..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 3 July 2012

ശഹീദ് ബന്നയുടെ സ്വപ്നം ഈജിപ്തില്‍ പൂവണിയുമ്പോള്‍ അബ്ദുല്‍ വാസിഅ് ധര്‍മഗിരി
'ഇന്നിന്റെ സ്വപ്‌നങ്ങള്‍ നാളെയുടെ യാഥാര്‍ത്ഥ്യങ്ങളാണെ'ന്ന് അനുയായികളെ പഠിപ്പിച്ച മഹാനായിരുന്നു ശഹീദ് ഹസനുല്‍ ബന്നാ. നീണ്ട എഴുപത്തഞ്ച് വര്‍ഷങ്ങള്‍ ഈജിപ്ഷ്യന്‍ സമൂഹത്തിന്റെ സമുദ്ധാരണ മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കാന്‍ ഇഖ്്‌വാനികള്‍ക്ക് പ്രചോദനമായത് ഹസനുല്‍ ബന്നാ വിശദീകരിച്ച സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. അത്രയേറെ ദുര്‍ബലവും ക്ലേശകരവുമായിരുന്നു ഇഖ്്‌വാന്റെ പ്രയാണഘട്ടങ്ങള്‍. ഇസ്മാഈല്‍ ഹനിയ്യ ഈജിപ്തിന്റെയും ഫലസ്തീന്റെയും പതാകകളുമായി അധിനിവേശ ബ്രിട്ടീഷ് സൈനികരുടെ താവളമായിരുന്ന ഇസ്മാഈലിയ്യ ഗ്രാമത്തിലെ ചായക്കടകളിലെയും, പള്ളിയിലെയും പ്രഭാഷണങ്ങളില്‍ നിന്നും ഒരു ചെറുസംഘത്തെ ഇമാം ബന്നാ ഒരുമിച്ച് കൂട്ടി. ആറ് ചെറുപ്പക്കാരുണ്ടായിരുന്നു അവര്‍. 1928-ല്‍ ഈ കൊച്ചുസംഘം തെളിയിച്ച മെഴുകുതിരി ലോകത്ത് ആറ് ഭൂഖണ്ഡങ്ങളില്‍ 72-ലധികം രാഷ്ട്രങ്ങില്‍ പ്രകാശം പരത്തിയ മഹാ പ്രസ്ഥാനത്തീര്‍ന്നിരിക്കുന്നു.
ഇമാം ബന്നായുടെ ജീവിത മാതൃകയായിരുന്നു ഇഖ്്‌വാനികളുടെ പ്രവര്‍ത്തനഭൂപടം. കടുത്ത മര്‍ദ്ദനമുറകള്‍ കൊണ്ട് ശത്രുക്കള്‍ എതിരിട്ടപ്പോഴും സഹനത്തോടെ നേരിടാന്‍ അവരെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും ആ മഹാനുഭാവനായിരുന്നു. ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്ന അദ്ദേഹം തന്നെയും ഈജിപ്ഷ്യന്‍ തെരുവില്‍ വെടിയേറ്റ് വീണു. ജനാസ അനുഗമിക്കുന്നതില്‍ നിന്നും ജനങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി. ജമാല്‍ അബ്്ദുന്നാസിര്‍ ഇഖ്വാനികളെ കഠിനമായി പീഢിപ്പിച്ചു. സയ്യിദ് ഖുത്്ബിനെയുടെ കൂടെ മറ്റ് അഞ്ച് ഇഖ്്‌വാനികളെയും തൂക്കിലേറ്റി. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തു. മതിയാവാഞ്ഞ് ഇഖ്്‌വാന്‍ തന്നെയും നിരോധിക്കപ്പെട്ടു. നാസിറിന്റെ മീഡിയാ ശക്തിയുപയോഗിച്ച് വ്യാജാരോപണങ്ങളുടെ ആക്രമണമഴിച്ച് വിട്ടു. തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഒരു ചെറിയ അവസരം പോലും ദുര്‍ബലരായ ഇഖ്്‌വാനികള്‍ക്ക് ലഭിച്ചില്ല. തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഒരു ചെറിയ അവസരം പോലും ദുര്‍ബലരായ ഇഖ്്‌വാനികള്‍ക്ക് ലഭിച്ചില്ല. ആരും അവര്‍ക്ക് വേണ്ടി ശബ്ദിച്ചതുമില്ല. എഴുത്തുകാര്‍, ചിന്തകന്‍മാര്‍, പത്രപ്രവര്‍ത്തകര്‍ എന്തിന് ശൈഖുല്‍ അസ്്ഹര്‍ പോലും മൗനം പാലിക്കുകയായിരുന്നു ചെയ്തത്. നാസിറിന് ശേഷം, അന്‍വര്‍ സാദാത്തും ഒടുവില്‍ ഹുസ്്‌നി മുബാറകും അധികാരത്തിലേറി. തന്നിഷ്ടം പോലെ ഭരിക്കുകയും പൊതുമുതല്‍ ധൂര്‍ത്തടിക്കുകയും ചെയ്തു. അപ്പോഴെല്ലാം ഇഖ്‌വാനികള്‍ സംയമനം പാലിച്ചു. ഹസനുല്‍ ബന്നാ പഠിപ്പിച്ച മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് നിശ്ശബ്ദമായ ആദര്‍ശ വിപ്ലവം നയിച്ചു. നല്ലൊരു നാളേക്ക് വേണ്ടി കരുക്കള്‍ നീക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ അവരുടെ ഹൃദയങ്ങളില്‍ അലയടിക്കാറുണ്ടായിരുന്നു. 'ഇഖ്്‌വാന്‍ ഒരിക്കലും ഭരണത്തിന് വേണ്ടി നടക്കുകയില്ല. ഭരണം അവരെ അന്വേഷിച്ച് വരികയാണുണ്ടാവുക' സമ്പത്തോ, കുലമഹിമയോ അല്ല, ദൈവഭയവും, ആരാധനയുമാണ് നേതൃത്വത്തിലേക്കുള്ള വഴിയെന്ന് അദ്ദേഹമവരെ ഓര്‍മിപ്പിച്ചിരുന്നു. അധികാരത്തിന്റെ രുചികരമായ അപ്പം മോഹിച്ച് രംഗത്തിറങ്ങിയവരായിരുന്നില്ല അവര്‍. സമൂഹത്തെ സംസ്‌കരിക്കുക, ഉന്നതമൂല്യങ്ങള്‍ അവര്‍ക്കിടയില്‍ പ്രസരിപ്പിക്കുക, ധാര്‍മികതയുള്ള തലമുറയെ സൃഷ്ടിക്കുക തുടങ്ങിയ ആസൂത്രണങ്ങളായിരുന്നുവല്ലോ ഇമാം ബന്നാ നേതൃത്വം നല്‍കിയ ആ കൊച്ചു സംഘത്തിന്നുണ്ടായിരുന്നത്. എന്നാല്‍ ജനഹൃദയങ്ങില്‍ മൂല്യബോധം അടിയുറക്കുകയും, സ്വാതന്ത്ര്യമോഹം തളിരിടുകയും, നന്മയുടെ പക്ഷത്ത് നില്‍ക്കാനുള്ള തന്റേടം പ്രകടമാവുകയും ചെയ്തപ്പോള്‍ അവര്‍ ഇഖ്്‌വാനെ ഏറ്റെടുക്കുകയാണ് ചെയ്്തത്. ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങളെ കട്ട്മുടിക്കുന്ന, ശത്രുക്കള്‍ക്ക് ഒറ്റുകൊടുക്കുന്ന, പൊതുസമ്പത്ത് ധൂര്‍ത്തടിക്കുന്ന സ്വേഛാധിപതികളെ അല്ല. മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന, രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയുന്ന, കക്ഷിത്വങ്ങളില്‍ നിന്നും ജനങ്ങളെ ഐക്യപ്പെടുത്തുന്ന ഒരു നേതാവാണെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചു. അത്തരത്തിലുള്ള ഒരു വ്യക്തിയെ ഈജിപ്ഷ്യന്‍ സമൂഹം അതിയായി ആഗ്രഹിക്കുന്നുണ്ട് എന്ന് തിരിച്ചറിവില്‍ നിന്നാണ് മുന്‍തീരുമാനം മാറ്റി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഇഖ്്‌വാന്‍ തീരുമാനിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെയും, വഞ്ചനയുടെയും ലോകത്ത് വിരാചിച്ചിരുന്ന ഒരു പറ്റം ഭരണാധികാരികളും രാഷ്ട്രങ്ങളും വളരെ ഞെട്ടലോടെയാണ് ആ തീരുമാനം ഉള്‍ക്കൊണ്ടത്. എന്ത് മാര്‍ഗം സ്വീകരിച്ചും പ്രസ്തുത നീക്കത്തിന് തടയിടണമെന്നവര്‍ പ്രതിജ്ഞയെടുത്തു. നിയമപരവും, മറുവശത്ത് ആശപരവുമായ തലങ്ങളില്‍ ആക്രമണം അഴിച്ച്‌വിട്ട് കൊണ്ടേയിരുന്നു. ഇഖ്്‌വാന്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ഖൈറത് ശാത്വിറിനെ അയോഗ്യനാക്കിയത് കേവലം ഒരു ഉദാഹരണം മാത്രം. ഒരു കാലത്ത് നിരോധിക്കപ്പെട്ട സംഘടനയുടെ വക്താക്കള്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മറുവശത്ത് വളരെ ആസൂത്രിതമായ അപവാദപ്രചാരണങ്ങള്‍ നടത്തി. ഇഖ്്‌വാന്‍ ഭരണത്തിലേറിയാല്‍ ഈജിപ്തില്‍ താലിബാന്‍ ഭരണമായിരിക്കും. ടിവികളിലും റേഡിയോകളിലും വിശുദ്ധ ഖുര്‍ആന്‍ പാരായണം പ്രക്ഷേപണം ചെയ്യും. ന്യൂനപക്ഷ ക്രൈസ്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടും. ക്രൂരമായ ഇസ്്‌ലാമിക ശിക്ഷാ നിയമങ്ങള്‍ നടപ്പിലാക്കപ്പെടും. എന്നിത്യാദി എത്രയെത്ര വ്യാജാരോപണങ്ങള്‍! ഈജിപ്ത് അറബ് ലോകത്തിന്റെ തന്ത്രപ്രധാന രാഷ്ട്രമാണ്. ഈജിപ്തിന്റെ അധികാരം നഷ്ടപ്പെട്ടാല്‍ ഇസ്രയേലിനോ, അമേരിക്കക്കോ നിലനില്‍പില്ല. യാഥാര്‍ത്ഥ്യമറിയാവുന്ന അവര്‍ മുണ്ടുമുറുക്കി രംഗത്തിറങ്ങി. സര്‍വ അധികാരവും സമ്പത്തും ഉപയോഗിച്ച് മുന്‍ പ്രധാനമന്ത്രി അഹ്്മദ് ശഫീഖിന് പിന്തുണയര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഇഖ്്‌വാന്‍ വിരുദ്ധരാക്കുന്നതില്‍ വ്യാപൃതരായി. തെരഞ്ഞെടുപ്പിന്റെ തലേദിവസം ഈജിപ്ഷ്യന്‍ തെരുവില്‍ മദ്യവും മയക്കുമരുന്നും സമ്പത്തും നിറഞ്ഞൊഴുകി. തങ്ങളുടെ സകലമാന അധ്വാനവും, കുതന്ത്രവും അഹ്്മദ് ശഫീഖിന് വേണ്ടി സമര്‍പ്പിച്ചിട്ടുണ്ടെന്നും അവയൊരിക്കലും പാഴാവുകയില്ലെന്നുമുള്ള ആത്മവിശ്വാസത്തിലും സമാധാനത്തിലുമായിരുന്നു അവരെല്ലാം. ഏറ്റവുമൊടുവില്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതിന് തൊട്ട് മുമ്പ് വാഷിംഗ്ടണ്‍ തെല്‍അബീബിലേക്കയച്ച അവലോകന സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കളി അവസാനിച്ചില്ല. അടുത്ത ഊഴം സൈനിക സഭയുടെതായിരുന്നു. പാര്‍ലിമെന്റ് പിരിച്ച് വിടുകയും, ഭരണഘടന റദ്ദാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള സൂചനയാണിതെന്ന് ഇഖ്്‌വാന്‍ മനസ്സിലാക്കി. ഇതാദ്യമായല്ലല്ലോ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്. സാക്ഷാല്‍ ഇമാം ഹസനുല്‍ ബന്നാ മത്സരിച്ചപ്പോള്‍ മറക്ക് പിന്നില്‍ നിന്ന് കളിച്ച പാരമ്പര്യം അവര്‍ക്കുണ്ട്. 2010-ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുകയും ഫലം അട്ടിമറിക്കുകയും ചെയ്തത് ലോകത്തിന് ബോധ്യപ്പെട്ട കാര്യമാണ്. തങ്ങളുടെ പാവത്താന്‍ രാഷ്ട്രീയം വിജയിക്കില്ലെന്ന് തിരിച്ചറിഞ്ഞ അവര്‍ രംഗത്തിറങ്ങി. ഇലക്ഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പോളിംഗ് പേപ്പറുകളുടെ കോപ്പികള്‍ കൈപ്പറ്റി റിസല്‍ട്ട് പ്രഖ്യാപിച്ചു. സൈനിക ഭരണത്തിനേറ്റ കനത്ത ആഘാതമായിരുന്നു അത്. അട്ടിമറിക്കുള്ള സാധ്യത ദുഷ്‌കരമായി. ഇതോടെ ജനങ്ങള്‍ ഇഖ്‌വാനൊപ്പം തെരുവിലറങ്ങി. കൈറോവിലെ സ്വാതന്ത്ര്യ ചത്വരം നിറഞ്ഞൊഴുകി. ഫലപ്രഖ്യാപനം നടത്താതെ പിരിഞ്ഞ് പോവില്ലെന്ന് പ്രതിജ്ഞചൊല്ലി. സൂചികുത്താന്‍ ഇടമില്ലാത്ത വിധം തഹരീര്‍ സ്‌ക്വയര്‍ ജനനിബിഢമായി. മറ്റുള്ളവരുടെ മുതുകുകളില്‍ സുജൂദ് ചെയ്ത് കൊണ്ട് ജുമുഅ നമസ്‌കാരം തെഹരീറില്‍ തന്നെ നടന്നു. ഒടുവില്‍ സ്വേഛാധിപത്യ മാഫിയക്ക് തലകുനിക്കേണ്ടി വന്നു. ഇഖ്്‌വാന്‍ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. തങ്ങളുടെ ആശങ്കകള്‍ മനസ്സിലൊതുക്കി അഭിനന്ദനമര്‍പ്പിക്കാന്‍ അമേരിക്കയും ഇസ്രയേലും നിര്‍ബന്ധിതരായി. നന്മയെ സ്‌നേഹിക്കുന്ന, മൂല്യങ്ങളെ വിലമതിക്കുന്ന പൗരന്‍മാര്‍ ലോകത്തിന്റെ നാനാ ഭാഗത്തും ആഹ്ലാദനൃത്തം ചവിട്ടി. വര്‍ഷങ്ങളായി മര്‍ദ്ദിക്കപ്പെട്ട് കൊണ്ടിരിക്കുന്ന, വിഷമങ്ങളനുഭവിക്കുന്ന ഫലസ്തീനിലെയും, സിറിയയിലെയും ലിബിയയിലെയും ജനങ്ങള്‍ ഈജിപ്തിന്റെ പതാകയുമായി തെരുവിലറങ്ങി. ഇതൊരു തുടക്കമാണ്. കേവലം തുടക്കമല്ല. മറിച്ച് അറബ് ലോകത്ത് തിമിര്‍ത്ത് പെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന മേഘങ്ങളുടെ ചില്ലാണത്. അവയില്‍ നിന്ന് പെയ്യാന്‍ നില്‍ക്കുന്ന പേമാരിയുടെ ചെറുലക്ഷണമാണത്. ഈജിപ്തിന്റെ പതാകയുമായി വിജയമാഘോഷിക്കാന്‍ ഫലസ്്തീന്‍ പ്രധാനമന്ത്രി ഇസ്്മാഈല്‍ ഹനിയ്യഃ തെരുവിലറങ്ങിയെന്ന വാര്‍ത്ത നല്‍കുന്ന സൂചന അതാണ്. ഇരുമെയ്യാണെങ്കിലും നന്മയുടെ മാര്‍ഗത്തില്‍ ഒറ്റ മനസ്സാണെന്ന പ്രഖ്യാപനമാണത്. ചരിത്രം ചിലരെ നോക്കി പരിഹസിച്ച് ചിരിക്കാറുണ്ട്. മഹാനായ ശഹീദ് ഹസനുല്‍ ബന്നാ നെഞ്ചിലേക്ക് ആറോളം വെടിയുണ്ടകള്‍ ഉതിര്‍ത്തവര്‍ അതിന്നുദാഹരണമാണ്. കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സിക്കരുതെന്ന് ഡോക്ടര്‍മാര്‍ക്ക് അവര്‍ നിര്‍ദേശം നല്‍കി. ആ മഹാനുഭാവന്‍ രക്തം വാര്‍ന്ന് മരിക്കുന്നത് ആനന്ദത്തോടെ നോക്കി നിന്നു. മൃതദേഹം സംസ്‌കരിക്കരുതെന്ന് അടുത്ത കല്‍പനയിറങ്ങി. ഒടുവില്‍ കുടുംബത്തിലെ ഏതാനും സ്ത്രീകള്‍ ചേര്‍ന്നാണ് ശേഷക്രിയകള്‍ നടത്തിയത്. ഇതോടെ എല്ലാം കെട്ടടങ്ങിയെന്നവര്‍ സായൂജ്യം കൊണ്ടു. ഒടുവില്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ അനുയായികള്‍ ഈജിപ്ത് ഭരിക്കുന്നു. ഈജിപ്തകാര്‍ രചിച്ച നവചരിതം അവരോട് വിളിച്ച് പറയുന്നത് ഇതാണ് 'മൃതദേഹത്തെ ചുമലിലേറ്റുന്നതില്‍ നിന്നും വിലക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ ആശയങ്ങളെ നെഞ്ചേറ്റുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും കഴിയില്ല.'

No comments:

Post a Comment