..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 13 December 2016

മദ്ഹബുകള്‍

നിഷ്‌കളങ്കരായ ദൈവഭക്തരും നിസ്വാര്‍ത്ഥരായ മുജാഹിദുകളും ഖുര്‍ആനും സുന്നത്തും അഗാധമായി പഠിച്ച ധിഷണാശാലികളുമായ പൂര്‍വ്വീക ഇമാമുകള്‍ തങ്ങളുടെ സൂക്ഷ്മമായപഠനമനനങ്ങളുടെ വെളിച്ചത്തില്‍ ക്രോഡീകരിച്ച ഇസ്ലാമിക ധര്‍മ്മശാസ്ത്ര സരണികളാകുന്നു മദ്ഹബുകള്‍. ഇമാമുകളുടെ ഈ പരിശ്രമം ദീനുല്‍ ഇസ്ലാമിനും മുസ്ലിം ഉമ്മത്തിനും ലഭിച്ച അതിമഹത്തായ സേവനങ്ങളാകുന്നു. സാധാരണക്കാര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അനായാസം പഠിക്കാനും പകര്‍ത്താനും ഏറ്റം സഹായകമായ ഉപാധികളാണവ.പില്‍ക്കാല ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് പുതിയ ഇജ്തിഹാദുകളിലേര്‍പ്പെടാനും തങ്ങളുടെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങള്‍ നിര്‍ദ്ദാരണം ചെയ്യാനുമുള്ള അടിസ്ഥാന മാതൃകകളായും മദ്ഹബുകള്‍ വര്‍ത്തിക്കുന്നു. ഈ നിലക്ക് പണ്ഡിതപാമര ഭേദമന്യേ എല്ലാ മുസ്ലിംകളും മദ്ഹബുകളോടും അവയുടെ ഇമാമുകളോടും കടപ്പെട്ടിരിക്കുന്നു.
ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും പ്രത്യേക മദ്ഹബിനെ പ്രസ്ഥാനത്തിന്റെ സ്വന്തം മദ്ഹബായി സ്വീകരിച്ചിട്ടില്ല. എല്ലാ അംഗീകൃത മദ്ഹബുകളെയും അത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എല്ലാ മദ്ഹബിന്റെയും അനുയായികളെ അത് ഉള്‍ക്കൊള്ളുന്നുമുണ്ട്. അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ഇസ്ലാമിക നിയമത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങളാകുന്നു. ഇമാമുകളുടെ ചിന്താരീതിയുടെയും അവര്‍ നേരിട്ട സാഹചര്യങ്ങളുടെയും വ്യത്യാസമാണ് വിശദാംശങ്ങളില്‍ അവ തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്നത്.
പ്രമാണങ്ങളില്‍ നിന്ന് നിയമങ്ങള്‍ നേരിട്ട് ഗ്രഹിക്കാനാവാത്ത സാധാരണക്കാര്‍ക്ക്, തങ്ങള്‍ വിശ്വസിക്കുന്ന ഏതെങ്കിലും പണ്ഡിതന്റെ കര്‍മശാസ്ത്രസരണി പിന്‍പറ്റുകയല്ലാതെ ഗത്യന്തരമില്ല. എന്നാല്‍ ഒരാള്‍ മുസ്ലിമാകാന്‍ നിര്‍ബന്ധമായും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ചേ തീരൂ എന്ന വീക്ഷണത്തെ ജമാഅത്തു നിരാകരിക്കുന്നു. ഖുര്‍ആനിലും സുന്നത്തിലും മറ്റു നിദാനങ്ങളിലും ആവശ്യമായ അവഗാഹമുള്ളവര്‍ക്ക് സ്വന്തം നിലയില്‍ തന്നെ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ഗ്രഹിക്കാന്‍ കഴിയും. മദ്ഹബുകള്‍ക്കതീതമായി ചിന്തിക്കുന്ന അത്തരം ആളുകളെയും ജമാഅത്ത് ഉള്‍ക്കൊള്ളുന്നു.
മദ്ഹബിന്റെ ഇമാമുകളുടെ കാലം കഴിഞ്ഞതോടെ നാലാം നൂറ്റാണ്േടാടെ ഇസ്ലാമിക നിയമശാസ്ത്രഗവേഷണത്തിന്റെ ഇജ്തിഹാദിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തെ ജമാഅത്തെ ഇസ്ലാമി രണ്ടുകാരണങ്ങളാല്‍ നിഷേധിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മദ്ഹബുകളുടെ തന്നെയും സാമാന്യ ബുദ്ധിയുടെയും യാതൊരു
പിന്‍ബലവുമില്ലാത്തതാണാവാദമെന്നു മാത്രമല്ല, അവയെല്ലാം വിരുദ്ധവുമാണത് എന്നതാണ് ഒരു കാരണം. രണ്ടാമതായി മദ്ഹബിന്റെ ഇമാമുകള്‍ കര്‍മശാസ്ത്രം ക്രോഡീകരിച്ചത് അവരുടെ ചരിത്ര പശ്ചാത്തലത്തിലാകുന്നു. തങ്ങള്‍ അഭിമുഖീകരിച്ച സാമൂഹ്യസാംസ്‌കാരികസാമ്പത്തികരാഷ്ട്രീയ സാഹചര്യങ്ങളില്‍ ദീനുല്‍ ഇസ്ലാമിന്റെ പ്രായോഗിക രൂപം കണ്െടത്തുകയായിരുന്നു അവര്‍. സ്ഥലകാലങ്ങളും സാമൂഹ്യസാഹചര്യങ്ങളും മാറുമ്പോള്‍ ഈ രൂപങ്ങളിലും മാറ്റം ആവശ്യമായി വരും. ആ മാറ്റങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് പുതിയ പഠനങ്ങള്‍
മുസ്‌ലിം പണ്ഡിതരും ചിന്തകന്മാരും വളരെയേറെ ആഗ്രഹിക്കുകയും ചിലര്‍ ആയുഷ്‌കാലം മുഴുവന്‍ ആ ആഗ്രഹം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു വിഷയമാണ് സുന്നി-ശിഈ ഐക്യം. ഇസ്‌ലാമിന് ആഴത്തില്‍ ആഘാതമേല്‍പിച്ച വിരോധമാണ് രണ്ടു വിഭാഗങ്ങളും തമ്മില്‍. അവക്കിടയില്‍ ഒരു സമവായവും വെടിനിര്‍ത്തലും ഇസ്‌ലാമിക പ്രബോധനരംഗത്ത് എന്തു മാത്രം ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ല.
 
 
''നിങ്ങള്‍ക്കിടയില്‍ ഒരു വിഷയത്തില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയാണെങ്കില്‍ പ്രശ്‌നം അല്ലാഹുവിലേക്കും തിരു ദൂതനിലേക്കും തിരിക്കുക'' (4:59) എന്ന ഖുര്‍ആനിക ശാസന ശിരസ്സാവഹിച്ച് ആത്മാര്‍ഥമായി പരിശ്രമിച്ചവരില്‍ ഉന്നത ശീര്‍ഷരായ അനേകം പണ്ഡിതന്മാരുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഈ വിഷയത്തില്‍ രചിച്ച മിന്‍ഹാജുസ്സുന്ന എന്ന ബൃഹത് ഗ്രന്ഥം മറുഭാഗത്തിന്റെ വ്യതിയാനങ്ങള്‍ തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ആധുനിക ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് റശീദ് രിദ ശിഈകളെ അടുപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പ്രസിദ്ധമാണ്.
 
 
ലുബ്‌നാനിലെ (ലബനോണ്‍) ശിഈ നേതാവായിരുന്ന മൂസസ്സദ്ര്‍ ഐക്യശ്രമത്തില്‍ ഏറെ മുന്നോട്ടുപോയ വ്യക്തിയായിരുന്നു. അദ്ദേഹത്തെ ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനിയില്‍ വെച്ച് വന്ദ്യ ഗുരനാഥന്മാര്‍ - ശൈഖ് യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് അബ്ദുല്ല ഇബ്‌റാഹീം അല്‍ അന്‍സ്വാരി, ശൈഖ് അലി ജമ്മാസ്, ശൈഖ് മുസ്ത്വഫ അലീവ തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാര്‍ - സ്വീകരിച്ചാദരിച്ച് ഞങ്ങള്‍ വിദ്യാര്‍ഥികളെ അവര്‍ ഓര്‍മിപ്പിച്ചു: 'സുന്നികളും ശിഈകളും രണ്ടു വ്യത്യസ്ത ചിന്താധാരകളെ പ്രതിനിധീകരിക്കുന്നു. അവര്‍ ഇസ്‌ലാമിക ലോകത്ത് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന മഹാനുഭാവനെയാണ് നാം ഇന്നിവിടെ സ്വീകരിച്ചിരിക്കുന്നത്.' ചരിത്രത്തിന്റെ തടവറയില്‍ നിന്ന് മോചനം നേടാന്‍ പരിശ്രമിച്ച ശിഈ പണ്ഡിതന്‍ മൂസസ്സദ്ര്‍ ദുരൂഹമായി അപ്രത്യക്ഷനായി. ഐക്യശ്രമം അംഗീകരിക്കാത്ത ശിഈകള്‍ അദ്ദേഹത്തെ നിശ്ശബ്ദനാക്കിയതാണെന്ന് കേള്‍ക്കുന്നു!
 
 
അടുത്തകാലം വരെ സുന്നി-ശിഈ സമവായം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച പണ്ഡിത ശ്രേഷ്ഠനാണ് ശൈഖ് യൂസുഫുല്‍ ഖറദാവി. പ്രസംഗങ്ങളിലും പ്രാര്‍ഥനകളിലും മൃദുല സമീപനം സ്വീകരിച്ച ശൈഖിന്റെ നിലപാടിനോട് ഖത്തറിലെ മത പണ്ഡിതരില്‍ പലരും വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. തീവ്ര സുന്നികള്‍ അദ്ദേഹത്തെ ശക്തിയായി വിമര്‍ശിച്ചു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ക്ഷേമം മാത്രം ലക്ഷ്യം വെച്ച ശൈഖ് വിമര്‍ശനങ്ങള്‍ കാര്യമാക്കിയില്ല.
 
 
ഇറാന്‍ വിപ്ലവത്തിനു ശേഷം ഇസ്‌ലാമിസ്റ്റുകള്‍ വലിയ പ്രതീക്ഷയിലായിരുന്നു. 'ലാ ശീഈയ്യ, ലാ സുന്നിയ്യ, ഇസ്‌ലാമിയ്യ: ഇസ്‌ലാമിയ്യ എന്ന മുദ്രാവാക്യം ലോകം മുഴുവന്‍ മുഴങ്ങി. വിപ്ലവം ഇസ്‌ലാമികം മാത്രം. ശീഈയല്ല, സുന്നിയല്ല ഇസ്‌ലാമികം ഇസ്‌ലാമികം. ഏറെക്കാലം കൊതിച്ച പൊന്‍പുലരിക്കഭിവാദ്യമര്‍പ്പിക്കാന്‍ തഹ്‌റാനിലേക്ക് ഇസ്‌ലാമിസ്റ്റുകളുടെ നിലക്കാത്ത പ്രവാഹം! വിപ്ലവത്തെ വാനോളം വാഴ്ത്തുന്ന ഗിരിപ്രഭാഷകര്‍ ആവേശത്താല്‍ കണ്ഠനാളം തകര്‍ത്തു. നമ്മുടെ കേരളത്തില്‍ പതിവുപോലെ പീഡിതരെ പിന്തുണക്കുന്ന വിമോചന പ്രസ്ഥാനങ്ങളെല്ലാം വിപ്ലവത്തിന്റെ പ്രണേതാക്കളായിരുന്നു. 'അല്‍മൗത്ത് ലി അംരീകാ, അല്‍ മൗത്ത് ലി ഇസ്രാഈല്‍' (അമേരിക്കക്കാണ് നാശം, ഇസ്രയേലിനാണ് നാശം) എന്നവര്‍ ഘോഷിച്ചപ്പോള്‍ മുസ്‌ലിംകളുടെ മനസ്സ് അവര്‍ കൈയിലെടുക്കുകയായിരുന്നു.
 
 
അന്തരീക്ഷം ശബ്ദമുഖരിതമായി, വിചാരം വികാരത്തിനു വഴിമാറിക്കൊടുത്ത ആ അസുലഭ സന്ദര്‍ഭത്തില്‍ വന്ദ്യ ഗുരുഭൂതന്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ഒരു കൊച്ചു കൃതി തയാറാക്കി. 'ഇറാന്‍ വിപ്ലവം' എന്നപേരില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതി ഒരു പ്രവചനം പോലെ പുലര്‍ന്നു.
 
 
വിപ്ലവാനന്തരം ഇറാനില്‍ സുന്നികളനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളുടെ കഥകള്‍ അല്‍ മുജ്തമഅ് വാരിക തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ലോകം കേട്ട മുദ്രാവാക്യങ്ങള്‍ വെറും പ്രചാരണ തന്ത്രമായിരുന്നെന്ന് തിരിച്ചറിയപ്പെട്ടു (ഈ സംഭവ വിവരണങ്ങളിലും അടിയൊഴുക്കുകളിലും   പലതും മലയാളത്തില്‍ വെളിച്ചം കണ്ടിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്). ഇതെല്ലാം ശിഈകളുടെ തന്ത്രമാണ്, അവരൊരിക്കലും സുന്നികളുമായി ഐക്യപ്പെടില്ല എന്ന് തറപ്പിച്ച് പറഞ്ഞ ശൈഖ് അഹ്മദ് ബിന്‍ ഹജറിനെപ്പോലുള്ള പണ്ഡിതന്മാരെ ഐക്യം യാഥാര്‍ഥ്യമായാലുള്ള മഹത്തായ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ഫലിച്ചില്ല. അവരെല്ലാം ധാരാളം അനുഭവപാഠങ്ങള്‍ ഉള്ളവരായിരുന്നു. അതിനാല്‍ വിപ്ലവാനന്തരം ഇറാനില്‍ നടന്ന കൂട്ടക്കൊലകളുടെ ഭീകര ചിത്രമാണ് അവരെന്റെ മുമ്പില്‍ വെച്ചത്. നബി(സ) തിരുമേനി മക്കാ വിജയ സമയത്ത് അനുവര്‍ത്തിച്ച നയവും ഇറാന്‍ വിപ്ലവകാരികള്‍ സ്വീകരിച്ച രീതിയും താരതമ്യപ്പെടുത്തിത്തരികയും ചെയ്തു. എനിക്കവര്‍ പറഞ്ഞത് അംഗീകരിക്കാതെ നിര്‍വാഹമില്ലാതായി.
 
 
കാലം മുന്നോട്ടു പോയി, അന്തരീക്ഷം അല്‍പം ശാന്തമായി. അമേരിക്കയും ഇസ്രയേലും സ്ഥിരമായി ലക്ഷ്യമിടുന്ന, ഉപരോധത്തിനും ആക്രമണങ്ങള്‍ക്കും ഇരയായ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ പിന്തുണക്കുകയാണ് മുസ്‌ലിം ലോകം ചെയ്യേണ്ടതെന്ന് പല നല്ല മനുഷ്യരും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സലഫികള്‍ ഈ സന്ദര്‍ഭത്തില്‍ ശിഈ വിരോധം ആളിക്കത്തിക്കുന്നത് അവരെ അസ്വസ്ഥരാക്കി. ഈ സന്ദര്‍ഭത്തില്‍ മുന്‍ ഇറാന്‍ പ്രസിഡന്റും ശിഈ ദാര്‍ശനികനുമായ റഫ്‌സഞ്ചാനിയുമായി ഐക്യ സംഭാഷണം നടത്താന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആഗ്രഹം പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ മുന്നോട്ടു പോയി. പലര്‍ക്കും പ്രതീക്ഷ വര്‍ധിച്ചു. അവസാനം ശിഈകള്‍ നാടകീയമായി പിന്മാറി. കഴിഞ്ഞ റമദാനില്‍ വന്ദ്യ ഗുരുനാഥനെ സന്ദര്‍ശിച്ചപ്പോള്‍ ശിഈകളുമായി സഹകരണം അസാധ്യമാണെന്ന് അദ്ദേഹം അന്തിമമായി തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവരുടെ തനിനിറം തുറന്നുകാട്ടാന്‍ പണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശൈഖ് ശിഷ്യന്മാരെ ഉണര്‍ത്തി.
 
 
ഐക്യവും സഹകരണവും ലക്ഷ്യമാക്കി അര നൂറ്റാണ്ടിലേറെ യത്‌നിച്ച പണ്ഡിതന്റെ കഥയാണിത്. അതിനാല്‍ എന്താണിതിന്റെ യഥാര്‍ഥ കാരണമെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണല്ലോ.
 
 
വ്യത്യാസം അടിസ്ഥാനപരം
 
 
പല സാത്വികരും മനസ്സിലാക്കിയതല്ല സത്യം. ശിഈകള്‍ക്ക് സുന്നികളോടുള്ള അഭിപ്രായ വ്യത്യാസം മദ്ഹബുകളുടെ വ്യത്യാസം പോലെ ശാഖാപരമല്ല. അശ്അരികളും മുഅ്തസിലികളും തമ്മിലുള്ള വീക്ഷണ വൈജാത്യം പോലുള്ളതുമല്ല; മറിച്ച് ഇസ്‌ലാമിന്റെ ആണിവേരിനെതന്നെ കടപുഴക്കുന്ന ഭിന്നതയാണ്.
 
 
ഇസ്‌ലാം മാനവരാശിക്ക് സമര്‍പ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തത്ത്വമാണ് മാനുഷിക സമത്വം. ജന്മനാ എല്ലാ മനുഷ്യരും സമന്മാരാണ്. ഒരാള്‍ക്കും ജന്മനാ മേന്മയോ ശ്രേഷ്ഠതയോ ഇല്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ദാസന്മാരും. ഇതാണ് ലളിതമായ ആ ദര്‍ശനം. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് നിങ്ങളന്യോന്യം അറിയാന്‍ വേണ്ടി മാത്രം. അല്ലാഹുവിങ്കല്‍ നിങ്ങളില്‍ ശ്രേഷ്ഠന്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്'' (ഹുജുറാത്ത് 13).
 
 
നബി തിരുമേനി വിശദീകരിച്ചു: ''മനുഷ്യരേ, നിങ്ങളുടെ നാഥന്‍ ഏകനാണ്, നിങ്ങളുടെ പിതാവ് ഏകനാണ്, അറിയുക: അറബിക്ക് അനറബിയേക്കാള്‍ ശ്രേഷ്ഠതയില്ല, അനറബിക്ക് അറബിയേക്കാള്‍ പ്രത്യേകതയില്ല, വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ ശ്രേഷ്ഠതയില്ല. അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റം മാന്യതയുള്ളവന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്'' (ബൈഹഖി).
 
 
തൗഹീദിന്റെ വിശദീകരണത്തില്‍ വരുന്ന മാനുഷിക സമത്വമാണിത്. ഇത് പ്രായോഗികമായി പഠിപ്പിക്കുകയായിരുന്നു നബി തിരുമേനിയുടെ ദൗത്യം. നീഗ്രോ ആയ ബിലാലിനെയും പേര്‍ഷ്യക്കാരന്‍ സല്‍മാനെയും റോമക്കാരന്‍ സുഹൈബിനെയും ഖുറൈശികളോടൊപ്പം തോളോട് തോള്‍ ചേര്‍ത്തുനിര്‍ത്തി അഞ്ചു നേരത്തെ സംഘടിത നമസ്‌കാരം നിര്‍വഹിച്ചത് വിശാലമായ ആശയ വിനിമയരീതിയായിരുന്നു.  നമസ്‌കാരമെന്ന നെടും തൂണിന്റെ സംസ്ഥാപനത്തിനാഹ്വാനം ചെയ്ത് വിശ്വാസികളെ ഉണര്‍ത്താന്‍ അബ്‌സീനിയക്കാരനും അടിമയുമായ ബിലാലിനെ ഭരമേല്‍പ്പിച്ചതിന് അവാച്യമായ അര്‍ഥമുണ്ടായിരുന്നു.
 
 
ഇങ്ങനെ ജനിച്ച മണ്ണിന്റെ മഹിമയോ പറയുന്ന ഭാഷയുടെ മേന്മയോ ജന്മം നല്‍കിയ പിതാവിന്റെ പദവിയോ ഗോത്രത്തിന്റെ പ്രത്യേകതയോ ചര്‍മത്തിന്റെ വര്‍ണ ഭംഗിയോ ഒന്നും പരിഗണിക്കാതെ മനുഷ്യരെ തുല്യരായിക്കാണാന്‍ പഠിപ്പിച്ച ഇസ്‌ലാമിക ശിക്ഷണമാണ് ശിഈകള്‍ നിരാകരിച്ചത്. അവര്‍ വിശ്വാസികളെ രണ്ടായി വിഭജിച്ചു. ഹാശിം കുടുംബത്തില്‍ പിറന്ന നബി(സ)യുടെ  കുടുംബ ബന്ധുക്കള്‍,  അല്ലാത്തവര്‍ എന്നതാണീ വിഭജനം. ഇസ്‌ലാമില്‍ എല്ലാ സ്ഥാനമാനങ്ങളും പരിഗണനയും നബികുടുംബത്തിനു മാത്രം. പ്രവാചക ചര്യ സ്വീകാര്യമാവണമെങ്കില്‍ നബികുടുംബത്തില്‍ പെട്ടവരാകണം റിപ്പോര്‍ട്ടര്‍!
 
 
ഇസ്‌ലാമിനന്യമായ ഈ ചിന്തയാണ് സുന്നികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കത്രയും കാരണം. പുണ്യത്തിന്റെയും പാപത്തിന്റെയും മാനദണ്ഡം കുടുംബ ബന്ധമാവുകയെന്നത് ഇസ്‌ലാം വ്യക്തമായി നിരാകരിക്കുന്ന വാദമാണ്. ഇബ്‌റാഹീം(അ) പിതാവിന്റെ ശിര്‍ക്കിനുത്തരവാദിയല്ല. നൂഹ്(അ) പ്രവാചകനായിട്ടും പുത്രന്‍ അവിശ്വാസിയായി പിതാവിന്റെ കണ്‍മുമ്പില്‍ മുങ്ങി മരിച്ചതുമെല്ലാം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വിശ്വാസവും സുകൃതവും ദൈവഭക്തിയുമാണ് മനുഷ്യനെ ഉന്നതനാക്കുന്നത് എന്ന വസ്തുത ജനമനസ്സുകളില്‍ രൂഢമൂലമാക്കാനാണ്.
 
 
നബി(സ) സ്വന്തം കുടുംബങ്ങളെ ഓരോന്നായി വിളിച്ച് അവരെ ഉപദേശിക്കുന്നത് അനേകം വഴികളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രബലമായ നബിവചനമാണ്. ഉദാഹരണം: അബൂ ഹുറയ്‌റ(റ) നിവേദനം. ''നിന്റെ അടുത്ത കുടുംബത്തിന് മുന്നറിയിപ്പ് നല്‍കൂ എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍ റസൂല്‍(സ) ഖുറൈശികളെ വിളിച്ചു. അവര്‍ ഒരുമിച്ചുകൂടിയപ്പോള്‍ അവരോട് പൊതുവായും ഓരോ കുടുംബത്തോട് പ്രത്യേകമായും തിരുമേനി അരുള്‍ ചെയ്തു: ഓ അബ്ദു ശംസ് സന്തതികളേ, കഅ്ബ് ബ്‌ന്  ലുഅയ്യ് സന്തതികളേ, നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; മുര്‍റതുബ്‌നു  കഅ്ബ് സന്തതികളേ, നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; അബ്ദു മനാഫ് സന്തതികളേ നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക, ഹാശിം സന്തതികളേ നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; അബ്ദുല്‍ മുത്ത്വലിബ് സന്തതികളേ, നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് രക്ഷിക്കുക; നിങ്ങള്‍ക്ക് വേണ്ടി അല്ലഹുവിങ്കല്‍ എനിക്കൊന്നും ചെയ്യാനാവില്ല. എന്നാല്‍ നിങ്ങളുടെ രക്തബന്ധം ഞാന്‍ ചാര്‍ത്തും'' (ബുഖാരി, മുസ്‌ലിം).
 
 
ഇതാണ് പ്രവാചകന്റെ കുടുംബ മഹിമ. അതിന്റെ പേരില്‍ അല്ലാഹുവിന്റെ അടുത്ത് യതൊരു നേട്ടവും ലഭിക്കാനില്ല. തിരുമേനിക്ക് അല്ലാഹുവിന്റെ അടുക്കല്‍ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രയോഗിക്കാന്‍ പ്രത്യേകം ആനുകൂല്യമൊന്നും അല്ലാഹു അനുവദിച്ചിട്ടില്ല. ഇതിന്ന് കടക വിരുദ്ധമായി ശീഈകള്‍ കുടുംബ മഹിമയുടെ പേരില്‍ മുസ്‌ലിം സമുദായത്തെ രണ്ടായി പകുത്തു. നബിയോട് കുടുംബ ബന്ധമുള്ളവരും ഇല്ലാത്തവരും. ഇസ്‌ലാമിന്റെ മഹത്തായ മാനുഷിക സങ്കല്‍പത്തില്‍ ഇവര്‍ മായം ചേര്‍ത്തതിന് കണക്കില്ല. ചില പ്രശ്‌നങ്ങള്‍ മാത്രം പറയാം:
 
 
ലേഖകന്‍ വലിയ വിഷയമായിക്കാണാതെ ലളിതവത്കരിച്ച പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അദ്ദേഹം അവലംബമാക്കിയ ശിഈ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അല്‍ ഹുസൈന്‍ ആലു കാശിഫുല്‍ ഗിത്വാ 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ ശിഈ നവോത്ഥാന നായകനാണ്. അദ്ദേഹത്തിന്റെ അസ്വ്‌ലുശ്ശീഅത്തി വ ഉസ്വൂലുഹാ എന്ന കൃതി അഹ്മദ് അമീനടക്കമുള്ള സുന്നീ വിമര്‍ശകര്‍ക്ക് മറുപടിയായി അദ്ദേഹം രചിച്ചതാണ്. വളരെ ശ്രദ്ധിച്ചാണ് അദ്ദേഹം പദങ്ങള്‍ തെരഞ്ഞെടുത്തതും പ്രയോഗിച്ചതും. അതിനാല്‍ അദ്ദേഹത്തിന്റെ വാക്യങ്ങള്‍ തന്നെ നമുക്ക് ഉദ്ധരിക്കാം.
 
 
''ഇസ്‌ലാമിലെ മറ്റെല്ലാ കക്ഷികളില്‍നിന്നും ഇമാമിയ്യ ശീഈകളെ വേര്‍തിരിക്കുന്ന അടിസ്ഥാനപരമായ പ്രത്യേകതയാണ് ഇമാമത്തിലുള്ള വിശ്വാസം. ഇത് മൗലികവും അടിസ്ഥാനപരവുമായ വ്യത്യാസമാണ്. മറ്റുള്ള വ്യത്യാസങ്ങള്‍ ഹനഫി, ശാഫിഈ പണ്ഡിതന്മാര്‍ക്കിടയിലുള്ളതുപോലെ ഗവേഷണപരമായ അഭിപ്രായ ഭിന്നതയാണ്.
 
 
രിസാലത്ത് പോലെ ഇമാമത്ത് ഒരു ദൈവദത്ത സ്ഥാനമാണ്. അല്ലാഹു തന്റെ അപാരമായ മുന്‍കാല ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇമാമുകളെ തെരഞ്ഞെടുക്കുന്നു. പ്രവാചകനെ തെരഞ്ഞെടുക്കുന്ന പോലെത്തന്നെ. എന്നിട്ട് നബിയോട് അവരെക്കുറിച്ച് സമുദായത്തിനു പറഞ്ഞു കൊടുക്കാനും അവരെ പിന്തുടരാന്‍ കല്‍പിക്കാനും അല്ലാഹു ആവശ്യപ്പെടുന്നു'' (പേജ്: 221).
 
 
അഭിപ്രായ വ്യത്യാസത്തിന്റെ കാതലായ വശമാണിതെന്ന് ശൈഖ് ഊന്നിപ്പറഞ്ഞുവല്ലോ. ഈ ഇമാമത്ത് എന്താണെന്ന് നമുക്ക് സവിശദം പരിശോധിക്കാം. ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നാണ് ഇമാമത്ത്. ''നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, വിലായത്ത് (ഇമാമത്ത്) എന്നീ അഞ്ചു കാര്യങ്ങളില്‍ ഇസ്‌ലാം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നു'' (അല്‍കാഫി 218). ബിഹാറുല്‍ അന്‍വാര്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ''ഏതെങ്കിലും ഒരു ഇമാമിന്റെ ഇമാമത്ത് നിഷേധിക്കുകയും അവര്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയ അനുസരണം തള്ളിപ്പറയുകയും ചെയ്തവന്‍ വഴിപിഴച്ച കാഫിറാണ്, നരകത്തില്‍ ശാശ്വത വാസം അര്‍ഹിക്കുന്നവനാണ്'' (8/366, 23/390).
 
 
ഇതിന്റെ തുടര്‍ച്ചയായി ഒന്നാമത്തെ  ഇമാം അലി (റ) ആണെന്നും അദ്ദേഹത്തെ ഇമാമായി നിശ്ചയിച്ചിട്ടുള്ളത് അല്ലാഹുവാണെന്നും കാശിഫുല്‍ ഗിത്വാ വിശദീകരിക്കുന്നു. ഇക്കാര്യം മുഹമ്മദ് നബി(സ)യും ജലാശയത്തിന്റെ അടുക്കല്‍ വെച്ച് അനുയായികളെ പഠിപ്പിച്ചു. സ്വഹാബികള്‍ പ്രവാചകന്റെ ഈ വസ്വിയ്യത്ത് തള്ളിക്കളഞ്ഞു!
 
 
ഇവിടെ അലി (റ) ഇമാമാകുന്നതല്ല യഥാര്‍ഥ പ്രശ്‌നം. അദ്ദേഹം മുസ്‌ലിംകളുടെ ഇമാമും ഖലീഫയുമായി അംഗീകരിക്കപ്പെട്ട വ്യക്തിയുമാണ്. എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ നേതൃത്വം നബികുടുംബത്തില്‍ മാത്രമേ പാടുള്ളൂ, മറ്റു മുസ്‌ലിംകള്‍ അധികാരം കൈയാളാന്‍ അര്‍ഹരല്ല, അലിയുടെയും ഫാത്വിമയുടെയും സന്താന പരമ്പരയില്‍ പെട്ടവര്‍ക്കേ ഇമാമാകാന്‍ അര്‍ഹതയുള്ളൂ എന്ന വാദമാണിവിടെ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. കേവലം ഒരു രാഷ്ട്രീയ വിഷയമായി നമുക്കിത് കണാനാവില്ല. ഇസ്‌ലാം പഠിപ്പിച്ച നേതൃത്വത്തിന്റെ അടിസ്ഥാനങ്ങള്‍ അട്ടിമറിച്ച് കുടുംബ വാഴ്ചയിലേക്ക് എല്ലാം ഒതുക്കിക്കളയുന്ന സങ്കുചിത ചിന്തയാണിത്.
 
 
നബികുടുംബത്തിന് ഒരു ശ്രേഷ്ഠതയും അവകാശപ്പെടാനില്ല, വിശ്വാസവും കര്‍മവും തഖ്‌വയുമാണ് ശ്രേഷ്ഠതക്കാധാരമെന്ന'ഇസ്‌ലാമിക ശിക്ഷണം കാറ്റില്‍ പറത്തുകയല്ലേ ശിഈകള്‍ ചെയ്തത്? മനുഷ്യ രാശിക്കാകമാനം അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ തന്റെ കുടുംബ മഹിമയാണ് ലോകത്തോടു പ്രബോധനം ചെയ്തതെന്ന് പ്രചരിപ്പിക്കുന്നതിനേക്കാള്‍ വലിയ അക്രമമെന്താണ്?

 
 
തങ്ങളുടെ ലക്ഷ്യം നേടാന്‍ അവര്‍ നടത്തിയ കൃത്രിമങ്ങള്‍ നോക്കൂ! പരിശുദ്ധ ഖുര്‍ആനും തിരുമേനി (സ) അതിന് നല്‍കിയ പ്രായോഗിക വിശദീകരണമായ തിരു സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി ഉമ്മത്തിന് നല്‍കിയ വസ്വിയ്യത്തില്‍ ഇക്കാര്യം വ്യക്തമായി പഠിപ്പിച്ചു. വിഖ്യാതമായ ആ നബിവചനമിതാ: ''ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു. അവ രണ്ടും മുറുകെപ്പിടിക്കുന്നേടത്തോളം നിങ്ങള്‍ വഴി തെറ്റുകയില്ല- അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും.''
 
 
ഇതിന്റെ ചുവട് പിടിച്ച് ശിഈകള്‍ പ്രചരിപ്പിച്ച വ്യാജ ഹദീസ് ഇങ്ങനെ: ''ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ച് പോകുന്നു. അവ രണ്ടും മുറുകെപ്പിടിക്കുന്നേടത്തോളം നിങ്ങള്‍ വഴി തെറ്റുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ കുടുംബവും വീട്ടുകാരും.'' ഈ വചനം അനേകം വഴികളില്‍ പ്രചരിപ്പിച്ചതിനാല്‍ സാത്വികരായ പല നിരൂപകന്മാരും ഇത് ശരിയായ ഹദീസാണെന്ന് ധരിച്ച് അതിന് വ്യാഖ്യാനം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്! ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിത്തറ തന്നെ മാറ്റുക, ഖുര്‍ആനും സുന്നത്തും എന്നതിനു പകരം ഖുര്‍ആനും നബികുടുംബവും എന്നാക്കി തിരുത്തുക! ഇതെല്ലാം വെറും ശാഖാപരമായ അഭിപ്രായ വ്യത്യാസമാണോ?
 
 
നബി(സ)ക്ക് അനന്തരാവകാശികളായി പുരുഷ സന്താനങ്ങളില്ല. ഇത് യാദൃഛികമായി സംഭവിച്ചതല്ല. അല്ലാഹുവിന്റെ ആസൂത്രണവും നിശ്ചയവുമാണ്. തിരുമേനി അന്ത്യപ്രവാചകനാണെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യത്തില്‍ ഇക്കാര്യം പ്രത്യേകം എടുത്തോതിയത് നാം മനസ്സിലാക്കാന്‍ വേണ്ടിയാണ്. ''നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല മുഹമ്മദ്, അല്ലാഹുവിന്റെ ദൂതനും അന്ത്യ പ്രവാചകനുമാണ്. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു'' (33:40). ശത്രുക്കള്‍ ഇതൊരു ന്യൂനതയായി പ്രചരിപ്പിച്ചു. വാലറ്റവന്‍ എന്ന് അവിടുത്തെ കളിയാക്കി. എന്നാല്‍ നബികുടുംബത്തിന്റെ പ്രാമുഖ്യം മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയുന്നത് ഇതിനെക്കാളെല്ലാം അല്ലാഹു പ്രധാനമായിക്കണ്ടു.
 
 
പ്രവാചക കുടുംബം എന്നു പറയാന്‍ അര്‍ഹരായി ആരും അവശേഷിച്ചില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ പ്രവാചകത്വവും അനന്തരമെടുക്കുന്ന സമ്പ്രദായം വരുമായിരുന്നു. അതിനാല്‍ അല്ലാഹു ആ വഴി കൊട്ടിയടച്ചു. എന്നിട്ടും തിരുമേനിയുടെ പുത്രി ഫാത്വിമത്തുസ്സഹ്‌റായിലൂടെ കുടുംബവാദം നിലനിര്‍ത്തുകയാണ് ശിഈകള്‍ ചെയ്തത്. അതിനുവേണ്ടി ഇസ്‌ലാമിക ചരിത്രം വികൃതമാക്കി, നാലു ഖലീഫമാരില്‍ നാലാമനായ അലി(റ)യെ ഇമാമാക്കി, പ്രഗത്ഭരായ മൂന്നു ഖലീഫമാരെയും അധികാരം പിടിച്ചുപറ്റിയ അക്രമികളും, അലിയുടെ ശത്രുക്കളും പ്രതിയോഗികളുമായി ചിത്രീകരിച്ചു. അവരെ ശപിക്കുന്നത് പുണ്യമാക്കി, ജുമുഅ ഖുത്വ്ബയില്‍ ഈ ശാപം ഒരിനമാക്കി. അലി(റ)യുടെ പേര്‍ ശഹാദത്ത് കലിമയില്‍ ചേര്‍ത്തു. ബാങ്കില്‍ അശ്ഹദു അന്ന അലിയ്യന്‍ വലിയ്യുല്ലാഹ് (അലി അല്ലാഹുവിന്റെ വലിയ്യാണെന്ന് -ഇമാം- ഞാന്‍ സാക്ഷ്യം വഹിക്കുന്നു). ചിലര്‍, അശ്ഹദു അന്ന അലിയ്യന്‍ ഹുജ്ജതുല്ലാഹ് (അലി അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്) എന്നും കൂട്ടി.
 
 
രണ്ടാം ഖലീഫ ഉമറി(റ)നോടാണ് ഏറ്റവും വലിയ വിരോധം. ശിഈ തീവ്രവാദികള്‍ സുന്നികളെ കളിയാക്കി 'ഉമരികള്‍' എന്നഭിസംബോധന ചെയ്തു. എന്നിട്ടും അരിശം തീരാതെ ഉമറി(റ)ന്റെ ഘാതകനെ പുണ്യവാളനാക്കി. 'ബാബാ ശുജാഉദ്ദീന്‍ അബൂ ലുഅ്‌ലുഅ ഫൈറൂസ്' എന്നാണാ പുണ്യവാളന്റെ പുതിയ പേര്‍. മദീനയില്‍ മരിച്ച അയാളുടെ 'യാറം' ഇറാനിലുണ്ട്. കാശാന്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഗംഭീരമായ പ്രസ്തുത യാറത്തിന്റെ പുറത്ത്, 'ബാബാ ശുജാ ഉദ്ദീന്‍ അബൂ ലുഅ്‌ലുഅ ഫൈറൂസ്' എന്നെഴുതി വെച്ചിട്ടുണ്ട്. അകത്ത് അറബിയില്‍ 'അല്ലാഹുവേ, ജിബ്തിനെയും താഗൂത്തിനെയും നഅ്‌സലിനെയും നീ ശപിക്കേണമേ' എന്ന പ്രാര്‍ഥനയും എഴുതിവെച്ചിരിക്കുന്നു. ഇതില്‍ പറഞ്ഞ മൂന്നാളുകള്‍ യഥാക്രമം അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നീ സ്വര്‍ഗാവകാശികളായ ഇസ്‌ലാമിക രാഷ്ട്ര സാരഥികളാണ്. യാറം സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതറിയാം (അബൂലു അ്‌ലുഅ മുസ്‌ലിമായിരുന്നുവെന്നും ഉമറി(റ)നെ വധിച്ചതിലൂടെ അദ്ദേഹം ഇസ്‌ലാമിന് വിലമതിക്കാനാവാത്ത സേവനമാണ് സമര്‍പ്പിച്ചതെന്നും ശിഈ പണ്ഡിതന്‍ പ്രതികരിക്കുന്നത് യു ട്യൂബില്‍ അറബിയില്‍ ലഭ്യമാണ്).
 
 
നബി(സ)യുടെ അനുയായികളില്‍ പന്ത്രണ്ടു പേര്‍ മാത്രമാണ് ശിഈകളുടെ ആസിഡ് ടെസ്റ്റില്‍ പാസ്സായത്. ബാക്കിയുള്ളവരെല്ലാം കാഫിറുകളും മുനാഫിഖുകളുമാണത്രെ. അവരെല്ലാം താഗൂത്തുകളുടെ സഹായികളും ചട്ടുകങ്ങളുമായിരുന്നുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ശിഈകള്‍ ഇസ്‌ലാമിനെ വളര്‍ത്തുകയാണോ തകര്‍ക്കുകയാണോ എന്ന് തീരുമാനിക്കാന്‍ ഏറെ പ്രയാസമുണ്ടാവില്ല.
 
 
നാമീ ചരിത്രത്തിന്റെ തടവറയിലല്ല, തുടര്‍ച്ചയിലാണ്. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശിഈ നേതാവ് യാസിര്‍ അല്‍ ഹബീബിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ യൂട്യൂബില്‍ സുലഭമാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ)യെ വായില്‍ കൊള്ളാത്ത തെറി വിളിച്ച യാസിറിന് വേണ്ടി അലി ഖാംനഇ മുസ്‌ലിം ലോകത്തോട് പരസ്യമായി മാപ്പ് ചോദിച്ചത് കഴിഞ്ഞ വര്‍ഷമാണ്. യാസിര്‍ തൗബ ചെയ്തിട്ടൊന്നുമില്ല. കിതാബുകളില്‍ തെളിവുള്ളതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് ന്യായീകരിക്കുകയാണ് ചെയ്തത്.
 
 
ചരിത്ര ഗ്രന്ഥങ്ങളെ വിശ്വസിക്കാമെങ്കില്‍, നബി കുടുംബത്തോടും വിശിഷ്യ അലി(റ)യോടുമുള്ള ഈ തീവ്ര സ്‌നേഹാഭിനിവേശത്തിന്റെ പിന്നില്‍ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണെന്നാണ് മനസ്സിലാകുന്നത്. തീവ്രവാദം കാരണം അയാളെ ഈജിപ്തിലേക്ക് നാടുകടത്തി. അത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞ പോലെയായി. അവിടെ നിന്നാണ് ഉസ്മാന്‍ ബിന്‍ അഫ്ഫാനെ(റ) വധിക്കാനുള്ള പ്ലാനുമായി വിമതര്‍ വന്നതും, ഖലീഫ രക്തസാക്ഷിയായതും.
 
 
ഇസ്‌ലാമിക ചരിത്രത്തിലെ അക്കാലത്തെ രക്ത രൂഷിതമായ അധ്യായങ്ങള്‍ പരിശോധിച്ചാല്‍ എല്ലാ നാശങ്ങള്‍ക്കു പിന്നിലും ഇബ്‌നു സബഇന്റെ അനുയായികളായ ശിഈകളായിരുന്നുവെന്ന് കാണാം. സ്വാഭാവികമായും ശിഈകള്‍ ഇത് നിഷേധിക്കും. ചരിത്രത്തിന്റെ മറ്റൊരു ദുര്‍വ്യാഖ്യാനത്തിലൂടെ അവര്‍ ലക്ഷ്യം കണ്ടെത്തും. കാശിഫുല്‍ ഗിത്വാ എഴുതിയത് ശിഈകള്‍ ശപിക്കുകയും വെറുക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇബ്‌നു സബഅ് എന്നാണ്. എന്നാല്‍ ഇബ്‌നു സബഇനെ തള്ളിപ്പറയുന്നെങ്കിലും അയാള്‍ പ്രചരിപ്പിച്ച അബദ്ധം തിരുത്താനല്ല പൂര്‍വോപരി ശക്തിയില്‍ സ്ഥാപിക്കാനാണ് ഈ പണ്ഡിതന്മാരെല്ലാം ശ്രമിച്ചത്. നബി തിരുമേനി നേരിട്ടാണ് അലി(റ)യെ ഇമാമായി പ്രഖ്യാപിച്ചതെന്ന വാദമാണവര്‍ മുന്നോട്ടുവെച്ചത്.
 
 
കുടുംബ മഹിമ വാദം ജൂതന്മാര്‍ പ്രചരിപ്പിച്ചത് വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഞങ്ങള്‍ ദൈവ പുത്രന്മാരും ദൈവത്തിന് പ്രിയങ്കരരും ആണെന്ന് അവര്‍ പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചത് മുസ്‌ലിംകള്‍ ആ അബദ്ധത്തില്‍ ആപതിക്കാതിരിക്കാനാണ്. എന്നാല്‍, ഗോത്ര സമ്പ്രദായം ശീലിച്ചു വന്ന അറബികളെ വശീകരിച്ച് കുടുംബ മഹിമ ബോധ്യം വരുത്തി മുസ്‌ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കുന്നതില്‍ ശത്രുക്കള്‍ വിജയിച്ചു.
 
 
ചരിത്രം തങ്ങള്‍ക്കനുകൂലമായി തിരുത്താന്‍ ആദ്യമായി മുന്നോട്ടുവന്നത് ശിഈകളായിരുന്നു. അതിനാല്‍ ചരിത്ര ഗവേഷകരെ വഴി തെറ്റിക്കാനും  ചരിത്രകാരന്മാര്‍ക്ക് സത്യം അപ്രാപ്യമാക്കാനും അവര്‍ക്ക് സാധിച്ചു. ഇസ്‌ലാമിനു ബൃഹത്തായ സേവനങ്ങളര്‍പ്പിച്ച അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നീ മഹാരഥന്മാരെ താറടിച്ച് കാണിക്കാനും അവരുടെ മഹത്തായ സംഭാവനകള്‍  നിസ്സാരവത്കരിക്കാനും, അവരുടെ പേരില്‍ ഇല്ലാത്ത അപരാധങ്ങള്‍ ചുമത്താനും ചരിത്രകാരന്മാരെ വ്യംഗ്യമായി പ്രേരിപ്പിക്കുകയായിരുന്നു ശിഈകള്‍. ആലു കാശിഫുല്‍ ഗിത്വായെപ്പോലുള്ള സമര്‍ഥരായ ശിഈ പണ്ഡിതര്‍ അഭിപ്രായ വ്യത്യാസം ശാഖാപരമാണെന്ന് പറയുന്നത് ശിഈകളുടെ അടവുനയമാണ്. അലി (റ) ഉപര്യുക്ത ഖലീഫമാരെ അംഗീകരിച്ചതും അടവുനയമായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍, ഇമാമത്തിന്റെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുവെന്ന് നിര്‍ബന്ധിതരായി അവര്‍ സമ്മതിച്ചു.
 
 
ഖുര്‍ആനും സുന്നത്തുമാണല്ലോ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. എന്നാല്‍ സുന്നികള്‍ സ്വീകരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ അവര്‍ക്ക് സ്വീകാര്യമല്ല. നബികുടുംബത്തിലൂടെ നിവേദനം ചെയ്തതെന്ന് അവര്‍ ജല്‍പിക്കുന്ന ഹദീസുകള്‍ മാത്രമേ അവര്‍ സ്വീകരിക്കൂ. സുന്നികളെ തര്‍ക്കിച്ച് തോല്‍പിക്കാന്‍ ബുഖാരിയും മുസ്‌ലിമുമെല്ലാം ഉദ്ധരിക്കും. അത് പ്രതിയോഗിയെ അയാളുടെ വിശ്വാസം വെച്ച് നേരിടുക എന്ന തന്ത്രമാണ്. സുന്നികള്‍ക്ക് കേട്ടു പരിചയമില്ലാത്ത ഹദീസു ഗ്രന്ഥങ്ങളാണ് ശിഈകളുടേത്. കുലൈനിയുടെ കാഫി, തൂസിയുടെ തഹ്ദീബ്, മുഹമ്മദ് ബാഖിര്‍ രചിച്ച ബിഹാറുല്‍ അന്‍വാര്‍ മുതലായവ ഉദാഹരണമാണ്. കുലൈനിയുടെ കാഫിയാണ് അവര്‍ക്ക് ബുഖാരിയുടെ സ്ഥാനത്ത്.
 
 
പരിശുദ്ധ ഖുര്‍ആനിന്റെ മൂലത്തില്‍ അഭിപ്രായ വ്യത്യാസമില്ല എന്ന് പുറമെ പറയുമ്പോഴും വ്യാഖ്യാനത്തില്‍ വലിയ അന്തരം പ്രകടമാണ്. ആലു കാശിഫില്‍ ഗിത്വാ തന്നെ ഇതിന് തെളിവാണ്. ഉന്നയിച്ച മിക്ക വചനങ്ങളും ശിഈ വിശ്വാസാദര്‍ശങ്ങള്‍ക്കൊത്ത് വ്യാഖ്യാനിച്ചിരിക്കുകയാണദ്ദേഹം. ഒരുദാഹരണം മാത്രം ഇവിടെ ചേര്‍ക്കാം. ശിഈസത്തിന്റെ ഉപജ്ഞാതാവ് നബി തിരുമേനിയാണെന്ന് സ്ഥാപിക്കാനായി പേജ് 221-ല്‍ രേഖപ്പെടുത്തിയത് കാണുക. ''ശിഈകള്‍ വിശ്വസിക്കുന്നു: അല്ലാഹു നബിയോട് കല്‍പിച്ചു. അലിയെ പേരെടുത്ത് പറഞ്ഞ് ഇമാമായി പ്രഖ്യാപിക്കുക. എന്നാല്‍, അത് ജനങ്ങള്‍ക്ക് പ്രയാസകരമാവുമെന്ന് നബി(സ)ക്കറിയാമായിരുന്നു. തന്റെ പിതൃവ്യപുത്രനും ജാമാതാവുമായ അലിയോടുള്ള സ്‌നേഹത്തിന്റെയും, വഴിവിട്ട സഹകരണത്തിന്റെയും പേരിലാണിതെന്ന് ജനങ്ങള്‍ ധരിച്ചുവശായേക്കാം. നബി (സ)യുടെ പവിത്രതയിലും ദേഹേഛയില്‍ നിന്നുള്ള മുക്തിയിലും അന്നും ഇന്നും ജനങ്ങളെല്ലാം ഒരേ വിശ്വാസക്കാരല്ല. എന്നാല്‍, അല്ലാഹു തിരുമേനിക്ക് ഒഴികഴിവ് നല്‍കിയില്ല. ഇങ്ങനെ വഹ്‌യ് നല്‍കി: ''ദൂതരേ, നിന്റെ നാഥനില്‍ നിന്നവതരിച്ചത് പ്രഖ്യാപിക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ താങ്കള്‍ അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിച്ചിട്ടില്ല'' (5:67).
 
 
ഈ ശക്തമായ താക്കീതിനു ശേഷം നബി(സ)ക്ക് അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലാതായി. അതിനാല്‍ ഹജ്ജത്തുല്‍ വിദാഇല്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ 'ഖും' ജലാശയത്തിന്നടുത്ത് വെച്ച് തിരുമേനി ചോദിച്ചു-അധിക പേരും അത് കേട്ടിരുന്നു-സത്യവിശ്വാസികളുടെ രക്ഷാധികാരി അവരെക്കാളും ഞാനല്ലയോ?
അവര്‍: അല്ലാഹുവാണ, അതെ. അപ്പോള്‍ തിരുമേനി: ഞാനാരുടെ രക്ഷാധികാരിയാണോ അവരുടെയെല്ലാം രക്ഷാധികാരിയാണ് ഈ അലി (ഈ വചനത്തില്‍ അലിയുടെ കാര്യത്തില്‍ (ഫീ അലിയ്യിന്‍) എന്നത് വിട്ടുപോയി എന്നത് അടവുനയമായി പറയാതിരുന്നതാണ്. സാധാരണ ശിഈകള്‍ അതാണ് പറയാറ്).
 
 
ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യത്തിന് ഒരു ബന്ധവുമില്ലാത്ത വിഷയമാണിത്. വേദക്കാര്‍ക്ക് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ പ്രത്യേകം നിര്‍ദേശിക്കുന്ന ഭാഗമാണ് അലി(റ)യുടെ അധികാരാരോഹണത്തിന്റെ പ്രഖ്യാപനമാക്കി മാറ്റിയത്. പരിശുദ്ധ ഖുര്‍ആനിന്റെ ചൈതന്യം നഷ്ടപ്പെടുത്തുന്ന ഇത്തരം അനേകം ദുര്‍വ്യാഖ്യാനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു ശിഈ ഗ്രന്ഥങ്ങളില്‍. നബി കുടുംബവുമായി ബന്ധപ്പെട്ട വചനങ്ങളെല്ലാം ഖുര്‍ആന്‍ ക്രോഡീകരണ വേളയില്‍ അബൂബക്ര്‍ സിദ്ദീഖ് മാറ്റിവെച്ചു എന്നാരോപിക്കുന്ന ശിഈ തീവ്രവാദികളെ ഒഴിവാക്കിയാണ് നാം ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നത്.
 
 
ആരാണ് നബി കുടുംബം?
 
 
നാം നബിയുടെ പേരിലുള്ള സ്വലാത്തില്‍ ആലു മുഹമ്മദ് എന്നു പറയുന്നതിന്റെ പൊരുളെന്താണ്, നബികുടുംബം എന്നാണല്ലോ അതിന്റെ പരിഭാഷ പറയാറുള്ളത്?
വലിയ തെറ്റിദ്ധാരണക്ക് കാരണമായ ഈ 'ആലു' പ്രയോഗം പണ്ഡിതന്മാര്‍ വിശദമായി ചര്‍ച്ച ചെയ്തതാണ്. അതില്‍ വളരെ പ്രസക്തമായ ഭാഗം മാത്രം ഇവിടെ ചേര്‍ക്കാം.
 
 
ആലു മുഹമ്മദ് എന്നത് നബി കുടുംബം എന്ന അര്‍ഥത്തിലല്ല സ്വലാത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. തിരുമേനിയുടെ അനുയായികള്‍, ആദര്‍ശത്തില്‍ തിരുമേനിയെ അനുഗമിക്കുന്നവര്‍ എന്നാണര്‍ഥമാക്കേണ്ടത്. അറബികളും അനറബികളുമായ എല്ലാ സത്യവിശ്വാസികളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുമേനിയുടെ കുടുംബക്കാര്‍ എന്നര്‍ഥം കല്‍പിച്ചാല്‍ അബൂലഹബിനും നാം നമസ്‌കാരത്തില്‍ സ്വലാത്ത് ചൊല്ലുന്നു എന്നു വരും.
 
 
ആലു എന്ന പദത്തിന് പല അര്‍ഥങ്ങളുമുണ്ട്. ഭാര്യമാര്‍, സന്താന പരമ്പര, അനുയായികള്‍, പക്ഷക്കാര്‍ എന്നീ അര്‍ഥങ്ങളിലെല്ലാം ആലു പ്രയോഗിക്കും. ആലു ഫിര്‍ഔന്‍ എന്നതിന്റെ അര്‍ഥം ഫിര്‍ഔനിന്റെ അനുയായികള്‍, പക്ഷക്കാര്‍ എന്നാണ്. ഫറോവക്ക് മക്കളോ മറ്റു ബന്ധുക്കളോ ഉണ്ടായിരുന്നില്ല. അതിനാല്‍ 'ഫിര്‍ഔനിന്റെ സന്താനങ്ങള്‍' എന്ന് ഇതിനര്‍ഥമില്ല.
 
 
മുസന്നഫ് അബ്ദുര്‍റസ്സാഖില്‍ ഇങ്ങനെ കാണാം (2/214): 'ഒരാള്‍ ഇമാം സൗരിയോട് ചോദിച്ചത് കേട്ടു: ''ആരാണ് സ്വലാത്തില്‍ പറയുന്ന ആലു മുഹമ്മദ്?
'' അദ്ദേഹം പറഞ്ഞു: ''രണ്ടഭിപ്രായമുണ്ട്. ചിലര്‍ പറയുന്നു ആലു മുഹമ്മദ് തിരുമേനിയുടെ കുടുംബമാണെന്ന്. മറ്റു ചിലര്‍ പറയുന്നത് തിരുമേനിയെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് ആലു മുഹമ്മദ് എന്നാണ്. എന്റെ അഭിപ്രായത്തില്‍ ഖണ്ഡിതമായും ഇപ്പറഞ്ഞതാണ് ശരി.''
 
 
ബുഖാരിയില്‍ സ്വലാത്ത് വിശദീകരിക്കുന്ന ഹദീസില്‍: 'അല്ലാഹുവേ, മുഹമ്മദിന്റെ മേലും ആലു മുഹമ്മദിന്റെ മേലും നിന്റെ രക്ഷയും സമാധാനവും ചൊരിയേണമേ, ഇബ്‌റാഹീമിന്റെ മേലും ആലു ഇബ്‌റാഹീമിന്റെ മേലും നിന്റെ രക്ഷയും സമാധാനവും ചൊരിയേണമേ' എന്നാണല്ലോ ഉള്ളത്. ഇവിടെ ആലു ഇബ്‌റാഹീമില്‍ ജൂതന്മാരും അബൂലഹബും പെടില്ല; അവര്‍ അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണെങ്കിലും. സന്താനങ്ങള്‍ എന്നാണര്‍ഥമെങ്കില്‍ മുഹമ്മദ് നബിയുടെ സന്താനങ്ങളും അതില്‍ പെടുമല്ലോ. അവരെ വേറെ എടുത്തു പറയേണ്ടതില്ലായിരുന്നു. അനുയായികള്‍ എന്നു മാത്രമാണിവിടെ അര്‍ഥം. അതാണ് ഈ കവിതാ ശകലത്തില്‍ പറയുന്നതും:
 
 
ആലുന്നബിയ്യി ഹുമു അത്ബാഉ മില്ലതിഹി
 
അലശ്ശരീഅത്തി മിന്‍ അജമിന്‍ വ മിന്‍ അറബി.
 
ലൗ ലം യകുന്‍ ആലുഹു ഇല്ലാ ഖറാബതുഹു
 
സല്ലല്‍ മുസല്ലി അലത്താഗി അബീ ലഹബി.
 
(ആലുന്നബി എന്നതിന്റെ ഉദ്ദേശ്യം ശരീഅത്തനുസരിച്ച് അവിടുത്തെ മാര്‍ഗം പിന്തുടര്‍ന്ന അറബികളും അനറബികളുമാണ്. അവിടുത്തെ 'ആല്‍' കുടുംബ ബന്ധുക്കള്‍ മാത്രമാണെങ്കില്‍ സ്വലാത്ത് ചൊല്ലുന്നവന്‍ ധിക്കാരിയായ അബൂലഹബിന്റെ രക്ഷക്കും സമാധാനത്തിനും വേണ്ടി ആവും പ്രാര്‍ഥിക്കുക).
 
 
ഇമാം ഖുര്‍ത്വ്ബി തന്റെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ എഴുതുന്നു(1/381): ''ആലു ഫിര്‍ഔന്‍ ഫറോവയുടെ ജനതയാണ്, അനുയായികളാണ്, അദ്ദേഹത്തിന്റെ മതം സ്വീകരിച്ചവരാണ്. അതുപോലെ ആലുര്‍റസൂല്‍ തിരുമേനിയുടെ ദീനും മാര്‍ഗവും സ്വീകരിച്ചവരാണ്. തിരുമേനിയുടെ കാലത്തുള്ളവരും മറ്റു കാലങ്ങളിലുള്ളവരും ഇതില്‍ തുല്യരാണ്. തിരുമേനിയുമായി കുടുംബബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വ്യത്യാസവുമില്ല. തിരുമേനിയുടെ ദീനിലും മില്ലത്തിലുമല്ലാത്തവര്‍ അവിടുത്തെ ആലോ, അഹ്‌ലോ അല്ല. അടുത്ത ബന്ധുവോ കുടുംബമോ ആണെങ്കിലും!''
 
 
നമുക്ക് തെളിവ് ഖുര്‍ആനില്‍ വന്ന ആലു ഫിര്‍ഔന്‍ എന്ന പ്രയോഗമാണ്. ഫിര്‍ഔനിന് മക്കളോ കുടുംബ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മറ്റൊരു തെളിവ് നൂഹ് (അ) മിന്റെ നിഷേധിയായ മകനെപ്പറ്റി 'അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല' എന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചതാണ്. വേറെ ഒരു തെളിവ് സ്വഹീഹ് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. അംറുബ്‌നുല്‍ ആസ്വ് പറഞ്ഞു: റസൂല്‍ (സ)പറഞ്ഞത് ഞാന്‍ കേട്ടു. എന്റെ പിതാവിന്റെ കുടുംബമായ ഇന്ന വ്യക്തി എന്റെ വലിയ്യ് (ആത്മ മിത്രം) അല്ല. എന്റെ വലിയ്യ് അല്ലാഹുവും സച്ചരിതരായ വിശ്വാസികളുമാണ്.'
 
 
നബി (സ) തിരുമേനിയുടെ കുടുംബക്കാര്‍ വിശ്വാസവും സല്‍കര്‍മവും ഉള്ളവരാണെങ്കില്‍ മാത്രമേ അവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമുള്ളൂ. ആ സ്ഥാനം കര്‍മത്തിന്റെയും ഭക്തിയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടണം, കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല.
 
 
ഇതാണിസ്‌ലാമിന്റെ ശിക്ഷണം. ഇതിന്റെ വ്യക്തമായ നിഷേധമാണ് ശിഈസം. സുന്നികളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആലു കാശിഫുല്‍ ഗിത്വാ അടക്കമുള്ള മിതവാദികളായ ശിഈകള്‍ സമ്മതിച്ച വിഷയം മാത്രമേ നാമിവിടെ ചര്‍ച്ചയില്‍ ഊന്നിയിട്ടുള്ളൂ. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെത്തന്നെ നമുക്ക് ഒരു കാര്യം വ്യക്തമായി ഗ്രഹിക്കാം: അനേകം അവാന്തര വിഭാഗങ്ങളുള്ള ശിഈകളില്‍ കര്‍മശാസ്ത്രപരമായി സുന്നികളോട് അടുത്തു നില്‍ക്കുന്ന  ഇമാമി ഗ്രൂപ്പ് പോലും അടിസ്ഥാന വിശ്വാസത്തില്‍ നമ്മോട് വിയോജിക്കുന്നു.
 
 
സുന്നി-ശിഈ ഐക്യത്തിനു വേണ്ടി ശിഈകളില്‍ ചിലര്‍ ശ്രമിച്ചിരുന്നത് ഇറാനിലും ഇറാഖിലും അവര്‍ക്ക് ഭരണമില്ലാത്ത കാലത്താണ്. ഇന്ന് മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് ഇറാന്‍. ആണവശേഷി വരെ അവര്‍ നേടി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ശിഈ മത പ്രചാരണത്തിനായി കോടാനുകോടി ഡോളര്‍ ഇറാന്‍ ചെലവഴിക്കുന്നു. ലബനാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  ഹിസ്ബുല്ല ഗറില്ല ഗ്രൂപ്പ് ഇസ്രയേലിനെ പാഠം പഠിപ്പിച്ച സായുധ ശക്തിയാണ്. ഇറാന്റെ സഹായമാണ് തങ്ങളുടെ ശക്തി സ്സ്രോതസ്സെന്ന് ഹിസ്ബുല്ല പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
വിശ്വാസത്തില്‍ വലിയ അന്തരമുണ്ട് ഇമാമികളും അലവികളും തമ്മില്‍. ഇതൊന്നും സുന്നികള്‍ക്കെതിരില്‍ സിറിയയില്‍ അവരെ സഹായിക്കുന്നതിന് ഇറാനികള്‍ക്ക് തടസ്സമല്ല. അലവികളുമായി സഹകരിച്ച് ബശ്ശാറിന്റെ സിംഹാസനം നിലനിര്‍ത്താനും സുന്നികളെ തകര്‍ക്കാനും ഇറാന്‍ ആളും അര്‍ഥവും നല്‍കുന്നു. മുസ്‌ലിം ബ്രദര്‍ ഹുഡും സഖ്യ കക്ഷികളും ആദ്യത്തില്‍ കൈവരിച്ച വിജയം തുടരാന്‍ കഴിയാതിരിക്കാന്‍ കാരണം ബശ്ശാറിന് ഇറാന്റെ കലവറയില്ലാത്ത സഹായം ലഭിച്ചതാണെന്ന് നിരീക്ഷകര്‍ രേഖപ്പെടുത്തുന്നു.
 
 
സുന്നി-ശിഈ ശത്രുത കാലഹരണപ്പെട്ട ചരിത്രമാണെന്ന് ധരിച്ചുവശായവരുടെ കണ്ണ് തുറപ്പിക്കാന്‍ സഹായകമാവുന്ന ചില വസ്തുതകള്‍ ഇവിടെ കുറിച്ചതാണ്. സുന്നികള്‍ ഇസ്‌ലാമിക ഭരണത്തിനു വേണ്ടി പരിശ്രമിക്കുന്നേടത്തെല്ലാം ശിഈകള്‍ അതിനു തുരങ്കം തീര്‍ക്കുമെന്നതാണ് ആധുനിക ചരിത്രം നമ്മെ പഠിപ്പിച്ചത്.
 
 

 

© Prabodhanam Weekly, Kerala
ന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പൊതുവെ ബാധകമായ ഒരു ക്രോഡീകൃത നിയമം ഇന്ന് നിലവിലില്ല. ഉള്ളത് മുഹമ്മദന്‍ ലോ ആണ്. ഇത് പൂര്‍ണമായും ഒരു ഇസ്‌ലാമിക നിയമസംഹിതയല്ല. ബ്രിട്ടീഷുകാര്‍ നമ്മുടെ നാട് ഭരിച്ചിരുന്ന കാലത്തെ നാട്ടാചാരങ്ങളും അനുഷ്ഠാനങ്ങളും അടിസ്ഥാനമാക്കി കോടതികള്‍ നടപ്പാക്കിയ വിധികളും ഇന്ത്യന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം വഴി മുസ്‌ലിം വ്യക്തിനിയമത്തില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഈ നിയമത്തിന്റെ സ്രോതസ്സുകള്‍. ഇത്തരം കോടതിവിധികളുടെയും നാട്ടാചാരങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഡി.എഫ് മുള്ളയുടെ മുഹമ്മദന്‍ ലോയും അതേകാലഘട്ടത്തില്‍ ജഡ്ജിയായിരുന്ന അമീര്‍ അലി എഴുതിയ ഗ്രന്ഥവുമാണ് ഇന്ത്യന്‍ കോടതികള്‍ വിധിപ്രസ്താവങ്ങള്‍ക്കായി അവലംബിച്ചിരുന്നത്. ഇവ രണ്ടും തന്നെ മുസ്‌ലിം ശരീഅത്തിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നതായിരുന്നില്ല.
 
1930-ല്‍ പഞ്ചാബിലെ ഒരു കോടതി മുസ്‌ലിം സ്ത്രീക്ക് തന്റെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന് വിധി പ്രസ്താവിച്ചു. ഇതു സംഭവിച്ചത് അന്നത്തെ ഇന്ത്യന്‍ ആചാരങ്ങള്‍ക്ക് മുസ്‌ലിം നിയമത്തേക്കാള്‍ പ്രാധാന്യം നല്‍കിയതുകൊണ്ടായിരുന്നു. അതുകൊണ്ടാണ് മുഹമ്മദന്‍ നിയമം പലപ്പോഴും ഇസ്‌ലാമിക ശരീഅത്തിനേക്കാള്‍ ആചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തിരുന്നു എന്ന് പറയുന്നത്. ശരീഅത്തിന് തികച്ചും വിരുദ്ധമായ ഇത്തരം കോടതിവിധികള്‍ വന്നപ്പോള്‍, മുസ്‌ലിംകള്‍ക്ക് ബാധകമായ ഒരു നിയമത്തിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. ഇതിന്റെ ഫലമാണ് 1937-ലെ മുസ്‌ലിം പേഴ്‌സണല്‍ ലോ അപ്ലിക്കേഷന്‍ ആക്ട് (Muslim Personal Law (Shariath) Application Act 1937). ഈ നിയമം വളരെ ചെറിയതും ഒരുപാട് പരിമിതികള്‍ ഉള്ളതുമാണ്. എന്നാല്‍ ഇന്നും മുസ്‌ലിംകള്‍ക്ക് വ്യക്തിനിയമം ബാധകമാകുന്നത് ഇതേ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. വെറും ആറ് വകുപ്പുകള്‍ ഉള്ള ഈ കൊച്ചു നിയമത്തിലെ വകുപ്പ് രണ്ട് (സെക്ഷന്‍ 2) അനുസരിച്ചാണ് ഇന്നും കാര്യങ്ങള്‍ നടന്നുപോകുന്നത്. അനന്തരാവകാശം, വിവാഹം, വിവാഹമോചനം, മുസ്‌ലിം ട്രസ്റ്റ്, വഖ്ഫ് എന്നിത്യാദി കാര്യങ്ങളില്‍ മറ്റെല്ലാ നിയമങ്ങളെയും നാടുനടപ്പാചാരങ്ങളെയും ഗൗനിക്കാതെ മുസ്‌ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമം (ശരീഅത്ത്) ബാധകമാണെന്ന് വകുപ്പ് 2 അനുശാസിക്കുന്നു. ഈ നിയമത്തിലെ തന്നെ അഞ്ചാമത്തെ വകുപ്പിന്റെ പ്രസക്തി 1939-ല്‍ നിലവില്‍ വന്ന മുസ്‌ലിം വിവാഹ ഭഞ്ജന നിയമം (The Dissolution of Muslim Marriage Act 1939) നിലവില്‍ വന്നതോടെ നഷ്ടപ്പെട്ടു. മുസ്‌ലിം വിവാഹ ഭഞ്ജന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഇപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ വിവാഹമോചനത്തിനായി കോടതികളെ സമീപിക്കേണ്ടത്. അതേപോലെ 1986-ലെ മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമം കൂടി വന്നപ്പോള്‍ (The Muslim Women (protection of Rights on Divorce) Act 1986) ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിന്റെ പരിധിയില്‍ നിന്ന് സ്ത്രീകളുടെ സംരക്ഷണവും മറ്റും ഈ പുതിയ നിയമത്തിന്റെ കീഴിലേക്ക് വന്നു.
 
നമ്മുടെ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ചില മുസ്‌ലിം നിയമങ്ങള്‍ മുസ്‌ലിംകള്‍ക്ക് ബാധകമാക്കിയിരുന്നു. ഇത് പ്രധാനമായും മുഗള്‍ ഭരണ കര്‍ത്താക്കളില്‍ നിന്ന് അനന്തരമായി കിട്ടിയ പാരമ്പര്യത്തെ അംഗീകരിക്കുക എന്ന നിലയിലായിരുന്നു. എന്നാല്‍, 1937 ഒക്‌ടോബര്‍ 7-ന് നിലവില്‍ വന്ന ശരീഅത്ത് ആക്ട് ഇക്കാര്യത്തില്‍ ഒരു കൃത്യതയും വ്യക്തതയും വരുത്തി. 1959-ലെ പേഴ്‌സണല്‍ ലോ എക്‌സ്റ്റെന്‍ഷന്‍ ആക്ട് പ്രകാരം ഈ നിയമത്തിന്റെ പരിധി ഇന്ത്യ മുഴുവനുമായി നിര്‍വചിക്കപ്പെട്ടു (ജമ്മു-കശ്മീര്‍ ഒഴികെ). ഇന്ത്യയില്‍ നടപ്പിലാക്കി വരുന്ന മുസ്‌ലിം വ്യക്തിനിയമം പ്രധാനമായും രണ്ട് തരത്തിലുള്ളതാണ്. ഒന്ന്, സുന്നി നിയമം. രണ്ട്, ശീഈ നിയമം. സുന്നി വിഭാഗത്തില്‍ നാല് മദ്ഹബുകള്‍ ഉണ്ട്. ശാഫിഈയും ഹനഫിയും ഹമ്പലിയും മാലിക്കിയും. എന്നാല്‍, ഇവരെയെല്ലാം ഒന്നിച്ച് സുന്നി നിയമത്തിന്റെ പരിധിയിലാണുള്‍ക്കൊള്ളിച്ചത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം മുസ്‌ലിംകളില്‍ ഭൂരിഭാഗവും ഹനഫി വിഭാഗത്തില്‍ പെടുന്നു. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ശാഫിഈ മദ്ഹബുകാരാണ് കൂടുതല്‍. മുഗള്‍ ആധിപത്യത്തില്‍ വരാത്തതിനാലാകാം കേരളത്തിലെ സ്ഥിതി വ്യത്യസ്തമായത്. അതുകൊണ്ട് തന്നെ കേരളത്തിലെ മുസ്‌ലിംകള്‍ ശാഫിഈ മദ്ഹബുകാരാണെന്ന് വ്യവഹാരങ്ങളില്‍ പ്രത്യേകം എടുത്തു പറയണമെന്ന് നമ്മുടെ ഹൈക്കോടതി ഒരു വിധിന്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. മുഗള്‍ ഭരണകാലത്തും മറ്റും മുസ്‌ലിം ആചാരങ്ങളില്‍ ഹൈന്ദവ ആചാരങ്ങള്‍ പലതും കടന്നുകൂടിയതുകൊണ്ടും ഇവകളെല്ലാം അംഗീകരിച്ചുകൊണ്ട് അന്നത്തെ ബ്രിട്ടീഷ് കോടതി വിധികള്‍ പ്രസ്താവിച്ചതുകൊണ്ടും ഈ വിധികളുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കപ്പെട്ട മുഹമ്മദന്‍ ലോയില്‍ പരിപൂര്‍ണമായ മുസ്‌ലിം നിയമ വ്യവസ്ഥകള്‍ കണ്ടെത്തുക പ്രയാസമാണ്.
 
1937-ന് ശേഷം ഇതുവരെ ഒരു ക്രോഡീകൃത മുസ്‌ലിം നിയമം ഇന്ത്യയില്‍ ഉണ്ടാകാതെ പോയതിന് കാരണമെന്തെന്ന് അന്വേഷിക്കേണ്ടതുണ്ട്. അപര്യാപ്തമായ നിയമങ്ങള്‍ കൊണ്ട് വ്യക്തിനിയമങ്ങളെ കൈകാര്യം ചെയ്യേണ്ട ഒരു ഗതികേടാണിന്നുള്ളത്. കോടതികള്‍ വിശുദ്ധ ഖുര്‍ആനും ഹദീസും എടുത്തുദ്ധരിക്കുമ്പോള്‍ അത് ശരിയല്ലെന്ന് പറയുന്ന ഒരുപാട് മതപണ്ഡിതന്മാരുണ്ട്. എന്നാല്‍, അവലംബിക്കാന്‍ പറ്റുന്ന ഒരേകീകൃത ലിഖിത നിയമമില്ലാത്തപ്പോള്‍ കോടതികളും അഭിഭാഷകരും ഖുര്‍ആനും ഹദീസും നേരിട്ട് വ്യാഖ്യാനിക്കാനും നിര്‍വചിക്കാനും നിര്‍ബന്ധിതമാവുകയാണ്. ഇവിടെ നമ്മുടെ സഹോദര സമുദായമായ ഹിന്ദുക്കള്‍ക്ക് ഹിന്ദു കോഡ് നിലവിലുണ്ട്. ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ കോടതികള്‍ക്ക് സാധിക്കുന്നു. ഇത്തരത്തിലുള്ള ഒരു മുസ്‌ലിം കോഡ് എന്തുകൊണ്ടും ഉണ്ടാകുന്നതാണ് നല്ലത്.
 
മുസ്‌ലിം വ്യക്തിനിയമം വളരെ വിപുലമായ ഒന്നാണ്. പ്രധാനപ്പെട്ട നാല് മദ്ഹബുകളും പല കാര്യങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അനന്തരാവകാശ നിയമത്തിലും വിവാഹമോചന നിയമത്തിലുമെല്ലാം ഈ വ്യത്യസ്തത നമുക്ക് കാണാം. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര രാജ്യത്ത് നാടിന്റെയും മുസ്‌ലിം സമുദായത്തിന്റെയും നന്മക്കുതകുന്ന ഒരു ഏകീകൃത വ്യക്തിനിയമം ഉണ്ടാകുന്നതാണ് എപ്പോഴും അഭികാമ്യം. ഇസ്‌ലാമിക നിയമങ്ങള്‍ കാലാതീതമാണ്; എന്നും നിലനില്‍ക്കുന്നതുമാണ്. പക്ഷേ, ഇങ്ങനെ സംഭവിക്കണമെങ്കില്‍ മുസ്‌ലിംകള്‍ കാലത്തിന് മുമ്പെ നടക്കണം; വഴികാട്ടികളായി. ഖുര്‍ആനും പ്രവാചകനും കാണിച്ചുതന്ന നിയമങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് ശ്രുതിലയങ്ങള്‍ക്ക് കോട്ടം തട്ടാതെ അവയെ കാലാനുസൃതമായി വ്യാഖ്യാനിക്കാന്‍ കഴിയണം. ഖുര്‍ആനും ഹദീസും പോലെ തന്നെ ഇജ്മാഉം ഖിയാസും നിയമങ്ങളുടെ അടിസ്ഥാനമാക്കേണ്ടതുണ്ട്. നിഷിദ്ധമല്ലാതിരുന്ന പുകവലി  റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി ഒരു ഫത്‌വയിലൂടെ നിഷിദ്ധ(ഹറാം)മാണെന്ന് പ്രഖ്യാപിച്ചു. രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കാന്‍ ഇന്ന് ആരും മടികാണിക്കുന്നില്ല. മനുഷ്യജീവന്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള ഉറച്ച തീരുമാനങ്ങളെടുക്കുന്നത്. ഇത്തരം ചുവടുവെപ്പുകള്‍ വ്യക്തിനിയമങ്ങളുടെ കാര്യത്തിലും എടുക്കേണ്ടതായിട്ടുണ്ട്. ഒറ്റയടിക്ക് ത്വലാഖ് മൂന്നും ചൊല്ലി വിവാഹമോചനം നേടുന്ന രീതിയും, സ്വപുത്രന്‍ മരണപ്പെട്ടാല്‍ തന്റെ പേരക്കിടാങ്ങള്‍ക്ക് തന്റെ സ്വത്തില്‍ നിന്നും ഒന്നും ലഭിക്കുന്നില്ല എന്ന വ്യവസ്ഥയും പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ സ്വത്തുക്കള്‍ മുഴുവനായി തങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതുമെല്ലാമാണ് ഇന്ന് മുസ്‌ലിം സമുദായത്തെ എറിയാനുള്ള കല്ലുകളായി പലരും കൈയില്‍ കരുതുന്നത്. എന്നാല്‍ വേണ്ട രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ വ്യക്തിനിയമത്തില്‍ വരുത്തിയാല്‍ സമുദായം ഈ ഏറു കൊള്ളേണ്ടിവരില്ല. ത്വലാഖിന്റെ കാര്യത്തില്‍ ത്വലാഖുല്‍ അഫ്ദല്‍ മാത്രം അംഗീകരിക്കുകയും പേരക്കിടാവിനുള്ള സ്വത്ത് വിഹിതം എഴുതിവെക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ഉദ്‌ബോധിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചകവചനങ്ങളും ഇക്കാര്യത്തില്‍ നിര്‍ബന്ധമായും പിന്തുടരുകയും ചെയ്താല്‍ ആദ്യത്തെ രണ്ടാക്ഷേപങ്ങള്‍ക്കും മറുപടിയായി. നമ്മുടെ നാടിന്റെ രീതിയും മട്ടും അവലോകനം ചെയ്തു പിതൃസ്വത്തില്‍ സ്ത്രീ സന്താനങ്ങള്‍ മാത്രമായാലും അവര്‍ക്ക് പൂര്‍ണാവകാശം നിലനിര്‍ത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്താവുന്നതുമാണ്. ഗള്‍ഫ് നാടുകളില്‍ ഇത്തരത്തിലുള്ള ഒട്ടനവധി കാര്യങ്ങള്‍ നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അവിടെ പുരുഷനില്‍ നിന്ന് ഭാരിച്ച മഹ്ര്‍ വാങ്ങിയാണ് സ്ത്രീകള്‍ വിവാഹിതരാകുന്നത്. എന്നിരുന്നാലും വല്ല കാരണവശാലും വിവാഹബന്ധം വേര്‍പ്പെട്ടു തിരിച്ചുവരുന്ന സഹോദരിയെ സംരക്ഷിക്കാന്‍ സഹോദരന്മാര്‍ ബാധ്യസ്ഥരാണ്. കുടുംബസ്വത്തില്‍ ഇരട്ടി ഓഹരി വാങ്ങിക്കുന്ന സഹോദരന് തന്റെ സഹോദരിയെ സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്ന് നമ്മുടെ നിയമം അംഗീകരിക്കുന്നില്ല. നമ്മുടെ നാട്ടില്‍ മൊഴി ചൊല്ലപ്പെട്ട ഭാര്യക്ക് ജീവനാംശം ചോദിക്കാനുള്ള അവകാശമുണ്ടെങ്കിലും അതു സാധിക്കാതെ വന്നാല്‍ സംരക്ഷണ ചെലവ് നല്‍കേണ്ടത് വഖ്ഫ് ബോര്‍ഡാണ്. പക്ഷേ, 1986-ല്‍ ഈ നിയമം നടപ്പില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നേവരെ ഇത് ഫലപ്രദമായി വിനിയോഗിക്കാന്‍ സ്ത്രീകള്‍ക്ക് പറ്റാറില്ല. അതുകൊണ്ട് ഇസ്‌ലാമിക താല്‍പര്യമനുസരിച്ച് തന്നെ സഹോദരിമാരെ ചില പ്രത്യേക സാഹചര്യങ്ങളിലെങ്കിലും സംരക്ഷിക്കാന്‍ സഹോദരന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് വരണം.
 
'നിയമം സാധു ജനങ്ങളെ ഹനിക്കുമ്പോള്‍ പണക്കാര്‍ നിയമത്തെ ഭരിക്കുന്നു' എന്നത് ഒരിക്കലും ഇസ്‌ലാമിക ശരീഅത്തിന് ബാധകമാവരുത്. ധിഷണാശാലികളും കരുത്തരും പക്വമതികളുമായ മതനേതാക്കള്‍, തിരുനബി അരുള്‍ ചെയ്തപോലെ ഓരോ കാലഘട്ടത്തിലും ഇസ്‌ലാമിക നിയമങ്ങളുടെ പുനര്‍വായനക്ക് -തജ്ദീദിന്- തയാറാകണം. 
ഖബർ കെട്ടിപ്പൊക്കാൻ തെളിവായി മുസ്ല്യാക്കന്മാർ കൊട്ടിഘോഷിക്കുന്ന സംഭവമാണ് ഉഥ്മാൻ ബിൻ മള്മൂൻ ( റ ) ന്റെ ഖബറുമായി ബന്ധപ്പെട്ട സംഭവം.
യഥാർത്ഥത്തിൽ ഖബർ കെട്ടിപ്പൊക്കാൻ ബുഖാരിയിൽ ഒരു തെളിവുമില്ല‌. ഉഥ്മാൻ ബിൻ മള്മൂനിന്റെ ഖബർ ഞങ്ങൾ ചാടിക്കടന്നിരുന്നു, വലിയ ചാട്ടക്കാർ അവരായിരുന്നു എന്നു സമസ്തക്കാർ വലിയ വായിൽ പറയാറുണ്ട്. സത്യത്തിൽ ഹദീഥും വിശദീകരണവും അതുമായി ബന്ധപ്പെട്ട ചരിത്രവും പരിശോധിച്ചാൽ കാര്യങ്ങൾ വളരെ വ്യക്തമാകും.


നമുക്ക് പരിശോധിക്കാം.
باب الجريد على القبر
وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه وقال عثمان بن حكيم أخذ بيدي خارجة فأجلسني على قبر وأخبرني عن عمه يزيد بن ثابت قال إنما كره ذلك لمن أحدث عليه وقال نافع كان ابن عمر رضي الله عنهما يجلس على القبور
(صحيح البخاري)
ഇബ്നു ഉമർ (റ ) ഖബറിന്നു മുകളിൽ തണലിനു വേണ്ടി കെട്ടിയ ഒരു കൂടാരം കണ്ടു. അദ്ദേഹം മകനോട് പറഞ്ഞു: അത് പറിച്ചു കള, അവന്ന് അവന്റെ കർമങ്ങൾ തണലു കൊടുത്തോളും.
എന്നിട്ട് ഇമാം ബുഖാരി കൊണ്ടു വരുന്നതാണ് ഇത്. അദ്ദേഹം സനദില്ലാതെയാണ് ഇത് കൊടുക്കുന്നത്.
ഹാരിജത് ബിന് സൈദ് ( റ ) പറഞ്ഞതായി
കൊടുത്തിരിക്കുന്നത് ഹദീഥ് അല്ല- സ്വഹീഹായി വന്ന ഹദീഥിന്റെ കൂടെ വന്ന ത’അ്’ലീഖ് ആണ്.
അത് സനദോടു കൂടി താരീഖു ഇബ്നു അസാക്കിറിൽ കൊടുത്തിട്ടുണ്ട്.
അത് സ്വഹീഹ് അല്ല താനും.
قال البخاري رحمه الله في صحيحه :
” وَقَالَ خَارِجَةُ بْنُ زَيْدٍ : رَأَيْتُنِي وَنَحْنُ شُبَّانٌ فِي زَمَنِ عُثْمَانَ رَضِيَ اللَّهُ عَنْهُ وَإِنَّ أَشَدَّنَا وَثْبَةً الَّذِي يَثِبُ قَبْرَ عُثْمَانَ بْنِ مَظْعُونٍ حَتَّى يُجَاوِزَهُ ” انتهى .
ووصله رحمه الله في “التاريخ الصغير” (1 /67) وكذا ابن عساكر في “تاريخه” (15/396) من طريق ابن إسحاق حدثني يحيى بن عبد الله بن عبد الرحمن بن أبي عمرة الأنصاري قال سمعت خارجة بن زيد بن ثابت .. فذكره .
وهذا إسناد ضعيف ، يحيى بن عبد الله الأنصاري هذا مجهول ، لا نعلم له راويا غير ابن إسحاق ، ذكره البخاري في “التاريخ الكبير” (8/284) وابن أبي حاتم في “الجرح والتعديل” (9/162) وابن حبان في “الثقات” (7/603) برواية ابن إسحاق فقط عنه ، ولم يوثقه أحد ، وذِكر ابن حبان إياه في الثقات لا يعد توثيقا معتبرا ؛ لأنه يذكر فيه المجهولين ومن يصرح بنفسه أنه لا يعرف من هو ولا من أبوه .
انظر كتاب “الثقات” له : (4/146) ، (6/418) .
فالرجل مجهول ، لا يُعتد بروايته .
ഇത് രണ്ടും ബലഹീനമായ സനദുകളാണ്.
ഹാരിജ: (റ )പറഞ്ഞതായിട്ട് പറയുന്നു. ; ഞങ്ങളിലെ എറ്റവും വലിയ ചാട്ടക്കാർ ഉഥ്മാൻ ബിൻ മള്മൂൻ ( റ ) ന്റെ ഖബർ ചാടിക്കടക്കുന്നവരായിരുന്നു.
ഇത് പൊക്കിപ്പിടിച്ചാണ് മുസ്ല്യാക്കന്മാർ വിളിച്ച് പറയുന്നത്.
” ഇങ്ങനെയാണെങ്കിൽ ആ ഖബർ കെട്ടിപ്പൊക്കിയിട്ടുണ്ടാകുമല്ലൊ, അപ്പോഴല്ലെ ചാടിക്കടക്കുക.”
എന്നാൽ ഇതിൽ ഖബർ കെട്ടിപ്പൊക്കി എന്നില്ല.
ഉഥ്മാൻ ബിൻ മള്മൂൻ
( റ ) വിന്റെ ഖബറുമായി സ്വഹീഹായി വന്ന റിപ്പോർട്ട് ഇതാണ്.
لمَّا ماتَ عُثمانُ بنُ مظعونٍ أُخْرِجَ بجَنازتِهِ فُدِفنَ أمرَ النَّبيُّ صلَّى اللَّهُ علَيهِ وسلَّمَ رجلًا أن يأتيَهُ بحَجرٍ فلم يستَطِع حملَهُ فقامَ إليها رسولُ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ وحسرَ عَن ذراعيهِ قالَ كثيرٌ قالَ المطَّلبُ قالَ الَّذي يخبرُني ذلِكَ عَن رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ قالَ كأنِّي أنظرُ إلى بياضِ ذراعَي رسولِ اللَّهِ صلَّى اللَّهُ علَيهِ وسلَّمَ حينَ حَسرَ عنهُما ثمَّ حَملَها فوضعَها عندَ رأسِهِ وقالَ أتعلَّمُ بِها قبرَ أَخي وأَدفِنُ إليهِ مَن ماتَ من أَهْلي
الراوي: المطلب بن عبدالله بن حنطب
صحيح أبي داود – الصفحة أو الرقم: 3206
ബഖീഉൽ അർഖദിൽ ആദ്യമായി മറമാടപ്പെട്ട സ്വഹാബിയാണ് ഉഥ്മാൻ ബിൻ മള്മൂൻ ( റ ).
അദ്ദേഹത്തിന്റെ ജനാസ മറമാടിയ ശേഷം റസൂൽ ( സ ) ഒരു കല്ലു കൊണ്ടുവരാൻ സ്വഹാബിയോട് പറഞ്ഞു. അദ്ദേഹത്തിനത് ഉയർത്താൻ സാധിച്ചില്ല. റസൂൽ
( സ ) അത് കൊണ്ട് വന്ന് ഖബറിന്റെ തലക്കൽ വെച്ചു.
എന്നിട്ട് പറഞ്ഞു ; ഇത് ഖബറാണെന്ന് മനസ്സിലാകാനും തന്റെ ബന്ധുക്കളെ മറമാടാനുമാണെന്നും ഖബറാണെന്നു തിരിച്ചറിയാനുമാണെന്ന്.
-> റസൂൽ ( സ ) അന്നു തന്നെ ഖബർ കെട്ടിപ്പൊകജനിക്കുന്നതായിരുന്നെങ്കിൽ നബി ( സ ) അങ്ങനെ പറയേണ്ട കാര്യമുണ്ടായിരുന്നില്ല‌.
ചരിത്രത്തിൽ നമുക്ക് കാണാം. ഹാരിജത് ബിൻ സൈദ് ( റ ) ജനിക്കുന്നത് ഹി: 29 ലാണ്. 70 വർഷമാണ് അദ്ദേഹം ജീവിച്ചത് . മരണം ഹി: 99 ലും.
ഇനി , ഇവിടെ ചാടി എന്നു പറയുന്നത് ഉഥ്മാൻ (റ ) വിന്റെ കാലത്താണ്.
ഉഥ്മാൻ (റ) മരണപ്പെടുന്നത് ഹി: 35 ലാണ് .
ഹി : 29 ൽ ജനിച്ച ഒരാൾ ഹി: 35 നുള്ളിൽ ചാടുമ്പോൾ 5 വയസ്സുള്ള കുട്ടികൾ ചാടിയ കാര്യമാണ് ഹാരിജത് ബിൻ സൈദ് പറഞ്ഞതെന്ന് വ്യക്തമാണ്.
ഇനി മുസ്ല്യാക്കൾ പറയുന്ന കാര്യമാണ് : ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി ഖബ്ർ കെട്ടിപ്പൊക്കൽ അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്ന്. അത് ഇതാണ്. :
وقال خارجة بن زيد ) أي ابن ثابت الأنصاري أحد ثقات التابعين ، وهو أحد السبعة الفقهاء من أهل المدينة إلخ . وصله المصنف في ” التاريخ الصغير ” من طريق ابن إسحاق ” حدثني يحيى بن عبد الرحمن بن أبي عمرة الأنصاري سمعت خارجة بن زيد ” . فذكره ، وفيه جواز تعلية القبر ورفعه عن وجه الأرض
.( فتح الباري )
മദീനത്തുണ്ടായിരുന്ന 7 പണ്ഡിതന്മാരിൽ ഒരാളായിരുന്നു ഹാരിജത് ബിൻ സൈദ്. അതിനു ശേഷം ഇമാം പറയുന്നു : ഈ സംഭവത്തിൽ ; ഖബർ ഭൂമിയിൽ നിന്ന് അല്പം ഉയർത്തൽ അനുവദനീയം എന്നുണ്ട്.
അതല്ലാതെ നമ്മുടെ നാട്ടിലെ മഖാമുകൾ പോലെ‌കെട്ടി ഉയർത്തണമെന്നില്ല.
മാത്രവുമല്ല : ഖബർ കെട്ടിപ്പൊക്കാൻ പാടില്ല എന്ന റസൂൽ ( സ)യുടെ വ്യക്തമായ ഉദ്ദരണി ഉണ്ടായിരിക്കെ അസ്ഖലാനി പറയുകയില്ല.
ഖബർ
ഭൂമിയിൽ നിന്ന് ഒരു ചാണുയരത്തിൽ ഉയർത്താമെന്നതിൽ ആർക്കും തർക്കമില്ല. അത്ര ഉയർത്തൽ സുന്നത്താണെന്നത് സുന്നത്താണെന്ന് പണ്ഡിതന്മാരുടെ ഉദ്ദരണികളിലും പ്രവാചക ഹദീത്തുകളിൽ ഉള്ളതുപോലെത്തന്നെയാണ് ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞത് അതല്ലാതെ ഇന്നു മമ്പുറത്തും പുത്തൻ പള്ളിയിലും കാണുന്ന പോലെ നെഞ്ചു വരെ കെട്ടിപ്പൊക്കണമെന്ന് പറഞ്ഞിട്ടില്ല.

സ്വഹീഹുൽ ബുഖാരിയിൽ ഖബറിനു മുകളിൽ ചാടിക്കടക്കുന്നത് ഖബർ കെട്ടിപ്പൊക്കാൻ തെളിവാണെന്ന് ഊഹത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന മുസ്ല്യാക്കന്മാർ – ഖബർ ചാടിക്കടക്കുന്ന സുന്നത്തും കൂടി പ്രാവർത്തികമാക്കണ്ടേ..??
എങ്കിൽ നാളെ മുതൽ ഏർവാടി, മമ്പുറം, മുത്തുപ്പേട്ട, പുത്തൻ പള്ളി തുടങ്ങിയ ജാറങ്ങൾ ചാടിക്കടക്കൽ ഒരു സുന്നത്തായി പ്രഖ്യാപിക്കുകയും മുസ്ല്യാക്കന്മാർ ഒരു മത്സരമായി നടത്തുകയും വേണം. ആദ്യത്തെ ചാട്ടം കാന്തപുരം ഉസ്താദ് ചാടിക്കടന്ന് ഉദ്ഘാടനം ചെയ്യുകയും വേണം‌.

മദ്ഹബിന്റെ ഇമാമുമാര്‍: ചരിത്രഗതിയെ നിര്‍ണയിച്ച മഹാരഥന്‍മാര്‍

ഇസ്‌ലാമിക ചരിത്രത്തില്‍ വഴിത്തിരിവിന്റെ കാലഘട്ടമായിരുന്നു മദ്ഹബിന്റെ നാല് ഇമാമാരുടെ ജീവിത കാലഘട്ടം. ഇസ്‌ലാമിക സമൂഹത്തില്‍ ഉള്‍ചേര്‍ന്ന സവിശേഷമായ രണ്ട് മൂല്യങ്ങളാണ് അത്തരമൊരു കാലഘട്ടത്തെ രൂപപ്പെടുത്തിയത്. ഇസ്‌ലാമിക അവബോധമാണ് അതില്‍ ഒന്നാമത്തേത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന ആദര്‍ശത്തില്‍ നിന്ന്, മുറതെറ്റാത്ത അനുഷ്ഠാനങ്ങളിലേക്കും, ജീവിതത്തിന്റെ മുഴുവന്‍ വശങ്ങളെയും ചൂഴ്ന്ന് നില്‍ക്കുന്ന ധാര്‍മ്മിക, സദാചാര വിശുദ്ധിയിലേക്കും നയിക്കുന്നതായിരുന്നു അക്കാലഘട്ടത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ സ്വത്വബോധം.
ഇസ്‌ലാമിന്റെ വ്യതിരിക്തമായ അസ്ഥിത്വത്തിന്റെയും, ശക്തിയുടെയും സ്രോതസ്സ് അക്കാലഘട്ടത്തിലെ ജനങ്ങളുടെ ഇസ്‌ലാമിക അവബോധവും പ്രതിബദ്ധതയുമായിരുന്നു. അവരുടെ സംസ്‌കാരത്തിന്റെയും ബൗദ്ധിക, വൈജ്ഞാനിക സംരംഭങ്ങളുടെയും അടിത്തറ ഇസ്‌ലാം തന്നെയായിരുന്നു. നാല് വ്യത്യസ്ത ഇസ്‌ലാമിക ചിന്താ സരണികളുടെ ക്രോഡീകരണം, തുടര്‍ന്നു വന്ന ഇസ്‌ലാമിക സമൂഹത്തിന് പുതിയ ഒരു തുടക്കമായിരുന്നു.
കര്‍മ്മശാസ്ത്രത്തിന്റെ ക്രോഡീകരണം എപ്പോള്‍ നടന്നുവെന്നതിന് കൃത്യമായ ഒരു സമയ നിര്‍ണ്ണയം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇമാമുമാരുടെ ചരിത്രപരമായ പ്രാധാന്യം കാലക്രമേണ ഉണ്ടായിത്തീര്‍ന്നതാണ്. വ്യക്തികള്‍ എന്ന നിലയിലല്ല അവര്‍ പ്രസക്തരാകുന്നത്. മറിച്ച് വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും നിയമങ്ങള്‍ നിര്‍ധാരണം ചെയ്യാനും ഇസ്‌ലാമിക അടിത്തറകളില്‍ നിന്ന് പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനും അവക്ക് പരിഹാരം കാണാനും അവര്‍ സ്വീകരിച്ച രീതിശാസ്ത്രമാണ് ഇസ്‌ലാമിക ചരിത്രത്തില്‍ അവരെ എന്നെത്തെയും അനശ്വരരാക്കിയത്.
അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന രണ്ടാമത്തെ ഗുണം, മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളെ സ്വീകരിക്കാനുള്ള തുറന്ന മനോഭാവമായിരുന്നു. അല്ലാഹു സൃഷ്ടിച്ച ലോകത്തിന്റെ നിലക്കാത്ത പ്രകൃതി പ്രതിഭാസങ്ങളില്‍ ഒന്നാണ് മാറ്റം. ഒരു സര്‍വാംഗീകൃത തത്വമാണത്. നാല് ഇമാമുകളുടെ കാലഘട്ടം, ത്വരിത വേഗതയില്‍ സാമൂഹ്യ മാറ്റങ്ങളെ സ്വാംശീകരിച്ച കാലമായിരുന്നു. പുതിയ രാജ്യങ്ങളും പുതിയ സംസ്‌കാരങ്ങളും ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ സ്വാഭാവികമായും ഇസ്‌ലാമിക സമൂഹം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. അത്തരം സാഹചര്യങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുക സ്വാഭാവികം. വിവിധ സംസ്‌കാരങ്ങളുടെ സങ്കലനത്തിന് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടം കൂടിയാണത്. മുസ്‌ലിം ലോകവും അതിനെ ചുറ്റി നിന്ന ഇതര ലോകവുമായി പരസ്പര സങ്കലനം നടന്ന സന്ദര്‍ഭം.
പ്രവാചകനോടും അനുചരന്‍മാരോടും ഏറ്റവും അടുത്ത കാലഘട്ടത്തിലായിരുന്നു അവര്‍. അതേസമയം, ഇസ്‌ലാമിക സമൂഹത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, ജനകീയ ചക്രവാളങ്ങള്‍ വികസിക്കുന്ന മറ്റൊരു കാലഘട്ടത്തിന്റെ പടിവാതില്‍ക്കലുമായിരുന്നു അവര്‍.
സാര്‍വ്വലൗകികത
ലോക മുസ്‌ലിംകള്‍ക്കിടയില്‍ ഒന്നടങ്കം ഇമാമുമാര്‍ അംഗീകാരവും സ്വാധീനവും നേടിയത് കേവല യാദൃശ്ചികതയല്ല. ലോകത്ത് ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന 150 കോടി മുസ്‌ലിംകള്‍ മാത്രമല്ല, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജീവിച്ചു മരിച്ച മുസ്‌ലിംകള്‍ക്കു മുഴുവനും സ്വീകാര്യരായിരുന്നു അവര്‍. ഇസ്‌ലാമിന്റെ കര്‍മ്മാനുഷ്ഠാന മുറകളില്‍ ആധികാരിക അഭിപ്രായങ്ങളായി മുസ്‌ലിം സമൂഹം ഇന്നും കണക്കാക്കുന്നത് ഇമാമുകളുടെ അഭിപ്രായങ്ങള്‍ തന്നെയാണ്.
ഓരോ ഇമാമിനും വ്യതിരിക്തമായ സരണിയും അതിനെ പിന്‍പറ്റുന്ന അനുയായികളുമുണ്ടായിരുന്നു. എന്നാല്‍ മതത്തിന്റെ പൊതുവായ തത്വങ്ങളിലും അടിസ്ഥാനങ്ങളിലും നാല് ഇമാമുമാരും ഒരേ വീക്ഷണക്കാരായിരുന്നു. ഇതിനര്‍ത്ഥം, വിശാലാര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ നാല് ഇമാമുമാരെയും ഒരുപോലെ പിന്‍പറ്റിയിരുന്നുവെന്നാണ്. കര്‍മ്മശാസ്ത്ര നിയമങ്ങളുടെ കാര്യത്തില്‍, വിയോജിപ്പിനേക്കാള്‍ ഒരേ അഭിപ്രായക്കാരായിരുന്നു അവര്‍. അവരെ സംബന്ധിച്ചിടത്തോളം, ശാഖാ പരമായ കാര്യങ്ങളിലെ ഭിന്നാഭിപ്രായങ്ങള്‍ സ്വീകാര്യവും ദീനിന്റെ ഇലാസ്തിക സ്വഭാവത്തിന്റെ അടിസ്ഥാനം എന്ന നിലയില്‍ സ്വാഗതാര്‍ഹമായിരുന്നു.
അടിസ്ഥാനങ്ങളും അനുബന്ധങ്ങളും
മൗലികവും അടിസ്ഥാനപരവുമായ ഇസ്‌ലാമികാധ്യാപനങ്ങളില്‍ ഇമാമുകള്‍ ഏക അഭിപ്രായക്കാരായിരുന്നു. ഈ മേഖലകളിലെ യോജിപ്പു പോലെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നില നിന്നിരുന്ന അനുബന്ധ വിഷയങ്ങളിലും യോജിപ്പിന്റെതായ ഒരു മേഖല അവര്‍ക്കിടയില്‍ നില നിന്നിരുന്നു. അഥവാ, ചില വിഷയങ്ങളിലെ അവരുടെ ഭിന്നാഭിപ്രായങ്ങള്‍, അവര്‍ക്കു ശേഷം വന്നവര്‍ക്ക് സമാനമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉന്നയിക്കാനുള്ള നിയമ സാധുത നല്‍കുന്നതായിരുന്നു. അവരെത്തിപ്പെട്ട അഭിപ്രായങ്ങള്‍ ഗൗരവപൂര്‍ണ്ണമായി പഠിക്കപ്പെടേണ്ടതാണ്. മതത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നില്ല അത്. അവര്‍ എത്തിപ്പെട്ട അഭിപ്രായങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നും നേര്‍ക്കു നേരെ ഉദ്ധരിച്ചതോ, യുക്തിഭദ്രമായ നിയമ നിര്‍ധാരണ പ്രക്രിയയിലൂടെ എത്തിച്ചേര്‍ന്നവയോ ആയിരുന്നു. മതപരമായി പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ സത്യമേതെന്ന് (ഇസ്‌ലാമിന്റെ നിലപാട്) സ്ഥീകരിക്കുന്നതിനുള്ളതായിരുന്നു അവരുടെ പരിശ്രമങ്ങള്‍.
വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ നാം പലപ്പോഴും വാദിക്കുന്നത് അതില്‍ ഒന്നു മാത്രമാണ് ശരിയെന്നാണ്. എന്നാല്‍ ആ വിഷയത്തിലെ തന്നെ വിയോജിപ്പിന്റെ നിയമാനുസൃതമായ സാധ്യതകള്‍ പരിഗണിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു വീക്ഷണ കോണിലൂടെ നോക്കുന്ന പക്ഷം, അത്തരം വിഷയങ്ങളില്‍ പല അഭിപ്രായങ്ങള്‍ക്കുമുള്ള സാധ്യതകള്‍ കാണാന്‍ കഴിയും. തങ്ങളുടെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ തന്നെ ബഹു വീക്ഷണങ്ങള്‍ക്കുളള സാധ്യതയും തുറന്നു കൊണ്ടാണ് ഇമാമുമാര്‍ അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇക്കാരണം കൊണ്ടാണ്, തന്റെ അഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ മുതിരാതിരുന്നത്.
അബൂജഅ്ഫര്‍ മന്‍സൂര്‍ ഖലീഫയായിരിക്കെ, ഇമാം മാലികിന്റെ പ്രസിദ്ധ ഗ്രന്ഥം ‘മുവത്വ’ ഔദ്യോഗിക കര്‍മശാസ്ത്ര ഗ്രന്ഥമായും, ‘മാലികി മദ്ഹബ്’ ഔദോഗിക മദ്ഹബായും പ്രഖ്യാപിക്കാന്‍ ഖലീഫ തുനിഞ്ഞു. എന്നാല്‍ ഇമാം മാലിക് ഈ ഉദ്യമത്തെ തടഞ്ഞു കൊണ്ട് ഖലീഫയോട് പറഞ്ഞതിങ്ങനെ. ‘താങ്കള്‍ അങ്ങനെ ചെയ്യരുത്, കാരണം ജനങ്ങള്‍ നേരത്തെ മുതല്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുകയു ചെയ്തിട്ടുള്ളവരാണ്. ഓരോ സമൂഹവും തങ്ങള്‍ക്ക് കിട്ടിയത് സ്വീകരിക്കുകയും അത് നടപ്പില്‍ വരുത്തുകയും തങ്ങളുടെ മതാനുഷ്ഠാനമായി കൊണ്ടു നടക്കുകയും ചെയ്തു. ജനങ്ങള്‍ക്കിടയിലുള്ള ഈ അഭിപ്രായ ഭിന്നത പ്രവാചക അനുചരന്‍മാരിലേക്കും അവര്‍ക്ക് ശേഷമുള്ളവരിലേക്കും നീളുന്നതാണ്. ജനങ്ങള്‍ വിശ്വസിക്കുന്നവയില്‍ നിന്ന് ജനങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് ശരിയല്ല. അതുകൊണ്ട് ഏത് മദ്ഹബാണോ അവര്‍ക്ക് വേണ്ടത് അതവര്‍ തെരെഞ്ഞെടുക്കട്ടെ, ഓരോ പ്രദേശത്തെ ജനങ്ങളും അവര്‍ക്കിഷ്ടമേതെന്ന് തീരുമാനിക്കട്ടെ’.
യഹ്‌യബ്‌നു സഈദ് അല്‍ അന്‍സാരി പറയാറുണ്ടായിരുന്നു: ‘ജനങ്ങളുടെ അറിവ് പലവിധമാണ്, ഫുഖഹാക്കള്‍ എപ്പോഴും വ്യത്യസ്ത അഭിപ്രായക്കാരായിരിക്കും, ഒരു കര്‍മ്മശാസ്ത്ര പണ്ഡിതന്‍ അനുവദനീയമാക്കുന്ന ഒരു കാര്യം മറ്റൊരു പണ്ഡിതന്‍ അനുവദിച്ചെന്ന് വരില്ല. എങ്കില്‍ പോലും, ഒരു പണ്ഡിതന്‍ മറ്റൊരു പണ്ഡിതനെ ചോദ്യം ചെയ്യുകയോ കുറ്റപ്പെടുത്തുകയോ ഇല്ല’.
ഇമാമുമാരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ നബി (സ)യുടെ അനുചരന്‍മാരുടെ അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ച മാത്രമാണ്. ഇബ്‌നു ഖുദാമ (റ) വിശേഷിപ്പിച്ചതു പോലെ, ആദ്യതലമുറയില്‍ തന്നെയുള്ള ഈ അഭിപ്രായ വൈവിധ്യം വിശ്വാസികള്‍ക്കുള്ള അല്ലാഹുവിന്റെ അനുഗ്രമാണ്. ഒരു പ്രത്യേക വിഷയത്തില്‍ സഹാബാക്കളുടെ അഭിപ്രായ സമന്വയം അത് തീര്‍ച്ചയായും ഇസ്‌ലാമിന്റെ അടിസ്ഥാന അധ്യാപനമാണെന്നതിനു നിര്‍ണ്ണായക തെളിവാണ്.
ഖലീഫ ഉമറുബ്‌നു അബ്ദുല്‍ അസീസ് പറയാറുണ്ടായിരുന്നു: ‘നബി (സ) യുടെ അനുചരന്‍മാര്‍ക്ക് ഒരിക്കലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍, അതെന്നെ സന്തോഷിപ്പിക്കുമായിരുന്നില്ല. അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ ദീനില്‍ ഉദാരതയുമുണ്ടാകുമായിരുന്നില്ല’.
ഇസ്ഹാഖ് ബ്‌നു സഹ്‌ലൂല്‍ ഇമാം അഹ്മദ് ബ്‌നു ഹമ്പലി(റ) ന് ഒരു പുസ്തകം നല്‍കുകയുണ്ടായി. നബി (സ) യുടെ സഹാബാക്കളും തൊട്ടു ശേഷം വന്ന അവരുടെ അനുയായികളും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയ ആ ഗ്രന്ഥത്തിന് ഇസ്ഹാഖ് ബ്‌നു സഹ്‌ലൂല്‍ നല്‍കിയ തലക്കെട്ട് ‘വിയോജിപ്പുകളുടെ പുസ്തകം’ എന്നായിരുന്നു. ഇത് കണ്ട് ഇമാം അഹ്മദ് അദ്ദേഹത്തോട് പറഞ്ഞു: ‘ഇതിനെ വിയോജിപ്പുകളുടെ പുസ്തകം എന്ന് വിളിക്കരുത്. പകരം, ‘വിട്ടുവീഴ്ച്ചകളുടെ പുസ്തകം’ എന്ന് പേരിടണം’.
വിയോജിപ്പുകളെ നിഷ്പ്രയാസം ഉള്‍കൊള്ളാനും ബഹു വീക്ഷണങ്ങളെ സ്വാഗതം ചെയ്യാനും മാത്രം വിശാലമായ അവരുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍. മുഴുവന്‍ കാര്യങ്ങളിലും നിശ്ചിത രൂപവും ഏക വീക്ഷണവും വേണമെന്ന വാദത്തിനെതിരാണിത്. ചില കാര്യങ്ങളില്‍ നിശ്ചിതവും അംഗീകൃതവുമായ രൂപമുണ്ടങ്കിലും മറ്റു നിരവധി കാര്യങ്ങളില്‍ അങ്ങനെയല്ല. അത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ സ്വീകരിക്കാനും വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപപ്പെടുത്താനും സ്വാതന്ത്ര്യമുണ്ട്. അങ്ങനെയില്ലായിരുന്നുവെങ്കില്‍, അവരുടെ വിശ്വാസത്തില്‍ അവര്‍ക്ക് മടുപ്പ് ഉളവാകുകയും ഭൗതിക ജീവിതം കുടുസ്സായിത്തീരുകയും ചെയ്‌തേനെ.
മുസ്‌ലിം ലോകത്ത്, ബഹു-മത-പാര്‍ട്ടി നിയമ സംവിധാനങ്ങള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ബഹുസ്വരത എന്ന സര്‍വാംഗീകൃത മൂല്യത്തെ മുന്‍ നിര്‍ത്തി മതവിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഇത്തരം സംവിധാനങ്ങള്‍. സച്ചരിതരായ ഖലീഫമാരുടെ കാലത്ത് ഇത്തരമൊരു സാമൂഹ്യ വികാസം നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. കാരണം, അവര്‍ പ്രവാചകനോടൊപ്പം ജീവിച്ചിരുന്നവരായിരുന്നു. ഒരേ സമയം മത പണ്ഡിതരും രാഷ്ട്ര നേതാക്കളുമായിരുന്നു അവര്‍. മതപരവും വൈജ്ഞാനികവുമായ ആധികാരികതയെ ഇമാമുമാര്‍ അനന്തരം കൊണ്ടത് ഈ സച്ചരിതരായ ഖലീഫമാരില്‍ നിന്നാണ്. അന്നുമുതല്‍ ബഹുസ്വര വീക്ഷണങ്ങളാണ് മുസ്‌ലിം ലോകത്തിന്റെ ദൈനംദിന ചര്യയായിത്തീര്‍ന്നത്. എന്നാല്‍ ഈ ബഹുസ്വരത രാഷ്ട്രീയ രംഗത്ത് മാത്രം പ്രതിഫലിച്ചില്ല. രാഷ്ട്രീയ കേന്ദ്രത്തിനായിരുന്നു അന്ന് അന്തിമ തീരുമാനത്തിനധികാരം. സമൂഹത്തില്‍ അസന്തുലിതത്വം തീര്‍ക്കുന്ന അവസ്ഥക്ക് തടയിടുന്നതോ, സന്തുലിതത്വവും പരസ്പര സഹകരണവും ഉറപ്പ് വരുത്തുന്നതോ ആയ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുസ്‌ലിം ലോകത്ത് അക്കാലഘട്ടങ്ങളില്‍ ഉദയം ചെയ്തില്ല.
ചരിത്രത്തില്‍ തുല്യതയില്ലാത്ത വേറിട്ടൊരു കാലഘട്ടത്തിലാണ് ഇമാമുമാര്‍ ജീവിച്ചത്. അതിനോട് സമാനമായ ഒരു കാലഘട്ടത്തിലാണ് നാമും ജീവിച്ചു കൊണ്ടിരിക്കുന്നത്. മാറ്റത്തിന്റെ ഗതിവേഗം പ്രവചനാതീതവും നൂതന കണ്ടു പുടുത്തങ്ങളുടെ എണ്ണം ക്രമാതീതവുമാണിന്ന്. നാല് ഇമാമുമാരെ പോലെയുള്ള പണ്ഡിതരെ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. കാലഘട്ടത്തിന്റെ മനോഭാവത്തോട് ഇസ്‌ലാമിന്റെ അടിത്തറകളില്‍ നിന്ന് സംവദിക്കാന്‍ പ്രാപ്തരായ, സ്വതന്ത്ര ചിന്താഗതിയുള്ള പണ്ഡിതന്‍മാരെയാണ് നമുക്ക് ആവശ്യം. അങ്ങനെയുള്ളവര്‍ക്കേ ഇന്നിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കാനും പ്രശ്‌നങ്ങളെ പരിഹരിക്കാനുമാകൂ.
ഇത് കേവലമൊരു പാഴ്‌മോഹമല്ല. അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട സമൂഹമാണ് മുസ്‌ലിം ഉമ്മത്ത്. പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. ‘എന്റെ സമുദായം മഴ തുള്ളികള്‍ പോലെയാണ്. അതിന്റെ തുടക്കത്തിലാണോ ഒടുക്കത്തിലാണോ നന്മയിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയാന്‍ കഴിയില്ല’. (തിര്‍മുദി)
വിദ്യഭ്യാസ രംഗത്ത് എന്നെത്തേക്കാളും അവസരങ്ങളുള്ള കാലമാണിത്. ഗ്രന്ഥങ്ങളും പുസ്തകങ്ങളും വിജ്ഞാന കോശങ്ങളും വ്യാപകമായി ലഭ്യമാണിന്ന്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തിന്റെ ഒരു കോണില്‍ നിന്ന് മറ്റേതൊരു ദിക്കിലേക്കും ബന്ധപ്പെടാന്‍ കഴിയുമാറ് ആശയ വിനിമിയ സംവിധാനങ്ങള്‍ വികസിച്ചിരിക്കുന്നു. ഇത്തരമൊരു സഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിയും ബൗദ്ധിക നിലവാരവും തിരിച്ചറിഞ്ഞ്, ഇക്കാലഘട്ടത്തിന്റെ ആവശ്യങ്ങളെയും സമകാലിക ചിന്തകളെയും പരിഗണിച്ചു കൊണ്ട് ഗഹനമായ ഇസ്‌ലാമിക പഠനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണം. ധ്രുതഗതിയില്‍ മാറ്റത്തിന് വിധേമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അതുവഴി മുസ്‌ലിം സമൂഹം പ്രാപ്തരാകും.
ആകസ്മികമായി പണ്ഡിതവൃത്തി ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പണ്ഡിത ലോകത്ത് മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. ആധുനിക കാലത്തെ മുസ്‌ലിം പണ്ഡിത നേതൃത്വം, അവരുടെ ബൗദ്ധികവും ധാര്‍മ്മികവുമായ ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ അവഗാഹം നേടിയവരും ആധുനിക വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കിയവരുമാകണം ഇന്നത്തെ പണ്ഡിത സമൂഹം. എവിടെയാണ് കാര്‍ക്കശ്യം കാണിക്കേണ്ടതെന്നും, അയഞ്ഞ സമീപനം സ്വീകരിക്കേണ്ടത് എവിടെയാണെന്നും വേര്‍തിരിച്ചറിയാന്‍ അത്തരം പണ്ഡിതന്‍മാര്‍ക്കേ കഴിയൂ. പൊതു സമൂഹത്തിന് മുമ്പില്‍ സംസാരിക്കേണ്ടത് എന്തെന്നും മൗനമവലംബിക്കേണ്ടതെപ്പോഴാണെന്നും അവര്‍ക്കാണ് നന്നായറിയുക.
ഇത്തരത്തിലുള്ള ഒരു പണ്ഡിത കൂട്ടായ്മയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈയൊരു ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് അക്കാദമിക, മത വിദ്യഭ്യാസ രംഗത്തുള്ളവരും ബിസിനസ്സുകാരും തങ്ങളുടെ സംഭാവനകള്‍ സമര്‍പ്പിക്കേണ്ടതാണ്.
ഒരു ആപ്തവാക്യമിങ്ങനെയാണ്. ‘മഹാന്‍മാരോടൊപ്പം ജീവിക്കാത്തവര്‍ മഹാന്‍മാരെ സൃഷ്ടിക്കില്ല’. പൂര്‍വ്വ കാല പണ്ഡിതന്‍മാര്‍ അവരുട കാലയളവില്‍ നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ കൊണ്ട് ഇക്കാലഘട്ടത്തിലെ വെല്ലുവിളികളെ ഇന്നത്ത പരിഷ്‌കര്‍ത്താക്കള്‍ക്ക് അതിജയിക്കാനാവില്ല. മുന്‍ഗാമികളില്‍ നിന്ന് അവര്‍ക്ക് സ്വീകരിക്കാനുള്ളത് അവരുടെ കുറ്റമറ്റ നിയമ നിര്‍ദ്ധാരണ രീതിശാസ്ത്രമാണ്. ഓരോ കാലഘട്ടത്തിനും അതിന്റെതായ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ട്. ഇമാമുമാര്‍ക്ക് അവരവരുടെ കാലഘട്ടത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയാതിരുന്ന പല ആശയങ്ങളും അഭിപ്രായങ്ങളുമുണ്ടായിരുന്നെന്ന് വിശ്വസിക്കാനാണ് നമുക്ക് താല്‍പര്യം. കാരണം അന്ന് നിലനിന്നിരുന്ന സാഹചര്യം അത് വെളിപ്പെടുത്താന്‍ അവരെ അനുവദിച്ചിട്ടുണ്ടാവില്ല. സാങ്കേതിക വിദ്യയുടെ വികാസവും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യവും ഇക്കാലഘട്ടത്തില്‍ ഈ ദൗത്യം നിര്‍വഹിക്കുന്നതില്‍ നമുക്ക് തടസ്സമല്ല.
ഇക്കാലഘട്ടത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ബൗദ്ധിക വെല്ലുവിളികളെ വിശകലനം ചെയ്യുന്ന കാര്യത്തില്‍ ‘മാറി നില്‍ക്കുന്ന’ സമീപനം നാം കൈയ്യൊഴിയണം. എല്ലാവരെയും ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ, പ്രശ്‌നത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നോക്കിക്കാണുന്ന അഭിപ്രായ-നിര്‍ദേശങ്ങള്‍ കൊണ്ടേ പരിഹരിക്കാനാവൂ.
ആശയ കൈമാറ്റത്തിന്റെയും സംവാദത്തിന്റെയും സംഭാഷണത്തിന്റെയും കാലഘട്ടമാണിത്. ഇസ്‌ലാമിക ചിന്തയുടെ വികാസത്തിന് വേണ്ടി ഉഴിഞ്ഞ് വച്ചിട്ടുള്ള ഗവേഷണ കേന്ദ്രങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലവും ലക്ഷ്യങ്ങളും വികസിപ്പിക്കേണ്ടതുണ്ട്. സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ പക്ഷപാതരഹിതമായും രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കടിപ്പെടാതെയും സങ്കുചിത ദേശീയ വികാരങ്ങള്‍ക്കടിപ്പെടാതെയും പക്വവും വിവേക പൂര്‍ണ്ണമായ നിലപാടുകളിലൂടെ പരിഹരിക്കുവാന്‍ ഇന്നത്തെ പണ്ഡിതന്‍മാര്‍ക്ക് കഴിയേണ്ടതുണ്ട്. ഗവേഷകര്‍ പരസ്പര സഹകരണത്തോടെ വിഷയങ്ങളെ സമീപിക്കുകയും അതാത് രംഗങ്ങളിലെ വിദഗ്ദരുടെ സഹായത്തോടെ സമഗ്രവും സന്തുലിതവുമായ പ്രശ്‌ന പരിഹാരം നിര്‍ദേശിക്കുകയും വേണം.
ഈ അക്കാദമിക ഗവേഷണ കേന്ദ്രങ്ങള്‍ സ്വതന്ത്രവും വസ്തു നിഷ്ടവുമായി നിലനില്‍ക്കേണ്ടതിന് അനുയോജ്യമായ സാമ്പത്തിക സ്രോതസ്സകളും കാണേണ്ടതുണ്ട്. അത്തരം സ്ഥാപനങ്ങളെ ഇന്ന് നാം സ്വപനം കണ്ടാലേ നാളെ അത് യാഥാര്‍ത്ഥ്യമാവുകയുള്ളൂ

ഇമാം അഹ്‌മദുബ്‌നുഹമ്പല്‍ (റ)

(ഹി: 164-241)
ഇദ്ദേഹം ബഗ്‌ദാദില്‍ ജനിച്ചു. മരിച്ചതും അവിടെത്തന്നെ. ഇമാം ശാഫിഈയുടെ ശിഷ്യനായിരുന്നു. കര്‍മ്മശാസ്‌ത്രവും അതിന്റെ നിദാനശാസ്‌ത്രവും (ഉസൂലുല്‍ ഫിക്വ്‌ഹ്‌) ഇമാം ശാഫിയീയില്‍ നിന്നാണദ്ദേഹം പഠിച്ചത്‌. 
ആരുടെ മുന്നിലും അവര്‍ ഭരണാധികാരികളാണെങ്കില്‍ പോലും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ഖലീഫ മുഅ്‌തസ്വിം അദ്ദേഹത്തെ ജയിലിലടച്ചു. പിന്നെ ഖലീഫ മുതവക്കില്‍ ആണ്‌ അദ്ദേഹത്തെ ജയിലില്‍ നിന്ന്‌ മോചിപ്പിച്ചത്‌. അദ്ദേഹത്തിന്റെ ഹദീസ്‌ സമാഹാരമായ `മുസ്‌നദുഅഹ്‌മദ്‌' എന്ന ഗ്രന്ഥം മുപ്പതിനായിരം ഹദീസ്‌ ഉള്‍ക്കൊള്ളുന്നതാണ്‌.

ഇമാം ശാഫിഈ (റ)

 (ഹി: 150-204)
അബൂഅബ്‌ദില്ലാഹ്‌ മുഹമ്മദ്‌ബ്‌നു ഇദ്‌രീസിശ്ശാഫിഈ എന്നാണ്‌ മുഴുവന്‍പേര്‍. അഗാധപണ്ഡിതനും പ്രതിഭാശാലിയുമായിരുന്നു. ഗസ്സയില്‍ ജനിച്ചു. മക്കയില്‍ വളര്‍ന്നു. മദിനയില്‍ ഇമാം മാലികിന്റെ ശിഷ്യനായിരുന്നിട്ടുണ്ട്‌. ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്‌ഹ്‌, ചരിത്രം തുടങ്ങിയ വിജ്ഞാനങ്ങളില്‍ അസാമാന്യ വ്യുല്‍പത്തി നേടിയിരുന്നു. ഖുര്‍ആന്‍, ഹദീസ്‌, സ്വഹാബത്തിന്റെ ഏകഖണ്ഡമായ തീരുമാനങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ അദ്ദേഹം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുമായിരുന്നു. മൂന്നാം നൂറ്റാണ്ടിലെ മുജദ്ദിദ്‌ എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. 
വളര്‍ന്ന്‌ വികസിക്കുകയും സങ്കീര്‍ണ്ണമായി തീരുകയും ചെയ്‌ത ഫിഖ്‌ഹ്‌ ക്രോഡീകരിക്കുന്നതിലാണ്‌ ഇമാം ശാഫിഈ (റ) തന്റെ അധികസമയവും വിനിയോഗിച്ചത്‌. പില്‍ക്കാലത്ത്‌ അദ്ദേഹം ഈജിപ്‌തിലെ ഫുസ്‌ത്വാത്വ്‌ എന്നിടത്തേക്ക്‌ പോകുകയും അവിടെവെച്ച്‌ മരണപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍ `കിതാബുല്‍ ഉമ്മ്‌' `അര്‍റിസാലത്‌' എന്നിവയാണ്‌. 
ഹദീസ്‌ പണ്ഡിതനായ നസാഈ, അല്‍അശ്‌അറി, അല്‍മാവര്‍ദീ, ശീറാസീ, ഇമാമുല്‍ഹറമയ്‌ന്‍, ഗസ്സാലി, റാഫീഈ, നവവീ, ഇമാം അഹ്‌മദ്‌ബ്‌നു ഹമ്പല്‍ എന്നീ പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനികളത്രെ.

ഇമാം മാലിക്‌ (റ)

 (ഹിജ്‌റ 93-179)
അബൂഅബ്‌ദില്ലാ മാലിക്‌ബ്‌നു അനസ്‌ എന്നാണ്‌ മുഴുവന്‍പേര്‍. മദീനയില്‍ ജനിച്ചു. മരിച്ചതും അവിടത്തന്നെ. ഇമാമുല്‍ മദീന എന്നും ഇമാം മാലിക്‌ അറിയപ്പെടുന്നു. ഇമാം മുഹമ്മദ്‌ബ്‌നു അബ്‌ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന ശിഈ കലാപത്തോടെയാണ്‌ ഇമാം മാലിക്‌ ശ്രദ്ധേയനാകുന്നത്‌. മുഹമ്മദിനെയും ഇബ്രാഹീമിനെയും പിടിച്ചുകൊണ്ടുവരാന്‍ ഖലീഫ മന്‍സൂര്‍ ഇമാം മാലികിന്‌ കല്‍പ്പനയയച്ചു. ഇവരുടെ പിതാവ്‌ അബ്‌ദുല്ലയെ നേരത്തെത്തന്നെ ഖലീഫയുടെ ആള്‍ക്കാര്‍ പിടികൂടിയിട്ടുണ്ടായിരുന്നു. നീതീകരണമില്ല എന്ന്‌ തനിക്ക്‌ തോന്നിയ ഖലീഫയുടെ ഈ കല്‍പന ഇമാം മാലിക്‌ സ്വീകരിച്ചില്ല. മാത്രമല്ല ഹി:145ല്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മദീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മദീന അദ്ദേഹത്തിന്റെ കീഴിലായി. തുടര്‍ന്ന്‌ ഖലീഫ മന്‍സൂറിന്‌ നല്‍കിയ ബൈഅത്തില്‍ നിന്ന്‌ ഇമാം മാലിക്‌ അടക്കം നഗരത്തിലെ ഭൂരിഭാഗം പേരും ഒഴിഞ്ഞു. വിപ്ലവം ഒടുവില്‍ പരാജയപ്പെട്ടു. ഇമാം മാലിക്‌ മദീനയില്‍ തടവിലായി. അദ്ദേഹം കഠിനമായി മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയനായി. 85-ാം വയസ്സില്‍ തടവില്‍ കിടന്ന്‌ തന്നെ അദ്ദേഹം മരിച്ചു. 
ആദ്യത്തെ ഹദീസ്‌ സമാഹാരമായ `മുവത്ത്വ' ആണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം. കൂടാതെ `അര്‍റദ്ദു അലല്‍ക്വദരിയ്യ' `അര്‍റിസാലതുര്‍റശീദ്‌, അല്‍മുദവ്വനതുല്‍കുബ്‌റാ' എന്നീ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌.

ഇമാം അബൂഹനീഫ (റ)

(ഹിജ്‌റ: 80-150)
നുഅ്‌മാനുബ്‌നുഥാബിത്‌ എന്നാണ്‌ യഥാര്‍ത്ഥ നാമം. കൂഫയില്‍ ജനിച്ചു. ദീര്‍ഘായുസ്സുകളായ ചില സ്വഹാബിമാരെ കണ്ടിട്ടുണ്ട്‌. താബിഉകളില്‍ നിന്നും ജഅ്‌ഫറുസ്സ്വാധിക്വില്‍ നിന്നും വിദ്യ അഭ്യസിച്ചു. സമ്പന്നനായ ഒരു കച്ചവടക്കാരനായിരുന്ന അബൂഹനീഫ ഉദാത്തസ്വഭാവത്തിന്നുടമയായിരുന്നു. തന്റെ സമ്പത്ത്‌ വിജ്ഞാനതല്‍പരരായ തന്റെ ശിഷ്യന്മാര്‍ക്ക്‌ വേണ്ടി അദ്ദേഹം ചിലവഴിച്ചിരുന്നു. കച്ചവടത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന സത്യസന്ധത പ്രസിദ്ധമാണ്‌.
അബൂഹനീഫയുടെ ശിഷ്യന്മാരില്‍ പരമദരിദ്രനായ മുഹമ്മദ്‌ എന്ന ഒരാളുണ്ടായിരുന്നു. ഒരിക്കല്‍ പിതാവ്‌ വന്ന്‌ മുഹമ്മദിനെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം മകനോട്‌ പറഞ്ഞു: ``അബൂഹനീഫ പണക്കാരനാണ്‌. സമയം മുഴുവന്‍ പഠിച്ചുകൊണ്ടിരിക്കാന്‍ അദ്ദേഹത്തിന്‌ പ്രയാസമില്ല. പക്ഷെ നീ പാവപ്പെട്ടവനാണ്‌. പഠിപ്പില്‍ മാത്രം കഴിഞ്ഞ്‌ കൂടിയാല്‍ നിനക്ക്‌ കഷ്‌ടപ്പെടേണ്ടിവരും.' കുറച്ച്‌ ദിവസം കഴിഞ്ഞ്‌ വീണ്ടും ക്ലാസില്‍ വന്ന മുഹമ്മദിനോട്‌ ഇമാം വിവരങ്ങള്‍ തിരക്കി. കാര്യം മനസ്സിലാക്കിയ അദ്ദേഹം അവന്‌ ഒരു പണക്കിഴി നല്‍കി. അത്‌ തീര്‍ന്നാല്‍ വീണ്ടും വന്ന്‌ വാങ്ങണമെന്നും പറഞ്ഞു. ഇദ്ദേഹമാണ്‌ പിന്നീട്‌ ഇമാം മുഹമ്മദ്‌ എന്ന പേരില്‍ പ്രസിദ്ധനായത്‌. 
കര്‍മ്മശാസ്‌ത്രത്തില്‍ അബൂഹനീഫ ക്രോഡീകരിച്ച ഒരു പ്രസിദ്ധ ഗ്രന്ഥമാണ്‌. `അല്‍ഫിക്വ്‌ഹുല്‍ അക്‌ബര്‍'. `മുസ്‌നദു അബീഹനീഫ' യാണ്‌ അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം. അദ്ദേഹം പറഞ്ഞുകൊടുത്ത ഈ ഹദീസ്‌ സമാഹാരം ശിഷ്യന്‍മാരാണ്‌ ഗ്രന്ഥരൂപത്തില്‍ ആക്കിയത്‌. 
ഇമാമിന്റെ ശിഷ്യനായ മുഹമ്മദ്‌ബ്‌നുല്‍ഹസന്‍ അശ്ശൈബാനിയുടെ `അല്‍ജാമിഉല്‍കബീര്‍', `അല്‍ജാമിഉസ്സ്വഗീര്‍' എന്നിവയും മറ്റൊരു ശിഷ്യനായ അബൂയൂസുഫിന്റെ `കിതാബുല്‍ഖറാജ്‌' `അര്‍റദ്ദു അലാ സിയരില്‍ ഔസാഈ' `ഇഖ്‌തിലാഫു അബീഹനീഫ വബ്‌നി അബീലൈലാ, `അദബുല്‍ക്വാദീ', `അര്‍റദ്ദു അലാ മാലിക്‌ബ്‌നി അനസ്‌' എന്നിവ ഹനഫീ മദ്‌ഹബിലെ ആധികാരിക ഗ്രന്ഥങ്ങളാണ്‌.
ഇറാഖാണ്‌ ഹനഫീമദ്‌ഹബിന്റെ പ്രഭവ കേന്ദ്രം. അബ്ബാസിയാ കാലത്ത്‌ ഔദ്യോഗിക മദ്‌ഹബ്‌ ഇതായിരുന്നു. ഉഥ്‌മാനിയ സാമ്രാജ്യത്തിലെ ന്യായാധിപ സ്ഥാപനങ്ങളാല്‍ അലങ്കരിച്ചത്‌ ഇസ്‌തംബൂളില്‍ (തുര്‍ക്കി) നിന്നുള്ള ഹനഫീ പണ്ഡിതന്മാരായിരുന്നു. ഉഥ്‌മാനിയാ ആധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളില്‍ മിക്കതിലും ഇപ്പോഴും ഹനഫീ മദ്‌ഹബിന്നാണ്‌ പ്രാധാന്യം. മദ്ധ്യേഷ്യയിലും, ഇന്ത്യയിലും, ഈജിപ്‌തിലും ഹനഫീ മദ്‌ഹബ്‌ പ്രബലമാണ്‌. 
കൂഫയില്‍ കച്ചവടത്തിനും അധ്യാപനത്തിനും ഫത്‌വ നല്‍കുന്നതിനുമായി ഇമാം അബൂഹനീഫ കഴിച്ചുകൂട്ടി. ഖലീഫാ മന്‍സൂര്‍ അദ്ദേഹത്തെ ന്യായാധിപ സ്ഥാനത്തേക്ക്‌ ക്ഷണിച്ചു. ആക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തെ മന്‍സൂര്‍ ജയിലിലടച്ചു. എല്ലാദിവസവും അദ്ദേഹത്തെ ചാട്ടവാര്‍ അടിക്ക്‌ വിധേയനാക്കി. അങ്ങനെ ജയിലില്‍തന്നെ അദ്ദേഹം മരണമടഞ്ഞു. കര്‍മ്മശാസ്‌ത്രവിജ്ഞാന ശാഖയെ വിഭാഗങ്ങളായും അധ്യായങ്ങളായും തിരിച്ചത്‌ അദ്ദേഹമായിരുന്നു.

മദ്‌ഹബുകള്‍

മക്കാവിജയത്തെത്തുടര്‍ന്ന്‌ പല നാട്ടുകാരും വിവിധ ഗോത്രക്കാരും കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്‌ വന്നുകൊണ്ടിരുന്നു. അവര്‍ക്ക്‌ ഇസ്‌ലാമിക ശിക്ഷണം നല്‍കുന്നതിനും ഭരണ നടത്തിപ്പിനുമായി പല സഹാബി വര്യന്‍മാരെയും നബി(സ) അത്തരം പ്രദേശങ്ങളിലേക്ക്‌ അയച്ചുകൊടുത്തു.
നബി (സ) ക്ക്‌ ശേഷം സ്വഹാബികളുടേയും തുടര്‍ന്നുവന്ന ഭരണ കര്‍ത്താക്കളുടേയും കാലഘട്ടത്തില്‍ മുസ്‌ലിം സാമ്രാജ്യത്തിന്റെ വിസ്‌തൃതി വര്‍ദ്ധിച്ചു. നിരവധി നാട്ടുകാരും വിഭാഗക്കാരും വിഭിന്ന ഗോത്രങ്ങളും ഇസ്‌ലാം ആശ്ലേഷിച്ചു. അവര്‍ക്കൊക്കെ ഇസ്‌ലാമിനെക്കുറിച്ച്‌ കേട്ടുകേള്‍വിയില്‍ കവിഞ്ഞ അറിവൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ ഭരണകര്‍ത്താക്കള്‍ പണ്ഡിതന്‍മാരെ ഇത്തരം നാടുകളിലേക്കും ഗോത്രങ്ങളിലേക്കും അയച്ചുകൊടുത്തു. മുമ്പ്‌ നബി തിരുമേനി (സ) ചെയ്‌തിരുന്നതുപോലെത്തന്നെ.
ഉദാഹരണമായി, ഉമര്‍ (റ) കൂഫക്കാര്‍ക്കെഴുതി: ``അമ്മാറിനെ ഗവര്‍ണ്ണറായും അബ്‌ദുല്ലാഹിബ്‌നുമസ്‌ഊദിനെ അധ്യാപകനും മന്ത്രിയുമായും ഞാന്‍ അങ്ങോട്ടേക്കയക്കുന്നു.'' അവര്‍ രണ്ട്‌പേരും റസൂല്‍ (സ)യുടെ പ്രഗത്ഭ സഖാക്കളില്‍പ്പെട്ടവരാകുന്നു.
അബ്‌ദുല്‍ല്ലാഹിബ്‌നു മസ്‌ഊദ്‌ കൂഫാ നിവാസികള്‍ക്ക്‌ സുന്നത്ത്‌ പഠിപ്പിച്ചുകൊണ്ട്‌ വളരെകാലം കൂഫയില്‍ താമസിച്ചു. അദ്ദേഹം അവരുടെ ന്യായാധിപനുമായിരുന്നു. ഇബ്‌നു മസ്‌ഊദിന്റെ ശിഷ്യ പരമ്പര ഇറാഖിനെ വിജ്ഞാന സമ്പന്നമാക്കിത്തീര്‍ത്തു.
ഇങ്ങനെ ഭരണകര്‍ത്താക്കളാല്‍ നിയോഗിക്കപ്പെട്ട പണ്ഡിതന്‍മാര്‍ അതതുപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ ദീന്‍ പഠിപ്പിച്ചുകൊണ്ട്‌ അവിടങ്ങളില്‍ ജീവിച്ചു. ഇവരുടെ ശിഷ്യത്വം സ്വീകരിച്ച്‌ പ്രഗത്ഭരായിത്തീര്‍ന്ന പണ്ഡിതന്‍മാരിലൂടെയും പിന്നെ അവരുടെ ശിഷ്യഗണങ്ങളിലൂടെയും പണ്ഡിത ശൃംഘലകള്‍തന്നെ ആ രാജ്യങ്ങളിലുണ്ടായി.
വിവിധ നാടുകളില്‍ ജീവിച്ചിരുന്ന ഈ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാവുക സ്വാഭാവികമായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഹദീസ്‌ ക്രോഡീകരണം പൂര്‍ത്തിയായിരുന്നില്ല. ഒരു നാട്ടിലെ പണ്ഡിതന്‍മാര്‍ക്ക്‌ ലഭിച്ച ഹദീസുകളെല്ലാം മറു നാട്ടിലെ പണ്ഡിതന്‍മാര്‍ക്കും മുഴുവനായി ലഭിക്കുക എന്നത്‌ അസാധ്യമായിരുന്നു. അതുപോലെ ഓരോ നാട്ടിലേയും ചുറ്റുപാടും അനുഭവങ്ങളും അവിടുത്തെ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ സ്വാധീനം ചെലുത്തുക എന്നത്‌ സ്വാഭാവികമാണ്‌. അഭിപ്രായ ഭിന്നതകള്‍ക്ക്‌ കളമൊരുക്കിയ പ്രത്യേക പരിതസ്ഥിതികള്‍ കണക്കിലെടുക്കാതെ ഓരോ നാട്ടുകാരും അവിടങ്ങളിലെ പണ്ഡിതന്‍മാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കിപ്പോന്നു.
ഇറാഖിലെ പണ്ഡിതന്മാര്‍ക്ക്‌ സ്വാഭാവികമായും ഹിജാസിലെ പണ്ഡിതന്മാരെ അപേക്ഷിച്ച്‌ ഹദീസുകള്‍ കുറച്ചുമാത്രമേ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ട്‌ ഫത്‌വ നല്‍കുമ്പോള്‍, അവര്‍ക്ക്‌ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്വന്തം അഭിപ്രായങ്ങളും പരിഗണിക്കേണ്ടിവന്നിരുന്നു. അതിനാല്‍ ഇവര്‍ അഭിപ്രായത്തിന്റെ ആളുകള്‍ (അഹ്‌ലുര്‍റഅ്‌യ്‌) എന്നറിയപ്പെട്ടു.
ഹിജാസിലെ, മുഖ്യമായും മക്കയിലെയും മദീനയിലേയും പണ്ഡിതന്മാര്‍ ഹദീസുകളെ അവലംബമാക്കിയായിരുന്നു ഫത്‌വകള്‍ നല്‍കിയിരുന്നത്‌. അതിനാല്‍ അവര്‍ ഹദീസിന്റെ ആളുകള്‍ (അഹ്‌ലുല്‍ഹദീസ്‌) എന്നറിയപ്പെട്ടു. അവരില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുണ്ടായിരുന്നു. ഇവരില്‍ അഹ്‌ലുര്‍റഅ്‌യിന്റെ പൊതുനേതൃത്വം ഇമാം അബൂഹനീഫ (റ)യില്‍ വന്നുചേര്‍ന്നു.
ഈ പണ്ഡിതന്മാരില്‍ ഓരോരുത്തരുടേയും രീതിയനുസരിച്ച്‌ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ പുറപ്പെടുവിക്കുന്ന ഫത്‌വ (മതവിധി) കളിലും വ്യത്യാസമുണ്ടാകുമെന്ന്‌ പറയേണ്ടതില്ലല്ലോ. ഇങ്ങനെ ഇസ്‌ലാമിക വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച്‌ വിവിധ പണ്ഡിതന്മാര്‍ക്കിടയില്‍ ഉത്ഭവിച്ച അഭിപ്രായഗതികളെയാണ്‌ മദ്‌ഹബുകള്‍ എന്ന്‌ വിളിക്കുന്നത്‌. ഇത്തരത്തിലുള്ള വിവിധ ചിന്താഗതികളിലോരോന്നും അതത്‌ പണ്ഡിതന്മാരുടെ പേരോട്‌ ചേര്‍ത്ത്‌ പറയപ്പെടുന്നു. ഇമാം മാലികിന്റെ (റ)ന്റെ അഭിപ്രായഗതി `മാലികി മദ്‌ഹബ്‌' എന്നും ഇമാം ശാഫീഈയുടേത്‌ `ശാഫിഈ മദ്‌ഹബ്‌' എന്നും ഇമാം ഹംബലിയുടേത്‌ `ഹംബലി മദ്‌ഹബ്‌' എന്നും, ഇമാം അബൂ ഹനീഫയുടേത്‌ `ഹനഫീ മദ്‌ഹബ്‌' എന്നും അറിയപ്പെടുന്നു. ഇതിലേതെങ്കിലും ഒരു സമീപനരീതി സ്വീകരിക്കുന്നവരെ ആ മദ്‌ഹബ്‌കാരന്‍ എന്ന്‌ വിളിക്കുന്നു. ശാഫിഈ മദ്‌ഹബ്‌ സ്വീകരിച്ചവന്‍ ശാഫിഈ മദ്‌ഹബ്‌കാരും, ഹനഫീ മദ്‌ഹബ്‌ സ്വീകരിച്ചവന്‍ ഹനഫീ മദ്‌ഹബ്‌കാരും എന്നിങ്ങനെ. പില്‍ക്കാലത്ത്‌ മദ്‌ഹബുകളുടെ പേരില്‍ ജനങ്ങള്‍ കക്ഷികളായി ഭിന്നിച്ചതിന്‌ മദ്‌ഹബിന്റെ ഇമാമുകള്‍ ഉത്തരവാദികളായിരുന്നില്ല. നേരെമറിച്ച്‌ `ഞങ്ങളുടെ അഭിപ്രായങ്ങള്‍ക്കെതിരായി ഹദീസ്‌ ലഭിച്ചാല്‍ അതാണ്‌ നിങ്ങള്‍ സ്വീകരിക്കേണ്ടത്‌' എന്ന്‌ അവരെല്ലാവരും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌.
ഇമാം അബൂഹനീഫ, ഇമാം മാലിക്‌ബ്‌നു അനസ്‌, ഇമാം മുഹമ്മദ്‌ബ്‌നു ഇദ്‌രീസിശ്ശാഫിഈ, ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ എന്നിവരാണ്‌ മദ്‌ഹബുകളുടെ ഉപജ്ഞാതാക്കള്‍.