Monday, 7 December 2015
വിധിവിശ്വാസം
സര്‍വലോകങ്ങളിലും നടക്കുന്ന സൃഷ്ടി-സ്ഥിതി-സംഹാരങ്ങളഖിലം അല്ലാഹു നിശ്ചയിച്ച നിയമങ്ങളും വ്യവസ്ഥകളുമനുസരിച്ച് അവന്റെ അറിവോടെ മാത്രം നടക്കുന്നു. പ്രപഞ്ചത്തില്‍ സംഭവിക്കുന്ന ഒരു പുല്‍ക്കൊടിയുടെ അനക്കം പോലും അവന്റെ അറിവിനും ഇഛക്കും അതീതമല്ല. وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا (പ്രപഞ്ചത്തില്‍ ഒരില വീഴുന്നുപോലുമില്ല; അത് അവന്‍ അറിഞ്ഞിട്ടല്ലാതെ - 6:59) കാരണം, പ്രപഞ്ചത്തിലെ ഓരോ അണുവിന്റെയും സ്രഷ്ടാവും ഉടമയും നിയന്താവുമാണവന്‍. അവന്റെ അറിവിനും ഇഛക്കും അതീതമായി വല്ലതും സംഭവിക്കുകയെന്നാല്‍അതെത്ര നിസ്സാരമായിരുന്നാലും ശരി പ്രപഞ്ചത്തിന്മേലുള്ള അവന്റെ ഉടമസ്ഥതയും നിയന്ത്രണവും സമ്പൂര്‍ണമല്ല എന്നാണര്‍ഥം. സൃഷ്ടിപ്രപഞ്ചത്തെ സമഗ്രമായി ചൂഴ്ന്നു നില്ക്കുന്ന നിതാന്തവും സക്രിയവുമായ അധികാരത്തിന്റെയും വിധികര്‍ത്തൃത്വത്തിന്റെയും അനിവാര്യതയാകുന്നു, പ്രപഞ്ചത്തില്‍ സംഭവിക്കുന്നതെന്തും അതു നല്ലതാവട്ടെ, ചീത്തയാവട്ടെ അവന്റെ വിധിക്കു വിധേയമായിരിക്കുക എന്നത്. ഇതാണ് ഇസ്ലാമിന്റെ ആറാമത്തെ അടിസ്ഥാന പ്രമാണമായ വിധിവിശ്വാസം.
ചില ആധുനിക മുസ്ലിം ദൈവശാസ്ത്രകാരന്മാര്‍ വിധിവിശ്വാസത്തെയും മനുഷ്യ സ്വാതന്ത്യ്രത്തെയും യുക്തിയുടെ വെളിച്ചത്തില്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശഹീദ് സയ്യിദ് ഖുത്ബ്, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, മുഹമ്മദ് ഹുസൈന്‍ ഹൈകല്‍, മുഹമ്മദുല്‍ ഗസ്സാലി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു.
വിധിവ്യവസ്ഥ തന്നെയാണ് ഒരര്‍ഥത്തില്‍ പ്രകൃതിനിയമം. തീക്ക് ചൂട്, മഞ്ഞിനു തണുപ്പ്, കണ്ണിനു കാഴ്ച, ഭൂമിക്ക് ആകര്‍ഷണ ശക്തി തുടങ്ങിയവയൊക്കെ ദൈവത്തിന്റെ വിധികളാകുന്നു. അവയെ പ്രകൃതി എന്നു വിളിക്കുമ്പോള്‍ അവയ്ക്കു പിന്നിലുള്ള സക്രിയവും ജാഗ്രത്തുമായ വിധാതാവിനെ ഉദ്ദേശിക്കാറില്ലെന്നു മാത്രം. അന്ധവും അബോധവുമായ ശക്തിയായിട്ടാണല്ലോ പ്രകൃതി കണക്കാക്കപ്പെടുന്നത്. പ്രകൃതിയുടെ ഓരോ കണികയുടെയും, ഓരോ സ്പന്ദനത്തിന്റെയും പിന്നില്‍ സുശക്തവും സര്‍വജ്ഞവും സബോധവുമായ ഒരു വിധാതാവുണ്ട് എന്ന യാഥാര്‍ഥ്യത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ് വിധിവ്യവസ്ഥ എന്ന പ്രയോഗം.
വിധി വ്യവസ്ഥ (ഖദ്ര്‍) അഥവാ പ്രപഞ്ചത്തിന്മേലുള്ള അല്ലാഹുവിന്റെ അധികാരവും അറിവും മനുഷ്യന്റെ പ്രവര്‍ത്തന സ്വാതന്ത്യ്രത്തില്‍ ഇടപെടുന്നില്ല.
وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ (ഓരോ മനുഷ്യന്റെയും ഭാഗധേയം നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു' - 17: 13)
قُلْ كُلٌّ يَعْمَلُ عَلَىٰ شَاكِلَتِهِ فَرَبُّكُمْ أَعْلَمُ بِمَنْ هُوَ أَهْدَىٰ سَبِيلًا (ഓരോരുത്തരും തങ്ങളുടെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് സന്മാര്‍ഗസ്ഥരെന്ന് നിന്റെ നാഥന്ന് നന്നായറിയാം - 17: 84)
إِنَّ اللَّهَ لَا يَظْلِمُ النَّاسَ شَيْئًا وَلَٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ (നിശ്ചയം, അല്ലാഹു മനുഷ്യരോട് അല്പംപോലും അനീതി ചെയ്യുന്നതല്ല. പക്ഷ, മനുഷ്യന്‍ അവരോടുതന്നെ അക്രമം ചെയ്യുന്നു എന്നതത്രെ യാഥാര്‍ഥ്യം -10: 44) തീക്കു ചൂടുണ്ടാവുക എന്നതും അതില്‍ പതിക്കുന്ന വസ്തു കരിഞ്ഞു പോവുക എന്നതും വിധിയാണ്. മനുഷ്യനാണ് തീയില്‍ ചാടുന്നതെങ്കില്‍ വെന്തുമരിക്കുക എന്നതും വിധിയുടെ ഭാഗം തന്നെ. ആരൊക്കെ, എന്തൊക്കെ, എങ്ങനെയൊക്കെ തീയില്‍ പതിക്കുമെന്നും കത്തിച്ചാമ്പലാകുമെന്നുമുള്ള അറിവ് അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ ഭാഗമാകുന്നു. പക്ഷ, ഒരാളെ അഗ്‌നികുണ്ഡത്തില്‍ ചാടിക്കുന്നത് അല്ലാഹുവിന്റെ ഈ വിധിയും അറിവുമല്ല. അത് അയാള്‍ സ്വയം ഏറ്റെടുത്ത തീരുമാനമാണ്. തീയില്‍ ചാടി പൊള്ളലേറ്റവന്‍, തീക്കു ചൂടുണ്ടാവുക, അതില്‍ പതിച്ചവര്‍ക്ക് പൊള്ളലേല്ക്കുക തുടങ്ങിയ പ്രകൃതി നിയമങ്ങളെ ആക്ഷേപിക്കുന്നതിലര്‍ഥമില്ല. അതുപോലെ നിരര്‍ഥകമാണ് വിധിയെ പഴിക്കുന്നതും. ദൈവത്തിന്റെ ഇഛയോ അറിവോ മനുഷ്യനെ യാതൊന്നിനും നിര്‍ബന്ധിക്കുന്നില്ല. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സ്വന്തം ഇഛയനുസരിച്ചും സ്വതന്ത്രമായ തീരുമാനമനുസരിച്ചുമാകുന്നു. സ്വതന്ത്രമായി അനുഷ്ഠിച്ച കര്‍മങ്ങളുടെ ഉത്തരവാദിത്വം അനിവാര്യമായും അതിന്റെ കര്‍ത്താവിനുണ്ട്. ആ ഉത്തരവാദിത്വത്തിന്റെ പേരിലാണ് പരലോകത്ത് മനുഷ്യകര്‍മങ്ങള്‍ വിചാരണക്കും രക്ഷാ ശിക്ഷകള്‍ക്കും വിധേയമാക്കപ്പെടുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment