..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

സ്ത്രീകളും ജുമുഅയും ഇല്‍യാസ് മൗലവി
മദ്‌റസാ വിദ്യാഭ്യാസം കഴിഞ്ഞാല്‍ മതവിഷയങ്ങള്‍ മുടങ്ങാതെ കേള്‍ക്കാനും പഠിക്കാനുമുള്ള അവസരമാണ് ജുമുഅ ഖുത്വുബ. സാധാരണക്കാരും അഭ്യസ്ഥവിദ്യരുമായവരുടെ ജീവിതം ഇസ്‌ലാമിക മൂശയില്‍ വാര്‍ത്തെടുക്കാന്‍ ബോധപുര്‍വം നടത്തപ്പെടുന്ന ജുമുഅ ഖുത്വുബകള്‍ക്കുള്ള സ്വാധീനം മറ്റൊരു സംരംഭത്തിനും ഉണ്ടാവില്ല. അതിനാല്‍ ഈ അവസരം ശരിയായി ഉപയോഗപ്പെടുത്താന്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതാണ്. മദ്‌റസാ സംവിധാനം അതിന്റെ ദൗത്യം നിര്‍വഹിക്കുന്നേടത്ത് വമ്പിച്ച പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ വിശേഷിച്ചും. തങ്ങളുടെ മക്കളെ നിലവാരമുള്ള വിദ്യാലയങ്ങളില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. അവര്‍ പല ബാധ്യതകളും സഹിച്ച് ദൂരസ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലേക്ക് തങ്ങളുടെ മക്കളെ പറഞ്ഞയക്കുന്നു. വളരെ നേരത്തെ പുറപ്പെടുന്ന ഈ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസയില്‍ പോകാന്‍ കഴിയുന്നില്ല. പോകാന്‍ കഴിയുന്നവര്‍ക്ക് പണ്ടത്തെപ്പോലെ പ്രാപ്തരായ ഗുരുനാഥന്‍മാരില്ലാത്തതിനാല്‍ വേണ്ട രൂപത്തില്‍ ദീനീവിദ്യാഭ്യാസം നേടാനും കഴിയുന്നില്ല. മുമ്പ് വളരെ വ്യാപകമായി നടത്തപ്പെട്ടിരുന്ന (വഅള് എന്നപേരില്‍) മത പ്രഭാഷണങ്ങളാവട്ടെ ഇന്ന് നടക്കുന്നില്ല. വല്ല സ്ഥലത്തും നടക്കുകയാണെങ്കില്‍ ഇസ്‌ലാഹല്ല (സംസ്‌കരണം) ഇഫ്‌സാദാണ് (മലിനീകരണമാണ്) മിക്കതിലും ഉണ്ടാവുന്നത്. പിന്നെയുള്ളത് വെള്ളിയാഴ്ചകളില്‍ മിമ്പറുകളില്‍ മുഴങ്ങുന്ന ഖുത്വുബകള്‍ മാത്രമാണ്. ഒരുപാട് പോരായ്മകള്‍ ഉണ്ടെങ്കിലും പൊതുസ്റ്റേജുകളിലും മറ്റു സംഘടനാ പരിപാടികളിലും പറയുന്ന അത്ര കടുത്ത പ്രയോഗങ്ങളും നിലവാരമില്ലാത്ത ശൈലികളും വെള്ളിയാഴ്ചകളിലെ ഖുത്വുബകളില്‍ ഉപയോഗിക്കാതിരിക്കാന്‍ ഖത്വീബുമാരില്‍ പലരും ശ്രദ്ധിക്കാറുണ്ട്. ജൂതന്‍മാര്‍ക്ക് ശനിയാഴ്ചയും കൃസ്ത്യാനികള്‍ക്ക് ഞായറാഴ്ചയും പോലെ മുസ്‌ലിംകള്‍ക്ക് അല്ലാഹു വിശേഷ ദിവസമായി നിശ്ചയിച്ചത് വെള്ളിയാഴ്ചയാണ്. അതിന്റെ മഹത്വവും അതില്‍ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പുരുഷന്‍മാരെപോലെ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടതാണ്. ദിവ്യാനുഗ്രഹങ്ങളാല്‍ സമൃദ്ധമായ ഈ സുദിനത്തെ തിരുമേനി ധാരാളം വചനങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് വെള്ളിയാഴ്ച. അന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്. അന്നുതന്നെയാണ് അദ്ദേഹം മൃത്യു വരിച്ചതും. അന്ത്യദിനത്തിലെ പ്രധാന സംഭവങ്ങളായ കാഹളത്തിലെ ഊത്തും സൃഷ്ടികളെല്ലാം നശിക്കലും അന്നാണ് ഉണ്ടാവുക. അതിനാല്‍ ആ ദിവസം നിങ്ങള്‍ എന്റെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലുക. നിങ്ങള്‍ ചൊല്ലുന്ന സ്വലാത്ത് എനിക്ക് പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്.' സ്വഹാബിമാര്‍ ചോദിച്ചു: 'താങ്കള്‍ മരിച്ചു മണ്ണായി ദ്രവിച്ചു കഴിഞ്ഞതിനു ശേഷം എങ്ങനെയാണ് തിരുദൂതരേ ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് പ്രദര്‍ശിപ്പിക്കപ്പെടുക.' തിരുമേനി പറഞ്ഞു: 'അല്ലാഹു പ്രവാചകന്‍മാരുടെ മൃതശരീരം ഭക്ഷിക്കുന്നതില്‍ നിന്ന് ഭൂമിയെ വിലക്കിയിരിക്കുന്നു. പ്രഗത്ഭരായ പണ്ഡിതന്മാരും ഇമാമുകളും ഈ ഹദീസ് സ്വഹീഹാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.' (സാദുല്‍ മആദ് -ഇമാം ഇബ്‌നുല്‍ ഖയ്യിം. 1/365). 'സൂര്യനുദിച്ച ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ്. ആദം(അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ താമസിക്കപ്പെട്ടതും അവിടെ നിന്ന് ഭൂമിയിലേക്ക് പറഞ്ഞയക്കപ്പട്ടതുമെല്ലാം വെള്ളിയാഴ്ചയാണ്. ആ ദിവസമല്ലാതെ അന്ത്യദിനവും സംഭവിക്കില്ല.' (മുസ്‌ലിം, തിര്‍മുദി) ദിനങ്ങളുടെ നേതാവ് -സയ്യിദുല്‍ അയ്യാം, അല്ലാഹുവിന് ഏറ്റവും മഹത്തായ ദിനം. രണ്ട് പെരുന്നാള്‍ സുദിനത്തെക്കാള്‍ മഹത്വമുള്ള ദിവസം. ആ ദിവസത്തില്‍ ഒരു സമയമുണ്ട്. ആരെങ്കിലും അല്ലാഹുവിനോട് അന്നേരം വല്ലതും ചോദിച്ചാല്‍ അതിന് തീര്‍ചയായും ഉത്തരം ലഭിക്കും. ദൈവ സാമീപ്യം സിദ്ധിച്ച മലക്കുകള്‍, ഭൂമി, കാറ്റ്, സമുദ്രം, പര്‍വതം, വൃക്ഷം ഇവയൊക്കെയും വെള്ളിയാഴ്ചയെ പേടിക്കാതെയല്ല. അന്നേ ദിവസം മലക്കുകള്‍ പള്ളി കവാടങ്ങളില്‍ നിലയുറപ്പിക്കും. നേരത്തെ വരുന്നവരെ പ്രത്യേകം കുറിച്ചുവെക്കും. അന്ന് ദാനധര്‍മ്മങ്ങള്‍ക്ക് മറ്റേതൊരു ദിവസത്തെക്കാളും ശ്രേഷ്ഠതയുണ്ട്. തുടങ്ങി മുപ്പതിലധികം സവിശേഷതകള്‍ വെള്ളിയാഴ്ചക്കുള്ളതായി പ്രബലമായ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ഖയ്യിം വിശദീകരിക്കുന്നു. ഇതില്‍ മിക്ക കാര്യങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ ബാധകമാണ്. ഇമാം ഗസ്സാലി തന്റെ ഇഹ്‌യാ ഉലുമുദ്ദീന്‍ എന്ന പ്രസിദ്ധ ഗ്രന്ഥത്തില്‍ ജുമുഅഃയുടെ മര്യാദകള്‍ എന്ന അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്; വെള്ളിയാഴ്ചയുടെ ശ്രേഷ്ഠത പൂര്‍ണമായും ലഭിക്കുന്ന സൗഭാഗ്യവാന്‍മാര്‍ വ്യാഴാഴ്ചതന്നെ അതിന് തയ്യാറാവുന്നവരാണ്. ഏറ്റവും ഭാഗ്യം കുറഞ്ഞവര്‍ വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റ് 'ഇന്നെന്താ ദിവസം' എന്ന് ചോദിക്കുന്നവരാണ്. വ്യഴാഴ്ച ആകുമ്പോള്‍തന്നെ പിറ്റേന്ന് വെള്ളിയാഴ്ചയാണെന്ന ബോധത്താല്‍ മുന്‍കൂട്ടി പല തയ്യാറെടുപ്പുകളും നടത്താന്‍ സഹോദരിമാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കരയും കടലും പര്‍വതങ്ങളും വൃക്ഷങ്ങളും കാറ്റും മലയുമെല്ലാം ഗൗരവത്തിലെടുക്കുന്ന ഒരു മുഹൂര്‍ത്തം പെണ്ണായിപ്പോയി എന്ന കാരണത്താല്‍ ശ്രദ്ധിക്കാതിരിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ജുമുഅഃക്ക് പങ്കെടുത്താലും ഇല്ലെങ്കിലും ഒരുപാട് കര്‍മങ്ങള്‍ ചെയ്തുകൊണ്ട് ധാരാളം പുണ്യം സമ്പാദിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് വെള്ളിയാഴ്ച. വെള്ളിയാഴ്ച ദിവസത്തെ സൂറത്തുല്‍ കഹ്ഫ് പാരായണം, തിരുമേനിയുടെ പേരില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍, പ്രാര്‍ഥനകള്‍, തുടങ്ങിയവ ചെയ്യുന്നതിന് പ്രത്യേകിച്ച് തടസ്സമൊന്നുമില്ല. പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ നീണ്ടുനില്‍ക്കുന്ന വെള്ളിയാഴ്ചത്തെ പകല്‍വേളകളില്‍ അല്ലാഹു ഗോപ്യമാക്കിവെച്ച ഒരു മുഹൂര്‍ത്തമുണ്ട്. അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അത് നല്‍കുമെന്നാണ് ആ മുഹൂര്‍ത്തത്തിന്റെ പ്രത്യേകത. അതിലെങ്ങാനും പ്രാര്‍ഥിക്കാന്‍ അവസരം ലഭിച്ചാല്‍ അതില്‍പരം ഭാഗ്യം ഈ ലോകത്ത് മറ്റെന്താണുള്ളത്. ജുമുഅഃയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ചെയ്യേണ്ടത് വെള്ളിയാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ജുമുഅ ഖുത്വുബയും നമസ്‌കാരവുമാണ്. പ്രവാചക തിരുമേനി(സ) യുടെ കാലം മുതല്‍ ഇന്ന് വരെ തുടര്‍ന്നുവരുന്ന ഈ ആരാധനാകര്‍മത്തില്‍ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് അത് ഹറാമാണെന്നവാദം പ്രമാണങ്ങള്‍ക്കും ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കുമെല്ലാം വിരുദ്ധമാണ്. സ്വഹാബി വനിതകളില്‍ തിരുമേനി മിമ്പറില്‍ വെച്ച് ഖുത്വുബ നിര്‍വഹിക്കുന്നത് കേട്ടതിലൂടെയാണ് സൂറത്ത്ഖാഫ് പഠിച്ചത് എന്ന് വ്യക്തമാക്കിയ മഹതികളുണ്ട്. തിരുമേനിയുടെ കാലശേഷം ഖലീഫ ഉമറിന്റെ രക്തസാക്ഷിത്വത്തിന് സാക്ഷികളായവരുടെ കൂട്ടത്തില്‍ മദീനാപള്ളിയില്‍ അദ്ദേഹത്തിന്റെ പത്‌നി ആത്വിഖയും ഉണ്ടായിരുന്നു. ഇതെല്ലാം മുന്‍നിര്‍ത്തി ദീനീവിജ്ഞാനം ആര്‍ജിക്കാനും ഖുത്വുബ കേള്‍ക്കാനും മറ്റു ക്ലാസുകള്‍ ശ്രവിക്കാനുമൊക്കെ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാവുന്നതാണ്. അന്താരാഷ്ട്ര പണ്ഡിതനും ഡോ.യൂസുഫുല്‍ ഖറദാവി അധ്യക്ഷനായ സമിതിയുടെ സെക്രട്ടറിയുമായ പ്രമുഖ സൗദി പണ്ഡിതനാണ് ഡോ. സല്‍മാനുല്‍ ഔദ. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആര്‍ത്തവകാരികളായ സ്ത്രീക്ക് വരെ സുരക്ഷിത പാഡുകള്‍ ധരിച്ച് ക്ലാസുകള്‍ കേള്‍ക്കാന്‍ പള്ളികളില്‍ പോകാവുന്നതാണ്. രക്തസ്രാവം സുരക്ഷിതമായി തടയാനുള്ള മാര്‍ഗ്ഗങ്ങളില്ലാത്ത കാലത്ത് മാത്രം ബാധകമായ നിയമമാണ് അത്തരം സ്ത്രീകളുടെ പള്ളിവിലക്ക് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ നമസ്‌കാരം ആര്‍ത്തവം നിലച്ചാല്‍ മാത്രമേ പാടുള്ളൂ. വളരെ ഒറ്റപ്പെട്ട അഭിപ്രായമായതിനാല്‍ ഇത് അടിസ്ഥാനമാക്കി അത്തരം സ്ത്രീകള്‍ പള്ളിയില്‍ പോകണം എന്ന് സൂചിപ്പിക്കുകയല്ല. അങ്ങനെയും ഒരഭിപ്രായം പണ്ഡിതന്മാര്‍ക്കുണ്ട് എന്ന് ശ്രദ്ധയില്‍പെടുത്തുക മാത്രമാണ്. വീട് ഉത്തമമാകുന്നതെപ്പോള്‍? കേവലം ജമാഅത്തില്‍ പങ്കെടുക്കുക എന്ന ലക്ഷ്യം മാത്രമാണെങ്കില്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നതാണ് ഉത്തമം. ഇതു സംബന്ധമായി വന്ന ഹദീസുകള്‍ ഉദ്ധരിച്ച ശേഷം ശൈഖ് യൂസുഫുല്‍ ഖറദാവി എഴുതി: ഹദീസിലെ രണ്ടാമത്തെ വാചകം 'സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ അവളുടെ വീടാണ് ഉത്തമം. ഇമാം ഇബ്‌നു ഹസ്മ് ഇത് തിരുവചനമാണോ എന്ന വിഷയത്തില്‍ തര്‍ക്കമുന്നയിച്ചിട്ടുണ്ട്. ഇനി ഇത് സ്വഹീഹായാല്‍ പോലും മുന്‍സുഖാണ് (വിധി ദുര്‍ബലപ്പെട്ടത്) എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ നമസ്‌കാരമല്ലാത്ത മറ്റു പ്രയോജനകരമായതൊന്നും ഇല്ലെങ്കില്‍ സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. എന്നാല്‍ പഠനക്ലാസ്, ഉല്‍ബോധനം, നന്മ ഉദ്ദേശിച്ചുകൊണ്ടുള്ള യോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി പള്ളിയില്‍ പോകുന്നതില്‍ നിന്ന് സ്ത്രീ വിലക്കപ്പെട്ടുകൂടാ. ഇബ്‌നു മസ്ഊദ് വ്യക്തമാക്കിയത് പോലെ ഈ നിബന്ധന മക്കയിലെ മസ്ജിദുല്‍ ഹറാമിനും മദീനയിലെ മസ്ജിദുന്നബവിക്കും ബാധകമല്ല. (അല്‍മുന്‍തഖാ: 1559). മുന്‍ഗണനാക്രമം എന്നത് എല്ലാ വിഷയങ്ങളിലും കണിശമായി പാലിക്കേണ്ട കാര്യമാണ്. ജിഹാദ,് രക്തസാക്ഷിത്വം തുടങ്ങിയ കാര്യങ്ങള്‍ ഇസ്‌ലാമില്‍ അതിശ്രേഷ്ഠമായ കാര്യമാണ്. പക്ഷെ പരിചരണം ആവശ്യമുള്ള മാതാപിതാക്കളെ ഉപേക്ഷിച്ച് തന്റെ കൂടെ ജിഹാദിന് വരാന്‍ തിരുമേനി സ്വഹാബികളെ അനുവദിച്ചില്ല. എങ്കില്‍ പിന്നെ വാര്‍ധക്യം, രോഗം തുടങ്ങിയ കാരണങ്ങളാല്‍ നിരന്തര പരിചരണവും ശുശ്രൂഷയും സേവനവും സഹവാസവും ആവശ്യമുള്ളവര്‍ വീട്ടിലുണ്ടെങ്കില്‍- അത് മാതാപിതാക്കളാവട്ടെ, ഭര്‍ത്താവിന്റെ മാതാപിതാക്കളാവട്ടെ, മക്കളാവട്ടെ, ഭര്‍ത്താവാകട്ടെ- അവരെ ശ്രദ്ധിക്കുകയും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യാന്‍ മറ്റൊരാള്‍ ഇല്ലാത്ത പക്ഷം അത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ പാടില്ല. മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലെങ്കില്‍ സന്ദര്‍ഭം മുതലെടുത്ത് സന്താനങ്ങള്‍ അനാവശ്യകാര്യങ്ങള്‍ ചെയ്യുമെന്ന് ആശങ്കയുള്ള സന്ദര്‍ഭങ്ങള്‍, വെള്ളിയാഴ്ച മാത്രം വീടും പരിസരവും വൃത്തിയാക്കാനും ക്രമീകരിക്കാനും സമയം ലഭിക്കുന്ന സ്ത്രീകള്‍, ഇവരൊക്കെ തങ്ങളുടെ പ്രഥമ ബാധ്യതകളായ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ അതെല്ലാം അവഗണിച്ച് പള്ളിയില്‍ പോവുക എന്നത് ഇസ്‌ലാം ആവശ്യപ്പെട്ടതല്ല. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമല്ല. അവര്‍ക്ക് അതിനനുവാദമുണ്ടെന്ന് മാത്രം. ഇന്നത്തെ കാലത്ത് ദീനീ വിജ്ഞാനം നേടാന്‍ മറ്റുമാര്‍ഗങ്ങളോ സംവിധാനങ്ങളോ ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഖുത്വുബ കേള്‍ക്കുക എന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യംതന്നെ. അത് പക്ഷെ അതിനേക്കാള്‍ വലിയ ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിക്കൊണ്ടായിരിക്കരുതെന്ന് മാത്രം. എല്ലാ കാര്യങ്ങളും നേരത്തെ ആസൂത്രണം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇതെല്ലാം ഒരുമിച്ച് ചെയ്യാന്‍ ഒരു പരിധിവരെ കഴിയും.

No comments:

Post a Comment