..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

സായിബാബയും മുസ്ലിം സിദ്ധന്മാരും
"ദൈവം മനുഷ്യാകാരത്തില്‍ അവതരിക്കില്ലെന്ന് താങ്കള്‍ പറഞ്ഞുവല്ലോ. അപ്പോള്‍ ഭഗവാന്‍ സത്യസായിബാബ ദൈവാവതാരമല്ലെന്നാണോ താങ്കളുടെ വാദം? ബാബയുടെ അദ്ഭുതസിദ്ധികളില്‍ ആകൃഷ്ടരായ ആയിരക്കണക്കിന് മുസ്ലിം അനുയായികള്‍ പോലും അദ്ദേഹത്തിനുണ്ടല്ലോ. അതേക്കുറിച്ച് എന്തു പറയുന്നു?'' ദൈവത്തിന് അവതാരമില്ലെന്നും ഉണ്ടാകാവതല്ലെന്നും ഞാന്‍ മാത്രമല്ല; പ്രമുഖ ഹൈന്ദവ വേദപണ്ഡിതന്‍മാര്‍ പോലും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ചോദ്യത്തിന്റെ മറുപടിയില്‍ അക്കാര്യം വിശദമായി വിവരിച്ചതാണല്ലോ. സത്യസായിബാബ കേവലം ഒരു മനുഷ്യന്‍ മാത്രമാണ്. 1926 നവംബര്‍ 23-നാണ് അദ്ദേഹം ജനിച്ചത്. പിതാവ് പെദ്ദവെങ്കപ്പ രാജുവും മാതാവ് ഈശ്വരാംബയുമാണ്. ആന്ധ്രയിലെ ഗോപാലപ്പള്ളി ഗ്രാമത്തിലായിരുന്നു ജനനം. അതാണിപ്പോള്‍ പുട്ടപര്‍ത്തി എന്ന പേരിലറിയപ്പെടുന്ന പ്രദേശം. സായിബാബയും ഒരു നാള്‍ നമ്മെപ്പോലെ മരിക്കും. മണ്ണില്‍ വച്ചാല്‍ അദ്ദേഹത്തിന്റെ ശരീരവും മണ്ണായി മാറും. ചിതയില്‍ വച്ചാല്‍ ചാരമാകും. നിരാകാരനും നിരാശ്രയനും അനാദിയും അവിഭാജ്യനുമായ ദൈവം ഇത്തരം ദൌര്‍ബല്യങ്ങളില്‍നിന്നെല്ലാം മുക്തനത്രെ. സായിബാബക്ക് വിദഗ്ധനായ ഒരു മജീഷ്യന്റേതില്‍ കവിഞ്ഞ കഴിവോ എന്തെങ്കിലും അദ്ഭുതസിദ്ധികളോ ഒന്നുമില്ലെന്ന് ഏതു സാധാരണക്കാരനും ബോധ്യമാകാന്‍ പര്യാപ്തമായ നിരവധി സംഭവങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ചിലതു മാത്രമിവിടെ സൂചിപ്പിക്കാം: 1. പുട്ടപര്‍ത്തിയിലെ ആശ്രമത്തില്‍ വച്ച് സായിബാബയുടെ നേരെ വധശ്രമം നടന്നു. അക്രമികളുടെ വെട്ടും കുത്തുമേറ്റ് അംഗരക്ഷകരില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ പോലീസിന്റെ വെടിയേറ്റ് അക്രമികള്‍ നാലുപേരും മരിച്ചുവീണു. എന്നിട്ടും ഗൂഢാലോചനയുടെ രഹസ്യമറിയാന്‍ സായിബാബക്കു സാധിച്ചില്ല. കുറ്റവാളികളെ കണ്െടത്താന്‍ പോലീസുകാര്‍ വരേണ്ടിവന്നു. അതും മതിയാവാതെ പോലീസ് നായ്ക്കളെ കൊണ്ടുവരികയാണുണ്ടായത്. ഇതിന്റെ അര്‍ഥം വളരെ വ്യക്തമാണല്ലോ. അഭൌതിക മാര്‍ഗേണ വല്ല അറിവും സായിബാബക്കുണ്ടായിരുന്നുവെങ്കില്‍ അക്രമികളായ കൊലയാളികളെ തന്റെ ആസ്ഥാനത്ത് അന്തേവാസികളായി താമസിപ്പിക്കില്ലായിരുന്നു. കുറ്റവാളികളെ കണ്െടത്താന്‍ പോലീസോ പോലീസ് നായയോ വേണ്ടിവരില്ലായിരുന്നു. സംഭവത്തെ തുടര്‍ന്ന് സായിബാബ താമസിച്ച ചന്ദ്ര ഓഡിറ്റോറിയത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടിവരുമായിരുന്നില്ല. വല്ല അമാനുഷിക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കില്‍ പുട്ടപര്‍ത്തിയിലും പരിസരത്തും അഞ്ഞൂറിലേറെ പോലീസുകാരെ കാവല്‍ നിര്‍ത്തേണ്ടിവരില്ലായിരുന്നു. പുട്ടപര്‍ത്തിയിലെ സായിബാബയുടെ പ്രധാന അനുയായികള്‍ക്കു തന്നെ അദ്ദേഹത്തിന്റെ ദൈവികതയില്‍ വിശ്വാസമില്ലെന്നതാണ് സത്യം. അതുകൊണ്ടാണല്ലോ അവരദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത്. 2. 1993-ല്‍ ഹൈദറാബാദില്‍ സത്യസായിബാബ ട്രസ്റിന്റെ വകയായി ഒരു കല്യാണമണ്ഡപം അന്നത്തെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി എസ്.ബി. ചവാന്‍, കൃഷിമന്ത്രി ബല്‍റാംഝാക്കര്‍, ആന്ധ്രയിലെയും കര്‍ണാടകത്തിലെയും മുന്‍ മുഖ്യമന്ത്രിമാരായ വിജയഭാസ്കര റെഡ്ഢി, ബംഗാരപ്പ തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിച്ചിരുന്നു. വേദിയില്‍വെച്ച് സായിബാബ അന്തരീക്ഷത്തില്‍ നിന്ന് ഒരു സ്വര്‍ണച്ചെയിനെടുത്ത് കല്യാണമണ്ഡപം രൂപകല്‍പന ചെയ്ത ശില്‍പിക്ക് സമ്മാനിക്കുകയുണ്ടായി. ഉദ്ഘാടന പരിപാടി ദൂരദര്‍ശന്‍ വിഭാഗം ഫിലിമില്‍ പകര്‍ത്തിയിരുന്നു. പ്രസ്തുത വീഡിയോ ചിത്രം സായിബാബയുടെ 'അമാനുഷികത'യുടെ എല്ലാ രഹസ്യവും പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമത്രെ. സായിബാബ തന്റെ ഒരടുത്ത അനുയായിയില്‍നിന്ന് സ്വര്‍ണച്ചെയിന്‍ കൈവശപ്പെടുത്തുന്നതും അത് തന്ത്രപൂര്‍വം കൈയിലെടുക്കുന്നതും അതില്‍ വ്യക്തമായി കാണാം. കോടിക്കണക്കിന് മനുഷ്യരെ വഴിതെറ്റിക്കുന്ന ബാബയുടെ 'ദിവ്യാദ്ഭുത'ത്തിന്റെ നിജസ്ഥിതി കാണികള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന ഈ പരിപാടി ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചില്ല. എന്നാല്‍ കല്യാണമണ്ഡപം ഉദ്ഘാടനപരിപാടിയുടെ വീഡിയോ ചിത്രം അമാനുഷികതയെക്കുറിച്ച അവകാശവാദങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്ന അന്താരാഷ്ട്ര സമിതിയുടെ ഇന്ത്യന്‍ കണ്‍വീനര്‍ സി. പ്രേമാനന്ദ് തന്ത്രപൂര്‍വം കൈവശപ്പെടുത്തുകയുണ്ടായി. അത് ഇതിനകം കോഴിക്കോടുള്‍പ്പെടെ നാടിന്റെ നാനാഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. സായിബാബക്കോ അനുയായികള്‍ക്കോ ഇതിന് തൃപ്തികരമായ ഒരു വിശദീകരണം നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ല. 3. ശൂന്യതയില്‍നിന്ന് ഭസ്മവും സ്വര്‍ണമോതിരവും എടുക്കാന്‍ കഴിയുമെങ്കില്‍ മരുന്നും മറ്റു വസ്തുക്കളും ഉണ്ടാക്കാനും കഴിയേണ്ടതാണല്ലോ. എന്നാല്‍ പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ സ്വദേശത്തുനിന്നു മാത്രമല്ല, വിദേശത്തുനിന്നും മരുന്ന് വരുത്തുകയാണ് ചെയ്യുന്നത്. സായിബാബക്ക് വല്ല ദിവ്യകഴിവുമുണ്ടായിരുന്നെങ്കില്‍ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കേണ്ടിവരുമായിരുന്നില്ല. പുട്ടപര്‍ത്തിയിലും മറ്റേത് ആശുപത്രിയിലെയും പോലെ മരുന്ന് നല്‍കിയും ശസ്ത്രക്രിയ നടത്തിയുമൊക്കെത്തന്നെയാണ് രോഗികളെ ചികിത്സിക്കുന്നത്. ഒരമാനുഷികതയും ഒന്നിലുമില്ലെന്ന് ഏവര്‍ക്കുമറിയാവുന്ന കാര്യമാണ്. സായിബാബയുടെയും അതുപോലുള്ളവരുടെയും അനുയായികള്‍ ദിവ്യാദ്ഭുതങ്ങളെ സംബന്ധിച്ച വ്യാജകഥകള്‍ പ്രചരിപ്പിക്കാന്‍ ഒട്ടും മടികാണിക്കാറില്ല. ഉദാഹരണത്തിന് ഒരു സംഭവം മാത്രം ഇവിടെ ഉദ്ധരിക്കാം: "വിശ്വവിഖ്യാതമായ സൈക്കോ വാച്ച് കമ്പനിയുടെ ഉടമ പുതിയ മെച്ചപ്പെട്ട ഒരിനം വാച്ച് നിര്‍മിച്ചു. കൂടുതല്‍ പരിശോധനയ്ക്കും സൂക്ഷ്മനിരീക്ഷണത്തിനുമായി അത് തന്റെ സേഫില്‍ ഭദ്രമായി സൂക്ഷിച്ചു. ഒഴിവുകാലത്തൊരിക്കല്‍ ഇന്ത്യയിലായിരിക്കെ ആകാംക്ഷാപൂര്‍വം പുട്ടപര്‍ത്തി സന്ദര്‍ശിച്ചു. തന്റെ ഭക്തര്‍ക്കിടയില്‍ ജപ്പാന്‍കാരനായ മാന്യനെ കണ്ട സത്യസായിബാബ അദ്ദേഹത്തെ തന്റെ അടുത്തേക്ക് വിളിച്ചു. അന്തരീക്ഷത്തില്‍നിന്ന് ഒരു പൊതിയെടുത്ത് അദ്ദേഹത്തിന് കൊടുത്തു. അത് തുറന്നുനോക്കിയ വാച്ചുനിര്‍മാതാവ് അദ്ഭുതസ്തബ്ധനായി. ടോക്കിയോവില്‍ തന്റെ സേഫില്‍ ഭദ്രമായി സൂക്ഷിച്ച പുതിയ ഇനം വാച്ചായിരുന്നു അത്. പേരും വിലയും കുറിച്ചിട്ട ലേബലിലോ അതിന്മേലുണ്ടായിരുന്ന സില്‍ക്ക് റിബണിലോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല. അതോടെ സൈക്കോ കമ്പനിക്കാരന് സത്യസായിബാബയുടെ ദൈവിക കഴിവുകളെ സംബന്ധിച്ച സംശയങ്ങളെല്ലാം നീങ്ങി. അയാള്‍ സായിബാബയുടെ പാദങ്ങളില്‍ പ്രണമിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തു. അങ്ങനെ ആ ജപ്പാന്‍കാരന്‍ സായിബാബയുടെ ഉത്തമ ഭക്തനായിത്തീര്‍ന്നു. ടോക്കിയോവില്‍ മടങ്ങിയെത്തി തന്റെ സേഫ് പരിശോധിച്ചപ്പോള്‍ താന്‍ സൂക്ഷിച്ച വാച്ച് അവിടെ ഉണ്ടായിരുന്നില്ലെന്നത് സൈക്കോ കമ്പനിക്കാരനെ കൂടുതല്‍ ആശ്ചര്യഭരിതനാക്കി. നിബിഡമായ തലമുടിയുള്ള, ദൈവികത തോന്നിക്കുന്ന ഒരാള്‍ ഒരു ദിവസം ഓഫീസില്‍ വന്ന് സേഫുതുറന്ന് വാച്ചുമായി തിരിച്ചുപോയതായി പേഴ്സണല്‍ സെക്രട്ടറി അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അദ്ഭുതം പതിന്മടങ്ങ് വര്‍ധിച്ചു''- ഇന്ത്യാ ഗവണ്‍മെന്റ് മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എസ്. ഭാഗവതം എം.എസ്.സി, ഡി.എ.എസ്.സി, പി.എച്ച്.ഡി 1973-ല്‍ എസ്.കെ. നായരുടെ പത്രാധിപത്യത്തിലുണ്ടായിരുന്ന മലയാളനാട് വാരികയില്‍ എഴുതിയ ലേഖനത്തില്‍ ചേര്‍ത്തതാണ് പ്രസ്തുത സംഭവം. പ്രമുഖ യുക്തിവാദിയായിരുന്ന പരേതനായ എ.ടി. കോവൂര്‍ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ തീരുമാനിച്ചു. അങ്ങനെ പുട്ടപര്‍ത്തി സന്ദര്‍ശിച്ച ജപ്പാന്‍കാരന്റെ പേരും വിലാസവും അറിയിക്കാനാവശ്യപ്പെട്ട് കോവൂര്‍ 1973 സെപ്തംബര്‍ 11-ന് ഡോക്ടര്‍ ഭാഗവതത്തിന് കത്തെഴുതി. രണ്ടു മാസം കഴിഞ്ഞിട്ടും ഭാഗവതം പ്രതികരിച്ചില്ല. അതിനാല്‍ കോവൂര്‍ ശ്രീലങ്കയിലെ ജപ്പാന്‍ എംബസിയില്‍നിന്ന് സൈക്കോ വാച്ച് നിര്‍മാതാവിന്റെ വിലാസം ശേഖരിച്ചു. തുടര്‍ന്ന് 1973 ഒക്ടോബര്‍ 30-ന് സൈക്കോ വാച്ച് നിര്‍മാതാക്കളായ ഹട്ടോറി ആന്റ് കമ്പനി ലിമിറ്റഡിന്റെ പ്രസിഡന്റ് ഷോജി ഹട്ടോറിക്ക് ഒരു കത്തയച്ചു. അതില്‍ ഡോ. ഭാഗവതം ഉദ്ധരിച്ച കഥ ചേര്‍ത്ത ശേഷം നാലു കാര്യം അന്വേഷിച്ചു: 1. നിങ്ങളോ നിങ്ങളുടെ ഏതെങ്കിലും പാര്‍ട്ണര്‍മാരോ എപ്പോഴെങ്കിലും ഇന്ത്യയിലെ സത്യസായിബാബയെ സന്ദര്‍ശിച്ചിട്ടുണ്േടാ? 2. താങ്കള്‍ക്കോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണര്‍ക്കോ സായിബാബ അന്തരീക്ഷത്തില്‍നിന്ന് വാച്ച് ഉണ്ടാക്കി സമ്മാനിച്ചിട്ടുണ്േടാ? 3. താങ്കളോടോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണറോടോ താങ്കളുടെ പേഴ്സണല്‍ സെക്രട്ടറി ഒരപരിചിതന്‍ സേഫ് തുറന്ന് വാച്ച് എടുത്തുകൊണ്ടുപോയതായി പറഞ്ഞിട്ടുണ്േടാ? 4. താങ്കളോ താങ്കളുടെ ഏതെങ്കിലും പാര്‍ട്ണര്‍മാരോ സത്യസായിബാബയുടെ ഭക്തനാണോ? സൈക്കോ കമ്പനി ഉടമ ഷോജി ഹട്ടോറി 1973 നവംബര്‍ 8-ന് കോവൂരിന്റെ കത്തിന് മറുപടി അയച്ചു. അതില്‍ താനോ തന്റെ പാര്‍ട്ണര്‍മാരോ സായിബാബയെ അറിയില്ലെന്ന് അറിയിക്കുകയും നാലു കാര്യങ്ങളും തീര്‍ത്തും നിഷേധിക്കുകയും ചെയ്തു. എ.ടി. കോവൂര്‍ പ്രസ്തുത മറുപടിയുടെ ഫോട്ടോകോപ്പിയോടൊപ്പം ഡോക്ടര്‍ ഭാഗവതത്തിന് കത്തയച്ചു. അതില്‍ ഷോജി ഹട്ടോറിയോ അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാരോ അല്ലാത്ത ആരെങ്കിലുമാണ് മലയാളനാടിലെ ലേഖനത്തില്‍ വിവരിച്ച സംഭവത്തിലെ കഥാപാത്രമെങ്കില്‍ അയാളുടെ പേരും വിലാസവും അറിയിക്കാനാവശ്യപ്പെട്ടു. അതിനും മറുപടി ഉണ്ടായില്ല. അതിനാല്‍ എ.ടി. കോവൂര്‍ ഈ സംഭവങ്ങളെല്ലാം വിവരിച്ച് 1976 സെപ്തംബര്‍ 12-ലെ ടൈംസ് ഓഫ് ഇന്ത്യയിലെഴുതി. അതോടെ ഡോ. ഭാഗവതം രംഗത്തുവന്നു. 1976 നവംബര്‍ 29-ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഒരു വിശദീകരണക്കുറിപ്പെഴുതി. അതില്‍ താന്‍ അങ്ങനെ ഒരു സംഭവം അറിയില്ലെന്നും അങ്ങനെ ഒരു ലേഖനം ഇംഗ്ളീഷിലോ മറ്റേതെങ്കിലും ഭാഷയിലോ എഴുതിയിട്ടില്ലെന്നും മലയാളം തനിക്കറിയില്ലെന്നും വരുത്താനാണ് ശ്രമിച്ചത്. മലയാളനാട് വാരികയില്‍ സായിബാബയുടെ ദൈവികതക്ക് തെളിവായി ഉദ്ധരിച്ച സൈക്കോ വാച്ച് സംഭവം തീര്‍ത്തും വ്യാജവും ബോധപൂര്‍വം കെട്ടിച്ചമച്ചതുമായിരുന്നുവെന്ന് അതോടെ ഏവര്‍ക്കും ബോധ്യമായി. (വിശദവിവരങ്ങള്‍ക്ക് SAIBABA'S MIRACLES: AN OVERVIEW. Edited by DALE BEYER STEIN, Page 89----98 കാണുക.) യഥാര്‍ഥത്തില്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും, ഒളിപ്പിച്ചുവച്ചവ പുറത്തെടുക്കാനോ ലോകത്തുള്ള പദാര്‍ഥങ്ങളെടുത്ത് അവയുടെ രൂപം മാറ്റാനോ അല്ലാതെ, പുതുതായൊന്നും ഉണ്ടാക്കുക സാധ്യമല്ല. ശൂന്യതയില്‍ നിന്നൊന്നും സൃഷ്ടിക്കാനാര്‍ക്കുമാവില്ല. അഭൌതിക കാര്യങ്ങളറിയുകയുമില്ല. ഭാവിയിലെന്തു നടക്കുമെന്ന് കണ്െടത്താനും കഴിയില്ല. അതിനാല്‍ ദൈവികതയോ അമാനുഷികതയോ അവകാശപ്പെടുന്നവരാരായാലും തനി വ്യാജന്മാരാണവര്‍. അവരില്‍ വിശ്വസിക്കുന്നവര്‍ അറബിപ്പേരുള്ളവരായാലും അല്ലാത്തവരായാലും തികഞ്ഞ അന്ധവിശ്വാസികളുമാണ്. ദൈവത്തിന്റെ മാത്രം സവിശേഷതകള്‍ മറ്റുള്ളവരില്‍ ആരോപിക്കുന്നതിലൂടെ ദൈവത്തില്‍ അവന്റെ സൃഷ്ടികളെ പങ്കുചേര്‍ക്കുന്ന അക്ഷന്തവ്യമായ അപരാധമാണവര്‍ ചെയ്യുന്നത്. "എങ്കില്‍ ദിവ്യശക്തിയുണ്െടന്നവകാശപ്പെടുന്ന മുസ്ലിം സിദ്ധന്മാരോ?'' തനി വ്യാജന്മാരാണവര്‍. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ഒരുവിധ അഭൌതിക കഴിവോ സിദ്ധികളോ ഇല്ല. അഭൌതിക മാര്‍ഗേണ ആര്‍ക്കെങ്കിലും ഒരു തലവേദനയോ വയറുവേദനയോ മനോരോഗം പോലുമോ നല്‍കാനാര്‍ക്കും സാധ്യമല്ല. സാധ്യമാകുമായിരുന്നുവെങ്കില്‍ ക്ളിന്റണ്‍ മോണിക്കക്കെതിരെയും സദ്ദാം ഹുസൈനെതിരെയും ലോകത്തു കിട്ടാവുന്ന എല്ലാ ഭഗവാന്മാരെയും അമ്മമാരെയും പുണ്യവാളന്മാരെയും സിദ്ധന്മാരെയും കൂട്ടുപിടിച്ച് അങ്ങനെ ചെയ്യുമായിരുന്നു. സിദ്ധന്മാരായി ചമയുകയും ഔലിയാക്കളായി വാഴുകയും ചെയ്യുന്നവര്‍ക്ക് വല്ല കഴിവുമുണ്െടങ്കില്‍ ഫലസ്ത്വീനികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഇസ്രയേല്‍ ഭരണാധികാരിക്ക് മാറാത്ത തലവേദനയോ വയറുവേദനയോ നല്‍കട്ടെ. സാധ്യമല്ലെന്നതാണ് സത്യം. സ്വന്തത്തെ പോലും രക്ഷിക്കാന്‍ കഴിയാത്തവരാണ് അഭൌതിക സിദ്ധികളും അമാനുഷ കഴിവുകളും അവകാശപ്പെടുന്ന എല്ലാവരും. ഈയിടെ വധിക്കപ്പെട്ട, സിദ്ധനായി വിലസിയിരുന്ന തിരുവില്വാമലയിലെ ഫക്കീര്‍ ഉപ്പാപ്പയുടെ അനുഭവം തന്നെ ഇതിനു സാക്ഷിയാണ്. അന്ധവിശ്വാസത്തിനടിപ്പെട്ടവര്‍ സത്യസ്ഥിതി മനസ്സിലാക്കുന്നില്ലെന്നു മാത്രം.

No comments:

Post a Comment