Tuesday, 8 December 2015
അക്രമവും അപഹരണവും
1) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: സത്യവിശ്വാസികള്‍ നരകത്തില്‍ നിന്ന് വിമോചിതരായി കഴിഞ്ഞാല്‍ നരകത്തിനും സ്വര്‍ഗ്ഗത്തിനുമിടക്കുള്ള ഒരു പാലത്തിന്മേല്‍ അവരെ തടഞ്ഞുനിര്‍ത്തും. മുന്‍ജീവിതത്തില്‍ അവര്‍ക്കിടയില്‍ നടന്ന അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യും. അങ്ങിനെ അവര്‍ തികച്ചും പരിശുദ്ധത നേടിക്കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ അവര്‍ക്കനുവാദം നല്‍കും. മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെ സത്യം! സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വെച്ചിരിക്കുന്ന വാസസ്ഥലം അവര്‍ തികച്ചും വേര്‍തിരിച്ചു മനസ്സിലാക്കും. ഈ ലോകത്ത് അവര്‍ താമസിച്ചിരുന്ന വീട്ടിനേക്കാളും വ്യക്തമായി അതവര്‍ മനസ്സിലാക്കും. (ബുഖാരി. 3. 43. 620)
2) സഫ്വാന്‍(റ) നിവേദനം: ഇബ്നുഉമര്‍(റ) കൈപിടിച്ചു നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. താങ്കള്‍ ഗൂഢാലോചനയെ സംബന്ധിച്ച് എന്താണ് നബി(സ) യില്‍ നിന്ന് കേട്ടതെന്ന് ചോദിച്ചു. ഇബ്നുഉമര്‍(റ) പറഞ്ഞു: നബി(സ) പറയുന്നത്. ഞാന്‍ കേട്ടു. അല്ലാഹു പരലോകത്തു വെച്ച് സത്യവിശ്വാസിയെ തന്നോടടുപ്പിക്കും. അവനെ അല്ലാഹു ഒരു മറക്കുള്ളിലാക്കും. ശേഷം അവനോട് ചോദിക്കും. നീ ചെയ്ത ഇന്നിന്ന കുറ്റങ്ങള്‍ നിനക്കോര്‍മ്മയുണ്ടോ? അവന്‍ പറയും. രക്ഷിതാവേ! എനിക്കോര്‍മ്മയുണ്ട്. അങ്ങനെ തന്റെ കുറ്റങ്ങളെല്ലാം അവന്‍ ഏറ്റുപറയുകയും താന്‍ നശിച്ചുവെന്ന് അവന് തോന്നിക്കഴിയുകയും ചെയ്യുമ്പോള്‍ അല്ലാഹു അരുളും. മുന്‍ലോകത്തുവെച്ച് നിന്റെ കുറ്റങ്ങളെ ഞാന്‍ മറച്ചു വെച്ചിരുന്നു. ഇന്ന് ആ കുറ്റങ്ങളെ നിനക്ക് ഞാന്‍ മാപ്പ് ചെയ്തു തന്നിരിക്കുന്നു. എന്നിട്ട് അവന്റെ നന്മകള്‍ രേഖപ്പെടുത്തിയ ഏട് അവന് നല്‍കും. സത്യനിഷേധിയും കപടവിശ്വാസിയുമാകട്ടെ അവര്‍ക്കെതിരെ സാക്ഷികള്‍ വിളിച്ചു പറയും. തങ്ങളുടെ നാഥനെ നിഷേധിച്ചവര്‍ ഇവരാണ്. അക്രമികള്‍ക്ക് അല്ലാഹുവിന്റെ ശാപം അനുഭവപ്പെടട്ടെ. (ബുഖാരി. 3. 43. 621)
3) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാന്‍ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)
4) അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെട്ടവനാണെങ്കിലും നീ അവനെ സഹായിക്കുക. (ബുഖാരി. 3. 43. 623)
5) അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മര്‍ദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അക്രമിയെ ഞങ്ങള്‍ എങ്ങിനെ സഹായിക്കും? നബി(സ) അരുളി: അക്രമിയുടെ രണ്ടു കൈയും പിടിക്കുക. (ബുഖാരി. 3. 43. 624)
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ സ്നേഹിതന്റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്റെ പാപത്തില്‍ ഒരു ഭാഗം ഇവന്റെ മേല്‍ ചുമത്തും. (ബുഖാരി. 3. 43. 629)
7) ആയിശ(റ) പറയുന്നു: (വല്ല സ്ത്രീയും അവളുടെ ഭര്‍ത്താവില്‍ നിന്ന് അകല്‍ച്ചയെ ഭയപ്പെട്ടു അല്ലെങ്കില്‍ പിന്തിരിയല്‍) (4:128) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ അര്‍ത്ഥം ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ അടുത്ത് ഭര്‍ത്താവായി ജീവിക്കുന്നു. കൂടുതലൊന്നും അയാള്‍ക്ക് അവളില്‍ നിന്ന് പ്രതീക്ഷിക്കുവാന്‍ സാധിക്കുന്നില്ല. തല്‍ഫലമായി അവളെ വിട്ടു പിരിയുവാന്‍ അയാള്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ അവള്‍ പറയും. എന്റെ പ്രശ്നത്തില്‍ ഞാന്‍ ചില ഇളവുകള്‍ നിങ്ങള്‍ക്ക് നല്‍കാം. എന്നെ നിങ്ങള്‍ വിവാഹമോചനം ചെയ്യരുത്. ഈ പ്രശ്നത്തിലാണ് ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത്. (ബുഖാരി. 3. 43. 630)
8) സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632)
9) അബൂസലമ(റ) പറയുന്നു: എന്റെയും ചില മനുഷ്യരുടെയും ഇടയില്‍ തര്‍ക്കമുണ്ടായി. ആയിശ(റ) യോട് ഈ വിവരം പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അബൂസലമ! നീ ഭൂമിയെ ഉപേക്ഷിക്കുക. നിശ്ചയം നബി(സ) പറയുകയുണ്ടായി. വല്ലവനും ഒരു ചാണ്‍ കണക്കിന്ന് ഭൂമിയില്‍ അതിക്രമം ചെയ്താല്‍ ഏഴ് ഭൂമി അവന്റെ കഴുത്തില്‍ അണിയിക്കുന്നതാണ്. (ബുഖാരി. 3. 43. 633)
10) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ് ഭൂമിയിലേക്ക് അവനെ താഴ്ത്തിക്കളയും. (ബുഖാരി. 3. 43. 634)
11) ജബല് (റ) പറയുന്നു: ഞങ്ങള്‍ മദീനയില്‍ ഇറാഖിലെ ചില ആളുകളുടെ അടുത്ത് താമസിക്കുമ്പോള്‍ വരള്‍ച്ച ഞങ്ങളെ പിടികൂടി. ഇബ്നു സൂബൈര്‍ ഈത്തപ്പഴം ഞങ്ങളെ തീറ്റിക്കാറുണ്ട്. ഒരിക്കല്‍ ഇബ്നു ഉമര്‍(റ) ഞങ്ങളുടെ അടുത്തുകൂടി നടന്ന് പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. നിശ്ചയം തന്റെ കൂട്ടുകാരന്റെ അനുവാദം കൂടാതെ രണ്ട് കാരക്ക ഒന്നിച്ചെടുത്ത് ഭക്ഷിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 635)
12) ആയിശ(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി. 3. 43. 637)
13) ഉമ്മുസലമ(റ) നിവേദനം: ഒരിക്കല്‍ നബി(സ) തന്റെ വീട്ടു വാതില്‍ക്കല്‍ ഒരു വഴക്ക് കേട്ടു. അവിടുന്ന് അവരുടെയടുക്കലേക്ക് പുറപ്പെട്ടു. നബി(സ) അരുളി: ഞാനൊരു മനുഷ്യന്‍ മാത്രമാണ്. എന്റെയടുത്ത് ചിലപ്പോള്‍ ആവലാതിക്കാര്‍ വരും. അവരില്‍ ചിലര്‍ ചിലരേക്കാള്‍ വാക് സാമര്‍ത്ഥ്യമുള്ളവരായിരിക്കും. അപ്പോള്‍ അവര്‍ പറഞ്ഞത് സത്യമാണെന്ന് ഞാന്‍ ധരിച്ചിട്ട് അവര്‍ക്കനുകൂലമായി ഞാന്‍ വിധിക്കും. വാസ്തവത്തിലോ, ഒരു മുസ്ളിമിന്റെ അവകാശം മറ്റു വല്ലവനും വിട്ടുകൊടുത്തു കൊണ്ട് ഞാന്‍ വിധി കല്‍പ്പിക്കുവാന്‍ ഇടവന്നു പോയെങ്കില്‍ അത് അഗതിയുടെ ഒരു കഷ്ണം മാത്രമാണ്. അതവന്‍ സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 3. 43. 638)
14) ഉഖ്ബ(റ) നിവേദനം: ഞങ്ങള്‍ നബി(സ)യോട് പറഞ്ഞു: താങ്കള്‍ ഞങ്ങളെ ചിലപ്പോള്‍ ഏതെങ്കിലുമൊരു ജനതയുടെയടുക്കലേക്കയയ്ക്കും. അവരുടെ അടുക്കല്‍ ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ അവര്‍ ഞങ്ങളെ സല്‍ക്കരിക്കുകയില്ല. ഇതെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? അപ്പോള്‍ നബി(സ) ഞങ്ങളോട് പറഞ്ഞു. നിങ്ങളൊരു ജനതയുടെയടുക്കല്‍ ചെന്നിട്ട് നിങ്ങളോടവര്‍ അതിഥി മര്യാദ കാണിച്ചാല്‍ സ്വീകരിച്ചുകൊള്ളുക. എന്നാല്‍ അവരത് ചെയ്തില്ലെങ്കിലോ അതിഥികള്‍ക്കുള്ള അവകാശം നിങ്ങള്‍ പിടിച്ചെടുത്തു കൊള്ളുക. (ബുഖാരി. 3. 43. 641)
15) ഉമര്‍ (റ) പറയുന്നു: നബി(സ)യെ അല്ലാഹു തിരിച്ചുവിളിച്ചപ്പോള്‍ അന്‍സാരീങ്ങള്‍ ബനൂസഈദ് ഗോത്രക്കാരുടെ പൂമുഖത്ത് ഇരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു. താങ്കള്‍ ഞങ്ങളേയുമായി പുറപ്പെടുക. (ബുഖാരി. 3. 43. 642)
16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു അയല്‍വാസി തന്റെ അയല്‍വാസിയുടെ മതിലിലൊരു മരകഷ്ണം നാട്ടുന്നത് തടയരുത്. ശേഷം അബൂഹുറൈറ(റ) പറയാറുണ്ട്. നബി(സ)യുടെ ഈ നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് നിങ്ങള്‍ അവഗണിക്കുന്നത്?! അല്ലാഹു സത്യം. ഞാന്‍ ഈ നിര്‍ദ്ദേശം നിങ്ങളുടെ ചുമലിലേക്ക് എറിഞ്ഞുകൊണ്ടേയിരിക്കും. (ബുഖാരി. 3. 43. 643)
17) അനസ്(റ) പറയുന്നു: അബൂത്വല്‍ഹത്തിന്റെ വീട്ടില്‍ ജനങ്ങളെ കള്ള് കുടിപ്പിക്കുന്നവനായിരുന്നു ഞാന്‍. അന്ന് അവരുടെ കള്ള് ഈത്തപ്പഴത്തില്‍ നിന്നാണ്. അപ്പോള്‍ വിളിച്ചു പറയുന്നവനോട് ഇപ്രകാരം വിളിച്ചുപറയുവാന്‍ നബി(സ) കല്‍പ്പിച്ചു. അറിയുക, കള്ള് നിഷിദ്ധമാക്കിയിരിക്കുന്നു. അബൂതല്‍ഹത്ത് എന്നോട് പറഞ്ഞു. നീ പുറത്തുപോയി മദ്യത്തെ ഒഴിച്ചു കളയുക. അങ്ങനെ ഞാന്‍ പുറപ്പെട്ടു അതിനെ ഒഴിച്ചു. മദീനയിലെ തെരുവീഥിയിലൂടെ അത് ഒഴുകുവാന്‍ തുടങ്ങി. ചിലര്‍ പറഞ്ഞു: കള്ള് വയറ്റിലാക്കിയവരായി ചിലര്‍ വധിക്കപ്പെട്ടുവല്ലോ. അവരുടെ സ്ഥിതി എന്താണ്? അപ്പോള്‍ അല്ലാഹു ഇറക്കി. (വിശ്വസിക്കുകയും പുണ്യകര്‍മ്മം ചെയ്യുകയും ചെയ്തവര്‍ മുമ്പ് ഭക്ഷിച്ചതില്‍ തെറ്റില്ല). (ബുഖാരി. 3. 43. 644)
18) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: വഴിയരികില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുവിന്‍. അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അതല്ലാതെ മറ്റു സ്ഥലമില്ല. ഞങ്ങളിരുന്നു സംസാരിക്കുന്ന സ്ഥലങ്ങളാണവ. അതിനാല്‍ അതു ഞങ്ങള്‍ക്ക് അനിവാര്യമാണ്. നബി(സ) അരുളി: അവിടെയല്ലാതെ നിങ്ങള്‍ക്കിരിക്കാന്‍ സാധ്യമല്ലെങ്കില്‍ വഴിക്ക് അതിന്റെ അവകാശം നിങ്ങള്‍ വിട്ടുകൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവര്‍ ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി. കണ്ണിനെ നിയന്ത്രിക്കുക, ഉപദ്രവത്തെ നീക്കുക. വല്ലവനും സലാം പറഞ്ഞാല്‍ സലാം മടക്കുക. നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക. (ബുഖാരി. 3. 43. 645)
19) അബൂഹൂറൈറ(റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി(സ) കല്‍പ്പിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 653)
20) അബ്ദുല്ല(റ) നിവേദനം: പിടിച്ചു പറിയും അംഗങ്ങള്‍ ഛേദിച്ചു കളയുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 654)
21) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിശ്വാസിയായിക്കൊണ്ട് ഒരുവന്‍ വ്യഭിചരിക്കുകയോ കള്ള് കുടിക്കുകയോ മോഷ്ടിക്കുകയോ ജനങ്ങള്‍ നോക്കി നില്‍ക്കുന്ന അവസ്ഥയില്‍ പിടിച്ചു പറിക്കുകയോ ചെയ്യുകയില്ല. ബുഖാരി പറയുന്നു: ഇതിന്റെ അര്‍ത്ഥം ആ സന്ദര്‍ഭത്തില്‍ അവന്റെ വിശ്വാസം ഊരിയെടുക്കപ്പെടുമെന്നാണ്. (ബുഖാരി. 3. 43. 655)
22) സലമ(റ) നിവേദനം: ഖൈബര്‍ യുദ്ധ സന്ദര്‍ഭത്തില്‍ ചിലര്‍ തീ കത്തിക്കുന്നത് നബി(സ) കണ്ടു. എന്തിനാണ് നിങ്ങള്‍ തീ കത്തിക്കുന്നതെന്ന് നബി(സ) ചോദിച്ചു. നാടന്‍ കഴുതയുടെ മാംസം പാകം ചെയ്യുവാനാണെന്ന് അനുചരന്മാര്‍ പറഞ്ഞു. നബി(സ) അരുളി: നിങ്ങള്‍ അതു പൊട്ടിക്കുകയും മാംസം ഒഴുക്കിക്കളയുകയും ചെയ്യുക. അവര്‍ ചോദിച്ചു. ഞങ്ങള്‍ മാസം ഒഴുക്കിക്കളഞ്ഞു പാത്രം കഴുകിയെടുക്കട്ടെയോ? നബി(സ) പറഞ്ഞു: നിങ്ങള്‍ കഴുകിയെടുക്കുവിന്‍. (ബുഖാരി. 3. 43. 657)
23) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ) മക്കയില്‍ പ്രവേശിച്ചു. കഅ്ബ:ക്ക് ചുറ്റും 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് നബി(സ) അവയെ കുത്തി. സത്യം വരികയും അസത്യം നീങ്ങുകയും ചെയ്തുവെന്ന് നബി(സ) പറയുന്നുണ്ട ്. (ബുഖാരി. 3. 43. 658)
24) അബ്ദുല്ല(റ) നിവേദനം: വല്ലവനും തന്റെ ധനത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പോരാടി മരണമടഞ്ഞാല്‍ അവന്‍ രക്തസാക്ഷിയാണ്. (ബുഖാരി. 3. 43. 660)
25) അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യ(ആയിശ)യോടൊപ്പം താമസിക്കുമ്പോള്‍ സത്യവിശ്വാസികളുടെ മാതാക്കളിലൊരാള്‍(സൈനബ) ഒരു പിഞ്ഞാണത്തില്‍ അല്‍പം ഭക്ഷണം ഭൃത്യന്റെ പക്കല്‍ കൊടുത്തയച്ചു. അപ്പോള്‍ ആയിശ തന്റെ കൈകൊണ്ട് ആ പാത്രത്തിന് ഒരടി കൊടുത്തു. പാത്രമുടഞ്ഞു. നബി(സ) ആ ഉടഞ്ഞ തുണ്ടുകള്‍ യോജിപ്പിച്ച് ആഹാരം അതില്‍ തന്നെ എടുത്തിട്ടു. എന്നിട്ട് ഇതാ ഭക്ഷിച്ചു കൊള്ളുക എന്നരുളി. ആഹാരം കഴിച്ചിട്ട് തീരും വരേക്കും പിഞ്ഞാണവും കൊണ്ടുപോകാന്‍ ഭൃത്യനെ നബി(സ) വിട്ടില്ല. ആഹാരത്തില്‍ നിന്ന് വിരമിച്ച് കഴിഞ്ഞപ്പോള്‍ നല്ലൊരു പിഞ്ഞാണം പകരം കൊടുത്തിട്ട് ഭൃത്യനെ പറഞ്ഞയച്ചു. ഉടച്ചത് നബി(സ) അവിടെ വെക്കുകയും ചെയ്തു. (ബുഖാരി. 3. 43. 661)
Subscribe to:
Post Comments (Atom)
No comments:
Post a Comment