..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Monday, 16 July 2012

തെറ്റിദ്ധരിപ്പിക്കുന്ന മുജാഹിദ് പ്രസ്ഥാനം
ജമാഅത്തെ ഇസ്ലാമിയെ ആദര്‍ശപരമായി തോല്പ്പികുവാന്‍ അത്യന്തം ഹീനമായ കുപ്രചരണങ്ങള്‍ നടത്തിയ ചരിത്രം മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. തങ്ങള്‍ക്കെതിരെ സമസ്തക്കാര്‍ കുപ്രചരണങ്ങള്‍ നടത്തുന്നു എന്ന് പരിഭവിക്കാറുള്ള ഇവര്‍ അതേ സ്വഭാവം ജമാഅത്തിന് നേരെ സ്വീകരിക്കുമ്പോള്‍ അത് ഹലാലായി തീരുമോ? തിന്മ ആര് ചെയ്താലും അത് തിന്മ തന്നെ. ചില ഉദാഹരണങ്ങള്‍ വായിക്കുക. 1. 1998 ജൂണ്‍ 5- ലെ ശബാബ് വാരികയിലെ ചോദ്യോത്തര പംക്തിയില്‍ കെ.സി അബ്ദുള്ള മൌലവിയുടെ 'ഇബാദത്ത്: ഒരു സമഗ്ര പഠനം' എന്ന പുസ്തകത്തില്‍ നിന്നുമുള്ള ഒരു ഉദ്ധരണി കൊടുത്തു. അത് താഴെ വായിക്കാം: "ഹാകിമിയ്യത്തെ ഇലാഹ്, ഹാകിമിയ്യത്തുല്ലാഹ് , ഹുകൂമത്തെ ഇലാഹി, അല്‍ ഹുകൂമതുല്‍ ഇലാഹിയ്യ , ലാ ഹാകിമ ഇല്ലല്ലാഹ് തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൌദൂദി ആവിഷ്കരിച്ചതും സയ്യിദ് ഖുതുബ് പിന്‍ ബലം നല്കിയതും നവീന ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്ഥാന്‍, ഈജിപ്റ്റ്‌ തുടങ്ങിയ മുസ്ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പുതിയ ആശയമാണ് " ഈ ഉദ്ധരണി കൊടുത്തിട്ട് ജമാഅത്തെ ഇസ്ലാമിയുടെ ആശയം നവീനമാണെന്ന് കെ.സി അബ്ദുള്ള മൌലവി തന്നെ സമ്മതിച്ചിരിക്കുന്നു എന്നാണു സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വളരെ ക്രൂരമായ ഒരു കൃത്രിമം ഇവര്‍ കാണിച്ചു. പ്രസ്തുത വാചകം അവസാനിക്കുന്നത് സെമി കോളന്‍ (;) വെച്ചിട്ടാണ്. തുടര്‍ന്നുള്ള വാചകം അവര്‍ വെട്ടി മാറ്റുകയും ചെയ്തു. പൂര്‍ണമായ വാചകം താഴെ കാണുക. "ഹാകിമിയ്യത്തെ ഇലാഹ്, ഹാകിമിയ്യത്തുല്ലാഹ് , ഹുകൂമത്തെ ഇലാഹി, അല്‍ ഹുകൂമതുല്‍ ഇലാഹിയ്യ , ലാ ഹാകിമ ഇല്ലല്ലാഹ് തുടങ്ങിയ വാക്കുകളില്‍ പൊതുവേ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൌദൂദി ആവിഷ്കരിച്ചതും സയ്യിദ് ഖുതുബ് പിന്‍ ബലം നല്കിയതും നവീന ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്ഥാന്‍, ഈജിപ്റ്റ്‌ തുടങ്ങിയ മുസ്ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു പുതിയ ആശയമാണ്; അതേ സമയം ഇസ്ലാമില്‍ അങ്ങനെയൊന്നില്ല എന്നൊരു ദുഷ്പ്രചാരണം വളരെ ശക്തമായും വിപുലമായും അഴിച്ചു വിടപ്പെട്ടിട്ടുണ്ട്." (ഇബാദത്ത്: ഒരു സമഗ്രപഠനം, 1985, page: 68) ഈ കൃത്രിമത്വം വെളിയില്‍ കൊണ്ട് വന്നതിനു ശേഷവും ഒരു മനസ്സാക്ഷികുത്തുമില്ലാതെ വിചിന്തനം വാരികയിലും, ഇസ്ലാഹ് മാസികയിലും ഇവര്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. 2. ഹിന്ദുത്വവാദത്തെയും ഹിന്ദുത്വരാഷ്ട്രത്തെയും ജമാഅത്തെ ഇസ്ലാമി അനുകൂലിക്കുന്നുണ്ടെന്നു ആരോപിക്കാന്‍ വേണ്ടി ശബാബ് വാരികയില്‍ (1998, ഓഗസ്റ്റ്‌ 14) മൌദൂദിയുടെ ഒരു പരാമര്‍ശം കൊടുത്തു. മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഭാഗമായിരുന്നു അത്. ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹം എന്ത് ചെയ്യണമെന്ന ഉപദേശം എന്ന നിലക്ക് കൊടുത്ത ആ ഭാഗം താഴെ വായിക്കുക: "ശ്രീരാമചന്ദ്രന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, ശ്രീ ഗുരു നാനാക്ക് മുതലായ ഋഷി പുംഗവന്മാരുടെയും മുനിമാരുടേയും യതിവര്യന്മാരുടെയും ശിക്ഷണശീലങ്ങളും സച്ചരിതങ്ങളും പരിശോധിക്കുക, വേദങ്ങളും പുരാണങ്ങളും ശാസ്ത്രങ്ങളും മറ്റുള്ള പുണ്യ ഗ്രന്ഥങ്ങള്മെല്ലാം പരതുക. ഇവയില്‍ വല്ല സവിസ്തര നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് കണ്ടു കിട്ടുന്ന പക്ഷം ഞങ്ങള്‍ തുറന്ന ഹൃദയത്തോടെ പറയുന്നു: ഭാരതനാട്ടിന്റെ രാഷ്ട്രീയ വ്യവസ്ഥിതി ആ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുകയും നിങ്ങളുടെ സാക്ഷാല്‍ മതം നിര്‍ദേശിക്കുന്ന അതേ നയം നിങ്ങള്‍ ഞങ്ങളോട് അനുവര്‍ത്തിച്ചു കൊള്ളുകയും ചെയ്യുക. നിങ്ങളുടെ ആ വ്യവസ്ഥയെ ഞങ്ങള്‍ എതിര്‍ക്കുകയില്ല. അതിനെ പ്രയോഗത്തില്‍ വരുത്താനുള്ള പൂര്‍ണാവസരം നിങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കിക്കൊള്ളാം." ഇത് വായിക്കുന്ന നിഷ്പക്ഷനായ ഒരു വ്യക്തി അമ്പരക്കാതിരിക്കില്ല. എന്താണ് ഈ മൌദൂദി പറയുന്നത്?! ഹിന്ദുത്വവാദികള്‍ക്ക് ഹിന്ദുത്വരാഷ്ട്രം ഉണ്ടാക്കാനുള്ള അനുവാദം നല്‍കുകയല്ലേ ഈ ചെയ്തത്? ശബാബ് വാരികയിലെ ലേഖകനും ഇതേ ചോദ്യം വളരെ വൈകാരികതയോടെ ചോദിക്കുന്നുണ്ട്. എന്നാല്‍ പ്രസ്തുത വാചകങ്ങള്‍ക്ക് ശേഷമുള്ള, ഇവര്‍ മറച്ചു വെച്ച ഭാഗം കൂടി വായിച്ചാല്‍ സത്യം ബോധ്യപെടും. ഇക്കൂട്ടര്‍ കാണിക്കുന്ന കൃത്രിമത്വത്തിന്റെ ആഴം നിങ്ങള്‍ക്ക് ബോധ്യപ്പെടും. അത് താഴെ വായിക്കുക: "ദൈവത്വം, മനുഷ്യാധിപത്യം, ദൈവാധിപത്യാധിഷ്ടിതമായ ജനപ്രാതിനിധ്യം എന്നീ പരിശുദ്ധ തത്വങ്ങള്‍ക്ക് നിങ്ങള്‍ നല്‍കുന്ന കര്‍മ പരമായ വ്യാഖ്യാനവും വിശദീകരണവും ഭാരതനാടിനും ലോകത്തിനും എത്ര അനുഗ്രഹമാണെന്ന് ഞങ്ങള്‍ നോക്കുകയും ചെയ്യാം. എന്നാല്‍ നിങ്ങളുടെ കൈവശം അത്തരം വിശദവും സവിസ്തരവുമായ ഒരു നിര്‍ദേശ പത്രമില്ലെങ്കില്‍ അതിന്റെ അര്‍ഥം അങ്ങനെയൊരു നിര്‍ദേശം തന്നെ നിങ്ങള്‍ക്ക് ദൈവം തന്നിരുന്നില്ല എന്നല്ല; ഒരിക്കലുമല്ല. പ്രത്യുത, നിങ്ങളുടെ ചരിത്രത്തിന്റെ ഗതിവിഗതികളില്‍ , ആ നിര്‍ദേശ പത്രം, അഥവാ അതിന്റെ സിംഹഭാഗം വിനഷ്ടമായിപ്പോയെന്നു മാത്രമാകുന്നു. അത് സ്വാഭാവികവുമാണ്. എന്നാല്‍ നിങ്ങള്‍ക്ക് വിന്ഷ്ടമായിപ്പോയിട്ടുള്ള അതേ സന്ദേശം മറ്റൊരു മാര്‍ഗേണ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതാണ്‌ ഞങ്ങളിന്നു നിങ്ങളുടെ സമക്ഷം സമര്‍പ്പിക്കുന്നത്. ഇതിനെ അവജ്ഞാപൂര്‍വം തിരസ്കരിക്കാതിരിക്കുക. നിങ്ങള്‍ക്ക് വിനഷ്ടമായ ആ അനര്‍ഘ സമ്പത്ത് നിങ്ങള്‍ക്കിതാ മറ്റൊരു വഴിക്ക് കൈവന്നിരിക്കുന്നു. ഇതിനെ തിരിച്ചറിയാന്‍ ശ്രമിക്കുക; അപഗ്രഥിക്കുക. വാസ്തവത്തില്‍ നിങ്ങളുടെയും ലോകത്തിന്റെയും മോക്ഷക്ഷേമം ഇതിലുണ്ടോ എന്ന് അവധാനപൂര്‍വം പരീക്ഷിച്ചു നോക്കുക." (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്വിക വിശകലനം, പേജ്: 38).

No comments:

Post a Comment