Sunday, 9 September 2012
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കും പരലോക രക്ഷ?
വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കാണ് പരലോകത്ത് അന്തിമ വിജയമായ സ്വര്‍ഗം ലഭിക്കുക എന്ന് പരിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. നമ്മുടെ ലോകത്ത് അല്ലാഹുവിലോ അന്ത്യദിനത്തിലോ പ്രവാചകനിലോ വിശ്വസിക്കാത്ത വലിയ ഒരു ജനസമൂഹമുണ്ട്. അവര്‍ നിര്‍മതവാദികളായിരിക്കാം, അതല്ലെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റു ദൈവങ്ങളെ സങ്കല്‍പിച്ച് ആരാധനകള്‍ അര്‍പിക്കുന്ന മറ്റു മതസ്ഥരായേക്കാം. ആരായാലും ശരി, ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ കാണുന്ന എത്രയോ നല്ല ഗുണങ്ങള്‍ ഇവരിലും കാണപ്പെടുന്നുണ്ട്. ജനസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇവര്‍ സൌജന്യ ചികിത്സാ സഹായം നല്‍കുന്നു. അര്‍ഹരായവര്‍ക്ക് വീട് നിര്‍മിക്കാന്‍ സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നു. ഇങ്ങനെ പല മേഖലകളിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അര്‍പ്പിക്കുന്നു. ഒരു പ്രതിഫലേഛയുമില്ലാതെ വെറും മനുഷ്യത്വത്തിന്റെ പേരിലാണ് ഈ സേവന പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നത്.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തതിന്റെ പേരില്‍ അല്ലാഹു ആദരിച്ച, മനുഷ്യ സമൂഹം അനുഭവിച്ചറിഞ്ഞ ഈ നന്മകള്‍ക്ക് പകരം ഇവര്‍ക്ക് ശിക്ഷയാണോ നല്‍കപ്പെടുക? കാരുണ്യവാനായ ദൈവം ഇത്തരം സദ്പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകരുതല്ലോ?
ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ദൈവാനുഗ്രഹവും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് പാരത്രിക രക്ഷയും ലഭിക്കണമെന്ന ആവശ്യം യുക്തിസഹമോ നീതിബോധമോ ആണോ എന്നാദ്യം ആലോചിക്കുക. രണ്ടാമതായി, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും സമ്മര്‍ദങ്ങളെയും ഭീഷണികളെയും അതിജീവിച്ചു, ദൈവത്തിലും മരണാനന്തര ജീവിതത്തിലും ആത്മാര്‍ഥമായി വിശ്വസിച്ചു ദൈവപ്രീതിക്കും മരണാനന്തര ജീവിതത്തിലെ സൌഭാഗ്യത്തിനുമായി ജീവിക്കുന്നവരെയും, ഈ വിശ്വാസത്തിനൊന്നും പുല്ല് വില കല്‍പിക്കാത്തവരെയും തുല്യരായി കണക്കാക്കുന്നതാണോ നീതിയുടെ താല്‍പര്യം എന്നും ആലോചിക്കുക.
ഓരോരുത്തര്‍ക്കും അവര്‍ ആഗ്രഹിക്കുന്നതെന്തോ അത് നല്‍കുക എന്നതാണ് ദൈവനീതി. അവിശ്വാസികള്‍ ലക്ഷ്യമാക്കുന്നത് ഇഹലോക ജീവിതത്തിലെ നേട്ടങ്ങളാണ്. അത് ജനസമ്മതിയോ സല്‍പേരോ പ്രത്യുപകാരമോ വോട്ടോ നോട്ടോ എന്തുമാവാം. സ്വാഭാവികമായും ഭൌതിക ജീവിതത്തില്‍ അതവര്‍ക്ക് ലഭിക്കും. ഇതൊന്നും ആഗ്രഹിക്കാതെ നിഷ്കാമ കര്‍മം ചെയ്യുന്ന പരമ സാത്വികര്‍ ഉണ്ടെന്നിരിക്കട്ടെ, അവര്‍ക്ക് വേണ്ടത് ആത്മനിര്‍വൃതിയാവും. അങ്ങനെയുള്ളവര്‍ക്ക് അല്ലാഹു അതും നല്‍കുന്നു. നന്മക്ക് പകരം ശിക്ഷയുടെ പ്രശ്നമേ ഉത്ഭവിക്കുന്നില്ല. അല്ലാഹു മതിയായ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളും സന്മാര്‍ഗവും കാണിച്ചുകൊടുത്തിട്ടും അവയത്രയും നിരാകരിക്കുകയും തന്നിഷ്ടപ്രകാരം ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് ശിക്ഷ. നിഷേധിയോ ധിക്കാരിയോ അല്ലാത്ത അവിശ്വാസികളെ മരണാനന്തര ജീവിതത്തില്‍ എങ്ങനെയാണ് പരമകാരുണികനായ അല്ലാഹു കൈകാര്യം ചെയ്യുന്നത് എന്ന് അവന്‍ സൃഷ്ടികളെ അറിയിച്ചിട്ടില്ല. അറിയാത്തതിനെക്കുറിച്ച് സംശയിക്കുന്നതും തര്‍ക്കിക്കുന്നതും അര്‍ഥശൂന്യമാണ്. തന്റെ ദാസന്മാരോട് കടുകിട അക്രമം കാണിക്കുന്നവനല്ല അല്ലാഹു എന്ന് അവന്‍ സംശയാതീതമായി വ്യക്തിമാക്കിയിട്ടുണ്ട് എന്നതാണ് പ്രധാനം.
Subscribe to:
Post Comments (Atom)
No comments:
Post a Comment