Monday, 7 December 2015
ഹജ്ജ്
തീര്‍ഥാടനം, ലക്ഷ്യം നിര്‍ണയിച്ചുള്ള യാത്ര എന്നിങ്ങനെയാണ് ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ഹിജ്‌റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യ പകുതിയില്‍ മക്കഃയില്‍ നിര്‍ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്ലാമില്‍ ഹജ്ജ്. പ്രവാചക പ്രമുഖനായ ഇബ്‌റാഹീം നബിയുടെ കാലം (ബി.സി. 2000) മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്‌റാഹീംനബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. കഅ്ബഃയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോടു കല്പിച്ചു:
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ (നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്റെയടുക്കല്‍ വന്നുചേരുന്നതാകുന്നു. - 22:27)
ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിശ്വാസി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരിക്കണം. ആരോഗ്യമില്ലാത്തവരും ആവശ്യമായ സാമ്പത്തിക സൗകര്യവും യാത്രാസൗകര്യവുമില്ലാത്തവരും ഹജ്ജ് ബാധ്യതയില്‍നിന്നൊഴിവാകുന്നു. സാധിക്കുമെങ്കില്‍ ഒന്നിലേറെ തവണ ഹജ്ജ് ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നുണ്ട്.
മക്കഃയില്‍ ചെന്ന് കഅ്ബഃ പ്രദക്ഷിണം ചെയ്യുക (ത്വവാഫ്), കഅ്ബഃക്കടുത്തുള്ള സ്വഫാമര്‍വഃ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം നടക്കുക (സഅ്യ്), ദുല്‍ഹിജ്ജഃ എട്ടാം നാള്‍ കഅ്ബഃയുടെ ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ ചെന്നു താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫഃ മൈതാനത്ത് ചെന്നുനിന്ന് പ്രാര്‍ഥിക്കുക, അന്നു രാത്രി അറഫഃക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫഃ എന്ന സ്ഥലത്തു തങ്ങുക, പിറ്റേന്ന് മിനായിലേക്ക് മടങ്ങിവന്ന് ജംറഃകളില്‍ കല്ലെറിയുക, രണ്ടോ മൂന്നോ നാള്‍ മിനായില്‍തന്നെ താമസിക്കുകഅതിനിടക്ക് ബലി നടത്തിയശേഷം മുടിമുറിച്ചു ഇഹ്‌റാമില്‍നിന്നു മുക്തനാകാം ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഹജ്ജുപോലെത്തന്നെ നിര്‍ബന്ധമാകുന്നു ഉംറഃയും. ഉംറഃ പക്ഷ, വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഹജ്ജിനെ അപേക്ഷിച്ച് ലളിതമാണ് ഉംറഃയുടെ ചടങ്ങുകള്‍. മക്കഃയില്‍ ചെന്ന് കഅ്ബഃ ത്വവാഫു ചെയ്യുകയും സ്വഫാമര്‍വഃക്കിടയില്‍ നടക്കുകയും ചെയ്യുന്നതോടെ ഉംറഃ പൂര്‍ത്തിയാകുന്നു.
ഹജ്ജിന്റെയും ഉംറഃയുടെയും ചടങ്ങുകള്‍ ഓരോന്നും ദൈവത്തോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും പൈശാചിക ശക്തികളോടുള്ള വിരോധത്തിന്റെയും ദൈവത്തിനുള്ള ആത്മ സമര്‍പ്പണത്തിന്റെയും പ്രതീകങ്ങളും ഇസ്ലാമിക ചരിത്ര സംഭവങ്ങളുടെ അനുസ്മരണങ്ങളുമാകുന്നു. കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിലധിഷ്ഠിതമായ ധര്‍മവ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യത്തിന്റെയും പ്രകടനമാണ് ഹജ്ജ്. മുസ്ലിംലോകത്തിന്റെ ആത്മീയ കേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവുമാണത്. ഹജ്ജിലെ ഏറ്റവും പ്രധാനമായ ചടങ്ങ് അറഫഃ സംഗമമാണ്. ലോകത്തിന്റെ വിവിധ മുക്കു മൂലകളില്‍നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശഭാഷാവര്‍ഗവര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ അല്ലാഹുവിന്റെ മുമ്പില്‍ കൈനീട്ടി നിന്നു പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. മുസ്ലിം സമൂഹത്തെ പരസ്പരം പരിചയപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക് അവിതര്‍ക്കിതമാകുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment