..:::. കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ.(ഖുര്‍ആന്‍: അദ്ധ്യായം103) ::..Blogger Widgets

Saturday, 5 December 2015

ഇസ്‌ലാമിക ശരീഅത്തും സ്ത്രീ സ്വാതന്ത്ര്യവും ഇസ്‌ലാം സ്ത്രീകളോട് അതിക്രമം കാണിക്കുകയും അവരുടെ സ്വാതന്ത്ര്യത്തിന് മുന്നില്‍ വിലങ്ങുകള്‍ തീര്‍ത്ത് പുരോഗതിക്ക് തടസ്സം നിന്നുവെന്ന വര്‍ത്തമാനം നമ്മുടെ കാതുകള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. സ്ത്രീകളെ ഞെരുക്കികൊണ്ട് ഇസ്‌ലാമിക ശരീഅത്ത് അവള്‍ക്ക് മേല്‍ ചില പ്രത്യേക വിധികള്‍ നിശ്ചയിച്ചിരിക്കുന്നു എന്ന ന്യായമാണ് അതിനുന്നയിക്കപ്പെടുന്നത്. തനിക്കു ചുറ്റുമുള്ള സമൂഹവുമായി ഇടപഴകുന്നത് അത് വിലക്കുന്നു. അവളെ വീട്ടില്‍ തളച്ചിടുന്നതിന് വേണ്ടി അവള്‍ക്ക് മേല്‍ ഹിജാബും ലജ്ജയും അടിച്ചേല്‍പ്പിച്ചു. പ്രമാണങ്ങളിലെ ഈ സ്ത്രീ പുരുഷ വേര്‍തിരിവുകളെ സ്ത്രീ വിരുദ്ധതയും വിവേചനവുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാശ്ചാത്യ ചിന്താധാര ഇസ്‌ലാം സ്ത്രീയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു എന്ന നിഗമനത്തിലാണ് എത്തുന്നത്. മിതനിലപാടുകാരായി ഗണിക്കപ്പെടുന്ന ചില പാശ്ചാത്യര്‍ പോലും ഇത്തരത്തില്‍ മനസ്സിലാക്കിയവരാണ്. അതിന്റെ ഭാഗമായിട്ടുണ്ടാകുന്നതാണ് നിഖാബിനെതിരെയും സ്ത്രീപുരുഷ സമത്വത്തിന് വേണ്ടിമുള്ള ആഹ്വാനങ്ങള്‍. ഇത്തരം ആരോപണങ്ങളിലും അതിന് പിന്നിലുള്ള പ്രേരകങ്ങൡും ഏറ്റവ്യത്യാസങ്ങളുണ്ടാവാം. എന്നാല്‍ ഇസ്‌ലാമിക ശരീഅത്തിലെ പ്രമാണങ്ങുടെ അടിസ്ഥാനത്തില്‍ അവയെ പഠിക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഹിജാബിന്റെ കാര്യം തന്നെ നമുക്ക് പഠനവിധേയമാക്കാം. നീതിയുടെ ദര്‍ശനമായ ഇസ്‌ലാം ഒരാളുടെ ഗുണത്തിന് വേണ്ടിയല്ലാതെ ഒന്നും അയാള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നില്ല. ഇസ്‌ലാമിക ശരീഅത്തിലെ പ്രമാണങ്ങളെ വിശകലനം ചെയ്യുമ്പോള്‍ നമുക്കത് ബോധ്യമാകും. നഗ്നത മറക്കാനുള്ള കല്‍പന മുഴുവന്‍ മനുഷ്യരോടുമാണ്. ഖുര്‍ആന്‍ പറയുന്നു: 'അല്ലയോ ആദം സന്തതികളേ, നാം നിങ്ങള്‍ക്ക് നഗ്‌നത മറയ്ക്കുകയും ശരീരത്തെ സൂക്ഷിക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു.' (7: 26) സൃഷ്ടികള്‍ക്ക് നഗ്നത മറക്കുന്നതിനും അലങ്കാരത്തിനുമായി നിങ്ങള്‍ വസ്ത്രം ഇറക്കിയിരിക്കുന്നു എന്നത് തന്റെ ഔദാര്യവും അനുഗ്രഹുമായിട്ടാണ് അല്ലാഹു എടുത്തു പറയുന്നത്. ആദമിനെയും ഹവ്വയെയും വഴിപിഴപ്പിക്കാനിറങ്ങിത്തിരിച്ച പിശാചിന്റെ കുതന്ത്രങ്ങളെ തട്ടിമാറ്റുന്നതിനാണ് നഗ്നത മറക്കുന്നത്. നഗ്നത മറക്കലാണ് വസ്ത്രത്തിന്റെ പ്രഥമ ദൗത്യമെന്ന് പറഞ്ഞ് തൊട്ടുടനെ പറയുന്നത് അലങ്കാരത്തിന് കൂടിയാണ് അതെന്നാണ്. സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെയാണ് ഈ സൂക്തം അഭിസംബോധന ചെയ്യുന്നത്. നാണം മറക്കലും വസ്ത്രം ധരിക്കലും മനുഷ്യപ്രകൃതിയുടെ തേട്ടമാണെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. സഭ്യതയും മാന്യതയും പുലര്‍ത്തണമെന്നുള്ളത് വിശ്വാസികളോടും വിശ്വാസിനികളോടുമുള്ള കല്‍പനയാണ്. സ്ത്രീകളുമായി മാത്രം ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഹിജാബ് ധരിക്കാനും അടക്കവും ഒതുക്കവും പാലിക്കാനും അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നും അവളോടത് കല്‍പിക്കുന്നു. അല്ലാഹു പറയുന്നത് കാണുക: 'വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൗന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ, സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ.' (24: 31) സമാനമായി രീതിയില്‍ വിശ്വാസികളോടുള്ള കല്‍പനയാണ് അതിന് തൊട്ടുമുമ്പ് പറയുന്നത്: 'പ്രവാചകന്‍, വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ.' (24: 30) സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രധാരണ മര്യാദകളെ കുറിച്ച പൂര്‍ണമായ മാര്‍ഗരേഖ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. കണ്ണുകള്‍ താഴ്ത്താനും അഭിമാനം സംരക്ഷിക്കാനുമുള്ള അല്ലാഹുവിന്റെ കല്‍പന ഇരുലിംഗത്തില്‍ പെട്ടവരോടും കൂടിയുള്ളതാണ്. അതോടൊപ്പം സ്ത്രീയുടെ പ്രകൃതിപരമായ വ്യത്യാസങ്ങള്‍ പരിഗണിച്ച് പ്രത്യേകമായ ചില നിര്‍ദേശങ്ങള്‍ അവള്‍ക്ക് നല്‍കുന്നു. ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും അധപതനത്തില്‍ നിന്നും സ്ത്രീകളെയത് തടയുന്നു. മതത്തിനും സമൂഹത്തിനും അതുണ്ടാക്കുന്ന പുഴുക്കുത്തുകളെ പരിഗണിച്ചാണത്. അതുകൊണ്ടു തന്നെ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്ന സമൂഹങ്ങള്‍ക്കും അല്ലാത്തവക്കും ഇടയില്‍ വലിയ അന്തരം നമുക്ക് കാണാനാവും. അവ പാലിക്കാത്ത സമൂഹങ്ങളിലുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും നമുക്ക് കാണാനാവും. എന്നാല്‍ ആധുനിക മാധ്യമങ്ങള്‍ ആ ദൂഷ്യങ്ങളെയെല്ലാം മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇത്തരം വ്യവസ്ഥകളൊന്നുമില്ലാത്തതാണ് പടിഞ്ഞാറിന്റെ പുരോഗതിയുടെ അടിസ്ഥാനമെന്ന് അവ നമ്മെ തെറ്റിധരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീ അണിഞ്ഞൊരുങ്ങുന്നതിനോ അലങ്കാരങ്ങള്‍ സ്വീകരിക്കുന്നതിനോ ഈ സൂക്തം എതിരുനില്‍ക്കുന്നില്ല. അതിന് ചില വ്യവസ്ഥകള്‍ വെക്കുക മാത്രമാണ് ചെയ്യുന്നത്. ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാന താല്‍പര്യമായ ദീനിന്റെയും ശരീരത്തിന്റെയും അഭിമാനത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണത്. ദുര്‍ബല മനസ്സുകളില്‍ പ്രലോഭനവും പ്രകോപനവുമുണ്ടാക്കുന്ന തരത്തില്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതെന്നാണ് സ്ത്രീകളോട് ഖുര്‍ആന്‍ കല്‍പിക്കുന്നത്. അത് പാലിക്കപ്പെടാത്തെ നാടുകളുടെ അവസ്ഥ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. വ്യഭിചാരവും പീഡനങ്ങളും ബലാല്‍സംഗങ്ങളുമെല്ലാം അവിടങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. മനുഷ്യ സമൂഹത്തിന്റെ നന്മ ഇസ്‌ലാമിക ശരീഅത്തിന്റെ താല്‍പര്യമാണ്. അതിന്റെ ഭാഗമായാണ് സ്ത്രീകളോടുള്ള ഹിജാബ് ധരിക്കണമെന്നും സൗന്ദര്യം പ്രദര്‍ശിപ്പിച്ച് നടക്കരുതെന്നുമുള്ള കല്‍പന. ഖുര്‍ആന്‍ പറയുന്നു: 'സ്വവസതികളിലൊതുങ്ങിക്കഴിയുക. പഴയ ജാഹിലിയ്യാ കാലത്തെപ്പോലെ ചന്തംകാട്ടി വിലസി നടക്കാതിരിക്കുക.' (33: 33) സ്ത്രീകള്‍ക്ക് മാത്രമായുള്ള സവിശേഷതകളും അവരുടെ മാന്യതയും പരിഗണിച്ചു കൊണ്ടുള്ള അവര്‍ക്ക് മാത്രമായുള്ള ഒരു കല്‍പനയാണിത്. സ്ത്രീകള്‍ക്ക് മാത്രമായി ശരീഅത്ത് ഒരു നിയമം വെക്കുന്നതില്‍ പ്രത്യേകിച്ച് പ്രശ്‌നമൊന്നുമില്ല. പ്രജകളിലെ എല്ലാ വിഭാഗത്തിനും ഒരൊറ്റ രീതിയിലുള്ള വിധി ഭൂമുഖത്ത് നമുക്ക് കാണാനാവില്ല. ചെറിയ കുട്ടിക്കും മുതിര്‍ന്ന വ്യക്തിക്കും ഇടയിലും, യുവാവിനും വൃദ്ധനും ഇടയിലും, സ്ത്രീക്കും പുരുഷനും ഇടയിലുമെല്ലാം ആ വേര്‍തിരിവ് നമുക്ക് കാണാം. അതിന്റെ പേരില്‍ അത് നടപ്പാക്കുന്ന ഭരണകൂടത്തിന് സ്വേച്ഛാധിപത്യത്തിന്റെയോ അതിക്രമത്തിന്റെയോ വിശേഷണം നല്‍കാറില്ല. പിന്നെ എന്തിനാണ് ഇസ്‌ലാമിന്റെ നേര്‍ക്ക് മാത്രം ഇത്തരത്തില്‍ ആരോപണം ഉയര്‍ത്തുന്നത്? ചന്തം കാട്ടി വിലസുന്നത് വിലക്കുന്ന ഖുര്‍ആന്‍ സൂക്തം ഒരിക്കലും സ്ത്രീ തന്റെ ആവശ്യങ്ങള്‍ക്കായി പുറത്തു പോകുന്നത് വിലക്കുന്നില്ല. അവളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി, ആഹാരം തേടല്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും അവര്‍ക്ക് അനുവാദമുണ്ട്. അതോടൊപ്പം അവളെ കുഴപ്പങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കുക മാത്രമാണ് ഇസ്‌ലാം ചെയ്തിരിക്കുന്നത്. അത് വസ്ത്രത്തിന്റെ മാത്രം കാര്യത്തില്‍ പരിമിതപ്പെടുത്തിയിട്ടുമില്ല. അവളുടെ കൊഞ്ചികുഴഞ്ഞുള്ള സംസാരവും, പുരുഷന്‍മാരില്‍ പ്രലോഭനം ഉണ്ടാക്കും വിധമുള്ള നടത്തവും ചലനങ്ങളും അരുതാത്തത് തന്നെയാണ്. സ്ത്രീ വിമോചനത്തിന്റെ പേരില്‍ ലിംഗസമത്വത്തിനും അവളുടെ വസ്ത്രമുരിയാനും ആഹ്വാനം നടത്തുന്നവര്‍ അവളെ വില്‍പന ചരക്കാക്കുകയാണ്. അവര്‍ക്ക് അതിന് പിന്നില്‍ രഹസ്യ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട്. സ്ത്രീകളോടുള്ള വിവേചനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അടയാളമായിട്ടാണ് ചില സെക്യുലറിസ്റ്റുകള്‍ ഹിജാബിനെ കാണുന്നത്. മുസ്‌ലിംകള്‍ക്കിടയിലുള്ള ചിലര്‍ ചെയ്യുന്ന തെറ്റായ പ്രവര്‍ത്തനങ്ങളെ ഉദ്ധരിച്ചാണ് അവര്‍ തങ്ങളുടെ വാദങ്ങളെ ശക്തിപ്പെടുത്തുന്നത്. മുസ്‌ലിംകള്‍ക്കിടയിലെ ഒരാള്‍ സ്ത്രീയെ വീട്ടില്‍ തളച്ചിടുകയും അവള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിന്റെ കെട്ടിവെക്കുന്നത് ന്യായമല്ല. കാരണം ഇസ്‌ലാമിന്റെ ശാശ്വതമായ അധ്യാപനങ്ങള്‍ നീതിയാണ് പഠിപ്പിക്കുന്നത്. പുറത്തു പോകാനും അവളുടെ സുരക്ഷ ഉറപ്പാക്കുന്ന സ്ത്രീസൗഹൃദ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനും സ്ത്രീക്ക് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. അവളുടെയും അവള്‍ ജീവിക്കുന്ന സമൂഹത്തിന്റെയും സംരക്ഷത്തിനായിട്ടാണ് ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ വെച്ചിട്ടുള്ളത്.

No comments:

Post a Comment