Sunday, 9 September 2012
ഭാരതമെന്ന ധ്യാനസ്ഥാനത്തെ യാങ്കിസ്ഥാനാക്കുന്നു
സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി
ഭാരതത്തിന്റെ വ്യക്തിത്വത്തെ അഥവാ ഭാരതീയതയെ ഒറ്റവാക്കില്‍ അവതരിപ്പിക്കാമോ എന്നൊരു ചോദ്യം അഭിമുഖീകരിക്കേണ്ടിവരുന്ന പക്ഷം നിസ്സംശയം ഞാനതിനു തെരഞ്ഞെടുക്കുന്ന വാക്ക് ധ്യാനം എന്നതായിരിക്കും! എന്തെന്നാല്‍ ഭാരതീയത വിശ്വപ്രസിദ്ധി നേടിയത് ഇവിടെ മര്‍ഡോക്കുമാരെപ്പോലുള്ള കച്ചവട ഭീമന്മാര്‍ ഉണ്ടായതുകൊണ്ടോ അലക്‌സാണ്ടര്‍മാരെപ്പോലുള്ള യുദ്ധവീരന്മാര്‍ ഉണ്ടായതുകൊണ്ടോ അല്ലായിരുന്നു; മറിച്ച് ശ്രീബുദ്ധനെപ്പോലുള്ള ധ്യാനമാനവന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടായിരുന്നു. അതിനാല്‍ ഭാരതം എന്നതു സാരാംശത്തില്‍ ഹിന്ദുസ്ഥാനമല്ല; ധ്യാനസ്ഥാനമാണ്. ഭാരതീയത എന്നതാകട്ടെ സാരാംശത്തില്‍ ഹൈന്ദവീയതയല്ല മറിച്ച് ധ്യാനാത്മകതയുമാണ്! അതിനാല്‍ ഭാരതീയതയെ സാരാംശത്തില്‍ സ്വാംശീകരിച്ച ഒരു മനുഷ്യനും അഥവാ സാരഗ്രാഹിയ്ക്കും ഹിന്ദുസ്ഥാന്‍വാദിയോ ദ്രാവിഡസ്ഥാന്‍വാദിയോ ആയിരിക്കാനാവില്ല. അയാള്‍ക്ക് അങ്ങേയറ്റം ധ്യാനസ്ഥാന്‍വാദിയാകാനേ കഴിയൂ.
ഓം എന്ന ശബ്ദം സര്‍വശബ്ദങ്ങളുടെയും അമ്മയാണെന്നു പറയാറുണ്ട്. പ്രണവാ സര്‍വ വാങ്മയഃ എന്ന പ്രമാണം അതത്രേ വ്യക്തമാക്കുന്നത്. ഇതുപോലെ സകലവേദങ്ങളുടെയും വേദാന്തങ്ങള്‍ അഥവാ ഉപനിഷത്തുക്കളുടെയും ആറു ശാസ്ത്രങ്ങളുടെയും അറുപത്തിനാലു കലകളുടെയും ഇതിഹാസ പുരാണങ്ങളുടെയും, പൂര്‍വമീമാംസ, സാംഖ്യം, യോഗം, ന്യായം, വൈശേഷികം, ഉത്തരമീമാംസ എന്നൊക്കെ അറിയപ്പെടുന്ന ആറു ദര്‍ശന പദ്ധതി (Six systems of Indian Philosophy) കളുടെയും എല്ലാം എല്ലാം ഒരേയൊരമ്മയാണു മാനവരുടെ ധ്യാനം എന്നു കണിശമായും പറയാം. എന്തെന്നാല്‍ മനുഷ്യനും അവനിലെ/അവളിലെ ധ്യാനസാധ്യതയും കൂടാതെ മേല്‍പറഞ്ഞതൊന്നും ഭാരതത്തില്‍ സംഭവിക്കുമായിരുന്നില്ല. വേദങ്ങളും വേദാന്തങ്ങളുമൊന്നും പഠിക്കാതെ തന്നെ ഒരു മനുഷ്യനു സ്വാമി വിവേകാനന്ദനെ പോലൊരു സമുജ്ജ്വല പ്രതിഭയുടെ ഗുരുസ്ഥാനം അലങ്കരിക്കുവാന്‍ യോഗ്യതയുള്ള ശ്രീരാമകൃഷ്ണപരമഹംസനാവാന്‍ കഴിയും. എന്നാല്‍ ധ്യാനം കൂടാതെ ഒരു മനുഷ്യന്‍ ശ്രീരാമകൃഷ്ണപരമഹംസനായി മാറുക എന്നത് തീര്‍ത്തും അസംഭവ്യമാണ്. അത്രമേല്‍ അടിസ്ഥാനപരവും അനിവാര്യവുമായിരുന്നു ഭാരതീയതയെ വാര്‍ത്തെടുത്തതില്‍ ധ്യാനം വഹിച്ച പങ്ക്. പൗരാണികവും നവീനവുമായ ഭാരതചരിത്രമൊന്നടങ്കം ഇതിനു സാക്ഷ്യം പറയും.
ഋഗ്വേദാദി വേദങ്ങളെ പരമപ്രമാണമായി അംഗീകരിക്കാത്തവരായിരുന്നു ബുദ്ധനും ജൈനനും ചാര്‍വാകനും. എന്നാല്‍ ഇവരൊന്നും ധ്യാനത്തെ തള്ളിപറഞ്ഞവരല്ല. ജൈന മതസ്ഥാപകനായ വര്‍ദ്ധമാന മഹാവീരനും ശ്രീബുദ്ധനും ധ്യാനനിമഗ്‌നമായ ജീവിതം നയിച്ചവരാണ്. പോരാ, ധ്യാനം എന്ന വാക്ക് കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെയുള്ളില്‍ തെളിഞ്ഞു വരുന്ന രൂപം ശ്രീശങ്കരന്റെയല്ല, മറിച്ച് ശ്രീബുദ്ധന്റെയാണ്. അത്രമേല്‍ ഭാവാദൈ്വതപരമായൊരു ബന്ധം ഭാരതീയതയില്‍ ബുദ്ധനും ധ്യാനവും തമ്മിലുണ്ട്. എന്നാല്‍ ഇമ്മട്ടിലുള്ള ബന്ധങ്ങളൊന്നും ചാര്‍വാകനും ധ്യാനവും തമ്മില്‍ ഉണ്ടായിരുന്നു എന്നതിനു തെളിവുകളൊന്നും ഇല്ല. എന്നിരുന്നാലും യജ്ഞയാഗാദി കര്‍മാഭാസങ്ങളെയും സ്വര്‍ഗനരകാദി സങ്കല്‍പങ്ങളെയും മുജ്ജന്മം പുനര്‍ജന്മം തുടങ്ങിയ വാദഗതികളെയുമൊക്കെ നിശിതഭാഷയില്‍ നിരാകരിച്ച ചാര്‍വാക മഹര്‍ഷി, അദ്ദേഹത്തിന്റേതായി നമ്മള്‍ക്കു മുമ്പില്‍ അവശേഷിച്ചു കാണുന്ന സാഹിത്യത്തിലെവിടെയും ധ്യാനത്തെ നിഷേധിച്ചതായി കാണുന്നില്ലെന്നതു തീര്‍ച്ചയാണ്.
ഋഗ്വേദ കാലഘത്തിനു മുമ്പേതന്നെ നിലനിന്നിരുന്ന നാഗരികതയെന്നു ഉത്ഖനന വസ്തുക്കളുടെ ശാസ്ത്രീയ പരിശോധന വഴി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള സൈന്ധവ നദീതട സംസ്‌കാരത്തിലും ധ്യാനാത്മകതക്ക് പ്രാധാന്യമുണ്ടായിരുന്നതായി കാണാം. അതിനുള്ള തെളിവാണ്, സൈന്ധവനദീതട ഉത്ഖനനങ്ങളിലൂടെ കുഴിച്ചെടുത്തിട്ടുള്ളതും ചരിത്രകാരന്മാര്‍ പൂര്‍വ ശിവന്‍ (Proto Siva) എന്നു നാമകരണം ചെയ്തിട്ടുള്ളതുമായ ധ്യാനനിമഗ്നനായിരിക്കുന്ന പുരുഷന്റെ പ്രതിമ. ഒരാളും ധ്യാനിക്കാത്തൊരു സാമൂഹിക വ്യവസ്ഥയില്‍ അത്തരമൊരു പ്രതിമ കൊത്തപ്പെടുവാനിടയില്ലല്ലോ. അതിനാല്‍ സൈന്ധവ നദീതട സംസ്‌കാരത്തിലും ധ്യാനാത്മകതക്ക് പ്രാധാന്യമുണ്ടായിരുന്നുവെന്നു വേണം കരുതുവാന്‍.
ഇതൊക്കെ കണക്കിലെടുത്തു ചിന്തിച്ചാല്‍, വൈദികം, ആര്യം, ആര്‍ഷം, സനാതനം തുടങ്ങിയ പദങ്ങളെക്കാള്‍ ഭാരതീയതയെ അതിന്റെ മുഴുവന്‍ വിശാലതയിലും പ്രതിനിധാനം ചെയ്യാന്‍ എല്ലാ യോഗ്യതയും തികഞ്ഞൊരു വാക്ക് ധ്യാനം എന്നതാണെന്നും ഭാരതദേശം മറ്റെന്തിലും ഉപരി ധ്യാനസ്ഥാന്‍ ആണെന്നും ബോധ്യമാകും. ഭാരതീയമെന്നു പരക്കെ പറയപ്പെട്ടുവരുന്നതെല്ലാം ഉത്ഭവത്തില്‍ ധ്യാനസംഭവങ്ങളാണ്. കല്‍പസൂത്രവും ശ്രമണസൂത്രവും ബ്രഹ്മസൂത്രവും സാംഖ്യസൂത്രവും യോഗസൂത്രവും ഭക്തിസൂത്രവും കാമസൂത്രവും ചാണക്യസൂത്രവും ഉള്‍പ്പെടുന്ന ഭാരതത്തിലെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഒരെണ്ണം പോലും ധ്യാനം കൂടാതെ സംഭവിച്ചതാണെന്നു പറയുവാന്‍ പറ്റില്ലല്ലോ.
ഭാരതം ധ്യാനസ്ഥാന്‍ ആണെന്നും അന്തഃസത്തയില്‍ ഭാരതീയത ധ്യാനാത്മകതയാണെന്നും ഉറപ്പിക്കാവുന്ന സൂചനകളൊക്കെ പറഞ്ഞു കഴിഞ്ഞു. അതിനാല്‍ ഭാരതീയതയെ നിലനിര്‍ത്തുവാന്‍ ചെയ്യേണ്ടുന്ന പ്രവര്‍ത്തനം ധ്യാനാത്മകതയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണെന്നും ഉറപ്പിക്കാം. അതോടൊപ്പം ധ്യാനാത്മകതയെ അപചയപ്പെടുത്തുന്നതോ അട്ടിമറിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരും ചെയ്തുവരുന്നവരുമാണ് യഥാര്‍ഥത്തില്‍ ഭാരതീയ സംസ്‌കാരത്തിന്റെ ശത്രുക്കള്‍ എന്നും പറയാം. ഈ നിലയില്‍ ഭാരതീയതയുടെ ശത്രുക്കള്‍ ആരാണ്...? അതിലേക്കാണിനി വിരല്‍ചൂണ്ടുന്നത്.
ക്രിസ്തുവിനുശേഷം ഭാരതം അഭിമുഖീകരിച്ചതും കീഴടങ്ങിയതുമായ രണ്ടു പ്രധാന അധിനിവേശങ്ങള്‍ ഇസ്‌ലാമിന്റേതും യൂറോപ്പിന്റേതുമാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭാരത ഭരണത്തെ 'ഇസ്‌ലാം' എന്ന മതനാമം ഉപയോഗിച്ചും പാശ്ചാത്യശക്തികളുടെ ഭാരതഭരണത്തെ 'യൂറോപ്പ്' എന്ന ഭൗമികമായ നാമം ഉപയോഗിച്ചും അവതരിപ്പിക്കുന്നത് തെറ്റാണെന്ന് അഭിപ്രായമുള്ളവരുണ്ട്. അത്തരം അഭിപ്രായങ്ങള്‍ ഈ ലേഖകനില്ല. കാരണം മുസ്‌ലിമായ ഏതൊരു മനുഷ്യനും മറ്റെന്തും ഇസ്‌ലാമിനു വേണ്ടിയേ ചെയ്യൂ. 'നിനക്ക് രാജാധിപത്യം വേണമോ അതോ ഇസ്‌ലാം നിലനിര്‍ത്തണമോ' എന്നു ചോദിക്കപ്പെട്ടാല്‍ നൂറില്‍ തൊണ്ണൂറു മുസ്‌ലിംകളുടെയും ഉത്തരം 'ഇസ്‌ലാം നിലനിന്നാല്‍ മതി' എന്നായിരിക്കും. അത്രമേല്‍ മതനിഷ്ഠരാണ് പൊതുവേ മുസ്‌ലിംകള്‍. എന്നാല്‍ ഒരു യൂറോപ്യനോട് 'നിനക്ക് കാശു വേണോ യേശു വേണമോ' എന്നു ചോദിച്ചാല്‍ 'കാശു മതി' എന്നല്ലാതെ 'യേശു മതി' എന്നു പറയാനുള്ള സാധ്യത നൂറില്‍ പത്തു ശതമാനം മാത്രമാണ്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും നയിക്കുകയും ഭരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസില്‍ മഹാത്മാഗാന്ധിക്കുള്ളതിനേക്കാള്‍ സ്വാധീനതയും പ്രാധാന്യതയുമൊന്നും 'പണക്കാര്‍ക്ക് പ്രവേശനമില്ലാത്ത' സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷം പറഞ്ഞ് കുരിശിലേറിയ യേശുക്രിസ്തുവിന് മുതലാളിത്ത യൂറോപ്പില്‍ ഇന്നില്ല. അവര്‍ക്ക് കച്ചവടമാണു മതം; കാശാണു ദൈവം; കൊള്ളലാഭമാണു മോക്ഷം; ഭോഗമാണു ധര്‍മം. അതിനാല്‍ യൂറോപ്യന്മാരുടെ ഭാരത ഭരണത്തെ ക്രൈസ്തവീയ ഭരണം എന്നു വിളിക്കുന്നത് ഒരു പക്ഷേ ചെയ്യാവുന്നതില്‍ വെച്ചേറ്റവും ഭയങ്കരമായ ക്രിസ്തുനിന്ദയായിരിക്കും. അതു ചെയ്യാവുന്നിടത്തോളം ജൂദാസിന്റെ ബാധ ഗുരുകൃപകൊണ്ട് ഈ ലേഖകനെ ഇനിയും ഗ്രസിച്ചിട്ടില്ല.
എന്നാല്‍, യൂറോപ്യന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ശേഷിയില്‍ തെല്ലും പിന്നിലല്ലെങ്കിലും അറേബ്യന്‍ രാഷ്ട്രങ്ങളില്‍ വിശുദ്ധ ഖുര്‍ആനോ മുഹമ്മദ് നബിക്കോ അവിടുന്നു പ്രഖ്യാപനം ചെയ്ത ഇസ്‌ലാമിനോ യൂറോപ്പില്‍ ക്രിസ്തുവിനു സംഭവിച്ച തരത്തിലുള്ള സ്വാധീനക്കുറവോ പ്രാധാന്യമില്ലായ്മയോ സംഭവിച്ചിട്ടില്ല. മറ്റെന്തിലും ഉപരി മതമൂല്യങ്ങളെ പരിഗണിക്കുന്ന സുശിക്ഷിതശീലമാണിതിനു കാരണം. ഇതൊക്കെ കണക്കിലെടുത്തു തന്നെയാണ് മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭാരതഭരണത്തെ ഇസ്‌ലാം അധിനിവേശമെന്നും പാശ്ചാത്യരുടെ ഭാരതഭരണത്തെ യൂറോപ്യന്‍ അധിനിവേശമെന്നും പറയാന്‍ ധൈര്യപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ധ്യാനാത്മകതയെന്ന ഭാരതീയതയുടെ അടിസ്ഥാന പ്രകൃതത്തിനു കടുത്ത ആഘാതമേല്‍പിച്ച അധിനിവേശം, ഇസ്‌ലാമിന്റേതാണോ യൂറോപ്പിന്റേതാണോ എന്ന വിഷയത്തെപ്പറ്റി ചിലതു ചിന്തിക്കാന്‍ ശ്രമിക്കുന്നതും.
ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ നാടിന്റെ മുക്കിലും മൂലയിലുമൊക്കെ കാവിപ്പതാക പറത്തിക്കൊണ്ടിരിക്കുന്നവരുടെ സ്വന്തം 'സ്വയം സേവകന്മാര്‍' കേന്ദ്രമന്ത്രിസഭാംഗങ്ങളായപ്പോള്‍ 'ഭാരതം അമേരിക്കയെപോലെയാകണം' എന്നവര്‍ പ്രഖ്യാപനം നടത്തുകയുണ്ടായി. ഇതില്‍ നിന്നു യൂറോപ്യന്‍ അധിനിവേശത്തെ വലിയ വിപത്തായി കാണുവാന്‍ ദേശഭക്തിയെ കാവിയില്‍ മുക്കി അവതരിപ്പിക്കുന്നവരുള്‍പ്പെടെ തയാറല്ലെന്നു വ്യക്തം. എന്നാല്‍, പരക്കെ സര്‍വരും ഭാരതീയതയുടെ മുഖ്യശത്രുവായി അവതരിപ്പിക്കുന്നത്, അമേരിക്ക അവരുടെ മുഖ്യശത്രുവായി കരുതുന്ന ഇസ്‌ലാമിനെയാണ്. സോവിയറ്റ് യൂനിയന്‍ തകര്‍പ്പെട്ടതിനുശേഷം 'അമേരിക്കയുടെ മിത്രം നമ്മുടെ മിത്രം, അമേരിക്കയുടെ ശത്രു നമ്മുടെ ശത്രു' എന്നതാണല്ലോ ഭാരതഭരണകൂടത്തെ ഭരിക്കുന്ന വിദേശനയ പ്രമാണം. ഇതിനെ അമേരിക്കന്‍ സാമ്രാജ്യത്വവിധേയത്വമെന്നും കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകളെ മുസ്‌ലിം പ്രീണനമെന്നും അതുകൊണ്ട് ഹിന്ദുവിരുദ്ധമെന്നും തന്മൂലം രാജ്യദ്രോഹപരമെന്നുമൊക്കെ മുദ്രകുത്തി അപലപിക്കുക എന്നതും ഈയിടെ പതിവായിട്ടുണ്ട്. സായിപ്പും മദാമ്മയും ഭാരതത്തില്‍ വിനോദസഞ്ചാരത്തിനു വന്നാല്‍ കുങ്കുമക്കുറി തൊടും, രുദ്രാക്ഷമാലകളണിയും, കാവി വലിച്ചു വാരിച്ചുറ്റും. ഇത്തരം കെട്ടുകാഴ്ചകളൊക്കെ കാണുമ്പോള്‍ വിവേകാനന്ദസ്വാമിയാല്‍ സിസ്റ്റര്‍ നിവേദിത എന്നതുപോലെ യൂറോപ്പ് ഭാരതത്താല്‍ വശീകൃതയായി എന്നു ഭാരതീയതയെ രുദ്രാക്ഷവും കാവിയും ഉള്‍പ്പെടെയുള്ള വെറും കെട്ടുകാഴ്ചകളായി തെറ്റിദ്ധരിച്ചവര്‍ കരുതും. പക്ഷേ, കാര്യം കാണുവാന്‍ ഏതുവേഷവും കെട്ടുന്ന കൗശലമാണ് യൂറോപ്യര്‍ പൊതുവേ കാവിച്ചുറ്റി കാണിക്കുന്നത്. എന്നാല്‍ ഇത്തരം കെട്ടുകാഴ്ചകളിലൂടെ തന്റെ ദേശഭക്തി പ്രദര്‍ശിപ്പിക്കുവാന്‍ ഒരു മുസ്‌ലിമും തയാറാവുകയില്ല. സ്വന്തം മതനിഷ്ഠ വെടിഞ്ഞ് എന്തുവേഷവും കെട്ടിയാടാന്‍ തയാറാകാത്ത മുസ്‌ലിമിന്റെ സത്യസന്ധതയാണോ കാര്യലാഭത്തിനുവേണ്ടി എന്തുവേഷവും കെട്ടുന്ന യൂറോപ്യരുടെ കച്ചവടപരമായ കൗശലമാണോ വിശ്വസനീയമായ ഗുണം എന്നു പരിശോധിച്ചാല്‍, യൂറോപ്യനോളം അപകടകാരിയല്ല മുസ്‌ലിം എന്നു വിലയിരുത്തേണ്ടി വരും. ഇത്തരമൊരു വിലയിരുത്തലിനു സ്വാമി വിവേകാനന്ദന്‍ പോലും സ്വാനുഭവങ്ങളുടെ വെളിച്ചത്തില്‍ തയാറായിട്ടുണ്ട്.
യൂറോപ്യരും മുസ്‌ലിംകളും കടന്നുചെന്ന ഭൂഖണ്ഡങ്ങളില്‍ ചെയ്തതെന്തെന്നും സംഭവിച്ചതെന്തെന്നും വിലയിരുത്തികൊണ്ടു വിവേകാനന്ദ സ്വാമികള്‍ പറയുന്നു ''ഹേ യൂറോപ്യന്‍, നീ ഏതൊരു ദേശം നേരെയാക്കിയിട്ടുണ്ട്? തന്നേക്കാള്‍ താണവനെ ഉയര്‍ത്തുവാനുള്ള കെല്‍പ് നിനക്കെവിടെ? എവിടെ ദുര്‍ബല ജനതയുമായി ഏറ്റുമുട്ടിയോ അവിടെയെല്ലാം നീ സമൂലനാശം വരുത്തിവെച്ചു; അവരുടെ മണ്ണില്‍ പാര്‍പ്പുതുടങ്ങി, ആ വര്‍ഗക്കാര്‍ സമ്പൂര്‍ണം നാമാവശേഷമായിപ്പോയി. നിങ്ങളുടെ ആസ്‌ട്രേലിയ, ന്യൂസിലാന്റ്, പസഫിക് ദ്വീപസമൂഹങ്ങള്‍, നിങ്ങളുടെ ആഫ്രിക്ക അവിടത്തെ നാട്ടുകാരെല്ലാം ഇന്നെവിടെ? ഒന്നടങ്കം നശിച്ചു; കാട്ടുമൃഗങ്ങളെ എന്നപോലെ നിങ്ങളവരെ വേട്ടയാടി കൊന്നൊടുക്കി.... തങ്ങള്‍ക്ക് പാര്‍ക്കാന്‍ സകലരെയും നശിപ്പിക്കുകയാണ് യൂറോപ്യന്മാരുടെ ലക്ഷ്യം..... ഇവിടെ നിന്നെല്ലാരും കടന്നോളിന്‍ എനിക്കിവിടെ ഇരിക്കണം എന്നുള്ള പ്രസിദ്ധമായ യൂറോപ്യന്‍ നീതി, യൂറോപ്യന്‍ ചെന്നിടത്തെല്ലാം നാട്ടുകാരെ നിശ്ശേഷം നശിപ്പിച്ചതിനു തെളിവാണ്; ഈ നീതി ശരിയാണെന്നു പൊക്കി കാണിക്കലാണ് അവരുടെ പുരോഗതി.... വേഗത്തില്‍ ലോകമെങ്ങും വ്യാപിച്ച മുസല്‍മാന്‍ നാഗരികതയുടെ മൂന്നു നൂറ്റാണ്ടുകളോട്, ക്രിസ്തുമതത്തിന്റെ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകളെ ഒന്നു തുലനം ചെയ്തു നോക്കുക; ക്രിസ്തുധര്‍മത്തിന്റെ ആദ്യത്തെ മൂന്നു ശതാബ്ദങ്ങളില്‍, അതിന്റെ പേരുപോലും ലോകത്തില്‍ അധികമാരും അറിഞ്ഞിരുന്നില്ല. കോണ്‍സ്റ്റന്റയിന്‍ വാള്‍ത്തലകൊണ്ട് അതിനു തന്റെ രാജ്യത്തിലൊരു സ്ഥാനം നല്‍കിയപ്പോള്‍ മുതല്‍ എന്നെങ്കിലും ക്രൈസ്തവധര്‍മം ആദ്ധ്യാത്മികമോ ഭൗതികമോ ആയ പുരോഗതിക്ക് വല്ല സഹായവും ചെയ്തിട്ടുണ്ടോ? ഭൂമി ഒരു ചുറ്റുന്ന ഗ്രഹമാണെന്നു തെളിയിച്ച യൂറോപ്യന്‍ ശാസ്ത്രജ്ഞന് ക്രിസ്തുമതം എന്തു സമ്മാനമാണു കൊടുത്തത്? ക്രിസ്തുധര്‍മം ഏതുകാലത്ത് ഏതു ശാസ്ത്രജ്ഞനെ അനുമോദിച്ചിട്ടുണ്ട്? സിവിലോ ക്രിമിനലോ ആയ നിയമശാസ്ത്രത്തിന്റെയോ കലകളുടെയോ വ്യവസായത്തിന്റേയോ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ക്രിസ്തീയ സാഹിത്യത്തിനു സാധ്യമാകുമോ?... പുതിയ നിയമത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ശാസ്ത്രത്തിന്റേയും ശില്‍പത്തിന്റേയും പ്രശംസയില്ല. എന്നാല്‍ ഖുര്‍ആനിലോ നബിയുടെ മൊഴികളായ ഹദീസിലോ പ്രത്യക്ഷമായോ പരോക്ഷമായോ പലപ്രകാരത്തില്‍ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യാത്ത ഒരു ശാസ്ത്രമോ ശില്‍പമോ ഇല്ല. യൂറോപിലെ അത്യുത്തമ ചിന്തകരായ വോള്‍ട്ടയര്‍, ഡാര്‍വിന്‍, ബുക്‌നര്‍, ഫ്‌ളമാറിയോണ്‍, വിക്ടര്‍ ഹ്യൂഗോ തുടങ്ങിയവരെയെല്ലാം ഇക്കാലത്തെ ക്രിസ്ത്യാനികള്‍ അസഹ്യമായി നിന്ദിക്കുകയും ശകാരിക്കുകയും ശപിക്കുകയും ചെയ്യുന്നു. മറുവശത്ത് ഇസ്‌ലാം ഇവരെ ഈശ്വരവിശ്വാസികളെന്നു സ്വീകരിക്കുന്നു; പ്രവാചകനില്‍ വിശ്വാസം ഇല്ലെന്നു മാത്രം. സര്‍വതോന്മുഖമായ പുരോഗതിക്കു സഹായമോ തടസ്സമോ ചെയ്തിട്ടുള്ളതെന്ന കാര്യത്തില്‍ ഇരുമതങ്ങളെയും ഒന്ന് ആഴ്ന്നു പരീക്ഷിക്കുക. അപ്പോള്‍ കാണാം, ഇസ്‌ലാം ചെന്നിടത്തെല്ലാം ആദിമനിവാസികളെ സംരക്ഷിച്ചിട്ടണ്ടെന്ന്. അവിടങ്ങളില്‍ ഇന്നും ആ ജനത നിലവിലുണ്ട്; അവരുടെ ഭാഷയും ദേശീയാചാര വിശേഷങ്ങളും ഇപ്പോഴും നിലനിന്നുപോരുന്നുണ്ട്...... ഇങ്ങനെയൊരു കാര്യം ക്രിസ്തുമതത്തിന് എവിടെ കാണിക്കാന്‍ കഴിയും?..... അറിവില്ലാത്ത നാടന്‍ കൃഷീവലന്മാരില്ലെങ്കില്‍, ക്രിസ്തുമതത്തിന് അതിന്റെ നിന്ദിതജീവിതം ഒരു നിമിഷനേരം നിലനിര്‍ത്തികൊണ്ടുപോവുക സാധ്യമല്ല. അത് വേരോടെ പിഴുതെറിയപ്പെട്ടു പോയേനെ. കാരണം നഗരങ്ങളിലെ ദരിദ്രസമൂഹം ഇപ്പോഴേ ക്രിസ്തുമതത്തിന്റെ പരമശത്രുക്കളാണ്. ഇതുമായി ഇസ്‌ലാം മതത്തെ തുലനം ചെയ്യുക. മുസ്‌ലിം രാജ്യങ്ങളില്‍ എല്ലാ ആചാരങ്ങളും മതത്തില്‍ പ്രതിഷ്ഠിതമാണ്; രാജകര്‍മചാരികളെല്ലാം അവരുടെ മതോപദേഷ്ടാക്കളെ വളരെ ആദരിക്കുന്നു. അന്യ മതങ്ങളിലെ ആചാര്യന്മാരും ആദരിക്കപ്പെടുന്നു'' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം-വാള്യം 7 പേജ്: 326, 327, 328, 329).
വിവേകാനന്ദസ്വാമികളുടെ സുദീര്‍ഘമായ ഈ ഉദ്ധരണിയെ പിന്തുടര്‍ന്നു ചിന്തിച്ചാല്‍ തന്നെ ഇസ്‌ലാമിന്റെയും യൂറോപ്യരുടെയും പ്രകൃതങ്ങള്‍ തമ്മിലുള്ള വ്യത്യാസം തൊട്ടറിയാനാകും. ഒപ്പം യൂറോപ്യന്‍ അധിനിവേശമാണ് ഇസ്‌ലാം അധിനിവേശത്തെക്കാള്‍ അപകടകാരി എന്നു തിരിച്ചറിയാനും സാധിക്കും. എന്നാല്‍, വിവേകാനന്ദ സാഹിത്യത്തെയെന്നല്ല യാതൊന്നും നേരെ ചൊവ്വെ വായിച്ചറിഞ്ഞ് നിലപാടെടുക്കുന്ന രീതി ഭാരതത്തിലെ ഹിന്ദുരാഷ്ട്രവാദികള്‍ക്കില്ല. അതിനാലവര്‍ ഇസ്‌ലാമാണു മുഖ്യശത്രു എന്നു പുലമ്പിക്കൊണ്ടിരിക്കുന്നു. ഇതിന് ഉപോദ്ബലകമായി വീരസവര്‍ക്കറെപ്പോലുള്ളവര്‍ നിരത്തുന്ന തെളിവ് മുസ്‌ലിം നാമധാരികളായ ചില രാജാക്കന്മാര്‍ സൈന്യസമേതം ക്ഷേത്രങ്ങള്‍ അക്രമിച്ച് കൊള്ള ചെയ്തിട്ടുള്ളതും മറ്റുമാണ്. തീര്‍ച്ചയായും അത്തരം ചില രാജാക്കന്മാര്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ ക്ഷേത്രങ്ങള്‍ കൊള്ള ചെയ്തു തകര്‍ത്ത് വിഗ്രഹങ്ങളെ ഇളക്കി പറിച്ചെറിഞ്ഞതും മറ്റും കൊണ്ട് ഭാരതീയതക്ക് കാതലായ എന്തെങ്കിലും ആപത്തുണ്ടായി എന്നു പറയണമെങ്കില്‍ ക്ഷേത്രാരാധനയാണു ഭാരതീയതയുടെ അടിസ്ഥാന സ്വഭാവം എന്നു സമര്‍ഥിക്കേണ്ടി വരും. അങ്ങനെ സമര്‍ഥിക്കാന്‍ ആര്‍ക്കാണു കഴിയുക?
ലോകമാസകലം അംഗീകരിച്ചിട്ടുള്ള ഭാരതീയതയുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ വേദോപനിഷത്തുക്കളാണ്. ഗുരുവായൂരമ്പലത്തില്‍ ഭജനമിരുന്ന് മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി എഴുതി ഉണ്ടാക്കിയ 'നാരായണീയം' പോലെയല്ല വേദോപനിഷത്തുക്കള്‍ ഉണ്ടായത്. എന്നുവെച്ചാല്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ ഭജനമിരുന്നവര്‍ പടച്ചുണ്ടായിക്കിയതല്ല വേദോപനിഷത്തുക്കള്‍ എന്നര്‍ഥം. അതിനാല്‍, വേദോപനിഷത്തുക്കളാണ് ഭാരതീയതയുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ എന്നു കരുതുന്നവര്‍ക്ക് ക്ഷേത്രധ്വംസനം ഭാരതീയതക്കെതിരായ അടിസ്ഥാനപരമായ ആക്രമണമായി കരുതാനാവില്ല. സതി, അയിത്തം തുടങ്ങിയ ദുരാചാരങ്ങളെയും ജാതിവ്യവസ്ഥ, വിഗ്രഹാരാധന തുടങ്ങിയ അപഭ്രംശങ്ങളെയും ചോദ്യം ചെയ്യുന്നതും ഇല്ലായ്മ ചെയ്യുന്നതുമൊക്കെ കടുത്ത അഭാരതീയ പ്രവര്‍ത്തനമാണെന്നു പറഞ്ഞാല്‍ രാജാറാം മോഹന്‍ റോയിയും ദയാനന്ദസരസ്വതിയും ശ്രീ നാരായണഗുരുവും ബ്രഹ്മാനന്ദസ്വാമി ശിവയോഗിയും സ്വാമി ആനന്ദതീര്‍ഥനും ഡോ. ഭീമറാവുജി അംബേദ്കറും ഒക്കെ ചെയ്ത പ്രവര്‍ത്തനങ്ങള്‍, ക്ഷേത്രങ്ങള്‍ കവര്‍ച്ച ചെയ്തു തകര്‍ത്ത ചില മുസ്‌ലിം രാജാക്കന്മാരുടെ പ്രവര്‍ത്തനങ്ങളോളം തന്നെ ഭാരതീയതക്ക് കടകവിരുദ്ധങ്ങളായിരുന്നു എന്നു പറയേണ്ടിവരും. അങ്ങനെ പറയാനുള്ള ധൈര്യം ഹിന്ദുരാഷ്ട്രവാദികള്‍ക്കുണ്ടോ? ഉണ്ടെങ്കിലവര്‍ മുന്നോട്ടു വരണം. 'വിഗ്രഹാരാധനാ ഖണ്ഡനം' എഴുതിയ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയെപോലുള്ളവര്‍ ഭാരതീയതക്ക് കടകവിരുദ്ധമായി ചിന്തിച്ചവരും പ്രവര്‍ത്തിച്ചവരുമാണെന്നു തുറന്നു പറയണം. ഇതൊന്നും ചെയ്യാതിരിക്കുന്നിടത്തോളം കാലം ചില മുസ്‌ലിം രാജാക്കന്മാര്‍ നടത്തിയ പടയോട്ടത്തിനിടയില്‍ ഭാരതത്തിലെ ഈഴവാദി ബഹുഭൂരിപക്ഷ ജനതക്കും പ്രവേശനമില്ലാതിരുന്ന ഏതാനും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നതിനെ മാത്രം മുന്‍നിര്‍ത്തി ഇസ്‌ലാം ഭാരതീയതയുടെ പരമശത്രുവാണെന്നു വിധിയെഴുതുന്നത് ഭാരതീയതയെ ക്ഷേത്രാരാധനയാക്കി സങ്കോചിപ്പിക്കലാണ്. വൈദ്യുതാഘാതമേറ്റ് അഛന്‍ മരണമടഞ്ഞതിനാല്‍ ഒരാള്‍ വൈദ്യുതി എന്നതേ നാടിനാപത്താണെന്നു പ്രഖ്യാപിച്ചാല്‍, അതിലുള്ളത്ര ബാലിശത, ഏതാനും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിനെ പ്രതി ഇസ്‌ലാം ഭാരതത്തിനാപത്താണെന്ന ഹിന്ദുരാഷ്ട്രവാദികളുടെ വിധിയെഴുത്തിലും ഉണ്ട്.
ഇത്തരം ബാലിശങ്ങളായ മുന്‍വിധികളെയൊക്കെ ഒഴിവാക്കി തെളിഞ്ഞ മനസ്സോടെ ചരിത്രം സൂക്ഷ്മതയോടെ പരിശോധിച്ചാല്‍, ഇസ്‌ലാമിനാല്‍ ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ധ്യാനാത്മകത എന്ന ഭാരതീയതയുടെ അടിസ്ഥാന സ്വഭാവത്തിനും നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നു വിലയിരുത്തേണ്ടി വരും. സര്‍വരും സഹോദരന്മാരാണെന്നതിലൂന്നിയ ഇസ്‌ലാമിന്റെ കടന്നുവരവ് ജാതിവ്യവസ്ഥിതിയുടെ കൊടിയ അസമത്വത്താല്‍ പീഡിതരായി കഴിഞ്ഞിരുന്നവര്‍ക്കെല്ലാം സമാശ്വാസത്തിന്റെയും വിമോചനത്തിന്റെയും മാര്‍ഗമായാണ് അനുഭവപ്പെട്ടത്. അങ്ങനെ വ്യാപകമായി ജനങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചു. ഇത് ബ്രാഹ്മണരെ വല്ലാത്ത വിധത്തില്‍ ആശങ്കപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഗുജറാത്തി ബ്രാഹ്മണനായ ദയാനന്ദസരസ്വതി സ്വാമികള്‍ ആര്യസമജം സ്ഥാപിച്ച് 'വേദം എല്ലാവര്‍ക്കും പഠിക്കാം' എന്ന പ്രഖ്യാപനവുമായി രംഗപ്രവേശം ചെയ്യുന്നത്. ഭാരതത്തിലെ അവര്‍ണര്‍, ഒന്നു കൂടി കണിശമായി പറഞ്ഞാല്‍ അബ്രാഹ്മണര്‍ ഇസ്‌ലാമിനെ വ്യാപകമായി കൈക്കൊള്ളുന്നതു പതിവായ സാമൂഹിക സാഹചര്യം ഇല്ലായിരുന്നെങ്കില്‍, ഒരിക്കലും 'വേദം സകലര്‍ക്കും' എന്ന വാദം ഒരു ബ്രാഹ്മണ സന്ന്യാസിയില്‍ നിന്നു പുറപ്പെടുക ഇല്ലായിരുന്നു. ഇതുപോലെ, ശ്രീശങ്കരാചാര്യരെപ്പോലുള്ള ബ്രാഹ്മണരും അവരുടെ പാദപൂജകരായ രാജാക്കന്മാരും പരമശത്രുതയോടെ കണ്ട് നാമാവശേഷമാക്കിയ ബൗദ്ധമതത്തിലേക്ക് കേരളത്തിലെ ഈഴവരൊക്കെ പ്രവേശിക്കും എന്നൊരു നിലപാട് ഉയര്‍ന്നപ്പോള്‍ മാത്രമാണ് ഈഴവാദി അവര്‍ണര്‍ക്കും ക്ഷേത്രാരാധനാ സ്വാതന്ത്ര്യം അനുവദിക്കാമെന്ന തിട്ടൂരം കേരളത്തിലെ ഭരണാധികാരികള്‍ പുറപ്പെടുവിച്ചത്. സര്‍വര്‍ക്കും വേദപഠനാധികാരവും ക്ഷേത്രപ്രവേശനാധികാരവും ഭാരതത്തില്‍ നിലവില്‍ വന്നത്, ബ്രാഹ്മണര്‍ മുഖ്യശത്രുക്കളായി കണ്ടിരുന്ന ബൗദ്ധമതത്തിലേക്കോ ഇസ്‌ലാമിലേക്കോ ബഹുഭൂരിപക്ഷം ഭാരത നിവാസികളും പ്രവേശിക്കുന്നതു തടയാനായിരുന്നു. ഇതുതന്നെ, ബുദ്ധമതവും ഇസ്‌ലാമും ഇന്നാട്ടിലെ ബഹുഭൂരിപക്ഷം മനുഷ്യരെയും ബ്രാഹ്മണധാര്‍ഷ്ട്യത്തില്‍ നിന്നു മോചിപ്പിക്കുന്നതിനു കാരണമായ രണ്ടു മഹാസാന്നിധ്യങ്ങളായിരുന്നെന്നു തെളിയിക്കുന്നു. ഇസ്‌ലാം, ബുദ്ധമതത്തെ പോലെതന്നെ, ഭാരതത്തിലെ ബ്രാഹ്മണ മേല്‍ക്കോയ്മക്കല്ലാതെ അബ്രാഹ്മണ ബഹുഭൂരിപക്ഷത്തിന് യാതൊരു തിന്മയും ചെയ്തിട്ടില്ല. വേദങ്ങള്‍ സവര്‍ണരേ പഠിക്കാവൂ എന്നു ശഠിച്ചിരുന്നവരെക്കൊണ്ടു തന്നെ വേദങ്ങള്‍ അവര്‍ണരുള്‍പ്പെടെ എല്ലാവര്‍ക്കും പഠിക്കാം എന്നു പറയിപ്പിക്കുവാന്‍ ഇസ്‌ലാമിന്റെ കടന്നുവരവും അതിനു ലഭിച്ച വമ്പിച്ച സ്വീകാര്യതയും വഴിവെച്ചു എന്നതു തീരെ ചെറിയ കാര്യമല്ലല്ലോ.
ഇനി പരിശോധിക്കാനുള്ളത്, ഇസ്‌ലാമിന്റെ ഭാരത പ്രവേശനത്തിനാല്‍ ഭാരതീയതയുടെ അടിസ്ഥാന പ്രകൃതമായ ധ്യാനാത്മകതക്ക് കാര്യമായ എന്തെങ്കിലും കോട്ടമുണ്ടായിട്ടുണ്ടോ എന്നാണ്. കോട്ടമുണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇസ്‌ലാമിനെ ഭാരതീയതക്കു വിരുദ്ധമായ പ്രതിഭാസമായി കണ്ട് പ്രതിക്കൂട്ടില്‍ നിറുത്തേണ്ടതുണ്ട്. എന്നാല്‍ എത്ര പരിശോധിച്ചിട്ടും ഇസ്‌ലാം ഭാരതത്തിന്റെ ധ്യാനാത്മകതയെ നാമാവശേഷമാക്കാന്‍ ചെറിയൊരു പ്രവൃത്തിപോലും ചെയ്തിട്ടുള്ളതായി കണ്ടെത്തുവാനായിട്ടില്ല. ഹിറാ ഗുഹയില്‍ ധ്യാനനിരതനായി കഴിഞ്ഞതുവഴി മുഹമ്മദിനു വെളിപ്പെട്ട വിശുദ്ധ ഖുര്‍ആനില്‍ സമര്‍പ്പിത ചിത്തനായിരിക്കുന്ന ഒരൊറ്റ മുസ്‌ലിമിനും ധ്യാനാത്മകതക്കെതിരെ വാളോങ്ങുന്ന അതിക്രമിയാകാനായില്ലല്ലോ. അതിനാല്‍ ഇസ്‌ലാമിന്റെ കടന്നുവരവുകൊണ്ടോ മുസ്‌ലിം ചക്രവര്‍ത്തിമാരുടെ നൂറ്റാണ്ടുകള്‍ ദൈര്‍ഘ്യമേറിയ ഭരണം കൊണ്ടോ ഭാരതീയമായ ധ്യാനാത്മകതക്ക് ഒരു തരി പൂഴിമണ്ണിന്റെ ആഘാതം പോലും ഏല്‍ക്കാന്‍ ഇടവന്നിട്ടില്ല എന്ന സത്യം വിസ്മരിക്കരുത്. എന്നാല്‍, സൂഫിസത്താല്‍ ഭാരതീയ ധ്യാനാത്മക പാരമ്പര്യം അലങ്കൃതയായി എന്നൊരു സവിശേഷം ഗുണം ഇസ്‌ലാമിന്റെ കടന്നുവരവുകൊണ്ട് സംഭവിക്കുകയും ചെയ്തു. ഇതിലൂടെ ഭാരതീയ ധ്യാനാത്മക ജീവിതത്തിനു സിദ്ധിച്ച നേട്ടങ്ങള്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ പ്രാതഃസ്മരണീയന്‍ കബീര്‍ദാസു തന്നെ. ഇസ്‌ലാം കടന്നുവരാത്ത ഒരു ഭാരതത്തില്‍ 'ഗുരുനാനാക്ക്' എന്നൊരു ആദ്ധ്യാത്മിക പ്രതിഭയോ സിഖ് മതമെന്നൊരു പ്രസ്ഥാനമോ ഉണ്ടാവുകയില്ലായിരുന്നു എന്നും ഓര്‍മിക്കണം. രാജാറാം മോഹന്‍ റോയിയുടെ 'ബ്രഹ്മസമാജം' സര്‍വേശ്വരാരാധനയെ കല്ലില്‍ കൊത്തിയ ബിംബങ്ങളുടെ ആരാധനയാക്കി ചുരുക്കരുതെന്നതിലൂന്നിയ സാമൂഹിക പ്രാര്‍ഥനകള്‍ക്ക് മാതൃക കണ്ടെത്തിയത് ഇസ്‌ലാമില്‍ നിന്നു കൂടിയാണ്. മസ്ജിദില്‍ താമസിച്ചുകൊണ്ട് രാമനവമി ആഘോഷിച്ചിരുന്ന ധ്യാനസിദ്ധനായിരുന്നു ഷിര്‍ദിസായി ബാബ. ഭാരതീയ ധ്യാനാത്മകതയും സൂഫിജീവിതശൈലിയും ഒത്തിണങ്ങിയ അവധൂത ഗുരുവായിട്ടേ ഷിര്‍ദിബാബയെ കാണാനാകൂ. ഭവതാരിണിയെ ഭജിച്ചിരുന്നതു വഴി മനസ്സ് എവ്വിധം പ്രശാന്തമായോ അതേ പ്രശാന്തി തന്നെയാണ് ഇസ്‌ലാം അനുശാസിക്കുന്ന മുറയില്‍ അല്ലാഹു നാമസ്മരണയില്‍ കഴിഞ്ഞപ്പോഴും താന്‍ അനുഭവിച്ചതെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതവും, ഇസ്‌ലാം ധ്യാനാത്മകതയുടെ ശത്രുവല്ലെന്നാണ് തെളിയിച്ചത്. ബ്രഹ്മസമാജ സമ്പര്‍ക്കവും ശ്രീരാമകൃഷ്ണ പരമഹംസരുടെ സ്വാനുഭവാധിഷ്ഠിത ശിക്ഷണവും ചേര്‍ന്നാണ് സ്വാമി വിവേകാനന്ദന്‍ എന്ന ആദ്ധ്യാത്മിക പ്രതിഭ ഉരുവം കൊണ്ടത്. അതുകൊണ്ടാണ് വിവേകാനന്ദനു 'ഇസ്‌ലാമിക ശരീരവും വേദാന്ത മസ്തിഷ്‌ക്കവുമുള്ള ഒരു ഭാരതമാണ് താന്‍ വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ ഭാരത'മെന്നു പറയാനായതും. കബീര്‍ ദാസ്, ഗുരുനാനാക്ക്, ഷിര്‍ദിസായി ബാബ, ശ്രീരാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരെ ഒഴിവാക്കികൊണ്ടൊരു ആധ്യാത്മിക ചരിത്രമോ സിഖ്മതം, ബ്രാഹ്മണസമാജം എന്നിവയെ ഒഴിവാക്കികൊണ്ടൊരു സാമൂഹിക ചരിത്രമോ ഭാരതത്തിന്റേതായി എഴുതാനാവില്ല. വസ്തുതകള്‍ ഇവ്വിധമായിരിക്കേ ഇസ്‌ലാം ആശ്ലേഷിച്ചതുകൊണ്ട് ഭാരതീയതയുടെ ധ്യാനാത്മകതക്കോ സാമൂഹികതക്കോ കാതലായ എന്തെങ്കിലും കോട്ടം പറ്റി എന്നു പറയുവാന്‍ യാതൊരു കാരണവും കാണുന്നില്ല. എന്നിട്ടും ഇസ്‌ലാമിനെ ഭാരതീയതയുടെ മുഖ്യശത്രുവായി കരുതുവാന്‍ അമേരിക്കക്കു പണയപ്പെടുത്തിയ ബുദ്ധിയും ഗാന്ധിഘാതകനായ ഗോഡ്‌സേയുടെ ഹൃദയവും ഉള്ളവര്‍ക്കേ കഴിയൂ.
(തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment