന്‍ പോകുന്ന പ്രസ്ഥാനത്തെക്കുറിച്ച് സംസ്ഥാനത്തെ നിഷ്പക്ഷമതികളും ഉല്‍പതിഷ്ണുക്കളുമായ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് മര്‍ഹൂം വി.പി. മുഹമ്മദലി ഹാജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ കഴിയുന്നേടത്തോളം ആളുകളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖരില്‍ മുജാഹിദ് നേതാവ് കെ. ഉമര്‍ മൌലവി, കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന എം.സി.സി അബ്ദുര്‍റഹ്മാന്‍ മൌലവി, അറിയപ്പെട്ട പണ്ഡിതരായിരുന്ന കൂട്ടായി അബ്ദുല്ല ഹാജി, പറവണ്ണ ഇസ്ഹാഖ് ഹാജി, ആനമങ്ങാട് പി.എം. മൊയ്തീന്‍ കുട്ടി മൌലവി, ഗുല്‍സാര്‍ അലവി മൌലവി, മുഹമ്മദ് അബുസ്സ്വലാഹ് മൌലവി എന്നിവരുള്‍പ്പെടുന്നു. പ്രസ്ഥാനത്തെപ്പറ്റി അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവസരം നല്‍കി. രണ്ടു വിശിഷ്ടാതിഥികളാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള ശൈഖ് അബ്ദുല്ലാ സാഹിബും ജാമിഅ ഉമറാബാദില്‍നിന്നുള്ള ഉസ്താദ് അഹ്മദ് അമീന്‍ സാഹിബും. ഹാജി സാഹിബിന്റെ നേതൃത്വത്തില്‍ വളാഞ്ചേരിയിലും പരിസരത്തും പ്രവര്‍ത്തിച്ചിരുന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. ഈ സമ്മേളനത്തില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ ജമാഅത്തെ ഇസ്ലാമിയായി മാറി. ഹാജി സാഹിബ് ഖയ്യിമായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് (1948 ആഗസ്റ് 21) വളാഞ്ചേരി സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി രൂപവത്കരിച്ചെങ്കിലും സുപ്രധാനമായ പല കാര്യങ്ങളും തീരുമാനിക്കപ്പെട്ടത് അതേ വര്‍ഷം ആഗസ്റ് 21-ന് കോഴിക്കോട് നടന്ന സമ്മേളനത്തിലാണ്. വാണിമേലില്‍ ചേരാന്‍ നിശ്ചയിച്ച സമ്മേളനം ചില തടസ്സങ്ങള്‍ കാരണം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സുപ്രധാനമായ മൂന്നു തീരുമാനങ്ങളാണ് ഈ സമ്മേളനത്തിലെടുത്തത്. വളാഞ്ചേരിയിലുള്ള ജമാഅത്തിന്റെ ഓഫീസ് ഹല്‍ഖാ കേന്ദ്രമായി നിശ്ചയിക്കുകയും ഓഫീസില്‍ ഖയ്യിം ഹാജി സാഹിബിനെ സഹായിക്കുന്നതിന് കെ.സി. അബ്ദുല്ല മൌലവിയെ നിശ്ചയിക്കുകയും ചെയ്തു. സംഘടനയുടെ മുഖപത്രമായി പ്രബോധനം പാക്ഷികം ആരംഭിക്കാന്‍ തീരുമാനിച്ചതാണ് മറ്റൊന്ന്. സംഘടനക്ക് 12 അംഗ മജ്ലിസ് ശൂറ നിലവില്‍വന്നതും ഈ സമ്മേളനത്തില്‍ തന്നെ. കുറ്റ്യാടി (1949 ഡിസംബര്‍ 30,31) കുറ്റ്യാടി എം.ഐ.യു.പി സ്കൂളില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പ്രതിനിധികളായി 200 പേര്‍ പങ്കെടുത്തു. ഈ സമ്മേളനത്തിന്റെ തൊട്ടു മുമ്പ് സമ്മേളന സ്ഥലത്ത് ഹാജി സാഹിബും മൊയ്തു മൌലവിയും നടത്തിയ ഒരാഴ്ച നീണ്ടുനിന്ന വഅ്ള് പരമ്പര പ്രദേശവാസികളില്‍ വമ്പിച്ച ഉണര്‍വുണ്ടാക്കി. മദ്രാസില്‍ നിന്നുള്ള ശൈഖ് അബ്ദുല്ലയും ജാമിഅ ദാറുസ്സലാം ഉമറാബാദിലെ അധ്യാപകനായ മൌലാനാ സയ്യിദ് അമീനുമായിരുന്നു സമ്മേളനത്തിലെ മുഖ്യാഥികള്‍. ഇസ്ലാമിന്റെ സമഗ്രതയും സമ്പൂര്‍ണതയും വിവരിച്ചുകൊണ്ടുള്ള ഹാജിസാഹിബിന്റെയും കെ.സി.അബ്ദുല്ല മൌലവിയുടെയും രണ്ട് പ്രധാന ക്ളാസുകള്‍ പ്രതിനിധികള്‍ക്ക് ഈ സമ്മേളനത്തിലൂടെ ലഭിക്കുകയുണ്ടായി. ഈ സമ്മേളനത്തെ തുടര്‍ന്നാണ് അബ്ദുല്ല ക്കുട്ടി മൌലവി നാസിമായി 28 പേരുള്ള ഒരു ഹംദര്‍ദ് ഹല്‍ഖ കുറ്റ്യാടിയില്‍ രൂപീകരിക്ക പ്പെട്ടത്. വളപട്ടണം (1950 ഡിസംബര്‍ 29,30) 1949-ല്‍ പ്രബോധനം ആരംഭിച്ചെങ്കിലും മുഖപത്രത്തിന് സ്വന്തമായി പ്രസ്സ് വാങ്ങാന്‍ തീരുമാനിച്ച സുപ്രധാനമായ സമ്മേളനമാണിത്. അതേവരെ തിരൂരിലെ ജമാലിയ്യ പ്രസ്സിലായിരുന്നു പ്രബോധനം അച്ചടിച്ചിരുന്നത്. സ്വന്തമായി പ്രസ്സ് വാങ്ങാന്‍ 15000 രൂപ വേണമെന്ന് യോഗം വിലയിരുത്തി. ഈ ആവശ്യത്തിലേക്ക് 5,500 രൂപ സംഭാവനയായും 500 രൂപ കടമായും വാഗ്ദാനം ചെയ്യപ്പെട്ടു. ഇതില്‍ 200 രൂപ സമ്മേളന സ്ഥലത്തുനിന്നുതന്നെ ലഭിച്ചു. രണ്ടു ദിവസവും വൈകീട്ട് പൊതുസമ്മേളനങ്ങള്‍ നടന്നു. കോയമ്പത്തൂരില്‍നിന്നുള്ള ശൈഖ് അബ്ദുല്ലയായിരുന്നു മുഖ്യാതിഥി. പൊതു സമ്മേളനത്തില്‍ ശൈഖ് അബ്ദുല്ല, കെ. മൊയ്തു മൌലവി, ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൌലവി എന്നിവരാണ് പ്രസംഗിച്ചത്. 350 പ്രതിനിധികളും പൊതുപരിപാടികളില്‍ ആയിരത്തിലധികം പേരും സംബന്ധിച്ചു. ശാന്തപുരം (1952 മാര്‍ച്ച് 1,2,3) മുള്ള്യാര്‍കുര്‍ശിയിലെ (ശാന്തപുരത്തെ) ഒരു വീട്ടുമുറ്റത്ത് ചേര്‍ന്ന അഞ്ചാം സമ്മേളനത്തില്‍ പ്രതിനിധികളായി 500 പേര്‍ പങ്കെടുത്തു. പൊതുസമ്മേളനങ്ങളില്‍ രണ്ടായിരത്തോളം പേര്‍ ശ്രോതാക്കളായെത്തി. സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട വാര്‍ഷികറിപ്പോര്‍ട്ട് 1948-'52 കാലത്ത് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിക്കുണ്ടായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അന്നത്തെ റിപ്പോര്‍ട്ടനുസരിച്ച് ജമാഅത്തിന് 34 അംഗങ്ങളും 500-ഓളം അനുഭാവികളുമാണുണ്ടായിരുന്നത്. സംഘടനാചര്‍ച്ചയില്‍ പ്രവര്‍ത്തനസൌകര്യാര്‍ഥം സംസ്ഥാനത്തെ 12 ഫര്‍ക്കകളായി വിഭജിക്കാന്‍ തീരുമാനിച്ചു. ശൂറാംഗങ്ങളായി കെ.സി. അബ്ദുല്ല മൌലവി, ടി. മുഹമ്മദ് സാഹിബ്, കെ. ഇമ്പിച്ചമ്മദ്, എ.കെ. അബ്ദുല്‍ഖാദിര്‍ മൌലവി, സി.എം. മൊയ്തീന്‍കുട്ടി, ത്വാഈ മൌലവി, അബ്ദുര്‍റഹ്മാന്‍ അസ്ഗറലി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇസ്സുദ്ദീന്‍ മൌലവിയെ പ്രത്യേക ക്ഷണിതാവാക്കി നിശ്ചയിച്ചു. മദ്രാസ് അമീര്‍ ശൈഖ് അബ്ദുല്ല സാഹിബ് പങ്കെടുത്ത സമ്മേളനത്തില്‍ അഖിലന്ത്യാ അമീര്‍ അബുല്ലൈസ് സാഹിബിന്റെ പ്രസംഗം വായിക്കപ്പെട്ടു. എടയൂര്‍ (1953 മാര്‍ച്ച് 1,2,3,4) അറുനൂറോളം പ്രതിനിധികളടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട കേരള ഹല്‍ഖയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ''ജമാഅത്തിന്റെ പരിമിതമായ കഴിവ് വെച്ച് നോക്കുമ്പോള്‍ അതിനു കൈവന്ന നേട്ടങ്ങള്‍ വിസ്മയാവഹമാണ്. അല്ലാഹുവിന്റെ സീമാതീതമായ കാരുണ്യം കൊണ്ടുമാത്രമാണ് ഇതത്രയും. ഇതഃപര്യന്തമുള്ള നമ്മുടെ വിജയങ്ങള്‍ അല്ലാഹുവിന്റെ ദീനിനുവേണ്ടി ഭാവിയില്‍ പ്രവര്‍ത്തിക്കാന്‍ നമുക്കാശയും ആവേശവും നല്‍കുന്നു". സയ്യിദ് ഹാമിദ് ഹുസൈന്‍ സാഹിബായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യാതിഥി. കെ.സി. അബ്ദുല്ല മൌലവി, ടി.കെ. അബ്ദുല്ല സാഹിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളന സമാപനത്തിനുശേഷം ചേര്‍ന്ന അംഗങ്ങളുടെ പ്രത്യേക സമ്മേളനത്തില്‍ കെ.സി. അബ്ദുല്ല മൌലവി, ടി. മുഹമ്മദ് സാഹിബ്, ഇസ്സുദ്ദീന്‍ മൌലവി, ത്വാഈ മൌലവി, കെ.എം.എ തങ്ങള്‍ എന്നിവര്‍ ശൂറായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം (1955 ഏപ്രില്‍ 9,10) മലപ്പുറം നൂറടിപ്പാലത്തായിരുന്നു ഈ സമ്മേളനം. രാത്രിയില്‍ നടന്ന പൊതുസമ്മേളനങ്ങളില്‍ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. ആയിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ ആദ്യാവസാനം സംബന്ധിച്ചു. മംഗലാപുരം, കാസര്‍കോട് മുതല്‍ തിരുകൊച്ചി, മദ്രാസ്, കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള പ്രസ്ഥാനസ്നേഹികളും സമ്മേളനത്തിനെത്തി. പ്രസ്ഥാനത്തിന്റെ ഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി. തുടക്കത്തില്‍ ജമാഅത്തിന് അമീര്‍ പദവിയില്ലായിരുന്നു. ഹാജി സാഹിബ് ഖയ്യിം എന്ന പേരിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1953-ല്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ശൂറയുടെ നിര്‍ദേശപ്രകാരം ഹാജി സാഹിബ് അമീറായും ടി. മുഹമ്മദ് സാഹിബ് ഖയ്യിമായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ അഞ്ച് ശൂറാംഗങ്ങളുമുണ്ടായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൂടുതലായി ആരംഭിച്ചുകൊണ്ട് സമുദായത്തില്‍ പ്രബോധനമെത്തിക്കണമെന്ന അഭിപ്രായം ശക്തിപ്പെട്ടത് ഈ സമ്മേളനത്തോടെയാണ്. അതിനകം ചേന്ദമംഗല്ലൂര്‍, മുള്ള്യാകുര്‍ശി, എടയൂര്‍, കൊടിയത്തൂര്‍, പള്ളുരുത്തി, കൂട്ടിലങ്ങാടി, കുന്ദമംഗലം എന്നിവിടങ്ങളില്‍ മദ്റസകള്‍ ആരംഭിച്ചിരുന്നു. ഉയര്‍ന്ന വൈജ്ഞാനിക യോഗ്യതയുള്ള ഇസ്ലാമികപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനുതകുന്ന ഉന്നത വിദ്യാലയങ്ങള്‍ കേരള ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപി ക്കപ്പെടേണ്ടതിന്റെ ആവശ്യകത പ്രമേയരൂപത്തില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. മുള്ള്യാര്‍കുര്‍ശിയിലെ അല്‍മദ്റസത്തുല്‍ ഇസ്ലാമിയ്യ ഏറ്റെടുക്കാന്‍ പ്രസ്തുത യോഗത്തില്‍ തീരുമാനമായി. ഇതാണ് ശാന്തപുരം ഇസ്ലാമിയ്യാ കോളേജായി മാറിയത്. ആലുവ (1957 ഡിസംബര്‍ 28,29) പ്രസ്ഥാനത്തിന്റെ വളര്‍ച്ച തെക്കന്‍ കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ് ആലുവ അണ്ടിഫാക്ടറിയില്‍ നടന്ന ജമാഅത്ത് സമ്മേളനം. പ്രസ്ഥാനത്തിന് കൂടുതല്‍ സ്വാധീനമുള്ള മലബാര്‍ മേഖലയില്‍നിന്ന് മാറി ദൂരെ സമ്മേളനം നടത്തിയിട്ടും 1955-ല്‍ മലപ്പുറത്ത് പങ്കെടുത്തതിന്റെ ഇരട്ടിയോളം ആളുകള്‍ പങ്കെടുത്തു. 2500 പേര്‍ക്കിരക്കാവുന്ന ഓഡിറ്റോറിയമാണ് തയാറാക്കിയത്. 1500 പേര്‍ മുഴുസമയ പ്രതിനിധികളായി പങ്കെടുത്ത പരിപാടിയില്‍ രണ്ടായിരത്തിലധികം പേര്‍ പൊതുയോഗത്തിനെത്തി. മദ്രാസ് അമീര്‍ ശൈഖ് അബ്ദുല്ല, സയ്യിദ് ഹാമിദ് ഹുസൈന്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിച്ചു. സമ്മേളനത്തിന്റെ അടുത്ത ദിവസം അംഗങ്ങളുടെ പ്രത്യേക യോഗം ചേര്‍ന്ന് പ്രാസ്ഥാനികവളര്‍ച്ച വിലയിരുത്തി. അംഗങ്ങള്‍ 62 ആയും ജമാഅത്തുകള്‍ 11 ആയും പ്രബോധ നത്തിന്റെ പ്രചാരം 2000 കോപ്പിയായും വര്‍ധിച്ചതായി സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. 1955-ലെ സമ്മേളനത്തിനു ശേഷം 25 അംഗങ്ങളും 6 ജമാഅത്തുകളും വര്‍ധിച്ചു. ഐ.പി.എച്ച് 19 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഹാജിസാഹിബിന്റെ നേതൃത്വത്തില്‍ നടന്ന അവസാനസമ്മേളനം എന്ന നിലക്കും ഇത് ശ്രദ്ധേയമാണ്. മൂഴിക്കല്‍ (1960 ഡിസംബര്‍ 31, 1961 ജനുവരി 1) 1959 ഒക്ടോബര്‍ രണ്ടിന് ഹാജിസാഹിബ് ആകസ്മികമായി ഈ ലോകത്തോട് വിട പറഞ്ഞു. കെ.സി. അബ്ദുല്ല മൌലവി അമീറായി നിശ്ചയിക്കപ്പെട്ടു. ഹല്‍ഖാ കേന്ദ്രം വെള്ളിമാടുകുന്നിലേക്ക് മാറ്റിയ ശേഷം കെ.സിയുടെ മേല്‍നോട്ടത്തില്‍ നടന്ന ആദ്യ സമ്മളനമായിരുന്നു ഇത്. മൂഴിക്കലില്‍ പൂനൂര്‍ പുഴയുടെ കരയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടന്ന സമ്മേളനത്തില്‍ 3300 മുഴുസമയ പ്രതിനിധികളെ കൂടാതെ 15000-ത്തോളം പേര്‍ പൊതുസമ്മേളനത്തില്‍ സംബന്ധിച്ചു. ജമാഅത്ത് സമ്മേളനങ്ങളെ പത്രങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയതും മൂഴിക്കല്‍ സമ്മേളനത്തോടെയാണ്. സയ്യിദ് ഹാമിദ് ഹുസൈന്‍, അഖിലേന്ത്യാ അമീര്‍ അബുല്ലൈസ് സാഹിബ് തുടങ്ങിയവര്‍ അതിഥികളായെത്തി. തിരുകൊച്ചിയില്‍ ഐ.പി.എച്ചിന് ശാഖ സ്ഥാപിക്കുക, മദ്റസകളില്‍ ചിലത് കോളേജാക്കി മാറ്റുക, മദ്റസാപാഠ്യപദ്ധതിയും പരീക്ഷയും ഏകീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നുവന്നു. ഇതിനു ശേഷമാണ് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ്യാ കോളേജ് സ്ഥാപി തമാകുന്നത്. മലപ്പുറം (1969 മാര്‍ച്ച് 8,9) ഒമ്പതു വര്‍ഷത്തെ ഇടവേളക്കുശേഷം നടത്തിയ സമ്മേളനം, അക്കാലത്തിനിടക്ക് സംസ്ഥാനത്ത് പ്രസ്ഥാനത്തിനുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയെ കാണിക്കുന്നു. 1500 പേര്‍ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിച്ചു. 10000 പുരുഷന്മാര്‍ക്കും 2000 സ്ത്രീകള്‍ക്കും ഇരിക്കാന്‍ സൌകര്യമുള്ള പന്തലാണ് പ്രതിനിധിസമ്മേളനത്തിന് നിര്‍മിച്ചത്. വനിതകള്‍ക്കായി പ്രത്യേകം സെഷന്‍ സംഘടിപ്പിക്കപ്പെട്ടത് ഈ സമ്മേളനത്തിലാണ്. യു. ശരീഫ, കെ.ടി. ആസിയ, എ.കെ. നഫീസ, എം.സി. ആമിന തുടങ്ങിയവരാണ് ഈ സമ്മേളനത്തില്‍ പ്രസംഗിച്ചത്. പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലധികം ആളുകളെത്തിയതായി കണക്കാക്കപ്പെടുന്നു. സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടനുസരിച്ച് അംഗങ്ങള്‍ 291 ആയും ജമാഅത്തുകള്‍ 54 ആയും വര്‍ധിച്ചു. 170 മുത്തഫിഖ് ഹല്‍ഖകളും 2000 മുത്തഫിഖുകളും അന്ന് ജമാഅത്തിനുണ്ടായിരുന്നു. അമുസ്ലിംപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള സിമ്പോസിയത്തില്‍ ടി.പി. കുട്ട്യാമു സാഹിബ്, പി.ടി. ഭാസ്കരപണിക്കര്‍, എന്‍.വി. കൃഷ്ണവാര്യര്‍, എ.പി.പി നമ്പൂതിരി, എ.എം. പത്രോണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ.എം.എസ്സിന്റെ സന്ദേശം ചട ങ്ങില്‍ വായിച്ചു. ദഅ് വത്ത് നഗര്‍ (1983 ഫെബ്രുവരി 19,20) 1983 ഫെബ്രുവരി 19,20 തീയതികളില്‍ ഇസ്ലാമികപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ജനസംഗമത്തിന് മലപ്പുറത്തിനടുത്ത കൂട്ടിലങ്ങാടിക്കും മക്കരപ്പറമ്പിനുമിടക്കുള്ള വിശാലമായ വയലില്‍ സജ്ജീകരിച്ച ദഅ്വത്ത് നഗര്‍ സാക്ഷിയായി. 20000 വനിതകളുള്‍പ്പെടെ മുക്കാല്‍ ലക്ഷത്തോളം പേരാണ് ദഅ്വത്ത് നഗര്‍ സമ്മേളനത്തില്‍ സംബന്ധിച്ചത്. 76 ഘടകങ്ങളിലായി 614 അംഗങ്ങളും 404 ഘടകങ്ങളിലായി 6375 അനുഭാവികളും പ്രസ്ഥാനത്തിനുണ്െടന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും അടിയന്തരാവസ്ഥക്ക് ശേഷം വര്‍ധിച്ചതാണ്. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനമേഖല വളരെ വിശാലമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്ഘാടനസമ്മേളനം, തര്‍ബിയത്ത് സമ്മേളനം, ദഅ്വത്ത് സമ്മേളനം, വനിതാ സമ്മേളനം, ചര്‍ച്ചാ സമ്മേളനം, വിദ്യാഭ്യാസമ്മേളനം, സമാപനസമ്മേളനം എന്നീ സെഷനുകളാണുണ്ടായിരുന്നത്. അഖിലേന്ത്യാ അമീര്‍ അബുല്ലൈസ് സാഹിബിനെ കൂടാതെ മൌലാനാ അബ്ദുല്‍ അസീസ് സാഹിബ്, ഇഅ്ജാസ് അസ്ലം സാഹിബ്, സിറാജുല്‍ ഹസന്‍ സാഹിബ്, സയ്യിദ് യൂസുഫ് സാഹിബ് തുടങ്ങിയ അഖിലേന്ത്യാ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. കൂടാതെ രാഷ്ട്രീയ സാംസ്കാരിക വ്യക്തിത്വങ്ങളായ ഇബ്റാഹീം സുലൈമാന്‍ സേട്ട്, സുകുമാര്‍ അഴീക്കോട്, ടി.ഒ. ബാവ, അബ്ദുല്ലാ അടിയാര്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, എം.പി. മന്മഥന്‍, ബിഷപ്പ് ഡോ. മാര്‍ അപ്രേം തുടങ്ങിയവരും സമ്മേളനത്തില്‍ സംബന്ധിച്ചു. അച്ചടക്കത്തോടെ പ്രസംഗങ്ങള്‍ ശ്രവിക്കുന്ന വന്‍ജനാവലിയെ തിരകളടങ്ങിയ സമുദ്രം എന്നാണ് സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത്. മൊയ്തു മൌലവിയുടെ ഭക്തിനിര്‍ഭരമായ പ്രാര്‍ഥനയോടെയാണ് സമ്മേളനം സമാപിച്ചത്. ധര്‍മച്യുതിക്കെതിരെയും സാമുദായിക സൌഹാര്‍ദം, മുസ്ലിം ഐക്യം എന്നിവക്കു വേണ്ടിയുമുള്ള പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. സമ്മേളനനഗരിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനം പതിനായിരങ്ങളെ ആകര്‍ഷിച്ചു. ഹിറാ (1998 ഏപ്രില്‍ 18,19) മലപ്പുറം ജില്ലയിലെ കൂരിയാട്ട് പ്രത്യേകം തയാറാക്കിയ 'ഹിറാ' നഗറില്‍ ചേര്‍ന്ന സമ്മേളനം പ്രസ്ഥാനം ജനകീയമാവുന്നതിന്റെ സാക്ഷ്യമായി. സമ്മേളനത്തിലുടനീളം വലിയൊരു ജനാവലി സംബന്ധിച്ചു. ഇസ്ലാമിക് മാരേജ് ബ്യൂറോ നഗരിയില്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ 74 യുവതീ യുവാക്കള്‍ വിവാഹിതരായി. ഐ.പി.എച്ചിന്റെ 22 കൃതികളുടെ പ്രകാശന ചടങ്ങില്‍ ടി.കെ. ഹംസ, അബ്ദുസ്സമദ് സമദാനി, ഡോ. എം. ഗംഗാധരന്‍, യു.എ. ഖാദര്‍, സിവിക് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 75000 സ്ത്രീകള്‍ക്കായി സൌകര്യം ഒരുക്കിയിരുന്നെങ്കിലും തികയാതെവന്നു. പ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ മുഹമ്മദ് ഖുത്വ്ബ്, 'ഇസ്ന' (അമേരിക്ക)യുടെ വൈസ് പ്രസിഡന്റ് സിറാജ് വഹാജ്, കുവൈത്ത് പാര്‍ലമെന്റ് അംഗം നാസ്വിര്‍ സ്വാനിഅ്, അമേരിക്കയിലെ ജോര്‍ജ് ടൌണ്‍ യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ ജോണ്‍. എല്‍. എസ്പോസിറ്റോ, ഖത്തര്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ അലി ഖുറദാഗി തുടങ്ങിയ നിരവധി അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ പങ്കെടുത്ത സമ്മേളനം, പിന്നീടുള്ള ഇസ്ലാമികപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രധാന നാഴികക്കല്ലായിത്തീര്‍ന്നു. സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കേരള ഹല്‍ഖക്ക് 78 ഏരിയകളിലായി 96 പ്രാദേശിക ജമാഅത്തുകളും 505 കാര്‍കുന്‍ ഹല്‍ഖകളും 148 വനിതാ കാര്‍കുന്‍ ഹല്‍ഖകളും മുന്നൂറോളം മുത്തഫിഖ് ഹല്‍ഖകളും അടക്കം ആയിരത്തിലധികം പ്രവര്‍ത്തക യൂനിറ്റുകള്‍ ഉള്ളതായി വ്യക്തമാക്കപ്പെട്ടു. 680 അംഗങ്ങളും 5000-ത്തോളം കാര്‍കുനുകളും അര ലക്ഷത്തോളം മുത്തഫിഖുകളുമാണുള്ളത്. ഉദ്ഘാടനസമ്മേളനം, പ്രാസ്ഥാനികസമ്മേളനം, ഐക്യദാര്‍ഢ്യസമ്മേളനം, ദാര്‍ശനികസമ്മേളനം, സാംസ്കാരികസമ്മേളനം, സമാപനസമ്മേളനം എന്നീ തലക്കെട്ടുകളിലാണ് വിവിധ സെഷനുകള്‍ നടന്നത്. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ എക്സിബിഷന്‍ രണ്ട് ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചു. അമുസ്ലിംകളുടെ ഗണ്യമായ പങ്കാളിത്തമായിരുന്നു ഹിറാ സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകത

No comments:

Post a Comment