Sunday, 9 September 2012
മുസ്‌ലിമല്ലാത്തവരുടെ പള്ളിപ്രവേശനം
by:
അബ്ദുല്‍ വാസിഅ് ധര്‍മഗിരി
ഞങ്ങളുടെ നാട്ടിലെ പള്ളിയില്‍ വെച്ച് നടന്ന സൗഹൃദ ഇഫ്താറില്‍ വ്യത്യസ്ത മതവിഭാഗത്തിലുള്ള പ്രമുഖര്‍ പങ്കെടുക്കുകയുണ്ടായി. എന്നാല്‍ ബഹുദൈവാരാധകര്‍ 'നജസ്' ആണെന്നും അവരെ പള്ളിയില്‍ പ്രവേശിപ്പിച്ചത് മഹാ അപരാധമാണെന്നും ഒരു സുഹൃത്ത് വിമര്‍ശിക്കുകയുണ്ടായി. ഈ വിഷയത്തിലെ ഇസ്‌ലാമിക വിധി പ്രമാണ സഹിതം പ്രതീക്ഷിക്കുന്നു. -ഉമര്‍ വെങ്ങന്നൂര്‍-
ലോക മുസലിംകളുടെ കേന്ദ്രമായ പരിശുദ്ധ ഹറമില്‍ മറ്റുള്ളവര്‍ പ്രവേശിക്കാന്‍ പാടില്ല എന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. 'വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനു ശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്.' (അത്തൗബ 28)
എന്നാല്‍ ഇതില്‍ നിന്നും ഭിന്നമാണ് മറ്റ് പള്ളികളുടെ കാര്യം. ഉപദേശങ്ങള്‍ കേള്‍ക്കുക, ചര്‍ച്ചകള്‍ നടത്തുക, ആദര്‍ശങ്ങളും വിശ്വാസങ്ങളും പരസ്പരം പരിചയപ്പെടുത്തുക, ജോലി ചെയ്യുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിമല്ലാത്തവര്‍ക്കും മറ്റ് പള്ളികളില്‍ പ്രവേശിക്കാവുന്നതാണ്. സഖീഫില്‍ നിന്നും വന്ന സംഘത്തെ പ്രവാചകന്‍(സ) സ്വീകരിച്ചതും, നജ്‌റാനില്‍ നിന്ന് വന്ന ക്രൈസ്തവ സംഘത്തിന് ആതിഥ്യമരുളിയതും പള്ളിയില്‍ വെച്ചായിരുന്നു. പ്രവാചകന്‍ തിരുമേനി(സ)യുടെ പള്ളിയില്‍ യുദ്ധത്തില്‍ പിടികൂടിയവരെ ബന്ദിയാക്കാറുണ്ടായിരുന്നു. ഇപ്രകാരം തടവിലാക്കപ്പെടുകയും പിന്നീട് വിട്ടയക്കപ്പെട്ടതിന് ശേഷം ഇസലാമാശ്ലേഷിക്കുകയും ചെയ്ത സുമാമ ബിന്‍ ഉസാലി(റ)ന്റെ ചരിത്രം വളരെ സുപ്രസിദ്ധവുമാണ്.
മുസ്‌ലിമല്ലാത്തവരെ പള്ളികളില്‍ നിന്നും വിലക്കുന്ന പ്രമാണമില്ലെന്ന് മാത്രമല്ല അതിന് വിപരീതമായ ധാരാളം സംഭവങ്ങള്‍ മേല്‍സൂചിപ്പിച്ച പോലെ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ശാഫിഈ മദ്ഹബിന്റെ പ്രബലമായ അഭിപ്രായവും ഇത് തന്നെയായിരുന്നു.
താങ്കള്‍ സൂചിപ്പിച്ചത് പോലെ വിമര്‍ശിക്കപ്പെടാനോ, നിരൂപിക്കപ്പെടാനോ മാത്രമുള്ള അപരാധമായി ഇതിനെ പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടില്ല. പ്രത്യേകിച്ചും പ്രബോധനമുദ്ദേശിച്ച് കൊണ്ട് നടത്തപ്പെടുന്ന ഇഫ്താര്‍ വേളകളില്‍ അത്തരം സംവിധാനങ്ങള്‍ തികച്ചും ന്യായമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment