Tuesday, 17 July 2012
ഹിന്ദുക്കളെ തീവ്ര വാദികളാക്കുന്നു?
"ഹിന്ദുക്കള്‍ തീവ്രവാദികളാകേണ്ട സാഹചര്യമാണ് രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദു പാര്‍ലമെന്റ് ഗുരുവായൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ സഭാ മഹാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു തുഷാര്‍. മലബാര്‍ ലീഗിനും മലയോര പ്രദേശങ്ങള്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിരിക്കുകയാണെന്നും ഹിന്ദുക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയില്ലെന്നും അദ്ദേഹം പറഞ്ഞു'' (മാധ്യമം 21.3.2011). മുജീബിന്റെ പ്രതികരണം?
പി.വി.സി മുഹമ്മദ് പൊന്നാനി
ഹിന്ദുക്കളില്‍ ഗണ്യമായ ഭാഗത്തെ സംഘ്പരിവാര്‍ ഇപ്പോള്‍ തന്നെ തീവ്രവാദികളാക്കിയിട്ടുണ്ട്. അവരില്‍ അസഹിഷ്ണുതയും പരമത വിദ്വേഷവും ഔദ്ധത്യവും നിരന്തരം കുത്തിവെക്കുകയാണ് ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായ ബി.ജെ.പിയും പശ്ചാത്തല ശക്തികളും. ഇനി താരതമ്യേന മത സൌഹാര്‍ദം നിലനിന്നു വന്ന കേരളത്തിലും കൂടി വിദ്വേഷവും തീവ്ര ഹിന്ദുത്വവും വളര്‍ത്താനാണ് ശ്രമം. അറിഞ്ഞോ അറിയാതെയോ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വരുന്ന മകന്‍ തുഷാറും ഈ തീവ്രവാദവത്കരണത്തില്‍ പങ്കാളികളാവുകയാണ്. ജനസംഖ്യയില്‍ 24 ശതമാനം മുസ്ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഒരു രംഗത്തും ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അതേപറ്റിയുള്ള അതിശയോക്തി കലര്‍ന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മുസ്ലിം സ്ഥാനാര്‍ഥികളുടെ എണ്ണവും ആനുപാതികമായി കുറവാണ്. മറുവശത്ത് വെള്ളാപ്പള്ളിമാര്‍ക്ക് നായര്‍-ഈഴവ ഐക്യംപോലും സാധ്യമല്ലെന്നിരിക്കെ ഹിന്ദുക്കള്‍ക്ക് വേണ്ടി പൊതുവായി വാദിക്കാന്‍ അര്‍ഹത നഷ്ടപ്പെടുന്നു. ജാതീയതകള്‍ക്കെതിരായാണ് ശ്രീനാരായണഗുരു പൊരുതിയതെങ്കിലും, അദ്ദേഹത്തിന്റെ പൈതൃകം അവകാശപ്പെടുന്നവര്‍ ജാതീയതയുടെ ഭൂമികയിലാണ് വളരാനും ശക്തിപ്പെടാനും ശ്രമിക്കുന്നത്. ഇത് പ്രകടമായ വൈരുധ്യമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment