ബാബരി മസ്ജിദ് സരയു നദീതീരത്തേക്ക് മാറ്റിപ്പണിയണം: സുബ്രഹ്മണ്യന്‍ സ്വാമി
തിരുവനന്തപുരം: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭാഗത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് രാജ്യസഭ എംപിയും ബിജെപി നേതാവുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി.
സരയു നദിയുടെ തീരത്തേക്ക് മാറ്റി ബാബരി മസ്ജിദ് പണിയണം. ഇക്കാര്യത്തില്‍ ഉവൈസി അടക്കമുള്ള വിവിധ മുസ്‌ലിം നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോടതിയില്‍നിന്നു തീരുമാനമുണ്ടായാല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് നേതാക്കള്‍ അറിയിച്ചത്. പള്ളികള്‍ നമസ്‌കാരത്തിനുള്ളതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മുസ്‌ലിം പള്ളികള്‍ മാറ്റിപ്പണിയാറുണ്ട്. അതുകൊണ്ട് ബാബരി മസ്ജിദ് മാറ്റിപ്പണിയുന്നതില്‍ തടസസ്സമുണ്ടാവില്ലെന്നും സ്വാമി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുനന്ദ പുഷ്‌കറിന്റൈ കൊലപാതകം സംബന്ധിച്ച അന്വേഷണം മന്ദഗതിയിലാണെങ്കിലും നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. അവരെ കൊലപ്പെടുത്തിയതാണെന്ന കാര്യത്തില്‍ തനിക്കുറപ്പുണ്ട്. തരൂര്‍ കൊല നടത്തിയെന്ന് താന്‍ പറയുന്നില്ല. എന്നാല്‍, ആരാണ് കൊന്നതെന്ന് അദ്ദേഹത്തിനറിയാമെന്നും സ്വാമി ആവര്‍ത്തിച്ചു.
നിലപാട് മാറ്റക്കാരനായി തന്നെ വിലയിരുത്തേണ്ടതില്ല. താന്‍ കോണ്‍ഗ്രസ്സില്‍ അംഗമായിരുന്നിട്ടില്ല. ആദ്യം ജനസംഘത്തിലും പിന്നീട് ജനതാപാര്‍ട്ടിയിലും പിന്നീടത് ബിജെപിയായപ്പോള്‍ ആ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുകയായിരുന്നു. 2011-12ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ശ്രമിച്ചിരുന്നു.
ഹിന്ദു വര്‍ഗീയതയുടെ പേരില്‍ മുതലെടുപ്പ് നടത്താനായിരുന്നു ശ്രമം. അതിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെക്കൊണ്ട് കാഞ്ചി മഠാധിപതിയെ അറസ്റ്റ് ചെയ്യിപ്പിച്ചു. സംഝോധാ എക്‌സ്പ്രസിലെ സ്‌ഫോടനവും ഇശ്‌റത്ത് ജഹാന്‍ വധക്കേസുമൊക്കെ രാജ്യത്ത് അരാജകത്വമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍, അന്ന് കരസേനാ മേധാവിയായിരുന്ന വി കെ സിങ് എതിര്‍ത്തതിനെ തുടര്‍ന്നാണ് ഈ നീക്കം വിജയം കാണാതെ പോയത്. ടാറ്റ ഉള്‍പ്പെടെ ഇരുനൂറോളം വന്‍കിടക്കാരുടെ കൈകളിലുള്ള കേരള സര്‍ക്കാരിന് അവകാശപ്പെട്ട അഞ്ചുലക്ഷം ഏക്കറിലേറെ ഭൂമി ഏറ്റെടുക്കണം. ഇതുസംബന്ധിച്ച എറണാകുളം കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ റിപോര്‍ട്ട് നടപ്പാക്കണമെന്ന തന്റെ അപേക്ഷ പിണറായി സര്‍ക്കാരിനുള്ള അവസാന അവസരമാണ്. ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജി ഫയല്‍ ചെയ്യും.
രാജമാണിക്യത്തിന്റെ റിപോര്‍ട്ട് പരിശോധിച്ച് ഭൂമി തിരികെപ്പിടിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുന്നതില്‍ എതിര്‍പ്പു രേഖപ്പെടുത്തിയ ചൈനയുമായി അനുനയചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ തയ്യാറാണ്. പ്രധാനമന്ത്രി അനുവദിച്ചാല്‍ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment