ബാബരി മസ്ജിദ് – ചതികളുടെ ചരിത്രം

രഥയാത്രയുടെ ദിവസങ്ങളിലും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലും ഒരുമിച്ചിരുന്നുള്ള അത്താഴ സമയത്ത് നടക്കുന്ന ചര്‍ച്ചകളില്‍ ഭൂരിപക്ഷം പേര്‍ക്കുമുണ്ടായിരുന്ന വിശ്വാസം ഞാനോര്‍ത്തുപോയി. “ഇന്ത്യയില്‍ ഇതൊന്നും നടക്കില്ല”. കേന്ദ്രത്തില്‍ അന്നുണ്ടായിരുന്ന നരസിംഹറാവു സര്‍ക്കാരിന്റെ വാക്ക് മാത്രമല്ല, സുപ്രീംകോടതിക്ക് ബി ജെ പി നേതാക്കള്‍ നല്‍കിയ ഉറപ്പുപോലും ഇവര്‍ വിശ്വസിച്ചിരുന്നു.
ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം, 2012 സെപ്റ്റംബര്‍ 24നു ബാബരി മസ്ജിദ് കേസില്‍ അലഹബാദ് ഹൈക്കോടതി ആദ്യമായി വിധി പറയാനിരിക്കെ, ഞാന്‍ ഈ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒരു നോട്ടെഴുതിയിരുന്നു [link]. മറ്റനേകം മുസ്ലീങ്ങളെപ്പോലെ തന്നെ എനിക്കും 1992 ഡിസംബര്‍ 6നു ശേഷമുള്ള ദിവസങ്ങള്‍ പോലെ ഉദ്വേഗപൂര്‍ണ്ണമായിരുന്നു വിധികാത്തുനില്‍ക്കുന്ന ആ ദിവസങ്ങളും.
പക്ഷേ, വിധിയേക്കാള്‍, നീതി നടപ്പിലാവുമോ എന്നതിനേക്കാള്‍ കൂടുതല്‍ വിധിയുടെ അനന്തരഫലങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്ന മാധ്യമങ്ങളെയും സ്റ്റേറ്റിനേയുമാണ് അന്നു കണ്ടത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ സഖ്യബന്ധങ്ങള്‍ ഉലഞ്ഞാല്‍ എടുക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നു, നിയമനിര്‍വ്വാഹക സംവിധാനങ്ങള്‍ ജാഗ്രത പ്രഖ്യാപിക്കുന്നു. മാധ്യമപ്രവര്‍ത്തകരോടും, ദൃശ്യ മാധ്യമങ്ങളോട് പ്രത്യേകിച്ചും ‘പരിധി വിട്ട’ പ്രാധാന്യം വിധിക്കും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും നല്‍കരുതെന്നും, ബാബരി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും നിര്‍ദ്ദേശം ലഭിക്കുന്നു.
അനീതി ഒരിക്കല്‍ കൂടെ സംഭവിച്ചേക്കാം എന്നും, പക്ഷേ പ്രതികരണങ്ങളാണ് വിപത്തെന്നും ധ്വനിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും. ബാബരി മസ്ജിദ് തകര്‍ക്കല്‍ മാത്രമല്ല, അതിനു മുന്‍പും അത് സംഭവിക്കുമ്പോഴും അതിനു ശേഷവും ജനാധിപത്യ ഇന്ത്യ അതിന്റെ മുസ്ലീങ്ങളോട് ചെയ്ത കാര്യങ്ങള്‍ ചതികളുടെ, വഞ്ചനയുടെ ചരിത്രമാണ്.
വിധിക്ക് മുന്‍പ്
‘ബാബരി മസ്ജിദ് തകര്‍ക്കും’ എന്ന് സംഘപരിവാര്‍ നാടുമുഴുവന്‍ എഴുതിവച്ചു പ്രചാരണം നടത്തുന്ന നാളുകളില്‍ പൊതുസമൂഹത്തിന്റെ നിലപാട് ഈ കാര്യത്തില്‍ സ്റ്റേറ്റ് നിഷ്പക്ഷമായ നിലപാടെടുക്കണം എന്നായിരുന്നു. സ്റ്റേറ്റ് സ്ഥലം ഏറ്റെടുത്തു സ്കൂളോ ഹോസ്പിറ്റലോ പണിയണം എന്നായിരുന്നു ഈ നിഷ്പക്ഷ നിലപാടുകള്‍. ചിലര്‍ മ്യൂസിയം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചത്. ‘സമാധാനം’ കാംക്ഷിക്കുന്ന മതേതര ഇന്ത്യയുടെ ഭാവനകള്‍.
ആരാണ് സമാധാനം ഇല്ലാതാക്കിയത്? ആരുടെ സമാധാനമാണ് വിലകല്‍പ്പിക്കപ്പെടുന്നത്? എങ്ങനെയാണ് സമാധാനം സാധ്യമാക്കുക എന്ന ചോദ്യങ്ങള്‍ ഈ നിഷ്പക്ഷ ഭൂരിപക്ഷത്തിനു പ്രശ്നമായിരുന്നില്ല.
ബി ജെ പി – സംഘപരിവാറിന്റെ ഗൂഢാലോചനകള്‍, മസ്ജിദിനകത്തേക്ക് വിഗ്രഹങ്ങള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒളിപ്പിച്ചു കടത്തി പ്രതിഷ്ഠിച്ചത്, മസ്ജിദ് തകര്‍ക്കാന്‍ നടത്തിയ തയ്യാറെടുപ്പുകളും പരിശീലനങ്ങളും, രഥയാത്രയുണ്ടാക്കിയ വിദ്വേഷവും വിഘടനങ്ങളും രക്തച്ചൊരിച്ചിലുകളും, സുപ്രീംകോടതിക്ക് നല്‍കിയ വ്യാജവാഗ്ദാനങ്ങള്‍, തകര്‍ക്കലിനു മൗനാനുവാദം നല്‍കിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ നീതിയെന്നത് ഈ കാര്യങ്ങള്‍ കണക്കാക്കാതെ നിര്‍ണ്ണയിക്കാന്‍ പറ്റുമോ?
ഇന്ത്യാ ചരിത്രത്തിന്റെ കറുത്ത അധ്യായമാണ് ബാബരി മസ്ജിദ് തകര്‍ത്ത സംഭവം എന്ന് പറയുമ്പോഴും മതേതര മനസ്സുകള്‍ ‘സമാധാന’ത്തിനു വേണ്ടി ഈ കാര്യങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് പരസ്യമായി ചെയ്ത ഒരു കുറ്റകൃത്യത്തെ, അതിനു പിന്നിലെ ആസൂത്രണങ്ങളെ ചോദ്യം ചെയ്യാതെ, അതിന്റെ ഇരകളുടെ ചെലവില്‍, സമാധാനം എന്നത് അവരുടെ ബാധ്യതയാക്കി മാറ്റുന്ന മതേതര നിലപാടുകളാണ് കണ്ടത്. നിഷ്പക്ഷ നിലപാട് എന്നത് കൃത്യമായും സംഘപരിവാറിനു കൂട്ടുനില്‍ക്കല്‍ തന്നെയായിരുന്നു.
മസ്ജിദ് തകര്‍ക്കലിനു നയിച്ച കാര്യങ്ങളും ഗൂഢാലോചനകളും കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ലിബെര്‍ഹാന്‍ കമ്മീഷന്‍ പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, അലഹബാദ് ഹൈക്കോടതി വിധിക്ക് മുന്‍പുതന്നെ പാര്‍ലിമെന്റില്‍ മേശപ്പുറത്തു വെച്ചിരുന്നു. തകര്‍ക്കലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തെളിവുകളോടെ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് മറ്റേതൊരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പോലെ പ്രഹസനമായി അവശേഷിക്കുകയാണുണ്ടായത്.
ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്കു പുറമേ, അലഹബാദ് വിധി ദിവസം ബാബരി മസ്ജിദ് തകര്‍ത്ത ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യേണ്ടെന്നും, തകര്‍ക്കലിനു പിന്നിലെ ഗൂഢാലോചനകള്‍ ചര്‍ച്ച ചെയ്യേണ്ടെന്നും മാധ്യമങ്ങള്‍ സ്വയം തീരുമാനമെടുത്തിരുന്നു. ആരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നും ആരെയാണ് ഭയപ്പെടേണ്ടത് എന്നും തീരുമാനമെടുത്തു ഇന്ത്യന്‍ മതേതരത്വം വാദിയേയും പ്രതിയേയും പരസ്പരം മാറ്റി പ്രതിഷ്ഠിച്ചു.

വിധിക്ക് മുന്‍പേയുള്ള കോടതി നടപടികളും വിചിത്രമായിരുന്നു. ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോടു ആവശ്യപ്പെട്ടതായിരുന്നു അതില്‍ ഏറ്റവും അതിശയം ജനിപ്പിച്ചത്. അതൊരു കുറ്റാന്വേഷണ സ്ഥാപനമാണോ? ഇനി അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നെങ്കില്‍ പോലും സ്വതന്ത്ര ഇന്ത്യയുടെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഭരണഘടനാപരമായ നിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നു അത്. ഇന്ത്യയെ ചരിത്രത്തിന്റെ പഴയൊരു ദശയിലേക്ക് തിരിച്ചു കൊണ്ടുപോവുന്നത് എന്ത് താല്പര്യമായിരുന്നു? സംഘപരിവാറിന്റെ ഹിന്ദു രാഷ്ട്രം എന്ന ആശയത്തിന് കൂട്ടുപിടിക്കുന്നതായിരുന്നു ആ ഉത്തരവ്. ബാബരി മസ്ജിദ് തകര്‍ക്കലിനെ അതുവഴി ന്യായീകരിക്കാന്‍ പറ്റുമെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെയുള്ള എത്രയോ ജാതീയ ആക്രമങ്ങളെ ന്യായീകരിക്കാനും സാധിക്കുന്ന കീഴ്വഴക്കമാണ് കോടതി സൃഷ്ടിച്ചത്.
വിധിയും ശേഷവും
‘വിചിത്രം’ എന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. നീതിന്യായ ചരിത്രത്തില്‍ ഇല്ലാത്തവിധം ഒരു പൗരാണിക കഥാപാത്രം ജനിച്ച സ്ഥലം കോടതി സ്ഥിരീകരിച്ചു! അതും ബാബരി മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിനു നേരെ താഴെ എന്ന സംഘപരിവാറിന്റെ വാദം മുഴുവന്‍ ഹിന്ദുക്കളുടെയും വിശ്വാസമായി അംഗീകരിച്ചുകൊണ്ട്! ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം മൂന്നായി പകുത്തു മസ്ജിദിന്റെ പ്രധാന ഭാഗങ്ങള്‍ ഹിന്ദുസംഘടനകള്‍ക്ക് നല്‍കി, സംഘപരിവാര്‍ ഉണ്ടാക്കിയെടുത്ത ‘തര്‍ക്കസ്ഥലം’ എന്ന വാദത്തെയും അംഗീകരിക്കുകയായിരുന്നു.
വിശ്വാസത്തിനു വസ്തുതകള്‍ക്ക് മുകളില്‍ പ്രാധാന്യം നല്‍കിയ വിധിയായി അലഹബാദ് ഹൈക്കോടതി വിധിയെ വിമര്‍ശിച്ചുകാണാറുണ്ട്. അതിനോട് യോജിപ്പില്ല. രാമന്റെ ജന്മസ്ഥലമായി അവകാശപ്പെടുന്ന ക്ഷേത്രങ്ങള്‍ അയോധ്യയ്ക്ക് അകത്തും പുറത്തും വേറെയുമുണ്ട്. വാസ്തവത്തില്‍ ഹിന്ദുക്കളുടെ വിശ്വാസങ്ങളെയല്ല കോടതി അംഗീകരിച്ചത്. സംഘപരിവാര്‍ സമ്മര്‍ദ്ദങ്ങളേയും അവരുടെ ഭീഷണികളെയുമാണ്. ദേശീയ പ്രാധാന്യമുള്ള കേസുകളില്‍ ഇന്ത്യന്‍ കോടതികള്‍ പൊതുബോധത്തിനു അനുസൃതമായാണ് നിലപാടുകള്‍ എടുത്തിട്ടുള്ളത് എന്നതിനാല്‍ ബ്രാഹ്മണീകത ചൂഴ്‌ന്നുനില്‍ക്കുന്ന മതേതര സമൂഹത്തിന്റെ പക്ഷപാതപരമായ നിലപാടുകള്‍ വിധിയെ സ്വാധീനിച്ചിട്ടുണ്ട് എന്നുതന്നെ മനസ്സിലാക്കേണ്ടിവരും.
ബാബരി മസ്ജിദ് തകര്‍ക്കല്‍ ഇന്ത്യയില്‍ മുസ്ലീം ഭീകരവാദത്തിനു കാരണമായി എന്നൊരു നിരീക്ഷണം കാണാറുണ്ട്. ഈ നിരീക്ഷണങ്ങള്‍ പിന്നെയും ഇന്ത്യയിലെ യഥാര്‍ത്ഥ ഭീകരവാദികളെ സംരക്ഷിക്കാനേ ഉതകൂ. സ്വാഭാവികമായും മുസ്ലീങ്ങള്‍ മതകീയമായും രാഷ്ട്രീയമായും സംഘടിക്കാനും പ്രതിരോധിക്കാനും ബാബരി മസ്ജിദിന്റെ തകര്‍ക്കല്‍ കാരണമായിട്ടുണ്ട്. ഒരു സമൂഹത്തിലും ഇത് സംഭവിക്കാതിരിക്കില്ല. അതിനപ്പുറം ഇന്ത്യയിലെ ഏതു സംഘടിത മുസ്ലീം വിഭാഗമാണ് ബാബരി മസ്ജിദിന്റെ പേരില്‍ ഭീകരാക്രമണം നടത്തിയിട്ടുള്ളത്? മസ്ജിദ് പൊളിച്ച ഉടനെത്തന്നെ ശിവസേന ആസൂത്രണം ചെയ്തു നടപ്പാക്കിയ, ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയ, അതിലേറെ ഇരട്ടി മുസ്ലീങ്ങളെ ഭവനരഹിതരാക്കിയ മുംബൈ കലാപങ്ങള്‍ക്ക് മറുപടിയെന്നോണമുള്ള 1993ലെ മുംബൈ ബോംബ് സ്ഫോടന പരമ്പര പോലും ഒരു ഇന്ത്യന്‍ മുസ്ലീം സംഘടനയും ആഹ്വാനം ചെയ്തതോ നടപ്പിലാക്കിയതോ അല്ല.
ബാബരി മസ്ജിദ് സംഭവത്തോടെ രൂപം കൊണ്ട പല മുസ്ലീം സംഘടനകളും സംഘപരിവാറിനെതിരെ രാഷ്ട്രീയമായ പ്രതിരോധമാണ് വേണ്ടത് എന്ന ആശയം മുന്നോട്ടു വച്ചവരാണ്. ആ പ്രയത്നത്തില്‍ എത്രത്തോളം മുന്നോട്ടുപോവാന്‍ സാധിച്ചിട്ടുണ്ട് എന്ന ചോദ്യമുണ്ട്. ഇന്ത്യന്‍ മുസ്ലീങ്ങളുടെ സവിശേഷ സാഹചര്യങ്ങളോടുള്ള മതേതര സമൂഹത്തിന്റെ, മാധ്യമങ്ങളുടെ, ഭരണകൂടങ്ങളുടെ നിലപാടുകള്‍ പ്രശ്നവല്‍ക്കരിക്കാന്‍ മുസ്ലീം സംഘടനകള്‍ക്ക് ഇനിയും സാധിക്കേണ്ടിയിരിക്കുന്നു. ബാബരി മസ്ജിദിനും ഗുജറാത്തിനും ശേഷം ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനകള്‍ക്കു പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് ഭരണകൂടം കൈക്കൊണ്ടത്. നിരവധി മുസ്ലീം ചെറുപ്പക്കാര്‍ കള്ളക്കേസുകളില്‍ പെട്ടു. വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. മദനിയുടെ കഥ വീണ്ടും വീണ്ടും പറയേണ്ടതില്ലല്ലോ. പല സ്ഫോടനങ്ങളും സംഘപരിവാര്‍ പദ്ധതികളായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടും ഇന്നും ഓരോ ഡിസംബര്‍ 6നും വരുന്ന ജാഗ്രതാ നിര്‍ദ്ദേശം കേട്ടാല്‍ ഇതൊക്കെയും മുസ്ലീങ്ങളുടെ പണിയായിരുന്നു എന്ന് തോന്നും. മറുവശത്ത് ഡിസംബര്‍ 6 ‘വിജയ് ദിവസ്’ ആയി മധുരവിതരണത്തോടെ ആഘോഷിക്കുന്നു.
അക്രമ സ്വഭാവവും തീവ്ര നിലപാടുകളും ഉള്ള മുസ്ലീം സംഘടനകളുണ്ട്. പക്ഷെ അവയില്‍ പ്രബലമായി ഉള്ളത് മതമൗലീകവാദമാണ്. അതിന്റെ ഇരകള്‍ മിക്കവാറും മുസ്ലീങ്ങള്‍ തന്നെയാണ്. ഒട്ടും ന്യായീകരിക്കാനാവാത്ത അക്രമങ്ങള്‍ മുസ്ലീം മതമൗലീകവാദികള്‍ മതത്തിനകത്തും ഒറ്റപ്പെട്ടതെങ്കിലും പുറത്തുമുള്ളവരോടും നടത്തിയിട്ടുമുണ്ട്. അവയ്ക്കെതിരെ സമുദായത്തിനകത്ത് നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും നേരിടുന്നുണ്ട്. ആഗോളതലത്തില്‍ മുസ്ലീം പ്രതിരോധങ്ങള്‍ തീവ്രവാദമായി മുദ്രകുത്തപ്പെടുന്നതും അതിന്റെ മറവിലും ചെലവിലും മുസ്ലീം ഭീകരവാദ സംഘടനകള്‍ ഉണ്ടാവുന്നതും ഇവയൊക്കെയും സാമ്രാജ്യത്തം അതിസമര്‍ത്ഥമായി ഉപയോഗിക്കുന്നതും ലോകമെമ്പാടും മുസ്ലീം അതിജീവനം വളരെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇവയില്‍ നേരിട്ട് ഭാഗഭാക്കല്ലാത്ത ഇന്ത്യന്‍ മതേതര സമൂഹവും ചില മുസ്ലീം സംഘടനകളും ഈ വ്യവഹാരങ്ങളില്‍ ചുറ്റിത്തിരിയുകയാണ്.
സംഘപരിവാര്‍ വര്‍ഗ്ഗീയത ഭൂരിപക്ഷ സമൂഹത്തിനുള്ളില്‍ ഉണ്ടാക്കുന്ന സ്വാധീനം ഇപ്പോള്‍ കൂടുതല്‍ ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്ത് വംശഹത്യ അടക്കം ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരെ ഇന്ത്യ കണ്ടിട്ടുള്ള നിഷ്ഠൂരമായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ അധികാരം നല്‍കുന്ന നിലയിലേക്ക് വര്‍ഗീയ സഖ്യങ്ങള്‍ രൂപീകരിച്ച സംഘപരിവാര്‍ കൗശലം ഫലം കാണുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ ജീവിതം തന്നെ അസാധ്യമാക്കുന്ന, അവരുടെ ജീവിതത്തില്‍ ഇടപെടുന്ന നിയമങ്ങള്‍ സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. മോഡി ഭരണത്തിലേറിയ ദിവസം മുതല്‍ ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടിരുന്നതിലും ഭയാനകമായ ക്രൂരതകള്‍ക്കാണ് അവര്‍ ഇരയാവേണ്ടി വന്നത്. അധികാരത്തിന്റെ അമിതാവേശം കാരണം ഇപ്പോള്‍ ചില തിരിച്ചടികള്‍ ബി ജെ പി നേരിടുന്നുണ്ടെങ്കിലും കേരളത്തിലടക്കം കൂടുതല്‍ സുസ്ഥിരമായ ‘ഹൈന്ദവ സഖ്യങ്ങള്‍’ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു പോവുകതന്നെയാണ്.

ഇനിയൊരു ബാബരി മസ്ജിദും ഗുജറാത്തും മുസഫര്‍നഗറും ഫരീദാബാദും ദാദ്രിയും ഗൌതം ബുധ് നഗറും ഒന്നും ആവര്‍ത്തിക്കരുത് എന്ന അവസ്ഥ മാത്രമല്ല ജനാധിപത്യ ഇന്ത്യ സാധ്യമാക്കേണ്ടത്. മതേതര ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്തേണ്ടതുണ്ട്. അതിന്, അനീതി കാണിച്ചവരെ അധികാരത്തില്‍ നിന്നിറക്കി നീതി നടപ്പിലാക്കേണ്ടതുണ്ട്. ചതിക്കപ്പെട്ടിട്ടും പതിറ്റാണ്ടുകള്‍ കാത്തുനിന്നവര്‍ക്ക് ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിച്ചുകൊടുക്കാതെ എങ്ങനെയാണ് നീതി ലഭ്യമാക്കുക? നീതിയിലൂടെയല്ലാതെ എങ്ങനെയാണ് സമാധാനം സാധ്യമാവുക?
No comments:
Post a Comment