..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

അമുസ്‌ലിം രാഷ്ട്രഘടനയിലെ മുസ്‌ലിം പങ്കാളിത്തം by: ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ in: Fatwa | 18. Apr, 2012 2007 നവംബര്‍ 3 മുതല്‍ 7 വരെ മക്കയിലെ മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്തുവെച്ചു ചേര്‍ന്ന ഇസ്‌ലാമിക് ഫിഖ്ഹ് കൗണ്‍സിലിന്റെ പത്തൊമ്പതാം സെഷനില്‍ അമുസ്‌ലിം രാഷ്ട്രത്തിലെ മുസ്‌ലിം രാഷ്ട്രീയ പങ്കാളിത്തം എന്ന ചര്‍ച്ചയില്‍ രൂപംകൊണ്ട പ്രമേയം. 1. അമുസ്‌ലിം രാഷ്ട്രത്തിലെ മുസ്‌ലിം രാഷ്ട്രീയ പങ്കാളിത്തം എന്നത് ശരീഅത്തധിഷ്ഠിത രാഷ്ട്രീയ പ്രശ്‌നങ്ങളില്‍പെട്ടതാണ്. അതിലെ നേട്ടങ്ങളും കോട്ടങ്ങളും തുലനം ചെയ്തുകൊണ്ടാണ് വിധി രൂപപ്പെടുത്തേണ്ടത്. സ്ഥല കാല പരിതസ്ഥിതികള്‍ക്കനുസൃതമായി ഫത്‌വയില്‍ മാറ്റം വരും എന്ന തത്വം പരിഗണിക്കേണ്ടതാണ്. 2. ഇസ്‌ലാമിനെക്കുറിച്ച് ശരിയായ അവബോധം പകര്‍ന്നു നല്‍കുക, മുസ്‌ലിം പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുക, ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ നേടിയെടുക്കുക, അവരെ മുഖ്യധാരയിലേക്കുയര്‍ത്തുക, നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്നവരുമായി പരസ്പരസഹകരണം തുടങ്ങിയ പൊതുനന്മകളും താല്‍പര്യങ്ങളും മുന്‍നിര്‍ത്തിക്കൊണ്ട് അമുസ്‌ലിം രാഷ്ട്രത്തിലെ തദ്ദേശീയമായ അവകാശങ്ങള്‍ അനുഭവിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം അനുവദനീയമാണ്. ഇത് രണ്ട് തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. -മുസ്‌ലിങ്ങളുടെ നന്മങ്ങള്‍ നേടിയെടുക്കാനും അവര്‍ക്കെതിരെയുള്ള ഉപദ്രവങ്ങള്‍ തടയുവാനും ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യം വെക്കണം. -ഈ പങ്കാളിത്തത്തിലൂടെ ക്രിയാത്മകമായ ഫലങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിയും എന്ന ഉത്തമവിശ്വാസം ഉണ്ടായിരിക്കേണ്ടതുണ്ട്. മുസ്‌ലിം സ്ഥാപനങ്ങളുടെ നിലനില്‍പ്, അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക, അവരുടെ മതപരവും രാഷ്ട്രീയപരവുമായ അവകാശങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ഇത് മുസ്‌ലിങ്ങളുടെ മതപരമായകാര്യങ്ങളില്‍ വീഴ്ചകള്‍ക്ക് വഴിയൊരുക്കരുത്.
ബലാല്‍സംഗത്തിനിരയായവര്‍ക്ക് ഭ്രൂണഹത്യ നടത്താമോ? by: Islam Onlive in: Fatwa | 27. Jun, 2012
ചോദ്യം: ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണികളായ ധാരാളം സ്ത്രീകള്‍ സിറിയയിലുണ്ട്. ഇത്തരം അവസ്ഥയില്‍ ഭ്രൂണഹത്യ നടത്തുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്? ലോക പണ്ഡിതവേദി ഉപാധ്യക്ഷന്‍ അബ്ദുല്ലാ ബിന്‍ ബൈഹി നല്‍കിയ മറുപടിയാണിവിടെ ചേര്‍ക്കുന്നത്. ബലാല്‍സംഗത്തിലൂടെ ഗര്‍ഭം ധരിച്ചവള്‍ക്ക് ഭ്രൂണഹത്യ നടത്താവുന്നതാണ്. ഗര്‍ഭം ധരിച്ച് നാല്‍പത് ദിവസം കഴിയുന്നതിന് മുമ്പായിരിക്കണമത്. ഭ്രൂണഹത്യയെക്കാള്‍ ഉത്തമമായ വല്ല മാര്‍ഗ്ഗവും അവര്‍ക്കുണ്ടെങ്കില്‍ അത് സ്വീകരിക്കാവുന്നതാണ്. ഭ്രൂണഹത്യ നിഷിദ്ധമാണെന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വിധി. ഗര്‍ഭം മാതാവിന്റെ ജീവന് അപകടമാകുമ്പോള്‍ മാത്രമാണ് അത് അനുവദനീയമാകുന്നത്. എന്നാല്‍ സിറിയപോലുളള സാഹചര്യത്തില്‍ അക്രമത്തിനും പീഢനത്തിനും ഇരയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് ഭ്രൂണഹത്യ നടത്താവുന്നതാണ്. ബോസ്‌നിയയിലെയും അതുപോലുള്ള മറ്റിടങ്ങളിലെയും സ്ത്രീകള്‍ അനുഭവിച്ചതു തന്നെയാണ് ഇന്ന് സിറിയന്‍ വനിതകളും അനുഭവിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഭ്രൂണഹത്യയെക്കാള്‍ നല്ല മാര്‍ഗങ്ങള്‍ സ്ത്രീകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമസ്‌കാരത്തിനായി ജോലി സമയം നഷ്ടപെടുത്താമോ?
by: Islam Onlive in: Fatwa | 01. Sep, 2012 മുഫ്തി: ഡോ. യൂസുഫുല്‍ ഖറദാവി ചോദ്യം: ജോലി സമയത്തിനിടക്ക് നമസ്‌കാരത്തിനായി അര മണിക്കൂറും ഒരു മണിക്കൂറുമെല്ലാം ചിലവഴിക്കുന്ന ചില ആളുകളുണ്ട്. അത് പലപ്പോഴും ആളുകള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഈ വിഷയത്തില്‍ വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. മറുപടി: സര്‍ക്കാര്‍ മേഖലയിലോ സര്‍ക്കാറിതര മേഖലകളിലോ പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍ക്ക് നിര്‍ബന്ധ നമസ്‌കാരത്തിനുള്ള അവസരം നല്‍കുകയെന്നത് സുത്യര്‍ഹമായ പ്രതിഭാസമാണ്. ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭമായി കണക്കാക്കുന്ന അതിന് അവസരം ഒരുക്കല്‍ മുസ്‌ലിം സമൂഹത്തില്‍ നിര്‍ബന്ധവുമാണ്. ഉമ്മത്തിന്റെയും രാഷ്ട്രത്തിന്റെയും സംസ്‌കരണത്തിന് അത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: 'ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. നന്മ കല്‍പിക്കും.തിന്മ തടയും.' (അല്‍ ഹജ്ജ്: 41) നിങ്ങളുടെ ഏറ്റവും സുപ്രധാനമായ കാര്യം നമസ്‌കാരമാണ് ആര്‍ അത് നഷ്ടപ്പെടുത്തിയവന്‍ അതിന് പുറമെ അതിനേക്കാള്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയവനായിരിക്കും. എന്ന് ഉമര്‍(റ) തന്റെ ഗവര്‍ണ്ണര്‍മാരോട് കല്‍പ്പിക്കാറുണ്ടായിരുന്നു. നമസ്‌കാരത്തെ മുറുകെ പിടിക്കുകയെന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചെടത്തോളം നിര്‍ബന്ധ ബാധ്യതയാണ്. ജോലി സ്ഥലത്ത് കമ്പനികള്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. നമസ്‌കാരം നിര്‍വ്വഹിക്കാനാവശ്യമായ സമയം മാത്രം അവര്‍ക്ക് ഇളവ് നല്‍കിയാല്‍ മതി. ജോലി സ്ഥലത്തേക്ക് വുദു എടുത്തു പോവുകയും സമയം നഷ്ടപ്പെടുത്താതെ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യാം. അതിന് പ്രയാസപ്പെടുന്ന ആളുകള്‍ കാലുറ ധരിക്കുകയും വുദു നഷ്ടപ്പെട്ടാല്‍ കാലുറ തടവി വുദുവെടുക്കുകയും ചെയ്യാം. അതിലൂടെ സമയം ലാഭിക്കാവുന്നതാണ്. പത്തിലധികം സഹാബികള്‍ അത് അനുവദനീയമാണെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഫത്‌വ നല്‍കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു. നമസ്‌കാരത്തിന് പത്ത് മിനുറ്റിലധികം സമയം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദീര്‍ഘസമയം നമസ്‌കരിക്കുന്നതിനും വുദുവെടുക്കുന്നതിനുമായി ജോലി സമയത്ത് ഉപയോഗിക്കുകയോ സുന്നത്ത് നമസ്‌കാരത്തിനായി സമയം ചിലവഴിക്കുകയോ ചെയ്യേണ്ടതില്ല. വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
ക്രിസ്ത്യന്‍ സ്ത്രീയെ നിരുപാധികം വിവാഹം ചെയ്യാമോ?
by: Islam Onlive in: Fatwa | 31. Aug, 2012 മുഫ്തി: ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അഹ്മദ് കുട്ടി ചോദ്യം: മുസ്‌ലിം ക്രിസ്ത്യന്‍ സ്ത്രീയെ അവളുടെ വിശ്വാസത്തില്‍ തന്നെ നിലനിര്‍ത്തി വിവാഹം ചെയ്യുന്നതിന്റെ വിധി എന്താണ്? മറുപടി: അന്യമതസ്ഥരെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മുസ്‌ലിം മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്യുക എന്നതാണ് പൊതുനിയമം. അതിന് അപവാദമായിട്ടുള്ള ഒന്ന് വേദക്കാരുടെ കാര്യത്തില്‍ മാത്രമാണ്. എന്തൊക്കെ നന്മകളുണ്ടെങ്കിലും ഒരു മുസ്‌ലിമിന് ഏറ്റവും അനുയോജ്യം മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്യുന്നത് തന്നെയാണ്. ഈ ചോദ്യത്തിന് പ്രശസ്ത പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവി നല്‍കിയ മറുപടിയാണ് ചുവടെ കൊടുക്കുന്നത്. ക്രിസ്ത്യാനികളോ ജൂതന്‍മാരോ ആയ സ്ത്രീകളെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതാണ്. കാരണം അവര്‍ വേദക്കാരാണ് അഥവാ ഒരു ദൈവിക വെളിപാടിന്റെ പിന്തുടര്‍ച്ചക്കാരാണ് അവര്‍. അവര്‍ അതില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അവര്‍ വേദക്കാര്‍ തന്നെയാണ്. അക്കാരണത്താല്‍ തന്നെ ഇസ്‌ലാം അവരോട് ചില നിലപാടുകളില്‍ വിട്ടുവീഴ്ചാ സമീപനം സ്വീകരിച്ചിരിക്കുന്നത് കാണാം. ഖുര്‍ആന്‍ പറയുന്നു: ' വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്.' (അല്‍ മാഇദ: 5) മറ്റു മതങ്ങളിലും ദര്‍ശനങ്ങളിലും നമുക്ക് കാണാന്‍ കഴിയാത്ത ഇതരരോടുള്ള ഇസ്‌ലാമിന്റെ സഹിഷ്ണുതാ മനോഭാവമാണിത് കുറിക്കുന്നത്. വേദക്കാര്‍ അവിശ്വാസികളാണെന്നും സന്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരാണെന്നും അംഗീകരിക്കുന്നതോടൊപ്പം തന്നെ ക്രിസ്ത്യാനികളോ ജൂതവിശ്വാസികളോ ആയ സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നു. വിവാഹത്തിലൂടെ തന്റെ ഇണയെയും ജീവിത പങ്കാളിയെയും തന്റെ കുട്ടികളുടെ മാതാവിനെയുമാണ് തെരെഞ്ഞെടുക്കുന്നത്. ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുന്നത് വളരെ ശ്രദ്ധേയമാണ്. 'അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്.' (അര്‍റൂം: 21) അനുവാദം ഉണ്ടെങ്കില്‍ തന്നെയും ഒരു മുന്നറിയിപ്പ് കൂടിയുണ്ട്. വിവാഹത്തിന് മതനിഷ്ഠയുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. നിങ്ങള്‍ വിവാഹം ചെയ്യുമ്പോള്‍ മതനിഷ്ഠയുള്ളവരെ വിവാഹം ചെയ്യണമെന്നതാണ് പ്രവാചകന്‍ (സ)യുടെ കല്‍പന. ക്രിസ്ത്യാനിയോ ജൂതരോ ആയ സ്ത്രീകള്‍ക്ക് എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും ഒരു മുസ്‌ലിമിന് തന്റെ പങ്കാളിയായി ഒരു മുസ്‌ലിം സ്ത്രീയെ തന്നെയാണ്. അമുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്താല്‍ അത് തന്റെ വിശ്വാസത്തെയും കുട്ടികളുടെ സ്വാഭാവത്തെയും ബാധിക്കുമെന്ന് നേരിയ സംശയം തോന്നിയാല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അവന്റെ ബാധ്യതയാണ്. മുസ്‌ലിം ജനസംഖ്യ കുറവുള്ള ഒരു നാട്ടില്‍ - ഉദാഹരണത്തിന് അമുസ്‌ലിം നാട്ടിലേക്ക് കുടിയേറി വന്നവര്‍ - അവിടത്തെ മുസ്‌ലിംകള്‍ അമുസ്‌ലിംകളെ വിവാഹം ചെയ്യുന്നത് അനുവദനീയമല്ല. കാരണം മുസ്‌ലിം സ്ത്രീകള്‍ക്ക് അമുസ്‌ലിം പുരുഷന്‍മാരെ വിവാഹം ചെയ്യുന്നത് അനുവദനീയമല്ലാത്തതിനാല്‍ അവിടെയുള്ള അവിവാഹിതരായി അവശേഷിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. അത് വളരെ അപകടകരമായ ഒരു അവസ്ഥ മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിക്കുന്നിന് കാരണമാകും. അത്തരം അപകടത്തെ ചെറുക്കുന്നതിന് പ്രസ്തുത അനുവാദത്തെ താല്‍ക്കാലികമായി റദ്ദാക്കേണ്ടി വരും. ഇസ്‌ലാമിക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടൊറന്റോയിലെ മുതിര്‍ന്ന പണ്ഡിതനും റെക്റ്ററുമായ ശൈഖ് അഹമദ് കുട്ടി ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയത് ചുവടെ ചേര്‍ക്കുന്നു: മുസ്‌ലിംകള്‍ക്ക് വേദക്കാരികളെ വിവാഹം ചെയ്യുന്നതിനുള്ള അനുവാദം നല്‍കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ അനുവാദത്തെ സാമാന്യവല്‍ക്കരിക്കേണ്ടതില്ല. രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബിന്റെ കാലത്ത് പ്രമുഖരായ ചില സ്വഹാബികള്‍ വേദക്കാരികളെ വിവാഹം ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അവരോട് അദ്ദേഹം ചോദിച്ചു: 'എല്ലാവരും ഈ രീതി തുടര്‍ന്നാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ ആര്‍ വിവാഹം ചെയ്യും?' മുസ്‌ലിം സ്ത്രീകള്‍ അവിവാഹിതരായി അവശേഷിക്കുക എന്നത് മാത്രമേ ഒരു ചോദ്യമായി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇക്കാലത്ത് ഇത്തരം വിവാഹങ്ങളില്‍ വളരെയധികം സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുണ്ട്. അമേരിക്കയില്‍ നടന്ന ഇത്തരത്തില്‍ വിവാഹിതരായ ദമ്പതികള്‍ക്കിടില്‍ ധാരാളം പ്രശ്‌നങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. അവര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. മതപരമായ ആഘോഷങ്ങള്‍, ഏതുതരം ഭക്ഷണമാണ് കഴിക്കുന്നത്, മക്കളെ ഏത് രൂപത്തില്‍ വളര്‍ത്തണം ഇത്തരത്തിലുള്ള ധാരാളം വെല്ലുവിളികള്‍ അവിടെ ഉയര്‍ന്ന് വരുന്നു. മക്കളുടെ മുന്നില്‍ ഭാര്യ അവരുടെ ആരാധനാ കാര്യങ്ങള്‍ ചെയ്യരുതെന്ന് ശഠിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ അവിടെ ഒരു അസാധാരണ സംഭവമല്ല. ഇത്തരം വിവാഹങ്ങളിലധികവും അവസാനിക്കുന്നത് കോടതിയിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒന്നും തന്നെയില്ല. കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുന്നു എന്നതും ഇത്തരം വിവാഹങ്ങളുടെ പ്രധാനപ്രശ്‌നമാണ്. ശുദ്ധമായ ഒരു ആത്മീയ കാഴ്ചപാടിന്റെ അഭാവം വ്യക്തമായ ഒരു മതവീക്ഷണമില്ലാത്ത തലമുറയുടെ സൃഷ്ടിപ്പിന് കാരണമാകുന്നു. വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
ആത്മഹത്യ ചെയ്തവന്
എന്റെ അകന്ന ബന്ധത്തില്‍പെട്ട ഒരാള്‍ ഈയടുത്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. ധാരാളം പേര്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തില്‍ ഈയുള്ളവനും ഭാഗവാക്കുവുകയുണ്ടായി. ഇതറിഞ്ഞ എന്റെ ഒരു സുഹൃത്ത് ആത്മഹത്യ ചെയ്തവന്റെ മേല്‍ ജനാസ നമസ്‌കരിക്കാന്‍ പാടില്ല എന്ന്് വളരെ കര്‍ശനമായി എന്നോട് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ വിധി എന്താണ്? ഞാന്‍ തൗബ ചെയ്യേണ്ടതുണ്ടോ? -യഹ്‌യ ബിന്‍ സകരിയ്യ- ആലത്തൂര്‍ ഇസ്‌ലാം നിരോധിച്ച വലിയ പാപങ്ങളിലൊന്നാണ് അല്ലാഹു നല്‍കിയ ജീവന്‍ അവന്റെ അനുമതിയില്ലാതെ തിരിച്ചെടുക്കുക(ആത്മഹത്യ)യെന്നത്. ഒരു വ്യക്തിക്ക് സ്വയമോ, അവന്റെ അനുവാദത്തോടെ മറ്റുളളവര്‍ക്കോ അത് ചെയ്യാവതല്ല. ആത്മഹത്യയെ നിരോധിച്ചും, അതിനുള്ള ശിക്ഷ ശാശ്വതമായ നരകവാസമാണെന്ന് സൂചിപ്പിച്ചുമുള്ള ധാരാളം നബി വചനങ്ങളുണ്ട്. (ബുഖാരി: 5442,5700) മുസ്‌ലിം(104,110) അവയില്‍ ഒരു ഹദീസ് ഇപ്രകാരമാണ് 'നബി തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ള സമുദായത്തിലെ ഒരാള്‍ക്ക് മുറിവ് പറ്റി. പരിഭ്രമിച്ച അദ്ദേഹം ഒരു കത്തിയെടത്ത് കയ്യിലെ ഞരമ്പ് മുറിച്ചു. ഉടനെ തന്നെ രക്തം വാര്‍ന്ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞു. 'എന്റെ അടിമ എന്റെ അടുത്തേക്ക് ധൃതികാണിച്ചിരിക്കുന്നു. അവന്ന് മേല്‍ സ്വര്‍ഗം നിഷിദ്ധമാണ്.' (ബുഖാരി 3276, മുസ്‌ലിം 113) ആത്മാഹുതി ചെയ്തവന്റെ മേല്‍ പ്രവാചകന്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല. അദ്ദേഹത്തിനുള്ള ശിക്ഷയും, അദ്ദേഹത്തെ അനുകരിക്കുന്നവര്‍ക്കുള്ള താക്കീതുമായിരുന്നു അത്. എന്നാല്‍ അത്തരക്കാര്‍ക്ക് മേല്‍ നമസ്‌കരിക്കാന്‍ അനുയായികള്‍ക്ക് പ്രവാചകന്‍(സ) അനുമതി നല്‍കിയിരുന്നു. ജാബിര്‍ ബിന്‍ സമുറയില്‍ നിന്ന് നിവേദനം 'അമ്പ് കൊണ്ട് സ്വയം മുറിവേല്‍പിച്ച് മരിച്ച ഒരാളുടെ മൃതദേഹം പ്രവാചകന്റെ അടുത്ത് ഹാജരാക്കപ്പെട്ടു. അദ്ദേഹം അയാള്‍ക്ക് മേല്‍ നമസ്‌കരിച്ചില്ല.' (മുസ്‌ലിം 978) പ്രവാചകന്‍ തിരുമേനി(സ) നമസ്‌കരിച്ചില്ലയെന്നത് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്. മുസ്‌ലിം ഉമ്മത്തിലെ നേതാക്കള്‍ക്ക് ബാധകമായ ചര്യയാണത്. മറ്റുള്ളവര്‍ക്ക് താക്കീതാവുന്ന വിധത്തില്‍ ഇങ്ങനെ മാറിനില്‍ക്കുന്നത് ഉത്തമമാണെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ അഭിപ്രായപ്പെടുന്നു.(അല്‍ ഫതാവാ അല്‍ കുബ്‌റാ പേ: 52) തെറ്റുകള്‍ ചെയ്ത മറ്റുള്ളവരെപ്പോലെ തന്നെ കുറച്ച് മുസ്‌ലിംകള്‍ക്ക് അയാളുടെ മേല്‍ നമസ്‌കരിക്കാമെന്നാണ് ശൈഖ് ഇബ്‌നു ബാസിന്റെയും അഭിപ്രായം. (ഫതാവാ ഇബ്‌നു ബാസ് 162/13) ഇപ്രകാരം ആത്മഹത്യ ചെയ്തവന്റെ മേല്‍ സാധാരണക്കാര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാമെന്ന് തന്നെയാണ് ഇമാം അബൂഹനീഫ, മാലിക്, ശാഫഈ, ഹസന്‍, ഖതാദ, നഖഈ തുടങ്ങിയവരുടെയും അഭിപ്രായം.
ഇസ്‌ലാമിക വ്യവസ്ഥയിലെ പോലീസ് by: ഡോ:റാഗിബുസ്സര്‍ജാനി
ഇസ്‌ലാമിക രാഷ്ട്രത്തിലെ വളരെ പ്രധാനപ്പെട്ട ജോലിയാണ് നിയമപാലകരുടേത്. ജനങ്ങളുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ അതിന്റെ സ്വാധീനം വളരെ വ്യക്തമാണ്. രാഷ്ട്രത്തിലെ നിര്‍ഭയത്വവും വ്യവസ്ഥകളും കാത്തുസൂക്ഷിക്കുന്ന സൈന്യമാണവര്‍. ജനങ്ങളുടെ സമാധാനത്തിന് വേണ്ട നിയമങ്ങളും വിധികളും നടപ്പിലാക്കുന്നത് ഇവരാണ്. ജനങ്ങളുടെ ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കല്‍ അവരുടെ കടമയാണ്. അഭ്യന്തര സുരക്ഷാ സേനയാണ് ഇവര്‍. പോലീസ് പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് നബി (സ)യുടെ കാലം മുതല്‍ തന്നെ മുസ്‌ലിങ്ങള്‍ക്ക് നിയമപാലകര്‍(ശുര്‍ത്വ) എന്ന പദം സുപരിചിതമായിരുന്നു. അക്കാലത്ത് കൃത്യമായ വ്യവസ്ഥയും ഘടനയും അതിന് ഉണ്ടായിരുന്നില്ല. ബുഖാരി തന്റെ സ്വഹീഹില്‍ പറയുന്നു: 'ഖൈസ് ബ്‌നു സഅദ് നബി(സ)യുടെ കാലത്ത് ഭരണാധികാരിയുടെ ഭാഗത്തുനിന്നുള്ള ശുര്‍ത്വി(നിയമപാലകന്‍)യുടെ റോള്‍ വഹിച്ചിരുന്നു.' (കിതാബുല്‍ അഹ്കാം, ഹദീസ്: 6736) ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും അറിയാനും, സംശയമുള്ളവരെകുറിച്ച് അന്വേഷണം നടത്താനും തെരുവുകളിലൂടെ രാത്രി ഇറങ്ങി നടക്കുന്ന നൈറ്റ് പെട്രോളിങ്ങിന് തുടക്കം കുറിച്ച്ത് ഉമര്‍(റ) ആണ്. ഇൗ വ്യവസ്ഥയുടെ ആരംഭത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും ഇമാം ത്വബ്‌രി അദ്ദേഹത്തിന്റെ ചരിത്ര ഗന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. സച്ചരിതരായ ഖലീഫമാരുടെ കാലത്ത് തന്നെ പോലീസ് എന്ന വ്യവസ്ഥ പ്രാഥമിക രൂപത്തില്‍ തുടങ്ങിയിരുന്നു എന്നാണ് നമുക്ക് വ്യക്തമാകുന്നത്. പിന്നീട് അമവീ-അബ്ബാസി കാലഘട്ടങ്ങളില്‍ ഈ നിയമപാലന വ്യവസ്ഥ വികസിക്കുകയും ഘടന കുറ്റമറ്റതാകുകയും ചെയ്തു. പ്രാരംഭത്തില്‍ പോലീസ് എന്നത് കോടതിയുടെ തന്നെ ഭാഗമായിരുന്നു. എന്നാല്‍ നിയമപാലനത്തിന്റെ ഘടന വിപുലീകരിക്കപ്പെട്ടപ്പോള്‍ പോലീസ് എന്നത് കോടതിയില്‍ നിന്ന് വേറിട്ട ഒരു പ്രത്യേക വകുപ്പായി മാറി. രാജ്യത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തലും കുറ്റകൃത്യങ്ങള്‍ തടയലും പോലീസിന്റെ കടമയായി. കോടതിയെ വിധിപ്രസ്താവിക്കാന്‍ സഹായിക്കലും അവര്‍ക്ക് വേണ്ട വിവരങ്ങളും തെളിവുകളും ശേഖരിക്കലും പോലീസ് വകുപ്പിന് കീഴിലായി. ഇസ്‌ലാമിക രാഷ്ട്രം വികസിച്ചതോടെ ഓരോ പട്ടണത്തിനും വ്യത്യസ്ത നിയമപാലന മേധാവികളും അവര്‍ക്ക് കീഴില്‍ സഹായികളും നിയമിക്കപ്പെടാന്‍ തുടങ്ങി. നഗരങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക കാവല്‍ക്കാരെ നിയോഗിക്കാനും തുടങ്ങി. ഓരോ പദവിയിലുള്ള ഉദ്യോഗസ്ഥരെയും തിരിച്ചറിയാന്‍ പ്രത്യേക അടയാളങ്ങളും യൂണിഫോമും നടപ്പിലാക്കപ്പെട്ടു. പേരെഴുതിവെക്കാന്‍ ഭംഗിയുള്ള ചെറിയ ബോര്‍ഡുകളും വസ്ത്രത്തില്‍ ഉണ്ടായിരുന്നു. ലാത്തിയും കുന്തങ്ങളുമടക്കം ആയുധങ്ങളും കാലക്രമത്തില്‍ വന്നുചേര്‍ന്നു. കാലക്രമത്തില്‍ ടോര്‍ച്ചുകളും കാവല്‍ നായകളും പോലീസിന്റെ ഭാഗമായിത്തീര്‍ന്നു. അമവീ കാലഘട്ടത്തിലെ പോലീസ് വ്യവസ്ഥ പോലീസ് വ്യവസ്ഥയെ മുആവിയത്തു ബിന്‍ അബീസുഫ്‌യാന്‍ കൂടുതല്‍ വികസിപ്പിച്ചു. കാവല്‍ പോലീസ് എന്ന പുതിയ വ്യവസ്ഥ അദ്ദേഹം ആവിഷ്‌കരിച്ചു. നേതാക്കള്‍ക്ക് സെക്യൂരിറ്റി നല്‍കുന്ന സംവിധാനവും ഇസ്‌ലാമിക ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് മുആവിയയാണ്. അദ്ദേഹത്തിന് മുമ്പ് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളായിരുന്ന ഉമറും ഉസ്മാനും അലിയും(റ) കൊല്ലപ്പെട്ടതു കാരണമാണ് വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പെടുത്താന്‍ നിര്‍ബന്ധിതനായത്. അമവീ കാലത്ത് പോലീസ് എന്നത് ഖലീഫയുടെ ആജ്ഞകള്‍ നടപ്പിലാക്കാനുള്ള ഉപകരണമായിരുന്നു. ചില പോലീസ് മേധാവികള്‍ പ്രവിശ്യകളുടെ ഭരണാധികാരികളും ഗവര്‍ണര്‍മാരുമായി നിയമിതരാകാന്‍ മാത്രം സ്ഥാനമുള്ളവരായിരുന്നു. ഹി: 110-ല്‍ ബസ്വറയില്‍ ഗവര്‍ണറായ ഖാലിദ് ബിന്‍ അബ്ദുല്ല അതുവരെ പോലീസ് മേധാവിയായിരുന്നു. അതില്‍ കഴിവ് തെളിയിച്ചാണ് അദ്ദേഹം ഗവര്‍ണറായത്. അമവി ഭരണകൂടം പോലീസിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പോലീസില്‍ നിയമിതനാവണമെങ്കില്‍ അവര്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ നിശ്ചയിക്കുകയുണ്ടായി. അമവീ ഭരണകൂടത്തിലെ ഒരു ഗവര്‍ണറായിരുന്ന സിയാദുബ്‌നു അബീഹി പറയുന്നു: 'പോലീസ് മേധാവി ധീരനും അശ്രദ്ധയില്ലാത്തവനുമാകണം. അതുപോലെ അദ്ദേഹം പ്രായവും പക്വതയുമുള്ളവനും പരിശുദ്ധനും ആരോപണത്തിന് വിധേയനാകാത്തവനുമാകണം.' അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്ത് ഹിജാസിലെയും ഇറാഖിലെയും ഭരണാധികാരിയായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫ് അസ്സഖഫി കൂഫയിലെ പോലീസ് മേധാവിയാകാന്‍ പറ്റിയ ആളെ തെരഞ്ഞു. അദ്ദേഹം തന്റെ കൂടിയാലോചനാ സമിതിയോട് അഭിപ്രായമാരാഞ്ഞു. എങ്ങനെയുള്ള ആളെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന അവരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: 'നല്ല ക്ഷമയും ശക്തമായ സുരക്ഷാബോധവും ചതിയെ തിരിച്ചറിയാനുള്ള കഴിവും അവകാശത്തില്‍ നിന്നും സത്യത്തില്‍ നിന്നും നിസ്സാരമായതിനെപ്പോലും അവഗണിക്കാത്തവനും, ഉന്നതരുടെയും അല്ലാത്തവരുടെയും ശിപാര്‍ശ സ്വീകരിക്കാത്തവനുമാവണം അയാള്‍.' അവര്‍ പറഞ്ഞു: 'അബ്ദുറഹ്മാനുബ്‌നു ഉബൈദ് തമീമിയെ തെരെഞ്ഞെടുക്കാം'. അപ്പോള്‍ ഹജ്ജാജ് അദ്ദേഹത്തെ വിളിപ്പിച്ച് ആ സ്ഥാനത്ത് നിയോഗിച്ചു. പിന്നീട് അബ്ദുറഹ്മാന്റെ കഴിവ് മനസ്സിലാക്കിയ ഹജ്ജാജ് ബസ്വറയുടെ കൂടി ഉത്തരവാദിത്വം അദ്ദേഹത്തിന് നല്‍കി. അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ നിയമപരിപാലന വ്യവസ്ഥ നന്നായി വികസിച്ചു. ഇതിനെ കുറിച്ച് ഇബ്‌നു ഖല്‍ദൂന്‍ പറയുന്നു: 'അമവികളുടെയും അബ്ബാസികളുടെയും ഈജിപ്തിലെയും മൊറോക്കോയിലെയും ഭരണകാലത്ത് പോലീസ് എന്നത് കുറ്റകൃത്യങ്ങളെ തടയാനും അതിര്‍ത്തി സംരക്ഷണത്തിനുമായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. കോടതിവിധികളുമായി ബന്ധപ്പെട്ട് അതിന്റെ നടത്തിപ്പുകൂടി പിന്നീട് നിയമപാലകരുടെ ഉത്തരവാദിത്വമാക്കപ്പെട്ടു. കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയെന്നതും ഇവരുടെ കടമയായിരുന്നു. പ്രതിക്രിയാ നിയമങ്ങള്‍ നടപ്പിലാക്കലും ഇവരുടെ ഉത്തവാദിത്വമായിരുന്നു. കുറ്റകൃത്യങ്ങളില്‍ നിന്ന് വിമുക്തരാകാന്‍ സന്നദ്ധരാകാത്തവരെ നല്ലനടപ്പിന് ശിക്ഷിക്കുന്നതും നിയമപാലകരായിരുന്നു.' നബിയുടെയും സ്വഹാബത്തിന്റെയും കാലം മുതല്‍ പോലീസ് സേന എന്നത് ഇസ്‌ലാമിക ലോകത്ത് വളര്‍ന്നു വികസിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കലും അവക്കുള്ള ശിക്ഷകള്‍ നടപ്പാക്കലും അവരുടെ ജോലിയായിരുന്നു. അമവികളുടെ കാലമായപ്പോഴേക്കും ജയിലുകളും നിലവില്‍ വന്നു. പ്രശ്‌നങ്ങളും കലാപങ്ങളുമുണ്ടാക്കുന്നവരെയും അവരുടെ നേതാക്കളെയും അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി. സിയാദ് ബിന്‍ അബീഹി ധാരാളം കലാപകാരികളെ തടവില്‍ പാര്‍പ്പിച്ചിരുന്നതായി ഇമാം ത്വബ്‌രി അദ്ദേഹത്തിന്റെ ചരിത്ര ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബ്ബാസീ കാലഘട്ടത്തിലെ പോലീസ് വ്യവസ്ഥ അബ്ബാസീ കാലഘട്ടമായപ്പോഴേക്കും ജയിലുകളുടെ നിര്‍മാണത്തിന് ബൈത്തുല്‍ മാലില്‍ നിന്ന് പണം ചെലവഴിക്കാന്‍ തുടങ്ങി. അധര്‍മികളുടെയും അക്രമികളുടെയും തിന്മകളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ ഇത് അനിവാര്യമായിത്തീര്‍ന്നു. രാജ്യം ജയില്‍വാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തിയിരുന്നു. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ ആരോഗ്യ കാര്യങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കിയിരുന്നു. വേനല്‍കാലത്ത് അവര്‍ക്ക് പരുത്തി വസ്ത്രവും ശൈത്യകാലത്ത് രോമവസ്ത്രവും നല്‍കണമെന്ന് ഖലീഫാ ഹാറൂണ്‍ റശീദിനോട് ഖാദി അബൂ യൂസുഫ് നിര്‍ദ്ദേശിക്കുകയുണ്ടായി. അറിവും തഖ്‌വയും ഫിഖ്ഹുമുള്ളവരെയാണ് അബ്ബാസികള്‍ പോലീസ് മേധാവികളാക്കിയിരുന്നത്. ന്യായവും നീതിയും നടപ്പാക്കുന്നതില്‍ ആരെയും ഭയപ്പെടുന്നവനാകരുത് അവന്‍. ഇബ്‌നു ഫര്‍ഹൂന്‍ തന്റെ 'ഭരണാധികാരികളുടെ ഉള്‍ക്കാഴ്ച' (തബ്‌സിറത്തുല്‍ ഹുക്കാം) എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'ഇബ്രാഹീം ബിന്‍ ഹുസൈന്‍ എന്ന പോലീസ് മേധാവി കള്ളസാക്ഷി പറഞ്ഞ ഒരാളെ പിടികൂടി. കുറ്റവാളിയെ അദ്ദേഹം 40 അടി നല്‍കിയ ശേഷം മൊട്ടയടിച്ച് കരിതേച്ച് അങ്ങാടിയിലൂടെ ചുറ്റിച്ചു. ഇവന്‍ കള്ളസാക്ഷിയാണെന്ന് വിളിച്ചുപറയുകയും ചെയ്തു. ഈ പോലീസ് മേധാവി നല്ല പണ്ഡിതനും തഫ്‌സീറും ഫിഖ്ഹും അറിയുന്നയാളുമായിരുന്നു. ഇമാം മാലികിന്റെ ശിഷ്യനായിരുന്ന മുത്വ്‌റഫ് ബിന്‍ അബ്ദുല്ലയായിരുന്നു ഖലീഫ അമീനിന്റെ കാലത്ത് പോലീസ് മേധാവി.' ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുന്ന പോലീസ് മേധാവികളെ പുറത്താക്കുന്നതില്‍ ഖലീഫമാര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ശിക്ഷയില്‍ അതിര് കടക്കുകയോ, തെളിവനുസരിച്ച് ശിക്ഷ നടപ്പാക്കാതിരിക്കുകയോ ചെയ്താല്‍ അവരെ ഉടനെ പുറത്താക്കാറുണ്ടായിരുന്നു. ഖലീഫ മുഖ്തദിര്‍ ബില്ലാഹിയുടെ കാലത്ത് ബഗ്ദാദ് പോലീസ് മേധാവിയായിരുന്ന മുഹമ്മദ് ബിന്‍ യാഖൂത്തിനെ അദ്ദേഹം ഒഴിവാക്കി. അദ്ദേഹത്തിന്റെ ചീത്ത പ്രവര്‍ത്തികളും സേവനത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നില്ലെന്ന തോന്നലുമായിരുന്നു അതിന് കാരണം.(ബിദായ വന്നിഹായ, ഇബ്‌നു കസീര്‍) ഇക്കാലത്ത് പോലീസിന്റെ ചുമതല വ്യത്യസ്തവും വിവിധവുമായിരുന്നു. രാജ്യത്ത് നിര്‍ഭയത്വം നിലനിര്‍ത്തുക, കൊള്ളക്കാരെയും അധര്‍മികളെയും തടയുക, പൊതുമര്യാദകള്‍ നടപ്പിലാക്കുക എന്നിവയെല്ലാം ഇവരുടെ ചുമതലയായിരുന്നു. സ്ത്രീകളെ അഴിഞ്ഞാട്ടത്തില്‍ നിന്നും അങ്ങാടിയില്‍ ചുറ്റിനടക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നതും ഇവരായിരുന്നു. മദ്യവും മറ്റ് നിഷിദ്ധ വിഭവങ്ങളും ഉപയോഗിക്കുന്നത് വിലക്കിയിരുന്നതും അവരായിരുന്നു. പോലീസ് മേധാവികളോ മറ്റ് ഉദ്യോഗസ്ഥരോ അവരുടെ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തുന്നത് വലിയ ഗൗരവത്തിലാണ് ഖലീഫമാര്‍ കണ്ടിരുന്നത്. രാജ്യത്ത് വല്ല കളവോ കൊള്ളയോ നടന്നാല്‍ ആ ഭാഗത്തിന്റെ ചുമതലയിലുള്ള നിയമപാലകനെ അവര്‍ ശിക്ഷിക്കുമായിരുന്നു. അല്ലെങ്കില്‍ അവരില്‍ നിന്ന് പിഴ ഈടാക്കുമായിരുന്നു. അതുകൊണ്ടുതന്നെ പോലീസുദ്യോഗസ്ഥര്‍ രാത്രി റോന്ത് ചുറ്റല്‍ അവരുടെ കടമയായി കണ്ടിരുന്നു. ഇല്ലെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നതായിരുന്നു കാരണം. പോലീസ് മേധാവികള്‍ക്ക് ഉണ്ടാവേണ്ട നിബന്ധനകള്‍ നല്ല ബൂദ്ധിയും തന്ത്രവും നിപുണതയുമുള്ളവരെയായിരുന്നു പോലീസ് മേധാവി എന്ന സ്ഥാനത്തേക്ക് ഭരണാധികാരികള്‍ തെരെഞ്ഞെടുത്തിരുന്നത്. നല്ല ശക്തനും ആരോഗ്യവാനും മാത്രമായാല്‍ പോര പോലീസ് മേധാവി. മറിച്ച് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നവനാകണം. ഇബ്‌നുല്‍ ഖയ്യിം തന്റെ 'അത്തുറുഖുല്‍ ഹികമിയ്യ' എന്ന ഗ്രന്ഥത്തില്‍ അബ്ബാസി കാലത്ത് നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്. 'കളവുകേസുമായി ബന്ധപ്പെട്ട് രണ്ടാളുകള്‍ പോലീസ് മേധാവിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. ആരാണ് കുറ്റവാളിയെന്ന് തര്‍ക്കമായി. വെള്ളം നിറച്ച ഒരു മണ്‍കുടം കൊണ്ടുവരാന്‍ പോലീസ് മേധാവി കല്‍പിച്ചു. മണ്‍കുടം പോലീസ് മേധാവി നിലത്തിട്ട് പെട്ടിച്ചു. ആ സന്ദര്‍ഭത്തില്‍ രണ്ടാളുടെയും പ്രതികരണം ശ്രദ്ധിച്ചു. ഒരാള്‍ നെട്ടിയപ്പോള്‍ മറ്റൊരാള്‍ ഒരു പ്രതികരണവുമില്ലാതെ നിന്നു. ഒന്നാമനെ മേധാവി വെറുതെ വിട്ടു. രണ്ടാമനോട് പറഞ്ഞു കളവുനടത്തി പരിചയമുള്ളവന് എന്ത് സംഭവിച്ചാലും നെട്ടില്ല. എന്നാല്‍ അല്ലാത്തവന് എലി ഇളകിയാലും ഉറക്കം ഞെട്ടിയുണരും. അതുകൊണ്ടവന്‍ രാത്രി മറ്റൊരു വീട്ടില്‍ കയറി കളവ് നടത്താന്‍ ധൈര്യപ്പെടില്ല. പോലീസ് മേധാവികള്‍ക്ക് വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത പേരുകളായിരുന്നു നല്‍കപ്പെട്ടിരുന്നത്. ആഫ്രിക്കയില്‍ ഹാകിം എന്നാണ് അറിയപ്പെട്ടത്. മമാലിക്കുകളുടെ കാലത്ത് വാലി എന്നായിരുന്നു അവരെ വിളിച്ചത്. ഈജിപ്തില്‍ പോലീസ് മേധാവി ഖലീഫയുടെ നേരെ താഴെയുള്ള തസ്തികയിലായിരുന്നു. ഖലീഫ ഇല്ലാത്ത സമയത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നതും സമ്മാന വിതരണം നടത്തിയിരുന്നതും അവരായിരുന്നു. ഇവരുടെ ഓഫീസ് കൊട്ടാരത്തോട് ചേര്‍ന്നാണ് ഉണ്ടായിരുന്നത്. പോലീസ് വ്യവസ്ഥ ഇസ്‌ലാമിക സ്‌പെയിനില്‍ സ്‌പെയിനിലെ ഇസ്‌ലാമിക രാഷ്ട്രത്തില്‍ നിയമ പാലന വ്യവസ്ഥ എന്നത് വളരെ വിപുലമായിരുന്നു. പ്രധാനമായും രണ്ട് ഭാഗമായി പോലീസിനെ വിഭജിച്ചിരുന്നു. ഒന്ന്, വലിയ പോലീസ്: രാജ്യത്തെ ഭരണാധികാരികളെയും അവരുമായി ബന്ധപ്പെട്ടവരെയും വിചാരണചെയ്യലും ശിക്ഷാ വിധികള്‍ നടപ്പിലാക്കലും ഇവരുടെ ചുമതലയായിരുന്നു. സമൂഹത്തിലെ ഉന്നതര്‍ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാതിരിക്കാനാണ് ഈ വ്യവസ്ഥ സ്ഥാപിച്ചിരുന്നത്. രണ്ട്: ചെറിയ പോലീസ്: സാധാരണക്കാരെയും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെയും വിചാരണ ചെയ്യലും അവര്‍ക്കിടയില്‍ ക്രമസമാധാനം നിലനിര്‍ത്തലും അവരുടെ ചുമതലയായിരുന്നു. ചുരുക്കത്തില്‍ ഇസ്‌ലാമിക നാഗരികതയുടെ തുടക്കം മുതല്‍ തന്നെ നിയമപാലന വ്യവസ്ഥ കുറ്റമറ്റതായിരുന്നു. രാഷ്ട്രത്തിലെ വളരെ പ്രധാനപ്പെട്ട തസ്തികയായിരുന്നു പോലീസ് മേധാവിയുടേത്. എന്നാല്‍ മറ്റ് സംസ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക മര്യാദകളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക നിയമപാലന വ്യവസ്ഥ വികസിച്ചു വന്നത്. വിവ: ജുമൈല്‍ കൊടിഞ്ഞി
യഹൂദിയുടെ ചെരുപ്പും മുസ്‌ലിമിന്റെ രക്തവും by: അഹ്മദ് നഈമി
ഇസ്‌ലാമിക രാഷ്ട്രത്തിന് കീഴില്‍ യഹൂദരും ക്രൈസ്തവരും നിര്‍ഭയമായി വര്‍ഷങ്ങളോളം ജീവിച്ചു. അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ, അന്യായമായി മര്‍ദ്ദിക്കപ്പെടുകയോ ഉണ്ടായില്ല. ഒരു മുസ്‌ലിമിനാല്‍ കളവാരോപിക്കപ്പെട്ട യഹൂദിയെ നിരപരാധിയായി പ്രഖ്യാപിച്ച് വിശുദ്ധ ഖുര്‍ആനില്‍ പത്തോളം ആയത്തുകളാണ് അവതരിച്ചത്. ഇസ്‌ലാമിക രാഷ്ട്രത്തിലെ ഖലീഫ അലി(റ)യും യഹൂദിയും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ഇസ്‌ലാമിക കോടതി വിധിപറഞ്ഞത് യഹൂദിക്ക് അനുകൂലമായിരുന്നു. ഇത് കണ്ട് ആശ്ചര്യഭരിതനായ യഹൂദി ഇസ്‌ലാമാശ്ലേഷിച്ചുവെന്നത് തുടര്‍ചരിത്രം. അന്‍ദലുസിലെ ക്രൈസ്തവ ഭരണകൂടത്തിന്റെ പീഢനങ്ങള്‍ സഹിക്കാതെ അലഞ്ഞ് നടന്ന യഹൂദര്‍ക്ക് അഭയം നല്‍കിയത് ഇസ്‌ലാമിക ഖിലാഫത്തിന്റെ നേതൃത്വത്തിലുള്ള ഉസ്മാനീ രാഷ്ട്രമായിരുന്നു. അന്യായമായി ആരും വധിക്കപ്പെടരുതെന്നതാണ് നമ്മുടെ നയം. അഫ്ഗാനിസ്താനിലും, ചെച്‌നിയയിലും, ഇറാഖിലും, സിറിയയിലും നടന്ന് കൊണ്ടിരിക്കുന്ന നരമേധത്തെ നാം ശക്തമായി അപലപിക്കുന്നു. മുസ്‌ലിമിന്റെ രക്തം എല്ലായിടത്തും ഒഴുക്കപ്പെടുന്നു. സിറിയയില്‍ നടന്ന് കൊണ്ടിരിക്കുന്നത് പൂര്‍ണാര്‍ത്ഥത്തില്‍ വംശഹത്യയാണ്. മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ കുന്ന്കൂടുമ്പോഴും തന്റേടത്തോടെ അതിനെതിരെ പ്രതിഷേധിക്കാന്‍ ഒരാള്‍ പോലുമില്ല. യു എന്‍ രക്ഷാസമിതി പോലും അക്രമികളെ പിന്താങ്ങുന്ന മുരട്ട്‌നയമാണ് സ്വീകരിച്ച് വരുന്നത്. ബശ്ശാറിന്‍ തന്റെ തോന്നിവാസങ്ങളില്‍ നിന്ന് വിരമിക്കാന്‍ രണ്ട് മണിക്കൂര്‍ സാവകാശം നല്‍കിയ അവര്‍ പിന്നീട് അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുകയാണ് ചെയ്തത്! എന്നാല്‍ ഫ്രാന്‍സില്‍ ഏതാനും യഹൂദികള്‍ കൊല്ലപ്പെട്ടപ്പോള്‍ ലോകം ഒന്നൊടങ്കം എഴുന്നേറ്റ് നിന്നു. അവരിതുവരെ ഇരുന്നിട്ടില്ല. സിറിയയില്‍ ദിനേനെ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുന്നതിന് നേരെ നിസ്സംഗത പുലര്‍ത്തുന്ന അവര്‍ക്ക് ഇവിടെ നിശ്ശബ്ദരാവാന്‍ സാധിച്ചില്ല. കാപട്യത്തിന്റെ എത്ര വികൃതമായ മുഖമാണിത്! അമേരിക്കക്കാര്‍ വരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. അവര്‍ക്ക് എന്ത് അര്‍ഹതയാണ് അതിനുള്ളത്? ദിവസങ്ങള്‍ക്ക് മുമ്പല്ലെ അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം പത്തിലധികം സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി അവരുടെ സൈന്യം വധിച്ചത്? അമേരിക്കയുടെ ചരിത്രം തന്നെ കെട്ടിപ്പടുത്തത് അന്യയമായ കൊലയും കൊള്ളയും നടത്തിയല്ലേ? അവരാണത്രെ ഫ്രാന്‍സില്‍ നടന്നതിനെ അപലപിക്കുന്നത്! അഫ്ഗാനിലും ചെച്‌നിയയിലും, ഇറാഖിലും സോമാലിയയിലും, ഫിലസ്തീനിലും പടിഞ്ഞാറ് ചെയ്ത അന്യായങ്ങള്‍ അവര്‍ മറന്ന് പോയോ? ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കൊല്ലപ്പെടുന്ന മുസ്‌ലിംകള്‍ മനുഷ്യരല്ലേ? ബശ്ശാറുല്‍ അസദ് വര്‍ഷങ്ങളായി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടി കരയാനാളില്ലാത്തത് എന്ത് കൊണ്ടാണ്? ഇവയെല്ലാം കണ്ടിട്ടും കേട്ടിട്ടും നിസ്സംഗരായി ഇരിക്കുന്ന നിങ്ങള്‍ക്ക് ഹൃദയമില്ലേ? യഹൂദിയുടെ ചെരുപ്പ് നഷ്ടപ്പെട്ടാല്‍ അതിന് വേണ്ടി മുറവിളികൂട്ടുന്ന നിങ്ങള്‍ക്ക് ആയിരങ്ങളുടെ ജീവന്‍ ഒരു പ്രശ്‌നമേയല്ല! എന്ത് കൊണ്ട് നാം നിന്ദ്യരായി എന്നറിയാമോ? കാരണം നാം സ്വതന്ത്രരാവണമെന്ന് നാം പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒന്നുകില്‍ സ്‌നേഹിതനെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി ജീവിക്കുക, അല്ലെങ്കില്‍ ശത്രുക്കളെ അരിശം കൊള്ളിക്കുന്ന വിധത്തില്‍ മരണമേറ്റ് വാങ്ങുക. വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി
ഒരു മുസ്‌ലിം ചെറുപ്പക്കാരന്റെ പേടിസ്വപ്നങ്ങള്‍ by: ബഷീര്‍ തൃപ്പനച്ചി
ബാംഗ്ലൂര്‍ മുസ്‌ലിം ചെറുപ്പക്കാരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ എഴുതിയ കുറിപ്പാണ്. രണ്ട് ദിവസങ്ങളായി അറിയാതെ ചില നേരങ്ങളില്‍ ഭയമെന്നെ തേടിയെത്തുന്നു. രാത്രി തിരിഞ്ഞും മറിഞ്ഞുമുള്ള കിടത്തത്തില്‍ ദുഃസ്വപ്നങ്ങള്‍ ഉറക്കത്തെ മറ്റൊരു സ്വപ്നമാക്കിത്തീര്‍ക്കുന്നു. ബാംഗ്ലൂരില്‍ നിന്നും പിടികൂടിയ തീവ്രവാദികളുടെ റൂമുകളില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലും ജിഹാദിനെക്കുറിച്ചുള്ള പുസ്തകവും സഊദിയിലേക്ക് ഫോണ്‍ വിളിച്ചതിന്റെ രേഖകളുമാണ് ഉന്നത പോലീസ് സംഘം തൊണ്ടിയായി പിടിച്ചത് എന്നറിഞ്ഞത് മുതലാണ് എന്റെ ഉറക്കം നഷ്ടപ്പെട്ടത്. ഇപ്പറഞ്ഞതെല്ലാം എന്റെ അടുത്തുമുണ്ടല്ലേ എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ് ഭീതിയായി എന്റെ മനസ്സില്‍ അരിച്ചിറങ്ങുന്നത്. എന്റെ ലാപ്‌ടോപ്പില്‍ മലയാള സിനിമാപ്പാട്ടുകളുടെ വിപുലമായ ശേഖരണത്തോടൊപ്പം ഇസ്‌ലാമിക പ്രഭാഷണങ്ങളുമുണ്ട്. സമദാനിയും മഅ്ദനിയും വരെ അതില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്റെ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള ഫോട്ടോ ശേഖരണത്തില്‍ കാശ്മീര്‍ സുഹൃത്തിനൊപ്പവും ഉത്തരേന്ത്യന്‍ മുസ്‌ലിം സഹോദരങ്ങളുടെ കൂടെയുള്ളതുമെല്ലാമുണ്ട്. ലോക പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഖറദാവിയുടെ കൂടെയും തുനീഷ്യന്‍ ഇസ്‌ലാമിക ദാര്‍ശനികന്‍ ശൈഖ് റാശിദുല്‍ ഗനൂഷിയുടെ കൂടെയുമുള്ള നിമിഷങ്ങളും വിലപ്പെട്ട ചിത്രങ്ങളായി ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷയിലുള്ള എന്റെ വീട്ടിലെ ഗ്രന്ഥശേഖരണത്തില്‍ ജിഹാദിനെക്കുറിച്ചുള്ള അഞ്ചു പുസ്തകങ്ങളുണ്ട്. മൗദൂദിയുടേത് മുതല്‍ വാണിദാസ് എളയാവൂരിന്റെത് വരെ. മര്‍കസുല്‍ ബിശാറയുടെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ലഘുലേഖകളോടൊപ്പം മുസ്‌ലിം സംഘടനകള്‍ പ്രസിദ്ധീകരിച്ച ഇസ്‌ലാമിനെ വിലയിരുത്തുന്ന ലഘുലേഖകളും അതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും ബെന്യാമിന്റെ ആടുജീവിതവും ഗീലാനിയുടെ നരകത്തില്‍ നിന്നൊരാളുമാണ് ഗ്രന്ഥശേഖരണത്തിലെ ഏറ്റവും പുതിയ അതിഥികള്‍. ഞാനിതെല്ലാം തുറന്നെഴുതുന്നത് ഉള്ളിലെ എന്റെ പേടി പങ്കുവെക്കാനാണ്. നാളെ അവരെന്റെ വീട് റെയ്ഡ് ചെയ്താല്‍ നാനാജാതി കൂട്ടുകാരോടൊപ്പമുള്ള എന്റെ ഫോട്ടോകളെ കുറിച്ചും എന്റെ ശേഖരണത്തിലെ മലയാള നോവലുകളെക്കുറിച്ചും ക്രിസ്തുമത ഗ്രന്ഥങ്ങളെക്കുറിച്ചും നിങ്ങളറിയാനിടയില്ല. എന്റെ കാശ്മീര്‍ സുഹൃത്തിന്റെ കൂടെയുള്ള ഫോട്ടോയും ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളും പത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണാനാവസരവും ഉണ്ടാകും. ഇതുവരെ ഒരു വിദേശ നാടും സന്ദര്‍ശിക്കാത്ത ഞാന്‍ ശൈഖ് ഖറദാവിയെയും റാശിദുല്‍ ഗനൂശിയെയും ചെന്നു കണ്ടതിന്റെ വിവരണങ്ങള്‍ ചൂടോടെ ചാനല്‍ അവതാരകരും പത്രക്കാരും നിങ്ങളുടെ മുമ്പില്‍ എത്തിക്കും. പശ്ചാത്തല രംഗമായി അവരുടെ കൂടെയുള്ള എന്റെ ഫോട്ടോകളുമുണ്ടാകും. അവര്‍ കേരളത്തില്‍ വന്നപ്പോള്‍ എന്റെ കലാലയത്തില്‍ നടന്ന പരിപാടികളിലാണ് ഈ ഫോട്ടോകള്‍ പിറന്നതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ ഒരു സാഹസിക പത്രപ്രവര്‍ത്തകനും തയാറാവില്ല. രണ്ട് പണ്ഡിതരെയും കുറിച്ച് ഇതുവരെ കേള്‍ക്കുക പോലും ചെയ്തിട്ടില്ലാത്ത എന്റെ നാട്ടുകാരടക്കമുള്ള സാധാരണ ജനം അന്താരാഷ്ട്ര ഭീകരവാദ നേതാക്കളുമായുള്ള എന്റെ അടുത്ത ബന്ധം കണ്ട് മൂക്കത്ത് വിരല്‍ വെക്കും. ഇപ്പോഴും ഞാനേറെ ബന്ധം കാത്തു സൂക്ഷിക്കുന്ന എന്റെ ബാല്യകാല സുഹൃത്തുക്കളായ ഹരിദാസനും അപ്പുവും ശരതും ബിന്ദുവും ചിത്രയുമെല്ലാം ഇന്നലെ വരെ അവരോടൊപ്പം ഞാന്‍ ഓണവും വിഷുവും ആഘോഷിച്ചതിന്റെ അനുഭവങ്ങള്‍ മറക്കും. വാര്‍ത്താ ന്യൂസിലെ തീവ്രവാദ കഥകള്‍ക്ക് ന്യായം കണ്ടെത്താന്‍ അവരുടെ മനസ്സും വെമ്പും. അങ്ങനെയവര്‍ നമസ്‌കാരത്തിന് വേണ്ടിയുള്ള എന്റെ ധൃതിപിടിച്ച് മസ്ജിദിലേക്കുള്ള ഓട്ടത്തെ കുറിച്ച് മാത്രം സ്മരിക്കും. ഞങ്ങള്‍ ഒരുമിച്ച് പോയി കണ്ട സിനിമകള്‍, വിനോദയാത്രകള്‍ എല്ലാമെല്ലാം അവരില്‍ നിന്ന്എന്നെന്നേക്കുമായി മാഞ്ഞുപോകും. പകരം എന്റെ വിവാഹ നാളില്‍ തൊപ്പിയും താടിയും ജുബ്ബയും ധരിച്ച ഉത്തരേന്ത്യക്കാര്‍ പങ്കെടുത്തത് അവര്‍ പ്രത്യേകം ഓര്‍ത്തെടുക്കും. അവരില്‍ ചിലര്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുമ്പില്‍ അത് തുറന്നു പറഞ്ഞേക്കാം. അങ്ങനെ അവര്‍ വീണ്ടുമെന്റെ വീട് റെയ്ഡ് ചെയ്യും. എന്റെ വിവാഹ ആല്‍ബം കണ്ടെടുക്കും. അതില്‍ എന്റെ ഭാര്യ വീട്ടിലേക്ക് വരുമ്പോള്‍ അവളുടെ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ച എന്റെ അയല്‍വാസിയായ ചേച്ചിയുടെയും മക്കളുടെയും ഫോട്ടോയവര്‍ വെട്ടിമാറ്റാം. പിന്നെ തൊപ്പിയിട്ട ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുടെ കൂടെ ഞാന്‍ ചിരിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമെടുത്ത് പത്രക്കാര്‍ക്ക് നല്‍കും. അതോടെ അവസാന തെളിവും പുറത്തുവന്നതിന്റെ സമാധാനത്താല്‍ നാട്ടുകാര്‍ സ്വസ്ഥമായി എന്റെ അക്കൗണ്ട് ക്ലോസ് ചെയ്യും. നിങ്ങളെല്ലാം എന്നെയെത്ര തള്ളിപ്പറഞ്ഞാലും എന്നെയറിയുന്ന സ്‌നേഹത്തിന്റെ ഭാഷ മാത്രമറിയുന്ന എന്റെ മാതാവും എന്നെ തള്ളിപ്പറയുമോ? എന്റെ ആണും പെണ്ണുമായ ഹിന്ദുവും ക്രിസ്ത്യനുമായ സുഹൃത്തുക്കളെ, ഇതെന്റെ വെറും സ്വപ്നഭാവനകള്‍ മാത്രമാണോ? അതോ ഇന്നലെയെന്റെ സുഹൃത്തുക്കള്‍ക്ക് സംഭവിച്ചത്‌പോലെ നാളെ എന്നെയും കാത്തിരിക്കുന്ന യാഥാര്‍ഥ്യമാണോ? നിങ്ങള്‍ തന്നെ പറയൂ. കാരണം അങ്ങനെയൊന്ന് സംഭവിച്ചാല്‍ എന്നെ വെളിപ്പെടുത്തേണ്ട ബാധ്യത നിങ്ങളുടേതാണല്ലോ. സബ് എഡിറ്റര്‍, പ്രബോധനം ഫോണ്‍: 9497348196
മുസ്‌ലിമല്ലാത്തവരുടെ പള്ളിപ്രവേശനം by: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
ഞങ്ങളുടെ നാട്ടിലെ പള്ളിയില്‍ വെച്ച് നടന്ന സൗഹൃദ ഇഫ്താറില്‍ വ്യത്യസ്ത മതവിഭാഗത്തിലുള്ള പ്രമുഖര്‍ പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ബഹുദൈവാരാധകര്‍ 'നജസ്' ആണെന്നും അവരെ പള്ളിയില്‍ പ്രവേശിപ്പിച്ചത് മഹാ അപരാധമാണെന്നും ഒരു സുഹൃത്ത് വിമര്‍ശിക്കുകയുണ്ടായി. ഈ വിഷയത്തിലെ ഇസ്‌ലാമിക വിധി പ്രമാണ സഹിതം പ്രതീക്ഷിക്കുന്നു. -ഉമര്‍ വെങ്ങന്നൂര്‍- ലോക മുസലിംകളുടെ കേന്ദ്രമായ പരിശുദ്ധ ഹറമില്‍ മറ്റുള്ളവര്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. 'വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനു ശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്.' (അത്തൗബ 28) എന്നാല്‍ ഇതില്‍ നിന്നും ഭിന്നമാണ് മറ്റ് പള്ളികളുടെ കാര്യം. ഉപദേശങ്ങള്‍ കേള്‍ക്കുക, ചര്‍ച്ചകള്‍ നടത്തുക, ആദര്‍ശങ്ങളും വിശ്വാസങ്ങളും പരസ്പരം പരിചയപ്പെടുത്തുക, ജോലി ചെയ്യുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിമല്ലാത്തവര്‍ക്കും മറ്റ് പള്ളികളില്‍ പ്രവേശിക്കാവുന്നതാണ്. സഖീഫില്‍ നിന്നും വന്ന സംഘത്തെ പ്രവാചകന്‍(സ) സ്വീകരിച്ചതും, നജ്‌റാനില്‍ നിന്ന് വന്ന ക്രൈസ്തവ സംഘത്തിന് ആതിഥ്യമരുളിയതും പള്ളിയില്‍ വെച്ചായിരുന്നു. പ്രവാചകന്‍ തിരുമേനി(സ)യുടെ പള്ളിയില്‍ യുദ്ധത്തില്‍ പിടികൂടിയവരെ ബന്ദിയാക്കാറുണ്ടായിരുന്നു. ഇപ്രകാരം തടവിലാക്കപ്പെടുകയും പിന്നീട് വിട്ടയക്കപ്പെട്ടതിന് ശേഷം ഇസലാമാശ്ലേഷിക്കുകയും ചെയ്ത സുമാമ ബിന്‍ ഉസാലി(റ)ന്റെ ചരിത്രം വളരെ സുപ്രസിദ്ധവുമാണ്. മുസ്‌ലിമല്ലാത്തവരെ പള്ളികളില്‍ നിന്നും വിലക്കുന്ന പ്രമാണമില്ലെന്ന് മാത്രമല്ല അതിന് വിപരീതമായ ധാരാളം സംഭവങ്ങള്‍ മേല്‍സൂചിപ്പിച്ച പോലെ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ശാഫിഈ മദ്ഹബിന്റെ പ്രബലമായ അഭിപ്രായവും ഇത് തന്നെയായിരുന്നു. താങ്കള്‍ സൂചിപ്പിച്ചത് പോലെ വിമര്‍ശിക്കപ്പെടാനോ, നിരൂപിക്കപ്പെടാനോ മാത്രമുള്ള അപരാധമായി ഇതിനെ പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടില്ല. പ്രത്യേകിച്ചും പ്രബോധനമുദ്ദേശിച്ച് കൊണ്ട് നടത്തപ്പെടുന്ന ഇഫ്താര്‍ വേളകളില്‍ അത്തരം സംവിധാനങ്ങള്‍ തികച്ചും ന്യായമാണ്.
സുദര്‍ശനനും പെരുന്നാള്‍ നമസ്‌കാരത്തിന്! by: പര്‍വേസ് റഹ്മാനി in: Columns | 08. Sep, 2012
ഇത്തവണത്തെ ഈദുല്‍ ഫിത്വ്ര്‍ ആഘോഷവേളയില്‍ കൗതുകകരമായ ഒരു സംഭവമുണ്ടായി. പെരുന്നാള്‍ ദിവസം രാവിലെ ഭോപ്പാലിലെ ആര്‍. എസ്. എസ് ആസ്ഥാന മന്ദിരത്തില്‍ കഴിയുന്ന സംഘടനയുടെ മുന്‍ അഖിലേന്ത്യാ അധ്യക്ഷന്‍ കെ.എസ് സുദര്‍ശനന്‍ തന്റെ വസതിക്ക് കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് തനിക്കിപ്പോള്‍ തന്നെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഭോപ്പാലിലെ താജുല്‍ ഹുദാ പള്ളിയിലേക്ക് പോകണമെന്ന് പറഞ്ഞു. സെക്യൂരിറ്റിക്കാര്‍ ആകെ അങ്കലാപ്പിലായി. അവര്‍ ഉടനെ പോലീസിനെ വിവരമറിയിച്ചു. താജുല്‍ മസ്ജിദിലേക്കുള്ള വഴി അപ്പാടെ ട്രാഫിക് ബ്ലോക്കാണെന്നും ഈദ് നമസ്‌കാരം രാവിലെത്തന്നെ കഴിഞ്ഞുപോയെന്നും പോലീസ് അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ താജ് മസ്ജിദിന് പുറത്ത് ഈദ് സന്ദേശം കൈമാറുകയായിരുന്ന നഗര വികസന മന്ത്രി ബാബുലാല്‍ ഗൗറിനെ വിളിച്ചു വരുത്തേണ്ടിവന്നു. ഈദ് നമസ്‌കാരമെല്ലാം കഴിഞ്ഞുപോയെന്ന് അദ്ദേഹവും സുദര്‍ശനെ അറിയിച്ചു. പിന്നീട് ബാബുലാല്‍ അദ്ദേഹത്തെ തന്റെയൊരു മുസ്‌ലിം സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോവുകയും അവിടെ വെച്ച് സുദര്‍ശന്‍ ഈദ് സന്ദേശം കൈമാറുകയും അവര്‍ നല്‍കിയ പാലും പഞ്ചസാരയും ചേര്‍ത്ത സിവയ്യാന്‍ ആസ്വദിച്ച് കഴിക്കുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസ് (ആഗസ്റ്റ് 21) 'ഈദ് ആശംസ' എന്നു തന്നെയാണ് പ്രയോഗിച്ചിട്ടുള്ളത്. മറ്റു പത്രങ്ങള്‍ ഈദ് നമസ്‌കാരം എന്നും. പക്ഷേ എല്ലാ റിപ്പോര്‍ട്ടുകളിലും വന്ന പൊതുവായ സംഗതി സുദര്‍ശനന്‍ താജുല്‍ മസ്ജിദില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നു എന്നതാണ്. സ്വാഭാവികമായും നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചോദ്യം ഇതാണ്: ഒരു മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവിന്റെ മനസ്സില്‍ എന്തുകൊണ്ടാണ് പള്ളിയില്‍ പോയി നമസ്‌കരിക്കണമെന്ന തോന്നലുണ്ടായത്? ഇനി പെരുന്നാള്‍ സന്ദേശം നല്‍കുക മാത്രമാണ് ഉദ്ദശ്യമെങ്കിലും അതിനും ഒരര്‍ഥവും പ്രാധാന്യവും ഒക്കെയുണ്ട്. കാരണം, മുമ്പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ലല്ലോ. സാദാ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലും അങ്ങനെ ചെയ്യാറില്ല. പിന്നെ എങ്ങനെ അതിന്റെ നേതാക്കള്‍ ചെയ്യും? പ്രായാധിക്യം കാരണം അദ്ദേഹത്തെ മറവി രോഗം ബാധിച്ചിട്ടുണ്ടെന്നും മനോനില തകരാറിലായിട്ടുണ്ടെന്നും അതിന്റെയൊക്കെ ഫലമാണ് ഇത്തരം പെരുമാറ്റങ്ങളെന്നും കരുതുന്നവരാണ് കൂടുതലും. മറ്റു ചില രോഗങ്ങളും അദ്ദേഹത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരിക്കല്‍ രാവിലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ കാണാതാവുകയുണ്ടായി. മണിക്കുറുകള്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തെ കണ്ടെത്താനായത്. എണ്‍പത് കഴിഞ്ഞ ഒരാള്‍ക്ക് ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, സംഭവത്തിന് അസാധാരണമായ ചില മാനങ്ങളുണ്ടെന്നാണ് ഈ കുറിപ്പുകാരന് തോന്നുന്നത്. മനഃശാസ്ത്രവും മനസ്സിന്റെ ചാഞ്ചാട്ടങ്ങളും പഠന വിധേയമാക്കുന്നവര്‍ക്ക് ഇതില്‍ ചിലതെല്ലാം പഠിക്കാനുണ്ട്. സുദര്‍ശനന്‍ ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന സമുന്നത നേതാവാണ്. നല്ല വിദ്യാസമ്പന്നനാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളും അധ്യാപനങ്ങളും അദ്ദേഹം പഠിച്ചിരിക്കാന്‍ ഇടയുണ്ട്. സുദര്‍ശനടക്കമുള്ള നിരവധി ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ ഇസ്‌ലാമിക സാഹിത്യങ്ങള്‍ നല്‍കാറുണ്ടായിരുന്നു. 1975-ലെ അടിയന്തരാവസ്ഥ കാലത്ത്് ആ സംഘടനയുടെ നേതാക്കളുമായി ജയിലില്‍ വെച്ച് ആശയ വിനിമയം നടത്താനും ജമാഅത്ത്് നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. സുദര്‍ശനന്‍ ആര്‍.എസ്.എസ് അധ്യക്ഷനായിരിക്കെ മുസ്‌ലിം നേതാക്കളുമായും പണ്ഡിതരുമായും ഒരു സംവാദവും സംഘടിപ്പിച്ചിരുന്നു. ഈ ആവശ്യാര്‍ഥം അദ്ദേഹം ഒരിക്കല്‍ ദല്‍ഹിയിലെ ജംഇയത്തുല്‍ ഉലമ ആസ്ഥാനവും സന്ദര്‍ശിച്ചിരുന്നു. ഒരു പക്ഷേ ഈ പഠനങ്ങളും സംവാദങ്ങളും ചര്‍ചകളും അദ്ദേഹത്തിന്റെ അബോധമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. വേണമെങ്കില്‍ അങ്ങനെയും നമുക്ക് അനുമാനിക്കാമല്ലോ. ജീവിതം അതിന്റെ അന്ത്യത്തോടടുക്കുന്നു എന്ന തോന്നലുണ്ടാവുമ്പോള്‍ മിക്കയാളുകളും ജീവിതത്തെക്കുറിച്ച് മുമ്പത്തേക്കാള്‍ സ്വതന്ത്രമായും മുന്‍ധാരണകളില്ലാതെയും ചിന്തിച്ചു തുടങ്ങും. സര്‍വശക്തനായ തമ്പുരാന്‍ ആര്‍ക്ക്, എപ്പോള്‍, എങ്ങനെ സത്യപ്രകാശം കാണിച്ചുകൊടുക്കും എന്ന് നമുക്ക് പറയാനാവില്ലല്ലോ. (ദഅ്‌വത്ത് ത്രൈദിനം 2012 ആഗസ്റ്റ് 29)
quran മരണാനന്തരജീവിതത്തിലെ വിചാരണയുടെയും വിധിയുടെയും അദ്ധ്യായം 1.അല്‍ഫാതിഹ-(الفاتحة) 2.അല്‍ബഖറ-(البقرة) 3.ആലുഇംറാന്‍-(آل عمران) 4.അന്നിസാഅ്-(النساء) 5.അല്‍മാഇദ-(المائدة) 6.അല്‍അന്‍ആം-(الأنعام) 7.അല്‍അഅ്റാഫ്-(الأعراف) 8.അല്‍അന്‍ഫാല്‍-(الأنفال) 9.അത്തൌബ-(التوبة) 10.യൂനുസ്-(يونس) 11.ഹൂദ്-(هود) 12.യൂസുഫ്-(يوسف) 13.അര്‍റഅ്ദ്-(الرعد) 14.ഇബ്റാഹീം-(ابراهيم) 15.അല്‍ഹിജ്ര്‍-(الحجر) 16.അന്നഹ് ല്‍-(النحل) 17.അല്‍ഇസ്റാഅ്-(الإسراء) 18.അല്‍കഹ്ഫ്-(الكهف) 19.മര്‍യം-(مريم) 20.ത്വാഹാ-(طه) 21.അല്‍അമ്പിയാഅ്-(الأنبياء) 22.അല്‍ഹജ്ജ്-(الحج) 23.അല്‍മുഅ്മിനൂന്‍-(المؤمنون) 24.അന്നൂര്‍-(النور) 25.അല്‍ഫുര്‍ഖാന്‍-(الفرقان) 26.അശ്ശുഅറാഅ്-(الشعراء) 27.അന്നംല്-(النمل) 28.അല്‍ഖസ്വസ്വ്-(القصص) 29.അല്‍അന്‍കബൂത്ത്-(العنكبوت) 30.അര്‍റൂം-(الروم) 31.ലുഖ്മാന്‍-(لقمان) 32.അസ്സജദ-(السجدة) 33.അല്‍അഹ്സാബ്-(الأحزاب) 34.സബഅ്-(سبإ) 35.ഫാത്വിര്‍-(فاطر) 36.യാസീന്‍-(يس) 37.അസ്സ്വാഫാത്ത്-(الصافات) 38.സ്വാദ്-(ص) 39.അസ്സുമര്‍-(الزمر) 40.ഗാഫിര്‍-(غافر) 41.ഫുസ്സ്വിലത്ത്-(فصلت) 42.അശ്ശൂറാ-(الشورى) 43.അസ്സുഖ്റുഫ്-(الزخرف) 44.അദ്ദുഖാന്‍-(الدخان) 45.അല്‍ജാസിയ-(الجاثية) 46.അല്‍അഹ്ഖാഫ്-(الأحقاف) 47.മുഹമ്മദ്-(محمد) 48.അല്‍ഫത്ഹ്-(الفتح) 49.അല്‍ഹുജുറാത്ത്-(الحجرات) 50.ഖാഫ്-(ق) 51.അദ്ദാരിയാത്ത്-(الذاريات) 52.അത്തൂര്‍-(الطور) 53.അന്നജ്മ്-(النجم) 54.അല്‍ഖമര്‍-(القمر) 55.അര്‍റഹ് മാന്‍-(الرحمن) 56.അല്‍വാഖിഅ-(الواقعة) 57.അല്‍ഹദീദ്-(الحديد) 58.അല്‍മുജാദില-(المجادلة) 59.അല്‍ഹശ്ര്‍-(الحشر) 60.അല്‍മുംതഹിന-(الممتحنة) 61.അസ്സ്വഫ്ഫ്-(الصف) 62.അല്‍ജുമുഅ-(الجمعة) 63.അല്‍മുനാഫിഖൂന്‍-(المنافقون)​ 64.അത്തഗാബുന്‍-(التغابن) 65.അത്ത്വലാഖ്-(الطلاق) 66.അത്തഹ് രീം-(التحريم) 67.അല്‍മുല്‍ക്ക്-(الملك) 68.അല്‍ഖലം-(القلم) 69.അല്‍ഹാഖ-(الحاقة) 70.അല്‍മആരിജ്-(المعارج) 71.നൂഹ്-(نوح) 72.അല്‍ജിന്ന്-(الجن) 73.അല്‍മുസ്സമ്മില്‍-(المزمل) 74.അല്‍മുദ്ദസിര്‍-(المدثر) 75.അല്‍ഖിയാമ-(القيامة) 76.അല്‍ഇന്‍സാന്‍-(الانسان) 77.അല്‍മുര്‍സലാത്ത്-(المرسلات)​ 78.അന്നബഅ്-(النبإ) 79.അന്നാസിആത്ത്-(النازعات) 80.അബസ-(عبس) 81.അത്തക് വീര്‍-(التكوير) 82.അല്‍ഇന്‍ഫിത്വാര്‍-(الإنفطار​) 83.അല്‍മുത്വഫ്ഫിഫീന്‍-(المطففي​ن) 84.അല്‍ഇന്‍ശിഖാഖ്-(الإنشقاق) 85.അല്‍ബുറൂജ്-(البروج) 86.അത്ത്വാരിഖ്-(الطارق) 87.അല്‍അഅ്ലാ-(الأعلى) 88.അല്‍ഗാശിയ-(الغاشية) 89.അല്‍ഫജ്ര്‍-(الفجر) 90.അല്‍ബലദ്-(البلد) 91.അശ്ശംസ്-(الشمس) 92.അല്ലൈല്‍-(الليل) 93.അള്ളുഹാ-(الضحى) 94.അശ്ശര്‍ഹ്-(الشرح) 95.അത്തീന്‍-(التين) 96.അല്‍അലഖ്-(العلق) 97.അല്‍ഖദ്ര്‍-(القدر) 98.അല്‍ബയ്യിന-(البينة) 99.അസ്സല്‍സല-(الزلزلة) 100.അല്‍ആദിയാത്ത്-(العاديات) 101.അല്‍ഖാരിഅ-(القارعة) 102.അത്തകാസുര്‍-(التكاثر) 103.അല്‍അസ് ര്-(العصر) 104.അല്‍ഹുമസ-(الهمزة) 105.അല്‍ഫീല്‍-(الفيل) 106.ഖുറൈശ്-(قريش) 107.അല്‍മാഊന്‍-(الماعون) 108.അല്‍കൌ സര്‍-(الكوثر) 109.അല്‍കാഫിറൂന്‍-(الكافرون) 110.അന്നസ്വ് ര്‍-(النصر) 111.അല്‍മസദ്-(المسد) 112.അല്‍ഇഖ് ലാസ്വ്-(الإخلاص) 113.അല്‍ഫലഖ്-(الفلق) 114.അന്നാസ്-(الناس)
മുജാഹിദ് പ്രസ്ഥാനത്തെ സ്ഥാപിത താല്‍പര്യക്കാര്‍ ഹൈജാക്ക് ചെയ്യുന്നു -സക്കരിയ സ്വലാഹി
മഞ്ചേരി: മുജാഹിദ് പ്രസ്ഥാനത്തെ ചില വ്യക്തികള്‍ സ്ഥാപനവത്കരിച്ച് ഉദ്ദിഷ്ട കാര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്തായ ഡോ. കെ.കെ. സക്കരിയ സ്വലാഹി പറഞ്ഞു. മഞ്ചേരി വി.പി ഹാളില്‍ കെ.എന്‍.എം ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കില്ലാത്ത വാദങ്ങള്‍ തന്‍െറ പേരില്‍ കെട്ടിവെച്ച് ഒരു വിശദീകരണവും ചോദിക്കാതെയും താന്‍ നല്‍കിയ വിശദീകരണം ചര്‍ച്ചക്കുപോലും എടുക്കാതെയുമായിരുന്നു നടപടി. മുജാഹിദ് നേതാവ് അബ്ദുറഹ്മാന്‍ സലഫിയുടെ നേതൃത്വത്തിലെ സംഘമാണ് ആസൂത്രിത നടപടികള്‍ക്ക് പിന്നിലെന്നും സക്കരിയ സ്വലാഹി ആരോപിച്ചു. മുജാഹിദ് പ്രസ്ഥാനം സംഘടനാ മുഷ്കില്‍ ആളുകളെ വരിഞ്ഞുമുറുക്കുകയാണ്. എ.പി. അബ്ദുല്‍ഖാദര്‍ മൗലവിയുടെയും ടി.പി. അബ്ദുല്ലക്കോയ മദനിയുടെയും കസേരകള്‍ ഭദ്രമാക്കുന്നതിന് താന്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. മുജാഹിദ് ആദര്‍ശ വിശദീകരണം എന്ന് പറഞ്ഞാല്‍ ചേരി തിരിവുണ്ടാക്കുക എന്നതാണിപ്പോള്‍ അര്‍ഥം. മുജാഹിദ് നേതാക്കളാരെങ്കിലും ഗള്‍ഫില്‍ പോയാല്‍ അവിടെ പിന്നെ സംഘടന ഭിന്നിച്ചു എന്നുറപ്പാണ്. ജിന്നും സിഹ്റും ശൈത്താനുമടക്കമുള്ള കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യേണ്ടെന്നും ആളുകളുടെ ബുദ്ധിക്കനുസരിച്ചുള്ളത് മാത്രം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു സംഘടന ആദ്യം നല്‍കിയ നിര്‍ദേശം. എന്നാല്‍, ഇപ്പോള്‍ സംഘടന ഇതുമാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. സംഘടനയെ ഒരു കോക്കസ് ഹൈജാക്ക് ചെയ്യുകയാണ്. മുജാഹിദ് സംഘടനയില്‍നിന്നേ പുറത്താക്കാന്‍ കഴിയൂ. എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് സംസ്ഥാന കൗണ്‍സിലിലെ പലര്‍ക്കും ഇപ്പോഴുമറിയില്ല -അദ്ദേഹം പറഞ്ഞു. വൈകുന്നേരം നാലിന് ആരംഭിച്ച സമ്മേളനം അബ്ദുബ്നു മസ്ഊദ് ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ജില്ലക്കകത്തും പുറത്തു നിന്നുമായി എത്തിയവരില്‍ ഭൂരിഭാഗം പേരും ഓഡിറ്റോറിയത്തിന്‍െറ പുറത്തുനിന്നാണ് പരിപാടി ശ്രവിച്ചത്.
ആള്‍പ്പാര്‍പ്പില്ലാത്ത ആകാശങ്ങളിലേക്ക്‌ സലാം കരുവമ്പൊയില്‍
ചില സഞ്ചാരങ്ങളുണ്ട്; ഘടികാര സൂചിയും, സിഗ്നല്‍ ചിട്ടവട്ടവും, വിസില്‍ മുഴക്കങ്ങളും നോക്കുകുത്തികളാകുമാറ്. ചാഞ്ഞും ചരിഞ്ഞും ചാഞ്ചകം കളിച്ചും, ദിശാ ബോധ്യങ്ങളെ കൊഞ്ഞനം കുത്തിയും, മൈല്‍ കുറ്റികളുടെ മുതുകിലേക്ക് കാര്‍ക്കിച്ചു തുപ്പിയും മിനു മിനുത്ത സില്‍ക്ക് ജുബ്ബയിലെ നിര്‍ധാരണങ്ങള്‍ക്ക് വേഗമരുളുന്ന, അനിയന്ത്രിത തരംഗ പ്രളയം പോലെ.... ചിലപ്പോള്‍ ഈ സഞ്ചാരം, സ്തബ്ധമായിപ്പോവുന്ന ചമ്മട്ടി പ്രഹരം പോലെ, അതി തീക്ഷ്ണ കൊള്ളല്‍-കൊടുക്കലായി. ചിലപ്പോള്‍ നേര്‍ഭാഷയില്‍ ഒരേ ചൂണ്ടാണി വിരലിന്റെ നിഴല്‍പറ്റി ഒടുവില്‍, ഇളകി മറിയുന്ന ശൂന്യതയുടെ ആള്‍പ്പാര്‍പ്പില്ലാത്ത ആകാശങ്ങളിലേക്കുള്ള നീറിപ്പടര്‍ച്ചയായി. ഇനിയൊരേയൊരു ട്രാക്ക് ബാക്കി; വണ്‍വേ. ഇടം വലം നോക്കാനോ, കുതറിപ്പറക്കാനോ നിനക്കാവില്ല സഞ്ചാരീ... മറന്നേക്കുക, തിമര്‍ത്താടിയ മുഴുവന്‍ സഞ്ചാരപഥങ്ങളുടെയും ചുഴികളും ചുരങ്ങളും..
പരലോകം
ഞാന്‍, ഞങ്ങള്‍, നീ, നിങ്ങള്‍ എന്നൊക്കെ നാം പറയാറുണ്ടല്ലോ. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മുടെ ശരീരമാണോ? ഒരിക്കലുമല്ല. ജീവന്‍ നഷ്ടപ്പെടുന്നതോടെ ഞാനും നീയും ഇല്ലാതാകുന്നു. അപ്പോള്‍ പിന്നെ എന്താണ്? ജീവനാണോ? എങ്കില്‍ എന്താണ് ജീവന്‍? ജീവനുള്ളതെല്ലാം മനുഷ്യനല്ലല്ലോ. സന്തോഷം, ദുഃഖം, സ്‌നേഹം, വെറുപ്പ് പോലുള്ള വികാരങ്ങള്‍ നാം അനുഭവിക്കാറുണ്ട്. സ്‌നേഹിക്കുകയും വെറുക്കുകയും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നത് ജീവനാണോ? സസ്യങ്ങളുള്‍പ്പടെ ജീവനുള്ളവക്കെല്ലാം ഇത്തരം വികാരങ്ങളുണ്ടോ? ഇവ്വിധമുള്ള അന്വേഷണങ്ങള്‍ മനുഷ്യന് ശരീരവും ജീവനും മാത്രമല്ല ഉള്ളതെന്ന സത്യം നമ്മെ ബോധ്യപ്പെടുത്തും. ശരീരത്തെ ചൈതന്യവത്താക്കുന്നത് ആത്മാവാണ്. സ്‌നേഹം, ദുഃഖം പോലുള്ള വികാരങ്ങള്‍ അതിന്റെ ഓരോ ഭാഗമാണ്. ഇത്തരം വികാരങ്ങള്‍ വിശകലനം ചെയ്യാനാവില്ലല്ലോ. നാം മാതാവിനെയും സഹോദരിയെയും ഭാര്യയെയും മകളെയും അയല്‍ക്കാരനെയും ഭക്ഷണത്തെയും കളിയെയും സനേഹിക്കാറുണ്ട്. ഈ സ്‌നേഹമെല്ലാം ഒരുപോലെയല്ല. ഒരു സ്‌നേഹത്തെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്നതെന്തെന്നും എങ്ങനെയെന്നും ആര്‍ക്കും വിശദീകരിക്കാനാവില്ല. അപ്രകാരം തന്നെ അത്തരം വികാരങ്ങളുടെ പ്രഭവകേന്ദ്രമായ ആത്മാവും എന്തെന്ന് വിശദീകരിക്കാനാവില്ല. ഖുര്‍ആന്‍ പറയുന്നു: ആത്മാവിനെകുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; ആത്മാവ് എന്റെ നാഥന്റെ വരുതിയിലുള്ള കാര്യമാണ്. വിജ്ഞാനത്തില്‍നിന്ന് വളരെകുറച്ചേ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ. (ഖുര്‍ആന്‍ 17:85) ശാരീരികപങ്കാളിത്തമില്ലാതെ തന്നെ ആത്മീയാനുഭവങ്ങളുണ്ടാവാറുണ്ട്. സ്വപ്നം ഏറ്റം നല്ല ഉദാഹരണമാണ്. സ്വപ്നത്തില്‍ പാമ്പുകടിച്ചതായോ വീണ് കാലുമുറിഞ്ഞതായോ സ്വപ്നം കണ്ടാല്‍ ആത്മാവ് അതിന്റെ വേദനയും ദുഃഖവും അനുഭവിക്കുന്നു. പഞ്ചേന്ദ്രിയബാഹ്യമാണല്ലോ സ്വപ്നം. ആത്മാവിന് നാശമില്ല. മരണത്തോടെ അത് ശരീരത്തില്‍ നിന്ന് വേര്‍പിരിയുന്നുവെന്നുമാത്രം. അതോടെ അത് അനശ്വരത നേടുകയും ചെയ്യുന്നു. അതോടൊപ്പം ഒരു വസ്തുത നാം തിരിച്ചറിയുന്നു. മനുഷ്യ ജീവിതമിവിടെ വളരെ ഹ്രസ്വമാണ്. മഹാഭാരതം പറയുന്നപോലെ ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന വെള്ളത്തുള്ളിപോലെ ക്ഷണികം. മനുഷ്യരെല്ലാം മരണത്തിലൂടെ ഭൂമുഖത്ത്‌നിന്ന് തിരോഭവിക്കുന്നു. തങ്ങളുടെ കര്‍മഫലം ഏറ്റുവാങ്ങിക്കൊണ്ടല്ല ആരും മരണമടയുന്നത്. അനേകായിരം മനുഷ്യരെ കൊന്ന കൊലയാളികളും കൊടും ക്രൂരന്മാരും ഈ ലോകത്തുണ്ടായിട്ടുണ്ട്. അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ഒരാളെ കൊന്നാല്‍ പരമാവധി നമുക്കയാളെ പകരം കൊല്ലാന്‍ സാധിച്ചേക്കാം. പക്ഷേ, അങ്ങനെ നാം കൊല്ലുന്നത് കൊണ്ട്മാത്രം നീതി നടപ്പാക്കപ്പെടും എന്ന് പറയുക സാധ്യമല്ല. ഞാന്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ പ്രയാസം അനുഭവിക്കുന്നത് എന്റെ സഹധര്‍മ്മിണിയും മക്കളുമാണ്. എന്നെ കൊന്ന കൊലയാളിക്ക് വധശിക്ഷ വിധിക്കുന്നതുകൊണ്ടുമാത്രം അവരനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടുകയില്ല. ആരാണോ കൊല്ലപ്പെടുന്നത് അവരിലൂടെ കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കപ്പെടുന്നവര്‍ക്ക് ഘാതകന്‍ വധിക്കപ്പെടുന്നത് പരിഹരമായി മാറുന്നില്ല. എന്നിട്ടും നീതിന്യായ കോടതികളും നിയമനടപടികളും വേണ്ടിവന്നത് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാന്‍ അതനിവാര്യമായതിനാലാണ്. ഏതൊരാളും നീതി നടക്കണമെന്ന് കൊതിക്കുന്നു. അതേ സമയം, ഒരിക്കലും ഇവിടെ നിഷ്‌കൃഷ്ടമായ നീതി നടപ്പാക്കുക സാധ്യമല്ല. പത്തും നൂറും ആയിരവും പതിനായിരവും ലക്ഷവും കോടിയും ആളുകളെ കൊന്നവരെ ആര്‍ക്കാണ് ഇവിടെ ശിക്ഷിക്കാന്‍ കഴിയുക? അതുപൊലെതന്നെ നന്മ ചെയ്തവര്‍ക്ക് അര്‍ഹമായ രക്ഷയും ഇവിടെ ലഭിക്കാറില്ല. ഇത് രണ്ടും കിട്ടണമെന്ന് കൊതിച്ചുകൊണ്ടിരിക്കെത്തന്നെ അതു നടക്കാതെ, മനുഷ്യജീവിതം ഇവിടെ ഒടുങ്ങുകയാണ്. എത്ര അദ്ഭുതകരമായ ഒരു സൃഷ്ടി സംവിധാനത്തിന്റെ പര്യവസാനമാണിത് എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്. മനുഷ്യന്റെ ഘടന ഒരു നിമിഷമൊന്ന് ആലോചിച്ചു നോക്കൂ നാം ജീവിക്കുന്ന ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. ഒരേ വായു ശ്വസിക്കുകയും വെള്ളം കുടിക്കുകയും ഒരേ ഭൂമിക്കു മുകളില്‍ സൂര്യനു കീഴെ കഴിയുകയും ചെയ്യുന്ന ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളെപ്പോലെയുള്ള മുഖമില്ല. രണ്ട് കൈകൊണ്ട് പൊത്തിയാലൊതുങ്ങുന്ന കൊച്ചു സ്ഥലമാണല്ലോ മനുഷ്യന്റെ മുഖം. എന്നാല്‍ നമ്മെപ്പോലെ മറ്റാരെങ്കിലുമുണ്ടോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഹജ്ജ് വേളയില്‍ ഒത്തുകൂടുന്നു. നമ്മുടെ നാട്ടുകാരെ അവിടെ കണ്ടാല്‍ നാം നിഷ്പ്രയാസം അവരെ തിരിച്ചറിയുന്നു. ശബരിമലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷങ്ങള്‍ ഒത്തുകൂടിയാല്‍ നാം നമ്മുടെ നാട്ടുകാരനെ പ്രയാസമില്ലാതെ മനസ്സിലാക്കുന്നു. കാരണം അവരെപ്പോലെ, നമ്മെപ്പോല ഇവിടെ വേറെ ആരുമില്ല. ഒരു നിമിഷം നിങ്ങള്‍ നിങ്ങളുടെ കൈവിരലുകളിലേക്കൊന്ന് സൂക്ഷിച്ചുനോക്കൂ! നിങ്ങളുടെ തള്ളവിരല്‍! എത്ര ചെറുതാണാ പ്രദേശം! സമര്‍ത്ഥനായ ഒരു ചിത്രകാരന് അത്ര ചെറിയ സ്ഥലത്ത് ഒരു വസ്തുവിന്റെ എത്ര രൂപം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഒരു നിമിഷം ആലോചിച്ചുനോക്കൂ.! എന്നാല്‍ ലോകത്ത് 600 കോടിയിലേറെ മനുഷ്യരുണ്ട്. എന്നിട്ടും ഈ 600 കോടി മനുഷ്യരില്‍ ഒരാള്‍ക്കും മറ്റൊരാളുടേതുപോലൊരു കൈവിരലില്ല. എന്നല്ല മരിച്ചുപോയ കോടാനുകോടി മനുഷ്യരിലോ, ജനിക്കാനിരിക്കുന്ന കോടാനുകോടിയിലോ ആര്‍ക്കും നമ്മുടേതുപോലൊരു കൈവിരല്‍ ഇല്ല; ഉണ്ടാവുകയുമില്ല. അതുകൊണ്ടാണല്ലോ, പ്രമാണങ്ങളില്‍ തെളിവിനായി നമ്മുടെ കൈവിരലടയാളങ്ങള്‍ രേഖപ്പെടുത്തുന്നത്. 14 നൂറ്റാണ്ടുമുമ്പ് പ്രപഞ്ചനാഥന്‍ പറഞ്ഞു. 'മനുഷ്യന്റെ വിരല്‍ക്കൊടി വരെ കൃത്യമായി നിര്‍മ്മിക്കാന്‍ കഴിയുന്നവനല്ലോ നാം'' (ഖുര്‍ആന്‍ 75:4) കൈവിരലുകളുടെ ഈ സവിശേഷത ശാസ്ത്രീയമായി മനസ്സിലാക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഖുര്‍ആന്‍ അതിലേക്കു വെളിച്ചം വീശിയിട്ടുണ്ടെന്നര്‍ത്ഥം. നമ്മുടെ ഓരോരുത്തരുടേയും തലയില്‍ പതിനായിരക്കണക്കിന് മുടിയുണ്ട്. എന്നാല്‍ ലോകത്തിലെ അറുനൂറുകോടിയുടെ തലയിലെ പതിനായിരക്കണിന് മുടിയില്‍ നിന്ന്, അഥവാ ലോകത്തിലെ കോടാനുകോടി തലമുടിയില്‍നിന്ന് പരിശോധനയിലൂടെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നതാണ് നമ്മുടെ ഓരോരുത്തരുടേയും തലമുടി. അപ്രകാരം തന്നെ നമ്മുടെ സിരകളിലൂടെ പതിനായിരക്കണക്കിന് തുള്ളിരക്തം ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്നിട്ടും ലോകത്തിലെ അറുനൂറുകോടി മനുഷ്യരുടെ സിരകളിലൂടെ ഒഴുകുന്ന അസംഖ്യം രക്തകണങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് നമ്മുടെ ശരീരത്തിലെ ഓരോ തുള്ളി ചോരയും. നമ്മുടെ ഓരോരുത്തരുടേയും ശരീരത്തില്‍ ഓരോ ഗന്ധമുണ്ട്. ഒരാളുടെ ശരീരത്തിലെ ഗന്ധംപോലെ, മറ്റാരുടേയും ശരീരത്തിന് ഗന്ധമില്ല. അത്‌കൊണ്ടാണല്ലോ, കുറ്റവാളികളെ പിടികൂടാന്‍ പരിശീലനം സിദ്ധിച്ച നായ്ക്കള്‍ മനുഷ്യശരീരത്തിന്റെ വാസനയെ ഉപയോഗപ്പെടുത്തുന്നത്. ഇത്രമാത്രം ശാസ്ത്രീയവും ആസൂത്രിതവുമായാണ് സൃഷ്ടികര്‍മ്മം നടന്നുവെന്ന് ഇതൊക്കെയും അസന്നിഗ്ധമായി വ്യക്തമാക്കുന്നു. ഇത്രയേറെ വിദഗ്ദമായി സംവിധാനിക്കപ്പെട്ട മനുഷ്യന്റെ അന്ത്യം അര്‍ത്ഥശൂന്യവും അനീതിപരവുമായിത്തീരുക തീരെ സംഭവ്യമല്ല. അതിനാല്‍, നീതിപൂര്‍വ്വമായ ഒരു പര്യവസാനം ഉണ്ടാകേണ്ടതുണ്ട്. മനുഷ്യന്‍ അവന്റെ കര്‍മഫലം അനുഭവിക്കുകതന്നെ വേണം. അതാണ് നീതിയുടെ തേട്ടം. അതേസമയം, ഭൂമിയില്‍ വെച്ചത് സാധ്യമല്ല എന്ന് നാം മനസ്സിലാക്കുന്നു. ഇസ്ലാം നമ്മോട് പറയുന്നു: മരണം എല്ലാറ്റിന്റെയും അന്ത്യമല്ല; മറിച്ച് അതൊരു മാറ്റം മാത്രം. ജീവിതം അവിരാമം തുടരുകതന്നെ ചെയ്യും. മരണശേഷം മറുലോകത്ത് വച്ചാണ് മനുഷ്യന്ന് അവന്റെ കര്‍മ്മഫലം അനുഭവിക്കേണ്ടി വരിക. ഓരോ മനുഷ്യന്നും അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഉണ്ടാവുക. ഓരോ മനുഷ്യനും അവന്‍ സമ്പാദിച്ചതിനു ബാധ്യസ്ഥനാണ് (ഖുര്‍ആന്‍ 74:38) ആരെങ്കിലും അണു അളവ് നന്മചെയ്താല്‍ അതിന്റെ ഫലമനുഭവിക്കും, ആരെങ്കിലും അണുഅളവ് തിന്മചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലവും (ഖുര്‍ആന്‍ 99:11) അതിനാല്‍ ദൈവം നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ പ്രതിഫലമായി ദൈവം വാഗ്ദാനം ചെയ്ത സ്വര്‍ഗം ലഭിക്കും. അവന്‍ വിലക്കിയ വഴിയിലൂടെ സഞ്ചരിച്ചാലോ, അവന്‍ താക്കീതു ചെയ്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വരും. ഇവ്വിധം ഒരു പരലോകമില്ലെങ്കില്‍ നമ്മെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ അവനും, അല്ല പ്രകൃതിയാണെങ്കില്‍ അതും കൊടിയ ക്രൂരനും കടുത്ത വിവേചനവും അനീതിയും കാണിക്കുന്നവനുമാണെന്ന് പറയേണ്ടി വരും. കാരണം, ജനം പലതരക്കാരായാണ് പിറന്നുവീഴുന്നതും ജീവിക്കുന്നതും. അവരില്‍ കണ്ണുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്. കാലും കയ്യും ഉള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്, കരുത്തരുണ്ട്, ദുര്‍ബലരുണ്ട്, രോഗികളുണ്ട്, ആരോഗ്യവാന്‍മാരുണ്ട്, പണക്കാരുണ്ട്, പാവങ്ങളുണ്ട്, പ്രതിഭാശാലികളുണ്ട്, സാമാന്യ ബുദ്ധികളുണ്ട്, മന്ദബുദ്ധികളുണ്ട്, മരണശേഷം ഒരു മറുലോകമില്ലെങ്കില്‍ അന്ധന്മാരും വികലാംഗരും രോഗികളും ദുര്‍ബ്ബലരും മന്ദബുദ്ധികളുമൊക്കെ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും എന്താണൊരു പരിഹാരമുള്ളത്.? അനീതിക്ക് എവിടെയാണ് അറുതിയുണ്ടാവുക? മരണത്തോടെ ജീവിതം ഒടുങ്ങുമെങ്കില്‍ എല്ലാവര്‍ക്കും ജനനം മുതല്‍ മരണം വരെ ജീവിതം ഒരേപോലെ തുല്യമായി അനുഭവിക്കാനും ആസ്വദിക്കാനും അവസരം ലഭിക്കേണ്ടതല്ലെ? എന്നാല്‍ അതുണ്ടാവില്ലെന്നത് അനിഷേധ്യമത്രെ. അതുകൊണ്ടുതന്നെ നീതിമാനായ ദൈവം മരണത്തോടെ മനുഷ്യ ജീവിതം അവസാനിപ്പിക്കുന്നില്ല. ഐഹിക ജീവിതം കര്‍മകാലമാണ്. വിചാരണയും വിധിയും കര്‍മഫലവും മരണശേഷം മറുലോകത്താണ്. ഓരോരുത്തര്‍ക്കും ഭൂമിയില്‍ നിര്‍വഹിക്കാനുള്ള ബാധ്യത അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ക്കനുസരിച്ചാണ്. പണക്കാരന്റെയത്ര ബാധ്യത പാവപ്പെട്ടവനില്ല. പണ്ഢിതന്റെ ചുമതല പാമരനില്ല. പ്രതിഭാശാലികളുടെ ഉത്തരവാദിത്തം സാമാന്യബുദ്ധിക്കില്ല. മന്ദബുദ്ധിക്ക് അത്രയുമില്ല. വികലാംഗന് പൂര്‍ണ ആരോഗ്യവാനെ അപേക്ഷിച്ച് കുറഞ്ഞ ഉത്തരവാദിത്വമേയുള്ളൂ. ഈ ബാധ്യതകളുടെ നിര്‍വഹണമാണ് ജീവിതത്തിന്റെ ജയാപജയങ്ങളുടെ നിദാനം. ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. തദനുസൃതമായി ഓരോരുത്തരിലും അര്‍പ്പിതമായ ചുമതലകളുടെ പൂര്‍ത്തീകരണത്തിന്റെ അടിസ്ഥാനത്തിലാണ് മരണാനന്തര ജീവിതത്തിലെ രക്ഷാ ശിക്ഷകള്‍ നിശ്ചയിക്കപ്പെടുക. അതിനാല്‍ മരണശേഷം മറുലോകമില്ലെങ്കില്‍ മാത്രമേ ഈ ഭൂമിയിലെ മനുഷ്യന്റെ അവസ്ഥാന്തരങ്ങള്‍ അനീതിപരമാവുകയുള്ള. അനശ്വരമായ പരലോകം അനിഷേധ്യമാണെന്നതിനാല്‍ അംഗവൈകല്യവും ആരോഗ്യാവസ്ഥയിലെ അന്തരവും ധൈഷണിക നിലവാരത്തിലെ വ്യത്യാസവുമൊന്നും ദൈവനീതിക്കു തീരെ വിരുദ്ധമാവുന്നില്ല. നിങ്ങള്‍ എവിടെയെങ്കിലും ഒന്നുതൊട്ടാല്‍ തൊട്ടിടത്ത് നിങ്ങളുടെ കൈവിരലടയാളങ്ങള്‍ പതിയുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിച്ചാല്‍, അതിന്റെ തെളിവായി നിങ്ങളുടെ ശരീരത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ വ്യാപരിക്കുന്നു. അപ്രകാരം തന്നെ നിങ്ങളുടെ വാക്കുകള്‍ ഇവിടെ നശിക്കാതെ നിലനില്‍ക്കുന്നു. അതായത്, മനുഷ്യന്റെ കര്‍മ്മങ്ങളൊക്കെയും വളരെ കണിശമായും സൂക്ഷ്മമായും ഇവിടെ രേഖപ്പെടുത്തുന്നുണ്ട്. എല്ലാം അവന് അനുകൂലമായോ പ്രതികൂലമായോ മരണശേഷം പരലോകത്ത് സാക്ഷ്യം വഹിക്കുന്നു. രേഖപ്പെടുത്തപ്പെടാതെ, മനുഷ്യന്റെ ഒരു വാക്കുമിവിടെ ഉണ്ടാകുന്നില്ലെന്ന് വിശുദ്ധഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മരണശേഷം മനുഷ്യന്‍ തന്റെ കര്‍മ്മങ്ങള്‍ക്കനുസൃതമായി സ്വര്‍ഗമോ നരകമോ ഏറ്റുവാങ്ങേണ്ടിവരും. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് ബാധ്യസ്ഥനായിരിക്കും. (ഖുര്‍ആന്‍: 52: 21) അണുതൂക്കം നന്മ ചെയ്തവന്‍ അതുകാണും. അണുതൂക്കം തിന്മ ചെയ്തവന്‍ അതും കാണും. മനുഷ്യരില്‍ ഇവ്വിധം കര്‍മ്മഫലം അനുഭവിക്കുന്ന ഇടമാണ് മരണാനന്തരമുള്ള പരലോകം.
ദൈവം
മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ കെട്ടുറപ്പിനും വിജയത്തിനും ഉത്തമഗുണങ്ങള്‍ അനിവാര്യമാണ്. സ്വഭാവത്തിന് അറബിയില്‍ 'ഖുലുഖ്' എന്നാണ് പറയുന്നത്. പ്രകൃതി, സ്വഭാവം, ധര്‍മം, സദാചാരം, മനുഷ്യത്വം, ജീവിതരീതി എന്നൊക്കെയാണ് 'ഖുലുഖ്' എന്ന പദത്തിന്റെ അര്‍ത്ഥം. സല്‍സ്വഭാവിക്കേ വിശ്വാസത്തിന്റെപൂര്‍ണത കൈവരൂ എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. അജ്ഞാനകാലത്തെ അറബികളില്‍ വിശിഷ്ടഗുണങ്ങളും നികൃഷ്ടഗുണങ്ങളും ഉണ്ടായിരുന്നു. ഉദാരത, ധീരത, സത്യസന്ധത, വിശ്വസ്തത, അപകടത്തില്‍പ്പെടുന്നവനെ സഹായിക്കല്‍ തുടങ്ങിയവ അവര്‍ നിലനിര്‍ത്തിപ്പോന്ന വിശിഷ്ടഗുണങ്ങളായിരുന്നു. നികൃഷ്ടഗുണങ്ങളും ധാരാളമുണ്ടായിരുന്നു. മനുഷ്യനിലെ ഉത്തമഗുണങ്ങളുടെ പൂര്‍ത്തീകരണാര്‍ഥമാണ് തന്റെ നിയോഗമുണ്ടായിട്ടുള്ളതെന്ന് നബി തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി. നബിയുടെ ജീവിതമാണ് സല്‍സ്വഭാവത്തിന്റെ മൂര്‍ത്തരൂപമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു(ഖുര്‍ആന്‍ 68:4). സല്‍സ്വഭാവത്തിന്റെ വ്യത്യസ്തതലങ്ങളെ സംബന്ധിച്ച വിശദമായ പ്രതിപാദനം ഖുര്‍ആനിലും നബി വചനങ്ങളിലും കാണാം. ഉല്‍കൃഷ്ടഗുണങ്ങള്‍ ആര്‍ജിച്ചെടുക്കലും നികൃഷ്ടഗുണങ്ങള്‍ കയ്യൊഴിയലുമാണ് ആരാധനകളുടെ ലക്ഷ്യം. നിന്ദ്യവും വെറുക്കപ്പെട്ടതുമായ തിന്‍മകളെ തടയുകയാണ് നമസ്‌കാരത്തിന്റെ ലക്ഷ്യം(29: 45). ആത്മസംസ്‌കരണമാണ് സകാത്ത് കൊണ്ട് (9: 103) നേടേണ്ടത്, ഭയഭക്തിയാണ് ഹജ്ജ്‌കൊണ്ട് (2:197) നേടേണ്ടത്. കള്ളവാക്കും പ്രവൃത്തിയും ഉപേക്ഷിച്ചില്ലെങ്കില്‍ വ്രതമനുഷ്ഠിച്ചതുകൊണ്ട് നേട്ടവുമില്ലെന്നാണ്് നബിവചനം. ഉത്തമഗുണങ്ങള്‍കൊണ്ട് നേടാനുദ്ദേശിക്കുന്ന പരമലക്ഷ്യം ദൈവഭക്തി തന്നെയാണ് എന്ന് മുകളിലെ പരാമര്‍ശങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്. വ്യക്തിത്വം കളങ്കരഹിതമോ പങ്കിലമോ എന്ന് തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണ് സ്വഭാവഗുണങ്ങള്‍. ഉള്ള് എങ്ങിനെയാണോ അതിനനുസൃതമായ സ്വഭാവമേ പുറമേക്ക് പ്രകടമാവുകയുള്ളൂ. ഇക്കാരണത്താലാണ് മനുഷ്യന്റെ സ്വഭാവത്തെ അവനാര്‍ജിക്കുന്ന ഉത്തമ ഗുണങ്ങളെഅവന്റെ മനുഷ്യത്വത്തിന്റെ പ്രതിഫലനമായി പൊതുവെ കണക്കാക്കിപ്പോരുന്നത്. സകലസദ്ഗുണങ്ങളുടേയും പ്രഭവകേന്ദ്രമായ അല്ലാഹുതന്നെയാണ് സദാചാരനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ദൈവവും പ്രവാചകനും ഉത്തമസ്വഭാവങ്ങളെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് സല്‍സ്വഭാവം; ദുര്‍ഗുണങ്ങളെന്ന് പറഞ്ഞത് ദുഃസ്വഭാവവും. അഥവാ മനുഷ്യന്റെ ബുദ്ധിയെയോ അനുഭവങ്ങളെയോ ആശ്രയിച്ചിരിക്കുന്നതല്ല. അവ ഇസ്‌ലാമിക സദാചാരത്തില്‍ ദൈവപ്രീതി നേടുകയും അതുവഴി ദൈവികപരീക്ഷണത്തില്‍ വിജയം വരിക്കുകയുമാണ് പരമമായ നന്മ. ഈ നന്മക്കുപുറമേ സന്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കല്‍, സത്യസന്ധത, ഗുണകാംക്ഷ, കാരുണ്യം, വിട്ടുവീഴ്ച, ക്ഷമ, അര്‍പ്പണബോധം, ലജ്ജാശീലം, സൗമ്യത, സഹിഷ്ണുത, അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച ഭയവും രക്ഷയെക്കുറിച്ച പ്രതീക്ഷയും, മിതത്വം, പശ്ചാത്താപമനസ്ഥിതി, ധീരത, മനക്കരുത്ത്, വാഗ്ദത്തപാലനം, കൃതജ്ഞതാബോധം, ഉദാരത, വിശ്വസ്തത, വിജ്ഞാനം, വിനയം, വ്യവസ്ഥാപിതത്വം, മുഖപ്രസന്നത, തുടങ്ങിയ നിരവധി ഉത്തമഗുണങ്ങളെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും (പ്രവാചകവചനങ്ങളിലും) പരാമര്‍ശങ്ങളുണ്ട്. ചില ഉദാഹരണങ്ങള്‍: '(പ്രവാചകരേ) താങ്കള്‍ മഹിതമായ സ്വഭാവത്തിനുടമയാണ്.'' (ഖുര്‍ആന്‍ 68:4) 'നന്മയും തിന്മയും സമമാവുകയില്ല. അതിനാല്‍ നീ തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക'' (ഖുര്‍ആന്‍ 41:34) 'നീ ക്രൂരമനസ്‌കനും പരുഷപ്രകൃതനുമായിരുന്നുവെങ്കില്‍ അവരെല്ലാം നിന്റെ അടുത്തുനിന്ന് അകന്നുപോകുമായിരുന്നു.'' (ഖുര്‍ആന്‍ 3: 159) പ്രവാചകന്‍ പറഞ്ഞു: 'സല്‍സ്വഭാവമാണ് പുണ്യം. മനസ്സില്‍ പ്രയാസമുണ്ടാക്കുന്നതും ആളുകള്‍ കാണുന്നത് വെറുക്കുകയും ചെയ്യുന്നത് പാപവും. '' (നബിവചനം) 'അന്ത്യദിനത്തില്‍ നിങ്ങളില്‍ എനിക്ക് ഏറ്റം ഇഷ്ടപ്പെട്ടവരും എന്റെയടുത്ത് സ്ഥാനം ലഭിക്കുന്നവരും നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും.'' (നബിവചനം) 'സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക; സത്യമായ വചനങ്ങളുച്ചരിക്കുക. എങ്കില്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ക്ക് ഗുണകരമാക്കിത്തരും. നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിച്ചവനാരോ അവന്‍ അതിമഹത്തായ വിജയം വരിച്ചിരിക്കുന്നു.'' (ഖുര്‍ആന്‍ 33:70, 71) ''മനസ്സിനെ പുര്‍ണമായും വിശ്വാസത്തിന് വിധേയമാക്കുകയും അതിനെ സുരക്ഷിതമാക്കുകയും നാവിനെ സത്യം മാത്രം സംസാരിക്കുന്നതാക്കുകയും ആത്മാവിന് ശാന്തി നേടികൊടുക്കുകയും സ്വഭാവം സംസ്‌ക്കരിക്കുകയും ചെയ്തവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു.'' (നബിവചനം) ''കാലത്തെക്കൊണ്ട് സത്യം! നിശ്ചയം! സകലമനുഷ്യരും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും സത്യവും ക്ഷമയും അവലംബിക്കാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.'' (ഖുര്‍ആന്‍ 103:13) ''നന്മയുടെയും ദൈവഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ പരസ്പരം സഹായികളായി വര്‍ത്തിക്കുക'' (ഖുര്‍ആന്‍ 5:2) ''നിങ്ങള്‍ അല്ലാഹുവില്‍ യഥാവിധി ഭരമേല്‍പ്പിച്ചാല്‍ പക്ഷികള്‍ക്ക് ആഹാരം നല്കും വിധം അവന്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കും. അവ അതിരാവിലെ ഒഴിഞ്ഞ വയറുമായി പോകുകയും വൈകുന്നേരം നിറഞ്ഞ വയറുമായി വരികയും ചെയ്യുന്നു.'' (നബിവചനം) ''ലജ്ജ സത്യവിശ്വാസത്തിന്റെ ഭാഗമാണ്.'' (നബിവചനം) ക്ഷമ സത്യവിശ്വാസത്തിന്റെ പാതിയാണെന്നും ദൃഢവിശ്വാസമാണ് അതിന്റെ പൂര്‍ണതയെന്നും പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ''വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പ്പിക്കുക അവിവേകികളെ അവഗണിക്കുകയും ചെയ്യുക.'' (ഖുര്‍ആന്‍ 7:199) ''നിങ്ങളില്‍ ജനങ്ങളോട് നന്നായി നന്ദികാണിക്കുന്നവന്‍ തന്നെയാണ് അല്ലാഹുവോട് ഏറ്റവുമധികം നന്ദി കാണിക്കുന്നവന്‍.'' (നബിവചനം) 'നിങ്ങള്‍ക്ക് പ്രിയംകരമായതില്‍നിന്ന് ചിലവഴിക്കുവോളം നിങ്ങള്‍ പുണ്യം നേടുകയില്ല. നിങ്ങള്‍ എന്ത് ചെലവ് ചെയ്താലും അതേക്കുറിച്ച് അല്ലാഹു നല്ല പോലെ അറിയുന്നവനാണ്.'' (ഖുര്‍ആന്‍ 3:92) ''വിശ്വസ്തതയില്ലാത്തവന് വിശ്വാസമില്ല. കരാര്‍ പാലിക്കാത്തവന് മതമില്ല.'' (നബിവചനം) ''പരമകാരുണികന്റെ അടിമകള്‍ ഭൂമിയിലൂടെ വിനയത്തോടെ സഞ്ചരിക്കുന്നവരാണ്; മൂഢര്‍ അവരെ അഭിമുഖീകരിച്ചാല്‍ അവര്‍ പറയും: സലാം'' (ഖുര്‍ആന്‍ 25:63) അല്ലാഹുവിനോടുള്ള സ്‌നേഹവും അവന്റെ പ്രീതിയെക്കുറിച്ച ആശയും അപ്രീതിയെക്കുറിച്ച ആശങ്കയുമാണ് ഉത്തമസ്വഭാവങ്ങള്‍ പരിപാലിക്കുന്നതിന്റെ സാക്ഷാല്‍ പ്രേരകശക്തി. ധര്‍മത്തെക്കുറിച്ചും ഉത്തമഗുണങ്ങളെക്കുറിച്ചും നിരവധി ജനസമൂഹങ്ങള്‍ ചിന്തിക്കുകയും അവരുടെ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ രംഗത്തെ ഇസ്‌ലാമിന്റെ ഉദ്‌ബോധനങ്ങള്‍ ഏറെ സമഗ്രവും സംമ്പൂര്‍ണവുമാണെന്ന് ഉപരിസൂചിത പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു.
പ്രവാചകന്മാര്‍
ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ അതിപ്രധാനമാണ് പ്രവാചകന്‍മാരിലുള്ള വിശ്വാസം. വേദം ഏറ്റുവാങ്ങാനും വേദാനുസാരം മനുഷ്യരെ മാര്‍ഗദര്‍ശനം ചെയ്യാനും മനുഷ്യരില്‍നിന്നുതന്നെ ദൈവം തെരഞ്ഞെടുക്കുന്ന ദൂതാന്‍മാരാണ് പ്രവാചകന്‍മാര്‍. വളരെ പരിശുദ്ധരും സംസ്‌കാര സമ്പന്നരും സല്‍സ്വഭാവികളും പക്വമതികളുമായ മനുഷ്യരാണവര്‍. സത്യ സന്ധതയില്ലാത്തവരോ സ്വഭാവദൂഷ്യമുള്ളവരോ ബുദ്ധിമാന്ദ്യമുള്ളവരോ പ്രവാചകന്‍മാരായി തെരഞ്ഞെടുക്കപ്പെടുകയില്ല. മറ്റുള്ളവര്‍ക്ക് മാതൃകാ യോഗ്യരായവര്‍ മാത്രമേ പ്രവാചകന്‍മാരാകൂ. വേദവും മറ്റു വെളിപാടുകളും ഏറ്റുവാങ്ങുകയും അതനുസരിച്ച് ജനങ്ങളെ നയിക്കുകയുമാകുന്നു പ്രവാചകന്‍മാരുടെ ദൗത്യം. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട പുണ്യാത്മാക്കളാണെങ്കിലും പ്രവാചകന്‍മാര്‍ ദിവ്യശക്തികളുള്ളവരോ ദൈവികാധികാരങ്ങളില്‍ പങ്കുള്ളവരോ അല്ല. അവര്‍ ആരാധിക്കപ്പെടുന്നത്, അവരുടെ തന്നെ ഉപദേശത്തിന് വിരുദ്ധമായ മഹാപരാധമാകുന്നു. ദിവ്യസന്ദേശം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാകാര്യങ്ങളിലും അവര്‍ സാധാരണ മനുഷ്യര്‍തന്നെയാണ്. ചിലപ്പോള്‍ പ്രവാചകന്റെ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തം എന്ന നിലയില്‍ ചില ദിവ്യാത്ഭുതങ്ങള്‍ പ്രവാചകന്‍മാരിലൂടെ പ്രത്യക്ഷപ്പെട്ടേക്കാം. മൂസാ പ്രവാചകന്റെ വടി ഒരു ഉദാഹരണം. ദൈവം നിര്‍ദേശിക്കുന്ന സമയത്ത് അത് നിലത്തിട്ടാല്‍ സര്‍പ്പമായിത്തീരുമായിരുന്നു. ഇത്തരം സിദ്ധികള്‍ പക്ഷേ പ്രവാചകന്‍മാരുടെ സ്വന്തം നിയന്ത്രണത്തിലായിരുന്നില്ല. ദൈവം കല്‍പ്പിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് അത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്താനാകുമായിരുന്നുള്ളൂ. മനുഷ്യരിലേറ്റം ഔന്നത്യവും മഹത്വവുമുള്ളവരാണ് പ്രവാചകന്‍മാര്‍. ആ മഹത്വമൊന്നും അവരെ ദൈവദാസന്‍ എന്ന അവസ്ഥയില്‍നിന്ന് ദൈവമോ ദൈവത്തിന്റെ മക്കളോ പങ്കാളികളോ ആക്കി ഉയര്‍ത്തുന്നില്ല. പൂര്‍വകാലത്ത് എല്ലാ ജനസമൂഹങ്ങളിലും പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ടെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. 25ഓളം പ്രവാചകന്‍മാരുടെ പേരേ അത് പരാമര്‍ശിക്കുന്നുള്ളൂ. അവരെയെല്ലാം സത്യപ്രവാചകന്‍മാരായി അംഗീകരിക്കേണ്ടത് മുസ്‌ലിമിന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്‍മാര്‍ പല കാലങ്ങളിലും സ്ഥലങ്ങളിലുമായി വന്നിട്ടുണ്ടെന്നാണ് ചരിത്രം. മനുഷ്യനെ മാര്‍ഗദര്‍ശനം ചെയ്യാനുള്ള വെളിപാട് ലഭിച്ചവരെല്ലാം പ്രവാചകന്‍മാരാകുന്നു. മൗലികമായി ഒരേ തത്വങ്ങളും ധര്‍മങ്ങളും തന്നെയാണ് എല്ലാ ദൈവദൂതന്‍മാരും പ്രബോധനം ചെയ്തിരുന്നത്. ഒരു സമൂഹത്തില്‍ തന്നെ പല കാലങ്ങളിലായി അനേകം പ്രവാചകന്‍മാര്‍ വരാറുണ്ടായിരുന്നു. ഒരേ കാലത്തു തന്നെ ഒരേ സമൂഹത്തിലും വ്യത്യസ്ത സമൂഹങ്ങളിലുമായി ഒന്നിലധികം പ്രവാചകര്‍ ആഗതരായ ചരിത്രവുമുണ്ട്. പൂര്‍വപ്രവാചകന്റെ പാരമ്പര്യവും അദ്ദേഹത്തിനവതരിച്ച വേദവും നിലനിര്‍ത്താനാണ് അധിക പ്രവാചകന്‍മാരും വന്നത്. പൂര്‍വപ്രവാചകന്റെ പൈതൃകങ്ങളും വേദവും തീരെ വിസ്മൃതമായിപ്പോയ സാഹചര്യങ്ങളില്‍ ആഗതരാകുന്ന പ്രവാചകരോടൊപ്പം പുതിയ വേദവും നിയമവ്യവസ്ഥയും അവതരിച്ചിരുന്നു. അത്തരം പ്രവാചകരെ സാങ്കേതികമായി റസൂല്‍ (ദൈവദൂതന്‍) എന്നാണ് വിളിക്കുക. പുതിയ വേദവും നിയമവ്യവസ്ഥയും ഇല്ലാത്ത പ്രവാചകനെ നബി എന്നും വിളിക്കുന്നു. വേദം ഏറ്റുവാങ്ങി ജനങ്ങള്‍ക്ക് കൈമാറുക മാത്രമല്ല പ്രവാചകന്റെ ദൗത്യം. വേദവ്യാഖ്യാതാവുമാണദ്ദേഹം. വേദം സൂചനകളിലൂടേയും രൂപകങ്ങളിലൂടേയും അവതരിപ്പിച്ച സത്യങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കേണ്ടതും വേദതത്വങ്ങളും നിയമങ്ങളും നിത്യജീവിതത്തില്‍ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കേണ്ടതും പ്രവാചകന്‍മാരാണ്. ഈ രീതിയിലുള്ള വേദാര്‍ഥപ്രകാശനത്തില്‍ അവര്‍ക്ക് തെറ്റുപറ്റുകയില്ല. അഥവാ വല്ല പിശകും പിണഞ്ഞാല്‍ ദൈവം ഇടപെട്ട് വെളിപാടിലൂടെ തിരുത്തിക്കൊടുക്കുന്നതാണ്. ഈ അര്‍ത്ഥത്തില്‍ അപ്രമാദിത്വമുള്ള മനുഷ്യരാണ് പ്രവാചകന്‍മാര്‍. അതു കൊണ്ടു തന്നെ വേദത്തിന് പ്രവാചകന്‍മാര്‍ സ്വജീവിതത്തിലൂടെ ചമക്കുന്ന വ്യാഖ്യാനം നിയമവ്യവസ്ഥയും, വേദത്തിനു ശേഷമുള്ള ആധികാരിക പ്രമാണമാകുന്നു. ഇസ്‌ലാമില്‍ ഇതിനെ സുന്നത്ത് അഥവാ പ്രവാചകചര്യ എന്നു വിളിക്കുന്നു. ഖുര്‍ആന്‍ അന്തിമ വേദമായ അതേ കാരണങ്ങളാല്‍ മുഹമ്മദ് നബി അന്ത്യപ്രവാചകനുമാകുന്നു. ലോകജനതക്ക് അന്ത്യനാള്‍ വരേക്കുമുള്ള ദൈവദൂതനായിട്ടാണദ്ദേഹം നിയോഗിക്കപ്പെട്ടത്. മുഹമ്മദ് നബിയെപ്പറ്റി ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: 'മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നിന്നെ നാം നിയോഗിച്ചിട്ടുള്ളത്.' (34:28) അദ്ദേഹത്തിനവതരിച്ച വേദമായ ഖുര്‍ആനും അതിന്റെ പ്രായോഗിക വ്യാഖ്യാനമായി അദ്ദേഹം കാഴ്ചവെച്ച ജീവിതചര്യയും വിസ്മൃതമാവുകയോ വികലമാവുകയോ ചെയ്യാതെ ലോകാവസാനംവരെ നിലനില്‍ക്കുന്നതാണ്. അത് തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കാനും പ്രചരിപ്പിക്കാനുമുള്ള ബാധ്യത അദ്ദേഹത്തിന്റെ അനുയായികളില്‍ ചുമത്തപ്പെട്ടിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിനുശേഷം പ്രവാചകന്‍മാര്‍ വരുന്നതല്ല. ഖുര്‍ആനിലെ 33ാം അധ്യായത്തിലെ 40ാം സൂക്തത്തില്‍ ദൈവം അത് വ്യക്തമാക്കി, 'ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്‍മാരിലാരുടേയും പിതാവല്ല. പ്രത്യുത, അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അന്തിമനുമാകുന്നു.'' മലക്കുകള്‍ അല്ലാഹുവിന്റെ വിശിഷ്ട സൃഷ്ടിവര്‍ഗ്ഗങ്ങളിലൊന്നാണ് മലക്ക്. പ്രപഞ്ചത്തെ അഭംഗുരം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് മലക്കുകളുടെ മുഖ്യദൗത്യം. ഋതുഭേദങ്ങള്‍, ജനിമൃതികള്‍ തുടങ്ങി ചരാചരങ്ങളിലുണ്ടാകുന്ന സകലമാന ചലനങ്ങളും പരിണാമങ്ങളും ദൈവേച്ഛയനുസരിച്ച് ഉളവാക്കികൊണ്ടിരിക്കുന്നത് മലക്കുകളാണ്. മനുഷ്യരില്‍ നിന്നും അല്ലാഹു തന്റെ ദൂതരായി തെരഞ്ഞെടുക്കുന്ന പ്രവാചകന്‍മാര്‍ക്ക് ദിവ്യബോധനംവെളിപാടുകള്‍എത്തിച്ചുകൊടുക്കുന്നതും മലക്കുകള്‍ തന്നെ. ജിബ്‌രീല്‍ (ഗബ്രിയേല്‍) എന്ന മലക്കാണ് മുഹമ്മദ് നബിക്ക് ദൈവിക സന്ദേശങ്ങള്‍ എത്തിച്ചിരുന്നത്. മലക്കുകള്‍ പാപേച്ഛകളില്‍നിന്നും ദൈവധിക്കാരത്തില്‍നിന്നും പരിശുദ്ധരായ സൃഷ്ടികളാകുന്നു. അവര്‍ സദാ ദൈവാജ്ഞകളനുസരിക്കുകയും അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിഞ്ഞോ അറിയാതെയോ അവരില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കുന്നില്ല. മലക്കുകളില്‍ വിശ്വസിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. ഹൈന്ദവ-യവന ഇതിഹാസങ്ങളില്‍ ദേവന്‍മാരായി സങ്കല്‍പ്പിക്കപ്പെടുന്നത് മലക്കുകളെയാണ്. ദേവന്‍മാര്‍ ദൈവത്തിന്റെ ബന്ധുക്കളോ സഹായികളോ സ്വതന്ത്രമായ അധികാരങ്ങളും കഴിവുകളുമുള്ള ഉപദൈവങ്ങളോ ആണെന്നാണ് അവരുടെ സങ്കല്‍പം. ഇസ്ലാമിനു മുമ്പ് വിഗ്രഹാരാധകരായ അറബികള്‍ മലക്കുകളെ ദൈവത്തിന്റെ പെണ്‍മക്കളായിട്ടാണ് കരുതിയിരുന്നത്. മലക്കുകള്‍ക്ക് മനുഷ്യരുടെ ഭാഗധേയം നിശ്ചയിക്കാനും ആഗ്രഹങ്ങള്‍ സഫലീകരിക്കാനും ആപത്തുകളകറ്റാനുമുള്ള കഴിവുണ്ടെന്ന് വിശ്വസിച്ച് അവര്‍ മലക്കുകളെ ആരാധിക്കുകയും നേര്‍ച്ചവഴിപാടുകളര്‍പ്പിക്കുകയും ചെയ്തിരുന്നു. ദൈവപുത്രിമാരെ പ്രീതിപ്പെടുത്തുന്നതിലൂടെ ദൈവവുമായി സമ്പര്‍ക്കം സ്ഥാപിക്കാമന്നും പുരാതന അറബികള്‍വിശ്വസിച്ചു. ഇസ്‌ലാം ഇത്തരം സങ്കല്‍പങ്ങളെ പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കുകള്‍ മറ്റെല്ലാ സൃഷ്ടികളുമെന്നപോലെ അവന്റെ അടിമകള്‍ തന്നെയാകുന്നു. അവര്‍ക്ക് ദൈവത്തിന്റെ കഴിവുകളിലോ അവകാശാധികാരങ്ങളിലോ യാതൊരു പങ്കുമില്ല. ദൈവത്തിന്റെ ആജ്ഞകളനുസരിക്കുന്നതില്‍നിന്ന് കടുകിട വ്യതിചലിക്കാന്‍ അവര്‍ക്കാവുകയുമില്ല. സ്വതന്ത്രമായി തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുക മലക്കുകളുടെ പ്രകൃതിയേയല്ല. മലക്കുകള്‍ ദൈവത്തിന്റെ പെണ്‍മക്കളും ദിവ്യശക്തിയുള്ള ആരാധ്യരുമാണെന്ന സങ്കല്‍പ്പത്തെ നിഷേധിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. 'കരുണാമയനായ ദൈവം സന്തതികളെ സ്വീകരിച്ചിട്ടുള്ളതായി അവര്‍ ഘോഷിക്കുന്നു. ഇല്ല, അവര്‍ മലക്കുകള്‍ ആദരണീയരായ ദൈവദാസന്‍മാരാകുന്നു.'' (21: 26) 'പരമകാരുണികന്റെ അടിമകളായ മലക്കുകളെ അവര്‍ സ്ത്രീകളായി സങ്കല്‍പ്പിക്കന്നു. അവരെ സ്ത്രീകളായി സൃഷ്ടിച്ചതിന് ഇവര്‍ സാക്ഷികളാണോ?'' (43: 19) ഓരോ മനുഷ്യന്റെയും കൂടെ അവന്റെ ഓരോ കര്‍മങ്ങളും രേഖപ്പെടുത്തുന്ന മലക്കുണ്ട്. വിചാരണാനാളില്‍ ആ മലക്ക് ഈ കര്‍മരേഖകള്‍ ദൈവസമക്ഷം സമര്‍പ്പിക്കുന്നു. ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: 'മനുഷ്യന്‍ ഒരു വാക്ക് ഉച്ചരിക്കുകപോലും ചെയ്യുന്നില്ല; അത് നിരീക്ഷിക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്ന മലക്ക് കൂടെയില്ലാതെ.'' (58: 18) 'നിങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന ആദരണീയരായ എഴുത്തുകാര്‍. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അല്ലാഹു അറിയുന്നു.'' (87: 1012) മലക്കുകള്‍ അതിഭൗതിക സൃഷ്ടികളാണ്. അതുകൊണ്ട് മനുഷ്യര്‍ക്ക് അവര്‍ അദൃശ്യരാകുന്നു. അവരുടെ സത്തയെന്ത്, രൂപമെന്ത് എന്നൊന്നും വേദങ്ങളില്‍ പറയുന്നതിനപ്പുറം മനുഷ്യര്‍ക്ക് മനസ്സിലാക്കാനാവില്ല. ഖുര്‍ആനാകട്ടെ അതൊന്നും വിശദീകരിച്ചിട്ടുമില്ല. മലക്കുകള്‍ ദൈവത്തിന്റെ സൃഷ്ടികളാണ്, അടിമകളാണ്, ആദരണീയരായ ആജ്ഞാനുവര്‍ത്തികളാണ്, പരിശുദ്ധരാണ് ഇത്രയേ വേദത്തില്‍നിന്ന് വ്യക്തമാകുന്നുള്ളൂ. വേദങ്ങള്‍ മാനവമാര്‍ഗദര്‍ശനാര്‍ഥം നിയുക്തരായ ദൈവദൂതന്‍മാരിലൂടെ ലഭിച്ച സന്‍മാര്‍ഗപ്രമാണങ്ങളാകുന്നു വേദങ്ങള്‍. ദൈവം ഈ പ്രമാണങ്ങള്‍ മലക്കുകള്‍ മുഖേന ദൈവദൂതന്‍മാരെ പഠിപ്പിക്കുന്നു. ദൈവദൂതന്‍മാര്‍ ജനങ്ങളെ പഠിപ്പിക്കുന്നു. അവരത് ഹൃദിസ്ഥമാക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്നു. നിരവധി ദൈവദൂതനമാര്‍ക്ക് വേദം ലഭിച്ചിട്ടുണ്ട്. 'സാര്‍ഗസുവിശേഷകരും ദുര്‍മാര്‍ഗത്തിനെതിരെ താക്കീതുകാരുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചുകൊണ്ടിരുന്നു. സത്യത്തെക്കുറിച്ച് മനുഷ്യര്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നിപ്പുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു കൊണ്ടിരുന്നു.'' (ഖുര്‍ആന്‍ 2: 213) ദൈവവും മനുഷ്യനുമാണ് എല്ലാ വേദങ്ങളുടേയും പ്രമേയം. മനുഷ്യന്‍ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു, അവന്റെ ജീവിതധര്‍മമെന്ത്, അത് പൂര്‍ത്തീകരിക്കേണ്ടതെങ്ങനെ, ധര്‍മപാലനത്തിന്റെ ഗുണമെന്ത്, ധര്‍മലംഘനത്തിന്റെ ഭവിഷ്യത്തെന്ത്, സത്യവും നീതിയുമെന്താണ്, അവ സാക്ഷാത്കരിക്കേണ്ടതെങ്ങനെയാണ്, ആരാണ് ദൈവം, അവനും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ത്...തുടങ്ങി മനുഷ്യ ജീവിതത്തിന്റെ മൗലിക പ്രധാനമായ പ്രശ്‌നങ്ങളെല്ലാം വേദങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ജീവിതമൂല്യങ്ങളുടെ അടിസ്ഥാന സ്രോതസ്സാണ് വേദം. ദൈവത്തില്‍നിന്നിറക്കപ്പെട്ട എല്ലാവേദങ്ങളിലും വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. ഇബ്‌റാഹിം, മൂസാ, ദാവൂദ്, ഈസാ തുടങ്ങിയവര്‍ മുഹമ്മദ് നബിക്ക് മുമ്പ് വേദം ലഭിച്ച പ്രവാചകന്‍മാരില്‍ പ്രമുഖരാണ്. മൂസാ പ്രവാചകന് ലഭിച്ച വേദത്തെ തൗറാത്ത് എന്നും ഈസാ പ്രവാചകന് ലഭിച്ച വേദത്തെ ഇഞ്ചീല്‍ എന്നും ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അറബികള്‍ക്ക് അപരിചിതമായ സെമിറ്റിക്കേതര വേദങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ഇന്ത്യയിലും ചൈനയിലും ഇറാനിലുമെല്ലാം വേദങ്ങളിറങ്ങിയിട്ടുണ്ട് എന്ന ധാരണയെ ശരിവെക്കുന്നുണ്ട്. പൂര്‍വ വേദങ്ങളില്‍ ചിലത് ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെട്ടിരിക്കുന്നു. നിലനില്‍ക്കുന്ന വേദങ്ങള്‍തന്നെ മനുഷ്യകൈകടത്തലുകള്‍ക്ക് വിധേയമായതായും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. എല്ലാ സത്യവേദങ്ങളുടെയും മൗലികസന്ദേശം ഒന്നുതന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ (98:4,5) വ്യക്തമാക്കിയിരിക്കുന്നു. കാലത്തിന്റെയും ദേശത്തിന്റെയും ഭാഷയുടേയും വൈവിധ്യം വിശദാംശങ്ങളില്‍ ആവശ്യപ്പെടുന്ന വ്യത്യാസങ്ങളേ അവ തമ്മില്‍ ഉണ്ടായിരിന്നുള്ളൂ. വേദങ്ങള്‍ക്കിടയില്‍ ഇതിലപ്പുറമുള്ള വൈരുധ്യങ്ങള്‍ കാണപ്പെടുന്നുവെങ്കില്‍ അത് വേദവാഹകരുടെ കൈകളിലൂടെ വന്നുചേര്‍ന്നതാണ്. തൗറാത്തിനെയും ഇഞ്ചീലിനെയും (ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇവയിലെ ചിലഭാഗങ്ങളുണ്ട്) വേദങ്ങളായി ഖുര്‍ആന്‍ അംഗീകരിക്കുന്നു. ആ വേദങ്ങള്‍ അവതരിപ്പിച്ച പ്രവചനങ്ങളുടെ സാക്ഷാത്കാരമാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും അന്തിമവേദമായ ഖുര്‍ആന്റെയും ആഗമനമെന്നും ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. എല്ലാ വേദങ്ങളുടേയുംസന്‍മാര്‍ഗ പ്രമാണങ്ങളുടേയും സമാപനസമുച്ഛയമാണ് ഖുര്‍ആന്‍. വേദത്തിന്റെ ഏറ്റവും ഒടുവിലത്തേയും ആധികാരികവുമായ പതിപ്പ്. ഭാഷകളും ദേശങ്ങളും പരസ്പരസമ്പര്‍ക്കത്തിലേര്‍പ്പെടുകയും ജീവിതസംസ്‌കാരങ്ങളും ദര്‍ശനങ്ങളും തമ്മില്‍ ആഗോളാടിസ്ഥാനത്തില്‍ വിനിമയമാരംഭിക്കുകയും ചെയ്ത ചരിത്രസന്ധിയില്‍ അവതരിച്ച ഖുര്‍ആന്‍ മനുഷ്യരാശിക്കാകമാനമുള്ളതാണ്. ദൈവം പ്രവാചകനോട് പറയുന്നു. 'ഈ ഉപദേശം നാം നിനക്കവതരിപ്പിക്കുന്നത് മനുഷ്യവര്‍ഗത്തിനുവേണ്ടിയുള്ള സന്‍മാര്‍ഗപാഠങ്ങള്‍ നീ അവര്‍ക്ക് വിശദീകരിച്ച് കൊടുക്കാനാണ്. ''(ഖുര്‍ആന്‍ 16: 44) ഖുര്‍ആനിനെ ഭേദഗതിക്കും വിസ്മൃതിക്കും നഷ്ടത്തിനും അതീതമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദൈവം നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. ഖുര്‍ആനിലൂടെ ദൈവം അറിയിക്കുന്നു: 'ഇത് സുരക്ഷിത ഫലകങ്ങളില്‍ സൂക്ഷിക്കപ്പെട്ട മഹത്തായ ഖുര്‍ആന്‍ ആകുന്നു.'' (85: 21, 22) 'നാമാകുന്നു ഈ വേദം അവതരിപ്പിച്ചിട്ടുള്ളത്. നാം തന്നെ അതിനെ സംരക്ഷിക്കുന്നതാകുന്നു.'' (15:9) കഴിഞ്ഞ ഒന്നര സഹസ്രാബ്ദമായി നേരിയ വ്യത്യാസം പോലുമില്ലാതെ ഖുര്‍ആന്‍ അതിന്റെ മൗലികവിശുദ്ധിയോടെയും തനിമയോടെയും നിലനില്‍ക്കുന്നത് ഈ ദൈവികവചനത്തിന്റെ സാഫല്യമാകുന്നു. കാലവും ദേശവും സാഹചര്യവുമൊക്കെ എത്ര മാറിയാലും ശരി ഖുര്‍ആന്റെ അക്ഷരങ്ങള്‍ക്ക് മാത്രമല്ല ആശയങ്ങള്‍ക്കും യാതൊരു മങ്ങലും ഏല്‍ക്കുന്നില്ല. അതിനാല്‍ ഖുര്‍ആനുശേഷം പുതിയൊരു വേദം ആവശ്യമില്ലാതായിരിക്കുന്നു. മുഹമ്മദ്‌നബിക്കുശേഷം എല്ലാ തലമുറകളും സത്യത്തിന്റെയും ധര്‍മത്തിന്റെയും ദൈവികപ്രമാണമായി സ്വീകരിക്കേണ്ടത് ഖുര്‍ആനെയാണ്. പതിനഞ്ച് നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം തങ്ങളുടെ ധര്‍മശാസ്ത്രത്തിന്റെയും നിയമവ്യവസ്ഥകളുടേയും അടിസ്ഥാന സ്രോതസ്സായി അംഗീകരിക്കുന്നതും അനുസരിക്കുന്നതും ഖുര്‍ആനെയാണ്. നിലവിലുള്ള മിക്ക വേദങ്ങളുടേയും മൂലഭാഷ മൃതമായിരിക്കുന്നു. എന്നാല്‍ ഖുര്‍ആനിന്റെ ഭാഷ വലിയൊരു ജനസമൂഹത്തിന്റെ സംസാരഭാഷയായി ഇന്നും സജീവമായി നിലനില്‍ക്കുന്നു. അതിനാല്‍ ഖുര്‍ആന്‍ അതിന്റെ മൂലഭാഷയില്‍തന്നെ ഇപ്പോഴും വായിക്കപ്പെട്ടുകൊണ്ടും പഠിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. പ്രവാചകന്‍മാരുടേയും പുരോഹിതന്‍മാരുടേയും വചനങ്ങളും വേദപണ്ഢിതന്‍മാരുടെ വ്യാഖ്യാനങ്ങളും കൂടിക്കലരാതെ ശുദ്ധ ദൈവവചനങ്ങളുടെ സമാഹാരമായി നിലനില്‍ക്കുന്നുവെന്നതും ഖുര്‍ആനിനെ ഇതര വേദങ്ങളില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്ന സവിശേഷതയാണ്. ഖുര്‍ആന്‍ സംബോധന ചെയ്യുന്നത് മുഴുവന്‍ മനുഷ്യരെയുമാണ്. ഏതെങ്കിലും വംശത്തേയോ ദേശത്തേയൊ അല്ല എന്നതും അതിന്റെ മാത്രം പ്രത്യേകതയാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത ആശയങ്ങളോ അന്ധവിശ്വാസങ്ങളോ അന്യായമായ നിയമങ്ങളോ സഭ്യേതരമായ ആഖ്യാനങ്ങളോ ഖുര്‍ആനില്‍ കാണപ്പെടുകയില്ല. പൂര്‍വവേദങ്ങളില്‍ കടന്നുകൂടിയ അത്തരം സംഗതികളെ തിരുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതിലെ തത്വങ്ങളും നിയമങ്ങളുമെല്ലാം സയുക്തികവും സംസ്‌കൃതവും സത്യസന്ധവും നീതിപൂര്‍വകവും എക്കാലത്തും അനുകരണീയവുമാകുന്നു. മുഴു ജീവിത മേഖലയിലും മാനവരാശിക്ക് മാര്‍ഗദര്‍ശകവും.
മുഹമ്മദ്‌നബി സാധിച്ചവിപ്ലവം
ഓരോ മതക്കാരും ഓരോ ജനവിഭാഗവും അവരവരുടെ ആചാര്യന്മാരെയും നേതാക്കന്മാരെയും അതിശയോക്തി കലര്‍ത്തി ഉയര്‍ത്തിക്കാട്ടാറുണ്ട്. നിറക്കൂട്ടുള്ള ചായങ്ങളില്‍ കൊത്തിയെടുത്ത ഇത്തരം വിഗ്രഹശില്‍പങ്ങള്‍ സാധാരണക്കാരന്റെ വീരാരാധനാമനസ്സിനെ തൃപ്തിപ്പെടുത്താനും ഭക്തജനങ്ങളില്‍ വികാരാവേശം വളര്‍ത്താനും ആവശ്യമായിരിക്കാം. സത്യസന്ധമോ വൈചാരികമോ അല്ലാത്ത ഈ സാമാന്യരീതിയില്‍ നിന്ന് ഭിന്നമായി മഹദ്‌വ്യക്തിത്വങ്ങളെ വിലയിരുത്തുന്നേടത്ത് മാത്രമേ മാനുഷ്യകത്തിന് അനുകരണീയമായ ജീവിത മാതൃകകള്‍ ഉരുത്തിരിഞ്ഞു വരികയുള്ളൂ. ദൈവത്തിന്റെ സന്ദേശവാഹകരായ പ്രവാചകന്മാര്‍പോലും ഇതിന്നപവാദമാകേണ്ടതില്ല. ഇന്ന് ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെടുന്നതും അവര്‍ തന്നെയാണല്ലോ! നബിമാരുടെ 'മദ്ഹ്' പറയുന്നവരും 'പൈശാചികവചനങ്ങള്‍'എഴുതുന്നവരും കുറവല്ല. എന്നാല്‍ അവര്‍ ആരായിരുന്നുവെന്നും അവര്‍ സാധിച്ച വിപ്ലവം എന്തായിരുന്നുവെന്നും വസ്തുനിഷ്ഠമായി കണ്ടെത്തുവാനുള്ള ശ്രമം നടക്കുന്നില്ല. ഒരു മാതൃകയെന്ന നിലയില്‍ മുഹമ്മദ്‌നബി സാധിച്ച വിപ്ലവത്തിന്റെ ചില വശങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ. ഏകമാനവികത: മനുഷ്യസമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോദരസഹോദരങ്ങളായും കണ്ട് എല്ലാ മനുഷ്യര്‍ക്കുംവേണ്ടി സംസാരിച്ച ആദ്യ വിപ്ലവകാരി (അവസാനത്തെയും) മുഹമ്മദ്‌നബിയാണ്. അതുവരെയുള്ള, ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ തത്ത്വത്തില്‍ മനുഷ്യരാശിക്കു പൊതുവായുള്ളതുതന്നെയെങ്കിലും അതതുകാലത്തെ നാഗരികവും ഭൂമിശാസ്ത്രപരവും മറ്റുമായ പരിമിതികളാല്‍ ഫലത്തില്‍ സ്വന്തം ജനതയ്ക്കും നാട്ടുകാര്‍ക്കും മാത്രമേ ബാധകമായിരുന്നുള്ളൂ. അതായിരുന്നു പ്രായോഗികവും. എന്നാല്‍ മുഹമ്മദ്‌നബിക്ക് അവതരിച്ച പ്രഥമദിവ്യബോധനംതന്നെ'മനുഷ്യ'നെയാണ് പരാമര്‍ശിക്കുന്നത്. (ഖുര്‍ആന്‍.അദ്ധ്യായം:96) നബി കൊണ്ടുവന്ന ഗ്രന്ഥത്തിന്റെ പ്രാരംഭം (ഫാത്തിഹ) തന്നെ സര്‍വ്വലോകങ്ങളുടെ നാഥനും കരുണാമയനുമായ ദൈവത്തിനുള്ള കൃതജ്ഞതയോടുകൂടിയാണ്. തിരുനബിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് അറബികളുടെ നബിയെ ന്നോ മുസ്‌ലിംകളുടെ നബിയെന്നോ അല്ല, ലോകാനുഗ്രഹിയായ പ്രവാചകനെന്നാണ്. മനുഷ്യനാണ് ഖുര്‍ആനിന്റെ ഇതിവൃത്തം. മനുഷ്യനോടാണ് ഖുര്‍ആന്റെ സംബോധന. മാനവതയുടെ വിമോചകനാണ് പ്രവാചകന്‍. അതുകൊണ്ടുതന്നെ, എല്ലാ തരത്തിലും തലത്തിലുമുള്ള മനുഷ്യര്‍, ജാതി-മത, വര്‍ണ-വര്‍ഗ, ദേശ-ഭാഷാ വ്യത്യാസമില്ലാതെ പ്രവാചകന്റെ പ്രബോധനത്തില്‍ ആകൃഷ്ടരായത് തികച്ചും സ്വാഭാവികമായിരുന്നു. ക്രൈസ്തവനായ റോമാക്കാരന്‍ സുഹൈബ്, അഗ്നിയാരാധകനായ പേര്‍ഷ്യക്കാരന്‍ സല്‍മാന്‍, ആഫ്രിക്കയിലെ തൊലി കറുത്ത നീഗ്രോ അടിമ ബിലാല്‍, ഉന്നതകുലജാതരായ അബൂബക്കര്‍, ഉമര്‍, പണക്കാരായ ഉസ്മാന്‍, അബ്ദുറഹ്മാനുബ്‌നുഔഫ്, പാവപ്പെട്ടവരായ അബൂദര്‍റ്, അബൂഹുറയ്‌റ, ചെറുപ്പക്കാരനായ അലി, വനിതാ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഖദീജ, മക്കക്കാരായ മുഹാജിറുകള്‍, മദീനക്കാരായ അന്‍സ്വാറുകള്‍, ശത്രുഗോത്രങ്ങളായ ഔസ്, ഖസ്‌റജ്-അങ്ങനെ ജീവിതത്തിന്റെ എല്ലാ ഭാവവൈവിധ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ പ്രവാചകന്റെ കാലത്തുതന്നെ ഇസ്‌ലാമികദര്‍ശനത്തിന്റെ സാര്‍വ്വലൗകികതയുടെ സമതലത്തില്‍ തോളുരുമ്മി നില്‍ക്കുന്നതായി നാം കാണുന്നു. പ്രവാചകവിപ്ലവത്തിന്റെ മാനവികതയെ അടിവരയിടുന്ന ഈ ചേതോഹരമായ ചിത്രം ഏത് സംശയാലുവിനെയും വിസ്മയിപ്പിക്കുന്ന ചരിത്രയാഥാര്‍ത്ഥ്യമത്രെ. മുഹമ്മദ്‌നബിക്ക് ശേഷമാകട്ടെ, ലോകം മഹാവിപ്ലവകാരികളെന്ന് വാഴ്ത്തുന്നവരെല്ലാംതന്നെ മനുഷ്യനുവേണ്ടി മനുഷ്യനെ സംബോധന ചെയ്തവരായിരുന്നില്ലായെന്നതാണ് സത്യം. ന്യൂനപക്ഷ-ഭൂരിപക്ഷങ്ങളെയോ തൊഴിലാളി-മുതലാളി വര്‍ഗങ്ങളെയോ കിഴക്ക്-പടിഞ്ഞാറ് ദിക്കുകളെയോ വെളുപ്പ്-കറുപ്പ് വര്‍ണങ്ങളെയോ സ്വന്തം ദേശ-ഭാഷകളെയോ ആണ്, മനുഷ്യനെയല്ലാ അവര്‍ കണ്ടത്. സാക്ഷാല്‍ കാറല്‍മാര്‍ക്‌സ് പോലും കവിഞ്ഞാല്‍ ഒരു സാമ്പത്തിക വര്‍ഗത്തിന്റെ നേതാവേ ആകുന്നുള്ളൂ. അവിടെയാണ് പ്രവാചകവിപ്ലവത്തിന്റെ തനിമയും പുതുമയും! സമഗ്രത,സമ്പൂര്‍ണത: മുഹമ്മദ്‌നബി സാധിച്ച വിപ്ലവത്തിന്റെ രണ്ടാമത്തെ സവിശേഷത എല്ലാ തുറകളെയും അതുള്‍ക്കൊള്ളുന്നു.എന്നതാണ് മനുഷ്യന്റെ ഉള്ളും പുറവും പാടെ മാറ്റി, പുതിയൊരു മനുഷ്യനാക്കുകയായിരുന്നു പ്രവാചകന്‍. ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച കാട്ടറബിയെ ഭരണകൂടത്തിന്റെ ചെങ്കോലേന്തിക്കുക മാത്രമല്ല നബി ചെയ്തത്; മദ്യലഹരിയിലും മദാലസകളിലും മതിമറന്ന അപരിഷ്‌കൃത മനുഷ്യനെ ജീവിതവിശുദ്ധിയുടെ ഉത്തുംഗശ്രേണിയിലേക്കുയര്‍ത്തുകകൂടി ചെയ്തു ആ മഹാപരിഷ്‌കര്‍ത്താവ്. പ്രവാചകശിഷ്യന്മാരെക്കുറിച്ച് പ്രതിയോഗികള്‍ നടത്തിയ ഒരു വിലയിരുത്തല്‍ ഇവിടെ ശ്രദ്ധേയ മാണ്.'പകല്‍ പടയാളികള്‍, പാതിരാവില്‍ പ്രാര്‍ത്ഥനാനിരതര്‍'എന്നായിരുന്നു മുസ്‌ലിം ജവാന്മാര്‍ക്ക് അവര്‍ നല്‍കിയ സാക്ഷ്യപത്രം. അല്ലാമാ ഇഖ്ബാല്‍ തന്റെ 'പൂര്‍ണമനുഷ്യനെ'ഇവരില്‍ കണ്ടെത്തിയതില്‍ അത്ഭുതമില്ല. തീ തുപ്പുന്ന മഹാവിപ്ലവകാരികള്‍, സ്വകാര്യജീവിതമെന്ന് സൗകര്യപൂര്‍വ്വം ഒഴിച്ചുനിര്‍ത്തുന്ന ജീവിതത്തിന്റെ രഹസ്യമേഖലകള്‍പോലും പ്രവാചകന്റെ പരിഷ്‌കരണ വരുതിക്ക് പുറത്തായിരുന്നില്ല.അതുകൊണ്ട് തന്നെ നബിയുടെ മാതൃകാജീവിതത്തിന്റെ എല്ലാ ഉള്ളറകളും അനുയായികള്‍ക്ക് പഠനവിഷയമായിരുന്നു. ഏത് അന്ധനും വായിക്കാവുന്ന തുറന്ന ഗ്രന്ഥമായിരുന്നു പ്രവാചകജീവിതം. മധ്യമാര്‍ഗം: ജീവിതത്തിന്റെ ഭിന്ന ഭാവങ്ങളെയും വിരുദ്ധ താല്‍പ്പര്യങ്ങളെയും തികച്ചും സന്തുലിതമായ ഒരു മധ്യമാര്‍ഗത്തില്‍ സമന്വയിപ്പിച്ചുവെന്നതാണ് വിപ്ലവത്തിന്റെ വിസ്മയജനകമായ മൂന്നാമത്തെ സവിശേഷത. വ്യക്തി-സമൂഹം, നിയമം-ധര്‍മം, ആത്മാവ്-പദാര്‍ത്ഥം, ഇഹലോകം-പരലോകം, മതം-രാഷ്ട്രം, ആരാധന-ആയോധനം, സ്വാര്‍ത്ഥം-പരാര്‍ത്ഥം, അവകാശം-ബാധ്യത, സ്ത്രീ-പുരുഷന്‍, പ്രാചി-പ്രതീചി എന്നീ വൈവിധ്യങ്ങള്‍ക്കെല്ലാം അനുയോജ്യവും നീതിയുക്തവുമായ ഒരു സമന്വയമാണ് പ്രവാചകന്‍ കണ്ടെത്തിയത്. ആ സന്തുലിത ജീവിത മാര്‍ഗത്തെയാണ് വിശുദ്ധഖുര്‍ആന്‍ മധ്യമാര്‍ഗമെന്ന് വിശേഷിപ്പിച്ചത്. മനുഷ്യന്‍ദൈവത്തിന്റെപ്രതിനിധി:നബിയുടെ വിപ്ലവദര്‍ശനത്തിന്റെ നാലാമത്തെ സവിശേഷത, മനുഷ്യന് തന്റെ സ്ഥാനവും നിലപാടും കണിശമായി നിര്‍ണയിച്ചുകൊടുത്തുവെന്നതാണ്. ദൈവത്തിന്റെ ദാസന്‍, ഭൂതലത്തില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് ആ നിലപാട്. മനുഷ്യന്‍ എന്തുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ദൈവഹിതം മാനിച്ചു മാത്രമാകണം. സൃഷ്ടികള്‍ക്ക് പാടുള്ളതും ഇല്ലാത്തതും പറയേണ്ടത് സൃഷ്ടികര്‍ത്താവാണ്. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ നിയമം അതാണ് ശരി. ആ വലിയ ശരിയെ പിന്‍പറ്റി മാത്രം ജീവിക്കുവാന്‍ മനുഷ്യന്‍ ജന്മനാ ബാധ്യസ്ഥനും പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ ദൈവഹിതമാകുന്ന നിയന്ത്രണരേഖയുടെ വിശാലമായ നാഴികക്കുറ്റികള്‍ക്കു നടുവില്‍ ഒട്ടേറെ സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയില്‍, ഭൂതലമാകുന്ന ദൈവിക സാമ്രാജ്യത്തിലെ സ്വയംഭരണാധികാരമുള്ള അസ്തിത്വമാണ് മനുഷ്യന്‍. അടിമത്തത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാവങ്ങള്‍ പ്രാതിനിധ്യമെന്ന സംഗമബിന്ദുവില്‍ സന്ധിക്കുന്നേടത്ത് മനുഷ്യന്‍ അവനെത്തന്നെ തിരിച്ചറിയുന്നു.'മനുഷ്യന്‍ തന്നെ കണ്ടെത്തുമ്പോള്‍ തന്റെ സൃഷ്ടികര്‍ത്താവിനെ കണ്ടെത്തുന്നു' വിമോചനത്തിന്റെ ദൈവമാര്‍ഗം: ഭാരം ചുമക്കുന്നവന് അത്താണിയായും പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയുന്ന വിമോചകനായുമാണ് വിശുദ്ധ ഖുര്‍ആന്‍ പ്രവാചകനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിമോചനത്തിന് തെരഞ്ഞെടുത്ത പാതയുടെ വ്യത്യസ്തതയാണ് പ്രവാചകവിപ്ലവത്തിന്റെ അഞ്ചാമത്തെ സവിശേഷത. മര്‍ദ്ദകനെതിരെ മര്‍ദ്ദിതനെ സംഘടിപ്പിച്ച് സമരോത്സുകനാക്കുകയായിരുന്നില്ല പ്രവാചകന്റെ രീതി. മര്‍ദ്ദകനെ ശക്തിയായി സംബോധന ചെയ്തുകൊണ്ട് അവനില്‍ മൗലികമായി മാറ്റമുണ്ടാക്കുകയായിരുന്നു പ്രവാചകന്‍. മര്‍ദ്ദകനോട് അവിടുന്ന് ദയയും നീതിയും യാചിക്കുകയായിരുന്നില്ല, ദൈവത്തിന്റെ പേരില്‍ ശക്തിയുക്തം ശാസിക്കുകയും ഗുണദോഷിക്കുകയും ഭയാനകമായ ഭവിഷ്യത്തിനെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് അവനെ അടിമുടി പിടിച്ചുകുലുക്കുകയും അവനിലെ മനുഷ്യനെ ഉയിര്‍ത്തെഴുന്നേല്പിക്കുകയുമാണ് ചെയ്തത്. നൂതനമായ ഈ വിമോചനപാത അപ്രായോഗികമോ അവിശ്വസനീയമോ ആയി തോന്നാമെങ്കിലും സംഭവിച്ചത് അതാണ്. അറേബ്യയിലെ ഗോത്ര മഹത്ത്വബോധം അവസാനിപ്പിച്ചത്, ധനികന്റെ ധനത്തില്‍ ദരിദ്രന് ഓഹരി നിശ്ചയിച്ചത്, അടിമ മോചനത്തിന് ആക്കംകൂട്ടിയത്, സ്ത്രീക്ക് സ്വത്തിലും കുടുംബത്തിലും അവകാശം നിര്‍ണയിച്ചത്, ബഹുഭാര്യത്വം നിയന്ത്രിച്ചത്, അടിമയായ സൈദിനെക്കൊണ്ട് തറവാട്ടുകാരിയായ സൈനബയെ കല്യാണം കഴിപ്പിച്ചത്, സൈദിന്റെ മകന്‍ ഉസാമയെ സര്‍വ്വസൈന്യാധിപനായി നിയമിച്ചത് അങ്ങനെ നൂറ്‌നൂറ് സംഭവങ്ങള്‍ ആ ചരിത്രസത്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഏറ്റവുമൊടുവില്‍, മക്കാ വിജയത്തിന്റെ ചരിത്രമുഹൂര്‍ത്തത്തില്‍ ബിലാലെന്ന നീഗ്രോയുവാവിലൂടെ കഅ്ബയുടെ ഉത്തുംഗ ഗോപുരത്തില്‍ വിജയത്തിന്റെ ബാങ്കൊലി മുഴങ്ങിയേടത്ത് ആ നൂതന വിപ്ലവം അതിന്റെ ക്ലൈമാക്‌സില്‍ എത്തിനില്‍ക്കുന്നതായി നാം കാണുന്നു. വിപ്ലവം ആരുടെ?: മുഹമ്മദ്‌നബി സാധിച്ച മഹാ വിപ്ലവത്തിന്റെ ഏറ്റവും മൗലികമായ സവിശേഷത ആ വിപ്ലവത്തിന്നാധാരമായ ജീവിതദര്‍ശനം നബിയുടേതായിരുന്നില്ല, അതിനായി നബിയെ നിയോഗിച്ചയച്ച അല്ലാഹുവിന്റേതായിരുന്നുവെന്നതാണ്.നബി നബിയാകുന്നതും അതുകൊണ്ടുതന്നെ. അബ്ദുല്ലായുടെ മകന്‍ മുഹമ്മദിന് 40 വയസ്സുവരെ സാധിക്കാത്തത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് 40-ാം വയസ്സില്‍ സാധിച്ചതും അതുകൊണ്ടാണ്. അതാണ് ഇസ്‌ലാം, അതാണ് പ്രവാചകന്‍. 'അദ്ദേഹം സ്വേഛപ്രകാരം സംസാരിക്കുന്നില്ല. അത് ദിവ്യബോധനം മാത്രമാണ്.' (ഖുര്‍ആന്‍:53:3,4) 'അങ്ങനെ നാം നിങ്ങളെ ഒരു മധ്യമസമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാന്‍; പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും.' (ഖുര്‍ആന്‍ : 2:143) '...........അദ്ദേഹം അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരം ഇറക്കിവെക്കുകയും അവരെ വരിഞ്ഞു മുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്നു.' (ഖുര്‍ആന്‍:7:157)
ഇതാണ് ഗ്രന്ഥം!
ഖുര്‍ആന്‍ - വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും വഴങ്ങാത്ത വിസ്മയം. 'ഖുര്‍ആന്‍ ഒരു അത്ഭുതമാണ്; അത്ഭുതങ്ങളുടെ അത്ഭുതം' റോയ്സ്റ്റന്‍പൈകിന്റെ വാക്കുകളില്‍ ഈ നിസ്സഹായത പ്രകടമാണ്. ത്വാഹാ ഹുസൈനും അതുതന്നെയാണ് പറഞ്ഞത്- 'ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രം' മനുഷ്യനെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവം അന്ത്യപ്രവാചകന്‍ വഴി ലോകത്തിന് നല്‍കിയ സന്ദേശമാണത്. ആശയസമ്പന്നതയിലും ഭാഷാസൗന്ദര്യത്തിലും എല്ലാ ഗ്രന്ഥങ്ങളെയും അത് അതിശയിക്കുന്നു. ദൈവം വെളിപ്പെടുത്തിയ വെള്ളിവെളിച്ചമാണത്. ഇരുട്ടിനെ കീറിമുറിച്ച് നാഗരികതകളെ തേജോമയമാക്കുന്ന പ്രകാശഗോപുരം. ദര്‍ശനവും ശാസ്ത്രവും കലയും സാഹിത്യവും ചിന്തയും ഭാവനയും പൂത്തുലഞ്ഞ് പരിമളം പരത്തുന്ന പൂങ്കാവനം. ഖുര്‍ആന്‍ ചരിത്രമല്ല; ശാസ്ത്രമല്ല; നിയമാവലിയല്ല; കഥയല്ല; കവിതയല്ല; ഗദ്യമോ പദ്യമോ അല്ല. എന്നാല്‍ എല്ലാം ആണ് താനും! ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ നിര്‍വചനങ്ങള്‍ക്കും വര്‍ഗീകരണത്തി നും അതീതമാണത്. ജീവിതം നിറഞ്ഞ് കിടക്കുകയും ജീവിതത്തിലേക്ക് പരന്നൊഴുകുകയും ചെയ്യുന്ന മഹാസാഗരം. ഉള്ളം സ്‌നേ ഹം കൊണ്ട് തുടിക്കുകയും വാക്കുകള്‍ കാരുണ്യം കൊണ്ട് പ്രകാശിക്കുകയും ചെയ്യുന്ന ദൈവ വചനങ്ങള്‍. ശാസനങ്ങളും ശുഭവാര്‍ത്തകളുമുണ്ടതില്‍; സാന്ത്വനങ്ങളും താക്കീതുകളുമുണ്ട്. കാര്‍ലൈല്‍ പറഞ്ഞതുപോലെ എല്ലാം ആത്മാര്‍ഥത മുറ്റിയത്. ചിലപ്പോള്‍ ശാന്തം; ചിലപ്പോള്‍ രുദ്രം. എന്നാല്‍ എപ്പോഴും പ്രൗഢോജ്ജ്വലം. ഹൃദയത്തിന്റെ ആഴിയിലേക്ക് കുത്തിയൊഴുകുന്ന ദിവ്യ സംഗീതമാണത്; തലച്ചോറിന്റെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന ദിവ്യചിന്ത. വായിക്കുമ്പോള്‍ മനസ്സ് കാരുണ്യത്തിന്റെ പേമാരിയില്‍ കുതിരുകയും മസ്തിഷ്‌കം സൂര്യതേജസ്സ് പോലെ ജ്വലിക്കുകയും ചെയ്യുന്ന അനുഭൂതി. 'ചിന്തിക്കുന്നില്ലേ നിങ്ങള്‍'? ഖുര്‍ആന്റെ ഒരു ചോദ്യം മതി ആയിരം വര്‍ഷത്തെ പഠന ഗവേഷണങ്ങള്‍ക്ക്. ഇങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍; ഉപമകള്‍; ദൃഷ്ടാന്തങ്ങള്‍; സംഭവവിവരണങ്ങള്‍. സപ്തസാഗരങ്ങള്‍ മഷിയായുപയോഗിച്ചാലും തീരില്ല ദൈവവചനങ്ങളുടെ അപഗ്രഥനം. ഭാവനയില്‍ നിന്ന് ഭാവനയിലേക്കും ചിന്തയില്‍ നിന്ന് ചിന്തയിലേക്കും അത് കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കും. അറിവിന്റെ മഹാ പ്രപഞ്ചമാണ് ഖുര്‍ആനില്‍ ഇതള്‍ വിരിയുന്നത്. ജീവിതത്തിലെ നിഗൂഢതകളെല്ലാം ഖുര്‍ആന്റെ ദിവ്യവെളിച്ചത്തില്‍ അനാവരണം ചെയ്യപ്പെടുന്നു. ജീവിതം, മരണം; സുഖം, ദുഃഖം; - എല്ലാറ്റിന്റെയും അകപ്പൊരുള്‍ ഖുര്‍ആനിലുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന അതിഭൗതിക ജ്ഞാനമുണ്ടതില്‍. രോഗിക്ക് സാന്ത്വനവും അശാന്തന് സമാധാനവും അക്രമിക്ക് താക്കീതും സുകൃതവാന് സുവിശേഷവുമാണത്. വിശ്വസാഹോദര്യത്തിന്റെ ന്യായപ്രമാണവും വിമോചനത്തിന്റെ നേര്‍വഴിയുമാണത്. സംശയങ്ങളേതുമില്ലാത്ത മാര്‍ഗദര്‍ശനമാണത്; മുസ്‌ലിംകള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ജീവിതത്തിന്റെ സര്‍വ വേദികളിലും അത് വെളിച്ചം വിതറുന്നു. കച്ചവടം, കൃഷി, രാഷ്ട്രീയം, നീതിന്യായം, കല, ശാസ്ത്രം, വിനോദം - ഖുര്‍ആന്റെ വെളിച്ചം വീഴാത്ത ഒരിടവുമില്ല. വ്യക്തി, കുടുംബം, രാഷ്ട്രം, ലോകം- ഒന്നും ഒഴിവാക്കപ്പെടുന്നില്ല. മഞ്ഞുതുള്ളിയുടെ വിശുദ്ധിയും റോസാപൂവിന്റെ സൗന്ദര്യവുമുള്ള ലളിതമായ ഭാഷയില്‍ ഖുര്‍ആന്‍ കൈകാര്യംചെയ്യുന്ന വിഷയങ്ങള്‍ നിരവധി- ദൈവം, പ്രപഞ്ചം, മനുഷ്യന്‍, സമത്വം, സാഹോദര്യം, നീതി, യുദ്ധം, സമാധാനം, സ്‌നേഹം, കാരുണ്യം - മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, അയല്‍ക്കാര്‍, അഗതികള്‍, അനാഥര്‍, ജന്തുക്കള്‍, സസ്യങ്ങള്‍ മുതല്‍ ജീവിതം, മരണം, മരണാനന്തരജീവിതം, സ്വര്‍ഗം, നരകം വരെ നീളുന്നു അതിന്റെ ഉള്ളടക്കം. ഇതാണ് ഗ്രന്ഥം! കൃത്യമായ ശരിയിലേക്ക് നയിക്കുന്ന വിശുദ്ധഖുര്‍ആന്‍. സംസ്‌കാരങ്ങളെയും നാഗരികതകളെയും പുഷ്‌ക്കലമാക്കി, കാലാതിവര്‍ത്തിയായി വിരാജിക്കുന്ന ദിവ്യഗ്രന്ഥം. വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍ - ഖുര്‍ആന്റെ തന്നെ ആഹ്വാനമാണിത്. വായിച്ചുനോക്കൂ ഒരു പ്രാവശ്യമെങ്കിലും. ഗെഥെ അഭിപ്രായപ്പെട്ടതുപോലെ, അത് നിങ്ങളെ ആകര്‍ഷിക്കും; അതിശയിപ്പിക്കും; അവസാനം നിങ്ങളുടെ ആദരവ് പിടിച്ചുപറ്റും. ആദ്യന്തം ഉദാത്തവും മനോഹരവുമാണത്.
സര്‍വ്വാതിശായിയായ വേദഗ്രന്ഥം
ഇസ്‌ലാം എന്ന അറബ് പദത്തിന് സമാധാനം, കീഴ്‌വണക്കം, സമര്‍പ്പണം തുടങ്ങിയ അര്‍ഥഭേദങ്ങളുണ്ട്. ദൈവത്തിന്റെ മുന്നില്‍ സ്വയം സമര്‍പ്പിക്കുക എന്നാണ് ഈ പദം വിവക്ഷിക്കുന്നത്. ത്രികരണങ്ങളെക്കൊണ്ടും ഈ വിശ്വാസത്തെ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവനാണ് മുസ്‌ലിം. അനുസരണമഖിലം അല്ലാഹുവിനര്‍പ്പിക്കുന്നവന്‍, അല്ലാഹുവിനെമാത്രം യജമാനനും ഉടമയും വിധികര്‍ത്താവും ആരാധ്യനുമായംഗീകരിക്കുന്നവന്‍, തന്നെ പരിപൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് അവന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കുന്നവന്‍ എന്നൊക്കെയാണ് ഒരു മുസ്‌ലിമിനെ വിശേഷിപ്പിക്കാന്‍ സാധിക്കുക..ഈ ആദര്‍ശത്തിന്റെയും ജീവിതശൈലിയുടെയും പേരാകുന്നു ഇസ്‌ലാം. ഇത് തന്നെയായിരുന്നു മനുഷ്യോല്‍പത്തി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജനസമുദായങ്ങളിലും സമാഗതരായ പ്രവാചകന്മാരെല്ലാം പ്രബോധിപ്പിച്ചത്. കാലത്തിനൊപ്പം നടന്നുനീങ്ങാന്‍ കഴിയുന്ന, കാലാതിവര്‍ത്തിയായ സൗഭാഗ്യവും നിത്യനൂതനത്വവുമാണ് ഖുര്‍ആന്റെ സവിശേഷതകള്‍. മാനവജീവിതപ്രകൃതി എത്ര ചടുലമായി മാറിക്കൊണ്ടിരുന്നാലും അതത് കാലഘട്ടത്തിനാവശ്യമായ ഉപദര്‍ശനം ഖുര്‍ആനില്‍ നല്‍കപ്പെട്ടിരിക്കുന്നതായി വിചാരമതികള്‍ കണ്ടെത്തിയിരിക്കുന്നു. ദൈവം ആദികന്ദം-മൂലകാരണം-മാത്രമല്ലെന്നും അവന്‍ സ്രഷ്ടാവും സംവിധായകനും പരിരക്ഷകനും നിയന്താവുമാണെന്നും ആകാശഭൂമികളുടെ കടിഞ്ഞാണ്‍ അവന്റെ പക്കലാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇസ്‌ലാം ഒരു പ്രായോഗിക ജീവിത വ്യവസ്ഥയാണ്. ജീവിത നിഷേധത്തിന്റെയോ വരട്ടുവാദത്തില്‍ പെട്ടുഴലുന്ന സങ്കീര്‍ണദര്‍ശനങ്ങളുടെയോ ഒരു മതമല്ലിത്. പ്രകൃതിയെ ചിട്ടപ്പെടുത്തുന്ന, ഈശ്വരന്റെ അനിഷേധ്യ സാന്നിദ്ധ്യത്തില്‍ ഇസ്‌ലാം ഉറച്ചു വിശ്വസിക്കുന്നു. പ്രകൃതിയുമായി ഇണങ്ങിയും സമരസപ്പെട്ടും അഭിരമിച്ചും മുന്നോട്ടുപോകാനാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്.മനുഷ്യപ്രകൃതിയുടെ സംസ്‌കരണവും പൂരണവും ഉന്നമനവുമാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. സംസ്‌കരണാര്‍ഥം പ്രകൃതിയുടെ സഹജപ്രകൃതം മാറ്റാന്‍ ഇസ്‌ലാംആവശ്യപ്പെടുന്നില്ല.തന്റെ വിചാരവിശ്വാസവൃത്തികളെക്കൊണ്ടും വേദഗ്രന്ഥം നീട്ടിക്കാട്ടുന്ന വഴിയിലൂടെയും അല്ലാഹുവിന്റെ സന്നിധിയിലേക്കുയരാന്‍ മനുഷ്യന് കഴിയണമെന്ന് ഇസ്‌ലാം സംസ്‌കൃതിയാഹ്വാനം ചെയ്യുന്നു. കുടുംബത്തിനൊരു തലവന്‍, വിദ്യാലയത്തിനൊരു ഹെഡ്മാസ്റ്റര്‍, നഗരത്തിനൊരു പിതാവ്, സ്റ്റെയ്റ്റിനൊരു ഗവര്‍ണര്‍, ഓരോ രാഷ്ട്രത്തിനും ഓരോ രാഷ്ട്രപതി-ഈ വസ്തുതകള്‍ നമ്മെ നയിക്കുന്നത് നേതൃത്വത്തിന്റെ അനിവാര്യതയിലേക്കാണ്. കണ്ടറിഞ്ഞ് നയിക്കാനൊരാളില്ലെങ്കില്‍ ഒരു പ്രസ്ഥാനവും മുന്നോട്ടു നീങ്ങുകയില്ല. പ്രപഞ്ചം എത്ര ചിട്ടയിലും ക്രമപൂര്‍വകവുമായാണ് സ്പന്ദിക്കുന്നത്, ചലിക്കുന്നത്! ആയിരത്താണ്ടുകളായി പിഴയ്ക്കാതെ അത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊക്കെ ആകസ്മികം എന്ന് പറയാന്‍ പറ്റുമോ? ഇതൊക്കെ യാദൃഛികസംഭവങ്ങളെന്ന് അലക്ഷ്യമായി, അനായാസം വിശേഷിപ്പിക്കാമോ? മനുഷ്യന്റെ പിറവി ആകസ്മികവും യാദൃഛികവുമാണെങ്കില്‍ അവന്റെ അസ്തിത്വവും അനുഭവങ്ങളുമെല്ലാം ആകസ്മികതകള്‍ക്കൊണ്ട് അപഹാസ്യമായിത്തീരുമായിരുന്നു. പക്ഷേ, വിവേകശാലികളും വിചാരമതികളും ജീവിതത്തെ നോക്കി അര്‍ഥശൂന്യം എന്ന് അപഹസിച്ചിട്ടില്ല. സഗൗരവം വിശകലനം ചെയ്യപ്പെടേണ്ട സങ്കീര്‍ണവും ദുര്‍മേയവുമായ പ്രതിഭാസമാണ് ജീവിതം. (Man:The Unknown എന്ന ഗ്രന്ഥത്തില്‍ ദാര്‍ശനികനായ അലക്‌സിസ് കാറേല്‍ ഇക്കാര്യം എത്ര വശ്യമായ രീതിയിലാണാവിഷ്‌കരിച്ചിട്ടുള്ളത്!) ജീവിതപൂര്‍ണതയെ സംബന്ധിക്കുന്ന പഠന പരിശ്രമങ്ങളില്‍ ഒരു ഗുരുവിന്റെ സാന്നിദ്ധ്യം അനുപേക്ഷണീയമാണെന്ന് ഭാരതീയ വിചാരമതികള്‍ പ്രാമാണികമായിത്തന്നെ സമര്‍ഥിച്ചിട്ടുണ്ട്. ഒരുവന്‍ എത്ര പ്രഗല്‍ഭനായാലും, മനുഷ്യസിദ്ധികളുടെയും ശാസ്ത്രത്തിന്റെയും കലകളുടെയും തലത്തില്‍ ഒരുവനെത്ര സമുന്നതനായാലും വഴി നയിക്കാനാചാര്യനില്ലെങ്കില്‍ താളപ്പിഴയും മാര്‍ഗഭ്രംശവും അവന്റെ ജീവിതത്തെ വികലമാക്കുന്നതായിക്കാണാം. ഈ രംഗത്ത് ഖുര്‍ആന്‍ ഒരു വഴിവിളക്കാണ്. മുഹമ്മദിനെ നിമിത്തമാക്കിക്കൊണ്ട് അല്ലാഹു തന്നെ വഴിനയിക്കുകയാണിവിടെ. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവും സമഗ്രവുമായ തലങ്ങള്‍ ഇവിടെ യഥാതഥം വിശകലനം ചെയ്യപ്പെടുന്നു.മനുഷ്യന് ദൈവത്തോടും സമസ്രഷ്ടങ്ങളോടുമുള്ള ധര്‍മദൗത്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നു. പൂര്‍ണതയിലേക്കുള്ള നേരാംവഴി കാട്ടി അത് മനുഷ്യപഥത്തില്‍ പ്രകാശം ചൊരിയുന്നു. മനുഷ്യന്റെ ഉത്തരവാദിത്വം (അമാനത്ത്) അത്യുദാത്തമാണെന്നും അലംഘനീയമാണെന്നും ഖുര്‍ആന്‍ അനുസ്മരിക്കുന്നു. നവംനവങ്ങളായ ആശയങ്ങള്‍ വിളയിച്ചെടുക്കാനും അത് കൈമോശം വരാതെ വരും തലമുറക്ക് കൈമാറാനും മനുഷ്യന്‍ കടപ്പെട്ടവനാണ്.വിശിഷ്ടാശയങ്ങളുടെ കൈമാറ്റത്തിനും വ്യവഹരണത്തിനുമാണ് സംസാരശേഷിയും ലേഖനചാതുരിയും ദൈവം മനുഷ്യന് സമ്മാനിച്ചത്. വായിക്കാനും തൂലികകൊണ്ട് അക്ഷരം കുറിക്കാനും പഠിപ്പിച്ച ദൈവം, മനുഷ്യരാശിയില്‍ നിന്ന് ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. വിടവാങ്ങല്‍ പ്രസംഗവേളയില്‍ അറഫാ മലയ്ക്ക് മുന്നില്‍ സംബന്ധിക്കാനും പ്രവാചകവചസ്സുകള്‍ നേരില്‍ ശ്രവിക്കാനും തരപ്പെടാത്തവരോടും പിറവിയെടുക്കാനിരിക്കുന്ന വരും തലമുറകളോടും തന്റെ വാക്കുകളറിയിക്കണമെന്ന് പ്രവാചകന്‍ പ്രത്യേകം നിര്‍ദേശിച്ചപ്പോള്‍ സംസാരശേഷിയുടെയും ലേഖനസിദ്ധിയുടെയും വരിഷ്ഠമായ പ്രയോജനം അവിടെ കീര്‍ത്തിക്കുകയായിരുന്നു. ധര്‍മബോധം മനുഷ്യനിലങ്കുരിപ്പിക്കുന്ന ഖുര്‍ആന്‍ (91:7,8) തൊട്ടടുത്ത് പ്രതിപാദിക്കുന്നത് മനുഷ്യജീവിതത്തിലെ ജയപരാജയങ്ങളെ കുറിച്ചാണ്. ജീവിതത്തെ ധര്‍മനിഷ്ഠമായി, സംശുദ്ധമാക്കി സംരക്ഷിച്ചു പോരുന്നവന്‍ വിജയിക്കുന്നുവെന്നും ധര്‍മവിസ്മൃതി മനുഷ്യനെ ദുഃഖത്തിന്റെയും പരാജയത്തിന്റെയും പടുകുഴിയിലാഴ്ത്തുന്നുവെന്നും ഖുര്‍ആന്‍ അറിയിക്കുന്നു. മഹാഭാരതത്തിലെ 'യതോ ധര്‍മസ്തതോ ജയ' എന്ന പ്രസിദ്ധമായ വചനം വിചാരപരമായ ഔന്നത്യത്തിലെ സജാതീയതക്കുദാഹരണമായി വര്‍ത്തിക്കുന്നു. 'അതിനെ (അസ്തിത്വത്തെ) സംശുദ്ധമാക്കിയവന്‍ വിജയിച്ചിരിക്കുന്നു. അതിനെ കളങ്കപ്പെടുത്തിയവന്‍ പരാജയപ്പെട്ടിരിക്കുന്നു' (91:9,10) എന്നാണ് ഖുര്‍ആനിക വചനം. അതിനാല്‍ വേദഗ്രന്ഥത്തെ വഴിവിളക്കായിക്കണ്ട് മാര്‍ഗഭ്രംശം വരാതെ മുന്നോട്ടു പോയാല്‍ അത് ജീവിത വിജയത്തിന്റെ സാക്ഷാല്‍ക്കാരമായി പരിണമിക്കുമെന്ന് ഖുര്‍ആന്‍ പ്രബോധിപ്പിക്കുന്നു. സ്വാതന്ത്ര്യം അഥവാ മോചനം എന്നത് ഇവിടെയിന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം എന്ന പദം കൊണ്ട് നാമിന്നര്‍ഥമാക്കുന്നത് രാഷ്ട്രീയ സ്വാതന്ത്ര്യമെന്നാണ്. തുടര്‍ന്ന് സാമ്പത്തിക സ്വാതന്ത്ര്യംകൂടികൈവരിച്ചാലേ പൂര്‍ണ സ്വാതന്ത്ര്യമാവുന്നുള്ളൂവെന്നും സ്വാതന്ത്ര്യവാദികള്‍ പറയുന്നുണ്ട്. വിശപ്പകറ്റുക,ആവശ്യങ്ങള്‍ സാധിക്കുന്നതിന് പോരുംവിധം സാഹചര്യങ്ങള്‍ ഭദ്രവും സമൃദ്ധവുമാക്കുക-ഇതിലൂടെ യഥാര്‍ഥമോചനം കൈവരിക്കാന്‍ കഴിയുമെന്ന പ്രഖ്യാപനവുമായാണവര്‍ നീങ്ങുന്നത്.അവരെ നോക്കി അനുതപിച്ചുകൊണ്ട്,ജീവിതപൂര്‍ണത അഥവാ യഥാര്‍ഥമോ ചനം സാധിക്കണമെങ്കില്‍ ആത്മീയവികാസമാണ് അനിവാര്യമായിട്ടുള്ളതെന്നും മറ്റെല്ലാം അതിന്റെമുന്നില്‍ നിസ്സാരമാണെന്നും വാദിക്കുന്ന ആത്മാന്വേഷികളായ മതപ്രചാരകന്മാര്‍ മറുവശത്തും വര്‍ത്തിക്കുന്നു. ഭൗതികവരാഭവങ്ങളില്‍നിന്നുള്ള മോചന (തഹ്‌രീര്‍) വും ധര്‍മാധിഷ്ഠിതമായ ജീവിതത്തിലൂടെയുള്ള ആത്മീയ വികാസ (തസ്‌കിയ)വും സമന്വയിച്ചുകൊണ്ടുള്ള ഒരു പൂര്‍ണ ദര്‍ശനമായി ഖുര്‍ആന്‍ വിരാജിക്കുന്നു. അങ്ങനെയാണ് ഖുര്‍ആനിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത്. ഞാന്‍ അറിയാന്‍ തുടങ്ങി. ഞാന്‍ അദ്ഭുതപ്പെടാന്‍ തുടങ്ങി. ഞാന്‍ അനുകര്‍ത്താവായി മാറാന്‍ തുടങ്ങി. ഖുര്‍ആന്‍ മറ്റു മതഗ്രന്ഥങ്ങളെപ്പോലെ, ആശയങ്ങളെ കേവലാശയങ്ങളായി എന്റെ മനസ്സില്‍ കോരിനിറക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. അത്യലൗകികമായ അപ്രമേയപ്രഭാവിലാസങ്ങളെക്കുറിച്ചുള്ള അമൂര്‍ത്താശയങ്ങള്‍ ആവഹിച്ചുകൊണ്ടുമായിരുന്നില്ല അതെന്റെ മുന്നില്‍ കടന്നുവന്നത്. ഖുര്‍ആന്‍ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. ചുറ്റും നോക്കാനാവശ്യപ്പെടുന്നു.പ്രപഞ്ച വസ്തുക്കളെയും പ്രാപഞ്ചികപ്രതിഭാസങ്ങളെയും നമ്മുടെ ദൃഷ്ടിയില്‍ കൊണ്ടുവരുന്നു. ഓരോന്നിന്റെയും സംരചനയിലും പരസ്പരസംബന്ധത്തിലും ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു. അവ നമ്മുടെ വിചാരകോശത്തെ പ്രവര്‍ത്തിപ്പിക്കുന്നു.മനനവും യുക്തിഭദ്രമായ കാര്യാകാര്യവിവേചനവും അവിടെ കതിര്‍വെട്ടം ചൊരിയുന്നു. ആ പ്രകാശവലയത്തില്‍ പതിരൊന്നും കണ്ടില്ല. യുക്തിനിരപേക്ഷമായി ഒന്നും തോന്നിയില്ല.സന്ദേഹത്തിന്റെയുംഅവ്യക്തതയുടെയും നിഴല്‍പ്പാടുകള്‍ അവിടെയൊന്നും കാണാന്‍ കഴിഞ്ഞില്ല. വനകുല്യയിലെ തെളിനീര്‍ പോലെ സ്വഛവും ശുദ്ധവുമാണെല്ലാം. എല്ലാം പരസ്പരാശ്രിതവും അന്യോന്യപൂരകവുമാണ്. പരംപൊരുളിന്റെ സോദ്ദേശ്യമായ, സബോധനമായ സര്‍ഗവൃത്തി അവിടെ ബോധ്യപ്പെട്ടു.അവയെല്ലാം വഴിനയിച്ചത് സൃഷ്ടികാരനായ ഏകദൈവത്തിന്റെ പവിത്രസങ്കേതത്തിലേക്കാണ്. അപ്പോള്‍ മനസ്സിന്റെ സൂക്ഷ്മകോശങ്ങളില്‍ പോലും സംതൃപ്തി സംത്രസിക്കുന്നതായി തോന്നി. മനസ്സിനെ അവിരാമമായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ജിജ്ഞാസക്ക് പരിശമനം കൈവന്ന പോലൊരു ബോധ്യം. ഏതൊരു സത്യപഥത്തെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചുവോ അവിടെ സംപ്രാപിച്ചതു പോലൊരു തോന്നല്‍. സത്യവേദം എന്നിലുണ്ടാക്കിയ പ്രതികരണമതാണ്. പിന്നെപ്പിന്നെ എന്റെ മനസ്സിലെ ചിത്രശലഭം ഖുര്‍ആന്‍ തുറന്നുകാട്ടിയ വസന്താരാമത്തില്‍ ചുറ്റിപ്പറക്കാന്‍ ഭ്രമം കൊള്ളുകയായി. എന്റെ ചിന്തകളില്‍ ഖുര്‍ആനിക വചസ്സുകള്‍ വര്‍ണച്ചായം പുരട്ടി. എന്റെ വാക്കുകളില്‍ കുളിരായും മധുരമായും വര്‍ത്തിച്ചത് മറ്റൊന്നായിരുന്നില്ല. എന്റെ വിചാരവിശ്വാസങ്ങളിലാകെ വെളിച്ചം പകര്‍ന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍.എന്റെ വീക്ഷണത്തിന് വൈശദ്യവും ആത്മീയ പരിവേഷവും സാമൂഹിക പ്രസക്തിയും സമ്മാനിച്ചത് ആ വേദഗ്രന്ഥമാണ്. പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവായ ഒരുവനുണ്ടെന്ന് എല്ലാ മതങ്ങളും പഠിപ്പിക്കുന്നു. എന്നാല്‍ സൃഷ്ടികര്‍ത്താവിന്റെ മഹിതഗുണങ്ങളെക്കുറിച്ചും അവന്റെ കര്‍മപ്രപഞ്ചത്തെക്കുറിച്ചും അവന്‍ മാത്രമാണാരാധ്യന്‍ എന്ന മഹാസത്യത്തെക്കുറിച്ചും ഇസ്‌ലാം നല്‍കുന്ന ഉല്‍കൃഷ്ടവും സര്‍വാദൃതവുമായ അധ്യാപനം മറ്റൊരു മതഗ്രന്ഥത്തിലും കാണാന്‍ സാധ്യമല്ല. സര്‍വാരാധ്യന്‍ അഥവാ ഇബാദത്തിനര്‍ഹനായവന്‍ ദൈവം മാത്രമാണെന്നറിയിക്കുമ്പോള്‍, ലോകത്തില്‍ മനുഷ്യര്‍ക്കിടയില്‍ കെട്ടിപ്പൊക്കിയ 'സര്‍വാരാധ്യതയുടെ കപട വേഷ'ങ്ങളൊക്കെ കെട്ടഴിഞ്ഞൂര്‍ന്നു വീഴുകയാണ്. തട്ടുകളില്ലാത്ത മനുഷ്യമണ്ഡലം മറ്റേത് പരിഷ്‌കൃത സാമൂഹിക സങ്കല്പത്തെക്കാളും വരിഷ്ഠവും ഉദാത്തവുമായി നമ്മുടെ മുന്നില്‍ തെളിഞ്ഞുവരികയും ചെയ്യുന്നു. പ്രപഞ്ചത്തിലെ സമസ്ത ജീവപ്രതിഭാസങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാരകാരകത്വം വഹിച്ചു വര്‍ത്തിക്കുന്ന ദിവ്യമായ അസ്തിത്വത്തിന്റെ നാമാന്തരമാണ് അല്ലാഹു. 'അഖിലാണ്ഡകോടി ബ്രഹ്മാണ്ഡകടാഹ'ത്തിന്റെ അധീശത്വവും അല്ലാഹുവിന് തന്നെ. പരമാണുവിലെ സൂക്ഷ്മസ്പന്ദം തൊട്ട് താരാപഥത്തിലെ സുസ്ഥിതിക്കാവശ്യമായ വ്യവസ്ഥാപിതനിയമങ്ങള്‍ വരെ അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയമാണ്. എന്നാല്‍ അല്ലാഹു കേവലമായ ഒരു ശക്തിയോ ഊര്‍ജരൂപമോ മാത്രമാണെന്ന് ഖുര്‍ആന്‍ നമ്മെ പ്രബോധിപ്പിക്കുന്നില്ല. മറ്റു മതദര്‍ശനങ്ങളില്‍നിന്ന് ഈ ബോധ്യവും സമീപനവുമാണ് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നത്. ദേശീയവും കാലാവസ്ഥാപരവും പരമ്പരാഗതവുമായ കാരണങ്ങളാല്‍ മനുഷ്യനിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ മനുഷ്യന്‍ ഒറ്റജാതിയാണെന്നും വര്‍ഗമോ വര്‍ണമോ ദേശഭേദമോ പാരമ്പര്യമോ മനുഷ്യനെ മനുഷ്യനില്‍ നിന്ന് വേര്‍തിരിക്കുന്നതിന് കാരണമല്ലെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു. കുലമഹിമയിലും വംശീയതയിലും ഊറ്റംകൊണ്ട ഖുറൈശികളുടെയിടയിലാണ് ഖുര്‍ആന്‍ ഈ സ്‌ഫോടകസ്വരമുയര്‍ത്തിയത് എന്നത് അത്യന്തം ശ്രദ്ധേയമത്രെ. സമസ്രഷ്ടങ്ങളോടുള്ള സ്‌നേഹവും ദൈവസന്നിധിയിലുള്ള സമര്‍പ്പണവുമാണ് മതബോധത്തിന്റെ തെളിഞ്ഞലക്ഷണം. മനുഷ്യനും ദൈവവും തമ്മില്‍, മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനും പ്രപഞ്ചവും തമ്മില്‍ ഉള്ള ബന്ധം ഖുര്‍ആന്‍ സുവിശദമായി പ്രതിപാദിക്കുന്നു. അത്തരമൊരു സമ്പൂര്‍ണ സംസ്‌കൃതി, ആധ്യാത്മിക സംസ്‌കാരം, 'ഇന്‍സാഫ്'വളര്‍ത്തിയെടുക്കാന്‍ ഖുര്‍ആന്‍ പ്രബോധിപ്പിക്കുന്നു. ജീവിതഗന്ധിയായ ഒരു സമ്പൂര്‍ണ മതദര്‍ശനത്തിന്റെ മുഖമതാണ്. സ്ത്രീക്കും പുരുഷനും ദരിദ്രനും ധനികനും ദുര്‍ബലനും ശക്തനും കിഴക്കനും പടിഞ്ഞാറനും-ആര്‍ക്കും ഒരുപോലെ സ്വാഭിമാനം സംരക്ഷിച്ചുകൊണ്ട് ദൈവോന്മുഖമായി പ്രാര്‍ഥനാപൂര്‍വം നില്‍ക്കാനും തരതമഭേദമില്ലാതെ വിശ്വാസമായും ആചാരമായും അനുഷ്ഠാനമായും അനുവര്‍ത്തിക്കാനും കഴിയുന്ന മതദര്‍ശനമാണ് ഇസ്‌ലാം. ഒരു പക്ഷേ, അതുകൊണ്ടായിരിക്കണം ബര്‍ണാഡ് ഷാ ഇസ്‌ലാമിനെ 'ഇലാസ്റ്റിക് മത'മെന്ന് വിശേഷിപ്പിച്ചത്. കാലാന്തരത്തിലുണ്ടാവുന്ന ഏതവസ്ഥാവിശേഷത്തിലുംപൂര്‍ണപ്രഭാവത്തോടെ വര്‍ത്തിക്കാന്‍ കഴിയുന്ന സത്യവേദദര്‍ശനത്തിനു മുന്നില്‍ കാലവും ലോകവും കൈകൂപ്പുന്നു. അതീവ ലളിതവും പ്രയോഗക്ഷമവും സാധാരണ മനസ്സിനുപോലും സംപ്രാപ്യവുമായ ഒരു മതതലം എന്ന നിലയില്‍ ഇസ്‌ലാം യഹൂദമതത്തില്‍ നിന്നും ക്രൈസ്തവമതത്തില്‍ നിന്നും സൊറാസ്ട്രിയനിസത്തില്‍ നിന്നും വ്യത്യസ്തമായി നില്‍ക്കുന്നു എന്ന് എച്ച്.ജി.വെല്‍സ് പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. കേവലം അഭൗമവും അപ്രായോഗികവുമായ ധര്‍മോപദേശങ്ങളുടെ സമുച്ചയമല്ല ഖുര്‍ആന്‍. ഖുര്‍ആനഖിലവും ജീവിതത്തില്‍ പ്രായോഗികമാക്കാനുള്ളതും ദൈവഹിതം കീര്‍ത്തിക്കുന്നതുമാണ്. ജീവിതമൂല്യങ്ങള്‍ ഒരേ സമയത്തുതന്നെ ഭൗതികവും ആത്മീയവുമാണെന്നും അവ തമ്മിലുള്ള അഭിന്നത അവഗണിക്കാന്‍ പറ്റുന്നതല്ലെന്നും ഇസ്‌ലാം കരുതുന്നു. ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ അനുഭവങ്ങളെയല്ല ഇസ്‌ലാം സത്യമായ അനുഭവങ്ങളായിക്കാണുന്നത്. അവയ്‌ക്കെല്ലാം താല്‍ക്കാലികവും സങ്കുചിതവും പരിസീമിതവുമായ സ്വഭാവമാണുള്ളതെന്നും നിത്യവും പ്രവിശാലവും അമേയവുമായ സവിശേഷതകളാണ് ഇസ്‌ലാം പ്രകാശിപ്പിക്കുന്നതെന്നും സൂക്ഷ്മദൃഷ്ടികള്‍ക്ക് ബോധ്യമാകുന്നതാണ്. അപരിമേയമായ, അവ്യാഹതമായ, ഇഹപരസംബന്ധമാര്‍ന്ന കാലപ്രവാഹത്തെകണ്ടുകൊണ്ടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്.ഒരു പ്രത്യേക ജനപദത്തെയല്ല, മനുഷ്യസാമാന്യത്തെയാണത് അഭിസംബോധന ചെയ്യുന്നത്. വ്യക്തിയില്‍ ആത്മാവും ശരീരവും തമ്മിലുള്ള സമീകരണവും ജീവിതത്തില്‍ ആത്മീയ ഭൗതിക മൂല്യങ്ങളുടെ ഏകീകരണവുമാണ് സത്യവേദം നിഷ്‌കര്‍ഷിക്കുന്നത്.നിരുപാധികമായ മാനസിക സ്വാതന്ത്ര്യവും സമ്പൂര്‍ണമായ മനുഷ്യസമത്വവും സുദൃഢമായ സാമൂഹിക ബാധ്യതയും സാമൂഹ്യനീതിയില്‍ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു.അതിനാല്‍ ഖുര്‍ആന്‍ ഒരു സമഗ്രമാനവ ദര്‍ശനമാണ്. ഖുര്‍ആന്‍ എന്ന സത്യവേദഗ്രന്ഥത്തിന്റെ സര്‍വാതിശായിത്വം അത്യന്തം ശ്രദ്ധേയമാണ്. അത് കാലദേശാതിവര്‍ത്തിയായ സ്വാധീനം ജനമനസ്സുകളിലുളവാക്കി; മനുഷ്യചിന്തയെ പ്രോജ്വലിപ്പിച്ചു; വിചാരവിശ്വാസങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചു. ലോകനാഗരികതയ്ക്ക് പ്രോത്സാഹകമായി; അടിമകളില്‍ ആത്മവിശ്വാസം വളര്‍ത്തി; അബലകളായി അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തെ വിമോചിപ്പിച്ചു; അക്ഷരത്തിനും അറിവിനും അനല്‍പമായ അംഗീകാരം നല്‍കി; വിശ്വസാഹോദര്യം വിളംബരം ചെയ്തു. അതുള്‍ക്കൊള്ളുന്ന നിത്യഹരിതഭാവം കാലാതിവര്‍ത്തിത്വത്തെ സമാശ്ലേഷിക്കുന്നു എന്നതാണ് ഇസ്‌ലാം സംസ്‌കൃതിയുടെ സര്‍വാതിശായിത്വം.