Monday, 7 December 2015
പരലോകം ഖുര്‍ആനില്‍
വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കുന്ന മൗലികപ്രധാനമായ മൂന്നു സിദ്ധാന്തങ്ങളിലൊന്നാണ് ഈമാനുന്‍ ബില്‍ ആഖിറഃ (പരലോകവിശ്വാസം). തൗഹീദ് (ഏകദൈവത്വം), രിസാലഃ (പ്രവാചകത്വം) എന്നിവയാണ് മറ്റു രണ്ടെണ്ണം. ഭൗതികജീവിതമെന്നപോലെ ഭൗതികലോകവും ക്ഷണികവും നശ്വരവുമാണ്. ഗോചരമായ ഈ ലോകത്തിനപ്പുറം അഗോചരമായ മറ്റൊരു ലോകമുണ്ട്. അനശ്വരമായ ലോകം, അതാണ് പരലോകം. അവിടത്തെ ജീവിതമാണ് യഥാര്‍ഥവും ശാശ്വതവുമായ ജീവിതം. ഖുര്‍ആന്‍ പറഞ്ഞു: ''പരലോകമാകുന്നു ഉത്തമവും ശാശ്വതവുമായിട്ടുള്ളത്'' (87:17). ''ഭൗതികജീവിതം കേവലം വിനോദവും തമാശയുമാകുന്നു'' (6:32). ''ഭൗതികജീവിതത്തിന്റെ ഭോഗം പരത്തിലുള്ള മോക്ഷത്തെ അപേക്ഷിച്ച് അതീവ തുഛമാകുന്നു'' (9:38). ''ദൈവഭക്തന്മാരെ സംബന്ധിച്ചേടത്തോളം വിശിഷ്ടമായിട്ടുള്ളത് പരലോകഗേഹംതന്നെയാകുന്നു. നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?'' (12:109).
മരണത്തോടെ മനുഷ്യന്‍ എന്നെന്നേക്കുമായി ഇല്ലാതാകുന്നില്ല. ഭൗതികജീവിതത്തിന്റെ വിരാമം മാത്രമാണത്. ഭൗതികജീവിതത്തില്‍നിന്ന് വിരമിക്കുന്നവന്‍ അനന്തമായ പാരത്രികജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. പാരത്രികജീവിതത്തില്‍ അവന്റെ ഭാഗധേയം നിശ്ചയിക്കപ്പെടുന്നത് ഭൗതികജീവിതത്തിലെ കര്‍മങ്ങളെ ആധാരമാക്കിയാകുന്നു: ''ഇഹലോകം പരലോകത്തിന്റെ കൃഷിയിടമാകുന്നു''(നബിവചനം). ഭൗതികലോകത്തെ കര്‍മങ്ങളുടെ ഫലമാണ് അഭൗതികലോകത്ത് ലഭിക്കുന്ന വിള. കര്‍മങ്ങള്‍ നന്നായാല്‍ വിളയും നന്നാകും. പാരത്രികജീവിതം സുഖസമൃദ്ധവും ആനന്ദപൂര്‍ണവുമാകും. മറിച്ചായാല്‍ നിത്യദുഃഖത്തിലും മഹാദുരിതത്തിലും ഹീനതയിലും അകപ്പെടും.
പരലോകത്തിന്റെ അനിവാര്യത
ദൈവം മനുഷ്യനെ ഈ ഭൂമിയിലേക്ക് സൃഷ്ടിച്ചയച്ചത് ഒരു പാഴ്‌വേലയായിട്ടല്ല. അവന്‍ തനിക്കു ലഭിച്ച കഴിവുകളും യോഗ്യതകളും ഉപയോഗിച്ച് തന്റെ ധര്‍മം അനുഷ്ഠിക്കുന്നുവോ, അതല്ല അധര്‍മമനുഷ്ഠിക്കുന്നുവോ എന്നു പരീക്ഷിക്കുകയാണ് മനുഷ്യസൃഷ്ടിയുടെ ലക്ഷ്യം. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്: ''ഭൂമിയിലുള്ളതൊക്കെയും നാം അതിന്ന് അലങ്കാരമാക്കിവച്ചിരിക്കുന്നു; അവരില്‍നിന്നായി കര്‍മമനുഷ്ഠിക്കുന്നതാരെന്ന് പരീക്ഷിക്കാന്‍'' (18:7). ''മനുഷ്യനെ നാം മിശ്രിതമായ ശുക്ലകണത്തില്‍നിന്ന് സൃഷ്ടിച്ചു, അവനെ പരീക്ഷിക്കാന്‍ വേണ്ടി. അതിനാല്‍ അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കിയിരിക്കുന്നു. നാം അവന് മാര്‍ഗം കാണിച്ചുകൊടുക്കുകയും ചെയ്തു. അവന്‍ നന്ദിയുള്ളവനാകാം, നന്ദികെട്ടവനുമാകാം'' (76:2).
ഈ പരീക്ഷണം അര്‍ഥവത്താകണമെങ്കില്‍ പരീക്ഷയില്‍ നേടുന്ന വിജയത്തിന്റെയും പരാജയത്തിന്റെയും ഫലം വ്യത്യസ്തമായിരിക്കണം. തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും തുല്യഫലം ലഭിക്കുന്ന പരീക്ഷ നിരര്‍ഥകമാണല്ലോ. ഭൗതികജീവിതമാകുന്ന പരീക്ഷയുടെ ഫലം അനുഭവിക്കുന്ന ലോകമാകുന്നു പരലോകം. പരലോകവും പാരത്രികരക്ഷാശിക്ഷകളും ഇല്ലെങ്കില്‍ മനുഷ്യജന്മത്തിന് അര്‍ഥമോ ലക്ഷ്യമോ ഇല്ല. അതുകൊണ്ടാണ് പരലോകത്തെ നിഷേധിക്കുന്നവരോട് ഖുര്‍ആന്‍ ഇങ്ങനെ ചോദിക്കുന്നത്: ''നിങ്ങളെ നാം വൃഥാവേലയായി സൃഷ്ടിച്ചതാണെന്നും നിങ്ങളൊരിക്കലും നമ്മിലേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ വിചാരിക്കുന്നുവോ?'' (23:115).
പരലോകം ഒരു അതിഭൗതികയാഥാര്‍ഥ്യമാണ്. കേവലയുക്തികൊണ്ട് അതു സ്ഥാപിക്കാനാവില്ല. അതിന്റെ പേരിലാണ് നാസ്തികര്‍ പരലോകത്തെ നിഷേധിക്കുന്നത്. പക്ഷേ, കേവല യുക്തിക്ക് പരലോക നിഷേധവും സ്ഥാപിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. പരലോകത്തെയും ഉയിര്‍ത്തെഴുന്നേല്‍പിനെയും നിഷേധിക്കുന്നവരെ ഖുര്‍ആന്‍ നേരിടുന്നതിങ്ങനെയാണ്: ''സ്വന്തം സൃഷ്ടിയുടെ കാര്യം വിസ്മരിച്ചുകൊണ്ട് അവന്‍ ചോദിക്കുന്നു: ദ്രവിച്ചുകഴിഞ്ഞ അസ്ഥികള്‍ ആരാണ് പുനരുജ്ജീവിപ്പിക്കുക? പറയുക: ആദ്യം സൃഷ്ടിച്ചവനാരോ അവന്‍ തന്നെ വീണ്ടും അതിനെ ജീവിപ്പിക്കും. സൃഷ്ടിരഹസ്യങ്ങളൊക്കെയും അറിയുന്നവനത്രെ അവന്‍'' (36:78,79).
പരലോകനിഷേധത്തിന്റെ പ്രചോദനം
അതിഭൗതികകാര്യങ്ങളിലും സത്യധര്‍മാദികളുടെ യാഥാര്‍ഥ്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് പരലോകത്തെ അവിശ്വസിക്കാനാവില്ല. കാരണം, ആ വിശ്വാസങ്ങളുടെ അനിവാര്യതയാണ് പരലോകവിശ്വാസം. ഭൗതികലോകത്ത് മനുഷ്യനെ സത്യത്തോടും ധര്‍മത്തോടും പ്രതിബദ്ധതയുള്ളവനാക്കുന്ന ഏറ്റവും ശക്തമായ ഘടകം പരലോകവിശ്വാസമാണ്. ഖുര്‍ആന്‍ പറഞ്ഞു: ''പരലോകത്തില്‍ വിശ്വസിക്കാത്തവരുണ്ടല്ലോ, അവരുടെ മനസ്സുകള്‍ ധര്‍മനിഷേധത്തില്‍ ഊട്ടപ്പെടുന്നു. അവര്‍ അഹങ്കാരികളായിത്തീരുകയും ചെയ്യും'' (16:22). ''പരലോകത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ തീര്‍ച്ചയായും സന്മാര്‍ഗത്തില്‍നിന്ന് തെറ്റിനടക്കാനാഗ്രഹിക്കുന്നവരാകുന്നു'' (23:74). ''പരലോകവിശ്വാസമില്ലാത്തവര്‍ ദുഷിച്ച വിശേഷണങ്ങള്‍ക്കര്‍ഹരായിത്തീരുന്നു'' (16:60). ''മറുലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് നാം അവരുടെ ചെയ്തികളൊക്കെയും ആകര്‍ഷകമാക്കിക്കൊടുക്കുന്നു. അങ്ങനെ അവര്‍ വഴിപിഴച്ച് ഉഴലുന്നു'' (27:4).
ഖുര്‍ആന്റെ വീക്ഷണത്തില്‍, ആളുകള്‍ പരലോകത്തെയും രക്ഷാശിക്ഷകളെയും നിഷേധിക്കുന്നത് ജ്ഞാനത്തെയോ ന്യായത്തെയോ ആസ്പദമാക്കിയല്ല. ധാര്‍മികബാധ്യതകളോടുള്ള അലംഭാവവും ഭൗതികസുഖങ്ങളോടുള്ള ആര്‍ത്തിയുമാണവരെ അതിനു പ്രേരിപ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ''പരലോകം സംബന്ധിച്ച ജ്ഞാനമേ ഈ ആളുകള്‍ക്ക് വിനഷ്ടമായിരിക്കുന്നു. എന്നല്ല, അവരതു സംബന്ധിച്ച് സന്ദേഹത്തിലാകുന്നു. അല്ല, അവര്‍ അതേക്കുറിച്ച് അന്ധരാകുന്നു'' (27:66). ''ഭൗതികജീവിതത്തിന്റെ ബാഹ്യമുഖം മാത്രമാണവരറിയുന്നത്. പരലോകത്തെ സംബന്ധിച്ച് അവര്‍ തികച്ചും അശ്രദ്ധരാകുന്നു. തങ്ങളെക്കുറിച്ച് തന്നെ അവര്‍ തീരെ ആലോചിച്ചുനോക്കിയിട്ടില്ലയോ? അല്ലാഹു ആകാശഭൂമികളെയും അവയ്ക്കിടയിലുള്ള സകല വസ്തുക്കളെയും യാഥാര്‍ഥ്യമായിക്കൊണ്ടും കൃത്യമായ അവധി നിശ്ചയിച്ചുകൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതൊക്കെ കണ്ടിട്ടും ജനം അവരുടെ നാഥനുമായി സന്ധിക്കേണ്ടിവരും എന്ന യാഥാര്‍ഥ്യത്തെ നിഷേധിക്കുകയാണ്'' (30:8).
പുനര്‍ജന്മവും പരലോകവും
കര്‍മഫലമനുഭവിക്കാന്‍ മനുഷ്യന്‍ ഈ ലോകത്തുതന്നെ വീണ്ടും വീണ്ടും ജന്മമെടുത്തുകൊണ്ടിരിക്കും എന്നു സങ്കല്‍പിക്കുന്ന പുനര്‍ജന്മസിദ്ധാന്തത്തെ ഇസ്‌ലാം നിഷേധിക്കുന്നു. മനുഷ്യന് ഭൗതിക ജീവിതം ഒരിക്കലേ ലഭിക്കൂ. അതൊരു പരീക്ഷയാണ്. ആ പരീക്ഷയില്‍ ജയിച്ചവര്‍ക്ക് സ്വര്‍ഗീയമായ പാരത്രികജീവിതമാണ് തുടര്‍ന്നു ലഭിക്കുക. തോറ്റവര്‍ക്ക് നരകീയമായ പാരത്രികജീവിതവും. വീണ്ടും വീണ്ടും ഭൂമിയില്‍ ജന്മമെടുത്ത് കര്‍മങ്ങള്‍ ശുദ്ധീകരിച്ച് ഒടുവില്‍ മോക്ഷം നേടുക എന്ന സങ്കല്‍പം മനുഷ്യന്റെ ഒരു വ്യാമോഹം മാത്രമായിട്ടാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. പാപികള്‍ പരലോകത്ത് പുനര്‍ജന്മം ആവശ്യപ്പെടുമെന്നും അല്ലാഹു അതനുവദിക്കുകയില്ലെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കുന്നുണ്ട്: ''കഷ്ടം! പാപികള്‍ അവരുടെ നാഥന്റെ സമക്ഷം തലകുനിച്ചുനില്‍ക്കുന്നത് നീയെങ്ങാനും കാണുകയാണെങ്കില്‍! അപ്പോള്‍ അവര്‍ കേണുകൊണ്ടിരിക്കും: ഞങ്ങളുടെ നാഥാ, കണ്ടും കേട്ടും ഞങ്ങള്‍ക്ക് നന്നായി ബോധ്യപ്പെട്ടുകഴിഞ്ഞു. ഇനി നീ ഞങ്ങളെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചയക്കേണമേ, ഞങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊള്ളാം''(32: 12). ''അവര്‍ കണ്ടിട്ടില്ലേ, അവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിട്ടുള്ളത്? അവരാരും അവരിലേക്കു തിരിച്ചുവരുന്നില്ല.''(36: 31).
ലോകാവസാനം
എന്നായിരിക്കും ഭൗതികലോകത്തിന്റെ അവസാനമെന്ന് സൃഷ്ടികളെ - പ്രവാചകന്മാരെപ്പോലും - അല്ലാഹു അറിയിച്ചിട്ടില്ല. എങ്കിലും ലോകാവസാനത്തെ ഖുര്‍ആന്‍ പലയിടത്തും വര്‍ണിച്ചിട്ടുണ്ട്. അസ്സാഅഃ (നിശ്ചിത സമയം), യൗമുല്‍ ഖിയാമഃ (ഉയിര്‍ത്തെഴുന്നേല്‍പുനാള്‍), യൗമുല്‍ ഹശ്ര്‍ (മഹാ സഭാനാള്‍), യൗമുല്‍ ആഖിര്‍ (അന്ത്യനാള്‍), യൗമുല്‍ ഹിസാബ് (വിചാരണാനാള്‍), യൗമുദ്ദീന്‍ (പ്രതിഫലദിനം) എന്നിങ്ങനെയാണ് ഖുര്‍ആന്‍ ലോകാവസാനത്തെ വിളിക്കുന്നത്.
ലോകം ധാര്‍മികമായി അത്യന്തം ദുഷിച്ചുകഴിഞ്ഞ ഒരു സന്ദര്‍ഭത്തിലായിരിക്കും അന്ത്യനാള്‍ സംഭവിക്കുക എന്നാണ് പ്രമാണങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഒരു കുഴലൂത്ത് ആയിരിക്കും ലോകാവസാനത്തിനു നാന്ദികുറിക്കുകയെന്ന് ഖുര്‍ആന്‍ പറയുന്നു (27: 87). അതുണ്ടാകുന്നതോടെ സൃഷ്ടികളാസകലം ഭയവിഹ്വലരാവുകയും അന്ധാളിക്കുകയും ചെയ്യുന്നു. അനന്തരം മറ്റൊരു ഊത്തുകൂടിയുണ്ടാകുന്നു. അപ്പോള്‍ എല്ലാ സൃഷ്ടികളും മരിച്ചുവീഴുന്നു. അനന്തരം മൂന്നാമതും ഊതപ്പെടുന്നു. അപ്പോള്‍ ആദിപിതാവ് മുതല്‍ അവസാനത്തെ മനുഷ്യപുത്രന്‍ വരെയുള്ള സകല സൃഷ്ടികളും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നു. തുടര്‍ന്ന് വിചാരണാനടപടികള്‍ക്കായി കര്‍മപുസ്തകവും സാക്ഷികളും പ്രവാചകന്മാരും ഹാജരാക്കപ്പെടുന്നു.
ഈ കര്‍മപുസ്തകങ്ങള്‍ക്കു പുറമെ കേസുകള്‍ തെളിയിക്കുന്നതിന് വേറെയും സാക്ഷികളുണ്ടാകും. അക്രമപ്രവര്‍ത്തനങ്ങളും ഉപകാരപ്രവര്‍ത്തനങ്ങളും സ്ഥിരീകരിക്കാന്‍, അക്രമങ്ങള്‍ക്കും ഉപകാരങ്ങള്‍ക്കും വിധേയരായ സൃഷ്ടികള്‍. ആരും കാണാതെ ചെയ്ത കര്‍മങ്ങള്‍ക്ക് സാക്ഷികളായിവരിക, അതു ചെയ്ത സ്വന്തം അവയവങ്ങള്‍ തന്നെയായിരിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു(36:65).
വിചാരണ
ഭൂമിയില്‍വച്ച് ചെയ്ത കര്‍മങ്ങളെ പരലോകത്തുവച്ച് അല്ലാഹു വിചാരണ ചെയ്യും. രേഖകള്‍, സാക്ഷികള്‍, നിയമ പ്രമാണങ്ങള്‍ തുടങ്ങി ന്യായവിചാരണയുടെ എല്ലാ ഉപാധികളും ഹാജരാക്കപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്തശേഷമാണ് അല്ലാഹുവിന്റെ കോടതി വിധി കല്‍പിക്കുക. ദൈവികവിചാരണയെ ത്രാസിനോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടെയും നന്മകളും തിന്മകളും ത്രാസിന്റെ രണ്ടു തട്ടുകളിലിട്ട് തൂക്കിനോക്കുന്നു: ''ആരുടെ നന്മയുടെ തട്ട് ഭാരം തൂങ്ങുന്നുവോ അവന്‍ സംപ്രീതമായ പാരത്രികജീവിതത്തിലേക്ക് നയിക്കപ്പെടുന്നു. ആരുടെ നന്മയുടെ തട്ട് ഭാരശൂന്യമാകുന്നുവോ അവന്റെ സങ്കേതം മഹാഗര്‍ത്തമാകുന്നു. എന്താണതെന്നോ, അതിതപ്തമായ നരകം!''(101: 6-11). അല്ലാഹുവിന്റെ കോടതി ആരോടും പക്ഷഭേദമോ അന്യായമോ കാണിക്കുകയില്ല: ''ആര്‍ അണു അളവ് നന്മ ചെയ്തിട്ടുണ്ടോ, അതവന്‍ പരലോകത്ത് കാണുന്നതാണ്. ആര്‍ അണു അളവ് തിന്മ ചെയ്തിട്ടുണ്ടോ അത് അവനും കാണുന്നതാണ്.''(99: 7-8)
പാപങ്ങള്‍ പൊറുക്കപ്പെടാവുന്നതിന്റെ പരമാവധി അല്ലാഹു പൊറുത്തുകൊടുക്കും. അവശേഷിക്കുന്ന കുറ്റങ്ങള്‍ക്ക് ന്യായമായ ശിക്ഷ നല്‍കുന്നു. സല്‍ക്കര്‍മങ്ങളുടെ സമൃദ്ധി കുറ്റങ്ങള്‍ പൊറുക്കപ്പെടാനുള്ള ഒരു ഉപാധിയാകുന്നു: ''നന്മകള്‍ തിന്മകളെ പോക്കിക്കളയുന്നു''(11: 114). നന്മകള്‍ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുന്നു. പാപങ്ങള്‍ പ്രായശ്ചിത്തമാക്കപ്പെട്ട ശേഷവും നന്മകള്‍ ബാക്കിയുള്ളപ്പോഴാണ് നന്മയുടെ തട്ട് തിന്മയുടെ തട്ടിനേക്കാള്‍ ഭാരം തൂങ്ങുന്നത്. നന്മകളെല്ലാം തിന്മകള്‍ക്ക് പ്രായശ്ചിത്തമാക്കപ്പെട്ടിട്ടും തിന്മകള്‍ അവശേഷിക്കുമ്പോള്‍ തിന്മയുടെ തട്ട് ഭാരം തൂങ്ങുന്നു. ഇങ്ങനെയുള്ളവര്‍ അവരുടെ തിന്മകള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടിവരികതന്നെ ചെയ്യും. അത് കഠോരമായിരിക്കുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ച് താക്കീത് ചെയ്തിട്ടുണ്ട്.
സ്വര്‍ഗവും നരകവും പരലോകത്തെ രണ്ടു പ്രതിഭാസങ്ങളാണ്. മരണാനന്തരം രക്ഷാശിക്ഷകള്‍ക്ക് വിധേയരാകുന്നവര്‍ ഈ രണ്ടു താവളങ്ങളിലാണെത്തിച്ചേരുന്നത്. സകലവിധ സുഖാനന്ദങ്ങളുടെയും പര്യായമാണ് സ്വര്‍ഗം. സകലവിധ യാതനകളുടെയും പര്യായം നരകവും.
സ്വര്‍ഗം, നരകം, വിചാരണ തുടങ്ങിയ പരലോകപ്രതിഭാസങ്ങളെ ഭൗതികലോകത്തിലെ പദാര്‍ഥപ്രപഞ്ചത്തിന്റെ പരിമിതികളില്‍നിന്നുകൊണ്ട് പൂര്‍ണമായും മനസ്സിലാക്കാനാവില്ല. അതിനാലാണ് ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനസ്സും അറിയാത്തതുമെന്ന് പ്രവാചകന്‍ അതിനെ വിശേഷിപ്പിച്ചത്.
കര്‍മഫല വ്യവസ്ഥ
മനുഷ്യന് ഭൗതികജീവിതത്തിലെ ഓരോ കര്‍മത്തിനുമുള്ള യഥാര്‍ഥ ഫലം ലഭിക്കുന്നത് പരലോകത്തു വച്ചാണ്. ഇസ്‌ലാം കര്‍മഫലത്തെ രണ്ടായി കാണുന്നു: ഒന്ന്, ഭൗതികഫലം. രണ്ട്, ധാര്‍മികഫലം. കര്‍മങ്ങള്‍ക്ക് കാര്യകാരണ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തല്‍ക്ഷണം ലഭിക്കുന്ന ഫലമാണ് ഭൗതികഫലം. കണ്ണു തുറന്നാല്‍ കാണുക, വെയിലേറ്റാല്‍ ഉഷ്ണിക്കുക, അടികൊണ്ടാല്‍ വേദനിക്കുക ഇതൊക്കെ കര്‍മങ്ങളുടെ ഭൗതികഫലങ്ങളാണ്. ഒരാള്‍ ഇത്തരം കര്‍മങ്ങള്‍ വിശിഷ്ട ലക്ഷ്യങ്ങള്‍ക്കുവേണ്ടി ശരിയായ രീതിയില്‍ ചെയ്താലും ദുഷ്ടലക്ഷ്യങ്ങള്‍ക്കുവേണ്ടി തെറ്റായ രീതിയില്‍ ചെയ്താലും ഈ ഫലങ്ങളുണ്ടാകും. ഖുര്‍ആന്‍ ഇതിനെ ആജിലഃ (തല്‍ക്ഷണഫലം) എന്നാണ് വിളിക്കുന്നത്. ഒരാള്‍ അധ്വാനിച്ച് സമ്പാദിച്ച് ഭക്ഷണം കഴിച്ചാലും മറ്റാരെങ്കിലും സമ്പാദിച്ചുവച്ചത് മോഷ്ടിച്ചു തിന്നാലും വിശപ്പു മാറുക എന്ന ആജിലഃ -തല്‍ക്ഷണഫലം) ലഭിക്കുന്നു. എന്നാല്‍ കട്ടുതിന്നലും അധ്വാനിച്ചുതിന്നലും ധാര്‍മികമായി പരസ്പര വിരുദ്ധമായ കര്‍മങ്ങളാകുന്നു. ഒന്ന്, ധര്‍മവും മറ്റേത് അധര്‍മവും. അവയുടെ ധാര്‍മികഫലങ്ങളും പരസ്പരവിരുദ്ധമായിരിക്കും. ധാര്‍മികഫലം തല്‍ക്ഷണം പ്രത്യക്ഷമാകണമെന്നില്ല. അത് ആജിലഃ -അവധി നിശ്ചയിക്കപ്പെട്ടത്) ആകുന്നു. കര്‍മങ്ങളുടെ ധാര്‍മികഫലം പ്രത്യക്ഷപ്പെടുന്ന അവധിയാണ് വിചാരണാനാള്‍. അത് അനുഭവിക്കുന്ന ഇടമാണ് പരലോകം.
ഈ ലോകത്ത് എത്രയോ ധിക്കാരികളും സത്യനിഷേധികളും അഴിമതിക്കാരും അക്രമികളും മര്‍ദകരും അവരുടെ ദുഷ്‌കര്‍മങ്ങള്‍ക്ക് യാതൊരു ശിക്ഷയും അനുഭവിക്കാതെ മരിച്ചുപോകുന്നു. സത്യത്തില്‍നിന്നും നീതിയില്‍നിന്നും വ്യതിചലിക്കാതെ സുകൃതികളും ധര്‍മിഷ്ഠരുമായി ജീവിച്ച എത്രയോ സജ്ജനങ്ങള്‍ അതിന്റെയൊന്നും യാതൊരു നേട്ടവും അനുഭവിക്കാതെ പീഡനങ്ങളും യാതനകളും മാത്രം അനുഭവിച്ചുകൊണ്ടും മരിച്ചുപോകുന്നു. ഈ രണ്ടു വിഭാഗവും അവരുടെ കര്‍മങ്ങളുടെ ധാര്‍മികഫലം കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുന്നത് പരലോകത്താണ്. ഇങ്ങനെയൊരു ലോകം ഇല്ല; ദുഷ്ടന്റെയും ശിഷ്ടന്റെയും മരണാനന്തരാവസ്ഥ ഒന്നുതന്നെ എന്നു സങ്കല്‍പിച്ചാല്‍ സത്യം, നീതി തുടങ്ങിയ മൂല്യസങ്കല്‍പങ്ങള്‍ നിരര്‍ഥകങ്ങളാകുന്നു.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ ആ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് മനുഷ്യന്റെ ധര്‍മം. അതിനുവേണ്ടിയാണ് ദൈവം മലക്കുകളിലൂടെ, പ്രവാചകന്മാരിലൂടെ, വേദങ്ങളിലൂടെ മനുഷ്യനെ അവന്റെ ജീവിതത്തിന്റെ അര്‍ഥങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. മനുഷ്യന്‍ അവന്റെ ധര്‍മം നിര്‍വഹിക്കുന്നുണ്ടോ എന്ന് ദൈവം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വിശുദ്ധഖുര്‍ആന്‍ 30-ഓളം സ്ഥലങ്ങളില്‍ ഉണര്‍ത്തുന്നുണ്ട്. കൂടാതെ മനുഷ്യന്റെ ഓരോ ചലനവും കണിശമായി രേഖപ്പെടുത്തിവയ്ക്കാന്‍ മലക്കുകളെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു (50: 18). വിപുലമായ ഈ സംവിധാനങ്ങളെല്ലാം തന്നെ, ദൈവം ഗംഭീരമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് കുറേക്കാലം പരിപാലിച്ചശേഷം ഒരു കളിക്കുട്ടി തന്റെ കളിപ്പാട്ടമെന്നോണം വെറുതെ എറിഞ്ഞുടച്ചുകളയില്ല എന്ന് വിളിച്ചോതുന്നതാണ്. തികച്ചും യുക്തിബദ്ധമായ ഈ സംവിധാനങ്ങള്‍ക്കെല്ലാം കൂടുതല്‍ അര്‍ഥവത്തായ ഒരു പരിണതിയുണ്ടാകേണ്ടതുണ്ട്. പരലോകവും രക്ഷാശിക്ഷകളും ഇല്ലെങ്കില്‍ ദൈവത്തിന്റെ യുക്തി, നീതി, വിധികര്‍ത്തൃത്വം തുടങ്ങിയ ഗുണങ്ങള്‍ക്ക് അര്‍ഥമില്ലാതാകുന്നു. അതുകൊണ്ട് നേരത്തേ സൂചിപ്പിച്ചപോലെ ദൈവത്തിന്റെ ഗുണവിശേഷങ്ങളിലും മലക്കുകള്‍, വേദങ്ങള്‍, പ്രവാചകന്മാര്‍ എന്നിവയിലുമുള്ള വിശ്വാസത്തിന്റെ അനിവാര്യത കൂടിയാകുന്നു പരലോകവിശ്വാസം.
Subscribe to:
Post Comments (Atom)
No comments:
Post a Comment