..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

സമാശ്വസിപ്പിക്കൂ, പ്രയാസപ്പെടുത്തരുത് ഡോ: സമീര്‍ യൂനുസ്
നബിയെ കാണാന്‍ വന്ന ഒരു ഗ്രാമീണ അറബി വളരെ പരുക്കന്‍ ഭാഷയിലാണ് സംസാരിച്ചു തുടങ്ങിയത്. അയാളെ പിടിച്ചുമാറ്റാന്‍ തന്റെ ശിഷ്യര്‍ തുനിയുന്നത് കണ്ട് പ്രവാചകന്‍ അവരെ വിലക്കി: 'അദ്ദേഹത്തെ വെറുതെ വിടൂ, അദ്ദേഹം സംസാരിക്കട്ടെ.' സംസാരത്തിലെ പാരുഷ്യമൊന്നും വകവെക്കാതെ വളരെ മാന്യമായ രീതിയിലാണ് നബി ഗ്രാമീണനോട് പെരുമാറിയത്. ഒരു തരത്തിലുള്ള ഇടുക്കമോ പ്രയാസമോ അദ്ദേഹത്തിന് തോന്നാത്ത വിധം നിര്‍മലവും സ്നേഹമസൃണവുമായിരുന്നു പ്രവാചകന്റെ പെരുമാറ്റം. ആ വശ്യമായ പെരുമാറ്റം തന്നെയാണ് ഗ്രാമീണനെ സത്യമാര്‍ഗത്തിലേക്ക് വഴിനടത്തിയതും പ്രവാചക ശിഷ്യരില്‍ ഒരാളാക്കി അദ്ദേഹത്തെ മാറ്റിയതും. ഗ്രാമീണന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ നബി, ശിഷ്യന്മാര്‍ക്ക് നല്‍കിയ ഒരു ഉപദേശമുണ്ട്. ആ ഉപദേശം നമ്മുടെ രക്ഷാകര്‍ത്താക്കള്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍, സ്വന്തം മക്കളുമായുള്ള അവരുടെ ബന്ധം എത്രമാത്രം ബലവത്തും സ്നേഹനിര്‍ഭരവുമാകുമായിരുന്നു! പ്രവാചകന്‍ ശിഷ്യരെ ഉപദേശിച്ചത് ഇതാണ്: "ഞാനാര്, നിങ്ങളാര് എന്നതിന് ഒരു ഉപമ പറഞ്ഞു തരാം. ഒരാള്‍ക്ക് ഒരു (മൃഗ) വാഹനമുണ്ടായിരുന്നു. അത് കെട്ടഴിഞ്ഞ് അലയാന്‍ തുടങ്ങി. ജനം നാല് ഭാഗത്ത് നിന്നും അതിന്റെ പിന്നാലെ കൂടി. ജനം വരുന്നത് കണ്ട് അതിന്റെ വാശിയും കുറുമ്പും കൂടി അത് അകലേക്ക് പൊയ്ക്കൊണ്ടിരുന്നു. അപ്പോഴാണ് വാഹനയുടമ വിവരമറിഞ്ഞ് അവിടെ എത്തുന്നത്. അദ്ദേഹം ജനത്തോടായി പറഞ്ഞു: "എന്റെ വാഹനത്തിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. നിങ്ങള്‍ പിരിഞ്ഞു പോവുക.'' തീറ്റച്ചെടികള്‍ ഉയര്‍ത്തിക്കൊണ്ട് അയാള്‍ ആ മൃഗത്തെ സ്നേഹത്തോടെ വിളിച്ചുകൊണ്ടിരുന്നു. മൃഗം അടുത്തേക്കടുത്തേക്ക് വന്ന് ഒടുവില്‍ യജമാനന് സ്വയം പിടികൊടുത്തു.'' (ഹാകിം-മുസ്തദ്റക്) ദൈവാനുഗ്രഹത്താലാണ് താങ്കള്‍ക്ക് അവരോട് സൌമ്യമായി പെരുമാറാനാകുന്നതെന്നും, പരുഷനും ഹൃദയച്ചുരുക്കമുള്ളവനും ആയിരുന്നെങ്കില്‍ അവര്‍ എന്നേ താങ്കളില്‍ നിന്ന് ഓടിയകലുമായിരുന്നുവെന്നും ഖുര്‍ആന്‍ തന്നെ (ആലു ഇംറാന്‍: 159) നബിയെ ഉണര്‍ത്തിയിട്ടുമുണ്ടല്ലോ. പള്ളിയില്‍ ഒരു ഗ്രാമീണന്‍ മൂത്രമൊഴിച്ചപ്പോള്‍ നബി സ്വീകരിച്ച നിലപാട് മറ്റൊരു ഉദാഹരണമാണ്. ശിഷ്യന്മാര്‍ പ്രകോപിതരായപ്പോള്‍ നബി അവരെ അടക്കി നിര്‍ത്തി ഗ്രാമീണന് വേണ്ടി പ്രാര്‍ഥിച്ച ശേഷം വളരെ സൌമ്യനായി നബി അദ്ദേഹത്തെ ഇങ്ങനെ ഉപദേശിച്ചു: "ഇത് പോലുള്ള ചീത്ത കാര്യങ്ങള്‍ ചെയ്യാനുള്ളതല്ല പള്ളി, അത് നമസ്കാരത്തിനും ഖുര്‍ആന്‍ പാരായണത്തിനും ദൈവസ്മരണക്കും മറ്റു അനുഷ്ഠാനങ്ങള്‍ക്കും ഉള്ളതാണ്.'' മുആവിയ ബ്നുല്‍ ഹകം അസ്സലമി പുതുതായി ഇസ്ലാം സ്വീകരിച്ചയാളാണ്. ആരാധനകള്‍ എങ്ങനെ അനുഷ്ഠിക്കണമെന്നതിനെക്കുറിച്ച് വലിയ പിടിപാടില്ല. നമസ്കരിച്ചുകൊണ്ടിരിക്കെ അയാള്‍ മറ്റു പലതും സംസാരിച്ചുകൊണ്ടിരുന്നു. ശിഷ്യന്മാര്‍ അയാളെ അധിക്ഷേപിക്കാന്‍ തുനിഞ്ഞപ്പോള്‍ നബി അവരെ തടഞ്ഞു. മുആവിയയെ വളരെ സൌമ്യമായി കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. ഈ സംഭവത്തെ കുറിച്ച് മുആവിയ പിന്നീട് ഓര്‍ക്കുന്നത് ഇങ്ങനെ: "എന്റെ ഉമ്മയാണെ, വാപ്പയാണെ സത്യം. ഇതുപോലൊരു മഹാനായ അധ്യാപകനെ മുമ്പോ ശേഷമോ ഞാന്‍ കണ്ടിട്ടില്ല. വെറുപ്പിന്റെ ഒരു ലാഞ്ചന പോലും പ്രവാചകന്‍ കാണിച്ചില്ല. പകരം ഇങ്ങനെ ഉപദേശിക്കുകയാണ് ചെയ്തത്: ഇത് നമസ്കാരമാണ്. ഇതുപോലുള്ള സംസാരങ്ങളൊന്നും അതില്‍ പാടില്ല. തസ്ബീഹും തക്ബീറും ഖുര്‍ആന്‍ പാരായണവും മാത്രമേ പാടുള്ളൂ.'' (മുസ്ലിം) 'ദൈവമാര്‍ഗത്തിലേക്ക് യുക്തിദീക്ഷയോടെ, സദുപദേശം നല്‍കി ക്ഷണിക്കണം.' (അന്നഹ്ല്‍: 125) 'ജനങ്ങളോട് നല്ലത് പറയൂ.' (അല്‍ബഖറ: 83) എന്നൊക്കെയാണ് ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍. 'വിശ്വാസികളോട് അങ്ങേയറ്റം കരുണ കാണിക്കുന്നവനാണ് പ്രവാചകന്‍' (അത്തൌബ: 128) എന്നു ഖുര്‍ആന്‍ എടുത്തു കാട്ടുന്നുണ്ട്. ഇതും ഇതുപോലുള്ള സൂക്തങ്ങളും പഠിച്ചു നോക്കുക. എത്ര കരുണാര്‍ദ്രവും ജനമനസ്സുകളെ ആകര്‍ഷിക്കുന്നതുമായിരുന്നു പ്രവാചകന്റെ ശൈലി എന്ന് വ്യക്തമാവും. ആക്ഷേപമോ, ശകാരമോ, കുറ്റപ്പെടുത്തലുകളോ ഇല്ല. തന്റെ അനുയായികളുടെ ഏതൊരു നല്ല തീരുമാനത്തിനൊപ്പവും പ്രവാചകന്‍ ഉണ്ടാകും. നേതാവെന്ന നിലക്ക് താന്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അത് അനുയായികളില്‍ അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യുക. അവരുമായി കൂടിയാലോചിക്കും. അവരിലെ ഏതൊരു നന്മയെയും പ്രോത്സാഹിപ്പിക്കും. അവരുടെ തെറ്റുകള്‍ മാപ്പാക്കും. മുഖം കറുപ്പിച്ചോ വാക്ക് കടുപ്പിച്ചോ ഒരാളോടും സംസാരിക്കില്ല. ഒരാളുടെയും തെറ്റുകളെ വേട്ടക്കാരനെപ്പോലെ പിന്തുടരുകയില്ല. ആരില്‍ നിന്നെങ്കിലും ഉപദ്രവങ്ങള്‍ ഉണ്ടാകുന്നെങ്കില്‍ അതൊക്കെ സഹിക്കും. 'ദൈവമാര്‍ഗത്തിലേക്ക് യുക്തിദീക്ഷയോടെ ക്ഷണിക്കുക' എന്ന ഖുര്‍ആന്‍ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട് അല്ലാമാ സഅ്ദി എഴുതുന്നു: "ആരെ സത്യ മാര്‍ഗത്തിലേക്ക് ക്ഷണിക്കുമ്പോഴും അയാളുടെ നിലയും അവസ്ഥയും പ്രകൃതവും വൈജ്ഞാനിക നിലവാരവും ഒക്കെ നോക്കണം. സൌമ്യവും ഹൃദ്യവുമാവണം ക്ഷണം. ഇത് ഫലപ്രദമാവുന്നില്ലെന്ന് കണ്ടാല്‍ സദുപദേശങ്ങള്‍ നല്‍കി മനസ്സ് മാറ്റാന്‍ ശ്രമിക്കണം. അതല്ലെങ്കില്‍ ബുദ്ധിപരമായും യുക്തിപരമായും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തെളിവുകളുടെ പിന്‍ബലത്തില്‍ അയാളുമായി സംവദിക്കേണ്ടി വരും. അത് പക്ഷെ തര്‍ക്ക വിതര്‍ക്കമോ വാദകോലാഹലങ്ങളോ ആയിപ്പോവരുത്. മനുഷ്യരെ സന്മാര്‍ഗത്തിലാക്കുകയാണ്, അതല്ലാതെ അവരെ വാദിച്ച് തോല്‍പ്പിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് പ്രബോധകന്‍ ഒരു ഘട്ടത്തിലും മറന്നുകൂടാത്തതാണ്.'' മൊത്തം മനുഷ്യരോടും പെരുമാറേണ്ട രീതി ഇതാണ്. അപ്പോള്‍ സ്വന്തം മക്കളോട് പെരുമാറുമ്പോള്‍ ഈ ഹൃദ്യതയും സൌമ്യതയും അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഉണ്ടാവേണ്ടതല്ലേ? പക്ഷെ, അധിക രക്ഷിതാക്കളും കരുതുന്നത്, കുറച്ചൊക്കെ പരുക്കനായും ദേഷ്യപ്പെട്ടും പെരുമാറിയാലേ കുട്ടികള്‍ നേരെയാവൂ എന്നാണ്. ഇത്തരം കടുത്ത പെരുമാറ്റങ്ങള്‍ കൊണ്ടുണ്ടാവുന്ന ദൂഷ്യങ്ങളെപ്പറ്റി അവര്‍ ആലോചിക്കുന്നില്ല. രക്ഷിതാക്കളൊന്നു മനസ്സിലാക്കണം. നിങ്ങളുടെ ഉത്തമ സ്വഭാവ ഗുണങ്ങളും ഹൃദ്യമായ പെരുമാറ്റവുമാണ് കുട്ടികളെ നിങ്ങളിലേക്ക് അടുപ്പിക്കുക. ഇങ്ങനെയൊരു ഹൃദയബന്ധം ഉണ്ടായിക്കഴിഞ്ഞാലാണ് അവര്‍ നിങ്ങള്‍ പറയുന്നത് അനുസരിക്കുക. നിങ്ങള്‍ പരുഷമായാണ് പെരുമാറുന്നതെങ്കില്‍ അവരെ നിങ്ങളില്‍ നിന്ന് അകറ്റും. അവരുടെ മനസ്സില്‍ നിങ്ങളോട് വെറുപ്പും വളര്‍ന്നു കൂടായ്കയില്ല. ഞാന്‍ ചോദിക്കുന്നത്, എന്തുകൊണ്ട് ഇക്കാര്യത്തില്‍ പ്രവാചകന്റെ മാതൃക പിന്തുടര്‍ന്നുകൂടാ? കരുണാര്‍ദ്രവും സൌമ്യവുമായ ആ രീതിയായിരിക്കില്ലേ അവരെ നന്മയുടെ മാര്‍ഗത്തില്‍ വഴിനടത്തുക? വീണ്ടും ഖുര്‍ആനിലേക്ക് വരാം. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഏറ്റവും വലിയ ധിക്കാരിയും അധര്‍മിയുമാണ് ഫറോവ. അയാളെ നേര്‍വഴിയിലേക്ക് നയിക്കാന്‍ പ്രവാചകന്മാരായ മൂസയേയും ഹാറൂനിനേയും നിയോഗിച്ചയക്കുമ്പോള്‍ അല്ലാഹു അവരോട് പ്രത്യേകം പറയുന്നുണ്ട്: 'സൌമ്യമായ വാക്കുകളേ നിങ്ങള്‍ അയാളോട് പറയാവൂ.' (ത്വാഹാ: 44) 'ഞാന്‍ നിന്നെ സംസ്കൃതചിത്തനാക്കാന്‍ വന്നവനാണ്' എന്ന മട്ടിലൊന്നും മൂസ (അ) സംസാരിക്കുന്നില്ല. 'അയാള്‍ ഭയപ്പെടുകയും സ്വയം സംസ്കൃതചിത്തനാവുകയും ചെയ്തെങ്കിലോ' എന്നാണ് ഖുര്‍ആന്റെ പ്രയോഗം. സംസാരത്തിലെ ഈ സൌമ്യത മൂസ- ഫറോവ സംവാദത്തിലുടനീളം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. വാക്കിലോ പ്രവൃത്തിയിലോ പെരുമാറ്റത്തിലോ പല അപാകതകളും മക്കളില്‍ കണ്ടെന്നു വരും. പലതും അറിവില്ലായ്മ കൊണ്ടാണ്. അത് രക്ഷിതാക്കള്‍ വിട്ടുപൊറുത്ത് കൊടുക്കണം. മക്കള്‍ തീരെ ജീവിത പരിചയം കുറഞ്ഞവരാണ്. ജീവിതത്തിന്റെ ചതിക്കുഴികളെക്കുറിച്ച് അവര്‍ക്ക് വിവരമുണ്ടാവില്ല. പലതിലും അവര്‍ ചെന്നു ചാടും. നമുക്കൊരുപാട് പ്രയാസങ്ങള്‍ ഇത് മുഖേന ഉണ്ടായെന്നും വരാം. അപ്പോള്‍ 'സുന്ദരമായി ക്ഷമിക്കാന്‍' നമുക്ക് കഴിയണം. തെറ്റ് തിരുത്തുന്നതോടൊപ്പം തന്നെ അവര്‍ക്ക് പിന്‍ബലമായും ആശ്വാസമായും നാം നില്‍ക്കണം. ഇങ്ങനെ തിന്മകളെയും അബദ്ധങ്ങളെയും നന്മകൊണ്ട് നേരിടണമെന്നാണ് ഖുര്‍ആനിന്റെ നിര്‍ദേശം. അപ്പോള്‍ നിങ്ങളുടെ ബദ്ധശത്രു ആത്മമിത്രമായി മാറുന്ന അത്ഭുതകരമായ കാഴ്ച നിങ്ങള്‍ക്ക് കാണാനാവുമെന്നും ഖുര്‍ആന്‍ ഉറപ്പ് നല്‍കുന്നു. (ഫുസ്സ്വിലത്ത്: 34) കുട്ടികള്‍ നിങ്ങളുടെ കരളിന്റെ കഷ്ണങ്ങളാണ്. അതിനാല്‍ മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ കാണുന്നതിനേക്കാള്‍ എത്രയോ കൂടിയ അളവിലായിരിക്കണം അവരോട് പെരുമാറുമ്പോഴുള്ള ഹൃദ്യതയും കാരുണ്യവും. നമ്മള്‍ എന്താണോ ചെയ്യുന്നത് അതാണ് നമുക്ക് തിരിച്ചും കിട്ടുക. 'നന്മയുടെ പ്രതിഫലം നന്മയല്ലാതെ മറ്റെന്ത്' എന്ന് ഖുര്‍ആന്‍ ചോദിക്കുന്നത് (അര്‍റഹ്മാന്‍: 60) അതുകൊണ്ടാണ്. അക്ഷമരായി പ്രതികരിക്കുക, വിട്ടുവീഴ്ച ചെയ്യാതിരിക്കുക, കടുത്ത ഭാഷയില്‍ സംസാരിക്കുക എന്നിങ്ങനെയാണ് നമ്മുടെ പ്രവൃത്തികളെങ്കില്‍ അതൊക്കെ തന്നെയല്ലേ മക്കളില്‍ നിന്ന് നമുക്കും തിരിച്ച് കിട്ടൂ? വിവ: സ്വാലിഹ

No comments:

Post a Comment