Monday, 7 December 2015
മുഹമ്മദ്‌നബി
മുഹമ്മദ്‌നബി ലോക ജനതക്കാകമാനം എക്കാലത്തേക്കുമുള്ള പ്രവാചകനാണ്. وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا (മുഴുവന്‍ മനുഷ്യ വംശത്തിനുമുള്ള സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ടുതന്നെയാകുന്നു നിന്നെ നാം നിയോഗിച്ചിട്ടുള്ളത് - 34: 28) അദ്ദേഹത്തിനവതരിച്ച വേദഗ്രന്ഥമായ ഖുര്‍ആനും അദ്ദേഹത്തിന്റെ ജീവിത മാതൃകയും വിസ്മൃതമാവുകയോ വികലമാവുകയോ ചെയ്യാതെ ലോകാവസാനം വരെ നിലനില്ക്കുന്നതാണ്. അതു പ്രചരിപ്പിക്കുവാനും പ്രബോധനം ചെയ്യാനുമുള്ള ബാധ്യത അദ്ദേഹം കെട്ടിപ്പടുത്ത സമുദായത്തില്‍ ചുമത്തപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിനു ശേഷം ഇനി പ്രവാചകന്മാര്‍ നിയോഗിക്കപ്പെടുന്നതല്ല. مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّي (ജനങ്ങളേ, മുഹമ്മദ് നിങ്ങളിലുള്ള പുരുഷന്മാരിലാരുടെയും പിതാവല്ല. പ്രത്യുത, അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അന്തിമനുമാകുന്നു. അല്ലാഹു എല്ലാ സംഗതികളും അറിവുള്ളവനല്ലോ - 33:40).
മുഹമ്മദ്‌നബിക്കുശേഷം ആരെങ്കിലും താന്‍ ദൈവത്താല്‍ നിയുക്തനായ, മലകുകള്‍ മുഖേന ദിവ്യസന്ദേശം ലഭിക്കുന്ന പ്രവാചകനാണെന്ന് അവകാശപ്പെട്ടാല്‍ അയാള്‍ നിസ്സംശയം വ്യാജനാണ്. അയാളെ പ്രവാചകനായി അംഗീകരിക്കുന്നത് ഈമാനി(സത്യവിശ്വാസം)ല്‍നിന്നുള്ള വ്യതിചലനമാകുന്നു. ഈയടിസ്ഥാനത്തിലാണ്, മുഹമ്മദ്‌നബിക്കുശേഷം ഖലീഫഃ അബൂബക്‌റിന്റെ കാലത്ത് പ്രവാചകത്വം അവകാശപ്പെട്ടു രംഗപ്രവേശം ചെയ്ത മുസൈലിമഃ മുതല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ പ്രവാചകത്വം വാദിച്ച മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി വരെയുള്ളവരും അവരെ അംഗീകരിച്ചവരും ഇസ്ലാമില്‍നിന്ന് ഭ്രഷ്ടരായവരായി ഗണിക്കപ്പെടുന്നത്.
അന്തിമ വേദമായ വിശുദ്ധ ഖുര്‍ആനിന്റെ ആധികാരിക വ്യാഖ്യാതാവും അതനുസരിച്ചുള്ള വിശുദ്ധ ജീവിതത്തിന്റെ ഉത്കൃഷ്ട മാതൃകയും അന്ത്യപ്രവാചകനാകുന്നു. സംശുദ്ധവും ധര്‍മനിഷ്ഠവുമായ ജീവിതം കാംക്ഷിക്കുന്ന ആരും അദ്ദേഹത്തെ മാതൃകയാക്കിയാണ് ജീവിക്കേണ്ടത്. പ്രവാചകനെ ധിക്കരിക്കുന്നത് അല്ലാഹു നല്കിയ സന്മാര്‍ഗദര്‍ശനത്തെ ധിക്കരിക്കലാകുന്നു. മുഹമ്മദീയ പ്രവാചകത്വം പൂര്‍വ പ്രവാചകന്മാരും അവരുടെ വേദങ്ങളും പ്രവചിച്ചിട്ടുള്ളതാണ്. അവര്‍ പ്രബോധനം ചെയ്ത അടിസ്ഥാന സന്ദേശം തന്നെയാണ് അദ്ദേഹം പ്രബോധനം ചെയ്തിട്ടുള്ളതും. അതുകൊണ്ട് മുഹമ്മദ്‌നബിയെ നിഷേധിക്കുന്നത് പൂര്‍വ പ്രവാചകന്മാരെയും പൂര്‍വ വേദങ്ങളെയും നിഷേധിക്കലാകുന്നു.
മുസ്ലിംകള്‍ പൂര്‍വ പ്രവാചകന്മാരെക്കുറിച്ചു പുലര്‍ത്തുന്ന വിശ്വാസവും അന്ത്യപ്രവാചകനെക്കുറിച്ചു പുലര്‍ത്തുന്ന വിശ്വാസവും തമ്മിലുള്ള വ്യത്യാസത്തെ ഇങ്ങനെ സംഗ്രഹിക്കാം:
1. പൂര്‍വ പ്രവാചകന്മാര്‍ അവര്‍ ആഗതരായ സമുദായത്തിലേക്കും കാലഘട്ടത്തിലേക്കും മാത്രമായി നിയുക്തരായവരായിരുന്നു. മുഹമ്മദ് നബി എല്ലാ സമുദായങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും മാര്‍ഗദര്‍ശകനായിട്ടാണ് നിയുക്തനായത്.
2. മുന്‍ പ്രവാചകന്മാരുടെ യഥാര്‍ഥ ശിക്ഷണങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. വിവിധ സമുദായങ്ങള്‍ പ്രവാചകന്മാരുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന പല ഉപദേശങ്ങളും അവര്‍ നല്കാത്തതും നല്കാന്‍ സാധ്യതയില്ലാത്തതുമാണ്. പ്രവാചക ചരിത്രം എന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നതില്‍ ഏറിയ കൂറും കെട്ടുകഥകളും ഇതിഹാസങ്ങളുമാണ്. ഇക്കാരണത്താല്‍ ഇന്നത്തെ സാഹചര്യത്തില്‍ യാതൊരാള്‍ക്കും മുഹമ്മദ്‌നബിക്കുമുമ്പുള്ള ഏതെങ്കിലും പ്രവാചകന്റെ യഥാര്‍ഥ ഉപദേശങ്ങളും ചര്യകളും കണ്ടെത്താനോ പിന്തുടരാനോ കഴിയുകയില്ല. എന്നാല്‍ മുഹമ്മദ് നബിയുടെ യഥാര്‍ഥ സന്ദേശം വിശുദ്ധ ഖുര്‍ആനിന്റെ രൂപത്തില്‍ യാതൊരു കളങ്കത്തിനും വിധേയമാകാതെ നിലനില്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിത ചരിത്രവും ഏറ്റം വിശദമായും സൂക്ഷ്മമായും സത്യസന്ധമായും രേഖപ്പെടുത്തി വച്ചിരിക്കുന്നു. മുഹമ്മദീയ ചരിത്രം രേഖപ്പെടുത്തിയത് അദ്ദേഹത്തിന്റെ, സൂക്ഷ്മദൃക്കുകളും വിദ്വാന്മാരും സത്യസന്ധരുമായ ശിഷ്യന്മാരാണ്. മനുഷ്യരെന്ന നിലയില്‍ അവര്‍ക്ക് പിഴകള്‍ സംഭവിക്കാവുന്നതാണ്. എങ്കിലും ഖുര്‍ആനിന്റെ പ്രായോഗിക രൂപമായിരുന്നു മുഹമ്മദീയ ജീവിതം എന്ന കാര്യം അനിഷേധ്യമായ യാഥാര്‍ഥ്യമാകുന്നു. ഒരിക്കല്‍ മുഹമ്മദ്‌നബിയുടെ സ്വഭാവത്തെക്കുറിച്ച് അന്വേഷിച്ച ഒരാളോട് അദ്ദേഹത്തിന്റെ പത്‌നി ആഇശഃ പ്രസ്താവിച്ചത്, "അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആന്‍ ആയിരുന്നു'' എന്നാണ്. അതിനാല്‍ മുഹമ്മദീയ ചരിത്രത്തില്‍ കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും മാറാലകള്‍ വന്നടിഞ്ഞാല്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്കിനു നേരെ പിടിച്ചുനോക്കിയാല്‍ യഥാര്‍ഥ രൂപം നിഷ്പ്രയാസം ദൃശ്യമാകുന്നതാണ്.
3. മുന്‍ പ്രവാചകന്മാര്‍ അതതു സമുദായങ്ങളിലേക്കും കാലയളവിലേക്കും ആഗതരായതിനാല്‍ അവരുടെ ശിക്ഷണങ്ങള്‍ക്കും ആ പരിമിതികളുണ്ടായിരുന്നു. മുഹമ്മദ്‌നബി എല്ലാവര്‍ക്കും മാര്‍ഗദര്‍ശകനായി നിയോഗിക്കപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ എല്ലാ സമൂഹങ്ങള്‍ക്കും എല്ലാ കാലക്കാര്‍ക്കും പ്രസക്തമാകുന്നു. മുഹമ്മദീയ പ്രവാചകത്വത്തിലൂടെ പൂര്‍വ പ്രവാചകന്മാരുടെ സ്ഥലകാലാശ്രിതമായ താല്‍ക്കാലിക ശിക്ഷണങ്ങളെല്ലാം ദുര്‍ബലപ്പെട്ടിരിക്കുന്നു. ദൈവിക മതത്തിന്റെ അന്തിമവും സമ്പൂര്‍ണവും ശാശ്വതവുമായ രൂപമാണ് മുഹമ്മദ് നബി അവതരിപ്പിച്ചിട്ടുള്ളത്. അതോടെ പൂര്‍ണവും താല്‍ക്കാലികവുമായ മതങ്ങള്‍ സ്വയം ദുര്‍ബലപ്പെടുന്നു.
4. പൂര്‍വ പ്രവാചകന്മാര്‍ക്കുശേഷം അവരുടെ പ്രബോധനം തുടരാന്‍ പിന്‍ഗാമികളായ പ്രവാചകന്മാര്‍ വന്നുകൊണ്ടിരുന്നു. ഓരോ പ്രവാചകന്റെയും സന്ദേശം പിന്നീടു വരുന്ന പ്രവാചകന്‍ തുടരുകയും പരിഷ്‌കരിക്കുകയും ചെയ്തു. മുഹമ്മദീയ പ്രവാചകത്വം അവസാനത്തേതാണ്. അദ്ദേഹത്തിനു ശേഷം പ്രവാചകദൌത്യം തുടരാന്‍ പ്രവാചകന്മാര്‍ വരുന്നതല്ല. ലോകാവസാനം വരെ അദ്ദേഹത്തിന്റെ സന്ദേശങ്ങളും ചര്യകളും അദ്ദേഹം അവതരിപ്പിച്ച രൂപത്തില്‍തന്നെ പിന്തുടരപ്പെടേണ്ടതാണ്. മുഹമ്മദ്‌നബിക്കുശേഷം അന്ത്യനാളുവരെ ദീനുല്‍ ഇസ്ലാം പ്രബോധനം ചെയ്യേണ്ട ചുമതല അദ്ദേഹത്തിന്റെ സമുദായത്തില്‍ നിക്ഷിപ്തമാകുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment