Sunday, 9 September 2012
ശ്രീരാമനും ശ്രീകൃഷ്ണനും
"ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും ഇസ്ലാമിക വീക്ഷണത്തിലും ശ്രീരാമനും ശ്രീകൃഷ്ണനും പ്രവാചകന്മാരായിരുന്നോ?''
ദൈവദൂതന്മാര്‍ ആഗതമാകാത്ത സമൂഹങ്ങളും ജനതകളുമില്ലെന്ന് ഇസ്ലാം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: "എല്ലാ സമുദായത്തിനും നാം ദൂതന്മാരെ നിയോഗിച്ചു കൊടുത്തിട്ടുണ്ട്''(16: 36).
"നാം നിന്നെ സത്യവുമായി നിയോഗിച്ചിരിക്കുന്നു, ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായി. ഒരു സമുദായവും അതിലൊരു താക്കീതുകാരന്‍ നിയോഗിതമാകാതെ കഴിഞ്ഞുപോയിട്ടില്ല.''(35: 24).
സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഇന്ത്യയില്‍ ദൈവദൂതന്മാര്‍ ആഗതരായിരിക്കുമെന്നും ദൈവികസന്ദേശം അവതരിപ്പിക്കപ്പെട്ടിരിക്കുമെന്നുമുള്ളതില്‍ സംശയമേയില്ല. എന്നാല്‍ ആരായിരുന്നു ആ പ്രവാചകന്മാരെന്നും എവിടെയെല്ലാം, എന്നെല്ലാമാണ് അവര്‍ നിയോഗിതരായതെന്നും വ്യക്തമായും ഖണ്ഡിതമായും അറിയാന്‍ കഴിയുന്ന പ്രാമാണിക രേഖകളൊന്നുമിന്ന് ലഭ്യമല്ല. നമ്മുടെ രാജ്യത്തെ പൂര്‍വികരായ പുണ്യപുരുഷന്മാരെ സംബന്ധിച്ച് നിലവിലുള്ളത് കുറേ ഐതിഹ്യങ്ങളും അവിശ്വസനീയവും അതിശയോക്തിപരവുമായ വര്‍ണനകളുമാണ്. ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ സാധ്യമല്ലാത്ത വിധം അവ അതീവ സങ്കീര്‍ണമത്രെ. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ചരിത്രവും ഇതിന് അപവാദമല്ല. അവരെ സംബന്ധിച്ച് ഇന്ന് പറയപ്പെടുന്നവ പലതും ശരിയാവാന്‍ സാധ്യതയില്ല. അതിനാല്‍ നിലവിലുള്ള ധാരണകള്‍ വച്ച് അവരൊക്കെ ദൈവദൂതന്മാരായിരുന്നോ, അല്ലേയെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അതേസമയം ആവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. നമ്മുടെ രാജ്യത്തെ മുന്‍ഗാമികളായ മഹദ്വ്യക്തികളുടെ യഥാര്‍ഥ ചരിത്രം ഐതിഹ്യങ്ങളില്‍നിന്നും, അനുയായികളും എതിരാളികളും പറഞ്ഞുണ്ടാക്കിയ കല്‍പിതകഥകളില്‍നിന്നും മോചിതമായിക്കിട്ടാന്‍ എന്തെങ്കിലും മാര്‍ഗമുണ്െടങ്കില്‍ അത് മഹത്തായൊരു നേട്ടമായിരിക്കും. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണപഠനങ്ങളിലൂടെ അവരുടെ യഥാര്‍ഥ ജീവിതം അനാവൃതമാവുകയും അങ്ങനെ അവര്‍ ദൈവദൂതന്മാരായിരുന്നുവെന്ന് ബോധ്യമാവുകയുമാണെങ്കില്‍ അതിലേറ്റവുമധികം സന്തോഷിക്കുക ഈ രാജ്യത്തെ മുസ്ലിംകളായിരിക്കും. ഏതായാലും അത്തരമൊരന്വേഷണവും പഠനവും അത്യധികം അഭികാമ്യമത്രെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment