..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Sunday, 9 September 2012

പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ജമാലുദ്ദീന്‍ പാലേരി
രണ്ട്‌ ആഘോഷങ്ങളാണ്‌ മുസ്‌ലിംകള്‍ക്കുള്ളത്‌. ചെറിയ പെരുന്നാളും ബലി പെരുന്നാളും നീണ്ട ഒരു മാസത്തെ വ്രതാനുഷ്‌ഠാനവും, നമസ്‌കാരവും, ഖുര്‍ആന്‍ പാരായണവും, ധാനധര്‍മ്മങ്ങളുമെല്ലാം നടത്തി പാപക്കറകള്‍ മുഴുവന്‍ കഴുകി സ്‌ഫുടം ചെയ്‌തെടുത്ത ശരീരവും മനസ്സുമായാണ്‌ ചെറിയപെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കാറ്‌. തലേദിവസം വരെ പകല്‍ നിഷിദ്ധമായിരുന്ന ഭക്ഷണ പാനീയങ്ങള്‍ പെരുന്നാളിന്‌ അനുവദനീയമാകുക മാത്രമല്ല ഒന്നും കഴിക്കാതെ നമസ്‌കാരത്തിന്‌ പുറപ്പെടരുതെന്നും കൂടി ഉണര്‍ത്തുന്നു. പെരുന്നാള്‍ നമസ്‌ക്കാരത്തിന്‌ ശേഷം അയല്‍ വീടുകളിലും കുടുംബങ്ങളിലുമെല്ലാം പോയി ഈദാശംസകള്‍ കൈമാറുകയും സ്‌നേഹബന്ധം പുതുക്കുകയും ചെയ്യുന്നു. മഴകുറവുള്ള സമയത്താണ്‌ പെരുന്നാളെങ്കില്‍ തൊട്ടടുത്തുള്ള മഹല്ലുകള്‍ ഒരുമിച്ച്‌ ഒരു സ്ഥലത്ത്‌ ഇദ്‌ഗാഹ്‌ നടത്താറുണ്ട്‌. തുറന്ന സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന ഈദ്‌ഗാഹില്‍ വെച്ച്‌ സുഹൃത്തുക്കളെയും വേണ്ടപ്പെട്ടവരെയും കാണുകയും ഈദാശംസകള്‍ കൈമാറുകയും ആലിംഗനം ചെയ്യുന്നതുമെല്ലാം കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന കാഴ്‌ചയാണ്‌. ഗള്‍ഫിലായിരുന്നപ്പോള്‍ തന്നേക്കാള്‍ ആരോഗ്യമുള്ള പാകിസ്ഥാനികളുടെയും ഈജിപ്‌തുകാരുടെയും, സുഡാനികളുടെയും കരവലയത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി ഈദ്‌ഗാഹില്‍ നിന്ന്‌ ഓടി രക്ഷപ്പെടുമായിരുന്നു. മിനുട്ടുകളോളം നീണ്ട്‌ നില്‍ക്കുന്ന ആലിംഗനം ചെയ്‌താണ്‌ അവര്‍ സ്‌നേഹം പ്രകടിപ്പിക്കാറ്‌. ഇസ്‌ലാമിക പരിധികളില്‍ നിന്ന്‌ കൊണ്ട്‌ ഗാനമേള, നാടകം തുടങ്ങിയ കലാപരിപാടികള്‍ നടത്തുന്നത്‌ കൊണ്ട്‌ വിരോധമില്ല. എന്നാല്‍ ആഭാസം നിറഞ്ഞതും യാതൊരു ഗുണപാഠവുമില്ലാത്തതും ചിന്താശൂന്യവുമായ പരിപാടികള്‍ പെരുന്നാള്‍ ദിനത്തില്‍ കഴിയുന്നതും ഒഴിവാക്കുകയാണ്‌ ഉചിതം. അത്‌ റമദാന്റെ അന്തഃസ്സത്തയെ കളഞ്ഞു കുളിക്കുകയേയുള്ളൂ. വിനോദം വെറുമൊരു നേരം പോക്കിനു വേണ്ടി മാത്രമാവരുത്‌. മനസ്സിന്‌ സന്തോഷവും ഓര്‍മയില്‍ സൂക്ഷിക്കാനുതകുന്നതുമായിരിക്കണം. റമദാനിന്റെ മഹത്വമോ പ്രാധാന്യമോ അറിയാതെയോ മനസ്സിലാകാത്തയോ യുവാക്കള്‍ നടത്തുന്ന കോപ്രായങ്ങള്‍ സമുദായത്തിന്റെ പേരില്‍ ചാര്‍ത്തപ്പെടുന്നു. അതിര്‌ വിട്ടുള്ളതും, അവിവേകപൂര്‍ണവുമായ ചെയ്‌തികള്‍ ദുഷ്‌പേരിന്‌ കാരണമാകുന്നു. പല വിഷയത്തിലും നാം പിന്നിലാണെങ്കിലും ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകോട്ടല്ല. കല്ല്യാണത്തിനും സല്‍ക്കാരത്തിനും ആഘോഷങ്ങള്‍ക്കുമുണ്ടാക്കുന്ന ഭക്ഷണം ബാക്കിയാവുകയും കുഴിച്ചു മൂടുകയും ചെയ്യുന്ന സംഭവം അപൂര്‍വമല്ലാതായിരിക്കുന്നു. സുഹൃത്തുക്കളോടൊപ്പവും ബന്ധുവീട്ടില്‍ നിന്നും കഴിക്കുമെന്നറിഞ്ഞിട്ടും പലരും ധാരാളം ഭക്ഷണം ഉണ്ടാക്കി കളയുന്നു. പുതുവസ്‌ത്രം ധരിക്കുക എന്നത്‌ സുന്നത്തും അഭികാമ്യവുമാണ്‌. ഏറ്റവും വില കൂടിയതും മുന്തിയതുമായ വസ്‌ത്രം തന്നെ വേണമെന്നുണ്ടോ? അയല്‍പക്കത്തെ പണക്കാരുടെ മക്കള്‍ ധരിക്കുന്ന വസ്‌ത്രങ്ങള്‍ തന്നെ തന്റെ മക്കളും ധരിക്കണമെന്ന്‌ ശഠിക്കുന്നത്‌ ദുരാഗ്രഹമാണ്‌. സാമ്പത്തിക സ്ഥിതിക്കനുസരിച്ചും കുടുംബ ബജറ്റ്‌ താളം തെറ്റാതെയുമുള്ള വിധത്തിലായിരിക്കണം പര്‍ച്ചേഴ്‌സിംഗ്‌ നടത്തേണ്ടത്‌. നമ്മെപ്പോലെ പുതുവസ്‌ത്രം അണിഞ്ഞ്‌ പെരുന്നാള്‍ നമസ്‌ക്കാരത്തിന്‌ പോകാനും നല്ല ഭക്ഷണം കഴിക്കാനും ആഗ്രഹിച്ചിട്ടും പല കാരണങ്ങളാല്‍ അത്‌ സാധിക്കാത്ത ധാരാളം സഹോദരി സഹോദരന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നോര്‍ക്കുക. നമ്മുടെ പ്രാര്‍ത്ഥനയില്‍ അവരെക്കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. |

No comments:

Post a Comment