..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 3 July 2012

ജിന്ന്, സിഹ്റ് (മാരണം) വിഷയങ്ങളില്‍ മുജാഹിദ് പണ്ഡിതന്മാര്‍ക്കിടയില്‍ രൂപപ്പെട്ട ആശയപ്പോര് രൂക്ഷമായതോടെ സംഘടനയില്‍ അച്ചടക്ക നടപടികളും സ്വയം പുറത്തുപോവലും തുടരുന്നു. പ്രഭാഷകരുമായ സക്കരിയ്യ സ്വലാഹി, തുറക്കല്‍ ജബ്ബാര്‍ മൗലവി, അബ്ദുറഹിമാന്‍ ഇരിവേറ്റി, മുജാഹിദ് ബാലുശ്ശേരി എന്നിവര്‍ക്കെതിരെയാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍നടപടിയെടുത്തത്. സംഘടനയുടെ പ്രഖ്യാപിത ആദര്‍ശത്തിനും പ്രബോധന മര്യാദകള്‍ക്കും എതിരായ പ്രവര്‍ത്തനവും പ്രഭാഷണവും തുടരുന്നതിനാലാണ് നടപടിയെന്നാണ് നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. കെ.എന്‍.എമ്മിന്റെ തീപ്പൊരി പ്രഭാഷകരായിരുന്ന സുബൈര്‍ മങ്കട, ഹിഫ്ളു റഹ്മാന്‍, ഡോ. സുബൈര്‍, എന്നിവര്‍ സംഘടനയുടെ ആശയങ്ങളിലും നിലപാടിലും വിയോജിപ്പ് അറിയിച്ച് സ്വയം പുറത്തുപോയവരാണ്. ഇവരില്‍ സുബൈര്‍ മങ്കട സംഘടന തന്നെ തിന്മയാണെന്ന് പ്രഖ്യാപിച്ച് പ്രത്യേക വിഭാഗമായി നിലകൊള്ളുന്നു. സംഘടനയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചപ്പോഴാണ് ഈ തിന്മ ബോധ്യപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. കെ.എന്‍.എം പിളരുന്ന സമയത്ത് ഔദ്യോഗിക വിഭാഗത്തിന്റെ പ്രധാന നാവായിരുന്നു സുബൈര്‍. ഇദ്ദേഹം നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ ആസ്ഥാനം നിലമ്പൂരിനടുത്ത് ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാടാണ്. തീവ്ര ജിന്ന് വാദക്കാരെന്ന് അറിയപ്പെടുന്ന ഡോ. സുബൈറും ഹിഫ്ളു റഹ്മാനും നേതൃത്വം നല്‍കുന്ന വിഭാഗം കെ.എന്‍.എം നേതൃത്വവുമായി തുറന്ന പോരിലാണ്. പാണ്ടിക്കാട്, മഞ്ചേരി തുടങ്ങി സ്ഥലങ്ങളില്‍ ഇവര്‍ കെ.എന്‍.എമ്മിനെ വെല്ലുവിളിച്ച് നിലപാട് വ്യക്തമാക്കി വിശദീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു വരുകയാണ്. സംഘടന അച്ചടക്ക നടപടിയെടുത്തവരില്‍ അബ്ദുറഹിമാന്‍ ഇരിവേറ്റിയൊഴിച്ച് മറ്റുള്ളവരെല്ലാം ജിന്ന്, പിശാച്, മാരണം, കണ്ണേറ് തുടങ്ങിയ വിഷയങ്ങളില്‍ സംഘടനയുടെ ഔദ്യോഗിക കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായ നിലപാടെടുത്തവരാണ്. ഇവര്‍ക്കെതിരെ പ്രബോധന മര്യാദകള്‍ പാലിക്കാതെ പ്രതികരിച്ചതിനാണത്രെ അബ്ദുറഹിമാന്‍ ഇരിവേറ്റിക്കെതിരെ നടപടിയെടുത്തത്. മനുഷ്യനെ രക്ഷിക്കാനും ശിക്ഷിക്കാനും രോഗം പരത്താനും ജിന്നുകള്‍ക്ക് കഴിയുമെന്നാണ് കെ.എന്‍.എമ്മിലെ ഈ വിഭാഗത്തിന്റെ വാദം. മാനസികാ സ്വാസ്ഥ്യങ്ങള്‍ ജിന്നും പിശാചും മനുഷ്യരിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ഭൗതിക ചികിത്സ കൊണ്ട് ഇത് ഭേദമാക്കാനാവില്ല. ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന രീതികളാണ് (ഖുര്‍ആന്‍ തെറപ്പി) പരിഹാരമാര്‍ഗമെന്നും ഇവര്‍ വാദിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നടപടിക്ക് വിധേയരായവര്‍ മാത്രമല്ല, മുജാഹിദ് പണ്ഡിത സഭയിലെയും യുവജന വിഭാഗത്തിലെയും നല്ലൊരു ഭാഗം ഇതേ നിലപാടുകാരാണ്. അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍, ബാദുഷ ബാഖവി, അബ്ദുല്ല സുല്ലമി, ഐ.എസ്.എം മുന്‍ ജനറല്‍ സെക്രട്ടറി സി.പി. സലീം, സാജിദ് തിരൂരങ്ങാടി, ശംസുദ്ദീന്‍ പാലത്ത്, ഹാരിസ് ബിന്‍ സലീം തുടങ്ങി നേതൃനിരയിലുള്ളവരും ഈ ദിശയില്‍ ചിന്തിക്കുന്നവരാണ്. ഗള്‍ഫിലെ സലഫി ചിന്താധാരയുടെ സ്വാധീനമാണ് കേരള മുജാഹിദ് പ്രസ്ഥാനത്തില്‍ ഇപ്പോഴുണ്ടായ വിഭാഗീയതയുടെയും പ്രശ്നങ്ങ ളുടെയും അന്തര്‍ധാരയെന്ന് പറയപ്പെടുന്നു.സംഘടനയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് സൗദിയും ഗള്‍ഫ് രാജ്യങ്ങളുമായതിനാല്‍ ഇതിനെ പാടേ തള്ളിപ്പറയാനാവാത്ത നിസ്സഹായാവസ്ഥയിലാണ് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉയര്‍ന്നുവന്ന കേരളത്തിലെ ഇസ്ലാമിക നവോത്ഥാന സംഘടന.

No comments:

Post a Comment