..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Tuesday, 15 December 2015

മുസ് ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് മത വിരുദ്ധമല്ല ^ഹുസൈന്‍ മടവൂര്‍ മുസ് ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് മത വിരുദ്ധമല്ല ^ഹുസൈന്‍ മടവൂര്‍ കോഴിക്കോട്: മുസ്ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമല്ളെന്ന് മുസ്ലിം പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറിയുമായ ഹുസൈന്‍ മടവൂര്‍. പ്രവാചകന്‍റെ കാലത്തും വനിതകള്‍ പൊതു രംഗത്ത് സജീവമായിരുന്നു. സ്ത്രീകള്‍ പൊതുരംഗത്തുവരുന്നത് മതവിരുദ്ധമാണെന്ന് പറയുന്നവര്‍ സമുദായത്തെ പിറകോട്ടു കൊണ്ടുപോകുന്നവരാണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മുസ്ലിംസ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുന്നതിനെതിരെ സമസ്ത പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം പ്രചരിക്കുന്നതിനിടയിലാണ് ഹുസൈന്‍ മടവൂര്‍ ഇതിനെ അനുകൂലിച്ചത്. സ്ത്രീകള്‍ പൊതു രംഗത്ത് പ്രവര്‍ത്തിച്ചതിനെ കുറിച്ച് ഇസ്ലാമിക ചരിത്രത്തില്‍ നിരവധി സ്ഥലത്ത് പറയുന്നുണ്ട്. ഖലീഫ ഉമറിന്‍്റെ കാലത്ത് മാര്‍ക്കറ്റിന്‍്റെ ചുമതല കൊടുത്തിരുന്നത് ഷഫാ ബിന്‍ത് അബ്ദുല്ല എന്ന സ്ത്രീക്കായിരുന്നു. സ്ത്രീയായ ആയിശയാണ് ജമല്‍യുദ്ധത്തില്‍ ഒരു പക്ഷത്തിന് നേതൃത്വം കൊടുത്തതെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസത്തിനെതിരെയും ഇത്തരം മതപണ്ഡിതന്‍മാര്‍ നേരത്തെ മതവിധികള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് മുസ്ലിം സ്ത്രീകള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും ഹുസൈന്‍ മടവൂര്‍പറഞ്ഞു. സ്ത്രീകള്‍ മത്സരിക്കുന്നത് മതവിരുദ്ധവും സ്ത്രീകളെ മത്സര രംഗത്തിറക്കുന്നവര്‍ മുസ്ലിം എന്ന പേര് മാറ്റണമെന്നുമായിരുന്നു ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള സിംസാറുല്‍ ഹഖിന്‍റെ പ്രസംഗം.
വിശ്വാസികള്‍ക്കെതിരെ അപവാദങ്ങള്‍ - 8 ഹാറൂന്‍ യഹ്‌യ 4. മത ദുര്‍വ്യാഖ്യാനം മതം ദുര്‍വ്യാഖ്യാനം നടത്തുന്നുവെന്ന ആരോപണം പല പ്രവാചകന്മാരും നേരിടേണ്ടി വന്നിട്ടുണ്ടെന്നു ഖുര്‍ആന്‍ പറായുന്നു. അവിശ്വാസികള്‍ക്ക് അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലെങ്കിലും, പ്രവാചകന്മാര്‍, പാരമ്പര്യ മതത്തില്‍ വൈകൃതങ്ങള്‍ നിവേശിപ്പിച്ചു തകരാറാക്കാന്‍ നോക്കുകയാണെന്ന് ഊന്നിപ്പറഞ്ഞു, ഭക്തരായി ചമയാന്‍ ശ്രമിക്കുകയായിരുന്നു. മത കാര്യത്തില്‍, സ്വാര്‍ത്ഥരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണ് പ്രവാചകന്മാരെന്നു വരുത്തി തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഫറവൊനും കിങ്കരന്മാരും മൂസയുടെയും ഹാറൂന്റെയും കാര്യത്തില്‍ ഈ നിലപാട് സ്വീകരിച്ചിരുന്നു: 'അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്. അവരുടെ ജാലവിദ്യകൊണ്ട്. നിങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു.' (20: 63, 64) 'ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.' (40: 26) സത്യസന്ധതയില്ലാത്ത ഫിര്‍ഔന്‍, മൂസ മതം വികൃതമാക്കുകയും ഗൂഢാലോചന നടത്തുകയും സ്വേച്ഛാധിപത്യം വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവനാണെന്ന് പറഞ്ഞു ജനങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു. നൂഹിനെ കുറിച്ചും ഇതേ ആരോപണമുണ്ടായിട്ടുണ്ട്: 'അദ്ദഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ പ്രത്യക്ഷമായ ദുര്‍മാര്‍ഗത്തിലാണെന്ന് ഞങ്ങള്‍ കാണുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷെ ഞാന്‍ ലോരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു." (7: 60, 61) സ്വാലിഹിനെ കുറിച്ച് അദ്ദേഹത്തിന്റെ ജനതയും ഉന്നയിച്ചത് ഇതേ ആരോപണമായിരുന്നു: "അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചു വരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ് " (11 : 62) "തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ ( സത്യവിശ്വാസികളുടെ ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു." (83: 29 – 32) 5. ആഭിചാരം ഏത് കാലത്തും പ്രവാചകന്മാരെ കുറിച്ച് ഏറ്റവും അധികം ആരോപിക്കപ്പെട്ട ഒരപവാദമായിരുന്നു ആഭിചാരം. ഖുര്‍ആന്‍ പറയുന്നു: 'അപ്രകാരം തന്നെ ഇവരുടെ പൂര്‍വ്വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല. അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു.." (51: 52, 53) പ്രവാചകന്മാരെ കുറിച്ച് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച്, അവരില്‍ നിന്നവരെ അകറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അവരുടെ ആത്മാര്‍ത്ഥവും ബൗദ്ധികവുമായ ഉപദേശങ്ങള്‍ ശ്രവിക്കുകയും നിര്‍ദ്ദോഷകരമായ അവരുടെ സ്വഭാവവും മതാഭിനിനിവേശവും കാണുകയും ചെയ്യുമ്പോള്‍, മനസാക്ഷിയും ബുദ്ധിയുമുള്ള ഏതൊരാളും അവരില്‍ ആകൃഷ്ടരായി തീരുകയും അങ്ങനെ അവരുടെ അനുയായികളായി മാറുകയുമാണുണ്ടായത്. അതിനാല്‍ തന്നെ, വിശ്വാസികളുടെ സുദൃഢ ഭക്തിയെ നിരര്‍ത്ഥകവും അപ്രധാനവുമായി ചിത്രീകരിക്കുകയാണിവര്‍ ചെയ്തത്. ഇത്തരം സംഭവങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്: 'ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്റെതായ പദവിയുണ്ട്ന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ സ്പഷ്ടമായും ഒരു മാരണക്കാരന്‍ തന്നെയാകുന്നു." (10: 2) 'അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ' (38 :4,5) ദൂതന്മാരെ ആഭിചാരകര്‍ എന്ന് അപവദിച്ചു തൃപ്തിയടയുന്നില്ല അവര്‍. പ്രത്യുത, പൈശാചിക ബാധയും ആഭിചാരവും ഏറ്റവരായും കൂടി അപവദിക്കുന്നു. തദ്വാരാ, അവരുടെ വാക്കുകള്‍ യുക്തിക്കും മനസാക്ഷിക്കും നിരക്കാത്തതാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്റ്റിക്കന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ചില ഉദാഹരണങ്ങള്‍: 'നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്‍ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സ്ന്ദര്‍ഭം അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികള്‍ പറയുന്ന സന്നുര്‍ഭവും (നമുക്ക് നല്ലവണ്ണം അറിയാം.) (7: 47) 'നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ. (26: 153, 154) 'അല്ലെങ്കില്‍ എന്ത് കൊണ്ട് ഇയാള്‍ക്ക് ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക് (കായ്കനികള്‍ ) എടുത്ത് തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്." (25: 8) ഇത്തരം ആളുകളൊടുള്ള അല്ലാഹുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "(നബിയേ,) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകള്‍ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഒരു മാര്‍ഗവും പ്രാപിക്കാന്‍ സാധിക്കുകയില്ല..(17: 48) "അവര്‍ നിന്നെക്കുറിച്ച് എങ്ങനെയാണ് ചിത്രീകരണങ്ങള്‍ നടത്തിയതെന്ന് നോക്കൂ. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല." (25: 9)
വിവാഹബന്ധം നിഷിദ്ധമാക്കുന്ന മുലകുടി ചോദ്യം : ഒരു ബംഗ്ലാദേശി യുവാവാണ് ഞാന്‍. എന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയെ ഞാന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്റെ പിതൃസഹോദരിയുടെ പുത്രിയാണ് പെണ്‍കുട്ടി. അവള്‍ ജനിച്ച അടുത്ത ദിവസം തന്നെ ഉമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് പിതൃസഹോദരന്റെ ഭാര്യയാണ് അവളെ വളര്‍ത്തിയത്. അവള്‍ക്ക് ഏഴോ എട്ടോ മാസം പ്രായമുള്ളപ്പോള്‍ ഒരു തവണ എന്റെ ഉമ്മ അവളെ മുലയൂട്ടിയിട്ടുണ്ട്. ഒന്നോ രണ്ടോ മിനുറ്റുകള്‍ മാത്രമാണ് മുല കൊടുത്തത്. അവളെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് നാട്ടിലെ പണ്ഡിതന്‍മാരോട് അന്വേഷിച്ചപ്പോള്‍ അവളെ വിവാഹം ചെയ്യുന്നത് അനുവദനീയമല്ലെന്നാണ് അവര്‍ ഫത്‌വ നല്‍കിയത്. രണ്ടു മിനുറ്റു കൊണ്ട് അവള്‍ അഞ്ചിലധികം തവണ കുടിച്ചിട്ടുണ്ടെന്നതാണ് അവര്‍ കാരണം പറഞ്ഞത്. എന്നാല്‍ വിശപ്പ് മാറ്റുന്ന തരത്തിലുള്ള അഞ്ച് കുടിയില്‍ കുറഞ്ഞ മുലകുടി ബന്ധം കൊണ്ട് വിവാഹം നിഷിദ്ധമാകില്ലെന്ന് നിങ്ങളുടെ 'അല്‍-ഹലാല്‍ വല്‍-ഹറാം' എന്ന പുസ്തകത്തില്‍ വായിച്ചു. വിശപ്പു മാറുന്ന തരത്തിലുള്ള കുടി കൊണ്ടുദ്ദേശിക്കുന്നത് കുട്ടി വയര്‍ നിറഞ്ഞതു കൊണ്ട് മുലയുമായി സ്വയം ബന്ധം വേര്‍പ്പെടുത്തലാണ്. ഇത്തരത്തിലുള്ള ഒരു കുടി മാത്രമേ അവള്‍ കുടിച്ചിട്ടുള്ളൂ എന്ന് എനിക്കുറപ്പുണ്ട്. അപ്പോള്‍ അവളെ വിവാഹം ചെയ്യുന്നത് എനിക്ക് നിഷിദ്ധമാവുകയില്ല, പിന്നെ എന്തുകൊണ്ടാണ് ബംഗ്ലാദേശിലെ പണ്ഡിതന്‍മാര്‍ നിഷിദ്ധമാക്കി കൊണ്ട് ഫത്‌വ നല്‍കിയത്? വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു. മറുപടി : ബംഗ്ലാദേശിലെ പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കിയിരിക്കുന്നത് അവര്‍ സ്വീകരിക്കുന്ന മദ്ഹബിന്റെ അടിസ്ഥാനത്തിലാണ്. ഹനഫീ മദ്ഹബ് മാത്രമാണ് അവര്‍ അതിന് ആശ്രയിച്ചിരിക്കുന്നത്. ഹനഫീ മദ്ഹബ് പ്രകാരം മുലകുടി കുറഞ്ഞ അളവിലാണെങ്കിലും കൂടിയ അളവിലാണെങ്കിലും അത് വിവാഹ ബന്ധം നിഷിദ്ധമാക്കും. അത് ഒറ്റ കുടിയാണെങ്കിലും ഒരൊറ്റ ഊമ്പല്‍ മാത്രമാണെങ്കിലും വിവാഹ ബന്ധം നിഷിദ്ധമാക്കും എന്നാണ് ഹനഫീ മദ്ഹബിലെ സുപ്രധാന ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നത്. അതുകൊണ്ട് തന്നെ ബംഗ്ലാദേശീ പണ്ഡിതന്‍മാര്‍ നല്‍കിയ ഫത്‌വ അവരുടെ മദ്ഹബ് പ്രകാരം ശരിയാണ്. എന്നാല്‍ ഏതെങ്കിലും ഒരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആനോ പ്രവാചക ചര്യയോ ആവശ്യപ്പെട്ടിട്ടില്ല. മദ്ഹബിന്റെ ഇമാമുമാരും അതാവശ്യപ്പെട്ടിട്ടില്ല. ഇമാം അബൂഹനീഫയും അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും ഇതാവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ മദ്ഹബുണ്ടാക്കുന്ന ഇടുക്കത്തില്‍ നിന്ന് മറ്റൊരു മദ്ഹബിന്റെ വിശാലതയിലേക്ക് കടക്കുന്നതില്‍ വിരോധമില്ല. അത് ഇസ്‌ലാമിക സമൂഹത്തിന്റെ അംഗീകാരമുള്ള മദ്ഹബ് ആയിരിക്കണമെന്നു മാത്രം. മുലകുടി ബന്ധത്തിന്റെ കാര്യത്തിലും മദ്ഹബുകള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇവിടെ ഫത്‌വ നല്‍കുന്നത്. വിശപ്പു മാറുന്ന തരത്തിലുള്ള അഞ്ച് മുലകുടി കൊണ്ട് മാത്രമേ മുലകുടി ബന്ധത്തിലൂടെ നിഷിദ്ധമാവുകയുള്ളൂ എന്നതാണ് അവയിലെ നിലപാട്. സ്വഹീഹായ ഹദീസിന്റെ പിന്‍ബലമുള്ള അഭിപ്രായമാണിത്. ആഇശ(റ)ല്‍ നിന്നും ഇമാം മുസ്‌ലിം സ്വഹീഹായി ഉദ്ധരിച്ചിട്ടുള്ള ഹദീസില്‍ പറയുന്നു : 'ഒന്നോ രണ്ടോ ഊമ്പല്‍ കൊണ്ട് വിവാഹബന്ധം നിഷിദ്ധമാക്കുന്നില്ല.' ഉമ്മുല്‍ ഫദ്ല്‍(റ)ല്‍ നിന്നും റിപോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ പറയുന്നു : 'നബി(സ) വീട്ടിലായിരിക്കെ ഒരു ഗ്രാമീണന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. അയാള്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഒരു ഭാര്യയുണ്ട്, അവള്‍ക്ക് പുറമെ മറ്റൊരാളെ കൂടി ഞാന്‍ വിവാഹം ചെയ്തു. പുതുതായി വിവാഹം ചെയ്ത് സ്ത്രീയ ആദ്യ ഭാര്യ ഒന്നോ രണ്ടോ തവണ മുലയൂട്ടിയിട്ടുണ്ടെന്ന് വാദിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു : 'ഒന്നോ രണ്ടോ കുടി കൊണ്ട് (വിവാഹബന്ധം) നിഷിദ്ധമാവുകയില്ല.' മറ്റൊരു റിപോര്‍ട്ടിലുള്ളത് 'ഒന്നോ രണ്ടോ കുടിയോ, ഊമ്പലോ വിവാഹ ബന്ധം നിഷിദ്ധമാക്കുകയില്ല.' എന്നാണ്. വിവാഹബന്ധം നിഷിദ്ധമാകുന്നതിന് ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും വിശപ്പ് മാറുന്ന തരത്തില്‍ മുല കൊടുക്കണമെന്ന് വ്യക്തമാക്കുന്ന ആഇശ(റ) റിപോര്‍ട്ട് ചെയ്ത ഹദീസ് ഇമാം മാലികും അഹ്മദും ഉദ്ധരിച്ചിട്ടുണ്ട്. വ്യക്തമായ അഞ്ച് മുലകുടിയില്‍ കുറഞ്ഞ ബന്ധം കൊണ്ട് വിവാഹ ബന്ധം നിഷിദ്ധമാവില്ലെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. മുലകൊടുക്കുന്ന സ്ത്രീക്കും കുട്ടിക്കും ഇടയില്‍ ഇത്തരത്തിലുള്ള ഒരു മാതൃബന്ധം രൂപപ്പെടുന്നതിന് അതനിവാര്യമാണ്. മുലകുടിയുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് മാതൃബന്ധവും ശക്തിപ്പെടുന്നു. അഞ്ചു പ്രാവശ്യത്തെ മുലകുടിയിലൂടെ മാംസവളര്‍ച്ചയും എല്ലുകളുടെ വികാസവും ഉണ്ടാകുമെന്ന സൂചിപ്പിക്കുന്ന വേറെയും ഹദീസുകളുണ്ട്. വിവാഹബന്ധം നിഷിദ്ധമാക്കുന്നത് അഞ്ച് മുലകുടിയാണെന്ന് പ്രമാണങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു. എന്നാല്‍ ഓരോ കുടിയുടെയും തോത് എത്രയെന്ന് നിര്‍ണയിച്ചിട്ടില്ല. പലകാര്യങ്ങളും നാട്ടുനടപ്പിന് വിട്ടുകൊടുത്തിരിക്കുന്നത് പോലെ ഇതും അതിനായി വിട്ടിരിക്കുകയാണ്. വിശപ്പു മാറുന്ന രീതിയിലുള്ള മുലകുടിയെ മാത്രമാണ് ഒരു മുലകുടിയായി പരിഗണിക്കുക. അതുകൊണ്ട് ജനങ്ങള്‍ പറയും : ഒരു കുട്ടിക്ക് ഒരു ദിവസം നാലോ അഞ്ചോ തവണം മുലകുടിക്കേണ്ടി വരും. ഒരു മുതിര്‍ന്ന വ്യക്തിയുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ സ്ഥാനത്താണ് ഒരു കുട്ടിയുടെ മുലകുടി. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിങ്ങള്‍ സൂചിപ്പിച്ച പിതൃവ്യ പുത്രിയെ വിവാഹം ചെയ്യുന്നത് അനുവദനീയമാണ്. ശാഫിഈ, ഹമ്പലി മദ്ഹബുകള്‍ പ്രകാരം അവളെ വിവാഹം ചെയ്യുന്നതിന് ഒരു തടസ്സവുമില്ല. ഈ അഭിപ്രായത്തിന് സ്വഹീഹായ ഹദീസുകളുടെ പിന്‍ബലവുമുണ്ട്.
കര്‍മശാസ്ത്ര മദ്ഹബുകളിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര രംഗത്ത് ധാരാളം രചനകള്‍ നടന്നിട്ടുണ്ട്. അതില്‍ മദ്ഹബുകളുടെ ഏതെങ്കിലും ശാഖകള്‍ തെളിവുകളോടെ വിവരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്. ഒരു വിഷയത്തില്‍ പണ്ഡിതന്മാരുടെ വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ ശേഖരിച്ചവയുണ്ട്. കര്‍മശാസ്ത്ര മദ്ഹബുകളിലെ പ്രശസ്തമായ ചില ഗ്രന്ഥങ്ങള്‍ നമുക്ക് പരിശോധിക്കാം. 1. ഹനഫീ മദ്ഹബ് റദ്ദുല്‍ മുഖ്താര്‍ അല ദുര്‌റില്‍ മുഖ്താര്‍ -ഇബ്‌നു ആബിദീന്‍ ബദാഇഉ സ്സനാഇഅ് ഫീ തര്‍തീബുശ്ശറാഇഅ്-അബീ ബക്കര്‍ മസ്ഊദ് ബിന്‍ അഹ്മദ് അല്‍ ഖസാഈ ഫത്ഹുല്‍ ഖദീര്‍ -കമാലുദ്ദീന്‍ ബിന്‍ അബ്ദുല്‍ വാഹിദ് ബിന്‍ ഹമ്മാം. 2.മാലികീ മദ്ഹബ് അല്‍ മദ്ഹബുല്‍ മുദവ്വന- സഹ്‌നൂന്‍ .(ഇതില്‍ ഇമാം മാലിക്കിന്റെ വാക്കുകള്‍ അബ്ദുറഹ്മാന്‍ ബിന്‍ കാസിം മുഖേന വിവരിക്കുന്നു.) മുഖ്തസര്‍ ഖലീല്‍ -മാലികി മദ്ഹബിലെ പ്രധാന ഗ്രന്ഥമാണിത്. ഇതിന് നിരവധി വിശദാംശങ്ങളും സംഗ്രഹങ്ങളുമുണ്ട്. അശ്ശറഹുല്‍ കബീര്‍ -ഇബിനുല്‍ ബറകാത് അദ്ദുറര്‍ ഹാശിയ -ഇബിനു അറഫ അദ്ദുസൂഖി. അത്താജു വല്‍ ഇഖ്‌ലീല്‍- മുഹമ്മദ് ബിന്‍ യൂസുഫുല്‍ അബ്ദി അല്‍ മവാഖ് ഹാശിയതു മവാഹിബുല്‍ ജലീല്‍ ഫീ ശറഹു മുഖ്തസറു ഖലീല്‍-ഖത്താബ് 3.ശാഫി മദ്ഹബ് അല്‍ ഉമ്മ്- ഇമാം ശാഫി(റ) മിന്‍ഹാജുത്താലിബീന്‍- ഇമാം നവവി(റ). ഇതിന് പ്രധാനപ്പെട്ട രണ്ട് വിശദീകരണങ്ങളുണ്ട്. 1.നിഹായതുല്‍ മുഹ്താജ് ഇലാ ശറഹില്‍ മിന്‍ഹാജ്- മുഹമ്മദ് ബിന്‍ ശിഹാബുദ്ദീന്‍ അര്‍റംലി 2.തുഹ്ഫതുല്‍ മുഹ്താജ് ഫീ ശറഹില്‍ മിന്‍ഹാജ് -അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി ബിന്‍ ഹജറുല്‍ ഹൈതമി. 4. ഹമ്പലി മദ്ഹബ് അല്‍ ഇന്‍സാഫ്- മാവര്‍ദി അല്‍ മുഅ്തമിദതുല്‍ ഫുറൂഅ് -ഇബിന്‍ മുഫ്‌ലിഹ് കശ്ശാഫുല്‍ ഖന്നാഅ് അന്‍ മത്‌നുല്‍ ഇഖ്‌നാഅ്- മന്‍സൂര്‍ ബിന്‍ യൂനുസ് അല്‍ ബുഹൂതി.
പെരുന്നാളുകള്‍ക്ക് നല്‍കാത്ത പ്രാധാന്യം നബിദിനത്തിന് നല്‍കേണ്ടതുണ്ടോ? ഇസ്‌ലാം പഠിപ്പിച്ച രണ്ട് ആഘോഷങ്ങളായ ഈദുല്‍ ഫിത്വ്‌റിനേക്കാളും ഈദുല്‍ അദ്ഹയേക്കാളും പ്രാധാന്യമുള്ള ഒന്നാണ് നബി ദിനം എന്നു ധരിപ്പിക്കുന്നതാണ് അതിന് വേണ്ടി നടത്തപ്പെടുന്ന ഒരുക്കങ്ങള്‍. പള്ളികളും മദ്രസകളും അതിന് വേണ്ടി പ്രത്യേക തോരണങ്ങളും ലൈറ്റുകളും വെച്ചു പിടിപ്പിച്ച് അലങ്കരിക്കുകയും നാടാകെ ഒരു മഹാമാമാങ്കത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി ഉയര്‍ത്തുകയും ചെയ്യുന്നു. പെരുന്നാളുകളേക്കാള്‍ ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമായത് നബിദിമാണെന്ന് ഇതെല്ലാം കാണുന്ന ഒരു സാധാരണക്കാരന്‍ മനസിലാക്കുന്നത് സ്വാഭാവികം മാത്രമാണ്. വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ പ്രത്യേക പ്രാധാന്യം ഒന്നും തന്നെ കല്‍പ്പിക്കാത്ത മാസമാണ് റബീഉല്‍ അവ്വല്‍. ഖുര്‍ആന്‍ വിശുദ്ധമാസങ്ങളായി എണ്ണിയിരിക്കുന്ന നാല് മാസങ്ങളുടെ കൂട്ടത്തില്‍ റബീഉല്‍ അവ്വലിനെ നമുക്ക് കാണാനാവില്ല. പിന്നെ ഈ മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത എന്ത് സവിശേഷതയാണുള്ളത്. നബി(സ) ജനിച്ചത് ഈ മാസത്തിലാണ്, അതുകൊണ്ട് നബി(സ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന് ഞങ്ങളത് ആഘോഷിക്കുന്നു. നബി(സ)യെ സ്‌നേഹിക്കുന്നവര്‍ക്കാണ് പരലോകത്ത് നബി(സ)യുടെ ശഫാഅത്ത് കിട്ടുകയുള്ളൂ എന്നതാണ് ആഘോഷിക്കുന്നവരുടെ ന്യായം. എന്നാല്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ നബി(സ) നമ്മോട് കല്‍പ്പിച്ചിട്ടില്ല. മുഹമ്മദ് നബി(സ)ക്ക് മുമ്പ് വേറെയും നിരവധി നബിമാര്‍ വന്നിരുന്നു അവര്‍ ആരുടെയും ജന്മദിനം ആഘോഷിച്ചു കൊണ്ട് നബി(സ) നമുക്ക് മാതൃകയും കാണിച്ചിട്ടില്ല. പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ അത് ആഘോഷിക്കുന്നുവെന്നാണെങ്കില്‍ അത് നബിതിരുമേനിയുടെ കുടുംബം അതില്‍ മാതൃക കാണിക്കേണ്ടിയിരുന്നു. പ്രവാചക പത്‌നിമാര്‍ ആരും തന്നെ നബിയുടെ ജന്മദിനം ആഘോഷിച്ചതിന് തെളിവുകള്‍ ലഭ്യമല്ല. നബി(സ)യെ സ്വന്തം ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്ന സഹാബിമാരും നബി തിരുമേനിയുടെ ജന്മദിനം ആഘോഷിച്ചതിന് തെളിവില്ല. മുസ്‌ലിം ലോകം അംഗീകരിക്കുന്ന നാല് പ്രമുഖ മദ്ഹബുകളും ഇമാമുമാരും നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. ഇസ്‌ലാമിന്റെ സുവര്‍ണ കാലഘട്ടമായിരുന്ന സഹാബിമാരുടെയും താബിഈകളുടെയും താബിഇത്താബിഉകളുടെയും കാലത്ത് ഇല്ലാത്ത ഒരു സമ്പ്രദായമായിരുന്നു ഇതെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളുടെ യാതൊരുപിന്‍ബലവും ഇല്ലാത്ത ഒരു കാര്യത്തിന് ഇസ്‌ലാമിന്റെ സ്വന്തം ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം ഇന്ന് കൈവന്നിരിക്കുന്നു. ഇസ്‌ലാം പഠിപ്പിച്ച ആഘോഷങ്ങളായ രണ്ടു പെരുന്നാളുകള്‍ക്കും അലങ്കരിക്കാത്ത മസ്ജിദുകളും മദ്രസകളും തെരുവുകള്‍ പോലും ഇതിനായി അലങ്കരിക്കപ്പെടുന്നു. ആളുകള്‍ അനര്‍ഹമായ ഒരു സംഗതിക്ക് പ്രാധാന്യം നല്‍കുമ്പോള്‍ അര്‍ഹമായ പലതിനും ലഭിക്കേണ്ട പ്രാധാന്യം കുറയുന്നു എന്ന വസ്തുതയാണിത് വ്യക്തമാക്കുന്നത്. ഇത്തരം ആഘോഷങ്ങളുടെയും സമ്പ്രദായങ്ങളുടെയും എക്കാലത്തെയും ഗുണഭോക്താക്കള്‍ പുരോഹിത വിഭാഗമാണെന്നും നമുക്ക് കാണാവുന്നതാണ്. അവരുടെ താല്‍പര്യങ്ങളാണ് ഇത്തരം ആഘോഷങ്ങള്‍ക്ക് പ്രചാരണവും പ്രശസ്തിയും നല്‍കുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന കാലത്ത് മാത്രമേ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ.
ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം ഹൈദരാബാദ്: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കും വംശീയഹത്യകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനം പ്രമേയമവതരിപ്പിച്ചു. രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരും സാഹിത്യകാരന്മാരും രാഷ്ട്രീയ-മത നേതാക്കളുമടക്കം എതിര്‍ത്തിട്ടും അസഹിഷ്ണുതയുടെ സംസ്‌കാരം രാജ്യത്ത് വ്യാപകമാക്കാനുള്ള സംഘപരിവാറിന്റെ ശ്രമം അപലപനീയമാണ്. സംഘ്പരിവാറിന് ഭൂരിപക്ഷമുള്ള വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷം ഭീതിദതമായ അവസ്ഥയിലാണ കഴിയുന്നത്. രാജ്യത്ത് സമാധാനവും സഹവര്‍തിത്ത്വവും സ്ഥാപിക്കാന്‍ മതേതരപാര്‍ട്ടികളും മതസംഘടനകളും ഒന്നിച്ച് നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ അഛാദിന്‍ കൊണ്ടുവന്നത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. സാധാരണക്കാരായ ജനങ്ങള്‍ ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ഞെരുങ്ങിക്കഴിയുമ്പോള്‍ വിലക്കയറ്റം സൃഷ്ടിച്ചാണ് മോദി ഗവണ്‍മെന്റ് അവരെ പരിഗണിച്ചത്. പൊതുമേഖലയില്‍നിന്ന് പിന്മാറി സ്വകാര്യവത്കരണത്തിന് വേഗത വര്‍ധിപ്പിക്കുന്ന ജനവിരുദ്ധ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. അഭിപ്രായസ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളാനും തെറ്റായ സാമ്പത്തികനയങ്ങളെ തിരുത്താനും സര്‍ക്കാര്‍ തയ്യാറാവണം. ഇന്ത്യാവല്‍ക്കരണം എന്ന പേരില്‍ വിദ്യാഭ്യാസമേഖലയെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമമാണ് ഗവണ്‍മെന്റ് കൈകൊള്ളുന്നത്. ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യവും നിലനിര്‍ത്തുന്ന വിദ്യാഭ്യാസ പോളിസിയാണ് ഉണ്ടാവേണ്ടത്. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച വിദ്യാഭ്യാസനയം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്നതാണ്. ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സംഘപരിവാറിനനുകൂലമാക്കാനുള്ള നീക്കത്തില്‍ നിന്നു പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ സംവരണം എന്നിവയില്ലാതാക്കാനുള്ള ബി.ജെ.പി. ഗവണ്‍മെന്റിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. ലോകത്ത് വന്‍ശക്തികള്‍ വിതക്കുന്ന അരക്ഷിതാവ്സ്ഥ വര്‍ധിച്ചുവരികയാണ്. ഐ.എസ്.ഐ.എസ്. പോലുള്ള ഭീകരവാദ സംഘടനകളുടെ രംഗപ്രവേശത്തിന് ലോകരാജ്യങ്ങള്‍ കാരണമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭ പുനസംഘടിപ്പിക്കണമെന്നും ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ ഇഛാശക്തിയുള്ള ഒരു സംവിധാനമായി യുഎന്‍ മാറണമെന്നും ദുര്‍ബലരാജ്യങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികള്‍ തടയാന്‍ മുന്നോട്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ പരത്താന്‍ കാരണമാവുന്ന പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നും രാജ്യനിവാസികള്‍ക്ക് ഇസ്‌ലാമിനെ തുറന്ന മനസ്സോടെ സമീപിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരത്തിലധികം അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അംഗങ്ങളുടെ തുറന്ന ചര്‍ച്ചക്കുശേഷമാണ് പ്രമേയം പാസ്സാക്കിയത്. നാലുദിവസം നീണ്ടുനിന്ന സമ്മേളനം മുസ്‌ലിംകള്‍ പൊതുസമൂഹവുമായി ക്രിയാത്മക ബന്ധം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ പ്രാദേശിക തലങ്ങളില്‍ രാഷ്ട്രീയവും സാമൂഹികവുമായി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിന് നേതൃത്വം വഹിക്കണം. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാദേശികഘടകങ്ങള്‍ ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി, ഉപാധ്യക്ഷന്മാരായ ടി. ആരിഫല, സആദത്തുല്ലാ ഹുസൈനി, നുസ്‌റത്ത് അലി, ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് സലീം എന്നിവര്‍ പങ്കെടുത്തു.

Monday, 14 December 2015

നാല്‍പത് കോടിയുടെ പള്ളി "പ്രവാചകന്‍ തിരുമേനി നേരിട്ട് കൈമാറിയ മൂന്ന് തിരുകേശങ്ങള്‍ സ്ഥാപിക്കാനായി കാരന്തൂര്‍ മര്‍കസിന് കീഴില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ് ജനകീയ പങ്കാളിത്തത്തോടെയാണ് നിര്‍മിക്കുക. ഇതിനായി ഒരാളില്‍ നിന്നും ചുരുങ്ങിയത് ആയിരം രൂപ പിരിക്കും. കോഴിക്കോട് നഗരത്തിനടുത്ത് 12 ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളി ഇന്തോ സാരസന്‍ ശില്‍പ മാതൃകയിലായിരിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു'' (സിറാജ് ദിനപത്രം). 40 കോടിക്ക് പള്ളി നിര്‍മിക്കാന്‍ കഴിയുന്ന മുസ്ലികള്‍ തന്നെ തങ്ങള്‍ പിന്നാക്കമാണ്, സച്ചാര്‍ കമീഷന്‍ നടപ്പാക്കുക, സംവരണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. സമുദായത്തിന്റെ ദുരവസ്ഥ കരഞ്ഞുപറയുകയും മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്നു. മൂന്ന് കോടി കേരളീയരില്‍ 75 ലക്ഷം വരുന്ന മുസ്ലിംകളെ സമ്പന്നമാക്കാന്‍ ഇത്തരം സംരംഭകര്‍ക്കാവുമല്ലോ? സ്ത്രീധനം നല്‍കാനാവാതെ മൈസൂര്‍ കല്യാണവും അറബിക്കല്യാണവും നടക്കുന്നത് കാണാത്തവര്‍ ആദ്, സമൂദ് സമൂഹം പോലെ കൂറ്റന്‍ കെട്ടിടങ്ങളും പള്ളികളും നിര്‍മിച്ച് ഹുങ്ക് നടിക്കുന്നതിന്റെ പരിണതി എന്തായിരിക്കും?
കശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയിലും കേരളത്തിലെ കാരന്തൂരിലും നബിയുടെ കേശം ഉണ്ടെന്ന് പറയപ്പെടുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും നബിയുടെ ശരീരഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? കാരന്തൂരിലെ കേശം ഒറിജിനല്‍ അല്ലെന്ന് ഇതര സുന്നി വിഭാഗം പറയുന്നു. ശാസ്ത്ര പരിശോധനയിലൂടെ ഇവ രണ്ടിന്റെയും സമാനതയും കാലപ്പഴക്കവും തെളിയിക്കപ്പെട്ടാല്‍ അതിനോടുള്ള ഇസ്ലാമിന്റെ സമീപനമെന്ത്? പ്രവാചകന്റെ ശരീരഭാഗങ്ങള്‍ക്ക് ആദരവിന് അപ്പുറം ശിഫയോ പുണ്യമോ കല്‍പിക്കപ്പെട്ടിട്ടുണ്ടോ? വന്‍ പ്രചാരണം നടത്തി മുസ്ലിംകളെ ദിശ തിരിച്ചുവിടുമ്പോള്‍ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ മൌനം അവലംബിക്കുന്നത് ഇസ്ലാമില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം ഉള്ളതുകൊണ്ടാണോ?
ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.
തിരുകേശം ആത്മീയവാണിഭത്തിന്റെ ഭാഗം -ടി.ആരിഫലി പ്രവാചകന്റെ തലമുടി ശേഷിപ്പ് കൈയ്യിലുണ്ടെന്ന അവകാശവാദവുമായി പുതിയ തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പൗരോഹിത്യനീക്കം ആത്മീയ വാണിഭത്തിന്റെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ആരോപിച്ചു. ഖുറാന്‍ സ്റ്റഡിസെന്റര്‍ വടകര മേഖലാ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ വിശ്വാസികള്‍ ചെറുത്തുതോല്പിക്കണം. ഏക ദൈവ വിശ്വാസത്തിന്റ ഗേഹങ്ങളായ പള്ളികളില്‍ പ്രവാചകന്റെ തിരുശേഷിപ്പെന്ന് അവകാശപ്പെട്ട് പ്രതിഷ്ഠയെന്നോണം സ്ഥാപിക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്-അദ്ദേഹം പറഞ്ഞു. അബ്ദുള്‍ഖാദര്‍ ആക്കോട് അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്‌വി പഠനക്ലാസ് നടത്തി. കെ.എന്‍. സുലൈഖ, പി.സി. ബഷീര്‍, വി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
പ്രവാചക സ്‌നേഹവും 'വിശുദ്ധ കേശ'വും മനുഷ്യനെ സൃഷ്ടിച്ച അന്നുതന്നെ അവനെ ദ്രോഹിക്കാന്‍ ഇബ്‌ലീസ് അല്ലാഹുവിന്റെ മുമ്പില്‍ ശപഥം ചെയ്തിരുന്നു. ''നിന്റെ നേരായ പാതയില്‍ അവര്‍ക്ക് വിലങ്ങുതടിയായി തീര്‍ച്ചയായും ഞാനിരിക്കുന്നുണ്ടാകും. മുന്നിലൂടെയും പിന്നിലൂടെയും ഇടതു വശത്തിലൂടെയും വലതു വശത്തിലൂടെയുമെല്ലാം ഞാനവരെ സമീപിക്കും. അവരിലധികപേരെയും നീ നന്ദിയുള്ളവരായി കാണുകയില്ല'' (വി.ഖു 7:16,17). ഈ ശപഥത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഇബ്‌ലീസിന്റെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കാനുമാണ് അല്ലാഹു വേദങ്ങളയച്ചതും പ്രവാചകന്മാരെ നിയോഗിച്ചതും. അതുകൊണ്ട് മനുഷ്യരെ അല്ലാഹുവിനോട് നന്ദി കെട്ടവരാക്കാന്‍ വേദത്തെയും പ്രവാചകനെയുമാണ് ആദ്യം ആക്രമിക്കേണ്ടതെന്ന് ഇബ്‌ലീസിനറിയാം. അന്തിമ വേദമായ ഖുര്‍ആനെ വികൃതമാക്കാന്‍ ആദ്യകാലം തൊട്ടേ ശ്രമം തുടങ്ങിയെങ്കിലും അത് ഇന്നോളം വിജയിച്ചിട്ടില്ല. എന്നാല്‍, പ്രവാചകന്റെ കാര്യത്തില്‍, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ചിലതൊക്കെ ചെയ്യാന്‍ കഴിയുന്നുണ്ട്. ഒരുവശത്ത് പ്രവാചകനെക്കുറിച്ച് അപവാദങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കുക. മറുവശത്ത് വിശ്വാസികള്‍ക്ക് മുമ്പില്‍ പ്രവാചകനെ ദൈവതുല്യമോ ദൈവത്തേക്കാള്‍ ഉയര്‍ന്നതോ ആയ അസ്തിത്വമായി അവതരിപ്പിക്കുക. യഹൂദ മതത്തിലെ ഒരു വിഭാഗമാണ് ഈ കൃത്യം കൂടുതലായി നിര്‍വഹിച്ചുവരുന്നത്. സയണിസ്റ്റുകള്‍ എന്ന പേരില്‍ ഈ വിഭാഗം ഇന്നും സജീവമാണ്. പൂര്‍വകാല ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇവരെക്കുറിച്ച് ബോധവാന്മാരായിരുന്നു. ഹദീസുകളില്‍ ധാരാളം 'ഇസ്രായീലിയ്യാത്തു'കള്‍ കടന്നു കൂടുന്നതായി കണ്ടെത്തിയ അവര്‍ ഹദീസിലെ നെല്ലും കല്ലും വേര്‍തിരിക്കാന്‍ അതി സമര്‍ഥമായ ഉപാധികള്‍ ആവിഷ്‌കരിച്ചു. കഅ്ബുല്‍ അഹ്ബാറിനെയും വഹബുബിന്‍ മുനബ്ബഹിനെയും പോലുള്ള ഹദീസ് നിവേദകരെ സംശയത്തോടെ വീക്ഷിച്ചു. മുസ്‌ലിംസമൂഹത്തില്‍ വിശ്വാസപരവും ആരാധനാപരവുമായ വൈകൃതങ്ങള്‍ സൃഷ്ടിക്കാന്‍ കുറച്ചുകാലമായി അവലംബിക്കപ്പെടുന്ന ഒരു തന്ത്രമിതാണ്: ഇന്നാലിന്ന മഹാന്‍ നബി(സ)യെ സ്വപ്നം കാണുന്നു. നബി അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നു. ആ നിര്‍ദേശങ്ങള്‍ എല്ലാവരെയും അറിയിക്കാന്‍ കല്‍പിക്കുന്നു. അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിച്ചാല്‍ കണക്കറ്റ ഇഹപര സൗഭാഗ്യങ്ങള്‍. അവഗണിച്ചാല്‍ മഹാ നാശവും. ഇത്തരം നോട്ടീസുകള്‍ ഇടക്കിടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വ്യാപകമായി പ്രചരിക്കുന്നു. മൂഢ ജനങ്ങള്‍ അതിന്റെ പിന്നാലെ പായുന്നു. ഇബ്‌ലീസ് അത് കണ്ട് ആഹ്ലാദിക്കുന്നു. ഇപ്പോള്‍ മുസ്‌ലിം കേരളത്തിന്റെ മുഖ്യ ചര്‍ച്ച ഒരു മുടിയാണ്. അത് നബി(സ)യുടേതാണത്രെ. തിരുമുടി പ്രതിഷ്ഠിക്കാന്‍ 40 കോടിയുടെ പള്ളി പണിയാന്‍ പോകുന്നു. ആളുകള്‍ പതിനായിരങ്ങള്‍ കൊടുത്ത് മുടിയിട്ട വെള്ളം കുടിച്ച് നിര്‍വൃതി നേടുന്നു. ഒരു യു.എ.ഇക്കാരാനാണ് മുടി കേരളത്തിലെത്തിച്ചത്. അദ്ദേഹത്തിന്റെ ഉറ്റവര്‍ തന്നെ പറയുന്നു, തങ്ങളുടെ കുടുംബത്തില്‍ പ്രവാചക കേശം സൂക്ഷിച്ചിരുന്നില്ലെന്ന്. കുടുംബം തന്നെ പ്രസിദ്ധീകരിച്ച കുടുംബ ചരിത്രത്തിലുമില്ലത്രെ അങ്ങനെയൊരു മുടി പുരാണം. പിന്നെ എവിടെ നിന്നു വന്നു ഈ മുടി? നടേ സൂചിപ്പിച്ച ഉറവിടത്തില്‍ നിന്നായിരിക്കാനാണ് മികച്ച സാധ്യത. ഇപ്പോഴത്തെ കേശവാഹകര്‍ വഞ്ചിതരായതോ ആളുകളെ വഞ്ചിക്കാന്‍ മനപ്പൂര്‍വം കച്ചകെട്ടിയിറങ്ങിയതോ എന്നറിഞ്ഞുകൂടാ. രണ്ടായാലും വിജയം ഇബ്‌ലീസിന്റേതാണ്. കഴിഞ്ഞ ഒന്നര സഹസ്രാബ്ദത്തിനിടയില്‍ മുസ്‌ലിം സമുദായം ലക്ഷക്കണക്കില്‍ മസ്ജിദുകള്‍ നിര്‍മിച്ചിരിക്കുന്നു. ഏതെങ്കിലും ദിവ്യവസ്തുവിന്റെ പ്രതിഷ്ഠക്ക് വേണ്ടി ഇതുവരെ ഒരു പള്ളിയും നിര്‍മിക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ മുടി പ്രതിഷ്ഠക്കുവേണ്ടിയുള്ള ഒരു മസ്ജിദ് ഉയരാന്‍ പോകുന്നു. പള്ളികള്‍ പ്രതിഷ്ഠാലയങ്ങളായി മാറ്റപ്പെടുന്നതിന്റെ സൂചനയായി ഇതിനെ കാണാന്‍ വിവേകമുള്ള മുസ്‌ലിം നേതൃത്വത്തിന് കഴിയേണ്ടതാണ്. സ്വന്തം നിലപാട് ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ മുഹമ്മദ് നബിയോട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നതിങ്ങനെയാണ്: ''ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നു'' (18:110). ''എന്റെ പക്കല്‍ അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. ഞാന്‍ അതിഭൗതിക രഹസ്യങ്ങളറിയുന്നുമില്ല. ഞാനൊരു മലക്കാണെന്ന്‌പോലും നിങ്ങളോട് പറയുന്നില്ല. എനിക്ക് ലഭിക്കുന്ന ദിവ്യബോധനത്തെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്'' (6:50). ദിവ്യബോധനം ലഭിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാ കാര്യങ്ങളിലും പ്രവാചകന്‍ സാധാരണ മനുഷ്യനായിരുന്നു. ദിവ്യബോധനങ്ങളെ കണിശമായി പ്രാവര്‍ത്തികമാക്കി എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. ഈ സവിശേഷതയാണ് പ്രവാചകന്‍ പിന്‍ഗാമികള്‍ക്ക് വേണ്ടി അവശേഷിപ്പിച്ചിട്ടുള്ള അമൂല്യ നിക്ഷേപം. മറിച്ച് തന്റെ മുടിയോ താടിയോ അല്ല. വിശുദ്ധ ഖുര്‍ആന്‍ അക്കാര്യം അസന്ദിഗ്ധമായി പ്രസ്താവിച്ചിരിക്കുന്നു: ''അല്ലാഹുവിന്റെ ദൂതനിലൂടെ നിങ്ങള്‍ക്ക് -അല്ലാഹുവിലും അന്ത്യനാളിലും പ്രതീക്ഷയര്‍പ്പിക്കുകയും അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്- വിശിഷ്ടമായ മാതൃകയുണ്ടായിരിക്കുന്നു'' (33:21). പ്രവാചകന്‍ തന്റെ അവസാന നാളുകളില്‍ പറഞ്ഞു: ''ഞാന്‍ രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ക്കായി അവശേഷിപ്പിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ജീവിതചര്യയും.'' ഇതല്ലാതെ എന്റെ താടിയും മുടിയും അല്ലെങ്കില്‍ ഞാന്‍ ധരിച്ച വസ്ത്രങ്ങള്‍ നിങ്ങള്‍ക്കായി അവശേഷിപ്പിക്കുന്നു എന്ന് തിരുമേനി പറഞ്ഞില്ല. പ്രവാചക സ്‌നേഹം സത്യവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അനിവാര്യതയാണത്. അല്ലാഹുവിനോടുള്ള സ്‌നേഹമാണ് മുഖ്യം. ''സത്യവിശ്വാസികളായവര്‍ ഏറ്റവുമധികം അല്ലാഹുവിനെ സ്‌നേഹിക്കുന്നവരാകുന്നു'' (2:165). പ്രവാചകനോടുള്ള സ്‌നേഹത്തിലൂടെയും അനുസരണത്തിലൂടെയുമാണ് ഈ സ്‌നേഹം പ്രായോഗികമായി പ്രത്യക്ഷപ്പെടുക. ''പ്രവാചകന്‍ അവരോട് പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു'' (3:31). വിശ്വാസി സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റെല്ലാവരേക്കാളും പ്രവാചകനെ സ്‌നേഹിക്കണമെന്ന് തിരുമേനി(സ) പറഞ്ഞിട്ടുണ്ട്. താന്‍ അല്ലാഹുവിനു മീതെ സ്‌നേഹിക്കപ്പെടണമെന്നോ തന്റെ താടിയും മുടിയും പൂജിക്കപ്പെടണമെന്നോ അല്ല അതിനര്‍ഥം. അല്ലാഹുവിനോടുള്ള വിശ്വാസികളുടെ സ്‌നേഹം അര്‍ഥവത്താകാന്‍ അവര്‍ തന്റെ ജീവിതചര്യകളെ പൂര്‍ണ മനസ്സോടെ പിന്തുടരണമെന്നാണ്. ''തന്റെ ഇഛ എന്നെ പിന്തുടരുന്നതാകുവോളം നിങ്ങളിലാരും സത്യവിശ്വാസിയാകുന്നില്ല'' എന്ന വാക്കുകളിലൂടെ പ്രവാചകന്‍ അത് വ്യക്തമാക്കി തന്നിട്ടുണ്ട്.
വിശ്വാസത്തെ വില്‍പനക്ക് വെക്കുമ്പോള്‍ അബ്ദുല്‍ഹകീം നദ്‌വി‌ ''വിശ്വാസം അതല്ലേ എല്ലാം' എന്ന ജ്വല്ലറി പരസ്യത്തിന്റെ ഉദ്ദേശ്യം കച്ചവടമാണെങ്കിലും 'വിശ്വാസം'തന്നെയാണ് വലുതെന്ന് കരുതുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടാണ് സ്വര്‍ണക്കച്ചവടത്തിനെന്നപോലെ കേശക്കച്ചവടത്തിനും വിശ്വാസത്തെ കൂട്ട് പിടിക്കേണ്ടി വരുന്നത്. ആത്മീയതയും വിശ്വാസവും യഥാര്‍ഥത്തില്‍ മനുഷ്യന് കരുത്ത് പകരുന്നതും തണലേകുന്നതുമാണ്. എന്നാല്‍ പ്രയോഗത്തില്‍ അതവന്റെ ഏറ്റവും വലിയ ദൌര്‍ബല്യമായിട്ടാണ് അനുഭവപ്പെടാറുള്ളത്. മനുഷ്യന്‍ ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്നത് വിശ്വാസത്തിന്റെ പേരിലാകാനുള്ള കാരണം ഇത് തന്നെയാണ്. രാഷ്ട്രീയ മത നേതൃത്വത്തിലുള്ളവര്‍ തരാതരം പോലെ ഈ ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാറുമുണ്ട്. പരമ്പരാഗതമായി മൂടുറച്ചു പോയ ആത്മീയ ധാരണകളില്‍ എത്രയളവില്‍ കലര്‍പ്പും അന്ധതയും സംഭവിച്ചിട്ടുണ്ടെങ്കിലും അണുകിട മാറാന്‍ തയാറില്ലാത്ത മതബോധമാണ് പലപ്പോഴും ചൂഷണം ചെയ്യപ്പെടാറുള്ളത്. ഈ ചൂഷണ പാതയില്‍ ബഹുദൂരം അതിവേഗം കുതിക്കുന്നതില്‍ ഏറെ മുന്നിട്ടു നില്‍ക്കാറുള്ളതും വിജയം കൈവരിക്കാറുള്ളതും മതനേതൃത്വത്തിലുള്ളവര്‍ തന്നെ. എല്ലാ മത വിഭാഗങ്ങളിലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആള്‍ദൈവങ്ങളും കള്‍ട്ടുകളും സിദ്ധരും വലിയ്യുകളുമൊക്കെ ഉണ്ടാകുന്നത് ഇങ്ങനെയാണ്. "നിങ്ങള്‍ വെള്ളതേച്ച ശവക്കല്ലറകളാണ്. അകമേ ചെളിയും പുറമേ വെളുപ്പുമുള്ള ശവക്കല്ലറകള്‍ മാത്രം.'' വിശ്വാസ വൈകൃതങ്ങളിലേക്കും മാര്‍ഗഭ്രംശങ്ങളിലേക്കും പാമര ജനവിഭാഗങ്ങളെ തള്ളിവിടുന്ന പുരോഹിതന്മാരോട് ഈസാ പ്രവാചകന്‍ പറഞ്ഞതാണിത്. ശുഭ്രവസ്ത്രമണിഞ്ഞ, നീണ്ട താടിയും വലിയ തലപ്പാവുമുള്ള ചില സമുദായ നേതാക്കള്‍ മുസ്ലിം സമൂഹത്തെ കൊണ്ടെത്തിക്കുന്ന അപകട ഗര്‍ത്തങ്ങളുടെ ആഴമളക്കുമ്പോള്‍ അവര്‍ക്ക് എന്തുകൊണ്ടും ഇണങ്ങുന്ന വിശേഷണമാണിത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ സമുദായത്തെ തളച്ചിട്ട് വലിയ സാമ്പത്തിക-അധികാര സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്ന പണ്ഡിതന്മാരുണ്ട്. എതിര്‍ ശബ്ദങ്ങള്‍ ഉയരാതിരിക്കാനും അനുയായികളെ ആവേശഭരിതരാക്കാനും ചിലപ്പോഴെങ്കിലും അടക്കി നിര്‍ത്താനും ഇവരുടെ കൈകളിലുള്ള ആയുധവും അന്ധവിശ്വാസങ്ങളുടെ പുകമറ തന്നെ. മനുഷ്യന്റെ ആത്മീയ ബോധവും ദൈവവിശ്വാസവും ചൂഷണം ചെയ്ത് പണവും പ്രശസ്തിയും നേടിയെടുക്കുന്ന കള്‍ട്ടുകള്‍ ജനങ്ങളെ യഥാര്‍ഥ ദൈവ മാര്‍ഗത്തില്‍നിന്നും തടയുക കൂടിയാണ് ചെയ്യുന്നത്. "വിശ്വാസികളേ, അധിക പണ്ഡിതന്മാരും പുരോഹിതരും ജനങ്ങളുടെ സമ്പത്ത് നിഷിദ്ധമാര്‍ഗേണ തിന്നുന്നവരും ദൈവമാര്‍ഗത്തില്‍ നിന്നും തടയുന്നവരുമാകുന്നു'' (അത്തൌബ 34). ഈ പ്രഖ്യാപനം എത്ര യാഥാര്‍ഥ്യമെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങളെമ്പാടുമുണ്ട് നമുക്കുമുമ്പില്‍. പണ്ഡിതന്മാര്‍ക്ക് വെളിച്ചമേകുന്ന ചന്ദ്രോദയമെന്ന് അനുയായികള്‍ ആവേശപൂര്‍വം പരിചയപ്പെടുത്തുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും കൂട്ടരും സമുദായത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കമ്പോള സാധ്യത വളരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടിവര്‍. മരിക്കുന്നതിനു മുമ്പ് ഇരുവിഭാഗം സുന്നികളും ആവേശപൂര്‍വം തോളിലേറ്റിയിരുന്ന സി.എം മടവൂര്‍ മരിച്ചപ്പോള്‍ സമസ്ത ഇ.കെ വിഭാഗത്തിന്റെ കൈകളിലാണ് മഖ്ബറയും ഉറൂസ് നടത്താനുള്ള ഔദ്യോഗിക പേറ്റന്റും വന്നണഞ്ഞത്. ഇതില്‍ അരിശം പൂണ്ടും വിപണന സാധ്യതകള്‍ കണക്ക് കൂട്ടിയും തൊട്ടിപ്പുറത്ത് മഖ്ബറയുടെ പുതിയ സോണല്‍ ഓഫീസ് തുടങ്ങി ഉറൂസും നേര്‍ച്ചയും ദിക്റും ദുആ സമ്മേളനങ്ങളും കെങ്കേമമായി കാന്തപുരം വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നു. മഖ്ബറ വ്യവസായത്തിന്റെ സാധ്യതയെയും സാധുതയെയും കുറിച്ച ഗവേഷണങ്ങളും പിടിച്ചടക്കലുകളും ഒരുവശത്ത് കേമമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. നാല്‍പത് കോടി രൂപാ ചെലവില്‍ മുസ്ലിം സമുദായത്തിന്റെ ആസ്ഥാനമായറിയപ്പെടുന്ന കോഴിക്കോട് നിര്‍മിക്കാന്‍ പോകുന്ന 'മുടിപ്പള്ളി' ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. നമസ്കരിക്കാന്‍ പള്ളിയില്ലാതെ വീര്‍പ്പുമുട്ടുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശ്വാസം പകരുക എന്ന സദുദ്ദേശ്യമല്ല ഈ പള്ളി നിര്‍മാണത്തിന്റെ പിന്നിലെ രഹസ്യം. പണമെറിഞ്ഞ് പണം നേടുക എന്ന മുച്ചീട്ട് കളിയുടെ മതകീയ രൂപമാണിത്. നാല്‍പത് കോടിയിറക്കിയാല്‍ അത് നാനൂറും നാലായിരവും കോടികളാക്കി മാറ്റാനുള്ള ചെപ്പടി വിദ്യകള്‍ ഇവര്‍ക്ക് നന്നായറിയാം. ഇന്ന് ഇന്ത്യയിലെ അറിയപ്പെട്ട മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളാണ് അജ്മീര്‍, ഏര്‍വാടി, നിസാമുദ്ദീന്‍, മമ്പുറം, പുത്തന്‍പള്ളി, ബീമാപള്ളി തുടങ്ങിയവ. ലക്ഷങ്ങളും കോടികളും മറിയുന്ന ഇത്തരം ആത്മീയ കേന്ദ്രങ്ങളെ പിന്തള്ളി വരുമാനത്തിലും തീര്‍ഥാടന പ്രവാഹത്തിലും ഒന്നാം നമ്പറായി നില്‍ക്കുന്ന ഒരു ആത്മീയ കച്ചവട കേന്ദ്രമാണ് കോഴിക്കോട് ഉയരാന്‍ പോകുന്നത്. ഇത്തരമൊരു വന്‍ സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടാണ് 'തിരുകേശം' തന്നെ കാന്തപുരം പുറത്തെടുത്തിരിക്കുന്നതും. കാരണം മുത്ത് നബിയുടെയും ഹുബ്ബുറസൂലിന്റെയും പേരില്‍ മുസ്ലിം സമുദായത്തെ എന്നും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനാകുമെന്ന കണക്ക് കൂട്ടല്‍ തന്നെ. നബി(സ)യുടെ മുടിയും വടിയും ആദരിക്കപ്പെടേണ്ടതുണ്ടെന്നും അതില്‍നിന്നും ബറക്കത്തെടുക്കുകയും ആഗ്രഹ സഫലീകരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും സമുദായത്തെ വളരെ നേരത്തെ ചൊല്ലിപ്പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വാണിജ്യ സാധ്യതയും കമ്പോളവല്‍ക്കരണവുമാണ് ശഅ്റെ മുബാറക് ഗ്രാന്റ് മസ്ജിദ് എന്ന പേരിലുള്ള ഈ മുടിപ്പള്ളി നിര്‍മാണത്തിന്റെ പിറകിലെ മതത്തേക്കാള്‍ വലിയ രാഷ്ട്രീയം. തിരുകേശ സൂക്ഷിപ്പിന് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് മാലോകരെ അറിയിക്കാനുള്ള മീഡിയാനെറ്റ്വര്‍ക്ക് വളരെ നേരത്തെതന്നെ തുടങ്ങി വെച്ചിട്ടുണ്ട്. മുഖസ്തുതിയും പ്രശംസകളും മനം കുളിര്‍ക്കെ ആസ്വദിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്തയാളാണ് കാന്തപുരമെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പ്രഭാഷണ വേദിയില്‍ സ്വാഗതപ്രസംഗകന്‍ ശൈഖുനയെ പ്രവാചകതുല്യനെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറുത്തൊരക്ഷരം ഉരിയാടാതെ ആത്മപുളകത്തോടെ കേട്ടിരിക്കുകയും അതേ വികാരത്തോടെ തന്റെ ഉദ്ഘാടന പ്രഭാഷണം നടത്തുകയും ചെയ്ത കാന്തപുരത്തെ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ അദ്ദേഹത്തെ പ്രവാചക സമാനമായി ചിത്രീകരിക്കുന്ന ഫീച്ചര്‍ പ്രത്യക്ഷപ്പെടുകയും അനുബന്ധമായി ചില വിവാദങ്ങള്‍ ഉയരുകയും ചെയ്തപ്പോഴും അര്‍ഥ ഗര്‍ഭമായ മൌനത്തിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ തിരുകേശ വിവാദം കത്തിപ്പടരുമ്പോഴും പ്രശംസകളുടെ പെരുമഴ ചൊരിയുന്ന അനുയായികളെ കണ്ട് ആനന്ദ നിര്‍വൃതി കൊള്ളുകയാണദ്ദേഹം. പ്രവാചകന്റേതെന്ന് പ്രചരിപ്പിക്കുന്ന 'വിശുദ്ധ മുടി' ശൈഖുനക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കഥ ഏറെ രസകരമാണ്. മുടി സൂക്ഷിപ്പിന്റെ അനന്തരാവകാശം തലമുറകളായി ലഭ്യമായിരിക്കുന്നത് ഡോ. അഹ്മദ് ഖസ്റജി എന്ന യു.എ.ഇ സ്വദേശിക്കാണത്രെ! അദ്ദേഹം ഒരു രാത്രി സ്വപ്നത്തിലൂടെ നബി തിരുമേനിയെ ദര്‍ശിക്കുകയും തന്റെ കൈവശമുള്ള 'തിരുകേശം' അങ്ങ് കേരളക്കരയിലുള്ള ഖമറുല്‍ ഉലമക്ക് കൈമാറണമെന്നറിയിക്കുകയും അപ്രകാരം അദ്ദേഹം കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെത്തുകയും ശൈഖുനായെ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് ഈ കഥയുടെ ചുരുക്കം. അനിതരസാധാരണമായ തൊലിക്കട്ടിയുടെ മേനിയില്‍ ഈ കള്ളക്കഥ സമുദായത്തിനകത്തും പുറത്തും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം എന്ന പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന് ഇറക്കിയ നോട്ടീസിലെ വരികള്‍ ഇങ്ങനെയാണ്: "മുത്ത് ഹബീബ്(സ) ഹജ്ജതുല്‍ വിദാഇല്‍ സഹാബയെ(റ) ഏല്‍പിച്ച വിശുദ്ധ കേശം പ്രസിദ്ധമായ ഖസ്റജ് ഗോത്രത്തിലെ ഇപ്പോഴത്തെ പ്രമുഖ വ്യക്തി മുത്ത് ഹബീബ്(സ)യുടെ നിര്‍ദേശ പ്രകാരം വന്ദ്യരായ കാന്തപുരം ഉസ്താദിനെ കോഴിക്കോട് സുന്നി മര്‍കസില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചിരിക്കുകയാണ്. അതെ, പ്രവാചക പ്രേമികള്‍ക്ക് ഇതിലപ്പുറം എന്ത് ആനന്ദമാണ് ഇനി വേണ്ടത്! മുത്ത് നബി(സ)ക്ക് ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിനെ തൃപ്തിപ്പെട്ടെന്ന് കേള്‍ക്കുമ്പോള്‍-അത് കേള്‍ക്കാനും ആനന്ദിക്കാനും നമുക്ക് ആയുസ്സ് നല്‍കിയ സര്‍വശക്തനായ നാഥാ നിനക്ക് സര്‍വസ്തുതിയും....'' വിശ്വാസത്തിന്റെ പേരില്‍ എന്തും വിറ്റഴിക്കാനാകുമെന്ന മാര്‍ക്കറ്റിംഗ് തന്ത്രമല്ലാതെ ഇതിന്റെ പിറകില്‍ മറ്റെന്താണുള്ളത്? തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും പ്രഫഷനല്‍ ടച്ചോടെ നടത്തിക്കൊണ്ടിരിക്കുന്ന ഈ വിഭാഗം തിരുകേശ പ്രദര്‍ശനവും പരമ്പരാഗത ആത്മീയ വിപണന രീതികളില്‍ നിന്നും മാറി വലിയ ഉദ്യാനവും കോണ്‍ഫറന്‍സ് ഹാളും ലൈബ്രറിയും അത്യന്താധുനിക സൌകര്യങ്ങളുമുള്ള ഗ്രാന്റ് മസ്ജിദിന്റെ പശ്ചാത്തലത്തില്‍ തന്നെയാകാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധതയും സാമൂഹിക പ്രതിബദ്ധതയും പോസ്ററുകളിലൂടെയും സമ്മേളന പ്രമേയങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രകടമാക്കി ജനങ്ങളെ കബളിപ്പിച്ച് നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തിനകത്ത് ഗുരുതരമായ വിശ്വാസ വൈകൃതങ്ങളുടെ വ്യാപനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാല, മൌലിദ്, ഖുതുബിയ്യത്ത്, റാത്തീബ്, ഉറൂസ്, ചന്ദനക്കുടം എന്നിത്യാദി ഏര്‍പ്പാടെല്ലാം ഇവര്‍ക്ക് പുണ്യകരമായ അനുഷ്ഠാനങ്ങള്‍ മാത്രമല്ല; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗം കൂടിയാണ്! സമൂഹത്തെ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയൊക്കെയാണ്. മാലമൌലിദുകള്‍ക്ക് ആധുനിക പരിവേഷം നല്‍കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വാദങ്ങളും തെളിവുകളും കൌതുകമുണര്‍ത്തുന്നതും ചിരിക്ക് വക നല്‍കുന്നതുമാണ്. മാല മൌലിദുകളെ ന്യായീകരിച്ച് രിസാല വാരികയില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്. "കീറ്റ്സിനെ വായിക്കുമ്പോള്‍ ഷെല്ലിയെ വായിക്കാത്തതെന്തുകൊണ്ട്?'' എങ്ങനെയുണ്ട് തലവാചകം! ആധുനികതയുടെ അവതാരകരായി ചമഞ്ഞ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന കാന്തപുരം ഉസ്താദിന്റെയും കൂട്ടരുടെയും മിടുക്ക് ഒന്ന് വേറെ തന്നെ! എ.പി വിഭാഗം സമസ്തയുടെയും മര്‍കസ് ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളുടെയും മറ്റ് സ്വത്ത് വകകളുടെയും സമ്പൂര്‍ണ കടിഞ്ഞാണ്‍ കാന്തപുരത്തിന്റെ കൈകളില്‍ ഭദ്രമാണെന്നാണ് കേള്‍വി. അദ്ദേഹത്തിന്റെ കാലശേഷം ആരുടെ കൈകളിലേക്കാണിതെല്ലാം എത്തേണ്ടതെന്നും അദ്ദേഹം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇത് തിരിച്ചറിഞ്ഞ കൂട്ടത്തിലെ അതിബുദ്ധിമാന്മാര്‍ സ്വന്തം സാമ്രാജ്യങ്ങള്‍ വെവ്വേറെ കെട്ടിപ്പൊക്കുകയും അവ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കുറ്റ്യാടിയിലും മലപ്പുറത്തും ഇതിന്റെ തെളിവുകളുണ്ട്. മലപ്പുറം മേല്‍മുറി 'സുന്നീ കേരള'ത്തിന്റെ ആത്മീയ തീര്‍ഥാടന കേന്ദ്രമായി മാറുംവിധമാണ് റമദാനിലെ ഇരുപത്തിയേഴാം രാവില്‍ അവിടെ നടക്കുന്ന സ്വലാത്ത് സമ്മേളനം. ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്ന ഈ സ്വലാത്ത് കച്ചവടത്തിലൂടെ ചിലര്‍ പ്രശസ്തിയുടെ കൊടുമുടി കയറുകയും ഒരുവേള കാന്തപുരത്തെ കവച്ചുവെക്കുന്ന ആത്മീയ വ്യക്തിപ്രഭാവം നേടിയെടുക്കുകയും ചെയ്യുന്നതായി സംസാരമുണ്ട്. ഈ സ്വലാത്ത് നഗറിന് മുടികൊണ്ടൊരു മറുപടിയാണോ 'മുടിപ്പള്ളി'യിലൂടെ കാന്തപുരത്തിന്റെ ലക്ഷ്യം?
തിരുകേശം ഡി.എന്‍.എ പരിശോധന വേണം ഒ.പി അബ്ദുസ്സലാം‌ ലോകത്ത് പലേടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ടെന്നവകാശപ്പെടുന്ന പ്രവാചകന്റെ സകലമുടികളും ഡി.എന്‍.എ ടെസ്റ്റിനു വിധേയമാക്കണം. ഈ പരിശോധനയിലൂടെ തര്‍ക്കമുടികള്‍ ഒരു തലയില്‍ നിന്നുള്ളതാണോ അതോ പല തലകളില്‍നിന്നുള്ളതാണോ എന്ന്... ഖസ്റജ് ഗോത്ര പ്രമുഖനും മുന്‍ അബൂദബി വഖ്ഫ് മന്ത്രിയുടെ മകനുമായ അഹ്മദ് ഖസ്റജി ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് കാരന്തൂരിലെ മര്‍കസ് സമാപന സമ്മേളനത്തില്‍ വെച്ച്, തനിക്കു പാരമ്പര്യമായി കിട്ടിയ പ്രവാചക മുടി എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറിയ വിവരം പുറത്തുവന്നതോടെ കേരളത്തിലെ മുസ്ലിം മത സംഘടനകള്‍ക്കിടയില്‍ വന്‍വിവാദത്തിന് വഴിതുറന്നിരിക്കുകയാണല്ലോ. കാന്തപുരത്തിന് മര്‍കസിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തില്‍ ലഭിച്ച ലോകോത്തര അവാര്‍ഡാണ് ഇതെന്നും തിരുമുടി കിട്ടിയത് തിരുനബിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണെന്നും അത് നടപ്പിലാക്കുക മാത്രമാണ് ഖസ്റജി ചെയ്തതെന്നുമൊക്കെയുള്ള വിശദീകരണങ്ങള്‍ പിറകെ വന്നെങ്കിലും, അത് പക്ഷേ, വിവാദ കോലാഹലങ്ങളെ തണുപ്പിക്കുന്നതോ മര്‍മ വിഷയങ്ങളെ സ്പര്‍ശിക്കുന്നതോ ആയില്ല. തിരുകേശം സൂക്ഷിക്കാന്‍ നാല്‍പത് കോടിയിലധികം ചെലവ് വരുന്ന ഗ്രാന്റ് മോസ്കും തീര്‍ഥാടന കേന്ദ്രവും കോഴിക്കോട് നഗരത്തിന്റെ പരിസരത്ത് നിര്‍മിക്കുമെന്ന പ്രസ്താവനയും കവലകള്‍ തോറും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതും പ്രശ്നത്തിന് വല്ലാത്തൊരു വൈകാരികമാനം നല്‍കിയിരിക്കുന്നു. ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ നോക്കുകുത്തിയാക്കുകയും വിശ്വാസികളെ അവരുടെ മുഖ്യദൌത്യത്തില്‍നിന്നു പിഴുതുമാറ്റുകയും ചെയ്യുന്ന തിരുകേശ പ്രശ്നം നിഷ്പക്ഷമായ ഒരു സ്കാനിങ്ങിന് വിധേയമാക്കുമ്പോള്‍ മൂന്നുമൌലിക ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു: ഒന്ന്, കശ്മീരിലെ ഹസ്രത്ത് ബാല്‍, കേരളത്തിലെ കാരന്തൂര്‍ മര്‍കസ്, തുര്‍ക്കിയിലെ ടോപ്കോപി മ്യൂസിയം എന്നീ കേന്ദ്രങ്ങളിലും ഈജിപ്ത്, യമന്‍, തുനീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഉണ്ടെന്ന് പറയപ്പെടുന്ന കേശങ്ങള്‍ ഒരാളുടേത് തന്നെയോ? രണ്ട്, എല്ലാ മുടികളും ഒരാളുടേത് തന്നെയെങ്കില്‍ അത് പ്രവാചകന്റേത് തന്നെയോ? മൂന്ന്, പ്രവാചകന്റേത് തന്നെയെന്ന് ഉറപ്പായാല്‍ ആ കേശംകൊണ്ട് ബര്‍ക്കത്തെടുക്കുന്ന കാര്യത്തില്‍ ഇസ്ലാമിന്റെ നിലപാടെന്ത്? ഒന്നാമത്തെ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ വളരെ എളുപ്പം. അനുദിനം വളര്‍ന്നു വികസിക്കുന്ന ശാസ്ത്രസിദ്ധികളുടെ തൂവെളിച്ചത്തില്‍ പരാമൃഷ്ട മുടിയുടെ പല നിഗൂഢതകളും ചുരുളഴിക്കാന്‍ നമുക്കിന്നു കഴിയും. പറഞ്ഞുവരുന്നത്, ലോകത്ത് പലേടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ടെന്നവകാശപ്പെടുന്ന പ്രവാചകന്റെ സകലമുടികളും ഡി.എന്‍.എ ടെസ്റിനു വിധേയമാക്കണമെന്നാണ്. ഈ പരിശോധനയിലൂടെ തര്‍ക്കമുടികള്‍ ഒരു തലയില്‍ നിന്നുള്ളതാണോ അതോ പല തലകളില്‍നിന്നുള്ളതാണോ എന്ന് ഏറ്റവും വിശ്വസനീയമായ രീതിയില്‍ കണ്ടെത്താനാവും. മാത്രമല്ല, മുടികളുടെ പ്രായവും അനുബന്ധകാര്യങ്ങളും കൂടി ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമാകുന്നതാണ്. വ്യത്യസ്ത കേന്ദ്രങ്ങളിലെ മുടികള്‍ തമ്മില്‍ സാമ്യതയും യോജിപ്പും ഉണ്ടെന്ന് സ്ഥാപിക്കപ്പെട്ടാല്‍, എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും മറ്റു മുടി ശ്രേഷ്ഠതാ വാദികള്‍ക്കും ഒന്നാമത്തെ കടമ്പ കടന്നതായി ആശ്വസിക്കാം. എന്നാല്‍, മുടികളൊക്കെ പല പ്രായത്തിലും പല നിറത്തിലും പല വലുപ്പത്തിലും പല കനത്തിലുമുള്ളതാണെന്ന് ടെസ്റില്‍ വ്യക്തമായാല്‍, അഥവാ കേശം പലരുടേതുമാണെന്ന് വന്നാല്‍ മുസ്ലിയാര്‍ക്കും അനുയായികള്‍ക്കും നന്നായി വിയര്‍ക്കേണ്ടിയും വരും. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. പൂച്ചക്ക് ആര് മണികെട്ടും? പ്രശ്നപരിഹാരത്തില്‍ നിര്‍ണായക പങ്കുവഹിച്ചേക്കാവുന്ന ഡി.എന്‍.എ പരിശോധനക്ക് ആര് മുമ്പോട്ട് വരും? ഇതെഴുതുന്ന ആളിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ തിരുകേശം ഇഷ്യു ആക്കിയ ആദ്യത്തെ ആളെന്ന നിലയില്‍ ഡി.എന്‍.എ പരിശോധനക്ക് മുന്‍കൈ എടുക്കേണ്ടത് അബൂബക്കര്‍ മുസ്ലിയാരാണ്. രണ്ടാമത്തെ സുപ്രധാന കാര്യം, ലഭ്യമായ മുടികള്‍ പ്രവാചകന്റേത് തന്നെയോ എന്ന് ഉറപ്പ് വരുത്തലാണ്. ഈ കാര്യം സംശയരഹിതമായി തെളിയിക്കേണ്ട ബാധ്യതയും എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കാണ്. കാരണം, വാദിയാണല്ലോ തെളിവുകള്‍ ഹാജരാക്കേണ്ടത്. അറിയപ്പെട്ട നിദാനശാസ്ത്രങ്ങള്‍ മുമ്പില്‍ വെച്ച് ഈ ബാധ്യത വൃത്തിയായി നിര്‍വഹിക്കാന്‍ എ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഖസ്റജിയുടെ അടുക്കലും പിന്നീട് കാരന്തൂരിലുമെത്തിയ മുടിയുടെ സനദ് പ്രഖ്യാത പണ്ഡിതന്മാര്‍ നിശ്ചയിച്ച കുറ്റമറ്റ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല. നബി(സ)യുടെ ഭാര്യ ഉമ്മുസലമയുടെ വശം പ്രവാചകന്റെ ഏതാനും ചില കേശങ്ങള്‍ ഉണ്ടായിരുന്നുവെന്നതോ, ഖാലിദ്ബ്നുല്‍ വലീദിന്റെ തൊപ്പിയില്‍ തിരുകേശം തിരുകിവെച്ചിരുന്നുവെന്നതോ, ഉമ്മുസലമ രോഗശമനത്തിന് മുടി ഉപയോഗിച്ചിരുന്നുവെന്നതോ അബൂബക്കര്‍ മുസ്ലിയാര്‍ക്കു കിട്ടിയ മുടിയുടെ അംശം മുഹമ്മദ് നബി(സ)യുടേതാണെന്നതിന് തെളിവാകുന്നില്ല. അത് പണ്ഡിതന്മാര്‍ നിശ്ചയിച്ച സുതാര്യമായ സനദുകളിലൂടെ സ്ഥാപിക്കപ്പെടുക തന്നെവേണം. അന്യൂനമായ ഈ മാര്‍ഗം സര്‍വാത്മനാ അംഗീകരിക്കുന്നതിനുപകരം, കേശം കാന്തപുരം മുസ്ലിയാര്‍ക്കുകൊടൂക്കാന്‍ ഖസ്റജിയോടു നബി കല്‍പിച്ചു, നബി കാന്തപുരത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയ അതിബാലിശങ്ങളായ ന്യായീകരണ ങ്ങളുമായി രംഗത്തിറങ്ങിയത് പ്രശ്നത്തെ കൊച്ചാക്കലാണ്. സ്വീകാര്യവും സ്ഥിരപ്പെട്ടതുമായ സനദ് വഴിയാണ് പ്രവാചക മുടി അഹ്മദ് ഖസ്റജിയില്‍ എത്തിച്ചേര്‍ന്നതെന്ന് ഉറപ്പായാല്‍ ബര്‍ക്കത്തെടുക്കപ്പെടാമോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. ബര്‍ക്കത്തെടുക്കുക എന്നത് കൊണ്ട് തല്‍പരകക്ഷികള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാകുമ്പോഴേ ഈ ചോദ്യത്തിന്റെ ശരിയുത്തരം അടയാളപ്പെടുത്താനാവൂ. ദൈവേതര സൃഷ്ടികളില്‍നിന്ന്(അത് വ്യക്തിയാവട്ടെ, വസ്തുവാകട്ടെ) അഭൌതികവും അദൃശ്യവുമായ രീതിയില്‍ നന്മയും ഗുണവും മോക്ഷവും ലഭിക്കുമെന്ന ഉദ്ദേശ്യത്തോടെയാണ് ബര്‍ക്കത്തെടുക്കുന്നതെങ്കില്‍ അത്തരം ബര്‍ക്കത്തെടുക്കല്‍ ശിര്‍ക്കാകുമെന്നതില്‍ സംശയിക്കാനില്ല. ഇസ്ലാമിന്റെ മൌലികാശയങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും തനി വിരുദ്ധമായ ഇത്തരം വേലകള്‍ നബിതിരുമേനിയോ ഖലീഫമാരോ സച്ചരിതരായ സ്വഹാബികളോ ഒട്ടും അംഗീകരിച്ചിട്ടില്ല. ലക്ഷത്തിലേറെ വരുന്ന സ്വഹാബികളില്‍ വിരലിലെണ്ണാവുന്ന ചിലരിലേക്ക് ചേര്‍ത്തുകൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നത് പൊക്കിപ്പിടിക്കാന്‍ കേശാനുകൂലികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അവലംബിക്കാവുന്ന യാതൊരു തെളിവുകളുടെയും പിന്‍ബലം അവര്‍ക്കില്ല. കാരണം, ഹദീസുകളില്‍ ചിലത് സ്വഹാബികള്‍ക്കു ശേഷം വരുന്ന താബിഇന്റെ നിഗമനങ്ങളാണ്. വേറെ ചില ഹദീസുകളുടെ നിവേദക പരമ്പരകളില്‍ അനഭിമതരുമുണ്ട്. ഇനി സ്വഹാബികളില്‍ ചിലര്‍ വിശുദ്ധ കേശംകൊണ്ട് ബര്‍ക്കത്തെടുത്തുവെന്നു സമ്മതിച്ചാല്‍ തന്നെ, അത് പ്രവാചക കേശത്തിന് അപ്രമാദിത്വം നല്‍കിയത് കൊണ്ടോ, അലൌകികമോ അദൃശ്യമോ ആയ രൂപത്തില്‍ അവക്ക് ഗുണമോ ഉപകാരമോ ചെയ്യാന്‍ കഴിവുണ്ടെന്ന് വിശ്വാസമുള്ളത് കൊണ്ടോ, അല്ലെങ്കില്‍ ഇന്നത്തെ പോലെ മുടി ജലം വിറ്റ് കാശാക്കുന്ന കച്ചവടക്കണ്ണുള്ളത് കൊണ്ടോ ആയിരുന്നില്ലെന്ന് തീര്‍ച്ച. മുഹമ്മദ് നബിയുടെ കേശം വ്യക്തിതലത്തിലും സാമൂഹിക തലത്തിലും സര്‍വപ്രശ്നപരിഹാരിയും സകലരോഗ വിനാശിനിയുമാണെങ്കില്‍ പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ ഞെരിഞ്ഞമരേണ്ടി വന്ന ദുരന്തനാളുകളില്‍ ഒരു ഖലീഫയോ ഇമാമോ നബികേശ പാനീയം സേവിക്കാന്‍ ഉമ്മത്തിനോടു ഉപദേശിച്ചതായി കേട്ടിട്ടില്ല. നബിക്കുശേഷം ഒന്നാമനായി അറിയപ്പെട്ട അബൂബക്കര്‍ സിദ്ദീഖ് രോഗം ബാധിച്ച് അവശനായപ്പോഴും, നീതിയുടെ ആര്‍ദ്ര രൂപമായ രണ്ടാം ഖലീഫ വിഷത്തില്‍ മുക്കിയ കത്തിയാക്രമണത്തില്‍ മരണത്തോട് മല്ലിട്ടപ്പോഴും ആരും അവര്‍ക്ക് വിശുദ്ധ കേശജലം കൊടുത്തില്ല. ആ വെള്ളം അവര്‍ ആവശ്യപ്പെട്ടുമില്ല. ചരിത്രത്തിന്റെ ദശാസന്ധികളില്‍ പലപ്പോഴും നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്ന ഒരുപാട് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പരീക്ഷണങ്ങളുടെ ഉഗ്രസുനാമികള്‍ മുസ്ലിം സമൂഹത്തിന് നേരെ അരങ്ങേറി. താര്‍ത്താരീ ആക്രമണം, സ്പെയ്ന്‍ ദുരന്തം, പതിമൂന്നു നൂറ്റാണ്ടിനു ശേഷമുള്ള ഖിലാഫത്തിന്റെ പതനം, 1967ലെ ഇസ്രയേല്‍ യുദ്ധം.... അങ്ങനെ പലതും. എന്നിട്ടും അത്യത്ഭുത സിദ്ധികളുടെ മഹാസങ്കേതമെന്നു പ്രഘോഷിക്കപ്പെടുന്ന തിരുമുടികളില്‍ ഒന്നുപോലും നമ്മെ കടാക്ഷിച്ചില്ല. എന്താണതിന്റെ കാരണം?
ആത്മീയവാണിഭത്തിലെ തിരുമുടിക്കാഴ്ചകള്‍ കെ.ടി ഹുസൈന്‍‌ ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രധാന സവിശേഷത കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസമാണ്. ഇസ്‌ലാമിന്റെ ലാളിത്യവും ഗരിമയും മാത്രമല്ല, മാനസികവും ശാരീരികവും ചിന്താപരവുമായ എല്ലാതരം അടിമത്തങ്ങളില്‍നിന്നും മനുഷ്യന് മുക്തി നല്‍കുന്ന അതിന്റെ സാമൂഹികതയും വിമോചനപരതയുമെല്ലാം കുടികൊള്ളുന്നതും ഏകദൈവ സങ്കല്‍പത്തില്‍ തന്നെ. ഏതൊരു മതത്തിന്റെയും അടിസ്ഥാന സങ്കല്‍പത്തെ മൂര്‍ത്തമായി പ്രതീകവത്കരിക്കുന്നതായിരിക്കും അവയുടെ ആരാധനാ ക്രമം. ആ നിലക്ക് ഇസ്‌ലാമിലെ അതിപ്രധാന ആരാധനയായ നമസ്‌കാരവും അതിന്റെ പ്രധാന ഇടമായ പള്ളിയുമെല്ലാം കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ പ്രകാശന വേദികളാണ്. ലോകത്തെവിടെയും മുസ്‌ലിം പള്ളികളില്‍, ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും കാണപ്പെടുന്നതു പോലെ ഒന്നിന്റെയും പ്രതിഷ്ഠകളില്ലാത്തത് അതുകൊണ്ടാണ്. രൂപരഹിതനും സര്‍വശക്തനും സര്‍വവ്യാപിയുമായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നത് അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ഈ നിലപാടിനെയാണ് 'തിരുകേശത്തിനൊരുത്തമ കേന്ദ്രം' എന്ന നിലയില്‍ മലബാറിലെവിടെയോ നിര്‍മിക്കാന്‍ പോകുന്ന ശഅ്‌റെ മുബാറക് മസ്ജിദ് വെല്ലുവിളിച്ചിരിക്കുന്നത്. അതിനാല്‍ 'മുടിപ്പള്ളി'യുടെ പ്രമോട്ടറായ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ കൈവശമുള്ള തിരുകേശത്തില്‍ തിരുകോശം ഉണ്ടായാലും ഇല്ലെങ്കിലും ഗൗരവമായ പരിശോധനയും വിശകലനവും അര്‍ഹിക്കുന്ന ഗുരുതരമായ ചില മത സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതിനകം വിവാദമായിത്തീര്‍ന്ന നിര്‍ദിഷ്ട പള്ളിനിര്‍മാണം ഉയര്‍ത്തുന്നുണ്ട്. കാന്തപുരം വിരുദ്ധരായ സമസ്ത നേതാക്കളും പണ്ഡിതന്മാരും ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഖസ്‌റജി സ്‌പോണ്‍സര്‍ ചെയ്ത മുടി പ്രവാചകന്റേത് തന്നെയാണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കാന്തപുരത്തിനും തല്‍പരകക്ഷികള്‍ക്കും സാധിച്ചാല്‍ പോലും മുടിയുടെ പേരിലുള്ള പള്ളിനിര്‍മാണത്തെ ലാഘവത്തോടെ അനുവദിച്ചുകൊടുക്കാന്‍ കഴിയാത്തവിധമുള്ള സാമൂഹിക രാഷ്ട്രീയ മത പ്രശ്‌നങ്ങളാണ് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തിരുകേശം സൂക്ഷിക്കാന്‍ വേണ്ടി പള്ളി എന്നത് ഇസ്‌ലാമില്‍ പള്ളിനിര്‍മാണത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന നടപടിയാണെന്നതാണ്. യാതൊരു വിധ പ്രതീകത്തിന്റെയോ പ്രതിഷ്ഠകളുടെയോ സഹായം കൂടാതെ അല്ലാഹുവിനെ ആരാധിക്കുക എന്നത് മാത്രമായിരിക്കണം പള്ളിനിര്‍മാണത്തിന്റെ ഒരേയൊരു ലക്ഷ്യം. ഭക്തിയുടെ പേരില്‍ പടുത്തയര്‍ത്തപ്പെട്ട പള്ളി എന്ന ഖുര്‍ആനിക പ്രസ്താവന പള്ളിനിര്‍മാണത്തിന്റെ ഈയൊരു ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാലം വരെ ലോകത്ത് എല്ലായിടത്തും ഈ ഒരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് പള്ളി നിര്‍മിക്കപ്പെട്ടിട്ടുള്ളതും. എന്നാല്‍, പ്രവാചകന്റെ മുടി സൂക്ഷിക്കാനുള്ള ശഅ്‌റെ മുബാറക് മസ്ജിദ് ലക്ഷ്യം വെക്കുന്നത് നമസ്‌കാരം ആഗ്രഹിക്കുന്ന ഭക്തജനങ്ങളെയല്ല. മറിച്ച്, പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ തിരുകേശം ദര്‍ശിക്കാനും കേശമിട്ട വെള്ളം പാനം ചെയ്ത് ആഗ്രഹ സഫലീകരണം നേടാനും കൊതിക്കുന്ന തീര്‍ഥാടകരായ ഭക്തജനങ്ങളെയാണ്. ഈ ഭക്തി പ്രകടനം വളരെ പെട്ടെന്നുതന്നെ തിരുകേശ പൂജയിലേക്ക് വഴിമാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കേശവാഹകര്‍ ആത്യന്തികമായി ലക്ഷ്യമാക്കുന്നതും അതുതന്നെയാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യത്തെളിവുകളും ധാരാളം. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു വെളിയിലും ജീര്‍ണമായി കിടക്കുന്ന പല മഖ്ബറകളും കണ്ടെത്തി പുനരുദ്ധരിക്കുകയും അവിടം ഭക്തിവ്യവസായ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആത്മീയ വാണിഭക്കാരാണ് ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രായോജകര്‍ എന്നത് തന്നെ ഇക്കാര്യം ഉറപ്പിക്കാന്‍ മതിയായ തെളിവാണ്. പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത മദീനയിലെ റൗദാ ശരീഫ് 'നവീന വാദികളുടെ' നിയന്ത്രണത്തിലായതിനാല്‍ അവിടെ നടക്കാതെ പോയ ഭക്തി വ്യവസായവും പുണ്യവാള പൂജയും എവിടെ നിന്നോ ഒപ്പിച്ചെടുത്ത ഒരു മുടി നാരിഴയുടെ ബലത്തില്‍ കേരളത്തില്‍ പൊടി പൊടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ശഅ്‌റെ മുബാറക് പള്ളിനിര്‍മാണം എന്നതാണ് ഇതിലടങ്ങിയ ഏറ്റവും അപകടകരമായ വശം. അതുകൊണ്ടു തന്നെ ശഅ്‌റെ മുബാറക് കേവലം ഒരു പള്ളിനിര്‍മാണത്തിന്റെയോ തിരുകേശം കൊണ്ട് പുണ്യം നേടുന്നതിന്റെയോ പ്രശ്‌നമല്ല. മറിച്ച്, ദുര്‍ഗ്രാഹ്യതയോ നിഗൂഢതയോ ഇല്ലാത്ത, ശുദ്ധവും ലളിതവുമായ ഇസ്‌ലാമിന്റെ ആത്മീയതയെ വിപണികേന്ദ്രീകൃതവും നിഗൂഢവുമായ ആത്മീയത കൊണ്ട് പകരം വെക്കാനുള്ള വിപുലവും വിശാലവുമായ ഒരാത്മീയ പ്രോജക്ടിന്റെ ചൂരടിയാണ് ശഅ്‌റെ മുബാറകില്‍നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെളിച്ചു പറഞ്ഞാല്‍, ഒരു സത്യസായി ബാബക്കോ അമൃതാനന്ദ മയിക്കോ ഇടം അനുവദിക്കാത്ത ഇസ്‌ലാമിന്റെ ആത്മീയ പരികല്‍പനയെ അപനിര്‍മിച്ചുകൊണ്ട് ഈ പള്ളി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന മതപുരോഹിതനെ കേന്ദ്രമാക്കി കേരളത്തില്‍ ഒരു ആള്‍ദൈവവ്യവസായം പടുത്തുയര്‍ത്തുകയാണ് യഥാര്‍ഥത്തില്‍ ശഅ്‌റെ മുബാറക് ലക്ഷ്യമിടുന്നത്. ഇതിന് മണ്ണും മനസ്സും മസ്തിഷ്‌കവും പാകപ്പെടുത്തുന്ന തരത്തിലുള്ള ജ്ഞാനനിര്‍മിതിയും കുറെക്കാലങ്ങളായി പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നടന്നുകൊണ്ടിരിക്കുന്നുണ്ട്. വിശുദ്ധദിനം, പുണ്യജലം, പുണ്യഭൂമി എന്നിവയെക്കുറിച്ചെല്ലാം എ.പി വിഭാഗം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സങ്കല്‍പങ്ങള്‍ തിരുകേശം അടിസ്ഥാനമാക്കിയുള്ള ആള്‍ദൈവ വ്യവസായത്തിന് നിലമൊരുക്കുന്നതിനുള്ള ജ്ഞാന നിര്‍മിതികളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഇസ്‌ലാമിന്റെ കാഴ്ചപാടനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനം ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര്‍ എന്ന രാവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മാനവരാശിക്ക് സന്മാര്‍ഗദര്‍ശനവും വിമോചന മന്ത്രവുമായ പരിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് നാന്ദി കുറിക്കപ്പെട്ട ദിനം എന്നതാണ് ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യത്തിന് നിദാനം. എന്നാല്‍ മുടിപ്പള്ളിയുടെ പ്രായോജകര്‍ ഇപ്പോള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇസ്‌ലാമിലെ ഏറ്റവും പുണ്യമുള്ള ദിനം ലൈലത്തുല്‍ ഖദ്‌റല്ല, മറിച്ച് പ്രവാചകന്‍ പിറന്നു വീണ റബീഉല്‍ അവ്വല്‍ പന്ത്രണ്ടാണെന്നാണ്. ഇസ്‌ലാമില്‍ വിശുദ്ധഭൂമി എന്ന വല്ല സങ്കല്‍പവുമുണ്ടെങ്കില്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത് രണ്ട് ഹറമുകളും ബൈത്തുല്‍ മഖ്ദിസും സ്ഥിതി ചെയ്യുന്ന ഭൂമിയാണ്. എന്നാല്‍ കേശ വിപണിയുടെ മൊത്ത കച്ചവടക്കാര്‍ ഈയിടെ പറയാന്‍ തുടങ്ങിയിരിക്കുന്നത് പുണ്യഭൂമി പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ഭൂമിയിലെ മണ്ണാണെന്നാണ്. സംസം വെള്ളത്തേക്കാള്‍ പുണ്യം പ്രവാചകന്റെ കേശമിട്ട വെള്ളമാണെന്നതാണ് മറ്റൊരു അപനിര്‍മാണം. പ്രവാചകനെ അടിസ്ഥാനമാക്കിയുള്ള ഈ അപനിര്‍മാണങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത് വ്യാജം എന്ന് ഇതിനകം തന്നെ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞ തിരുമുടി കെട്ടിനെ വില്‍പനച്ചരക്കാക്കുന്ന ഒരാത്മീയ വ്യവസായ കേന്ദ്രം കെട്ടിപൊക്കുന്നതിനുള്ള ജ്ഞാനപരിസരം ഒരുക്കലാണ്. ഇത്തരം ജ്ഞാന നിര്‍മിതികള്‍ക്കെല്ലാം മകുടം ചാര്‍ത്തുംവിധം കേശത്തിന്റെ സൂക്ഷിപ്പുകാരനായ ഉസ്താദ് സ്വപ്നത്തിലൂടെ നിരന്തരം പ്രവാചകനുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രചാരണവും തിരുകേശത്തിന്റെ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവുകളായ ശിഷ്യന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സ്വപ്നത്തിലൂടെയുള്ള പ്രവാചകന്റെ നിര്‍ദേശ പ്രകാരമാണത്രെ കേശ ദാതാവായ അഹ്മദ് ഖസ്‌റജി തന്റെ കൈവശമുള്ള തിരുമുടിക്കെട്ടുകള്‍ കാന്തപുരത്തിന് കൈമാറിയത്. കോഴിക്കോട് ജില്ലയില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു മഖ്ബറ വ്യവസായകേന്ദ്രം ഈയിടെ താജുല്‍ ഉലമയെയും ഖമറുല്‍ ഉലമയെയും ആത്മീയതയുടെ പൊന്നാട അണിയിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കുക. ഖമറുല്‍ ഉലമ എ.പി ഉസ്താദിനെ പ്രധാന ദിവ്യനാക്കി അണിയറയില്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന ഒരാള്‍ദൈവവ്യവസായത്തിന്റെ എല്ലാ ചേരുവകളും ഈ പ്രചാരണത്തില്‍ മണക്കുന്നുണ്ട്. പൊതുസമൂഹത്തെ സംബന്ധിച്ചേടത്തോളം തിരുമുടിപ്പള്ളി തീര്‍ഥാടന കേന്ദ്രമാകുന്നതിലോ അതിന്റെ സൂക്ഷിപ്പുകാരനായ മതപുരോഹിതന്‍ ആള്‍ ദൈവമാകുന്നതിലോ പ്രത്യേകിച്ച് വിരോധമൊന്നും ഉണ്ടാവുകയില്ല; സന്തോഷമേ ഉണ്ടാകൂ. ഇസ്‌ലാമിനെ തദ്ദേശീയമായി പുനര്‍നിര്‍മിക്കാനുള്ള നടപടി എന്ന് ചില ബുദ്ധിജീവികള്‍ അതിന് സൈദ്ധാന്തിക ഭാഷ്യം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. സവര്‍ണ ഹിന്ദുത്വ കാഴ്ചപ്പാടിന് അധീശത്വമുള്ള നമ്മുടെ സെക്യുലര്‍ പൊതുമണ്ഡലത്തിന് ഇപ്പോഴും ദഹിക്കാത്ത ഒന്നാണ് ഇസ്‌ലാമിന്റെ സാര്‍വദേശീയ സ്വഭാവം. ഇസ്‌ലാമിനെ ഭാരതവത്കരിക്കണമെന്ന് ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്ന മുറവിളി ഈ ദഹിക്കായ്മയുടെ പുളിച്ച് തികട്ടലാണ്. ഹിന്ദുമതത്തിന്റെ പല ചേരുവകളും ചേര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ വികസിപ്പിച്ച ദീനെ ഇലാഹി എന്ന പുതിയ മതം അഹ്മദ് സര്‍ഹിന്ദിയെപ്പോലുള്ള മതപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ചെറുത്ത് നില്‍പുകാരണം ഗര്‍ഭത്തിലേ അലസിപ്പോയെങ്കിലും ഇസ്‌ലാമിനെ തദ്ദേശീയമാക്കാനുള്ള ശ്രമം എന്ന നിലയില്‍ ഇപ്പോഴും നമ്മുടെ സെക്യുലര്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അതിനാല്‍ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ആഗ്രഹ സഫലീകരണത്തിന് ആശ്രയിക്കാവുന്ന ഒരു തീര്‍ഥാടന കേന്ദ്രമായി ഭാവിയില്‍ ഈ മുടിപ്പള്ളി മാറുമ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍പ്പുരയായി പോലും ശഅ്‌റെ മുബാറക് മസ്ജിദ് വാഴ്ത്തപ്പെട്ടുകൂടായ്കയില്ല! പക്ഷേ, അതിന് കൊടുക്കേണ്ടിവരുന്ന വില കാലാതിവര്‍ത്തിയും ദേശാതിവര്‍ത്തിയുമായ ഇസ്‌ലാമിന്റെ കലര്‍പില്ലാത്ത ആദര്‍ശവും ആചാരങ്ങളും ചിഹ്നങ്ങളുമായിരിക്കുമെന്നതാണ് യഥാര്‍ഥ മതബോധമുള്ളവരെയും പ്രവാചക സ്‌നേഹികളെയും അലോസരപ്പെടുത്തുന്നത്. തിരുശേഷിപ്പുകളുടെ പുണ്യം പ്രാമാണിക ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണെന്നും ലോകത്ത് പല പള്ളികളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് വിമര്‍ശകരുടെ നാവടക്കാനായി മുടി പ്പള്ളിയുടെ വക്താക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രവാചകന്റെ അപൂര്‍വം ചില സ്വഹാബികള്‍ തിരുേശഷിപ്പുകള്‍ കൈവശം വെച്ചുവെന്നല്ലാതെ അവരാരും പുണ്യം വിതരണം ചെയ്യാനുള്ള ഉപാധിയായി അതിനെ ഉപയോഗപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമിലോ മദീനയിലെ മസ്ജിദുന്നബവിയിലോ ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലോ ഏതെങ്കിലും കാലത്ത് തിരുശേഷിപ്പുകള്‍ പ്രദര്‍ശനത്തിന് വെച്ചതിനും ചരിത്ര രേഖകളില്ല. തിരുശേഷിപ്പുകള്‍ പുണ്യം നേടാനുള്ള ഉപാധിയായിരുന്നുവെങ്കില്‍ അവ ഏത് നിലക്കും സൂക്ഷിക്കപ്പെടാന്‍ ഏറ്റവും യോഗ്യമായത് മുസ്‌ലിം ലോകം തീര്‍ഥാടന കേന്ദ്രമായി കരുതുന്ന ഈ മൂന്ന് പള്ളികളിലായിരുന്നുവല്ലോ. ചരിത്ര സ്മാരകം എന്ന നിലക്കുള്ള പ്രാധാന്യം തീര്‍ച്ചയായും തിരുശേഷിപ്പുകള്‍ക്കുണ്ട്. പുരാവസ്തു സംരക്ഷണത്തിന്റെ ഭാഗമായി മുസ്‌ലിം ലോകത്തെ ചില പള്ളികളിലും മ്യൂസിയങ്ങളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട് എന്നതിനെയും നമുക്ക് നിഷേധിക്കേണ്ടതില്ല. എന്നാല്‍, അവയൊന്നും ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രമോട്ടര്‍മാര്‍ ലക്ഷ്യമിടുന്ന തരത്തിലുള്ള തീര്‍ഥാടന കേന്ദ്രങ്ങളോ പുണ്യ വില്‍പന ശാലകളോ അല്ല. ഇന്ത്യയില്‍ തന്നെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദല്‍ഹിയിലെ ജുമാ മസ്ജിദോ കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദോ തിരുശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട പള്ളികളല്ല. പള്ളി നിര്‍മിക്കപ്പെടുന്നതിന് എത്രയോ കാലങ്ങള്‍ക്കു ശേഷം ആരിലൂടെയോ കൈമാറി കിട്ടിയ 'തിരുശേഷിപ്പുകള്‍' അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രം. തങ്ങളുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട ഏതൊരു ചരിത്ര സ്മാരകവും മുസ്‌ലിംകളെ വൈകാരികമായി സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം മറ്റേതൊരു ചരിത്ര സ്മാരകത്തേക്കാളും കൂടുതലായിരിക്കുമെന്നതിലും തര്‍ക്കമില്ല. ഈ വൈകാരിക സ്വാധീനം സ്വന്തം നിലക്ക് മോശമോ വിമര്‍ശിക്കപ്പെടേണ്ടതോ അല്ല. ഈ വൈകാരിക സ്വാധീനം തന്നെയാണ് ചില പ്രവാചക ശിഷ്യന്മാരെ തിരുശേഷിപ്പുകള്‍ കൈവശം വെക്കാന്‍ പ്രേരിപ്പിച്ചതും. പ്രവാചകന്റെ ഏറ്റവും പ്രധാന തിരുശേഷിപ്പായ പ്രവാചക ചര്യയും അദ്ദേഹം ലോകത്ത് നടപ്പിലാക്കി മാതൃക കാട്ടിയ ജീവിത ക്രമവും സ്വന്തം ജീവിതത്തില്‍ മുറുകെ പിടിക്കാനും അതിനെ ലോകത്ത് സ്ഥാപിക്കാനും കൂടുതല്‍ ആവേശവും കര്‍മചൈതന്യവും പ്രവാചകന്റെ ഭൗതിക തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം ചില പ്രവാചക ശിഷ്യന്മാരില്‍ ഉളവാക്കിയിരുന്നുവെന്നാണ് ഖാലിദിന്റെ പടതൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന പ്രവാചക കേശത്തില്‍ നിന്ന് നമുക്ക് വായിക്കാനാകുന്നത്. എന്നാല്‍, തിരുശേഷിപ്പുകളുടെ ഈ വൈകാരിക സ്വാധീനത്തെ ചൂഷണം ചെയ്ത് ആള്‍ദൈവ വ്യവസായ കേന്ദ്രം പടുത്തുയര്‍ത്തുന്നതും മുസ്‌ലിം ജനസാമാന്യത്തെ അരാഷ്ട്രീയവത്കരിക്കാന്‍ ഉതകുംവിധം അവരെ അന്ധവിശ്വാസത്തിന്റെ മായാകാഴ്ചകള്‍ക്കടിമപ്പെടുത്തുന്നതും പ്രവാചക സ്‌നേഹമല്ല; പ്രവാചക നിന്ദയാണ്. കേരളത്തിലെ മുസ്‌ലിംകള്‍ ഇന്നൊരു വന്‍ പ്രതിസന്ധിയുടെ നടുവിലാണ്. മുസ്‌ലിം ബഹുജനങ്ങളല്ല ഒരിക്കലും ഈ പ്രതിസന്ധിക്കുത്തരവാദികള്‍. കാരണം ഇന്ന് ലോകത്തേറ്റവും ചടുലവും ചലനാത്മകവുമായ സമുദായമാണ് കേരളത്തിലെ മുസ്‌ലിംകള്‍. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ് മത്സര പരീക്ഷകളില്‍ മുസ്‌ലിംകളുടെ, പ്രത്യേകിച്ചും അവരിലെ മഫ്ത കുത്തിയ പെണ്ണുങ്ങളുടെ തള്ളിക്കയറ്റം പലരെയും അത്ഭുതപ്പെടുത്തുകയും ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉപഭോഗവസ്തുക്കളുടെ മാത്രമല്ല, പത്രപ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും പ്രധാന മാര്‍ക്കറ്റും ഇന്ന് മുസ്‌ലിംകളായി മാറിയിരിക്കുന്നു. കല, സാഹിത്യം, സിനിമ, സംസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് മുസ്‌ലിം പുതുതലമുറയുടെ സജീവ സാന്നിധ്യമുണ്ട്. ബൗദ്ധികവും ധൈഷണികവുമായ മണ്ഡലങ്ങളിലെ പല നടപ്പ് ശീലങ്ങളെയും വാര്‍പ്പ് മാതൃകകളെയും യാതൊരപകര്‍ഷതയും കൂടാതെ ചോദ്യം ചെയ്യാനും അവര്‍ ധൈര്യപ്പെടുന്നു. ഈ പ്രബുദ്ധത മറ്റെന്തിനേക്കാളും കടപ്പെട്ടിരിക്കുന്നത് മരുഭൂമിയില്‍ ആടുജീവിതം നയിച്ചുകൊണ്ടാണെങ്കിലും കേരളത്തിലേക്ക് പ്രവഹിക്കുന്ന ഗള്‍ഫ് പണത്തോടാണെന്നതും വസ്തുതയാണ്. ചുരുക്കത്തില്‍ കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ മാത്രമല്ല, പല ഏങ്കോണിപ്പുകളുമുള്ള കേരളത്തിന്റെ പൊതു മണ്ഡലത്തെ തന്നെ പുനര്‍നിര്‍മിക്കാന്‍ വരെ കരുത്തും ശേഷിയുമുള്ള പുതു മുസ്‌ലിം തലമുറയാണ് ഇന്നിന്റെ ഗര്‍ഭാശയത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ അര്‍ഹിക്കുന്ന ഒരു നേതൃത്വം ഇല്ല എന്നതിലാണ് മുകളില്‍ സൂചിപ്പിച്ച പ്രതിസന്ധിയുടെ വേരുകള്‍ കിടക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ജീര്‍ണമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരള മുസ്‌ലിംകള്‍ക്ക് വിധിച്ചിട്ടുള്ളത്. ആരോപണങ്ങളും കളങ്കങ്ങളും ജനസമ്മതി കൂട്ടി എന്ന് അഹങ്കരിച്ചുകൊണ്ട് ആ നേതൃത്വം മുസ്‌ലിം പ്രബുദ്ധതയെ നോക്കി പല്ലിളിക്കുകയാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ സൃഷ്ടിയായ മുസ്‌ലിം രാഷ്ട്രീയത്തെ എന്നും തന്റെ ചൊല്‍പടിയില്‍ നിര്‍ത്തുന്നതിന് ഒരു രാഷ്ട്രീയ വിരുതന്‍ കൃത്രിമമായി രൂപപ്പെടുത്തിയെടുത്ത ആത്മീയ കുടുംബത്തിന്റെ തണല്‍ ലഭിക്കുന്നതു കൊണ്ടാണ്, ആ നേതൃത്വത്തിന് മുസ്‌ലിം പ്രബുദ്ധതയെയും മുസ്‌ലിം ബഹുജനങ്ങളുടെ സഹജമായ ധാര്‍മിക ബോധത്തെയും ഇത്രമാത്രം പരിഹാസ്യമാക്കി മാറ്റാന്‍ കഴിയുന്നത്. ജീര്‍ണമായ ഈ രാഷ്ട്രീയ നേതൃത്വത്തോട് തഞ്ചവും തരവും നോക്കി സംഘര്‍ഷപ്പെട്ടും സമവായത്തിലെത്തിയും സമാന്തരമായി മറ്റൊരാത്മീയ കേന്ദ്രം പടുത്തുയര്‍ത്താനുള്ള കാന്തപുരത്തിന്റെ പടപ്പുറപ്പാട് നടേ പറഞ്ഞ മുസ്‌ലിം പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുകയേയുള്ളൂ. മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ ഈ നവ ആത്മീയ നേതൃത്വത്തിന്റെയും ശക്തി ധാര്‍മിക ജീവിതത്തെ കളങ്കിതമാക്കിയ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളുമാണെന്ന് വരുമ്പോള്‍ നാം ചിരിക്കുകയാണോ വേണ്ടത് അതോ കരയുകയോ?
തിരുകേശം അവകാശവാദം സത്യമല്ല ഡോ. ബഹാഉദ്ദീന്‍ നദ്‌വി‌ കേശ ദാതാവ് എന്ന് പറയപ്പെടുന്ന യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ 2009-ല്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങില്‍ അവിടെയുള്ള അലവിക്കുട്ടി ഹുദവി എന്ന ദാറുല്‍ ഹുദായിലെ പൂര്‍വവിദ്യാര്‍ഥി പങ്കെടുക്കുകയുണ്ടായി. മുടി ദാതാവിന്റെ പിതാവ് അബൂദബി വഖ്ഫ് മന്ത്രി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സാവശ്യാര്‍ഥം കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഈ മകനും കേരളത്തില്‍ വന്നിരുന്നു. അദ്ദേഹം അന്ന് ദാറുല്‍ ഹുദ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അന്ന് അലവിക്കുട്ടി ഹുദവി ഇവിടത്തെ വിദ്യാര്‍ഥിയാണ്. അഹ്മദ് ഖസ്‌റജിയെ അന്നദ്ദേഹം ഇവിടെനിന്ന് പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ചടങ്ങിന് ക്ഷണിക്കപ്പെട്ടപ്പോള്‍ അലവിക്കുട്ടി ഹുദവി അതില്‍ പങ്കെടുക്കുകയും പഴയ സൗഹൃദം പുതുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെച്ചാണ് റസൂലി(സ)ന്റെ കേശമെന്ന പേരില്‍ ഇപ്പോള്‍ വിവാദമായ തിരുകേശം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അലവിക്കുട്ടി ഹുദവി അന്ന് തന്റെ മൊബൈലില്‍ അതിന്റെ ഫോട്ടോ പകര്‍ത്തി. പിന്നീടത് ഞങ്ങള്‍ക്ക് കൈമാറി. മുടിയുടെ നീളവും ആധിക്യവും തന്നെ ഇതിന്റെ ആധികാരികതയില്‍ വലിയ സംശയങ്ങളുണ്ടാക്കുന്നതായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ അഹ്മദ് ഖസ്‌റജിയുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്ന ആളും പണ്ഡിതനും ഗ്രന്ഥകാരനുമൊക്കെയായ മഹ്ഫൂള് ഖസ്‌റജിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. അദ്ദേഹം നേരത്തെ ദാറുല്‍ ഹുദ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണദ്ദേഹം. ഈ മുടിയുടെ ആധികാരികതയില്‍ അദ്ദേഹവും സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് വല്ല രേഖയും സംഘടിപ്പിക്കാനാണ് പിന്നീട് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, മുഹമ്മദ് ഖസ്‌റജിയുടെ പക്കലോ മക്കളിലോ അവരുടെ പിതൃവ്യരിലോ പുത്രന്മാരിലോ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ ആയ ഏതെങ്കിലും ഖസ്‌റജികളുടെ വശം റസൂലിന്റേതെന്ന് പറയപ്പെടുന്ന ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് ദാതാവിന്റെ ജ്യേഷ്ഠനായ ഹസന്‍ ഖസ്‌റജി രേഖാമൂലം ഞങ്ങളെ അറിയിച്ചത്. ഞങ്ങളിത് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. മാത്രവുമല്ല, 2006-ലാണ് മുടി ദാതാവായ അഹ്മദ് ഖസ്‌റജിയുടെ പിതാവ് മുന്‍ ദുബൈ മന്ത്രി ശൈഖ് മുഹമ്മദുല്‍ ഖസ്‌റജി മരണപ്പെടുന്നത്. അതുവരെയും ഇങ്ങനെയൊരു കേശത്തെക്കുറിച്ച് അഹ്മദ് ഖസ്‌റജി എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല. അഹ്മദ് ഖസ്‌റജി തിരുകേശമെന്ന പേരില്‍ തന്റെ കൈയിലുള്ള വ്യാജമുടികള്‍ ഉപയോഗിച്ച് ഈജിപ്തിലെ ചില പണ്ഡിതന്മാരെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജ്യേഷ്ഠന്‍ യു.എ.ഇ ഉപപ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്. ഈജിപ്തില്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നപ്പോഴാണ് കാന്തപുരത്തെ കൂട്ടുപിടിച്ച് അതേ ദൗത്യവുമായി അദ്ദേഹം കേരളത്തിലെത്തുന്നത്. എന്നാല്‍, ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തപുരം ഉത്തരേന്ത്യയില്‍ നിന്നും പ്രവാചകന്റേതെന്ന് പറയപ്പെടുന്ന മുടി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രസ്താവന നടത്തുകയുണ്ടായി. ദല്‍ഹിയിലെ ബറകാത്തി കുടുംബങ്ങള്‍ വഴിയാണ് പ്രസ്തുത കേശം ലഭിച്ചതെന്നായിരുന്നു അവകാശവാദം. രണ്ടിനും ആവശ്യമായ തെളിവുകളും രേഖകളും മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വാദിച്ചു. എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന മുടിയുടെ സനദ് എന്ന പേരില്‍ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയുടെ വാലില്‍ ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഒരു രേഖ പടച്ചുണ്ടാക്കുകയാണ് കാന്തപുരം ചെയ്തത്. എന്നാല്‍ ഇതിന്റെ സനദിലും വൈരുധ്യങ്ങള്‍ കാണാം. മറ്റൊടിരത്ത് കാന്തപുരം പ്രസംഗിച്ചത് 'ഖുത്ബുദ്ദീനുല്‍ ഫിര്‍ദൗസിയിലൂടെ ഗൗസുല്‍ അഅ്‌ളമില്‍ നിന്ന് ലഭിച്ചതാണ് ഒന്നാമത്തെ മുടിയെന്നാണ്. എന്നാല്‍ കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് വായിച്ച സനദില്‍ ഇങ്ങനെയൊരു പേര് പരാമര്‍ശിച്ചിട്ടേ ഇല്ല. മുടിയുടെ സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കാന്തപുരത്തിന്റെ മറുപടി 'ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ്' (മാധ്യമം 11.05.2011) എന്നായിരുന്നു. അപ്പോഴാണ് നമ്മള്‍ക്ക് ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിവരുന്നത്. ജനങ്ങള്‍ക്ക് മുമ്പില്‍ വായിക്കാന്‍ പറ്റാത്ത എന്തു നിഗൂഢതയാണ് സനദിലുള്ളത്? സനദ് പരസ്യപ്പെടുത്താനാവില്ല എന്നത് ഇസ്‌ലാമിക ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത വാദമാണ്. ഇനി ജനങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി വായിക്കാന്‍ പറ്റാത്ത ഒന്നാണ് സനദെങ്കില്‍ പിന്നെ എന്തിനാണ് ഉത്തരേന്ത്യയില്‍ നിന്നുകൊണ്ടുവന്നത് എന്ന് പറയപ്പെടുന്ന മുടിയുടെ സനദ് എന്ന പേരില്‍ കോട്ടക്കല്‍ ഉലമാ കോണ്‍ഫറന്‍സില്‍ വെച്ച് ഒരു രേഖ വായിച്ചത്? മാത്രമല്ല, രണ്ടാമത്തേതിന്റെ സനദ് മര്‍കസില്‍ വെച്ച് ജനലക്ഷങ്ങള്‍ക്ക് മുമ്പില്‍ വായിച്ചുകേള്‍പ്പിച്ചതും? നബി(സ)യുടേതെന്ന് പറയപ്പെടുന്ന എന്തിനും ആധികാരികമായ കൈമാറ്റ പരമ്പര ഉണ്ടാവുക എന്നത് ഇസ്‌ലാമിക ലോകം ചരിത്രപരമായി കണിശത പുലര്‍ത്തുന്ന കാര്യമാണ്. അതിനെയാണിക്കൂട്ടര്‍ വളരെ ലാഘവത്തോടെ ലളിതയുക്തികളും കുറുന്യായങ്ങളും പറഞ്ഞ് മറികടക്കാന്‍ ശ്രമിക്കുന്നത്. റസൂലിന്റെ മുടിയുടെ ആധിക്യവും നീളവും ഇതില്‍ വലിയ സംശയങ്ങള്‍ പടര്‍ത്തുന്നുണ്ട്. മുടി വളരുന്നു എന്നാണ് വാദമെങ്കില്‍ എന്തുകൊണ്ടാണ് ലോകത്ത് മറ്റു പല ഭാഗങ്ങളിലുമുള്ള റസൂലിന്റേത് എന്നു പറയപ്പെടുന്ന മുടികള്‍ വളരാത്തത്? മുടിയുടെ നീളം വിവാദമായപ്പോള്‍ കാന്തപുരത്തിന്റെ സ്വന്തം വെബ് സൈറ്റില്‍നിന്ന് മുടിയുടെ ചിത്രം പിന്‍വലിക്കുകയാണ് ചെയ്തത്. ആത്മീയതയുടെ കച്ചവടസാധ്യതയാണ് കാന്തപുരത്തെക്കൊണ്ട് തിരുകേശത്തിന്റെ മറവില്‍ 40 കോടിയുടെ പള്ളി നിര്‍മിപ്പിക്കുന്നത്. രണ്ടാമത്തെ മുടി ആഘോഷപൂര്‍വം കൊണ്ടാടുകയും അതിനു വേണ്ടി 40 കോടിയുടെ പള്ളി നിര്‍മിക്കുകയും ചെയ്യുന്നവര്‍ ആദ്യ മുടി ലഭിച്ച് വര്‍ഷങ്ങളോളമായിട്ടും അതിന്റെ സംരക്ഷണത്തിനു വേണ്ടി ഒന്നും നിര്‍മിച്ചിരുന്നില്ല. ആദ്യ മുടി ലഭിച്ച വാര്‍ത്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതു തന്നെ ഉള്‍പേജുകളിലൊന്നിലായിരുന്നു. കേശ ദാതാവായ ശൈഖ് അഹ്മദ് ഖസ്‌റജി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് അസ്‌റാറുല്‍ ആസാരിന്നബവിയ്യ (പ്രവാചക ശേഷിപ്പുകളുടെ പൊരുളുകള്‍). തന്റെ പിതാവും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ഖസ്‌റജിക്കാണ് പ്രസ്തുത പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ഖസ്‌റജി കുടുംബം നോക്കി നടത്തുന്ന 'ഇസ്ദാറാത്തു സ്സാഹതില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്നാണ് ഇത് അച്ചടിച്ചിരിക്കുന്നത്. ആ ഗ്രന്ഥത്തില്‍ തന്റെ കൈവശമുള്ള മുടികളെക്കുറിച്ച്് പരാര്‍ശമില്ല. വിവിധ രാജ്യങ്ങളില്‍ സൂക്ഷിക്കുന്ന നബി(സ) തങ്ങളുടെ വിവിധ ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങളും അവയെക്കുറിച്ച വിവരണങ്ങളുമടങ്ങിയ ആ ഗ്രന്ഥത്തില്‍ തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് (പേജ് 17) യു.എ.ഇയുടെയോ അബൂദബിയുടെയോ പേര് പറയുന്നില്ല. ചുരുങ്ങിയത് പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെ (2009-ലെ എഡിഷന്‍)യെങ്കിലും അഹ്മദ് ഖസ്‌റജി വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ ഒരു മുടിനാരു പോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നല്ലേ ഇതിനര്‍ഥം? എന്നാല്‍ 10 വര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കാന്തപുരത്തിന്റെ വാദം. കാരന്തൂരിലെ മുടിക്ക് സനദുണ്ടോ എന്നു ചോദിക്കുമ്പോള്‍ വെല്ലൂര്‍ ബാഖിയാത്തിലേതിന് സനദുണ്ടോ എന്ന മറുചോദ്യമല്ല അതിനുത്തരം. മുടി സംരക്ഷിക്കാന്‍ വേണ്ടി പള്ളി പണിയുന്നത് ഇസ്‌ലാമിക ചരിത്രത്തില്‍തന്നെ ആദ്യാനുഭവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ് നിര്‍മിച്ചത് മുടി വെക്കാനല്ല. പള്ളി നിര്‍മിച്ച് മുക്കാല്‍ നൂറ്റാണ്ടിനു ശേഷമാണ് അവിടെ മുടി എത്തിച്ചേര്‍ന്നത്. അതിനു ശേഷമാണ് ഹസ്രത്ത് ബാല്‍ മസ്ജിദ് (വിശുദ്ധ കേശത്തിന്റെ പള്ളി) എന്ന പേര് വന്നു ചേര്‍ന്നതും. പള്ളിയുടെ പേരിലുള്ള പിരിവ് മാത്രമല്ല ഇവര്‍ ധനാഗമന മാര്‍ഗമായി കാണുന്നത്. നോളജ് സിറ്റി എന്ന പേരില്‍ പള്ളിക്ക് ചുറ്റും ടൗണ്‍ഷിപ്പ് പണിത് അതുവഴി ഭീമമായ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കാമെന്ന് ഇവര്‍ സ്വപ്നം കാണുന്നു. ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ നിക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മുഖപത്രത്തില്‍ വന്നു കഴിഞ്ഞു. മാപ്‌കോ പ്രോപര്‍ട്ടി ഡവലപേഴ്‌സ് എന്ന പേരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഇതിനായി തയാറാക്കിയിട്ടുണ്ട്. ഇതോടെ തിരുകേശത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിന് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ മുഖഛായ വന്നു കഴിഞ്ഞിരിക്കുന്നു. പള്ളിയും ടൗണ്‍ഷിപ്പും നിര്‍മിക്കാന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സജ്ജമാക്കിയതിലെ ഉദ്ദേശ്യം വ്യക്തമാണ്. സംരംഭം പൊളിഞ്ഞാലും തങ്ങളുടെ സ്വകാര്യ സമ്പത്തിനെ അത് ബാധിക്കില്ല. കമ്പനിയുടെ പേരില്‍ ശേഷിച്ച പണം മാത്രമേ ഓഹരി പങ്കാളികള്‍ക്ക് തിരിച്ചു നല്‍കേണ്ടതുമുള്ളൂ.
തിരുകേശം:എല്ലാവര്‍ക്കും അഭിപ്രായം പറയാം -ആരിഫലി Published on Tue, 02/21/2012 madhyamam കോഴിക്കോട്: തിരുകേശ വിവാദം തെരുവിലേക്ക് വലിച്ചിട്ടശേഷം ഇതിനെക്കുറിച്ച് രാഷ്ട്രീയ സംഘടനകളും നേതാക്കളും അഭിപ്രായം പറയരുതെന്ന് ശഠിക്കുന്നത് അന്യായമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. വിശ്വാസികളുടെ ആഭ്യന്തര പ്രശ്നമാണിതെങ്കില്‍ അത് കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ നടന്ന സംസ്ഥാന കാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരിഫലി. ഇസ്ലാം മതത്തെക്കുറിച്ച് മതത്തിനു പുറത്തുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് പ്രവാചകന്‍ പറഞ്ഞ തത്വങ്ങള്‍ക്കെതിരാണ്. മതത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയത്തെക്കുറിച്ച് മതനേതാക്കള്‍ക്കും അഭിപ്രായം പറയാം. രണ്ട് മേഖലകളിലും അപചയവും മൂല്യച്യുതിയുമുണ്ടാവുമ്പോള്‍ പരസ്പരം വിമര്‍ശിക്കാം. ഈ വിഷയത്തില്‍ കേരളീയ സമൂഹം പക്വതയുള്ള സമീപനത്തിലേക്ക് തിരിച്ചുവരണം. മതവും രാഷ്ട്രീയവും വെള്ളം ചേരാത്ത രണ്ട് അറകളിലുള്ള കാര്യങ്ങളാണെന്ന് മനസ്സിലാക്കരുത്. മതചിഹ്നങ്ങളുടെയും അടയാളങ്ങളുടെയും കച്ചവടവത്കരണവും ദുരുപയോഗവും എതിര്‍ക്കുകയും മത-ധാര്‍മിക മൂല്യങ്ങളെ രാഷ്ട്രത്തിന്റെ അസ്ഥിവാരം ശക്തിപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും വേണം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ് ആട്ടിയകറ്റുന്ന കാലം കഴിഞ്ഞുപോയി. മതങ്ങളും മതദര്‍ശനങ്ങളും സമൂഹത്തില്‍ കൂടുതല്‍ ഇടം നേടിയിട്ടുണ്ട്. മതങ്ങളെ അംഗീകരിച്ച് ഇടം നല്‍കാനാണ് ശ്രമിക്കേണ്ടത്. ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്വാധീനിച്ച യുഗപ്രഭാവനായിരുന്നു മുഹമ്മദ് നബി-അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ ഫാറൂഖി, എം.ജി.എസ്. നാരായണന്‍, പി. സുരേന്ദ്രന്‍, ഒ. അബ്ദുറഹിമാന്‍, ഖാലിദ് മൂസ നദ്വി, മുജീബ്റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ടി.എം. ശരീഫ് സ്വാഗതവും അബ്ദുല്‍മജീദ് നന്ദിയും പറഞ്ഞു.
പ്രവാചക സ്‌നേഹത്തിന്റെ പൊരുള്‍ ശൈഖ് വി.പി അഹ്മദ് കുട്ടി / ലേഖനം‌ പരിശുദ്ധ റബീഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ ഏതൊരു സത്യവിശ്വാസി-വിശ്വാസിനിയുടെയും മുമ്പിലെ ചോദ്യം, പ്രവാചക സ്‌നേഹം ശരിയായ രീതിയില്‍ എങ്ങനെ പ്രകടിപ്പിക്കാമെന്നതാണ്. ഇസ്‌ലാമിക പ്രമാണങ്ങളും സാമാന്യ ബുദ്ധിയും മുന്നില്‍ വച്ചു കൊണ്ടാണ് ഈയൊരു ചോദ്യത്തിന് ഉത്തരം തേടേണ്ടത്. ഈ പ്രശ്‌നത്തിന് ഒരു ഉത്തരം നിര്‍ദേശിക്കുന്നതിനു മുമ്പ്, എന്തു കൊണ്ട് ഈ പ്രശ്‌നം ഇക്കാലത്ത് പ്രസക്തമാകുന്നു എന്നതിനെ കുറിച്ചു കൂടി പറയേണ്ടതുണ്ട്. രണ്ട് അനിവാര്യ സംഗതികളാണ് ഞാന്‍ അതില്‍ കാണുന്നത്. ഒന്നാമതായി, ഇന്ന് പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെ എന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ രണ്ട് വിരുദ്ധ ചേരികളിലാണ് ഉള്ളത്. രണ്ടുചേരിയില്‍ നിന്നും കടുത്ത ആരോപണപ്രത്യാരോപണങ്ങളും മുറക്കുണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഒരു വിഭാഗം മുസ്‌ലിംകളുടെ പ്രവാചകനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ അതിരുകവിഞ്ഞ് തിരുമേനിയെ ബിംബവല്‍ക്കരിക്കുവോളം എത്തിയിരിക്കുന്നു. എതിര്‍ പക്ഷമാകട്ടെ ഏറ്റവും കടുത്ത വിരുദ്ധചിന്താഗതിക്കാരാണ്. പ്രവാചകനോടു സംശുദ്ധവും സ്വാഭാവികവുമായ സ്‌നേഹത്തിന്റെ ഒരു പ്രകടനം പോലും കാഴ്ചവെക്കരുതെന്നും പ്രവാചകനെ കുറിച്ചുള്ള സ്മരണയോ അദ്ദേഹത്തിന്റെ ചരിത്രമോ സംഭവങ്ങളോ പോലും അയവിറക്കരുതെന്നും അങ്ങനെ ചെയ്യുന്നത് ബിദ്അത്താണെന്നുമാണ് ഇക്കൂട്ടരുടെ വാദം. പ്രവാചക സ്‌നേഹം എന്നത് ഇക്കാലത്ത് ഏറെ പ്രസക്തമാകുന്നത് മറ്റൊരു കാരണത്താലാണ്. ഇസ്‌ലാമോഫോബിയ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ഓരോ മുസ്‌ലിമും അതിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഞാന്‍ മനസ്സിലാക്കിയേടത്തോളം, പ്രവാചക ജീവിതം അതു പോലെ അനുകരിക്കുകയും മാതൃകയാക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. കാരണം പ്രവാചകന്‍ 23 വര്‍ഷത്തെ ജീവിതകാലയളവില്‍ തന്റെ ശത്രുക്കളായിരുന്ന അനേകരെ അനുയായികളും സത്യമാര്‍ഗത്തിന്റെ അനുകര്‍ത്താക്കളുമാക്കിത്തീര്‍ത്തിട്ടുണ്ട്. പ്രവാചകന്‍ തിരുമേനിയുടെ കരുണാര്‍ദ്രമായ പെരുമാറ്റം കൊണ്ടും നീതിപൂര്‍വകമായ നിലപാടുകള്‍കൊണ്ടുമായിരുന്നു അവിടുന്ന് മനുഷ്യരെ പരിവര്‍ത്തിപ്പിച്ചത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്‌നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കില്ല. പ്രവാചകനെ സ്‌നേഹിക്കുക, അനുസരിക്കുക, അദ്ദേഹത്തിന്റെ ജീവിത മാതൃകകളെ അനുധാവനം ചെയ്യുക എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''പ്രവാചകരേ, ജനത്തോടു പറയുക: നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു'' (ആലുഇംറാന്‍ 31). പ്രവാചക ചരിത്രം പഠിക്കാനും ആ ജീവിതത്തില്‍ നിന്ന് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അത് അനുധാവനം ചെയ്യാനും പ്രവാചക സ്‌നേഹം ഇല്ലാതെ കഴിയില്ല. എല്ലാത്തിനുമുപരി അന്ത്യ പ്രവാചകന്‍ എന്ന നിലക്ക് തിരുദൂതര്‍ നമുക്ക് പകര്‍ന്നുതന്ന അധ്യാപനങ്ങളെ നമ്മള്‍ ജീവിക്കുന്ന സമൂഹത്തിനു മുമ്പില്‍ പ്രസരിപ്പിക്കുക എന്ന ഉത്തരവാദിത്തവും നമുക്കുണ്ട്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് സൂചിപ്പിച്ചതും അതാണല്ലോ: ''ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.'' കാരുണ്യത്തിന്റെ പ്രവാചകനോടുള്ള നമ്മുടെ സ്‌നേഹ പ്രകടനത്തില്‍ നിയതമായ വഴികള്‍ക്കു പുറമെ, പുതു വഴികള്‍ കൂടി നാം തേടേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രവാചകനോടുള്ള നമ്മുടെ ഉത്തരവാദിത്വവും ബാധ്യതയും, നമ്മിലോരോരുത്തര്‍ക്കും നല്‍കപ്പെട്ട സൗകര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു നേതാവിന് ഒരു നീതനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളതു പോലെയും പണ്ഡിതസമൂഹത്തിന് സാധാരണ ജനങ്ങളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളതു പോലെയുമാണിത്. ഈ ഉത്തരവാദിത്വങ്ങള്‍ ഓരോന്നായി പരിശോധിക്കാം. 1. മുസ്‌ലിം ഭരണാധികാരികളുടെയും നേതാക്കളുടെയും ഉത്തരവാദിത്വവും കടമകളും എക്കാലത്തേക്കാളും അധികരിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിന് പ്രധാന കാരണം ഇസ്‌ലാമിനെ സംബന്ധിച്ച് പൊതു സമൂഹത്തിനു മുമ്പില്‍ ഒരുപാട് പ്രതിലോമ ധാരണകള്‍ നിലനില്‍ക്കുന്നു എന്നതാണ്. മുസ്‌ലിം രാജ്യങ്ങളിലെ അവസ്ഥകളെ കുറിച്ച പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ തീര്‍ത്തും നിഷേധാത്മകമാണ്. മനുഷ്യാവകാശ നീതിനിഷേധങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും മുസ്‌ലിം രാജ്യങ്ങളാണ് ഏറെ മുമ്പില്‍. പ്രവാചക ജീവിതം പരിശോധിക്കുന്ന ആര്‍ക്കും നബിതിരുമേനിയുടെ ജീവിതത്തില്‍ മനുഷ്യാവകാശങ്ങളുടെ ഉദാത്ത മൂല്യങ്ങള്‍ എത്രമാത്രം ഉള്‍ചേര്‍ന്നിരുന്നുവെന്ന് സുതരാം ബോധ്യമാകും. ഇസ്‌ലാമോഫോബിയക്കെതിരിലുള്ള യുദ്ധത്തില്‍ മുസ്‌ലിം ഭരണാധികാരികള്‍ ആദ്യം ചെയ്യേണ്ടത്, അവര്‍ തങ്ങളുടെ സമൂഹത്തോട് നീതി പുലര്‍ത്തുകയെന്നതാണ്. പ്രവാചകന്‍ തിരുമേനിയുടെ കാലടികള്‍ പിന്തുടര്‍ന്ന് അവര്‍ തങ്ങളുടെ സമൂഹത്തിലെ മുസ്‌ലിം പ്രജകള്‍ക്ക് മനുഷ്യാവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. രാജ്യത്തിന്റെ സമ്പത്ത് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കോ കുടുംബത്തിനു വേണ്ടിയോ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന പ്രവാചകനെ അവര്‍ കണ്ട് പഠിക്കട്ടെ. എന്നിട്ട് തങ്ങളുടെ ജീവിതത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യട്ടെ. വിശ്വാസികളോടു വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് അതാണല്ലോ. ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍, നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍'' (അന്നിസാഅ്: 135). 2. ഭരണ കര്‍ത്താക്കള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളത് നമ്മുടെ പണ്ഡിതസമൂഹത്തിനാണ്. ഉലമാക്കള്‍ ഉമ്മത്തിന്റെ മനസ്സാക്ഷിയായി നിന്ന് സംസാരിച്ച ഒരു കാലമുണ്ടായിരുന്നു നമുക്ക്. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇന്നു പണ്ഡിതന്മാര്‍ ഭരണാധികാരികളുടെ ശ്രദ്ധ കവരാനും ഇഷ്ടം പിടിച്ചുപറ്റാനും വേണ്ടി മത്സരിക്കുന്നതാണ് നാം കാണുന്നത്. ഇക്കാലത്തെ പണ്ഡിതന്മാരില്‍ പലരും ഭൗതികപ്രമത്തതയുടെ സ്വാധീനവലയത്തിലാണ്. മദീനയില്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, ഐശ്വര്യത്തെക്കുറിച്ചുള്ള പ്രവാചകാധ്യാപനം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ (ഉള്ളതു കൊണ്ട് തൃപ്തിപ്പെടല്‍) ഞങ്ങള്‍ പ്രത്യേകം ഉപദേശിക്കപ്പെട്ടിരുന്നു. ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം അവന്‍ ആകാന്‍ ശ്രമിക്കേണ്ടതും ആഗ്രഹിക്കേണ്ടതും ആ മാതൃകയാണ്. അക്കാലത്തെ പ്രധാന പണ്ഡിതരില്‍ ഒരാള്‍ക്ക്, രാജാവ് വില കൂടിയ മുന്തിയ ഇനം കാര്‍ പാരിതോഷികമായി നല്‍കിയപ്പോള്‍ അത് നിരസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. തന്റെ പഴയ കാര്‍ തന്നെ മതിയെന്നായിരുന്നു രാജാവിനോടുള്ള അദ്ദേഹത്തിന്റെ മറുപടി. ഇക്കാലത്തെ മിക്ക പണ്ഡിതന്മാര്‍ക്കും വില കൂടിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനോ അവ സ്വന്തമാക്കുന്നതിനോ യാതൊരു മനസ്സാക്ഷിക്കുത്തും തോന്നുന്നില്ലെന്ന് മാത്രമല്ല, അവരതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അല്ലാഹു അനുവദനീയമാക്കിയ കാര്യങ്ങള്‍ ആര്‍ക്കു മേലും ഞാന്‍ ഹറാമാക്കുകയല്ല. എന്നാല്‍ ഒരു പണ്ഡിതന്‍ എന്ന നിലക്ക് ഓരോരുത്തരും സ്വന്തന്തോടു ചോദിക്കട്ടെ, തനിക്കു ചുറ്റിലും അനേകര്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍, പട്ടിണി മൂലം നമ്മുടെ സഹോദരങ്ങള്‍ മരിച്ചുവീഴുമ്പോള്‍ നമുക്കെങ്ങനെയാണ് ആഡംബര ജീവിതം നയിക്കാനാവുക എന്ന്. ഭരണാധികാരികളുടെ അരിക് പറ്റി ജീവിക്കുന്നതിന്റെ ദോഷങ്ങളെ കുറിച്ച് പൂര്‍വ സൂരികളായ പണ്ഡിതര്‍ ജാഗരൂകരായിരുന്നു. 'രാജാവിന്റെ രജിസ്റ്ററില്‍ ഒരു പണ്ഡിതന്റെ പേരുചേര്‍ക്കപ്പെട്ടാല്‍, അല്ലാഹുവിന്റെ രജിസ്‌റററില്‍ നിന്ന് ആ പണ്ഡിതന്റെ പേര് മാറ്റപ്പെടും' എന്ന് അവര്‍ പറഞ്ഞിരുന്നത് അതുകൊണ്ടാണ്. അഴിമതിയും അക്രമവും നീതി നിഷേധവുമൊക്കെ നമ്മുടെ സമൂഹത്തില്‍ കൊടികുത്തി വാഴുമ്പോള്‍, തങ്ങളുടെ നാവും തൂലികയും അതിനെതിരെ ചലിപ്പിക്കാത്ത പണ്ഡിതരെ ഇക്കാലത്ത് നാം കാണുന്നതില്‍ അത്ഭതപ്പെടാനില്ല. തങ്ങളുടെ ഭരണാധികാരികള്‍ക്ക് നിരുപാധികമായ അനുസരണം വേണമെന്ന കര്‍മ്മശാസ്ത്ര ഫത്‌വകള്‍ ഉരുവിട്ടുകൊണ്ടിരിക്കാന്‍ ഈ പണ്ഡിതര്‍ക്ക് ഇപ്പോഴും യാതൊരു മടിയുമില്ല. 3. പ്രവാചകന്‍ തിരുമേനി (സ) എങ്ങനെയാണോ ജനങ്ങളെ സമീപിച്ചത്, അതിനെ അനുകരിക്കാന്‍ ഭരണാധികാരികളും നേതാക്കളും തയാറാകട്ടെ. ഏതാനും ചില മേഖലകളില്‍ മാത്രം അനുവര്‍ത്തിക്കേണ്ട ഒരു കാര്യമല്ല ഇത്. മറിച്ചു നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും രാജ്യത്തു തന്നെയും ഈ പ്രവാചക രീതി തന്നെ അവലംബിക്കേണ്ടതുണ്ട്. ഭരണ കാര്യങ്ങളും അത് നടപ്പാക്കുന്ന രീതിയും സുതാര്യമാകാതെ രാജ്യവും സംവിധാനങ്ങളും അഴിമതിമുക്തമാവുക സാധ്യമല്ല. 4. പുരുഷന്‍മാര്‍ പിതാവും ഭര്‍ത്താവും എന്ന നിലയില്‍ പ്രവാചകനെ അതേപടി മാതൃകയാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുക വഴി തങ്ങളുടെ കുടുംബത്തെ മാതൃകാ കുടുംബമാക്കുകയാണ് അവര്‍ ചെയ്യുന്നത്. അതുവഴി ഇസ്‌ലാമിന്റെ സൗന്ദര്യം ലോകം പ്രയോഗതലത്തില്‍ ദര്‍ശിക്കും. മകള്‍ ഫാത്വിമയോടും പൗത്രന്‍മാരായ ഹസന്‍-ഹുസൈന്മാരോടും പ്രവാചകന്‍ തിരുമേനിക്കുണ്ടായിരുന്ന സ്‌നേഹവാത്സല്യം എങ്ങനെയായിരുന്നുവെന്ന് ഓരോ മുസ്‌ലിം പിതാവും മനസ്സിലാക്കട്ടെ. തന്റെ മക്കളോടും പേരമക്കളോടും അങ്ങനെ ചെയ്യാന്‍ അവര്‍ സ്വയം പരിശീലിക്കുകയും ചെയ്യട്ടെ. ആഇശ(റ) എന്ന തന്റെ പത്‌നിയെ അവിടുന്ന് എങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നുവെന്നും പുരുഷന്‍മാര്‍ കണ്ടു പഠിക്കട്ടെ. പ്രവാചകന്റെ മരണശേഷം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നൂറുകണക്കിന് ഹദീസുകള്‍ പഠിപ്പിക്കാന്‍ പോന്ന ഒരു പണ്ഡിതയായി അവരെ അവിടുന്ന് വാര്‍ത്തെടുത്തത് നമ്മുടെ പണ്ഡിതര്‍ക്ക് മാതൃകയാകേണ്ടതുണ്ട്. തങ്ങളുടെ ഭാര്യമാരുടെ ബുദ്ധിപരമായ കഴിവുകളെ പണ്ഡിതന്‍മാര്‍, പ്രവാചകന്‍ തിരുമേനി ആഇശയില്‍ ചെയ്തതു പോലെ, ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്തു മാത്രം നല്ല മാതൃകയാകുമായിരുന്നു അത്. 5. നമ്മുടെ പ്രബോധകന്‍മാരും ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുന്നവരുമായ എല്ലാവരും പഠിക്കേണ്ട ഒരു പാഠം, തിരുമേനി തന്റെ ദൗത്യ നിര്‍വഹണത്തിനു മുമ്പേതന്നെ ജനങ്ങളില്‍ നിന്ന് നേടിയെടുത്ത വിശ്വാസ്യതയുടെതാണ്. പ്രബോധകരും ഇസ്‌ലാമിക മാര്‍ഗത്തില്‍ പണിയെടുക്കുന്നവരും ആദ്യമേ സ്വയം മികച്ച മാതൃകകളായിരിത്തീരുകയാണ് വേണ്ടത്. അങ്ങനെ അവര്‍ ജനങ്ങളുടെ വിശ്വാസ്യതയും അംഗീകാരവും നേടിയെടുക്കണം. പ്രവാചകന്‍ തന്റെ സമൂഹത്തിലെ ഏറ്റവും നല്ല മനുഷ്യനായിരുന്നു. അത്തരമൊരാളുടെ സന്ദേശം സ്വീകരിക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് സാധ്യമല്ല. 'ഈ മലയുടെ പിന്നില്‍ നിങ്ങളെ ആക്രമിക്കാന്‍ ഒരു സൈന്യം വരുന്നുവെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന തിരുമേനിയുടെ ചോദ്യത്തിന് അവര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''താങ്കള്‍ കളവു പറയുന്നത് ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല.'' ഈയൊരു പാഠമാണ് മുസ്‌ലിംകള്‍ പഠിക്കേണ്ടത്. അതിനാല്‍ പ്രവാചക സന്ദേശങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിച്ച് മാതൃകാപരമായി ജീവിക്കാന്‍ നാം ശ്രമിക്കണം. ഇതാണ് പ്രവാചകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. തീര്‍ച്ചയായും ഇതു തന്നെയാണ് ശത്രുക്കളെ പോലും നമ്മുടെ മിത്രങ്ങളാക്കാനുള്ള ഏറ്റവും ഫലവത്തായ മാര്‍ഗവും. (ടൊറണ്ടോ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ ലക്ചററാണ് ലേഖകന്‍). വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌
ശരീഅത്തിലെ 'സുന്നത്തും' ഫിഖ്ഹിലെ 'സുന്നത്തും' വി.പി അബൂബക്കര്‍, കരിങ്കല്ലത്താണി /കുറിപ്പ്‌ ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറ ഖുര്‍ആനും സുന്നത്തുമാണ്. അല്ലാഹുവിന്റെ കല്‍പനകളും നിരോധങ്ങളും സാമ്പത്തിക സാമൂഹിക സാംസ്‌കാരിക നിയമങ്ങളും മറ്റു വൈവിധ്യമാര്‍ന്ന വിജ്ഞാനീയങ്ങളുമാണ് ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. ഈ നിയമ വ്യവസ്ഥയുടെ ജീവിക്കുന്ന, ചലിക്കുന്ന മാതൃകകളായിരുന്നു നബിയും സഖാക്കളും. ഇതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ അടിത്തറ. ഇതിനെ നാം 'സുന്നത്ത്' അഥവാ നബിചര്യ എന്നുവിളിക്കുന്നു. കേരള മുസ്‌ലിംകള്‍ പൊതുവെ ശാഫീ ഫിഖ്ഹ് പിന്‍പറ്റുന്നവരാണ്. ഫിഖ്ഹില്‍ നമസ്‌കാരാദി ഇബാദത്തുകളുടെ (ആരാധനകളുടെ) പ്രാവര്‍ത്തിക രൂപം/ആകാരം മാത്രമാണ് ഇത് (ഫിഖ്ഹ്) ഉള്‍ക്കൊള്ളുന്നത്. പ്രവര്‍ത്തിക്കുന്നതും ഉരുവിടുന്നതുമായ നിര്‍ബന്ധകാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം 'സുന്നത്താ'ണ്. ഈ സുന്നത്തിന്റെ നിര്‍വചനം 'ചെയ്താല്‍ പ്രതിഫലമുള്ളതും ഒഴിവാക്കിയാല്‍ കുറ്റമില്ലാത്തതുമായ കാര്യങ്ങള്‍' എന്നാണ്. ഖുര്‍ആനും സുന്നത്തും ഈയിനത്തില്‍ പെടുകയില്ല. നബിയുടെ ജീവിതത്തെ/ചര്യയെ ഏറ്റക്കുറവില്ലാതെ അതേപടി പിന്തുടരുന്നതാണ് യഥാര്‍ഥ സുന്നത്ത്. അത് നിര്‍ബന്ധമായും അതേ രൂപത്തിലും ഭാവത്തിലും അനുഷ്ഠിക്കല്‍ മുസ്‌ലിമിന്റെ നിര്‍ബന്ധ കടമയാണ്. ഈ സുന്നത്തിനെ പണ്ഡിതര്‍ ആദിയ്യ് (ഉര്‍ഫ്, നാട്ടുനടപ്പ്), ഇബാദിയ്യ് (ആരാധനാപരം) എന്നിങ്ങനെ ഇനം തിരിച്ചിട്ടുണ്ട്. നാട്ടുനടപ്പ് ഇതില്‍ പെടുകയില്ലെന്നാണ് പണ്ഡിതമതം. ഭക്ഷണരീതി, വസ്ത്രധാരണം മുതലായവ ഉദാഹരണം. എങ്കിലും ഒരു മുസ്‌ലിം നബിചര്യയുടെ ഭാഗം എന്ന നിലയില്‍ നബി വസ്ത്രം ധരിച്ചതുപോലെ ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്താല്‍ പ്രതിഫലാര്‍ഹമാണ്. എന്നാല്‍ ഇബാദത്തുകള്‍ നബി ചെയ്തതുപോലെ അതേ രൂപത്തിലും/ഭാവത്തിലും മാത്രമേ ചെയ്യാവൂ. വ്യത്യാസം വന്നാല്‍ അത് ബിദ്അത്തും (നവനിര്‍മിതം) കുറ്റകരവുമായിത്തീരും. ഫിഖ്ഹിലെ സുന്നത്തിന്റെ അര്‍ഥത്തിലും രൂപത്തിലും നബിചര്യയെ മനസ്സിലാക്കിയാല്‍ ഖുര്‍ആന്റെയും ശരീഅത്തിന്റെയും മുന്‍ഗണനാക്രമം തെറ്റുകയും ഇസ്‌ലാമിന്റെ സത്തയെ/ആത്മാവിനെ അത് ചോര്‍ത്തിക്കളഞ്ഞ് ജഡമാക്കിത്തീര്‍ക്കുകയും ചെയ്യും. വിശന്നുവലഞ്ഞവനും അഗതിയും അനാഥയും ഭക്ഷണം ചോദിച്ചുവന്നാല്‍ കൈവശം ഒന്നുമില്ലെങ്കിലും വെറും കൈയോടെ മടക്കി അയക്കാന്‍ പാടില്ലെന്നും, സ്വന്തം കൈവശമില്ലാത്തവന്‍ ഉള്ളവരില്‍ നിന്ന് വാങ്ങിക്കൊടുക്കണമെന്നും ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ''പാരത്രിക രക്ഷാശിക്ഷകളെ തള്ളിപ്പറയുന്ന മനുഷ്യനെ നീ കണ്ടിട്ടുണ്ടോ? അനാഥയെ ആട്ടിയകറ്റുന്നവനും അഗതിക്ക് ആഹാരം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്‍'' (107: 1-3). ഇവിടെ അഗതിക്ക് ആഹാരം കൊടുക്കാത്തവന്‍ എന്നല്ല അല്ലാഹു പറഞ്ഞത്. അഗതിക്ക് ആഹാരം കൊടുക്കാന്‍ 'പ്രേരിപ്പിക്കാത്തവന്‍' എന്നാണ്. അത് ഓരോ മുസ്‌ലിമിന്റെയും വ്യക്തി ബാധ്യതയും നിര്‍ബന്ധ ഉത്തരവാദിത്തവുമായിട്ടാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് എന്നര്‍ഥം. ഇത്തരം പ്രശ്‌നങ്ങളെ ഇബാദത്തുകളിലെ സുന്നത്തുപോലെ മനസ്സിലാക്കിയാല്‍ ദൈവിക കല്‍പനകളെ ധിക്കരിക്കലായിത്തീരും. ഇത് ഒരു മുസ്‌ലിമിന് ചിന്തിക്കാന്‍ പോലുമാകില്ലല്ലോ. നബിചര്യയിലും ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. കേരളീയ മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും എല്ലാ അവാന്തര വിഭാഗങ്ങളില്‍ പെട്ടവരും പൊതുവെ നബിചര്യയെയും ഫിഖ്ഹിലെ സുന്നത്തിനെയും ഒരേ രൂപത്തിലുള്ള സുന്നത്തായിട്ടാണ് മനസ്സിലാക്കുന്നത്. ഇവ രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട് എന്ന വസ്തുത അവര്‍ മനസ്സിലാക്കുന്നില്ല. ഇതിന്റെ ഗൗരവവും പ്രാധാന്യവും കണക്കിലെടുത്ത് 'ഉലമാക്കളും' 'ഉമറാക്കളും' മുസ്‌ലിം സമൂഹത്തില്‍ നിരന്തരമായ ബോധവത്കരണം നടത്തണം. കൂടാതെ ഈ കാര്യം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനും ശ്രമിക്കണം. അല്ലാത്തപക്ഷം കാലാന്തരത്തില്‍ രണ്ടു സുന്നത്തുകളും പൊതുജനങ്ങളില്‍ പ്രാധാന്യത്തിലും രൂപത്തിലും തുല്യമായിത്തീരും. ഇത് മുസ്‌ലിം സമൂഹത്തെ ജീവനില്ലാത്ത ജഡമാക്കിത്തീര്‍ക്കും. ഫിഖ്ഹില്‍ കടും പിടുത്തക്കാരായ കേരളീയര്‍ക്കിടയില്‍ ഇതൊട്ടും അസംഭവ്യവുമല്ല.
ഞങ്ങള്‍ നിലകൊള്ളുന്നത് മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമല്ല, എല്ലാ അധഃസ്ഥിതര്‍ക്കും വേണ്ടി എഞ്ചിനീയര്‍ മുഹമ്മദ് സലീം /അഭിമുഖം‌ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ സെക്രട്ടറി ജനറലാണ് മുഹമ്മദ് സലീം എഞ്ചിനീയര്‍. രാജസ്ഥാനില്‍ ജനിച്ച അദ്ദേഹം ജയ്പൂരിലെ മാളവ്യ നാഷ്‌നല്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് നേതൃതലത്തില്‍ ഒട്ടേറെ പദവികള്‍ വഹിക്കുകയും ചെയ്തു. ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥികളായ മിസ്അബ് ഇരിക്കൂറും അഭയ് കുമാറും ജമാഅത്തിന്റെ ദല്‍ഹി ആസ്ഥാനത്ത് ചെന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് 53കാരനായ സെക്രട്ടറി ജനറലുമായി സംവദിക്കുകയുണ്ടായി. പ്രബോധനത്തിനു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുമായുള്ള താങ്കളുടെ ബന്ധം എപ്പോഴാണ് ആരംഭിക്കുന്നത്? 1981-ല്‍ ജയ്പൂരിലെ മാളവ്യ റീജ്യനല്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടുന്നത്. 1987-ല്‍ ജമാഅത്ത് അംഗമായി. അന്നെനിക്ക് 25 വയസ്സായിരുന്നു. ജമാഅത്തിന്റെ യുവജന വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് എനിക്ക് നിര്‍ദേശം ലഭിച്ചത്. ജമാഅത്തിന്റെ മുതിര്‍ന്ന നേതാവും എന്റെ പിതാവിന്റെ ഗുരുനാഥനുമായിരുന്ന മൗലാനാ മുഹമ്മദ് നസീര്‍ മുഖേനയാണ് ഞാന്‍ ജമാഅത്തിനെയും അതിന്റെ സാഹിത്യങ്ങളെയും അടുത്തറിയുന്നത്. സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയുടെയും നഈം സിദ്ദീഖിയുടെയും കൃതികള്‍ ഞാന്‍ നന്നായി പഠിച്ചിട്ടുണ്ട്. പക്ഷേ, എന്നെ സവിശേഷമായി ആകര്‍ഷിച്ചത് മൗലാനാ മൗദൂദിയുടെ കൃതികളാണ്. മൗലാനാ മൗദൂദിയുടെ കൃതികള്‍ താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? എന്നില്‍ വലിയ മാറ്റങ്ങളാണ് ആ കൃതികള്‍ ഉണ്ടാക്കിയത്. അദ്ദേഹത്തെ വായിച്ച ശേഷം ഇസ്‌ലാമില്‍ എനിക്കുള്ള വിശ്വാസം വളരെയേറെ ബലപ്പെട്ടു. ഞാന്‍ സോഷ്യലിസവും കമ്യൂണിസവും മാര്‍ക്‌സും ലെനിനും ഗാന്ധിയുമൊക്കെ വായിച്ചിരുന്നു. എന്റെ ദൗത്യമെന്താണ്, ഇസ്‌ലാം എന്താണ് തുടങ്ങിയ ചോദ്യങ്ങളും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. തുടക്കത്തില്‍ ഞാന്‍ ഒരു പാരമ്പര്യ മുസ്‌ലിം മാത്രമായിരുന്നു. മൗലാനാ മൗദൂദിയെ വായിച്ചശേഷമാണ് ഞാന്‍ യഥാര്‍ഥ മുസ്‌ലിമായത്. മൗലാനാ മൗദൂദി നമ്മുടെ കാലഘട്ടത്തെ ഏറ്റവുമധികം സ്വാധീനിച്ച ഇസ്‌ലാമിക ചിന്തകരില്‍ ഒരാളാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, സിയാവുദ്ദീന്‍ സര്‍ദാറിനെപ്പോലുള്ളവര്‍ അദ്ദേഹത്തെ 'പിന്തിരിപ്പ'നും 'ബൗദ്ധിക വികാസത്തെ തടസ്സപ്പെടുത്തുന്നവനു'മൊക്കെയായാണ് ചിത്രീകരിക്കുന്നത്. ഈ ഭയപ്പാടിനെ എങ്ങനെ കാണുന്നു? മൗലാനാ മൗദൂദിയെ തുറന്ന മനസ്സോടെ വായിക്കുക. ഇതാണ് എനിക്ക് പറയാനുള്ളത്. ആദ്യം ഒരു നിഗമനത്തില്‍ എത്തുകയും പിന്നീട് വായിക്കാന്‍ തുടങ്ങുകയുമാണെങ്കില്‍ ഈ പേടി വിട്ടുമാറുകയില്ല. അതിനാല്‍ ഞാന്‍ ഒന്നുകൂടി ഊന്നിപ്പറയുന്നു- പക്ഷപാതമില്ലാതെ, തുറന്ന മനസ്സോടെ മൗദൂദി കൃതികള്‍ വായിക്കുക. താങ്കളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയെക്കുറിച്ച് പറയാമോ? ഒമ്പതാം ക്ലാസ് മുതല്‍ ഞാന്‍ ഐഛിക പഠനത്തിന് തെരഞ്ഞെടുത്തത് ശാസ്ത്രവും ഗണിതവുമായിരുന്നു. പതിനൊന്നാം ക്ലാസ് കഴിഞ്ഞപ്പോള്‍ ജയ്പൂരിലെ മാളവ്യ റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ഇ (ഇലക്‌ട്രോണിക്‌സ്)ക്ക് പ്രവേശനം ലഭിച്ചു. പിന്നീട് രാജസ്ഥാന്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എഞ്ചിനീയറായി നിയമനം ലഭിച്ചു. ആറു മാസത്തിനു ശേഷം ആ ജോലി രാജി വെച്ച് മാളവ്യ എഞ്ചിനീയറിംഗ് കോളേജില്‍ ഫാക്കല്‍റ്റി അംഗമായി ചേര്‍ന്നു. പിന്നെ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് എം.ടെക് (കമ്യൂണിക്കേഷന്‍ സിസ്റ്റം) എടുത്തു. തുടര്‍ന്ന് ഒരു ഗവേഷണ പ്രോജക്ടുമായി ബ്രിട്ടനിലെ ഷഫീല്‍ഡ് ഹലാം യൂനിവേഴ്‌സിറ്റിയിലേക്ക്. കാണ്‍പൂര്‍ എം.എന്‍.ഐ.ടിയില്‍ നിന്നായിരുന്നു ഡോക്ടറേറ്റ്; നാലാം തലമുറ (4ജി) മൊബൈല്‍ കമ്യൂണിക്കേഷന്‍ എന്ന വിഷയത്തില്‍. കഴിഞ്ഞ 31 വര്‍ഷമായി ജയ്പൂര്‍ എം.എന്‍.ഐ.ടിയില്‍ അധ്യാപകനാണ്. 2010 മുതല്‍ 2013 വരെ ഇലക്‌ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ തലവനായിരുന്നു. ഇപ്പോഴും അവിടെ അസോസിയേറ്റ് പ്രഫസറായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനാ ഉത്തരവാദിത്തങ്ങള്‍ കാരണം എനിക്ക് അധ്യാപന ജോലി അവസാനിപ്പിക്കേണ്ടിവന്നേക്കാം. സംഘടനയില്‍ മുമ്പ് ഏതൊക്കെ ഉത്തരവാദിത്തങ്ങളാണ് വഹിച്ചിരുന്നത്? തുടക്കത്തില്‍ എസ്.ഐ.ഒ ചുമതലകളായിരുന്നു. ആദ്യം എസ്.ഐ.ഒ രാജസ്ഥാന്‍ അസി. സോണല്‍ പ്രസിഡന്റും പിന്നീട് സോണല്‍ പ്രസിഡന്റുമായി. സി.എ.സി അംഗവുമായിരുന്നു. എസ്.ഐ.ഒ പ്രായം കഴിഞ്ഞിനെത്തുടര്‍ന്ന് 1993-ല്‍ ജമാഅത്തെ ഇസ്‌ലാമി രാജസ്ഥാന്‍ ഘടകത്തിന്റെ അധ്യക്ഷനായി. പതിനാറ് വര്‍ഷം ഞാന്‍ ഈ ചുമതല വഹിച്ചിട്ടുണ്ട്. 1995 മുതല്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാ അംഗമാണ്; 1999 മുതല്‍ ജമാഅത്ത് കേന്ദ്ര കൂടിയാലോചനാ സമിതി അംഗവും. 2011-ല്‍ ജമാഅത്തിന്റെ കേന്ദ്ര സെക്രട്ടറിമാരില്‍ ഒരാളായി നിയമിതനായി. ശാസ്ത്രത്തിന്റെയും യുക്തിയുടെയും ഇക്കാലത്ത് മതം അതിജീവിക്കുകയില്ല എന്ന് ചില ആധുനിക ചിന്തകര്‍ പ്രവചിക്കുന്നുണ്ടല്ലോ. താങ്കളുടെ പഠന വിഷയങ്ങള്‍ ശാസ്ത്രവും ടെക്‌നോളജിയുമൊക്കെയാണ്. താങ്കളാവട്ടെ ആഴത്തില്‍ മതബോധമുള്ള വ്യക്തിയുമാണ്. മതവും ശാസ്ത്രവും എന്തുകൊണ്ടാണ് താങ്കളില്‍ ഇത്ര ഭംഗിയായി ചേരുംപടി നില്‍ക്കുന്നത്? ഒരു പാരമ്പര്യ മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. വളര്‍ന്നപ്പോള്‍ ശാസ്ത്രത്തില്‍ സവിശേഷ പഠനം നടത്താനാണ് തോന്നിയത്. ജീവിതത്തിന്റെ ലക്ഷ്യം ഉള്‍പ്പെടെ എല്ലാം യുക്തി വിചാരം ചെയ്ത് കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. സ്വന്തത്തെക്കുറിച്ചും ചുറ്റുമുള്ള പ്രപഞ്ചത്തെക്കുറിച്ചും ചിന്തിക്കണമെന്നും യുക്തിവിചാരം നടത്തണമെന്നുമാണല്ലോ ഇസ്‌ലാമും ആവശ്യപ്പെടുന്നത്. ശാസ്ത്രത്തിന്റെ വിശാല ലോകം എനിക്ക് മുമ്പില്‍ തുറന്ന് തന്നത് ഇസ്‌ലാമാണെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. മറ്റു മതസ്ഥര്‍ക്കും ഇതുപോലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാമല്ലോ? തീര്‍ച്ചയായും. ഇസ്‌ലാം എന്നെ എങ്ങനെ പ്രചോദിപ്പിച്ചു എന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്. മറ്റു മതസ്ഥര്‍ക്കും അവരവരുടെ മതത്തെക്കുറിച്ച് ഇതുപോലെ സംസാരിക്കാനുള്ള അവകാശമുണ്ട്. താങ്കള്‍ ജമാഅത്ത് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളിലും വര്‍ഗീയ സംഘര്‍ഷങ്ങളും സാമുദായിക ധ്രുവീകരണങ്ങളും വ്യാപകമായിരുന്നല്ലോ. ഇത് സംബന്ധമായി വല്ല അനുഭവങ്ങളും? ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക കലാപങ്ങളെക്കുറിച്ച് പഴയ തലമുറ സംസാരിക്കുന്നത് കേട്ടിട്ടുണ്ട് എന്നല്ലാതെ ഞങ്ങള്‍ക്ക് അങ്ങനെയൊരു അനുഭവം ഉണ്ടായിരുന്നില്ല. ഇതിന് മാറ്റം വന്നത് ബാബരി മസ്ജിദ് വിഷയത്തില്‍ അദ്വാനി രഥയാത്ര നടത്തിയതോടെയാണ്. ഇപ്പോള്‍ താങ്കള്‍ ജമാഅത്തിന്റെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. എന്തൊക്കെയായിരിക്കും മുന്‍ഗണനകള്‍? ജമാഅത്ത് കേഡര്‍ സ്വഭാവമുള്ള സംഘടനയാണ്. രാജ്യത്ത് എല്ലായിടത്തും അതിന്റെ സാന്നിധ്യമുണ്ട്. ഞങ്ങള്‍ക്കുള്ളത് കൂട്ടായ നേതൃത്വ(Collective Leadership)മാണ്. ദേശീയമായും പ്രാദേശികമായും ഞങ്ങള്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നാലു വര്‍ഷത്തേക്കുള്ള പരിപാടികള്‍ നേരത്തെ ആസൂത്രണം ചെയ്തിരിക്കും. അതിനെ അവലംബിച്ചാവും പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുക. അതിനാല്‍ മുന്‍ പോളിസികളില്‍ നിന്ന് വലിയ മാറ്റമൊന്നും പുതിയ പോളിസിയില്‍ ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍, സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പ്രവര്‍ത്തന തന്ത്രങ്ങളിലും ഊന്നലുകളിലും മാറ്റം വരും. ഇന്ത്യ വളരെ വിശാലമായ ഒരു രാജ്യമാണ് എന്ന ബോധം എപ്പോഴും മനസ്സിലുണ്ടാവണം. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ സ്വതന്ത്രമായ ഒരു പ്രവര്‍ത്തന പരിപാടി ഓരോ സംസ്ഥാനത്തിനും ആവിഷ്‌കരിക്കേണ്ടിവരും. ഇതൊന്നും ഏതെങ്കിലും ഒരു വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതും മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതുമെല്ലാം കൂട്ടായാണ്. തീരുമാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് എന്റെ റോള്‍. പക്ഷേ, സംഘടനയില്‍ താങ്കള്‍ക്ക് താങ്കളുടേതായ ചില മുന്‍ഗണനകള്‍ ഉണ്ടാവില്ലേ? സംഘടനയുടെ താഴെ തട്ടു മുതല്‍ മുകള്‍ തട്ട് വരെയുള്ള ഘടകങ്ങള്‍ തമ്മില്‍ കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുക എന്നതാണ് ആ മുന്‍ഗണനകളില്‍ ഒന്ന്. സംസ്ഥാന ഘടകങ്ങള്‍ക്ക് വളരെ പെട്ടെന്ന് വിവരങ്ങള്‍ കൈമാറാന്‍ കഴിയണം. ഇത് സാധ്യമാക്കാന്‍ കമ്പ്യൂട്ടറിനെയും സോഷ്യല്‍ മീഡിയയെയും പരമാവധി പ്രയോജനപ്പെടുത്തും. ബി.ജെ.പി ഭരണത്തില്‍ ഗുരുതരമായ ഭീഷണി നേരിടുന്ന സാമുദായികൈക്യം നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന കൊടുക്കുന്ന മറ്റൊരു മേഖല. ന്യൂനപക്ഷങ്ങളുടെ സുരക്ഷ, വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ആശയക്കൈമാറ്റം എന്നിവയും പ്രധാനമാണ്. അതോടൊപ്പം യുവാക്കളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കും സംഘടനാ ചട്ടക്കൂട്ടില്‍ മതിയായ പരിഗണന ലഭിക്കേണ്ടതുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളെ രാഷ്ട്രീയമായി ശാക്തീകരിക്കുന്നതിന് ജമാഅത്തെ ഇസ്‌ലാമിയുടെ അജണ്ട എന്താണ്? മുസ്‌ലിംകള്‍ രാഷ്ട്രീയമായി അരികുവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തോട് യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍, ഇക്കാര്യത്തില്‍ ജമാഅത്തിന്റെ പരാജയമല്ലേ അത് കാണിക്കുന്നത്? മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്ത് എന്ന ധാരണ ആദ്യം തിരുത്തണം. ഇസ്‌ലാമിനെയാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഖുര്‍ആനില്‍ നിന്നാണ് പ്രചോദനം സ്വീകരിക്കുന്നത്. അപ്പോള്‍ മുഴുവന്‍ രാജ്യനിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്ത് എന്നു വരുന്നു. ഞങ്ങളുടെ ഉത്കണ്ഠ മുസ്‌ലിംകളെക്കുറിച്ച് മാത്രമല്ല, അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ട മുഴുവന്‍ അധഃസ്ഥിത ജനവിഭാഗങ്ങളെക്കുറിച്ചുമാണ്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സ്ത്രീകള്‍ക്കും ദലിതര്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെയും അനീതികളെയും ഞങ്ങള്‍ ഒരേ ശക്തിയോടെ എതിര്‍ക്കും. എന്നാല്‍, ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്ന നിങ്ങളുടെ വീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. ഇന്ത്യ എന്ന ഈ വലിയ രാഷ്ട്രത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിംകളെ ചൂഷണം ചെയ്യുകയാണെന്നും അവരുടെ പ്രശ്‌നങ്ങളെ ആത്മാര്‍ഥതയോടെ സമീപിക്കാന്‍ അവ തയാറല്ലെന്നും നമുക്കറിയാം. മോദി ഗവണ്‍മെന്റ് അധികാരമേറ്റതോടെ സാമുദായിക സംഘര്‍ഷങ്ങളും കലാപങ്ങളും വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഭീകരതയുടെ പേരില്‍ മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുന്നു. അതേസമയം യഥാര്‍ഥ ഭീകരര്‍ നിയമത്തിന് പിടികൊടുക്കാതെ നടക്കുകയാണ്. യാക്കൂബ് മേമന്റെ തൂക്കിക്കൊലയിലും നീതിയുടെയും മാപ്പിന്റെയും മാനദണ്ഡം എല്ലാവര്‍ക്കും ഒരുപോലെയാണ് എന്ന് തെളിയിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തത്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ മുസ്‌ലിം നേതൃത്വം രണ്ട് തട്ടിലാണ്. ജമാഅത്ത് നേതൃത്വം പ്രധാനമന്ത്രി മോദിയെ കാണുമോ? മോദി ഭരണകൂടം മുസ്‌ലിം സമുദായത്തിലെ ചിലരെ ഒപ്പം കൂട്ടിയിട്ടുണ്ട്. മുസ്‌ലിംകള്‍ തങ്ങളോടൊപ്പമാണ് എന്ന ധാരണ സൃഷ്ടിക്കാനാണത്. ജമാഅത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യമാണെങ്കില്‍, കൂടിക്കാഴ്ച നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടില്ല. യഥാസമയത്ത് അദ്ദേഹത്തെ ചെന്ന് കാണും. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഏത് ഗവണ്‍മെന്റിലായാലും അത് എല്ലാ ഇന്ത്യക്കാരുടെയും ഗവണ്‍മെന്റാണ്. അതിനാലാണ് രാജ്യത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാന്‍ മോദിയെ യഥാസമയം ചെന്ന് കാണും എന്ന് പറഞ്ഞത്. അദ്ദേഹത്തെ നേരില്‍ കണ്ടില്ലെങ്കില്‍ തന്നെയും, മീഡിയയിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും ഞങ്ങളുടെ ആശങ്കകള്‍ ഭരണകൂടത്തെ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിക്കാന്‍ ജമാഅത്ത് എന്താണ് ചെയ്യുന്നത്? മതനിരപേക്ഷതയെ ശക്തിപ്പെടുത്താനാണ് ജമാഅത്ത് ശ്രമിച്ചുപോന്നിട്ടുള്ളത്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ മുന്നേറ്റം തടയുക എന്നതായിരിക്കും ജമാഅത്തിന്റെ ലക്ഷ്യം. ബിഹാറില്‍ മതേതര കക്ഷികളുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആര്‍.ജെ.ഡിയും ജെ.ഡി(യു)യും തമ്മിലുള്ള സഖ്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അതേസമയം ഒരു കക്ഷിക്കും ഞങ്ങള്‍ ക്ലീന്‍ ചീറ്റ് നല്‍കുന്നില്ല, സെക്യുലര്‍ പാര്‍ട്ടികള്‍ സംസ്ഥാനത്ത് അധികാരത്തിലായിരുന്നല്ലോ. പക്ഷേ, മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി അവരൊന്നും ചെയ്തിട്ടില്ല. എന്നാലും സെക്യുലര്‍ ഗവണ്‍മെന്റ് തന്നെ അധികാരത്തില്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആ ഗവണ്‍മെന്റ് ക്രമസമാധാനവും സാമുദായിക സൗഹൃദവും കാത്തുസൂക്ഷിക്കുമെന്നും അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ജമാഅത്ത് അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് താങ്കള്‍ പറഞ്ഞു. പക്ഷേ, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സംഘടനയില്‍ വളരെ ചെറിയ പ്രാതിനിധ്യമേയുള്ളൂ എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് എത്രത്തോളം ശരിയാണ്? ഇത് തെറ്റായ നിരീക്ഷണമാണ്. ജമാഅത്ത് അംഗങ്ങളുമായി നേരാം വണ്ണം ആശയക്കൈമാറ്റം നടത്തിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണ ഉണ്ടാകുമായിരുന്നില്ല. ഇത്രയധികം സ്ത്രീകളെ വിവിധ മേഖലകളില്‍ അണിനിരത്തിയ മറ്റൊരു സംഘടനയെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞെന്നു വരില്ല. തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തുന്നവരും മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെ അവരിലുണ്ട്. ദേശീയതലത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജമാഅത്തിന്റെ ഒരു വകുപ്പ് പ്രവര്‍ത്തിക്കുന്നു. സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് സംഘടനയുമുണ്ട്. ചില പ്രാദേശിക ഘടകങ്ങളില്‍ പുരുഷന്മാരേക്കാള്‍ സജീവം സ്ത്രീകളാണ്. ജി.ഐ.ഒ ജമാഅത്തിന്റെ ഗേള്‍സ് വിംഗാണ്. സ്‌കൂളുകളിലും കോളേജുകളിലും അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭയിലെ 150 അംഗങ്ങളില്‍ 24 പേര്‍ സ്ത്രീകളാണ്. ഈ അനുപാതം തൃപ്തികരമല്ലെന്നത് ശരിയാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്ന്നു നില്‍ക്കുന്നതും ഇതിനൊരു കാരണമാണ്.
രാജ്യദ്രോഹികളും ദേശദ്രോഹികളും സി. അഹ്മദ് ഫായിസ് /ലേഖനം‌ എതിരഭിപ്രായം പുലര്‍ത്തുന്നവരെയെല്ലാം ഭരണകൂട വിരുദ്ധരായി കണക്കാക്കുകയും രാജ്യദ്രോഹികളായി മുദ്ര കുത്തുകയും പാകിസ്താനിലേക്ക് ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്യുന്ന ഛിദ്രശക്തികള്‍ പിടിമുറുക്കുന്ന ഒരു രാജ്യത്താണ് നാമിന്ന് ജീവിക്കുന്നത്. കശ്മീരികളെയും വടക്ക് കിഴക്കന്‍ മേഖലയിലെ ജനങ്ങളെയും ഡ്രാക്കോണിയന്‍ നിയമങ്ങളായ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്), എ.എഫ്.എസ്.പി.എ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) തുടങ്ങിയവ ഉപയോഗിച്ച് എങ്ങനെയാണ് ഇന്ത്യന്‍ ഭരണകൂടം അപരവത്കരിക്കുന്നത് എന്ന് ദിനേന നാം കാണുന്നു. 'അഫ്‌സ്പ' പിന്‍വലിക്കണം എന്നാവശ്യം ഉന്നയിച്ച് ഇറോം ഷര്‍മിള നടത്തുന്ന നിരാഹാര സത്യഗ്രഹം ഒന്നര ദശകം പൂര്‍ത്തിയായി കഴിഞ്ഞിട്ടും ഇന്നും ഭരണകൂടം അവരുടെ ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ തയാറായിട്ടില്ല. നിരവധി ജനവിരുദ്ധ നിയമങ്ങള്‍ അഖണ്ഡതയുടെയും രാജ്യസുരക്ഷയുടെയും പേരില്‍ ചുട്ടെടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്ത് നിയമസഭ കഴിഞ്ഞ മാര്‍ച്ചില്‍ പാസ്സാക്കിയ ജി.യു.ജെ.സി.ഒ.സി (Gujarat Control of Organised Crime)ന്റെ പുതിയ പതിപ്പായ ജി.ജെ.ടി.ഒ.സി (Gujarat Control of Terrorism and Organised Crime), യു.എ.പി.എ നിയമത്തിന് കീഴില്‍ സംഘടനകളെ നിരോധിക്കുന്നത് പോലെ വ്യക്തികളെയും നിയന്ത്രിക്കാന്‍ കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവരും എന്ന വാര്‍ത്ത (2015 ആഗസ്റ്റ് 11, ദ ഹിന്ദു) ഇതെല്ലാം ഭരണകര്‍ത്താക്കള്‍ മാറുമ്പോഴും ഭരണകൂടത്തിന്റെ ജനവിരുദ്ധമായ കൊളോണിയല്‍ സ്വഭാവം മാറുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇത്തരം ജനാധിപത്യ വിരുദ്ധനിയമങ്ങള്‍ നിലനില്‍ക്കെ തന്നെ, തങ്ങളെ വിമര്‍ശിക്കുന്ന ഏതൊരാളെയും രാജ്യദ്രോഹി മുദ്രകുത്തി ജയിലിലടക്കാനും തടങ്കലില്‍ വെക്കാനും അധികാരം നല്‍കുന്ന തരത്തില്‍ അവ്യക്തമായും അതിവിശാലമായ അര്‍ഥത്തിലും എഴുതിയിരിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെയും ക്രിമിനല്‍ കോഡ് പ്രൊസീജിയറിലെയും പല വകുപ്പുകളും പൗരന്റെ അടിസ്ഥാന അവകാശങ്ങളില്‍ പ്രധാനമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ്. പലപ്പോഴും ജനകീയ സമര നേതാക്കളെയും മനുഷ്യാവകാശ പോരാളികളെയും രാജ്യദ്രോഹി മുദ്ര കുത്തി ജയിലിലടക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ ചാര്‍ത്തിക്കൊണ്ടാണ്. ഈ വകുപ്പ് ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷണല്‍ െ്രെകം റിസര്‍ച്ച് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വര്‍ഷം മാത്രം 47 പേര്‍ക്കെതിരെ ഈ വകുപ്പ് ചാര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം രാജ്യദ്രോഹ വകുപ്പ് ചാര്‍ത്തപ്പെട്ടവരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പട്ടിധാര്‍ സംവരണ സമര നായകന്‍ ഹാര്‍ധിക്ക് പട്ടേല്‍ തുടങ്ങിയവരും പെടും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും അവരുടെ മദ്യനയത്തെയും വിമര്‍ശിച്ചു കൊണ്ട് മൂട് ടാസ്മാക്ക് മൂട്, ഊരുക്കു ഒരു സാരായം എന്നീ പാട്ടുകളെഴുതിയ മക്കള്‍ കലൈ ഇലക്കിയ കഴകം സാംസ്‌കാരിക വിഭാഗം തലവന്‍ കോവന്‍ എന്ന ശിവദാസനെ തമിഴ്‌നാട് പോലീസ് അര്‍ധരാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ കേസ്. എന്താണ് രാജ്യദ്രോഹ നിയമം? ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 124 എ പ്രകാരം 'ഏതെങ്കിലുമൊരാള്‍ എഴുത്ത്, സംഭാഷണം മുഖേനയുള്ള വാക്കാലോ അല്ലെങ്കില്‍ ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥക്കെതിരെ വിദ്വേഷമോ അനാദരവോ ഉയര്‍ത്തുകയോ അതുമല്ലെങ്കില്‍ അസംതൃപ്തി വളര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍' അത് രാജ്യദ്രോഹമായി തീരുമെന്ന് നിര്‍വചിക്കുന്നു. അസംതൃപ്തി (Disaffection) എന്നാല്‍ കൂറില്ലായ്മ (Disloyalty)യും ഏതെങ്കിലും തരത്തിലുള്ള ശത്രുത(Enimity)യും ഉള്‍പ്പെടുമെന്നും, ഗവണ്‍മെന്റിന്റെ ഭരണപരമായ നടപടികള്‍ നിരാകരിക്കുകയും നിയമാനുസൃതമായി (അതായത് അസംതൃപ്തി/കൂറില്ലായ്മ/ശത്രുത തുടങ്ങിയവ വളര്‍ത്താത്ത തരത്തില്‍) അത്തരം നടപടികളില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഈ നിയമം ചാര്‍ത്താനുള്ള കാരണമാവുകയില്ലെന്നും ഉപവകുപ്പുകള്‍ അനുശാസിക്കുന്നു. അസംതൃപ്തി, കൂറില്ലായ്മ, ശത്രുത തുടങ്ങിയവയെ നിര്‍വചിക്കുന്നത് ഭരണകൂടമോ ചിലപ്പോള്‍ കോടതികള്‍ തന്നെയോ ആയതിനാല്‍ തന്നെ ഭരണകൂടത്തെ/കോടതിയെയോ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികളായിത്തീരുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അതുകൊണ്ടാണ് ഈയിടെ ദേശീയ ന്യായാധിപ നിയമന കമീഷനെ കുറിച്ച് ഫേസ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ കാണ്‍പൂര്‍ കോടതി സ്വമേധയാ കേസെടുക്കുന്നത്. രാംനാഥ് ഗൊയങ്കെ അവാര്‍ഡ്ദാന ചടങ്ങിനിടെ രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയെ കുറിച്ചും അരക്ഷിത ബോധത്തെ കുറിച്ചും അഭിപ്രായ പ്രകടനം നടത്തിയ ആമിര്‍ ഖാനെതിരെയും ഈ വകുപ്പ് പ്രകാരം കാണ്‍പൂര്‍ സെഷന്‍ കോടതിയിലും മുസാഫര്‍പൂര്‍ കോടതിയിലുമായി രണ്ടു കേസുകള്‍ ഇതിനകം ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹ നിയമത്തിന്റെ ചരിത്രവും കുപ്രസിദ്ധ വിചാരണകളും 1837-'39 കാലഘട്ടത്തില്‍ മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ പീനല്‍ കോഡിലെ 113-ാം വകുപ്പാണ് രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ആദിരൂപം. പിന്നീട് 1860-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇതിനെ സെക്ഷന്‍ 124 എ ആയി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ 1863-1870 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വഹ്ഹാബി പ്രസ്ഥാനങ്ങളുടെ പോരാട്ടം ശക്തമായതോടെ നിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തുകയും 1898-ല്‍ 'അസംതൃപ്തി' എന്ന വാക്കിന് ഇന്ന് നിലവിലുള്ള അര്‍ഥം വരുന്ന തരത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ പ്രധാനമായും ദേശീയ പത്രങ്ങളുടെ പത്രാധിപന്മാരെ ഉന്നമിട്ട് കൊണ്ടാണ് ഈ വകുപ്പ് പ്രയോഗിച്ചിരുന്നത്. ബംഗോ ബസി പത്രത്തിന്റെ എഡിറ്റര്‍ ജോഗേന്ദ്ര ചന്ദ്രബോസ് ആണ് ഈ വകുപ്പിന് കീഴില്‍ വിചാരണ ചെയ്യപ്പെടുന്നവരില്‍ ഒന്നാമന്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഇന്ത്യന്‍ ദേശീയ നേതാക്കളില്‍ പലരും രാജ്യദ്രോഹ നിയമത്തിന് കീഴില്‍ വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ പരക്കെ അറിയപ്പെട്ടവ ഇന്ന് ഹിന്ദുത്വവാദികള്‍ തങ്ങളുടെ ആചാര്യനായി കൊണ്ടാടുന്ന ബാലഗംഗാധര തിലകിനെതിരെയുള്ള മൂന്ന് രാജ്യദ്രോഹ വിചാരണകളാണ്. 1897-ല്‍ ആദ്യമായി ഈ വകുപ്പിന് കീഴില്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഉയര്‍ത്തിയ വാദങ്ങള്‍ ഇന്നും പ്രസക്തമാണ്: 'ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തെയാണോ അതോ ഭരണകൂടം ഇന്ത്യന്‍ ജനതക്കെതിരെ നടത്തുന്ന അക്രമത്തെയാണോ തന്റെ വിചാരണ സ്ഥാപിക്കുന്നത്' എന്ന് അദ്ദേഹം ചോദിച്ചു. താനടക്കമുള്ള ഇന്ത്യയിലെ ജനങ്ങളുടെ പോരാട്ടത്തെ രാജ്യദ്രോഹമായി വിലയിരുത്തുന്നുവെങ്കില്‍ ദേശത്തെയും ദേശികളെയും അടിച്ചമര്‍ത്തുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പ്രവൃത്തി ദേശദ്രോഹമാണെന്നും, രാജ്യദ്രോഹമല്ല ദേശദ്രോഹമാണ് യഥാര്‍ത്ഥ ഭീക്ഷണിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദത്തിന്റെ കാതല്‍. ജീവിക്കാന്‍ വഴിയില്ലാതെ പോകുന്ന ജനങ്ങള്‍ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കുകയും ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്കെതിരെ വിരലുയര്‍ത്തുകയും ചെയ്യുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ബാല ഗംഗാധര തിലക് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് പ്രസക്തിയേറുന്നു. തിലകിനെതിരെ രാജ്യദ്രോഹ വകുപ്പ് ചാര്‍ത്തിയ ശേഷം കേസില്‍ വാദം കേള്‍ക്കാന്‍ തികഞ്ഞ ഇന്ത്യന്‍ വിരോധിയായ ജസ്റ്റിസ് സ്ട്രാചിയെ നിയമിച്ച ബ്രിട്ടീഷ് ഭരണകൂടം തുടര്‍ന്ന് സ്ട്രാചി നിര്‍വചിച്ച പ്രകാരം രാജ്യദ്രോഹ നിയമത്തില്‍ ഭേദഗതി വരുത്തി. നൂറ്റിപ്പതിനെട്ട് കൊല്ലം മുമ്പ് ഇന്ത്യക്കാരെ അടിമകളായും അപരിഷ്‌കൃതരായും കാണുന്ന കൊളോണിയല്‍ ന്യായാധിപന്‍ നിര്‍വചിച്ച പ്രകാരം ഭേദഗതി ചെയ്യപ്പെട്ട നിയമം ഉപയോഗിച്ചാണ് ഇന്ന് ഇന്ത്യന്‍ ഭരണകൂടം മനുഷ്യാവകാശ പോരാളികളെയും ജനകീയ സമര നേതാക്കളെയും രാജ്യദ്രോഹികളായി മുദ്രകുത്തുകയും ജയിലിലടക്കുകയും ചെയ്യുന്നത്. 1909 ലും 1916 ലും ഈ വകുപ്പിന് കീഴില്‍ വിചാരണ ചെയ്യപ്പെട്ട തിലകിന് വേണ്ടി ഹാജരായത് പിന്നീട് പാകിസ്താന്റെ രാഷ്ട്രപിതാവായി മാറിയ മുഹമ്മദ് അലി ജിന്നയായിരുന്നു. തിലകിനെ കൂടാതെ ഗാന്ധിജിയും ആനി ബസന്റുമെല്ലാം ഈ വകുപ്പിന് കീഴില്‍ വിചാരണ നേരിട്ടിട്ടുണ്ട്. 1922-ല്‍ യംഗ് ഇന്ത്യയിലെ തന്റെ മൂന്ന് ലേഖനങ്ങള്‍ക്ക് രാജ്യദ്രോഹത്തിന് വിചാരണ നേരിട്ട ഗാന്ധി, (ദേശ)കൂറ് നിയമം മൂലം ഉല്‍പാദിപ്പിക്കാനോ നിയന്ത്രിക്കാനോ പറ്റുന്ന ഒന്നല്ലെന്നും അക്രമത്തിന് പ്രേരിപ്പിക്കുകയോ ആഹ്വാനം ചെയ്യുകയോ ചെയ്യാത്തിടത്തോളം കാലം തനിക്ക് ഭരണകൂടത്തോടുള്ള അസംതൃപ്തി അതിന്റെ എല്ലാ അര്‍ഥത്തിലും ആവിഷ്‌കരിക്കാന്‍ ഒരു പൗരനു സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ടെന്നും' കേസില്‍ വാദം കേട്ട ജസ്റ്റിസ് സ്ട്രാങ്് മാന്റെ മുഖത്ത് നോക്കി തുറന്നടിച്ചു. ഭരണഘടനാ അസംബ്ലിയിലും കോടതി വ്യവഹാരങ്ങളിലും വിഭജനവും തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലും തികഞ്ഞ അരാജകത്വവും നിറഞ്ഞ് നിന്ന കാലഘട്ടത്തില്‍ എഴുതപ്പെട്ടതിനാല്‍ തന്നെ, ഭരണഘടനയില്‍ രാജ്യ ദ്രോഹ നിയമം പോലുള്ള മനുഷ്യാവകാശ വിരുദ്ധ നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഭരണഘടനാ ശില്‍പ്പികളുടെ അബോധ മണ്ഡലത്തില്‍ ആ കാലഘട്ടം വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ അക്കാലത്ത് വേരൂന്നി നിന്നിരുന്ന, ദേശത്തിന്റെ ഭദ്രതയും ഏകതയും ദേശികളുടെ മൗലികാവകാശങ്ങളേക്കാള്‍ പ്രധാനമായി കാണുന്ന ദേശ രാഷ്ട്രമെന്ന ചിന്ത നമ്മുടെ ഭരണഘടനയുടെ രൂപീകരണത്തിന്റെ ആണികല്ലായി തീര്‍ന്നു. ഭരണഘടനയുടെ പ്രഥമ കരട് രൂപത്തില്‍ രാജ്യദ്രോഹം അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള അടിസ്ഥാനമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അസംബ്ലിയിലെ ചര്‍ച്ചക്കിടെ കെ.എം മുന്‍ഷി, ടി.ടി കൃഷ്ണമാചാരി, സേത്ത് ഗോവിന്ദ് ദാസ് തുടങ്ങിയവരുടെ വിയോജിപ്പുകളെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. എന്നിരുന്നാലും ഈ വകുപ്പ് ഭരണഘടനയില്‍ തുടര്‍ന്നു. എന്നാല്‍ 1949 ല്‍ നെഹ്‌റു ഗവണ്‍മെന്റിനെതിരെ അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചായ്‌വ് പുലര്‍ത്തിയിരുന്ന ക്രോസ് റോഡ്‌സ് മാസികയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ രാജ്യദ്രോഹ നിയമം ചാര്‍ത്തിയതിനെ ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച മദ്രാസ് കോടതി വിധിയുണ്ടായി. പാകിസ്താനെതിരെ തീവ്ര പരാമര്‍ശങ്ങളുള്ള, വര്‍ഗീയ ചുവയുള്ള ലേഖനമെഴുതിയെന്ന കുറ്റത്തിന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിനെതിരായുള്ള കേസില്‍ ഗവണ്‍മെന്റിനെതിരെയുള്ള കോടതി വിധിയും അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ നെഹ്‌റുവിനെ പ്രേരിപ്പിച്ചു. 1951-ലെ പ്രഥമ ഭരണ ഘടനാ ഭേദഗതിയില്‍ അഭിപ്രായങ്ങള്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതോ ആയാല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ആവാം എന്ന തരത്തില്‍ ഭരണ ഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ വക വെച്ച് നല്‍കുന്ന സെക്ഷന്‍ 19(2)ല്‍ മാറ്റങ്ങള്‍ കൊണ്ട് വന്നു. എന്നാല്‍ 1954-ല്‍ ഝാര്‍ഖണ്ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ആദിവാസികള്‍ക്കെതിരെ രാജ്യദ്രോഹ നിയമം ചാര്‍ത്തിയ ബിഹാര്‍ ഭരണകൂടത്തിനെതിരെ വിധിച്ച ദെബി സോറന്‍ Vs സ്റ്റേറ്റ് ഓഫ് ബിഹാര്‍ കേസും, സെക്ഷന്‍ 124 എ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ച രാം നന്ദന്‍ Vs സ്റ്റേറ്റ് കേസും ഈ വകുപ്പ് ഭരണഘടനയില്‍ എടുത്ത് കളയണമെന്ന ഭരണ ഘടനാ ശില്‍പ്പികളുടെ മനസ്സ് വ്യക്തമാക്കുന്നവയായിരുന്നു. എന്നാല്‍ 1962-ല്‍ കേദാര്‍നാഥ് കേസില്‍ രാം നന്ദന്‍ കേസിലെ വിധിയെ നിരാകരിച്ച സുപ്രീം കോടതി, സെക്ഷന്‍ 124 എയുടെ ഭരണഘടനാ സാധുത പുനഃസ്ഥാപിക്കുകയും ഈ വകുപ്പിന്റെ അര്‍ഥത്തിനും ഭരണകൂടം പ്രയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും ചെയ്തു. രാജ്യദ്രോഹ നിയമത്തെ വിശാലമായ തലത്തില്‍ പരിശോധിച്ച് വ്യാഖ്യാനിച്ചാല്‍ അതിന് ഭരണഘടനാപരമായി നിലനില്‍പ്പുണ്ടാവില്ലെന്ന് അന്നേ കോടതി ഓര്‍മിപ്പിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ കീഴ്‌കോടതികള്‍ സുപ്രീം കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ മാനിക്കാറില്ലെന്ന് മാത്രമല്ല പോലീസ് രാജ്യദ്രോഹിയെന്ന് ആരോപിച്ച് ഹാജരാക്കുന്നവരെ മറ്റൊന്നും നോക്കാതെ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയാണ് സാമ്പ്രദായിക രീതി. രാജ്യദ്രോഹ നിയമങ്ങള്‍ ഇതര രാജ്യങ്ങളില്‍ അമേരിക്ക, നൈജീരിയ, മലേഷ്യ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളും രാജ്യദ്രോഹവുമായി ബന്ധപ്പെട്ടുള്ള പല നിയമങ്ങളും എടുത്ത് കളയുകയോ, ഫലത്തില്‍ ഇല്ലാതാവുകയോ അല്ലെങ്കില്‍ അത്തരം നിയമങ്ങള്‍ പ്രയോഗിക്കേണ്ടതിനെക്കുറിച്ചുള്ള തത്ത്വങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയോ ചെയ്തിട്ടുണ്ട്. 2010 ല്‍ ബ്രിട്ടന്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമം തന്നെ എടുത്ത് കളയുകയുണ്ടായി. 1948 ലെ ലോക മനുഷ്യാവകാശ പ്രഖ്യാപന ചാര്‍ട്ടറിലെയും, 1966 ലെ രാഷ്ട്രീയ-പൗരാവകാശ സംബന്ധമായ അന്തര്‍ദേശീയ കരാറിലെയും വകുപ്പുകള്‍ പ്രകാരം അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അടിസ്ഥാന അവകാശങ്ങളില്‍ പെട്ടതാണ്. ഈ കരാറുകളില്‍ ഒപ്പിട്ട രാജ്യമെന്ന നിലക്ക് ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം ജനവിരുദ്ധമായ നിയമങ്ങള്‍ ഭരണഘടനയില്‍ നിലനിര്‍ത്താനും കൂടുതല്‍ കര്‍ക്കശമായ നിയമങ്ങളെ പറ്റി ആലോചിക്കാനും കാരണം ഇന്ന് രാജ്യത്ത് നിലവിലുള്ള ഹിന്ദുത്വ തീവ്രദേശീയ വാദവും അമിതമായ രാജ്യസുരക്ഷാ ഭീതിയും ആഗോള തലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെയുള്ള യുദ്ധവുമെല്ലാമാണ്. 1896 ല്‍ തന്റെ കേസിന്റെ വിചാരണ വേളയില്‍ ബാല ഗംഗാധര തിലക് പ്രശ്‌നവല്‍ക്കരിച്ച തരത്തില്‍ തന്നെയാണ് ഇന്നും നമ്മുടെ രാജ്യം നിലനില്‍ക്കുന്നത്. അദ്ദേഹം അന്നുയര്‍ത്തിയ വാദഗതിയോടു അമ്പരപ്പിക്കുന്ന സാമ്യതകളാണ് രാജ്യദ്രോഹ നിയമങ്ങളുടെ സമകാലീന ഇരകളില്‍ പ്രധാനിയായ അരുന്ധതി റോയിയെ പോലുള്ളവരുടെ വാദഗതികള്‍ക്കുമുള്ളത്. 2010 ല്‍ ഒരു സെമിനാറില്‍ കാശ്മീരിനെ പറ്റി നടത്തിയ അഭിപ്രായങ്ങളുടെ പേരില്‍ എസ്.എ.ആര്‍ ഗീലാനി, വരവര റാവു എന്നിവര്‍ക്കൊപ്പം രാജ്യദ്രോഹ കുറ്റാരോപണം നേരിട്ടപ്പോള്‍ റോയി ഒരു പൊതു പ്രസ്താവന നടത്തുകയുണ്ടായി. ''ഞാന്‍ വിദ്വേഷ പ്രസംഗം നടത്തിയതായി പത്രങ്ങളിലൂടെ ചിലരെന്റെ മേല്‍ ആരോപിക്കുകയുണ്ടായി; ഇന്ത്യയെ ചെറിയ കഷ്ണങ്ങളാക്കി തകര്‍ക്കണമെന്നും മറ്റും പറഞ്ഞതായിട്ടും മറ്റും. ആത്മാഭിമാനത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നുമാണ് എന്റെ വാക്കുകള്‍ പുറത്ത് വരുന്നത്. തങ്ങള്‍ (കശ്മീരികള്‍) ഇന്ത്യക്കാരാണെന്ന് ബലപ്രയോഗത്തിലൂടെ പറയിപ്പിക്കാന്‍ അവരുടെ കൈനഖങ്ങള്‍ വലിച്ചൂരിയെടുക്കപ്പെടാതിരിക്കാനോ ജയിലടക്കപ്പെടാതിരിക്കാനോ ആയി, ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാനായി, ബലാല്‍സംഗം ചെയ്യപ്പെടാതിരിക്കാനായി ഉള്ള അഭിലാഷത്തില്‍ നിന്നുമാണ് എന്റെ വാക്കുകള്‍ പുറത്ത് വരുന്നത്. ഒത്തൊരുമയുള്ള സമൂഹമായി ജീവിക്കാന്‍ പ്രയത്‌നിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കണമെന്ന തീവ്ര മോഹത്തില്‍ നിന്നാണാ വാക്കുകള്‍ ഉതിരുന്നത്. മനസ്സിലുള്ളത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ തങ്ങളിലെ എഴുത്തുകാരെ നിശ്ശബ്ദരാക്കേണ്ടി വരുന്ന ഒരു രാജ്യത്തെ ഓര്‍ത്ത് നിങ്ങള്‍ ലജ്ജിക്കുക. വര്‍ഗീയ വാദികളായ കൊലപാതകികളും, കൂട്ടക്കശാപ്പുകാരും, കോര്‍പ്പറേറ്റ് അഴിമതിക്കാരും, കൊള്ളക്കാരും ബലാത്സംഗവീരന്മാരുമായവര്‍, പാവങ്ങളില്‍ പാവങ്ങളായവരെ കൊള്ളയടിച്ചവര്‍ സ്വതന്ത്രരായി വിഹരിക്കുമ്പോള്‍ നീതിക്ക് വേണ്ടി പോരാടുന്നവരെ ജയിലിലടക്കേണ്ടി വരുന്ന ഒരു രാജ്യത്തെ ഓര്‍ത്ത് ലജ്ജിക്കുക.'' കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടക്ക് രാജ്യദ്രോഹനിയമത്തിന് കീഴില്‍ കേസെടുക്കപ്പെട്ടവരുടെയോ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ ലിസ്റ്റ് പരിശോധിച്ചാല്‍ അതില്‍ ഭൂരിഭാഗവും ജനകീയ സമര നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്ന് കാണാം. ബിനായക് സെന്‍, കൂടംകുളം സമര നായകന്‍ ഉദയ് കുമാര്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി മുതല്‍ പല പത്രങ്ങളുടെയും എഡിറ്റര്‍മാര്‍, എഴുത്തുകാര്‍ എന്നിവരെല്ലാം അതിലുണ്ട്. രാജ്യദ്രോഹനിയമം മാത്രമല്ല പ്രസ്തുത നിയമത്തിലെ നിര്‍വചനം അടിസ്ഥാനമാക്കി രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും മറ്റും കണ്ടു കെട്ടാന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ക്രിമിനല്‍ കോഡ് പ്രോസീജിയറിലെ സെക്ഷന്‍ 95, ഏതു തരം കൂടിയാലോചനകളെയും രാജ്യദ്രോഹമെന്നാരോപിച്ചു അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന Prevention of Seditious Act 1911, ദേശ സുരക്ഷാ നിയമം തുടങ്ങി ഭരണഘടനയുടെ ഭാഗമായി കാലങ്ങളായി വിമര്‍ശകരെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ നിയമങ്ങളും നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിയമ ബാഹ്യമായ മാര്‍ഗങ്ങളിലൂടെയും അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ച് വിലങ്ങിടാനാവുമെന്ന് പ്രഫ. കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും മറ്റും അനുഭവം തെളിയിക്കുന്നു. ഇന്ന് നിലവിലുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെയും അവരെ പിന്തുണക്കുന്നവരുടെയും നിര്‍വചനപ്രകാരം നിലവില്‍ നമ്മുടെ രാജ്യത്ത് രണ്ടു തരം ജനങ്ങളാണുള്ളത്; 'രാജ്യദ്രോഹികളും ദേശസ്‌നേഹികളും'. ഒന്നുകില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അവരുടെ കൂടെ എന്ന 9/11 ശേഷം ഭീകരതക്കെതിരായ യുദ്ധം പ്രഖ്യാപിച്ച സമയത്തെ ബുഷിന്റെ കുപ്രസിദ്ധ യുക്തി തന്നെയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്ത് ഹിന്ദുത്വ വാദികളും പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. 'ദേശ സ്‌നേഹിയാവുക, അല്ലെങ്കില്‍ രാജ്യദ്രോഹിയാവുക'. തിലക് ഉയര്‍ത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ജനങ്ങളെ/ദേശത്തെ ദ്രോഹിക്കുന്ന ദേശദ്രോഹികളുടെ ഭരണകൂടമാണ് ഇന്നും ഇന്ത്യയില്‍ നിലവിലുള്ളത്. അത്തരമൊരു ഭരണകൂടവും അവരുടെ കങ്കാണിമാരും ചാര്‍ത്തി നല്‍കുന്ന രാജ്യദ്രോഹി മുദ്രക്ക് പുല്ലുവില കല്‍പ്പിക്കാനും അതിനെതിരെ പ്രതികരിക്കാനും നമുക്കാവേണ്ടതുണ്ട്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന, ദേശദ്രോഹികളുടെ ഭരണകൂടത്തിനെതിരെ നിലകൊള്ളേണ്ടതും, നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട, അപരവല്‍ക്കരിക്കപ്പെടുന്ന, ചരിത്രപരമായി പിന്നാക്കമായിപ്പോയ, നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പൊരുതേണ്ടതും ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ്? (എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി പൂര്‍ത്തിയാക്കിയ ലേഖകന്‍ ഇപ്പോള്‍ ന്യൂദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ റേഡിയോ ആന്റ് ടി.വി ജേണലിസം ഡിപ്ലോമ വിദ്യാര്‍ഥിയാണ്)