..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

സ്ത്രീകളും നമസ്‌കാരവും (2) ഇല്‍യാസ് മൗലവി
നമസ്‌കാരം ശരിയായി നിര്‍വ്വഹിക്കണമെങ്കില്‍ അനിവാര്യമായി അറിയേണ്ട കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നമസ്‌കാരം എളുപ്പമുള്ളതും ആനന്ദമുള്ളതുമായ ആരാധനയാക്കി മാറ്റാം. നമസ്‌കാരത്തിന്റെ എല്ലാ വശങ്ങളും വിധികളും വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ നേര്‍ക്കുനേരെ കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്‍ ചിലതാണ് ഇവിടെ വിശദമാക്കുന്നത്. നമസ്‌കാരം ജംഅ് ആക്കല്‍ രണ്ടുനേരത്തെ നമസ്‌കാരം ഒരു സമയത്ത് നമസ്‌കരിക്കുന്നതാണ് ജംആക്കുക (ചേര്‍ത്ത് നമസ്‌കരിക്കുക) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം നമസ്‌കാരം ഖദാ (നഷ്ടപ്പെടുക) ആക്കുകയാണ് മിക്കവരും ചെയ്യാറുള്ളത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ യാത്രാ ഷെഡ്യൂളുകളില്‍ നമസ്‌കാരം അജണ്ടയില്‍ ഉണ്ടായിരിക്കണം. യാത്രാ സൗകര്യങ്ങള്‍ വളരെ വികസിച്ച ഇക്കാലത്തും യാത്രക്കിടക്ക് ആകസ്മികമായ പല തടസ്സങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നേരത്തെ ജംഅ് ചെയ്യുന്നതാണ് സൗകര്യമെങ്കില്‍ അങ്ങനെയും, വൈകിപ്പിക്കുന്നതിലാണെങ്കില്‍ അങ്ങനെയും ചെയ്യാന്‍ പാകത്തില്‍ യാത്ര ക്രമീകരിക്കണം. വൈകിപ്പിച്ച് ജംഅ് ചെയ്യുന്നവര്‍ ആദ്യത്തെ നമസ്‌കാരത്തിന്റെ സമയം കഴിയും മുമ്പ് തന്നെ അത് അടുത്ത നമസ്‌കാരത്തോടൊപ്പം ജംആക്കുകയാണെന്ന് മനസ്സില്‍ കരുതേണ്ടതാണ്. സമയത്തിന് നമസ്‌കരിക്കാന്‍ ന്യായമായ തടസ്സങ്ങളുള്ളവര്‍ക്ക് ജംഅ് ചെയ്യാവുന്നതാണ്. ഓപ്പറേഷന്‍ തിയറ്ററിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശ്രദ്ധതെറ്റാതെ രോഗിയുടെ അടുത്ത് നില്‍ക്കേണ്ടവര്‍, പരീക്ഷാഹാളില്‍ ബന്ധിതരാവുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും, ഇന്റര്‍വ്യൂപോലുള്ള കാര്യങ്ങള്‍ക്കായി ധാരാളം സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരായവര്‍, വാഹനം കാത്തുനില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് അല്ലാഹു നല്‍കിയ ഈ ഇളവ്. ഇത് സംബന്ധമായി ഒരു തിരുവചനം അബ്ദുല്ലാഹിബ്‌നു അബ്ബാസില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. മഴയോ മറ്റാശങ്കകളോ ഇല്ലാതെ തന്നെ തിരുമേനി(സ) മദീനയില്‍ വെച്ച് ദുഹ്‌റും അസ്‌റും, മഗ്‌രിബും ഇശാഉം ജംആക്കി നമസ്‌കരിക്കുകയുണ്ടായി. തത്സംബന്ധമായി ഇബ്‌നു അബ്ബാസിനോടന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, തിരുമേനി തന്റെ ഉമ്മത്തിന് പ്രയാസമുണ്ടാക്കേണ്ട എന്നുദ്ദേശിച്ചതാണ് എന്നായിരുന്നു. ഈ ഹദീസ് അവലംബിച്ച് ഇമാം ഇബ്‌നു സീരീനെപ്പോലുളള പ്രഗത്ഭരായ പണ്ഡിതന്മാര്‍ യാത്ര, രോഗം, മഴ തുടങ്ങി നമസ്‌കാരം ജംആക്കാവുന്ന കാരണങ്ങളായി ഹദീസുകളില്‍ വന്ന കാരണങ്ങള്‍ മാത്രമല്ല മറ്റു അനിവാര്യമായ സാഹചര്യങ്ങളിലും ജംആക്കാവുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ അത് ഒരു സ്ഥിരം ഏര്‍പ്പാടാവരുതെന്നും അവര്‍ നിബന്ധനവെച്ചിട്ടുണ്ട്. ഈ അഭിപ്രായത്തിനാണ് മഹാനായ ഇമാം ഇബ്‌നുല്‍ മുന്‍ദിര്‍ മുന്‍ഗണന നല്‍കിയത് (അല്‍ മജ്മൂഅ്, ഇമാം നവവി). നമസ്‌കാരം ഖസ്‌റാക്കുക (ചുരുക്കുക)എന്നത് യാത്രക്കിടയില്‍ മാത്രം അനുവദനീയമായ ഒരിളവാണ്. യാത്ര പുറപ്പെടുന്നതിനു മുമ്പും യാത്ര അവസാനിച്ച ശേഷവും ജംആക്കാവുന്ന പോലെ ഖസ്‌റാക്കാവതല്ല. യാത്ര പുറപ്പെട്ടശേഷം യാത്ര അവസാനിക്കും മുമ്പ് യാത്രക്കിടയില്‍ വെച്ച് മാത്രമേ ഖസ്‌റാക്കാന്‍ പറ്റൂ. സാധാരണ ജംഉം ഖസ്‌റും എന്ന് പറയാറുള്ളത് പോലെ അവ രണ്ടിന്റെയും വിധികള്‍ ഒരുപോലെയല്ല. സുബ്ഹ് നമസ്‌കാരത്തിന് ഇത്തരം ഇളവുകള്‍ ബാധകമല്ല. അതുപോലെ അസ്‌റും മഗ്‌രിബും ചേര്‍ത്ത് ജംആക്കാന്‍ പറ്റില്ല. അസ്‌റ് നമസ്‌കാരത്തിനുമുമ്പ് പുറപ്പെടുകയും മഗ്‌രിബ് കഴിഞ്ഞേ ലക്ഷ്യസ്ഥാനത്തെത്തൂ എന്നു ബോധ്യമാവുകയും ചെയ്താല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ലഭ്യമായ സൗകര്യങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് അസ്ര്‍ നമസ്‌കരിക്കേണ്ടതാണ്. അപ്പോള്‍ സാധ്യമാകുന്ന നിബന്ധനകള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രം മതി. ബസിലാണെങ്കില്‍ സീറ്റിലിരുന്നുകൊണ്ടും വുദുവിന് സാധ്യമല്ലാത്ത പക്ഷം തയമ്മും ചെയ്തുകൊണ്ടും നമസ്‌കരിക്കേണ്ടതാണ്. പലര്‍ക്കും ഇത്തരം സന്ദര്‍ഭങ്ങളിലും ചില സംശയങ്ങള്‍ പിടികൂടാറുണ്ട്. യഅ്‌ല ബിന്‍ മുര്‍റയില്‍ നിന്ന് നിവേദനം: 'നബി(സ)യും അനുയായികളും ഒരു ഇടുങ്ങിയ സ്ഥലത്ത് എത്തി. മഴ ചാറുന്നുണ്ട്. നിലമാകട്ടെ നനഞ്ഞു കുതിര്‍ന്നിട്ടുമുണ്ട്. അങ്ങനെ നമസ്‌കാര സമയമായി. അപ്പോള്‍ തിരുമേനി ബാങ്ക് കൊടുക്കാന്‍ കല്‍പിച്ചു. ബാങ്കും ഇഖാമത്തും കൊടുത്തു. അനന്തരം തിരുമേനി തന്റെ വാഹനപ്പുറത്തിരുന്നുകൊണ്ടു തന്നെ അവരെയുംകൊണ്ട് നമസ്‌കരിച്ചു. റുകൂഇനെക്കാള്‍ അല്‍പം കൂടി കുനിഞ്ഞ് സുജൂദ് ചെയ്യുന്ന ആംഗ്യരൂപത്തിലായിരുന്നു ആ നമസ്‌കാരം.' വാഹനപ്പുറത്തിരുന്ന് ഫര്‍ദ് നമസ്‌കാരം നിര്‍വഹിക്കാമെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നു. നിര്‍ബന്ധമായും ചില നിബന്ധനകള്‍ പാലിച്ചിരിക്കേണ്ടതാണെന്ന് കുറിക്കുന്ന തെളിവുകളെ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പരിഗണിക്കേണ്ടതില്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പ്രധാന കര്‍മശാസ്ത്ര ഗ്രന്ഥമായ 'കശ്ശാഫുല്‍ ഖിനാ'ഇല്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് വരെ ജംആക്കാമെന്ന് പറയുന്നു. ശരീരത്തിലും വസ്ത്രത്തിലും കൂടെക്കൂടെ നജസാവുകയും ഓരോ നമസ്‌കാരത്തിനും വേണ്ടി വൃത്തിയാക്കി വേറെ വസ്ത്രം അണിയുക എന്നത് പ്രയാസമാണെന്നതുമൊക്കെയാണ് അതിന് കാരണമായി കാരണമായി വിശദീകരിച്ചിരിക്കുന്നത്. ആര്‍ത്തവവേളകളല്ലാത്ത സന്ദര്‍ഭങ്ങളിലും ചില സ്ത്രീകള്‍ക്ക് രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇതൊരു രോഗമാണ്. രക്തസ്രാവമുള്ള സ്ത്രീകള്‍ക്ക് നമസ്‌കാരം ജംആക്കാമെന്ന് കുറിക്കുന്ന ഹദീസുകളും കാണാവുന്നതാണ്. അത്തരം സ്ത്രീകള്‍ അഞ്ച് നേരവും കുളിച്ച് ശുദ്ധിയാവുക പ്രയാസമായതിനാല്‍ ളുഹ്‌റും അസ്‌റും അസ്‌റിന്റെ സമയത്തും മഗ്‌രിബും ഇശാഉം ഇശാഇന്റെ സമയത്തും നമസ്‌കരിച്ചാല്‍ മതി. ഹംന ബിന്‍ത് ജഹ്ശി(റ)നോട് തിരുമേനി അങ്ങനെ നിര്‍ദ്ദേശിച്ചതായി ഇമാം അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണാം. മൂത്രവാര്‍ച്ച പോലുള്ള രോഗമുള്ളവരും ഇതില്‍പ്പെടും. ഇങ്ങനെ പ്രയാസമനുഭവിക്കുന്നവര്‍ക്ക് അവരുടെ പ്രയാസം മനസ്സിലാക്കി ഇസ്‌ലാമിക ശരീഅത്ത് ധാരാളം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇത്തരം ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നുവെന്നും തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. കാരണം അല്ലാഹു തന്നെയാണല്ലോ അതനുവദിച്ചുതരുന്നത്. ഉറക്കം, മറവി, രോഗം, അറിവില്ലായ്മ, നിര്‍ബന്ധിതാവസ്ഥ, യാത്ര തുടങ്ങിയവയെല്ലാം ഒരാള്‍ക്ക് ഇളവ് ലഭിക്കാനുള്ള ന്യായമായ കാരണങ്ങളായി ഇസ്‌ലാമിക ശരീഅത്ത് പരിഗണിച്ചിരിക്കുന്നു. പലരും ഇത്തരം ഇളവുകള്‍ ഒരിക്കലും ഉപയോഗപ്പെടുത്താന്‍ പറ്റാത്ത രൂപത്തിലുള്ള നിബന്ധനകള്‍ വെച്ചുകൊണ്ട് എല്ലാ ഇളവുകളെയും അസാധ്യവും അപ്രായോഗികവുമാക്കിയിരിക്കുകയാണ്. അതിന്റെ ഫലമെന്തായി എന്ന് ചോദിച്ചാല്‍ പല ദീനീനിഷ്ഠകളും പാലിക്കുന്നതില്‍ ഒരുപാട് പേര്‍ വിമുഖത കാണിക്കുന്നു. പലര്‍ക്കും ഇത്തരം കടുത്ത നിബന്ധനകള്‍ കാരണം ഒരു യഥാര്‍ത്ഥ മുസ്‌ലിമായി ജീവിക്കുക ഇക്കാലത്ത് നടപ്പുള്ള കാര്യമല്ലെന്നും തോന്നിപ്പോകുന്നു. നമസ്‌കാരത്തില്‍ താല്‍പര്യമുള്ള ചിലര്‍ സമയം തെറ്റിക്കുന്നതിന്റെ മറ്റൊരു കാരണം ഷൂസും സോക്‌സും ഊരാനുള്ള പ്രയാസമാണ്. പ്രത്യേകിച്ച് സോക്‌സില്‍ തടവുക എന്ന ഇളവ് പലര്‍ക്കും അറിയാമെങ്കിലും ആ ഇളവ് ഉപയോഗപ്പെടുത്താവുന്നതിനുമപ്പുറമാണ് ചില ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ അതിന് നിബന്ധനകള്‍ വെച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ അത്തരം നിബന്ധനകളില്‍ പലതിനും ഒരടിസ്ഥാനവും ഇല്ല. കീറലില്ലാത്തതും കാല്‍പാദങ്ങള്‍ മറയുന്നതും ആയിരിക്കണം. അതണിയുന്ന സമയത്ത് വുദു ഉണ്ടായിരിക്കണം. ഇത്രയും നിബന്ധനകള്‍ പാലിച്ചാല്‍ പിന്നീട് വുദു എടുക്കുന്നവര്‍ക്ക് ആ സോക്‌സിന്‍മേല്‍ തടവിയാല്‍ മതിയാകും. കൈ നനച്ച് കുടഞ്ഞശേഷം സോക്‌സിന്‍മേല്‍ തടവുക. തയമ്മും ചെയ്യുന്ന കാര്യത്തില്‍, നല്ല പൊടിമണ്ണ് ആയിരിക്കണം, നായ തൊടാന്‍ യാതൊരു സാധ്യതയും ഉണ്ടാവരുത്, മണലോ ചരലോ ഒന്നും പറ്റില്ല തുടങ്ങിയ നിബന്ധനകളും അങ്ങനെത്തന്നെ. ഇമാം അബൂഹനീഫയെ പോലുള്ള മഹാന്‍മാരായ ഇമാമുകള്‍ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏതിന്‍മേല്‍ കൈയടിച്ച് കൊണ്ടായാലും തയമ്മും സാധുവാകുന്നതാണ് എന്നു പറഞ്ഞിട്ടുണ്ട്. പുരുഷന്മാരുടെ നമസ്‌കാര രൂപവുമായി വ്യത്യാസമൊന്നുമില്ലെങ്കിലും റുകൂഇലും സുജൂദിലും പുരുഷന്‍മാര്‍ കൈകള്‍ വിടര്‍ത്തിവെക്കുമ്പോള്‍ സ്ത്രീകള്‍ കൈകള്‍ ചേര്‍ത്തുവെക്കുകയും സുജൂദില്‍ സ്ത്രീകള്‍ വയര്‍ മടിയിലേക്ക് ചേര്‍ത്തുവെക്കുകയും ചെയ്യേണ്ടതാണെന്നും ഇമാമുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അതുപോലെ ഉറക്കെ ഓതി നമസ്‌കരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അന്യപുരുഷന്മാരുടെ സാന്നിധ്യമുണ്ടെങ്കില്‍ മെല്ലെയാണ് ഓതേണ്ടതെന്നും അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഉറക്കെ ഓതാമെന്നുമാണ് നിയമം. സ്ത്രീകള്‍ മാത്രം ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ഇമാമായി നില്‍ക്കുന്ന സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്ന് വ്യത്യസ്ഥമായി മുമ്പിലെ അണിയില്‍ ഏറ്റവും മധ്യത്തില്‍ നില്‍ക്കുകയാണ് വേണ്ടത്. അണിയില്‍ നിന്ന് മുമ്പോട്ട് മാറി നില്‍ക്കുക എന്നത് പുരുഷനാണ് ചെയ്യേണ്ടത്. സ്ത്രീകള്‍ അങ്ങനെയല്ല, മറ്റുസ്ത്രീകളുടെ നടുവില്‍ നില്‍ക്കുകയാണ് വേണ്ടത്. പ്രവാചക പത്‌നിമാരായ ആഇശ(റ)യും ഉമ്മുസലമയും സ്ത്രീകള്‍ക്ക് ഇമാമായി നിന്നപ്പോള്‍ അങ്ങനെയായിരുന്നു നിന്നിരുന്നതെന്ന് ഇമാം നവവി വ്യക്തമാക്കിയിട്ടുണ്ട്. പുരുഷന്മാര്‍ പള്ളികളില്‍ അഞ്ച് നേരവും ജമാഅത്തിന് പങ്കെടുക്കുമ്പോള്‍ വീട്ടില്‍ പാപ്തിയും യോഗ്യതയുമുള്ള സ്ത്രീകള്‍ ഇമാമായി നിന്നുകൊണ്ട് ജമാഅത്തായി സമയത്തിനുതന്നെ നമസ്‌കരിക്കുന്ന ശീലം തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു. സ്ത്രീ ഭര്‍തൃവീട്ടിലെ ഉത്തരവാദിത്വമുള്ള വ്യക്തിയാണെന്നും നാളെ അല്ലാഹുവിന്റെ മുമ്പില്‍ തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തെ സംബന്ധിച്ച് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്നും നബി തിരുമേനി (സ) ഉണര്‍ത്തിയത് എല്ലാ സഹോദരിമാരും ഓര്‍ക്കുന്നത് നല്ലതാണ്. |

No comments:

Post a Comment